മുഖം ജീവിതത്തിൻ്റെ ഭൂപടം
പരമ്പരാഗതമായ
ചില ചതുരക്കള്ളികളിലേക്ക് ഒതുക്കി നിർത്തപ്പെടേണ്ടതാണോ എഴുതാനുള്ള നമ്മുടെ
ദാഹം? സാഹിത്യരൂപങ്ങളുടെ അതിർത്തി മാഞ്ഞു പോയ കാലമാണിത് .അതിർത്തികൾ
തകർക്കുക എന്നതാണ് പുതിയ ആശയം. പുതിയ ആവിഷ്കാരങ്ങളും ആഖ്യാനങ്ങളും വന്നു
കൊണ്ടിരിക്കുകയാണ്. വീഡിയോ ഇൻസ്റ്റലേഷൻ ,അനിമേഷൻ തുടങ്ങിയ സങ്കേതങ്ങൾ
പ്രചരിച്ച ഈ കാലത്ത് സാഹിത്യരൂപങ്ങൾ യാഥാസ്ഥിതികമായ വഴക്കമാവുകയാണോ
അമേരിക്കയിലെ സെൻ ബുദ്ധിസ്റ്റും നോവലിസ്റ്റും അധ്യാപികയുമായ റൂത്ത്
ഒസേക്കിയുടെ 'ദ് ഫെയ്സ് :എ ടൈം കോഡ്' എന്ന ലേഖനം
ശ്രദ്ധയാകർഷിക്കുകയാണ്.പരമ്പരാഗത വിഷയങ്ങൾ വിട്ടു ആഖ്യാനത്തിൻ്റെ
പുതിയ സങ്കേതങ്ങൾ തേടാൻ സമയമായെന്ന് ഈ ലേഖനം വായിച്ചപ്പോൾ തോന്നി. കഥ,
കവിത, നോവൽ തുടങ്ങിയ മാധ്യമങ്ങൾ ഏതാണ്ട് അവസാനിക്കാറായി.
ദശാബ്ദങ്ങൾക്ക്
മുമ്പ് അമെരിക്കൻ നോവലിസ്റ്റും വിമർശകനുമായ ജോൺ ബാർത്ത് 'ലിറ്ററേച്ചർ ഓഫ്
എക്സ്സോഷൻ'(1967) എന്ന ലേഖനത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
നോവലുകളിലെ പ്രമേയങ്ങളും അവതരണരീതികളും ശ്രദ്ധിച്ചാൽ ഒരു കാര്യം
ബോധ്യമാകും; നോവലുകൾ അതിനെ തന്നെ അനുകരിക്കുകയാണ്. മുൻകൂട്ടി
നിശ്ചയിക്കപ്പെട്ട ഒരു ചട്ടക്കൂടിലേക്ക് വീക്ഷണങ്ങളും ആഖ്യാനങ്ങളും
സാഹിത്യബോധവും രഹസ്യമായി അഭയം തേടുന്നു. പല പുതിയ നോവലുകളുടെയും
പ്രമേയങ്ങളും ആശയങ്ങളും ആവർത്തിക്കുകയാണ്. സർഗാത്മകമായ ത്വരകൾക്കു പകരം
ഉപഭോഗപരമായ താൽപര്യങ്ങളാണ് വായനക്കാരനു മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.
അതിശയകരവും വിധ്വംസകവുമായ വായനക്കുള്ള വിഭവങ്ങൾ ഇല്ലാതായി.
നോവലിനെക്കുറിച്ച് നോവൽ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങൾ ഇന്ന് വായനക്കാരനെയും
സ്വാധീനിക്കുകയാണ്.
സാഹിത്യഗണങ്ങളുടെ
പരിധിക്ക് പുറത്തേക്കാണ് ഒരു യഥാർത്ഥ മനസ്സു സഞ്ചരിക്കുന്നത്. ഒരു
സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്ന വ്യക്തിയുടെ മനസ്സിലൂടെ ,വിദൂരമായ
ഒരു കാട്ടിലേക്ക് കടന്നു ചെല്ലുന്ന ഫോട്ടോഗ്രാഫറുടെ ചിന്തയിലൂടെ
കടന്നുവരുന്ന ആഖ്യാനം മറ്റൊരു രാഗമാണ് തേടുന്നത് .ആഖ്യാനത്തിൻ്റെ നൂതനമായ
ചില ഘടനകൾ ഇനിയും അവശേഷിക്കുകയാണ്. മാധ്യമ കേന്ദ്രീകൃതമായ, അല്ലെങ്കിൽ
സാഹിത്യരൂപം എന്ന നിലയിലുള്ള ആഖ്യാനങ്ങൾക്ക് പറഞ്ഞത് തന്നെ പറയേണ്ടി
വരുന്നുവെന്ന ദുരവസ്ഥയുണ്ട്.
ഇന്നത്തെ
കവിതകൾ നോക്കൂ, യാതൊരു വൈകാരിക വഴിവെട്ടലുമില്ല. സച്ചിദാനന്ദൻ
,കെ.ജി.ശങ്കരപ്പിള്ള ,കെ.എ. ജയശീലൻ ,വി.മധുസൂദനൻ നായർ തുടങ്ങി പലർക്കും
കവിതയുടെ മാധ്യമത്തിൽ ആഴത്തിൽ ഇടപെടാനാവുന്നില്ല. വില കുറഞ്ഞ സ്വയം
പ്രതിനിധാനമായി കവിത അധ:പതിച്ചു. പണ്ട് പലരും പറഞ്ഞത്, ആവർത്തിക്കുന്ന
ഭാഷയിൽ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ആരെയും ഒന്നും സ്പർശിക്കുന്നില്ല.
കവിതയെന്ന മാധ്യമത്തോടുള്ള അഭിനിവേശം കൊണ്ടാണ് ഇന്നത്തെ കവിതകൾ
നിലനിന്നുപോരുന്നത് .കവിതയുടെ ശൂന്യത നികത്താൻ 'കവിത 'വരുന്നു എന്നേയുള്ളൂ.
മാത്യൂ അർനോൾഡിൻ്റെ 'ഡോവർ ബീച്ച് ',ടി. എസ്. എലിയറ്റിൻ്റെ 'ദ് വേസ്റ്റ്
ലാൻഡ്, നെരൂദയുടെ 'ദ് ഹൈറ്റ്സ് ഓഫ് മാച്ചുപിച്ചു' പോലെയുള്ള തീക്ഷ്ണമായ
ഇടപെടൽ ഇപ്പോൾ കവിതയിൽ ഉണ്ടാകുന്നില്ല. കുമാരനാശാൻ്റെ 'ചണ്ഡാലഭിക്ഷുകി'
ചങ്ങമ്പുഴയുടെ 'രമണൻ', വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' പോലെയുള്ള
സാംസ്കാരികമായ തീവ്ര സന്നിവേശങ്ങൾ ,ഇടപെടലുകൾ ഇന്നില്ല .ഇനി അതിന് ഒരു
സാധ്യതയുമില്ല.
കവിതയുടെ നിഴൽ
കവിതയിലൂടെ
ഒരു തോട് വെട്ടി സാമൂഹിക ബോധത്തിൽ വിള്ളലുണ്ടാക്കാൻ ഇന്നു ഒരു കവിക്കും
കഴിയില്ല.യാന്ത്രികമായി കവിത ഉൽപാദിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. അതിൽ
പുതിയ ഒരാശയമോ സമീപനമോ നോട്ടമോ വിചിന്തനമോ ഇല്ല .നമ്മുടെ രാഷ്ട്രീയ
,സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാണാൻ കഴിയാത്തതാകണം കവി
കാണേണ്ടത്. അങ്ങനെയുള്ള കാഴ്ചകൾ ഇപ്പോഴില്ലല്ലോ. ഇന്ന് നൂറുകണക്കിന് പേർ
എഴുതുന്നു. അതിൽ വായനക്കാർക്ക് ,പ്രത്യേകിച്ച് ഇഷ്ടം തോന്നേണ്ടതായ
യാതൊന്നുമില്ല .ഒരു മാധ്യമം മരിക്കുന്നത് നമ്മൾ അറിയുന്നത് വളരെ കാലം
കഴിഞ്ഞായിരിക്കും .
അവിടെയാണ്
റൂത്ത് ഒസേക്കി സമീപകാലത്തെഴുതിയ ലേഖനം 'ദ് ഫേയ്സ് 'ശ്രദ്ധേയമാകുന്നത്.
അവരുടെ മുഖത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. മൂന്ന് മണിക്കൂർ നേരം
കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയിരിക്കുന്നതിൻ്റെ രസകരമായ വിവരണമാണത്. അവർ
എഴുതുന്നു: 'ഞാൻ എൻ്റെ കണ്ണുകളിൽ നോക്കിയപ്പോൾ മുഖം തിരിക്കാൻ കഴിഞ്ഞില്ല.
കണ്ണുകൾ ഒരു മുഖത്തെ നിർവ്വചിക്കുന്നു. നമ്മൾ കാണാൻ
കഴിവുള്ളവരല്ലായിരുന്നെങ്കിൽ ,കാണുന്നതിൻ്റെ അറിവ് മറ്റേതെങ്കിലും
ഇന്ദ്രിയങ്ങളിലൂടെയാണ് ലഭിച്ചിരുന്നെങ്കിൽ നമുക്ക് മുഖങ്ങൾ തന്നെ
വേണ്ടിവരില്ലായിരുന്നു. മരങ്ങൾക്ക് മുഖം വേണ്ടല്ലോ. ജെല്ലി ഫിഷിനു മുഖങ്ങൾ
ഇല്ല .ഡെയ്സി പുക്കൾക്ക് വേണ്ട .അവയ്ക്ക് കണ്ണുകളുമില്ല .ഒരു പക്ഷേ ,ഞാൻ
തെറ്റായി ചിന്തിക്കുകയാവാം'.
മുഖത്ത്
നോക്കിയാലും ചിലത് എഴുതാനുണ്ട്. മുഖം, നമ്മുടേതാണെങ്കിലും എപ്പോഴും
ഒരുപോലെയല്ല. ചിലപ്പോൾ അത് അപരിചിതവും നിരാശാജനകവുമാണ്. എന്നാൽ
വിചിത്രമെന്ന് പറയട്ടെ മുഖം സന്തോഷവും ആത്മവിശ്വാസവും പകർന്നു തരുന്ന
നിമിഷങ്ങളുണ്ട്. സ്വന്തം മുഖം പ്രചോദനമാകുന്നുണ്ട്. അതേസമയം മുഖം
കാണാതെയാണ് നാം പ്രവർത്തിക്കുന്നത്. ഒറ്റയ്ക്ക് തന്നിലേക്ക് തന്നെ ഒന്ന്
ഉൾവലിയുമ്പോഴാണ് മുഖത്തിൻ്റെ കാര്യം ഓർക്കുന്നത്.സ്വന്തം മുഖം, പരമാവധിയായ
ജീവിതവിചാരത്തിൻ്റെ ചില ധ്യാനനിമിഷങ്ങൾ പകരാറുണ്ട്.
അവയവങ്ങൾ
നമ്മോടു വാക്കുകൾക്കപ്പുറത്താണ് സംവേദനം ചെയ്യുന്നത്. ആൾക്കൂട്ടത്തിലും
നമ്മൾ സ്വന്തം മുഖവുമായി നിശബ്ദമായ സംവേദനത്തിലേർപ്പെടുന്നു; സ്വന്തമായി
ഒരു മുഖമുള്ളയാളാണ് ഈ വരുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ കണ്ടുപിടിക്കാമെന്ന്
.എന്നാൽ ഈ മുഖംകൊണ്ട് താൻ സ്വയം ഒളിപ്പിക്കുകയും ചെയ്യും .
ചിലപ്പോൾ മനുഷ്യർക്ക് മുഖം തന്നെയില്ല ;ബന്ധത്തിൽനിന്ന് അകലുന്ന അവസരത്തിൽ വിശേഷിച്ചും .നമ്മൾ ഏറെക്കുറെ മുഖം നഷ്ടപ്പെട്ടവരാണ്.
ഏതാണ് യഥാർത്ഥ മുഖം ?
സെൻ
ബുദ്ധിസ്റ്റുകളുടെ കഥകളെക്കുറിച്ച് പറയുന്നതിനിടയിൽ ഒസേക്കി ഇങ്ങനെ
നിരീക്ഷിക്കുന്നു: 'അതു യുക്തിചിന്തയുടെ, വ്യാഖ്യാനിക്കുന്ന മനസ്സിൻ്റെ
പരിമിതികളെ മറികടക്കാനാണ് ഉപയോഗിക്കുന്നത്'.അവർ തുടരുന്നു :'പതിമൂന്നാം
നൂറ്റാണ്ടിലെ സെൻ മാസ്റ്റർ ഈഹി ദോഗൻ പറഞ്ഞു ,നിങ്ങളുടെ യഥാർത്ഥ മുഖം
,നിങ്ങളുടെ മാതാപിതാക്കൾ ജനിക്കുന്നതിനു മുമ്പുള്ളതാണെന്ന് .അത് നിങ്ങളുടെ
ബോധോദയം വന്ന ബുദ്ധൻ്റെ പോലെ മൗലികമാണ്'. പൂർവികരുടെ മനോഘടനയുടെ
അവശിഷ്ടങ്ങൾ കാണപ്പെടാത്ത ശുദ്ധമായ മുഖമാണ് വിവക്ഷിക്കുന്നത്.
ഭൗതികമായ
മോഹങ്ങളിൽ നിന്നും കലഹങ്ങളിൽ നിന്നും പുർണമായി അകലാൻ നമുക്ക് കഴിയില്ല
.എന്നാൽ ജനിക്കുന്നതിനു മുൻപ് അതിനു സാധ്യമാണെന്നു പറയുന്നത്
മനുഷ്യസത്തയുടെ വിശുദ്ധി പ്രകടമാക്കാനാണ്. മനുഷ്യൻ ജീവിതത്തിൽ
സ്വതന്ത്രനാണെന്ന് പറയുമെങ്കിലും അതിനപ്പുറം ചില സുഖമുള്ള
ബന്ധനങ്ങളുമുണ്ട്. ലെബനീസ് - അമെരിക്കൻ കവി ഖലിൽ ജിബ്രാൻ ഇങ്ങനെ എഴുതി
:'വേദനയിലും സങ്കടത്തിലും ഒരുമിച്ച ഹൃദയങ്ങൾ സന്തോഷത്തിലും സുഖത്തിലും
വേർപെടുകയില്ല .ദു:ഖത്തിൽ നെയ്തു ചേർക്കപ്പെട്ട ബന്ധങ്ങൾ സന്തോഷത്തിലും
സുഖത്തിലുമുള്ള കെട്ടുപാടുകളേക്കാൾ ബലമുള്ളതാണ്'
ഒസേക്കിയുടെ
ലേഖനത്തിൽ നിന്ന് : 'നല്ലതും ചീത്തയും എന്താണെന്ന്
ചിന്തിക്കാതിരിക്കുമ്പോൾ നിങ്ങളുടെ യഥാർത്ഥ മുഖമെന്താണ് ? സെൻ
ബുദ്ധിസ്റ്റുകളുടെ സമസ്യ ഒരേ ചോദ്യമാണ് ചോദിച്ചത്: നിങ്ങൾ എന്താണ്? എന്താണ്
നിങ്ങളുടെ യഥാർത്ഥ മനസ്സ്? നിങ്ങളുടെ അവിഭാജ്യമായ സ്വഭാവം ?എന്താണ്
നിങ്ങളുടെ ഐഡൻഡിറ്റി?. ഈ ദ്വന്ദാത്മകമായ വ്യത്യസ്തതകൾക്കപ്പുറം ,
മാതാപിതാക്കൾ ,നന്മതിന്മകൾ പോലെ, എന്താണ് നമ്മെ നിർവ്വചിക്കുന്നത്?'.
സ്വന്തം
സ്വഭാവത്തെക്കുറിച്ചറിയാൻ ശ്രമിക്കുന്നത് സാഹസമാവും .അതിനോട്
പൊരുത്തപ്പെടാൻ സാധിക്കണമെന്നില്ല. കപടമാണെങ്കിലും വർത്തമാനകാലത്തെ
യുക്തികളിലും ഗതിമാറ്റങ്ങളിലും ഒളിച്ചോട്ടങ്ങളിലുമാണ് ആളുകൾ
വിശ്വസിക്കുന്നത്. യുക്തിയെ വ്യാജമാക്കാൻ വേറെ എവിടെയാണ് സാധ്യമാവുക. സ്വയം
ഒളിക്കുക, ഒളിപ്പിക്കുക തുടങ്ങിയ വിദ്യകൾ അതി സാമർത്ഥ്യത്തിൻ്റെ ഭാഗമാണ്.
അത ലഹരി നൽകുന്നു എന്നു കരുതുന്നവരുണ്ട്. മുഖം കണ്ണാടിയിൽ
നോക്കിയിരിക്കുന്നതും സംഘർഷമാണ്. അത് നമ്മെ പെട്ടെന്ന് ഏകാന്തതയിലേക്ക്
കൊണ്ടുപോയി ചുറ്റിത്തിരിക്കും .സ്വയം കാണുമ്പോഴായിരിക്കും ഏറ്റവുമധികം
വേദനിക്കുക .അപ്പോഴാവും സ്വന്തം പ്രവൃത്തികളെക്കുറിച്ച് മാറി നിന്നു
ആലോചിക്കാനാവുക.
പ്രാചീന ഭയങ്ങൾ
ജിബ്രാൻ്റ
തന്നെ വാക്കുകൾ: 'ഞാൻ നിശ്ശബ്ദത എന്താണെന്ന് പഠിച്ചത് സംഭാഷണപ്രിയരിൽ
നിന്നാണ്. അസഹിഷ്ണുക്കളിൽ നിന്നാണ് സഹിഷ്ണുത പഠിച്ചത് ; ദയയില്ലാത്തവരിൽ
നിന്ന് ദയയും'.തൻ്റെ മുഖം പലരിലും അസ്വസ്ഥതയുണ്ടാക്കുന്നതിനെപ്പറ്റി
ഒസേക്കി നല്കുന്ന വിശദീകരണം ഇതാണ് :'ഞാൻ 1956 ലാണ് ജനിച്ചത്; രണ്ടാം
ലോകമഹായുദ്ധം അവസാനിച്ച് പതിനൊന്ന് വർഷത്തിനുശേഷം. അമേരിക്കക്കാരൊക്കെ
അന്ന് നല്ലവരും ജപ്പാൻകാരൊക്കെ ചീത്തയുമായിരുന്നു. ദ്വന്ദാത്മകമല്ലാത്ത ഒരു
ധാരണ ജീവിതം സാധ്യമല്ലായിരുന്നു. എൻ്റെ ജനനത്തിനു പതിനൊന്ന് വർഷങ്ങൾക്ക്
മുൻപ് എൻ്റെ മാതാപിതാക്കളുടെ രാജ്യങ്ങൾ തമ്മിൽ ബദ്ധശത്രുക്കളായിരുന്നു
.എൻ്റെ അമ്മയുടെ രാജ്യക്കാർ (ജപ്പാൻ)പിതാവിൻ്റെ രാജ്യക്കാരെ (അമെരിക്ക)
കൊല്ലുകയായിരുന്നു; തിരിച്ചും .വളരെ ചെറുപ്പത്തിൽ തന്നെ ഈ ശത്രുതയെപ്പറ്റി
ഞാൻ മനസ്സിലാക്കി ;ഞാനും അതിൻ്റെ ഭാഗമായിരുന്നു .എൻ്റെ മുഖം അത്
വ്യക്തമാക്കുന്നതായിരുന്നു.ആകർഷണത്തിൻ്റെ ശക്തി -യഥാർത്ഥ പ്രണയം
,ലൈംഗികത ,വർണ്ണസങ്കരം - നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കാം - ഇതൊക്കെയാണ്
എന്നെ ഞാനാക്കിയത്. ഈ മൗലികവും വിരുദ്ധവുമായ വികാരങ്ങൾ എൻ്റെ
ത്വക്കിനടിയിൽ ചൂഴ്ന്നു നിൽക്കുകയാണ്. ഒരു അത്ഭുതവുമില്ല, എൻ്റെ മുഖം കണ്ട്
ആളുകൾക്ക് വട്ടു പിടിക്കാൻ'.
വ്യക്തിത്വമെന്നു
പറയുന്നത് പതിറ്റാണ്ടുകൾക്ക് മുന്നേ നിർണയിക്കപ്പെടുന്ന ഒന്നാണോ? പൂർവ്വ
കാലങ്ങളിലെ സംഭവങ്ങൾ നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു , മുഖത്തെയും .താൻ
എന്തുകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതിയതെന്ന് അവർ പിന്നീട് വിശദീകരിച്ചു:
'എൻ്റെ ഭയങ്ങളെ നേരിടാനാണ് ഞാൻ ശ്രമിച്ചത്'. ജീവിതത്തിൻ്റെ ഭൂപടമാണ് മുഖം
എന്ന ചിന്തയാണ് അവരെ പ്രചോദിപ്പിച്ചത്. പ്രാചീനയുഗത്തിലെ ഭയങ്ങൾ നമ്മുടെ
മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു. ഏറ്റവും ആധുനികമായ ഒരു ഹോട്ടലിലെ
ഭക്ഷണത്തിനു മുന്നിൽ ഇരിക്കുമ്പോഴും കാട്ടാളന്മാർ നമ്മുടെ മനസിൻ്റെ അടിയിൽ
നിന്നു തുഴഞ്ഞെത്തി ഭയമായി പടരുന്നു.
പൂർവികർ
മനസ്സിലേക്ക് വന്നു പിന്തിരിയുന്നു. അവരുടെ ഉദ്വേഗങ്ങൾ തലമുറകളിലൂടെ
പടരുകയാണ്.ഭയം യഥാർത്ഥ പകർച്ചവ്യാധിയാണ്. നായ്ക്കൾക്കും പക്ഷികൾക്കുമൊപ്പം
ആ ഭയം നമ്മുടെയടുത്തും വിഹരിക്കുന്നു .ലോകത്ത് മനുഷ്യൻ എങ്ങനെയെല്ലാം
കലഹിച്ചു, അതിജീവിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മുടെ മുഖത്തും
പ്രതിഫലിക്കുന്നുണ്ട്.അത് മറ്റൊരു ഭാഷയിൽ ആലേഖനം ചെയ്തിരിക്കുകയാണ്.
മൂന്നുമണിക്കൂർ കണ്ണാടിക്കുമുന്നിലിരുന്നപ്പോൾ കടന്നുവന്ന കാര്യങ്ങൾ ഒസേക്കി ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതായിരുന്നു.
തൻ്റെ രചനാപരമായ പര്യവേക്ഷണങ്ങളെ തൊട്ടു കാണിക്കുന്ന സമീപനമാണ് ഈ
ലേഖനത്തിലുള്ളതെന്ന് അവർ പറയുന്നുണ്ട്. 'കഥയോ ഓർമ്മയോ എന്തായാലും ഏതുതരം
സാഹിത്യരചനയുടെയും താക്കോൽ എന്നു പറയുന്നത് ശരീരത്തിൻ്റെ
ഓർമ്മകളായിരിക്കണം .എഴുത്തിലേക്ക് ശരീരത്തിലെ ഇന്ദ്രിയങ്ങളിലൂടെ
പ്രവേശിക്കുക, ശരീരത്തിലും പ്രവേശിക്കുക .നമ്മളെല്ലാം മനുഷ്യശരീരങ്ങളാണ് '.
ശരീരം പ്രബുദ്ധമാണ്
ശരീരത്തിലെ
അവയവങ്ങൾ വികാരങ്ങളായി അപരൻ അറിയുന്നു. ഇഷ്ടം, അനുരാഗം, അകൽച്ച തുടങ്ങിയ
പല ചിന്തകളുടെ സൂചകങ്ങളായി അത് രൂപപ്പെടാം. മനുഷ്യൻ സ്വയം കരുതുന്നതല്ല
അവൻ്റെ ഉടലിലൂടെ സംവേദനം ചെയ്യുന്നത്.ഉടൽ വേറൊരു പാഠശാലയാണ് .സ്വയം
കരുതുന്നത് എന്താണോ അതല്ല മറ്റുള്ളവർക്ക് അനുഭവപ്പെടുന്നത്. എഴുത്ത്
മനസ്സുകൊണ്ട് മാത്രം ചെയ്യുന്നതല്ല. എഴുതുമ്പോൾ തീർച്ചയായും ശരീരവും
പങ്കെടുക്കുന്നു. മനസ്സിൽ ഉണർവ്വുള്ളതുകൊണ്ട് മാത്രം എഴുതാനൊക്കില്ല;
ശരീരവും അനുവദിക്കണം. ശരീരവും മനസ്സും ഒരു സവിശേഷ ബന്ധത്തിൽ വരുമ്പോഴാണ്
എഴുത്ത് അഗാധമാവുന്നത്. എഴുത്തുകാരന് സ്വന്തം ശരീരം സ്വയം
മനസ്സിലാക്കാനുള്ള ഉപാധിയാണ്. ശരീരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മനസ്സ്
ശക്തിയും വൃത്തിയുമുള്ളതായി നിലനിർത്താനാവില്ലെന്നു ബുദ്ധൻ പറഞ്ഞത്
ഓർക്കുകയാണ്.ബുദ്ധമതത്തിൽ ഇന്ദ്രിയങ്ങളെ കവാടങ്ങളായി കാണുന്നു .'കാതിൻ്റെ ,
കണ്ണിൻ്റെ ,മൂക്കിൻ്റെ ,വായുടെ ,ത്വക്കിൻ്റെ ഐന്ദ്രിയകവാടങ്ങളുണ്ട്. ആ
കവാടങ്ങളിലൂടെ ഐന്ദ്രിയമായ ആശയങ്ങൾ വരുന്നുണ്ട്. എന്നാൽ ബുദ്ധിസത്തിൽ ഒരു
ആറാം ഇന്ദ്രിയമുണ്ട്. അതാണ് മനസ്സ്' .
ശരീരത്തിലും
ബുദ്ധിയുണ്ടെന്ന് ജർമൻ തത്ത്വചിന്തകൻ നിഷേ പറയുന്നത് ശ്രദ്ധിക്കണം.
ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതത്തിലെ ഉൾക്കാഴ്ചയുള്ള അറിവുകളായി
മാറാം. ശരീരം വഴികാട്ടുകയാണ്. രോഗം പ്രബുദ്ധതയുടെ ചിഹ്നമാകുന്നത്
അങ്ങനെയാണ്. രോഗം പിടിപെട്ടപ്പോഴാണല്ലോ, ടോൾസ്റ്റോയിയുടെ 'ഇവാൻ
ഇല്ലിച്ചിൻ്റെ മരണം' എന്ന കഥയിലെ ഇവാൻ പ്രബുദ്ധനാവുന്നത് .അതേസമയം മനസ്സും
ഐന്ദ്രിയ അനുഭവങ്ങൾക്കുള്ള അവയവമാണ്. മനസ്സിലൂടെ കടന്നു വരുന്ന
ഐന്ദ്രിയാനുഭവങ്ങളാണ് ചിന്തകൾ. ചിന്തകൾ നമ്മെ ഐഹിക ലോകത്തിൻ്റെ
വ്യർത്ഥതയെപ്പറ്റി ജ്ഞാനമുള്ളവരാക്കുന്നു. പക്ഷേ ,നാം ശരീരത്തിൽ
ബന്ധിതരാണ്.
ഓരോ നിമിഷവും ടെക്സ്റ്റാണ്
പുതിയ
വിവരണകലയുടെ കാലഘട്ടമാണിത് .ഏതൊരു നിമിഷത്തിനും ഒരു ടെക്സ്റ്റുണ്ട് .അത്
ഭൂതകാലവും ഭാവികാലവും കലർന്നതാണ്. വെട്ടിമുറിച്ചിട്ട മരങ്ങളല്ലല്ലോ നമ്മൾ
.മനുഷ്യൻ ഒരൊഴുക്കാണ്. നമ്മൾ എഴുതുന്ന കഥകളക്കാൾ പ്രധാനമാണ് നമ്മൾ
നമ്മെക്കുറിച്ച് ചിന്തിക്കുന്നത്. ആത്മാവിൻ്റെ വേറൊരു ആഖ്യാന
മാണത്.
ഒരാൾ തന്നെക്കുറിച്ച് ചിന്തിച്ചു ഭ്രാന്തനാകുന്നു. ഏറ്റവും
സത്യസന്ധമായിട്ടുള്ളത് അവനവൻ്റെ ആകുലതകളാണ് .ഒസേക്കിയുടെ ലേഖനം ആത്മകഥയോ
ഓർമ്മയെഴുത്തോ അല്ല. എപ്പോഴും നമ്മുടെ മനസ്സിൽ സ്ഥിരമായി ഒരാഖ്യാനം
സംഭവിക്കുന്നുണ്ട് .അത് നമ്മെക്കുറിച്ചു നാം തന്നെ ചിന്തിക്കുന്നതാണ്;
അവനവനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ.ഒസെക്കി പറയുന്നു , ഇങ്ങനെയാണ് നാം നമ്മുടെ
മനസ്സിന്റെ ജീവിതത്തെ നിർവ്വചിക്കുന്നത് .
ഓർമ്മയെഴുത്തിലും
ആത്മകഥയിലും സ്വയം പൊക്കാനുള്ള സകല അടവുകളുമാണ് ആളുകൾ പയറ്റുന്നത്. താൻ
എല്ലാത്തിലും നല്ലവൻ, താൻ എല്ലാത്തിലും ഒന്നാമൻ ,തനിക്ക് ഒരു തെറ്റും
പറ്റിയിട്ടില്ല. താൻ മാത്രം ശരി എന്നാണല്ലോ എല്ലാ ആത്മകഥയെഴുത്തുകാരും
സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അവർ എഴുതി കഴിയുന്നതോടൊപ്പം അതെല്ലാം തകർന്നു
വീഴുകയാണ്. നമ്മൾ നമ്മെക്കുറിച്ച് എഴുതുന്നതിലും കഥയുണ്ട്. ഏറ്റവും നല്ല
കഥകൾ നമ്മെക്കുറിച്ചായിരിക്കും .പക്ഷേ, സ്വയം അനാവരണം ചെയ്യാനുള്ള നിശിതമായ
മനസ്സുണ്ടാകണം.
ഒസേക്കിയുടെ
ഓൾ ഓവർ ക്രിയേഷൻ ,എ ടെയ്ൽ ഫോർ ദ് ടൈം ബീയിംഗ് എന്നീ നോവലുകൾ നന്നായി
വായിക്കപ്പെട്ടു .മുപ്പതിലേറെ ഭാഷകളിലേക്ക് അവരുടെ കൃതികൾ
പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒസേക്കി തൂലികാനാമമാണ്. റൂത്ത് ഡയാന ലൗ
ൺസ്ബുരി എന്നാണ് ശരിയായ പേര്.
No comments:
Post a Comment