Monday, December 28, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / അൽബേനിയൻ തന്ത്രികൾ /metrovartha 28,dec2020


 ദന്തെയുടെ 'ഡിവൈൻ കോമഡി 'യിൽ കൊടുങ്കാറ്റിനെ കണ്ട് ഭയപ്പെടുന്നവരെ നോക്കി പുരാതന റോമൻ കവി വിർജിൽ പറയുന്നുണ്ട്, അതൊരു  ചത്ത കൊടുങ്കാറ്റാണെന്ന് . ആത്മാവിൻ്റെ രക്ഷക്കായി അവർ അപ്പോൾ നരകത്തിലൂടെ യാത്രചെയ്യുകയായിരുന്നു. എന്നാൽ ഈ ചത്ത കൊടുങ്കാറ്റും  എഴുത്തുകാരനും തമ്മിൽ എന്താണ് ബന്ധം? പ്രമുഖ അൽബേനിയൻ കവിയും നോവലിസ്റ്റുമായ ഇസ്മയിൽ ഖാദറെ  കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയിലെ പ്രശസ്തമായ ന്യൂസ്താദ്  ഇൻ്റർനാഷണൽ പ്രൈസ് സ്വീകരിച്ചുകൊണ്ട് ചെയ്ത അഭിസംബോധനയിൽ തളർന്നും വീണും ദുഃഖിച്ചും  മുറിപ്പെട്ടും സ്വയം അതിജീവിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരെപ്പറ്റി പറയുന്നുണ്ട്. പീഡനത്തെയും  മരണത്തെയും  ചെറുത്തു നിന്നതിൻ്റെ ചരിത്രമാണ് സാഹിത്യത്തിനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.


ഒക്ലഹോമ  യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഈ ന്യൂസ്താദ് സമ്മാനം രണ്ടുവർഷത്തിലൊരിക്കലാണ് കൊടുക്കുന്നത്. ഇത് നോബൽ സമ്മാനത്തിനു തുല്യമായി പരിഗണിക്കപ്പെടുന്നു.ഒക്ലഹോമ യൂണിവേഴ്സിറ്റിയുടെ 'വേൾഡ് ലിറ്ററേച്ചർ ടുഡേ' എന്ന മാഗസിനിലാണ് ഇസ്മയിൽ ഖാദറെ അയച്ചുകൊടുത്ത ഈ  ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. " ഇതുപോലുള്ള കൊടുങ്കാറ്റിനെ ചത്ത കൊടുങ്കാറ്റായി കാണണമെങ്കിൽ അസാമാന്യ സാമർത്ഥ്യം വേണം. ഈ സാമർത്ഥ്യമുണ്ടെങ്കിലേ ഒരാൾക്ക് എഴുത്തുകാരനാകാൻ കഴിയൂ '' - ഖാദറെ പറയുന്നു.


അധികാരത്തോടും വ്യവസ്ഥയോടും എപ്പോഴും അകലം പാലിക്കേണ്ടവനാണ് എഴുത്തുകാരൻ എന്ന എക്കാലത്തെയും വലിയ ആദർശം അദ്ദേഹവും  പിന്തുടരുന്നു.ഇതിനെ വ്യക്തിപരമായി കാണാനാവില്ല.ധാരാളം പേർ സാഹിത്യരചനയിലേർപ്പെട്ടതിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്;കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ സുരക്ഷയും സ്വയംപര്യാപ്തതയും ചിലപ്പോൾ ജീർണതയായി മാറാം.  ഒരു വ്യവസ്ഥയുടെ നിർദ്ദയമായ സമീപനങ്ങളെ മുൻകൂട്ടി കാണാനാവണം. സാഹിത്യത്തിൻ്റെ പേരിൽ അപമാനിക്കപ്പെട്ടവരോട് എഴുത്തുകാരൻ ഐക്യദാർഢ്യം പ്രഖ്യാപിക്കണം . ലെനിൻ്റെ ലേഖനങ്ങളിലും സ്റ്റാലിൻ്റെ പീഡനമുറകളിലും മാവോയുടെ വെറുപ്പിലും കമ്പോഡിയൻ ഏകാധിപതിയായിരുന്ന പോൾപോട്ടിൻ്റെ ക്രൂരതകളിലും വെന്ത് നീറിയത് സാഹിത്യവും അതിൻ്റെ രചയിതാക്കളുമാണ്. സ്റ്റാലിൻ  സൃഷ്ടിച്ചത് തൻ്റെ ചെയ്തികളെ വാഴ്ത്തുന്ന ഒരു കൂട്ടം എഴുത്തുകാരെയാണ് .ഇവരാകട്ടെ യഥാർത്ഥ  സാഹിത്യം നശിക്കണമെന്ന്  ആഗ്രഹിച്ചവരാണ്. പോൾപോട്ട് വായനക്കാരെയും വധിച്ചു. കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ സാഹിത്യകാരന്മാരെ വേട്ടയാടുകയും കൃതികൾ നശിപ്പിക്കുകയും ചെയ്തത് ഖാദറെ ഓർമ്മിപ്പിക്കുന്നു. കമ്മ്യൂണിസവും സാഹിത്യവും തമ്മിൽ ഒരുമിച്ചു പോകില്ല - അദ്ദേഹം പറയുന്നു.


ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് 


ചുറ്റുപാടുകളിലെ മരണങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നത് എളുപ്പമല്ല. അതിനാണ് സഹനത്തിൻ്റെയും ചെറുത്തുനിലിൻ്റെയും ആവശ്യമുള്ളത് .എഴുത്തുകാരൻ്റെ  ജീവിതത്തെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ നോക്കിക്കാണുകയാണ് അദ്ദേഹം. മരണം എന്നത് കേവല മരണമാകണമെന്നില്ല. സാഹിത്യം എന്ന മാധ്യമത്തിൽ നിന്ന് പ്രതിലോമശക്തികൾ ,വ്യവസ്ഥാപിത അധീശശക്തികൾ ഒരാളെ തള്ളി മാറ്റുന്നതും മരണത്തിനു തുല്യമാണ്. ഉയർന്ന വാസ്തവികതയിലുള്ള വിശ്വാസമാണ് സാഹിത്യത്തിൻ്റെ അടിസ്ഥാനം. അതാണ് ഒരുവനെ കൂടുതൽ എഴുതാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നത്.  നമ്മൾ കാണുന്നതിനപ്പുറം നോക്കണം. ഇത്  സത്യത്തിനു വേണ്ടിയാണ് .സത്യം മനസ്സിൽ നിന്നാണ് വരേണ്ടത്.സാഹിത്യത്തിൻ്റെ കലാപത്തിനു എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്  ഇതിഹാസങ്ങളിലും ഗ്രീക്ക് ദുരന്ത നാടകങ്ങളിലും ദന്തെയുടെയും ഗൊയ്ഥെയുടെയും കൃതികളിലുമായി പരന്നു കിടക്കുന്നു. ഈ കലാപത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന്  ഒരോ  എഴുത്തുകാരനും സ്വയം ചോദിക്കണമെന്നാണ് ഖാദറെ ഉദ്ദേശിക്കുന്നത്‌. അപ്പോഴാണ് യാഥാർത്ഥ്യം ബോധ്യപ്പെടുകയുള്ളു.


തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയ അതിർത്തി പങ്കിടുന്നത് ഗ്രീസ് , നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളുമായാണ്.  ഔദ്യോഗികഭാഷ  അൽബേനിയൻ.

'ദ് ജനറൽ ഓഫ് ഡെഡ് ആർമി ' (1963) എന്ന നോവലിലൂടെയാണ് ഖാദറെ ഏറെ പ്രശസ്തി നേടിയത്. ഇത്  വിവിധ ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു ഇറ്റാലിയൻ ജനറൽ അൽബേനിയയിലേക്ക് വരുന്നതാണ് നോവലിൻ്റെ പ്രമേയം .ജനറൽ വന്നിരിക്കുന്നത് അവിടെ കൊലചെയ്യപ്പെട്ടു കിടക്കുന്ന ഇറ്റാലിയൻ പട്ടാളക്കാരുടെ ശവശരീരങ്ങൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാനാണ്. ഏകാധിപത്യത്തെ നേരിൽ കണ്ട ഖാദറെക്ക് അതിൻ്റെ ഭീകരത നന്നായറിയാം . ബ്രോക്കൺ ഏപ്രിൽ, ദ് പാലസ് ഓഫ് ഡ്രീംസ് , ക്രോണിക്കിൾ ഇൻ സ്റ്റോൺ ,ദ് ഫാൾ ഓഫ് സ്റ്റോൺ സിറ്റി തുടങ്ങിയ നോവലുകൾ എഴുതിയ ഖാദറെ  മികച്ച കവിയുമാണ് .


ഖാദറെ പക്ഷേ, രാഷ്ട്രീയ പക്ഷപാതിയായ എഴുത്തുകാരനല്ല. താനൊരു രാഷ്ട്രീയ എഴുത്തുകാരല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഓർമ്മകൾ മരിക്കുന്നില്ല. അതാണ് ഖാദറെയുടെ സാഹിത്യം അന്വേഷിക്കുന്നത്. ഓർമ്മകളുടെ പ്രത്യാഗമനം ഒരാൾ മുൻകൂട്ടി വിചാരിക്കുന്നപോലെയല്ല സംഭവിക്കുന്നത്. ഓർമ്മകൾ വെറുതെ എഴുതാനുള്ളതല്ല. അത് പര്യവേക്ഷണം ചെയ്യണം. അടുത്തു ചെല്ലുംതോറും  മാരീചനെപ്പോലെ തെന്നിമാറുന്ന ഓർമ്മകൾ കൈപ്പിടിയിലാകുന്നതോടെ ജീവിതത്തിൻ്റെ ഭൂമിശാസ്ത്രം മാറുന്നു. 


സാഹിത്യപൗരോഹിത്യം


ഒരു സാഹിതീയ സംസ്കാരത്തിൻ്റെ സ്പന്ദിക്കുന്ന ജീവിതത്തിനു വേണ്ടി വെയിലത്തു നില്ക്കുന്ന അനേകം എഴുത്തുകാരുണ്ട്. എന്നാൽ പിന്തുടർച്ചാവകാശത്തിൻ്റെ ചില വിദ്യകളിലൂടെ ഏതാനും പേർ സാഹിത്യ രംഗത്ത് പൗരോഹിത്യം നേടുന്നു.അവർ പിന്നീട് എല്ലാ വ്യവസ്ഥാപിതത്വങ്ങളുടെയും വിഗ്രഹമൂർത്തികളായി രൂപാന്തരപ്പെടുന്നു.മഹാസംസ്കൃത പണ്ഡിതനും തത്ത്വചിന്തകനും സാഹിത്യചരിത്രകാരനുമായ കൃഷ്ണചൈതന്യ(1918-1994) മരിക്കുന്നതിനു മുൻപ്  'ഹിന്ദു'വിൽ ഒരു ലേഖനമെഴുതി.അതിൽ ,അദ്ദേഹം വിദ്യാസമ്പന്നരും ആദർശശാലികളും ബുദ്ധിമതികളുമായ ചിലർ എങ്ങനെ അധർമ്മത്തിൻ്റെയും അനീതിയുടെയും നടത്തിപ്പുകാരാകുന്നതെന്ന് ഭഗവത്ഗീത ഉദ്ധരിച്ചുകൊണ്ട് സമർത്ഥിക്കുന്നുണ്ട്‌. ഭീഷ്മരെയും മറ്റും ചൂണ്ടിക്കാട്ടി മഹാപണ്ഡിതനായ ഒരു വ്യക്തി എങ്ങനെ അധർമ്മത്തെ പിന്തുണക്കുന്നുവെന്ന് കൃഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ. ഭീഷ്മർക്ക് നീതിശാസ്ത്രങ്ങളെല്ലാമറിയാം. പക്ഷേ ,അദ്ദേഹം നീതിയും ധർമ്മവുമില്ലാത്ത ദുര്യോധന ,ദൃശ്ശാസനാതികളുടെ ഹസ്തിനപുരത്തെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തിരിക്കയാണ്. യുദ്ധഭൂമിയിൽ വച്ച് ,ഭീഷ്മരുടെ മരണത്തിനു മുമ്പ് മാത്രമാണ് ഈ അസംബന്ധം അദ്ദേഹത്തിനു  ബോധ്യപ്പെടുന്നത്;കൃഷ്ണൻ പറഞ്ഞു കൊടുത്തപ്പോൾ. ആദർശത്തിൻ്റെ ആൾരൂപമായി നിന്നുകൊണ്ട് അധർമ്മം പ്രവർത്തിക്കുന്ന സാഹിത്യ പുരോഹിതന്മാർ ഇന്നുമുണ്ട്. അവരുടെ ഹീനപ്രവൃത്തികൾ ആത്മാർത്ഥതയോടെ ഈ രംഗത്ത് തുടരുന്ന ധാരാളം എഴുത്തുകാരുടെ മനസ്സിൽ നിത്യേനയെന്നോണം തീ കോരിയിടുകയാണ്.


അമേരിക്കൻ പെൺകവി മുരിയേൽ റുകീസർ (1913-1980 )വലിയ സ്വാധീനശക്തിയായിരുന്നു; ആക്ടിവിസ്റ്റും വിമോചകയുമായിരുന്നു. അവർ ലിംഗരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു. അവരുടെ സ്വന്തം കവിതകളിൽ ഓർമ്മകൾ വന്നുനിറയുന്നതിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: " എൻ്റെ  ജീവിതത്തിലെ  എല്ലാ കവിതകളും എഴുതിയിട്ടില്ല. അത് കരയുന്നത് കേൾക്കാം; മുറിവുകളായും യുവത്വമായും ജനിക്കാത്ത കുഞ്ഞായും " . ഓരോരുത്തരുടെ  ചുറ്റിനും  അജ്ഞാതരസനകളാൽ  ഉച്ചരിക്കപ്പെട്ട വാക്കുകൾ കവിതകളായി വന്നു നിലവിളിക്കുന്നു. അത് പിടിച്ചെടുക്കാനുള്ള സൂക്ഷ്മബോധം വേണം. അർത്ഥങ്ങളെ നിർമ്മിക്കാനും കൂട്ടിയോജിപ്പിക്കാനുമാകണം" .


തൻ്റെ  രാജ്യത്തെക്കുറിച്ചുള്ള ആന്തരികമായ ത്വരകൾ 'എന്താണ് പർവ്വതങ്ങൾ  ചിന്തിച്ചുകൊണ്ടിരിക്കുന്നത് ?'എന്ന  കവിതയിൽ ഇസ്മയിൽ ഖാദറെ ഇങ്ങനെ രേഖപ്പെടുത്തുന്നു:


" നൂറുകണക്കിന് മൈലുകൾ ദൈർഘ്യമുളള തന്ത്രികൾ 

വേണം,

ലക്ഷക്കണക്കിന് വിരലുകളും - അൽബേനിയയുടെ ആത്മാവിനെ ആവിഷ്കരിക്കാൻ " .


വാക്കുകൾ


1)ഞാനവളെ സ്നേഹിച്ചു; അതാണ്  എല്ലാറ്റിൻ്റെയും തുടക്കവും ഒടുക്കവും.

എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്,

(അമെരിക്കൻ നോവലിസ്റ്റ് )


2)ഏതൊരു സൃഷ്ടിപ്രക്രിയയും പ്രാഥമികമായി ഒരു നശീകരണ പ്രവർത്തനമാണ്.

പാബ്ളോ പിക്കാസ്സോ,

(സ്പാനീഷ് ചിത്രകാരൻ )


3)ഒരു യാത്രികൻ വലിയൊരു നഗരത്തിൽ ആദ്യമേ കണ്ടെത്തുന്നത് രണ്ടു കാര്യങ്ങളാണ്: മനുഷ്യൻ്റെ  വാസ്തുശില്പവും രോഷാകുലമായ താളവും .അതായത് ,ജ്യാമിതിയും തീവ്രദു:ഖവും.

ഗാർസിയ ലോർക്ക ,

(സ്പാനീഷ് കവി)


4)കൂടുതൽ സ്നേഹിക്കുന്നവൻ  താഴ്ന്നവനും ഏറ്റവും കൂടുതൽ സഹിക്കുന്നവനുമായിരിക്കും. 

തോമസ് മൻ ,

(ജർമ്മൻ എഴുത്തുകാരൻ )


5)ഒരു കാര്യത്തിലും ഇടപെടാത്തവർ, സ്വന്തം കാലിലെ ചങ്ങലകളെക്കുറിച്ച് അറിവില്ലാത്തവരാണ്.

റോസാ ലക്സംബർഗ് ,

(പോളിഷ് തത്ത്വചിന്തക)


കാലമുദ്രകൾ


 1 ) സാബു ജേക്കബ്


കിഴക്കമ്പലം ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിൽ വോട്ടെടുപ്പിലൂടെ വിജയിച്ച സാബു ജേക്കബിൻ്റെ ട്വൊൻ്റി ട്വൊൻ്റിയുടെ പ്രവർത്തനങ്ങൾ , ജനാധിപത്യത്തിൽ ജനങ്ങൾക്ക് കിട്ടേണ്ടതായ അവകാശങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനമാണ്. ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കാൻ ഇന്ത്യയിലെ ഏതൊരു പഞ്ചായത്ത് പൗരനും അർഹതയുണ്ട് ;  പ്രത്യയശാസ്ത്രങ്ങളുടെയും പാർട്ടികളുടെയും മേഖലകൾക്ക് പുറത്ത്.


2)വിനു വി.ജോൺ


അധികാരത്തോട് മുഖംനോക്കാതെ പ്രതികരിക്കുന്ന മാധ്യമപ്രവർത്തകൻ വിനു വി. ജോണിൻ്റെ വാർത്താവതരണവും ബുദ്ധിപരമായ ഇടപെടലും ക്ഷോഭവും ഓർമ്മശക്തിയും ചടുലതയും യുവത്വത്തിൻ്റെ മാധ്യമസന്ദേശങ്ങളായി  കാണണം.


3) ഡോക്ടർ ബിജു 


നിരന്തരമായി  പ്രതിഷേധിച്ച് , പ്രതിരോധത്തിലൂടെ കലഹിച്ച് രാജ്യാന്തര ചലച്ചിത്ര വേദികളിലെത്തിയിട്ടും ഡോ.ബിജുവിനു വേണ്ടി കവർസ്റ്റോറിയൊരുക്കാൻ മുഖ്യധാരാമാധ്യമങ്ങൾ തയ്യാറായില്ല . നിശ്ശബ്ദതയുടെ സംഗീതം പോലെ , അതുല്യമായ ഏകാന്തതയിൽ ബിജു വീണ്ടും സഞ്ചരിക്കുന്നു. 


4)സുഗതകുമാരി 


സുഗതകുമാരിയിൽ  സത്യസാക്ഷിയായ, ശുദ്ധമായ, പ്രകൃതിയുടെ ആത്മാവായ ,വസ്തുരഹസ്യമായ കാവ്യാനുഭൂതി ഉണ്ടായിരുന്നു.അത് ഊഷരമായ ,വികാരരഹിതമായ മലയാളഗദ്യത്തിൻ്റെ തനിയാവർത്തനങ്ങൾക്കിടയിൽ കവിതയുടെ ഒരു  തുലാവർഷപ്പച്ച തന്നു.

5) ഷൈജു ഖാലിദ്


മലയാളത്തിൻ്റെ നവതരംഗ സിനിമയുടെ ദൃശ്യമനോഹാരിത ഒരുക്കിയത് ഷൈജു ഖാലിദിൻ്റെ ക്യാമറയാണ് .ഒരു നല്ല ക്യാമറാമാൻ വരുന്നതോടെ ചലച്ചിത്രഭാഷ തന്നെ മാറുന്നു. ഈ.മ.യൗ, അഞ്ചാം പാതിര ,കുമ്പളങ്ങി നൈറ്റ്സ് ,മഹേഷിൻ്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകൾ ഉദാഹരണം.


6)സാറാ ഹുസൈൻ


ഫോർട്ടുകൊച്ചിയിലെ സാറാ ഹുസൈൻ ആർട്ട് ഗ്യാലറി പ്രശസ്തമാണ്. ആധുനികതയുടെയും മറ്റു പ്രവണതകളുടെയും പ്രകടഭാവങ്ങൾ ഒഴിവാക്കി സാറാ വരച്ച  ലാൻഡ്സ്കേപ്പ് പെയിൻ്റിംഗുകൾ ഇപ്പോൾ ശരിക്കും കേരളത്തെ പ്രതിനിധീകരിക്കുന്നു.


കാളൻ്റെ കഥ ,ചരിത്രവും


 ആദിവാസി നേതാവും നാടൻ കലാകാരനും ജനപ്രതിനിധിയുമായിരുന്ന പി.കെ. കാളനെക്കുറിച്ച് ഡോ.അസീസ് തരുവണ എഴുതിയ ലേഖനം ( പി.കെ.കാളനും ആദിവാസി നവോത്ഥാനവും, ഗ്രന്ഥാലോകം , നവംബർ ) ശ്രദ്ധേയമായി.കാള നെക്കുറിച്ച് എഴുതുന്നതിലൂടെ ഒരു പുതിയ ചരിത്രം നിർമ്മിക്കുകയാണ്. തൻ്റെ കാലത്തെ ഏറ്റവും നല്ല പ്രഭാഷകൻ കാളൻ ആണെന്ന് എം.എൻ .വിജയൻ ഒരിക്കൽ എന്നോട് പറഞ്ഞത് ഓർത്തുപോയി.ലേഖനത്തിൽ കാളൻ തൻ്റെ കാലബോധത്തെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നുണ്ട്: "വയനാട്ടിലെ ആദിവാസി  സമയമറിഞ്ഞത് ടൈം പീസും വാച്ചും വെച്ചല്ല. ഞങ്ങളുടെ വയറു കരഞ്ഞാ ഉച്ചയായി. കാക്ക കരഞ്ഞാ വൈകുന്നേരം .പിന്നെ കാക്ക കരഞ്ഞാ ....നേരം വെളുക്കും" .കർഷകസംഘം രൂപീകരിച്ചതോടെയാണ് കാളൻ്റെ സമൂഹത്തിന് മാറ്റമുണ്ടായതെന്ന്  ലേഖകൻ എഴുതുന്നു.സമകാലകഥകൾ എവിടെ ?


ഇരവി എഴുതിയ 'സരോജാ ടാക്കീസിൽ നീലക്കുയിൽ' എന്ന കഥ (കലാകൗമുദി ,ഒക്ടോബർ 18) സത്യനും മിസ് കുമാരിയും അഭിനയിച്ച 'നീലക്കുയിൽ' പുറത്തിറങ്ങിയ കാലത്തെ ഗ്രാമീണ പ്രണയത്തിൻ്റെയും വിപ്ളവത്തിൻ്റെയും കുതൂഹലങ്ങൾ ഉണർത്തി വിട്ടു.ജന്മിയായ ഒരു ചെറുപ്പക്കാരൻ പ്രണയിച്ച് വിവാഹം കഴിക്കാനാഗ്രഹിച്ചിട്ടും പാവപ്പെട്ട ചിത്തിര എന്ന യുവതി, ജനതയുടെ സ്വപ്നസാക്ഷാത്കാരം പോലെ മുഖ്യമന്ത്രിയായ ഇ എം.എസിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതാണ് കഥാകൃത്ത് പറയുന്നത്. ഒരു ഗ്രാമീണ യുവതിയുടെ മനസ്സിൻ്റെ സത്യത്തോടുള്ള അർപ്പണം അത്രത്തോളമായിരുന്നു.


 ഷാജഹാൻ കാളിയത്തിൻ്റെ  'ഫാത്തിമയും ചൗഷസ്ക്യൂവും' ( പ്രസാധകൻ, ഡിസംബർ )  തുടക്കം മുതൽ രസത്തോടെ വായിച്ചെങ്കിലും രസാനുഭൂതി എവിടെയോ മുറിഞ്ഞു. എസ്തപ്പാനോസും സ്റ്റാലിനും നല്ല കോമ്പിനേഷനായിരുന്നു. പക്ഷേ, കഥ ആഖ്യാനത്തിൻ്റെ തലത്തിലും കലയുടെ തലത്തിലും വിജയിച്ചില്ല.


നല്ല കഥകൾ എഴുതിയിട്ടുള്ള ടി.കെ. ശങ്കരനാരായണൻ്റെ  'മാധവൻ നായർ എങ്ങോട്ടാണ് പോകുന്നത്?' (എഴുത്ത്, നവംബർ ) നിരാശപ്പെടുത്തി. കഥാകൃത്തിനു തന്നെ എത്തും പിടിയും കിട്ടാത്ത വിഷയമാണിത്.കുടുംബനാഥനായ മാധവൻ നായർ മൂന്നു നേരവും കൃത്യ സമയത്ത് പുറത്തു പോകുന്നതാണ് സമസ്യ. എന്നാൽ കഥാകാരനെ പോലെ  വായനക്കാർക്കും അതറിയില്ല.


'എരണ്ടകെട്ട്'എന്ന കഥ എഴുതിയ കെ. ലാലിനു ( ഭാഷാപോഷിണി, ഡിസംബർ)ഭാഷയില്ല .സ്കൂൾ കോമ്പസിഷൻ നിലവാരമാണ്. ഈ ഭാഷകൊണ്ട് ജീവിതത്തിൻ്റെ രഹസ്യങ്ങളിലേക്ക് ജാലകം തുറക്കാനാവില്ല. വിരസമാണിത്.


Aksharajalakam link


Wednesday, December 23, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഒരു റഷ്യൻ സൗന്ദര്യസമസ്യ/metrovartha, Dec 21


"ചില പെൺകുട്ടികളോട് പ്രണയം തോന്നിയപ്പോഴാണ് എൻ്റെ ഭാഷയുടെ പരിമിതി ബോധ്യമായത്. പറയാൻ വാക്കുകളില്ല. മനസ്സിൽ തോന്നിയത് പ്രകടിപ്പിക്കാൻ പറ്റിയ വാക്കുകളില്ല" . സമകാല റഷ്യയിലെ പ്രമുഖ എഴുത്തുകാരനായ മിഖായേൽ ഷിഷ്കിൻ പറഞ്ഞതാണിത് .വൺ നൈറ്റ്  ബീഫാൾസ് അസ് ആൾ ,ദ് ടേക്കിംഗ് ഓഫ് ഇസ്മയിൽ ,ലെറ്റർ ബുക്ക് ,ദ് ലൈറ്റ് ആൻഡ് ദ്  ഡാർക്ക്  ,മെയ്ഡൻഹെർ തുടങ്ങിയ നോവലുകളിലൂടെ ഇന്നത്തെ റഷ്യൻ സാഹിത്യത്തിൽ  പ്രധാനിയായിരിക്കുകയാണ് ഷിഷ്കിൻ. റഷ്യനു പുറമേ ഇംഗ്ലീഷ് ,ജർമ്മൻ ഭാഷകളും വശമുള്ള അദ്ദേഹം ഇപ്പോൾ സ്വിറ്റ്സർലണ്ടിലാണ് താമസം. റഷ്യയിലെ പരമോന്നതമായ 'റഷ്യൻ ബുക്കർപ്രൈസ് ' ഷിഷ്കിനാണ് ലഭിച്ചത്. 


ദീർഘകാലമായി റഷ്യക്ക് പുറത്ത് താമസിക്കുന്ന ഷിഷ്കിൻ്റെ പേര് ഞാൻ മനസ്സിലാക്കിയത് പ്രമുഖ റഷ്യൻ സാഹിത്യവിമർശകനായ ഇല്യാ  കുകൂലിൻ എഴുതിയ ലേഖനത്തിൽ നിന്നാണ്. ഇന്നത്തെ എഴുത്തുകാരിൽ പ്രധാനിയാണ് ഷിഷ്കിനെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.വ്ളാഡിമിർ സോറോകിൻ ,യൂറി ദാവീദോവ് ,സഖർ പ്രിലിപിൻ, ഒലെഗ് യൂറിവ്  തുടങ്ങിയവരാണ് ഇന്നത്തെ പ്രധാന റഷ്യൻ എഴുത്തുകാർ.


ഭാഷാപരമായ പ്രതിസന്ധിയാണ് തൻ്റെ സാഹിത്യരചനകളിലെ പ്രധാന ഉള്ളടക്കമെന്ന് അദ്ദേഹം പറയുന്നു.

" ഭാഷ നേരത്തെ മരിച്ചു. എഴുത്തുകാരൻ അതിനെ വീണ്ടും ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാഷ എന്നും എപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അത് നിർമ്മിക്കുന്നവനാണ് എഴുത്തുകാരൻ .അവനാണ്  വാക്കുകൾക്ക് ഒന്നും പറയാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നത്. വർഷങ്ങൾക്കുമുമ്പുതന്നെ വാക്കുകൾ ഉപയോഗിച്ചു നശിപ്പിച്ചതാണ് " -അദ്ദേഹം വിശദീകരിക്കുന്നു.


 നമ്മൾ ഉള്ളിൽ സംഭരിക്കുന്ന വികാരങ്ങൾ, അജ്ഞേയമായ ആധികളുമായി നമ്മെ സ്പർശിച്ചു കടന്നുപോകുന്ന സന്ദേശങ്ങൾ വാക്കുകളിൽ ആവിഷ്കരിക്കുമ്പോൾ അത് പരാജയപ്പെടുന്നത് സ്വാഭാവികമാണ്. അങ്ങനെ മിക്ക കവിതകളും പരാജയപ്പെടുകയാണ്; നനഞ്ഞ ചിറകുള്ള പക്ഷി പറക്കാൻ പ്രയാസപ്പെടുന്നതു പോലെ.


 യഥാർത്ഥവും പ്രധാനവുമായതെല്ലാം വാക്കുകൾക്കപ്പുറമായിരുന്നന്നെന്ന് ഷിഷ്കിൻ ആറിയിക്കുന്നു. "വാക്കുകളെ ഒരെണ്ണത്തിനെ വിശ്വസിക്കരുത് .വാക്കുകളുടെ നിരർത്ഥകതയെപ്പറ്റി അറിഞ്ഞുകൊണ്ടാണ് ഒരാൾ എഴുതേണ്ടത് .പുറത്തുള്ള അനുഭവങ്ങളെ അവതരിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ലെന്ന്  അറിഞ്ഞുകൊണ്ട് എഴുതുക. അതേസമയം യഥാർത്ഥമായ കാര്യങ്ങൾക്ക്  വാക്കുകളുടെ ആവശ്യമില്ല " -അദേഹം ചൂണ്ടിക്കാട്ടുന്നു.


ഭാഷയ്ക്ക് വേണ്ടി പോരാടണം


എല്ലാ വാക്കുകളും മരിച്ചതും മാംസം ജീർണിച്ചതുമാണെന്ന് പറയുന്ന ഷിഷ്കിൻ ഉദ്ദേശിക്കുന്നതെന്താണ്? ചിരപരിചിതമായ ചിന്തകളും ഭാവനകളും നമ്മൾ വീണ്ടും എഴുതേണ്ടതില്ലെന്നാണ് ഇത് അർത്ഥമാക്കുന്നത്. അഴുക്കുപുരണ്ട പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നതുപോലെ മനംപുരട്ടലുണ്ടാക്കുന്ന കാര്യമാണത്. വാക്കുകളിൽ അർത്ഥമുണ്ടല്ലോ. എന്നാൽ ആ അർത്ഥത്തെ നമ്മുടേതാക്കണം. നമ്മൾ അനുഭവിച്ചത് പ്രകാശിപ്പിക്കാൻ പാകത്തിൽ വാക്കുകളെ സംയോജിപ്പിക്കണം. അതിൻ്റെ ടോൺ ഗ്രഹിക്കണം. സംഗീതം പ്രധാനമാണ്. അർത്ഥം പോലെ തന്നെ അനിവാര്യമാണ് വാക്കുകൾ കൂടിച്ചേർന്ന് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സംഗീതാത്മകത. അത്  വാക്കുകൾക്കതീതമാണ് .മറ്റുള്ളവർ ഉപയോഗിച്ച്, അർത്ഥത്തെക്കുറിച്ച് മുൻവിധിയുണ്ടാക്കിവച്ചിരിക്കുന്ന ഭാഷ തൻ്റേതല്ല എന്നറിഞ്ഞുകൊണ്ട് എഴുതണം .അതുകൊണ്ടാണ്  സ്വന്തം ഭാഷ നേരത്തേ  മരിച്ചതാണെണ്  അറിഞ്ഞുകൊണ്ടാണ് എഴുതേണ്ടതെന്ന് അദ്ദേഹം പറയുന്നത്. ചത്ത ഭാഷയെ  ജീവൻവയ്പിച്ചു കൂടുതൽ കരുത്തോടെ വളർത്തിയെടുക്കണം. ഇതിനായി ഒരു വർഷമല്ല, ജീവിതകാലമത്രയും പോരാടണമെന്നാണ്  അദ്ദേഹം പറയുന്നത്. "നിങ്ങളുടെ ജീവിതകാലമത്രയും, ഏകാന്തതയിൽ, ഭാഷയ്ക്കു വേണ്ടി പോരാടണം".


എഴുത്തുകാരൻ തേടുന്നത് കലയാണ് ,സൗന്ദര്യമാണ്. അദ്ദേഹത്തിൻ്റെ  വാക്കുകളിൽ പറയാം: " യഥാർത്ഥ്യത്തിൻ്റെ  ഭീകരതയെ കലാസൗന്ദര്യമാക്കിമാറ്റണം . ക്രിസ്തു കുരിശിൽ കിടന്ന് അനുഭവിച്ച പീഡനങ്ങൾ സൗന്ദര്യാത്മകമായി  പരാവർത്തനം ചെയ്യണം".

ബഷീറിൻ്റെ 'മാന്ത്രികപ്പൂച്ച' യെ ഓർത്തുപോയി. ബഷീർ വരയ്ക്കുന്നത് തൻ്റെ തൊട്ടടുത്തുള്ള കാര്യങ്ങളാണെന്ന് തോന്നുമെങ്കിലും അതങ്ങനെയല്ല .ഒരു പൂച്ചയുടെ വിശേഷമാണ് പറയുന്നത്. എന്നാൽ  ആ പൂച്ചയ്ക്ക് ഒരു മിസ്റ്റിക് ഭാവമുണ്ട്. ബഷീർ എഴുതുന്നു : "പൊന്നുമാമരങ്ങളെ ,ആ വാൽ  ഏദൻതോട്ടത്തിൽ വളരെക്കാലം കിടന്നു .സിംഹം ,കരടി ,മലമ്പാമ്പ്, ചീങ്കണ്ണി മുതലായവർ മണപ്പിച്ചുനോക്കി. അതു വിഴുങ്ങാൻ  ആർക്കും ധൈര്യം തോന്നിയില്ല. അതങ്ങനെ കിടന്നു. ഈ വാലെന്തു  ചെയ്യും.?  ദൈവം അതെടുത്ത് ശുദ്ധജലത്തിൽ കഴുകി .എന്നിട്ട് കടലിലിലെ ഉപ്പുവെള്ളത്തിൽ മുക്കി. അതിനുശേഷം സംഗീതത്തിൽ മുക്കി. പിന്നെ തേനിൽ .അതിനുശേഷം പാഷാണം തളിച്ചു. പിന്നെ നല്ല ഒന്നാംനമ്പർ അത്തറിൽ കുതിർത്ത് ഉണക്കി. എന്നിട്ട് ദൈവം ആ വാലിനെ  സുന്ദരിയായ ഒരു സ്ത്രീയാക്കി മാറ്റി.  ആദ്യത്തെ സൗഭാഗ്യവതി! " ഇവിടെ ബഷീർ ഉപയോഗിച്ച വാക്കുകൾ നേരത്തെ ഉണ്ടായിരുന്നു .എന്നാൽ ആ വാക്കുകളുടെ അർത്ഥമല്ല ബഷീറിൻ്റെ ടോൺ. അത് നിഗൂഢതയുടെ നേർക്കുള്ള നിസ്സഹായമായ ചിരിയും സൗന്ദര്യാത്മകമായ പ്രലോഭനവുമാണ്.വായിച്ചു കഴിയുമ്പോൾ അർത്ഥത്തെ കടന്ന് ആ ടോൺ മാത്രമാണ് ശേഷിക്കുന്നത്. വാക്കുകൾ വീണ്ടും മുളച്ചു പൊന്തിയിരിക്കുന്നു.


സന്ദേഹം


റഷ്യൻ സംവിധായകനായ തർക്കോവ്സ്കിയുടെ  ആരാധകനാണ് ഷിസ്കിൻ.ഭീകരമായ കാഴ്ചാനുഭവത്തെ സൗന്ദര്യമാക്കുകയാണ് തർക്കോവ്സ്കി  ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ മിറർ ,സൊളാരിസ് തുടങ്ങിയ  സിനിമകൾ ഇത് ഉദാഹരിക്കുന്നു.തർക്കോവ്സ്കി  ഇങ്ങനെ എഴുതി :" ഒരാൾ എഴുതുന്നു ,എന്തുകൊണ്ടെന്നാൽ അയാളുടെ മനസ്സു വ്രണിതമാണ്. കാരണം അയാൾ സന്ദേഹിയാണ്. അവനു സ്വയം ആരാണെന്ന്  തന്നെത്തന്നെയും  മറ്റുള്ളവരെയും  ബോധ്യപ്പെടുത്തേണ്ടതുണ്ട് " .


നമ്മുടെ ഭാഷയിൽ എഴുത്തുകാർക്ക് ഈ സന്ദേഹത്തിൻ്റെ ഗുണം നഷ്ടപ്പെട്ടിരിക്കുകയാണ് . ടി .ആറിൻ്റെ 'പുതിയ ക്രമം ' എന്ന കഥ ഒരു സന്ദേഹത്തിൻ്റെ ഫലമാണ്. ഓരോ വാക്കിനെയും സംശയിക്കുന്നത് നല്ല ഗുണമാണ്. സംശയമില്ലാതെ എഴുതുന്നത് ഒരു മാന്ദ്യമാണ് .


അസ്തിത്വരഹസ്യം


അർജൻറയിൻ പെൺകവി അൽഫോൻസിന സ്റ്റോർനി എഴുതിയ 'മധുരിക്കുന്നപീഡനം ' എന്ന കവിത ആമിലക്ഷ്മി (ഇതൾ, ഡിസംബർ ) പരിഭാഷപ്പെടുത്തി. ചില വരികൾ:

മുറുക്കിപ്പിടിച്ച

നിൻ്റെ കൈകൾക്കുള്ളിൽ 

എൻ്റെ മാധുര്യം 

അവശേഷിപ്പിച്ചപ്പോൾ 

പെർഫ്യൂമൊഴിഞ്ഞ 

കുപ്പിയെപ്പോലെയായി ഞാൻ 

എൻ്റെ ആത്മാവ് 

കഠിനദു:ഖവുമായി

മല്ലിട്ടപ്പോൾ 

മധുരിക്കുന്നയെത്ര പീഡനം 

ഞാൻ മൗനമായി സഹിച്ചു " .


മുരളി .ആർ പരിഭാഷപ്പെടുത്തിയ, അഫ്ഗാനിസ്ഥാൻ കവി പാർത്തോ  നടേരിയുടെ 'സൗന്ദര്യം' (മൈഇംപ്രസിയോ ഡോട്ട് കോം ) എന്ന കവിതയിലെ ചില വരികൾ : 


 "അരുവിയുടെ ഗാനങ്ങളിൽ നിന്ന് കാച്ചിയെടുത്തൊരു പാദസരം അണിയുന്ന ,

മന്ത്രിക്കുന്ന മഴയിൽനിന്ന് നൂറ്റ

കമ്മൽ അണിയുന്ന,

വെള്ളച്ചാട്ടത്തിൻ്റെ പട്ടിൽ നിന്ന് 

നെയ്തെടുത്ത നെക്ലസ് അണിയുന്ന, അകലെയകലെയുള്ള 

ഹരിതഗ്രാമത്തിലെ 

ഒരു പെൺകുട്ടിയുടെ പോലെയാണ് നിൻ്റെ ശബ്ദം " .

ഈ കവിതകളിൽ കാണുന്നതെന്താണ്? ഒരു മനുഷ്യവ്യക്തി അവൻ്റ അനുഭവത്തെ വിവരിക്കാനുള്ള ഭാഷ നിർമ്മിച്ചെടുക്കുകയാണ് .മുൻപ് ഉപയോഗിക്കാത്തതാണത് . അതിൽ  അസ്തിത്വത്തിൻ്റെ രഹസ്യങ്ങളുണ്ട്.


വക്രബുദ്ധി 


'ഇത്രകാലം കേട്ടതല്ല നവോത്ഥാനത്തിൻ്റെ പ്രാരംഭം' എന്ന പേരിൽ ടി. ടി. ശ്രീകുമാർ എഴുതിയ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 5) ദുഷ്ടലാക്കോടെയുള്ളതാണ്. ടി.ടി.ശ്രീകുമാറിൻ്റെ പല  വക്രലേഖനങ്ങളും ഇതിനുമുമ്പ് വായിച്ചിട്ടുള്ളതുകൊണ്ട് പറയുകയാണ്, ആ പേനയിൽ നിന്ന് ഒഴുകിവരുന്ന വിഷം ആർക്കുവേണ്ടിയാണ്, എന്തിനു വേണ്ടിയാണ് എന്ന് കൃത്യമായ നിശ്ചയമുണ്ട്. 

ദളിത് പരാമർശമുള്ള ചില പ്രാചീന കൃതികൾ ചൂണ്ടിക്കാണിച്ചിട്ട് ഈ ലേഖകൻ പറയുകയാണ് ,കേരളീയ നവോത്ഥാനം നൂറ്റാണ്ടുകൾക്കു മുന്നേ നടന്നുവെന്ന്! ഇതുപോലൊരു വിഡ്ഢിത്തം ഇതിനുമുമ്പ് ആരും പറഞ്ഞുകേട്ടിട്ടില്ല. നവോത്ഥാനം  കേവലം വിഗ്രഹപ്രതിഷ്ഠയോ ,കവിതാരചനയോ അല്ല;അങ്ങനെ കാണുന്നതാണ്  തകരാറ്. നവോത്ഥാനം കർമ്മപരമായ, ഒരു സാർവത്രിക കുതിച്ചുചാട്ടമാണ്. അതു നിറവേറ്റാൻ പ്രത്യേക ബോധോദയം ആവശ്യമാണ്.കേരളീയ നവോത്ഥാനം കവിതയിലൂടെയോ  ദിവാന്മാർ ഒപ്പിട്ട ഉത്തരവിലൂടെയോ  അല്ല ഉണ്ടായത്. അത് സാമൂഹിക പരിവർത്തനത്തിൻ്റെ ബോധോദയ പ്രവൃത്തികളിൽ നിന്ന് പിറവിയെടുത്തതാണ്. ശ്രീനാരായണഗുരു ,ചട്ടമ്പിസ്വാമികൾ മന്നത്തു പത്മനാഭൻ ,അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ ,കുമാരനാശാൻ ,ടി.കെ.മാധവൻ ,സി.കേശവൻ ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങി വലിയൊരു നിരയാണ് നവോത്ഥാനം യാഥാർത്ഥ്യമാക്കിയത്. അതൊരു പടയോട്ടമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ശിവപ്രതിഷ്ഠ നടന്നുവെന്ന് പറയുന്നവരുണ്ട്. എന്നാൽ  പ്രതിഷ്ഠകൊണ്ട് വിപ്ളവമുണ്ടാകില്ല. ആ പ്രതിഷ്ഠയെ  വിപ്ലവകരമായി തിരിച്ചുവിടാനാവണം.അതിൽ കാഴ്ചാനുഭവത്തിൻ്റെ ഉള്ളടക്കം സൃഷ്ടിക്കണം. അധഃസ്ഥിതൻ്റെ പ്രാർത്ഥന കൂടി കേൾക്കുന്ന ശിവനെ സൃഷ്ടിക്കുമ്പോഴാണ് പ്രതിഷ്ഠ ചലനാത്മകമാകുന്നത്.


ശ്രീകുമാറിൻ്റെ ലേഖനം വായിച്ചതോടെ സകല ചരിത്രവും റദ്ദായി എന്നു  ബക്കർ മേത്തല (തേജസ് ,ഡിസംബർ 16)എഴുതിയത് മറ്റൊരു അസംബന്ധമായി. ശ്രീകുമാർ ചെയ്തത് ഒരു തറ വേലയാണ്‌. ഇതുകൊണ്ട് കേരളീയ  പ്രബുദ്ധതയുടെ മനസ്സുകളെ തകർക്കാനാകുമോ ?ബക്കർ മേത്തലയ്ക്ക് ചിന്താശേഷിയില്ലേ ? 


വാക്കുകൾ


1)നീയെൻ്റെ കാതുകളിലല്ല മന്ത്രിച്ചത് , ഹൃദയത്തിലാണ്. നീയെൻ്റെ ചുണ്ടുകളിലല്ല ചുംബിച്ചത്, ആത്മാവിലാണ് .

ജൂഡി ഗാർലൻഡ്,

(അമേരിക്കൻ നടി)


2)സ്ഥിരമായി ഒരേ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ പെട്ടെന്ന് വയസ്സായിപ്പോകും; എന്നാൽ വാക്കുകൾക്കു പ്രായമില്ല.

ഏലിയാസ് കനേറ്റി ,

(ജർമ്മൻ എഴുത്തുകാരൻ )


3)പ്രാർത്ഥിക്കുന്ന ഒരാളും ദൈവവും തമ്മിൽ അധികം ദൂരമില്ല .

ഇവാൻ ഇല്ലിച്ച്,

റോമാൻ ഗ്രന്ഥകാരൻ ,ചിന്തകൻ)


4)ഭൂതകാലം മനോഹരമാണ്; പിന്നീടാണ് അതിൻ്റെ  ശരിയായ വികാരം നാം മനസ്സിലാക്കുന്നതെന്ന പ്രത്യേകതയുണ്ട്.

വിർജീനിയ വുൾഫ് ,

(ഇംഗ്ലീഷ് എഴുത്തുകാരി )


5)വിമർശനം ശുഭാപ്തിവിശ്വാസത്തിൻ്റെ  രൂപമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. സമൂഹത്തിൻ്റെ  വരാനിരിക്കുന്ന അപചയങ്ങളെക്കുറിച്ച്  മിണ്ടാതിരുന്നാൽ നിങ്ങൾ ദോഷൈകദൃക്കാകും.എന്നാൽ സത്യസന്ധമായി എന്തെങ്കിലും വിളിച്ചു പറയുന്നത് ആ സമൂഹത്തിൽ നിങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നത്.

കാർലോസ് ഫ്യൂവന്തിസ് ,

(മെക്സിക്കൻ എഴുത്തുകാരൻ )


കാലമുദ്രകൾ 


1)മധു ഇറവങ്കര


മധു ഇറവങ്കര ഇരുപത് ഡോക്കുമെൻററികളും ഒരു ഫീച്ചർ ഫിലിമും സംവിധാനം ചെയ്തു. സിനിമാ ,സാഹിത്യമേഖലകളിലായി പതിനഞ്ച് പുസ്തകങ്ങളെഴുതി. കലാസിനിമയുടെ നദി ഒഴുകുന്നത് ഇറവങ്കരയെ തൊട്ടുകൊണ്ടാണ്.


2)ജോൺ ടി. വേക്കൻ


നാടകരചയിതാവും സംവിധായകനുമായ ജോൺ ടി. വേക്കൻ ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദിക്ക് തുടക്കം  കുറിച്ച വ്യക്തിയാണ്. ഇരുപത്  നാടകങ്ങൾ സംവിധാനം ചെയ്തു. നവനാടക സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കാൻ മുഴുവൻ സമയവും നീക്കിവച്ച പ്രതിഭയാണ്  വേക്കൻ.


3)കെ.പി.എസ്.പയ്യനെടം 


അൻപത് നാടകങ്ങൾ എഴുതിയ കെ.പി.എസ്.പയ്യനെടം രംഗവേദിയിലേക്ക് സമകാലിക നാടകീയമുഹൂർത്തങ്ങൾ ജപിച്ചുവരുത്തിയ ഒറ്റയാനാണ്. അദ്ദേഹത്തിൻ്റെ  'രാമൻ ദൈവം 'എന്ന നാടകം ധാരാളം സ്റ്റേജുകളിൽ അവതരിപ്പിച്ചു.പയ്യനെടവുമായി കവിത എസ്.കെ നടത്തിയ അഭിമുഖം (കലാ പൂർണ ,ഡിസംബർ ) അവസരോചിതമായി.


4)എൻ.മൂസക്കുട്ടി


ഷേക്സ്പിയർ സമ്പൂർണകൃതികൾ, അർദ്ധരാത്രിയുടെ മറുവശം ( സിഡ്നി ഷെൽഡൻ ) ,യുളിസസ് ( ജയിംസ്  ജോയ്സ് ) മാജിക് മൗണ്ടൻ ( തോമസ് മൻ) തുടങ്ങിയ വിശ്രുതകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ.മൂസക്കുട്ടി ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യം സൃഷ്ടിച്ചിരിക്കുന്നു .


5)കല്പറ്റ ബാലകൃഷ്ണൻ

കൽപ്പറ്റ ബാലകൃഷ്ണൻ നല്ലൊരു അക്കാദമിക് പണ്ഡിതനായിരുന്നു. എന്നാൽ ' അകംപൊരുൾ പുറംപൊരുൾ  എന്ന നോവൽ അദ്ദേഹത്തിന് മാത്രമേ എഴുതാനൊക്കൂ.


6)യു.എ.ഖാദർ


തൃക്കോട്ടൂർ എന്ന ഗ്രാമത്തിൻ്റെ മിത്തിക്കൽ ഭൂപടം നിർമ്മിച്ച കഥാകാരൻ യു.എ.ഖാദറിൻ്റെ ഓർമ്മകളുടെ തീരത്ത് നില്ക്കുകയാണ്.  പ്രശസ്ത സാഹിത്യകാരനായ വി.കെ.എൻ ഒരിക്കൽ പറഞ്ഞത്രേ ,ഖാദർ താങ്കളുടെ പേരിൽ ഒരു വ്യാകരണപ്പിശകുണ്ട്: യു.എ.ഖാദർ എന്ന് പറയരുത് ;യു ആർ എ ഖാദർ എന്നാക്കണം! .


ലിങ്ക് / അക്ഷരജാലകം


Tuesday, December 15, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഓർവെൽ എഴുതുമ്പോൾ /metrovartha, Dec 7,2020

ഓർവെൽ എഴുതുമ്പോൾ


 രാഷ്ട്രീയമില്ലെന്ന് പറയുന്ന എഴുത്തുകാരുണ്ട്. 'രാഷ്ട്രീയദുർഗ്ഗങ്ങളിൽ നിന്ന് അകലെ ' എന്ന പേരിൽ കെ. പി .അപ്പൻ ഒരു  ലേഖനം എഴുതിയിട്ടുണ്ട്. രാഷ്ട്രീയമില്ലെന്ന് പറയുന്നതിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടെന്ന് പ്രമുഖ ഇംഗ്ളീഷ്  നോവലിസ്റ്റും ചിന്തകനുമായ ജോർജ് ഓർവെൽ (1903-1950) അറിയിക്കുന്നു. ഓർവെല്ലിൻ്റെ 1984 എന്ന നോവൽ ഏകാധിപത്യ ഭരണക്രമത്തിനെതിരെയുള്ള എക്കാലത്തെയും സുവിശേഷമാണ്.'അനിമൽ ഫാം ' മറ്റൊരു പ്രധാന രചനയാണ്.


'ഞാൻ എന്തുകൊണ്ട് എഴുതുന്നു' (വൈ ഐ റൈറ്റ്‌ ) എന്ന പ്രബന്ധത്തിലാണ്  ഓർവെൽ തൻ്റെ രാഷ്ട്രീയത്തെപ്പറ്റിയും സാഹിത്യവീക്ഷണത്തെപ്പറ്റിയും  പ്രതിപാദിക്കുന്നത് .എഴുത്തുകാർ സ്വന്തം ജീവിതം ജീവിക്കാനാണ് മുഖ്യമായും ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ്  രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാമെന്ന്  വ്യാമോഹിക്കുന്നതെന്നും ഓർവെൽ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയം എന്നു പറഞ്ഞാൽ കക്ഷിരാഷ്ട്രീയമല്ല; കുറേക്കൂടി വലിയ ഒരു ആശയമാണിത്. മനുഷ്യൻ എവിടെയൊക്കെ വെല്ലുവിളി നേരിടുന്നു , പരാജയപ്പെടുന്നു,  അവിടെയൊക്കെ രാഷ്ട്രീയമുണ്ട്. സകലജീവികൾക്കും രാഷ്ട്രീയമുണ്ട്. ആനകൾക്കും പന്നികൾക്കും തവളകൾക്കും  രാഷ്ട്രീയമുണ്ട് .സ്വന്തം കാലുകൾ കച്ചവടക്കാർ അറുത്തെടുക്കുന്നതിലെ  പ്രതിരോധമാണ് തവളകളുടെ രാഷ്ട്രീയം. എന്നാൽ അതിൻ്റെ നിയന്താവ് മനുഷ്യനാണെന്നത്  വിരോധാഭാസമാണ് .


അഞ്ചുവർഷത്തോളം  ഇന്ത്യൻ ഇംപീരിയൽ ഫോഴ്സിൻ്റെ  ഭാഗമായി ബർമ്മയിൽ ജോലി നോക്കിയ നോക്കിയ ഓർവെൽ ,ആ കാലത്താണ്  അധികാരത്തിൽ നിന്ന് അകലാനും  അധികാരകേന്ദ്രങ്ങളെ സംശയത്തോടെ കാണാനും  തീരുമാനിച്ചത്.ആ വീക്ഷണം അദ്ദേഹം  ഒരിക്കലും കൈവിട്ടില്ല. പരാജയബോധം പിടികൂടിയ ആ കാലത്ത് ,പണിയെടുക്കുന്ന പാവപ്പെട്ടവരെക്കുറിച്ചാണ് താൻ ഓർത്തതെന് ഓർവൽ പറയുന്നു .


1936-37 കാലത്തെ  സ്പാനിഷ് യുദ്ധം  കലാകാരൻ എന്ന നിലയിൽ ഓർവെല്ലിനെ ആഴത്തിൽ സ്വാധീനിച്ചു .അത് മനോനിലയിൽ മാറ്റം വരുത്തി. 1936 നു  ശേഷം  ഓരോ വാചകവും എഴുതിയത്  ഏകാധിപത്യത്തെ എതിർത്തുകൊണ്ടാണെന്ന് അദ്ദേഹം  സമർത്ഥിക്കുന്നുണ്ട്. സ്വയം സൃഷ്ടിച്ച വല്മീകത്തിനകത്ത് ഒരിക്കലും സുരക്ഷിതമല്ലെന്ന വിചാരമാണത്.  എഴുത്തുകാരന് ചിന്താസ്വാതന്ത്ര്യം വേണം; എന്നാൽ അത് പറുദീസയല്ല .   ഭൗതികജീവിതത്തിൻ്റെ നീതി നിഷേധങ്ങളെക്കുറിച്ചോർത്ത് അസ്വസ്ഥനാവാനുള്ള  മനസ്സ് നഷ്ടമായാൽ എഴുത്ത്  അവസാനിച്ചു എന്ന് കരുതാവുന്നതാണ്. എഴുത്തുകാരന്  ഭൗതികമായ സുരക്ഷ വേണം;  പക്ഷേ ,അവൻ്റെ  മനസ്സ്   അരക്ഷിതരിക്കണം. അവിടെ എല്ലാം തികഞ്ഞു എന്ന ചിന്ത അപകടകരമാണ്. 


ഗദ്യശൈലി സംരക്ഷിക്കും


രാഷ്ട്രീയബോധത്തിൻ്റെ  ആവേശത്തിലോ  സമ്മർദത്തിലോ  ഒന്നും തന്നെ ഓർവെൽ  എഴുതിയിട്ടില്ല. എഴുതിയതെല്ലാം സൗന്ദര്യബോധം വന്നു വിളിച്ചതിൻ്റെ ഫലമായിട്ടാണ്."ഒരു പുസ്തകമെഴുതാനായിരുന്നപ്പോൾ, ഒരു സൃഷ്ടിനടത്താൻ പോവുകയാണെന്ന് ഞാൻ എന്നോട് പറഞ്ഞില്ല .ഞാൻ എഴുതുന്നതിനു  കാരണം ഇതെല്ലാമായിരുന്നു: ഒരു നുണ എനിക്ക് പൊളിച്ചെഴുതണം, ചില പ്രശ്നങ്ങളിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ  കൊണ്ടുവരണം, അത് കേൾക്കാൻ ആളുണ്ടാവണം. എന്നാൽ ഒരു സൗന്ദര്യാത്മകമായ അനുഭവമാകാതെ ഒന്നിനെക്കുറിച്ചും ഒരു പുസ്തകമോ , ദീർഘിച്ച  മാഗസിൻ ലേഖനമോ ഞാൻ എഴുതിയിട്ടില്ല" - ഓർവെൽ എഴുതുന്നു. ജീവിച്ചിരിക്കുന്നിടത്തോളം ഗദ്യത്തിൻ്റെ ശൈലിയെ ഭൂമിയിലെ ജീവിതം പോലെ  കാത്തു രക്ഷിക്കുമെന്ന് പറയാൻ ഓർവെല്ലിനെപ്പോലെ അധികം പേരില്ല .


 രാഷ്ട്രീയചിന്തകളെ കലയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി ഒരു ദശാബ്ദക്കാലമാണ് ഓർവെൽ  ആലോചിച്ചത്.സൗന്ദര്യബോധം  നഷ്ടപ്പെടരുത് ;സത്യസന്ധതയ്ക്ക് ഒന്നും സംഭവിക്കരുത്. അതേസമയം രാഷ്ട്രീയബോധവും ഉണ്ടായിരിക്കണം.

ഓർവെൽ  'ഹോമേജ് ടു കാറ്റലോണിയ ' എന്ന പുസ്തകം എഴുതിയത് സ്പാനിഷ് യുദ്ധത്തിൻ്റെ  ദുരന്തങ്ങളെ ഓർമ്മിപ്പിക്കാനാണ്. "എന്നാൽ അത് എഴുതിയപ്പോൾ ഞാനെൻ്റെ സാഹിത്യപരമായ ജന്മവാസനകളെ  ബലികൊടുക്കാതെയാണ് മുഴുവൻ സത്യവും  വിളിച്ചുപറഞ്ഞത് " . സൗന്ദര്യവും യാഥാർത്ഥ്യവും സന്തുലിതമാക്കുകയാണ്  അദ്ദേഹം ചെയ്തത്. ഭാഷയെ അമിതമായി ബിംബങ്ങൾകൊണ്ട് വിവരിച്ച്, പ്രകൃതി വിവരണത്തോടെ എഴുതുന്ന  രീതി അദ്ദേഹം ഉപേക്ഷിക്കുകയാണ് ചെയ്തത്. പകരം ബോധത്തിൻ്റെ  കൃത്യതയ്ക്കായി  നിർബന്ധം പിടിച്ചു.


സാഹിത്യമൂല്യമില്ല


 എഴുത്തുകാർ സ്വയം  പാലിക്കേണ്ട വലിയൊരു സത്യം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: " സ്വന്തം വ്യക്തിത്വത്തെ  തുടച്ചുനീക്കാൻ സ്ഥിരമായി പൊരുതിയില്ലെങ്കിൽ വായിക്കാൻ കൊള്ളാവുന്നതൊന്നും എഴുതാനൊക്കില്ല " . ഇത് വലിയൊരു മനശാസ്ത്രപ്രശ്നമാണ്. സ്വന്തം വ്യക്തിത്വത്തെ  മഹത്വവത്കരിച്ചുകൊണ്ടാണ് ഇവിടെ പലരും എഴുതുന്നതെന്നോർക്കണം. പലരുടെയും ഓർമ്മയെഴുത്ത് പൊള്ളയായ വാക്കുകൾകൊണ്ടാണ്  നിർമ്മിക്കപ്പെടുന്നത്‌. അതിൽ യാതൊരു സാഹിത്യ ,ആത്മീയ മൂല്യവുമില്ല. ഇതര ലോകങ്ങളുമായി നാം പുലർത്തുന്ന ബന്ധത്തിൻ്റെ വിചിത്രമായ ഘടനകളുണ്ടാവണം. ചിലർ എഴുതിത്തുടങ്ങുമ്പോൾ തന്നെ ഓർമ്മയെഴുത്തും  ആരംഭിക്കുകയാണ്! .


സ്വന്തം വ്യക്തിത്വത്തെ മായ്ച്ചു കളയണമെന്ന ഓർവെല്ലിൻ്റെ ആഹ്വാനം ഒരെഴുത്തുകാരൻ്റെ ജാതകം മാറ്റുന്നതാണ്. ചിലർ ഒരു ഘട്ടത്തിൽ യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതുന്നു; പഴയ ശൈലികളെ എതിർക്കുന്നു. എന്നാൽ പിന്നീട് ,അവർ എന്തിനെയാണോ എതിർത്തത് അതിൻ്റെ അടിമകളായി മാറുന്നു. ആധുനികരായ എഴുത്തുകാർ  സാഹിത്യഅക്കാദമി അദ്ധ്യക്ഷപദവിയിലും മറ്റും എത്തുന്നത് നാം കണ്ടു.   അക്കാദമി ഭാരവാഹിയാവുന്നത് വളരെ  ആപൽക്കരമായ  അവസ്ഥയാണ്. ആ സ്ഥാനത്ത് വന്നാൽ  പിന്നീട് നല്ലതെന്തെങ്കിലും എഴുതാൻ കഴിയില്ല .കാരണം വ്യക്തിത്വം മായ്ച്ചുകളയാൻ പറ്റാത്തവിധം എഴുത്തുകാരനിൽ പാറയോ ,തണുത്തുറഞ്ഞ ഐസുകട്ടയോ പോലെ ഉറച്ചുപോകുന്നു. എം.മുകുന്ദൻ  സാഹിത്യഅക്കാദമി അധ്യക്ഷപദവി വിട്ട ശേഷം നല്ലൊരു കഥ എഴുതിയില്ലല്ലോ. അദ്ദേഹം ദൽഹിയിൽ താമസിച്ച കാലത്താണ് സീരിയസായി എഴുതിയത്‌.രാധ രാധ മാത്രം ,ദൽഹി 81 തുടങ്ങിയ കഥകൾ ഓർക്കുക. 


സംഘർഷമനുഭവിക്കാത്തവർ


 അഭിരുചിയില്ലാത്തവരുടെ വായന ഒരു ഭീഷണിയാണ്.  വൈക്കം മുരളിയും എൻ.ഇ.സുധീറും എഴുതുന്ന  ലേഖനങ്ങൾ ഇതിനുദാഹരണമാണ്. വൈക്കം മുരളി ഇംഗ്ലീഷ് പുസ്തകങ്ങൾ വില കൊടുത്തു വാങ്ങി വായിക്കുന്ന നല്ല മനുഷ്യനാണ്. പക്ഷേ , അദ്ദേഹത്തിനു ഈ പുസ്തകങ്ങളെക്കുറിച്ച്  എഴുതാനറിയില്ല .താൻ എഴുതുന്ന വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊള്ളുന്ന ഒരു ഭാഷ അദ്ദേഹത്തിനില്ല .നിർവ്വികാരതയാണ് ആ ഭാഷയുടെ പ്രത്യേകത.  ഏത് പുസ്തകത്തെക്കുറിച്ചായാലും മുരളി എഴുതിക്കഴിയുമ്പോൾ അതിൻ്റെ ഭാവുകത്വം നഷ്ടപ്പെടുകയാണ് ചെയ്യുന്നത് .എൻ .ഇ .സുധീറിനു സാഹിത്യാസ്വാദനമില്ല .  അദ്ദേഹമിപ്പോൾ 'മൊഴിയാഴം'എന്ന പേരിൽ ഒരു പരമ്പര ( എഴുത്ത് )തുടങ്ങിയിരിക്കുകയാണ്. ഈ പരമ്പരയിൽ എല്ലാ  എഴുത്തുകാർക്കും 'പ്രശംസയുടെ ഗ്യാരണ്ടി ' ഉണ്ട്. എല്ലാവരെയും വെറുതെ പുകഴ്ത്തി നശിപ്പിക്കുകയാണ് സുധീറിൻ്റെ പദ്ധതി. വിമർശനം എഴുതാൻ  കൊള്ളാത്ത ഭാഷയാണ് സുധീറിൻ്റേത്.അതിൽ കലയുടെ ഒരു കണം പോലുമില്ല.  സാഹിത്യമൂല്യം അല്ലെങ്കിൽ  ഭാവുകത്വം എങ്ങനെയാണ് നമ്മളുമായി ബന്ധപ്പെടുന്നതെന്ന് ചിന്തിക്കുന്നില്ലെങ്കിൽ വിമർശനമെഴുതേണ്ടതില്ല. അതിൻ്റെ സംഘർഷമനുഭവിക്കുന്നവനാണ് ഇതുപോലുള്ള പംക്തികൾ എഴുതേണ്ടത് ;വെറുതെ ചങ്കൂറ്റം മാത്രം പോരാ.കുറെ പുസ്തകങ്ങൾ പരിചയപ്പെടുത്തിയിട്ട് എന്തു കാര്യം ?അതിനടിയിലെ വിശേഷപ്പെട്ട കാഴ്ചകളുമായി എന്തു ബന്ധമാണുള്ളതെന്ന് സ്വയം പരിശോധിക്കണം. സുധീറിന് അനുഭവമില്ല;അനുഭവിപ്പിക്കാനുമറിയില്ല.  അതുകൊണ്ടാണ്  ശരാശരിയിൽ താഴ്ന്ന രചനകളെ മഹത്തരമെന്ന് വിളിക്കുന്നത്. 


കഥകൾ


സക്കറിയയുടെ കഥകളെക്കുറിച്ച് കണക്കൂർ ആർ സുരേഷ്കുമാർ എഴുതിയ ലേഖനം (സാഹിത്യചക്രവാളം, ഡിസംബർ) പൊതുവേ മെച്ചമാണ്. സക്കറിയയുടെ വിമർശനങ്ങളെ മാനിക്കുന്ന ലേഖകൻ അദ്ദേഹത്തിൻ്റെ കഥകളെപ്പറ്റി  ഇങ്ങനെ നിരീക്ഷിക്കുന്നു:  കാല്പനികതയിൽ കാര്യമായി വിശ്വസിക്കുന്നില്ലെങ്കിലും, കാല്പനികതയെ പൂർണമായി തള്ളിപ്പറയുന്നില്ല ഈ എഴുത്തുകാരൻ " .എന്നാൽ ലേഖകന് ആ കഥകളിലേക്ക് കടന്ന് കഥാഘടനയുടെ പൊരുൾ വ്യക്തമാക്കാനാവുന്നില്ല. സക്കറിയയുടെ ആദ്യകാല കഥകൾ ,അതായത് 'ഒരിടത്ത് ' എന്ന സമാഹാരത്തിലെ   രചനകളിലാണ് ക്രൂരഫലിതവും കലാത്മകതയും  നിർണായകമാകുന്നത് . പിന്നീട് സക്കറിയ ആ ട്രാക്ക്  ഉപേക്ഷിക്കുകയായിരുന്നു .ഒരു പത്രപ്രവർത്തകനായിരുന്ന അദ്ദേഹം  സാമൂഹിക വിമർശകനായി.എന്നാൽ ആ വിമർശനത്തിൻ്റെ ഭാഗമായി   ,സംസാരിക്കാനും ചലിക്കാനും കഴിയാതെ കഷ്ടപ്പെട്ട് കഴിഞ്ഞ ഒ.വി.വിജയനെ  ഒരു അവാർഡ് വാങ്ങിയതിൻ്റെ പേരിൽ ഹിനു വർഗീയവാദി എന്ന്  വിളിച്ചു ആക്ഷേപിച്ചതിനു ഒരു  ന്യായീകരണവുമില്ല. അതിൽ ഒരു യുക്തിയുമില്ലായിരുന്നു.സക്കറിയയുടെ  ശോഭ കെടുത്തിക്കളഞ്ഞ  സംഭവമാണിത് .അടുത്ത സുഹൃത്തുക്കളോട് വിജയൻ ഇതിനേപ്പറ്റി വ്യസനത്തോടെ പറഞ്ഞിട്ടുണ്ട്.


കനവ് 


കൊട്ടാരക്കര ജില്ലാട്രഷറിയിലെ  ജീവനക്കാരുടെ നേതൃത്വത്തിൽ  വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന മാസിക  'കനവ് ' പത്താം വാർഷിക പതിപ്പ് പുറത്തിറക്കി .എഴുപത്തിയാറു പേരുടെ രചനകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ആമുഖത്തിൽ എഡിറ്റർ അജയൻ കൊട്ടറ   അക്കിത്തത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:

" സ്നേഹത്തിൻ്റെ ആഴം അളന്നു നോക്കാൻ കഴിയില്ല. അറിയുന്തോറും ദിവ്യപുളഗോൽഗമമാകുന്ന ആ സൗന്ദര്യാത്മകത  അറിഞ്ഞവർക്കേ ആസ്വദിക്കാൻ കഴിയൂ" .


വാക്കുകൾ


 1) നമ്മൾ ആരെയും  സ്നേഹിക്കുന്നില്ല. ഒരാളെക്കുറിച്ചുള്ള ആശയത്തെയാണ് നാം സ്നേഹിക്കുന്നത്. നമ്മുടെ തന്നെ സങ്കൽപ്പത്തെ, നമ്മുടെ മനസ്സിനെയാണ് നാം സ്നേഹിക്കുന്നത്.

ഫെർനാണ്ടോ പെസ്സോവ ,

(പോർച്ചുഗീസ് കവി )


2) ഒരു വാക്കിനെ നിറമായോ ,പ്രകാശമായോ ,ഗന്ധമായോ പരിവർത്തിപ്പിക്കാം. എഴുത്തുകാരൻ്റെ ജോലിയാണത്.

നൂട്ട് ഹാംസൺ ,

(നോർവീജിയൻ എഴുത്തുകാരൻ )


3)ലോകത്ത് രണ്ടു തരം ആൾക്കാരാണുള്ളത് : മറ്റുള്ളവർക്കിടയിൽ മനസ്താപത്തോടെ ഇരിക്കാൻ  ഇഷ്ടപ്പെടുന്നവർ ;ഒറ്റയ്ക്ക് ദു:ഖിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവർ.


നികോളി ക്രോസ് ,

(അമെരിക്കൻ എഴുത്തുകാരി )


4) പ്രത്യയശാസ്ത്രങ്ങൾ നമ്മെ  അകറ്റുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങളും തീവ്രമായ വിഷാദവും  നമ്മെ ഒന്നിപ്പിക്കുന്നു .

യൂജിൻ അയനെസ്കോ ,

റുമേനിയൻ - ഫ്രഞ്ച് നാടകകൃത്ത്‌ .


5)ലൈംഗികകാമന ഉള്ളതുകൊണ്ടാണ് പെണ്ണുങ്ങൾ സുന്ദരികളായിരിക്കുന്നത്; അവർക്ക് ലൈംഗികത ഇല്ലെങ്കിലും . ആണുങ്ങൾ ബുദ്ധിയുള്ളവരും ധീരതയുള്ളവരുമായി കാണപ്പെടുന്നതും  അതുകൊണ്ടാണ്. ഇതു രണ്ടും ആണുങ്ങൾക്ക് ഇല്ലെങ്കിലും.


ഹെൻറി ലൂയി മെൻകെൻ ,

(അമെരിക്കൻ ചിന്തകൻ )കാലമുദ്രകൾ


1)സജിത്ത് പള്ളിപ്പുറം


കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന സംഗീതപരിപാടിയിൽ സ്വാതിതിരുനാളിൻ്റെ 'തരുണീ ഞാൻ എന്ത് ചെയ്‌വൂ' എന്ന പദം ദ്വിജാവന്തി രാഗത്തിൽ സജിത്ത് പള്ളിപ്പുറം  ആലപിച്ചത് അസാമാന്യമായ വിധം വശ്യമായി .അഗാധമായ പരിതാപ പ്രണയത്തിൻ്റെ ഉൾത്തീ  തീവ്രമായി അദ്ദേഹം പകർന്നു .


2)സത്യൻ മാടാക്കര


കാൽ  നൂറ്റാണ്ടിലേറെക്കാലം ദുബായിയിൽ കഴിഞ്ഞ കവി സത്യൻ മാടാക്കര തൻ്റെ  കവിതയെയും പ്രവാസത്തിൽ വിടുകയായിരുന്നു. അദ്ദേഹം കടലിൻ്റെയും മീനിൻ്റെയും കവിയാണ് - മണൽ ,കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം  നിർമ്മിക്കുന്നില്ല ,കടൽ കപ്പൽ മീൻ തുടങ്ങിയ പുസ്തകങ്ങൾ .


3)ദിലീഷ് പോത്തൻ


നിർമ്മാതാവും നടനുമായ ദിലീഷ് പോത്തൻ്റെ  സംവിധാന സംരംഭങ്ങളായ 'മഹേഷിൻ്റെ  പ്രതികാരം' , 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ സിനിമകൾ  ഒരു മലയാള നവറിയലിസമാണ് അവതരിപ്പിച്ചത്. നാടകവും സാഹിത്യവും വിട്ട് സിനിമ എന്ന കലയിലേക്കുള്ള യാത്രകളുടെ തുടക്കമാണിത്.


4)ഷഹബാസ് അമൻ 


പി. ടി .കുഞ്ഞുമുഹമ്മദിൻ്റെ ടി.വി. പരിപാടിയിലാണ്   (പ്രവാസലോകം )  ഷഹബാസ് അമൻ 'തേടുന്നതാരെ ശൂന്യതയിൽ ഈറൻ മിഴികളേ '  എന്ന പാട്ട്  (സംഗീതം :ബാബുരാജ് )  പാടിയത്. മനസിൽ കൊളുത്തുന്ന ഈ ഗാനത്തിൽ വ്യക്തിസത്ത ആഴ്ന്നിറങ്ങുന്ന ശൈലിയിൽ പാടുകയാണ് ഷഹബാസ് .


5)കെ.എൻ. ഷാജി 


എൺപതുകളുടെ തുടക്കത്തിൽ  ഫോർട്ടുകൊച്ചിയിൽ നിന്ന് 'നിയോഗം ' മാസിക നടത്തിയിരുന്ന കെ.എൻ. ഷാജി പിന്നീട് പ്രസാധകനും  സഞ്ചാരിയുമായി .നവീനസാഹിത്യം, സംസ്കാരം ,സിനിമ തുടങ്ങിയ മേഖലകളിൽ  ഷാജി സ്വരൂപിച്ച അവബോധാത്മകമായ  നിലപാടുകൾ  യാഥാസ്ഥിതിക വാസനകളെ മാധ്യമരംഗത്ത് പ്രതിരോധിക്കുന്നതിൽ  നല്ല പങ്കുവഹിച്ചിട്ടുണ്ട്.


അക്ഷരജാലകം ലിങ്ക്


Monday, December 14, 2020

രചനയുടെ നാല്പതാം വർഷം: എം.കെ.ഹരികുമാറിനെ എൻ.എസ്.എസ് ആദരിച്ചുഎന്നും അലട്ടിയത് പുസ്തക ദാരിദ്ര്യം: എം.കെ.ഹരികുമാർ

കൂത്താട്ടുകുളം :സാഹിത്യരചനയുടെ നാല്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ  എം.കെ.ഹരികുമാറിനെ കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ എൻ.എസ്.എസ് ഓഡിറ്റാറിയത്തിൽ ആദരിച്ചു.മുവാറ്റുപുഴ എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ്  താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ.ശ്യാംദാസ്  ഉദ്ഘാടനം ചെയ്തു.കെ.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കൂത്താട്ടുകുളത്ത് സുഭാഷ് ചാർവാക 1981ൽ പ്രസിദ്ധീകരിച്ച ' മൂന്നു കഥകൾ 'എന്ന പുസ്തകത്തിനു അവതാരിക എഴുതിക്കൊണ്ടാണ് ഹരികുമാർ സാഹിത്യരംഗത്ത് പ്രവേശിച്ചത്.സുഭാഷ് ചാർവാക ,ഋഷി ജി.നടേഷ് ,മോൻസി ജോസഫ് എന്നിവരുടെ കഥകളാണ് ആ പുസ്തകത്തിൽ ചേർത്തിരുന്നത്‌. 'ഒരു സ്ഥൂലതയുടെ നിമിഷവും ഒരു നിശ്ശബ്ദതയുടെ നിമിഷവും  ' എന്ന പേരിൽ ഹരികുമാർ എഴുതിയ ലേഖനം  അന്നും  സാഹിത്യത്തിൻ്റെ നവപ്രവണതകളെ തേടിച്ചെല്ലുന്നതായിരുന്നു.


കഴിഞ്ഞ നാല്പതു വർഷവും തന്നെ വേട്ടയാടിയത് പുസ്തകദാരിദ്ര്യമാണെന്ന് ഹരികുമാർ മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങാൻ സാമ്പത്തിക പ്രയാസമുണ്ടായി. തനിക്ക് ആവശ്യമുള്ള ,ഇംഗ്ളീഷ് ഭാഷയിലുള്ള പുസ്തകങ്ങൾ വൻ വിലകൊടുത്തു വാങ്ങാൻ കഴിയാത്ത ദുഃഖം അവശേഷിക്കുകയാണ്. കോട്ടയം പബ്ളിക് ലൈബ്രറി, എറണാകുളം പബ്ളിക് ലൈബ്രറി ,കാക്കനാട് ഇ.എം.എസ് പബ്ളിക് ലൈബ്രറി എന്നിവിടങ്ങളിൽ നിന്ന് പുസ്തകങ്ങൾ  പതിവായി എടുത്തെങ്കിലും ആഗ്രഹിച്ച പുസ്തകങ്ങൾ ഇനിയും വായിക്കാനായിട്ടില്ല. വായിക്കുന്നെങ്കിൽ ലോകത്തിലെ ഏറ്റവും നല്ലത് വായിക്കണമെന്ന് നിർദ്ദേശിച്ചത് അമെരിക്കൻ ചിന്തകനായ തോറോ യാണെന്ന്  അദേഹം അനുസ്മരിച്ചു.


തന്നെ രക്ഷിച്ചത് ഇൻ്റർനെറ്റാണെന്ന് ഹരികുമാർ അറിയിച്ചു.മികച്ചത് പലതും ,നൊബേൽ ജേതാക്കളുടെ രചനകളടക്കം നെറ്റിൽ സൗജന്യമായി വായിക്കാം. ആൽബേർ കമ്യുവിൻ്റെ ലേഖന സമാഹാരം താൻ വായിച്ചത് നെറ്റിൽ നിന്നാണ്. 


"എൻ്റെ ജീവിതത്തെ എന്നും സ്വാധീനിച്ചത് സാഹിത്യമാണ്. അതിൻ്റെ ആനന്ദമാണ് എൻ്റെ സമ്പാദ്യം .ഞാൻ ജീവിച്ച ഓരോ നിമിഷത്തിലും ,ഓരോ യാത്രയിലും ഞാൻ വാക്കുകൾക്ക് പിന്നാലെയായിരുന്നു .പദങ്ങൾ നല്കിയ അസാമാന്യലഹരിയിൽ ഞാൻ ആശയപരമായി ജീവിക്കുകയായിരുന്നു. വാക്കുകൾ ആശയങ്ങളുടെ ബിംബങ്ങളായി എൻ്റെ മനസ്സിലേക്ക് വന്നു - ഹരികുമാർ പറഞ്ഞു.

'അക്ഷരജാലകം' എന്ന പംക്തിലൂടെയാണ് താൻ കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി പുതിയ ചിന്തകൾ ആവിഷ്കരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.1998 ൽ കേരളകൗമുദി പത്രത്തിലാണ് അത് തുടങ്ങിയത്. ഇപ്പാൾ മെട്രോ വാർത്തയിൽ തുടരുന്നു.എന്നാൽ ഇത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചില്ല .

സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധവും വ്യത്യാസവും  ഇനിയും മലയാളികൾ വേണ്ട പോലെ ചർച്ച ചെയ്തിട്ടില്ലെന്ന് ഹരികുമാർ  അഭിപ്രായപ്പെട്ടു. സിനിമ നാടകമോ സാഹിത്യമോ അല്ല. അത് സിനിമ എന്ന കലയാണ്. എന്നാൽ പല വിദ്യാസമ്പന്നരും സിനിമയെ സോപ്പ് ഓപ്പറയായി കാണുന്നുണ്ട്. സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി ' എന്ന സിനിമ ഇന്ത്യൻ ചലച്ചിത്രകലയെ മോചിപ്പിച്ചു. ലോകസിനിമയുടെ നൂറാം വർഷത്തിൽ ബ്രിട്ടീഷ് സിനിമാനിരൂപകനായ ഡെറിക് മാൽക്കം ലോകസിനിമയിൽ നിന്ന് നൂറ് എണ്ണം തിരഞ്ഞെടുത്തു. അതിൽ ഇന്ത്യയിൽ നിന്ന് ഒരു ചിത്രമാണ് ഉൾപ്പെട്ടത് .അത് 'പഥേർ പാഞ്ചാലി 'യാണ്. സിനിമയ്ക്ക് പിന്നിൽ തനതായ ഒരു സിദ്ധാന്തവും തത്ത്വചിന്തയുമുണ്ടെന്ന് തെളിയിച്ചത് ഈ ചിത്രമാണ്. ഈ സിനിമ ഇറങ്ങിയിട്ട് അറുപത്തഞ്ച് വർഷമായി.ഇതിനെക്കുറിച്ച് താൻ അക്ഷരജാലക ( മെട്രോ വാർത്ത പത്രം) ത്തിൽ എഴുതുകയും ചെയ്തു. ഇനിയും പലരും 'പഥേർ പാഞ്ചലി ' എന്ന്  ഉച്ചരിക്കുന്നതിൽ വാശി പിടിക്കുകയാണ്. ഇക്കാര്യത്തിൽ സത്യജിത് റായി തന്നെ മാർഗം കാണിച്ചിട്ടുണ്ട്. അദ്ദേഹവുമായി നടത്തിയ വീഡിയോ അഭിമുഖങ്ങൾ യു ട്യൂബിലുണ്ട്‌.റായി വ്യക്തമായി പറയുന്നുണ്ട്, പഥേർ പാഞ്ചാലി എന്ന്. ഇതിൽ വിശ്വസിച്ചാൽ പോരെ. എന്നാൽ ചില മലയാള വാരികകളും എഴുത്തുകാരും  റായിയുമായുള്ള അഭിമുഖങ്ങൾ ഇനിയും ശ്രദ്ധിക്കാൻ തയ്യാറാവുന്നില്ല.

സതീശൻ എൻ. എം രചിച്ച 'കാമാഖ്യയിലെ ആട്ടിൻകുട്ടി' (ബ്ളൂ ഇങ്ക് ബുക്സ് ,തലശ്ശേരി )എന്ന പുസ്തകം എൻ. എസ് .എസ് മൂവാറ്റുപുഴ താലൂക് യൂണിയൻ പ്രസിഡന്റ്  ആർ. ശ്യാംദാസ് പ്രകാശനം ചെയ്തു. മുൻ എം.എൽ.എ  എം. ജെ. ജേക്കബ്  ആദ്യ കോപ്പി ഏറ്റുവാങ്ങി. എൻ.സി .വിജയകുമാർ പുസ്തകാവലോകനം നടത്തി. എം.കെ. ഹരികുമാറിനെ എം.ജെ ജേക്കബ്  പൊന്നാട അണിയിച്ചു.ഉപഹാരവും നല്കി. എ.ബി. ജനാർദ്ദനൻ നായർ, എൻ.ആർ. കുമാർ, പി.ജി. സുരേന്ദ്രൻ, എം.എം.ജോർജ്, സുജ സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. ഹരീഷ്. ആർ .നമ്പൂതിരി  കവിത ആലപിച്ചു. K  കെ കെ.സോമൻ സ്വാഗതം പറഞ്ഞു. M സതീശൻ എൻ എം. നന്ദി പറഞ്ഞു.

Monday, December 7, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / കമ്യുവിൻ്റെ കലാകാരൻ /metrovartha, 7-12-2020ദ് സ്ട്രേഞ്ചർ ,ദ് പ്ലേഗ് ,എ ഹാപ്പി ഡെത്ത് തുടങ്ങിയ നോവലുകളിലൂടെയും കഥകളിലൂടെയും ദാർശനിക ലേഖനങ്ങളിലൂടെയും ചിന്തയുടെ വേലിയേറ്റങ്ങളുണ്ടാക്കിയ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യൂ (1913-1960) വിൻ്റെ ചിന്തകൾ, ആശയരഹിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മെ വീണ്ടും വീണ്ടും നവീകരിക്കും. കമ്യൂവിൻ്റെ കലാകാരസങ്കല്പം ഇപ്പോഴും പ്രസക്തമാവുകയാണ്. എഴുത്തുകാർ വ്യക്തിഗതമൂല്യങ്ങളുടെ തടവുകാരാവുകയും അലങ്കാരവസ്തുക്കളാവുകയും സ്വന്തം പുരസ്കാരങ്ങളിലേക്കുമാത്രം ഊളിയിടുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ചും.


ലോകചിന്തയുടെ കിരീടമായി ശോഭിച്ച കമ്യൂ ഒരു ദാർശനിക സമീപനമാണ് സ്വീകരിച്ചത്. ഒരു നിമിഷം പോലും ചിന്തിക്കാതെ ജീവിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ അദ്ദേഹം ഭാവനയെയും ചിന്തയെയും പുനരവതരിപ്പിച്ചു. ജീവിതത്തിലെ ഓരോ വസ്തുവിനെയും മാനുഷികമാക്കുകയും  നൈമിഷികമായ ദർശനത്തിലൂടെ പുനരുജ്ജീവിക്കുകയും ചെയ്തു.യാതനയും സൗന്ദര്യവുമാണ് എഴുത്തുകാരനെ നിലനിർത്തുന്നത്. സഹനത്തിനും  സൗന്ദര്യത്തിനുമാണ് അവൻ മനസ്സു കൊടുക്കുന്നത്. മറ്റൊന്നും അവൻ്റെ കൈയിലില്ല. അതുകൊണ്ട് അവൻ യാതന അനുഭവിക്കുന്നവരുടെ  നിശ്ശബ്ദമാക്കപ്പെട്ട മനസ്സുകളിൽ നിന്ന് സംസാരശക്തിയായി പുനർജനിച്ചു കൊണ്ടിരിക്കണം. അശാന്തവും അശരണവുമായ ജീവിതങ്ങളെക്കുറിച്ചുള്ള നിലയ്ക്കാത്ത അസ്വസ്ഥതകളാണ് കലാകാരൻ്റെ  മാനുഷികതയുടെ ഉരകല്ല് .അവൻ അങ്ങനെയുള്ള ഒരു മനുഷ്യനായിരിക്കണം. അതുകൊണ്ടാണ് കലാകാരൻ്റെ പ്രകൃതം നമുക്ക് ത്യജിക്കേണ്ടിവരുമെന്നും അത് നിരാലംബരായ മനുഷ്യരുടെ ശബ്ദമാകുന്നതിൻ്റെ ഫലമാണെന്നും കമ്യൂ പറഞ്ഞത്. 


പ്രതികരിക്കാത്തവർ


ലോകത്ത് എന്തു നടന്നാലും തങ്ങൾ പുരാതനമായ ഛന്ദസ്സുകളിലും അലങ്കാരങ്ങളിലും പുസ്തകങ്ങളിലും  സുരക്ഷിതരാണെന്ന് കരുതുന്ന കുറെ പേരുണ്ട്. അവർ ഒന്നിനോടും  പ്രതികരിക്കുകയില്ല. അവരെ വിമർശിച്ചാലും അവർ മിണ്ടുകയില്ല.  ഫ്യൂഡൽ  മൂല്യങ്ങൾ ഇപ്പോഴും ചില എഴുത്തുകാരെ ഭരിക്കുന്നു എന്നതിനു തെളിവാണ് ഈ മൗനം പാലിക്കൽ .ഫ്യൂഡൽ കാലത്ത് അറിവും ധനവും ഉള്ളവർക്ക് മറ്റുള്ളവരുടെ വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. വിമർശനങ്ങൾ ഉണ്ടായാൽ തന്നെ അവർ അവഗണിക്കുകയേയുള്ളു. കാരണം ആ വിമർശനങ്ങൾ അവരുടെ അധികാര ശ്രേണിയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അതിൽ നിന്നാണ് ഈ കട്ടപിടിച്ച മൗനം പിറവിയെടുക്കുന്നത്.സംവാദം ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ലക്ഷണമാണ്. എന്നാൽ എല്ലാത്തിൽ നിന്നും  പിൻവലിഞ്ഞവരുടെ  ഉറക്കത്തോട് തനിക്ക് അസൂയ  തോന്നേണ്ട കാര്യമില്ലെന്ന് കമ്യൂ പരിഹസിക്കുന്നുണ്ട്.


എഴുത്തുകാരൻ യാതനകളോട് ആഭിമുഖ്യമുള്ളവനാകുമ്പോൾ അതവൻ്റെ  ഭാഷയെ ശക്തമാക്കുമെന്നാണ് കമ്യൂ പറയുന്നത്. " ഭാഷയിൽ നമുക്ക് കലാകാരനാവാൻ കഴിയണം. അല്ലെങ്കിൽ നമ്മളെന്ത് കലാകാരനാണ് ?"  കമ്യൂ ചോദിക്കുന്നു. ഇപ്പോൾ ഭാഷയിൽ നിന്ന് കല ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. അതിനു കാരണം സഹനങ്ങളോടുള്ള വിരുദ്ധ സമീപനമാണ് .


മാനവവംശത്തിൻ്റെ മൂല്യങ്ങളിൽ നിന്ന്  ഓടി രക്ഷപ്പെട്ടു സൃഷ്ടിയുടെ മൂല്യങ്ങളിൽ ഒളിച്ചിരിക്കാനാവില്ല എന്ന് കമ്യൂ പറയുന്നത് ശ്രദ്ധേയമാണ്.കാരണം സൃഷ്ടിപ്രക്രിയയിൽ മാനവമൂല്യത്തിനാണ് പ്രസക്തി.അതേസമയം സൃഷ്ടിയുടെ മൂല്യങ്ങളെ ഉപേക്ഷിച്ചിട്ട് മാനവികമൂല്യങ്ങളിൽ മാത്രം അഭയം പ്രാപിക്കാനുമാവില്ല എന്നും അദ്ദേഹം വാദിക്കുന്നു.ഇതുരണ്ടും സന്തുലിതമായി നിൽക്കുമ്പോഴാണ്, ടോൾസ്റ്റോയി, മോളിയേർ, മെൽവിൽ  എന്നിവരെപ്പോലെ, മികച്ച കലാനുഭവം സൃഷ്ടിക്കാനാകുന്നത് .ഈ സംഘർഷം ഏറ്റെടുക്കുന്നതും  യാതനയാണ് .എന്നാൽ ഇതിനു  തയ്യാറല്ലാത്തവർ ദന്തഗോപുരങ്ങളിലോ സമൂഹത്തിൻ്റെ  ഭദ്രാസനസഭകളിലോ  അഭയം കണ്ടെത്തി രക്ഷപ്പെടുകയാണ് പതിവ്. ചാരുകസേര ബുദ്ധിജീവികളെയാണ് ഇക്കൂട്ടർ സൃഷ്ടിക്കുന്നത് .ഇവർ സ്വയം ഒരു പ്രലോഭനമല്ല .അതേസമയം ഒരു കലാകാരന് അവൻ്റെ  ഏകാന്തതയിൽ ഏറ്റവും വലിയ പ്രലോഭനം അവൻ തന്നെയാണെന്ന് കമ്യൂ  വിശദീകരിക്കുന്നു. സങ്കടങ്ങളോടും  സന്തോഷങ്ങളോടും നിരന്തരം സംവദിച്ചുകൊണ്ട് കല അതിൻ്റെ  ശത്രുക്കൾക്കെതിരെ സ്വയം  ന്യായീകരിക്കുന്നതിവിടെയാണ്.


സൗന്ദര്യാനുഭവം


"സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന നവോത്ഥാനം സൃഷ്ടിക്കുകയല്ല കലയുടെ ലക്ഷ്യം.  എന്നാൽ ആ കലയില്ലെങ്കിൽ നവോത്ഥാനം ശൂന്യമായിരിക്കുമെന്ന് കമ്യൂ വ്യക്തമായി പറയുന്നു .സമൂഹത്തിനു വേണ്ടത് കലയും സംസ്കാരവും  സ്വാതന്ത്ര്യവുമാണ്. കലയുടെ അഭാവത്തിൽ സമൂഹം ഒരു വനമായി അവശേഷിക്കും"- കമ്യൂ എഴുതുന്നു.


മലയാളത്തിൽ ഇപ്പോൾ ദന്തഗോപുരവാസവും ദുഷിച്ച ആത്മാനുരാഗവും സാംസ്കാരിക പൊങ്ങച്ചവുമാണ് ആധിപത്യം ചെലുത്തുന്നത്.സാഹിത്യനിരൂപണത്തിൽ സാമൂഹ്യവിശകലനത്തിൻ്റെ സാധ്യതകൾ ( ജനശക്തി ,നവംബർ 15) എന്ന പേരിൽ എൻ. പ്രഭാകരൻ എഴുതിയ ലേഖനം, യാഥാസ്ഥിതികവും ഉപരിപ്ലവവും മുൻവിധി നിറഞ്ഞതുമായ സാഹിത്യവീക്ഷണത്തിൻ്റെ ജീർണതയത്രയും തുറന്നുകാണിക്കുന്നുണ്ട്. 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ ഭാഷയും സൗന്ദര്യ വഴികളും  മലയാളി ആസ്വദിച്ചത് അവൻ്റെ  മനസ്സിൽ പ്രാക്തനവിശ്വാസങ്ങൾ നിലനിന്നതുകൊണ്ടാണെന്ന് പ്രഭാകരൻ പറയുന്നത് ഇതിനു തെളിവാണ്.സാഹിത്യകലയുടെ സൗന്ദര്യത്തെ സമീപിക്കാനുള്ള ഒരു മാർഗവും പ്രഭാകരൻ്റെ പക്കലില്ലെന്ന് ഇത് വ്യക്തമാക്കുകയാണ്. സാഹിത്യം പ്രത്യയശാസ്ത്രമല്ല ,സൗന്ദര്യാനുഭവമാണ്. ഖസാക്കിലെ  പ്രധാന കഥാപാത്രമായ രവി സ്നേഹിക്കുന്ന പെണ്ണ് ഉയർന്ന മധ്യവർഗ്ഗസ്റ്റാറ്റസ് പുലർത്തുന്നവളായതുകൊണ്ടാണ്  വായനക്കാർ സ്വീകരിച്ചതെന്ന്   തട്ടിമൂളിക്കുന്നത് എത്ര ബുദ്ധിശൂന്യമാണ്! . പ്രാഥമികമായി നോവൽ കലാശില്പമാണെന്ന ധാരണയുണ്ടായിരുന്നെങ്കിൽ ഇണ്ടനെ പറയില്ലായിരുന്നു.


പ്രഭാകരനു ഇപ്പോഴും സർഗാത്മകതയുടെ  അടിയൊഴുക്കുകൾ വ്യക്തമായി മനസ്സിലായിട്ടില്ല .മനോഹരമായ വാക്യങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ് ?  അതിനടിയിൽ വിവിധസൗന്ദര്യ ധാരകളുടെയും  മിത്തുകളുടെയും സമ്മിശ്രമായ അനുഭവം  എങ്ങനെയാണുണ്ടാകുന്നത് ?ഈ 'മധ്യവർഗസ്റ്റാറ്റസും' കൊണ്ടു ആധുനിക മനസ്സിനെ എങ്ങനെയാണ് ഗ്രഹിക്കുക ? ഇവിടെയും പ്രഭാകരൻ്റെ വഴിതെറ്റിയ വായന അവസാനിക്കന്നില്ല. രവി കമ്യൂണിസ്റ്റുകാരെ കളിയാക്കിയതുകൊണ്ടാണത്രേ നോവലിനു സ്വീകാര്യത ലഭിച്ചത് ?


ഇത്രയും ആശയചർച്ചകൾ നടന്നുകഴിഞ്ഞ കാലഘട്ടത്തിലും ചിലർ  ഇതുപോലുള്ള പിന്തിരിപ്പൻ വാദങ്ങൾ ഉന്നയിക്കുകയാണ്! ആലോചനയില്ലാത്തതുമൂലം  വന്ധ്യത ബാധിച്ച ഭാഷയാണ് പ്രഭാകരൻ്റേത്. മനസ്സിൻ്റെ ഊഷരതയാണ് അത് പകരുന്നത്‌. 


വാക്കുകൾ 


1)ജീവിതം നമുക്ക് നിരാകരിച്ചതെന്താണോ അത് രണ്ടാമത് അനുഭവിക്കാൻ അവസരം ഉണ്ടാക്കിത്തരുകയാണ് കഥാസാഹിത്യം.

പോൾ തെരൂ,

(അമെരിക്കൻ സാഹിത്യകാരൻ )


2)മൃഗങ്ങളോടുള്ള ഒരാളുടെ സമീപനം നോക്കിയാൽ നമുക്ക് അയാളുടെ മനസ്സ് അറിയാം.

ഇമ്മാനുവൽ കാൻ്റ്,

(ജർമ്മൻ തത്ത്വചിന്തകൻ)


3)നമ്മുടെ സംസ്കാരത്തിലെ ഏറ്റവും വലിയ നുണങ്ങളിലൊന്നാണ് ലിംഗവ്യത്യാസം .

ബെർനാർഡിൻ എവാറിസ്റ്റോ ,

(ബ്രിട്ടീഷ് എഴുത്തുകാരി )


4)കണ്ണുകളടച്ച്, അനങ്ങാതെ, മനസ്സ് എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുക .മനസ്സ് ചെയ്യുന്നതെന്താണോ ,അതുമായി മനസ്സിന് ഒരു ബന്ധവുമില്ല.

ജോർജ് സോണ്ടേഴ്സ് ,

(അമെരിക്കൻ എഴുത്തുകാരൻ )


5)സന്തോഷം നിങ്ങളുടെ കൈപ്പിടിയിലായിരിക്കുമ്പോൾ അത് ചെറുതായി തോന്നും. എന്നാൽ പിടിവിടുന്നതോടെ അത് എത്രമാത്രം വിലപ്പെട്ടതും ബൃഹത്തുമാണെന്ന് പെട്ടെന്ന് മനസ്സിലാകും .

മാക്സിം ഗോർക്കി ,

(റഷ്യൻ സാഹിത്യകാരൻ )


കാലമുദ്രകൾ 


1)കെ. പി. ഉദയഭാനു 


വള്ളത്തോളിൻ്റെ 'വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ വരേണ്യയെ , വന്ദിപ്പിൻ വരദയെ ' എന്നു തുടങ്ങുന്ന കവിത കെ. പി .ഉദയഭാനു സംഗീതം നൽകി, യേശുദാസ് ആലപിച്ചപ്പോൾ അത്  മലയാളം എന്ന ബോധത്തിൻ്റെ  

പീയൂഷധാരയായി.


2)കെ. പി .നിർമ്മൽകുമാർ


ഒരു കഥയെ  കെ.പി.നിർമ്മൽകുമാർ ചിലപ്പോൾ പ്രബന്ധത്തിൻ്റെയോ , പ്രഭാഷണത്തിൻ്റെയോ രൂപത്തിൽ ആവിഷ്കരിക്കും. ഇത് കഥ പറച്ചിലിൻ്റെ ഗതാനുഗതികത്വം ഒഴിവാക്കാൻ സഹായിക്കാറുണ്ട്.


3)എം.പി.പോൾ 


കാരൂർ തുടങ്ങിയവരോടൊപ്പം എം. പി. പോൾ തുടങ്ങിയ സാഹിത്യപ്രവർത്തക സഹകരണസംഘം എഴുത്തുകാരെ പൊതുവിൽ രക്ഷിക്കാനുള്ള സംരംഭമായിരുന്നു. കുറച്ചുപേർ മാത്രം രക്ഷപ്പെട്ടാൽ മതി എന്ന ചിന്ത എം.പി. പോളിനെ ഭരിക്കാതിരുന്നത് ഒരു വലിയ സംസ്കാരത്തിൻ്റെ  ഓർമ്മകളായി ഇപ്പോൾ  അവശേഷിക്കുകയാണ്.


4)കെ. പി. എ. സി. സുലോചന 


ഗായിക കെ. പി. എ. സി .സുലോചനയുടെ ശബ്ദം മലയാളിയെ, എവിടെയായിരുന്നാലും , ഗൃഹാതുരത്വത്തോടെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കാലഘട്ടത്തിൻ്റെ ആത്മഘടകങ്ങൾ അതിലുണ്ട്.


5)പവനൻ


അവാർഡോ, ബഹുമതിയോ തനിക്കുമാത്രം കിട്ടിയാൽ മതിയെന്ന് ചിന്തിക്കാത്ത മഹാന്മാരുടെ ശ്രേണിയിൽ, ഇതാ തലയുയർത്തിപ്പിടിച്ചു നിൽക്കുകയാണ് പവനൻ എന്ന എഴുത്തുകാരൻ.ജനിതക കോഡ്


 മോഹൻ സുന്ദരരാജൻ എഴുതിയ 'കോഡ് ഓഫ് ലൈഫ് -റെവല്യൂഷൻസ് ഇൻ  സൊസൈറ്റി 'എന്ന പുസ്തകത്തിൽ ജനിതക കോഡ് വായിക്കാൻ മാത്രമല്ല, അത് ഇഷ്ടപ്പെട്ട രീതിയിൽ പുനസംരചന നടത്താനും മനുഷ്യനു  കഴിയും എന്ന് വിവരിച്ചിരിക്കുന്നു. പുതിയ കണ്ടുപിടുത്തം എന്ന നിലയിലാണ് ഇത് പറയുന്നത്. നഷ്ടപ്പെട്ട അവയവങ്ങൾ ശരീരത്തിലെ സ്റ്റെം സെല്ലുകൾ കൊണ്ട് വീണ്ടും വളർത്തിയെടുക്കാം എന്ന് കണ്ടുപിടിച്ചിരിക്കുന്നു. ഇതു യാഥാർത്ഥ്യമാവുകയാണെങ്കിൽ വാർദ്ധക്യം ,ഓർമ്മക്കുറവ്, അപകടങ്ങൾ തുടങ്ങിയവ മാനവരാശിക്ക് ഒരു  ഭീഷണി അല്ലാതാകും.പുരാണങ്ങളിൽ നമ്മൾ കണ്ടത് യാഥാർത്ഥ്യമാകുമോ ?


ക്യാമറയിൽ നിന്ന് അകലെ


എൻ. ജി .ഉണ്ണികൃഷ്ണൻ അധികം എഴുതാറില്ല . ഒരു കവിയശ:പ്രാർത്ഥിയല്ലാത്തതുകൊണ്ട് അദ്ദേഹത്തെ ആരും വിഗ്രഹമാക്കിയില്ല. ഇപ്പോൾ ഉണ്ണികൃഷ്ണൻ്റെ 'സ്വകാര്യം' (മാധ്യമം ആഴ്ചപ്പതിപ്പ് ,നവംബർ 30 ) വായിച്ചതേയുള്ളു. കിടപ്പറയിലേക്കു വരെ ക്യാമറകൾ നടന്നുകയറിയ, മനോഗതങ്ങൾ വരെ ഗൂഗിൾ  ചികഞ്ഞെടുക്കുന്ന നവസംസ്കാരത്തിൽ അസ്വസ്ഥനാകുന്ന കവിയെ ഇതിൽ കാണാം:

"ഓമനേ നിന്നെ രഹസ്യമായി 

ഉമ്മ വയ്ക്കുന്നതാണ്

എനിക്കിഷ്ടം

മെഴുക്കിട്ട് 

മപ്പടിച്ചലർച്ചകൾ മുഴക്കും 

അഭ്യാസിയാകേണ്ടെനിക്ക്.

നിന്നെ ഉമ്മവയ്ക്കുമ്പോഴെങ്കിലും

വേണമെങ്കിൽ 

ജനലരികിലെ വൃക്ഷത്തിൽ 

ചേക്കേറിയ കിളികളത് 

കണ്ടുകൊള്ളട്ടെ" .


മുഹമ്മദ് ബഷീർ എഴുതിയ 'ആദായ വില്ലനയിലെ ശവക്കച്ചകൾ' ( കലാകൗമുദി ,നവംബർ 15) എന്ന കവിതയിൽ മോർച്ചറിക്കു മുന്നിലെ തുണിക്കച്ചവടമാണ് വിഷയം. എല്ലാം വിഷാദമാണെന്ന പരമാർത്ഥം ഇവിടെ കടന്നുവരുന്നു.


ബക്കർ മേത്തലയുടെ  'വിശറി' (മാധ്യമം ആഴ്ചപ്പതിപ്പ് ,നവംബർ 23) നഗര സംസ്കാരത്തിൻ്റെ ഭീതി പകർന്നു. വിശറിക്ക് കാറ്റു വേണ്ടാതായി;വീശുന്നവനും.


Link, Aksharajalakam 


Thursday, December 3, 2020

പദാനുപദം / എം.കെ.ഹരികുമാർ / കേസരി ,ഡിസം. 4

അക്ഷരജാലകം/എം.കെ.ഹരികുമാർ / ദസ്തയെവ്സ്കിയുടെ കഥ /metrovartha, 30-11-2020

1847 ൽ റഷ്യൻ സാഹിത്യകാരനായ  ദസ്തയേവ്സ്കി ' എ നോവൽ ഇൻ നൈൺ ലെറ്റേഴ്സ് ' എന്ന കഥയെഴുതിക്കൊണ്ട്  ഫിക്ഷനെക്കുറിച്ചുള്ള സങ്കല്പത്തെ  വഴിതിരിച്ചുവിടുകയുണ്ടായി. അദ്ദേഹത്തിൻ്റെ സാഹിത്യരചനയുടെ പ്രാരംഭകാലത്തുള്ള  കഥയാണിത്. എന്നിട്ടും തൻ്റെ മാധ്യമത്തെ വെറും അനുകരണമാക്കാതെ സ്വന്തമായി പുനർദർശനം നടത്താൻ അദ്ദേഹം തയ്യാറായി.


പുറമേ നോക്കിയാൽ  രണ്ട് ബിസിനസ് സുഹൃത്തുക്കൾ കൈമാറുന്ന ഒൻപതു കത്തുകളാണുള്ളത് .അതിലൂടെ അവർ  വ്യക്തിഗതമായി  ,എങ്ങനെ നശിക്കുന്ന ആഗ്രഹങ്ങളുടെ കൂടാരമായി മാറുന്നുവെന്ന്  കാണിച്ചുതരുന്നു .ഒൻപതു കത്തുകളിൽ ഒരു നോവൽ ' എന്ന ഈ കഥയിൽ പിയത്തോർ ഇവാനിച്ചും ഇവാൻ പെട്രോവിച്ചും കൈമാറുന്ന കത്തുകളാണ് സംസാരിക്കുന്നത്.പിയത്തോർ ചില കാര്യങ്ങൾ  സംസാരിക്കാൻ പെട്രോവിച്ചിനെ കാണാൻ ആഗ്രഹിക്കുന്നു .അതിനാണ് കത്തെഴുതുന്നത്. നേരിട്ടു കാണാൻ  അയാൾ പലവട്ടം ശ്രമിച്ചതായി കത്തിൽ പറയുന്നുണ്ട്. എന്നാൽ അതിൽ  പരാജയപ്പെട്ടു.  ഇക്കാര്യമറിഞ്ഞ്  പെട്രോവിച്ച് പലതവണ പിയത്തോറിനെ കാണാനായി പലയിടത്ത് കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഓരോ കാരണത്താൽ അയാൾ  ഒഴിഞ്ഞുമാറുന്നു. അത് തൻ്റെ  തിരക്കുമൂലമാണെന്ന് പറഞ്ഞു വീണ്ടും കത്തെഴുതുന്നു.പിയത്തോർ തന്നിൽ നിന്ന് വാങ്ങിയ പണം തരാതിരിക്കാനാണ് ഒഴിഞ്ഞുമാറുന്നതെന്നും അയാൾ ചതിയനാണെന്നും ആരോപിച്ച് പെട്രോവിച്ച് കത്തയയ്ക്കുന്നു.ഇതോടെ അവരുടെ ബന്ധം വഷളാകുന്നു. സൗഹൃദത്തിൻ്റെ പേരിൽ  കൊടുത്ത പണം കരാറായി മാറുന്നു.അവർ കത്തുകളിലൂടെ ദിവസവും ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും, ഫലത്തിൽ അവർ അകലുകയാണ്. എല്ലാം തെറ്റായ ധാരണയുടെ ഫലമാണെന്ന് പിയത്തോർ എഴുതുന്നുണ്ടെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല. രണ്ടു പേരും യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കുകയും പരസ്പരം ബഹുമാനിക്കുന്നതായി കളവു പറയുകയും ചെയ്യുന്നു .രണ്ടു പേരും തുറന്നെഴുതാതെ ഉപചാര ക്കൾക്ക് ഊന്നൽ കൊടുക്കുന്നു. യഥാർത്ഥത്തിൽ അവർക്കിടയിലെ പ്രശ്നമെന്താണെന്ന് രണ്ടു പേർക്കും വിശദീകരിക്കാനാവുന്നില്ല.അവർ ദീർഘമായി എഴുതുന്നുണ്ടെങ്കിലും വാക്കുകൾ പാഴാകുകയാണ്. അവർക്ക് സ്വന്തം വാക്കുകളിലോ അന്യരുടെ വാക്കുകളിലോ വിശ്വാസമില്ല.


ആശയവിനിമയമില്ല


അതേസമയം ഒരാൾ മറ്റൊരാളുടെ വാക്കുകൾക്കു പിന്നിലെ സത്യം അറിയാൻ രഹസ്യാന്വേഷണം നടത്തുന്നുമുണ്ട്.ഇത് അവരെ ശത്രുക്കളാക്കി മാറ്റുന്നു. പറയുന്നതെല്ലാം കളവാണല്ലോ.  വ്യക്തിയുടെ മനസ്സ് ആശയ വിനിമയത്തിലൂടെ ,കത്തുകളിലൂടെ നശിക്കുന്നതാണ് നാം കാണുന്നത്. കൂടുതൽ ആശയവിനിമയം നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ദസ്തയെവ്സ്കി റഷ്യൻ ജനതയെ സാക്ഷിനിറുത്തി പറഞ്ഞിരിക്കുന്നു.


ഈ കഥ വായിച്ചു തീരുന്നതോടെ ഇതിലെ കഥാപാത്രങ്ങൾ മാത്രമല്ല വായനക്കാരും തകരുന്നു. ഒടുവിൽ രണ്ടു പേർക്കും കിട്ടുന്ന കത്തുകൾ അവർ എഴുതിയതല്ല; അവരുടെ ഭാര്യമാർ എഴുതിയതാണ് .ഇത്  എല്ലാ മുൻധാരണകളും തെറ്റിക്കുന്നു. ഇവരുടെ തർക്കമോ അകൽച്ചയോ  ഒന്നും തന്നെ കാതലായ പ്രശ്നങ്ങളായിരുന്നില്ലെന്ന് ബോധ്യമാകും.


പിയത്തോറിൻ്റെ ഭാര്യ വലിയൊരു  ഭൂവുടമയായ യെവ്ജനി നികോളയിച്ചുമായി  പ്രണയത്തിലായിരുന്നു .അയാൾ അവരുടെ കുടുംബ സുഹൃത്തായിരുന്നു.അവൾ അയാളെ തൻ്റെ  വീട്ടിലേക്ക് ,പിയത്തോർ ഇല്ലാത്ത സമയത്ത് ,ക്ഷണിക്കുകയാണ്.പെട്രോ വിച്ചാണ് ഈ കത്തയച്ചിരിക്കുന്നത്. ഇതു വായിച്ച് ക്ഷീണിതനായ പിയത്തോർ മറ്റൊരു കത്ത് അയക്കുന്നു.  ആ കത്ത്  പെട്രോവിച്ചിൻ്റെ ഭാര്യ എഴുതിയതാണ്.യുവകോമളനായ നികോളയിച്ചിനെ കല്യാണം  കഴിക്കാൻ തീരുമാനിച്ച കാര്യമാണ് അതിൽ  എഴുതിയിരിക്കുന്നത് .അതായത് ,പിയത്തോറിൻ്റെയും പെട്രോവിച്ചിൻ്റെയും ഭാര്യമാർ പണക്കാരനായ നികോളയിച്ചു മായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഒരാൾ രഹസ്യ കാമുകിയായിരിക്കുമ്പോൾ മറ്റേയാൾ അയാളുമായി കല്യാണം കഴിച്ച് താമസിക്കാൻ പോകുകയാണ്.പിയത്തോറിൻ്റെ ഭാര്യയുടെ കാര്യം പെട്രോവിച്ചിനും പെട്രോവിച്ചിൻ്റെ ഭാര്യയുടെ കാര്യം പിയത്തോറിനും അറിയാമായിരുന്നു.അവർ മൂടിവച്ച കാര്യമാണത്. കത്തയച്ച് അകന്നപ്പോൾ അവർ അത് ആയുധമായി ഉപയോഗിക്കുന്നു.


ഭാര്യമാരുടെ പ്രണയം


ഇവർ എങ്ങനെയാണ് അന്യൻ്റെ ഭാര്യ എഴുതിയ കത്ത് സ്വന്തമാക്കിയത് ? തീർച്ചയായും അഴകിയ രാവണനായ നികോളയിച്ചിൽ നിന്നും കൈക്കലാക്കിയതാണ്. ആ രാവണൻ രണ്ടു പെണ്ണുങ്ങളെയും കബളിപ്പിക്കുകയായിരുന്നെന്ന് അറിയുന്നത് ഒടുവിൽ മാത്രം . ഈ കഥയിൽ ,പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ മധ്യവർഗജീവിതത്തെ കാർന്നുതിന്ന യൂറോപ്യൻ വ്യക്തിവാദവും  ധാർമ്മിക അപചയവുമാണ് ദസ്തയെവ്സ്കി തുറന്നു കാണിക്കുന്നത്. ഒൻപത് കത്തുകളിലൂടെ താനൊരു  നോവലാണ് തരുന്നതെന്ന ധ്വനി വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ജീർണിച്ച ഒരു വ്യവസ്ഥിതിയിൽ ആദ്യം ദുഷിക്കുന്നത് വാക്കുകളായിരിക്കും. ഹൃദയമില്ലാത്ത വാക്കുകൾ നാലുപാടും ചിതറും .വാക്കുകളിൽ വിശ്വാസമില്ലാതെ ദീർഘമായി സംസാരിക്കുന്നവരെ തലങ്ങും വിലങ്ങും കാണാമായിരിക്കും. അവർ എഴുതുന്നതും പറയുന്നതും എന്തെങ്കിലും വിനിമയം ചെയ്യാനല്ല; വെറുതെ വാക്കുകൾകൊണ്ട് മറ സൃഷ്ടിക്കാനാണ്. അവർ വാക്കുകൾ ഉപയോഗിക്കുന്നത് വെറുക്കാനും അകലാനുമാണ് .വാക്കുകളെ വില്പനയ്ക്ക് വച്ച ഇറച്ചിത്തുണ്ടുകൾ പോലെ ആളുകൾ വാങ്ങിയെടുക്കും.ഈ കഥയിലെ ദൈർഘ്യമേറിയ കത്തുകളിലൂടെ അവർ എത്ര മാത്രം നിസ്സാരവത്ക്കരിക്കപ്പെട്ടു ,ഉള്ള് പൊള്ളയായി അധ:പതിച്ചു! .


കഥയിൽ ജീവിച്ചാലേ അതിൻ്റെ  അടിത്തട്ടിലുള്ള ചലനങ്ങൾ മനസ്സിലാവുകയുള്ളൂ .മലയാള കഥയിൽ ഇതുപോലുള്ള അത്ഭുതങ്ങൾ സംഭവിക്കുന്നില്ല, രണ്ട് പതിറ്റാണ്ടങ്കിലുമായിട്ട് .വിജയൻ്റെ  'അരിമ്പാറ ' വായിച്ചശേഷം അതുപോലൊരു കനം  പിന്നീട് അനുഭവപ്പെട്ടില്ല. എം.ടി യുടെ 'ഷെർലക്ക് 'ഉജ്ജ്വലമായ ഒരു ആവിഷ്കാരമായിരുന്നു .ഒരു പൂച്ചയിലൂടെ എം.ടി പ്രവാസത്തെയും മുതലാളിത്ത ജീവിതത്തെയും അളന്നെടുത്തു. ടി.പത്മനാഭൻ്റെ 'ഗൗരി 'എത്ര ആവേശത്തോടെയാണ് നമ്മൾ വായിച്ചത്. തീക്ഷണമായ അനുഭവമായിരുന്നു അത്.


പത്മനാഭൻ്റെ കഥ 


 തൊണ്ണൂറ്റിയൊന്നാം  വയസ്സിലെത്തിയ ടി.പത്മനാഭൻ ഇപ്പോഴും ആവേശഭരിതനായി കഥകൾ എഴുതുന്നു. ഇത്  ആഹ്ലാദകരമാണ്. പ്രായമായെങ്കിലും തൻ്റെ  ആഖ്യാനത്തിലൂടെ അദ്ദേഹം കഥ എന്ന മാധ്യമത്തെ യുവത്വത്തിൽ പിടിച്ചുനിർത്തിയിരിക്കുന്നു. തീവ്രമായ ഏകാന്തതയിലും, വസന്തത്തിലെ  പൂക്കൾ എന്നപോലെ ആത്മീയമായ കണങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാലേ ഇങ്ങനെ എഴുതനൊക്കൂ. പത്മനാഭൻ ഈ ലോകത്തിൽ മറ്റെല്ലാറ്റിൽ നിന്നും വേർപെട്ട് തൻ്റെ  കഥ എന്ന സർഗാത്മക ഇടനാഴിക്കായി വിശുദ്ധമായ തപസ്സ് ചെയ്യുന്നുണ്ട്.  അതുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .അദ്ദേഹത്തിൻ്റെ  'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 29 ) എന്ന കഥയിലും  സ്നേഹവും പ്രകൃതി രമണീയതയും കവിതയും ഓർമ്മകളുമുണ്ട്. ഇത് പത്മനാഭൻ്റെ   മേഖലയാണ് .താൻ ജീവിക്കുന്നത് ബാബുവിനെപോലെയുള്ള സ്നേഹിതന്മാരിലാണെന്ന് കഥാകൃത്ത് വിളിച്ചുപറയുന്ന പോലെ തോന്നി .ഈ കഥയിലും , മിക്കപ്പോഴും കാണാറുള്ളതുപോലെ, പത്മനാഭൻ  തന്നെയാണ് കഥാപാത്രമായി വരുന്നത്. ഔദ്യോഗിക ജീവിതത്തിൽ പരിചയപ്പെട്ട ബാബുവിനെ അദ്ദേഹം ഓർമ്മകൾകൊണ്ട് ആദരിക്കുന്നു. മനുഷ്യരിൽ പത്മനാഭനു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല .നല്ലവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന സ്വപ്നം അല്ലെങ്കിൽ ആദർശം വരണ്ട  നമ്മുടെ മനസ്സിനെ ആർദ്രമാക്കാതിരിക്കുകയില്ല.


 വാക്കുകൾ


1) തന്നെ ചലിപ്പിക്കാൻ ഒരാൾക്കൂട്ടം വേണമെന്ന് ചിന്തിക്കുന്നയാൾ വളരെ ഏകാകിയാണ്, അയാൾ ചിന്തിക്കുന്നതിനേക്കാൾ.

പോൾ ബ്രണ്ടൻ ,

(ബ്രിട്ടീഷ് ഗ്രന്ഥകാരൻ ) .


2)തീവ്രമായ പ്രണയം കരച്ചിലിലാണ്  അവസാനിക്കുന്നത് .

ലൂയി ഗ്ളിക്ക് 

(അമെരിക്കൻ പെൺകവി)


3)സൗന്ദര്യത്തിൽ നാം കീഴടക്കേണ്ടത്  വഞ്ചനാത്മകവും അപ്രതിരോധ്യവുമായ കാര്യങ്ങളാണ്.

ലാസ്ലോ  ക്രാസ്നാഹോർക്കേ,

(ഹംഗേറിയൻ നോവലിസ്റ്റ് )


4) പങ്കാളിയുമായി പലതവണ പ്രണയത്തിലാകാൻ 

കഴിഞ്ഞാലേ വിജയകരമായ ദാമ്പത്യം  സാധ്യമാവുകയുള്ളൂ .

മിഗ്നോൺ മക്ലാഫ്ലിൻ ,

(അമെരിക്കൻ പത്രപ്രവർത്തക )


5)കഠിനമായ സാഹചര്യങ്ങളിൽ സാധാരണക്കാരായ ആളുകൾ നേടുന്ന വിജയങ്ങൾ  മഹത്തായ കാര്യങ്ങളാണ്. അതിനെക്കുറിച്ച്  എഴുതണമെന്നുള്ളത് എൻ്റെ  നിശ്ചയമായിരുന്നു.


ഡഗ്ലസ് സ്റ്റുവർട്ട് ,

(സ്കോട്ടിഷ്‌ -അമെരിക്കൻ എഴുത്തുകാരൻ ,

2020 ൽ 'ഷഗ്ഗി ബെയ്ൻ' എന്ന നോവലിനു  ബുക്കർ പ്രൈസ് ലഭിച്ചു.)


കാലമുദ്രകൾ


1)ഡോ. എൻ .വി .പി .ഉണിത്തിരി


എൻ.വി.പി.ഉണിത്തിരിയുടെ 'സംസ്കൃത സാഹിത്യവിമർശം'എന്ന കൃതി സുഗ്രാഹ്യവും സമഗ്രവുമായ ഒരു കാവ്യമീമാംസാപര്യടനമാണ്. ഇത്ര സംക്ഷിപ്തമായി ,സൂക്ഷ്മമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുന്നവർ ചുരുങ്ങും.


2) വൈലോപ്പിള്ളി


 ചന്ദ്രനസ്തമിക്കുന്നതിനു മുൻപ് കായലുകൾ ഏറ്റുവാങ്ങുന്ന കട്ടപിടിച്ച മൂകതയുടെയും നിരർത്ഥകതയുടെയും അവസ്ഥയെക്കുറിച്ച് വെപ്രാളത്തോടെ എഴുതാൻ വൈലോപ്പിള്ളിക്കേ കഴിയൂ: " നിരർത്ഥത നിരുപിച്ചഗാധതയിൽ

താവിനില്ക്കും വിരക്തിതൻ ചളി " .


3) കെ.എസ്.മണിലാൽ 


നമ്മുടെ ഭാഷയിൽ മഹാഭാരതത്തിൻ്റെ  പരിഭാഷ അതുല്യമാണ്. അതുപോലെ മഹത്തായ ഒരു സംഭവമാണ്, സസ്യശാസ്ത്രജ്ഞനായ കെ. എസ് .മണിലാൽ 'ഹോർത്തൂസ് മലബാറിക്കുസ് ' (ലാറ്റിൻ ഭാഷ)എന്ന പന്ത്രണ്ട്  വാല്യങ്ങളുള്ള സസ്യശാസ്ത്രഗ്രന്ഥം  ഇംഗ്ലീഷിലേക്കും  മലയാളത്തിലേക്കും  പരിഭാഷചെയ്തത്. ഇതിനായി മണിലാൽ മുപ്പത്തഞ്ച് വർഷങ്ങളാണ് ചെലവഴിച്ചത്.


4)ഞെരളത്ത് രാമപൊതുവാൾ 


സംഗീതജ്ഞനും  സോപാനസംഗീതത്തിൻ്റെ  പ്രയോക്താവുമായ ഞെരളത്ത് രാമപൊതുവാൾ തൻ്റെ അന്യാദൃശമായ ശബ്ദത്തിലൂടെ ,കലുഷിതമായ സാമൂഹികമണ്ഡലത്തെ ആന്തരികമായി സമാശ്വസിപ്പിച്ചു.


5) ബി.ഡി.ദത്തൻ


വശ്യമായ ,ഗഹനമായ ശൈലികൊണ്ട് ചിത്രകലയെ അനുഭൂതിയുടെ വായ്ത്തലയിൽ മിനുക്കിയ കലാകാരനാണ് ബി.ഡി.ദത്തൻ.അദ്ദേഹം പി.ഭാസ്ക്കരൻ്റെ  'ഒറ്റക്കമ്പിയുള്ള തംബുരു ' എന്ന  കാവ്യത്തിനുവേണ്ടി വരച്ച ചിത്രങ്ങൾ  മനോഹരം  മാത്രമല്ല, അപാരവുമാണ്.


വിവേകാനന്ദ കേന്ദ്രം


കന്യാകുമാരി വിവേകാനന്ദസ്മാരകം ലോകത്തിലെ തന്നെ വ്യത്യസ്തമായ ഒരു ആത്മീയകേന്ദ്രമാണ്. സ്വാമിജി ജ്ഞാനദാഹത്താൽ സ്വയം എരിയുകയായിരുന്നല്ലോ. ചിക്കാഗോ പ്രസംഗം ഗംഭീരമായിരുന്നു. എന്നാൽ അന്ന് സ്വാമി ഭക്ഷണം കഴിച്ചിരുന്നില്ല. കൈയിൽ പണമില്ലായിരുന്നു. പച്ചവെള്ളം കുടിച്ചുകൊണ്ടാണ്  ആ മഹാപ്രഭാഷണം ചെയ്തത്. കന്യാകുമാരി  വിവേകാനന്ദസ്മാരകം ഇന്ത്യൻജനതയുടെ ശ്രദ്ധാഞ്ജലിയാണ്.


വി.റെജികുമാർ എഴുതിയ 'കടൽ നടുവിലെ വിവേകചന്ദ്രിക' ( മെട്രൊവാർത്ത വാർഷികപ്പതിപ്പ് )എന്ന ലേഖനം പ്രസക്തവും ഉചിതവുമായി. 1970 ൽ   വിവേകാനന്ദകേന്ദ്രം ഉദ്ഘാടനം ചെയ്തു .സ്മാരക നിർമ്മാണത്തിൻ്റെ ആലോചനകൾ കേന്ദ്രീകരിച്ച ഇടം 1972 ൽ   വിവേകാനന്ദകേന്ദ്രം എന്ന് നാമകരണം ചെയ്യപ്പെട്ടു.  റെജികുമാർ എഴുതുന്നു: "വിവേകാനന്ദപ്പാറയിലെ സ്മാരക നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ രേഖകളും ചിത്രങ്ങളും വിവരങ്ങളും ഈ കേന്ദ്രത്തിലെ മ്യൂസിയത്തിൽ കാണാം " .ഒരു  കടലോര വനമാണിത് ( മുനമ്പിനു ഒന്നര കിലോമീറ്റർ മുമ്പ് ) .


 ?