Thursday, September 10, 2020

അക്ഷരജാലകം / നിർവ്യക്തീകരിക്കപ്പെട്ടവർ / എം.കെ.ഹരികുമാർ,metrovartha , March 1

 

ഇരുപതാം നൂറ്റാണ്ടിൽ ഒരു വലിയ പരിവർത്തനമായി സാഹിത്യകലാപ്രതിഭകൾ അവതരിപ്പിച്ചത് വൈയക്തികലോകങ്ങളായിരുന്നു. അതായത് വ്യക്തികൾ അവരുടേതെന്ന നിലയിൽ കണ്ടെത്തുന്ന യാഥാർത്ഥ്യങ്ങൾ ഒരു സുവിശേഷമായി രൂപാന്തരപ്പെട്ടു.

പാബ്ളോ പിക്കാസ്സോ വരച്ചത് നാം നിത്യവും കാണുന്ന തെരുവുകളോ മനുഷ്യരൂപങ്ങളോ ആയിരുന്നില്ല. അദ്ദേഹം സ്വന്തം നിലയിൽ ഭാവന ചെയ്തതായിരുന്നു. ഭാവന ചെയ്യുന്നതെന്തും യാഥാർത്ഥ്യമാണെന്ന സിദ്ധാന്തമാണിത്. അത് വ്യക്തിപരമായ ഒരു സത്യമായിരുന്നു. അതിന്റെയർത്ഥം അത് പൊതുസമൂഹത്തിന്റെ സാമാന്യ യാഥാർത്ഥ്യങ്ങളോ ,അവരെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളോ ആയിരുന്നില്ല എന്നതാണ്.
ഓരോ കലാകാരനും എഴുത്തുകാരനും അവരുടേതായ സ്വകാര്യ ലോകങ്ങൾ അന്വേഷിക്കുകയും അത് കണ്ടെത്തുകയും ചെയ്തു. അവരുടേത് തങ്ങൾ മാത്രം കാണുന്ന ചില ലോകങ്ങളായിരുന്നു. അതിലാണ് അവർ സ്വയം ദർശിച്ചത്.

അങ്ങനെയാണ് ആധുനികമായ മനസ്സ് ഒരു വലിയ സാഹിത്യ സംജ്ഞയായി വിലയിരുത്തപ്പെട്ടത്.കഥയിൽ  ജയിംസ് ജോയ്സിന്റെ ലോകം, ഫോക്നറുടെ ലോകം, കാഫ്കയുടെ ലോകം എന്നതുപോലെ കവിതയിൽ  ഡബ്ളിയു.ബി.യേറ്റ്സിന്റെ ലോകം, എലിയറ്റിന്റെ ലോകം, പെസ്സോവയുടെ ലോകം എന്നതും ഒരു കണ്ടുപിടിത്തമായിരുന്നു.

ഈ വൈയക്തികത നവീന സാഹിത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഞാനാണ് കേന്ദ്രം എന്ന് സാർത്ര് പറയുമ്പോൾ അതിനു പിറകിൽ ഈ വ്യക്തിനിഷ്ഠതയാണുള്ളത്. സാൽവദോർ ദാലി വരയ്ക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അനുഭവമാണ്. അതിൽ യൂറോപ്യൻ നവോത്ഥാനത്തിനു കടന്നു ചെല്ലാനൊക്കില്ല.കാരണം യൂറോപ്യൻ നവോത്ഥാനം യുക്തിയുടെ സൃഷ്ടിയാണ്. ദാലിയുടെ കല യുക്തി യുടേതല്ല.

എന്നാൽ ഇന്ന് കലാകാരന്മാരുടെ ,എഴുത്തുകാരുടെ വൈയക്തിക ലോകം വിനിമയം ചെയ്യാനാവാത്ത വിധം അന്യവൽക്കരിക്കപ്പെടുകയാണ്. സാങ്കേതിക, വ്യാവസായിക ലോകം വ്യക്തിയുടെ ആഭ്യന്തര പ്രശ്നങ്ങളെ സർഗാത്മകമായി കാണുന്ന രീതി അവസാനിപ്പിച്ചു.പിക്കാസോയ്ക്ക് ഇഷ്ടം പോലെ വരയ്ക്കാം, പക്ഷേ അതിന്റെ പിറകിലെ ഒരു ആത്മീയ, ദാർശനിക പ്രശ്നവും പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാൽ അദ്ദേഹത്തെ മാനസിക പ്രശ്‌നമുള്ളവനായി കണക്കാക്കും.

ഉപഭോക്തൃ കല 

ഇന്ന് ഉപഭോക്തൃകലയേയുള്ളു; വൈയക്തിക കലയില്ല.
ലോകം വിവരങ്ങളുടെയും വിനോദങ്ങളുടെയും ദ്വന്ദമായി പരിവർത്തനം  ചെയ്യപ്പെട്ടിരിക്കുന്നു. വ്യക്തികൾ പോലും ഇല്ല; ഇലക്ട്രോണിക് ,റോബോട്ടിക് നിർമ്മിതികളേയുള്ളു. ആഗ്രഹങ്ങൾ നിർമ്മിക്കപ്പെടുന്നതിനു പല വഴികളുണ്ട്. അതിലൊന്ന് ചാനൽ പരിപാടികളും പരസ്യങ്ങളുമാണ്. മനുഷ്യന്റെ തലച്ചോറിലേക്ക് ഒരേ പരസ്യം നിശ്ചിത സമയത്തിനുള്ളിൽ  പല തവണ കയറ്റി വിട്ട് ഒരാഗ്രഹം നിർമ്മിച്ചെടുക്കുകയാണ്.

കമ്പനിളുടെ ആഗ്രഹനിർമ്മിതിക്ക് അടിമപ്പെടുക എന്ന കാര്യം ഇന്ന് ഒരു വലിയ അംഗീകാരമോ, യോഗ്യതയോ, സദാചാരമോ ആണ്. വിപണിക്ക് അനുയോജ്യമായി പെരുമാറുന്നതിനാണ് ഒരാൾ വിദ്യാഭ്യാസം ചെയ്യുന്നത്. അതായത്, തുടർച്ചയായ പരസ്യത്തിലൂടെ ആഗ്രഹങ്ങളുടെ ഉടമയായാൽ അയാളെ എല്ലാവരും തലകുലുക്കി സമ്മതിക്കും. അയാൾക്ക് ഒന്നിനോടും വിയോജിക്കാനുള്ള അവകാശമില്ല. അയാൾ അനുസരിച്ചാൽ മതി. വിയോജിപ്പുകളും എതിർപ്പുകളുമുളളവർ ചീത്ത കുട്ടികളാണ്. 

വിവരങ്ങളും മാധ്യമങ്ങളും പ്രവഹിക്കുകയാണ്. എന്നാൽ അതിനനുസരിച്ച് ആന്തരികമായ, ജ്ഞാനകേന്ദ്രീകൃതമായ യാതൊന്നും ഉണ്ടാകുന്നില്ല. എല്ലാ യാഥാർത്ഥ്യങ്ങളും വിവരസമ്പാദനത്തിന്റെ ഘട്ടങ്ങൾ അല്ലെങ്കിൽ ഉള്ളടക്കം എന്ന നിലയിലാണ് രൂപപ്പെടുന്നത്. യാഥാർത്ഥ്യം വിവരമാണ്; അറിവല്ല. സൂക്ഷമമായ യാതൊന്നും ജ്ഞാനത്തിന്റെയോ സൗന്ദര്യത്തിന്റെയോ വഴിയിൽ പ്രവേശിക്കുന്നില്ല.

മനുഷ്യവ്യക്തി ഇല്ല

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമ ചിത്രീകരണത്തിൽ മികച്ചു നിന്നു. ദാരിദ്ര്യവും ഒറ്റപ്പെടലും അതിൽ അവതരിപ്പിച്ചത് ഇന്നത്തെ പ്രേക്ഷകന്റെ മനോനിലയ്ക്കും സാങ്കേതിക, ദൃശ്യഭംഗിക്കും അനുരുപമായാണ്. അടൂർ 'സ്വയംവര 'ത്തിലോ പി.എൻ.മേനോൻ 'ഓളവും തീരവും' എന്ന സിനിമയിലോ ചെയ്തതുപോലെ ഇന്ന് ജീവിതദുരിതത്തെ ആരും ചിത്രീകരിക്കില്ല.'കുമ്പളങ്ങി നൈറ്റ്സിൽ ' സംവിധായകന്റെ വ്യക്തിപരമായ ആകുലതയോ, ദുരന്ത ബോധമോ ,ഉത്ക്കണ്ഠയോ ഇല്ല. അതുകൊണ്ട് പട്ടിണിയും നിരാശയും നിറയുന്ന ഒരു രംഗം ആവിഷ്ക്കരിക്കുമ്പോൾ സംവിധായകനു വർണ്ണപ്പൊലിമയോടെ  ദൃശ്യഭംഗിയൊരുക്കാൻ തടസ്സമില്ല. കാമറ കൊണ്ട് രാത്രിയെ പറുദീസയാക്കാം. മനോഹരമായ സംഗീതം കേൾപ്പിക്കാം. രാത്രിയുടെ കാഴ്ചയിലൂടെ രതിസുഖത്തിനു സമാനമായ അനുഭവം നൽകുമ്പോൾ, ഇന്നത്തെ നിലയ്ക്ക് ചിത്രം വിജയിച്ചു.

ദുരന്തമെന്ന് പറയട്ടെ, ഇന്ന് കലാകാരൻ പൊതുവേ ആന്തരിക യാഥാർത്ഥ്യങ്ങളോ, അസ്തിത്വ ദു:ഖമോ ,ദാർശനിക പ്രതിസന്ധിയോ  ഒന്നും നേരിടുന്നില്ല. അത് എന്താണെന്നു പോലും അറിയില്ല. അയാൾ വ്യക്തിയല്ല, മനുഷ്യജീവിയല്ല ;നിർവ്യക്തീകരിക്കപ്പെട്ട ഒരു സാങ്കേതിക ജീവിയാണ്.

ഫ്രഞ്ച് മനശ്ശാസ്ത്ര ചിന്തകനായ ലക്കാൻ മനുഷ്യാവസ്ഥയിലെ വിരോധാഭാസപരമായ അനുഭവങ്ങളെയാണ് പിന്തുടർന്നത്. ഭാവന ,പ്രതീകം, യാഥാർത്ഥ്യം എന്നിവയെല്ലാം മനുഷ്യന്റെ അവസ്ഥയെ അവനു തന്നെ പരസ്പര വിരുദ്ധമാക്കുന്നു, അജ്ഞാതമാക്കുന്നു. ഇങ്ങനെയാണ് ആന്തരിക ലോകങ്ങൾ ഉണ്ടാകുന്നത്. ഒരു സംവിധായകൻ അയാളുടെ ഉത്ക്കണ്ഠകളെ ചലച്ചിത്രമായി പ്രതിപാദിക്കാൻ തുടങ്ങുന്നിടത്താണ് ഫാസ്ബൈൻഡർ, ബർഗ്മാൻ ,അന്റോണിയോണി തുടങ്ങിയവരുടെ ചിത്രങ്ങൾ കടന്നു വരുന്നത്. അത് വെറുമൊരു ബാഹ്യ പ്രമേയമല്ല, സംവിധായകന്റെ സ്വകാര്യമായ, ആന്തര വൈരുദ്ധ്യങ്ങളും സമസ്യകളുമാണ്. അയാൾക്ക് അത് ഒരു ലേഖനമെഴുതി പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമയെടുക്കുന്നത്. ആ സിനിമ ഒരാൾ തന്നിലേക്ക് തന്നെ തിരിച്ചു വച്ച കാമറയുടെ അനുഭവമായി നാം പരിഗണിക്കണം. അസ്തിത്വത്തെ ചൂഴ്ന്നു നിൽക്കുന്ന ,തന്നെ സ്ഥിരമായി അലട്ടുന്ന ചില കാഴ്ചകളും അനുഭവങ്ങളുമാണ് ആധുനികതയുടെ സംവിധായകർ തിരഞ്ഞത്.അത് ഒരു ആരായലും ആത്മവിമർശനവുമാണ്.

ഫ്രഞ്ച് സംവിധായകനായ ക്രിസ് റ്റോഫ് കീവ്സ്ലോവ്സ്കിയുടെ 'ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക്ക്  ' (1991)എന്ന ചിത്രം മനുഷ്യനിലെ വിരോധാഭാസപരമായ അവസ്ഥയെ പരിശോധിക്കുകയാണ്. ഇത് സംവിധായകന്റെ അഴിയാക്കുരുക്കാണ്; പ്രേക്ഷകന്റെയല്ല. കഥാപാത്രങ്ങളുടെ ആകുലതകളും കുരുക്കുകളും നമുക്ക് പരിചിതമാണ്. എന്നാൽ സംവിധായകന് അതിനേക്കാൾ സങ്കീർണമായ അഭ്യന്തര, ആത്മീയ പ്രശ്നങ്ങളുണ്ട്. അത് അഴിച്ചെടുക്കാനാണ് അയാൾ സൃഷ്ടി  പ്രക്രിയയിൽ ഏർപ്പെടുന്നത്.

അതേസമയം ഇന്ന് ചാനൽവത്കൃത കാഴ്ചാനുഭവങ്ങളിൽ ഇതുപോലുള്ള  വ്യക്തികേന്ദ്രീകൃതമായ അവസ്ഥകൾ  ഇല്ലേയില്ല. ഇതാർക്കും വിനിമയം ചെയ്യപ്പെടുകയില്ല. ഇവിടെ സംവിധായകൻ എന്ന വ്യക്തിജീവി അഥവാ കലാകാരവ്യക്തി ഇല്ല. അയാൾക്ക്  സ്വകാര്യ ആന്തരിക സമസ്യകൾ ഇല്ല. അയാൾ സാങ്കേതിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു ടെക്നീഷ്യനായി മാറിനിൽക്കുന്നു.

വാക്കുകൾ

1)വിവരങ്ങളുടെ ഈ വൻസമ്പത്ത് കാര്യമായ ഒരു ഉൾക്കാഴ്ചയും സൃഷ്ടിച്ചിട്ടില്ല.
സ്റ്റീഫൻ കിംഗ്,
അമെരിക്കൻ എഴുത്തുകാരൻ

2) പുരാതനത്വത്തിന്റെ വിഷാദാത്മകതയാണ് ,ആധുനിക കാലത്തേക്കാൾ ,കൂടുതൽ അഗാധമായി എനിക്ക് തോന്നുന്നത്.
ഗ്യൂസ്താവ് ഫ്ളൂബേർ,
ഫ്രഞ്ച് നോവലിസ്റ്റ്

3) അനുവാചക സമൂഹത്തിന്റെ മുന്നിൽ പുതിയ ആവശ്യങ്ങൾ നിരത്തിയതാണ് അധുനികതയുടെ ഒരു സംഭാവന. സാഹിത്യത്തെയും  മറ്റ് കലകളെയും മുമ്പത്തേപ്പോലെ ലാഘവത്തോടെ ഇനി കാണാനൊക്കില്ല.
പീറ്റർ വാട്സൺ ,
ബ്രിട്ടീഷ് കോളമിസ്റ്റ് .

4) നിങ്ങൾ ദേഷ്യപ്പെടുന്ന ഓരോ മിനിട്ടിലും അറുപത് സെക്കൻഡ് സന്തോഷമാണ് നഷ്ടപ്പെടുത്തുന്നത്.
എമേഴ്സൺ ,
അമെരിക്കൻ ചിന്തകൻ

5) കല സത്യമല്ല; കല നുണയാണ്, അത് സത്യം കാണാൻ നമ്മെ സഹായിക്കുന്നു.
പാബ്ളോ പിക്കാസ്സോ,
സ്പാനീഷ് ചിത്രകാരൻ

കാലമുദ്രകൾ

1)നിത്യചൈതന്യയതി

കവിതയെയും വേദാന്തത്തെയും
സമന്വയിപ്പിച്ചുകൊണ്ട് സുദീർഘമായ സംവാദങ്ങളിലും രചനകളിലും മുഴുകാൻ കഴിവുണ്ടായിരുന്ന  നിത്യചൈതന്യയതി ഒരു പ്രചോദന സ്മരണയാണ്.

2) ആർ.രാമചന്ദ്രൻ

കവിത എഴുതുന്നതിലെങ്കിലും കൂട്ടായി ചിന്തിക്കരുതെന്ന് പറഞ്ഞു തരാൻ ആർ.രാമചന്ദ്രൻ ഇന്നില്ലല്ലോ.

3) വൈക്കം മുഹമ്മദ് ബഷീർ

സ്വന്തം വീടും പറമ്പും അതിലെ സസ്യലതാതികളും ജീവികളുമാണ് തന്റെ സാഹിത്യമെന്ന് ലഘുവായി പറഞ്ഞ ബഷീർ ഒരു മിത്താവുകയാണ്.

4) കാമ്പിശ്ശേരി കരുണാകരൻ

ധാരാളം നോവലുകളും കഥകളും കവിതകളും വായിച്ചുകൊണ്ട് സാഹിത്യപ്രസിദ്ധീകരണം എഡിറ്റു ചെയ്ത കാമ്പിശ്ശേരി എത്രയോ ഉദാത്തമായ ഒരു നാമമാണ്.

5) തോപ്പിൽ ഭാസി

നാടകങ്ങളും (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം) ,തിരക്കഥകളും ( 110 സിനിമകൾ ) എഴുതിയ തോപ്പിൽ ഭാസി പതിനാറ് സിനിമകൾ സംവിധാനം ചെയ്തു.തോപ്പിൽ ഭാസിയാണ് നമ്മുടെ നാടക,സിനിമാ അവബോധത്തെ വിപ്ലവകരമായി മാറ്റിയ പ്രമുഖൻ.


ദർശനം

1)ജീവിതം

ജീവിക്കാത്ത നമ്മളൊക്കെ ജീവിച്ചതായി വിചാരിക്കുന്നത് ഒരു വലിയ കാര്യമാണ്.

2)സത്യം

ഓരോ നിമിഷവും സ്വയം നുണ പറയുന്നതുകൊണ്ട് സത്യം ആകാശത്തിൽ നക്ഷത്രമായിത്തന്നെ നിൽക്കുന്നു.

3)കണിക്കൊന്ന

കവികൾ വീണ്ടും വീണ്ടും വിവരിച്ച് ഒരു ക്ളീഷേ ( ആവർത്തന വിരസത ) യാക്കുമെന്ന് പേടിയുള്ളതിനാൽ  കണിക്കൊന്ന പൂവിടാൻ വിവശയാണ്.

4)മതം

സ്നേഹിക്കാൻ കഴിയുമെങ്കിൽ ,അതിനെ വെല്ലുന്ന മതമൊന്നുമില്ല.

5)രോഗം

ഒരു രോഗിയെ അതിവിശിഷ്ട വ്യക്തിയായി കാണുന്നിടത്താണ് ഉത്തര- ഉത്തരാധുനികത.സൂപ്പർ സ്പെഷ്യാലിറ്റി എന്ന മഹാ അനുഭവം രോഗിയെ ജീവിതത്തിൽ ഒരു പടി ഉയർത്തുന്നു.


ആനുകാലികം

സ്വപ്നങ്ങൾ തന്നെയാണ് ജീവജലം. ജീവിതം നൽകിയ പരാജയങ്ങളെ സ്വപ്നം കൊണ്ട് നേരിടാം. അസ്തിത്വം മിഥ്യയാണെങ്കിൽ അത് സ്വപ്നത്തിലാണ് ഫലവത്താകുന്നത്. യമുന എഴുതിയ 'നിന്റെ വയലറ്റ് ' എന്ന കവിത ( എഴുത്ത് ) സ്വപ്നം കൊണ്ട് ജീവിതം പൂരിപ്പിക്കുകയാണ്.
"ലോകമെല്ലാം 
ഉറങ്ങിക്കിടക്കുമ്പോൾ ,
പാടത്തിനു നടുവിലായി
എന്നും നമ്മെ നോവിച്ചു നിന്ന
പൂക്കാത്ത ആ ഒറ്റമരച്ചില്ലയിൽ
മഴനൂലിൽ വന്നിറങ്ങണം.
ഇലകളെ തഴുകി 
പതിയേ 
താഴേക്കൂർന്നൊഴുകണം.
ഒറ്റക്കായിപ്പോയവർ
ഒന്നിച്ചപ്പോൾ
പൂക്കാലം വന്ന കഥ പറഞ്ഞ്
കൺനിറയെ ചിരിക്കണം."

വി.ടി.ജയദേവൻ പത്ത് കവിതകൾ ഒരുമിച്ച് തന്നെ മാതൃഭൂമി വാരികയിൽ പ്രസിദ്ധപ്പെടുത്തി ശക്തി തെളിയിച്ചിരിക്കുന്നു. 'അഭയാർത്ഥി ' എന്ന കവിത ഇങ്ങനെ:
"പ്രേമമെന്നായിരുന്നെന്റെ
രാജ്യത്തിൻ പേരാരാജ്യം
കടലിൽ മുങ്ങിപ്പോയി. 
പിന്നെ ഞാനേതു ദേശത്തും
കേവലം അഭയാർത്ഥി.
കവിതയായിരുന്നെൻ ഭാഷ.
ആ ഭാഷ മരണപ്പെട്ടു,
പിന്നെ ഞാനെന്നും മൂകൻ."

ഈ കവിത ഒരു വൈകാരിക ധൂർത്താണ്. പ്രേമരാജ്യത്തിലെ പ്രജയായിരുന്നു കവിയെന്ന് അറിയിക്കുന്നു. ഏതാണ് ആ രാജ്യം ?അവ്യക്തതയുണ്ട്. പെണ്ണിനോടുള്ള പ്രണയമാണോ?എങ്കിൽ അത് കള്ളമാണ്. വ്യക്തിപരമായ ലാഭനഷ്ടങ്ങളെക്കുറിച്ചോർത്തുകൊണ്ടല്ലാതെ അഭ്യസ്തവിദ്യർക്ക് പ്രേമിക്കാനാവില്ല. രമണനും ചന്ദ്രികയ്ക്കും പ്രേമിക്കാൻ കഴിയുമായിരിക്കും. പ്രേമം നഷ്ടപ്പെട്ടതുകൊണ്ട് താൻ അഭയാർത്ഥിയാണെന്നും തന്റെ ഭാഷ  കവിതയായിരുന്നെന്നും പറയുന്നത് മറ്റൊരു മഹാകള്ളം.കവി  പ്രേമവ്രതക്കാരനാണോ ? ലോകത്തിൽ  സ്നേഹിക്കാൻ വേറെ പലതുമുണ്ടല്ലോ. പിന്നെങ്ങനെ പ്രേമരാജ്യം നഷ്ടപ്പെടും? മറ്റൊരു കള്ളം കവിത എന്ന ഭാഷ നഷ്ടപ്പെട്ട തുകൊണ്ട് താൻ മൂകനായി എന്ന  അവസാനവരിയാണ്. കവിത നഷ്ടപ്പെടുന്നുണ്ടെങ്കിൽ, അതിനു കാരണം , അരുതാത്ത പ്രവൃത്തി ചെയ്യുന്നതുകൊണ്ടാണ്. ഈ കവിതയിൽ വികാരം കുത്തിയൊഴുകുകയാണ്. അതിഭാവുകത്വം വല്ലാതെ ചെടിപ്പുണ്ടാക്കും.

കഥ
ഉണ്ണികൃഷ്ണൻ പൂഴിക്കാടിന്റെ 'ഗുഹ്യം' (മലയാളം ) ഇന്നത്തെ കാലത്തിനു ചേർന്നതല്ല. കറുത്ത രോമം പൊതിഞ്ഞു സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമൊക്കെ എഴുതി വച്ചിരിക്കുന്നു .എന്തിനാണ് ഇത് പ്രസിദ്ധീകരിച്ചത് ?ആരോട് ചോദിക്കും ?

'എന്റെ കാരാഗൃഹചിന്തകൾ ' എന്ന കഥയെഴുതിയ അജയഘോഷ് (പ്രഭാതരശ്മി) രചനയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടില്ല. ഒരു വീട് കെട്ടുമ്പോഴാണെങ്കിലും കുളിമുറി പണിയുമ്പോഴാണെങ്കിലും അതിനു സാങ്കേതികവിദ്യ ആവശ്യമാണ്.ഇന്ന് ഒരു വലിയ കഥ പറയുകയല്ല വേണ്ടത്;കഥ എങ്ങനെ പറയാമെന്നതാണ് പ്രധാനം.അതായത് സ്റ്റോറിയേക്കാൾ പ്രാധാന്യം നരേറ്റീവിനാണ്.നരേറ്റീവ് എന്നാൽ പ്രതിപാദനം. ഒരു വസ്തുവിനെ, സംഭവത്തെ കഥാകാരൻ എല്ലാമറിയാവുന്നവൻ എന്ന ഭാവത്തിൽ നിന്നുകൊണ്ട് വിവരിക്കുകയല്ല വേണ്ടത്;തനിക്ക് അത്ര പിടിയില്ല എന്നു മനസ്സിലാക്കി കൊണ്ട് അതിനെക്കുറിച്ചെഴുതി ഒരു നരേറ്റീവ് ഉണ്ടാക്കണം. നരേറ്റീവ് ദൈവത്തിന്റെ ഭാഷണമല്ല, പരിമിതികളുള്ള മനുഷ്യന്റെ പരീക്ഷണമാണ്. മേതിൽ രാധാകൃഷ്ണന്റെ 'എങ്ങനെയൊരു പഴുതാരയെ കൊല്ലാം 'എന്ന കഥ ഇതിനു ഉദാഹരണമാണ്.ഗാർസിയ മാർകേസിന്റെ 'ദ് ഹാൻഡ്സൊമസ്റ്റ് ഡ്രൗൺഡ്മാൻ ഇൻ ദ് വേൾഡ്' എന്ന കഥയും നരേറ്റീവാണ്. കവിത പോലും നരേറ്റീവാണ്.

എഴുത്തുകാരൻ ദൈവമല്ല, ദൈവമായി അഭിനയിക്കുകയും വേണ്ട എന്നറിയുന്ന ഒരാൾക്ക് പിന്നെ അവശേഷിക്കുന്നത് പ്രതിപാദനമാണ്.

തസ്രാക്ക് പൈങ്കിളിയല്ല

ഒ.വി.വിജയൻ ഖസാക്ക് എന്ന ഗ്രാമം സൃഷ്ടിച്ചത് പാലക്കാട് ജില്ലയിലെ തസ്രാക്ക് എന്ന ഗ്രാമത്തിന്റെ തനിപ്പകർപ്പായാണ് എന്ന് കരുതുന്നവരുടെ സമീപനമാണ്  പൈങ്കിളി.കാരണം ഇക്കൂട്ടർക്ക് വിഖ്യാത എഴുത്തുകാരായ തോമസ് മൻ, ജയിംസ് ജോയ്സ്‌, വില്യം ഫോക്നർ എന്നിവർ തങ്ങളുടെ നോവലുകളിൽ സാങ്കല്പിക ഗ്രാമങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.
അമേരിക്കൻ എഴുത്തുകാരനായ ഫോക്നർ സൃഷ്ടിച്ച ഭാവനാത്മകമായ മിസ്സിസിപ്പി ഭൂഭാഗമാണ് 'യോക്നാപാടാഫ'. ഇത് അദ്ദേഹത്തിന്റെ അമ്പതോളം രചനകളിൽ കടന്നു വരുന്നുണ്ട്. അത് യഥാർത്ഥ മിസ്സിസിപ്പിയല്ല. വിജയന്റെ നോവലിൽ ചെതലിമല, കൂമൻകാവ്, ഞാറ്റുപുര, അറബിക്കുളം എന്നെല്ലാം എഴുതി വച്ചിരിക്കുന്നത് കണ്ടിട്ട് അത് യഥാർത്ഥ ഗ്രാമമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന് ഭയമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം ഭൂമിശാസ്ത്രപരമായി അതെല്ലാം തെറ്റിച്ച് അവതരിപ്പിച്ചത്. ഇത് എന്നോട് വിജയൻ എൺപതുകളിൽ തന്നെ പറഞ്ഞ കാര്യമാണ്. ഞാൻ 'അത്മായനങ്ങളുടെ ഖസാക്ക് ' എഴുതിയത് 1984 ലാണല്ലോ.  ഖസാക്കിനെ ജീവനുള്ള ഭൂപ്രദേശമായും സാങ്കല്പികമായും  ഞാൻ  മനസിലാക്കിയത് ശരിവച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.

എന്നാൽ പാലക്കാട്ടെ വിജയൻ  സ്മാരക സമിതി തന്നെ ഈ നോവലിനെ ഇപ്പോൾ പൈങ്കിളിയാക്കുകയാണ്. അവർ തസ്രാക്ക് എന്ന ഒറിജിനൽ ഗ്രാമമാണ് നോവലിലുള്ളത് എന്ന് പ്രചരിപ്പിക്കുന്നു .ഇത് അരസികവും സാഹിത്യവിരുദ്ധവുമാണ്. ഇത് സ്ഥാപിക്കാനായി അവർ  ഒരു യുവാവ് തസ്രാക്ക് ഗ്രാമത്തിൽ നിന്നെടുത്ത ഫോട്ടോകൾ അവിടെ പതിച്ചു വയ്ക്കുകയാണ്.ഈ ഫോട്ടോഗ്രാഫർ ഒരു കരിമ്പന കണ്ടാലുടനെ അത് ഫ്രെയിമിലാക്കും. എന്നിട്ട് നോവലിൽ നിന്ന്  പനയുമായി ബന്ധപ്പെട്ട ഒരു വാക്യം തിരഞ്ഞെടുത്ത് ഫോട്ടോയുടെ അടിക്കുറിപ്പ് പോലെ   എഴുതി വയ്ക്കും! ഇത് ജീർണതയാണ്. ഉന്നതമായ സാഹിത്യ സംസ്കാരത്തെ ഇത് തകർക്കുകയാണ്.ഇത് കാണുന്ന സ്കൂൾ കുട്ടികൾ തെറ്റായ ധാരണയിലാകും ചെന്നു വീഴുക .പാലക്കാട്ടെ കരിമ്പനകളെക്കുറിച്ച് എഴുതുകയോ ,സൗകര്യം പോലെ അതിൽ കയറുകയോ ചെയ്ത ഒരു വ്യക്തിയാണ് വിജയൻ എന്ന നിഗമനത്തിൽ അവർ എത്തിച്ചേരും.ഇതിനു വഴിയൊരുക്കിയതാരാണ് ?ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം നടത്തുകയാണ് വിജയൻ സ്മാരക സമിതി .വന്യജീവി ഫോട്ടോഗ്രാഫി മത്സരം നടത്താറുണ്ട്. പക്ഷേ, ഖസാക്ക് ഫോട്ടോഗ്രാഫി ?
വാസ്തവത്തിൽ അത് ഒരു നോവലാണെന്നെങ്കിലും നിങ്ങൾ കരുതുന്നുണ്ടോ?
സ്മാരക സമിതിയുടെ ഓഡിറ്റോറിയത്തിൽ പശ്ചാത്തലമായി വരച്ചു വച്ചിരിക്കുന്നത് ഒരു ചെത്തുകാരന്റെ ചിത്രമാണ്! വേറെ ഒരു പെയിന്റിംഗും കിട്ടിയില്ലേ? വിജയനും കള്ള് ചെത്തുമായി എന്താണ് ബന്ധം? നോവൽ എങ്ങനെ വായിക്കണമെന്ന് അറിയാത്തവർ ,അല്ലെങ്കിൽ തെറ്റായി വായിക്കുന്നവർ നോവൽ രചനാക്യാമ്പ് നടത്തിയിട്ട് എന്ത് കാര്യം? സഹൃദയത്വമാണ് പ്രധാനം. അന്ധമായ കുറെ പക്ഷപാതങ്ങൾ ഇതുപോലുള്ള അസംബന്ധങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയേയുള്ളു.

ഹിയർ ആൻഡ് നൗ
പോൾ ഓസ്റ്ററും കൂറ്റ്സെയും  കാഫ്കയുടെ ഭക്ഷണരീതിയെക്കുറിച്ച്

അമേരിക്കൻ എഴുത്തുകാരനായ   പോൾ ഓസ്റ്ററും ദക്ഷിണാഫ്രിക്കൻ  നോവലിസ്റ്റ്  ജെ.എം കൂറ്റ്സെയും തമ്മിൽ നടന്ന കത്തിടപാടുകളുടെ  ഒരു പുസ്തകം ഈയിടെ വായിച്ചു.
'ഹിയർ ആൻഡ് നൗ'  എന്നാണ്  പേര്.
2008 നും 2011നും ഇടയിലാണ് അവർ പരസ്പരം കത്തുകളയച്ചത്. അവരുടെ നിലവാരം അറിയാൻ ഇത് വായിച്ചാൽ മതി.
അവർ സാഹിത്യം, യാത്ര, പത്രപ്രവർത്തനം, ഭക്ഷണം , സംഗീതം, തത്വചിന്ത, രാഷ്ട്രീയം തുടങ്ങി എല്ല വിഷയങ്ങളെയും സമീപിക്കുന്നു.
ഭക്ഷണത്തെപ്പറ്റി  തുറന്ന്  ചിന്തിക്കുമ്പോൾ  , അവരുടെ  സർഗാത്മകമായ  ആധികളും  ബുദ്ധിപരമായ കടന്നു കയറ്റങ്ങളും   പൊന്തിവരുന്നതു കാണാം.

ഫ്രാൻസ് കാഫ്കയുടെ 'മെറ്റാമോർഫോസിസ്' ഓർക്കുമല്ലോ.
ഒരാൾ രാവിലെ ഉറക്കമുണർന്നപ്പോൾ  താൻ ഒരു ഷഡ്പദമായതായി മനസ്സിലാക്കുന്നു. അതോടെ അയാൾ ഒറ്റപ്പെടുന്നു. അതുവരെ ആശ്രയിച്ചിരുന്ന വീട്ടുകാർ പോലും ഉപേക്ഷിക്കുന്നു. അയാൾ ഒരു മുറിയിൽ തളയ്ക്കപ്പെടുന്നു;ഭക്ഷണം ഒറ്റയ്ക്ക് .

എന്നാൽ എന്തുകൊണ്ട് കാഫ്ക ഇ കഥ എഴുതി എന്ന ചോദ്യത്തിനു ഒരു ഉത്തരം , ഈ എഴുത്തുകാരുടെ സംഭാഷണത്തിൽ നിന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞു എന്ന കാര്യം ഞാൻ എഴുതുകയാണ്.അവർ ആ കഥയെപ്പറ്റി ഈ ചർച്ചയിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ കാഫ്കയുടെ ഭക്ഷണരീതിയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. അതിൽ നിന്ന് അദ്ദേഹത്തിന്റെ സ്വഭാവം അറിയാം.
അതായത്, കാഫ്കയ്ക്ക് പ്രത്യേകമായ, അപകടകരമായ ഭക്ഷണബന്ധമാണുണ്ടായിരുന്നത്.
കാഫ്ക ഒരു വെജിറ്റേറിയനായിരുന്നു.ഇത് അദ്ദേഹത്തിന്റെ കുടുംബം  ഉൾക്കൊണ്ടില്ല. ഒരു ജൂതനായ അദ്ദേഹം എന്തിനു മാംസം വർജിക്കണമെന്ന് മാതാപിതാക്കൾ ആലോചിച്ചു. അവർ ഇതിന്റെ പേരിൽ കാഫ്കയുമായി കലഹിക്കുമായിരുന്നു. ക്രമേണ കാഫ്കയുടെ ഭക്ഷണരീതി  രഹസ്യാത്മകമായിത്തീർന്നു. എല്ലാവരും കഴിച്ചശേഷം ഭക്ഷണം  ഉണ്ടാക്കി സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന് ഒറ്റയ്ക്ക്  സേവിക്കുകയായിരുന്നു പതിവ്.
ഇത് ഒരു ശീലമായിത്തീർന്നു.കാഫ്കയുടെ 'ഹംഗർ ആർട്ടിസ്റ്റ് 'എന്ന കഥയുടെ രഹസ്യം ഇതാണത്രേ. ഏതാണ്ട് ഒരു സന്യാസിക്ക് മാത്രം കഴിയുന്നരീതിയിൽ കാഫ്ക ഭക്ഷണത്തെ അഭിമുഖീകരിച്ചു.പലപ്പോഴും ഇത് സ്വയം നശിപ്പിക്കുന്നതും സ്വയം ശിക്ഷിക്കുന്നതുമായിരുന്നു.ഇതിന്റെ ഫലമായി കാഫ്ക കുടുംബത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടു.
എല്ലാവർക്കും ഭക്ഷണം ഒരുപോലെ  വികാരം ജനിപ്പിക്കുന്നില്ല. ചിലർക്ക് ആഹാരം അവനവനെത്തന്നെ  വേട്ടയാടുന്ന അനുഭവമാണ് തരുന്നത്. കാഫ്ക ഈ പീഡിതരുടെ കൂടെയായിരുന്നു.ഈ പ്രശ്നം ആളുകളെ തമ്മിൽ വിഭജിക്കുന്നതിനും കാരണമാകുന്നുണ്ട്.ഓസ്റ്ററുടെ അഭിപ്രായത്തിൽ ഇതു ദുർഗ്രഹമായ ഒരേടാണ്. ദരിദ്രരിൽ  ആരെങ്കിലും ഈ രീതിയിൽ, ഭക്ഷണത്തിനു മറ്റൊരു അർത്ഥം കൊടുക്കാൻ തയ്യാറുണ്ടോയെന്ന് അറിയില്ലെന്ന് പോൾ ഔസ്റ്റർ പറയുന്നു. 

-- 

No comments:

Post a Comment