Thursday, December 3, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / ദസ്തയെവ്സ്കിയുടെ കഥ /metrovartha, 30-11-2020

1847 ൽ റഷ്യൻ സാഹിത്യകാരനായ  ദസ്തയേവ്സ്കി ' എ നോവൽ ഇൻ നൈൺ ലെറ്റേഴ്സ് ' എന്ന കഥയെഴുതിക്കൊണ്ട്  ഫിക്ഷനെക്കുറിച്ചുള്ള സങ്കല്പത്തെ  വഴിതിരിച്ചുവിടുകയുണ്ടായി. അദ്ദേഹത്തിൻ്റെ സാഹിത്യരചനയുടെ പ്രാരംഭകാലത്തുള്ള  കഥയാണിത്. എന്നിട്ടും തൻ്റെ മാധ്യമത്തെ വെറും അനുകരണമാക്കാതെ സ്വന്തമായി പുനർദർശനം നടത്താൻ അദ്ദേഹം തയ്യാറായി.


പുറമേ നോക്കിയാൽ  രണ്ട് ബിസിനസ് സുഹൃത്തുക്കൾ കൈമാറുന്ന ഒൻപതു കത്തുകളാണുള്ളത് .അതിലൂടെ അവർ  വ്യക്തിഗതമായി  ,എങ്ങനെ നശിക്കുന്ന ആഗ്രഹങ്ങളുടെ കൂടാരമായി മാറുന്നുവെന്ന്  കാണിച്ചുതരുന്നു .ഒൻപതു കത്തുകളിൽ ഒരു നോവൽ ' എന്ന ഈ കഥയിൽ പിയത്തോർ ഇവാനിച്ചും ഇവാൻ പെട്രോവിച്ചും കൈമാറുന്ന കത്തുകളാണ് സംസാരിക്കുന്നത്.പിയത്തോർ ചില കാര്യങ്ങൾ  സംസാരിക്കാൻ പെട്രോവിച്ചിനെ കാണാൻ ആഗ്രഹിക്കുന്നു .അതിനാണ് കത്തെഴുതുന്നത്. നേരിട്ടു കാണാൻ  അയാൾ പലവട്ടം ശ്രമിച്ചതായി കത്തിൽ പറയുന്നുണ്ട്. എന്നാൽ അതിൽ  പരാജയപ്പെട്ടു.  ഇക്കാര്യമറിഞ്ഞ്  പെട്രോവിച്ച് പലതവണ പിയത്തോറിനെ കാണാനായി പലയിടത്ത് കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഓരോ കാരണത്താൽ അയാൾ  ഒഴിഞ്ഞുമാറുന്നു. അത് തൻ്റെ  തിരക്കുമൂലമാണെന്ന് പറഞ്ഞു വീണ്ടും കത്തെഴുതുന്നു.പിയത്തോർ തന്നിൽ നിന്ന് വാങ്ങിയ പണം തരാതിരിക്കാനാണ് ഒഴിഞ്ഞുമാറുന്നതെന്നും അയാൾ ചതിയനാണെന്നും ആരോപിച്ച് പെട്രോവിച്ച് കത്തയയ്ക്കുന്നു.ഇതോടെ അവരുടെ ബന്ധം വഷളാകുന്നു. സൗഹൃദത്തിൻ്റെ പേരിൽ  കൊടുത്ത പണം കരാറായി മാറുന്നു.അവർ കത്തുകളിലൂടെ ദിവസവും ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും, ഫലത്തിൽ അവർ അകലുകയാണ്. എല്ലാം തെറ്റായ ധാരണയുടെ ഫലമാണെന്ന് പിയത്തോർ എഴുതുന്നുണ്ടെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല. രണ്ടു പേരും യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കുകയും പരസ്പരം ബഹുമാനിക്കുന്നതായി കളവു പറയുകയും ചെയ്യുന്നു .രണ്ടു പേരും തുറന്നെഴുതാതെ ഉപചാര ക്കൾക്ക് ഊന്നൽ കൊടുക്കുന്നു. യഥാർത്ഥത്തിൽ അവർക്കിടയിലെ പ്രശ്നമെന്താണെന്ന് രണ്ടു പേർക്കും വിശദീകരിക്കാനാവുന്നില്ല.അവർ ദീർഘമായി എഴുതുന്നുണ്ടെങ്കിലും വാക്കുകൾ പാഴാകുകയാണ്. അവർക്ക് സ്വന്തം വാക്കുകളിലോ അന്യരുടെ വാക്കുകളിലോ വിശ്വാസമില്ല.


ആശയവിനിമയമില്ല


അതേസമയം ഒരാൾ മറ്റൊരാളുടെ വാക്കുകൾക്കു പിന്നിലെ സത്യം അറിയാൻ രഹസ്യാന്വേഷണം നടത്തുന്നുമുണ്ട്.ഇത് അവരെ ശത്രുക്കളാക്കി മാറ്റുന്നു. പറയുന്നതെല്ലാം കളവാണല്ലോ.  വ്യക്തിയുടെ മനസ്സ് ആശയ വിനിമയത്തിലൂടെ ,കത്തുകളിലൂടെ നശിക്കുന്നതാണ് നാം കാണുന്നത്. കൂടുതൽ ആശയവിനിമയം നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ദസ്തയെവ്സ്കി റഷ്യൻ ജനതയെ സാക്ഷിനിറുത്തി പറഞ്ഞിരിക്കുന്നു.


ഈ കഥ വായിച്ചു തീരുന്നതോടെ ഇതിലെ കഥാപാത്രങ്ങൾ മാത്രമല്ല വായനക്കാരും തകരുന്നു. ഒടുവിൽ രണ്ടു പേർക്കും കിട്ടുന്ന കത്തുകൾ അവർ എഴുതിയതല്ല; അവരുടെ ഭാര്യമാർ എഴുതിയതാണ് .ഇത്  എല്ലാ മുൻധാരണകളും തെറ്റിക്കുന്നു. ഇവരുടെ തർക്കമോ അകൽച്ചയോ  ഒന്നും തന്നെ കാതലായ പ്രശ്നങ്ങളായിരുന്നില്ലെന്ന് ബോധ്യമാകും.


പിയത്തോറിൻ്റെ ഭാര്യ വലിയൊരു  ഭൂവുടമയായ യെവ്ജനി നികോളയിച്ചുമായി  പ്രണയത്തിലായിരുന്നു .അയാൾ അവരുടെ കുടുംബ സുഹൃത്തായിരുന്നു.അവൾ അയാളെ തൻ്റെ  വീട്ടിലേക്ക് ,പിയത്തോർ ഇല്ലാത്ത സമയത്ത് ,ക്ഷണിക്കുകയാണ്.പെട്രോ വിച്ചാണ് ഈ കത്തയച്ചിരിക്കുന്നത്. ഇതു വായിച്ച് ക്ഷീണിതനായ പിയത്തോർ മറ്റൊരു കത്ത് അയക്കുന്നു.  ആ കത്ത്  പെട്രോവിച്ചിൻ്റെ ഭാര്യ എഴുതിയതാണ്.യുവകോമളനായ നികോളയിച്ചിനെ കല്യാണം  കഴിക്കാൻ തീരുമാനിച്ച കാര്യമാണ് അതിൽ  എഴുതിയിരിക്കുന്നത് .അതായത് ,പിയത്തോറിൻ്റെയും പെട്രോവിച്ചിൻ്റെയും ഭാര്യമാർ പണക്കാരനായ നികോളയിച്ചു മായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഒരാൾ രഹസ്യ കാമുകിയായിരിക്കുമ്പോൾ മറ്റേയാൾ അയാളുമായി കല്യാണം കഴിച്ച് താമസിക്കാൻ പോകുകയാണ്.പിയത്തോറിൻ്റെ ഭാര്യയുടെ കാര്യം പെട്രോവിച്ചിനും പെട്രോവിച്ചിൻ്റെ ഭാര്യയുടെ കാര്യം പിയത്തോറിനും അറിയാമായിരുന്നു.അവർ മൂടിവച്ച കാര്യമാണത്. കത്തയച്ച് അകന്നപ്പോൾ അവർ അത് ആയുധമായി ഉപയോഗിക്കുന്നു.


ഭാര്യമാരുടെ പ്രണയം


ഇവർ എങ്ങനെയാണ് അന്യൻ്റെ ഭാര്യ എഴുതിയ കത്ത് സ്വന്തമാക്കിയത് ? തീർച്ചയായും അഴകിയ രാവണനായ നികോളയിച്ചിൽ നിന്നും കൈക്കലാക്കിയതാണ്. ആ രാവണൻ രണ്ടു പെണ്ണുങ്ങളെയും കബളിപ്പിക്കുകയായിരുന്നെന്ന് അറിയുന്നത് ഒടുവിൽ മാത്രം . ഈ കഥയിൽ ,പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ മധ്യവർഗജീവിതത്തെ കാർന്നുതിന്ന യൂറോപ്യൻ വ്യക്തിവാദവും  ധാർമ്മിക അപചയവുമാണ് ദസ്തയെവ്സ്കി തുറന്നു കാണിക്കുന്നത്. ഒൻപത് കത്തുകളിലൂടെ താനൊരു  നോവലാണ് തരുന്നതെന്ന ധ്വനി വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ജീർണിച്ച ഒരു വ്യവസ്ഥിതിയിൽ ആദ്യം ദുഷിക്കുന്നത് വാക്കുകളായിരിക്കും. ഹൃദയമില്ലാത്ത വാക്കുകൾ നാലുപാടും ചിതറും .വാക്കുകളിൽ വിശ്വാസമില്ലാതെ ദീർഘമായി സംസാരിക്കുന്നവരെ തലങ്ങും വിലങ്ങും കാണാമായിരിക്കും. അവർ എഴുതുന്നതും പറയുന്നതും എന്തെങ്കിലും വിനിമയം ചെയ്യാനല്ല; വെറുതെ വാക്കുകൾകൊണ്ട് മറ സൃഷ്ടിക്കാനാണ്. അവർ വാക്കുകൾ ഉപയോഗിക്കുന്നത് വെറുക്കാനും അകലാനുമാണ് .വാക്കുകളെ വില്പനയ്ക്ക് വച്ച ഇറച്ചിത്തുണ്ടുകൾ പോലെ ആളുകൾ വാങ്ങിയെടുക്കും.ഈ കഥയിലെ ദൈർഘ്യമേറിയ കത്തുകളിലൂടെ അവർ എത്ര മാത്രം നിസ്സാരവത്ക്കരിക്കപ്പെട്ടു ,ഉള്ള് പൊള്ളയായി അധ:പതിച്ചു! .


കഥയിൽ ജീവിച്ചാലേ അതിൻ്റെ  അടിത്തട്ടിലുള്ള ചലനങ്ങൾ മനസ്സിലാവുകയുള്ളൂ .മലയാള കഥയിൽ ഇതുപോലുള്ള അത്ഭുതങ്ങൾ സംഭവിക്കുന്നില്ല, രണ്ട് പതിറ്റാണ്ടങ്കിലുമായിട്ട് .വിജയൻ്റെ  'അരിമ്പാറ ' വായിച്ചശേഷം അതുപോലൊരു കനം  പിന്നീട് അനുഭവപ്പെട്ടില്ല. എം.ടി യുടെ 'ഷെർലക്ക് 'ഉജ്ജ്വലമായ ഒരു ആവിഷ്കാരമായിരുന്നു .ഒരു പൂച്ചയിലൂടെ എം.ടി പ്രവാസത്തെയും മുതലാളിത്ത ജീവിതത്തെയും അളന്നെടുത്തു. ടി.പത്മനാഭൻ്റെ 'ഗൗരി 'എത്ര ആവേശത്തോടെയാണ് നമ്മൾ വായിച്ചത്. തീക്ഷണമായ അനുഭവമായിരുന്നു അത്.


പത്മനാഭൻ്റെ കഥ 


 തൊണ്ണൂറ്റിയൊന്നാം  വയസ്സിലെത്തിയ ടി.പത്മനാഭൻ ഇപ്പോഴും ആവേശഭരിതനായി കഥകൾ എഴുതുന്നു. ഇത്  ആഹ്ലാദകരമാണ്. പ്രായമായെങ്കിലും തൻ്റെ  ആഖ്യാനത്തിലൂടെ അദ്ദേഹം കഥ എന്ന മാധ്യമത്തെ യുവത്വത്തിൽ പിടിച്ചുനിർത്തിയിരിക്കുന്നു. തീവ്രമായ ഏകാന്തതയിലും, വസന്തത്തിലെ  പൂക്കൾ എന്നപോലെ ആത്മീയമായ കണങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാലേ ഇങ്ങനെ എഴുതനൊക്കൂ. പത്മനാഭൻ ഈ ലോകത്തിൽ മറ്റെല്ലാറ്റിൽ നിന്നും വേർപെട്ട് തൻ്റെ  കഥ എന്ന സർഗാത്മക ഇടനാഴിക്കായി വിശുദ്ധമായ തപസ്സ് ചെയ്യുന്നുണ്ട്.  അതുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .അദ്ദേഹത്തിൻ്റെ  'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 29 ) എന്ന കഥയിലും  സ്നേഹവും പ്രകൃതി രമണീയതയും കവിതയും ഓർമ്മകളുമുണ്ട്. ഇത് പത്മനാഭൻ്റെ   മേഖലയാണ് .താൻ ജീവിക്കുന്നത് ബാബുവിനെപോലെയുള്ള സ്നേഹിതന്മാരിലാണെന്ന് കഥാകൃത്ത് വിളിച്ചുപറയുന്ന പോലെ തോന്നി .ഈ കഥയിലും , മിക്കപ്പോഴും കാണാറുള്ളതുപോലെ, പത്മനാഭൻ  തന്നെയാണ് കഥാപാത്രമായി വരുന്നത്. ഔദ്യോഗിക ജീവിതത്തിൽ പരിചയപ്പെട്ട ബാബുവിനെ അദ്ദേഹം ഓർമ്മകൾകൊണ്ട് ആദരിക്കുന്നു. മനുഷ്യരിൽ പത്മനാഭനു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല .നല്ലവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന സ്വപ്നം അല്ലെങ്കിൽ ആദർശം വരണ്ട  നമ്മുടെ മനസ്സിനെ ആർദ്രമാക്കാതിരിക്കുകയില്ല.


 വാക്കുകൾ


1) തന്നെ ചലിപ്പിക്കാൻ ഒരാൾക്കൂട്ടം വേണമെന്ന് ചിന്തിക്കുന്നയാൾ വളരെ ഏകാകിയാണ്, അയാൾ ചിന്തിക്കുന്നതിനേക്കാൾ.

പോൾ ബ്രണ്ടൻ ,

(ബ്രിട്ടീഷ് ഗ്രന്ഥകാരൻ ) .


2)തീവ്രമായ പ്രണയം കരച്ചിലിലാണ്  അവസാനിക്കുന്നത് .

ലൂയി ഗ്ളിക്ക് 

(അമെരിക്കൻ പെൺകവി)


3)സൗന്ദര്യത്തിൽ നാം കീഴടക്കേണ്ടത്  വഞ്ചനാത്മകവും അപ്രതിരോധ്യവുമായ കാര്യങ്ങളാണ്.

ലാസ്ലോ  ക്രാസ്നാഹോർക്കേ,

(ഹംഗേറിയൻ നോവലിസ്റ്റ് )


4) പങ്കാളിയുമായി പലതവണ പ്രണയത്തിലാകാൻ 

കഴിഞ്ഞാലേ വിജയകരമായ ദാമ്പത്യം  സാധ്യമാവുകയുള്ളൂ .

മിഗ്നോൺ മക്ലാഫ്ലിൻ ,

(അമെരിക്കൻ പത്രപ്രവർത്തക )


5)കഠിനമായ സാഹചര്യങ്ങളിൽ സാധാരണക്കാരായ ആളുകൾ നേടുന്ന വിജയങ്ങൾ  മഹത്തായ കാര്യങ്ങളാണ്. അതിനെക്കുറിച്ച്  എഴുതണമെന്നുള്ളത് എൻ്റെ  നിശ്ചയമായിരുന്നു.


ഡഗ്ലസ് സ്റ്റുവർട്ട് ,

(സ്കോട്ടിഷ്‌ -അമെരിക്കൻ എഴുത്തുകാരൻ ,

2020 ൽ 'ഷഗ്ഗി ബെയ്ൻ' എന്ന നോവലിനു  ബുക്കർ പ്രൈസ് ലഭിച്ചു.)


കാലമുദ്രകൾ


1)ഡോ. എൻ .വി .പി .ഉണിത്തിരി


എൻ.വി.പി.ഉണിത്തിരിയുടെ 'സംസ്കൃത സാഹിത്യവിമർശം'എന്ന കൃതി സുഗ്രാഹ്യവും സമഗ്രവുമായ ഒരു കാവ്യമീമാംസാപര്യടനമാണ്. ഇത്ര സംക്ഷിപ്തമായി ,സൂക്ഷ്മമായി ഈ വിഷയം അവതരിപ്പിക്കാൻ കഴിയുന്നവർ ചുരുങ്ങും.


2) വൈലോപ്പിള്ളി


 ചന്ദ്രനസ്തമിക്കുന്നതിനു മുൻപ് കായലുകൾ ഏറ്റുവാങ്ങുന്ന കട്ടപിടിച്ച മൂകതയുടെയും നിരർത്ഥകതയുടെയും അവസ്ഥയെക്കുറിച്ച് വെപ്രാളത്തോടെ എഴുതാൻ വൈലോപ്പിള്ളിക്കേ കഴിയൂ: " നിരർത്ഥത നിരുപിച്ചഗാധതയിൽ

താവിനില്ക്കും വിരക്തിതൻ ചളി " .


3) കെ.എസ്.മണിലാൽ 


നമ്മുടെ ഭാഷയിൽ മഹാഭാരതത്തിൻ്റെ  പരിഭാഷ അതുല്യമാണ്. അതുപോലെ മഹത്തായ ഒരു സംഭവമാണ്, സസ്യശാസ്ത്രജ്ഞനായ കെ. എസ് .മണിലാൽ 'ഹോർത്തൂസ് മലബാറിക്കുസ് ' (ലാറ്റിൻ ഭാഷ)എന്ന പന്ത്രണ്ട്  വാല്യങ്ങളുള്ള സസ്യശാസ്ത്രഗ്രന്ഥം  ഇംഗ്ലീഷിലേക്കും  മലയാളത്തിലേക്കും  പരിഭാഷചെയ്തത്. ഇതിനായി മണിലാൽ മുപ്പത്തഞ്ച് വർഷങ്ങളാണ് ചെലവഴിച്ചത്.


4)ഞെരളത്ത് രാമപൊതുവാൾ 


സംഗീതജ്ഞനും  സോപാനസംഗീതത്തിൻ്റെ  പ്രയോക്താവുമായ ഞെരളത്ത് രാമപൊതുവാൾ തൻ്റെ അന്യാദൃശമായ ശബ്ദത്തിലൂടെ ,കലുഷിതമായ സാമൂഹികമണ്ഡലത്തെ ആന്തരികമായി സമാശ്വസിപ്പിച്ചു.


5) ബി.ഡി.ദത്തൻ


വശ്യമായ ,ഗഹനമായ ശൈലികൊണ്ട് ചിത്രകലയെ അനുഭൂതിയുടെ വായ്ത്തലയിൽ മിനുക്കിയ കലാകാരനാണ് ബി.ഡി.ദത്തൻ.അദ്ദേഹം പി.ഭാസ്ക്കരൻ്റെ  'ഒറ്റക്കമ്പിയുള്ള തംബുരു ' എന്ന  കാവ്യത്തിനുവേണ്ടി വരച്ച ചിത്രങ്ങൾ  മനോഹരം  മാത്രമല്ല, അപാരവുമാണ്.


വിവേകാനന്ദ കേന്ദ്രം


കന്യാകുമാരി വിവേകാനന്ദസ്മാരകം ലോകത്തിലെ തന്നെ വ്യത്യസ്തമായ ഒരു ആത്മീയകേന്ദ്രമാണ്. സ്വാമിജി ജ്ഞാനദാഹത്താൽ സ്വയം എരിയുകയായിരുന്നല്ലോ. ചിക്കാഗോ പ്രസംഗം ഗംഭീരമായിരുന്നു. എന്നാൽ അന്ന് സ്വാമി ഭക്ഷണം കഴിച്ചിരുന്നില്ല. കൈയിൽ പണമില്ലായിരുന്നു. പച്ചവെള്ളം കുടിച്ചുകൊണ്ടാണ്  ആ മഹാപ്രഭാഷണം ചെയ്തത്. കന്യാകുമാരി  വിവേകാനന്ദസ്മാരകം ഇന്ത്യൻജനതയുടെ ശ്രദ്ധാഞ്ജലിയാണ്.


വി.റെജികുമാർ എഴുതിയ 'കടൽ നടുവിലെ വിവേകചന്ദ്രിക' ( മെട്രൊവാർത്ത വാർഷികപ്പതിപ്പ് )എന്ന ലേഖനം പ്രസക്തവും ഉചിതവുമായി. 1970 ൽ   വിവേകാനന്ദകേന്ദ്രം ഉദ്ഘാടനം ചെയ്തു .സ്മാരക നിർമ്മാണത്തിൻ്റെ ആലോചനകൾ കേന്ദ്രീകരിച്ച ഇടം 1972 ൽ   വിവേകാനന്ദകേന്ദ്രം എന്ന് നാമകരണം ചെയ്യപ്പെട്ടു.  റെജികുമാർ എഴുതുന്നു: "വിവേകാനന്ദപ്പാറയിലെ സ്മാരക നിർമ്മാണപ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ രേഖകളും ചിത്രങ്ങളും വിവരങ്ങളും ഈ കേന്ദ്രത്തിലെ മ്യൂസിയത്തിൽ കാണാം " .ഒരു  കടലോര വനമാണിത് ( മുനമ്പിനു ഒന്നര കിലോമീറ്റർ മുമ്പ് ) .


 ?


No comments:

Post a Comment