Wednesday, December 23, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഒരു റഷ്യൻ സൗന്ദര്യസമസ്യ/metrovartha, Dec 21


"ചില പെൺകുട്ടികളോട് പ്രണയം തോന്നിയപ്പോഴാണ് എൻ്റെ ഭാഷയുടെ പരിമിതി ബോധ്യമായത്. പറയാൻ വാക്കുകളില്ല. മനസ്സിൽ തോന്നിയത് പ്രകടിപ്പിക്കാൻ പറ്റിയ വാക്കുകളില്ല" . സമകാല റഷ്യയിലെ പ്രമുഖ എഴുത്തുകാരനായ മിഖായേൽ ഷിഷ്കിൻ പറഞ്ഞതാണിത് .വൺ നൈറ്റ്  ബീഫാൾസ് അസ് ആൾ ,ദ് ടേക്കിംഗ് ഓഫ് ഇസ്മയിൽ ,ലെറ്റർ ബുക്ക് ,ദ് ലൈറ്റ് ആൻഡ് ദ്  ഡാർക്ക്  ,മെയ്ഡൻഹെർ തുടങ്ങിയ നോവലുകളിലൂടെ ഇന്നത്തെ റഷ്യൻ സാഹിത്യത്തിൽ  പ്രധാനിയായിരിക്കുകയാണ് ഷിഷ്കിൻ. റഷ്യനു പുറമേ ഇംഗ്ലീഷ് ,ജർമ്മൻ ഭാഷകളും വശമുള്ള അദ്ദേഹം ഇപ്പോൾ സ്വിറ്റ്സർലണ്ടിലാണ് താമസം. റഷ്യയിലെ പരമോന്നതമായ 'റഷ്യൻ ബുക്കർപ്രൈസ് ' ഷിഷ്കിനാണ് ലഭിച്ചത്. 


ദീർഘകാലമായി റഷ്യക്ക് പുറത്ത് താമസിക്കുന്ന ഷിഷ്കിൻ്റെ പേര് ഞാൻ മനസ്സിലാക്കിയത് പ്രമുഖ റഷ്യൻ സാഹിത്യവിമർശകനായ ഇല്യാ  കുകൂലിൻ എഴുതിയ ലേഖനത്തിൽ നിന്നാണ്. ഇന്നത്തെ എഴുത്തുകാരിൽ പ്രധാനിയാണ് ഷിഷ്കിനെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.വ്ളാഡിമിർ സോറോകിൻ ,യൂറി ദാവീദോവ് ,സഖർ പ്രിലിപിൻ, ഒലെഗ് യൂറിവ്  തുടങ്ങിയവരാണ് ഇന്നത്തെ പ്രധാന റഷ്യൻ എഴുത്തുകാർ.


ഭാഷാപരമായ പ്രതിസന്ധിയാണ് തൻ്റെ സാഹിത്യരചനകളിലെ പ്രധാന ഉള്ളടക്കമെന്ന് അദ്ദേഹം പറയുന്നു.

" ഭാഷ നേരത്തെ മരിച്ചു. എഴുത്തുകാരൻ അതിനെ വീണ്ടും ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാഷ എന്നും എപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അത് നിർമ്മിക്കുന്നവനാണ് എഴുത്തുകാരൻ .അവനാണ്  വാക്കുകൾക്ക് ഒന്നും പറയാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നത്. വർഷങ്ങൾക്കുമുമ്പുതന്നെ വാക്കുകൾ ഉപയോഗിച്ചു നശിപ്പിച്ചതാണ് " -അദ്ദേഹം വിശദീകരിക്കുന്നു.


 നമ്മൾ ഉള്ളിൽ സംഭരിക്കുന്ന വികാരങ്ങൾ, അജ്ഞേയമായ ആധികളുമായി നമ്മെ സ്പർശിച്ചു കടന്നുപോകുന്ന സന്ദേശങ്ങൾ വാക്കുകളിൽ ആവിഷ്കരിക്കുമ്പോൾ അത് പരാജയപ്പെടുന്നത് സ്വാഭാവികമാണ്. അങ്ങനെ മിക്ക കവിതകളും പരാജയപ്പെടുകയാണ്; നനഞ്ഞ ചിറകുള്ള പക്ഷി പറക്കാൻ പ്രയാസപ്പെടുന്നതു പോലെ.


 യഥാർത്ഥവും പ്രധാനവുമായതെല്ലാം വാക്കുകൾക്കപ്പുറമായിരുന്നന്നെന്ന് ഷിഷ്കിൻ ആറിയിക്കുന്നു. "വാക്കുകളെ ഒരെണ്ണത്തിനെ വിശ്വസിക്കരുത് .വാക്കുകളുടെ നിരർത്ഥകതയെപ്പറ്റി അറിഞ്ഞുകൊണ്ടാണ് ഒരാൾ എഴുതേണ്ടത് .പുറത്തുള്ള അനുഭവങ്ങളെ അവതരിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ലെന്ന്  അറിഞ്ഞുകൊണ്ട് എഴുതുക. അതേസമയം യഥാർത്ഥമായ കാര്യങ്ങൾക്ക്  വാക്കുകളുടെ ആവശ്യമില്ല " -അദേഹം ചൂണ്ടിക്കാട്ടുന്നു.


ഭാഷയ്ക്ക് വേണ്ടി പോരാടണം


എല്ലാ വാക്കുകളും മരിച്ചതും മാംസം ജീർണിച്ചതുമാണെന്ന് പറയുന്ന ഷിഷ്കിൻ ഉദ്ദേശിക്കുന്നതെന്താണ്? ചിരപരിചിതമായ ചിന്തകളും ഭാവനകളും നമ്മൾ വീണ്ടും എഴുതേണ്ടതില്ലെന്നാണ് ഇത് അർത്ഥമാക്കുന്നത്. അഴുക്കുപുരണ്ട പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നതുപോലെ മനംപുരട്ടലുണ്ടാക്കുന്ന കാര്യമാണത്. വാക്കുകളിൽ അർത്ഥമുണ്ടല്ലോ. എന്നാൽ ആ അർത്ഥത്തെ നമ്മുടേതാക്കണം. നമ്മൾ അനുഭവിച്ചത് പ്രകാശിപ്പിക്കാൻ പാകത്തിൽ വാക്കുകളെ സംയോജിപ്പിക്കണം. അതിൻ്റെ ടോൺ ഗ്രഹിക്കണം. സംഗീതം പ്രധാനമാണ്. അർത്ഥം പോലെ തന്നെ അനിവാര്യമാണ് വാക്കുകൾ കൂടിച്ചേർന്ന് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സംഗീതാത്മകത. അത്  വാക്കുകൾക്കതീതമാണ് .മറ്റുള്ളവർ ഉപയോഗിച്ച്, അർത്ഥത്തെക്കുറിച്ച് മുൻവിധിയുണ്ടാക്കിവച്ചിരിക്കുന്ന ഭാഷ തൻ്റേതല്ല എന്നറിഞ്ഞുകൊണ്ട് എഴുതണം .അതുകൊണ്ടാണ്  സ്വന്തം ഭാഷ നേരത്തേ  മരിച്ചതാണെണ്  അറിഞ്ഞുകൊണ്ടാണ് എഴുതേണ്ടതെന്ന് അദ്ദേഹം പറയുന്നത്. ചത്ത ഭാഷയെ  ജീവൻവയ്പിച്ചു കൂടുതൽ കരുത്തോടെ വളർത്തിയെടുക്കണം. ഇതിനായി ഒരു വർഷമല്ല, ജീവിതകാലമത്രയും പോരാടണമെന്നാണ്  അദ്ദേഹം പറയുന്നത്. "നിങ്ങളുടെ ജീവിതകാലമത്രയും, ഏകാന്തതയിൽ, ഭാഷയ്ക്കു വേണ്ടി പോരാടണം".


എഴുത്തുകാരൻ തേടുന്നത് കലയാണ് ,സൗന്ദര്യമാണ്. അദ്ദേഹത്തിൻ്റെ  വാക്കുകളിൽ പറയാം: " യഥാർത്ഥ്യത്തിൻ്റെ  ഭീകരതയെ കലാസൗന്ദര്യമാക്കിമാറ്റണം . ക്രിസ്തു കുരിശിൽ കിടന്ന് അനുഭവിച്ച പീഡനങ്ങൾ സൗന്ദര്യാത്മകമായി  പരാവർത്തനം ചെയ്യണം".

ബഷീറിൻ്റെ 'മാന്ത്രികപ്പൂച്ച' യെ ഓർത്തുപോയി. ബഷീർ വരയ്ക്കുന്നത് തൻ്റെ തൊട്ടടുത്തുള്ള കാര്യങ്ങളാണെന്ന് തോന്നുമെങ്കിലും അതങ്ങനെയല്ല .ഒരു പൂച്ചയുടെ വിശേഷമാണ് പറയുന്നത്. എന്നാൽ  ആ പൂച്ചയ്ക്ക് ഒരു മിസ്റ്റിക് ഭാവമുണ്ട്. ബഷീർ എഴുതുന്നു : "പൊന്നുമാമരങ്ങളെ ,ആ വാൽ  ഏദൻതോട്ടത്തിൽ വളരെക്കാലം കിടന്നു .സിംഹം ,കരടി ,മലമ്പാമ്പ്, ചീങ്കണ്ണി മുതലായവർ മണപ്പിച്ചുനോക്കി. അതു വിഴുങ്ങാൻ  ആർക്കും ധൈര്യം തോന്നിയില്ല. അതങ്ങനെ കിടന്നു. ഈ വാലെന്തു  ചെയ്യും.?  ദൈവം അതെടുത്ത് ശുദ്ധജലത്തിൽ കഴുകി .എന്നിട്ട് കടലിലിലെ ഉപ്പുവെള്ളത്തിൽ മുക്കി. അതിനുശേഷം സംഗീതത്തിൽ മുക്കി. പിന്നെ തേനിൽ .അതിനുശേഷം പാഷാണം തളിച്ചു. പിന്നെ നല്ല ഒന്നാംനമ്പർ അത്തറിൽ കുതിർത്ത് ഉണക്കി. എന്നിട്ട് ദൈവം ആ വാലിനെ  സുന്ദരിയായ ഒരു സ്ത്രീയാക്കി മാറ്റി.  ആദ്യത്തെ സൗഭാഗ്യവതി! " ഇവിടെ ബഷീർ ഉപയോഗിച്ച വാക്കുകൾ നേരത്തെ ഉണ്ടായിരുന്നു .എന്നാൽ ആ വാക്കുകളുടെ അർത്ഥമല്ല ബഷീറിൻ്റെ ടോൺ. അത് നിഗൂഢതയുടെ നേർക്കുള്ള നിസ്സഹായമായ ചിരിയും സൗന്ദര്യാത്മകമായ പ്രലോഭനവുമാണ്.വായിച്ചു കഴിയുമ്പോൾ അർത്ഥത്തെ കടന്ന് ആ ടോൺ മാത്രമാണ് ശേഷിക്കുന്നത്. വാക്കുകൾ വീണ്ടും മുളച്ചു പൊന്തിയിരിക്കുന്നു.


സന്ദേഹം


റഷ്യൻ സംവിധായകനായ തർക്കോവ്സ്കിയുടെ  ആരാധകനാണ് ഷിസ്കിൻ.ഭീകരമായ കാഴ്ചാനുഭവത്തെ സൗന്ദര്യമാക്കുകയാണ് തർക്കോവ്സ്കി  ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ മിറർ ,സൊളാരിസ് തുടങ്ങിയ  സിനിമകൾ ഇത് ഉദാഹരിക്കുന്നു.തർക്കോവ്സ്കി  ഇങ്ങനെ എഴുതി :" ഒരാൾ എഴുതുന്നു ,എന്തുകൊണ്ടെന്നാൽ അയാളുടെ മനസ്സു വ്രണിതമാണ്. കാരണം അയാൾ സന്ദേഹിയാണ്. അവനു സ്വയം ആരാണെന്ന്  തന്നെത്തന്നെയും  മറ്റുള്ളവരെയും  ബോധ്യപ്പെടുത്തേണ്ടതുണ്ട് " .


നമ്മുടെ ഭാഷയിൽ എഴുത്തുകാർക്ക് ഈ സന്ദേഹത്തിൻ്റെ ഗുണം നഷ്ടപ്പെട്ടിരിക്കുകയാണ് . ടി .ആറിൻ്റെ 'പുതിയ ക്രമം ' എന്ന കഥ ഒരു സന്ദേഹത്തിൻ്റെ ഫലമാണ്. ഓരോ വാക്കിനെയും സംശയിക്കുന്നത് നല്ല ഗുണമാണ്. സംശയമില്ലാതെ എഴുതുന്നത് ഒരു മാന്ദ്യമാണ് .


അസ്തിത്വരഹസ്യം


അർജൻറയിൻ പെൺകവി അൽഫോൻസിന സ്റ്റോർനി എഴുതിയ 'മധുരിക്കുന്നപീഡനം ' എന്ന കവിത ആമിലക്ഷ്മി (ഇതൾ, ഡിസംബർ ) പരിഭാഷപ്പെടുത്തി. ചില വരികൾ:

മുറുക്കിപ്പിടിച്ച

നിൻ്റെ കൈകൾക്കുള്ളിൽ 

എൻ്റെ മാധുര്യം 

അവശേഷിപ്പിച്ചപ്പോൾ 

പെർഫ്യൂമൊഴിഞ്ഞ 

കുപ്പിയെപ്പോലെയായി ഞാൻ 

എൻ്റെ ആത്മാവ് 

കഠിനദു:ഖവുമായി

മല്ലിട്ടപ്പോൾ 

മധുരിക്കുന്നയെത്ര പീഡനം 

ഞാൻ മൗനമായി സഹിച്ചു " .


മുരളി .ആർ പരിഭാഷപ്പെടുത്തിയ, അഫ്ഗാനിസ്ഥാൻ കവി പാർത്തോ  നടേരിയുടെ 'സൗന്ദര്യം' (മൈഇംപ്രസിയോ ഡോട്ട് കോം ) എന്ന കവിതയിലെ ചില വരികൾ : 


 "അരുവിയുടെ ഗാനങ്ങളിൽ നിന്ന് കാച്ചിയെടുത്തൊരു പാദസരം അണിയുന്ന ,

മന്ത്രിക്കുന്ന മഴയിൽനിന്ന് നൂറ്റ

കമ്മൽ അണിയുന്ന,

വെള്ളച്ചാട്ടത്തിൻ്റെ പട്ടിൽ നിന്ന് 

നെയ്തെടുത്ത നെക്ലസ് അണിയുന്ന, അകലെയകലെയുള്ള 

ഹരിതഗ്രാമത്തിലെ 

ഒരു പെൺകുട്ടിയുടെ പോലെയാണ് നിൻ്റെ ശബ്ദം " .

ഈ കവിതകളിൽ കാണുന്നതെന്താണ്? ഒരു മനുഷ്യവ്യക്തി അവൻ്റ അനുഭവത്തെ വിവരിക്കാനുള്ള ഭാഷ നിർമ്മിച്ചെടുക്കുകയാണ് .മുൻപ് ഉപയോഗിക്കാത്തതാണത് . അതിൽ  അസ്തിത്വത്തിൻ്റെ രഹസ്യങ്ങളുണ്ട്.


വക്രബുദ്ധി 


'ഇത്രകാലം കേട്ടതല്ല നവോത്ഥാനത്തിൻ്റെ പ്രാരംഭം' എന്ന പേരിൽ ടി. ടി. ശ്രീകുമാർ എഴുതിയ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 5) ദുഷ്ടലാക്കോടെയുള്ളതാണ്. ടി.ടി.ശ്രീകുമാറിൻ്റെ പല  വക്രലേഖനങ്ങളും ഇതിനുമുമ്പ് വായിച്ചിട്ടുള്ളതുകൊണ്ട് പറയുകയാണ്, ആ പേനയിൽ നിന്ന് ഒഴുകിവരുന്ന വിഷം ആർക്കുവേണ്ടിയാണ്, എന്തിനു വേണ്ടിയാണ് എന്ന് കൃത്യമായ നിശ്ചയമുണ്ട്. 

ദളിത് പരാമർശമുള്ള ചില പ്രാചീന കൃതികൾ ചൂണ്ടിക്കാണിച്ചിട്ട് ഈ ലേഖകൻ പറയുകയാണ് ,കേരളീയ നവോത്ഥാനം നൂറ്റാണ്ടുകൾക്കു മുന്നേ നടന്നുവെന്ന്! ഇതുപോലൊരു വിഡ്ഢിത്തം ഇതിനുമുമ്പ് ആരും പറഞ്ഞുകേട്ടിട്ടില്ല. നവോത്ഥാനം  കേവലം വിഗ്രഹപ്രതിഷ്ഠയോ ,കവിതാരചനയോ അല്ല;അങ്ങനെ കാണുന്നതാണ്  തകരാറ്. നവോത്ഥാനം കർമ്മപരമായ, ഒരു സാർവത്രിക കുതിച്ചുചാട്ടമാണ്. അതു നിറവേറ്റാൻ പ്രത്യേക ബോധോദയം ആവശ്യമാണ്.കേരളീയ നവോത്ഥാനം കവിതയിലൂടെയോ  ദിവാന്മാർ ഒപ്പിട്ട ഉത്തരവിലൂടെയോ  അല്ല ഉണ്ടായത്. അത് സാമൂഹിക പരിവർത്തനത്തിൻ്റെ ബോധോദയ പ്രവൃത്തികളിൽ നിന്ന് പിറവിയെടുത്തതാണ്. ശ്രീനാരായണഗുരു ,ചട്ടമ്പിസ്വാമികൾ മന്നത്തു പത്മനാഭൻ ,അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ ,കുമാരനാശാൻ ,ടി.കെ.മാധവൻ ,സി.കേശവൻ ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങി വലിയൊരു നിരയാണ് നവോത്ഥാനം യാഥാർത്ഥ്യമാക്കിയത്. അതൊരു പടയോട്ടമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ശിവപ്രതിഷ്ഠ നടന്നുവെന്ന് പറയുന്നവരുണ്ട്. എന്നാൽ  പ്രതിഷ്ഠകൊണ്ട് വിപ്ളവമുണ്ടാകില്ല. ആ പ്രതിഷ്ഠയെ  വിപ്ലവകരമായി തിരിച്ചുവിടാനാവണം.അതിൽ കാഴ്ചാനുഭവത്തിൻ്റെ ഉള്ളടക്കം സൃഷ്ടിക്കണം. അധഃസ്ഥിതൻ്റെ പ്രാർത്ഥന കൂടി കേൾക്കുന്ന ശിവനെ സൃഷ്ടിക്കുമ്പോഴാണ് പ്രതിഷ്ഠ ചലനാത്മകമാകുന്നത്.


ശ്രീകുമാറിൻ്റെ ലേഖനം വായിച്ചതോടെ സകല ചരിത്രവും റദ്ദായി എന്നു  ബക്കർ മേത്തല (തേജസ് ,ഡിസംബർ 16)എഴുതിയത് മറ്റൊരു അസംബന്ധമായി. ശ്രീകുമാർ ചെയ്തത് ഒരു തറ വേലയാണ്‌. ഇതുകൊണ്ട് കേരളീയ  പ്രബുദ്ധതയുടെ മനസ്സുകളെ തകർക്കാനാകുമോ ?ബക്കർ മേത്തലയ്ക്ക് ചിന്താശേഷിയില്ലേ ? 


വാക്കുകൾ


1)നീയെൻ്റെ കാതുകളിലല്ല മന്ത്രിച്ചത് , ഹൃദയത്തിലാണ്. നീയെൻ്റെ ചുണ്ടുകളിലല്ല ചുംബിച്ചത്, ആത്മാവിലാണ് .

ജൂഡി ഗാർലൻഡ്,

(അമേരിക്കൻ നടി)


2)സ്ഥിരമായി ഒരേ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ പെട്ടെന്ന് വയസ്സായിപ്പോകും; എന്നാൽ വാക്കുകൾക്കു പ്രായമില്ല.

ഏലിയാസ് കനേറ്റി ,

(ജർമ്മൻ എഴുത്തുകാരൻ )


3)പ്രാർത്ഥിക്കുന്ന ഒരാളും ദൈവവും തമ്മിൽ അധികം ദൂരമില്ല .

ഇവാൻ ഇല്ലിച്ച്,

റോമാൻ ഗ്രന്ഥകാരൻ ,ചിന്തകൻ)


4)ഭൂതകാലം മനോഹരമാണ്; പിന്നീടാണ് അതിൻ്റെ  ശരിയായ വികാരം നാം മനസ്സിലാക്കുന്നതെന്ന പ്രത്യേകതയുണ്ട്.

വിർജീനിയ വുൾഫ് ,

(ഇംഗ്ലീഷ് എഴുത്തുകാരി )


5)വിമർശനം ശുഭാപ്തിവിശ്വാസത്തിൻ്റെ  രൂപമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. സമൂഹത്തിൻ്റെ  വരാനിരിക്കുന്ന അപചയങ്ങളെക്കുറിച്ച്  മിണ്ടാതിരുന്നാൽ നിങ്ങൾ ദോഷൈകദൃക്കാകും.എന്നാൽ സത്യസന്ധമായി എന്തെങ്കിലും വിളിച്ചു പറയുന്നത് ആ സമൂഹത്തിൽ നിങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നത്.

കാർലോസ് ഫ്യൂവന്തിസ് ,

(മെക്സിക്കൻ എഴുത്തുകാരൻ )


കാലമുദ്രകൾ 


1)മധു ഇറവങ്കര


മധു ഇറവങ്കര ഇരുപത് ഡോക്കുമെൻററികളും ഒരു ഫീച്ചർ ഫിലിമും സംവിധാനം ചെയ്തു. സിനിമാ ,സാഹിത്യമേഖലകളിലായി പതിനഞ്ച് പുസ്തകങ്ങളെഴുതി. കലാസിനിമയുടെ നദി ഒഴുകുന്നത് ഇറവങ്കരയെ തൊട്ടുകൊണ്ടാണ്.


2)ജോൺ ടി. വേക്കൻ


നാടകരചയിതാവും സംവിധായകനുമായ ജോൺ ടി. വേക്കൻ ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദിക്ക് തുടക്കം  കുറിച്ച വ്യക്തിയാണ്. ഇരുപത്  നാടകങ്ങൾ സംവിധാനം ചെയ്തു. നവനാടക സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കാൻ മുഴുവൻ സമയവും നീക്കിവച്ച പ്രതിഭയാണ്  വേക്കൻ.


3)കെ.പി.എസ്.പയ്യനെടം 


അൻപത് നാടകങ്ങൾ എഴുതിയ കെ.പി.എസ്.പയ്യനെടം രംഗവേദിയിലേക്ക് സമകാലിക നാടകീയമുഹൂർത്തങ്ങൾ ജപിച്ചുവരുത്തിയ ഒറ്റയാനാണ്. അദ്ദേഹത്തിൻ്റെ  'രാമൻ ദൈവം 'എന്ന നാടകം ധാരാളം സ്റ്റേജുകളിൽ അവതരിപ്പിച്ചു.പയ്യനെടവുമായി കവിത എസ്.കെ നടത്തിയ അഭിമുഖം (കലാ പൂർണ ,ഡിസംബർ ) അവസരോചിതമായി.


4)എൻ.മൂസക്കുട്ടി


ഷേക്സ്പിയർ സമ്പൂർണകൃതികൾ, അർദ്ധരാത്രിയുടെ മറുവശം ( സിഡ്നി ഷെൽഡൻ ) ,യുളിസസ് ( ജയിംസ്  ജോയ്സ് ) മാജിക് മൗണ്ടൻ ( തോമസ് മൻ) തുടങ്ങിയ വിശ്രുതകൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ.മൂസക്കുട്ടി ഈ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യം സൃഷ്ടിച്ചിരിക്കുന്നു .


5)കല്പറ്റ ബാലകൃഷ്ണൻ

കൽപ്പറ്റ ബാലകൃഷ്ണൻ നല്ലൊരു അക്കാദമിക് പണ്ഡിതനായിരുന്നു. എന്നാൽ ' അകംപൊരുൾ പുറംപൊരുൾ  എന്ന നോവൽ അദ്ദേഹത്തിന് മാത്രമേ എഴുതാനൊക്കൂ.


6)യു.എ.ഖാദർ


തൃക്കോട്ടൂർ എന്ന ഗ്രാമത്തിൻ്റെ മിത്തിക്കൽ ഭൂപടം നിർമ്മിച്ച കഥാകാരൻ യു.എ.ഖാദറിൻ്റെ ഓർമ്മകളുടെ തീരത്ത് നില്ക്കുകയാണ്.  പ്രശസ്ത സാഹിത്യകാരനായ വി.കെ.എൻ ഒരിക്കൽ പറഞ്ഞത്രേ ,ഖാദർ താങ്കളുടെ പേരിൽ ഒരു വ്യാകരണപ്പിശകുണ്ട്: യു.എ.ഖാദർ എന്ന് പറയരുത് ;യു ആർ എ ഖാദർ എന്നാക്കണം! .


ലിങ്ക് / അക്ഷരജാലകം


No comments:

Post a Comment