Sunday, September 4, 2022

വാക്കുകൾകൊണ്ട് കണ്ടെത്താവുന്നത്/അക്ഷരജാലകം / എം.കെ.ഹരികുമാർ

a



വാക്കുകൾകൊണ്ട് കണ്ടെത്താവുന്നത്

ഏതെങ്കിലും പാനീയം നിറച്ചു വച്ചിരിക്കുന്ന ഗ്ളാസിലേക്ക് വീണ്ടും നമുക്ക് ഒന്നും ഒഴിക്കാനാവില്ല. ഇതൊരു സെൻ ബുദ്ധിസ്റ്റ് തത്ത്വമാണ്. മനസ്സ് നിറഞ്ഞിരിക്കുകയാണ്, പലപ്പോഴും. അത് ആചാരങ്ങളോ , വിശ്വാസങ്ങളോ ആകാം. പ്രത്യയശാസ്ത്രങ്ങളോ ,തർക്കങ്ങളോ, അഭിനിവേശങ്ങളോ മാമൂലുകളോ ആകാം. മറ്റൊന്നിലേക്ക് ശ്രദ്ധിക്കാനും  അപഗ്രഥിക്കാനും സാധിക്കാത്ത വിധം മനസ്സിൽ മറ്റു കാര്യങ്ങൾ നിബിഡമായിരിക്കുമ്പോൾ പുതിയതൊന്നും അവിടേക്ക് പ്രവേശിക്കുകയില്ല. സെൻ ബുദ്ധിസ്റ്റുകൾ ജ്ഞാനത്തിലേക്ക് നീങ്ങാൻ ഉപദേശിക്കുന്നതിന്റെ ആദ്യഘട്ടം ഇതാണ്; മനസ്സ് നിറച്ചുവച്ചിരിക്കുന്ന അവസ്ഥയിൽ നിന്നു മോചിതമാകണം .നമുക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടിയാൽ വീട് നിറയും. പിന്നീട് എന്തെങ്കിലും വാങ്ങിയാൽ വയ്ക്കാൻ സ്ഥലമുണ്ടാവില്ല. അപ്പോൾ പഴയതും ഉപയോഗശൂന്യമായതും ഉപേക്ഷിക്കേണ്ടി വരും .

റഷ്യൻ -അമെരിക്കൻ സാഹിത്യകാരനായ വ്ളാഡിമിർ  നബോക്കോവ് പറഞ്ഞു:'സാഹിത്യം ഒരു കണ്ടുപിടിത്തമാണ് .കഥ സാങ്കല്പിക കഥ തന്നെയാണ്. ഒരു കഥയെ സത്യമായ കഥ എന്നു വിളിക്കുന്നത് കലയ്ക്കും സത്യത്തിനും അപമാനമാണ് .മഹാനായ ഏതൊരു എഴുത്തുകാരനും ഒരു ചതിയനാണ്. പ്രകൃതി എപ്പോഴും ചതിക്കുകയാണ്'.പ്രകൃതിയിലെ നിറങ്ങളെ അതിശയകരമായ ഒരു മാനമായി നബോക്കോവ് നിരീക്ഷിക്കുന്നു. അത് ഒരു മിഥ്യയാണത്രേ. അതിശയകരമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന മിഥ്യകളുടെ ഒരു മാനമാണ് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ചിറകുകളിൽ നാം കാണുന്ന നിറങ്ങളെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഈ അതിശയയാഥാർത്ഥ്യങ്ങളാണ് ഒരാൾ ഫിക്ഷ്ൻ സൃഷ്ടിക്കാനായി തിരഞ്ഞെടുക്കേണ്ടത്. ലോകത്ത് യാഥാർത്ഥ്യങ്ങൾ മതിയാവോളമുണ്ട്. അത് വീണ്ടും വീണ്ടും  പറഞ്ഞുകൊണ്ടിരിക്കുന്നത് വിരസമാണ് .അതിൻ്റെ അടിയിലുള്ള വിവിധ ഘടനകളും മാനങ്ങളും പരിശോധിക്കേണ്ടതുണ്ട്. മനസ്സ് ഒഴിഞ്ഞാലേ പുതിയ സ്വരങ്ങളും ശബ്ദങ്ങളും അവിടേക്ക് എത്തുകയുള്ളൂ .അതുകൊണ്ട് എഴുത്തുകാരൻ മനസ്സിനെ ഒഴിച്ചിടാൻ ബാധ്യസ്ഥനാണ്. അവൻ്റെ രചനാപരമായ ആവശ്യം മാത്രമല്ല; പ്രാപഞ്ചികമായ ജ്ഞാനത്തിലേക്കുള്ള ഒരു വാതായനമാണ് അവിടെ തുറക്കുന്നത് .മനസ്സിലേക്ക് വികാരങ്ങളും വസ്തുക്കളും കാഴ്ചകളും വന്ന് നിറയാനുള്ള സമയം കൊടുക്കണം. എപ്പോഴും വായിക്കുന്നതും എഴുതുന്നതും ഇതിനെതിരാണ്. മനസ്സിനെ തരിശാക്കിയിടേണ്ടതുണ്ട്. മനസ്സ് ചിലപ്പോഴെങ്കിലും ഉപേക്ഷിക്കപ്പെടേണ്ടതാണ്. എങ്കിലേ അത് സ്വയം നിർമ്മിച്ചു തിരിച്ചുവരുകയുള്ളൂ .മനസ്സിനു തിരിച്ചുവരാൻ ധാരാളം അവസരങ്ങളുണ്ട് .മനസ്സിനെ അനാഥാവസ്ഥയിൽ നിന്നു നാം നിർമ്മിച്ചെടുക്കേണ്ടതുണ്ട് .അതിനാണ് ഏകാന്തത ,യാത്ര,വായന, വിനോദം, മൗനം തുടങ്ങിയവ ആവശ്യമായി വരുന്നത്. 

പഠിച്ചതു തന്നെ പാടുന്നവർ

നമ്മുടെ നാട്ടിലെ മിക്കവാറും എഴുത്തു സംരംഭകർ മനസ്സ് നിറച്ചു വച്ചിരിക്കുന്നതാണ് കാണുന്നത് .അവർ പലതിൻ്റെയും വക്താക്കളാണ് .അവർ എന്തിനെയെല്ലാം പ്രതിനിധീകരിക്കുന്നു എന്നതിന്റെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അത്ഭുതകരമായിരിക്കും. അവരുടേതല്ലാത്ത പലതിൻ്റെയും  വിവരണമാണ് അവരുടെ എഴുത്ത്. അവർ സ്വന്തം വിധേയത്വത്തെപ്പറ്റിയും കീഴടങ്ങലിനെപ്പറ്റിയുമാണ്  എഴുതിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ലോകത്തെ പുതിയതായി കാണാനുള്ള സമയം അവർക്ക് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ അവർ പഠിച്ച, പഠിപ്പിച്ച പുസ്തകങ്ങൾ മാത്രം മതി, അവർക്ക് ശിഷ്ടകാലം ജീവിക്കാൻ. കോളേജിൽ പഠിപ്പിച്ച പുസ്തകങ്ങളെക്കുറിച്ചും  എഴുത്തുകാരെക്കുറിച്ചും മാത്രം പതിറ്റാണ്ടുകളായി  എഴുതിക്കൊണ്ടിരിക്കുന്നവരെ  എനിക്കറിയാം .അവർ ഒരിക്കൽ പഠിപ്പിച്ചിരുന്നു ;അത് എഴുതാനുള്ള അവകാശമായി അവർ പിന്തുടരുകയാണ്. പഠിപ്പിച്ച പുസ്തകങ്ങളെ പഴയ വഴികളിലൂടെ തന്നെ പിന്തുടരാനാണ് അവരുടെ വിധി .

പാണ്ഡിത്യം ഒരു ദുഷിച്ച പരാധീനതയായി ഇവരെ ബാധിച്ചിരിക്കുന്നു. പണ്ഡിതന്മാരെല്ലാം  ഒരുതരത്തിൽ ഭൂതാവിഷ്ടരാണ്. അവർക്ക് ചില കാര്യങ്ങളിൽ ജ്വരബാധ കൂടുതലാണ് .അവർ പഠിപ്പിച്ച പുസ്തകങ്ങൾ, കലാലയങ്ങൾ, സഹപ്രവർത്തകർ ,പൊതുവായി വായിച്ച പുസ്തകങ്ങൾ എന്നിവയുടെ പിടിയിൽ നിന്ന് മോചിതരാകാൻ തയ്യാറാകില്ല .അവർ തങ്ങളുടെ മേലുള്ള അറിവുകളെ അതേപടി ആവർത്തിച്ചുകൊണ്ട്, അതിൻ്റെ  കർത്തൃത്വം തങ്ങൾക്കാണെന്ന് വ്യഥാ വിചാരിക്കുകയാണ് .എന്നാൽ കലാകാരനാകാൻ ഈ പാണ്ഡിത്യമോ അറിവോ മതിയാവുകയില്ല .അതിന് വേറെ പ്രയത്നിക്കണം. തന്നെ ബാധിച്ച പാണ്ഡിത്യത്തിന്റെ ചരിത്രഭാരത്തിൽ നിന്നു നിഷ്കളങ്കനായി ,ആത്മാവിൽ വിവസ്ത്രനായി കലാകാരൻ പുറത്തു കടക്കണം. അയാൾ പഞ്ചഭൂതങ്ങളെ ആദ്യമായി എന്നപോലെ അനുഭവിക്കണം. അയാളോട് അവ സ്വകാര്യമായി സംവേദനം ചെയ്യണം, ചരിത്രത്തിലെ പുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായി. അതുകൊണ്ടാണ് നബോക്കോവ് പറഞ്ഞത് സാഹിത്യം കണ്ടുപിടുത്തമാണെന്ന്. അത് പുതിയതാണ് ;പുതിയ വേദമാണത് . മനസ്സിൽ നിന്ന് പഴയതിനെ മാറ്റിയാലേ  അവിടെ പുതിയത് കടന്നുവരികയുള്ളൂ. ക്ളീൻ സ്ളേറ്റിൽ എഴുതുന്നത്  അപ്പോഴാണ് .അവിടെ മറ്റൊരു പ്രക്രിയ കൂടിയുണ്ട്: മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുക. മനസ്സിനെ ശൂന്യമാക്കുമ്പോൾ, അവിടെ ഉണ്ടായിരുന്നതെല്ലാം അസ്ഥിരമാവുകയോ  അപ്രത്യക്ഷമാവുകയോ ചെയ്യുന്നു. അവിടെയാണ് സൃഷ്ടിപരമായ ഒരു ഇടപെടൽ ഉണ്ടാകുന്നത്. ഒരു കഥയും സത്യമല്ലെന്ന് നബോക്കോവ് പറയുന്നത് ഈ പശ്ചാത്തലത്തിൽ കാണണം. കഥ സത്യമായാൽ അത് സത്യത്തിനു അപമാനമാണെന്ന് അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു. ഫിക്ഷ്ൻ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ അത് യഥാർത്ഥമല്ലെന്നു സൂചിപ്പിക്കാനാണ്. യഥാർത്ഥമായത് എങ്ങനെ ഫിക്ഷ്നാകും?. യാഥാർത്ഥ്യമാണ് വേണ്ടതെങ്കിൽ വീഡിയോയിൽ ചിത്രീകരിക്കുകയോ റിപ്പോർട്ടായി  എഴുതുകയോ ചെയ്യാം.എന്നാൽ കലാസൃഷ്ടി അതിനും ഉയരത്തിലാണുള്ളത്.

ദൈവത്തിൻ്റെ ഒരു ടച്ച് 

പ്രകൃതിയിലെ മിഥ്യകൾ ,അവ്യക്തതകൾ, ഉത്തരമില്ലാത്ത ചോദ്യങ്ങൾ, അതിശയങ്ങൾ, അയുക്തികൾ എല്ലാം കലാകാരൻ തൻ്റെ മാന്ത്രികമായ ആവിഷ്കാരത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വിചിത്രമായ വിധത്തിൽ കലാകാരൻ ഒരു ചതിയനാകുന്നത്. അയാൾ ഒരിക്കലും നേരിൽ കണ്ടതോ അനുഭവിച്ചതോ അതേപടി പുനരവതരിപ്പിക്കുകയല്ല ചെയ്യുന്നത് .അതിൽ ദൈവത്തിൻ്റെ  ഒരു ടച്ച് കൊണ്ടുവരും.മനുഷ്യാസ്തിത്വത്തിനു ഒരടി മുകളിലേക്ക് എടുത്തുയർത്തുന്ന ഒരു ടച്ചാണത്. കലയിലെ ദിവ്യമായ ഒരിടപെടൽ എന്നു ഇതിനെ വിളിക്കാം.  കേവലമായി മനുഷ്യവ്യക്തിയായിരിക്കുകയല്ല, മനുഷ്യനു അപ്രാപ്യമായ വിധത്തിൽ നോക്കുകയാണ് അയാൾ .

കലയിൽ എപ്പോഴും ഒരു സെൻ ബുദ്ധിസ്റ്റ് ധ്യാനിക്കുന്നുണ്ട്. ആ ബുദ്ധിസ്റ്റ് തന്റെ മനസ്സിൽ നിന്നു പഠിച്ചതും കേട്ടതുമെല്ലാം മാറ്റി പുതിയ ലോകത്തിനു വേണ്ടി ധ്യാനിക്കുകയാണ്. ചുറ്റുമുള്ളതെല്ലാം നെഗറ്റീവ് ആയിരിക്കെ, അതിനതീതമായത് സൃഷ്ടിക്കാൻ മനസ്സിൻ്റെ ഒരൊഴിഞ്ഞ ഇടം ആവശ്യമാണ്. തന്നെ മുറിവേൽപ്പിച്ച സംഭവങ്ങളിൽ  ജീവിതകാലമത്രയും മുറുകെപ്പിടിച്ചു കഴിയേണ്ടതുണ്ടോ എന്നു നാം ചോദിക്കേണ്ട സമയമാണിത്. നാം നമ്മുടെ വിഷാദത്തിൻ്റെ ഇരയാകാൻ പാടില്ല .നാമെന്തിനാണ് സ്ഥിരനിക്ഷേപത്തിനായി ഉണ്ടാക്കപ്പെട്ട ഒരു ഭരണിയാകുന്നത്? നമുക്ക് നദിയായാൽ പോരേ ;ഒഴുകിയൊഴുകിസഞ്ചരിക്കാൻ .? തത്ത്വജ്ഞാനി ജിദ്ദു കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു :'നമ്മുടെ സ്വന്തം ബോധത്തിന്റെയുള്ളിൽ എന്താണുള്ളതെന്ന് നോക്കണം. കുട്ടിക്കാലം മുതൽ പലർക്കും പല പ്രശ്നങ്ങളുമുണ്ട്; മുറിവേറ്റത്, കഷ്ടപ്പെട്ടത് തുടങ്ങിയ പ്രശ്നങ്ങൾ .വീട്ടിൽ മാത്രമല്ല, സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും പിന്നീട് ജീവിതത്തിലും നമ്മൾ മുറിവേൽക്കപ്പെടുന്നു. മുറിവേൽക്കപ്പെടുമ്പോൾ നിങ്ങൾ നിങ്ങൾക്ക് ചുറ്റും ഒരു ഭിത്തി നിർമ്മിക്കുന്നു. അതിൻ്റെ  ഫലമായി നിങ്ങൾ കൂടുതൽ ഒറ്റപ്പെടുന്നു. കൂടുതൽ കൂടുതൽ  അസ്വസ്ഥനാകുന്നു ,ഭയപ്പെടുന്നു , പിന്നെയും മുറിവേൽക്കപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ തേടുന്നു. ആ ഉപദ്രവത്തെ മുൻനിർത്തിയുള്ള നിങ്ങളുടെ പ്രവൃത്തികൾ നിശ്ചയമായും നാഡീരോഗമാണ്'.

നിഷ്കളങ്കതയുടെ കാഴ്ച 

ഭൂരിപക്ഷം എഴുത്തുകാർക്കും കൃഷ്ണമൂർത്തി വിവരിച്ച ഈ അനുഭവത്തിനു സമാനമായി പലതും പറയാനുണ്ടാകും; വ്യക്തികൾക്കും അങ്ങനെ തന്നെ. നാം സ്വന്തം അസുഖകരമായ യാഥാർത്ഥ്യങ്ങളെ തന്നെ ഒരു മതിലായി ഉപയോഗിക്കുന്നു , പിന്നീട് അതുപോലെ സംഭവിക്കാതിരിക്കാൻ.
സ്വന്തം വിപത്തുകൾ നമ്മെ ശരിക്കും തകർക്കുന്നു .പുതിയതൊന്നിനെ നിഷ്കളങ്കമായി കാണാനുള്ള കഴിവാണ് ഇതിലൂടെ നശിക്കുന്നത്. ചിലർ ജീവിതാനുഭവം എന്നു പറഞ്ഞ് ഇതിനെ വാഴ്ത്തുന്നത് കാണാം .ഈ ജീവിതാനുഭവം അവരെ അന്ധരാക്കിയെന്ന് അവർ അറിയുന്നില്ല.

ഗാഢമായി ചിന്തിച്ച അമേരിക്കൻ എഴുത്തുകാരി ഉർസുല കെ ലെഗ്വിൻ ഇങ്ങനെ കുറിക്കുന്നു: 'എഴുത്തുകാരൻ /എഴുത്തുകാരി  വാക്കുകൾ എന്താണ് അർത്ഥമാക്കുന്നത്, എന്താണ് അത് പറയുന്നത്, എങ്ങനെ പറയുന്നു എന്നെല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കു മുള്ള എഴുത്തുകാരുടെ പാതയാണ് വാക്കുകൾ .അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ച് ,ചിന്തിച്ച് ,ഭയത്തോടെ, സന്തോഷത്തോടെ ഉപയോഗിക്കുന്നു. വാക്കുകളെ ഉപയോഗിച്ച് അവർ സ്വന്തം ആത്മാവിനെ ശക്തിപ്പെടുത്തുകയാണ്. കഥാകൃത്തുക്കളും കവികളും അവരുടെ ജീവിതം ചെലവഴിക്കുന്നത് ഈ കഴിവ് നേടുന്നതിനും വാക്കുകളുടെ കല അഭ്യസിക്കുന്നതിനുമാണ്. അങ്ങനെ അവരുടെ വാക്കുകൾ വായനക്കാരുടെ ആത്മാവുകളെ ശക്തമാക്കുന്നു, പ്രകാശിപ്പിക്കുന്നു ,അഗാധമാക്കുന്നു'. 

വാക്കുകൾകൊണ്ട് കണ്ടെത്തുന്ന ഒരു ഭൂവിഭാഗമാണ് ,ആത്മീയാവസ്ഥയാണ്, ജ്ഞാനമാണ് ,ജീവിതമാണ് സാഹിത്യം .അത് ,പക്ഷേ ,എപ്പോഴും ആർക്കും ലഭിക്കാവുന്ന തരത്തിൽ എവിടെയുമില്ല. അതിലേക്ക് പ്രവേശിക്കാനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കുന്നത്. ഹെർമ്മൻ ഹെസ്സെ 'സിദ്ധാർത്ഥ 'എന്ന നോവലിലൂടെ അത് ഏറെക്കുറെ നേടി.വാൾട്ട് വിറ്റ്മാൻ 'ലീവ്‌സ് ഓഫ് ഗ്രാസ് 'എന്ന കവിതയിലൂടെ അതിലേക്കു നടന്നടക്കുകയായിരുന്നു. അതിനാണ് തപസ്സ് ആവശ്യമായി വരുന്നത്. 

വർത്തമാനകാലത്തെ സംഭവങ്ങളിൽ നിന്നു അതിൻ്റെ അടിത്തട്ടിലുള്ള അസാധാരണ യാഥാർത്ഥ്യം കണ്ടെടുക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഉപരിതലത്തിലുള്ള വിവരണമോ , പഴയ കാര്യങ്ങളുടെ ആവർത്തനമോ  ഒരു എഴുത്തുകാരന്റെ റോൾ ശരിയായി നിറവേറ്റാൻ പര്യാപ്തമല്ല . എഴുത്തിൽ എപ്പോഴുമുള്ള പ്രക്ഷോഭ സ്വഭാവം വേണ്ടെന്നു തീരുമാനിച്ചവരുണ്ടാകാം. അവരുടേത് കാലഹരണപ്പെട്ട ശബ്ദമാണ്. പഴയതും പുതിയതുമായ പലരുടെയും രചനകളിൽ നിന്നു കടംകൊണ്ടാണ് മിക്കവരും വലിയ ഖ്യാതി നേടുന്നതെന്ന വസ്തുത മറന്നു കൂടാ .എങ്കിലും എന്താണ് ഒരാളുടെ സംഭാവന എന്ന  ചോദ്യത്തിലേക്ക് കടക്കുമ്പോൾ കാതലായ ചില പ്രതിബന്ധങ്ങൾ ഉയർന്നു വരാതിരിക്കില്ല.

ആ സ്മൃതിയിൽ 

മാധവിക്കുട്ടി പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുകയാണ്: ' എഴുത്തുകാരനു /എഴുത്തുകാരിക്കു ജീവിക്കാൻ അയാളെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും വേണം .പാട്ടുകാരനു ഓർക്കസ്ട്ര എന്നതു പോലെ പ്രധാനമാണത്. ഈ 'അക്ഷരജാലകം' ഞാനെഴുതുന്നത് പ്രിയപ്പെട്ട ഗോപി സാർ(മെട്രോ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണൻ) അന്തരിച്ചതിനു ശേഷമാണ്. അദ്ദേഹത്തിൻ്റെ നിര്യാണം എനിക്കുണ്ടാക്കിയിരിക്കുന്നത് ചെറിയ നഷ്ടമല്ല. ഒരിക്കലും പരിഹരിക്കാനാവാത്ത നഷ്ടമാണ്. എന്നിലെ എഴുത്തുകാരനെ അത്രയേറെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച വലിയൊരു മനസ്സായിരുന്നു ഗോപി സാർ .സാറിനു എന്നിൽ നല്ല വിശ്വാസമുണ്ടായിരുന്നു .അത് പലവിധത്തിൽ പ്രകടമാക്കുകയും ചെയ്തു .നാലുവർഷത്തിലേറെക്കാലമാണ് ഗോപി സാർ അക്ഷരജാലകം പ്രസിദ്ധീകരിച്ചത്. മെട്രൊ വാർത്ത ടീം പൂർണമായി അതിനൊപ്പം നിന്നു. അക്ഷരജാലകത്തെ അദ്ദേഹം ഒരു വലിയ തലത്തിലെത്തിച്ചു. ചില ഘട്ടങ്ങളിൽ അത് സൺഡേ സപ്ലിമെന്റിൽ അച്ചടിച്ചു. ഏതാനും ലക്കങ്ങൾ അത് പ്രസിദ്ധീകരിച്ചത് അകത്ത് ഒരു ഫുൾ പേജിലാണ്. അക്ഷരജാലകത്തിനു മാത്രമായി ഒരു ഫുൾ പേജ് !.അതിനുപുറമേ അക്ഷരജാലകത്തിൻ്റെ പരസ്യം ഒന്നാം പേജിൽ എട്ടു കോളത്തിൽ കൊടുത്ത അവസരങ്ങളുണ്ടായിരുന്നു. അതൊക്കെ ഏറ്റവും ഉത്തേജക മായ ,മനോഹരമായ സ്നേഹഭാവനയായി നിൽക്കുകയാണ്. 

അദ്ദേഹം ഒരു ഗ്രൂപ്പിസത്തിനും നിൽക്കി ല്ല. അദ്ദേഹത്തിന് മൂല്യമാണ് പ്രധാനം.  കറയറ്റ ആത്മാർത്ഥതയിൽ ജീവിച്ച ഗോപി സാർ, പറഞ്ഞ വാക്കു പാലിക്കുന്നതിൽ നൂറു ശതമാനം സത്യസന്ധത പുലർത്തി. സ്വഭാവദൃഢത എന്ന ഗുണം അത്രയ്ക്കുണ്ടായിരുന്നു.  ആരുടെയും വളർച്ചയിൽ അദ്ദേഹത്തിനു ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല .നിരാസ്പദമായി, നിഷ്കളങ്കമായി, നിർമ്മലമായി പെരുമാറി. അതുകൊണ്ടാണ് അത് നഷ്ടപ്പെടുമ്പോൾ വല്ലാത്ത വേദന തോന്നുന്നത്. അദ്ദേഹത്തിനു ഒപ്പം സഞ്ചരിക്കാനായത് എന്റെ മിടുക്കല്ല: അദ്ദേഹത്തിൻ്റെ മഹത്വമാണ്. ഗോപി സാറിൻ്റെ ഒപ്പം നമുക്ക് നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ മാത്രം നന്മയുടെ ഒരു മാനമായി കണ്ടാൽ മതി. നമ്മളാണ് ആ നന്മയിലൂടെ ശുദ്ധീകരിക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ നല്ല ചിന്തകൾ കൊണ്ട് സ്വാംശീകരിക്കപ്പെട്ട ആശയങ്ങൾ നമ്മളെ കൂടുതൽ ഉത്തരവാദിത്വമുള്ള മനുഷ്യരാക്കുകയാണ്. നമ്മളെ അദ്ദേഹത്തിൻ്റെ തത്ത്വചിന്ത നവീകരിക്കുകയായിരുന്നു. അതൊരു ഉദാത്തവത്ക്കരണമായിരുന്നു.



No comments:

Post a Comment