കഴിഞ്ഞ ആഴ്ച 'അക്ഷരജാലക 'ത്തിൽ ടി.പത്മനാഭൻ്റെ കഥയെക്കുറിച്ച് എഴുതിയിരുന്നല്ലോ. ഇതിനെപ്പറ്റി ഒരു വായനക്കാരൻ ചോദിച്ചത് ,താങ്കൾ ഉത്തര- ഉത്തരാധുനിക സാഹചര്യങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ പത്മനാഭൻ്റെ കഥയെ പ്രശംസിക്കുന്നത് അർത്ഥശൂന്യമല്ലേ എന്നാണ്.
ഞാൻ വായനക്കാരനോട് ആദ്യമേ പറഞ്ഞ ഒരു കാര്യം ,ഏത് പ്രസ്ഥാനമായാലും സൗന്ദര്യം എന്നൊരു അനുഭൂതി തരുന്നില്ലെങ്കിൽ രചന അപ്രസക്തമാകുമെന്നാണ്. നിങ്ങൾക്ക് ഏത് കാലത്തേക്കും സഞ്ചരിച്ച് എഴുതാം. പക്ഷേ ,എഴുതുമ്പോൾ അതിൽ കാമ്പുണ്ടാകുന്നതിനൊപ്പം സൗന്ദര്യാത്മകതയും വേണം. എന്താണ് സൗന്ദര്യം? എഴുതുന്നതിൽ ശൈലി, മൂല്യം ,ബുദ്ധി ,കല ,തത്ത്വചിന്ത എന്നിവയുടെ ഏറ്റവും ആനന്ദകരമായ അനുഭൂതി നിറയണം. ഇത് അനുകരണം കൊണ്ട് ഉണ്ടാവുകയില്ല.
പത്മനാഭൻ എഴുതുന്നത് സാധാരണ ജീവിതത്തിൽ കാണുന്ന സംഭവങ്ങളൊക്കെയാണ്. എന്നാൽ മിക്കവാറും അതിൽ വായിക്കാൻ രസമുണ്ടാകും.പത്മനാഭൻ്റെ അത്രയും രസം പകരാൻ കഴിവുള്ള കഥാകൃത്തുക്കൾ പുതിയ തലമുറയിൽ കുറവാണ് .പലരുടെയും മനസ്സ് വരണ്ടു പോയിരിക്കുന്നു. ആശയ ദാരിദ്ര്യം ഭയപ്പെടുത്തുന്നതാണ്.പലർക്കും ഭാഷയില്ല .അത് അവരുടെ കഥകൾ വായിച്ചു തുടങ്ങുന്നതോടെ ബോധ്യപ്പെടും. മിക്കവരും സ്വന്തം കഥകൾ മാത്രമാണ് വായിക്കുന്നത്. ഏതെങ്കിലും ഒരു വിദേശ സാഹിത്യകൃതി വായിച്ചതിൻ്റെ ലക്ഷണം കാണാനില്ല.കഥയുടെ നവീനമായ ക്രാഫ്റ്റിനെക്കുറിച്ച് യാതൊന്നുമറിയാത്തതു കൊണ്ടാണ് ഓണപ്പതിപ്പ് കഥാകാരന്മാർ കൂട്ടത്തോടെ പരാജയപ്പെട്ടത്.കെ.പി.രാമനുണ്ണിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഒരു കഥയിൽ ശ്രീനാരായണഗുരുവിനെ ആക്ഷേപിക്കുകയാണ് ചെയ്തത് .
സാഹിത്യരചന വെറും വരണ്ട ആഖ്യാനമല്ല ;അത് സൗന്ദര്യാനുഭൂതിയാണ് വായനക്കാരന് നല്കേണ്ടത്.വികാരം കുത്തി ഒഴുക്കിയാൽ തരം താഴും.ഔചിത്യത്തോടെ വൈകാരികമായ ആഴം നല്കണം. വിവേകപൂർവ്വമായ ഒരു സമീപനം അതിനാവശ്യമാണ്.
ആധുനികത ആർത്തവമോ ?
പെരുമ്പടവം ഓണക്കാലത്തെഴുതിയ രണ്ടു കഥകൾ വായനക്കാർ ശ്രദ്ധിക്കാതിരിക്കില്ല. 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിലൂടെ ധാരാളം വായനക്കാർക്ക് പ്രിയപ്പെട്ടയാളാണ് പെരുമ്പടവം. തീക്കനൽ തിന്നുകയും നിലാവ് കുടിക്കുകയും ചെയ്യുന്ന പക്ഷി (ജന്മഭൂമി ഓണപ്പതിപ്പ് ), തനിക്കുള്ള കുരിശും പണിത് ഒരാൾ (പ്രസാധകൻ) എന്നീ കഥകളിലൂടെ പെരുമ്പടവം തൻ്റെ ആത്മസംഘർഷങ്ങൾ ആവിഷ്കരിക്കുകയാണ്. ആദ്യത്തെ കഥയിൽ സുന്ദരിയായ ഒരു വീട്ടമ്മയ്ക്ക് പരപുരുഷനുമായുള്ള പ്രണയമാണ് വിഷയം. അവർ മനസിൽ നീറ്റലുമായി കാമുകൻ്റെയടുത്തേക്ക് വരുന്നു. വൈകിയാണെങ്കിലും പ്രണയനാടകം ഒരു പരീക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞ് അവർ തൻ്റെ വൃദ്ധനായ ഭർത്താവിനെ തന്നെ മതി എന്നു പറഞ്ഞ് തിരിച്ചു പോകുന്നു.സാമൂഹ്യനിയമങ്ങളും സർക്കാരും എല്ലാ പ്രണയങ്ങൾക്കും എതിരാണ്. കാമുകീകാമുകന്മാർ സിംഹങ്ങളാണെങ്കിലും വെവ്വേറെ കൂടുകളിൽ കഴിഞ്ഞാൽ മതി.പൊലീസ് പ്രണയത്തെ മാത്രമല്ല ,പ്രണയവുമായി ബന്ധമുള്ള സ്മാരകങ്ങളെയും നശിപ്പിക്കും.
വൈക്കം മുഹമ്മദ്ബഷീറിൻ്റെ 'മതിലുകൾ' എന്ന കൃതി പ്രശസ്തമാണല്ലോ. ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലെത്തിയ ബഷീർ യാദൃച്ഛികമായി തൻ്റെ താമസസ്ഥലത്തിനടുത്ത്, കൂറ്റൻ മതിലിനപ്പുറമുള്ള ഒരു സ്ത്രീതടവുകാരിയായ ഇരുപത്തിരണ്ടു വയസ്സുള്ള നാരായണിയുമായി പ്രണയത്തിലാകുന്നതാണ് കഥ. കുറ്റവാളികളാണെങ്കിലും മനഷ്യമനസ്സിൻ്റെ ഏറ്റവും നിർമ്മലമായ ഭാവങ്ങൾ അവിടെ പ്രത്യക്ഷമാവുന്നു. ബഷീർ പൂക്കളുള്ള റോസാചെടി ആ മതിലിനു മുകളിലൂടെ നാരായണിക്ക് എറിഞ്ഞു കൊടുത്തു. ചുള്ളിക്കമ്പ് മുകളിലേക്ക് എറിഞ്ഞു കാണിച്ചാണ് അവർ പ്രേമിച്ചത്.എന്നാൽ ആ മതിൽ പിന്നെയും ഉയരം കൂട്ടി പണിതതായി റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ സമീപകാലത്ത് ഒരു ലേഖനത്തിലൂടെ അറിയിച്ചിരുന്നു. ഇനി തടവുകാരായി വരുന്നവർ ബഷീറിനെയും നാരായണിയെയും പോലെ പ്രേമിക്കുന്നത് തടയാനാണ് ആ മതിലിൻ്റെ ഉയരം ആകാശത്തിലേക്ക് ഉയർത്തിയതെന്നാണ് ന്യായം!
ടി.പത്മനാഭനും പെരുമ്പടവവും എഴുതുന്ന കഥകളിൽ അവർ പ്രധാന കഥാപാത്രമായി വരുകയാണ്. അവർ സ്വന്തം അനുഭവകഥകൾ എഴുതുന്നു. ബഷീർ പാരമ്പര്യമാണിത്.പത്മനാഭൻ്റെ കഥകളിൽ അദ്ദേഹം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കണ്ടുമുട്ടുന്ന ആരാധകരുമായുള്ള ബന്ധമാണ് ചിത്രീകരിക്കുന്നത്. പെരുമ്പടവം തന്നെ വേട്ടയാടുന്ന ആകുലതകളാണ് പറയുന്നത്.ഇവർ രണ്ടു പേരും ഈ കഥകളിലൂടെ തങ്ങളുടെ വിമർശകർക്ക് പരോക്ഷമായും പ്രത്യക്ഷമായും മറുപടി കൊടുക്കുന്നുമുണ്ട്. പെരുമ്പടവത്തിൻ്റെ 'തനിക്കുള്ള കുരിശും പണിഞ്ഞ് ഒരാൾ' എന്ന കഥയിൽ ,വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഒരു ചോദ്യാവലി പോലെ നില്ക്കുകയാണ്. താനൊരു ഉത്തരാധുനിക കഥാകൃത്തല്ലെന്ന് ഈ കഥയിൽ കഥാകൃത്ത് പല പ്രാവശ്യം എടുത്ത് പറയുന്നുണ്ട്.കഥ പറയുന്നതിനിടയിൽ കഥാകൃത്തും കഥാപാത്രവും രണ്ടായി നില്ക്കുന്ന സന്ദർഭങ്ങളുമുണ്ട്. എഴുതി വച്ച കഥയാണ് പറയുന്നത്.എഴുതി വയ്ക്കുന്നത് പെരുമ്പടവമാണ്. എഴുതി വച്ച കഥയിലെ നായകനും പെരുമ്പടവമാണ്. ഈ ഘടന ഉത്തരാധുനികമാണല്ലോ. എന്നിട്ടും അദ്ദേഹം ആധുനികത ,ഉത്തരാധുനികത തുടങ്ങിയ താത്ത്വിക കലാ പദ്ധതികളെയെല്ലാം ആജന്മ ശത്രുക്കളെയെന്ന പോലെ അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സന്ദർഭങ്ങൾ കഥയിലുടനീളമുണ്ട്.കലാസിദ്ധാന്തങ്ങളെയും സൃഷ്ടികളെയും മനുഷ്യ ചരിത്രത്തിലെ വിലമതിക്കാനാവാത്ത വിവേകോദയങ്ങളായി കാണാൻ സാഹിത്യരംഗത്ത് പരിണതപ്രജ്ഞനായ പെരുമ്പടവത്തിനു കഴിയുന്നില്ല എന്നറിയുന്നത് നടുക്കമുണ്ടാക്കുന്നു. ഒരു ഭാഗത്ത് അദ്ദേഹത്തിൻ്റെ രൂക്ഷമായ പരിഹാസം ഇങ്ങനെയാണ്: "ഈ ചായക്കടയ്ക്ക് പകരം കഥയിൽ ഒരു ചാരായഷാപ്പായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാവും ചിലർ ചിന്തിക്കുന്നത്. എങ്കിൽ കുറച്ചെങ്കിലും ആധുനികത വന്നേനെ, അല്ലേ ?. പട്ടച്ചാരായവും കഞ്ചാവും ഭാംഗും ചരസ്സും മൃത്യുവാഞ്ചയും ശുക്ളവും ആർത്തവ രക്തവും കൊണ്ടല്ലേ ഒരിക്കൽ നമ്മൾ ആധുനികത ആലോഷിച്ചത് ?"
പെരുമ്പടവം തെറ്റിദ്ധരിച്ചിരിക്കുകയാണ് .ആർത്തവം ഇവിടെ ആഘോഷിച്ചിട്ടില്ല.എം.ഗോവിന്ദനും അയ്യപ്പപ്പണിക്കരും കാക്കനാടനും ആർത്തവക്കാരായിരുന്നുവോ ? ആധുനികരായ കാക്കനാടൻ്റെയും വിജയൻ്റെയും മുഴുവൻ കൃതികളും തിരസ്കരിക്കുകയാണോ ലക്ഷ്യം ?എങ്കിൽ അതിൽ ഒട്ടും സഹൃദയത്വമില്ല .
ഏത് പ്രസ്ഥാനത്തിൽപ്പെട്ട കൃതിയായാലും സൗന്ദര്യാത്മകമായാൽ മതി ,വായനക്കാരൻ സന്തോഷവാനാകും. വാക്കുകൾ സംവേദനക്ഷമമാകണമെങ്കിൽ അതിൽ ജീവിച്ചാൽ മാത്രം പോരാ;കലയുടെ അനുഭൂതി നിറയ്ക്കാനാകണം.
പാർട്ടിക്ക് ബാധ്യതയാകുന്നവർ
അശോകൻ ചരുവിലിൻ്റെ 'പടിക്കലെ മഠത്തിൽ ബലരാമൻ' (മാതൃഭൂമി ഓണപ്പതിപ്പ്) ഓർമ്മയുടെ പിന്നിലേക്ക് സഞ്ചരിക്കുന്ന കഥയാണെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനായ കഥാകൃത്തിൻ്റെ അപുർവ്വമായ വിമർശനം ഇതിലുണ്ട്.അശോകൻ്റെ 'ഒരു രാത്രിക്ക് ഒരു പകൽ' എന്ന മനോഹരമായ കഥ ഇപ്പോഴും പ്രസക്തമാണ്. ആധുനികാനന്തര തലമുറയിൽ കലയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ സിദ്ധിയുള്ള അപൂർവ്വം ചില എഴുത്തുകാരിൽ ഒരാളാണ് അശോകൻ.
ഈ കഥയിലെ ബലരാമൻ എന്ന കഥാപാത്രത്തിൽ കഥാകൃത്തിൻ്റെ കമ്മ്യൂണിസ്റ്റ് വിമർശനം ഉൾക്കൊണ്ടിട്ടുണ്ട്. അയാൾ തറവാടിയും ജന്മിയും പ്രവാസിയുമാണ്. ഇപ്പോൾ നാട്ടിലേക്ക് വന്നിരിക്കയാണ്. രോഗപീഢ അനുഭവിക്കുന്ന അയാളിൽ ഒരു മൂരാച്ചിയും തെമ്മാടിയും മാമൂൽ പ്രിയനും പാർട്ടി വിരുദ്ധമായി, ഒട്ടും രോഗപീഢയില്ലാതെ കഴിയുന്നുണ്ടെന്നാണ് അശോകൻ പറഞ്ഞു വയ്ക്കുന്നത്. ഒരു സദുദ്ദേശ്യത്തോടെയുള്ള ശുദ്ധീകരണ ശ്രമമായി ഈ കഥയെ കാണാം. ഇതുപോലുള്ള ബലരാമന്മാർ പാർട്ടിക്ക് എന്നും ഒരു ബാധ്യതയായിരിക്കും ,അവർ സാംസ്കാരിക സ്ഥാപനങ്ങളിൽ ദുഷ്പ്രഭുത്വത്താൽ ചീർത്ത് കഴിയുന്നിടത്തോളം .
സ്വവർഗം
ഇരവി എഴുതിയ 'കേശവൻകുട്ടിയുടെ നെയിൽ പോളിഷിട്ട വിരലുകൾ ' (കേരളകൗമുദി ഓണപ്പതിപ്പ് ) സ്വവർഗരതി എന്ന കാലിക വിഷയത്തെ അപാരമായ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന രചനയാണ്. സ്വവർഗരതിക്കാരൻ കല്യാണം കഴിക്കുന്നത് എത്ര സുന്ദരിയായ പെണ്ണിനെ ആയിരുന്നാലും ഫലമില്ല .സുന്ദരിയുടെ സൗന്ദര്യത്തിന് ഒരു വിലയും കിട്ടില്ല.ഇക്കാലത്ത് വീടുകളിൽ കൊലപാതകങ്ങൾ ഏറിവരുന്നത് ഇതുപോലുള്ള പ്രശ്നങ്ങൾ മൂലമാണോ ?ഇരവി കഥയെ കൊലയിൽ എത്തിച്ചില്ല .ഒരു സ്വവർഗപ്രേമിയുടെ ശരീരഭാഷ കഥാകൃത്ത് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്. സ്വവർഗ പ്രേമത്തിലെ തത്ത്വചിന്ത സാമൂഹ്യനിർമ്മിതികളെ എതിർക്കുന്നതാണ്. ലൈംഗികത സമൂഹത്തിൻ്റെ നിർമ്മിതിയല്ല ,അത് വ്യക്തിയുടെ ഇച്ഛാനുസരണമുള്ളതാണ് എന്ന നിലപാട് ഒരു ജൈവ യാഥാർത്ഥ്യമായി തീരുകയാണ്.
വാക്കുകൾ
1)ഞാനൊരു സിനിമ ചിത്രീകരിക്കുമ്പോൾ ,എങ്ങനെയാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് ഒരിക്കലും ചിന്തിക്കാറില്ല ; ഒരു മുൻധാരണയുമില്ലാതെയാണ് ഷൂട്ട് ചെയ്യുന്നത്.
മൈക്കലാഞ്ജലോ അൻ്റോണിയോണി,
(ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ)
2) പടം പൊഴിക്കാതിരുന്നാൽ സർപ്പം ജീവനോടെയിരിക്കില്ല. അതുപോലെയാണ് അഭിപ്രായങ്ങൾ മാറ്റുന്നതിനെ തടസ്സപ്പെടുത്തുന്ന മനസ്സുകളും. അങ്ങനെയുള്ളത് മനസ്സുകളല്ല .
ഫ്രഡറിക് നിഷേ ,
(ജർമ്മൻ ചിന്തകൻ)
3) പ്രണയം ഒരിക്കലും ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യില്ല, നമ്മൾ ചിന്തിക്കുന്നതുപോലെ. പ്രണയം ഒരു ഏറ്റുമുട്ടലാണ്;യുദ്ധമാണ്, ജീവിതമാണ്.
ജയിംസ് ബാൾഡ്വിൻ
(അമെരിക്കൻ നോവലിസ്റ്റ് )
4) ഞാനൊരു ഫോട്ടോയെടുക്കണമെങ്കിൽ എനിക്ക് അയാളുമായി സംസാരിക്കണം ,ഒരു വൈകാരിക ബന്ധമുണ്ടാവണം. അയാളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.
മരിയോ സോറെൻറി ,
(ഇറ്റാലിയൻ - അമെരിക്കൻ ഫോട്ടോഗ്രാഫർ )
5) നമ്മളുടെയുള്ളിൽ നല്ലൊരു വഴികാട്ടിയുണ്ട്, നാം അത് ശ്രദ്ധിക്കുമെങ്കിൽ ,മറ്റേതൊരു വ്യക്തിയേക്കാൾ .
ജയിൻ ഓസ്റ്റിൻ,
(ഇംഗ്ളിഷ് നോവലിസ്റ്റ് )
കാലമുദ്രകൾ
1) മുട്ടത്തുവർക്കി
ജീവിതത്തിൻ്റെ പ്രശ്നങ്ങൾ വളരെ ലഘുവാണെന്നും അതിനു കൃത്യമായ ഫോർമുലകളിലൂടെ പരിഹാരം കാണണമെന്നും വായനക്കാരെ വിശ്വസിപ്പിച്ച നോവലിസ്റ്റായിരുന്നു മുട്ടത്തുവർക്കി.
2) പ്രേം നസീർ
ഒരു സിനിമാഗാനരംഗത്ത് പ്രേം നസീർ ശിവഗിരി കുന്നിലൂടെ ഭക്തജനങ്ങളെ നയിച്ച്, മഹാസമാധിയിലേക്ക് ചെന്ന് അർച്ചന നടത്തുന്നത് കണ്ടു. ഗാനരംഗത്താണെങ്കിൽ പോലും, ആ പ്രത്യേക പ്രകടനം പ്രേം നസീറിലൂടെ സംഭവിക്കുന്നത് ഒരു ഗുരുവാക്യം പോലെ മാനവ സാഹോദര്യത്തെ പ്രതീകവത്ക്കരിക്കുകയാണ്.
3) യേശുദാസ്
'സുമംഗലീ നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം (വയലാർ ,ദേവരാജൻ ,ചിത്രം: വിവാഹിത ,1970) എന്ന് യേശുദാസ് പാടിയത് അഭിനയിച്ചുകൊണ്ടല്ല, ഉള്ളിൽ കരഞ്ഞുകൊണ്ടാണ്. ഈ താദാത്മ്യം ഒരു കാലത്തിൻ്റെ ഹൃദയമാകുന്ന താമരപ്പൂവിലാണുള്ളത്. ആ ഗാനത്തിൽ ഗായകൻ നിറഞ്ഞു നില്ക്കുന്നു. ഗാനമല്ലാതെ മറ്റൊന്നും ബാക്കിയില്ല.
4) എ.അയ്യപ്പൻ
ജീവിതത്തെ കബളിപ്പിച്ച കവിയാണ് എ.അയ്യപ്പൻ. താൻ ആരുടെയും ഗുരുവല്ല ,ശിഷ്യനല്ല ,അഭിമാനമല്ല ,സ്വത്തല്ല ,ലക്ഷ്യമല്ല എന്ന് കൃത്യമായി ബോധ്യപ്പെട്ട ഈ കവി തൻ്റെ രചനയിലെ സന്ദിഗ്ദ്ധമായ വാക്കുകൾ പോലെ ഒട്ടും ഈഗോയില്ലാതെ അലഞ്ഞു നടന്നു.
5)ആനന്ദ്
നോവലിൻ്റെ കലയിൽ ഏറ്റവും നവീനവും പരീക്ഷണാത്മകവുമായ ചുവടുകൾ വച്ചത് ആനന്ദാണ് .അദ്ദേഹത്തിൻ്റെ ആൾക്കൂട്ടം (മഹാ അനുഭവങ്ങളുടെ വ്യക്തിഗത യാഥാർത്ഥ്യം ) ,മരണസർട്ടിഫിക്കറ്റ് (ദുരൂഹവും അനിശ്ചിതവുമായ അസ്തിത്വപ്രശ്നങ്ങൾ ) ,ഗോവർധൻ്റെ യാത്രകൾ ( ഒരു പ്രഹസനത്തെ ഉപജീവിച്ച് അനേകം ഘടനകൾ ) തുടങ്ങിയ കൃതികൾ മനസ്സിലേക്ക് വരുകയാണ്.
അയൻ റാന്തും റൊമാൻ്റിക്
റിയലിസവും
അമെരിക്കൻ എഴുത്തുകാരി അയ ൻ റാന്ത് തൻ്റെ നോവലുകളെ റൊമാൻറിക് റിയലിസം എന്ന ഗണത്തിലാണ് പരിഗണിച്ചത്. ഇത് വിശദീകരിച്ചു കൊണ്ട് അവർ 'ദ് റൊമാൻറിക് മാനിഫെസ്റ്റോ എന്ന പുസ്തകവും എഴുതി.
ഒരു വസ്തുത അതേപടി പകർത്തിക്കാണിക്കുകയല്ല ;സ്വന്തം ഇച്ഛയാൽ യാഥാർത്ഥ്യത്തെ കൂടുതൽ സുന്ദരമാക്കുകയാണിവിടെ. ഒരു കലാകാരൻ്റെ ദാർശനികമായ മൂല്യബോധത്തിൻ്റെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യത്തെ കൂടുതൽ സംവേദനക്ഷമമാക്കുകയാണ് .പൊറ്റെക്കാട് ,എം.ടി, ഉറൂബ് ,മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരെ റൊമാൻറിക് റിയലിസ്റ്റുകളായി കാണാവുന്നതാണ്. മറ്റൊരാൾ നോക്കിയാൽ ഈ കഥകളിലെ ലോകം കാണാനൊക്കില്ല. ഇത് രചയിതാക്കൾ സ്വാനുഭവത്തിലൂടെ നിർമ്മിക്കുന്നതാണ്.