Monday, September 20, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/വ്യഥകളുടെ വായ്ത്തലകൾ/metrovartha sept.20, 2021





 

 

 

 

 

ജീവിതം എത്ര യാന്ത്രിക ഭൗതികവാദമായാലും, അനുദിന സംഭവങ്ങൾ എത്രമാത്രം വേഗമേറിയ തും കാലദേശാതീതവുമായാലും സാഹിതീയമായ ഉത്കണ്ഠകൾ അവസാനിക്കുകയില്ല. മനസിൻ്റെ അടിത്തട്ടിൽ നിന്നുയരുന്ന ഒരു ത്വരയാണ് സാഹിത്യരചനയിലേക്ക് ഒരാളെ നയിക്കുന്നത്. എത്രത്തോളം സൂക്ഷ്മവും അഗാധവുമായി ഒരു വസ്തുവിനെ സമീപിക്കുന്നുവോ അത്രത്തോളം സാഹിത്യത്തിനും ആഴമുണ്ടാകും.

ഈ അഗാധതയാണ് ഓരോ രചയിതാവിനെയും വെല്ലുവിളിക്കുന്നത്. വായനയും മനനവും അതിനു സഹായിക്കുന്ന വസ്തുതകളാണ്.ഒരാളുടെ വികാരങ്ങൾക്കനുസരിച്ച് ജീവിതം അയാൾക്ക് മുന്നിൽ തുറന്നു വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതം ഏകതാനമോ, നിശ്ചിതാർത്ഥത്തിലുള്ളതോ , ആദ്യവസാനചിന്തിതമോ, കാര്യകാരണബദ്ധമോ അല്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഓരോരുത്തരുടെയും ഭാവനയാണത്; കേവല യാഥാർത്ഥ്യമല്ല. മുറിവേറ്റ  രണ്ടുപേർക്ക് രണ്ടുതരത്തിലാണ് അത്  സംഭവിക്കുന്നത്. ജീവിതത്തിലെ  മുറിവുകൾക്ക് ആത്മീയവശമുണ്ട്. അതിനോടുള്ള സമീപനവും സർഗ്ഗാത്മകമായ തീരുമാനവുമാണ്  അതിനെ ആത്മീയമാക്കുന്നത്. അതിൻ്റെ ഫലമായി ഓർമ്മകൾ വ്യത്യാസപ്പെട്ടിരിക്കും. നഷ്ടപ്പെടുന്നതിൻ്റെ ആഘാതം എല്ലാവർക്കും ഒരുപോലെയല്ല. എല്ലാം  ഓരോരുത്തരുടെ കഴിവിനനുസരിച്ചാണ്  രൂപപ്പെടുന്നത്.

ലോകം അതിവേഗം നാഗരികമാകുമ്പോഴും മനുഷ്യൻ്റെ  നിത്യമായ ആഭ്യന്തരപ്രശ്നങ്ങൾക്ക് ശമനമില്ല. മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. വാക്കുകൾക്ക് മൂർച്ചയുണ്ടാകുന്നതും  ചിന്തകൾക്ക് വേഗമുണ്ടാകുന്നതും  പ്രവർത്തനങ്ങൾക്ക് അർത്ഥ വ്യതിയാനങ്ങളുണ്ടാകുന്നതും  മരണത്തെക്കുറിച്ചു ഭയമുള്ളതുകൊണ്ടാണ് .ഓരോ വ്യഥയും ഓരോ വായ്ത്തലയാണ്. അതീതലോകത്തെ തുറക്കാൻ അത് സഹായകമാണ്. ഓരോ നിമിഷത്തെയും അത് ജാഗ്രത്താക്കുന്നു.

പ്രബുദ്ധതയുടെ ശബ്ദം

അതുകൊണ്ടാണ് മഹാനായ ലോകകവി ഡബ്ലിയു .ബി .യേറ്റ്സ് തൻ്റെ നിഗൂഢാർത്ഥപരമായ ത്വരകളെക്കുറിച്ച് സംസാരിച്ചത്‌.തൻ്റെ  എല്ലാ കർമ്മങ്ങളുടെയും ചിന്തകളുടെയും കവിതകളുടെയും കേന്ദ്രം അഗോചരമായ ജീവിതമാണെന്ന് അദ്ദേഹം എഴുതുന്നു. എന്തുകൊണ്ടാണ് അശോചരമാകുന്നത്? നഗ്നനേത്രങ്ങൾകൊണ്ടും യുക്തികൊണ്ടും കണ്ടെത്താനാവാത്ത ജീവിതവും താൻ ജീവിക്കുന്നു എന്ന തിരിച്ചറിവാണത്. 'എൻ്റെ ശബ്ദം ഒരു
അതീതമായ പ്രബുദ്ധതയുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു .അത് ബുദ്ധിജീവിതത്തിന് എതിരെയുള്ള ആത്മാവിൻ്റെ കലാപമാണ്' . അദ്ദേഹം എഴുതി. ഓരോ വസ്തുവിനെയും ആത്മീയമാക്കുന്നത് ഈ കലാപത്തിലൂടെയാണ്. തൻ്റെ ആകുലതകളെ ഇരട്ടിപ്പിക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുന്ന ഘടകങ്ങൾ വസ്തുക്കളിലുണ്ടെന്ന അറിവാണ് ഈ പാതയിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നത്.

മനുഷ്യൻ ആഭ്യന്തരമായി നശിക്കുന്ന ഒരു കാലമാണിത് .എത്രയോ വിശുദ്ധഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും , ദൈവചിന്തകൾ വീടുകളിലെല്ലാം നിലയുറപ്പിച്ചിട്ടും മനുഷ്യൻ ചീത്തയായിക്കൊണ്ടിരിക്കുന്നു. ക്രൂരതയുടെ ഒരു വലിയ ചരിത്രംതന്നെ രൂപപ്പെടുകയാണ്. പ്രകൃതി ആ  ക്രൂരത മൂലം വീർപ്പുമുട്ടുന്നു.വലിയ ആവാസവ്യവസ്ഥകളും  സവിശേഷതകളുമുള്ള അനേകം കോടി പ്രാണികളുടെ ജീവിതം അടഞ്ഞുപോകുന്ന സാഹചര്യമാണുള്ളത് .

മനുഷ്യനെ അന്യവത്ക്കരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാഗരിക വികസനവും സാങ്കേതിക വിസ്ഫോടനവും ജർമ്മൻ നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെയെ മാനസികാഘാതത്തിലേക്ക് തള്ളിവിടുന്നതിനു കാരണമായിരുന്നു. അദ്ദേഹം ആഭ്യന്തര ജീവിതത്തിൻ്റെ സ്വാസ്ഥ്യത്തിലേക്ക് മടങ്ങാൻ എന്താണ് വഴി എന്ന് ആലോചിച്ചുകൊണ്ടിരുന്നു. 'ഞാൻ എങ്ങനെയാണ് ശരിയായി  ജീവിക്കേണ്ടത് ' എന്ന ചോദ്യം അദ്ദേഹത്തെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടു.രണ്ടുതവണയാണ് ഹെസ്സെ പ്രമുഖ മനശാസ്ത്രജ്ഞൻ ആർ.ഡി. ലെയിംഗിൻ്റെ അടുത്ത്  കൗൺസിലിംഗിന് പോയത്. ആദ്യകാലത്തെ മാനസികസംഘർഷങ്ങൾ ഭയങ്കരമായിരുന്നു .

ആ അനുഭവങ്ങളാണ് 'ഡെമിയാൻ: ദ് സ്റ്റോറി ഓഫ് എമിൽ സിൻക്ളെയേഴ്സ് യൂത്ത് ' എന്ന നോവലിൽ അദ്ദേഹം വിവരിച്ചിട്ടുള്ളത്‌.ലെയിംഗ് വളരെ വ്യക്തമായി ഒരു ഉപദേശം നൽകി: 'ജീവിതത്തിലെ പ്രശ്നങ്ങൾ വൃത്തിയായി പരിഹരിക്കാൻ കഴിയണമെന്നില്ല. ഓരോന്നിനും വൈരുദ്ധ്യമുണ്ട്. വൈരുദ്ധ്യങ്ങൾക്കിടയിലെ  സംഘർഷമാണ് ജീവിതം'. എന്നാൽ ഈ ജ്ഞാനം സാഹിത്യകലയിൽ ഇപ്പോഴില്ല.

അനുഭവങ്ങളുടെ ഉള്ള്

സാഹിത്യമേഖലയിൽ സംഭവിക്കുന്നത് അനുഭവങ്ങളുടെ ഉള്ള് പൊള്ളയാവുന്നതിൻ്റെ പ്രശ്നങ്ങളാണ്. അതിനെ എങ്ങനെ സമീപിക്കണമെന്ന് അറിയാത്തതുമൂലമുള്ള വന്ധ്യതയുണ്ട്. ചിന്തകൾക്ക് രസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാഷ വരണ്ടു പോയിരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുമുള്ള ഭാഷ എവിടെയാണുള്ളത്? ചിന്തകളുടെ രസന പ്രവർത്തിക്കുന്നില്ല.  ഉപരിതലസ്പർശിയായ വിവരങ്ങൾക്കു വേണ്ടി പുറമേനിന്നു നോക്കുന്ന മട്ടിലുള്ള ഒരു മിനിമം ഭാഷയാണ് ഇപ്പോൾ കഥകളിലുള്ളത്. മനുഷ്യൻ ജീവിതത്തിൻ്റെ വ്യാമോഹിക്കുന്ന അവസ്ഥകളിലേക്ക് വച്ചകാൽ പിൻവലിച്ചതിൻ്റെ ലക്ഷണമാണിത്.  ജീവിതവിജയത്തിൻ്റെ പ്രായോഗിക പാഠങ്ങൾ അങ്ങനെയെല്ലാമാണ് ഇപ്പോൾ സംഭവിക്കുന്നത്.
യേറ്റ്സിൻ്റെ 'ഡെത്ത് ' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ് :
'മരിക്കുന്ന ഒരു മൃഗത്തെ
ഭയമോ പ്രതീക്ഷയോ
അലട്ടുന്നില്ല
മനുഷ്യനാകട്ടെ
സ്വന്തം അന്ത്യത്തിനായി
കാത്തുനില്ക്കുകയാണ്,
ഭയവും പ്രതീക്ഷയുമായി.
അവൻ പലതവണ
മരിച്ചിട്ടുണ്ടാകും
അവൻ വീണ്ടും
എഴുന്നേറ്റു വരും'

ഈ കവിതയിൽ യേറ്റ്സ് സ്ഥാപിക്കുന്നത് മനുഷ്യൻ മരണത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നാണ്. ഇതാണ് കവിയുടെ ദർശനം.
നമ്മുടെ ഭാഷയിൽ ,
മനുഷ്യരെ സ്പർശിച്ചുപോകുന്ന കാലം ഏതു വിധത്തിലുള്ളതാണെന്ന് അന്വേഷിക്കപ്പെടുന്നേയില്ല. അലസചിന്തകൾകൊണ്ട് ഇടങ്ങൾ നിറയുകയാണ് .കോളേജ് അധ്യാപകരുടെ സാഹിത്യവിമർശനം പേടിസ്വപ്നമായി കഴിഞ്ഞു. സാമാന്യമായ സഹൃദയമില്ലാത്തവർ സാഹിത്യമേഖലയിൽ ക്ഷുദ്രമായ അവലോകനങ്ങളും അക്കാദമിക് പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളും കുത്തി നിറയ്ക്കുകയാണ് .സാഹിത്യകല മനുഷ്യമനസ്സിൻ്റെ ഒരാവശ്യമാണെന്ന് ഇവർ എന്നു തിരിച്ചറിയും? .അത് ബുദ്ധിയുടെ മാത്രമല്ല, ഹൃദയത്തിൻ്റെയും മേഖലയാണ്. ഒരുവനു മറ്റൊരാളോടുള്ള സ്നേഹം, ചരാചരങ്ങളോടുള്ള സ്നേഹം, പ്രേമം, ഓർമ്മകളിലൂടെ നേടുന്ന പരഹൃദയ ജ്ഞാനം എന്നിവയൊക്കെ സമകാലീന സാഹിത്യത്തിനു അന്യമായിരിക്കുന്നു.

ഉദ്യോഗസ്ഥമനോഭാവവും കലാശാല ക്ലാസുകളും തത്ത്വദീക്ഷയില്ലാതെ മലയാളഭാവനയെ വല്ലാതെ ഞെരുക്കുകയാണിന്ന്.ചിലർ മഹാഭാരതപഠനങ്ങൾ തുടരെ എഴുതുകയാണ്. മഹാഭാരതപഠനക്കാരുടെ ഒരു ക്ലബ്ബ് തന്നെ രൂപപ്പെട്ടിരിക്കുന്നു. സഹൃദയത്വത്തിൻ്റെ ഒരു കണം പോലുമില്ലാത്തവർ ശ്രീകൃഷ്ണനെ വിചാരണചെയ്യുകയാണ്, ഐ.വി.ശശിയുടെ സിനിമയിലെ ഒരു കഥാപാത്രം എന്ന പോലെ .ചിന്തയുടെ ആ പഴയ ലോകം ഇല്ലാതായിരിക്കുന്നു.
ബർട്രാൻഡ് റസ്സൽ ജീവിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥ കണ്ട് ദു:ഖിക്കുമായിരുന്നു. യുക്തികൊണ്ടു
യാഥാർത്ഥ്യങ്ങളെ ഇഴകീറി പരിശോധിക്കുന്ന അനുഭവമില്ല; സൗന്ദര്യബോധമില്ലാത്തവർ മാർച്ച് ചെയ്തുപോകുന്നു. ഹൃദയവികാരങ്ങളിലേക്ക് ആഴ്ന്നു പോകുന്ന മനുഷ്യാനുഭവങ്ങൾ ഇല്ലാതായി.

എന്തിനാണ് എഴുതുന്നതെന്ന്  ഓരോരുത്തരും സ്വയം ചോദിക്കേണ്ട കാലമാണിത് .ചില പ്രസാധകർ ചെയ്യുന്നത് വലിയ അപരാധമാണ്. ക്രിസ്തുവിൻ്റെ കാലത്ത് യഹൂദ പ്രമാണികൾ ചെയ്തതിനു സമാനമാണിത് .മികച്ച കൃതികൾ പ്രസിദ്ധീകരിച്ചശേഷം അത് ഗോഡൗണിൽ തള്ളുന്നു. എന്നാൽ തങ്ങൾക്കിഷ്ടമുള്ള ചിലരുടെ പുസ്തകങ്ങൾ വിറ്റഴിച്ച് വീണ്ടും കൂടുതൽ പതിപ്പ് അടിച്ചു കൊടുക്കുന്നു. മാന്യമായി പുസ്തകം പ്രസിദ്ധീകരിക്കാനോ വില്ക്കാനോ കഴിയാത്ത പലരും പിന്തിരിഞ്ഞു കഴിഞ്ഞു.

ആത്മബന്ധമില്ല

എഴുത്തുകാരുമായി സ്നേഹബന്ധം സൂക്ഷിക്കുന്ന സാഹിത്യപത്രപ്രവർത്തകർ എത്രയോ വിരളമായി. രചനകൾ വായിച്ചു കത്തെഴുതുന്ന പത്രാധിപന്മാർ ഉണ്ടോ ? ഫോൺ സംഭാഷണവും ഇല്ല .എല്ലാം യാന്ത്രികമാണ്. പക്ഷപാതമോ വെറുപ്പോ ഇല്ലാതെ ,സഹജമായ സാഹിത്യതാത്പര്യങ്ങളുടെ ബലത്തിൽ മാത്രം രചനകൾ പരിശോധിക്കുന്നവരെ എവിടെ കാണാനുണ്ട് ?

കാമ്പിശ്ശേരി കരുണാകരൻ ,സി.പി.ശ്രീധരൻ ,പി.ശ്രീധരൻ ,എം.കെ.മാധവൻനായർ ,തുടങ്ങിയവരെ ആദരവോടെ ഓർക്കുകയാണ്. കഥാസാഹിത്യത്തിൽ വലിയ മൂല്യത്തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യസ്വഭാവത്തെ ആഴത്തിൽ പരിശോധിക്കാനോ പുതിയൊരു ക്രാഫ്റ്റ് കണ്ടെത്താനോ ശ്രമമില്ല .എല്ലാം അറിയാവന്ന എഴുത്തുകാരെ ഇവിടെ ആവശ്യമില്ല. എല്ലാം അറിയാവുന്നവർ എന്തിനെഴുതണം? . എഴുത്ത് ഒരു അന്വേഷണമാണ്. കണ്ടെത്തിയതിൻ്റെ വിവരണമല്ല. കണ്ടെത്തിയതിൻ്റെ വിവരണമാകുമ്പോൾ അത് വാർത്തയാണ്.വി.പി.ശിവകുമാറിൻ്റെ 'പാര'എന്ന കഥ ഓർക്കുകയാണ്. മരിക്കാറായി കിടക്കുന്ന ഒരു വൃദ്ധൻ്റെ മനസ്സിലെ ചില ചിന്തകളാണ് വിഷയം. അയാൾ ക്ഷേത്രത്തിൽ തേര് വലിക്കുമ്പോൾ അടവയ്ക്കാനുള്ള പാര കൊണ്ടുനടന്നയാളായിരുന്നു. ഒരു വിചിന്തനമാണ് കഥ.

'കുടുംബത്തോടു ചേർത്തു സ്വയം ആണിയടിച്ച് ഈ കരുത്തനായ മനുഷ്യൻ തൻ്റെ  ജീവിതം തകർത്തു. എപ്പോഴും ശക്തനായ ഒരു പുരുഷൻ്റെ ഉടൽ ഇരുന്നു വളമായി ഒരു കുടുംബം മൂടുന്നു .കാണാമറയത്ത് ഒരു കവണയുമായി കാലം പതുങ്ങി നില്ക്കുന്നു .ഒരില ഞെട്ടിൽ നിന്നു വേർപെടുന്നു. ഇപ്പോൾ ഓർമ്മയിൽ ഒരു പാര മാത്രം.നഗ്നമായ ആത്മാവിൻ്റെ വിശുദ്ധി വെട്ടിത്തിളങ്ങുന്ന അതിൻ്റെ മുന മാത്രം. ധർമ്മാധർമ്മങ്ങളുടെ വരമ്പിൽ ആഞ്ഞുകൊത്തുന്ന രണ്ട് കൈകളും തിരിച്ചറിവില്ലാതെ ക്രൗര്യവും  സ്നേഹവും കരുത്തും ചതിയും കൂട്ടിക്കുഴച്ചു ജീവിച്ചു. തെറ്റിയപ്പോഴൊക്കെ അമൂർത്തമായ ഒരു മൂല്യത്തിനുള്ളിൽ പതിയിരുന്നു. ഒന്നും കിട്ടിയില്ല. കിട്ടിയത് സ്വയം ഉയർത്തിപ്പിടിച്ച പാര മാത്രം' .

ഇതുപോലെ നിശിതമായി എഴുതുന്ന വരെ ഇപ്പോൾ കാണാനില്ല. പലരും  പൊരുത്തപ്പെടലിൻ്റെ കഥകളാണ് എഴുതുന്നത്. ജീവിതത്തിൻ്റെ  പ്രായോഗികതയിലും സ്വന്തം അതിജീവനത്തിലും ഉപരിപഠനം നടത്തുന്നവർക്ക് മറ്റെന്താണു ശ്രദ്ധിക്കാനുള്ളത്?.

മൂൺ പാലസ് ,ദ് മ്യൂസിക് ഓഫ്  ചാൻസ് തുടങ്ങിയ നോവലുകളെഴുതിയ അമെരിക്കൻ സാഹിത്യകാരൻ പോൾ ഓസ്റ്റർ  പറയുന്നത് ഇതാണ് :' നിങ്ങൾ ഒരു  സാഹിത്യരചനയിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണെങ്കിൽ, ഭാഷയുടെ താളത്തിലേക്ക് ഇഴുകിചേരുന്നതോടെ , അതൊരുതരം സംഗീതമാണ്, നിങ്ങൾ സ്വയമറിയാതെ തന്നെ ആശയങ്ങൾ വിനിമയം ചെയ്യപ്പെട്ടിരിക്കും .നിങ്ങളുടെ ഉപബോധമനസ്സിലേക്കാണ് അത്  പ്രവേശിക്കുന്നത് .കഥയുടെ മിക്കവാറും ഭാഗങ്ങൾ സൃഷ്ടിക്കുന്നത്  ഈ  താളമാണ് ' .


നുറുങ്ങുകൾ

1)വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസൻ്റ്  വാൻഗോഗിനെ( 1853 -1890) പ്രചോദിപ്പിച്ചത്- ജപ്പാനിൽ നിന്നു കൊണ്ടുവന്ന നൂറുകണക്കിന് 'യുകിയോ ഇ ' പ്രിൻ്റുകളാണ്. അദ്ദേഹം ജപ്പാനിൽ പോയിട്ടില്ല .ജപ്പാനിൽ പത്തൊൻപതാം നൂറ്റാണ്ടിൽ തുണിയിൽ ചിത്രങ്ങൾ ആലേഖനം ചെയ്യാൻ ഉപയോഗിച്ചിരുന്നത് ഈ പ്രിൻ്റുകളാണ്.

അതിലെ കട്ടികൂടിയ നിറങ്ങളും തെളിമയുമാണ് വാൻഗോഗിനെ ആകർഷിച്ചത്. ഈ ചിത്രങ്ങളിലെ  പൊതുപ്രമേയം പ്രകൃതിയിലെ വിവിധ ദൃശ്യങ്ങളായിരുന്നു. ജാപ്പനീസ്  കലാകാരനായ ഹിരോഷിഗ് വരച്ച ഷിൻ - ഒഹാഷി പാലത്തിൽ മഴപെയ്യുന്ന ഒരു ചിത്രമുണ്ട്. അതിനെ അനുകരിച്ച് ,കുറേക്കൂടി വർണ്ണാഭമായി വാൻഗോഗ് അതേ ചിത്രം പുനരാവിഷ്കരിച്ചിട്ടുണ്ട്‌.

2)പഞ്ചഭൂതങ്ങളും മലിനമായിരിക്കുകയാണ്. ഇനിയൊരു യുദ്ധം വേണ്ടത് പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്നതിലായിരിക്കണം. ഓരോ മനുഷ്യനും ആ പോരാട്ടത്തിലെ  സൈനികനാവണം.ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ 'ആവാസം'(മെട്രോവാർത്ത വാർഷികപ്പതിപ്പ് ) എന്ന കവിതയിൽ എല്ലാ പൂക്കളും വിരിഞ്ഞ് , നദികൾ ശുദ്ധമായി തെളിയുന്ന കാലത്തെ  സ്വപ്നം കാണുന്നുണ്ട് .

'മർത്ത്യരെല്ലാമൊരേ ഭൂമിപെറ്റ
മക്കളെന്നുള്ള പാഠം
നിവർത്തി
കാളകൂടമുറഞ്ഞൊരീ മണ്ണും
വായുവും ജലപാളിയും വിണ്ണും
ആകെ ശുദ്ധമായി മാറ്റുന്ന
കർമ്മധീരതയാലെ
ഭൂവണുരൂ'

3)ലോകം കുഴഞ്ഞുമറിഞ്ഞു പോയതിൻ്റെ പേരിൽ ദൈവത്തോട് കലഹിക്കുന്ന ഒരു കഥാപാത്രത്തെ പി. ജെ.ജെ ആൻറണി 'കൊന്തയും പല വിചാരങ്ങളും ' (ദീപിക വാർഷികപ്പതിപ്പ്)എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. പരിവർത്തത്തിനുവേണ്ടി ദാഹിച്ച്, ഒടുവിൽ മാനസികവിഭ്രാന്തിയിലക്ക് നീങ്ങുന്ന ആ വയോധികൻ്റെ മനസ്സിൽനിന്ന് തീ തുപ്പുന്ന വാക്കുകളാണ് വന്നത്. 'ഒരിക്കലും ഉണർച്ചയിലെത്താത്ത മന്ദബുദ്ധിയായ പ്രയോജനശൂന്യനായ ഒരുറക്കക്കാരനാണ് നീയെന്ന് അപ്പാപ്പൻ ദൈവത്തെ നിന്ദിച്ചു'.
ലോകജീവിതത്തിനു ഒരു നീതിയുമില്ലെന്ന് ,യുക്തിയുമില്ലെന്ന് പറയുകയാണ് കഥാക്യത്ത്.

2)ദൈവം മനുഷ്യചിന്തയിൽ നിന്ന് അപ്രത്യക്ഷമായതിൻ്റെ പ്രതികരണം എന്ന നിലയിൽ 'ദൈവം മരിച്ചു' എന്ന് ജർമ്മൻ ചിന്തകനായ നിഷേ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്: ' ദൈവം മരിച്ചു. ദൈവം മരിച്ചതായി കാണപ്പെടുന്നു. നമ്മളാണ് അവനെ കൊന്നത് .നമുക്കെങ്ങനെ സ്വസ്ഥത കിട്ടും, കൊലപാതകികളിൽ കൊലപാതകികളായ നമുക്ക്?'.

നിഷേ ഉദ്ദേശിച്ചത് ദൈവം ഇല്ലാതായി എന്നല്ല; മനുഷ്യൻ്റെ സ്വാർത്ഥമായ ആഗ്രഹങ്ങളുടെ പേരിൽ അവൻ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ ദൈവത്തെ തൃണവൽഗണിച്ചു ക്രൂരമായി തീർന്നു എന്നാണ്.

3)സുധാകരൻ ചന്തവിളയുടെ 'പിൻവിളി '(ആശ്രയമാതൃനാട്, ആഗസ്റ്റ് )എന്ന കവിതയിൽ
'മറക്കുന്തോറും ഓർക്കുന്ന ഓർക്കുന്തോറും മറക്കുന്ന
ഈ മറവിക്കും ഓർമ്മക്കും
മരുന്നെന്താണെന്ന്
മുറ്റത്തേക്ക് ഓടിയടുക്കുന്ന
ഓന്തിനോടും അരണയോടും
വെറുതെ ചോദിച്ചു '.

വീട്ടുവിചാരങ്ങളിൽ നീറിപ്പുകഞ്ഞു തന്നിലേക്കുതന്നെ ആഴ്ന്നിറങ്ങി ചുരുണ്ടുകൂടുന്ന ,ഓർമ്മയെ ഭക്ഷിക്കുന്ന ഒരാളുടെ മനോഗതമാണിത്. മനുഷ്യാവസ്ഥയുടെ  സർപ്പിളാകൃതിയിലുള്ള ഇറക്കങ്ങൾ ഇവിടെ കാണാം.

4)വി.ജെ. ജയിംസ് ,ടി.ഡി.രാമകൃഷ്ണൻ ,ഇ.സന്തോഷ്കുമാർ  തുടങ്ങിയവരെ സമീപകാലത്ത് പലരും പ്രതീക്ഷയോടെ കണ്ടിരുന്നു.

എന്നാൽ ഇവർ അടുത്തിടെ എഴുതിയ കഥകൾ  വളരെ അപക്വവും അപ്രസക്തവുമായിരുന്നു. ജയിംസ് 'പാതാളകരണ്ടി' എന്ന കഥ എഴുതുതായിരുന്നു. ഇങ്ങനെയുള്ള അസംഗത രചനകൾക്ക് ഇന്നു സ്ഥാനമില്ല. രാമകൃഷ്ണന് ചിന്തകളില്ല ,തത്ത്വചിന്തയുമില്ല .സന്തോഷ്കുമാറിനു ഇനിയും ചെറുകഥ കലാരൂപമാണെന്ന് ബോധ്യമായിട്ടില്ല .

5)ചുമർചിത്രകാരനും  എഴുത്തുകാരനുമായ ജി. അഴീക്കോടിനെക്കുറിച്ച് ശരത്ചന്ദ്രലാൽ  എഴുതിയ പുസ്തകം ശ്രദ്ധേയമാണ്.' 'ജി .അഴീക്കോട് ചിത്രകലയിലെ കുടുംബകൂട്ടായ്മ 'എന്നാണ്  പുസ്തകത്തിൻ്റെ പേര്. അരനൂറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുകയാണ് അദ്ദേഹം .ജി.അഴീക്കോടിൻ്റെ ഭാര്യ ശ്യാമളകുമാരിയും മകൻ ബിജുവും ഈ രംഗത്ത് തന്നെ തുടരുന്നു എന്ന  സവിശേഷിതയുമുണ്ട്.ജി.അഴീക്കോടിൻ്റെ പുസ്തകത്തെപ്പറ്റിയുള്ള കുറിപ്പ് 'പ്രഭാവം' (സെപ്റ്റംബർ ) മാസികയിലുണ്ട്.

6)ശ്യാമശൈലത്തിൽ
കുരുങ്ങിയ
മഴനിലാവിൻ
മുടിയഴിഞ്ഞെൻ
ഗ്രാമസൗഭാഗ്യങ്ങളെപെൺ
സുഗന്ധം പുൽകി ...

ഏഴാച്ചേരിയുടെ കവിതയിലെ വരികളാണിത്. സിനിമാപ്പാട്ടിലെ വരികൾ അനുകരിച്ച് തട്ടിക്കൂട്ടിയതാണ്. എല്ലാം അവർത്തന വിരസമായ പ്രയോഗങ്ങൾ .യാതൊരു അർത്ഥവുമില്ലാത്ത പദസംയോജനങ്ങൾ.

7)സിനിമാഗാനങ്ങളെ സാഹിത്യമായി ഗണിക്കേണ്ടതില്ല. കാരണം അതിനു ആഴമില്ല .അത് സിനിമയ്ക്ക് വേണ്ടി ,സന്ദർഭം പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതാണ്. അതിൽ ശബ്ദ ഭംഗി ,എഡിറ്റിംഗ് ,ബിംബങ്ങൾ എന്നീ കാര്യങ്ങൾ ഉചിതമായി ചേർന്നാൽ ധാരാളമായി.എന്നാൽ സിനിമാഗാനത്തിലെ ഭാഷ കണ്ട് അതുപോലെ കവിതയെഴുതിയാൽ ഫലമുണ്ടാവില്ല. കവിത സ്വന്തം മനസ്സിൻ്റെ ,വ്യക്തിഗതമായ സൃഷ്ടിയാണ്. ഗാനം അങ്ങനെയല്ല .

8) കാട് കറുത്ത കാട്
മനുഷ്യനാദ്യം പിറന്ന വീട്,
കൊടുങ്കാറ്റിൽ ചിറകുവീശി
തളർന്ന പൊന്മാനിരുന്ന
കൂട് '
എന്ന പാട്ട് ഓർക്കുമല്ലോ . നീലപ്പൊന്മാൻ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയതാണ്. എന്നാൽ വരികൾ വായിച്ചാൽ കിട്ടാത്ത ഒരു ഭാവഗഹനതയാണ് സംഗീതമിട്ട സലിൽ ചൗധരി നൽകിയിരിക്കുന്നത്. ഒരു അത്ഭുതഗാനമാണിത്. അതീതത്തെയും ഐന്ദ്രിയതയെയും കൂട്ടിയിണക്കി അപാരതയെ ജപിച്ചു വരുത്തുന്ന മാന്ത്രികതയാണിവിടെയുള്ളത്.
ഭൂമിയുടെ അപ്പുറത്തു നിന്നു വരുന്ന ശബ്ദംപോലെ നിഗൂഢഭംഗിയോടെയാണ് യേശുദാസ് ആലപിക്കുന്നത്. സംഗീതസംവിധായകൻ്റെ മനസ്സിൽ നിന്നാണ് ഈ പാട്ടുണ്ടായത് ,വരികളിൽ നിന്നല്ല.


 

Friday, September 17, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/പൂക്കളെ അറിയാത്ത പൂമരം/metrovartha sept 13, 2021

അക്ഷരജാലകംlink
എം.കെ.ഹരികുമാർ



പൂക്കളെ അറിയാത്ത പൂമരം


സ്വയം അപഹാസ്യനെന്ന് വിശേഷിപ്പിക്കുന്ന ഒരുവനെ റഷ്യൻ സാഹിത്യകാരനായ  ദസ്തയെവ്സ്കി 'ദ് ഡ്രീം ഓഫ് എ റിഡിക്കുലസ് മാൻ' ( പരിഹാസ്യനായ ഒരാളുടെ സ്വപ്നം ) എന്ന കഥയിൽ സൃഷ്ടിച്ചിട്ടുണ്ട്. സകല സമൂഹങ്ങളെയും ബാധിച്ചിരിക്കുന്ന ഭോഗതൃഷ്ണയും അമിതമായ ആഗ്രഹങ്ങളും എങ്ങനെ സ്വീകാര്യമായ വിധം സ്ഥാനം നേടി പ്രത്യേക രോഗമാകുന്നുവെന്നും അതുതന്നെയാണ് സഹനം എന്ന നിലയിൽ നമ്മൾ മഹത്വവത്ക്കരിക്കുന്നതെന്നും കഥയിൽ  പറയുന്നുണ്ട് .സുഖഭോഗങ്ങൾ നേടാൻ വേണ്ടി അതിനിന്ദ്യമായവിധം സഹിക്കുന്ന മനുഷ്യനെ അദ്ദേഹം  അപഗ്രഥിക്കുന്നു. ഈ കഥയുടെ ഒടുവിൽ അദ്ദേഹം ഇങ്ങനെ എഴുതി:
'നിങ്ങളെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുക - അതാണ് പ്രധാന കാര്യം. ഇതാണ് എല്ലാം. മറ്റൊന്നിൻ്റെയും ആവശ്യമില്ല. കാര്യങ്ങളെ എങ്ങനെ നേരെയാക്കണമെന്ന് ഇത് ബോധ്യപ്പെടുത്തി തരും.'

ജീവിതത്തിൽ യാതൊന്നിലും അർത്ഥം കണ്ടെത്താനാവാതെ വിഷണ്ണനായി, തന്നിലേക്കുതന്നെ ഉൾവലിഞ്ഞ്  രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവന്ന ആ പരിഹാസ്യൻ്റെ മുന്നിലേക്കാണ് ഒരു പിഞ്ചുബാലിക തൻ്റെ മാതാവിനെ  രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഓടിവന്നു കരഞ്ഞു പറഞ്ഞത്. എന്നാൽ സ്വന്തം ശൂന്യതയുടെ പീഡനത്തിൽ ദൃഢചിത്തനും ലക്ഷ്യമില്ലാത്തവനുമായിത്തീർന്ന ആ മനുഷ്യനു, ബാലികയെ  മനസ്സിലാക്കാൻ കഴിഞ്ഞില്ല. അയാൾ തൻ്റെ ആത്മാവിൻ്റെ ജീർണതയിൽ  സ്വയം ഒളിപ്പിച്ചു  പരാജയപ്പെട്ടുവെങ്കിലും സുരക്ഷിതനാണെന്ന നാട്യത്തിൽ തൻ്റെ താമസസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു. ആരോടും ഒരു സ്നേഹമോ താൽപര്യമോ ഇല്ലാതിരുന്ന അയാൾ അന്ന് കണ്ട സ്വപ്നം ദസ്തയെവ്സ്കി കഥയിൽ സവിസ്തരം വിവരിക്കുന്നുണ്ട്.

സത്യങ്ങൾ ഒരുപോലെയല്ല

എന്താണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാൾ അപ്പോഴാണ് മനസ്സിലാക്കിയത്. താൻ തിന്മയുടെ ഒരു ചായമാണ് സമൂഹത്തിൽ കലക്കിക്കൊണ്ടിരിക്കുന്നതെന്ന് അയാൾ പരിഭ്രമത്തോടെ തിരിച്ചറിഞ്ഞു. ജീവനോടെ ഇരിക്കുകയെന്നാൽ മരിച്ചതുപോലെ ശേഷിക്കുകയല്ല എന്ന സത്യം അയാളുടെ മസ്തിഷ്കത്തിലേക്ക് ജ്വാല പോലെ കടന്നുവന്നു. ആകാശത്തിലേക്ക് നോക്കിയപ്പോൾ കണ്ട നക്ഷത്രം അയാളോട്  ആത്മഹത്യ ചെയ്യൂ എന്ന് ആഹ്വാനം ചെയ്തത് ഉൾക്കൊണ്ട അയാൾ  തൻ്റെ തോക്കെടുത്ത് പലതവണ വെടിവച്ച് മരിക്കാൻ നോക്കിയതാണ്.

സ്വപ്നം കണ്ടുകഴിഞ്ഞപ്പോൾ, അയാൾക്ക് തോന്നി താൻ വെറും  പരിഹാസ്യനല്ലെന്ന് . തനിക്ക് ചിലത്  ചെയ്യാനുണ്ട് .ലോകം വിരൂപമായ ഒരു മനോവിചാരത്തെയാണ് സുഭഗമായതെന്ന മട്ടിൽ നടപ്പാക്കുന്നതെങ്കിൽ ,തന്നിൽ നിന്നു തന്നെ തെറ്റുതിരുത്താനുള്ള ആദ്യത്തെ പരിശ്രമം ഉണ്ടാകണം. അതുകൊണ്ടാണ് താൻ റോഡിൽ വച്ചു കണ്ട പിഞ്ചുബാലികയെ ഉടനെ തന്നെ കണ്ടുപിടിച്ച് അവളുടെ സങ്കടം തീർക്കണമെന്ന ഉറച്ച ചിന്ത അയാൾക്കുണ്ടായത്.അയാൾക്ക് അവളെ  കാണണമെന്നു തോന്നിയത് വലിയൊരു തിരുത്താണ്, തുടക്കമാണ്. മാനവരാശിയോടുള്ള ഒരാഭിമുഖ്യവും സമീപനവും അതിൽ അന്തർഭവിച്ചിട്ടുണ്ട്. ഒരാൾ ഒരു പൂമരമാണ്. പക്ഷേ ,അയാൾ അതറിയുന്നില്ല. അയാളുടെ സ്വപ്നങ്ങളിൽ തൻ്റെ പൂക്കൾ മാത്രമില്ല .

മനുഷ്യൻ ഒരു കാലമാണ്. അവൻ്റെ മാത്രം കാലം. അവൻ്റെ കാലമല്ല മറ്റൊരാളുടേത്. ഒരാളുടെ കാലം  അയാളുടെ മനസ്സിനകത്താണ്. അയാൾ ശാരീരികമായി ഒരു  ഉണ്മയായിരിക്കുന്നതിൻ്റെ  പരിധിക്കകത്താണ് അയാളുടെ കാലം. അത് മറ്റൊരാളുടെ കാലവുമായി സന്ധിക്കാനാവില്ല. ഒരുവൻ ഒരു കലമുണ്ടാക്കുന്നു .മറ്റൊരാൾ വേറൊരു കലമുണ്ടാക്കുന്നു. രണ്ടും രണ്ടു കാലമാണ്. രണ്ടു കലങ്ങൾ തുടർച്ചയായി നിർമ്മിക്കുമ്പോഴും അത് ഒരു കാലത്തിലല്ല. അമെരിക്കൻ വാനശാസ്ത്രജ്ഞയായ മരിയ മിച്ചെല്ലി  ഇങ്ങനെ നിരീക്ഷിക്കുന്നു: ' ഓരോ കാലവും സത്യമാണ്. പക്ഷെ, സത്യങ്ങൾ ഒരുപോലെയല്ല'.

രണ്ടു സത്യങ്ങൾ പരസ്പരവിരുദ്ധമാകാം; അലോപ്പതിയിലും ഹോമിയോപ്പതിയിലും സത്യങ്ങളുണ്ട്. എന്നാൽ രണ്ടും പരസ്പര വിരുദ്ധമാണ്. ശരീരശാസ്ത്രത്തിലെ സത്യങ്ങളും മന:ശാസ്ത്രത്തിലെ  സത്യങ്ങളും ചേരണമെന്നില്ല. മനുഷ്യൻ്റെ പെരുമാറ്റത്തിലെ വ്യത്യസ്തതകളും ഒറ്റപ്പെടലും എല്ലാം വേറെ വേറെ സത്യങ്ങളാണ്. അത് പരസ്പരം ചേരാത്തതുകൊണ്ട്  മനുഷ്യജീവിതം നരകമായിരിക്കുന്നു . നിരാശയും ദുഃഖവും ഒഴിയുന്നില്ല.

പ്രേമവും അഗ്നിയും

ജോൺ സാമുവൽ എഴുതിയ 'കല്യാണിയും മിയയും' (മെട്രോവാർത്ത വാർഷികപ്പതിപ്പ്) പുതുമയുള്ള ഒരവതരണമാണ്. കഥാഖ്യാനത്തിൻ്റെ  ചതുരവടിവുകളെയും  കഥാപാത്രങ്ങളെക്കുറിച്ചുള്ള  സങ്കൽപ്പങ്ങളെയും ചീന്തിയെറിഞ്ഞു  മനുഷ്യൻ എന്ന ജീവിയുടെ സഹജമായ അസാമ്പ്രദായിക സ്വഭാവങ്ങളെ പരിശോധിക്കുകയാണ് കഥാകൃത്ത്.

മനുഷ്യൻ ചിലപ്പോൾ യാഥാസ്ഥിതികനും ചപലനുമായിരിക്കും. എന്നാൽ അവൻ്റെ പെരുമാറ്റം എപ്പോഴും അസാമ്പ്രദായികമായിരിക്കും. എന്നു പറഞ്ഞാൽ, തൊട്ടു തലേ ദിവസത്തെ പോലെയോ ,നേരത്തെ ശീലിച്ചു വന്നതുപോലെയോ ആയിരിക്കില്ല അവൻ്റെ പെരുമാറ്റം. അവനുപോലും അജ്ഞാതമായിരിക്കുമത്. സ്വയം ധ്വംസിക്കുന്നതിൽ അവൻ , വിജയത്തെ കാണുകയാണ്. കഥാകൃത്ത് നോക്കുന്നത് കല്യാണിയുടെ കണ്ണുകളിലൂടെയാണ്. അവൾ നഗരത്തെ കാണുന്നത് എരിഞ്ഞുകത്തുന്ന ഒരു അഗ്നി പർവതമായാണ്. ആർക്കും ആരെയും സ്നേഹിക്കാൻ കഴിയുന്നില്ല, സ്നേഹിക്കാനുള്ള ബുദ്ധിയും ശേഷിയും ആവോളം ഉണ്ടായിട്ടും. ഒന്നും നേരെ ആകുന്നില്ല.

'കത്തിക്കാളുന്ന ഹൃദയവുമായി ഓരോ നഗരവും നാളെയുടെ സ്വപ്നങ്ങൾക്കായി കാതോർക്കുകയാണ് ' - ഈ വാക്യം കഥയിലെ അവ്യവസ്ഥയോടെ ആഴം  കാണിച്ചുതരുന്നു. ലോകം ഇരുപതു  വർഷത്തിനപ്പുറം തീക്ഷ്ണമായ ചൂടിൽ വെന്തുരുകുമെന്ന ശാസ്ത്രമതം കഥയിൽ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ വലിയ ചൂടും വിറളിയും ഓരോ വ്യക്തിക്കും ഉള്ളിൽ നിറയുകയാണ് .കാലവർഷക്കാറ്റിൽ  പനിച്ചു വിറച്ച് കൂനിക്കൂടിയിരിക്കുമ്പോൾ ഉള്ളിൽ കെടാതെ ശേഷിക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾക്ക് ആർത്തി മാത്രം എന്ന് എഴുതുന്നത് ഇതിനു  തെളിവാണ്.

മനുഷ്യൻ്റെ നിത്യമായ അശാന്തിയെ സ്പർശിക്കുന്ന ഈ കഥ മഹത്തായ പ്രേമത്തെ വസന്തമായി പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അഗ്നിശലാകയായ മനുഷ്യനെ കഥാകൃത്ത് പ്രേമഋതുവായി സങ്കല്പിക്കുന്നു.എന്നാൽ പ്രണയവും സൗന്ദര്യവും ഈ ലോകം അർഹിക്കുന്നില്ല .ആർക്കാണ് അത് വേണ്ടത് ? എല്ലാം പാഴ്കിനാവുകളായി ,ഒരു ചലച്ചിത്രകാരൻ്റെ മനസ്സിലൂടെ മിന്നികടന്നുപോകുന്ന ചിത്രീകരിക്കാത്ത സിനിമയുടെ ദൃശ്യങ്ങൾപോലെ അവസാനിക്കുകയാണ്. നമ്മൾ ഒരിക്കലും ഈ ലോകത്തെ  മനോഹരമായ ഒരു പ്രദേശമായിരിക്കാൻ സമ്മതിക്കില്ല. കാരണം നമുക്ക് എല്ലാറ്റിനെയും  നശിപ്പിക്കുന്നതിനാണല്ലോ താല്പര്യം.

ആത്മഹത്യ ചെയ്യുന്നത്

നമ്മൾ ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ ,കരുതുമ്പോൾ, സംരക്ഷിക്കുമ്പോൾ , പരിപാലിക്കുമ്പോൾ അതിനെ ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ഫടികപാത്രം നാം നിത്യേന തുടച്ചുവൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ അത് നമ്മോടു സ്നേഹത്തിൽ സംസാരിക്കുന്നതായി അനുഭവപ്പെടും. ഒരു പൂച്ചക്കുട്ടിയെ സ്നേഹിച്ചാൽ അതു നമ്മുടെ മനസ്സിലേക്ക് കയറി വരും.എന്നാൽ നമ്മൾ അകലുകയാണെങ്കിൽ , ഒഴിവാക്കുകയാണെങ്കിൽ, നിന്ദിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ഓരോ വസ്തുവും , ജീവനുള്ളതും ഇല്ലാത്തതും ,ആത്മഹത്യ ചെയ്യും! .
ഇതു കുറേക്കൂടി വിശദമാക്കാം. നമ്മുടെ അകൽച്ചയുടെ, സ്നേഹശൂന്യതയുടെ ആഘാതത്തിൽ ഏതൊരു വസ്തുവും ഗതികെട്ടു പതിക്കും;നിറംകെട്ട് പഴയതായി പോകും .അങ്ങനെ അതിനു പ്രപഞ്ചവുമായുള്ള രമ്യത നഷ്ടപ്പെടും. അത് മരണത്തിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കും. ക്രമേണ അത്  ആത്മഹത്യ ചെയ്യും. സ്ഫടികപ്പാത്രം പൊടിപിടിച്ച്, ഒരിക്കലും വൃത്തിയാക്കാനാവാത്ത തരത്തിൽ ചീത്തയായിപ്പോകും. പൂച്ചക്കുട്ടി എങ്ങോട്ടെങ്കിലും ഓടിപ്പോകും; പരിചയംപോലും കാണിക്കില്ല .

ഓരോ നിമിഷത്തിലും ഒരു പ്രപഞ്ചാവസാനമുണ്ട്. ഭാവിയുണ്ട്  എന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് നമ്മൾ യാതൊന്നിനെയും തുടർച്ചയായി കാണുന്നത്.  പശുവിനെ കറന്ന് പാൽ എടുക്കുന്നത് നമുക്ക് പ്രപഞ്ചാവസാനമാണെന്ന് തോന്നാത്തത് ഭാവി എന്ന സങ്കല്പമുള്ളതുകൊണ്ടാണ്. പിന്നെയും പശുവിനെ കറക്കാം എന്ന ചിന്തയിൽ നിന്ന് ചീന്തിയെടുക്കുന്നതാകയാൽ  ആ നിമിഷം അവിടെ അവസാനിക്കുന്നില്ല. എന്നാൽ ഭാവിയില്ലെന്ന് കരുതിയാൽ ഓരോന്നും പൂർണതയെ പ്രാപിക്കുന്നത് കാണാം.യഥാർത്ഥത്തിൽ ,ആശയങ്ങളുടെയും ചിന്തകളുടെയും സാധ്യതകൾ ഒരിക്കലും അവസാനിക്കുന്നില്ല.  ഓരോ സംഭവത്തിലും പാരമാർത്ഥിക ജ്ഞാനത്തിൻ്റെ സത്ത അലിഞ്ഞു ചേർന്നിരിക്കുന്നു. അതേസമയം ആ പൂർണത ഒരു അവസാനവുമാണ്. അവിടെ സൃഷ്ടിയില്ല .സൃഷ്ടിയുണ്ടാകണമെങ്കിൽ സ്വയം നിരസിക്കുകയും സ്വയം നിർമ്മിക്കുകയും വേണം. ഗോപൻ മൂവാറ്റുപുഴയുടെ 'വാരമ്മാൻ്റെ തലയിണ' (മെട്രോവാർത്ത വാർഷികപ്പതിപ്പ് ) എന്ന കഥയിലെ വാരമ്മാൻ്റെ പെട്ടെന്നുള്ള മരണവും, അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നപ്പോൾ തലയിണയിൽ കണ്ട പ്രകാശം ക്ഷീരസാഗരത്തിലേക്കുള്ള വാതിലായി മാറിയതും കാലത്തിൻ്റെ ഈ സമസ്യയെക്കുറിച്ച് ഓർമ്മിപ്പിച്ചു.

ഈ കഥ ഇങ്ങനെയും വായിക്കാം. വാരമ്മാൻ്റെ അനിശ്ചിതമായ മരണത്തിൽ അയാളുടെ ജീവിതം മറ്റൊരു ലോകത്തെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ് ചെയ്തത്. ആ ശൂന്യതയെ മറികടക്കുന്നതാണ് കഥയിലെ സാരം.
ഒരനുഭവത്തിനു തുടർച്ചയില്ല. അത്  അതിൽ തന്നെ പൂർണതയെ  ഉൾക്കൊള്ളുകയാണ്. പൂ വിരിയുന്നത് പൂ കൊഴിയുമെന്നതുകൊണ്ടല്ല; പൂവായിരിക്കുക എന്ന പ്രകൃതിനിയമത്തിൽനിന്ന് ഒഴിയാനാവാത്തതുകൊണ്ടാണ്

നുറുക്കുകൾ

1)അർത്ഥത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ മാറ്റിവച്ച് പദങ്ങളെ സമീപിക്കുകയാണ് ജെയിംസ് ജോയ്സ് ' യുളീസസ്' എന്ന നോവലിൽ ചെയ്തത്. ഇന്നും ആ  നോവൽ പൂർണമായി ഗ്രഹിച്ചവർ  ആരുമില്ല. ലോകസമസ്യയായ ആ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ .മൂസക്കുട്ടിയുമായുള്ള സംഭാഷണം (പ്രഭാതരശ്മി ,ആഗസ്റ്റ് ) ഉചിതമായി.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒരു പ്രദേശം കീഴടക്കുന്നപോലെയാണ് 'യുളിസസ്' പരിഭാഷ.

2)അടൂർ ഗോപാലകൃഷ്ണൻ തൻ്റെ  സിനിമകളിലെ സംഭാഷണങ്ങളെക്കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിക്കണം.( കഥാപുരുഷൻ, എം.ബി.സന്തോഷ് ,മെട്രോവാർത്ത വാർഷികപ്പതിപ്പ് ) അതിവേഗത്തിലുള്ള സംസാരരീതി പോപ്പുലർ സിനിമകളിൽ ഒരു വികാരമൂർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. അടൂർ ആ രീതി തൻ്റെ സിനിമകളിൽ  അനുവദിക്കുന്നില്ല.'ഒരാൾ മരിച്ചാൽ 'എൻ്റമ്മോ' എന്ന് നിലവിളിക്കണം. ശരിക്കും ജീവിതത്തിൽ അങ്ങനെ സ്വിച്ചിട്ടപോലെ നിലവിളിക്കാറില്ല. അരിച്ചരിച്ചാണ് മരണം നമ്മിലേക്കിറങ്ങുക. അടുപ്പമുള്ളവരുടെ  മരണത്തിൻ്റെ പ്രത്യാഘാതം വർഷങ്ങളോളമാണ് നിലനിൽക്കുക .അല്ലാതെ ഒരു വിളി വിളിച്ചു തീർക്കുന്നതല്ല . അതൊക്കെ മനുഷ്യൻ്റെ അനുഭവങ്ങളെ നിരീക്ഷിക്കാതെ ചെയ്യുന്നതാണ്' .

3)'പാട്ടായൊരു പക്ഷി
പറന്നുയരുന്നു...
സമുദ്രത്തിന്നാഴം
കടഞ്ഞെടുക്കുന്നൂ
മറഞ്ഞൊരീണങ്ങൾ
കൊരുത്തെടുക്കുവാൻ
തുടിക്കുന്നൂ മനം '
എം.പി.പവിത്രയുടെ 'ചിലമ്പൊച്ച' (ജനയുഗം) എന്ന കവിതയിലെ വരികൾ ജീവിതത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് ചെവിയോർക്കാൻ പ്രേരിപ്പിക്കുന്നു.

4)കോട്ടയം പുഷ്പനാഥിൻ്റെ  ഡിറ്റക്ടീവ് നോവലുകൾ ഒരു വലിയ ശേഖരമാണ്.  ചെറുമകൻ റയാൻ പുഷ്പനാഥ് എഴുതിയ ലേഖനത്തിൽ (ആധുനികതയിൽ കോട്ടയം പുഷ്പ നാഥ് ,ദീപിക വാർഷികപ്പതിപ്പ്) അദ്ദേഹത്തിൻ്റെ നൂറ് നോവലുകൾ വിവിധ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ലഭ്യമാക്കിയതായി അറിയിക്കുന്നു. സമീപഭാവിയിൽ കൃതികൾ പുസ്തക രൂപത്തിൽ അച്ചടിക്കാനും ഷോപ്പിൽ  വിൽക്കാനും പ്രയാസമായിരിക്കും. ലോൺ ത്രെഡ് ബുക്സ്, ആമസോൺ കിൻഡിൽ ,ഓവർഡ്രൈവ് ,സ്ക്രിബ്ഡ്, കോബോ, സ്‌റ്റോറിടെൽ ,പുസ്തക ഡിജിറ്റൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ കോട്ടയം പുഷ്പനാഥിൻ്റെ  കൃതികൾ ഓൺലൈനായി വായിക്കാം.

5)ജീവിതമെന്ന പുസ്തകം വെറുതെ വായിച്ചു മടുത്തുവെന്ന് പറയുകയാണ് മേലൂർ വാസുദേവൻ 'പുസ്തകം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 11 ) എന്ന കവിതയിൽ .
താളുകളെല്ലാം
ദ്രവിച്ചു തുടങ്ങുമീ
കീറിയ പുസ്തകം
വായിക്കെ ,
കണ്ണുകൾ നീറിത്തുടങ്ങുന്നു ,
വേദന വേദമായി
മാറിയതോർത്ത്
ചിരിച്ചുപോവുന്നു ഞാൻ! '

6)പ്രേമിക്കാൻ ശരീരം തന്നെ വേണമെന്നില്ല. മാംസനിബദ്ധമല്ലാതെയും പ്രേമിക്കാം. പക്ഷേ, അത് ജീവിതംകൊണ്ടേ മനസ്സിലാക്കാനാവൂ. അടുതല ജയപ്രകാശ് (പ്രണയോപനിഷത്ത് , പച്ചമലയാളം ,ആഗസ്റ്റ് ) എന്ന കവിതയിൽ അത് വ്യക്തമാക്കുന്നുണ്ട്.
'വാർദ്ധക്യമൂന്നുവടികൾ
സാർത്ഥകം
നീട്ടുന്നതിൻമുൻപ്
രുധിരമർദ്ദവും പ്രമേഹവും
ലിംഗത്വ വീര്യമൂറ്റിക്കളഞ്ഞു
ഷണ്ഡത്വ വിസർജനോപാധി
യെഴുതിയെന്നു ചുരുക്കിലും
പഴുത്തു തിളച്ചുമറിഞ്ഞതാം
വിജ്രംഭിത
സുരതസ്മൃതികൾ
മാത്രം മതിയിന്നന്തിയിൽ
രാഗമുദ്രതിളക്കുവാൻ'

7) ഒരു സാഹിത്യകാരൻ എഴുതുമ്പോൾ യാഥാർത്ഥ്യത്തിൻ്റെ അടിത്തട്ടുവരെ ചെല്ലണം. സൂക്ഷ്മമായ വിശകലനവും ഖനനവുമാണ് ഭാഷയിൽ വരേണ്ടത്. ഉപരിപ്ളവമായ വിവരണത്തിന് ആധാരമെഴുത്തു മതി. സാഹിത്യരചന ഒരു പേപിടിച്ച നായ രാത്രിയിലുടനീളം കുരച്ചുകൊണ്ട് അദൃശ്യനായ ഒരു ശത്രു വിൻ്റെ പിന്നാലെ ഓടുന്നതുപോലെയാകണം. അത് അസ്വസ്ഥതയുടെ നേരിൽ ആഴ്ന്നിറങ്ങുകയാണ് ചെയ്യുന്നത്, അഗാധവും അദൃശ്യവുമായതിനെ പുറത്തെടുക്കാൻ .

8)ജീവിതം ഒരു പീഡനമാണോ എന്ന് മഹാനായ തത്ത്വജ്ഞാനി ജിദ്ദു കൃഷ്ണമൂർത്തി ഒരിക്കൽ ചോദിച്ചു. ലോകത്തിലെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യമിതാണത്രേ. അതെ എന്നാണ് ഉത്തരം. നൂറ്റാണ്ടുകളായി മനുഷ്യൻ ദുഃഖവും നിരാശയും അനുഭവിക്കുന്നു. ഇതിന് പരിഹാരമായി നാം പലതും കണ്ടെത്തിയിട്ടുണ്ട്‌.എന്നാൽ ശരിയായ പരിവർത്തനം ഉള്ളിൽ നടന്നാലേ  ഇതിനുത്തരം കിട്ടൂ. അദ്ദേഹം പറയുന്നു, ഇവിടെ നിങ്ങളാണ് ഗുരു,ശിഷ്യൻ .വേറെ ഒരു നേതാവോ യജമാനനോ ഇല്ല .സ്വയം കണ്ടെത്തുക .

9)എല്ലാ അകലവും ഇല്ലാതാക്കിയത് ശാസ്ത്രമാണെന്ന് ലാറ്റിനമേരിക്കൻ  എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞത്  പുതിയ സുവിശേഷമാണ്. എല്ലാ ജാതി, മത ,സാമ്പത്തിക വേർതിരിവുകളും ഇല്ലാതായത് ശാസ്ത്രസാങ്കേതിക സംസ്കാരം വന്നശേഷമാണ്. ഫോൺ, വാഹനം മരുന്ന്, വിമാനം ,തീവണ്ടി, ഇൻ്റർനെറ്റ് ,സിനിമ ,ടെലിവിഷൻ എല്ലാം മനുഷ്യർക്കിടയിലെ സകല ദൂരവും ഇല്ലാതാക്കി.

 

Thursday, September 9, 2021

ആത്മായനങ്ങളുടെ ഖസാക്ക് / എം.കെ.ഹരികുമാർ

 



ആത്മായനങ്ങളുടെ ഖസാക്ക്

എം.കെ.ഹരികുമാർ

(പരിഷ്‌കരിച്ച പതിപ്പ്)    

ഒരു മലയാള നോവലിനെക്കുറിച്ച് മലയാള വിമർശനത്തിൽ ഉണ്ടായ ആദ്യകൃതി




എം.കെ. ഹരികുമാർ


കൂത്താട്ടുകുളത്തു ജനനം. അച്ഛൻ: എം.കെ.കൃഷ്ണൻ, അമ്മ: കെ.സരോജിനി. (മേട്ടുംപുറത്ത്) കൂത്താട്ടുകുളം ഗവ.യു.പി.എസ്, കൂത്താട്ടുകുളം ഹൈസ്‌കൂൾ, ദേവമാതാ കോളേജ് കുറവിലങ്ങാട്, നിർമ്മലാ കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മംഗളം, കേരളകൗമുദി ദിനപത്രങ്ങളിൽ പത്രാധിപസമിതി യംഗമായിരുന്നു. 1982 ൽ ആദ്യലേഖനം സംക്രമണം (തിരുവനന്തപുരം) മാസികയിൽ അച്ചടിച്ചു. എട്ടു വർഷം കലാകൗമുദിയിൽ പ്രസിദ്ധമായ അക്ഷരജാലകം കോളമെഴുതി.  പിന്നീട് പ്രസാധകൻ മാസികയിൽ 'അക്ഷരജാലകം' കോളം തുടർന്നു. ഇപ്പോൾ മെട്രോ വാർത്ത പത്രത്തിൽ അക്ഷരജാലകം എഴുതുന്നു. 

പുസ്തകങ്ങൾ

ആത്മായനങ്ങളുടെ ഖസാക്ക് (1984), മനുഷ്യാംബരാന്തങ്ങൾ 

അഹംബോധത്തിന്റെ സർഗ്ഗാത്മകത, കഥ ആധുനികതയ്ക്കു ശേഷം 

വീണുപൂവ് കാവ്യങ്ങൾക്ക് മുമ്പേ, പുതിയ കവിതയുടെ ദർശനം 

അക്ഷരജാലകം, നവാദ്വൈതം-വിജയന്റെ നോവലുകളിലൂടെ 

ചിന്തകൾക്കിടയിലെ ശലഭം, പ്രണയാഗ്നിയുമായി കാഫ്ക 

എന്റെ മാനിഫെസ്റ്റോ, ബഷീറിന്റെ പ്രയോജനം 

മറവിയുടെ നിർമ്മാണം, ഉത്തര-ഉത്തരാധുനികത 

എന്റെ ജ്ഞാനമുകുളങ്ങൾ, ഓർമ്മയുടെ ശാകുന്തളം 

സാഹിത്യത്തിന്റെ നവാദ്വൈതം, സാഹിത്യത്തിന്റെ മതം 

ദൈവദശകത്തിലെ ദൈവം, കുറ്റിപ്പുഴ കൃഷ്ണപിള്ള (കേരള സർവകലാശാല)

ജലഛായ (നോവൽ),വാൻഗോഗിന് (നോവൽ), ശ്രീനാരായണായ (നോവൽ).

പുതിയ കാലത്തിന്റെ തത്വശാസ്ത്രമായ ഉത്തര-ഉത്തരാധുനികത മലയാളത്തിൽ ആദ്യമായി പരിചയപ്പെടുത്തി. നവാദ്വൈതം-വിജയന്റെ നോവലുകളിലൂടെ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക ഫെലോഷിപ്പ്, അങ്കണം അവാർഡ്, ദുബായ് എക്‌സലൻസ് അവാർഡ്, ലണ്ടൻ ബൂലോകം അവാർഡ്, മുംബൈ രാഗസുധ അവാർഡ്, പൂനൈ പ്രവാസിശബ്ദം അവാർഡ്, കേരള സാഹിത്യ അക്കാദമി സ്‌കോളർഷിപ്പ്, ഒരുമ അവാർഡ്, ഡോ.എം.ലീലാവതി ഏർപ്പെടുത്തിയ സി.പി.മേനോൻ അവാർഡ,് അമേരിക്കൻ ഓൺലൈൻ എക്‌സ്പ്രസ് ഹെറാൾഡ് അവാർഡ്, സമകാലിക കേരളം അവാർഡ്, സ്വാതി അവാർഡ്, ഭരത് മുരളി അവാർഡ്, മലയാളം പുരസ്‌കാരം, തൃശൂർ സഹൃദയവേദി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.  നവാദ്വൈതം എന്ന സ്വന്തം സിദ്ധാന്തം ആവിഷ്‌കരിച്ചു.

 

വിലാസം: 

മേട്ടുംപുറത്ത് വീട്, 

കൂത്താട്ടുകുളം, 

എറണാകുളം ജില്ല, 

പിൻകോഡ് - 686 662 

ഫോൺ : 9995312097

E-mail: mkharikumar797@gmail.com


ആമുഖം


ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഞാനെഴുതിയ അത്മായനങ്ങളുടെ ഖസാക്കിന് സ്വന്തം രീതിയും സിദ്ധാന്തവുമാണുള്ളതെന്ന് വർഷങ്ങൾക്കുശേഷം ഞാൻ തിരിച്ചറിയുന്നു. അവിടെ വിമർശകൻ തന്റെ ആഖ്യാനം നിർവഹിക്കുന്നത് സ്വാനുഭവം എന്ന നിലയിലാണ്. ഒരു നോവലിനെക്കുറിച്ചുള്ള പ്രബന്ധം എന്നൊക്കെ പറയാമെങ്കിലും അതിൽ സ്വയം അന്വേഷിക്കുന്ന ഒരു പ്രകൃതമുണ്ട്. ഒരു അതാര്യത ചുറ്റും വന്ന് നൃത്തം ചെയ്യുകയാണെന്ന പ്രതീതിയിൽ അതിനെതിരെ വിചാരഹസ്തം ചലിപ്പിക്കുകയാണ്. ദുർഗ്ഗപാതയിലേക്ക് ചിറകടിച്ച് പറക്കുന്ന പക്ഷിയായി വിമർശകൻ മാറുകയാണ്. കല്പങ്ങൾ വാകയിലകൾപോലെ സ്‌നിഗ്ധമായി എന്ന് എഴുതുന്നത് എന്റെ അനുഭവമാണ്.


മറ്റൊന്ന്, ഇതിലെ പ്രധാനകഥാപാത്രമായ രവിയെ ആലോചനയുടെ കേന്ദ്രഭാഗത്ത് കൊണ്ടുവരുന്നുണ്ടെങ്കിലും അതിനെ തള്ളിമാറ്റി നോവലിസ്റ്റ് വിജയൻതന്നെ രംഗപ്രവേശം ചെയ്യുന്നു എന്നതാണ്. ആത്മായനങ്ങളുടെ ഖസാക്കിലെ ചലനാത്മകമായിരിക്കുന്ന ഒരു ഘടകം അതിൽ ഒ.വി. വിജയൻ ഒരു കഥാപാത്രംപോലെ സാന്നിദ്ധ്യമറിയിക്കുന്നതാണ്. വിജയൻ ഒരു കേന്ദ്രംപോലെ പ്രത്യക്ഷപ്പെടുന്നു. ഒരു വിവരണത്തിന്, സാധൂകരണത്തിന്, പ്രതീതിയെ സമീപിക്കുന്നതിന് വിജയൻതന്നെ ഒരു അസംസ്‌കൃതവസ്തുവായി അവതരിക്കുകയാണോ എന്നു തോന്നും. വിജയനെ വ്യാഖ്യാനിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ വ്യാഖ്യാനശാസ്ത്രത്തെ കബളിപ്പിക്കുന്നതുപോലെ വിജയനെ ഒരു ഉത്തരമായി സങ്കല്പിക്കുന്നു. അതേസമയം വിജയനെക്കുറിച്ച് ഞാനെന്തെങ്കിലും കണ്ടെത്തുന്നതായി അവകാശപ്പെടുന്നില്ല.


ഖസാക്ക് എന്ന ഇടം എനിക്ക് വെറുമൊരു സ്ഥലമായിരുന്നില്ല. ഖസാക്കിന് ജീവനുള്ള ശരീരത്തോടോ, സ്പന്ദിക്കുന്ന സ്ഥലരാശിയോടോ, കഥകൾ പറയാൻ വെമ്പുന്ന പ്രകൃതിയോടോ താരതമ്യം ചെയ്യാവുന്ന ഒരു അവസ്ഥ എന്റെ കൃതിയിൽ എങ്ങനെയോ ഉണ്ടായി. ഇത് ബോധപൂർവ്വമായിരുന്നില്ല. രചന അതിന്റെ തന്നെ ദുർഗപാതയുമായി സംഭാഷണത്തിലേർപ്പെടുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. ഖസാക്കിനു ജീവനുണ്ട് എന്ന് തോന്നിപ്പോകുന്ന നിമിഷം.

ഈ വിമർശനരചന എന്റെ ആത്മകഥാപരമായ ആവിഷ്‌കാരംകൂടിയാണ്. ഞാനെങ്ങനെ ജീവിച്ചു എന്ന് സ്വപ്നത്തിന്റെയും അകക്കണ്ണിന്റെയും മിഴിയിലൂടെ നോക്കി മനസ്സിലാക്കുകയാണ്.

ഇനിയും ഒന്ന് അവശേഷിക്കുന്നു. അത് ചിത്രകലയാണ്. വാക്കുകൾ വർണങ്ങളാണ്. വാക്ക് അർത്ഥം മാത്രമല്ല, എഴുതുന്നയാളിന്റെ മനസ്സിന്റെ വർണവും പ്രതിഫലിപ്പിക്കുന്നു. വാക്കിൽനിന്ന് വർണങ്ങളുടെ സാംസ്‌കാരികഗാഥ പുറപ്പെടുകയാണ്. വാക്കുകൾകൊണ്ട് ഒരു വർണചിത്രം വരച്ച്, അതിൽ പ്രപഞ്ചത്തിന്റെ ദുരൂഹമായ വഴികൾ കണ്ടെത്താൻ വിധിക്കപ്പെടുന്ന ഒരു എഴുത്തുകാരനാണ് ഈ കൃതിക്കു പിറകിലുള്ളത്.


വിമർശനകൃതി, ഇവിടെ സിദ്ധാന്തത്തിന്റെ തോളിൽ തൂങ്ങിയല്ല മുന്നോട്ടുപോകുന്നത്. നമ്മുടെ നാട്ടിലെ വിമർശകർ മിക്കപ്പോഴും ഏതെങ്കിലുമൊരു സിദ്ധാന്തമെടുത്ത് അത് നോവലിലോ കവിതയിലോ പ്രയോഗിച്ചു നോക്കാറുണ്ട്. ഒരു ഏജൻസി ജോലിയാണത്. പാശ്ചാത്യ മനശ്ശാസ്ത്രസിദ്ധാന്തങ്ങളെടുത്ത് അതേപടി നമ്മുടെ കൃതികൾക്കുമേൽ ചാരിവയ്ക്കുകയാണത്. എന്തോ ഇത് എന്നെ ആകർഷിച്ചിട്ടില്ല അത്തരം എഴുത്തുകളിൽ സിദ്ധാന്തം നിഷ്ഠൂരമായി നെഞ്ചുവിരിച്ച് നിന്ന് വായനക്കാരനെ പ്രകൃതിയിൽ നിന്നും ഭാഷയിൽനിന്നും അകറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. സിദ്ധാന്തം ഒരു തുറിച്ചുനോട്ടമായി വിമർശകരചനയിൽ, പ്രത്യേകിച്ച് ഒരു സാഹിത്യകൃതിയുടെ സൗന്ദര്യാന്വേഷണപരമായ ലേഖനങ്ങളിൽ കടന്നുവരുന്നത് തെറ്റാണ്. സിദ്ധാന്തങ്ങളെ ഒളിപ്പിക്കണം. ആത്മായനങ്ങളുടെ ഖസാക്കിലെ സിദ്ധാന്തങ്ങളൊക്കെ ഞാൻ പിന്നീടാണ് വിവരിച്ചത്.


ഭാഷയിൽ ഒരു സ്പന്ദനമുണ്ട്. അത് മനുഷ്യാത്മാവിന്റെ സ്പന്ദനമാണ്. ഭാഷയ്ക്ക് ജീവനുണ്ടെന്ന് തോന്നണം. വായിക്കുന്നവന്റെ മുന്നിൽ ഭാഷയുടെ സവിശേഷമായ മാനുഷിക വൈകാരികത തുറക്കപ്പെടണം. അതിന് സ്വപ്നാത്മകവും വിമോചനാത്മകവുമായ ആന്തരത്വരയുണ്ടെന്ന് എഴുതുന്നയാളും തിരിച്ചറിയണം. കേവലം യുക്തിയെമാത്രം ആശ്രയിക്കുന്ന ഭാഷ വ്യാപാരത്തിനുകൊള്ളാം. എന്നാൽ സൗന്ദര്യാനുഭൂതിയിൽ അത് നിലനിൽക്കില്ല.

ആത്മായനങ്ങളുടെ ഖസാക്ക് ഒരു മാനുഷികാവസ്ഥയെയാണ് അഭിദർശിക്കുന്നത്. തികച്ചും പാരമ്പര്യവിരുദ്ധമായ ഒരു വഴി അത് വെട്ടിത്തുറന്നിരിക്കുന്നു.


എം.കെ. ഹരികുമാർ                  

കൂത്താട്ടുകുളം

ജനുവരി 15, 2019


ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും



ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾതന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി. എം.എക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന പേരിൽ എന്റെ ഖസാക്ക് അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.

ഒ.വി. വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട് എൻ.ബി.എസിൽ നിന്ന് ഒരു കോപ്പി ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എനിക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു. ഇതുമതിയായിരുന്നു എനിക്ക്. ഞാനാകട്ടെ ആ വിദ്യാഭ്യാസകാലത്തെ എന്റേതായൊരു രചനാപ്രക്രിയയിലൂടെ വിളംബരം നടത്തുകയായിരുന്നു. ഒരു സിദ്ധാന്തത്തിലോ, ദർശനത്തിലോ പ്രത്യേകിച്ച് മുഴുകാതെ ഞാൻ എന്റെ രീതിയിലേക്കു നീങ്ങി. നിലവിലുള്ള ഗദ്യത്തെ പാടെ മാറ്റി. എന്റെ ആത്മാവിന്റെ ആരും കടന്നു ചെന്നിട്ടില്ലാത്ത വനാന്തരങ്ങളെ ഞാൻ അവതരിപ്പിച്ചു. ഭാഷ എന്നെ സൃഷ്ടിച്ചു. ഞാൻ ഭാഷയെ സൃഷ്ടിച്ചതും വാക്കുകൾകൊണ്ട് പെയിന്റ് ചെയ്യുന്ന ഇംപ്രേഷണസ്റ്റിക് അനുഭവമാണുണ്ടാക്കിയത്. എനിക്കു വാക്കുകൾ അത്ഥത്തെയല്ല തന്നത്; ആത്മാവിന്റെ ഓരോ മേഖലകളെയാണ്. അർത്ഥം കൊണ്ടുപോകാനാവാത്തിടത്ത്, ഞാൻ വാക്കുകളുടെ രതിയിലും മഴയിലും നിഗൂഢതയിലും സ്വപ്‌നത്തിലും മുഴുകി. നെഞ്ചിൽ നിന്നുള്ള അതീതവും വൈകാരികവുമായ ഭാവങ്ങളുടെ കുത്തിയൊഴുകലായിരുന്നു അത്. 'ആത്മായനങ്ങളുടെ ഖസാക്ക്' ഗദ്യത്തിന്റെ യുക്തിയുടെ, നേർരേഖയുടെ കാവ്യപരമായ വിധികളുടെ അനിവാര്യതയാണ് സൃഷ്ടിച്ചത്. ഒരു നോവലിനെപ്പറ്റി എഴുതുമ്പോൾ, സാധാരണ നാം ചെയ്യാറുള്ളതെന്താണ്? അതിന്റെ കഥയൊന്നു പറഞ്ഞ്, കഥാപാത്രങ്ങളുടെ മനോനിലയൊക്കെ അപഗ്രഥിച്ച് ഒരു ജീവിതവീക്ഷണത്തിന്റെ കച്ചിത്തുരുമ്പിലാണ് പിടിച്ചുകയറുക. ഞാൻ ഈ വഴി കണ്ടതേയില്ല. എനിക്ക് എന്റെതന്നെ സൃഷ്ടിപരമായ നിർബന്ധങ്ങൾക്കു വഴങ്ങേണ്ടതുണ്ടായിരുന്നു.


ആത്മായനങ്ങളുടെ ഖസാക്കിൽ ഞാൻ നിർമ്മിച്ച ഭാഷ ഇങ്ങനെയെല്ലാമായിരുന്നു. മൗനത്തിന്റെ മുഖത്തുവീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റെയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന മഞ്ഞ് ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക.


ഈ ഭാഷ ഒരർത്ഥത്തിനുവേണ്ടി ദാഹിക്കുന്ന പണ്ഡിതന്മാരെ നിരാശപ്പെടുത്തിയേക്കും. കാരണം. അർത്ഥങ്ങളെപ്പോലും ഞാൻ ഉത്പാദിപ്പിച്ചത്, അർത്ഥങ്ങൾക്കുപോലും വഴങ്ങാത്ത അസ്തിത്വത്തിന്റെ ആന്തരമായ വ്യാമോഹങ്ങളെയാണ്. നമ്മുടെ സ്വത്വത്തിലേക്ക് വന്ന് ടാക്കിയോണുകളെപ്പോലെ തുളച്ചുകയറി അപ്പുറം പോകുന്ന ജൈവചോദനകളുടെ അറിയാത്ത ക്ഷേത്രഗണിതത്തെയായിരുന്നു എന്റെ മനസ്സ് നിശ്ചയിച്ചത്.


പക്ഷെ, ആത്മായനങ്ങളുടെ ഖസാക്കിനെ കണ്ടില്ല എന്നുപറഞ്ഞ് ഇപ്പോഴും ഖസാക്കിനെപ്പറ്റി എഴുതുന്നവരുണ്ട്. അവർക്കുമുന്നിൽ ഈ ചെറുകൃതി ഉയർത്തിവിട്ടത് അറിയാത്ത പൊരുളുകളാണ്.


1984-ലാണ് ഞാൻ ഈ നിരൂപണകൃതി എഴുതിയത്. ഖസാക്കിന്റെ ഇതിഹാസം എന്താണെന്ന് ഞാനെന്റെ കൃതിയിൽ പറഞ്ഞുവെച്ചിട്ടുണ്ടെന്നാണ് എന്റെ ബോധ്യം. ഖസാക്കിലെ ആത്മീയതയെ അന്നാരും ഗൗനിച്ചിരുന്നില്ല. ജീവിതത്തോടുള്ള വിരക്തിയാണ് ആ നോവലിന്റെ അന്തർധാര എന്നായിരുന്നല്ലോ പൊതുവായ വർത്തമാനം. എന്നാൽ ഖസാക്കിനു ഒരു ആത്മീയതയുണ്ടെന്നും അത് ബഹുസ്വരങ്ങളുടേതാണെന്നും അതിൽ മിസ്റ്റിക്കിന്റെ അമൂല്യസമ്പത്ത് അടങ്ങിയിട്ടുണ്ടെന്നും ഞാൻ അന്നേ പറഞ്ഞതാണ്. ഇപ്പോൾ, പലരും ഖസാക്കിലെ ഈ ആത്മീയതയെ സൂത്രത്തിൽ അംഗീകരിക്കുന്നു. എപ്പോഴാണെന്നറിയുമോ, വർഷങ്ങൾക്കുശേഷം അദ്ദേഹം എഴുതിയ 'ഗുരുസാഗരം' , 'മധുരം ഗായതി' തുടങ്ങിയ കൃതികൾ വായിച്ചശേഷം. ഞാൻ ആത്മായനങ്ങളുടെ ഖസാക്ക്  എഴുതുമ്പോൾ വിജയന്റെ ഈ ഭാവം അത്ര പ്രകടമല്ലായിരുന്നു എന്നോർക്കണം.


വിജയൻ എന്തെങ്കിലും തന്റേതായ താളത്തിലും ആഴത്തിലും പറയാനുള്ളപ്പോഴാണ് എഴുതിയത്. ഇന്നത്തെ ആവർത്തിച്ച ചർച്ചകളിലെ വരണ്ട യുക്തിയുടെ ഒരു കണം പോലും അദ്ദേഹത്തിൽ കാണാൻ കഴിയില്ല. നമ്മുടെ യുക്തിചിന്തയുടെ ഗദ്യം പരുഷവും സ്ത്രീപുരുഷ വികലതകൾ നിറഞ്ഞതുമാണ്. ഒരാളെ അകാരണമായി വെറുക്കുകയോ അകറ്റുകയോ ചെയ്തുകൊണ്ട്, അഹന്തയിൽ മാത്രം നിലയുറപ്പിക്കുന്ന ഇന്നത്തെ  സ്ത്രീ,പുരുഷസ്വഭാവം നമ്മുടെ ഗദ്യത്തിനുമുണ്ട്. ഇതിൽനിന്ന് ഗദ്യത്തെ മോചിപ്പിച്ച വലിയ എഴുത്തുകാരനാണ് വിജയൻ.


നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ അതീതവും നിർമ്മലവും വികാരസ്പർശിയുമായ ഒരു അവബോധം അദ്ദേഹം വാക്കുകളിൽ നിറച്ചു. അങ്ങനെ വിജയന്റെ പ്രതിച്ഛായ ഉണ്ടായി. വിജയൻ ഉപയോഗിക്കുന്ന വാക്കുകൾക്ക് സ്വാഭാവികമായി ലഭിക്കുന്ന പരിവേഷമാണിത്. നിശ്ചലമായ വാക്കുകളെ തന്നെ, വിജയൻ ഉപയോഗത്തിലൂടെ പുതുതാക്കി. സ്‌നേഹത്തോടെ  എന്ന് മറ്റുള്ളവർ എഴുതുന്നതിനേക്കാൾ ആഗാധത വിജയൻ എഴുതുമ്പോൾ കിട്ടുന്നത് ഇങ്ങനെയാണ്. ഏതൊരു എഴുത്തുകാരനും ഇതിനു കഴിയേണ്ടതാണ്. ഞാൻ നിർമ്മിക്കുന്ന ഭാവുകത്വംതന്നെ അനായാസമായി, വീണ്ടും ജനിക്കാൻ പ്രേരിപ്പിക്കുന്നതാണ്. എല്ലാ പ്രാചീനവും നവീനവും സംസ്‌കൃതവും അസംസ്‌കൃതവും ജൈവികവും രോഗാതുരവും അചേതനവുമായ അവസ്ഥകളോട് ജിജ്ഞാസയുടെ സ്‌നേഹം കൂട്ടിച്ചേർക്കുകവഴി നമ്മുടെ ഭാഷാപരമായ ഇന്ദ്രിയങ്ങളുടെ പരാതി ഈ എഴുത്തുകാരൻ വിപുലീകരിച്ചു.

എനിക്ക് 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന് കൃതിയിലൂടെതന്നെ വർഷങ്ങൾക്കു മുന്നേ ഇതു പറയാൻ കഴിഞ്ഞു.


ആത്മായനങ്ങളുടെ ഖസാക്കിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് വിജയന്റെ പിന്നീടെഴുതിയ 'ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന കൃതിയിലെ വെളിപ്പെടുത്തലുകളും. അപരിചിതമായ, നിശ്ചയമില്ലാത്ത ആത്മീയമേഖലകളുടെ ഭാഗവതമാണ് വിജയൻ തേടിയത്.


ഖസാക്കിലേക്ക്


'ഖസാക്കിന്റെ ഇതിഹാസം' കൈയിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ നോവലിന്റെ സൗന്ദര്യസാധ്യതകളാണ്. മലയാളിയുടെ മനസ്സിന്റെ അരികുകളിൽ ഖസാക്ക് കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ. വി. വിജയൻ പിന്നീട് ചില രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചത് ഖസാക്കാണ്. 'ധരർമപുരാണ'വും ഗുരുസാഗരവും' 'മധുരം ഗയതതിയും' വിജയന്റെ ഇതരനോവലുകൾ എന്ന നിലയ്ക്ക് ശ്രദ്ധേയങ്ങളെങ്കിലും കലാചിന്തകളുടെ പരീക്ഷണശാല എന്ന ബഹുമതി 'ഖസാക്കിന്റെ ഇതിഹാസ'ത്തിനാണ് ലഭിക്കുക. നിഗൂഢമായ മനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ പകരുക മാത്രമല്ല ഈ കൃതി ചെയ്യുന്നത്. പ്രാകൃതമായ മനുഷ്യജീവിതത്തിന്റെ ദുരന്തങ്ങളെ പ്രവചിക്കാൻ നോവലിലെ ഗ്രാമവും കഥാപാത്രങ്ങളും മുതിരുന്നു എന്നതാണ് വസ്തുത. മനസ്സിൽ നടക്കുന്ന ദുരന്തങ്ങളുടെ അതേ പകർപ്പുകളായി നോവലിൽ പ്രകൃതിയും ചുറ്റുപാടുകളും മനുഷ്യനും മാറിവരുന്നു. അന്വേഷിക്കുന്നത് കണ്ടെത്തുമ്പോഴുള്ള ആനന്ദം ഖസാക്കിലാകെ നിറഞ്ഞുനില്ക്കുന്നു. മഹാവൃക്ഷങ്ങളുടെ വേരുകൾക്കിടയിൽ തട്ടിയൊഴുകുന്ന ചെറിയ തെളിനീർചാലുപോലെയാണ് ഇവിടെ ആനന്ദം പ്രസരിക്കുന്നത്. സൂക്ഷ്മാർത്ഥങ്ങളെക്കുറിച്ചുള്ള മൗനങ്ങൾ കഥാപാത്രങ്ങളുടെ ഉള്ളിൽ പെരുകുന്നു. പരംപൊരുൾ ശരീരത്തിന്റെയോ മനസ്സിന്റേയോ അതിർത്തിയിലെവിടെയോ വന്നു മുട്ടിനിൽക്കുന്ന ഭയവും സംഘർഷവും ഖസാക്കിലെ ഓരോ വരിയിലും തുടിച്ചുനിൽക്കുകയാണ്. കണ്ടറിയാവുന്ന നിമിഷങ്ങളുടെ അളവും വ്യാപ്തിയും ഏതോ അവസാനിക്കാത്ത പ്രവാഹത്തിന്റെ ചിഹ്നങ്ങളാണെന്ന് നാം പൊടുന്നനെ ഓർമിച്ചുപോകുന്നു. 'സെമിട്രിക്കൽ സൈപ്രസസ്' എന്ന് ഡയാനാകൂപ്പറുടെ ആത്മകഥയിൽ ഒരിടത്ത് എഴുതിയിരിക്കുന്നു. പ്രകൃതിയുടെ സമ്മാനങ്ങളിലെ പൊരുൾ സന്ധ്യയുടെയും സൗന്ദര്യത്തിന്റേയും സഹായത്തോടെ അവർ ആരായുന്നു. വൈകാരികഭാവങ്ങളുടെ ഞൊടിനേരത്തെ പ്രക്ഷോഭത്തിനുശേഷം പിന്നെയുള്ളത് ആകാംക്ഷയും അറിവും നഷ്ടമായതിന്റെ വിഷാദമാണ്. ഒരു ജീവകണം പൊട്ടിത്തെറിച്ച് പരമാർത്ഥത്തിന്റെ വലയത്തിനപ്പുറത്തുപോകുന്നു. ഏകാന്തമായ പ്രയാണത്തിന്റെ അദൃശ്യമായ പ്രേരകശക്തികൾ എവിടെയെല്ലാമോ ചിതറിക്കിടക്കുന്നു.

ഒരാളുടെ വ്യക്തിപരമായ നഷ്ടത്തിന്റെ സാദൃശ്യംപോലെയാണ് ഖസാക്ക് എന്ന ഗ്രാമം പ്രത്യക്ഷപ്പെടുന്നത്. അത് രാഷ്ട്രീയമായും സാമൂഹികമായും അമർത്തപ്പെട്ടതിനുശേഷമുള്ള പ്രാകൃതത്വം പേറിനിൽക്കുന്നു. ദുരന്തത്തിന്റെ സ്മാരകംപോലെ ആ ഗ്രാമം വ്യക്തിയെ വിഷാദശീലനാക്കുന്നു. ഓർമ്മകളുടെ സർപ്പങ്ങൾ വലിഞ്ഞുമുറുക്കിക്കൊല്ലുന്ന രാത്രിയാണവിടെ ദുരന്തത്തെ അഭിദർശിക്കുന്നവർക്ക് ഒരു ലോകം നഷ്ടമാകുന്നു. വിജയനും തന്റെ ലോകം നഷ്ടമാവുകയാണ്. നഷ്ടപ്പെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേതും പരിഷ്‌കൃതിയുടേതുമായിരുന്നു.


19-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചരിത്രകാരനായിരുന്ന പാർക്മാൻ ദുരന്തത്തെ തന്റെ തേടലിന്റെ സിരാകേന്ദ്രമാക്കി പ്രതിഷ്ഠിച്ചത് മനുഷ്യാത്മാവിന്റെ ആധികാരികമഹത്വത്തെ പുറത്തുകൊണ്ടുവരാനും പരീക്ഷിച്ചുനോക്കാനുമായിരുന്നു. വിജയനും ചരിത്രകാരനെപ്പോലെതന്നെ ദുരന്തത്തെ തന്റെ രചനയുടെ കേന്ദ്രമാക്കിവെച്ചു. അതിലൂടെ ഏതാനും കഥാപാത്രങ്ങളെ അദ്ദേഹം തുറന്നുകാണിച്ചു. ശാസ്ത്രവും ദൈവവും കടന്നുചെല്ലാൻ മടിച്ച അവരുടെ മനസ്സുകളുടെ തനിമയാർന്ന ആധികാരികമഹത്വവും ദൃശ്യപ്പെടുത്തി. കലാകാരനായ വിജയൻ ചരിത്രകാരനേക്കാൾ കുറേക്കൂടി സാധ്യതകൾ ആരായുന്നു. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല എന്നുള്ള തുടക്കം തന്നെ നോവലിസ്റ്റ് തന്റെ ദുരന്തദർശനം വെളിവാക്കാൻ ഉപയോഗിക്കുകയാണ്. രവിയുടെ ഭൂതകാലദുരന്തം സ്വയം വിമർശിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. ബോധമനസ്സ് ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. അതേസമയം അബോധത്തിലെങ്ങോ ഇങ്ങനെയൊരു പരിണാമം താൻ പ്രതീക്ഷിച്ചിരിക്കണം എന്ന് അയാൾ അനുമാനിക്കുകയും ചെയ്യുന്നു. കനിവുനിറഞ്ഞ വാർധക്യവും കുഷ്ഠം പറ്റിയ വേരുകളും അയാൾ കൂമൻകാവിലെ പടർന്നുപന്തലിച്ച മാവുകളിൽ കണ്ടെത്തുന്നു. വാർധക്യവും രവിയുടെ അച്ഛന്റേതാണ്. കുഷ്ഠരോഗകേന്ദ്രങ്ങളിൽ അയാൾ അലഞ്ഞിട്ടുണ്ട്. അച്ഛന്റെ ചിത്രവും കുഷ്ഠരോഗികളുടെ വേദനിക്കുന്ന മുഖവും കൈകാലുകളും രവിയുടെ മനസ്സിൽ  സ്ഥായിയായിത്തന്നെ നിൽക്കുന്നു. കൂമൻകാവിന്‌റെ ഭൗതികപരിതഃസ്ഥിതിയും രവിയുടെ മാനസികപീഡകളും ഒരേ ബീന്ദുവിൽ സമ്മേളിക്കുന്ന ചാരുതയാണ് വിജയനെ ഉന്നതനായ ദുരന്തദർശന കലാകാരനാക്കിമാറ്റുന്നത്. ദുരന്തദർശനത്തിലൂടെ മനുഷ്യന് സ്വയം കാണാനുള്ള അവസരമാണ് ഉണ്ടാകു#ന്നത്. പ്രതാപത്തിന്റെ നഷ്ടം നമ്മുടെ സാഹിത്യലോകത്ത് ചർച്ചാവിഷയമായത് ഈ ദുരന്തപ്രേമം കൊണ്ടാണെന്നറിയുക. അന്തരംഗത്തിന്റെ തകർച്ചയാണ് ദുരന്‌ബോധത്തിന് വിത്തുപാകുന്നത്. രവി എന്ന കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ദുരന്തം സംഭവിക്കുന്നത്. ആബിദ, മൈമുന, നൈസാമലി, കൊഴണശ്ശേരിയിലെ കമ്യൂണിസ്റ്റുകൾ, വൃദ്ധൻമാവ്, കരിമ്പനകൾ, നീലി എന്നീ വസ്തുക്കൾക്കെല്ലാം സർവവ്യാപിയായ ദുരന്തത്തിൽനിന്ന് മോചനമില്ലെന്നറിയുക. ദുരന്തബോധം ഇവിടെ കാവ്യാത്മകമായി, വെറും പര്യവസാനമല്ല. വിഷാദത്തിന്റെയും സൗന്ദര്യത്തിന്റെയും സംയോജനങ്ങളിലൂടെ ഈ ലോകത്തിനപ്പുറത്തേക്കുള്ള യാത്രയാണ്.


കാലഘട്ടത്തിന്റെ എല്ലാ അഭിവാഞ്ഛകളിലും ആഴ്ന്നിറങ്ങി വ്യാപരിക്കുന്ന മനസ്സാണ് വിജയന്റേത്. അതെല്ലാം സകല മാനുഷികഭാവങ്ങളിലുമുള്ള യാതനയും വേദനയും ആവിഷ്‌കരിക്കാനുള്ള ഇന്ധനമായി അദ്ദേഹം ഉപയോഗിക്കുന്നു. ഭാതികപരിതഃസ്ഥിതിയുടെ തിരയിളക്കങ്ങളിൽനിന്ന് എഴുത്തുകാരന് കണ്ണെടുക്കാനാവില്ല. എങ്കിലും വിജയന്റെ നോവൽ നടക്കുന്നത് ഗ്രാമത്തിലാണ്. ഗ്രാമം എന്നു പറഞ്ഞാൽ പോരാ, ചരിത്രത്തിന്റെ സാവധാനത്തിലുള്ള പദചലനങ്ങൾ കേൾക്കുന്ന സ്ഥലം എന്നു പറയണം. ഗ്രാമത്തോടുള്ള അഭിവാഞ്ഛ ചരിത്രത്തോടും ദുരന്തത്തോടുമുള്ള മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും ആശയസംഹിതയുടെ ഒരു മൂലയിൽ മനസ്സാക്ഷി കണ്ടെത്തുകയാണ് വിജയൻ. നേരും നേരായ പന്ഥാവും കണ്ടറിയാനുള്ള ഏറ്റവും ലളിതമായ മാർഗമാണത്. പാർക്മാൻ വനത്തോടാണ് താത്പര്യം പ്രകടിപ്പിച്ചത്. വനത്തിന്റെ ചരിത്രം അമേരിക്കയുടെതന്നെ ചരിത്രമാണ്. ഫ്രാൻസിനോടും ഇംഗ്ലണ്ടിനോടും അമേരിക്കൻസ്പിരിറ്റ് ഏറ്റുമുട്ടിയത് വനാന്തരങ്ങളിൽ വച്ചായിരുന്നു. വനത്തോടുള്ള ആഭിമുഖ്യം പാർക്മാന്റെ ചരിത്രത്തോടുള്ള ആഭിമുഖ്യമാണ് വ്യക്തമാക്കുന്നത്. ഈ ചരിത്രസമീപനം സാക്ഷാൽ വനത്തിന്റെതന്നെ ബിംബം രൂപപ്പെടുത്താൻ ചരിത്രകാരനെ സഹായിക്കുന്നു. ഏത് സർഗാത്മകകലാകാരനും ഉയർന്ന മാനദണ്ഡങ്ങളിൽ  ലോകത്തിന്റെ ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിച്ചുകൊള്ളണമെന്നില്ല. എപ്പോഴും ആരും അറിയാതെ പോയ തേങ്ങലോ നിരപരാധിത്വമോ ആകാം. അത് വിപുലീകരിക്കുന്നതാണ് ലോകസത്യമായി മാറുന്നത്. ചേർത്താൽ വേഗം ഒട്ടിപ്പിടിക്കുന്നതാണ് മനസ്സാക്ഷിയും ചരിത്രവും. വേർപെടുത്തിയാൽ ആർക്കും തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയാത്തതും. ചരിത്രകാരനും നോവലിസ്റ്റും ഒരേപോലെ ചിന്തിക്കുന്നതാണ് നാമിവിടെ കാണുന്നത്. പാർക്മാൻ വനത്തോടു കാണിച്ച പ്രതിപത്തി വിജയൻ ഗ്രാമത്തോട് കാണിക്കുന്നു. ഗ്രാമം നമ്മുടെ രാജ്യത്തിന്റെ എല്ലാ തരത്തിലുള്ള തകർച്ചയുടെയും ചിത്രം നൽകുന്നുണ്ട്. എല്ലാത്തിനും മനുഷ്യരെ ഉപയോഗിക്കുകയാണ് അവിടെ. അക്ഷരവും വിജ്ഞാനവും അറച്ചുനിൽക്കുകയാണ് അവിടെ. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ് അവിടെയുള്ളവരുടെ ഊർജ്ജവും മസ്തിഷ്‌കവും. സ്വാതന്ത്ര്യത്തിനകത്തുവച്ച് നടത്തുന്ന ഏറ്റവും വലിയ കൊളോണിയൽ അടിച്ചമർത്തലിന്റെ ഇരകളാണ് ഗ്രാമങ്ങൾ.

തന്റെ ഏതാണ്ട് എല്ലാ രചനകളിലും വിജയൻ നഗരത്തിൽനിന്ന് ഗ്രാമത്തിലേക്ക് കഥ കൊണ്ടുവരുന്നതായി കാണാം. എല്ലാത്തിനേയും നോക്കിക്കാണുന്നതിലെ മനോഭാവമാണ് ഇവിടുത്തെ പ്രത്യേകത. സ്വത്വത്തെ നേരിടുന്നതിന്റെ പ്രധാന കരുതൽശേഖരമാണ് വിജയനു ഗ്രാമം. തന്റെ സ്വത്വത്തിന്റെ പ്രാഥമികമായ അവസ്ഥ വികാസം പ്രാപിച്ചതും ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയോട് ചേർന്നാണ്. വികാരങ്ങളുടേയും അനുഭവങ്ങളുടേയും ശുദ്ധമായ ഭാവവും ഈ എഴുത്തുകാരൻ തേടുന്നത് ഗ്രാമത്തിന്റെ സ്വച്ഛതയിലാണ്. ഗ്രാമം വിജയന് ഒരുപിടി മണ്ണല്ല. തന്റെ ആത്മാവിന്റെ  പ്രാഥമികവും പക്വതയാർന്നതുമായ മാഹാത്മ്യമാണ്. പാർക്മാനെയും വിജയനെയും ഒരേ രീതിയിൽ അവലംബിക്കുന്നതിലാണ് നാം ഖസാക്കിന്റെ ഇതിഹാസത്തിലെ ചരിത്രസ്പർശിനികൾ (ഹിസ്റ്റോറിക്കൽ ടാത്ത്ജന്റ്‌സ്) കണ്ടെത്തുന്നത്. ഏത് വൈകാരികാനുഭവത്തിന്റെയും മുഖം മനുഷ്യവർഗത്തിന്റെ പ്രാചീനതയിലേക്ക് നീണ്ടുചെല്ലുന്നത് 'ഖസാക്കിന്റെ ഇതിഹാസ' ത്തിൽ കാണാം. ഈ നോവലിന്റെ തുടക്കത്തിലെ ഖണ്ഡികപോലും ഇതാണ് വ്യഞ്ജിപ്പിക്കുന്നത്. കഴിഞ്ഞകാല തിരിച്ചറിവുകളുടെ  വിഷാദഭാരത്തിൽനിന്ന് രവിക്ക് ഒരിക്കലും പുറത്തു കടക്കാനാവില്ലെന്നതാണ് വസ്തുത. അയാൾ പരിചയിക്കുന്ന ഓരോ വസ്തുവും ചരാചരങ്ങളുമെല്ലാം ഭൂതകാലത്തിന്റെ തുടർച്ചയായി മാറുന്നു. അതുകൊണ്ടുതന്നെ ജിവിതവൈകാരികത അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ഇതാകട്ടെ പുരാതനമായ നിരപരാധിത്വത്തെക്കുറിച്ചുള്ള സാത്വികമായ വേദനകളാണ് പ്രസരിപ്പിക്കുന്നത്. തെറ്റ് ചെയ്തുകൊണ്ടും അല്പാല്പമായി നുകരുന്ന നിഷ്‌കളങ്കതയാണത്. 

ആദിമമായ വിചാരത്തിന്റെ ശുദ്ധത നേടിയെടുക്കാൻ വിജയൻ നിരവധി സങ്കേതങ്ങളാണ് നോവലിൽ ഉപയോഗിക്കുന്നത്. പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളിൽ നോവലിന്റെ വിചാരപരമായ സങ്കേതങ്ങളെല്ലാം സമ്മിശ്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാക്കുകളുടെ അവതരണരീതി, സംഗീതാംശം, ഇടവിട്ടുള്ള യുക്തിഭംഗം വന്ന വാക്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ഗോത്രാനുഭവത്തിന്റെ വേരുകൾ ചികഞ്ഞെടുക്കാനും മനുഷ്യന്റെ യഥാർത്ഥ പാരമ്പര്യത്തിലുമുള്ള സ്വത്വം കണ്ടെത്തി ഉറപ്പിക്കാനും ആത്മാവിന്റെ പ്രവചനഗംഭീരമായ സാധ്യതകൾ പിന്തുടരാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഓർമയുടെ അറകൾ ഉരുക്കിവച്ചിരിക്കുന്നത്. പുരാതനമായ നന്മകളുടെ തന്മാത്രകളെക്കൊണ്ടു നിറയ്ക്കാനാണിത്. ഖസാക്കിലെ ഏകാധ്യാപകവിദ്യാലയത്തിലെത്തുന്ന ഇൻസ്‌പെക്ടറുമായുള്ള സംഭാഷണത്തിൽ രവിയുടെ മനസ്സ് അറിയാതെ ക്രിസ്ത്യൻകോളേജിലെ പുല്ലുകൾ കാശ്മീരങ്ങൾ വിടർത്തിയ തുറസ്സുകളിലേക്ക് പോകുന്നു. സ്‌നേഹത്തിന്റെ ഉള്ളുരുക്കലാണ് ഈ ഓർമയിലുള്ളത്. വീണ്ടും ഓർക്കുകയാണ് അയാൾ. ഇപ്രാവശ്യം ചിറ്റമ്മയിലുള്ള കുട്ടികളുടെ മുഖങ്ങളാണ്. എന്നാൽ ആ കുട്ടികൾ പഴയ ഛായാപടങ്ങളെയാണ് ഓർമിപ്പിച്ചത്. ആൽബത്തിൽ എട്ടുകാലികൾ അമർന്ന് ചത്ത് ഉണങ്ങിപ്പറ്റിനിന്ന ആ ഓർമ രവിയുടെ ഹൃദയത്തിന്റെ മുഖ്യഭാഗം ചീന്തിയെടുക്കുന്നു. പിന്നീടുള്ള ഓർമയിൽ രവിയുടെ കുട്ടിക്കാലത്ത്, അമ്മയുടെ മടിയിലിരുന്ന് കൽപകവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ എണ്ണിയത് കടന്നുവരുന്നു. പിന്നീടുള്ളത് കുറ്റബോധത്തിന്റെ നൊമ്പരം പകർത്തുന്ന ചിറ്റമയുടെ മുഖമാണ്. മാറിമാരി വരുന്ന ഈ ഓർമകളെല്ലാം ചരാചരസമ്മിശ്രമാണെന്നകാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മനസ്സിൽ രവി പേറുന്ന മണ്ണും വിണ്ണും എത്ര സമൃദ്ധമാണ്! ഭൂമിയുടെ അംശമെങ്കിലും സാക്ഷാത്കരിക്കാൻ കഴിയാത്ത മനസ്സുമായി നമ്മുടെ കാലം കേഴുകയാണ്. രവിയുടെ സൃഷ്ടി ഈ വർത്തമാനകാലദുരന്തത്തിനു തിരുത്തുകൂടിയാണ്. വർത്തമാനദുരന്തം അയാളുടെ ജിവിതത്തിന്റെകൂടി പ്രത്യേകതയാണ്. ആ ദാരുണമായ സ്മൃതികളിൽ നിന്ന് രക്ഷപ്പെടാൻ തന്റെ മനസ്സിനെ അയാൾ ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന കാണാക്കയങ്ങളിലേക്ക് എറിയുന്നു. അച്ഛൻ, അമ്മ, എട്ടുകാലി, ആൽബം, കരിക്കിൻതൊണ്ടുകൾ എന്നീ സംജ്ഞകളെല്ലാം നമുക്ക് പരിചിതമായ സജീവതയ്‌ക്കെതിരാണ്. നാം നന്മയുടെ ഏതെങ്കിലും ചിമിഴുകൾമാത്രം ജീവിതോപകാരപ്രദം എന്ന നിലയിൽ അംഗീകരിച്ച് അവയിൽ കഴിയുന്നു. അത് പാടെ നിരാകരിക്കുന്ന രീതിയാണ് വിജയൻ ഖസാക്കിൽ സ്വീകരിച്ചിരിക്കുന്നത്. രവിയുടെ സൃഷ്ടിതന്നെ അത് വ്യക്തമാക്കുന്നു. അയാളുടെ കഴിഞ്ഞകാലദുരിതങ്ങൾ മനുഷ്യനന്മയുടെ സ്‌നേഹത്തിന്റെ രൂപാന്തരങ്ങളായി പുനർജനിക്കുന്നു. ചരിത്രത്തിന്റെ ഇരുട്ടും തിന്മയും കീറിമുറിക്കുന്ന ആർദ്രതയാണ് അയാളുടെ മനസ്സിന്റെ നീറ്റലുകൾ.


ഭഗവദ്ഗീതയുടെ പുനരവലോകനം


ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം.' എന്തിനാണ് ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്. ഈ നോവലിന് മുമ്പോ ശേഷമോ മലയാള നോവലിന് ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല. ഇന്നും 'ഖസാക്കിന്റെ ഇതിഹാസം' മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്.


നോവലിന് സ്ഥൂലമായ പ്രതലങ്ങൾ മതിയെന്നു വിചാരിക്കുന്നവരുണ്ട്. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്‌കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ സഞ്ചാരത്തിലൂടെ വായനക്കാരൻ എത്തിച്ചേരുന്നത് ശൂന്യതയിലാണെന്നു മാത്രം. തനിക്കറിയാവുന്നതെല്ലാം നോവലിസ്റ്റ് പറയുന്നു എന്ന് വായനക്കാരനു തോന്നും. അയാൾ വായനക്കായി ഉപയോഗിച്ച സമയത്തെ പഴിക്കരുതല്ലോ എന്നോർത്ത്, മറ്റൊന്നും പറയുന്നില്ലെന്നു മാത്രം. 'ഖസാക്കിന്റെ ഇതിഹാസം' സ്ഥൂലമായ പ്രതലത്തിലല്ല, ഒരാളെ അയാളുടെ അകംലോകങ്ങളിലേക്ക്, ജ്ഞാനരഹസ്യാത്മക ദ്വീപുകളിലേക്കു നയിക്കുന്ന കൃതിയാണ്. ഇതിനു സമാനമായ ഒരു നോവലും നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. ടി.ആറിന്റെ 'കൊരുന്ന്യേടത്ത് കോമുട്ടി', കോവിലന്റെ 'തോറ്റങ്ങൾ', വൈക്കം ചന്ദ്രശേഖരൻ നായരുടെ 'സ്മൃതികാവ്യം', കൽപറ്റ ബാലകൃഷ്ണന്റെ 'അകംപൊരുൾ പുറംപൊരുൾ', ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം', കാക്കനാടന്റെ 'അജ്ഞതയുട താഴ്‌വര', ബഷീറിന്റെ 'ബാല്യകാലസഖി', തകഴിയുടെ 'ഏണിപ്പടികൾ'എന്നീ നോവലുകളാണ് മലയാള നോവലിന്റെ ആഖ്യാനകലയ്ക്ക് എന്തെങ്കിലുമൊക്കെ സംഭാവന നൽകിയിട്ടുള്ളത്. എന്നാൽ ഈ നോവലുകളെല്ലാം കലയുടെ കാര്യത്തിൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു പിന്നിലാണ്. മലയാള ഭാഷയുടെ പുതിയ സാധ്യതയാണ് വിജയൻ തുറന്നത്. മലയാളംകൊണ്ട് ഇതുവരെ ആവിഷ്‌കരിക്കാൻ കഴിയാതിരുന്ന ചില യാഥാർത്ഥ്യങ്ങളെ വിജയൻ പുറത്തുവിട്ടു. അതുപോലെ, വെളിപാടുപോലെ തനിക്കു ലഭിച്ച സൂചനകളെയും ചിന്തകളെയും പകരാൻ പറ്റിയ നവമായൊരു മലയാളത്തെയും അദ്ദേഹം കണ്ടെടുത്തു. ഇതു രണ്ടും സമ്മേളിക്കുന്നത് അപൂർവ്വമാണ്. പുതിയ യാഥാർത്ഥ്യം, പുതിയ ഭാഷ, ഇതാണ് 'ഖസാക്കിലൂടെ' പുറത്തുവന്നത്. മലയാള നോവലിൽ ഇത്തരം അന്വേഷണങ്ങൾ പൊതുവെ ഇല്ലല്ലോ.


എന്തുകൊണ്ട് ഭാഷ?


മലയാള നോവൽ സാഹിത്യത്തിലെ ഏറ്റവും മഹത്തായ വാക്യം വിജയന്റേതാണെന്നു ഞാൻ വിചാരിക്കുന്നു. ഇതാണ് ആ വാചകം: ''കാവിക്കച്ച ചുറ്റി ചവിട്ടുവഴിത്താരയിലൂടെ കയറി വള്ളമിറങ്ങി ബസ്സുനിരത്തിലേക്കു നടന്നപ്പോൾ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത് രൂപം കൊള്ളുകയായിരുന്നു.'' ഖസാക്കിലെ ഈ വാക്യം വ്യത്യസ്തമായ ചിന്തയെയും പദസംസ്‌കാരത്തെയുമാണ് പ്രസരിപ്പിക്കുന്നത്. മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത് രൂപം കൊള്ളുന്നു എന്നു പറഞ്ഞാൽ, അത് ഒരാളുടെ ഉള്ളിലെ ഇമേജറിയാണ്. രവിയുടെ മനസ്സിന്റെ, സ്വഭാവത്തിന്റെ തന്മാത്രകൾ പോലും ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തോടും പ്രകൃതിയോടുമുള്ള ബന്ധം അയാൾ ഉള്ളിലാണ് അനുഭവിക്കുന്നത്. അതുവരെ അവിടെ ഇല്ലാതിരുന്ന പാറകളും ചെടികളുമാണ്, ഇങ്ങനെ പെട്ടെന്ന് ഉയിർത്തുവന്നതെന്ന ധ്വനി ഈ വാക്യത്തിലുണ്ട്. എന്നാൽ രവിക്ക് അതു പുതുതായി രൂപം കൊള്ളുന്നതാണ്. ഈ രൂപാന്തരം മലയാളഭാഷയിൽ പുതിയ നിറം കൂട്ടിച്ചേർക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. 'കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞ് തന്നെ സ്പർശിച്ചെന്നു തോന്നി' എന്നെഴുതുമ്പോഴും മലയാളത്തിന് വിസ്തൃതി ലഭിക്കുകയാണ്. മനനം ചെയ്തുകൊണ്ടുള്ള ഈ എഴുത്താണ്, 20-ാം നൂറ്റാണ്ടിലെ  നമ്മുടെ ഗദ്യത്തിന് ഉൾക്കനം നൽകിയത്. മനനമില്ലാതെ അദ്ദേഹം ഒന്നുമെഴുതിയിട്ടില്ല. മനനമില്ലാതെ, യുക്തിയിലൂടെ മാത്രം സഞ്ചരിച്ചും എഴുതാം; ആനന്ദ് എഴുതുന്നതുപോലെ. എന്നാൽ വിജയന്റെ ഭാഷയുടെ മാനം ഉണ്ടാകില്ല. ഭാരതീയമായ ദർശനങ്ങളെ തന്നിൽനിന്നു വേർപെടുത്താൻ കഴിയാതെ വിജയൻ നിലകൊണ്ടു. ശ്രീകൃഷ്ണന്റെ അദ്വൈതവുമായിട്ടായിരുന്നു കലഹവും ഒത്തുതീർപ്പും.


കൃഷ്ണചരിതമെഴുതുന്നവരുടെ കൃഷ്ണദർശനമല്ലിത്. ഭാരതീയ പശ്ചാത്തലത്തിൽ, ചിന്താപരിസരത്തുനിന്ന് മാറ്റിനിർത്തിക്കൊണ്ട്, അനുഭവപരമായ പഥങ്ങളിലൂടെ വിജയൻ എത്തുന്നത്, സ്വന്തം ഭാരതീയതയുടെ കണ്ടെത്തലിലാണ്. ഉള്ളിൽനിന്ന് വീണ്ടെടുക്കുന്ന ഭാരതീയത. ഉപനിഷത്തോ, വേദമോ വായിച്ച്, അതിനോട് ഇടഞ്ഞശേഷം, സ്വന്തം ശരീരത്തിനുള്ളിൽനിന്ന് ഔപനിഷദികമെന്നു വിശേഷിപ്പിക്കാവുന്ന, ആത്യന്തികമായ രമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരതകളെ കണ്ടെത്തിത്തരുന്നു. മലയാള അക്കാദമിക് നിരൂപണത്തിന് ഇപ്പോഴുള്ളത് ദർശനദാരിദ്ര്യമാണ്. സവർണ, അവർണ ദ്വന്ദ്വങ്ങളിലും അധിനിവേശ, സാമ്രാജ്യത്വ ഹാങ്ങോവറുകളിലും കുടുങ്ങിക്കിടന്ന്, അവർ വൈയക്തികവും സാർവലൗകികവുമായ പരമസൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ കാണാതെ പോകുന്നു. രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നതോ, സമരത്തിൽ പങ്കെടുക്കുന്നതോ മാത്രമാണ് യഥാർത്ഥ രാഷ്ട്രീയം എന്ന് അവർ വിചാരിക്കുന്നു. എന്നാൽ റോഡരുകിൽ നിൽക്കുന്ന അരയാലിനും രാഷ്ട്രീയമുണ്ട്. ഓരോ വാക്യത്തിനും രാഷ്ട്രീയമുണ്ട്. അതു മറ്റു പ്ലാനറ്റുകളുമായുള്ള ബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. വിജയന്റെ രാഷ്ട്രീയം, തന്റെ അപാരവിനിമയങ്ങളുടെ നേർരേഖകളിലൂടെ, ചുറ്റുമുള്ള ലോകത്തിന്റെ എണ്ണമറ്റ സംഭാഷണങ്ങളിൽ ശ്രദ്ധാലുവായി എന്നതാണ്. വലിയൊരു പ്രവർത്തനം ഇതിലൂണ്ട്.


വിജയന്റെ ഇന്ത്യയെ കണ്ടെത്തൽ എന്താണെന്നറിയാതെ, ചിലർ അദ്ദേഹത്തിലും ചാർത്തി, ആ പഴയ തുരുമ്പിച്ച പിച്ചളമാല - സവർണപക്ഷപാതി. ഇത്രയും ദയനീയമായ വിമർശനം വിജയൻ നേരിട്ടിട്ടുണ്ടാവില്ല. വസ്തുതകളുടെ ആഴത്തിലേക്കു പോകാൻ പ്രയാസമുള്ളവർക്കെല്ലാം ഈ ചതി പറ്റും. ദുഃഖത്തിന്റെ ഹൃദ്യത, സ്‌നിഗ്ദ്ധതയുടെ വാൾമുന തുടങ്ങിയ പ്രയോഗങ്ങളിൽ വലിയൊരു ആന്തരികജീവിതമാണുള്ളത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിനുശേഷം വന്ന കൃതികളിലൊന്നും ഇതിനെ മറികടക്കുന്ന ഭാഷ കണ്ടിട്ടില്ല. ഖസാക്കിലെ ദൈവപ്പുരയിലെ ദേവതയെപ്പറ്റി രവി ചിന്തിക്കുന്നത്, ഭാരതീയതയുടെ ഉള്ളിലെ ചാർവാകനെപ്പോലെയുള്ളവരുടെ യുക്തിവാദത്തെയും കൂട്ടുപിടിക്കുന്നതാണ്. ഇതെല്ലാം ആശയസംഘട്ടനത്തിന്റെ കലാപരമായ അവതരണമാണ്. ആ ഭാഗം ഇതാണ്: 'അവളും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിഞ്ഞിട്ട്, സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയന്നാണ് പൂശാരിയുടെ നൈവേദ്യമുണ്ടുകൊണ്ട് അവളാ പുരയിൽ കുടിപാർത്തത്.' യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളിൽനിന്ന് ഓടിയകന്ന താനും ഈ ഗ്രാമത്തിലെ ദൈവപ്പുരയിൽ അഭയം തേടുകയായിരുന്നു. അതിന്റെ ഗർഭത്തിൽ അവളുടെ കൂടെ ചുരുണ്ടുറങ്ങാൻ അയാൾ കൊതിച്ചു. ആ സായൂജ്യത്തിലാകട്ടെ, അയാൾ അവളുമായി ദുഃഖം പങ്കിടുകയായി. അതോടെ അതു നിരർത്ഥകമല്ലെന്ന് അയാളറിഞ്ഞു. 'ഈ ഏകാന്തതയുടെ അന്തർനാടകത്തിൽ വലിയൊരു പ്രാചീനചരിത്ര സംവാദമാണ് വിജയൻ സംഘടിപ്പിക്കുന്നത്. നോവലിന്റെ ബോധധാരയായി ഈ ആഖ്യാനത്തെ നിലനിർത്തുന്നതോടൊപ്പം, കൂടുതൽ അഗാധത നൽകുകയാണ് ഇതിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. ദൈവപ്പുരയിലെ ദേവത അഭയാർത്ഥിയാണെന്നും അവളെപ്പോലെയാണ് താനും എന്നു ചിന്തിക്കുന്നതും ഇന്ത്യൻ ആത്മീയതയെക്കുറിച്ചുള്ള നവ ഭാഷ്യമാണ്.


സൃഷ്ടിസ്ഥിതിലയങ്ങളുടെ ദൂരഹതയെ ദേവത ഭയക്കുന്നു. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടെയും അപാരതകളെയാണ് താൻ ഭയക്കുന്നതെന്നു രവിയും പറയുന്നു. മാനവിക ജീവിതത്തിനുള്ളിലെ വൈകാരിക തരംഗങ്ങളെ അതിസൂക്ഷ്മമായി നിലനിർത്തുമ്പോഴേ ഇത്തരം ഭയങ്ങളെ തിരിച്ചറിയാൻ കഴിയൂ. ഇങ്ങനെ സ്ഥാവര, ദൈവശാസ്ത്ര, ജൈവലോകത്തെയാകെ സംയോജിപ്പിച്ചുകൊണ്ട് ആധുനികതയുടെ കാലത്ത് ഒരു നോവലിസ്റ്റും എഴുതിയിട്ടില്ല. വിജയൻ ഓരോ വരിയും സംഘർഷത്തിൽനിന്നാണ് തപ്പിയെടുക്കുന്നത്. അതിലുപരി, വാക്യങ്ങളെ മനുഷ്യവികാരങ്ങളുടെ അറിയപ്പെടാത്ത സ്ഥലികളിലേക്കു കൊണ്ടുപോകുന്നു.


ചില ഉദാഹരണങ്ങൾ കുറിക്കട്ടെ. 1. പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ, സായാഹ്ന യാത്രകളുടെ അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേക്കു പോവുകയാണ്. 2. കർമബന്ധത്തിന്റെ നൊടിനേരത്തെ പരിചയം. 3. യുഗാന്തരസ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവസ്ഥാനങ്ങളിൽനിന്ന് കലക്കവെള്ളങ്ങൾ താഴോട്ടൊഴുകി, വാർദ്ധക്യത്തിന്റെ ഒഴുക്ക് ചേറ് തന്നിൽ നിക്ഷേപിച്ചുകൊണ്ട്... 4. മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു. 5. വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ദൂരെ ദൂരെ ഈരച്ചുട്ടുകൾ മിന്നിമിന്നിക്കടന്നുപോയി. കനൽത്തുമ്പിന്റെ ചലനത്തിലൂടെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട് ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു. 6. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം. 7. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. 8. ഏതോ സാന്ദ്രതയുടെ കിനാവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. 9. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം. 10. പള്ളിത്തണുപ്പിന്റെ ആലിലയിൽ അയാൾ കിടന്നു. ആലിലയെ മൂടിക്കൊണ്ട്, കനത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്ഞുയരുകയായിരുന്നു.


ഈ ഭാഷയെ നമ്മൾ കാണേണ്ടത്, 1939-ൽ ബോർഹസ് എഴുതിയ ‘Pierre Menard-author of the Quixote’ എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ്. എഴുത്തുകാരൻ എന്ന കർത്തൃത്വം ഇല്ലാതായി എന്ന് റോളാങ്ങ് ബാർത്ത് സിദ്ധാന്തപരമായി വികസിപ്പിച്ചത്, ബോർഹസിന്റെ കൃതിയെ അടിസ്ഥാനമാക്കിയായിരുന്നല്ലോ. സ്ഥിരം പ്രമേയങ്ങളുടെയും ഭാഷാ പ്രയോഗങ്ങളുടെയും കെണിയിൽ അകപ്പെട്ട സാഹിത്യം ഏറെക്കുറെ മരിച്ചു എന്ന് ബാർത്ത് പറഞ്ഞതോർക്കുന്നു. Literature of exhaustion  എന്ന ലേഖനം ബാർത്ത് എഴുതുന്നത് The Atlanticൽ 1967-ലാണ്. ഇപ്പോൾ നാം എഴുതിക്കൊണ്ടിരിക്കുന്നത് 19-ാം നൂറ്റാണ്ടിലെ സാഹിത്യഭാവന തന്നെയാണെന്നു വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ജീവിതത്തെ പുതിയ രീതിയിൽ കാണാൻ സഹായിക്കുന്ന ഒരു വാക്യംപോലും ഉണ്ടാകുന്നില്ലല്ലോ. ദൈവത്തിന്റെ മരണം എന്ന ആശയം 20-ാം നൂറ്റാണ്ടിനു ലഭിച്ചത് ഈ സാർവത്രികമായ ആശയനാശത്തിന്റെ പശ്ചാത്തലത്തിലാണ്. ഇപ്പോഴിതാ ഗ്രന്ഥകാരനും മരിച്ചിരിക്കുന്നു എന്ന് ബാർത്ത് പറഞ്ഞു. ഗ്രന്ഥകാരന്റെ ഈ മരണമാണ്, സെർവാന്തസിന്റെ ഡോൺ ക്വിക്‌സോട്ടിനെ ആധാരമാക്കി ബോർഹസ് എഴുതിയ കഥയിലുള്ളത്. ക്വിക്‌സോട്ട് എഴുതിയത് സെർവാന്തസ് ആണെന്നതു പഴയ സങ്കല്പമാണെന്നും അതു താൻ മറ്റൊരു രീതിയിൽ എഴുതുകയാണെന്നുമായിരുന്നു ബോർഹസിന്റെ വാദം. പഴയ യാഥാർത്ഥ്യങ്ങളെത്തന്നെ പുനരുപയോഗിച്ചുകൊണ്ട്, പുതിയ ഭാവന ഉണ്ടാക്കാൻ കഴിയണം. അതിനു പരിഹാസവും ദർശനവും എല്ലാം കൂടിക്കലരണം. അന്തിമമായ പരിഹാരങ്ങൾക്കായി ഉഴറുന്ന മാനവസമൂഹത്തിനു മുമ്പിൽ തേഞ്ഞുപഴകിയ ഉപകരണങ്ങൾ വിലപ്പോകില്ല...

ബോധധാരയുടെ പാരമ്പര്യവഴികളെ പുനരുപയോഗിച്ച്, തന്റേതായ ആക്ഷേപഹാസ്യാത്മകമായ ഫാന്റസി വിജയൻ വികസിപ്പിച്ചു. 'പള്ളിത്തണുപ്പിന്റെ ആലില' എന്ന പ്രയോഗത്തിൽ ശ്രീകൃഷ്ണനെ തിരയാൻ വായനക്കാരൻ നിർബന്ധിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. ഈ ആലില ഇന്ത്യൻ മിഥോളജിയുടെ പ്രതീകമാണല്ലോ. അതിനെയാണ് പള്ളിത്തണുപ്പിൽ ഈ എഴുത്തുകാരൻ കൊണ്ടുവയ്ക്കുന്നത്. ഇതിലൂടെ വിജയന്റെ വാക്യങ്ങൾക്കു പല കാലങ്ങളുടെയും പല സംസ്‌കാരങ്ങളുടെയും സ്വരങ്ങൾ ലഭിക്കുകയാണ്. ഭഗവദ്ഗീതയെ പുനരുപയോഗിച്ച നോവലാണ് 'ഖസാക്കിന്റെ ഇതിഹാസം'. പുരാണ കഥകളെ ചെറിയ മാറ്റങ്ങൾ വരുത്തി നോവലോ കവിതയോ നിർമ്മിക്കുന്നതുപോലെയല്ല ഇത്. 'ഖസാക്കിന്റെ ഇതിഹാസ' ത്തിൽ പ്രത്യക്ഷത്തിൽ ഇന്ത്യൻ പുരാണമില്ല. എന്നാൽ ഇന്ത്യൻ പരിത്യക്തതയെയും ലൈംഗികവിരക്തിയെയും രവിയിലൂടെ വിജയൻ പരിഹസിക്കുകയാണ്. ഈ പരിഹാസമാകട്ടെ, രവി എന്ന മനുഷ്യന്റെ ആകെത്തുകയല്ല. അയാൾ പ്രത്യേകമായ ഒരു അന്തഃസത്തയോ തത്ത്വശാസ്ത്രമോ പേറുന്നില്ല. ഇതാണ് കാതലായ സംഗതി. അയാൾ അയാളെത്തന്നെ തേടുകയാണ് ചെയ്യുന്നത്. പലരും തട്ടിവിടുന്നതുപോലെയുള്ള 'സ്വത്വം' അയാൾക്കില്ല. തന്നെത്തന്നെ അന്വേഷിക്കുന്നതിലൂടെ അയാൾ ഒന്നിന്റെയും ലേബലൊട്ടിച്ച ഉത്പന്നമോ പ്രചാരകനോ അല്ലാതാവുന്നു. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, നമ്മൾ ഒന്നും കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നില്ല. രവിയും അതാണ് ചെയ്യുന്നത്. പക്ഷേ, അയാൾ ഇതു ചെയ്യുന്നത്, ഈ തത്ത്വം പാലിക്കാൻ വേണ്ടിയല്ല.

രവിയുടെ പുസ്തകശേഖരത്തിലുള്ള ഭഗവദ്ഗീതയും മുട്ടത്തുവർക്കിയും ഇതു വ്യക്തമാക്കുന്നു. അയാൾക്ക് ഭഗവദ്ഗീതയോടും താത്പര്യമില്ല. ദേവതയെയും സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയക്കുന്നവളായി കാണുന്നതിലൂടെ അയാൾ ദൈവശാസ്ത്രത്തെയും പൊളിക്കുന്നു. മതരഹിതനായ, ദൈവരഹിതനായ സന്ന്യാസിയാണ് രവിയെന്നു വേണമെങ്കിൽ പറയാം. ഭഗവദ്ഗീതയെ ഇതുപോലെ പുനരുത്പാദിപ്പിച്ച മറ്റൊരു കൃതി ഇന്ത്യൻ സാഹിത്യത്തിലില്ല. തന്റെ ഗതകാലത്തിന്റെ ആശയങ്ങളുടെയെല്ലാം മഹാവൃക്ഷത്തിനു താഴെ നിൽക്കുമ്പോഴുളള ജാള്യതയും സങ്കോചവും വിജയനുണ്ട്. അതുകൊണ്ട് സാഹിത്യപരമായ ഉത്പാദനരാഹിത്യത്തെ, അദ്ദേഹം ഗീതയെ പുനരുപയോഗിച്ചുകൊണ്ട് മറികടക്കുകയാണ്. ഓരോ നിമിഷവും ഭഗവദ്ഗീതയുമായി കലഹിക്കുകയാണ് വിജയൻ. ഇതാണ് എഴുത്തുകാരന്റെ സ്വാതന്ത്ര്യം. നോവൽ അവസാനിക്കുന്നിടത്ത്, ''മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി'' എന്നെഴുതിയിട്ടുണ്ട്. ഈ പെരുവിരലും കൃഷ്ണനെ ഓർമ്മിപ്പിക്കുന്നില്ലേ? ഗീതാസാരവുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങുന്ന ആഖ്യാനഘടന ഖസാക്കിലുണ്ട്. രവിയാകട്ടെ ബോധപൂർവം ഈ ഘടനയുടെ ഭാഗമാവുന്നില്ല. വിജയന്റെ തന്നെ വാക്കുകൾ ഇതിനു തെളിവുനൽകുന്നുണ്ട്.

തന്റെ വലതുകൈയ്ക്ക് വാതം ബാധിച്ചതിനെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളത് ഇതാണ്: ''പഞ്ചഭൂതങ്ങൾ ചുറ്റഴിയുന്നതുപോലെ. അങ്ങനെ ചിതറുന്ന സൂക്ഷ്മാംശങ്ങളുടെ വലിയൊരു നെബ്യൂലയ്ക്കു നടുവിൽ ഒരു സൗരരൂപത്തെപ്പോലെ സ്ഥലം പിടിച്ചുകൊണ്ട് പ്രാണൻ ആ അഴിവിനെ നോക്കിക്കാണുന്നു.'' (ഇതിഹാസത്തിന്റെ ഇതിഹാസം). ''പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിക്കും.'' വേദനയുടെ യോഗസിദ്ധിയിൽ സന്ദേഹങ്ങൾ പരിണമിച്ച് അറിവായിത്തീരുന്നു. പിതൃമന്ത്രം ജപിച്ച് അവസാനം രവി തന്റെ യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര പുറപ്പെടുന്നു. ഭാഗവത സപ്താഹം കഴിഞ്ഞ് തക്ഷകനെ നേരിടാൻ, എന്റെ ഈ ഉഴുതുപൂട്ടാത്ത പാഴ്‌നിലത്തിൽ അപൂർവ്വസസ്യങ്ങൾ വിളയിക്കുന്നത് ആരാണ്? അവൻ, ആ ആദിസ്പർശി! ഇങ്ങനെ ഭഗവദ്ഗീതയുടെ ആശയങ്ങളെ പുനർനിർമ്മിക്കുന്ന എത്രയോ വാക്യങ്ങൾ വേണമെങ്കിലും വിജയന്റെ എഴുത്തിൽനിന്ന് കണ്ടെത്താം. എന്നാൽ ഈ പുനർനിർമ്മാണം വെറും പറ്റിയെഴുത്തല്ല. അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്കു കുറുകെയുള്ള സഞ്ചാരമാണിത്. എന്നാൽ ഇതിനിടയിൽ ഗീതയോടു കലഹിക്കുകയും ചെയ്യുന്നു. ഗീത വ്യക്തിപരമായ അനുഭവമെന്ന നിലയിലാണ് ഇവിടെ പ്രത്യേക ഘടനയായിത്തീരുന്നത്. 'ജീവന്റെ മുക്തി ചിലന്തിയുടെ യുഗത്തിലാവട്ടെ, മനുഷ്യന്റെ യുഗത്തിലാവട്ടെ, ദുഃഖസമസ്യയായി അവശേഷിക്കുന്നു' എന്നുള്ളത് ഗീതാസാരത്തെത്തന്നെ പൊളിച്ചെഴുതുന്ന വാക്യമാണ്. അതേസമയം, 'പാമ്പിന്റെ പത്തിവിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാൽപടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റ വികൃതിയാണ്' - എന്നീ വാക്യങ്ങളിൽ ഗീതാസാരമുണ്ട്. ലൗകികാതീതമായ അവബോധവും പ്രസാദവും കാണാം. തന്റെ പ്രാചീനതയെ അതേപടി പുനരാവിഷ്‌കരിക്കുന്നത്, എഴുത്തുകാരനു ഖ്യാതി നൽകില്ല. എന്നാൽ വിജയനെപ്പോലെ സർഗാത്മകമായി പുനരന്വേഷിക്കുകയും തന്നെത്തന്നെ അന്വേഷണ വിഷയമായി പ്രഖ്യാപിച്ച് തർക്കത്തിലിടപെടുകയും ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യങ്ങളാണ്.

കസാൻത്‌സാക്കിസ്, 'ദ ലാസ്റ്റ് ടെപ്‌റ്റേഷൻ ഓഫ് ജീസസ് ക്രൈസ്റ്റ്' എന്ന കൃതിയിൽ ചെയ്തതിനേക്കാൾ കലാപരമായാണ്, തന്റെ പൂർവകാല സംജ്ഞകളെ വിജയൻ നോവലിലൂടെ അവതരിപ്പിച്ചത്. നബോക്കോവിന്റെ ലോലിത, ഒർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ് റെഡ്' എന്നീ കൃതികളേക്കാൾ വ്യക്തിപരമായ കലാനുഭവം 'ഖസാക്കിന്റെ ഇതിഹാസ'മാണ് നൽകുന്നത്. എന്നാൽ നോവലിന്റെ ക്രാഫ്റ്റിനെ നബോക്കോവിനെപ്പോലെ അട്ടിമറിക്കാനൊന്നും വിജയനു കഴിഞ്ഞിട്ടില്ല.  ഫിലിപ്പ് റോത്ത്, അല്ലൻ റോബ്ബേ ഗ്രിയേ, വില്യം ഫോക്‌നർ തുടങ്ങിയവരുടെ ക്രാഫ്റ്റ് വിജയൻ നേടിയിട്ടില്ലായിരിക്കാം. ലോകത്തിലെ ഏത് നൂതന നോവലിലുമുള്ളതുപോലെ, മിത്തിനെയും കല്പിത കഥയെയും യാഥാർത്ഥ്യത്തെയും ചരിത്രത്തെയും ദൈവശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തി, നവകാലത്തിലെ മനുഷ്യന്റെ ശിഥിലമായ അകംലോകങ്ങളെ പ്രശ്‌നവത്കരിക്കുകയും തുറന്നു കാണിക്കുകയും ചെയ്യുന്നത് 'ഖസാക്കിന്റെ ഇതിഹാസ'ത്തിലും കാണാം. എം. കൃഷ്ണൻനായർ ആരോപിച്ചതുപോലെ ഇതു വെറുമൊരു 'എക്‌സിസ്റ്റെൻഷ്യൽ നോവൽ' അല്ല; ഇന്ത്യൻ നോവലാണ്. ഭാരതീയതയെ തന്നെ റീസൈക്കിൾ ചെയ്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തെ അനുകരണമെന്ന് ആക്ഷേപിച്ച ജി.എൻ. പണിക്കരും മറ്റും ഇനിയെങ്കിലും ഒരു സത്യം പുറത്തുവിടേണ്ടതുണ്ട്. ആരുടെയെങ്കലും പ്രേരണയിലാണെങ്കിൽ എന്തുകൊണ്ട് അതിൽത്തന്നെ ഉറച്ചുനിൽക്കുന്നുവെന്ന്. ഖസാക്ക് പ്രസിദ്ധീകരിച്ച് 25 വർഷം കഴിഞ്ഞാണ് അതിന് ഇംഗ്ലീഷ് തർജ്ജമയുണ്ടായത്. ഇതിനും നോവലിസ്റ്റിനെ പഴിക്കണോ? ഫിലിപ്പ് റോത്ത് പറഞ്ഞതുപോലെ, കഥയെഴുതിക്കൊണ്ട് ആത്മകഥയും ആത്മകഥയിലൂടെ കഥയുമാണ് വിജയനും പൂർത്തിയാക്കിയത്.


സൗന്ദര്യത്തിന്റെ വിചാരവസ്ത്രം


പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ച് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ല്യൂൺഹാർഡ് ആഡം (*ഘലീിവമൃറ അറമാ: ജൃശാശശേ്‌ല മൃ)േ തൊട്ടറിയുന്നുണ്ട്. വംശസ്മരണകളുടെയും വിശ്വാസങ്ങളുടെയും ആസക്തിധാരകളെ സാക്ഷാത്കരിക്കാനായി തെരഞ്ഞെടുത്ത പ്രരൂപങ്ങളുടെയും ദൃശ്യലിപികളുടെയും വിന്യാസം ഇവിടെ പ്രധാനമാണ്. അവിടെ അഭിരാമമായ മോഹക്കാഴ്ചയുടെ ചിരന്തനമായ പ്രാപ്തിക്കുവേണ്ടി നടത്തിയ പ്രാർത്ഥനയോടെ വിശുദ്ധമായ ഒരന്തർസ്പർശനമാ

യിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാവുന്നത് ഇരുളിലാണ്ട നൃത്തമണ്ഡപത്തിൽ തിരിച്ചറിയുന്ന ഇഷ്ട നർത്തകികളിലൂടെയാണ്. അരങ്ങ് ലഭിക്കാതെപോയ ലാവണ്യ സന്ദർഭങ്ങൾ മനസ്സിൽ പുതിയൊരു പ്രതിബിംബം തേടിവന്നെത്തുമ്പോൾ സൃഷ്ടിയുടെ ഉൾവിളി രൂഢമാവുകയാണ്. സൗന്ദര്യത്തിന്റെ ശാഠ്യം ആത്മാവിന്റെ വേദനാപൂർണമായ യാനത്തോളം കിനിഞ്ഞിറങ്ങുമ്പോഴാണ്, പ്രപഞ്ചത്തിൽ നിന്ന് തനിക്കൊരു വ്യവസ്ഥയുടെ തൂവൽ വേണമെന്ന ചിന്തയിൽ ഓരോ കലാകാരനും ആത്മപ്രവേശം നടത്തുന്നത്. നിർമ്മാണപരമായ എല്ലാ വ്യവസ്ഥയുടെയും പിന്നിൽ നിയമവിമുക്തമായ നൈതികസമ്പത്ത് അടങ്ങിയിരുപ്പുണ്ട്. കര കാണാതെ കടലിൽ യാത്രചെയ്യുന്ന തോണിക്കാരനെ ഇവിടെ ഓർക്കാം. യാത്രയുടെ ഓരോ വേളയിലും ആന്തരികമായ സാഫല്യങ്ങളില്ല. അജ്ഞാതമായ ഭാവിയുടെ അദൃശ്യദർശനങ്ങൾ നിറഞ്ഞ ഐഹിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ അയാൾ തീർത്തും അനാഥനാണ്. തനിക്കുമാത്രം യോജിച്ച ഏതോ പ്രമാണത്തിന്റെ ഓരംപറ്റി ഭൂമിയുടെ സുഗന്ധദൃശ്യങ്ങൾ ചമയ്ക്കാനാണ് ആ സാഹസികൻ ശ്രമിക്കുന്നത്. കലാകാരനും പ്രപഞ്ചത്തിന്റെ അനന്തമറ്റ ചോദനകളിൽ ഒരു തോണിക്കാരനാണ്, ക്രമത്തിൽ ഇലകൾ കൊഴിഞ്ഞെത്തിയ പുഷ്പത്തെപ്പോലെ ഭൂമിയുടെ ശാഖയിൽ അയാൾ പുഷ്പിച്ചിരിക്കുകയാണ്. വെളിപ്പെടാത്ത നേരുകൾക്കുവേണ്ടി സ്വാസ്ഥ്യത്തിന്റെ അധോ

നേരുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ് കലാകാരന്റേത്. ഏറെ ബാഹ്യവത്കരിക്കാത്ത രൂപങ്ങളുടെ അധോരഹസ്യങ്ങൽ സൃഷ്ടിച്ച ആധിയിൽ നിന്നുള്ള വിടുതൽ ഓരോ പ്രവർത്തനത്തിലും രക്തത്തിന്റെ വാത്സല്യം ചേർക്കുന്നുണ്ട്. വാക്കുകകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്റെ സൗരലോകം കൊണ്ട് ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന് വിമുക്തമാക്കാനാവാത്ത വ്യവസ്ഥയുടെ ഭാഗമാകുകയുമാണ് കലാകാരൻ ചെയ്യുന്നത്. വഴങ്ങാത്ത വ്യവസ്ഥയുടെ പൊരുളുകളിൽ നിന്ന് വാർന്നൊലിക്കുന്ന കണ്ണീരിന്റെ പ്രഭവം തേടി തന്നിൽ തന്നെ വന്നു മുട്ടുന്നു. കൈനീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിന്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിന്റെ കല്പങ്ങളെ വളർത്തിയെടുക്കുന്നു. അറിവ് ആനന്ദവും നൊമ്പരവുമാണ്. വസ്തുവിന്റെ ഉള്ളിലെത്താൻ മനസ്സുകൊണ്ടൊരു വ്യവസ്ഥ ചമയ്ക്കുമ്പോഴാണ് സൗന്ദര്യത്തിന്റെ നിർമ്മാണവേദന അനുഭവിക്കേണ്ടിവരുന്നത്. ഇങ്ങനെ പ്രപഞ്ചത്തിന്റെ വസന്തർത്തുവിൽ നിന്ന് സ്വച്ഛവേളയുടെ വ്യവസ്ഥയ്ക്കുള്ളിലേക്ക് ക്രമരാഹിത്യത്തോടെ അരങ്ങേറുന്നു. അത് ലൗകികമായ പ്രതിജ്ഞാലംഘനങ്ങളും ഇച്ഛയുടെ ഗതിഭംഗം വന്ന വിരുന്നുകളും ചേർന്ന സംസാരമാകുന്നു. കലാകാരനും നൊമ്പരങ്ങളുടെ പേടകമാക്കുമ്പോഴും പ്രപഞ്ചത്തോടുള്ള സംഗീതാത്മകമായ മർമ്മരങ്ങളിൽ ആസക്തനാക്കുന്നത് ഇതാണ്. സൗന്ദര്യാനുഭവത്തിന്റെ ആവിഷ്‌കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഏകാന്തമായ ഈ വ്യവസ്ഥാലംഘനങ്ങളെക്കുറിച്ച് ലയണൽ ട്രിംല്ലിംഗ് (*ഘശീിലഹ ഠൃശഹശിഴ : ഇൃശശേരശാെ മിറ അലേെവലശേര)െ ഓർക്കുന്നു. റീഡിന്റെ നൈസർഗ്ഗിക സൗന്ദര്യദർശനത്തെ (ഋിശഴാമ ീള  ചമൗേൃമഹ ആലമൗ്യേ) സ്പർശിച്ചുകൊണ്ട് സത്തയോളം ആഴ്ന്നിറങ്ങുന്ന നോവാണ് സൗന്ദര്യമെന്ന് ട്രില്ലിംഗ് പറയുന്നു. വാക്കുകൾക്കും നിറങ്ങൾക്കും അതീതമായ, ഭാവസ്പർശിയായ ഉദാത്തതയുടെ വിളയാട്ടം പകരാനാവുന്നതല്ല. കലയ്ക്ക് രഹസ്യം വന്നുചേരുന്നത് അതിന്റെ സൗന്ദര്യഘടകങ്ങളുടെ അന്യോന സ്പർശങ്ങളിൽക്കൂടിയാണ്. കലയുടെ രഹസ്യവും കലാകാരന്റെ ഏകവചനവും ചേർന്ന് പ്രപഞ്ചത്തിനുള്ള സ്വാസ്ഥ്യം കണ്ടെത്തുന്നു. സത്യത്തിൽ പ്രപഞ്ചത്തിലെ പുറം തിരിഞ്ഞ നൈതികക്രമത്തെ കലാസൃഷ്ടിയിലൂടെ മനുഷ്യൻ തന്റേതാക്കി മാറ്റുകയാണിവിടെ. ഏകാന്തത നിറഞ്ഞ പ്രവർത്തനമാണെങ്കിലും സൃഷ്ടിയുടെ ഓരോ വേളയിലും ആത്മാവും പ്രപഞ്ചവും പരസ്പരം വസ്ത്രമണിയിക്കുകയും വിരുന്നു നൽകുകയും ചെയ്യുന്നു. ജീവിക്കാനുള്ള തൃഷ്ണയിൽ നിന്നാണ് സ്വന്തം പ്രതിരൂപം തേടി മനുഷ്യൻ കലകളിലെത്തിച്ചേർന്നത്. എന്നാൽ സൗന്ദര്യത്തിന്റെ നോവ് സൃഷ്ടിക്കപ്പുറത്ത് ജീവിതത്തിന്റെ രൂപത്തിലും പ്രകടമാവുന്നുണ്ട്. സ്വയം ഏറ്റുവാങ്ങുന്ന അരുതായ്കകളുടെ അധോമുഖമായ പ്രയാണം ജീവിതരൂപമായി നില്ക്കുന്നു. ജീവിതം സൗന്ദര്യത്തിന്റെ ഉൾവേദനകൾ പേറുമ്പോൾ മനുഷ്യന് പ്രവാചകനാവാതെ വയ്യ. ഭാവിയിലേക്കും മനുഷ്യരിലേക്കും അവന്റെ മിഴികൾ ആഴ്ന്നിറങ്ങുന്നു. അതൊരു ദുഃഖമായി വീഴുന്നു. എന്നാൽ, അതേസമയം, ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയാതെ വരുന്ന അധോബിംബം (ജൃീളശഹല) ബാഹ്യമായ സൃഷ്ടികളുടെ ശാലകളിലേക്ക് യാത്രയാകുന്നുണ്ട്. അങ്ങനെ കലാസൃഷ്ടിയുടെ വചസ്സ് തെളിയുന്നു. വാക്കുകളെയും നിറങ്ങളെയും പ്രപഞ്ചവസ്തുക്കളെയും ഉള്ളിൽ പേറിക്കൊണ്ട് നഷ്ടപ്പെട്ടുപോയ കണ്ണികൾ പെറുക്കിയെടുക്കാനും പ്രപഞ്ചത്തിന് ദൃശ്യമായ ഐഹികശൃംഖല മെനഞ്ഞെടുക്കാനും കലാകാരൻ ശ്രമിക്കുന്നു. ദുഃഖം ഉച്ചരിക്കാനാവാതെ പോയ ഏതോ ഗാഢസന്ധിയിൽ ടാഗോർ പാടുന്നുണ്ട്; അമ്മേസ എന്റെ സങ്കടങ്ങളുടെ തുള്ളികൾകൊണ്ട്, ഞാനവർക്ക് മുത്തുമാലയണിയാം എന്ന്. കലയും സൗന്ദര്യവും ആത്മാവിന്റെ ഏകമുനയിൽ വിശ്വത്തിലെ സാരവത്തായ സമാധിയായിത്തീരുന്നു. അത് ഉള്ളിന്റെ വ്യതിരിക്തതകളെ കരുണ് കൊണ്ട് പ്രസാദിപ്പിക്കുന്നു. സൗന്ദര്യം മനുഷ്യനെ ആദ്ധ്യാത്മികമായി വിനമ്രനും ആതുരനുമാക്കുന്നത് ഒരേ സമയത്താണ്. അതവന്റെ ജൈവസംയുക്തങ്ങളുടെ സാകല്യമായ പ്രമാണവും നിലവിളികളുമായിത്തീരുന്നു. ദുഃഖിതന്റെ ആശീർവാദവും യോഗിയുടെ കണ്ണീരും കലർന്നതാണ് സൗന്ദര്യബോധം. പരിത്യക്തന്റെ വേപഥുവും രോഗിയുടെ മന്ദഹാസവും ചേർന്നതാണ് സൗന്ദര്യാനുഭവം. മൃത്യുവിന്റെ വാർത്ത കേൾക്കുക മാത്രമാണ് സുഖകരമായ അനുഭവം എന്നു പറയുന്ന മൊണ്ടയിന്റെ* സൗന്ദര്യബോധവും ഇവിടെയുണ്ട്. ഒരാളുടെ മരണസമയത്തുണ്ടായിരുന്ന മുഖസ്പർശങ്ങളും വാക്കുകളും ഉച്ചാരണങ്ങളും തന്നെ സുരതത്തോളം ഉയർത്തുന്നുവെന്ന് മൊണ്ടയ്ൻ അറിയിക്കുന്നു. ഇവിടെ നേര് തീവ്രമായ ആഘാതവും ഉദ്ദീപനരക്ഷസ്സുമായിത്തീരുകയാണ്. വൃക്ഷത്തിൽ നിന്ന് നനഞ്ഞ ഇല, പൂക്കളിൽനിന്ന് ജലകണം, ആകാശത്തിൽ നിന്ന് തിളങ്ങുന്ന രശ്മി സൗന്ദര്യക്കാഴ്ചയുടെ ധാതുക്കൾ മനസ്സിന്റെ മുറ്റത്ത് തന്നെയാണ്. ഇങ്ങനെ സൗന്ദര്യം ഹൃദയത്തിന്റെ ഏതോ അർദ്ധസുഷുപ്തിയിൽ പ്രവചനാതീതമായ നീലിമ സൃഷ്ടിച്ചപ്പോഴാണ് ഒ.വി. വിജയൻ 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയത്. തന്റെ ഉണ്മയുടെ എല്ലാ അവ്യക്തതകളും പ്രണയങ്ങളും ബോധത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട് വിജയൻ പകർത്തി. അതിൽ യുക്തിയുടെ സരളമായ ആന്ധ്യം പുഷ്പിച്ചിട്ടുണ്ടായിരുന്നു. വിവേകത്തിന്റെ നിർമ്മലമായ ദാസ്യം ഉച്ചാരണം ശീലിക്കുന്നുണ്ടായിരുന്നു. മൺമറഞ്ഞുപോയ സന്ധ്യകളും ആത്മാക്കളും രാത്രിയുടെ ഏതോ മുഹൂർത്തത്തിൽ വന്ന് മനസ്സിനെ വിളിച്ചു. കല്പവൃക്ഷത്തിന്റെ തൊണ്ടു കാണാനായി മനസ്സ് കൺമിഴിച്ചു. ആകാശത്തിന്റെ നിറച്ചാർത്തുകളിലെവിടെയോ കത്തിനിന്ന് മോഹാലസ്യവും നീലിമയും മനസ്സിൽ സ്വപ്‌നങ്ങളുയർത്തി. ഭീതിപുരണ്ട സ്വപ്‌നങ്ങൾ, അവിടെനിന്ന് ഇറങ്ങാനാവാതെ, നിദ്രയുടെ സ്‌ഫോടനങ്ങളിലേക്കും തളർച്ചയുടെ ആന്തര രാഗമാലികകളിലേക്കും പറന്നു ചെല്ലേണ്ടതിനെക്കുറിച്ചോർത്തു. സൗന്ദര്യദർശനത്തിന്റെ പ്രാപഞ്ചികവിതാനങ്ങളുരുകി തെളിച്ച വിജയന്റെ അധോലോകം ബഹുമുഖമായ കലാസന്ദർഭത്തിൽ കിളിർക്കാനിടയായതിങ്ങനെയാണ്. ഓരോ മനുഷ്യനും അതീവരഹസ്യമായി സംഭരിക്കുന്ന ചരിത്ര സ്മൃതികളും പുരാവൃത്തങ്ങളുമുണ്ട്. ഏകാകിയായി ഭൂതസ്പർശങ്ങളിൽ വീണുഴലുമ്പോൾ ആത്മാവിന്റെ പ്രാചീനതയിലെവിടെയോ നട്ടുവളർത്തിയ പകൽക്കിനാവുകൾ നാമ്പെടുക്കുന്നു. അത് പിന്നീട് ജൈവതന്തുക്കളിൽ നിറയുന്നു. ഭൂതവസ്തുതയോടുള്ള പ്രമാണമായിത്തീരുന്നു. ഗതകാലത്തിന്റെ ശോകമുദ്രകളിലാണ് ആത്മബിംബം. വീഴ്ചകളില്ലാത്ത അശ്വമേധങ്ങൾ നടത്തേണ്ടത് പോയ കിനാവുകളുടെ ഭൂമിയിലാണ്. അവിടെ നിന്ന് ശേഖരിക്കുന്ന നനവാർന്ന മണ്ണ്, പിന്നെ വിശ്രമവേളകളിലാകെ ഉന്മേഷം പകരുന്നു. ഗതകാലത്തിന്റെ ശിരസ്സ് ശയിക്കുന്ന തടത്തിൽ നിന്നുള്ള കഥകളാണ് നരനെ ആതുരഘട്ടത്തിൽ ആശ്വസിപ്പിക്കുന്നത്. സത്യത്തിൽ ചരിത്രസംഭവങ്ങളിൽ ആകൃഷ്ടരാകുന്നതും അതിൽ നിന്നുള്ള പ്രലോഭനത്തിൽ മനുഷ്യന്റെ ചരിത്രം കുറിക്കാൻ പ്രേരണ ജനിക്കുന്നതും ഈ സാഹചര്യത്തിലാണ്. ചരിത്ര സന്ദർഭങ്ങളെ സ്പർശിച്ചുണരുന്ന കലാസൃഷ്ടികളും വൈയക്തിമായ ഉൾപീഡകളുടെ പ്രകടനങ്ങളായിത്തീരുന്നതിങ്ങനെയാണ്. മലയാളത്തിൽ ചരിത്ര നോവലുകൾ സി.വിയുടെ ചിന്തകൾ മുതലാണ് ആരംഭിക്കുന്നത്. ആ നോവലുകൾക്ക് ചിത്തത്തിന്റെ വായ്ത്തലയിൽ വീണ വാക്കുകളുടെ രക്തപ്പാടുകളുണ്ടായിരുന്നു. എന്നാൽ മനുഷ്യമനസ്സാക്ഷിയുടെ ക്രമവും അക്രമവും ചാലിച്ചുള്ള ധാരയിൽ, ആത്മാവിൽ നിന്നുള്ള വംശക്കുറിപ്പുകളിൽ ശേഷം വരുന്ന എഴുത്തുകാർ വിമുഖത കാണിച്ചു. ഉറൂബും ബഷീറും വ്യക്തിയുടെ തുരുത്തുകൾ കാണാനാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. മഥിക്കുന്ന ഭൗതികവസ്തുക്കളും ലൗകിക രഹസ്യങ്ങളും ഈ എഴുത്തുകാരെ ചില നേരങ്ങളിൽ വിഷമിപ്പിച്ചു. അതവരുടെ മനസ്സിന്റെ സഹജമായ സ്വഭാവ നിഷ്ഠയോ, വൈയക്തികമായൊരു നിർബന്ധമോ ആയിരുന്നു. നിമ്‌നോന്നതങ്ങളിലൂടെ സഞ്ചരിക്കാനുള്ള മനസ്സിന്റെ കഴിവിനെ അവർ പരീക്ഷിക്കുകയായിരുന്നു. എന്നാൽ അതിലും സജീവമായി ആത്മാവിന്റെ വ്യസനസന്ദിഗ്ദ്ധമായ ദ്വീപുകളെ അടുത്തറിയാനും ഭൗതിക ലോകത്തോടുള്ള പ്രജ്ഞാപരമായൊരു കലാപത്തിൽ കൂടുതൽ വികാരത്തോടെ പങ്കെടുക്കാനും ഉദ്യമിച്ചത് വിജയനും വിലാസിനിയും ചേർന്ന പുതിയ എഴുത്തുകാരാണ്. അവരുടെ നോവലുകളിൽ ഹൃദയത്തിന്റെ നിഷ്ഠയ്‌ക്കൊത്ത് പ്രപഞ്ചവസ്തുതകൾ മാറി, ദൃഢമായ ഖരവസ്തുക്കൾ മഞ്ഞുപോലെ സ്‌നിഗ്ദ്ധമായി. ആർദ്രചുംബനങ്ങൾ നടക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ലൗകിക ദുരന്തമായി. വൈകാരികമായ അവസ്ഥാഭേദം മനസ്സിന്റെ കപടവാദങ്ങളെ വേറൊരു വഴിക്കു നയിച്ചു. ഹൃദയത്തിൽ സ്വന്തം വിഷമവൃത്തങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചപ്പോൾ വാക്കുകൾക്കുണ്ടായ ഭാരം അവരെ പുതിയ കലയുടെ സൗന്ദര്യവേദനകളിലേക്ക് ആനയിച്ചു. വൈരുദ്ധ്യത്തിലേക്കും സത്യത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്താവുന്നവയാകണം വാക്കുകളെന്ന് തോറോ1 നിഷ്‌കർഷിച്ചത് ഓർമ്മവരുന്നു. വാക്കുകളിൽ നിന്ന് മനസ്സിനെയോ, മനസ്സിൽ നിന്ന് വാക്കിനെയോ, വ്യതിചലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്. ശിലയുടെ കണ്ണീരും സംസാരവും ഇഴുകിച്ചേർന്ന സ്വപ്‌നനിറമുള്ള പദശൃംഖലയാണ് യാഥാർത്ഥ്യത്തിൽ ആത്മീയമായ ഭാഷ്യത്തിനായി വിജയൻ കണ്ടെത്തിയത്. മണ്ണിൽ വീണുകിടക്കുന്ന ഏതോ പുരാതന ശില്പത്തിലും തന്റെ വ്യഥയുടെ അവശിഷ്ടങ്ങൾ കണ്ട് വിജയൻ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കൾ അലിഞ്ഞുചേർന്നിരിക്കുന്നു. കല്ലിന്റെ കാഠിന്യവും ഇലയുടെ സ്‌നിഗദ്ധതയും പദങ്ങൾക്കുണ്ട്. വാക്കുകൾക്ക് എത്ര നാളാണ് മനസ്സിൽ കഴിയാൻ നിയോഗമുള്ളത്! പദങ്ങളുടെ ആവനാഴിയിൽ തന്റെ ഉണ്മ ഊറിത്തെളിയുന്നു. വിജയന്റെ സ്മൃതിതലങ്ങളിൽ സൃഷ്ടിയുടെ സൗന്ദര്യവ്യസനങ്ങൾ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്. മനസ്സിലേക്കുള്ള യാത്രയിൽ കാഴ്ചകൾക്കപ്പുറത്ത് പാദങ്ങൾ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേർപ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകൾ ആത്മാവിന്റെ കൂട്ടിലേക്ക് ആതുരതയോടെ യാത്രചെയ്യുന്നു. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ വിജയൻ പ്രവാസത്തിന്റെ നൊമ്പരമാവിഷ്‌കരിക്കാനാണ് തുനിഞ്ഞത്. ഇനിയൊരിക്കലും വിളിച്ചുവരുത്താനാകാത്ത ദുഃഖഭാവങ്ങൾ കാതുകളിൽ ചിലമ്പൊച്ചയുണർത്തി മറയുന്നു. കാമുകന്റെ വക്ഷസ്സ് തലോടി കന്യക അടുത്തുതന്നെയുണ്ട്. ദൈവത്തിന്റെ പുഞ്ചിരി ഇവിടെ, ഇവിടെ മാത്രമാണ്. എങ്കിലും ഇച്ഛാഭംഗത്തിന്റെ ഇലച്ചാർത്തുകൾ കാണുന്നു. സൗന്ദര്യം വിഷാദമാണ്. അത് കന്മദത്തിന്റെ പ്രഭവമെങ്കിലും;'മനസ്സിന്റെ മാന്ത്രികലഹരിയിൽ പുനരാവിഷ്‌കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ് വാക്കുകൾ. അവയുടെ അനന്തമായ സ്‌നേഹസ്പർശങ്ങൾ തരുണവേനലുകൾക്കായി കൂട് സംരക്ഷിക്കുന്നു. ദൈവത്തിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തായത് സ്‌നേഹമാണെന്ന് ഓർത്തുകൊണ്ടു തന്ന പദങ്ങളും2 അവയുടെ ആത്മഭാവങ്ങൾക്കായി മഞ്ഞിൻ തൂവലുകളുള്ള കൂട്ടിലേക്ക്, യാത്രയാവുന്നു. അത്രയും വിജയന്റെ ദുഃഖപൂർണമായ മനസ്സിന് ശാന്തിയരുളി. ഏതോ സ്തബ്ധമായ ഉൾബോധത്തിലേക്ക് ജാഗ്രതയില്ലാതെ പ്രവേശിക്കുമ്പോഴാണ് സ്മൃതിയുടെ പേടകം തകർന്നത്. ഘോര സ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി, പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ് സായംകാലങ്ങളിൽ അലഞ്ഞുനടക്കുന്നു. ആത്മാവിന്റെ മുറ്റത്തെ മുല്ല ഇന്നും പുഷ്പിച്ചു. അവൾ ദുഃഖിതയാണെങ്കിലും ഇലകളിൽ പച്ചപ്പുണ്ട്. കടലിലേക്കു പോയ മുക്കുവനെത്തേടി കാലങ്ങളുടെയുള്ളിലിരുന്ന് വ്രണിതയായ മിഥുനം വിതുമ്പുന്നു. നഷ്ടപ്പെട്ട സ്മൃതി തേടി യാത്ര തുടരാം. ബുച്ചർ3 അറിയിക്കുന്നതുപോലെ കല എത്ര പിന്നീടാണ് മനുഷ്യന്റെ ഉപയോഗത്തിലെത്തുന്നത്! അവന് സൃഷ്ടിയും സൗന്ദര്യവും പ്രാഥമികമായി, ഒരായുസ്സിന്റെ രക്ഷയാണെന്നോർമിക്കുക. ആൽഡസ് ഹക്‌സിലി4 വെളിപ്പെടുത്തുന്നതിലും, കാതലായ അംശം സ്മൃതിയിൽ അവശേഷിച്ചുപോയ ഉണ്മയെക്കുറിച്ചാണ്. തന്റെ നാമവും ഓർമ്മകളും എല്ലാം എനിക്കെന്നോ ഉണ്ടായിരുന്ന ഭാവത്തിൽ നിന്നാണെന്ന് ആ മനസ്സ് സൂചിപ്പിക്കുന്നുണ്ട്. ഭൂതത്തിൽനിന്ന് മിഴി നേടിയ അസ്തിത വിജയന്റെ കലാസാഹചര്യങ്ങളിൽ ഭാവപൂർണ്ണമായൊരു അനുധ്യാനത്തിനു പദങ്ങൾ പാകുന്നുണ്ട്.

  

അധോമുഖമായ പ്രമാണങ്ങൾ


ഓരോ ശ്വസനവും ആരംഭിക്കുന്നത് തീക്ഷ്ണമായ പ്രപഞ്ച്‌സമീക്ഷയുമായാണ്. യാത്രയ്ക്കിടയിൽ, പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്. വൈറ്റ്‌ഹെഡ്1 ഓർമ്മിപ്പിക്കുന്നതുപോലെ, തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ, ഒരു വിശ്വാസത്തിന്റെ യോഗാത്മകശരീര 

(ാ്യേെശരമഹ യീറ്യ)ത്തിലെത്തിച്ചേരുകാണ്. ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ് ചെന്നെത്തുന്നത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലൂടെ വിജയൻ ധാരണയുടെ യോഗാത്മക ശരീരത്തിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റെയോ വിശ്വാസത്തിന്റെയോ ലൗകികമായ ദൃഢതയില്ലെന്നോർക്കുക. അത് സ്വകാര്യതയുടെ യോഗാത്മകശരീരവും മൗനത്തിന്റെ അലൗകികതയുമാണ്. കൊഴിയുന്ന ഏതോ സമയസന്ധിയിൽ വിലാപം നിറഞ്ഞ പ്രാർത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്ദതയിൽ നിന്നാണ് വിജയൻ ആത്മാലോചനയുടെ ധനുസ്സുകൾ സംഭരിക്കുന്നത്. കാഴ്ച കണ്ടുകണ്ടു വ്രണിതമായ മുഖവും അകവും ഐഹിക ലോകത്തിൽ നിരാശ്രയമായിത്തീരുന്നു. അർദ്ധഭ്രമത്തിന്റെ സമചിത്തതയും ഇച്ഛാശേഷിയുടെ സ്വച്ഛത നിറഞ്ഞ ഇറക്കങ്ങളും ആത്മാവിനു കൂട്ടിനു ലഭിക്കുന്നു. ഓർമ്മകൾ, ഇവിടെ, വസ്തുക്കളിൽ നിന്ന് വേർപെടാതെ കുഴയുന്നു. വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ സുപരിചിതമായിത്തീർന്നതാണ് ആ മാവ്. മാവ് തന്റെ ഓർമ്മയുടെ വൃക്ഷമാണ്. അതിന്റെ ഇലകൾ നിലത്തുവീഴുമ്പോൾ അത് നാഴികയുടെ പ്രതീകാത്മകമായ പ്രാപഞ്ചികാനുഭവമായിത്തീരുന്നു. സമയം ഇലകൾപോലെ കൊഴിയുകയാണ്. സമയത്തിന്റെ പതനം ശ്രവിക്കുമ്പോൾ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ് ശിരസ്സിൽ പതിക്കുന്നു. ഓർമ്മകൾ സ്വപ്‌നങ്ങളിലേക്കും നീങ്ങുകയാണിവിടെ. ആ വേഷവിധാനങ്ങളിൽ ഉഴലുമ്പോൾ, പ്രയാണം അധോമുഖമായ മൂല്യങ്ങൾ നേടുന്നതായി മൊറാവിയ1 രേഖപ്പെടുത്തുന്നു. ഓർമ്മകളുടെ ഭൂമിയിൽ വളർന്ന സ്വന്തം ഭൂതഗമനങ്ങൾ വിജയൻ സൃഷ്ടിയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. വസ്തുക്കളും മനസ്സും ഏതേത് പൊരുത്തങ്ങളിലാണെന്ന് മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും, ബാഹ്യാവസ്ഥയിൽ നിന്ന് ചിത്തവും തന്നിൽനിന്ന് ബാഹ്യാവസ്ഥയും ഭിന്നമല്ല. ആ ജൈവ സാക്ഷാത്കാരത്തിൽ മനസ്സിന്റെ നിലവറകളിൽ കരിങ്കാളികളും ദുർഭൂതങ്ങളും നൃത്തം വെയ്ക്കുന്നു. മിഴികളുടെ പുലരികളിൽ മിന്നിനിന്ന് വേപഥു അതായിരുന്നു. അധോബോധത്തിന്റെ ജലാശയത്തിൽ നിന്ന് ആകാശത്തിലേക്ക് കുതിക്കുന്ന ഒരായിരം പക്ഷികൾ. അഥിന്റെ ലാവണ്യസന്ധ്യകളിൽ മതിമറന്നിരുന്നുപോകുന്ന അജ്ഞാത ഹൃദയത്തിന്റെ സാന്നിദ്ധ്യം. വീണ്ടും സന്ധ്യകൾ കറുക്കുന്നു. മലയടിവാരത്തിലെന്നോ കണ്ട കാടിളക്കങ്ങളെക്കുറിച്ചും ജരാനരകൾ വീണ മാവിനെക്കുറിച്ചും ഓർക്കുമ്പോൾ മനസ്സ് ഓളംവെട്ടുന്നു.

ആ ശബ്ദത്തിൽ ആത്മാവിന്റെ ജൈവതാളം, ദുഃഖഭരിതമെങ്കിലും സ്ഫുടമാവുന്നു. വരുക, ദുഃഖത്തിന്റെ ആ രക്തരൗദ്രമായ ഭാഷ ശ്രദ്ധിക്കുക; ഒരിക്കൽ, മനസ്സിൽ പറവകളെ വളർത്തുമ്പോൾ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസ്സിന്റെ ആശ്രയങ്ങളിലേക്ക് പ്രപഞ്ചത്തിന്റെ പൂമ്പൊടിയുമായി, അർദ്ധ നിദ്രയിൽ ഒരു യാത്ര തുടങ്ങാം. മനസ്സിന്റെ ആശ്രയസ്ഥാനങ്ങൾ ആത്യന്തിക യാഥാർത്ഥ്യമായി നിലകൊള്ളുകയാണ്. ദ്വേഷത്തിനും അധികാരത്തിനും വേണ്ടി അന്ത്യശ്വാസം വലിക്കുമ്പോൾ, ആരാണ്, ഏതു ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുന്നതെന്ന് കമ്യു2വിന്റെ കഥാപാത്രം ചോദിക്കുന്നതും മനസ്സിന്റെ ആശ്രയസ്ഥാനങ്ങളിൽതന്നെ, ഏകാകിതയുടെ മൂർത്തവസ്തുവിൽ തന്നെ വന്നുമുട്ടുന്നു. അത് ഒറ്റപ്പെടലിന്റെ രഹസ്യവും വേദനാ നിബിഡവുമായ പുതിയ പ്രമാണങ്ങൾ ഉയർത്തുകയാണ്. സത്യത്തിനുവേണ്ടിയുള്ള തൃഷ്ണയുടെ നഗ്നബന്ധങ്ങൾ വെളിപ്പെടുകയാണ്.

ദിവ്യരൂപങ്ങൾ (ഉശ്ശില ീയഷലരെേ) അധോമുഖമായ പ്രമാണത്തിന്റെ സ്വരരാഗമാണുതിർത്തിടുന്നതെന്ന് സന്തായന വിചാരിച്ചുറപ്പിക്കുന്നുണ്ട്. വിജയന്റെ ആദ്ധ്യാത്മികമായ പ്രേരണകൾ അധോമുഖമായ പ്രമാണത്തിന്റെ നേരിലാണ് കുടികൊള്ളുന്നത്. നിമിഷം തോറും വേഷം മാറി വരുന്ന ഭൗതിക പരിതഃസ്ഥിതികളും പകലൊച്ചകളും ഏതോ വിസ്മൃതമായ രാത്രിപക്ഷത്തിലെ വിരഹവേദന പകരുന്നു. കാവിക്കച്ച ചുറ്റിയുള്ള രവിയുടെ അലസമായ യാത്രയ്ക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഓർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് ചുറ്റുപാടുകൾ വികസിക്കുന്നതിങ്ങനെയാണ്. പ്രകൃതിയുടെ വാത്സല്യ പ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. അയാൾ യാത്ര ചെയ്യുന്നതിലുപരി ആർജ്ജിക്കുകയും നിക്ഷേപിക്കുകയും, അതോടൊപ്പം സ്വയം സംസ്‌കരിക്കുകയുമാണ്. ഭൂമിയുടെ സംസാരം അറിയാനാണ് മനുഷ്യന് ദൈവത്തിന്റെ സാമ്രാജ്യം ആവശ്യമായി വരുന്നതെന്ന് ജോൺ കോഗ്ലിയുടെ* ഒരു പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇവിടെ രവിയുടെ ബോധത്തിലെ അടിയൊഴുക്കുകളെല്ലാം, ഭൗമസന്ദർഭങ്ങളെല്ലാം, വസ്തുക്കളെല്ലാം ദിവ്യമായ ഏതോ അനുധാവന (ഉശ്ശില ൃേമരല)മായിത്തീരുന്നു. അത് വർത്തമാനത്തിന്റെ ധാതുവിനെ അറിയാനുള്ള ഐഹികവും അനൈഹികവുമായ കുമ്പസാരമാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് രവി സംസാരിക്കുമ്പോഴും അയാളറിയാതെ ഭൂതവും വർത്തമാനവും കൂടിക്കുഴഞ്ഞ്, കാലബോധത്തിനപ്പുറത്ത്, അധോമുഖമായൊരു പ്രമാണത്തിന്റെ (കിംമൃറ ്മഹൗല) ദിവ്യരൂപങ്ങളിലെത്തിച്ചേരുന്നത്. എല്ലാ വസ്തുക്കളെയും ഹൃദയത്തിലേക്ക് കൊണ്ടുവരുമ്പോഴും അനർധമായ ധാതുശേഖരം ലഭിക്കുന്നു. ഐന്ദ്രിയവും സ്മൃതിസംബന്ധവുമായ ലൗകികതയെല്ലാം പുതിയ വഴികളിൽ സിദ്ധിച്ച് ജൈവ സന്ദർഭത്തിന്റെ സമുന്നതമായ ഏകതാളം സംജാതമാകുന്നു. രവിയുടെ പ്രവർത്തനങ്ങൾ പോലും സാകല്യമായ ഇത്തരമൊരവസ്ഥയിലേക്കാണ് നീങ്ങുന്നത്. ബോധത്തിനജ്ഞാതമായ ലിപികളും മർമ്മരങ്ങളും സംഭരിച്ചെത്തുന്ന അനൈഹികമായ ധാരയിലാണ് വിജയന്റെ കലാപ്രതിഭ സമാധികൊള്ളുന്നത്. ഭൗതികരൂപങ്ങളുടെ അനുരണനങ്ങളിൽ വസിച്ചുകൊണ്ട് സ്വന്തം ആത്മപ്രവാഹത്തിന്റെ അണിയൊച്ചകളിൽ നിമഗ്നമാവുന്ന ആതുരതയുടെ അലയെ വിജയൻ വരച്ചിടുന്നു. തൃഷ്ണകളെ വിജയൻ സ്മരിക്കുന്നുണ്ട്. അതിന്റെ ഭർത്സനമേറ്റ് രവി എപ്പോഴൊക്കെയാണ് തരളിതനാവാത്തത്? ജീവിതത്തിലെ ആസക്തമായ ദിനങ്ങളെക്കുറിച്ച് ഓർത്തുപോവുന്നു. വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ പരൽമീനുകളായി വന്നു ശ്വാസമെടുക്കുന്ന പ്രകൃതിയുടെ വസ്തുക്കളെ സകല ജീവിത സന്ദർഭങ്ങളുമായി വിജയൻ ബന്ധിച്ചിരിക്കുകയാണ്. അവയിൽനിന്ന് അനാദിയായ തൃഷ്ണയും മോക്ഷവും തന്ന പ്രപഞ്ചജീവിതമാകെ ആയുസ്സിനപ്പുറത്ത് തഴയ്ക്കുകയാണെന്ന ബോധത്തിന് വഴിപ്പെടുമ്പോഴും, കണ്ടുമുട്ടുന്ന ഓരോ ഖരവും നൽകുന്ന അനന്തമായ ഓർമ്മകളെ പിന്നെ ഏതു ചെപ്പിലാണ് സൂക്ഷിക്കുക? ഖരരൂപങ്ങളുടെ ഭൗമവാസത്തിൽ മനുഷ്യനും തനിച്ചാണ്. എങ്കിലും അവനിലെ ഓർമ്മകളത്രയും കാലഭേദങ്ങളില്ലാതെ പ്രപഞ്ചവസ്തുക്കളോടൊത്ത് രമിക്കുകയാണ്. ഓർമ്മകളുടെ നിബിഡമായ മഥനങ്ങളേറ്റുവാങ്ങുന്ന ഖസാക്കിലെ മാവുകളെ നോവലിസ്റ്റ് വീണ്ടും പരിചയപ്പെടുത്തുന്നു. രാഗതൃഷ്ണകളിൽ വലിഞ്ഞു മുറുക്കപ്പെട്ട തങ്ങളുടെ കമ്പികളിൽ അവർ സ്പർശിക്കാത്തതെന്ത്? നീലഞരമ്പോടിയ അവരുടെ തണലുകളിൽ, രതിയുടെ പ്രകൃതിയും സ്മൃതികളുടെ സീമയറ്റ മഥനങ്ങളും സംഭരിച്ചുവച്ചിട്ടുണ്ട്. പ്രകൃതിക്കും മനുഷ്യനും വസ്തുക്കളുടെ ശിരസ്സിനു മുകളിൽ കല്പിക്കപ്പെട്ടിരിക്കുന്ന സാദൃശ്യം, വസ്തുക്കളുടെ ശിരസ്സിനു മുകളിൽ പന്തലിച്ചു നിൽക്കുന്ന പ്രകൃതിയുടെ ആദിമരതിയാണ് കാണിച്ചുതരുന്നത്. ഇവിടെ നിന്നും രവിയുടെ മനസ്സിന്റെ അനന്തമായ യാത്രകളുടെ തേര് പ്രത്യക്ഷമാവുകയാണ്, ദുഃഖം നിശ്ശബ്ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക, ദുഃഖം നിശ്ശബ്ദതയുടെ മാതാവാണ്! രവിക്ക് ചേതനകളിലത്രയും നടുക്കവും ഉന്മാദവും പകർന്നുകൊടുത്തത് ആ നിശ്ശബ്ദതയുടെ മാതാവായിരുന്നു. ചിത്രത്തിനായി മനസ്സ് ഒരുമ്പെടുന്നുണ്ട്. എന്നാൽ എന്നോ മറന്നുപോയ ആ ദുഃഖഗാനത്തിന്റെ അലകൾ രവിയിൽ തെളിയുന്നു. തിണ്ണയിലും മുറ്റത്തുമായി ചിതറി നിന്ന തൊഴിലാളികളും അത്തറുകുപ്പികളും അമ്മയുടെ കിടപ്പും നിശ്ശബ്ദതയുടെ മാതാവിനെ ഓർമയിലെത്തിക്കുന്നു. നിയന്ത്രണം വിട്ട സ്വന്തം കപ്പലിന്റെ ഗമനം. സ്വയം അപ്രത്യക്ഷമായിരിക്കുകയും തിരിച്ചറിവുകളിൽ നിന്ന് വിമുക്തമായിരിക്കുകയും ചെയ്യുന്ന മനസ്സുണ്ടവിടെ. റോഗൽ മാക്‌ഗോയുടെ* ഒരു ഗാനം ഓർക്കുന്നു. നിങ്ങളാണ് ഉൾജലത്തിലെ വൃക്ഷം. അതിനു ചുറ്റും മത്സ്യങ്ങൾ ഇലകൾപോലെ ഒട്ടിച്ചേർന്നിരുന്നു. നിങ്ങൾ ഹരിതമാണ്. അതിന്റെ ആഴങ്ങൾ എന്നിൽ നിന്നെത്രയകലെയാണ്! നിശ്ചയങ്ങളുടെ തുഷാരപ്പുലരികൾക്കുള്ളിൽ ജന്മങ്ങളുടെ സുഭാഷിതങ്ങൾ പിച്ചവയ്ക്കുകയാണ്. തൃഷ്ണയും രതിയും നൽകിയ ഉൾപ്രേരണകളിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. ബോധത്തിന്റെ യാഥാർത്ഥ്യത്തിനുള്ളിൽ, രവിക്ക് സ്വപ്‌നങ്ങളുടെ പൂക്കാലമുണ്ടായിരുന്നു. സ്വപ്‌നങ്ങളിൽ വളർന്നുവന്ന ജലസർപ്പങ്ങളും കല്പവൃക്ഷത്തിന്റെ തൊണ്ടുകളും ഭീതിദമായൊരു മുഖാവരണമായി നിറഞ്ഞുനിൽക്കുന്നു. നിശ്ശബ്ദതയുടെ മാതാവും പ്രകൃതിയുടെ ധാതുവായി നിന്ന് ബോധത്തെ വലയം ചെയ്യുകയാണ്. ഭൗതിക വസ്തുവിന്റെ നിത്യമായ മഥനങ്ങളിൽ നിന്നും ദുഃഖത്തിന്റെ പഴകിയ തേരിൽ നിന്നും മോചനത്തിന്റെ പക്ഷി ചിറകടിച്ച് പറന്നുപോയിരിക്കുകയാണെന്ന ചിന്ത, രവിയെ വിചാരങ്ങളിലൂടെ പിന്തുടർന്നു. തൃഷ്ണ ജൈവാവസരങ്ങളുടെ നാവിൽ നിന്നൂറിവരുന്ന നിർബന്ധമല്ല; അനൈഹികമായ പ്രേരണകളുടെ നൊമ്പരങ്ങളിലൂടെ അടഞ്ഞ സ്മൃതിയി (ഇഹീലെറ ാലാീൃ്യ) ലെത്തിച്ചേരുന്ന അലസമായ യാത്രയാണ്. അതൊരു ഭാരമായി സിരകളിലാകെ ആലസ്യം പടർത്തുന്നു. രതിയുടെ ദൃശ്യം ആന്തരിക സന്ദർഭങ്ങളുടെ ഇണങ്ങിയ ഭൗതിക സാഹചര്യമല്ല. ഇച്ഛാ

നഷ്ടത്തിന്റെ മൂടിയവയ്ക്കപ്പെട്ട സാന്ത്വനവും വേപഥു നിറഞ്ഞ അദ്ധ്വാനവുമാണ്. വിജയന്റെ സൃഷ്ടിപ്രക്രിയയിൽ സർഗ്ഗതൃഷ്ണകൾക്കുപോലും ഇടം നൽകിയിരിക്കുന്നത്, ഓർമ്മകളിൽ നിന്ന് ഓർമ്മകളിലേക്കുള്ള വിരസവും പരിക്ഷീണവുമായ യാത്രകളുടെ ഇടത്താവളങ്ങളിലാണ്. അതത്രയും വൈകാരികമായ സമൂർത്തതയാണ്. ഒരിക്കൽ മാത്രമേ ആ ഉണർവും കാമനയും കൈവരൂ. ദുരിതനിയോഗങ്ങളിൽ നിന്ന് നക്ഷത്രകാന്തി നെയ്‌തെടുക്കാനുള്ള സൗന്ദര്യാന്വേഷണങ്ങളുടെ മിഴിവും ഇവിടെയാണ്. ദുഃഖിതന്റെ പ്രണയങ്ങളും വിചാരത്തിന്റെ ദുരന്തവും വിജയനിൽ അഭിരാമസ്വരം വീണ്ടെടുത്തു. ആസക്തിയിലേക്കുള്ള ഓരോ ചലനവും നീരസത്തിന്റേയും വിദ്വേഷത്തിന്റെയും പകയുടെയും അമർത്തപ്പെട്ട രേണുക്കളെ സാക്ഷാത്കരിച്ചു. രതിയെ, കലാകാരനെന്ന നിലയിൽ നിന്നുകൊണ്ട് പ്രപഞ്ചസംവാദത്തിന്റെ സംഘർഷാത്മകമായ അരങ്ങാക്കി മാറ്റുകയാണ്. അതോടൊപ്പം സുഷിരങ്ങളുള്ള തന്റെ മനസ്സിന്റെ ജലകുംഭത്തെ വിജയൻ തൊട്ടുകാണിക്കുന്നു. അറിവിന്റെ വരവ് വ്യസനജനകമായ ആതിഥേയത്വമായി പരിണമിക്കുന്നു. നടന്ന്, കാൽ കുഴഞ്ഞ് കയറിവരുന്ന അറിവുകളിൽ നിന്ന് പ്രകൃതിയുടെ ജൈവമന്ത്രമായ തൃഷ്ണ ചോർന്നുപോകുന്നു. അവിടെയൊരു നരകമുണ്ടെങ്കിൽ നിശ്ചയമായും നാം നമ്മുടെ കടലും നാവികന്റെ കുപ്പായവും ഉപേക്ഷിക്കുക. മൃതജന്മങ്ങളുടെ ലോകത്ത് കൂട്ടിന് ഒരാളെങ്കിലുമണ്ടാവും എന്ന് കോക്തോ* അറിയിക്കുന്നുണ്ട്. അറിവിന്റെ ദിവ്യമായ ബോദ്ധ്യത്തിനുള്ള ഈ പുറപ്പാട് അതിന്റെ രാഗപക്ഷത്തെ നിർവീര്യമാക്കുകയാണ്. വചസ്സുകളിലും ശരീരങ്ങളിലും തങ്ങിനിൽക്കാത്ത തൃഷ്ണയുടെ പ്രവാഹം ഭൂമിയിലെത്തി മറയുകയാണ്. അങ്ങനെ അറിവ് തൃഷ്ണാനഷ്ടം വന്ന്, ഐഹികമായ ബലക്ഷയത്തിന്റെ വിഫലധാതുവായിത്തീരുന്നു.

മണലിലൂടെ ഇഴഞ്ഞെത്തിയ സർപ്പം ഒന്നു പകച്ചു, ഓർമകളുടെ അറ തുറക്കാൻ. അന്തമറ്റ കാപ്പിത്തോട്ടങ്ങളുടെ പച്ചപ്പും സൂര്യപ്രകാശത്തിന്റെ സംഗീതവും ശ്രവിച്ച് മനസ്സിന്റെ കുഞ്ഞ് ഓർമ്മിപ്പിച്ചു. നിറങ്ങൾക്കും രൂപങ്ങൾക്കും മൗനങ്ങൾക്കുമപ്പുറത്ത് ഈ ഏകാന്തത ദുഃഖത്തിന്റെ ഭാരമായി പതിക്കുന്നു. കാപ്പിത്തോട്ടവും മഞ്ഞപ്പുല്ലു പുതച്ച കുന്നുകളും ആകാശവും പായലുപോലെ പരന്നുകിടക്കുന്നു. രവി ശ്രദ്ധിച്ചു; ശ്വസിച്ചു. അറിവിൽ നിന്ന് തൃഷ്ണ വാർന്നൊലിക്കുന്നു. മനസ്സിന്റെ ദ്രവം വറ്റുകയാണ്. പായലുകൾ വിസ്മൃതമായെങ്കിൽ! വീണ്ടും അറിവിന്റെ ദുഃസ്വപ്‌നങ്ങളും ജീർണിച്ച രൂപങ്ങളും ജലസർപ്പങ്ങളും തലപൊക്കുന്നു. അച്ഛനും അമ്മയും പകലും തണലും ഓർമ്മകളിലെ യക്ഷിക്കഥകളും കാപ്പിത്തോട്ടങ്ങളും മഞ്ഞക്കുന്നിലും താഴ്ന്ന് താഴ്ന്ന് പോകുന്നത് രവി നോക്കിയിരുന്നു. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് മൊല്ലാക്ക ഉള്ളിന്റെ നിറഞ്ഞ വേദനകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിചാരത്തിന്റെ സമ്പൂർണമായ ഈർപ്പം. ഈർപ്പക്കാട്ടിൽ നിന്ന് കുഞ്ഞാമിനയുടെ സംസാരം. കാട്ടുമയിലുകൾ മേഞ്ഞുനടക്കുന്ന അരശിൻകാട്. കുഞ്ഞാമിന മയിലുകളുടെയിടയിൽ തമസ്സുകളുടെ ആരാമം നട്ടു. അവൾ മഴയായി. അവളുടെ ഗീതം കേൾക്കാൻ മയിലുകൾ കാതോർത്തു. പെയ്തുപെയ്ത് അവൾ നദിയുടെ പ്രവാഹമായി. അപ്പക്കഷണങ്ങളുമായി ഉപരിതലത്തിൽ തത്തിക്കളിച്ചു. മൗനം മുറിഞ്ഞൊഴുകുന്നു. ഹൃദ്‌രക്തവുമായി അവൾ മൊല്ലാക്കയെ ഓർത്തു. ആരാമത്തിന്റെ സാന്ധ്യച്ഛായകൾ. ഗൗളിയുടെ കുറുകലിനായി കാതോർക്കുന്ന മൊല്ലാക്ക. കരിമ്പനകളുടെ രാത്രി. നൈസാമലിയുടെ വൃക്ഷശിഖരങ്ങളിൽ ഞാന്നുകിടക്കുന്ന പരുന്തുകൾ. ഇനി മയിലുകളുടെ താരാട്ടു കേൾക്കാനാകുമോ? ജീവിതംതോറും അലഞ്ഞുനടന്ന ഏകാകിയുടെ തേങ്ങൽ കുഞ്ഞാമിന ശ്രദ്ധിക്കുകയായിരുന്നോ? നിശ്ശബ്ദതയുടെ കുഴലൂതിക്കൊണ്ട് അവൾ തിരുത്തി. ഷെയ്ഖ് തങ്ങളുടെ പടനായകന്മാർ വരുന്നത്, കുതിരക്കുളമ്പടി കേൾക്കുന്നത്, മയിലുകൾ കാൽവണ്ണയിൽ കൊത്തി ചോരവരുത്തുന്നത്, മഴയിൽ ഇരുട്ട് കയറിപ്പറ്റുന്നത്, നദിയിൽ രാത്രി പ്രസവിക്കുന്നത്... ഓർമകളിലിരുന്നുകൊണ്ട് മൗനത്തിന്റെ രുദ്രയായ പ്രസാദം ഭൂമിയുടെ വാൾ മിന്നിക്കുന്നു.


സ്വച്ഛമായ ദുഃഖഭ്രമങ്ങൾ


ലൗകികവേള ക്രോധത്തിന്റെയും നന്മയുടെയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്, നിർമ്മലമായ കഥയാണെന്ന് വിജയന് അറിയാമായിരുന്നു. ജൈവ വ്യസനത്തിന് ഒരു ഛന്ദസ്സുണ്ട്. അത് കണ്ടെത്തുമ്പോഴാണ് ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്. ചെറിയ അസ്ത്രങ്ങളുടെയും സൂക്ഷ്മമായ മിഴികളുടെയും ശില്പശാലയിൽവച്ച് ജീവിതത്തിന്റെ കഥ പഠിക്കുന്നത് മനുഷ്യന് ആനന്ദമാണ്. നോവുകളുടെയും വിരഹങ്ങളുടെയും അസ്ഥിപഞ്ജരങ്ങളിൽ മനസ്സ് സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടെയും സ്പർശങ്ങളുടെയും ഉപ്പുകല്ലുകൾ സൂക്ഷിക്കുക. ഉൾപ്രേരണകളുടെ വിശുദ്ധ കഥ പറഞ്ഞപ്പോൾ വിജയന്റെ ശ്രദ്ധ ഒരു ബുദ്ധിസ്റ്റ് ചിത്രകാരന്റേതുപോലെ പ്രാർത്ഥനയും ആർദ്രതയും നിറഞ്ഞതായിരുന്നു. ഇഷ്ടമെന്നോ അനിഷ്ടമെന്നോ ധ്വനിപ്പിക്കാനാകാത്ത ദൃശ്യങ്ങൾ ഈ എഴുത്തുകാരനിൽ വിശുദ്ധ ജീവിതപൂരണമായിത്തീർന്നു. ലോകത്തിന്റെ നന്മതിന്മകളെക്കുറിച്ചുള്ള ബോധത്തിനപ്പുറം വസിക്കുന്ന ഏതോ അതിഭൗമിക ഉണ്മയുടെ നൈർമല്യം സംഭവങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്നത് വിജയൻ ശ്രദ്ധിച്ചു. അതുതന്നെ ലൗകികരാഗങ്ങളുടെ തീക്ഷ്ണമായ മൗനങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. ഈ ഉൾപ്രേരണകൾ കലാസൃഷ്ടിയുടെ ആദിമമായ ആത്മബീജമാകുകയും ചെയ്തു. പുരോഹിതന്റെ ഓർമ്മകളിൽ വിശുദ്ധ ജീവിതകഥ ചൊല്ലിക്കൊടുക്കാനുമായാണ് ബുദ്ധിസ്റ്റ് കലാകാരന്മാർ ചിത്രങ്ങളെഴുതിയെന്ന് ധനപാല* ബോധിപ്പിക്കുന്നുണ്ട്. വിശുദ്ധമായ ജ്ഞാനം ജീവിതത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ നടന്ന് നേടാനുണ്ട്. നൈസർഗികമായ ഇഷ്ടഭംഗങ്ങളും പ്രണയങ്ങളും എയ്ത്‌വിട്ട് ജീവന്റെ മേഖലകളിലൂടെ നടന്നാണ് കലാകാരൻ പുരോഹിതനാവുന്നത്. 

ജൈവാവസ്ഥയുടെ രൂപങ്ങളല്ല, ആത്മാവാണ് അയാൾ തിരയുന്നത്. ഇതുകൊണ്ട് അവന്റെ പതനങ്ങളും വാക്കുകളും ആവിഷ്‌കരിക്കുമ്പോൾ, അതിനു പിന്നിൽ സ്വച്ഛമായ അടിയൊഴുക്കുകൾ രൂപപ്പെടുന്നു. ആന്തരപ്രേരണകളിൽ നിന്നാണ് ലോകത്തിന്റെ അദൃശ്യമായ സർഗ്ഗവാസനകളെ തപ്പിയെടുക്കുന്നത്. സ്വഭാവങ്ങളുടെ അവികലമായ സഞ്ചാരവും വികലമായ സമന്വയങ്ങളും ചേർന്നുണ്ടാക്കുന്ന കഥാപാത്രങ്ങളെല്ലാം നിസ്സംഗതയുടെ ആഴം വെളിപ്പെടുത്തുകയാണ്. കഥാപാത്രങ്ങളുടെ ജീവിതനിഷ്ഠയല്ല പ്രകടമാകുന്നത്. ചലനാത്മക ദൃശ്യങ്ങൾക്കുള്ളിലെ നിശ്ചലമായ നിർമ്മലാവസ്ഥ അടിസ്ഥാനപരമായിത്തന്നെ പരിശോധിക്കപ്പെടുന്നു. ഓരോ വാക്കും അനൈഹികമായ ഇത്തരമൊരു സ്വച്ഛതയിലേക്കാണ് തുറക്കുന്നത്.

മർത്ത്യചോദനകളിൽനിന്ന് ചെറുവികാരങ്ങളുടെ നിഴൽചലനങ്ങളും ഭംഗങ്ങളും സംഗീതംപോലെ ജീവിതം അനുഭവിക്കുന്നവരുണ്ട്. ഈ ബോധം ലഭിച്ചാൽ ഐഹികതയുടെ എല്ലാ മുനമ്പുകളും ദിവ്യരൂപങ്ങളും സ്മൃതികളുമായി മനസ്സിന്റെ മുറ്റത്ത് കളിവിരുന്നൊരുക്കുന്നത് അറിയാം. തന്റെയുള്ളിലെ നിർമ്മല മുഹൂർത്തങ്ങൾ കാലത്തിനുപോലും പരിഹരിക്കാനാവില്ലെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു. അന്തിമമായ വാസ്തവികതയെ സ്പർശിച്ചുകൊണ്ടാണ് ലാവൊസെ* സംസാരിച്ചത്. അതുകൊണ്ട് പദാർത്ഥഘടകങ്ങളുടെ സമന്വയ കർമ്മങ്ങളിലൂടെ വൈപുല്യത്തിലെത്താൻ ആ മനസ്സ് യത്‌നിച്ചു; ദൈവത്തിന്റെ മനസ്സിലെത്തുന്നതുവരെ. അങ്ങനെ ജീവിതം സ്വപ്‌നാടനത്തിന്റെ ശാന്തസുഭഗത കൈവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ, മൊല്ലാക്ക രാത്രിയിൽ നൈസാമലിയെ തേടിയിറങ്ങുന്നതും ബാങ്കു വിളിക്കുന്നതും, ജീവിതത്തിന്റെ സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ അടിത്തട്ടും അടിയൊഴുക്കുമാണ് കാണിച്ചുതരുന്നത്. വിഹ്വലമായ ലൗകികരംഗങ്ങളുടെയുള്ളിലും കൃഷ്ണമണിയെപ്പോലെ വിശുദ്ധമായ ഗ്രാമ്യമൗനം വിഷാദത്തിന്റെ വ്രണിതശിശുവായി കഴിയുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയാണിവിടെ. സമ്മർദ്ദങ്ങളുടെ വാത്സല്യത്തിൽ മുങ്ങിക്കിടന്നിട്ടും നൈസാമലി പിന്തിരിഞ്ഞു. മൈമുന കരഞ്ഞില്ല. അവൾ അത്തയുടെ പാട്ടുകേൾക്കാൻ തിരിച്ചു, നിഴലുകളായി ജന്മങ്ങളുടെ ദൃശ്യങ്ങളിൽ വരുമ്പോഴും അവയെ ദിവ്യരൂപങ്ങളാക്കി മാറ്റുന്ന ഐന്ദ്രികസമ്പത്ത് വിജയനുണ്ട്. ചെറിയ പിണക്കങ്ങളും കോപങ്ങളും സരളമായ നിശ്ചലചിത്രത്തിന്റെ ആദിമശുദ്ധാവസ്ഥയിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് വിജയൻ ഉൾക്കൊള്ളുന്നത്. തണലിന്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യന്റെ ദുഃഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിന്റെ മുഖത്ത് വീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റെയും ചുവട്ടിൽ പൊഴിഞ്ഞു കിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞു കിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക. എപ്പോഴെങ്കിലും ആറ്റുതീരത്തുള്ള നിശബ്ദതയുടെ മാതാവിനെ കാണുക. അറിവിൽ നിന്ന് വാർന്നുപോകുന്ന രക്തവുമായി പ്രേരണയുടെ അടിയൊഴുക്കിൽ സ്‌നാനം ചെയ്യുക. മഞ്ഞുമൂടിയ ഭൂമിയാണ് ഞാൻ കണ്ടത്, മഞ്ഞുമൂടിയ ഹൃദയമാണ് ഞാൻ ഭക്ഷിച്ചത് എന്ന് പറഞ്ഞ് വ്യസനിച്ച് ബാക്മാനെ* ഓർക്കുക. ഉണ്മയെ സ്പാർശിക്കാനൊരവസരം ദുഃഖം നൽകുന്നു. ഉൾപ്രേരണകളുടെ സ്‌നിഗ്ദ്ധമായ അടിയൊഴുക്ക് കാണുമ്പോഴും, മനുഷ്യന് വികാരങ്ങളുടെ സ്പർശങ്ങളുണ്ട്. നൈസമലി മൊല്ലാക്കയെ പിരിയുമ്പോഴും തിത്തിബിയുമ്മയുടെ അനാഥമായ ഇച്ഛകൾ മൈമുനയിൽ തട്ടിയുടഞ്ഞുപോകുമ്പോഴും വികാരങ്ങളുടെ തോടുകളിൽ നാം അറിയാതെ ചെന്നുമുട്ടുന്നു. അങ്ങനെ മനസ്സ് ഏതോ വിശുദ്ധ സ്വകാര്യത്തിനായി ആബദ്ധമാവുന്നു. സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ പ്രേരണകളുടെ അടിത്തട്ട് പ്രത്യക്ഷമാക്കിയശേഷം വിജയൻ കാലത്തിന്റെ തൃഷ്ണയും തെളിഞ്ഞ ആകാശവും ദൃശ്യമാക്കുന്നു. കാലത്തിന്റെ കാല്പാടുകൾ പതിഞ്ഞു കിടക്കുന്ന മനുഷ്യന്റെ ഉൾപ്രേരണകളെ സമന്വയിപ്പിക്കുകയാണിവിടെ. ഇണചേരുകയും അടക്കം പറയുകയും കലഹിക്കുകയും ചെയ്യുന്ന ലൗകിക ദുഃഖപരമ്പരകളുടെ തെളിഞ്ഞ നദിയിൽ കാലത്തിന്റെ നൈസർഗികമായ കാമനകൾ മിന്നിമറയുന്നതും കാണാം. ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞുവെന്ന് നോവലിസ്റ്റ് ധ്വനിപ്പിക്കുന്നുണ്ട്. വൃക്ഷച്ചില്ലകളിൽ ആഞ്ഞുകൊത്തിയ മൃഗതൃഷ്ണകളും അലസമായി ഇഴഞ്ഞു നീങ്ങിയ മണ്ഡലികളും കാലത്തിന്റെ കൈവിരലുകളിലെ ചൂടുള്ള രക്തം തൊട്ടറിഞ്ഞു. ഇരുട്ടിന്റെ അമ്മയുടെ ഉദരത്തിനുള്ളിൽ അവൾ നൈസാമലിയുടെ യോഗാത്മകമായ ശരീരം ഭുജിച്ചു. ഗർഭപാത്രം കടലിനേക്കാൾ അഗാധമാണെന്ന് കവി* പാടിയിട്ടുണ്ട്. കാലത്തിന്റെ സ്വതസ്സിദ്ധമായ തൃഷ്ണകളും ആഴത്തിൽ പതിയാത്ത കാല്പാടുകളും സ്വാസ്ഥ്യത്തോടെയിരിക്കുന്നതായി നാമറിയുന്നു. മൈനുനയും നൈസാമലിയും കാലത്തിന്റെ തനുവിൽ മുളച്ച രണ്ടു സസ്യങ്ങൾ. അവർ കുസൃതിയുടെ നിഷ്‌കളങ്കതയിലൂടെ ലോകത്തിന്റെ മൂർച്ചയേറിയ മൗനത്തിൽ വന്നണഞ്ഞു. ഉൾപ്രേരണയുടെ ദുഃഖഭ്രമത്തിലും കാലത്തിന്റെ കാമനയിലും സ്‌നാനം ചെയ്ത ഖസാക്കിലെ സന്തതികളെ വിജയൻ ജീവിതത്തിന്റെ വിശുദ്ധകഥയിലെ സംഭവങ്ങളാക്കിമാറ്റി. അങ്ങനെ പുരോഹിതനും പാപിയും വിശുദ്ധ ജീവിതപുരാണവും നിറഞ്ഞു നിൽക്കുന്ന അനൈഹികമായ ദുഃഖഭ്രമമാണ് കലയെന്ന് വിജയൻ സ്ഫുടീകരിച്ചു. അതിനുള്ളിൽ പ്രപഞ്ചത്തിന്റെ അഗാധതലസ്പർശിയായ മൗനത്തിന്റെ വചസ്സും മന്ത്രങ്ങളും നൃത്തം വയ്ക്കുന്നതായി ഈ എഴുത്തുകാരൻ ബോധിപ്പിച്ചു. തന്റെ സ്ഥലപരതയിലും കാലത്തിലും തലോടി നിൽക്കുന്ന ഭൂതകാലത്തിന്റെ നിസ്സംഗമായ ശയനം അനുഭവിച്ചു. ഖസാക്കിന്റെ ഗ്രാമ്യപരിസ്ഥിതിയിൽ ഉറങ്ങിക്കിടക്കുന്ന ദൃശ്യാത്മകമായ അബോധത്തിന്റെ അടിയൊഴുക്കുകൾ വിജയൻ അവതരിപ്പിക്കുന്നത് കാലം തളംകെട്ടിനിന്ന പള്ളികളിലൂടെയാണ്. അവയിൽ ഖസാക്കിന്റെ നിശ്ചലമായ ദുഃഖഭ്രമങ്ങൾ എത്രയോ കാലം കഴിഞ്ഞു. ഭൗതികമായ ആഖ്യാനത്തിന്റെ മുഖാവരണത്തിൽ നിന്നുകൊണ്ട് നോവലിസ്റ്റ്, മനുഷ്യന്റെ ഭൂതകാലത്തിന്റെ അടഞ്ഞവായ് കണ്ടെത്തുന്നു. ഭൂതകാലത്തിന്റെ തണലുകളിൽ ഒഴിഞ്ഞുകിടക്കുന്ന വഴികളും ദുരൂഹവും വിദൂരവുമായ ചിലമ്പൊച്ചകളും മനസ്സിനെ ആന്തരിക സ്മൃതിയിലേക്ക് നയിക്കുകയാണ്. ഉൾക്കടലിന്റെ കറുത്ത ജലവസ്ത്രങ്ങളിൽ മഞ്ഞിന്റെ ധാരപോലെ ഓർമ്മകളുടെ നിര, കോൾമർ* ഓർമ്മിപ്പിക്കുന്നുണ്ട്.

ഭൂതകാലത്തിന്റെ അടഞ്ഞവായ് കണ്ടെത്താനുള്ള സർഗ്ഗാത്മകമായ കാമനകൾ ഖസാക്കിലെ ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ വിജയൻ വരച്ചിടുന്നു. നരൻ ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കുമ്പോൾ അതവന്റെ ആത്മബോധത്തിന്റെ ഇലച്ചാർത്തുകളെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും, ആ ദേവാലയത്തിൽ നിന്നും അവൻ ഒളിച്ചോടുമ്പോൾ പരിത്യക്തത പൂർത്തിയാവുന്നു. സത്യത്തിൽ, ഖസാക്കിലെ പള്ളികൾ അവിടത്തെ ജീവിതത്തിന്റെ, പരിത്യക്തതയാണ് തുറന്നിടുന്നത്. മനുഷ്യരുടെ ദൈനംദിന ജ്വരങ്ങളുടെ ആകസ്മികമായ നിമ്‌നോന്നതങ്ങളിലൂടെ വെളിച്ചം പാറിക്കൊണ്ട് കടന്നുപോയ ഭ്രമങ്ങളുടെ കറുത്ത കാല്പാടുകൾ പള്ളികളിലുണ്ട്. ഓർമ്മകളുടെ പഴുത്ത ഇലകളും വിഷാദ ശ്രദ്ധകളും സുരതത്തിൽ ലയിക്കുന്ന അനുഭവം ഉണർത്തിവിടുന്നു. മൃദുലവികാരങ്ങളുടെ അരങ്ങുകളിൽനിന്ന് മൺമറഞ്ഞുപോയ തങ്ങളുടെ ഭൂതത്തെതേടി ഖസാക്കുകാർക്ക് ഏറെ വിഷാദങ്ങളുണ്ട്. അവരുടെ സരളമായ ഓർമ്മത്തെറ്റുകളിൽ കാലത്തിന്റെ പ്രേതം കാത്തിരിക്കുന്നു. കാലം വിരഹത്തിന്റെ താഴ്‌വരകളിലെവിടെയോ പൂത്ത ഒരു പുഷ്പമായിരുന്നു. ഗൗളിയും മഞ്ഞക്കിളിയും ചെന്ന് പുഷ്പത്തെ വിളിച്ചുണർത്താൻ ശ്രമിച്ചു. ജന്മങ്ങളിലൂടെ വിടർന്നു വരേണ്ട കുസുമങ്ങളുടെ ആരാമമായി അതു മാറിക്കഴിഞ്ഞു. കാലം പ്രണയത്തെയും ജഡത്തെയും അവശിഷ്ടങ്ങളെയും ഉദരത്തിൽ സംഭരിച്ചുകൊണ്ട് നിലാവുകൾക്കപ്പുറത്ത്, ഭൂതത്തിനപ്പുറത്ത് നിന്ന് മനുഷ്യരുടെ ദിനവേലകളിലൂടെ പുനർജനിച്ചു. മൊല്ലാക്കയിലൂടെ, തിത്തിബിയുമ്മയിലൂടെ, മൈമൂനയിലൂടെ, പലരിലൂടെയും കാലം തെളിഞ്ഞു. പൂത്തു. അതവരുടെ മനസ്സുകളിൽ കുടിവച്ചു. അരയാലിലകളിൽ താളമിടുമ്പോഴും വാക്കുകളിലൂടെ ഭൂതത്തിന്റെ വായ് തല്ലിത്തുറക്കാൻ ശ്രമിക്കുമ്പോഴും അവർ കാലത്തിന്റെ ഭർത്സനമേറ്റ് വീഴുന്നു. നിശ്ചലതയുടെ മൗനമറിഞ്ഞു. സ്വച്ഛമെങ്കിലും ദുഃഖഭ്രമങ്ങളുടെ വിളനിലമായ പ്രേരണകളെ ഇങ്ങനെ സാക്ഷാത്കരിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. കഴിഞ്ഞുപോയതിന്റെ ജ്വരത്തകർച്ചകൾ വർത്തമാനത്തിന്റെ സന്നിഗ്ദ്ധതകളിലൂടെ ചിതറി ഓടുന്നു. വസ്തുക്കളെയും മനുഷ്യരെയും വഹിച്ചുകൊണ്ട് ഉൾപ്രേരണകൾ ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ ചിണുങ്ങിനിന്നു. ഉദ്വേഗങ്ങളുടെയും തൃഷ്ണകളുടെയും പാദചലനങ്ങൾക്കിടയിൽ വസ്ത്രങ്ങളുടെ നീലിമ പുരണ്ട ഭൂതം കണ്ണുകളടച്ചു കിടന്നു. ദുഃഖഭ്രമങ്ങളുടെ അടിയൊഴുക്കുകളെ ആസക്തി വാർന്നുപോയ വേഗപ്രവർത്തനങ്ങളിലൂടെ വിജയൻ കണ്ടെത്തി. എങ്കിലും ഖസാക്കിലെ മനുഷ്യരിൽ കാലം വിറങ്ങലിച്ചു നിന്ന അടിത്തട്ടുണ്ട്. കാലത്തിന്റെ വണ്ടുകളിഴഞ്ഞ മുഖങ്ങളുണ്ട്. ഓരോ പെരുമാറ്റത്തെയും ആർദ്രതയോടെയാണ് വിജയൻ കാണുന്നത്. തന്റെ ചക്ഷസ്സുകൾക്കുള്ള ദിവ്യമായ ഈ ലൗകികജ്ഞാനം, ആരർത്ഥത്തിൽ സമയത്തിന്റെ പ്രകാശനമാണ്. കൊടുങ്കാറ്റിനെ അനുഗമിച്ച് കണ്ണീരിന്റെ ആഗമനം തിരക്കുന്ന വെർഫെലിനെ* പോലെയാണ് വിജയൻ. ഗതകാലത്തിൽ നിന്നുള്ള കാഴ്ചയുടെ ഗമനം ബാഹ്യവസ്തുക്കളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. സംസാരങ്ങളും സ്‌നേഹബന്ധങ്ങളും അലൗകികമായ അനുഭവിക്കുന്നു. ഗ്രാമത്തിന്റെ പകയും പ്രണയവും ബാല്യത്തിന്റെ ഏതോ വിനോദമായി നേരിടുമ്പോൾ ജീവിതത്തിന്റെ സ്വച്ഛമായ അടിയൊഴുക്കുകളിലാണ് സ്പർശിക്കുന്നത്. ദുഃഖഭ്രമങ്ങളുടെ ഉൾജലവും നിർമ്മലമായ ജൈവധാരയുടെ ഉൾപ്രേരണകളും തണൽ വിരിച്ചിട്ട ജീവിതം എത്ര സൗമ്യമാണ്! ഏകാകിതയ്ക്ക് ഇനിയും എത്ര പ്രാർത്ഥനകളാണുള്ളത്! അവയിലൊന്നെങ്കിലും അറിയുമ്പോൾ മനസ്സ് ജൈവസംഗിതത്തിന്റെ ഭൗതികരൂപത്തെ സ്പർശിക്കുന്നു. വിരുന്ന് ആകർഷകമായ വിഷാദസ്വച്ഛതയായിത്തീരുന്നു. അടുപ്പങ്ങളും അകൽച്ചകളും വിശുദ്ധമായ ആദിമ സങ്കടങ്ങളുടെ പുരാണ പ്രത്യക്ഷങ്ങളാവുകയാണ്. ഖസാക്ക് പൗരാണികകാലത്തിന്റെ പരിത്യക്തമായ ശരീരമായിത്തീരുന്നതിങ്ങനെയാണ്.


മഹത്തായ അന്തർധാരകൾ


ദുഃഖഭ്രമങ്ങളുടെ ക്രമത്തകർച്ചയിൽ വീണ്ടുമൊരു ജന്മം വേണ്ടിവരുമെന്ന് മനസ്സുകൾ മോഹിക്കാതിരിക്കുക; ഏതു വ്യസനങ്ങളുടെ സന്ധ്യകളിലാണ് ആനന്ദത്തിന്റെ ഋതു മനുഷ്യനെ ആശ്വസിപ്പിക്കുന്നത്? നിശ്ചയങ്ങളുടെ വ്രണിതമായ മൂകതയിൽ വിജയൻ ലോകത്തിന്റെ സംവത്സരങ്ങളോടും കൗശലങ്ങളോടും ആദ്ധ്യാത്മികമായി സംവേദിച്ചു. നീണ്ട കാത്തിരിപ്പുകളുടെ യൗവനങ്ങൾ താണ്ടി ആത്മാവ് തളരുന്നു. പ്രപഞ്ചത്തിന്റെ ആജ്ഞേയമായ ഈ കർമ്മബന്ധങ്ങളിൽ ലൗകികത എവിടെയാണ്? ഒടുവിൽ വിജയന്റെ മൗനം സാകല്യമായൊരു ലോകനാഗരികതയുടെ ഇന്ധനമന്വേഷിച്ചു. അജ്ഞത മാർദ്ദവമുള്ളൊരു കനിയാണെന്നും മനുഷ്യൻ സ്പർശിക്കുന്നതോടെ അതിലെ ഇലഞെട്ടുകൾ ചുവടെ അടരുന്നുവെന്നും ഓസ്‌കാർ വൈൽഡ്* ഓർമ്മിപ്പിച്ചിട്ടുണ്ട്. നോവലിസ്റ്റ് അറിയത്തക്കതല്ലാത്ത ബന്ധങ്ങളുടെ ഐഹികപൊരുത്തം തേടാനുള്ള വ്യഗ്രതയിൽ അജ്ഞതയുടെ കനിതന്നെയാണ് പറിച്ചുകളയുന്നത്. അതിലൂടെ ലോകാവസ്ഥയുടെ ആദിസരളത ഒപ്പിയെടുക്കുകയും ചെയ്തു. വ്യസനങ്ങളുടെ ആലോചനാസന്ധികളിലൂടെ, ലോകത്തിന്റെ അദൃശ്യസ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകൾ തേടുകയാണ് കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂടെ എത്തിനോക്കുന്നു. സ്വകാര്യതയുടെ വിശുദ്ധമായ ശിശുവിനെയും പേറി അവർ വിദൂരമായ മോഹക്കാഴ്ചകളിലേക്ക് നടന്നുചെല്ലുന്നു. പുരാതന മെസപ്പൊട്ടേമിയൻ സംസ്‌കാരത്തിന്റെ ഓർമ്മകളിൽ മനസ്സ് നടുമ്പോൾ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്. ദൈവങ്ങളുടെ അമ്പലങ്ങൾ, ധാന്യപ്പുരകൾ, ശില്പശാലകൾ, അക്ഷരഗൃഹങ്ങൾ, കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ, ദൈവത്തിനിഷ്ട വിശുദ്ധദാനമായിത്തീർന്ന പുൽത്തോട്ടം, ആയുധപ്പുരകൾ, പരിശുദ്ധവേദനയുടെ വിരലുകൾ, ദൈവകാമനയുടെ ചിറകുകൾ, വരദാനസന്ദേശത്തിന്റെ മുഖപത്മങ്ങൾ. സാന്ത്വനത്തിന്റെ പാദാരവിന്ദങ്ങൾ - എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവർത്തമാനങ്ങളുടെ വാത്സല്യംപേറി പ്രയാണം ചെയ്യുന്നു. ഓരോ വേളയിലും പ്രപഞ്ചത്തിന്റെ മഹത്തായ ജൈവശേഖരങ്ങളുടെ ഉൾപ്രേരണകൾ ലോകത്തിന്റെ ഹൃദയത്തിലേക്ക് ഗമിക്കുന്നു. ഖസാക്കിന്റെ രചനാ സാഹചര്യങ്ങളിൽ വന്നുനിറയുന്ന ഭൗതികചോദനകളും രൂപങ്ങളും ഈ വിധം പ്രപഞ്ചത്തിന്റെ ആന്തരവസ്തുവിവരങ്ങളിലേക്ക് ചെന്നെത്തുകയാണ് ചെയ്യുന്നത്. കഥാപാത്രങ്ങളെല്ലാം കഥയുടെ ഹൃദയബിന്ദുവിൽ നിന്ന് പ്രാർത്ഥനയുടെ സാരള്യത സൃഷ്ടിച്ചുകൊണ്ട് വിദൂരമായ പ്രകാശനക്ഷത്രങ്ങളിലേക്ക് പ്രസരിക്കുന്നു. സന്ദേശം, അതിന്റെ ഐഹികമാന്ത്രികതയിൽ ജീവിതം തൂവലിന്റെ ദിവ്യഭൂമിയായി മാറുന്നു. ആലോചനാപരമായ സംയമനങ്ങൾ കഥാപാത്രത്തിന്റെ സ്വഭാവത്തിലോ, പരിതഃസ്ഥിതിയിലോ പ്രകടമാകുന്നില്ല. നോവലിസ്റ്റിനെ കാണണമെങ്കിൽ പ്രപഞ്ചത്തിന്റെ ആന്തരസത്യസന്ദർഭങ്ങളിലേക്ക് ചുഴിഞ്ഞുനോക്കണം. കലാകാരന്റെ യാത്ര ഭൗതിക രൂപങ്ങളുടെ ലയവിന്യാസങ്ങളിൽ നിന്ന് ആന്തരമുഹൂർത്തങ്ങളുടെ തണൽമരങ്ങളിലേക്കാണ്. എന്നാൽ അതോടൊപ്പം ജീവിതത്തിന്റെ ബാഹ്യമായ ക്ഷേത്രഗണിതങ്ങളിൽ സ്വച്ഛമായ അന്തർധാരകളുടെ രതിചിത്രങ്ങൾ വരച്ചിടാനും മടിക്കുന്നില്ല. ധനവാഞ്ഛയും നിന്ദയും ദയയും സൗഹൃദവും സാമർത്ഥ്യവും ഒരു ബിന്ദുവിൽ സമ്മേളിക്കുന്നുവെന്ന് കരുതൂ. എങ്കിൽ അവിടെ നിശ്ചയമായും സ്‌നേഹത്തിന്റെ അടിയൊഴുക്കുണ്ട് - ഫോസ്റ്ററുടെ* ഈ വാക്യം ഓർമ്മയിലെത്തുകയാണ്. പ്രപഞ്ചത്തിന്റെ മുഖാവരണങ്ങളുടെ ഉള്ളിലെ നിത്യമായ ഗമനങ്ങളും ശാന്തസംവാദങ്ങളുമാണിവിടെ അന്തർഭവിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ നിത്യമായ അന്തർധാരകളിലെത്തിച്ചേരാനുള്ള മനസ്സിന്റെ അനുരാഗമാണ് ഖസാക്കിന്റെ പ്രകൃതിനിഷ്ഠയിലും മനുഷ്യരുടെ സ്വഭാവങ്ങളിലും നിറഞ്ഞുനിൽക്കുന്നത്. പ്രപഞ്ചത്തിന്റെ ബാഹ്യാവസ്ഥകളിൽ ജീവിതത്തിന്റെ മൗനം നിറഞ്ഞ ചാഞ്ചാട്ടവും, ആന്തരികരംഗങ്ങളിൽ രഹസ്യമായ പ്രവാഹധാരകളും നിർമ്മിച്ചുവെക്കുന്നു. ആമോസ്* പ്രപഞ്ചത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അന്തർധാരകൾ സ്പഷ്ടമാകുന്നുണ്ട്. മനുഷ്യൻ യഹോവയുടെ ഐശ്വര്യമായ വചനങ്ങൾക്കായി കാതോർക്കുന്നു. ഇസ്രേലിന്റെ പാപങ്ങൾ കഴുകിക്കളയുവാനായി യഹോവന്നെത്തുന്നു. യുദ്ധങ്ങളിൽ ശത്രുക്കളെ ജയിക്കാൻ അവന്റെ കൈകൾ വർഷിക്കുന്നു. എന്നാൽ എവിടെ യഹോവ? അവൻ ഇസ്രേലിന്റെ മിത്രമല്ല; രക്ഷകനുമല്ല. ദേശത്തിന്റെ അംഗരക്ഷകരുടെ പ്രഭുവാകാതെ, അവൻ സ്വർഗത്തിലെയും ഭൂമിയിലെയും ദൈവമായിരിക്കുന്നു. ദൈവവും ദേശങ്ങളും രക്ഷകരും സൈന്യങ്ങളും വിന്യസിച്ച് മനുഷ്യന്റെ ക്ഷണികമായ തൃഷ്ണകൾ വീണ്ടെടുക്കുമ്പോൾ പ്രപഞ്ചത്തിന്റെ ശാശ്വതമായ അന്തർധാരയുടെ ലൗകികസ്വരം കേൾക്കുന്നു. ജീവിക്കുന്നവന്റെ നിത്യ യവനികകളിലൂടെ അവൻ പ്രപഞ്ചത്തോട് ഉരസുന്നു. സ്പർശനങ്ങളുടെ ആദിബീജം വീണ് മനുഷ്യന്റെ ബോധം ക്രിയകളുടെ സ്ഫുലിംഗങ്ങളിലേക്ക് പോകുകയാണ്. വിജയന്റെ നോവലിലും ആമോസിന്റെ ലോകത്തിലെ പ്രപഞ്ചസ്പർശനങ്ങളുടെ അന്തർധാരകൾ കണ്ടെത്താം. നൈസാമലി കൂമൻകാവിൽ നിന്ന് അന്തർദ്ധാനം ചെയ്തപ്പോൾ അയാളുടെ സഹപ്രവർത്തകർ താന്താങ്ങളുടെ തൊഴിലുകളിലേക്ക് അലക്ഷ്യമായി നിഷ്‌ക്രമിച്ചുവെന്ന് വിജയൻ എഴുതുന്നു. വീണ്ടും അയാൾ അത്തരിന്റെ ജീവിതത്തിൽ പറ്റിക്കൂടി. വീണ്ടും പിണങ്ങി പുതിയ വ്യതിരിക്തതകൾക്ക് വശംവദനാവുന്നു. അങ്ങനെ വിന്യാസത്തിന്റെ ക്രൂശിതമായ സ്മൃതികൾ അവശേഷിപ്പിച്ചുകൊണ്ട് ഇഴ പിരിഞ്ഞു നിൽക്കുന്ന ലോകത്തെ അവതരിപ്പിക്കുന്നതിലൂടെ ഭഗ്നമായ അന്തർധാരകളുടെ സ്വച്ഛമായ തണലും വിഷാദവും കൊയ്‌തെടുക്കുന്നു. ജന്മങ്ങളുടെ നൈരന്തര്യവും മോഹങ്ങളുടെ കവചവും ശരീരത്തിന്റെ പൂക്കളും പൊഴിഞ്ഞു കിടക്കുന്ന ഭൂമി പ്രപഞ്ചത്തിന്റെ അന്തർധാരകളെ വഹിക്കുകയാണ്. ഖസാക്ക് എന്ന ഗ്രാമത്തിനും അവിടത്തെ സാധാരണ മനുഷ്യർക്കും പ്രകൃതിനിഷ്ഠകൾക്കും ചേരുന്ന ലൗകിക ചിലങ്ക ഭൂമിയുടേതാണ്. ഖസാക്കിലൂടെ വിജയൻ, ആമോസിനെപ്പോലെ കൂടുതൽ കൂടുതൽ വ്യക്തമായ നിത്യയാഥാർത്ഥ്യത്തിലേക്കും ഉൾപ്രവാഹങ്ങളിലേക്കും നടന്നടുക്കുകയാണ്. ഖസാക്കിലെ പ്രകൃതി അന്തർധാരകളുടെ നിറം മുഴുവൻ ആവാഹിക്കുന്നു. പക തകണുക്കുന്നു. ക്രോധം മായാതെ വീണ്ടുമുണരുന്നു. സ്‌നേഹം വാത്സല്യമായി, അനുരാഗമായി, മോഹഭംഗമായി പരിണമിക്കുന്നു. അങ്ങനെ വ്യത്യസ്തവഴികളുടെ മർമ്മരങ്ങളിൽ ശയിച്ചുകൊണ്ട് വസ്തുക്കളുടെ ഭ്രമണം പൂർത്തിയാവുന്നു.

മൈമൂനയുടെ അന്വേഷണം ആർദ്രവും ഭഗ്നവുമാവുന്നത് കാണാം. കാമത്തിന്റെ മസൃണമായ മുഖം ചുവക്കുകയാണ്. പ്രപഞ്ചത്തിന്റെ പാദചലനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഏതോ വഴിയിലാണ് കാമം. പുലരിയുടെ ഉദ്വേഗം വഴിവെട്ടുമ്പോൾ സ്മരണകളുടെ പൂമ്പൊടി ശേഖരിക്കാം. മോഹങ്ങളുടെ നഖങ്ങൾ നീണ്ടുവരുന്നതു ശ്രദ്ധികാകം. മോഹത്തിന്റെ നന്മ മുറ്റിയ പുഞ്ചിരി ക്രമാധികം വിളറിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കുക. ആസക്തിയുടെ മിഥുനങ്ങൾ ലോകത്തിന്റെ അനാഥത്വത്തിൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ പകലുകളുടെ അനുസ്യൂത യാത്രകളിൽ വിശ്വാസം പരസ്പരം മാറിയണിയുന്നു. തൊങ്ങലുകൾ നഷ്ടപ്പെട്ട പക്ഷി ഇന്നും വന്ന് ആലിന്റെ ചില്ലയിലിരുന്നു. വാക്കുകളുടെ ഇളംനീല ശരീരംകണ്ട് മനസ്സ് ഭയന്നു വിറയ്ക്കുന്നതുപോലെ. വാക്കുകളുടെ ഇളംനീല തടാകത്തിൽ നഷ്ടപ്പെട്ടുപോയ പ്രാക്തനമായ മോഹകവചങ്ങളെ തേടി മനസ്സ് തീരത്തിരിക്കുന്നു. എന്നാൽ അതോടൊപ്പം സ്വച്ഛഭംഗങ്ങളുടെ നിരയും കാണാം. ജൈവധാരണകളുടെ അനേകം നടുക്കങ്ങൾക്കു നടുവിൽ എന്നെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണമെന്ന് തോമസ് കെംപിസി*നെപ്പോലെ ആത്മാവിന്റെ ദിവ്യശരീരം പ്രാർത്ഥിക്കുകയാണ്. ഖസാക്കിന്റെ പരിശുദ്ധമായ ശരീരത്തിൽ പാദസ്പർശങ്ങളുടെ അണിവ് കേൾക്കുന്നുണ്ട്. മൊല്ലാക്കയുടെ മൗനത്തിൽ കാലത്തിന്റെ വ്രണം പ്രത്യക്ഷപ്പെട്ടു. ചെതലിയുടെ പുറകിൽ പാദസ്പർശമേൽക്കാത്ത പെരുവഴികൾ. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളിൽ കുംഭമുടഞ്ഞ ദുഃഖകന്യകകൾ. ഷെയ്ഖിന്റെ തുഷാര സ്മൃതികൾക്കു ചുറ്റും കാവൽ നിൽക്കുന്ന രാത്രിയുടെ സംഗീതം മൊല്ലാക്ക ശ്രദ്ധിച്ചു. ചെതലിയുടെ നെറുകയിൽ നിന്ന് പ്രപഞ്ചത്തിന്റെ രക്തം താഴോട്ടൊഴുകി. ദിവ്യമായ അന്തർധാരയുടെ തനുവിൽ കഴിയുക, ആയിരിക്കുക. അതുമാത്രമാണ് പൂർണതയുടെ ബിന്ദുവെന്ന് വിജയൻ ധ്വനിപ്പിക്കുന്നു. ദ്വേഷം സ്‌നേഹത്തിന്റെ മേലങ്കിയണിഞ്ഞ്. അജ്ഞാതമായ മേഖലകളിലൂടെ, ഉൾപ്പിരിവുകളുടെ ഉഷ്ണജലപ്രവാഹങ്ങളിലൂടെ കുതിരപ്പുറത്ത് യാത്രയാവുന്നു... ഒരിക്കലും അവസാനിക്കാത്ത സംസാരത്തിന്റെ നിശ്ശബ്ദയായ ഭൂമി. ഉൾഭ്രമങ്ങളുടെ വയമ്പ് രുചിച്ച് കാലം വീണ്ടും സന്ധ്യകളിലൂടെ നടന്നുനടന്നുപോവുന്നു. മോഹവലയങ്ങളിൽ നിന്ന് അനൈഹികമായ തുരുത്തുകൾ അന്വേഷിച്ച് വ്യസനത്തിന്റെ പക്ഷി ചിറകടിച്ച് പറക്കുന്നുണ്ട്. നൈസാമലിയുടെ പ്രവാസം പുതിയൊരു ഉൾപ്പിരിവിന്റെ വിഷാദസന്ധിയിലെത്തി ഗതിമാറുന്നു. പ്ലേറ്റോ* അറിയിക്കുന്നുണ്ട്, മനുഷ്യനിയോഗത്തിന്റെ സമാപ്തി ഐന്ദ്രിയലോകത്തിന്റെ ഇരുൾവേളകളിൽ നിന്ന് ദിവ്യരൂപങ്ങളുടെ വെണ്മയിലേക്ക് പറന്നു ചെല്ലുമ്പോഴാണെന്ന്. വിജയനും ലൗകികതയുടെ ഇലപ്പുറങ്ങളിൽ ദിവ്യരൂപങ്ങളുടെ വ്യോമാതലങ്ങളിലേക്ക് മനസ്സ് മാറ്റുന്നുണ്ട്.

''ദൂരെ, കാളികാവെന്ന സ്ഥലത്ത്, കുറുന്തോട്ടിയും നന്നാറിയും, വളർന്നുപിടിച്ചൊരു കുന്നിൻപുറത്ത്, പാടെ നശിച്ചുപോയൊരു പത്തായപ്പുരയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ചുവരുകളുടെ മുരടുകൾ, അവയ്ക്കകത്ത് വൈക്കോലുമേഞ്ഞ ഒരൊറ്റപ്പുര. അവിടെ അവളുടെ മുത്തിയമ്മയും അമ്മാവനും പാർത്തുപോന്നു. മുത്തിയമ്മയ്ക്ക് കണ്ണുകാണാൻ വയ്യ. അമ്മാവനും കുഷ്ഠമാണ്. ചുമരുകളുടെ അവശിഷ്ടങ്ങൾ ആ കുടിലിനു ചുറ്റും അതിരിട്ടു. ആ അതിർ കടന്ന് ആരും അകത്ത് ചവിട്ടിയില്ല. കാറില്ലാത്ത സന്ധ്യകളിൽ അസ്തമയത്തിന്റെ ചൂടുൾക്കൊള്ളാൻ, വിരലുകൾ തേഞ്ഞ കൈപ്പടങ്ങളുമായി അമ്മാവൻ കുടിലിനു മുമ്പിലെ പാറക്കെട്ടുകളിലിരുന്നു.

ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്. കാലം സരളമായ പാഠം പഠിക്കുകയാണ്. കാലത്തിന്റെ കാലിലെ വ്രണം നൊന്തോ? തുരുത്തുകളിലൂടെയുള്ള യാത്ര വിജയൻ ഓർക്കുകയാണ്. ആബിദയുടെ മഥനങ്ങൾ, അവളുടെ അത്തയുടെ ഏകാകിത, ഇരുട്ടിന്റെ കണ്ണു മിഴിച്ചാൽ കാണാവുന്ന ദുഃഖം, എല്ലാം രവി ഉൾക്കൊണ്ടു. വിലങ്ങുകളുടെ ദശാസന്ധികളിൽ താൻ ഏതോ അന്തർധാരയുടെ ഉഷ്ണജലം പേറുന്നുണ്ടെന്ന് അയാളറിഞ്ഞു. വിദൂരമായ വിരഹക്കാഴ്ചകളുടെ ഭൂതം ആബിദയുടെ സ്മൃതിയിലലിയുന്നു. അവളുടെ ഭൂതകാലത്തിനു സംസാരിക്കാനറിയാം. തന്റെ സ്‌നിഗ്ദ്ധമായ തനുവിൽ ഉറങ്ങിക്കിടക്കുന്ന വിഫലതയുടെ എല്ലാ അക്ഷരങ്ങളും പുറത്തുചാടുന്നു. നാമമാത്രമായ പരിചയങ്ങളുടെ ഭ്രമണങ്ങളിൽ നിന്ന് രവി ഒന്നു പിന്തിരിഞ്ഞു. എന്തെല്ലാമോ ഓർമ്മകൾ ചീവിടുകളായിവന്ന് നിലവിളിച്ചു. ഏകാന്തതയുടെ രാത്രിപ്പക്ഷികൾ അറിവിന്റെ സംശയങ്ങളായിനിന്നു. ചുമരുകളും അവശിഷ്ടങ്ങളും മങ്ങിയ, നിഴൽ പതിച്ച, തണൽവീണ ഓർമകളും ദുരിതങ്ങളുടെ ശൈത്യം പുറത്തെടുത്തു. സ്‌നേഹവിശ്വാസത്തിന്റെ ആഗ്നേയശസ്ത്രങ്ങൾ, മന്ദഹാസത്തിന്റെ അലൗകികമായ വിങ്ങലുകൾ, അഴിഞ്ഞലിയുന്ന മൗനപരിസരം-പരിത്യക്തമായ ജൈവബന്ധങ്ങളുടെ നിലാവിൽ മനസ്സ് എന്തോ ചിലത് അറിയുന്നു. സ്വന്തം വഴികളിൽ ഉപേക്ഷിക്കപ്പെട്ട ആത്മാവിന്റെ രഹസ്യവും പ്രശാന്തവുമായ യാത്രകൾ വ്യാമിശ്രമായ പ്രാപഞ്ചാവസ്ഥയിലൂടെ ധമനികളായിരിക്കുന്നു. ആബിദയുടെ ചിത്രം നിലാവിന്റെ നൃത്തം പോലെ വാത്സല്യവും സാന്ത്വനവും നിറഞ്ഞതാണ്. വെറും പരിചയങ്ങളിൽ നിന്ന് അസ്പഷ്ടമായ വിരഹങ്ങളിലേക്ക് കാലം മാറിവീഴുമ്പോൾ, അവ ശാശ്വതമായ ദുഃഖങ്ങളും അകലെയുള്ള സ്‌നിഗ്ദ്ധതകളും കൊണ്ട് നിറഞ്ഞ്, പ്രപഞ്ചത്തിന്റെ അന്തർധാരകളുടെ പ്രസാദപൂർണ്ണമായ ആത്മസംയോജനങ്ങളായിത്തീരുകയാണ്. വരുമ്പോഴും പോകുമ്പോഴും മനുഷ്യൻ ഒന്നും പറയുന്നില്ലല്ലോ. നിത്യമായ സംശയങ്ങളുടെ കൊളുത്തിൽ നിന്ന് സത്യത്തിന്റെ ശരീരം മുക്തമാകാത്തതെന്താണ്? ചോദ്യങ്ങൾ മുനയൊടിഞ്ഞ് സംസാരത്തിന്റെ മുറ്റത്ത് കമിഴ്ന്ന് കിടക്കുന്നു. മൗനം കൊണ്ട് തൊട്ടാൽ പ്രതികരിക്കുന്നത് കുട്ടികളുടെ മുഖങ്ങൾ മാത്രമാണെന്ന് പറഞ്ഞ ഫ്രാൻസിസ് തോംപ്‌സണി*ലാണ് ഇത് ചെന്നെത്തുന്നത്. നിസ്സംഗതയും ഉച്ചാരണവും ഒന്നായിത്തീരുകയാണല്ലോ. ഭൗമബന്ധങ്ങളുടെ സരളമായ പാഠങ്ങളിലൂടെ മനുഷ്യന്റെ ദൗത്യം വിനയത്തിന്റെ ശിഖയിലെത്തുന്നു. നേരമ്പോക്കുകളുടെ ക്രോധം ശിരസ്സിലിട്ടുകൊണ്ട് വഴിയിലിറങ്ങി ശകാരിക്കുക. സത്യത്തിന്റെ ചില്ല സൂര്യനഭിമുഖമായി ഉയർപ്പിടിച്ചുകൊണ്ട് ഉറക്കെ നിലവിളിക്കുക. ഇരുട്ടിന്റെ മിന്നാമിനുങ്ങുകളെ വകഞ്ഞുമാറ്റി രാത്രിയുടെ നെല്പാടങ്ങളിലൂടെ ഇറങ്ങിനടക്കുക. അപ്പോഴും ദിവ്യരൂപങ്ങളുടെ കൃഷ്ണമണികളും മഞ്ഞുതുള്ളികളും പറ്റിച്ചേർന്നിരിക്കുന്ന മനസ്സും പുലരിയുടെ ശരീരത്തിൽ സൂക്ഷിക്കുന്നുണ്ടാവും. നീ എവിടെപ്പോകുന്നുവെന്ന് നിങ്ങൾ ആരും എന്നോട് ചോദിക്കുന്നില്ല. എങ്കിലും അത് നിങ്ങളോട് സംസാരിക്കുന്നതുകൊണ്ട് നിങ്ങളുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (യോഹന്നാൻ 16:6). പ്രപഞ്ചത്തിന്റെ അന്തർധാരയായി വർത്തിച്ചുകൊണ്ട് ചോദിക്കാതെ പോകുന്ന ചോദ്യം ലൗകികമായ വിഷാദജ്വരങ്ങളുടെയും ജൈവബന്ധങ്ങളുടെയും മൗനമാണ്. പ്രപഞ്ചത്തിന്റെ അന്തർപ്രവാഹങ്ങളുടെ ഗതികളിൽ അലയുമ്പോൾ മൗനം പ്രവർത്തനവും പ്രവർത്തനം മൗനവുമാകുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ആന്തരമായ ഇഷ്ടബന്ധങ്ങളുടെ ചുമരുകളിൽ ജൈവസ്പർശങ്ങൾ. ശിൽപത്തിന്റെ ഏകാന്തതയിലേക്ക്, ദുഃഖത്തിന്റെ വസന്തർത്തുവായി മനസ്സ് ലയിച്ചു ചേരുന്നു. രവി ഓർത്തു: ഏകാകിതയുടെ നിശ്ശബ്ദചോദനകളുമായി ഞാനിതാ വരുന്നു; അജ്ഞേയമായ പൊരുകളുകളുടെയിടയിൽ, പ്രാർത്ഥനയുടെ അനാഥമായ നാഴികകളുടെയിടയിൽ വേദനയുടെ വത്സലയായൊരു പക്ഷിയായി, ശാന്തതയുടെ മാതാവിനെ കാണുവാനും സത്യഭാഷണം നടത്തുവാനും ഞാനിതാവരുന്നു.


പ്രാണയാനങ്ങളുടെ സുരത സംഗീതം


പ്രപഞ്ചത്തിന്റെ തരളമായ ബാല്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനിടയിൽ എമേഴ്‌സൺ* വൃക്ഷച്ചോലകളുടെ സാന്ത്വനത്തെ സ്പർശിക്കുന്നുണ്ട്. പൗരാണികമായ ഏതോ വിഷാദമാണ് സസ്യസാന്ത്വനങ്ങളുടെ വചസ്സുകളിൽ നിന്ന് പ്രസരിക്കുന്നത്. മുഖം നമുക്ക് മറയ്ക്കാനാവില്ല. വിസ്മരിക്കപ്പെട്ട മനസ്സിന്റെ കിനാവുകൾ തേടി എമേഴ്‌സൺ* വനഗർഭങ്ങളുടെ തണലുകളിലേക്ക് യാത്രയായി. ചരിത്രത്തിന്റെ സമാശ്വാസത്തെപ്പോലും പുല്ലിന്റെ മാതൃത്വത്തിലൂടെ അദ്ദേഹം തൊട്ടറിയുന്നു. കളഞ്ഞുപോയ കിനാവുകളുടെ അവശിഷ്ടങ്ങൾ പ്രകൃതിയുടെ ഗീതങ്ങളിൽ ആസന്നമായ മൃത്യുവിനെ നേരിടുകയാണ്. ആരാമങ്ങളുടെ ചോലകളിൽ നിന്ന് നിഷ്‌കാസിതനായ മനുഷ്യന്റെ പുരോപ്രയാണം നമ്മെ വ്യഥിതമായ സംയമനത്തിന്റെ ഹൃദയവികാരങ്ങളിലെത്തിക്കുന്നു. സ്‌നേഹത്തിന്റേയോ വെറുപ്പിന്റേയോ നുകം പേറിക്കൊണ്ട് മനുഷ്യന്റെ മനസ്സിനെ വാഴ്ത്താം. എന്നാൽ ആകസ്മികമായുണ്ടാകുന്ന രസചോർച്ചകളുടെ ഭാവിയിൽ നിന്ന് വംശത്തിന്റെ വേരുകൾ പിഴുതെടുക്കാനാകുമോ? എമേഴ്‌സന്റെ വിഷാദം ഒരു പൂർണശ്വസനമാക്കിമാറ്റിക്കൊണ്ട് അകന്നുപോയ വഴിത്താരകളെക്കുറിച്ചും നഷ്ടപ്പെട്ടുപോയ മെതിയടികളെക്കുറിച്ചും വിജയൻ ഖിന്നനാവുന്നു. സരളതയുടെ രേതസ്സ് ഭക്ഷിച്ചുകൊണ്ട് വളരുന്ന മനസ്സ് വിശ്രാന്തികളാണ്. സ്വച്ഛതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രകൃതിയുടെ ഇലത്തട്ടുകളിൽ സ്‌നാനം ചെയ്യുമ്പോഴാണ് മനുഷ്യനാകാനും ഐഹികപൂർണതയുടെ ജ്വരം സഫലമാകാനുമുള്ള ഉദ്യമങ്ങൾ കണ്ണുതുറക്കുന്നത്. വൃക്ഷച്ചോലകളിലേക്ക് മടങ്ങുമ്പോഴും നരനിലെ ആദിമമായ ശിലകളെ തൃഷ്ണയ്ക്ക് അഭിമുഖമായി പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഖസാക്കിലെ കുട്ടികൾക്ക് ദുഃഖത്തിന്റെ ആലസ്യം വീണ അന്തരീക്ഷത്തിൽ രവി ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുന്നു... ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ കർമനൈരന്തര്യങ്ങളുടെ സ്‌നേഹരഹിതമായ കഥയായിരുന്നു അത്. ചമ്പകത്തെ തിരിച്ചറിയാതെ പെൺകുട്ടി പൂനുള്ളിയപ്പോൾ നരന്റെ പൊയ്കയിൽ വളർന്നിരുന്ന താമരകൾ എവിടെയാണ് മറഞ്ഞുപോയത്? നീർച്ചോലകളിലൂടെ ഒഴുകിയിറങ്ങുന്ന ജലാസക്തികൾ, ഏതോ തീരത്ത് ചമ്പകമായി പുഷ്പിച്ചിട്ടുണ്ട്. നിലയ്ക്കാത്ത നിശ്ശബ്ദതയുടെ വ്രണിതസുഖവും പേറി സന്ധ്യകൾ തോറും അത് വിലപിക്കുന്നു. അമർത്തപ്പെട്ട, പുരാതനമായ മനസ്സിന്റെ ഏതോ നക്ഷത്രം വീണ്ടും തിരിച്ചു കിട്ടുന്നു. മനുഷ്യന്റെ ധാരണയുടെ ജൈവപരമായ അന്തർധാരകൾ മൺമറഞ്ഞവരുടെ പുരാവൃത്തങ്ങളോട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഊഷരമായ വിങ്ങലുകളും അവ്യക്തമായിത്തീർന്ന ഇച്ഛാശക്തിയും മേളിച്ചിരിക്കുന്ന കളിസ്ഥലത്ത് ബിംബാരാധനകൾ ഭഗ്നമാവുകയാണ്. ഖസാക്കിനെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകളുടെ അരങ്ങാക്കി മാറ്റിക്കൊണ്ട്, ആത്മാവിന്റെ ഉൾപ്പിരിവുകളുടെ സ്മൃതി ഇവിടെ അനാവൃതമാകുന്നു. പായലിലൂടെ, കാലത്തിലൂടെ, ഗതമോഹങ്ങളുടെ ആഴത്തിലേക്ക് പ്രജ്ഞ കടന്നുചെല്ലുന്നു. ബാല്യത്തിന്റെ ഇടിഞ്ഞ ഭിത്തികൾ, പ്രാർത്ഥനയുടെ ദ്രവിച്ച ഓലകൾ, എന്നോ ജീവിച്ചിരുന്നവരുടെ വംശകഥ പറയുന്ന പഴയ ഏടുകൾ... വിസ്മൃതിയുടെ ജഡം നിറയെ വിഷാദത്തിന്റെ പ്രാണികൾ അരിച്ചു നടക്കുന്നു. ഓർമകളുടെ വാതായനങ്ങളിലെവിടെയോ ലോകത്തിന്റെ ശിരസ്സു കത്തുന്നു. വിചാരങ്ങളുടെ പൂർണമായ തണുപ്പറിയുമ്പോൾ ഓർമത്തെറ്റുകളുടെ സാരള്യത പ്രകടമാകുന്നു. മനസ്സിന്റെ ജീവിതം നിശ്ചലമായൊരു ദൃശ്യമാകുന്നതിങ്ങനെയാണ്. ആ ദൃശ്യത്തിൽ മണ്ണും മനുഷ്യനും വിത്തും കൊയ്ത്തും പ്രഭാതവും സൃഷ്ടിയും ഗണിതവും ലയിച്ചുകിടപ്പുണ്ട്. ഒമർഖയാമിന്റെ* ഒരു ദൃശ്യവൽക്കരണത്തിന്റെ ധ്വനി ഇപ്പോൾ ഓർമ്മത്തെറ്റുകളുടെ സാരള്യത പ്രകടമാക്കുന്നു. മനസ്സിന്റെ ജീവിതം നിശ്ചലമായൊരു ദൃശ്യമാകുന്നതിങ്ങനെയാണ്. ആ ദൃശ്യവൽക്കരണത്തിന്റെ ധ്വനി ഇപ്പോൾ ഓർമ്മയിൽ വിടരുകയാണ്. ഭൂമിയുടെ ആദ്യത്തെ മണ്ണുമായി അവർ അവസാനത്തെ മനുഷ്യന്റെ മാവ് കുഴച്ചു. അവസാനത്തെ കൊയ്ത്താണ് വിത്ത് വിതച്ചത്. അതെ, ബോധത്തിന്റെ അവസാനത്തെ പുലരി എന്താണ് വായിക്കാൻ പോകുന്നതെന്ന് സൃഷ്ടിയുടെ ആദ്യത്തെ പ്രഭാതം എഴുതിക്കഴിഞ്ഞു. വിച്ഛേദങ്ങളുടെ ക്രമഭംഗങ്ങളിൽ നിന്ന് ലയത്തിന്റെ ലക്ഷ്യനിർവചനങ്ങൾ വേർതിരിച്ചെടുക്കുന്ന ദൃശ്യബോധമാണിവിടെ പ്രകാശിതമാകുന്നത്. സ്മൃതിയും വിസ്മൃതിയും ഏത് സ്പർശിനിയിലാണ് ബോദ്ധ്യങ്ങളുടെ കെട്ടറിഞ്ഞത്? ആത്മമോഹങ്ങളുടെ ഉയിരു നഷ്ടപ്പെട്ട ഈ അവസ്ഥ സന്താപമാണോ സന്തോഷമാണോ? ഖസാക്കിലെ ദുഃഖമുഹൂർത്തങ്ങൾ കാലത്തിന്റെ പടവുകളിലാണ്. കഥ കേൾക്കാനെത്തുന്ന കുട്ടികൾ പ്രകൃതിയുടെ വൃക്ഷച്ചുവട്ടിലിരുന്നു. ബാല്യത്തിന്റെ ഓർമ്മകൾ അവരെ തഴുകി. പ്രാണയാത്രകളുടെ ശിഥിലസ്മരണകളിലൂടെ എന്നോ വാർന്നുപോയ കിനാവിന്റെ കാമുകി, ക്ഷണനേരത്തേക്ക് തിരിച്ചെത്തുകയാണ്. പെൺകുട്ടി ഉദരത്തിൽ മണ്ണിന്റെ പച്ചിലകൾ അമർത്തിത്തേച്ചതും ചുണ്ടിന്റെ തുമ്പികൾ കൊണ്ട് അവളെ കൊത്തിവലിച്ചതും മുഖത്തിന്റെ മൊട്ടുകളിൽ കല്ലിന്റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളിൽ മുഖത്തിന്റെ ക്രോധം കൊണ്ട് ആശ്വാസം പകർന്നതും പ്രാണായാനങ്ങളിലൂടെ മടങ്ങിവരുന്നു. ചമ്പകത്തെ തിരിച്ചറിയാനും ഉദരത്തിലൂടെ അവളെ മോചിപ്പിക്കാനും മനസ്സിന്റെ കൂട്ടിൽ നിന്ന് വ്യഥിതയാത്രകളുടെ മാൻപേട ഓടിയിറങ്ങുകയാണ്. ഖസാക്കിന്റെ മതിഭ്രമങ്ങളിലും അയഥാർത്ഥ്യത്തിന്റെ കൊച്ചരുവികളിലും ചമ്പകത്തെ വീണ്ടെടുക്കാനും ചുംബിക്കാനും ജൈവധാരകളുടെ ഒരാത്മാവ് പതിയിരിക്കുന്നത് നാമറിയുന്നു. ഫ്രഞ്ച് പ്രബോധകനായിരുന്ന റോച്ചേഫൗക്കോ* ബോധിപ്പിക്കുന്നുണ്ട്, സ്‌നേഹവും കരുണയും ദയയും ധൈര്യവും താന്താങ്ങളുടെ ലൗകിക യാത്രകളിലൂടെ, തിരിച്ചറിയപ്പെടാതെ പോകുന്ന ആത്മപ്രേരണകളെയാണ് ബന്ധനമാക്കുന്നതെന്ന്. വികാരത്തിന്റെയോ പ്രവർത്തനത്തിന്റെയോ ഏതൊരു നിമിഷവും പ്രാണപ്രേരണയുടെ കാന്തിനിറഞ്ഞിരിക്കുന്നു; എങ്കിലും അത് വിസ്മൃതമായിരിക്കുന്നു. ഖസാക്കിന്റെ മതിഭ്രമങ്ങളിൽ പ്രപഞ്ചത്തിലെ ജൈവാംശങ്ങളുടെ സ്വാംശീകരണമാണുള്ളത്. ഓന്തിനെക്കുറിച്ച് കുട്ടികൾ പറയുന്ന കഥകളിലൂടെ ഖസാക്കിന്റെ വിശ്വാസസംബന്ധമായ ഉൾഭ്രമങ്ങൾ വെളിവാക്കുന്നു. ആ ഗ്രാമത്തിന്റെ സ്വഭാവരീതിയിലുള്ള ഭ്രമങ്ങൾ വിശ്വാസവും അവിശ്വാസവും ലയിച്ച് ചേർന്നുണ്ടാകുന്ന ജീവിതം ചിത്രീകരിക്കുന്നുണ്ട്. മനുഷ്യന്റെ നിഴലുകളോടുള്ള പോരാട്ടത്തിലെ അലൗകികഭാവം ഗ്രാമ്യസാഹചര്യത്തിന്റെ ഹൃദയത്തിൽ നിത്യയാഥാർത്ഥ്യമാക്കുന്നു. അങ്ങനെ മനുഷ്യന്റെ ശാശ്വതവർണ്ണങ്ങൾ തെളിഞ്ഞുകിട്ടുന്നു. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും നൂൽപ്പാലത്തിലൂടെ, അധോമുഖിയായി അജ്ഞതയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നു. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ് ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. ടെന്നിസൻ* ഓർമ്മിപ്പിക്കുന്നതുപോലെ, ഇപ്പോഴിതാ ദൈവം എല്ലാത്തിനെയും വീണ്ടും ജനിപ്പിച്ചിരിക്കുന്നു. വസന്തം കൊണ്ട് തണുപ്പിന്റെ തൂവൽ വിരിക്കുന്നു. മഞ്ഞുകൊണ്ട് പുഷ്പങ്ങളെ അലങ്കരിക്കുന്നു; കറുത്ത പക്ഷികൾക്കും ഗായകർക്കും മനസ്സ് തിരിച്ചുകിട്ടിയിരിക്കുന്നു.

ഖസാക്കിന്റെ പ്രാണയാനങ്ങളുടെ സുരതസംഗീതം പുതുമഴയിലൂടെയും വിദ്യാലയത്തിലെ കുട്ടികളിലൂടെയുമാണ് വിജയൻ ആവിഷ്‌കരിക്കുന്നത്. പ്രാണയാനങ്ങളുടെ വഴിയമ്പലങ്ങളിൽ ജന്മത്തിന്റെ പൊരുളറിയാതെ ഗ്രാമവാസികൾ നിന്നു. കാലവർഷത്തിന്റെ ധ്യാനനിമഗ്നമായ ശരീരവും കുട്ടികളുടെ ഇളകിമറിയുന്ന മനസ്സും പ്രാണയാനങ്ങളുടെ വിചിത്ര നിമിഷങ്ങളാണ് തുറന്നിടുന്നത്. ഓലകളുമേന്തി കുട്ടികൾ വരിവെള്ളത്തിൽ ചവിട്ടിയും തേവിയും പോകുമ്പോൾ ബാല്യത്തിന്റെ നിഗൂഢമായ രതിവേഗങ്ങളിലേക്ക് ഖസാക്ക് ഉണരുന്നു. വഴിയാത്രക്കാരുടെ ഉദാസീനമായ സന്ദർശനം പോലെയോ, വൃക്ഷശിഖരത്തിൽ നിന്ന് ഒരില കൊഴിയുന്നതുപോലെയോ അവർ രവിയുടെ സ്‌കൂളിൽ ചേർന്നു. ഗതിഭംഗങ്ങളുടെ ആത്മയാനങ്ങളെ അവതരിപ്പിക്കേണ്ടിവന്നപ്പോൾ മനസ്സിനിണങ്ങുന്ന നിറങ്ങളിലൂടെ വിജയൻ ഭൂമിയെ കണ്ടെത്തി. ഭൂമിയുടെ മാഞ്ഞുപോയ നിറങ്ങളുടെ സ്ഥലങ്ങളിൽ പ്രാണയാത്രകളുടെ ദുഃഖസ്വപ്‌നവേളകളെ തിരുകിവച്ചു. ഖസാക്കിലെ മനുഷ്യരുടെ കാലത്തെത്തേടി വിജയൻ അനിശ്ചിയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി. പഠിപ്പു നിർത്തിയ ചാത്തനിലൂടെ, പേരയ്ക്കാടനിലൂടെ അവരെ അനുഗമിച്ചുവന്ന അച്ഛനമ്മമാരിലൂടെ, കുപ്പുവച്ചന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ, കുഞ്ഞാമിനയുടെ കഥയിലൂടെ, മൈമുനയുടെ നിശ്ശബ്ദ ഹൃദയത്തിലൂടെ, വിജയൻ ആത്മാവിന്റെ, ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്പഷ്ടമായ ചോദനകളും തേടുകയായിരുന്നു. ഇരുൾ വീഴുവാൻ പോകുമ്പോൾ സ്‌നേഹത്തിന്റെ സ്പർശവും ഗന്ധവുമുണ്ടായിരുന്നു. മനസ്സ് നിയന്ത്രണമില്ലാതെ, അനിശ്ചയങ്ങളുടെ ആതുരതകളിലേക്ക് വീഴുന്നു. രൂപങ്ങളിലൂടെ ഖസാക്കിന്റെ സന്തതികൾ വെവ്വേറെ വഴികളിൽ സഞ്ചരിച്ചു. മാധവൻനായർ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി. ദിവ്യരൂപങ്ങളുടെ ഉൾപ്രേരണകൾ ഐഹികതീർത്ഥത്തിൽ ലക്ഷ്യങ്ങളുടെ പാതയന്വേഷിച്ച് അലഞ്ഞു നടക്കുന്നു. ഓർമ്മകൾ ഓർമത്തെറ്റുകളായി ഭൂമിയുടെ മാറിൽ കുതിർന്നിറങ്ങുന്നു. കരിമ്പനയുടെ ആയുസ്സിൽ നിറയെ മുറിവേറ്റ ഋതുക്കളും പുതിയ ഫലങ്ങളും പൊഴിഞ്ഞു കിടക്കുന്നു. സാന്ദ്രമായ സൗഹൃദങ്ങളിലൂടെ, അലിവുള്ള സുഖാന്വേഷണങ്ങളിലൂടെ തണൽ വിരിച്ച പാതയിൽ മനുഷ്യമനസ്സുകൾ കൃഷി ചെയ്തു. വസ്തുക്കളുടെ സാന്നിധ്യം ഹൃദയത്തിൽ കുരുങ്ങിമരിച്ച കാമനകളെ ഓർമിപ്പിക്കുകയാണ്. അത് ഭൂമിതുളച്ച് മൃതിതേടുന്ന ആസക്തികളെ വെളിച്ചത്തുകൊണ്ടുവരുന്നു. കൈത്തലത്തിൽ നിന്ന്, വിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരതസംഗീതമായിത്തീരുന്നു. പേരക്കൊമ്പിൽ വന്നിരിക്കാറുള്ള മൈമുനയുടെ പാട്ടിൽ പ്രാണയാനങ്ങളുടെ അലിവുള്ള സ്‌നേഹസ്മരണകൾ മുളച്ചിരിക്കുന്നു. ചിങ്ങപ്പാറ്റകൾ പൊന്തിയിരിക്കുന്ന, കാറ്റിനെ ഉദരത്തിൽ വഹിക്കുന്ന, ചെതലിയുടെ നേർക്ക് നടന്നുപോകുന്ന കുട്ടികൾക്കിടയിലൂടെ വായുവേഗത്തിൽ മിന്നിമറയുന്ന ഖസാക്കിന്റെ പാരവശ്യങ്ങളിൽ, ആത്മയാനങ്ങളുടെ സ്‌നേഹപ്രസരങ്ങളും ദുഃഖവേളകളും ഇണചേർന്നു കിടക്കുകയാണ്. പദാർത്ഥങ്ങളുടെ മാതാവാകാൻ രവിയുടെ മനസ്സ് വീണ്ടും സ്‌നേഹസ്പർശങ്ങളുടെ ഉലയിൽ വീഴുന്നു. പൂവിറിത്തു നടക്കുന്ന കുട്ടികൾ കുന്നിൻ ചെരുവിലെ മഞ്ഞിലേക്കും കാട്ടുപൂക്കളിലേക്കും വൃഥാ ആസക്തരാവുന്നു.

ജീവിതത്തിന്റെ പ്രാണയാനം നടക്കുമ്പോൾ കാലത്തിന്റെ കളിമുറ്റത്ത് വിരിയുന്ന ഓർമ്മകൾ ഭൗതികപ്രപഞ്ചത്തിന്റെ ദിവ്യപദാർത്ഥങ്ങളാണ്. സാങ്കല്പികമായ കുറ്റകൃത്യങ്ങൾ ഭയാനകങ്ങളെങ്കിലും അവ ആന്തരികമാണെന്ന് ഓർവെല്ലിന്റെ* കഥാപാത്രം പറയുന്നുണ്ട്. സ്വയം അറിയുന്നതിനുമുമ്പ് തന്നെ നമ്മെ ക്രൂരമായി കയ്യടക്കുന്ന പരിതഃസ്ഥിതി ഉണ്ടാകുന്നു. ദിവ്യമായി മാറുന്ന വേദനയും ഭീതിയും മനുഷ്യനെ വിശുദ്ധനാക്കുന്നു. സാത്വികനായി ബന്ധിച്ചു നിർത്തുന്നു. ഇവിടെയാണ് പ്രാചീനമായ സ്മൃതികളിലൂടെ വർത്തമാനത്തിന്റെ നിമ്‌നോന്നതങ്ങളെ അതിജീവിക്കുന്ന ജൈവസംയുക്തങ്ങളെ അനുഭവിക്കുന്നത്. രവിയുടെയും മൊല്ലാക്കയുടെയും മറ്റും പ്രാണയാനങ്ങൾ ഖസാക്കിന്റെ ആത്മയാത്രയുടെ സംഗീതത്തെയാണ് ഓർമ്മിപ്പിക്കുന്നത്. കല്ലുകൾ വാകയിലകൾപോലെ സ്‌നിഗ്ദ്ധമാകുന്നു. വൻവൃക്ഷങ്ങൾ ഇളം തളിരുകളുടെ സ്വകാര്യതയിലേക്ക് ഇറ്റുവീഴുകയാണ്. മഞ്ഞുപോലെ പെയ്യുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളിൽ വിരഹത്തിന്റെ ആദ്യനാഗരികത ഇഴുകിച്ചേർന്നിട്ടുണ്ട്. നിരാശ്രയമായ ഉന്മാദം പോലെ ഖസാക്കിലെ പ്രകൃതിയും സ്വച്ഛമായ വഴികളിലൂടെ സഞ്ചരിക്കുന്നു. തനുവിൽ നിന്നു പൊഴിഞ്ഞുവീഴുന്ന കൗതുകങ്ങൾ, താഴെ വീഴുന്ന നക്ഷത്രങ്ങളുടെ വിശുദ്ധരൂപങ്ങൾ, ഓർമ്മകളുടെ എല്ലിൻകഷണങ്ങളിൽ നിന്ന് വമിക്കുന്ന പ്രകൃതിസ്മൃതികൾ - ഭൂമി കിളച്ചെടുത്തു കിട്ടിയ നാഴികയുടെ അന്തർധാര. പിന്നെ, ഗ്രാമത്തിന്റെ ഉന്മാദങ്ങളിലൂടെ ജീവിതത്തെ സ്പർശിക്കുന്ന ചില അധോസന്ദിഗദ്ധതകളും പ്രാർത്ഥനകളും ആവിഷ്‌കരിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. അതിനായി പ്രപഞ്ചത്തിന്റെ തൂവൽപോലും ഈ എഴുത്തുകാരൻ സൂക്ഷ്മമായി പരിശോധിക്കുന്നു. ദുഃഖം ആത്യന്തികമായി ഉള്ളിന്റെ മഥനമാണോ? അതിനെ ലൗകികസ്മൃതിയുടെ ശബ്ദഘോഷങ്ങളിൽ നിന്ന് നിശ്ശബ്ദതയുടെ അമ്മ മോഷ്ടിച്ചത് എന്നാണ്? കാലത്തിന്റെ അനുഭവം വ്യസനമായി മാറുമ്പോൾ മനുഷ്യന് ബോധത്തിന്റെ യഥാർത്ഥ സ്ഥിതിയിലേക്ക് മടങ്ങാതെവയ്യ. വിശ്വാസങ്ങളുടെ ഉത്തോലകങ്ങൾ നഷ്ടപ്പെട്ട പരിതഃസ്ഥിതിയും ധാരണയുടെ ത്രസിക്കുന്ന കൊമ്പുകളും വിശ്രമം കൊള്ളുന്ന മനുഷ്യന്റെ ഗ്രാമം, വാസ്തവത്തിൽ നിത്യജീവിതത്തിന്റെ സ്മൃതിയല്ല പങ്കിടുന്നത്. ഏതോ മഹാധാരയുടെ ഭാഗമായിരുന്നുകൊണ്ട് അനുഭവിച്ചറിയുന്ന വർത്തമാനസത്യത്തേക്കാൾ ദിവ്യരൂപങ്ങളും അതിഭൗതികമായ രക്ഷസ്സുകളും തമ്മിലുള്ള സംവാദമാണ് മുറ്റിനിൽക്കുന്നത്. വീണ്ടുവിചാരങ്ങളുടെ ഈ കറുത്ത മണ്ണിൽ വിഷാദത്തിന്റെ വഴികൾ അവസാനിക്കുന്നില്ല. രാത്രിക്കപ്പുറത്ത്, മറ്റൊരു വഴിയുടെ ശൃംഖല തുടങ്ങുന്നതേയുള്ളൂ. കർമ്മപരമ്പരകളെന്നും ജനിമൃതികളെന്നും മാറിമാറി വിളിക്കുമ്പോഴും അസ്പഷ്ടമായ ഓർമകളിലൂടെ ജൈവബന്ധം അന്വേഷിക്കുകയാണ്. യുക്തിയുടെ ഏത് കോണിലാണ് പ്രാണയാനങ്ങളുടെ രഹസ്യം നിലയുറപ്പിച്ചിരിക്കുന്നത്? സ്‌നേഹരഹിതമായ ആരോഹണത്തിന്റെ അവശിഷ്ടങ്ങളിലെ ആ ദിവ്യബോധം എവിടെ നിന്നാണ് ലഭിക്കുക?


ഇരുണ്ടപ്രവാസം


മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ, അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നുവെന്ന് ബെർദ്‌യെവ്‌ന്റെ* ഒരു പഠനത്തിൽ പറയുന്നുണ്ട്. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ് കിടക്കുന്നത്. ഭീതി അവനെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പ്രവർത്തനത്തിലേക്കുള്ള ചില ജൈവബന്ധങ്ങൾ തുറന്നിടുന്നു. ലോകത്തിലായിരിക്കുമ്പോൾ അവന് ഗൃഹത്തിന്റെ തടാകസ്വച്ഛതകളിലേക്കു മടങ്ങാനാവില്ലെന്ന് ഹൈഡഗറും ഓർമ്മിപ്പിക്കുന്നുണ്ട്. ജൈവരോഹണങ്ങളുടെ തോടുടയുമ്പോൾ, പുതിയൊരു കോശത്തിലകപ്പെടുമ്പോൾ നരന് വസ്തുസ്പർശനത്തിന്റെ ബോധമുണ്ടാകുന്നു. സ്വച്ഛവും വിലോലവുമായ എല്ലാ അടിയൊഴുക്കുകൾക്കും മുകളിൽ പ്രാർത്ഥനകൾ വന്നു നിരക്കുന്നതിങ്ങനെയാണ്. വസ്തുസ്പർശങ്ങളുടെ ബോധമുദിക്കുന്നതിന്റെ ദൃഷ്ടാന്തം പ്രവർത്തനത്തിന്റെ വേഗങ്ങളിലും വൈകാരികസന്ധികളിലും വിരിഞ്ഞുനിൽക്കുന്നു. ഇച്ഛയുടെ വിളിയും ശാന്തമായ പോക്കും ബാഹ്യപ്രത്യക്ഷങ്ങളായി മാറുകയാണ്. കാലത്തെയും സ്ഥലത്തെയും ആത്മയാനങ്ങളുടെ ഇരുണ്ട പ്രവാസത്തിലൂടെ നയിക്കുകയും വചനങ്ങളുടെ സിരകളിൽനിന്ന് വിട്ടുനിൽക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയിലേക്കും വളർത്തുകയും ചെയ്തുകൊണ്ട് വിജയൻ പ്രവർത്തനത്തിന്റെ ബാഹ്യമായ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്നു. മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റെയും അഭായന്വേഷണങ്ങളുടെയും ജൈവസംയുക്തങ്ങളെ പുറത്തെടുക്കുകയാണ്. പരിചിതരൂപങ്ങളുടെ അസാധാരണമായ ചെപ്പുകളിൽ ചോദനകളുടെ പുഷ്പം വിരിയുന്നുണ്ട്. മോഹങ്ങളുടെ കവചങ്ങളിൽ നിന്ന് ഇറങ്ങിവന്ന് മനുഷ്യൻ ഖസാക്കിന്റെ രഹസ്യസ്ഥലങ്ങളിലൂടെ നടന്നു. ദൃശ്യങ്ങളുടെ പ്രപഞ്ചാതിർത്തിയിലെവിടെയോ ഉള്ള സ്വകാര്യതകളുടെ ദിവ്യമൂശ (Divine mould) ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നതു നാമറിയുന്നു. പുഷ്പങ്ങളിലേക്ക് ചിത്രശലഭങ്ങളെന്നപോലെ മനുഷ്യർ ഭൗതിക ഖരാവസ്ഥകളുടെ തളിരുകളിലേക്ക് ആസക്തരാവുകയാണ്. പദാർത്ഥത്തിൽനിന്ന് കാലത്തിന്റെ വിത്ത് സംഭരിക്കുമ്പോൾ ഹൃദയത്തിന്റെ പരാഗണം ജീവിതകാമനയായിത്തന്നെ തുടരുന്നുണ്ട്. ജീവിതത്തിന്റെ ദൈനംദിന സ്പർശങ്ങളിലൂടെ അപാരമായ ഇച്ഛാപ്രവർത്തനങ്ങളെ വിജയൻ തൊട്ടറിയുകയാണ്.

മൈമുനയുടെ ഇച്ഛാശക്തിയും ആബിദയുടെ ഇച്ചാഭംഗവും ഇടകലർത്തി ആവിഷ്‌കരിക്കുന്നു. മൈമുനയും ആബിദയും രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളുടെ ദ്വീപുകളിലാണെന്ന് തോന്നുമെങ്കിലും ദിവ്യരൂപങ്ങളുടെ വിധി ഏറ്റുവാങ്ങുന്നതിൽ അവർ തുല്യരാണ്. മൗനം നിറഞ്ഞ സഞ്ചാരങ്ങളും വാക്കുകൾ ഉതിർക്കാത്ത പ്രാർത്ഥനകളും അവരുടേതാണ്. പ്രപഞ്ചത്തിന്റെ ജൈവഘടനകളിലെ ആതുരമായ ഘട്ടത്തിന്റെ പ്രതിഷ്ഠയായിട്ടാണ് കഥാപാത്രത്തെ വിജയൻ കാണുന്നത്. ദീനതയും ഉത്കൃഷ്ടതയും ഒരേ അരങ്ങിൽവെച്ച് പരിശോധിക്കുമ്പോഴും പരസ്പരം മറയ്ക്കാനും അഭയം തേടാനുമുള്ള ഭൗതികമുറകളായി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. സത്യത്തിൽ കഥാപാത്രങ്ങളുടെ വിന്യാസം ശുദ്ധീകരണത്തിന്റെ മേകലകളെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന്റെ ജൈവബിന്ദുവായി നിലനിൽക്കവെ, തന്നിൽ മറ്റൊരു ജീവിതം തനതായ ശരീരവും മനസ്സുമായി പ്രവർത്തനങ്ങളിലേർപ്പെടുന്നത് കണ്ടറിഞ് ജേക്കബ് ബോയ്മി* ഓർമ്മയിൽ വരുന്നു. ബോയ്മിയുടെ അന്തർഘടനയിൽ വിഷം വലിച്ചെടുത്ത് പുഷ്പിച്ച ഒരു ചെടിയുണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ആ ചെടി മാഞ്ഞുപോകവെ, മനസ്സ് വെള്ളക്കുതിരയുടെ സമതലങ്ങൾ തിരിച്ചറിയുന്നു. ഉള്ളിലെ അരുതായ്കകളെ ലോകത്തിന്റെ ഖരാവസ്ഥയിൽ ഉരച്ചുരച്ച് ഇല്ലാതാക്കുകയാണിവിടെ. അതിൽ പിന്മാറ്റമില്ല. വിജയനും അധോരാഗത്തിന്റെ ഉത്തേജനങ്ങളിൽ മുഴുകി അതിന്റെ കറകളെല്ലാം കഴുകിയെടുക്കാൻ ശ്രമിച്ചു. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും ഉരസലുകളിലും അത്തരമൊരു വിമലീകരണം അടങ്ങിയിരിപ്പുണ്ട്. വിശ്വാസപരമായി തദ്ദേശവാസികൾ വ്യത്യസ്തരാണ്. എഴുത്തുകാരന്റെ ഗ്രാമത്തിലും അവർ അങ്ങനെതന്നെ കഴിയുന്നു. എന്നാൽ ഓരോ ജൈവചലനവും മറ്റൊരു വസ്തുവിന്റെ ഭൗതികശേഖരത്തിൽനിന്നും ഭക്ഷണം സമ്പാദിക്കുന്ന ആത്മീയപ്രക്രിയകളിലേക്കു ഗ്രാമത്തിന്റെ സഞ്ചാരത്തെ പരിവർത്തിപ്പിക്കുമ്പോഴാണ് ഉദാത്തമായ മനസ്സിന്റെയും കലയുടെയും സാന്നിദ്ധ്യമുണ്ടാകുന്നത്. മനുഷ്യരിലൂടെ മനുഷ്യരെ അറിയുക. അങ്ങനെ സ്വന്തം മനസ്സിൽ വീണ രഥചക്രങ്ങളെ ഉയർത്തിയെടുക്കുക. വിജയൻ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത് ഇത്തരം ഉൾനോവുകളാണ്.

ഖസാക്കിലെ ബോധത്തിന്റെ ധമനികളായി പാറകളുണ്ട്; ഷെയ്ഖിന്റെ അസ്ഥികൾ വിശ്രമംകൊള്ളുന്ന പാറകൾ. അരയാലിലകളും കരിമ്പനകളും കാറ്റും നീലത്താമരകളും ഓരോ ശ്വാസനങ്ങളുടെ ജൈവസ്മൃതികളാണ്. രവിയെയും മൊല്ലാക്കയെയുംപോലെ പാറക്കെട്ടുകളും കൃഷ്ണകാന്തികളും തങ്ങളുടേതായ ദിവ്യശരീരത്തിൽ വസിച്ചു. വെള്ളിമേഖങ്ങളും മലകളും ഓരോരോ ഉൾപ്രേരണകളുടെ അന്തർധാരകളായിവന്ന് ഖസാക്കിന്റെ മനസ്സിലും ശരീരത്തിലും കൂട്ടിരിക്കുന്നു. വസ്തുവിനും ധാരണക്കും അവയവങ്ങളും പരിണാമവും ഉണ്ടെന്ന് വിജയൻ വിശ്വസിക്കുന്നു. മനസ്സിന്റെ ലോകത്ത് ആരാണ് വ്യസനിക്കുകയും ജീവിക്കുകയും ചെയ്യാത്തത്! പരിചയങ്ങളുടെ മുനമ്പിൽ കണ്ടുമുട്ടുന്ന ഓരോന്നും സ്മൃതിയുടെ മുറ്റത്ത് ഏതോ ശിശുവിനെ ഉപേക്ഷിച്ചുപോകുന്നു. ഖസാക്കിനെ ഗ്രാമത്തിന്റെ അണിവ് നല്കി ഒരുക്കുമ്പോഴും അധോലോകത്തിന്റെ പൂന്തോട്ടവും ശരീരത്തിന്റെ ഖനിയും എന്ന അനുഭവത്തിലാണ് വിജയൻ പകർത്തിയിരിക്കുന്നത്. നോക്കിയാലും നോക്കിയാലും കാണാത്ത ഖസാക്കിന്റെ അന്തരംഗത്തിന്റെ ഇന്ദ്രിയങ്ങളിൽ മനുഷ്യരും സൗഹൃദങ്ങളും ഓർമ്മകളും കുസൃതികളിലൂടെ പകരംവീട്ടിയും സ്‌നേഹിച്ചും കഴിഞ്ഞു. വിടരുകയും കൊഴിയുകയും ചെയ്യുന്ന പ്രേരണകളെപ്പോലെ മനുഷ്യരും ഖസാക്കിലൂടെ മിന്നിമറഞ്ഞ് നടന്നു. വഴിയോരത്തു ചെല്ലുമ്പോൾ, ആറ്റുതീരത്തു ചെല്ലുമ്പോൾ 'ആരോടോ അവർ സംസാരിച്ചുപോകുന്നു. ഏകാന്തമായ അപസ്വരങ്ങളുടെ വർദ്ധിച്ച ഭാരവുമായി ഈ സന്ധ്യയിൽ നിൽക്കുകയാണ്. ആബിദ ആരശുമരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ തുമ്പിയാകുന്നതും ഷെയ്ഖിന്റെ കുതിരപ്പുറത്ത് സവാരിചെയ്യുന്നതായി സ്വപ്‌നം കാണുന്നതും അവളുടെ വെറും ഓർമ്മത്തെറ്റുകളല്ല. ഖസാക്കിന്റെ ബോധത്തിന്റെ ഉൾപ്രേരണയുടെ ജൈവബിന്ദു കാലസ്ഥലങ്ങളിലൂടെ യാനംചെയ്യുന്നതാണിത്. പ്രാണികളും ജന്തുക്കളും മനുഷ്യരും വസ്തുക്കളും അധിവസിക്കുന്ന മനസ്സിന്റെ യാഥാർത്ഥ്യം അന്വേഷിക്കുമ്പോൾ വിജയൻ പ്രകൃതിയുടെ അന്തരംഗത്തിൽ കുടിയേറിപ്പാർക്കുകയാണുണ്ടായത് എന്നു കാണാം. ഇരുട്ടിന്റെ അറകളിലേക്ക് പതിച്ചെങ്കിലും, ജഡത്തിലേക്കു ബോധം എന്നപോലെ ദൈവം എന്നിലേക്ക് നടന്നുവന്നുവെന്ന് അനുസ്മരിക്കുന്ന കഥാപാത്രം അരവിന്ദഖോഷിന്റെ* നാടകത്തിലുണ്ട്. വസ്തുക്കളുടെയും പുരാണങ്ങളുടെയുമിടയിൽ നോവലിസ്റ്റ് മനസ്സിന്റെ ഭൂമിശാസ്ത്രം അറിയാൻ ശ്രമിക്കുകയാണ്. ആ അന്വേഷണത്തിൽ ഖസാക്ക് അലൗകികമായ സ്പർശനമായിട്ടനുഭവപ്പെടുന്നു. ഖസാക്കിൽ അന്തിമമായി എല്ലാം എത്തിച്ചേരുന്നത് നാം കാണുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ബാഹ്യലോകമോ യാഥാർത്ഥ്യത്തിന്റെ ആയുസ്സ് നഷ്ടപ്പെട്ട കിനാവോ ഈ എഴുത്തുകാരനെ പ്രലോഭിപ്പിച്ചില്ല. എന്നാൽ അഴകുനിറഞ്ഞ ആദ്ധ്യാത്മികചിന്തകളുടെ മഥനങ്ങൾ കലയിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചു. മനുഷ്യൻ അധിവസിക്കുന്ന ലോകത്തിൽ മനുഷ്യനെ പ്രവർത്തനോന്മുഖനാക്കുന്ന ഉൾപ്രേരണകളുടെ സ്വകാര്യവും സ്വതന്ത്രവുമായ കർമ്മപഥങ്ങൾ വിജയന്റെ ആലോചനകളുടെ സർഗശാലയിൽ പുനരാവിഷ്‌കരിക്കപ്പെടുകയാണ് ചെയ്തത്. പ്രജ്ഞയുടെ രഹസ്യസ്ഥലങ്ങളിലേക്കുള്ള യാത്ര അവിരാമമാണെന്നോർക്കുക. കാലത്തിന്റെ ധനുസ്സിൽ നനുത്ത വിയർപ്പുതുള്ളികളായി നിലനില്ക്കുമ്പോഴും ഓരോ ജീവകണവും പ്രപഞ്ചത്തിലെ ഉൾധാരകളുടെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്നു. സ്വന്തം അനുഭവങ്ങളുടെ വ്യസനപൂർണ്ണമായ ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിലാണ് വിജയൻ ഖസാക്കിന്റെ ഹൃദയത്തിലെത്തിച്ചേർന്നത്. ഒരു നിമിഷത്തിന്റെ പരിസരത്തിൽ ദുഃഖത്തിന്റെ എത്ര ധാതുക്കളുണ്ട്? അതിൽ ഗതകാലത്തിന്റെ എത്ര വർണ്ണങ്ങളുണ്ട്? മൃണ്മയമായവരുടെ എത്ര മുഖങ്ങൾ ഉഹിച്ചെടുക്കാനാവും? നിമിഷത്തിന്റെ ഹൃദയത്തിലേക്ക് ആധിയുമായി പര്യവേഷണത്തിനാണ് വിജയൻ ശ്രമിച്ചത്. അതുകൊണ്ട് എല്ലാ വസ്തുക്കളും അവയുടെ രൂപഭദ്രതയിൽ അകവും പുറവും കാണിച്ചുകൊണ്ട് അവതരിക്കുന്നു. എന്നാൽ നിമിഷങ്ങളുടെ ഘനം അതേ രീതിയിൽ നോവലിസ്റ്റ് പ്രതിഷ്ഠിച്ചുവയ്ക്കുന്നില്ല. അതിന് ജൈവധാരയുടെ അഴകും തൂവലും നൽകി, കാലം പ്രപഞ്ചമാണെന്ന ദിവ്യക്കാഴ്ചയിലേക്കാണ് നയിക്കുന്നത്. സ്മൃതി ദുരന്തങ്ങളിലും ഓർമ്മത്തെറ്റുകളുടെ ഹിമരാത്രികളിലും കഴിയേണ്ടിവന്നപ്പോൾ സ്വന്തം ലോകത്തെക്കുറിച്ചുള്ള വിചാരങ്ങൾ എഴുത്തുകാരന് പുതുക്കേണ്ടിവന്നു. അങ്ങനെ അതിഭൗതികത ജന്മങ്ങളുടെ കർമ്മപരിസരങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടറിഞ്ഞു. ശൈഥില്യങ്ങളിലൂടെ മനസ്സ് തിരോഭവിക്കുന്നു; അവസാനം ദിവ്യരൂപങ്ങളുടെ സ്വച്ഛതയിൽ വിശ്രമിക്കുന്നു. - ബട്‌ലറിന്റെ* വാക്കുകൾ ഓർമ്മയിൽ കുരുക്കുന്നു. പ്രജ്ഞയുടെ അനുസ്യൂതമായ ശൈഥില്യം 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ ആവിഷ്‌കരിക്കുന്നുണ്ട്. എന്നാൽ അതിൽ മനസ്സിൽ കൊഴിയുന്ന ഇലകളേക്കാൾ പ്രത്യക്ഷമായിരിക്കുന്നത്, ആന്തരികയാത്രയിലൂടെ, കർമ്മപഥങ്ങളിലൂടെ മൗനത്തിലേക്കും പ്രപഞ്ചത്തിന്റെ ഹൃദയത്തിലേക്കും കുതിക്കുന്ന ദുഃഖമാണ്.

ചുക്രുരാവുത്തരുടെയും മൈമുനയുടെയും ആബിദയുടെയും ദുഃഖാവസരങ്ങളിലേക്കും വ്യസനഭൂമിയിലേക്കും ശ്രദ്ധകൊടുക്കുമ്പോൾ പ്രാണയാനങ്ങളുടെ ഏകാഗ്രമായ, ദുഃഖം നിറഞ്ഞ, രഹസ്യവേളകളെ നാം കണ്ടുമുട്ടുന്നു. പ്രാണയാനങ്ങൾ അജ്ഞാതമായ ശ്വസനങ്ങളിലൂടെ, ലോകത്തിന്റെ ഇടുക്കുകളിലൂടെ മിന്നിമിന്നിപ്പോകുകയാണ്. അവയുടെ യാത്രകളിലത്രയും ഉൾഭീതിയും ജലകണങ്ങളും ഭൗതികസ്പർശങ്ങളും കത്തിനിൽക്കുന്നു. ലോകത്തിന്റെ കറുത്ത ചതുരങ്ങളിൽ രാത്രിയുടെ ചിത്രമെഴുതി കാലം കഴിക്കുന്ന പ്രാണയാത്രകളെ ഓർമ്മയിൽ വീണ്ടെടുക്കുക. ദൈവം മനുഷ്യന്റെ പ്രാഥമിക ചിന്തകളിൽപ്പോലും നൂൽപാകിയിരിക്കുന്നത് ഓർക്കുക. ലോകം കറുത്ത ചതുരമായി ചുരുങ്ങിപ്പോകുന്ന വേളകൾ അനുഭവിക്കാനാകുന്നു. എന്നാൽ അതിന്റെ സ്വകാര്യതയിൽ, ഭീതിയുടെ തോടു പൊട്ടിച്ച് നിലനില്പിനപ്പുറം കാതുകൊടുക്കുന്ന സാകല്യാവസ്ഥയെയാണ് വിജയൻ പകർത്താൻ ശ്രമിക്കുന്നത്. അതിനായി പദാർത്ഥങ്ങൾക്കുള്ളിലെ കൊട്ടാരത്തിലും കുമാരന്റെ രഥത്തിലും വിജയൻ മിഴിനടുന്നു. വളരെനേരം കൊട്ടാരത്തിലെ ആഘോഷങ്ങൾ കാണുന്നു. കുമാരന്റെ യുദ്ധസന്നാഹം വീക്ഷിക്കുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട കുമാരന്റെ പടയുടെ പിന്മാറ്റം ശ്രദ്ധയിൽപ്പെടുന്നതു പൊടുന്നനെയാണ്. ഒടുവിൽ കൊട്ടാരത്തിന്റെ ദുഃഖത്തിലെത്തിച്ചേരുന്നതോടെ ദൈവത്തിന്റെ സാന്നിദ്ധ്യം പൂർണ്ണമാകുന്നു. ഇങ്ങനെ എല്ലാ പരിചിതരൂപങ്ങളുടെയും അന്തരംഗഘോഷങ്ങളെ ആത്മാവിനനുഗുണമായ സമവാക്യങ്ങളിലൂടെ പുനരാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട്, ഏകഹൃദയത്തിന്റെ കാലസ്ഥലരാശിയിലേക്കുള്ള മാറ്റത്തിലാണ് നോവലിസ്റ്റ് ഖസാക്കിനെ കണ്ടത്. ഖസാക്ക് വിജയന്റെ ആലോചനകളിൽ ഒരു ഗ്രാമംപോലുമല്ല. എന്നാൽ ബാഹ്യതൃഷ്ണകളുടെ വെളിമ്പുറങ്ങളിൽ ഖസാക്കിന്റെ ഗ്രാമ്യത ഉണ്ട്. അതിന് പുറംലോകത്തിന്റേതായ സ്മൃതിചിത്രം നല്കിയിരിക്കുന്നതു കാണാം. മനുഷ്യരിലും പ്രകൃതിവസ്തുക്കളിലും ഒരുപോലെ ദിവ്യാനുഭവത്തിന്റെ തീർത്ഥയാത്ര സാധ്യമാകുന്നതായി സീതാനാഥ് തത്ത്വഭൂഷൺ* അറിയിക്കുന്നുണ്ട്. സ്വഭാവവും തൃഷ്ണയും വസ്തുവും ശരീരവും ഖസാക്കിൽ അനേകം പ്രാർത്ഥനകളോടെ കൂടണയുകയാണ്. പ്രപഞ്ചത്തിന്റെ വ്യസനങ്ങളെ കണ്ടെത്താനും അതിഗമനം ചെയ്യാനുമായി വിജയൻ തെരഞ്ഞെടുത്ത ദ്വീപാണ് ഖസാക്ക് എന്നറിയുമ്പോൾ മാത്രമാണ് വിചാരങ്ങളുടെ വിരുന്നിൽ നാം എത്തിപ്പെടുക. ദുരൂഹമായ ശ്വസനങ്ങളിലൂടെയും കാഴ്ചകളിലൂടെയും ഖസാക്കിന്റെ പ്രാണയാനങ്ങൾ കടന്നുപോകുന്നു. ഖസാക്കിന്റെ ആത്മായനങ്ങൾ മനുഷ്യരുടെയും വസ്തുക്കളുടെയും മൗനഭാഷകളും സംവാദങ്ങളും ഉതിർത്തിട്ട പ്രവർത്തനങ്ങളാണ്. ഖസാക്കിന്റെ ഉൾപ്രേരണകൾ രാത്രിയിലൂടെ പ്രവാസം നടത്തുന്നു. അവർ ദൈവത്തിന്റെ കരുണയിൽ കഴിയുന്നവരാണ്. ആബിദയുടെ താഴവരകളിൽ ദൈവം ശിശുവിനെപ്പോലെ കടന്നുചെല്ലുന്നു. ദുഃഖം ആബിദയിലൂടെ വിടരുമ്പോൾ വിനയവും കാരുണ്യവും ഓർമ്മയും ദൈവവും എല്ലാം അവളിൽ നിറയുന്നു. അജ്ഞേയമായ സുഖദുഃഖങ്ങളുടെ തുടർച്ചകളിൽപ്പെട്ട് ഏതോ പ്രേരണയുടെ നിമിഷം  വിമ്മുന്നു. ആബിദയുടെ ജീവിതരീതിതന്നെ ദുഃഖമായിത്തീരുകയാണ്. അല്ലെങ്കിൽ ജീവിതത്തിന്റെ ആചാരം ശാശ്വതീകരിക്കപ്പെട്ട വ്യസനമായിത്തീരുകയാണ്. അറിയപ്പെടാത്ത ഇടവഴികളിലൂടെയുള്ള മനസ്സിന്റെ പ്രവാസം, സ്വപ്‌നങ്ങളുടെ നിലാവിൽ വിശ്രമത്തിന്റെ സ്പർശം, നിയന്ത്രമറ്റ തൃഷ്ണകളുടെ കാല്പാടുകൾ, നിയന്ത്രണങ്ങൾക്കപ്പുറത്തുനിന്നുള്ള മോചനങ്ങൾ... ഖസാക്കിലെ ജന്മങ്ങളുടെ അനുസ്യൂതമായ പ്രവാസം ഇരുളിന്റെ ചിറകുകളിൽ വിശ്രമിക്കുന്നു.


അനാഥത്വത്തിന്റെ മർമ്മരങ്ങൾ


ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവുപതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിരിക്കുന്ന പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ചലതപോലും അവളെ വിലക്കിയെന്ന് വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷംപോലെ വളർന്നുനിൽക്കുന്ന ഏകാകിതയിലേക്കാണ് വിജയൻ ശ്രദ്ധതിരിക്കുന്നത്. ഖസാക്കിന്റെ പനയോലകളിൽപ്പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽനിന്ന് പെറുക്കിയെടുത്ത വജ്രക്കല്ലുകളുടെ ഹിമകാന്തിയാണ് തന്റെ അനാഥത്വമെന്ന് വിജയന് അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും അനാഥത്വത്തിന്റെ രണ്ട് അന്തർധാരകളെ വഹിക്കുന്നതു നാം കാണുന്നു. വ്യസനങ്ങളാൽ പൂരിതമായ അപ്പുക്കിളിയുടെ അനാഥത്വത്തിൽ കരുണയും ദയയും ഇഴചേർക്കുന്നുണ്ട്. അമ്മയും അച്ഛനും ബന്ധങ്ങളും, വാത്സല്യത്തിന്റെ ശരമുതിർക്കേണ്ട ബാല്യത്തിൽനിന്ന് നിഷ്‌കാസിതമായതിന്റെ സംസാരത്തെ അപ്പുക്കിളിയുടെ പ്രേരണകളിലൂടെ വിജയൻ വരച്ചിടുന്നു. അവനിലൂടെ ഭൂമിയുടെ അനന്തമായ ബാല്യനഷ്ടങ്ങളുടെ പറവകളെ നാം കണ്ടറിയുന്നു. തുമ്പി പിടിക്കുകയും അജ്ഞതയുടെ സാരള്യതയിൽ, അറിവിന്റെ രഥത്തിൽ സവാരി നടത്തുകയും ചെയ്യുന്ന ഏതോ ആദിമമായ ഉൾപ്രേരണകൾ ഇവിടെ സംഗതമാവുന്നുണ്ട്. വരാനിരിക്കുന്ന മുകുളങ്ങളേക്കാൾ വർത്തമാനത്തിന്റെ നിഗൂഢമായ ആന്ധ്യം ജൈവാവസ്ഥയെ മൂടുന്നു. അതിന്റെ അടഞ്ഞ ലൗകികതയിൽ സ്വച്ഛന്ദമായ നിയോഗത്തിന്റെ വിശദപാഠങ്ങൾ വായിക്കാനാകുന്നില്ലേ? ഏതോ മൗനത്തിന്റെ അടിയൊഴുക്കുകളിൽ മുട്ടിയുരുമ്മുന്നതുപോലെ, വിരഹസ്പർശങ്ങളില്ലാത്ത ആതുരതകൾ പ്രശാന്തമായ സംസാരത്തിന്റെ മണ്ണിൽനിന്ന് ഉയരുന്നതും കാണാനാകുന്നില്ലേ? നിസ്സംഗതയുടെ പ്രസാദം ഇറ്റിറ്റുവീഴുന്ന വർത്തമാന സംവാദങ്ങളുടെ ജലാശയത്തിൽ അപ്പുക്കിളിയുടെ സ്മൃതി അന്തമില്ലാത്ത തിരകളെയാണ് ഓർമ്മിപ്പിക്കുന്നത്. വാസ്തവത്തിൽ നടുവിലൊരു വൃത്തംപോലെ സത്യാന്വേഷണങ്ങൾ വിജയനിൽ ഒതുങ്ങിപ്പോകുന്നില്ല. അതു പ്രശാന്തമായ നീരുറവകളും പ്രകൃതിയുടെ ഉടലിന്റെ മാംസളമായ സ്മൃതികളും തേടി വേടനെപ്പോലെ അലഞ്ഞുതിരിയുന്നു. ഏകാകിയുടെ കാട്ടിൽ വസിച്ചുകൊണ്ട് വൃക്ഷച്ചില്ലകളുടെ ഹരിതാംബരത്തിനെതിരെ അമ്പെയ്യുന്നു. മണ്ണിൽ ഇടറിവീഴുന്ന ചിറകറ്റ പക്ഷിയുടെ ദുരന്തത്തെ നേരിയാൻ ആർദ്രമായ മന്ദസ്മിതം കാത്തുവയ്ക്കുന്നു. അത് വ്യഥിതമൗനത്തിന്റെ അലസപ്രവർത്തനമല്ല; നിത്യതയുടെ സ്വാച്ഛന്ദ്യം ഉള്ളിൽ മുളയ്ക്കുമ്പോഴുണ്ടാകുന്ന അജ്ഞേയതയുടെ വിശുദ്ധ കനിയാണ്* പ്രസാദപൂർണ്ണമായ ദുഃഖങ്ങളുടെ കാതുകളടയ്ക്കുന്ന ഏകവചനമാണിത്.

ആദിമദർശനങ്ങളിലേക്ക് സൗഹൃദത്തിന്റെ ഒരായിരം ചിറകുകളുമായി ഒരു കിളി പറന്നുവന്നിരിക്കുന്നു. പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നതിനെ വിജയൻ ഓർമ്മിപ്പിക്കുന്നുണ്ട്. വിദൂരമായ, അജ്ഞേയമായ സ്‌നേഹാന്വേഷണങ്ങളിലേക്ക്, മുൻകരുതലുകൾക്കപ്പുറത്ത് ഇച്ഛയുടെ വാഹനം യാത്രയാവുകയാണ്. പ്രേമം, അതിന്റെ ഉന്മാദത്തിൽ ചരാചരങ്ങളുടെ നാസികകളഴിയുന്നു. കേൾക്കുക, പ്രാണന്റെ നിലവിളിയും പുഞ്ചിരിയും തിരിച്ചറിയാനാകുന്നില്ലല്ലോ. വന്നിട്ടുണ്ട്, ശ്രവണേന്ദ്രിയങ്ങളുടെ കൂടാരങ്ങളിൽ ആളറിയാതെ ആയുസ്സുകൾ പിന്നിട്ട മഹർഷിയുടെ മനസ്സ്. ആ ശരീരത്തിന്റെ ഋഷി രക്തചുംബനങ്ങളുടെ നിലവറകളിലൂടെ, വഴിയമ്പലങ്ങളിൽ ചിതറിവീഴുന്ന ജ്വരവുമായി ഇതാ താണുപറക്കുന്നു. കാക്കകൾ ചത്തുകിടക്കുന്ന ഏകാഗ്രതയുടെ ക്ഷേത്രങ്ങൾ, പുല്ലുകൾ വളർന്നുനിൽക്കുന്ന ദുഃഖത്തിന്റെ താഴവരകൾ, കാറ്റിൽ ഉലയുന്ന ഭൂതസ്മരണകൾ. ചോര ചിന്തിക്കൊണ്ട് തലകുത്തിമറിയുന്ന തൃഷ്ണകൾ, ഇരയെ ചുണ്ടിൽ കോർത്തുകൊണ്ട് ലോകത്തിനുമീതെ പറക്കുന്ന അന്തരംഗത്തിന്റെ ബുദ്ധൻ......... അപ്പുക്കിളിയുടെ, ജൈവബന്ധങ്ങൾ വത്സചോദനകളുടെ അരുമയായ പ്രസാദങ്ങൾ ചോദിച്ചുവാങ്ങുന്നു. സംസാരത്തിന്റെ അനാഥമാകുന്ന തുരുത്തുകൾ, പരാതികളിൽനിന്നൊഴിഞ്ഞ് ചിന്തകൾക്ക് വെള്ളമൊഴിക്കുക. പകലുകൾ വീണുടയുമ്പോൾ, വ്രണിതജ്വരങ്ങളുടെ ആവനാഴി ശൂന്യമാകുമ്പോൾ, സ്‌നേഹവും ദുഃഖവും അനാഥത്വവും കൂടിക്കുഴഞ്ഞ് മഴപെയ്യുന്നതു കാണാം.

അനാഥത്വത്തിന്റെ മർമ്മരങ്ങളെക്കുറിച്ച് ഇലകളിൽ കാതുകൊടുത്തുകൊണ്ടാണ് വിജയൻ അന്വേഷിക്കുന്നത്. ഓർക്കാൻ ശ്രമിച്ചപ്പോൾ അത് അനേകം അന്തർധാരകളും സ്വകാര്യ ഈണങ്ങളുംകൊണ്ട് നിറഞ്ഞതാണെന്ന് അറിഞ്ഞു. അപ്പുക്കിളിയുടെ സ്‌നേഹപരിസരത്തിൽ ഏകാകിതയുടെ വിത്തുകൾ കിടക്കുന്നു. അത് ഐഹികമായ ദുരാലോചനകളുടെ വ്യക്തമായ ചിത്രമൊരുക്കുന്നില്ല. എന്നാൽ രവിയുടെ അനാഥത്വത്തിൽ കാട്ടുപൂക്കളുടെ ഓർമ്മകളും അച്ഛനമ്മമാരുടെ വ്യഥിതപുരാവൃത്തങ്ങളും അജ്ഞാതമായ പോക്കുവരവുകളും നിറഞ്ഞ് നില്ക്കുകയാണ്. ബോധത്തിന്റെ അനൈകികത ഇവിടെ സംഭൃതമായിട്ടുണ്ട്. ഓർമ്മകളിലെ ജലകണങ്ങൾ. ആസക്തിയുടെ വിഷാദവും വേർതിരിച്ചെടുക്കാൻ വയ്യാത്ത ഭൂതകാലത്തിന്റെ പ്രതലങ്ങൾ ഭക്തിയുടെ ദുഃഖവും പ്രാർത്ഥനയും സ്‌നേഹവും തഴച്ചുവളരുന്ന ജീവിതം.... ദുഃഖത്തിന്റെ സ്ഥാവരജംഗമസാമഗ്രികളുടെ അന്തിമമായ താവളങ്ങൾ തേടിയുള്ള രവിയുടെ അലച്ചിലിന്റെ പ്രത്യക്ഷങ്ങൾ അനാവൃമാകുന്നു. അവിടെ മുൾക്കാടുകളായിരുന്നുവെന്നും അതിൽ മുയലും കൂരനുമുണ്ടായിരുന്നുവെന്നും രവി ഓർക്കുന്നു. ആ ഓർമ്മയുടെ ഇതളുകൾക്കിടയിൽ ഐഹികഭൂമിയുടെ ധാതുക്കൾ ഉണ്ട്. സ്പർശനങ്ങളുടെ ധവളപ്രകാശത്തിൽ തന്റെ ഭൂതകാലത്തിന്റെ നനവാർന്ന സമതലങ്ങൾ കൺമുമ്പിൽ വിടരുന്നു. മഞ്ഞപ്പുൽത്തട്ടുകളെ നോക്കി വ്യസനത്തിന്റെ വായ1്ത്തലയിൽ ആഞ്ഞുപതിക്കുന്ന കിടപ്പറ. ചിറ്റമ്മയുടെ വിയർത്ത കവിളുകൾ. ദുരൂഹമായ ദുഃഖത്തിന്റെ ഊഷരവേളകൾ. ആകാശങ്ങളിലൂടെ അലയുന്ന കൂട്ടുകാരി. സ്‌നേഹവൃക്ഷം തോറും തളിർക്കുന്ന അമ്മ. സന്ധ്യകളിൽ മനസ്സിനെ കഴുകിവിരിക്കുന്ന അച്ഛൻ. മണലിൽ ഊർന്നുചാടി എരിഞ്ഞുതീരുന്ന സന്ധ്യ. ചരൽപ്പാതകളിലൂടെ മനസ്സിന്റെ രക്തവും ചീന്തി കിതയ്ക്കുന്ന യാത്രകൾ. ആശ്രമത്തിലെ ജീവിതങ്ങൾ. ലോകത്തിന്റെ മുള്ളുകൾ വാരിയണിയുന്ന രോഗികൾ. രാത്രിയുടെ നിബിഡാസക്തിയിൽ കുതിർന്നുവീഴുന്ന പ്രക്തനസ്മരണകളുടെ അവശിഷ്ടങ്ങൾ രവിയെ വിഷാദത്തിന്റെ കയങ്ങളിലേക്കെറിയുന്നു. എല്ലാം ദുരൂഹമായ അരുതായ്കകളായി ശേഷിക്കുകയാണ്. ആത്മാവിന്റെ അനാഥപരിസരങ്ങളുടെ ഈ ഉൾപ്പിരിവുകൾ ഖസാക്കിന്റെ സാകല്യതയിൽ ലയിക്കുന്നു. രവിയുടെ ഒറ്റപ്പെടലിനെയും പ്രകൃതിയിലെ ജൈവബന്ധങ്ങളുടെ പ്രാഥമികമായ രോദനങ്ങളെയും സ്പർശിക്കുമ്പോഴൊക്കെ ഖസാക്കിന്റെ അനന്തമായ കൃപയും നിസ്സീമമായ സ്‌നേഹവും ഓരോ വസ്തുവിനും നൽകിക്കൊണ്ടാണ് ആഖ്യാനം നിർവഹിക്കുന്നത്. മനസ്സിന്റെ ഭാഷയിൽ, രവിയുടെ ഓർമ്മകളുടെ ലിപികളിൽ ഖസാക്കിന്റെ ബോധപരിസരം നെയ്‌തെടുക്കുമ്പോഴും ഭൂതകാലത്തിന്റെ പ്രതലങ്ങളിലും വർത്തമാനത്തിന്റെ ജലകണങ്ങളിലും ഭാവിയുടെ വായുരേണുക്കളിലും അതുല്യമായ കരുണയുടെ പ്രസാദം വന്നുവീഴുന്നുണ്ട്. ഈ വിവരണശേഷിയാണ്, വിജയന്റെ യാഥാർത്ഥ്യത്തെയും അതിന്റെ അതിഭൗതികമായ വിതാനത്തെയും ലൗകികദുരന്തങ്ങളുമായി ചേർത്തുവച്ചുകൊണ്ട് അനുഭവിക്കാൻ നമുക്ക് വഴിയൊരുക്കുന്നത്. കാതരമായ പദാർത്ഥസംസാരങ്ങളിലും ഖസാക്കിന്റെ മാതൃത്വം ഈണം ചേർക്കുന്നു. അത് പ്രപഞ്ചത്തിന്റെ അവിരാമമായ പിൻബലമായി നിന്ന ബോധത്തെ കർമ്മമണ്ഡലങ്ങളിലേക്ക് സ്വതന്ത്രയാക്കുന്നു. കർത്തൃനിഷ്ഠമായ അന്വേഷണങ്ങളുടെ വിശദമായ അന്ധതയിൽ കഥാപാത്രങ്ങളെയും പദാർത്ഥങ്ങളെയും ഈ എഴുത്തുകാരൻ ഒരുപോലെ ലയിപ്പിക്കുന്നു. രവിയെ തിരക്കുന്ന വേളയിൽതന്നെ കരിമ്പനയുടെ വിഷാദവും അണിനിരത്തിക്കൊണ്ട് ആത്യന്തികമായ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. ശരത്കാലത്തെ ആലസ്യങ്ങൾ സ്വകീയമായ യാത്രകളെ ഉദാത്തീകരിക്കുന്നു. കിളികളുടെ മനസ്സുള്ളവർ ഭാഗ്യവാന്മാർ എന്ന് ലോർക്ക* പാടുന്നു. വസ്തുവിന്റെ ലാവണ്യം പ്രപഞ്ചത്തിന്റെ പ്രതിദ്ധ്വനിയും ഘടനയും ഒരേ സമയം ചോദിച്ചുവാങ്ങുകയാണ്. അതിലുപരി മനുഷ്യരെയും വസ്തുക്കളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഖസാക്കിന്റെ ബോധത്തിന്റെ വിവിധ ഉൾപ്രേരണകളും സ്വപ്‌നശാലകളും തുറന്നിട്ടുതരുന്നു. മനസ്സ് കയറിപ്പോകുന്ന വഴികളും രാത്രിയിൽ വേട്ടക്കിറങ്ങുന്ന മൃഗങ്ങളും അറിവിന്റെ മേഖലയിൽ കാണപ്പെടുന്നു. രവിയുടെ സ്ഥാവരസ്വഭാവമുള്ള ദുഃഖത്തിന്റെ കാലത്തിൽ അനാഥത്വത്തിന്റെ നിലയ്ക്കാത്ത ധാര വർഷിച്ചുകൊണ്ട് കടന്നുപോകുകയാണ്. ഇങ്ങനെ അനാഥത്വത്തിന്റെ ഉൾചോദനകളെ ഖസാക്കിലൂടെ അവതരിപ്പിച്ചപ്പോൾ പാത്രങ്ങളുടെ സ്വഭാവം വിജയന്റെ ഉന്നമായിരുന്നു. വീക്ഷണങ്ങളുടെ സാന്ദ്രീകരണത്തിനും സാക്ഷാത്കാരത്തിനും അത് ആവശ്യമായിത്തീർന്നുവെന്നുമാത്രം.

ദുഃഖത്തിന്റെ ശീതസുഖമുള്ളവയാണ് ആ സാന്ത്വനങ്ങൾ. ഓർത്തു നോക്കുക. ഗ്രാമീണരുടെ ലക്ഷ്യങ്ങളെക്കുറിച്ച്, ചോദ്യങ്ങളുടെ വിപുലമായ ശബ്ദങ്ങളും അനന്തമായ പ്രതിദ്ധ്വനികളും തനിക്ക് അസഹ്യമായിരിക്കുന്നതായി രവി അറിയുന്നു. ഉത്തരങ്ങളുടെയും സ്‌നേഹശമനങ്ങളുടെ ഋജുരേഖകൾ സമ്മേളിക്കുന്ന ഈ ഭൂമി, തന്റെ ജന്മസ്മൃതിയിൽ അഗ്നിയുടെ മണ്ണ് ശേഷിപ്പിക്കുകയാണ്. ജംഗമങ്ങളുടെ വിസ്മൃതികളിൽ ഈശ്വരൻരെ കണ്ണുകൾ കണ്ടെത്തൂ. അവിടെ അനാദിയായ തണുപ്പാണ്. ചിന്തകളുടെ ഉടലിൽനിന്ന് മനസ്സിനെ മോചിപ്പിക്കൂ. അവിടെ ആശാരഹിതമായ മഥനങ്ങളാണ്. എന്നാൽ സന്ധ്യയും നക്ഷത്രങ്ങളും അന്യോന്യം എത്ര അകലത്തിലാണ്. വേളകളുടെ ഉടലിൽ കാലം മുറിവേൽപ്പിക്കുമ്പോൾ സന്ധ്യയും നക്ഷത്രങ്ങളും രണ്ടു ധ്രുവങ്ങളിലേക്ക് അകന്നകന്നുപോകുന്നു. സ്മൃതിയുടെ അഗ്നിപ്രവാഹത്തിൽ ഒരിടത്തുവെച്ച്, പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ചെപ്പ് രവിക്ക് തിരികെ തുറന്നുകിട്ടുന്നു. വൃക്ഷച്ചോലകളുടെ, നിഴലുകളുടെ, കിളിക്കൂടുകളുടെ, ഇളം വർത്തമാനങ്ങളുടെ ആ മധുരച്ചെപ്പ്! ഈശ്വരന്റെ പാദചലനങ്ങൾ എത്ര സൗമ്യമാണ്! വരുക, ശബ്ദങ്ങളുടെ കടലുകളിൽനിന്ന് ചെത്തിപ്പൂക്കളുടെ ഭവനങ്ങളിലേക്ക് തിരിച്ചുവരിക, അനാഥചുറ്റുപാടുകളുടെ ഭൂതകാലത്തിൽനിന്ന് വാർന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ദുഃഖം ഖസാക്കിന്റെ നിരതദ്രവ്യങ്ങളിൽ പരക്കുന്നു. മഷിപ്പടർപ്പുകളുടെ മുല്ലവള്ളികൾ, കരിമ്പനകളുടെ കാടുകൾ. വെട്ടിമാറ്റപ്പെട്ട തളിരുകൾ, മരുഭൂമികളിൽ മനസ്സ് പുഷ്പിക്കുന്നു. രവിക്കും അപ്പുക്കിളിക്കും മാധവൻനായർക്കും ഭൗതികസാഹചര്യങ്ങളുടേതായ അരുതായ്കകളുണ്ട്. എന്നാൽ അവരുടെ ലോകവീക്ഷണത്തിന്റെ സാന്നിദ്ധ്യമല്ല ഇവിടെ തൊട്ടറിയുന്നത്. ആത്മാവിന്റെ അരുതായ്മകളും ആസക്തികളും ചേർന്നുള്ള നിമിഷങ്ങൾ ഇവിടെ പുനർജനിക്കുന്നു. പ്രവർത്തനങ്ങളുടെ പിശകുകളിൽനിന്ന് ഒരിക്കലും ഈ മനുഷ്യർക്ക് മോചനമില്ല. കർമ്മമണ്ഡലങ്ങളിൽ അജ്ഞരായിരുന്നുകൊണ്ട് അപ്പുക്കിളിയെപ്പോലെ സാരള്യത അനുഭവിക്കുമ്പോൾ ഇവർക്ക് ഓർമ്മത്തെറ്റുകൾ തലോടലാകുന്നില്ല. രവിയുടെ രോദനങ്ങൾ എല്ലാ അർത്ഥത്തിലും ആ മനസ്സിന്റെ വേഗങ്ങളെയാണ് കാണിച്ചുതരുന്നത്. കുന്നിൻചെരുവിലെ മഞ്ഞിനെപ്പോലും, ഹൃദയദാർഢ്യത്തോടെ, ഓർമ്മകളിലൂടെ രവിക്ക് സമീപിക്കാനാവുന്നില്ല. നിശ്ചലതയുടെ ഭാരവും യൗവനത്തിന്റെ ശാപവും തൃഷ്ണയുടെ ദുരന്തവും ബന്ധങ്ങളെ കീഴ്‌പ്പെടുത്തലും വാത്സല്യത്തിന്റെ നോവും സാന്ത്വനത്തിന്റെ ഭർത്സനവും നിറഞ്ഞതാണ്. ഇവിടെ, അനാഥത്വം. ലൗകികമായ എല്ലാ ധാരണകളിൽനിന്നും ആത്മാവിന്റെ ഉച്ചാരണങ്ങളെ മോചിപ്പിച്ചുകൊണ്ട് ഏകാന്തദുഃഖങ്ങളുടെ ശരീരത്തെ ആവിഷ്‌കരിക്കാനുള്ള ഉദ്യമം സഫലമാവുകയാണ്. അനാഥത്വത്തിന്റെ വിശാലമായ ഭൂഭാഗങ്ങളിൽ എല്ലാ വേലിയേറ്റങ്ങളും ഒറ്റപ്പെട്ട ആത്മപരിതോവസ്ഥയുടെ മർമ്മരങ്ങളിൽതന്നെയാണ്. ഖസാക്കിനെ സ്ഥാവരജംഗമങ്ങളുടെ മാറ്റുള്ള അനാഥമനസ്സായി നിർത്തുന്നതും പ്രാർത്ഥനയുടെയും പ്രാണയാനങ്ങളുടെയും നിരന്തരമായ വ്യഗ്രതകളിലേക്ക് നയിക്കുന്നതും ഇതാണ്.


*ദുഃഖത്തിന്റെ മൂല്യങ്ങൾ മനുഷ്യന്റെ സ്‌നേഹസ്പർശനങ്ങളിൽ വീണുകിടക്കുന്ന അവക്ഷിപ്തവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ഉള്ളിന്റെ വ്യസനസമ്പൂർണ്ണമായ ഒരു ഘട്ടത്തെ അനുഭവങ്ങളുടെ യാഥാർത്ഥ്യമെന്ന രൂപത്തിൽ പകർത്തിയെടുക്കുകയായിരുന്നു വിജയന്റെ ഉദ്ദേശ്യം. അതിൽ ഏറിയപങ്കും വിഷാദത്തിന്റെ സമഗ്രമായ ജീവിതത്തെയും ശരീരത്തെയും കണ്ടെത്താനുള്ള ആത്മാവുനിറഞ്ഞ സംയമനങ്ങളായിരുന്നു. സനാതനമൂല്യങ്ങളായ കരുണ, സ്‌നേഹം, അന്തസ്സ്, അഭിമാനം, ലജ്ജ, വിനയം തുടങ്ങിയ വികാരങ്ങലിൽ മനസ്സ് നൽകാതെ പുതിയ മനുഷ്യത്വത്തിന്‌റെ സൃഷ്ടിയിലെത്താനാവില്ല. അല്ലെങ്കിൽ മനുഷ്യത്വരഹിതമായ ദൈവികതയാവും ഫലം. മനുഷ്യനെ ആരാധിച്ചുകൊണ്ട് അവന്റെ ഉത്കൃഷ്ടയിൽ വിശ്വസിച്ചുകൊണ്ടാണ് പുതിയ മാനുഷികതയിലേക്കുള്ള കൂറുമാറ്റം സംഭവിക്കുന്നത്. ഖസാക്കിൽ ഇതു പൂർണ്ണമായും ശരിയാണ്. രവിയുടെ  ദുഃഖത്തിന് ഹൃദയത്തെ രക്ഷിക്കുന്ന ഒരു ത്യാഗബോധമുണ്ട്. അതിൽ അംഗീരിക്കപ്പെട്ട സദാചാരങ്ങൾ മനുഷ്യത്വത്തിന്റെ ഹൃദയത്തിനായി വഴിമാറുന്നു. അവിടെയാണ് അയാളുടെ മൂല്യബോഘവും ക്രോധവും പകയും ആസക്തിയും ഒരു ദിനം ഭൂമിയോട് പിണങ്ങി മറയുന്നത്. അതിനുമുമ്പ് അവയുടെ ഉദാരതയിൽ വിശ്വസിക്കുക. പിൻവാങ്ങാനറിയുന്ന ആ ഉദ്യമങ്ങളുടെ ആകസ്മികമായ ദുഃഖപാരവശ്യങ്ങൾ ശ്രദ്ധിക്കുക. വൃഥാ നിർമ്മിച്ചുവയ്ക്കുമ്പോഴും. എല്ലാ മനസ്സുകൾക്കും മുകളിൽ മരണത്തിന്റെ ഈറനണിഞ്ഞ ശിരസ്സ് വെയിലുകൊള്ളുന്നുണ്ട്. അവയിൽ ജീവിതത്തിന്റെ ഒരു നിമിഷം ദുഃഖത്തിന്റെ പാൽനിറയ്ക്കുമെങ്കിലും.


വിശ്വാസങ്ങളുടെ കർമ്മം



ഓർമ്മകളിൽ അലിയുന്നില്ല, കണ്ണീർ തുടിച്ചുനിൽക്കുന്ന ദിനവേളകളുടെ ശൈത്യം. രവിയുടെ ബോധരാവുകളിൽ സ്‌നേഹത്തിന്റെ ഭാഷയും കരുണയുടെ ഈണവും ആസക്തിയുടെ രാഗവും ഏതുവിധമാണ് ലയിച്ചുചേർന്നിരിക്കുന്നതെന്ന് തിരക്കുമ്പോൾ മനോവേളകളുടെ മിന്നിമിന്നിപ്പോകുന്ന രാത്രിവണ്ടികളെത്തിച്ചേരുന്നു. ചന്തുമ്മയുടെ അരികിലിരുന്നുകൊണ്ട് ഹൃദയവികാരങ്ങളെ അലിയിപ്പിക്കാനൊരുങ്ങുമ്പോൾ, എവിടെയോ നോവ് അനുഭവപ്പെടുന്നു. മനസ്സിന്റെ നാഴികകളിൽ ഇനിയും ജനിക്കാത്ത കഴുകന്മാരുണ്ട്. അവയെ കണ്ടെത്താനായി, വർഷങ്ങളിലൂടെ രവി പിന്നെയും പിന്നെയും അലഞ്ഞു. വിഷമങ്ങളുടെ ഋതുക്കളിൽ നട്ടുവളർത്തിയ സ്വന്തം സസ്യങ്ങളെ രവി ഓർത്തു. എന്നാൽ ഓരോ താവളത്തിലെത്തിച്ചേരുമ്പോഴും വേരിൽ പറ്റിച്ചേർന്നുകിടക്കുന്ന വിശ്വാസങ്ങളുടെ ഘടന മാറുന്നില്ല. വിശ്വാസങ്ങളുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളിലൂടെ രവി മറ്റുള്ളവരെ അറിയാൻ ശ്രമിച്ചു. റസ്സൽ* അറിയിക്കുന്നുണ്ട്, മനുഷ്യന്റെ സ്വാതന്ത്ര്യം എന്ന് പറയുന്നത്, നന്മയെക്കുറിച്ചുള്ള സ്വന്തം ബോധത്തിൽ നിന്നുദിച്ച ദൈവത്തെ സൃഷ്ടിക്കുന്നതിലും നിത്യനിമിഷങ്ങളെ ഉത്തേജിപ്പിക്കുന്ന കർമ്മങ്ങളിലുമാണെന്ന്. വിജയൻ ഓർമ്മകളെ സാന്ത്വനിപ്പിക്കാനുള്ളതു തേടുന്നത് ആത്മാവിന്റെ വിഗ്രഹങ്ങളുടെ സമീപത്താണ്. ഏത് വികാരങ്ങളുടെ കടലുകളിൽ കഴിഞ്ഞാലും പ്രാർത്ഥനയുടെ അനുരണനങ്ങളിൽനിന്ന് രക്ഷപ്പെടാനില്ലെന്ന് ഖേദത്തോടെ വിജയൻ ഓർമ്മിപ്പിക്കുന്നത് ഇതുകൊണ്ടാണ്. വിശ്വാസങ്ങൾ ദുഃഖത്തിനുള്ള വഴിമരുന്നുമാത്രമായിരുന്നു. അതിന്റെ പ്രാചീനമായ സുഭഗതയിൽ രവിയുടെ ജൈവഭാരത്തിന്റെ തൊങ്ങലുകൾ ബാഹ്യലോകവുമായി ഇഴബന്ധം സ്ഥാപിച്ചു. സ്‌നേഹവും ആസക്തിയും മനുഷ്യന്റെ മൂല്യബോധങ്ങളുടെ വിരുന്നുകളിൽ പങ്കെടുക്കാതെ മനസ്സിന്റെ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. ദ്വേഷവും തൃഷ്ണയും കാലത്തെ അതിജീവിക്കാനുള്ള വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളായി മാറി. സ്വാതന്ത്ര്യത്തിനും ദിവ്യവിധിക്കുമിടയിലെ ഭഗ്നാശയചിത്തത്തിന്റെ പാലമാണ് അനുഷ്ഠാനമെന്ന് ആർതർ കൊയ്സ്റ്റലർ* പറയുന്നുണ്ട്. കർമ്മങ്ങളുടെ മൊട്ടിനുള്ളിൽ പ്രാർത്ഥനയുടെ രോദനം സംഭരിച്ചിരിക്കുന്നു. അത് സ്വാച്ഛന്ദ്യത്തിനും വിധിക്കുമിടയിലുള്ള കരുണാപൂർണ്ണമായ വെളിപ്പെടുത്തലുകളെ ഓർമ്മകൾകൊണ്ട് നനയ്ക്കുന്നു. അപ്പുക്കിളിയും മാധവൻനായരും പകർന്നുകൊടുക്കുന്ന ലോകാവസ്ഥകൾ രവിയും ഖസാക്കിനു നല്കുന്നുണ്ട്. ഖസാക്കിന്റെ തൃഷ്ണകളിൽ രവി ഏതോ ഉൾപ്രേരണയുടെ ആത്മയാമമായി നിന്നപ്പോൾ, അനുഷ്ഠാനങ്ങൾ പ്രാകൃതമായ സ്വച്ഛതയോടെ ആഭരണങ്ങൾ കണ്ടെത്തി. സ്‌നേഹിച്ചുകൊണ്ട് ഖസാക്കിന്റെ പ്രകൃതിയിൽനിന്ന് രവി മനസ്സിനുള്ള സസ്യങ്ങൾ പറിച്ചെടുത്തു. അങ്ങനെ മാധവൻനായരും അപ്പുക്കിളിയും രവിയും പ്രകൃതിയും പദാർത്ഥങ്ങളും വിശ്വാസങ്ങളും നിശാചർച്ചകളിൽ പങ്കുകൊണ്ടു. ഖസാക്കിലെ വിരുന്നിൽ ജീവിതാവസ്ഥകളുടെ സംവാദങ്ങൾ പ്രാകൃതവിശ്വാസങ്ങളുടെ കർമ്മരേഖകളായിത്തീരുന്നുണ്ട്. പ്രവർത്തനങ്ങളുടെ പന്ഥാവിൽനിന്ന് മനുഷ്യൻ, ഇവിടെ, പിന്മാറുന്നില്ല. നന്മതിന്മകൾക്കപ്പുറത്ത് പ്രാചീന വിശ്വാസങ്ങളുടെ സരളതയിൽ മനുഷ്യൻ നേരിനെ അറിയുകയായിരുന്നു. സത്യബോധത്തിന്റെ പ്രാപഞ്ചികമായ വിശ്വാസതലങ്ങൾ കണ്ടെത്തുന്നതിൽ ഓരോ നിമിഷത്തിന്റെയും ആന്തരികാസക്തിയെ പ്രവർത്തനോന്മുഖമാക്കി ഉപയോഗിക്കുകയാണ്. നേരിന്റെ വിളി ലോകത്തിന്റെ സുഗമധാരയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയല്ല. ഉള്ളിന്റെ മൂശയ്‌ക്കൊത്ത സാദ്ധ്യതകളുടെ ബാഹ്യചേരുവകൾ സ്വകാര്യമായി ചില കർമ്മാനുഷ്ഠാനങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. അങ്ങനെ നേരിന്റെ വ്യാകരണങ്ങൾക്കുള്ളിൽ തപ്തമായ ഹൃദയം ഉരുവാകുന്നു. വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങൾക്കുപിന്നിൽ മൂകമായി മന്ത്രിക്കുന്നതു വ്യസനഛന്ദസ്സുകളാണ്. ഏത് ഏകാകിതയുടെ നടവിലാണ് താൻ വിശ്വസിച്ച അനുഷ്ഠാനങ്ങളുടെ പകിട്ട് നഷ്ടപ്പെട്ടത്? കർമ്മപഥങ്ങളുടെ ആകുലമായ വിപത്‌സന്ധികളിൽ ഐഹികതയുടെ ഏത് രാഗമാണ് മൂകമായിപ്പോയത്? പ്രാചീനതയുടെ ഗംഗാതടങ്ങൾ, ആത്മാവിന്റെ സ്‌നേഹാന്വേഷണങ്ങൾ, പുരാതനലിഖിതങ്ങളുടെ ഓർമ്മകളുമായി മനുഷ്യരിലൂടെ അലഞ്ഞുനടക്കുന്ന മനസ്സുകൾ, പരാഗണങ്ങളുടെ നദിപ്രവാഹത്തിൽ മുഗ്ദ്ധമായ ചുംബനങ്ങൾ നിക്ഷേപിക്കുന്ന ശിരസ്സുകൾ - നൈരന്തര്യത്തിന്റെ  സ്പർശങ്ങൾ നേരിടാനായി ഖസാക്കിലെ വിശ്വാസങ്ങൾ കണ്ടെത്തിയ കർമ്മം തെളിയുന്നു. വഴിയമ്പലങ്ങളിൽ ജീവിതത്തിന്റെ ജലം നിറയുന്നു. മറുകരകാണാതെ ഒരു കടൽ പിന്നെയും പരന്നുകിടക്കുന്നു. 

ഖസാക്കിന്റെ അധോലോകങ്ങളിൽ ജന്മസ്മൃതികളുമായി നിന്നുതിരിയുന്ന മനുഷ്യരെ പൗരാണികമായ പുരാവൃത്തങ്ങളുമായി വിശ്വാസങ്ങൾ ബന്ധിച്ചിട്ടിരിക്കുന്നു. വിശ്വാസങ്ങൾ അവരുടെ ജീവിതങ്ങളിൽ സമാധി നിദ്രയുടെ ആഴങ്ങളാണ് ഉരിഞ്ഞിട്ടിരിക്കുന്നത്. അത് പ്രവർത്തനത്തിന്റെ മൂകമായ ഹൃദയത്തെയോ, ദിവ്യമായ വചസ്സിനെയോ ഓർമ്മിപ്പിക്കുന്നുണ്ട്. വംശത്തിന്റെ ഖരാവസ്ഥയിൽ ഉറച്ചുപോയ തങ്ങളുടെ മനസ്സിന്റെ രഹസ്യമായി ആ വിശ്വാസങ്ങലെ അവർ അനുഭവിക്കുകയായിരുന്നു. അത് അവരെ ആദ്ധ്യാത്മികമായി ചിട്ടപ്പെടുത്തുകയും മണ്ണിന്റെ സ്മൃതിയുമായി ചേർത്തുനിർത്തുകയും ചെയ്തു. മനുഷ്യൻ ക്രമപൂർണ്ണമായ നിയോഗങ്ങളിലൂടെ നടന്ന് മനുഷ്യനിൽ എത്തേണ്ടവനാണെന്ന വിശ്വാസം അവരുടെ കർമ്മങ്ങളിൽ നിഴലിട്ടുനിന്നു. സ്‌നേഹിക്കുമ്പോഴും തൃഷ്ണകളിൽ വീണുപോകുമ്പോഴും ഉള്ളിന്റെ വിശ്വാസസന്ദർഭങ്ങളിൽനിന്ന് അകന്നുപോകാതെ ബന്ധിക്കുന്ന സാക്ഷി ഖസാക്കിന്റെ സ്പന്ദനങ്ങളിലുണ്ടായിരുന്നു. ഉറച്ചുപോയ ധാരണകൾകൊണ്ട് തൊട്ടറിയുന്ന ഹിമവേളകൾ ഖസാക്കിന്റെ വേളകളിൽ നിറഞ്ഞതിങ്ങനെയാണ്. നാഗത്താന്മാരും പ്രേതങ്ങളും വിശ്വാസങ്ങളുടെ വേഷം കെട്ടി നരന്റെ ദേശങ്ങളിൽവന്ന് പ്രപഞ്ചത്തിന്റെ പ്രാഗ്‌രൂപം കാണിച്ചുകൊടുത്തപ്പോൾ അത് ഖസാക്കിന്റെ ഉണർച്ചകളുടെ നിഗൂഢതയിലാണ് ചെന്നെത്തിയത്. പനയുടെ ചീർത്ത ചിതമ്പലുകൾ പൊഴിഞ്ഞുകിടക്കുന്ന സ്വപ്‌നങ്ങളും നാഗകന്യകകളുടെ തുഷാരശുദ്ധിയുള്ള ആസക്തികളും ഖസാക്കിന്റെ കർമ്മപഥങ്ങളിൽ ചാലുകളൊരുക്കി. ജീവിതത്തിന്റെ തുടർച്ചകൾ അറിയാനും അങ്ങനെ വിപുലമായ ധാരണകളിൽനിന്ന് പതിച്ച് അറിവിന്റെ സരളതകളിൽ തൃഷ്ണകളുടെ പരിശുദ്ധസ്‌നാനം നിറവേറ്റാനും ഖസാക്കിലെ പദാർത്ഥസംയുക്തങ്ങൾ യാത്രയാവുകയാണ്. കുടിലിന്റെ ഏകാന്തതയിൽനിന്ന് വെളിമ്പുറങ്ങളുടെ ഏകാന്തതയിലേക്ക് കുപ്പുവച്ചൻ നടന്നുവെന്ന് വിജയൻ അറിയിക്കുന്നത് വിശ്വാസങ്ങളുടെ സരളമായ സത്യവാങ്മൂലങ്ങളും വിശദമായ മൗനത്തിന്റെ താഴ്ന്ന താളവും നിറഞ്ഞുകിടക്കുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരുന്നു. ഖസാക്കിലെ വിശ്വാസത്തെ തേടിപ്പോകുമ്പോൾ ഏതെങ്കിലും മനുഷ്യന്റെ കർമ്മാനുഷ്ഠാനങ്ങൾ അപര്യാപ്തമായിത്തീരുന്നു. സത്യത്തിൽ എല്ലാവരുടെയും പ്രവർത്തനങ്ങളുടെ ആകാശമായിത്തീരുകയാണ്, ഈ വിശ്വാസം. നേരിന്റെ അനൈഹികമായ സ്വച്ഛതയിലും നിശ്ശബ്ദതയിലും വസിച്ചുകൊണ്ടാണ് അവർ പ്രാകൃതമായ കർമ്മങ്ങളുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തുന്നത്. വിശ്വാസത്തിന്റെ കർമ്മം നിലനിൽപിന്റെ അനിവാര്യമായ ശ്വസനവും മനുഷ്യബന്ധങ്ങളുടെ നാഡിയായ ശക്തിയുമായിരുന്നു. രവിയും അപ്പുക്കിളിയും കർമ്മങ്ങളിലൂടെ പ്രാക്തനവിശ്വാസത്തിന്റെ രണ്ടു നിറങ്ങൾ ഖസാക്കിന്റെ മണ്ണിൽ വരച്ചിടുന്നു. തുമ്പികളുടെയും പൂക്കളുടെയും പ്രകൃതിയിൽ, വിരിയാത്ത പൊരുളുകളുടെ പ്രത്യക്ഷങ്ങളിൽ, ബന്ധങ്ങളുടെ ധ്രുവീകരണങ്ങളിൽ അപ്പുക്കിളി ശാന്തതയോടെ കഴിയുന്നു. എന്നാൽ രവി ഓർമ്മകളുടെ ശാപവുംപേറി ലൗകികതയുടെ ആശ്രമങ്ങൾതോറും ശാന്തിക്കായി അലയുകയാണ്. നന്മയും തിന്മയും അണിയിച്ചൊരുക്കുന്ന യാതൊരു ഭൗതികതയും ഇവിടെ സ്പർശിക്കപ്പെടുന്നില്ല. ജീവിതത്തിന്റെ നിശ്ചലചിത്രങ്ങളിൽനിന്ന് അതിഭൗതികവിതാനങ്ങളിലേക്കുള്ള പ്രവാസമാണ് വിശ്വാസത്തിന്റെ ഭാഷയായി പ്രത്യക്ഷപ്പെടുന്നത്. വിശ്വാസം പ്രകടനാത്മകതയിലേക്കോ വർത്തമാനത്തിന്റെ സമുന്നതമായ ആശ്ലേഷത്തിലേക്കോ വന്നെത്തുന്നില്ല. വിശ്വാസങ്ങളുടെ ആദിമമായ പ്രവർത്തനശാലയായി ജീവിതം തുടരുകയാണ്. നേരിന്റെ അസ്വാസ്ഥ്യം വിതച്ച നേർരേഖകളിലൂടെ അത് മുന്നോട്ടുപോകുന്നു. പനമ്പട്ടകലിൽ ഇടിമിന്നലും കാറ്റുമുണ്ടെന്ന് സൂചിപ്പിച്ച ഉടനെതന്നെ പനയുടെ കൂർത്ത ചിതമ്പലുകളിലെ തേളിനെ ഓർമ്മിപ്പിക്കുന്നു. പെട്ടെന്നുതന്നെ പനകയറ്റക്കാരൻ തഴമ്പിക്കുറിച്ച് സംസാരിക്കുന്നു. ഇങ്ങനെയാണ് വിജയൻ വിശ്വാസങ്ങളുടെ ഭീതിദമായ ആരോഹണം ആവിഷ്‌കരിക്കുന്നത്. നൈസാമലിയുടെ നൈരന്തര്യത്തിലൂടെ, വിജയൻ, മതിഭ്രമങ്ങളിൽനിന്ന് വിശ്വാസത്തിലെത്തിച്ചേരുന്ന ചിത്താവസ്ഥയെ പരിചയപ്പെടുത്തുന്നു. ഭൂമിയുടെ തുരുമ്പിൽനിന്നും പ്രാകൃത ജഡാവശിഷ്ടങ്ങളിൽനിന്നും സ്വച്ഛതയിലേക്ക് ചേക്കേറുന്ന ഖസാക്കിന്റെ വർത്തമാനസ്വരം നാമിവിടെ കേട്ടറിയുകയാണ്. ഐന്ദ്രികവേളകളുടേയോ വൈകാരിക മുഹൂർത്തങ്ങളുടേയോ ഗന്ധം മുറ്റിനിൽക്കുന്ന തോന്നലുകളിൽനിന്ന് നിത്യമായ പ്രവാസം നേടിയെടുക്കുകയാണ് വിശ്വാസം. അതാണ് ഖസാക്കിന്റെ ഗ്രാമ്യാവസ്ഥകളെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകളിലെത്തിക്കുന്ന സ്വാച്ഛന്ദ്യം.

കർമ്മങ്ങളുടെ വിശ്വാസവുമായി മനുഷ്യൻ ഐഹികതയെ അറിയുകയാണ്. അതിൽ വിചാരിച്ചിരിക്കാത്ത സുഖദുഃഖങ്ങളുടെ ചെമ്പൻ മൂകത തത്തിക്കളിക്കും. വേർതിരിച്ചെടുക്കുന്ന ധാരണയുടെ തടാകത്തിൽ കർത്തൃലോകത്തിന്റെ മുഴുവൻ വിധിയും പേറി മനസ്സ് ജീവിതത്തെ അറിയും. റൊമെയ്ൻ റോളണ്ടി* നെ ഓർക്കുമ്പോൾ, സ്വയം പേറുന്ന ദൈവത്തിന്റെയും സൃഷ്ടിയുടെയും കരുണയിലേക്ക് നാം എത്തിച്ചേരുന്നു. വിശ്വാസങ്ങൾ വാസ്തവത്തിൽ മനുഷ്യനെ ഏകാന്തനായ പോരാളിയും അഭായാന്വേഷിയായ ഭക്തനുമാക്കിത്തീർക്കുകയാണ്. ഓരോന്നു പ്രവർത്തിച്ചുകൊണ്ട് ജീവിതത്തിന്റെ ധാര മുറിയാതെ സംരക്ഷിക്കുന്നു. അതിലൂടെ ആയുസ്സിന്റെ കാമങ്ങളെ അരിഞ്ഞുവീഴ്ത്തുകയാണ്. മുക്തിയുടെ വാതിലുകൾ തേടി മനുഷ്യനിലെ മനുഷ്യനെ കണ്ടെത്തുന്നു. ലോകത്തിന്റെ ദുരൂഹമായ പ്രവചനങ്ങൾക്കുമുമ്പിൽ മനുഷ്യൻ ഉയർത്തുന്ന ചോദ്യങ്ങളും നീതീകരണങ്ങളും വിശ്വാസത്തിൽ അടങ്ങിയിട്ടുണ്ട്. വിജയന്റെ ചിന്ത ഖസാക്കിന്റെ പൗരാണികമായ ചിത തേടിയാണ് നീങ്ങുന്നത്. മൃതാവസ്ഥകളിൽനിന്നുപോലും ഈ എഴുത്തുകാരൻ സ്വച്ഛന്ദവാസത്തിന്റെ ഔഷധം തേടുന്നു. ധാതുക്കളുടെ പ്രാണനിൽനിന്ന് ജീവിതത്തിന്റെ വാഹനം സംസ്‌കരിച്ചെടുക്കുന്ന പ്രവർത്തനംവരെ വിജയന്റെ വിശ്വാസസംബന്ധമായ ആതുരതകൾ നീണ്ടുകിടക്കുന്നു. പുഞ്ചിരിയും ഓർമ്മകളും ഭൂതകാലത്തിന്റെ ഏതോ ഏടുകളിലേക്ക് അധികനേരം യാത്രചെയ്യുന്നു. അവയുടെ അനാദിയായ സ്പർശങ്ങളത്രയും ജൈവബന്ധങ്ങളുടെ വൈകാരികശുദ്ധിക്കും പ്രവർത്തനത്തിനുംവേണ്ടിയാണ്. എന്നാൽ വീണ്ടും ആ ചിന്തകളുടെ അന്തരാളങ്ങളിലേക്ക് ചെല്ലുമ്പോൾ സ്വാസ്ഥ്യം അനുഭവിക്കാം. ഗോത്രാനുഷ്ഠാനങ്ങളുടെയും ആചാരവിശ്വാസങ്ങളുടെയും ലോകം മനുഷ്യന്റെ ആദിമമായ അനാഥത്വത്തെ തഴുകിയുറക്കുന്നുണ്ട്. എങ്ങോ കളഞ്ഞുപോയ സ്വാസ്ഥ്യത്തിന്റെ ദുഃഖപരിസരം ബന്ധങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും മനുഷ്യൻ കൈവരിക്കുന്നതിന്റെ ചിത്രമാണ് അവതരിപ്പിക്കുന്നത്. ജന്മംകൊണ്ടുതന്നെ പ്രവാസിയായിരുന്ന നൈസാമലി മൊല്ലാക്കയുമായി പിണങ്ങുന്നു. അത്തരുമായി വഴക്കിടുന്നു. ഒടുവിൽ ഖാലിയാരായി, ജന്മങ്ങളുടെ മാറാപ്പുമായി, ദുഃഖങ്ങളുടെ ഉറുമ്പുകൾ പൊതിഞ്ഞ കൂടുമായി അയാൾ ഖസാക്കിലെത്തുന്നു. ഖാലിയാരായി തിരിച്ചുവരുന്നത് അയാളുടെ രൗദ്രമായ സ്വാസ്ഥ്യാന്വേഷണങ്ങളുടെ ദുഃഖം നിറഞ്ഞ പ്രകടനമാണ്. ഉള്ളിന്റെ വിഹ്വലമായ വിഷമസന്ധികളോടുകൂടി വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും മണ്ണിൽ അയാൾ അന്തർദ്ധാനം ചെയ്യുന്നു. സ്മരണകളും സന്ധ്യകളും പൂത്തുനിൽക്കുന്ന ഗതകാലത്തിൽനിന്ന് രവി മനസ്സുമായി ഒളിച്ചോടുന്നു. ആശ്രമങ്ങളും ചുവന്ന പാതകളും താണ്ടി ഒടുവിൽ ഖസാക്കിലെത്തുന്നതും വിശ്വാസങ്ങളിലൂടെയുള്ള തിരോധാനമാണ്. മൂല്യങ്ങളുടെ പ്രച്ഛന്നമായ ലോകത്ത് ആത്മാവുകൊണ്ട് മറയുന്ന ഏകാകിയുടെ സ്വരം ഇവിടെ നാം കേൾക്കുന്നു. അപ്പുക്കിളിയും മാധവൻനായരുമെല്ലാം അനുനിമിഷം തങ്ങളുടെ സ്വാസ്ഥ്യാന്വേഷണങ്ങളുടെ വേഗം കൂട്ടുന്നു. പ്രവർത്തനങ്ങളുടെ ജലംകൊണ്ട് അവർ ദുഃഖപരിസരങ്ങളിൽ ആത്മാവിന്റെ സസ്യങ്ങളെ വളർത്തുന്നു. അതിലൂടെ മുക്തിയുടെ പുതിയ തമസ്സുകൾ നിർമ്മിക്കുന്നു. തുരുത്തുകൾ കണ്ടെത്തി അതിന്റെ ഇരുട്ടിൽ ജീവിതത്തിന്റെ ദുരന്തസമൃതികളെ ഉറക്കുകയാണ് ഈ മനുഷ്യർ ചെയ്യുന്നത്. അങ്ങനെയാണ് ഖസാക്ക് എന്ന ഗ്രാമം വിശ്വാസങ്ങളുടെ കർമ്മമായി പരിണമിച്ചത്. ഉൾപ്രേരണകൾപോലെ അതിൽ ജീവികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. വെയിലു വീണിടത്ത് ചിറകുവിരിച്ച് അവർ കിടന്നു. അതിന്റെ സ്വച്ഛവേഗങ്ങളിൽ പാപസ്മൃതികളും ശാപവചസ്സുകളും സ്വകാര്യമാക്കിമാറ്റി. ഖസാക്ക് രവിയുടെയോ മൊല്ലാക്കയുടെയോ വിശ്വാസപരിതഃസ്ഥിതിയല്ല പേറുന്നത്. പൂക്കളും തുമ്പികളും ഷെയ്ഖിന്റെ ജീവൻതുടിക്കുന്ന പാറക്കെട്ടുകളും മനുഷ്യരും അതിൽ അമർന്നുകിടക്കുന്നു. ഇവയിലാണ് ഖസാക്കിന്റെ വിശ്വാസങ്ങളുടെ കർമ്മം ശ്വാസോച്ഛ്വോസം ചെയ്തത്; അല്ലെങ്കിൽ വിശ്വാസങ്ങൾ ഖസാക്ക് എന്ന കർമ്മമായി ശേഷിച്ചത്.


വൃക്ഷാഗ്രങ്ങൾ



ഖസാക്കിന്റെ മണ്ണിൽനിന്ന് പുരാതനമായ വിഗ്രഹങ്ങളും തച്ചുടയ്ക്കപ്പെട്ട ക്ഷേത്രങ്ങളും വീണ്ടം ജന്മംകൊള്ളുകയാണ്. അത് ജീവിതത്തിന്റെ നൈരന്തര്യത്തിന് ആവശ്യമായി വന്നു. ഭൂതകാലത്തിന്റെ ശിലകളും മൂലകങ്ങളും ആത്മാവിന്റെ മാർഗ്ഗത്തെ നിർണ്ണയിക്കുകയായിരുന്നു. വീഴ്ചകളിൽനിന്ന് വർത്തമാനത്തിന്റെ ഗതി രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനായി  അവർ പ്രാകൃതമായ അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രസാദം നിറഞ്ഞ കൊട്ടാരങ്ങളിലേക്ക് യാത്രയായി. കുട്ടാടൻ പൂശാരിയെയും ലക്ഷ്മിയെയും ഗോപാലപണിക്കരെയും കോർത്തുകൊണ്ട് വിജയൻ നെയ്യുന്ന കത്തുന്ന ജീവിതമാല ആത്മാവിന്റെ തൃഷ്ണകളിൽനിന്ന് പ്രാർത്ഥനയുടെ ശിഖരങ്ങളിലേക്ക് ഭ്രാന്തമായി കുതിക്കുന്ന സ്മൃതിയാണ് കൊണ്ടുവരുന്നത്. മനസ്സിന്റെ വ്രണിതമൗനം ഭേദിച്ചുയരുന്ന രതിയും ബാഹ്യാവസ്ഥയുടെ കരുണാരഹിതമായ ഖരാവസ്ഥയും ചേർന്ന് നിഷ്പ്രഭമാക്കുന്ന ഐഹികതയെ വിജയൻ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. പ്രാർത്ഥനയുടെയും ആചാരങ്ങളുടെയും പുക കെട്ടിയ അന്തരീക്ഷത്തിലും കുട്ടാടന്റെ ഉള്ളിൽ ലക്ഷ്മിയുടെ ഗതകാലം പൂത്തുതിണർത്തുനിൽക്കുന്നു. സത്യത്തിൽ ജീവിതം നൽകിയ ഭ്രാന്തിൽനിന്ന് ധർമ്മാനുഷ്ഠാനങ്ങളുടെ വയൽവരമ്പിലൂടെ യാത്രചെയ്യുകയാണ് കുട്ടാടൻ. എന്നാൽ കുട്ടാടനോ, ലക്ഷ്മിയോ ഗോപാലപണിക്കരോ ദൈവത്തിന്റെ ചേതഃശ്രുതികളിലെത്തുന്നില്ല. അവരുടെ വർത്തമാനത്തിന്റെ മറവിന് ദൈവം അത്ര പ്രിയപ്പെട്ട മിഥ്യയല്ലായിരുന്നു. ദൈവത്തിന്റെ കോവിലിൽ അവരെ ധ്യാനമൂകരാക്കിയതു ഗതകാലത്തിന്റെ ഇച്ഛാഭംഗങ്ങളും കത്തിയമർന്ന തൃഷ്ണകളുമായിരുന്നു. വിജയന്റെ കലാചേതനയിൽ ഒരിക്കലും, വിശ്വാസം മൂർത്തമായ വിഗ്രഹപ്രതിഷ്ഠകളിലേക്ക് കടന്നുവരുന്നില്ല. അത് അന്വേഷണങ്ങളുടെ രംഗങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. സത്യത്തിന്റെ മലമുകളിൽ അന്തിയുറങ്ങാനുള്ള ആദ്ധ്യാത്മികാന്വേഷണങ്ങളുടെ പ്രവർത്തനം ദൈവത്തിന്റെ സൃഷ്ടിയിൽ സംഭരിച്ചിരിക്കുന്നു. ഉള്ളിന്റെ ഭഗ്നകേന്ദ്രങ്ങളിൽനിന്ന് ഏകാഗ്രതയുടെ ശാലകളിലേക്കുള്ള പ്രയാണം സംഗതമാവുന്നു. അതു മനുഷ്യരുടെയിടയിലെ സത്യവും മിഥ്യയും വേർതിരിച്ചില്ല. മനുഷ്യന്റെ നന്മതിന്മകളെക്കാൾ സംസാരത്തിന്റെ നിദ്രാസക്തിയെ ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. അത് ഐഹികമായ വിശ്വാസമായിത്തീർന്നു. ചൂടുള്ള പകലുകൾപോലെ വിശ്വാസം മനസ്സിന്റെ ഭൂമിയിൽ കിടന്നുപുളച്ചു. അതു സംഹാരത്തിന്റെയോ, ഹിംസയുടെയോ വാളുകൾക്കുവേണ്ടി അലയുകയായിരുന്നു. രൗദ്രമായ, പ്രചണ്ഡമായ തേരോട്ടങ്ങളുടെ അന്ധവേഗങ്ങൾ വിശ്വാസത്തിന്റെ കർമ്മത്തിലുണ്ടെന്ന് വിജയൻ രേഖപ്പെടുത്തുന്നു. അതു സംയമനത്തിനുപകരം പ്രവർത്തനത്തിന്റെ കാർകോടകന്മാരെ കാലത്തിന്റെ പുഴയിൽ ഇറക്കിവിട്ടു. ഇവിടെ, വിശ്വാസത്തിന്റെ ആസക്തിയും പ്രവർത്തനങ്ങളിലുള്ള ദുഃഖവും ലൗകികമായ വിലക്കുകളല്ല. അതു മർത്ത്യനെ ജീവിതത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന മാർഗ്ഗമോ, ലക്ഷ്യമോ അല്ല; അധോവ്യഗ്രതയുടെ പീഠഭൂമികളിൽനിന്ന് പ്രാർത്ഥനയുടെ ഏകാഗ്രങ്ങളിലേക്കുള്ള ജിജ്ഞാസയാണ്. ഖസാക്കിന്റെ ആതുരമായ നിമിഷങ്ങളെ അറിയുമ്പോൾ ഇത് ബോധ്യമാകുന്നുണ്ട്. ഇവിടെ, നേരിൽനിന്നും മിഥ്യയിൽനിന്നും അകലുന്ന മനസ്സിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ സ്വകാര്യതയാവുന്നു. ദൈവവുമായി ഒരുമിക്കുന്ന നിമിഷത്തിലൂടെ നഷ്ടമായ ഗതകാലത്തിന്റെ ഹരിതകങ്ങളെ തഴുകാനിടവരുന്നു. ഈ വിശ്വാസങ്ങളെല്ലാം ഖസാക്കിന്റെ തലത്തിൽ വിലോലതകളാണ്. ശിശുവിന്റെ നിഷ്‌കളങ്കതപോലെ ആർദ്രമാണിവിടെ വിശ്വാസം. അതിനുപിന്നിൽ വ്യസനങ്ങളുടെ അള്ളിപ്പിടിക്കുന്ന തീയുണ്ട്.

ഏകാഗ്രതയുടെ ഓരോ അടരിലും മറഞ്ഞുപോയ കിനാവുകളുടെ തുരുമ്പുകൾ പറ്റിയിരിപ്പുണ്ട്. വർത്തമാനം പരിത്യക്തതയുടെ ആണിമുനകളിൽ വിശ്രമിക്കുകയാണ്. ഈ വിശ്വാസങ്ങളുടെ ഭാണ്ഡത്തിൽ ദൈവവും ഒരു അഭയാർത്ഥിയാണ്. അവളുടെ സാഹോദര്യമാണ് രവിയെ അങ്ങോട്ട് അടുപ്പിക്കുന്നത്. പൊരുളുകളുടെ മിഥ്യകളും യാഥാർത്ഥ്യങ്ങളും അനന്തതകളും നൽകിയ ഭർത്ഥനങ്ങൾ രവിയെ മുക്തിയുടെ മന്ത്രങ്ങൾ പഠിപ്പിക്കുകയായിരുന്നു. അതൊരു തൃഷ്ണയുടെ വെളിമ്പുറങ്ങളിൽ മയങ്ങിയ ശാന്തതയായിരുന്നു. ഏത് നിരർത്ഥകതയാണ് മുറിവേറ്റ മനസ്സിന്റെ അത്യാഹിതത്തിലേക്ക് പ്രാവായി കടന്നുവരാത്തത്? അറിവുകൾക്കെല്ലാം അപ്പുറത്ത്, വ്യഗ്രതകളുടെ തണലിൽ നുരഞ്ഞുകിടക്കുന്ന അർത്ഥശൂന്യതകളെല്ലാം പൊള്ളുന്ന ആശങ്കകളുടെ ആലയങ്ങളായി മാറുകയാണ്. ഖസാക്കിന്റെ പ്രകൃതിയിൽ അലിഞ്ഞ പ്രാക്തനശ്രദ്ധകളുടെ കർമ്മങ്ങൾ ഇത്തരത്തിൽ അധോലോകത്തിന്റെ സന്ദർഭങ്ങളെയാണ് തുറന്നുകാണിക്കുന്നത്. ഖസാക്കിന്റെ ഏകാഗ്രതയെ വിജയൻ നെയ്‌തെടുത്തിരിക്കുന്നത് വർണ്ണങ്ങളും നനവുകളും പടർന്ന മനുഷ്യയാനങ്ങളുടെ ആസക്തിധാരകളിൽനിന്നുമാണ്. വർഗ്ഗസ്മൃതികളും ഗോത്രാചാരങ്ങളും മിഥ്യകളും ലയിച്ചുകിടക്കുന്ന ഏകാഗ്രതയാണ് വിജയൻ അവതരിപ്പിക്കുന്നത്. ഏകാഗ്രത സംസാരരൂപിണിയായെങ്കിലെന്ന് രവി ഓർത്തുപോകുന്നു. ഈ ഏകാഗ്രതയിലൂടെ പ്രാണവേദനകളെ കഴുകിയെടുക്കാനാവുമോ? സമാധിതേടുന്ന പ്രജ്ഞപോലും ഇത്ര ദുഃഖഭരിതമോ? അതിന്റെ സ്മൃതിനാദങ്ങളിൽ കൈവിരലുകൾപോലും പൊടിഞ്ഞുപോകുന്നു. ശാന്തിയുടെ ഇലത്തട്ടുകളിൽ ആത്മാവിനെ നടുവാനായി മനസ്സ് വെമ്പുന്നു. സഞ്ചാരങ്ങളുടെ വഴികളിലെല്ലാം ശരീരവും മനസ്സും കൊഴിഞ്ഞുപോകുകയാണ്. അറിവിൽനിന്ന് വമിച്ച അനശ്വരസ്മൃതികൾ, അതായിരുന്നു രവിയുടെ പ്രതിഷ്ഠകൾ. എന്നാൽ ദൈവത്തിന്റെ സുരക്ഷിതമായ ഇടം ഖസാക്കിന്റെ ഏതു തിരിവിലാണ് ഒളിഞ്ഞിരിക്കുന്നത്? ഞരമ്പുകൾതോറും ഒഴുകി നിറയുന്ന സന്നിഗ്ദ്ധതകളുടെ ലൗകികമൊഴികൾ ഖസാക്കിന്റെ ഏകാഗ്രതയുടെ അനേകം ധാതുക്കളിലൊന്നു മാത്രമാണ്. അറിവിന്റെയും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും കാമങ്ങളുടെയും സ്‌നേഹദ്വേഷങ്ങളുടെയും അനേകം വൃക്ഷാഗ്രങ്ങൾ ഖസാക്കിലുണ്ട്. ഭൗതികപ്രത്യക്ഷങ്ങളുടെ ഗ്രാമപ്രകൃതിക്കപ്പുറത്ത്, ഖസാക്കിൽ താളവും താളഭംഗവും നിറഞ്ഞ ഏകാഗ്രത തളംകെട്ടിനിൽക്കുന്നു. അപ്പുക്കിളിയും മാധവൻനായരും അബിദയും ജീവിതരീതിയുടെ സരളതയും ആർദ്രമായ മോഹഭംഗങ്ങളുംകൊണ്ട് താളം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ രവിയുടെ ദുഃഖപരിസരങ്ങളിൽ ഓർമ്മകളുടെ കറ അവശേഷിക്കുന്നു. അതുകൊണ്ട് താളത്തിന്റെ നീലാംബരത്തിലേക്ക് ആ ശ്രദ്ധ പറന്നുചെല്ലുന്നില്ല. ഇവിടെ വാൻഗോഗിന്റെ * താളം ഓർമ്മിച്ചുപോകുകയാണ്. വയലിലെ കർഷകന്റെ ചിത്രമെഴുതുമ്പോൾ മണ്ണും കർഷകനും പരസ്പരം ലയിക്കുന്നതാകണം. മണ്ണ് കർഷകനെ പുണരുമ്പോൾ കർഷകൻ മണ്ണിന്റെ നിറങ്ങളിലേക്ക് ചെല്ലുന്നു. സൂര്യൻ കർഷകനെയും വയലിനെയും തഴുകിയുറക്കുന്നു. കർഷകനും വയലും ചേർന്ന് സൂര്യനെ ആത്മഗീതം വായിച്ചുകേൾപ്പിക്കുന്നു. രവി, ഈ താളബോധത്തിൽനിന്നാണ് പതിച്ചത്. ദേവിയുടെ മുമ്പിലെത്തുമ്പോൾ ദേവിയും തന്നെപ്പോലെ ഒരു അഭയാർത്ഥിയാണെന്നറിയുന്ന ഏകാകിയുടെ ശ്രദ്ധ താളഭംഗങ്ങളിൽനിന്ന് ഉത്ഭവിച്ചതാണ്. ദൈവത്തിന്റെ മിധ്യപോലും ശാനതിക്ക് മരുന്നാകാത്ത ഐഹികതയുടെ ബീജം ഖസാക്കിൽ വീണുകിടക്കുന്നു. അതിൽ താളവും താളഭംഗവും ഏകാഗ്രതയുടെ വിസാലമായ ശരീരത്തിൽ ശ്വസിച്ചുകഴിയുകയാണ്.

നീറിപ്പിടിക്കുന്ന ആദ്ധ്യാത്മികവീഴ്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നില്ക്കുന്നു. പിന്നെ സംവത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു. പഥികന്റെ നീരാഴങ്ങളുടെ തെളിമ. കറുത്ത പുഷ്പങ്ങളുടെ പരാഗണങ്ങൾ. മഥനങ്ങളുടെ ഇലനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക് ഒരു യാത്ര. ഖസാക്കിൽ സ്പന്ദിക്കുന്ന ജൈവലോകത്തിന്റെയും പദാർത്ഥലോകത്തിന്റെയും ആത്മാവ്. വിശ്വാസവും കർമ്മവും ചേർന്ന വൃഗ്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽനിന്ന് ദുഃഖവിമുക്തിനേടിയവരുടെ പലായനങ്ങൾ. വിശ്വാസങ്ങളാകുന്ന പ്രാർത്ഥനകളും നിഷ്ഠകളകന്ന രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും. ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ. മനുഷ്യരിലൂടെയും വസ്തുക്കളിലൂടെയും പരിണമിക്കുകയാണ്. കേഴുന്ന, ആലോചനകളിൽപ്പെട്ടുപോയ പ്രകൃതിയെ വേർതിരിച്ചറിയാൻ വയ്യാത്ത ദുരൂഹത. അത് വിശ്വാസത്തിന്റെ ദുഃഖമായിത്തീരുകയാണ്. സ്വയമറിയാതെ പേറുന്ന സത്യബോധങ്ങളുടെ പ്രവർത്തനോന്മുഖമായ മൂല്യങ്ങൾ. അത് വിഷാദാത്മകമായ മൂല്യങ്ങളായിത്തീരുകയാണ്. നിദ്രയുടെ ഏകാന്തതയിലേക്ക് പോകാൻ രവിയെ പ്രേരിപ്പിച്ചത് ഇതാണ്. ഖസാക്കിലെ ഗ്രാമീണരും കുട്ടാടൻ പൂശാരിയും ചേർന്നൊരുക്കുന്ന മാന്ത്രികവിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക് രവി ഏതോ നിലയിൽ കടന്നുചെല്ലാനാഗ്രഹിക്കുന്നു. രതിയിൽനിന്ന് പൂജയിലേക്ക്, പൂജയിൽനിന്ന് വീണ്ടും രതിയിലേക്ക്, പിന്നെ വീണ്ടും പ്രാർത്ഥനകളിലേക്ക്, അങ്ങനെ നീളുന്ന യാത്രയുടെ സ്വരം ഖസാക്കിനെ വിശ്വാസങ്ങളുടെ വൃക്ഷാഗ്രങ്ങളിലെത്തിക്കുന്നു. തോമസ് ഹാർഡി* ധ്വനിപ്പിച്ചതുപോലെ വിശ്വാസത്തിനു വേണ്ടി മനസ്സുരുകുമ്പോൾ ഓരോരുത്തരും ദൈവികതയുടെ അസംസ്‌കൃതവസ്തുവാകുകയാണ്. മനുഷ്യരും വസ്തുക്കളും ഖസാക്കിൽ പുതിയ ദൈവസംയുക്തങ്ങളായിത്തീരുന്നുണ്ട്. അങ്ങനെ ഖസാക്ക് പ്രാണയാനങ്ങളുടെ വഴിത്തിരിവിൽവെച്ച് ദൈവികതയുടെ അസംസ്‌കൃവസ്തുവായി മാറുന്നു. പ്രപഞ്ചത്തെ സമാഹരിക്കുകയോ, ആത്മപക്ഷങ്ങൾക്കുവേണ്ടി പോരാടുകയോ ചെയ്യുന്നത് വിജയന്റെ വിശ്വാസസംബന്ധമായ വിഷമതകളോട് ചേർന്നുനിൽക്കുന്നതല്ല. ഏകാകിയായിരിക്കുന്നതിനിടയിൽ, മനസ്സിനെ നനയ്ക്കാൻ ഭൗതികലോകത്തിൽനിന്ന് എന്താണ് കാംക്ഷിക്കാനുള്ളതെന്ന അന്വേഷണമാണ് വിശ്വാസത്തിന്റെ പ്രവർത്തനങ്ങളിൽ എത്തിക്കുന്നത്. ഖസാക്കിനെ വിശ്വാസങ്ങളുടെ മാതാവായിട്ടാണ് കാണേണ്ടത്. ഉൾപ്രേരണകളുടെ ബാല്യം, കളം വരയ്ക്കുന്ന ദുഃഖം ഖസാക്കിനെ ചരിത്രവും ജീവിതവും കാലവും നിറയുന്ന തടാകമാക്കി മാറ്റുന്നു. കഥാപാത്രങ്ങളുടെ സഞ്ചാരം, അവർ സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങൾ, എല്ലാം വഴിച്ചാലുകൾ ഒരുക്കുന്നു. ഓർക്കുക, ഖസാക്കിലെ ഒരു പാത്രവും തീക്ഷ്ണമായ ബന്ധം ദാഹിക്കുന്നില്ല. വിജയൻ എഴുതുന്നതുപോലെ വരുംവരായ്കകളുടെ ഋതുഭ്രമണങ്ങളിലൂടെ അവർ ബന്ധങ്ങളിലും വിശ്വാസങ്ങളിലും വന്ന് മുട്ടുകമാത്രമാണ് ചെയ്തത്. മനസ്സിന് പ്രതിരോധം നഷ്ടപ്പെടാതിരിക്കാൻ, മുറിവേൽക്കാതിരിക്കാൻ ഓരോ ജൈവതന്തുവും ധാരണയുടെ മേലങ്കിയിടുന്നു. നൈസാമലി ഹിംസയുടെ നിശ്ശബ്ദതയിലൂടെ മനസ്സിന്റെ പ്രവേഗങ്ങൾ മറച്ചുപിടിക്കുന്നു. അപ്പുക്കിളി അജ്ഞേയതയിൽനിന്ന് സരളമായ വാങ്മയങ്ങളിലേക്ക് പതിച്ചിരിക്കുന്നതുകൊണ്ട് അറിവിന്റെ ബാല്യത്തിലാണ് കഴിയുന്നത്. ഖസാക്കിന്റെ പുരാതന വിശ്വാസങ്ങളുടെ ഉള്ളുറപ്പ് തുറന്നു കാണിക്കാനും കൂടിയാണ് ഈ സൃഷ്ടി. മൊല്ലാക്ക സമാന്തരയാനങ്ങളുടെ അകൃത്രിമസന്ദേശങ്ങളിലൂടെ എല്ലാവരിൽനിന്നും അകന്നുപോകുന്നു. സ്‌നേഹത്തിന്റെ വ്രണം എന്നൊ കണ്ടെത്തിയപ്പോൾ മനുഷ്യൻ പാപിയുടെ വിത്താണെന്ന് ബോധ്യപ്പെട്ടു. എന്നിട്ടും മൊല്ലാക്കയ്ക്ക് സ്‌നേഹത്തിൻരെ പ്രലോഭനത്തിൽനിന്ന് രക്ഷപ്പെടാനാവില്ല. മാധവൻനായർ ജ്ഞേയമായ ഓർമ്മകളുടെ ഇടിഞ്ഞുപൊളിഞ്ഞ ചുമരുകൾ കാൺകെ ദുഃഖിതനാണ്. എങ്കിലും അജ്ഞേയമായ പൊരുളുകലുടെ തിരകൾക്കൊപ്പം സൗഹൃദങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിലൂടെ ഖസാക്കിന്റെ പ്രകൃതാവസ്ഥകളുടെ പുരാവൃത്തം പ്രത്യക്ഷമാകുന്നുണ്ട്. നിരർത്ഥകദുഃഖങ്ങളെന്ന് രവി ഓർക്കുന്നുണ്ടെങ്കിലും അതിൽ ഭൂതകാലത്തിന്റെ സ്‌നേഹസ്പർശങ്ങൾ മുറിവുകളായി വന്ന് എത്തിനോക്കുന്നു. അച്ഛൻ, അമ്മ, ചിറ്റമ്മ, പത്മ - അങ്ങനെ നീണ്ടുപോകുന്ന ബന്ധങ്ങളുടെയിടയിൽ തൻരെ സ്പർശങ്ങൾ എന്തെല്ലാമായിരുന്നു? മിഥ്യകലിലൂടെ നടന്നലയുമ്പോഴും രവിയെ ശൂന്യതയുടെ ആഴം അളക്കാൻ നോവലിസ്റ്റ് നിയോഗിക്കുന്നില്ല. രവിയുടെ മനസ്സ് സ്‌നേഹങ്ങളും സ്‌നേഹശമനങ്ങളും നിറഞ്ഞ സമയമുനയിലാണ് കുടികൊള്ളുന്നത്. അത് ആർദ്രമായ പ്രാണയാനമാണ്. ജീവിതത്തോടുള്ള ആസക്തി, ഇവിടെ, ജീവിതത്തിന്റെ അറിവിലേക്കുള്ള ആസക്തിയായിത്തീരുന്നുവെന്നുമാത്രം. അറിവിന്റെ അനുഭവം, ദുഃഖങ്ങളും പാപങ്ങളും ഏല്പിച്ച് നരനെ അനാഥനാക്കുകയാണ്. എങ്കിലും രവിയിൽ പാപസ്മൃതിയുടെ സ്ഥായിയായ രാഗമില്ല. പാപത്തെക്കുറിച്ചുള്ള ഓർമ്മകൾ കടന്നുവരുകയേ ചെയ്യുന്നുള്ളൂ. അല്ലെങ്കിൽ ആസക്തിയുടെ പാപബോധവും രവിയിൽ ഒരുപോലെയാണ്. അന്തിമമായി, ഈ ബോധവസ്ഥ, ഖസാക്കിന്റെ കാലബോധത്തെ ഘനപ്പെടുത്തുന്നുമുണ്ട്.


പ്രസാദത്തിന്റെ പാദങ്ങൾ



വിശ്വാസങ്ങളുടെ കർമ്മങ്ങളിൽ നിന്നുകൊണ്ട് വിജയൻ ലോകദുരിതങ്ങളുടെ ആത്യന്തികഫലങ്ങളെക്കുറിച്ച് ഓർക്കുന്നു. മനുഷ്യന്റെ പതനങ്ങളുടെ, പരാഗണങ്ങളുടെ തിന്മകളുടെ ലഹരികളിൽനിന്ന് അകന്നുനിന്നുകൊണ്ട് മുഗ്ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മികചിഹ്നങ്ങൾ തേടുകയാണിവിടെ. അച്ചടക്കത്തിന്റെ ഋതുക്കൾ കണ്ടെത്തുമ്പോഴും ക്രോധത്തിന്റെ വായ്ത്തലയിൽ വീണ് മുറിവേൽക്കുമ്പോഴും ദയയുടെയോ ജുഗുപ്‌സയുടെയോ മുന്തിരിത്തോട്ടത്തിലേക്ക് അധീരനായി യാത്രചെയ്യുമ്പോഴും മനുഷ്യരെ നേരിടുമ്പോഴും നാം ദൈവത്തെ മുഖാമുഖം ദർശിക്കുകയാണെന്ന് രാധാകൃഷ്ണൻ* ബോധ്യപ്പെടുത്തുന്നുണ്ട്. ഭൗതികശരീരങ്ങളുടെയിടയിൽ പ്രാർത്ഥനയുടെ ഏതു രാവാണ് പൂക്കാത്തത്? അതിന്റെ ഊഷ്മളതയിൽ മനസ്സിന്റെ ചുണ്ടിൽനിന്നാണ് പാൽ ഒഴുകുന്നത്. ദുഃഖങ്ങളുടെ ഉള്ളിലെ വേവുന്ന ഹൃദയമല്ല, അതിനു മുകളിലെ ദൈവത്തിന്റെ ചക്ഷുസ്സുകളാണ് വിജയൻ പകർത്തുന്നത്. ഖസാക്കുകാർ നല്ലമ്മയെ അനുഭവിച്ചതിന്റെ വിവരണത്തിൽ നോവലിസ്റ്റിന്റെ ഈ സ്വഭാവമാണ് പ്രകടമായിരിക്കുന്നത്. പാപങ്ങളുടെയോ, തിന്മയുടെയോ വാരിധിയിൽ വസിച്ച് ആയുസ്സുകൾ പിന്നിട്ടാലും വറ്റാത്ത നന്മയുടെ ശിഖകൊണ്ട് ലോകത്തെ പ്രകാശിപ്പിക്കുന്ന യോഗിയുടെ വിശുദ്ധിയിതാണ്. ജമന്തിപ്പൂക്കളുടെ വനഭൂമിയെന്ന് വിളിക്കുമ്പോൾ അതിഭൗതികമായ ഇച്ഛകളുടെ വേഗങ്ങളാണ് ഓടിയെത്തുന്നത്. ഇത് നവ അദ്വൈതദർശനവുമാണ്. ഉള്ളിന്റെ അനുസ്യൂതമായ പ്രവാഹം ജീവിതത്തിനപ്പുറത്തുള്ള കരുണയിൽനിന്ന് നിർഗമിച്ചതാണ്. കരുണയുടെ പ്രവാസമാണ് പ്രസാദമായിത്തീരുന്നത്. ഖസാക്കിലെ പ്രസാദത്തിന്റെ പാദങ്ങൾ തിരക്കുന്നതിനിടയിൽ പ്രകൃതിയിലെയും മനുഷ്യരിലെയും ധാരണ, വിജയൻ ശ്രദ്ധിക്കുന്നില്ല. ബാഹ്യലോകത്തിന്റെ രോദനങ്ങളിൽനിന്ന് അധോലോകത്തിനുള്ള സൗന്ദര്യത്തെ കൊയ്‌തെടുക്കുകയാണ്. പുറംലോകത്തിന്റെ ആത്മീയതയെ തേടുന്നതിനൊപ്പം വസ്തുലോകത്തിന്റെ ജഡാവസ്ഥയും തെളിച്ചെടുക്കുന്നു. ലോകം ദ്രവിച്ച് തിരോഭവിക്കുകയാണ്. തുരുമ്പുകളുടെ സംഗീതത്തിലേക്ക് യാത്രയാവുന്ന പദാർത്ഥപ്രപഞ്ചത്തിന്റെ മുകളിൽ പ്രസാദമുള്ള വിരഹത്തിന്റെ പൂക്കൾ അർപ്പിക്കുന്ന രീതിയാണിത്. ജമന്തിയുടെ സ്പർശങ്ങളിലേക്ക് തിരിയുന്നതോടെ, ഖസാക്കിന്റെ അന്തർധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്തുചേർക്കാനാണ് ഉദ്യമം. ഉള്ളിൽനിന്ന് നുരഞ്ഞുപൊന്തുന്ന അനാസക്തിയുടെ ലൗകികവേളകൾ അനുഭവത്തിനിരയാകുന്നു. ഖസാക്കിന്റെ മണ്ണിൽ, രോഗത്തിന്റെ മഥനങ്ങളിൽ കഴിയവെ രവി ഓർക്കുന്നുണ്ട്, ജമന്തിപ്പൂക്കൾ വിരിഞ്ഞുനിന്ന വനഭൂമികളിലൂടെയുള്ള പ്രയാണത്തെക്കുറിച്ച്, സൂര്യനും ചന്ദ്രനും മഴയും മഞ്ഞും കാറ്റും പുലരിയും ഇരുട്ടും ഹാർഡിക്ക് ആത്മസ്മൃതികളുടെ കൂടും തണലുമായിരുന്നെന്ന് ഡേവിഡ് സെസിൽ* അറിയിക്കുന്നുണ്ട്. വിജയനും ഇങ്ങനെ ദൃശ്യാത്മകതയിലേക്കും ഐന്ദ്രിയാനുഭവങ്ങളിലേക്കും സ്വയം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. യാത്രയ്ക്കിടയിൽ എത്ര സന്ധ്യകളാണ് പൊലിഞ്ഞത്? ഓർമ്മകളുടെ ഏതെല്ലാം മുറികളിലാണ് അപമൃത്യു വിളയാടിയത്? രവിയുടെ യാത്രയുടെ മാന്ത്രികതയെല്ലാം ഇവിടെ വെളിവാകുന്നുണ്ട്. സത്യത്തിൽ മനുഷ്യരുടെ വ്യസനങ്ങളിലൂടെയും പ്രസാദങ്ങളിലൂടെയും ഖസാക്കിന്റെ ആത്മീയമായ അന്തർധാരകളെ തൊട്ടറിയാനാണ് വിജയൻ ശ്രമിക്കുന്നത്. ഭ്രമവും യുക്തിയും ഓർമ്മയും കലർന്ന ഭൂതകാലത്തിന്റെ പ്രവാഹം ഖസാക്കിൽ നിറയുകയാണ്. അതിന്റെ നൈരന്തര്യത്തിൽ നല്ലമ്മയുടെ ക്രോധം കാമമായി മാറുന്നു. നല്ലമ്മയുടെ പ്രസാദവും ഖസാക്കുകാരുടെ കരുണയും വസന്തർത്തുവിന്റെ തനുവിലേക്ക് ഖസാക്കിനെ പ്രവേശിപ്പിക്കുന്നു. ചെറുപ്പത്തിൽ അവർ പറഞ്ഞുതന്ന കഥ, കല്പവൃക്ഷത്തിന്റെ തൊണ്ടിൽനിന്ന് വ്യോമതന്തുക്കൾ ഇറങ്ങിവരുന്നത്, സായാഹ്നയാത്രകളുടെ അച്ഛൻ, പുരികങ്ങളും കണ്ണുകളും തന്ന അച്ഛൻ, അറിവിന്റെ സൂചിയിലകൾ ഉരിഞ്ഞിട്ടുതന്ന ചിറ്റമ്മ, ഇലകൾ തുന്നിച്ചേർത്ത കൂട്, ഇളം നീലനിറത്തിലുള്ള കുത്തുകളുള്ള മുട്ടകൾ, തയ്യൽക്കാരൻ പക്ഷി, പിന്നെ പൂന്തോട്ടംപോലെ ചിരിച്ചുനിന്ന ഖസാക്കുകാർ, അവിടെ മൈമുനയെ അറിഞ്ഞത്, സൂര്യന്റെ രശ്മികളേറ്റ് തിണർത്ത  ഉടൽ... പരിണാമങ്ങളുടെ മയിൽപ്പീലിക്കാടുകളിൽ എവിടെയോ, രവിയിലൂടെ ഖസാക്കിനെ വീണ്ടും ശ്വസിക്കാനിടവരുകയാണ്. ദുഃഖാന്തരങ്ങളുടെ ഹരിതപഞ്ചമികളിൽ മനസ്സിറുക്കാനെത്തിയ കുട്ടിയായിരുന്നു രോഗം. അത് അവരുടെ മൗനപരിസരങ്ങളിലെ മഞ്ഞപ്പൂക്കൾ പറിച്ചെടുത്തു. പകരം സന്ധ്യയുടെ അഴക് നൽകി.

വസൂരിയുടെ വിളയാട്ടവും വജ്രക്കല്ലുകളുടെ തിളക്കവും പരാമർശിക്കുന്നതിനിയിൽ ലോകത്തിന്റെ അപ്പുറത്താണ് ശ്രദ്ധ ചെല്ലുന്നത്. ഭീതിയും വിഷാദവും കച്ചയുടുത്തിരിക്കുന്ന ബാഹ്യലോകത്തിൽ മനസ്സിന്റെ അഴകുകൊണ്ട് പോരാടുന്നതിന്റെ മൊഴിയാണിത്. പരിചിതമായതിന്റെ ചേതസ്സ് കണ്ടറിഞ്ഞ്, അവയെ മൂകമായ വിചാരങ്ങളിലേക്ക് വലിച്ചെടുക്കുന്നു. പദാർത്ഥത്തിന്റെ ഭൗതികത അറിയുമ്പോൾ, ഖരമുകുളങ്ങളെ ജനിപ്പിക്കുന്ന ആദ്ധ്യാത്മിക ക്രിയവരെ ഇത് വ്യാപിക്കുന്നുണ്ട്. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽ നിന്നുകൊണ്ട് തിരക്കിയപ്പോൾ വിജയന് അനേകം മനുഷ്യരുടെ ഉൾപ്രേരണകളും അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. കരിമ്പനയിലെ കാറ്റിനുപോലും ഖസാക്കിന്റെ ബോധാന്തരീക്ഷത്തിൽ നീലിമ പരത്താൻ കഴിയുന്നത് ഇതുകൊണ്ടാണ്. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം. അതിന്റെ ഉടലിലേക്ക് ഓരോ നരനും പദാർത്ഥവും അടുത്തടുത്ത് പ്രവേശിക്കുകയാണെന്ന് നാം അറിയുന്നു. മഴ തന്റെ ഹൃദയത്തിൽ ഋജുവായെന്നും അതിന്റെ കിന്നാരം വിഹ്വലമായെന്നും ലോവെൽ* എഴുതിയപ്പോഴും ഇത്തരമൊരു സാകല്യാവസ്ഥയുടെ അനുഭവമുണ്ടായിരുന്നു. ഖസാക്കിലെ പ്രകൃതിയെ നയിക്കുന്ന പരിണാമങ്ങൾ ആത്മായനങ്ങളുടെ താളമുള്ളവയാണ്. ഖസാക്കിനെ കരിമ്പനകളും മനുഷ്യരും നൽകിയ വർണ്ണബോധത്തിലല്ല എഴുത്തുകാരൻ പ്രതിഷ്ഠിച്ചിരിക്കുന്നത്; എല്ലാ ജീവികളുടേയും വസ്തുക്കളുടേയും അനിയന്ത്രിതവും അലൗകികവുമായ ചോദനകളെ പേറുന്ന പ്രപഞ്ചശരീരം എന്ന നിലയിലാണ്. ആയുസ്സിന്റെ അനാദിയായ സ്പർശങ്ങളും ഉണ്മയുടെ അജ്ഞേയമായ പൊരുളുകളും ദുഃഖമുണർത്തിക്കിടക്കുന്ന പ്രസാദമാണ് വിജയൻ ലക്ഷ്യമാക്കുന്നത്. അതിനായി മനസ്സ് അണുമുതൽ പ്രപഞ്ചംവരെ യാത്രചെയ്യുന്നു. സ്വന്തം ഉടലിൽ സ്പർശിച്ചുനോക്കിയാൽ ലോകത്തിന്റെ സ്പന്ദനമറിയാം. ആത്മാവിന്റെ ഉടലിൽ സ്പർശിച്ചാൽ പ്രപഞ്ചസത്തയുടെ അനുരണനങ്ങളറിയാം. വിജയന്റെ ആലോചനവേളകളിൽ സൗന്ദര്യം മുഴുവൻ വഹിക്കുന്നത്, പ്രസാദവും അനാഥത്വവും ചേർന്ന് സൃഷ്ടിക്കുന്ന വ്യാമിശ്രബോധമാണ്. ദുഃഖസമാധികളിലെങ്ങും ഭൂതകാലത്തിന്റെ സാന്ത്വനസസംഗീതം കേട്ടില്ല. ഓർമ്മകളുടെ രക്ഷകയായ പ്രസാദം ജീവിക്കുന്നു. ഖസാക്കിൽ വസൂരിയുണ്ടാകുന്നത്, രവിയുടെ ദുഃഖമുണർത്തുന്ന ആസക്തിയിൽനിന്നാണെന്ന് ഓർക്കുക. കോടച്ചിയുമായുള്ള വേഴ്ചയുട ജീവബിന്ദുക്കളിലെങ്ങോ ആ അണുക്കൾ ഋതുവായിരുന്നു. അറിവിനുവേണ്ടിയുള്ള വിശ്വാസത്തിന്റെ പ്രവർത്തനം, ഇവിടെ, കരുണയുടെ അണ്ഡങ്ങളിലേക്ക് ഖസാക്കിനെ ഉയർത്തുന്നു. ദുഃഖങ്ങൾക്ക് നിത്യസമാധി ലഭിച്ചതിങ്ങനെയാണ്. ഖസാക്കിലെ വസൂരി, സത്യത്തിൽ, സന്താപപൂർണ്ണമായ കാലത്തിന്റെ പരിതഃസ്ഥിതിയിൽനിന്ന് പ്രപഞ്ചത്തിന്റെ അന്തർധാരകളിലേക്കുള്ള യാത്രയുടെ സ്മൃതിയാണ്. സ്ഥാവരങ്ങളുടെ പ്രയാണത്തിലൂടെ രവി പരിവർത്തിക്കപ്പെട്ടുവെന്ന് വിജയൻ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. ഖസാക്കിനെ പൂന്തോട്ടമായി അഭിദർശിച്ചപ്പോഴും, രവിയെ സ്ഥാവരപ്രയാണങ്ങളുടെ ഭഞ്ജകനായി മാറ്റിയപ്പോഴും വിജയൻ ആത്മപരിണാമങ്ങൾ കണ്ടെത്തുകയായിരുന്നു. കാലങ്ങളിലൂടെയുള്ള പദാർത്ഥസഞ്ചാരം പുതിയ ധാരണകളെ പ്രതിഷ്ഠിക്കുന്നു. ദൈവത്തിന്റെ ആലയത്തിലേക്ക് നടക്കാം. അവിടെ ദൈവം ജമന്തിപ്പൂക്കളുടെ ഗന്ധവും നിലാവും ഭൂമിയുടെ ഓർമ്മകളുമായി കഴിയുന്നു. ഷെയ്ഖിന്റെ മൊഴിയുടെ അർത്ഥം ഖസാക്കിൽ നിലീനമാകുകയാണ്. മൊല്ലാക്കയുടെ കാലിലെ ചെരുപ്പുകടിച്ച വ്രണം ഖസാക്കുകാരുടെ ആത്മായനങ്ങളുടെ വ്രണംതന്നെയാണ്. സ്ഥലരാശികളുടെ നിശ്ചലതയിലെവിടെയോ നഷ്ടപ്പെട്ടുപോയ ഗതകാലത്തിന്റെ സ്പർശങ്ങളുടെ ഓർമ്മ വീണ്ടും രഥ്യയെ പുനരാവിഷ്‌കരിക്കുന്നു. ലക്ഷ്യങ്ങളുടെ വ്യഥിതമായ ആരോഹണവും ജീവിതസ്മരണയും ഒന്നായിത്തീരുന്നു. സാർത്രിന്റെ* കഥാപാത്രം സംസാരിക്കുന്നതുപോലെ എല്ലാ വസ്തുക്കളും സ്വച്ഛന്ദമായി നിലനിൽക്കാനുള്ള ശ്രമത്തിലാണ്. ഖസാക്കിലെ മണൽത്തരിപോലും കാലാന്തരത്തിലെ ലക്ഷ്യയാനങ്ങളുടെ വ്രണം അറിയുന്നുണ്ട്. മൊല്ലാക്കയിലൂടെ ലോലമായ ഈ ഭാവം വിജയൻ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. പരിണമിക്കുകയും ആന്തരികമായി ശുദ്ധീകരിക്കുകയും നിലനിൽക്കുകയും ചെയ്യുന്ന വസ്തുസ്വഭാവത്തിന്റെ പാദങ്ങളിലാണ് നാം എത്തുന്നത്. ആത്മലോകങ്ങളുടെ കൂടുകളിൽനിന്ന് പറക്കമുറ്റി പുറത്തുവരുന്ന വസ്തുക്കളുടെ പക്ഷിക്കുഞ്ഞുങ്ങളെ ഭൗതികലോകത്തിന്റെ പദാർത്ഥങ്ങളുമായി ബന്ധിച്ചുകൊണ്ടാണ് നോവലിസ്റ്റ് ആഖ്യാനം നിർവഹിക്കുന്നത്. ഖസാക്കിൽ സുരതക്രിയപോലെ ആനന്ദത്തിലെത്തിയ വസൂരി പലരെയും അപ്രത്യക്ഷരാക്കി. ഉള്ളിൽ വിരിഞ്ഞുകിടന്ന അവാച്യമായ സുഖാലസ്യങ്ങളും ജമന്തിപ്പൂക്കളും ആവിർഭാവങ്ങളായിരുന്നു.ആത്മാവിന്റെ പ്രിയപ്പെട്ട അംബരമെവിടെ, ഭൗതികമൂർച്ഛയുടെ സൂര്യനാളമെവിടെ എന്ന ആശങ്കയിൽ മനസ്സ് വീണുപോകുന്നത് പൊടുന്നനെയാണ്. ഖസാക്കിലെ വസൂരിയും മൺമറയുന്ന കുട്ടികളും മൈമുനയുടെ തൃഷ്ണയും ശുശ്രൂഷയും ഏതേത് യാഥാർത്ഥ്യങ്ങളുടെ ആഭരണങ്ങളാണെന്നറിയാതെ വിസ്മയം ശേഷിക്കുകയാണ്.

ഖസാക്കിന്റെ ഓർമ്മകൾ മൊല്ലാക്കയെ വിഴുങ്ങുന്നു. നൈസാമലിയുടെ ഓർമ്മകൾ മാധവൻനായരെ പരിരംഭണം ചെയ്യുന്നു. രവിയുടെ ചിന്തകൾ ഖസാക്കിനെ ഗ്രസിക്കുന്നു. മണ്ണിൽ വേരുകൾ ആഴ്ത്തിനിൽക്കുന്ന വൃക്ഷത്തെപ്പോലെയാണ് ഖസാക്ക്. എങ്കിലും അതിന്റെ ചുവടുകൾ ചലനസ്വഭാവമുള്ളവയാണ്. അപ്പുക്കിലിയുടെയും ആബിദയുടെയും അവശിഷ്ടങ്ങളിലേക്ക് ചിലപ്പോൾ, ഖസാക്കിന്റെ കപടപാദങ്ങൾ ഒഴുകിച്ചെല്ലുന്നു. അല്ലെങ്കിൽ ഖസാക്കിന്റെ ഉപരിതലത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങളെപ്പോലെ രവിയും ആബിദയം മൈമുനയും ഒഴുകിനടക്കുകയാണ്. കൗതുകങ്ങളുടെ കഴുക്കോലുകൾ, പ്രജ്ഞയുടെ ദ്രവിച്ച പെട്ടികൾ. മൺകട്ടകൾകൊണ്ട് നിർമ്മിച്ച ഹൃദയത്തിന്റെ ചുമരുകൾ, വിഷാദത്തിന്റെ ഗോതമ്പുമണികൾ, ഓർമ്മകളുടെ ഉണങ്ങിയ ശിഖരങ്ങൾ, മൗനത്തിന്റെ കുതിർന്ന വാതിലുകൾ, ഏകാന്തതയുടെ അലോസരമുണർത്തുന്ന പാട്ട്, നിസ്സഹായതയുടെ വേദനപകരുന്ന പുഷ്പം, അനാഥത്വത്തിന്റെ നോവുപടർത്തുന്ന സസ്യങ്ങൾ, ഉത്കണ്ഠതയുടെ കരച്ചിലുണർത്തുന്ന കാറ്റ്, കാലത്തിന്റെ പ്രപഞ്ചംകാണിച്ചുതരുന്ന സ്ഥലപരത... രോദനം കായ്ച്ചുകിടക്കുന്ന ദൃശ്യം തെളിയുന്നു. ഇങ്ങനെയാണ് ഖസാക്ക് അനൈഹികമായ സ്പർശമൊരുക്കുന്ന മിത്തായിത്തൂരുന്നത്. അതിൽ മനുഷ്യരും  ജീവികളും പ്രകൃതിയും വിവിധ സ്വരങ്ങളുതിർക്കുന്ന ഗായകരാണ്. ജന്മത്തിന്റെ സ്മാർത്തപ്രേരണകളും ബന്ധങ്ങളുടെ സുഗമമായ ശരീരങ്ങളും നിത്യതയുടെ ഏകാഗ്രതകളാണ്. അവയിലാണ് ഖസാക്കിന്റെ പൂർവ്വസ്മൃതികളുടെ പനയോലകൾ തളിർത്തുനിൽക്കുന്നത്. ഏതെങ്കിലും കാരണത്തിന്റെ അപ്രാപ്യതയല്ല ഖസാക്കിന്റെ വിഷാദം; അധോമുഖമായ സഞ്ചാരങ്ങളുടെ മൂഹൂർത്തങ്ങളും അയനങ്ങളിൽ പച്ചപിടിച്ചുനിൽക്കുന്ന വ്രണപ്പാടുകളും തമ്മിലുള്ള സംഘർഷങ്ങളാണ് അതു നിർണ്ണയിക്കുന്നത്. പാത്രങ്ങളുടെ സൃഷ്ടിയിലൂടെ കലയുടെ പ്രദേശങ്ങൾ തേടിപ്പോകാതെ, അധോവ്യഗ്രതകളുടെ വ്യത്യസ്തമായ സ്ഥലരാശിയും കാലപ്രവാഹവും നിർമ്മിക്കാനാണ് വിജയൻ ശ്രമിച്ചുകാണുന്നത്. സൂക്ഷിച്ചുനോക്കിയാൽ, പുഷ്പങ്ങൾക്കു ചുവട്ടിൽനിന്ന് മണ്ണിന്റെ ചുവപ്പ് കണ്ടെത്താം. അതിൽനിന്ന് പിന്നെയും താഴോട്ട് പോകാം. അങ്ങനെ പരേതരുടെ തലയോട്ടികളിലേക്ക്, മൃത്യുവിന്റെ വളക്കൂറുള്ള നിശ്ചലതകളിലേക്ക്, ചെമ്പകത്തിന്റെ ആഭരണപ്പുരയിലേക്ക്, മനസ്സ് പറന്നുചെല്ലുന്നു. സംഭവങ്ങളും നിശ്ശബ്ദതകളും വാക്കുകളും പ്രവൃത്തികളും അന്യോന്യം വേഷംമാറി കളിക്കുന്ന ആത്മഭൂമിയുടെ പരിതോവസ്ഥയാണ് ഖസാക്കിനുള്ളത്. അവിടെ തരംഗങ്ങളും തരംഗഭംഗങ്ങളും കൊത്തിത്തിന്നുന്ന ജൈവാവസ്ഥകളുണ്ട്. അവശിഷ്ടങ്ങളുണ്ട്. കാലത്തിന്റെ കായ്കളുണ്ട്. കന്മദത്തിന്റെ പൂക്കളുണ്ട്. ഋതുക്കളുടെ മർമ്മരങ്ങളുണ്ട്. രവിയും കരിമ്പാറക്കെട്ടിലെ ഷെയ്ഖും അപ്പുക്കിളിയും കരിമ്പനയിലെ കാറ്റും ഒരേ മനസ്സിന്റെ വിവിധ ഉൾപ്രേരണകളെയാണ് വഹിക്കുന്നതെന്നോർക്കുക. അതുകൊണ്ട് പാത്രത്തിന്റെ പൂർണ്ണതമാത്രം കലാസൃഷ്ടിയുടെ സൗന്ദര്യത്തെ നിർണ്ണയിക്കുന്നില്ല. രവിയുടെ സൃഷ്ടിയിലുള്ള മാനങ്ങളല്ല ഖസാക്കിന്റെ അഴക്. വാസ്തവികതയുടെ അതിരുകൾ ഭേദിച്ചുനില്ക്കുന്ന ഏതോ വിശുദ്ധ ശരീരത്തിന്റെ ദൃശ്യമാണ് ഖസാക്ക് മനസ്സിലുണർത്തുന്നത്. ദൈവം തന്റെ നീതിപീഠത്തിന്റെ മുമ്പിൽവെച്ചു മനുഷ്യഹൃദയങ്ങളെ പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് അമേരിക്കൽ കവി ഹോവെ* എഴുതുന്നുണ്ട്. അന്തിമമായ വിലയത്തിൽ വെണ്മയുടെ മേഖംപോലെ ഖസാക്ക് പരക്കുന്നു. രവിയുടെ ദേവശിരസ്സും മാധവൻനായരുടെ ദേവചക്ഷുസ്സും, പിന്നെയും അനേകം ജീവബിന്ദുക്കളെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഉൾപ്രേരണകളുടെ സംസാരിക്കുന്ന ചോദനകളും ഖസാക്കിന്റെ ആത്മായനങ്ങളും മനുഷ്യരും മനുഷ്യരുടെ പ്രാണസഞ്ചാരങ്ങളുടെ ജീവികളും ജീവബിന്ദുക്കളുടെ വ്യഥിതരായ ശിശുക്കളും ഇങ്ങനെയാണ് ജനിക്കുന്നത്. ഇത് ഖസാക്കിനെ ഗോത്രസ്മൃതികളുടെ ചായവും പരേതാത്മാക്കളുടെ ആശിസ്സും അനുഷ്ഠാനങ്ങളുടെ വെയിലും പ്രാണയാനങ്ങളുടെ നിലാവുംകൊണ്ട് നിറയ്ക്കുന്നു. കാലപ്രവാഹങ്ങളുടെ സന്ധികളിലെ ഏതോ ബിന്ദുവായി നിൽക്കുന്ന ഖസാക്കിനെ പ്രത്യക്ഷങ്ങളുടെ ഒടുങ്ങാത്ത കലവറയായാണ് കാണേണ്ടത്. അതിൽ പ്രപഞ്ചത്തിന്റെ അനേകം സ്വരരാഗങ്ങളും ദുഃഖത്തിന്റെ വിവിധങ്ങളായ ധാതുക്കളും സംഭൃതമായിട്ടുണ്ട്. പ്രസാദത്തിന് നോവലിസ്റ്റ് നൽകിയ അർത്ഥം ഏതെങ്കിലും മഹാകാലത്തിന്റെ പരിധിയിൽ ഒതുങ്ങുന്നില്ല. അത് മനുഷ്യവംശത്തിന്റെ ആദിമമായ ധാരകളോടൊപ്പം പ്രപഞ്ചത്തിന്റെ പാദങ്ങൾ ആർജ്ജിക്കുകയാണ്. ഈ ഭൂമിയിലൂടെ നടക്കാൻ ശീലിക്കുകയാണ്.


അറിവിനുള്ളിലെ ദേവൻ



ജീവിതകാമനകളിൽ വസിച്ചിട്ടും രവിക്ക് ഒന്നിലും വേദന തോന്നിയില്ല, ദുഃഖം അക്ഷമയും വെറുപ്പുമായി പരിവർത്തിക്കപ്പെടുകയായിരുന്നു. അറിവിന്റെ സഫലമായ പകൽക്കിനാവുകൾ നിറഞ്ഞ ജൈവബന്ധങ്ങളെ രവി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. പ്രവൃത്തി മനുഷ്യന് മുക്തിയുടെ അനിയന്ത്രിതമായ ആശീർവാദം പകരുന്നുണ്ട്. രവിയെ ഓർമ്മകളിലത്രയും നിരാശ്രയനാക്കിയിട്ടും, അവയിലെങ്ങും അയാൾക്കു വേദന തോന്നിയില്ല. രോഗത്തെയും ദുഃഖത്തെയും സുരതവുമായി ബന്ധപ്പെടുത്തി അറിവിന്റെയുള്ളിലെ ദേവനെ പ്രസാദിപ്പിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. രതി പുതിയ ജാലകങ്ങൾ തുറന്നിടുന്നു. ഉൾവ്യഗ്രതകളുടെ വിന്യാസങ്ങളെ രതിയുടെ പ്രവർത്തനങ്ങളിലൂടെ കഴുകിക്കളയുന്നു. വീഴ്ചയും ഓർമ്മകളും തന്നിൽ ഒടുങ്ങാത്ത അക്ഷമയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് രവി വിചാരിക്കുന്നു. അറിവിന്റെ ക്ഷേത്രത്തിലേക്കുള്ള പാതയിലാണ് രവി ചിറ്റമ്മയെ അനുഭവിച്ചത്. പിന്നെ കേശിയും കോടച്ചിയും മൈമുനയും അതിൽ പങ്കുചേർന്നു. രോഗബാധിതനായ രവി വീണ്ടും പ്രാപിക്കാൻ ഇച്ഛിക്കുന്നത്, ഖസാക്കിന്റെ അന്തഃസംഘർഷങ്ങളുടെ സാകല്യത വെളിപ്പെടുത്തുന്നുണ്ട്. അറിവിലൂടെ പരിണമിക്കാനുള്ള വെമ്പലിൽ സ്വസ്ഥത നഷ്ടപ്പെടുന്നു. അതിൽ സ്‌നേഹത്തിന്റെ മുത്തുകളാണുള്ളത്. ഡി.എച്ച്. ലോറൻസ്* സൂചിപ്പിക്കുന്നതുപോലെ രതിയെ വെറുക്കുകയും അതേസമയം അതിനെ അനുഭവിച്ച് നിരാകരിക്കുകയും അതിലൂടെ മിഥുനവേളകളുടെ ശൈഥില്യം നേടുകയും ഒടുവിൽ ആത്മാവിൽ ഏകാകിത പെയ്യിക്കുകയുമാണ് രവി. വസൂരിക്കലകളുള്ള ശരീരം, ഓർമ്മകളുടെ പാടുകളുള്ള മനസ്സ്. അതുമായി രവി മൈമുനയെ പ്രാപിക്കുന്നു. ആത്മസംഘർഷങ്ങളുടെ പൊട്ടിയൊലിക്കുന്ന പകലുകളും രാത്രികളും അലറിക്കൊണ്ട് ലോകത്തിന്റെ ശരീരത്തിലേക്ക് ചാടിവീഴുകയാണ്. പ്രാർത്ഥനകൾ രൗദ്രമായ ഉച്ചാരണങ്ങളായിമാറുന്നു. സത്യത്തിൽ ദുഃഖത്തിന്റെ ഭ്രാന്തമായ അലച്ചിലാണ് അറിവിന്റെ വാതായനങ്ങളിൽ മനസ്സിനെ കൊണ്ടെത്തിക്കുന്നത്. വിജയൻ അറിവിന്റെ സൂര്യരഥങ്ങളിൽ യാത്രചെയ്യുന്ന മനുഷ്യനെ സൃഷ്ടിക്കുകയാണെങ്കിലും ഖസാക്കിന്റെ അനന്തമായ ജ്ഞേയതകളുടെ പൂട്ട് തുറക്കാനാണ് ഉദ്യമിക്കുന്നത്. പ്രകൃതിയുടെ ശരീരത്തിലും ഉൾപ്രേരണകളിലും ദേവശിരസ്സുകളിലും കൊരുത്തുവയ്ക്കുന്നത് ഇതാണ്. പച്ചമഷിയുടെ അടിവരകൾ മന്ദിരത്തിന്റെ കിളിവാതിലുകളായെന്നും അതിന്റെ അനന്തമായ ആലസ്യത്തിൽ രവി പുറത്തേക്ക് നോക്കിയെന്നും വനലും മഞ്ഞും പുല്ലും കരിമ്പനയും ആവർത്തിക്കുകയാണെന്നും എഴുതുമ്പോൾ അത് ഖസാക്കിന്റെ ആന്തരിക വ്യഗ്രതകളുടെ മിഴികലും ഋതുക്കൾ നൃത്തം വയ്ക്കുന്ന ശരീരവുമാണ് കാണിച്ചുതരുന്നത്. ഈ കാഴ്ചകളിലൂടെ ഖസാക്കിന്റെ രൂപപരിണാമങ്ങളിലേക്ക് ബോധം ചെന്നെത്തുന്നു. അറിവിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഖസാക്കിന്റെ തനുവിലേക്ക് പറന്നുചെല്ലുന്നു. ഖസാക്കിലെ വിപുലമായ അന്തർധാരകളായി നില്ക്കുന്ന എല്ലാ ചരാചരങ്ങളും അറിവിന്റെ മൂശയിലൂടെ വീണ്ടും കണ്ടെത്തപ്പെടുകയാണ്. അത് മനുഷ്യരിലൂടെ മിന്നിമറഞ്ഞ് മണ്ണിന്റെ നാഴികയിൽ അമരുന്നു. ബോധത്തിൽ ഖസാക്കിന്റെ ധാതുക്കൾ വന്നുനിറയുന്നു. പൊടിയും കാറ്റും മഞ്ഞും എല്ലാം നോവലിസ്റ്റിന്റെ അറിവിന്റെ അസംസ്‌കൃതവസ്തുക്കളാണ്. അവയിൽനിന്നാണ് ലോകത്തിന്റെ നിശ്ശബ്ദതയും പൂക്കുലകളും നിർമ്മിച്ചെടുക്കേണ്ടത്. ഈണങ്ങളുടെ വീഞ്ഞും കായ്കനികളുടെ രാഗവും വസ്തുക്കളുടെയുള്ളിലിരുന്ന് സ്പന്ദിക്കുന്നുണ്ട്. ജീവികളെയും വസ്തുക്കളെയും ഒരുപോലെ സ്‌നേഹിച്ചുകൊണ്ട് ഖസാക്കിൽ മനസ്സ് നീങ്ങുന്നു. രവി രതിയിലൂടെ തിരയുന്നതും മുക്തിയുടെ അറിവാണ്. യേശു മനുഷ്യർക്കിടയിലൂടെ നടന്നുപോയ സന്ദർഭം പീറ്റർ മാർഷൽ* അറിയിക്കുന്നുണ്ട്. അവരുടെ സാന്നിധ്യത്താൽ യേശുവിന്റെ ഹൃദയം സ്പർശിക്കപ്പെട്ടു. ചിത്തത്തിൽ പ്രാർത്ഥനയുണ്ടായി. ദൈവത്തിന്റെ ധൈര്യദാനത്തിനായി, പരിശുദ്ധ അലൗകികതയിലേക്കുള്ള രഥം നിങ്ങൾക്കുള്ളിലാണെന്ന് യേശു അവരോടു പറഞ്ഞു. അറിവിനുവേണ്ടിയുള്ള തൃഷ്ണയിലേക്ക് പ്രവേശിക്കുകയായിരുന്നു. ലോകത്തിൽ മുഴുകുന്നതും അറിവിന്റെ തുരുത്തിലേക്ക് സവാരിചെയ്യുന്നതും രചനയുടെ വേളയിൽ വിജയൻ ധരിച്ചിരുന്നു. സംഭാഷണങ്ങളും സന്ദർശനങ്ങളും മുറ്റി നില്ക്കുന്നതാണ് ഓർമ്മകൾ. അവയെ മനസ്സിന്റെ പൊയ്കയിൽ നീന്താൻ അനുവദിക്കുക. നിങ്ങളുടെയുള്ളിൽനിന്ന് അന്യന്റെ മനസ്സിലേക്ക് യാത്രചെയ്യുക. അവിടെ കാലങ്ങളുടെ നൂൽപ്പാലങ്ങളു്.

ഭോഗാലസ്യത്തിൽ, ഓർമ്മകളുടെ മഞ്ഞിൽ, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്റെ വിലോലമായ തന്ത്രികളുണർത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങൾക്കുപരിയായി ആശക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്റെ ദേവനിലേക്ക് അഭയാർത്ഥിയായി നീങ്ങുന്ന ഖസാക്കിന്റെ പ്രാർത്ഥന സുരതത്തിന്റെ പ്രവർത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്റെ ക്ഷേത്രങ്ങൾകൊണ്ട് മർത്യനെ നവീകരിക്കുന്നു. ശാന്തനാക്കുന്നു. യാഥാർത്ഥത്തിൽ, വാങ്കുവിളിപോലെ പവിത്രമായ ഒരു കർമ്മമാണ് രതി, ഇവിടെ. വ്യസനത്തിൽനിന്ന് അന്വേഷണങ്ങളിലേക്ക് പ്രാർത്ഥന എങ്ങനെ എത്തിച്ചേരുന്നുവോ, അതേ വേഗത്തിൽതന്നെ കാമനകൾ മനുഷ്യരിലൂടെ ദൈവത്തിലേക്ക് നടന്നടുക്കുന്നു. റോസയുടെ ചൈതന്യം, എന്നെ സ്‌നേഹത്തിന്റെ കുലീനമായ നാഴികകളെ, വേണ്ടപോലെ, ബോധ്യപ്പെടുത്തുന്നുണ്ട്. ഞാനിവിടെ അജ്ഞനായിരുന്നാലും സൗന്ദര്യത്തിന്റെ മധുരാനുഭവങ്ങളിലാണ് വസിക്കുന്നത്. - അറിവിനുള്ളിലെ ദേവനിലെത്തിച്ചേരുന്ന ഐഹികമുഹൂർത്തങ്ങളുടെ ഗുണവിരക്തമായ സ്പർശങ്ങളാണ് സ്വാമി പരമാനന്ദ*യുടെ വാക്കുകളിൽ ജ്വലിച്ചുനില്ക്കുന്നത്.  ഖസാക്കിന്റെ പുരാണങ്ങളിലൂടെ ഏതോ സന്ദേശവും പേറി അലയുന്ന മനുഷ്യരും റോസയിൽനിന്നെന്നപോലെ എല്ലാ ബന്ധങ്ങളിൽനിന്നും സത്യം വലിച്ചുകുടിക്കുകയാണ്. ഖസാക്കിൽ, സ്മൃതിയുടെ കൂട്ടിൽ, ജൈവലോകത്തിന്റെയും പദാർത്ഥലോകത്തിന്റെയും അറിവിനുള്ള തൃഷ്ണയാണ് സംഭരിച്ചിരിക്കുന്നത്. സത്യത്തിൽ, ഖസാക്ക് രവിയിലൂടെയും മൈമുനയിലൂടെയും മാധവൻനായരിലൂടെയും കരിമ്പനകളിലൂടെയും ഷെയ്ഖിന്റെ വിചാരങ്ങളിലൂടെയും സ്വയം തിരിച്ചറിയുകയാണ്. ആ തിരിച്ചറിവ് അറിവിനുവേണ്ടിയുള്ള തീർത്ഥാടനത്തെയും തൃഷ്ണയുടെ നിമ്‌നോന്നതങ്ങൾ നിറഞ്ഞ താഴ്‌വരകളെയും പരിചയപ്പെടുത്തുന്നു. സ്‌നേഹവും പാപവും ലയിച്ചില്ലാതാകുന്ന സംവത്സരങ്ങൾ ഖസാക്കിന്റെ നാഴികകളാകുന്നു. അവിടെ, ശാന്തമായ അവശിഷ്ടങ്ങളിൽ ഷെയ്ക്കിന്റെ പുരാവൃത്തങ്ങൾ ലയിക്കുന്നു. ഷെയ്ഖിനെയും ശ്രാദ്ധത്തെയും സ്മരിച്ചുകൊണ്ട് ഖസാക്കുകാർ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ പിന്നെയും അറിവിന്റെ ദലങ്ങൾ വിടർന്നു കിടപ്പുണ്ട്. ഖസാക്കിലെ പാറക്കെട്ടുകളിൽ സമാധിയിരിക്കുന്ന ഷെയ്ഖ്  മർത്യന് ശാന്തിയും സാന്ത്വനവും നൽകി സംരക്ഷിക്കുന്നു. മൃണ്മയമായ ആശ്വാസങ്ങളിൽ, ഗതകാലത്തിന്റ ഉള്ളറകളിൽ കാറ്റുകൊള്ളാനുള്ള ആന്തരാഭിലാഷങ്ങളിൽ സാന്ദ്രമായതാണ് ഈ തൃഷ്ണ. അറിവിന്റെ രാത്രികളിലൂടെ കടന്നുപോകുമ്പോൾ വസ്തുതകൾക്കും ജൈവസംയുക്തങ്ങൾക്കും എന്തു സംഭവിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. അവയെ ആത്മയാത്രകളിലേക്ക് വിളിച്ചുവരുത്തുകയും പ്രപഞ്ചധാരകളിലെ വിരുന്ന് എന്ന ജീവിതമുഹൂർത്തം അണിയിക്കുകയുമാണ്. പിതൃക്കളെയൂട്ടാനും മൺമറഞ്ഞവരുടെ ഓർമ്മകളിൽ വിലയം കൊള്ളാനും ജനിക്കുന്ന കൗതുകങ്ങളുടെ വേരുകൾ, ആയുസ്സിന്റെ ജീവജലം ഷെയ്ഖിന്റെ ചിരിയും സാന്ത്വനവും സ്‌നേഹവും കൈപ്പറ്റുമ്പോൾ ദുഃഖങ്ങളിൽ നിന്നുള്ള മാർഗ്ഗം തുറക്കപ്പെടുമെന്ന് കരുതുന്നു. അതിന്റെ ശാന്തതയിൽ കാതുചേർത്തുവച്ച് കിടക്കുന്നു. അപ്പുക്കിളിയുടെ അജ്ഞാതവാസത്തിലും നൈസാമലിയുടെ പ്രവാസത്തിലും അറിവിന്റെ മോചനം അന്തർഭവിച്ചിട്ടുണ്ട്. രവി രതിയിലൂടെയും ആലോചനകളിലൂടെയും ദുർബലമായ പ്രവർത്തനങ്ങളിലൂടെയും നേടുന്ന അറിവും അപ്പുക്കിളിയുടെയും നൈസാമലിയുടെയും പ്രവാസത്തിലൂടെ തെളിയുന്ന ജ്ഞേയതയും ഏതോ ഭ്രമണത്തിന്റെ ഉപരിതലത്തിലാണ്. അപ്പുക്കിളി ചെതലിയുടെ താഴ്‌വരയിൽ ഷെയ്ഖിന്റെ അസ്പൃശ്യമായ കരുണയ്ക്ക് ഇരയായി. അത് അവന്റെ അബോധമായ ചോദനകളെ സ്‌നാനപ്പെടുത്തി. അതിന്റെ സുഖലോലുപതയിൽ ജന്മങ്ങളുടെ തണുപ്പറിഞ്ഞു. ഏകാന്തതയുടെ മുക്തി ബോധ്യപ്പെട്ടു. നൈസാമലിയുടെ ദേവകാല്പാദങ്ങളിലും ദിവ്യശിരസ്സിലും അലച്#ിലിലും സരളമായ അറിവുകൾ പരാഗം പൊഴിക്കുന്നു. ദുഃഖസ്മരണകളുടെയും പ്രതിരോധിക്കാത്ത ഗതകാലത്തിന്റെയും അടിയൊഴുക്കുകളിൽനിന്ന് നിഷ്‌ക്രമിച്ച് അയാൾ ഉപരിതലത്തിലൂടെ വേഷപ്രച്ഛന്നനായി നടന്ന് മറയുകയാണ്. രതിയും പ്രാർത്ഥനയും അയാൾക്ക് പരസ്പരം ആശ്വസിപ്പിക്കുന്ന ദിവ്യവിധികളാണ്. ഇവിടെയും പദാർത്ഥവും മനസ്സും യോജിച്ചു ഒന്നാകുന്നു. അതിന്റെ ലാളിത്യത്തിൽ അറിവിന്റെയുള്ളിലെ ദേവൻ പ്രത്യക്ഷപ്പെടുന്നു. അതെ, ഷെയ്ഖിനെ തേടി വസ്തുക്കളിലും മനുഷ്യരിലും പ്രകൃതിയിലും ഒരുപോലെ അലയുകയായിരുന്നു ഖസാക്കുകാർ. അറിവിന്റെ കനി ഷെയ്ഖിന്റെ വസതിയിലുണ്ടായിരുന്നു. അയാൾ ദൈവത്തിന്റെയും മനുഷ്യരുടെയും ചരിത്രാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പേടകമായിരുന്നു. ദുഃഖത്തിന്റെ മഥനമില്ലാത്ത ആ സുഖത്തിനുവേണ്ടിയാണ് ഖസാക്ക് ഉണർന്നത്. മനുഷ്യരുടെയും പദാർത്ഥങ്ങളുടെയും സഞ്ചാരത്തിലൂടെ സ്ഥാവരങ്ങൾക്കും പ്രയാണമുണ്ടായതായി രവി അറിയുന്നുണ്ട്. സ്ഥാവരങ്ങളുടെ പ്രയാണത്തിലും ആത്മാവിന്റെ അറിവുകൾ മറഞ്ഞുകിടന്നു. രവിയുടെ യാത്ര, അപ്പുക്കിളിയുടെ യാത്ര, നൈസ്സാമലിയുടെ യാത്ര, മൊല്ലാക്കയുടെ അന്ത്യയാത്ര, എല്ലാം അറിവിന്റെ ദേവനിലേക്കുള്ള ഖസാക്കിന്റെ യാത്രകളാണ്. ഉൾപ്രേരണകളുടെ അനന്തമായ കൃപയിലും നിസ്സീമമായ സഞ്ചാരത്തിലുമാണ്  ഖസാക്കിന്റെ തൃഷ്ണകൾ വിശ്രമംകൊള്ളുന്നത്.

ഇനി അറിവിന്റെ അദൃശ്യങ്ങളായ അന്തഃസ്ഫുരണങ്ങളെക്കുറിച്ചോർക്കാം. തോട്ടുവക്കിൽ ആബിദ തനിച്ചായി. കൃഷ്ണകാന്തികൾ മൂടിയ കരയിൽ അവൾ എന്തോ ഓർത്തുകൊണ്ടിരുന്നു. ഇവിടെ, തോടുവെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ഓതോ നിറുങ്ങുകളെക്കുറിച്ച് വിജയൻ ഓർമ്മിക്കുന്നുണ്ട്. അറിവിന്റെ പ്രത്യക്ഷസഞ്ചാരമായിത്തീരുന്ന മനുഷ്യർക്കൊപ്പം, അവ്യക്തമായ ഏതോ ചിലതിനു ചുറ്റും നിന്ന് തിരിയുന്ന ഖസാക്കിന്റെ ഹൃദയാവസ്ഥയെയും ദുഃഖാവസരത്തെയും വസ്തുവൽക്കരിക്കാനുള്ള വെമ്പലിലാണ് വിജയൻ ബിംബങ്ങളിലെത്തിച്ചേരുന്നത്. എന്നാൽ ബിംബങ്ങൾ സ്വാശ്രയത്വത്തിന്റെ പിൻബലമുള്ളവയല്ല. അവയുടെ നൊടിനേരത്തോ ആവിർഭാവത്തിലൂടെ ഖസാക്കിന്റെ മുഖം ഉയർന്നുവരുകയാണ്. ആബിദയുടെ ദുഃഖത്തെയും നിരാശ്രയധാരണകളെയും സാന്ത്വനിപ്പിക്കുന്ന ബാഹ്യസാന്നിദ്ധ്യം വെള്ളത്തിലെ ചലനത്തിലൂടെ പ്രകടമാവുന്നു. ഓരോ സന്ദിഗ്ദ്ധതകളെയും പിന്തുടരുന്ന ആജ്ഞേയമായ ആശീർവാദങ്ങളും ഖസാക്കിലുടനീളമുണ്ട്. അഭയധാരണകൾ ഖസാക്കിന്റെ ലൗകികശരീരത്തെ കൂടുതൽ കൂടുതൽ യാതനകളിലേക്ക് തള്ളിയിടുന്നു. നന്മതിന്മകൾക്കപ്പുറത്ത്, വേദനയുടെ അനൈഹികമായ ഉടൽ പ്രത്യക്ഷപ്പെടുന്നു. സത്യബോധങ്ങൾക്കു വെളിയിൽ വിശ്വാസങ്ങളുടെ തണൽ പരന്നുകിടക്കുന്ന കർമ്മവുമുണ്ട്. മനുഷ്യനും പ്രകൃതിയും ചേർന്നാലും, അതിനപ്പുറത്ത് നിത്യതയുടെ വിശ്രാന്തിയിലേക്കുള്ള തൃഷ്ണ ഖസാക്കിൽ അവശേഷിക്കുന്നത് ഇതുകൊണ്ടാണ്. ശ്രാവണസന്ദർഭങ്ങളുടെ ഇടവഴികളിലൂടെ ചോദനകളെയത്രയും വഹിച്ചുകൊണ്ട് യാത്ര തുടരാം. അറിവിന്റെ ഏതു മുനയിലാണ് ലോകം  തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവൻ വിരൽത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നുതുപോലെ വിരലുകൾ അടർന്നുലഞ്ഞ് താഴെ വീഴുന്നതുപോല. അറിവിന്റെ ഭർത്സനം കാമമാണോ? രതിയുടെ നിമിഷങ്ങളിൽ മനുഷ്യന്റെ ഏതു ജിജ്ഞാസയാണ് കത്തിപ്പിടിക്കാത്തത്? അറിവിന്റെ ഇലത്തണുപ്പ് തിരക്കി യാത്ര തിരിച്ചപ്പോൾ, ആ ചിന്തകളിൽ ആശ്വാസങ്ങളുടെ അവസാനത്തെ തിര ഒരു പ്രതീക്ഷയായി കടന്നുകൂടിയിരുന്നു. ഒരു ബിന്ദുവിലേക്ക് ജന്മങ്ങളുടെ തുടർച്ചകൾ ഒതുങ്ങിക്കൂടാത്തതിനെക്കുറിച്ച് ഈ എഴുത്തുകാരൻ ചിന്തിച്ചു. അതിലൂടെ കാലത്തിന്റെ കാലവർഷവും ഹിമപടലവും ഒഴുകിവന്നു. അറിവിന്റെ വ്യഥിതവും ആശ്വാസരഹിതവുമായ ദൃശ്യാത്മകതയാണ് ചുക്രുരാവുത്തരുടെ ക്ഷീണനിശ്വാസത്തിലും കാണുന്നത്. ഉമ്മയില്ലാതെ നിലവിളിച്ച മകളെ ഉറക്കാൻ താൻ പാടിയപാട്ട് അയാൾ ഓർക്കാൻ ശ്രമിച്ചു. ആശകളുടെ മുന്തിരിക്കാടുകളിൽനിന്ന് അവളെന്നാണ് ഒരു പഴക്കുലയെത്തിക്കുക?  സ്വപ്‌നങ്ങളും സാന്ധ്യപ്രഭകളും കടന്ന് അയാൾ ഖസാക്കിന്റെ അന്തർധാരകളിലൂടെ നീങ്ങുകയാണ്. അവിടെയെങ്ങും മകളെ ആശ്വസിപ്പിക്കാൻ വാക്കുകളും പദാർത്ഥങ്ങളുമില്ല. പൊരുളുകളുടെ നിഗൂഢമായ പ്രസാദങ്ങളിലേക്ക് അയാൾ വർധിച്ച താത്പര്യത്തോടെ ചേക്കേറാനാഞ്ഞു. ചില്ലുവാതിലുകളുടെ കിന്നരശബ്ദത്തിൽ ആ മനുഷ്യന് എന്താണ് നഷ്ടപ്പെട്ടത്? ഒടുവിൽ പ്രത്യാശയുടെ കിണറ്റിൽനിന്ന് അറിവിന്റെ സമാധിയും വേദനയും കലർന്ന പുരാതന ജന്മസ്മൃതികൾ കണ്ടുകിട്ടുന്നു. പനകയറ്റക്കാർ പറയുന്ന കഥയിലും ചന്തുമ്മയുടെ കഥയിലും അറിവിനെ അനുഗമിക്കുന്ന കിനാവുകൾ കാണാം. അറിവിലൂടെ മുക്തിയിലേക്കെത്തുന്ന സാത്വികതയുടെ കൃഷ്ണപഞ്ചമികൾ ഖസാക്കിന്റെ തിന്മയിൽപ്പോലുമുണ്ട്. ഖസാക്കിന്റെ വസ്തുബോധത്തെ അറിയാൻ ശ്രമിക്കുന്ന ഓരോ വേളയിലും ബാഹ്യലോകത്തിന്റെ നീതിബോധം ഉലഞ്ഞുചിതറുന്നു. ഖസാക്കിന്റെ ധാരണകൾ അറിവിനുള്ളിൽനിന്ന് ദേവന്മാരെ ചമയിച്ചൊരുക്കുന്ന ശംഖനാദങ്ങൾ നിറഞ്ഞതാണ്. അതിൽ ആനന്ദത്തിന്റെയോ, വിഷാദത്തിന്റെയോ സംസാരരൂപങ്ങളല്ല പ്രസാദത്തെ നിർണ്ണയിക്കുന്നത്; രവി കുട്ടികൾക്ക് ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുമ്പോൾ, കുപ്പുവച്ചൻ ഓന്തിനെ പിടിക്കാൻ വ്യഗ്രനാവുമ്പോൾ, രവി കേശിയെ വിമൂകതയുടെ ഇരുട്ടിൽ അനുഭവിക്കുമ്പോൾ, ചെതലിമലയിൽ രവിയും കുട്ടികളും സവാരിചെയ്യുമ്പോൾ, കുട്ടാടൻ പൂശാരിയുടെ ദൈവപ്പുരയിൽ ഖസാക്കുകാർ അസ്വസ്ഥരാവുമ്പോൾ, അപ്പുക്കിളി തുമ്പികളെ തേടി തോട്ടുവക്കിൽ നില്ക്കുമ്പോൾ, രവി മൈമുനയുടെ അരക്കെട്ടിലെ രക്ഷായന്ത്രം അഴിച്ചെടുക്കുമ്പോൾ, ചിറ്റമ്മയെ അറിയുമ്പോൾ... ഖസാക്കിന്റെ ഭ്രമവും ശാന്തതയും കലർന്ന അറിവാണ് ഉദിച്ചുയരുന്നത്.അറിഞ്ഞുവെന്നും ഓർമ്മകൾ നുണഞ്ഞുവെന്നും അറിവിന്റെ കണ്ണുകൾ മൂടുന്നുവെന്നും വിജയൻ എഴുതുന്നുണ്ട്*. ഭ്രമാവസ്ഥകളുടെ ഐഹികതയും പ്രാണയാനങ്ങളുടെ പരിണാമവും വിശ്വാസങ്ങളുടെ രോദനം നിറഞ്ഞ അനുഷ്ഠാനങ്ങളും ചേർന്നുള്ള ഖസാക്കിന്റെ ലൗകികത മീനവെയിൽപോലെ പരന്നൊഴുകുന്നതു കാണുന്നു.


**മനസ്സിന്റെയും ഖരവസ്തുവിന്റെയും അധോതലങ്ങളെ വിപുലമായ ഒരു സമയചുറ്റളവിൽവെച്ച് ഏകോപിപ്പിക്കുന്ന കലാതന്ത്രമാണ് വിജയന്റേത്. വിജയൻ മനുഷ്യനെ സ്‌നേഹിക്കുന്നുവെന്ന് പറയുമ്പോൾ നാം അർത്ഥമാക്കേണ്ടത്, തന്റെ വിശ്വസ്‌നേഹത്തിലെ ഒരു ഇന്ധനം ലഭിച്ചിരിക്കുന്നു എന്താണ്. ഏകാന്തതയിൽ മനുഷ്യനും വസ്തുവും ലോകവും ആർദ്രതയുടെ തിരുവെഴുത്തായി മാറുന്നു. കരുണ കണ്ണെഴുതുന്ന ആനന്ദവേളകൾ സന്താപത്തിന്റെ അടിത്തട്ടിൽ നിന്ന് മെല്ലെ ഉയർന്നുവരുകയാണ്. ഒടുവിൽ മനുഷ്യന്റെ വളരെ പരിമിതമായ, ഏറെ പ്രകടിപ്പിക്കപ്പെട്ട ലോകം തിരോഭവിക്കുന്നു. എന്നിട്ട് സമഗ്രതയുടെ അനുഭവത്തിൽനിന്ന് നിരാലംബതയും ആശ്രയവും ചേർന്നുണ്ടാകുന്ന പ്രാപഞ്ചികദൃശ്യാത്മകത തെളിയുന്നു. ഖസാക്കിന്റെ വ്യക്തമായി വരുന്ന യാഥാർത്ഥ്യമാണിത്.


സപ്തസ്വരങ്ങളുടെ വിഷാദം



അറിവിന്റെ വരവ് ഖസാക്കിൽ ജരാനരകളുടെ നിത്യതയുടെ ഭീതിയും ജന്മങ്ങളുടെ പിരിമുറുക്കവും സൃഷ്ടിച്ചു. അതിന്റെ അപാരമായ അനുഭവത്തിൽ ദൃഷ്ടിയുടെ തമസ്സലിയുന്നു. മുക്തിയുടെ വചസ്സുതിരുന്നു. വസ്തുക്കളുടെ ഓർമ്മയിൽനിന്നും മനസ്സിൽനിന്നും ഖസാക്ക് മുമ്പോട്ടായുകയാണ്. പിതൃക്കൾക്ക് ശ്രാദ്ധം ചെയ്യുന്ന ദിനങ്ങൾ ഖസാക്കിലൂടെ കടന്നുപോകുന്നു. ഖസാക്കിന്റെ പ്രാകൃതമായ അനുഷ്ഠാനങ്ങളിൽ മൺമറഞ്ഞവരുടെ സ്മൃതിചിത്രങ്ങളുണ്ട്. ഷെയ്ഖിന്റെ പൂർവ്വസ്മൃതിയിലൂടെ തങ്ങളുടെ ആദിമമായ രക്ഷകനെ ഉറപ്പിക്കുകയാണ്. പ്രാകൃതവർഗ്ഗാധിഷ്ഠിതജീവിതത്തിൽ, ദൈവത്തിന്റെ സംജ്ഞ (ശറലമഹ)പൊന്തിവന്നതു മൃതദേഹങ്ങളെ ചുറ്റിപ്പറ്റിയുള്ള അനുസ്മരണങ്ങളിൽനിന്നായിരുന്നുവെന്ന് ഗ്രാന്റ് അല്ലൻ* എഴുതുന്നു. ഖസാക്കിലും, ഏതോ പ്രാക്തനജീവിതത്തിന്റെ സാന്നിദ്ധ്യമുണ്ട്. മൃതമായ ദിവ്യശരീരത്തിന്റെ ആയുസ്സ് ഓർമ്മകളിലൂടെ അലയുന്നു. അതിന്റെ ലഹരിയിൽ ഖസാക്കിലെ മണൽത്തരിപോലും ആശിസ്സുകളെ നേരിടുകയാണ്. വാക്കുകൾ തോടുപൊട്ടിച്ച് കടന്നുവരുന്നു. വാക്കുകൾക്കും മാന്ത്രികതയുണ്ട്. മൗനങ്ങൾ ശരീരങ്ങൾക്കപ്പുറത്തുള്ള കാലത്തിലേക്ക് പെറ്റുവീഴുന്നു. അവ ശരീരത്തിലൂടെയാണ് കാലത്തെ അതിജീവിക്കുന്നത്. അതിന്റെ സഭ്യതയിൽ ഖസാക്കിന് സുരതത്തിന്റെ പൂർണ്ണതയുണ്ട്. ഷെയ്ഖിന്റെ ഓർമ്മകളിലൂടെ കാമത്തിന്റെ മുഖാവരണങ്ങൾ തെഴുത്തുവരുന്നു. ഗാർഹ്യസ്ഥ്യത്തിന്റെ അലകൾപോലും കോമളമായ ദുരിതങ്ങളിൽ നിമഞ്ജനം ചെയ്തിരിക്കുന്നു. പ്രവർത്തനങ്ങളുടെ നട്ടെല്ലുകളിൽ ദൈവത്തിന്റെ കൈവിരലുകൾ കാണാം. പ്രവർത്തനങ്ങളുടെ സമാധി. ഖസാക്കിന്റെ ലോചനകൾ പ്രവർത്തനങ്ങളുടെ പ്രത്യക്ഷങ്ങളിലാണ് അന്തർഭവിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾ നിത്യമായ ആതുരതകളുമായി പ്രാർത്ഥനകളിലേക്ക് മടങ്ങുമ്പോഴാണ് അറിവിന്റെ വിളയാട്ടം തിരോഭവിക്കുന്നത്. അറിവ് ആത്മാവിന്റെ പ്രാണയാനങ്ങളുടെ പ്രാപഞ്ചികതയാണ്. അറിവിന്റെ വിരലുകളും ശിരസ്സും ലോകത്തിന്റെ ഏതോ ഗർഭഗൃഹങ്ങളെയാണ് വഹിക്കുന്നത്. അറിവിന്റെ തനുവിൽ പദാർത്ഥലോകത്തിന്റെ സപ്തസ്വരങ്ങളാണുള്ളത്. സപ്തസ്വരങ്ങളുടെ വിഷാദം പൂർത്തിയാവുന്നത് ജൈവലോകത്തിന്റെ അന്വേഷണം നിലച്ചുപോകുമ്പോഴാണ്. ഓരോ വസ്തുവും ദുഃഖത്തിന്റെ സമുദ്രത്തിലേക്കുള്ള കടത്തുവഞ്ചിയാണ്. വിരഹം മൗനത്തിന്റെ പക്ഷിയായിവന്ന് ആത്മസഞ്ചാരങ്ങളുടെ ശിഖരങ്ങളിൽ കൂടുകൂട്ടാനിവവരുന്നതിങ്ങനെയാണ്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ ഇവ്വിധം വിരഹത്തിലേക്കും സമാധിയിലേക്കും നീങ്ങുന്ന ജൈവബിന്ദുക്കളിലൂടെ അറിവിന്റെ അനാഥത്വത്തിലെത്തിച്ചേരുന്ന മനസ്സുണ്ട്. അതാണ് വിജയന്റെ സത്യവാങ്മൂലങ്ങളുടെ ദുഃഖഭരിതമായ ആന്തരമുഖം. 

അറിവിന്റെ അടിത്തട്ടിലെ വിഷാദരേണുക്കളെ നോവലിസ്റ്റ് ഗാഢമായി അനുഭവിക്കാൻ ശ്രമിക്കുകയാണ്. ചെതലിമലയിലെ കാട്ടുചോലയിൽ ഉറങ്ങിക്കിടന്ന പരൽമീനിനെക്കുറിച്ച് ഓർത്തുപോവുന്നു. കാലത്തിന്റെ സ്പർശമേൽക്കുമ്പോൾ അവൻ വെള്ളച്ചാലിലേക്ക് നീന്തിത്തുടങ്ങും. കോരിച്ചൊരിയുന്ന മഴയത്ത് ഖസാക്കുകാർ അവനെ കണ്ടുവെന്ന് വിജയൻ രേഖപ്പെടുത്തുന്നുണ്ട്. സ്‌നാനം ചെയ്യുന്ന പരൽമീനിന്റെ ഈ ചിത്രം അധോയാഥാർത്ഥ്യങ്ങളിലേക്ക് മുഖം തിരിച്ചുനില്ക്കുന്നു. ഖസാക്ക് നേരിടുന്ന പുതിയ പരിണാമങ്ങളുടെ അന്തർഘടനയിൽ പ്രപഞ്ചത്തിന്റെ ദിവ്യമായ ഭാവം കുടികൊള്ളുന്നുണ്ട്. അറിവിന്റെ സമാധിയിലേക്കുള്ള ഖസാക്കിന്റെ പരിവർത്തനത്തിന്റെ ദൈവികമായ ഒരു സൂചന എന്ന അർത്ഥത്തിലാണ് നോവലിൽ പരൽമീൻ കടന്നുവന്നിരിക്കുന്നത്. അവൻ പ്രകൃതിയുടെ അരുമ സന്തതിയാണ്. അവനിൽ പ്രസാദത്തിന്റെ കുതികൊള്ളുന്ന അഭിനിവേശമുണ്ട്. ദൈവത്തിന്റെ സീമയറ്റ പുഞ്ചിരിയുണ്ട്. അവൻ പ്രഭാതത്തിന്റെ വിഷാദം മുഴുവൻ ആവാഹിക്കുന്നു. എന്നാൽ അബോധത്തിന്റെ ബാഹ്യമായ ചക്ഷുസ്സുകൾ ഈ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. മഴയുടെ കാഠിന്യത്തിൽ പരൽമീനിന്റെ സമയബോധമുണരുന്നു. അവന്റെ ഉറക്കം ശമിക്കുന്നു. അങ്ങനെ തോട്ടിലെത്തിച്ചേരുകയാണ്. ഖസാക്കിന്റെ രൂപഭ്രംശങ്ങളുടെ അനുക്രമമായ പഥങ്ങളിലെ പ്രസാദം നിറഞ്ഞ മുന്നറിയിപ്പാണിത്. വിജയന്റെ സ്മൃതിഘടനയെ അപഗ്രഥിക്കുമ്പോൽ മാത്രം ലഭ്യമാകുന്ന ഇത്തരം പ്രതീകങ്ങളിൽ മുകുളങ്ങളിൽനിന്ന് ഖരത്തിലേക്കും ദ്രവ്യത്തിൽനിന്ന് ആയുസ്സിന്റെ മൗനത്തിലേക്കും നീങ്ങുന്ന മനസ്സിന്റെ യാത്രകളെ കാണാം. ഇവിടെയാണ് ഖസാക്കിന്റെ ഗ്രാമ്യമായ സ്വച്ഛതകൾ തങ്ങിനിന്നത്. ഖസാക്കുകാരുടെ ആത്മബോധങ്ങളുടെ പ്രകടനം ഇവിടെ ദൃശ്യമാവുന്നു. അനുഷ്ഠാനങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് ഐഹികധാരണകളിലൂടെ പ്രവാസികൾ കാലത്തിന്റെ ഏതോ ശമനം ഉള്ളിൽ മുളച്ചിട്ടെന്നോണം സമാധിയുടെയും വിഷാദകാലമൗനത്തിന്റെയും മാർഗങ്ങൾ ആരാഞ്ഞുതുടങ്ങുന്നു. പ്രപഞ്ചത്തിന്റെ മഹത്തായ അന്തർധാരകളായിരിക്കാം. ഉൾപ്രേരണകളുടെ അനേകം ശരീരങ്ങളായിരിക്കാം; എന്നാൽ മാറ്റത്തിന്റെ ഋതുചക്രം സമാധിയിലൂടെ മനുഷ്യർക്കപ്പുറം പോകുന്നതിൽ കൂടുതൽ മനോഹരമായിരിക്കുന്നത് എപ്പോഴാണ്? വിജയന്റെ സൃഷ്ടിപ്രക്രിയയിൽ അർത്ഥവത്തായ വിരാമത്തിന്റെ കാല്പാടുകൾ കാണുന്നത് ഖസാക്കിന്റെ പരിണാമത്തിലാണ്. ഇവിടെ, മനുഷ്യനും വസ്തുക്കളും പ്രകൃതിയും പ്രപഞ്ചത്തിന്റെ ഓരോ കോണിലിരുന്നുകൊണ്ട് കാലം സൂക്ഷിക്കാൻ വെമ്പുകയാണ്. അതിനായി അവർ ആയുസ്സിനെ തട്ടിക്കളിക്കുകയാണ്. ഈ ദൃശ്യാത്മകതയിലൂടെ ഖസാക്കിൽ കാലം ഉറഞ്ഞു തണുക്കുന്നു. കാലവർഷം പെരുവിരലോളം ചുരുങ്ങിയെന്ന് വിജയൻ അറിയിക്കുന്നുണ്ട്. അതായത് നരനും പദാർത്ഥവും ചേർന്ന സംയുക്തമായ ഉദ്യമങ്ങൾ നിഷ്‌ക്രമിക്കുകയും ലോകത്തിന്റെ ദ്രവിച്ച അസ്ഥിപഞ്ജരം തള്ളിവരുകയും ചെയ്യുന്നു. ഇതിൽ നോവലിസ്റ്റ് നേടിയെടുത്ത കലാസിദ്ധി ആദ്ധ്യാത്മികമായ പ്രവാസത്തിന്റേതാണ്. മഴ പെയ്ത് നനഞ്ഞ പ്രാണയാനങ്ങളുടെ ഓർമ്മകളാണ് ഖസാക്കിൽ നിറഞ്ഞുനിൽക്കുന്നത്. അറിവിന്റെ വരവ്, ഈ അർത്ഥത്തിൽ സപ്തസ്വരങ്ങളുടെവിഷാദത്തിലേക്കാണ് നീങ്ങുന്നത്. ലോകം തിരോഭവിക്കുന്ന അനുഭവം അരിവിൻരെ സപ്തസ്വരങ്ങളുടെ വിഷാദം മുഴുവൻ നേടിയെടുക്കുന്നു. പദാർത്തത്തിന്റെ സമ്പാദ്യമെല്ലാം ശരീരത്തോടൊപ്പം മൃണ്മയമാക്കുന്നതാണ് നാമറിയുന്നത്. ഖസാക്കിൽ അറിവിന്റെ ദേവനിലെത്തുന്ന തൃഷ്ണ സപ്തസ്വരങ്ങളുടെ വിഷാദത്തിലേക്ക് ചെന്നു പതിക്കുന്നു. പ്രപഞ്ചത്തിന്റെ നിത്യസത്യമായിരിക്കുന്ന ഈ വിഷാദം ഖസാക്കിനെ ലോകത്തിന്റെ നീതിസാരത്തിൽനിന്ന് മോചിപ്പിക്കുകയാണ്. അതിന്റെ സാഫല്യത്തിൽ വിജയന്റെ സിദ്ധി പൂർണ്ണമാകുന്നു. കരിമ്പനകളുടെ മുകളിൽ ആകാശം സാന്ദ്രമായി ഇറങ്ങിനിന്നുവെന്ന് സൂചിപ്പിക്കുന്നതും ഈ അർത്ഥത്തിലാണ്. ഖസാക്കിലെ പ്രകൃതിയുടെ മുഴുവൻ സാന്ദ്രീകൃതമായ പരിണാമപ്രവർത്തനങ്ങളെയും സ്വാംശീകരിക്കുന്ന ദിവ്യവചസ്സാണിത്. നരന്റെ, വസ്തുവിന്റെ, പ്രകൃതിയുടെ, ഭൂമിയുടെ, അങ്ങനെ സമഗ്രമായ പ്രാപഞ്ചികസ്വാച്ഛന്ദ്യത്തിന്റെ വിശാലമായ ഐഹികവേളകളും സ്ഥലരാശികളും ചമയ്ക്കാനുള്ള സർഗ്ഗാത്മക ആസക്തിയിൽ നിന്നാണ് ഖസാക്കിന്റെ മൗനം ഉത്ഭവിച്ചിരിക്കുന്നത്. അറിവിന്റെ വിഷാദം, ആത്യന്തികമായി, ഏതു നിശ്ചലതയിലേക്കാണ് പ്രലോഭിപ്പിക്കുന്നത്?അറിവിന്റെ മഥനങ്ങൾ സമാധിയുടെ ഏത് വിരാമമാണ് കണ്ടെത്തുന്നത്? സപ്തസ്വരങ്ങളുടെ വിഷാദത്തിൽനിന്ന് അറിവ് പരിണമിക്കുന്നത് ഏത് നിമിഷത്തിലാണ്? അരിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ്.

അറിവ് ഏകാകിയുടെ ആയുധങ്ങൾക്കുമുകളിൽ ശോഭയോടെ വന്നു പിറക്കുന്നു. ലോകത്തിന്റെ സുചിക്കുത്തുകളും മൃത്യുദാഹങ്ങളും അധോലോകത്തുനിന്ന് മായ്ച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാനുള്ള ആഗ്രഹം അറിവിൽനിന്നാണ് വരുന്നത്. അറിവിന്റെ ഓരോ നിമിഷവും മനസ്സും ലോകവും തമ്മിലുള്ള സംസാരംകൊണ്ട് നിറഞ്ഞതാണ്. ബോധത്തിൽ ബാഹ്യാവസ്ഥ സമ്മർദ്ദപ്പെടുമ്പോൾ വിഷാദത്തിന്റെ ലാർവകൾ ജന്മമെടുക്കുന്നു. അവ പ്രജ്ഞയുടെ ഓരങ്ങൾതോറും പ്രപഞ്ചത്തിന്റെ ഹരിതകാലത്തെ കുടിയിരുത്തുന്നു. ജന്മങ്ങളുടെ മാർദ്ദവമുല്ല പുറന്തോടുകളും സംസാരത്തിന്റെ നിശബ്ദമായ ക്ഷീരപഥങ്ങളും പ്രത്യക്ഷപ്പെടുന്നു. അറിവിന്റെ വിഷാദം സപ്തസ്വരങ്ങളുടെ മുദ്രകൾ കാണിക്കുന്നതിവിടെയാണ്. ഖസാക്കിന്റെ ആദികകാലത്തെക്കുറിച്ചും വിജയൻ സൂചന നൽകുന്നുണ്ട്. പന്ത്രണ്ടു പള്ളികളിൽ ഖസാക്കിന്റെ കാലം ചുരുങ്ങിക്കിടന്നിരുന്നു. അവിടെ മനുഷ്യനും വസ്തുക്കളും പ്രകൃതിധാതുക്കളും, അനേകം ഉൾപ്രേരണകളും അന്തർധാരകളുമായി വിരിഞ്ഞപ്പോൾ ഖസാക്കിന്റെ അനൈഹികത കനംവച്ചു. അവിടെ കാലത്തിനു രൂപവ്യാപ്തി സംഭവിച്ചു. പിന്നെ, പ്രപഞ്ചത്തിന്റെ സൂക്ഷ്മാണുക്കളോളം കിനിഞ്ഞിറങ്ങി. കരിമ്പനകളുടെ സീൽക്കാരവും മനസ്സിന്റെ മൈഥുനങ്ങളും മതിഭ്രമങ്ങൾകൂടി കൊണ്ടുവന്നു. ഖസാക്കിന്റെ വ്യതിയാനങ്ങളിലൂടെ മനുഷ്യന്റെ മുഖവും മാറുന്നുണ്ട്. വസ്തുക്കളുടെ സന്ദിഗ്ദ്ധപരിതഃസ്ഥിതിയും തിരിയുന്നുണ്ട്. കുഷ്ഠം പറ്റിയ വേരുകളുള്ള ഖസാക്കിലെ മാവുകളുടെ പ്രഥമദൃശ്യം വസൂരിക്കലകളുള്ള മനുഷ്യരിലൂടെ തുടരുന്നു. മനുഷ്യരിൽനിന്ന് ഖസാക്കിന്റെ ബൃഹത്തായ, ദിവ്യമായ ഉടലിലേക്ക് പകരുന്നു. രവിയുടെ കൈപ്പടത്തിൽ തെളിഞ്ഞുനിന്ന ആർത്തവരക്തത്തുള്ളികളും നനവാർന്ന കാറ്റിന്റെ വേഗങ്ങളും ഖസാക്കിന്റെ പ്രപഞ്ചം കാണിച്ചുതരുന്നു. ഖസാക്കിലെ മഴയ്ക്കുപോലും ബൃഹത്തായ ജീവിതകാലമുണ്ട്. മഴയെ ജീവിതം നിലനിർത്തുന്നതിനുള്ള ദിവ്യമായ ആഗമനമായി തിരുക്കുറളിൽ വാഴ്ത്തുന്നുണ്ട്. ഖസാക്കിൽ പെയ്യുന്ന മഴ കാരുണ്യത്തിന്റെ സംഗീതം നിറഞ്ഞ ആത്മാവിനെയാണ് വഹിക്കുന്നത്. അത് ആത്മഹർഷത്തിന്റെ പൂക്കൾ വിടർത്തുന്നു. ലോകത്തിന്റെ ആദിമമായ അജ്ഞേയതയും അറിവിന്റെ സരളതയായി ഖസാക്കിലുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ പള്ളികൾ, കാലാന്തരത്തിൽ അനാഥമായിത്തീർന്ന അസംസ്‌കൃതവസ്തുക്കൾ, അങ്ങനെ ഉള്ളുതകർന്ന് കിടന്ന പ്രാചീനതയുടെ ഉടുക്കുകൾ നാം കണ്ടുമുട്ടുന്നു. അവിടെവച്ചാണ് പ്രജ്ഞയുടെ സപ്തസ്വരങ്ങൾ വിഷാദത്തിന്റെ അവശിഷ്ടങ്ങളെ തിരിച്ചറിഞ്ഞത്. മാറ്റങ്ങളുടെയും ഭ്രമങ്ങളുടെയും കാലവർഷം കടന്നുപോകുന്നവഴി, ലോഹാംശത്തിന്റെ പാവുകളോടുകൂടിയ പാറക്കെട്ടുകൾ, ഗൃഹാതലങ്ങൾ, അകൽച്ചയുടെ തമസ്സുമുഴുവൻ ഒപ്പിയെടുത്ത പായൽ, മന്ദാരത്തിന്റെ ഇലകൾ ചേർത്തുണ്ടാക്കിയ അശാന്തിയുടെ കൂട്. ഖസാക്കിന്റെ സപ്തസ്വരങ്ങളുടെ വിഷാദം അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയാണ്. അതിന്റെ അന്തരാത്മാവിൽനിന്ന് നൈസാമലിയുടെ മുഖം തെളിയുന്നുണ്ട്. പ്രതിരോധമില്ലാതെ കിഴക്കൻകാറ്റ് വീശുകയാണ്. അയാൾ ചന്ദനത്തിരിയുടെ പുക ആർത്തിയോടെ ശ്വസിച്ചു. ആ ശ്വസനത്തിൽ അയാൾ വലർന്നുവെന്ന് നോവലിസ്റ്റ എഴുതുന്നുണ്ട്. ഖസാക്കിന്റെ വിജനതയിൽ അയാൾ വളരുകയായിരുന്നു. രവിയുടെയും മാധവൻനായരുടെയും നൈസാമലിയുടെയും മൗനത്തിലേക്കുള്ള നീക്കം ഖസാക്കിന്റെ സമാധിയുടെ മൂകത മാത്രമാണ് വ്യഞ്ജിപ്പിക്കുന്നത്. കാഴ്ചകളുടെ ഓരോ നിനവിലും രവി അസന്തുഷ്ടനായിരുന്നു. കൃഷ്ണമണികളുടെ അനുസ്യൂതമായ വ്യഗ്രതകൾ തന്നെ വിശപ്പിനും അഗ്നിക്കും ഇരയാക്കുന്നുവെന്ന് രവിക്ക് തോന്നിയിരുന്നു. അച്ഛന്റെ സാദൃശ്യവും കുഷ്ഠരോഗികളുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അയാളെ ബന്ധിക്കുകയായിരുന്നു. ജന്മത്തിന്റെ നൈരന്തര്യംപോലും അയാൾക്ക് ഊഷരമായ സാന്ത്വനം പകർന്നത് അങ്ങനെയാണ്. കാഴ്ചയുടെ ചുഴികളിൽനിന്നും ഖസാക്കിന്റെ മണ്ണിലെ നിത്യതയുടെ വിസ്മൃതിയിലേക്ക് ലയിക്കുക. വസ്തുവിന്റെ നാദവും സംഗീതത്തിന്റെ ഖരവും ഖസാക്കിലേക്ക് മടങ്ങുകയാണ്. സഹനങ്ങൾകൊണ്ട് ദൈവത്തിന്റെ ജലാശയം സൃഷ്ടിക്കാം. അതിൽ രാത്രികാലങ്ങളിൽ മുങ്ങിക്കിടക്കാം. ആകാശം മിന്നാമിനുങ്ങുകളിൽ വ്യാപരിക്കുന്ന ഈ വേളകളിൽ, മനുഷ്യബോധങ്ങളുടെ സീമയ്ക്കപ്പുറത്ത് ഭൂമിയുടെ വിശാലതയാണുള്ളത്. അവിടെ സ്വച്ഛന്ദമായൊഴുകുന്ന കാലത്തിന്റെ അഗാധതയുണ്ട്. നരന്റെ അവശിഷ്ടങ്ങളും വസ്തുക്കളുടെ കിനാവുകളും, പ്രകൃതിയുടെ ഉത്സവക്കാഴ്ചകളും നുറുങ്ങുകളുമായി ഒഴുകിപ്പോകുന്ന പ്രപഞ്ചത്തിന്റെ ആ പുഴ! കർമ്മങ്ങളുടെ ആകസ്മികമായ പരിചയങ്ങളിൽനിന്ന് മുഖം തിരിക്കുന്ന സത്യബോധങ്ങളുടെ ഈറ്റില്ലം. അതിന്റെ പിറവിയിലെവിടെയോ ഉൾക്കൊണ്ട് പ്രകൃതിയുടെ രേതസ്സ്. വിജയന്റെ, കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങൾ ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. സമകാലധാരണകൾക്കപ്പുറത്ത്, മർത്ത്യചേതനയുടെ ലൗകികയുക്തിക്കപ്പുറത്ത്, യാഥാർത്ഥ്യവും സ്വപ്‌നവും പ്രപഞ്ചത്തിൽ നെയ്ത് ചേർത്തപോലെ തോന്നിക്കുന്ന ഈ സ്ഥലരാശിയിൽ, ഖസാക്കിൽ ലയനങ്ങളും ലയങ്ങളും ചേർന്ന് ജൈവാവസ്ഥയുടെ ഒരു പുഷ്പം വിരിയിച്ചിരിക്കുന്നു.


ഖസാക്കിലേക്കു തുറക്കുന്ന  ആത്മജാലങ്ങൾ 

കെ.ബി. പ്രസന്നകുമാർ


'ദുരന്തത്തെ അഭിദർശിക്കുന്നവർക്ക് ഒരു ലോകം നഷ്ടമാകുന്നു. വിജയനും തന്റെ ലോകം നഷ്ടമാവുകയാണ്. നഷ്ടലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും പരിഷ്‌കൃതിയുടേതുമായിരുന്നു'.

ഖസാക്കിന്റേത് നഗ്നസൗന്ദര്യമാണ്. ഉടുപുടവകളഴിഞ് നഗ്നതയിലൂടെ സത്യസന്ദമായ പ്രയാണം. പ്രകൃതിയുടെയും കഥാപാത്രങ്ങളുടെയും അന്തരീക്ഷത്തിന്റെയും സമയത്തിന്റെയും നഗ്നതയിലേക്കാണ് വിജയൻ പ്രയാണം നടത്തുന്നത്. അത്, എന്നാൽ നിരാസക്തമായ അന്വേഷണമാണ്. ഖസാക്കിലെ ജീവിതത്തിന്റെ കൊച്ചുകൗതുകങ്ങൾ മുതൽ മഹാദുരന്തങ്ങൾവരെ വിജയൻ അഭിദർശിച്ചു. അതിലൂടെ ഖസാക്കിന്റെ മനസ്സും ഖസാക്കിൽ വിങ്ങിനിൽക്കുന്ന കാലവും അവിടെ ധ്വനിക്കുന്ന മനുഷ്യജീവിതത്തിന്റെ വിചിത്രസംഗീതവും  വിജയൻ ആവിഷ്‌കരിച്ചു. ഭാഷയും ചിന്തയും ദാഹവും ഒന്നായി. രവി എന്ന മനുഷ്യജീവന്റെ മഹാപ്രസ്ഥാനവേളയിലെ വഴിയമ്പലമായ ഖസാക്ക്, അവസാനിക്കാത്ത ആകുലതയും പ്രഹേളിതാഭാവവും സൃഷ്ടിക്കുകയും എന്നാൽ, ജീവസ്പന്ദങ്ങളുടെ സ്വപ്‌നസമയത്തെ നമുക്ക് നൽകുകയും ചെയ്യുന്നു. അങ്ങിനെ ഖസാക്കിന്റെ ആ ഘടനയ്ക്ക് രണ്ടു മുഖ്യതലങ്ങൾ കൈവരുന്നു. ഒന്ന്, നിർമ്മമതയുടെയും നിരാസക്തിയുടെയും ആവർത്തനങ്ങളുടെയും തളം കെട്ടിനില്ക്കുന്ന കാലത്തിന്റെയുമാണ്. രണ്ടാമത്തേത്, പെയ്യുന്ന മഴയും കുട്ടികളും ഹരിതാഭമായ പ്രകൃതിയും ദിശാസൂചനനല്കുന്ന, പിന്നെയും തളിർത്തുലയേണ്ട ഒരു ജീവിതത്തിന്റേതാണ്. എന്നാൽ കുഞ്ഞുങ്ങളിലൂടെ പ്രസാദിക്കുന്ന ജീവിതത്തെ വിജയൻ പൊലിപ്പിച്ചെടുക്കുന്നില്ല. അങ്ങനെ ഉച്ചമയക്കത്തിന്റെ ആലസ്യവും മുഷിഞ്ഞുനിൽക്കുന്ന കാലവർഷത്തിന്റെ ഇരുൾസമയങ്ങളും ഖസാക്കിനു നൽകുന്ന വിഷാദസാന്ദ്രതയിലൂടെ ചരാചരപ്രകൃതിയെ അന്വേഷിച്ചുപോകുന്ന പ്രാണിയായ ഒരു മനുഷ്യൻ, ഖസാക്കിലൂടെ, നമ്മുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് ഒ.വി. വിജയനാണ്.

ഖസാക്കിന്റെ വായനയിലും പഠനത്തിലും യുക്തിയല്ല ഉപയോഗിക്കപ്പെട്ടത്. ഖസാക്ക് സൃഷ്ടിച്ച യാഥാർത്ഥ്യത്തെ അതിജീവിക്കുന്ന ഭാവധ്വനികളെ, ഇംപ്രഷണസ്റ്റിക് ശൈലിയിൽ സമീപിക്കുവാനാണ് ശ്രമങ്ങൾ പലതും നടന്നിട്ടുള്ളത്. വായനക്കാരെ നിശ്ശബ്ദരാക്കുന്ന, സ്വപ്‌നാടനം ചെയ്യിക്കുന്ന വശ്യമോഹനത ഖസാക്കിലെ ഭാഷയ്ക്കും കാഴ്ചകൾക്കുമുണ്ട്. അതിൽവീണുപോകയായിരുന്നു നമ്മുടെ വായനാസമൂഹം. എന്നാൽ ഖസാക്കിന്റെ കവിത, അതിന്റെ ഭാഷയിലോ പ്രകൃതിയിലോ രവിയിലോ മാത്രം നിലകൊള്ളുന്ന ഒന്നല്ല, ഖസാക്കിൽ ചരിത്രരചനയുണ്ട്. പുരാവൃത്തങ്ങളുടെ നികുംഭിലകൾ ഖസാക്കിൽ പലയിടത്തുമുണ്ട്. ഒറ്റപ്പെട്ട ഘോഷങ്ങളുയർത്തുന്ന രാഷ്ട്രീയ പ്രക്രിയയുമുണ്ട്. മതാത്മകമായ ജീവിതാന്തരീക്ഷമുണ്ട്. ഖസാക്കിലെ സാമൂഹ്യജീവിതം ശില്പഭദ്രമല്ല. ലൈംഗികതയുടെ ദാഹവും ശമനവും അവിടെയുണ്ട്. ഇംപ്രഷനിസ്റ്റ് സ്വഭാവം പൊതുവിൽ ദർശിക്കാമെങ്കിലും വിഭിന്നങ്ങളായ ഒട്ടനവധി ജാലകങ്ങളിലൂടെ ഖസാക്കിനെ നോക്കിക്കാണാനുള്ള ശ്രമമാണ് എം.കെ. ഹരികുമാർ 'ആത്മയാനങ്ങളുടെ ഖസാക്കിൽ' നടത്തുന്നത്. മുഖ്യമായും ചരിത്രം, മതം, നരവംശശാസ്ത്രം, കാലം, മൃതി, പ്രകൃതി എന്നിങ്ങനെ അനേകം ജാലകങ്ങൾ ഖസാക്കിലേക്കു തുറക്കപ്പെട്ടതായി ഹരികുമാർ വായിക്കുന്നു. 

1983-1989 കാലഘട്ടം. വായനയുടെ ആവേശവും ഭ്രാന്തും ശരമാരിപോലെ തീക്ഷ്ണങ്ങളായ പദാവലികളുമായി എം.കെ. ഹരികുമാർ കടന്നുവന്നത് ഞാനോർക്കുന്നു. മലയാളത്തിൽ സാഹിത്യ നിരൂപണത്തിന് നാമമമായൊരു ഉണർവും ഊർജ്ജവും കൈവന്ന കാലഘട്ടമാണത്. നിരൂപണം എന്നത് സാഹിത്യത്തെ സംബന്ധിക്കുന്ന വിധി പ്രസ്താവമോ വ്യാഖ്യാനമോ അല്ലെന്നും അത് സർഗാവിഷ്‌കാരം തന്നെയാണെന്നും പ്രചരിതമായ നാളുകൾ. എം.പി. അപ്പനും രാജകൃഷ്ണനും ആശാമേനോനും നരേന്ദ്രപ്രസാദും സാഹിത്യനിരൂപണത്തിന്റെ വ്യവസ്ഥാപിത സങ്കല്പങ്ങളെ മാറ്റിമറിച്ച നാളുകൾ. നവീനകഥയും നവീനകവിതയും വിശദമായ ചർച്ചകൾക്ക് വിധേയമായ നാളുകൾ. നിരൂപണകലയെ പുതിയൊരു വെളിച്ചത്തിൽ സർഗാത്മകമായി അഭിദർശിച്ച സമയമാണിത്. നിരൂപണ ഭാഷതന്നെ സർഗാത്മകമായി പുനഃസൃഷ്ടിക്കപ്പെട്ടു. ഇതിന്റെ തടർച്ചയായിട്ടോ ഈ നിരൂപണാന്തരീക്ഷത്തോടുള്ള പ്രതികരണമായിട്ടോ ആണ് ഹരികുമാർ ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. സംക്രമണം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട(1983) 'വർത്തമാനത്തിന്റെ ബോധവിചാരണ' എന്ന ആദ്യലേഖനം മുതൽതന്നെ, ഹരികുമാറിന്റെ വ്യത്യസ്ഥമായ ഭാഷാപ്രയോഗരീതിയും വിചാരശൈലിയും നമുക്ക് കാണാൻ കഴിയും. യഥാർത്ഥത്തിൽ നവീന നിരൂപണം ആവിഷ്‌കരിച്ച ഭാഷാതലവും ചിന്താതലവുമല്ല ഹരികുമാർ ഉപയോഗിച്ചത്. അത് നല്കിയ വെലിച്ചത്തിൽ നിന്നുകൊണ്ട്, പുതിയൊരു കുതിപ്പ് നടത്തുകയാണ് ഹരികുമാർ ചെയ്തത്. ആകുലമായ ഒരു യുവമനസ്സിന്റെ വിചാരോർജ്ജം അതിലുണ്ടായിരുന്നു. തികച്ചും ഭ്രാന്തമോ വിഭ്രാന്തമോ ആയ രീതിയായിരുന്നു അത്. ആ വിധമുള്ള ഒരു മനസ്സിലേക്ക് ഖസാക്കുപോലുള്ള രചന ആഴ്ന്നുവരുമ്പോൾ നടക്കുന്ന ഒരു പ്രതികരണപ്രവർത്തനമാണ് 'ആത്മായനങ്ങളുടെ ഖസാക്ക്' . ഇംപ്രഷണിസത്തിന്റെ സൗന്ദര്യാനുധാവനങ്ങളുടെ ഭൂമികയിൽ, ഖസാക്കിന്റെ ദർശനലോകത്തെ യുക്തിക്കതീതമായ ചില മനോഘടനകളിൽ നിന്നുകൊണ്ട് അഭിദർശിക്കുവാനാണ് ഹരികുമാർ ശ്രമിക്കുന്നത്. അത് വിഭ്രാന്തിയുടെ കൂടി ഉപലബ്ധിയാണ്. എന്നാൽ ഖസാക്കിലെ മൗനത്തിന്റെ അർത്ഥസംഗിതങ്ങൾ അത് തിരിച്ചരിയാൻ ശ്രമിക്കുന്നു. 'കല വർത്തമാനകാലത്തെ താത്കാലിക പ്രതിഭാസമല്ല. അത് കാല്പനികമോ, യഥാതഥ്യമോ, അതി യാഥാതഥ്യമോ മിസ്റ്റിസിസമോ അല്ല. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശ്ശബ്ദതയാണ്'. എന്ന് ഹരികുമാർ പറയുന്നു. ഈ നിശ്ശബ്ദതയുടെ രാഗഭേദങ്ങളെ ഖസാക്കിൽനിന്നു കേൾക്കാൻ ഹരികുമാർ ശ്രമിക്കുന്നു.

സർറിയലിസ്റ്റിക് ഘടനയുള്ള ബിംബങ്ങൾവരെ നിരൂപണകലയിൽ ഉപയോഗിക്കുന്ന വിചിത്രമായ ഒരു സമീപനം ഈ പുസ്തകത്തിനുണ്ട്. ഭാഷയുടെ വയലിൽ ചിന്തയുടെ വിത്തുകൾ വീശിയെറിയുകയാണ് ഹരികുമാർ. ഒരു വലിയ പ്രവാഹംപോലെ ഒഴുകിവരുന്ന ഭാഷ സൃഷ്ടിക്കുന്ന അർത്ഥവിനിമയങ്ങൾ തികച്ചും മൂർത്തവുമല്ല. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് യുക്തിസഹമായ ഒരു പഠനം ആവശ്യമുള്ളവർ ഈ പുസ്തകം കയ്യിലെടുക്കരുത്. ഖസാക്കിന്റെ ദർശന പരപ്പുകളിലേക്ക്, സ്വതന്ത്രമായ ഒരു അന്വേഷണയാത്രയാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. അത് ആത്മായനമാണ്. ഖസാക്കിൽ ആത്മായനം ഉള്ളതുപോലെ ഈ പുസ്തകത്തിലും ആത്മായനത്തിന്റെ വിചാരനിലാവുകളാണ് ഉള്ളത്. ഒരേ സമയം സത്യത്തിന്റെയും സ്വപ്‌നത്തിന്റെയും ഘടനയാണ് ഖസാക്കിനുള്ളത്. ഒരു റിയലിസ്റ്റിക് നോവലിന്റെ കഥനത്തുടർച്ച അതിനുണ്ട്. എന്നാൽ കഥനത്തിന്റെ ഇടവേളകളിലേക്ക് മഞ്ഞോ, കാലവർഷമോപോലെ അശാന്തമായ പ്രേരണകളും ചോദനകളും പലായനങ്ങളും ചരിത്രസ്മൃതികളും പെയ്തിറങ്ങുന്നു. യാഥാർത്ഥ്യവും അതീത യാഥാർത്ഥ്യങ്ങളും ഖസാക്കിൽ സാന്ദ്രമായി ഇടകലരുന്നു. ഈ അതീത യാഥാർത്ഥ്യങ്ങളിലേക്കാണ് ഹരിയുടെ അന്വേഷണം മുഖ്യമായും നീങ്ങുന്നത്. പൊതുവിൽ പറഞ്ഞാൽ ഖസാക്കിന്റെ അതീതവായനയും അമൂർത്തവായനയും ഈ പുസ്തകത്തിലുണ്ട്. 'രചന, യഥാർത്ഥമാണെങ്കിൽ അത് ഭൂമിയോ മിത്തോ ദൈവസാസ്ത്രമോപോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആഹാവിക്കുന്ന വിസ്മൃതിയുടെ കലയാണ്' - ഹരികുമാർ നടത്തുന്നത്.

രാത്രിയിലൂടെ മൂളിപ്പോകുന്ന ആ ലൗകികസ്വരങ്ങൾ ഖസാക്കിലുണ്ട്. ആകാശത്തിലേക്ക് കൈകൾ വിടർത്തി നില്ക്കുമ്പോൾ കൈകൾക്കിടയിലൂടെ മേഘങ്ങൾ ഒഴുകിപ്പോകുന്നു. ദുഃഖം പോലെയും സാന്ത്വനംപോലെയും  ഇരുട്ട്. മരിച്ചവരുടെ ഓർമ്മകൾപോലെ തുമ്പികൽ. ഇരുളുന്ന ചുകപ്പിൽ നഷ്ടപ്പെടുന്ന കരിമ്പനകൾ. കനത്തു ശ്വസിക്കുന്ന പാതിര. രാത്രിയുടെ തുറവകൾ. പനന്തത്തയുടെ ധനുസ്സുകൾ, ദൂരെ മിന്നിമിന്നി ഈരച്ചൂട്ടുകൾ - ഖസാക്കിലെ പ്രകൃതിയിലേക്ക് ഇങ്ങനെ എത്രയോ കിളിവാതിലുകളാണ് തുറക്കപ്പെടുന്നത്. കഥയും അതിന്റെ പശ്ചാത്തലമായ ദേശവും എത്രയും അടുപ്പത്തോടെ നിലകൊള്ളുന്ന കഥ കഥനഭൂമിയാകുന്ന, കഥനഭൂമി കഥയാകുന്ന ജൈവപ്രക്രിയ പുതിയ കാലത്തെ പല നോവലുകളിലുമുണ്ട്. ഗാർസിയ മാർക്കേസിന്റെ രചനകളിൽ ദേവസ്മൃതികളും കഥയുമായി ഒന്നാകുന്നതിന്റെ സാന്ദ്രമായ കാഴ്ച നമുക്കു കാണാം. ഈ ഉദ്ഗ്രഥനം ഖസാക്കിലുമുണ്ട്. ഈ പ്രകൃതിയിൽ കഥനഭൂമിയുടെ ചരിത്രവും പുരാവൃത്തങ്ങളുംകൂടി കടന്നുവന്ന് ആഖ്യാനത്തിന് ഇതിഹാസഭംഗി നല്കുന്നു. ഖസാക്കിൽ ചരിത്രവും സ്മൃതിപരമ്പരകളും കഥയുടെ കാലത്തിലെങ്ങും വിങ്ങിനിൽക്കുകയാണ്.

ഖസാക്കിനെ 'ദാർശനികപ്പൈങ്കിളി' എന്നു വിളിക്കുന്ന ചീത്തവാക്കുകളും മലയാളത്തിലെ ഖസാക്ക് സാഹിത്യവിചാരത്തിൽ വന്നിട്ടുണ്ട്. തികച്ചും നീതിരഹിതവും ക്രൂരവുമായ പുലഭ്യമാണത്. അടിച്ചേൽപ്പിക്കപ്പെടുന്ന ദാർശനികത ഖസാക്കിനില്ല. ദുഃഖാകുലമെങ്കിലും ജൈവമായ ഘടനയാണ് ഖസാക്കിനുള്ളത്. യഥാർത്ഥത്തിൽ എല്ലാ ദേശങ്ങളിലുമുള്ള കാറ്റ്, മഴ, സസ്യജാലങ്ങൾ, രാത്രി, ഭൂമിയിൽ പടർന്നുനിൽക്കുന്ന നിശ്ശബ്ദത എന്നിങ്ങനെയുള്ള സാധാരണങ്ങളായ രൂപങ്ങളിലൂടെയാണ് വിജയൻ ഖസാക്കിന് ദാർശനികതയുടെ മിഴിവ് നൽകുന്നത്. മനുഷ്യജന്മത്തിന്റെയോ ചരാചരജന്മങ്ങളുടെയോ ചില കാലബദ്ധമായ യുക്തിഹീനതകൾ സത്യമായതുകൊണ്ടാണ്, ഒരു പക്ഷേ, ഭാരതീയം എന്നു വിളിക്കാവുന്ന ചാക്രികത - പുനർജനിധ്വനികൾ ഖസാക്കിൽ വീണുകിടക്കുന്നത്. യഥാർത്ഥത്തിൽ ഹൈന്ദവമായ ആദ്ധ്യാത്മികസന്ദേഹങ്ങൾ ഖസാക്കിന്റെ ലക്ഷ്യമോ മാർഗമോ അല്ല. ഖസാക്കിനെ ദുർവിചാരം ചെയ്യാൻ പഴുതുകൾ അന്വേഷിച്ചു നടക്കുന്നവർക്ക് കിട്ടിയ ചില പഴുതുകളാണവ. അവയെല്ലാംകേട്ട് വിജയൻ ചിരിച്ചു. ഗ്രാമ്യഭാഷയുടെയും ശുദ്ധമലയാളത്തിന്റെയും മിശ്രണമാണ് ഖസാക്കിൽ തൊണ്ണൂറ്റൊമ്പതുശതമാവും ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഖസാക്കിന്റെ മഹത്വത്തിൽ ഒരു വൈറസ് നുഴഞ്ഞുകയറിയെന്നാണ് എൻ. എസ്. മാധവന്റെ കണ്ടുപിടുത്തം. കാരണം ഖഗം, നിയോഗം, ഊഹാപോഹം എന്നിങ്ങനെ സംസ്‌കൃതപദങ്ങൾ അതിലുണ്ടത്രേ! 'പച്ചപ്പനന്തത്തേ' എന്നു അപ്പുക്കിളിയെ വിളിക്കുന്ന മാധവൻനായർതന്നെയാണ് കിളിയെ ഖഗം എന്ന് വിളിക്കുന്നത്. മാധവൻനായർ ഒരു സംസ്‌കൃതപണ്ഡിതനല്ല. വിളിക്കുന്നത് ഖഗം എന്നുമല്ല 'കം' എന്നാണ്. കിളിയുടെ 'പൊട്ടത്തത്തെ' ലോകത്തിനുമേൽ ഉയർത്തുന്ന നർമ്മത്തിന്റെ വിളിയാണ് 'ഖകമേ' എന്ന സംബോധനയിൽ പ്രകടമാകുന്നത്. അത് മനസ്സിലാക്കുന്നതിന് കഴിയാത്ത ഒരാളല്ല മാധവൻ. പിന്നെന്തേ ഇത്തരം വാദങ്ങൾ ഉയർത്തുന്നത് എന്ന ചോദ്യത്തിന് ഞാൻ മറുപടിയൊന്നും കാണുന്നില്ല. ദുഃഖകരമാണത്. ഖസാക്കിന്റെ ഇത്തരം ദുർബ്ബലവും സാധാരണവുമായ വായനകൾക്കുള്ള മറുപടിപോലെ 'ആത്മായനങ്ങളുടെ ഖസാക്കിലെ' അമൂർത്തമായ ബോധവർണ്ണങ്ങൾ നിലകൊള്ളുന്നു. ഹരികുമാർ പറയുന്നു. - 'കാവിക്കച്ച ചുറ്റിയ രവിയുടെ അലസമായ യാത്രയ്ക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടുകളും ഓർമ്മകളിൽ അവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് സമഗ്രമായ ജൈവാനുഭവമായി ഉയർന്നുവരികയാണിവിടെ. പ്രകൃതിയുടെ വത്സലപ്രവാഹത്തിലൂടെ ജൈവസംഗീതംപോലെ പരന്നൊഴുകുന്ന ബോധമായി രവി നില്ക്കുന്നു' വസ്തുക്കളും ഓർമ്മകളും മനുഷ്യരും പ്രകൃതിയും ലയിക്കുന്ന ജൈവസത്ത, ഖസാക്കിന്റെ വിശുദ്ധമായ അനുഭവമേഖലയാണ്. സംസ്‌കൃതീകരണംപോലുള്ള തെറ്റായ വാദങ്ങൾ ആ അനുഭവമേഖലയെ ഇല്ലായ്മ ചെയ്യാനാണെന്ന് വിചാരിക്കുന്നത് എത്രയോ അപകടകരമാണ്. വിമർശിക്കപ്പെടേണ്ട കൃതിയല്ല ഖസാക്ക് എന്നു പറയുകയല്ല ഇവിടെ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഖസാക്കിന്റെ ഏറ്റവും നല്ല വിമർശകൻ വിജയൻതന്നെയാണെന്നാണ് പില്ക്കാലത്തെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വ്യക്തമാക്കുന്നത്. ഖസാക്കിന്റെ അനുഭവസത്തകൾ സത്യമായിരിക്കെതന്നെ അതിൽനിന്ന് വിടുതൽ നേടി പോകുവാൻ വിജയൻ ശ്രമിച്ചു. ധർമ്മപുരാണത്തിൽ എത്രയോ വ്യത്യസ്തമായ ഭാഷയും ക്രൂരഭാവനയും വിജയൻ ഉപയോഗിച്ചു. ഖസാക്കുപോലുള്ള ഒരു ഘടന ധർമ്മപുരാണത്തിൽ സൃഷ്ടിക്കപ്പെട്ടില്ല. രചനാസംബന്ധമായ തന്റെ ശില്പഘടനകളെ ആകെ പുതുക്കി വരുംകാലയാഥാർത്ഥ്യത്തിന്റെ നഗ്നതയിലേക്ക് നീണ്ട ക്രൂരഭാവനയായിരുന്നു അത്. ധർമ്മപുരാണത്തിലെ യാഥാർത്ഥ്യത്തിന്റെ സമകാലീനതയിൽ വിസ്മയിച്ച് ആകൃതിയെ ഖസാക്കിനുമേൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും നടന്നു. അത്തരമൊരു താരതമ്യം പ്രസക്തമല്ല. ഭാവനയുടെ രണ്ടുതരം പ്രവാഹങ്ങളാണത്. തികച്ചും വ്യത്യസ്തമായ സമയത്തിലും അനുഭവത്തിലും നിന്ന് എഴുതിയവ. ഇത്തരം താരതമ്യംപോലും ഖസാക്കിന്റെ വിപുലമായ ഭാവമേഖലയെ താഴ്ത്തിക്കെട്ടുവാൻ വെറുതെ ഉപയോഗിക്കപ്പെട്ടതാണ്. ഖസാക്ക് തന്നെ ഇനിയും ഇത്തരം താരതമ്യങ്ങൾ വിശേഷിച്ചും പ്രസക്തമല്ല. മലയാളത്തിലെ നവീനനിരൂപകർ ചില ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെ ഖസാക്കിനെ തേടുകയേ ചെയ്തിട്ടുള്ളൂ. അത് മലയാള സാഹിത്യത്തിൽ സൃഷ്ടിച്ച വിദ്യുത്പ്രവാഹത്തെ സമഗ്രമായി നോക്കിക്കാണാനുള്ള ഉത്തരവാദിത്തം അവരിൽ പലരും ഏറ്റെടുത്തില്ല. വിജയന്റെ എഴുത്തനുഭവങ്ങൾ അത്തരം സമഗ്രപഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഈയൊരു സത്യത്തിലേക്ക് കൂടിയാണ് ആത്മായനങ്ങൾവഴി ഹരികുമാർ പ്രവേശിക്കുന്നത്.

ഖസാക്ക് ഒരർത്ഥത്തിൽ, നാഗരികതയെയും പരിഷ്‌കൃതിയെയും നിഷേധിക്കുന്നുണ്ട്. അവയൊന്നുംതന്നെ ജീവിതത്തിന്റെ അന്വേഷണപാതകളിൽ വലിയ ഉത്തരങ്ങൾ തരുന്നില്ല എന്ന ബോധം വിജയൻ പുലർത്തുന്നുണ്ട്. അതിനാലാണ് ഈ അന്വേഷണത്തിന് കിളിർത്തുവരുന്ന പുൽനാമ്പുകൾപോലുള്ള ഒരു ഗ്രാമവ്യവസ്ഥയെ വിജയൻ തെരഞ്ഞെടുക്കുന്നത്. പ്രാകൃതവും നൈസർഗികമായ ചില തലങ്ങളിൽനിന്നുകൊണ്ട് ജീവിതത്തെ നോക്കിക്കാണാനുള്ള ശ്രമം ഖസാക്കിലൂടെ നടത്തുന്നു. ആദിമമായ ചില ഭൂവിശുദ്ധികളിലേക്ക് തല ചായ്ച് അലസമായി കിടന്ന് ജീവിതത്തെ നോക്കി കൺചിമ്മാനുള്ള അനാസക്തമായ പ്രവൃത്തിയാണ് രവി പലപ്പോഴും നടത്തുന്നത്. അതിനിടയിൽ ഖസാക്കിന്റെ ദുരന്തങ്ഹളും ദുരന്തങ്ങളുടെ ഛായയിൽ വിതുമ്പുന്ന ഖസാക്കിലെ മനുഷ്യരും രവിയിലേക്ക് നടന്നുവരുന്നു. അത് അയാളുടെ സന്ദേഹങ്ങളെ സ്വാധീനിക്കുകയും ദുഃഖതപ്തമായ സമയസന്ധികൾ അയാൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു. കുരിശ് ചുമക്കുന്നവന്റെ നിർമ്മമമായ സഹനംപോലെ രവി അവ തന്റെ നെഞ്ചിലേറ്റുന്നു. ഖസാക്കിൻരെ പ്രാകൃതമായ ഗ്രാമഘടന 'ചരിത്രത്തിന്റെ സാവധനത്തിലുള്ള പാദചലനങ്ങൾ' കേൾപ്പിക്കുന്നെന്ന് ഹരികുമാർ പറയുന്നു. ഗ്രാമം ദൃശ്യം പ്രകൃതി എന്ന നിലയിൽ ഗ്രാമം മാറിപ്പോകുന്നു. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന് വിജയന്റെ സർഗാത്മബോധംതന്നെ വേണം. എന്നും ഹരികുമാർ പറയുന്നു. ഖസാക്കിന്റെ രചനാകാലത്തുതന്നെയാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് എന്ന് പറയപ്പെടുന്നതും. കേരളത്തിൽ അപ്പോഴും ഗ്രാമപ്രകൃതിയുടെ അറിവും നാട്ടറിവും വിശുദ്ധമായ അജ്ഞതകളും നിലനിന്നിരുന്നു. നമ്മുടെ ചലച്ചിത്രസ്‌ക്രീനിൽ പ്രേംനസീറും സത്യനും മറ്റും കഴുത്തുവെട്ടിച്ചും, തുള്ളിക്കുഴഞ്ഞും മരംചുറ്റി പ്രേമം നടിച്ചുകൊണ്ടിരുന്നു. വളരെ പ്രാഥമികമായ കലാസ്വാദനതലംമുതൽ ഉന്നതമായ നാട്യവും (കഥകളി/ കൂടിയാട്ടം) അതിഗഹനമായ സംഗിതവും (എം.ഡി.ആർ) ആധുനികത ഉൾപ്പെടെയുള്ള സാഹിത്യചിന്താബഹുലതയും കേരളത്തിലുണ്ടായിരുന്നു. രണ്ട് കമ്മ്യൂണിസ്റ്റ് ഭരണങ്ങൾ പൊലിഞ്ഞുപോയ കേരളത്തിൽ നക്‌സൽബാരി സന്ദേശവും പത്തൻ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കങ്ങളും ഖസാക്കിന്റെ രചനാകാലത്തിന് സമാനമായി ഉണ്ടായി. എന്നാൽ ഖസാക്ക് രാഷ്ട്രീയമായ ധ്വനികളുള്ള രചനയാണെങ്കിലും അത് സമകാലിക സാംസ്‌കാരികതയെ ഒഴിവാക്കിക്കൊണ്ട് പുരാവൃത്തത്തിന്റെയും ഒട്ടനവധി അറിവില്ലായ്മകളുടെയും പിതൃഭൂമിയായി. ഖസാക്കിലൂടെ, വിജയന്റെ ഭൗതികരൂപത്തിന് സമാനമായ ഒരാൾ അലഞ്ഞു. തന്റെ മനസ്സിലൂടെയും ഖസാക്കിലൂടെയും ഉള്ള അശാന്തമായ അലച്ചിൽ, ഖസാക്കിന് യാത്രയുടെയും പ്രവാസത്തിന്റെയും ഗുപ്തഭംഗികൾ നല്കി. ഗ്രാമം, പ്രകൃതി, കലാസമസ്യകൾ, യാത്ര, പ്രവാസം, ഏകാന്തത, സ്മൃതിപരമ്പരകൾ, ലൈംഗികതയുടെ കാപട്യമില്ലാത്ത ശുദ്ധമായ അനുഷ്ഠാനങ്ങൾ, അറിയാതെ ഉള്ളിലേക്ക് പടരുന്ന ഭയസംക്രമണങ്ങൾ, മഴ, വർത്തമാനകാലം മാത്രമുള്ള അപ്പുക്കിളി, കല്പകവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ, കാറ്റ്, പന, ഖസാക്കിന്റെ ഷെയ്ക്ക് തമ്പുരാൻ, മൈമുന, ദൈവപ്പെരുമാൾ, കുട്ടാടൻ പൂശാരി, വാറ്റുചാരായം - ഖസാക്കിന്റെ എല്ലാ ജാലകങ്ങളിലേക്കും വീശിയെത്തുകയാണ് ഹരികുമാർ.

'ഖസാക്കിന്റെ ഇതിഹാസമെന്ന കലാസൃഷ്ടി യാഥാസ്ഥിതികർക്ക് ഉള്ളടക്കവും മാധ്യമവുമായി പിളർന്ന് മുറിവ് ആസ്വദിക്കാനുള്ള ഒന്നല്ല' എന്ന് ബി. രാജീവൻ. ഈ കലാസൃഷ്ടിയുടെ സൂക്ഷ്മശരീരം വിചിന്തനം ചെയ്യപ്പെടുന്നതിന് അതിനാൽ മറ്റു രീതികൾ ആവശ്യമായി വരുന്നു. അതിലെ 'ജൈവസംസ്‌കൃതിയുടെ ആരവം കേൾക്കുന്നതിന്' വിചിത്രയായൊരു ധ്യാനതലം സ്വീകരിക്കുകയാണ് ഹരികുമാർ'. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ് ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള  - ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. 

ഖസാക്കിലെ ചരാചരപ്രകൃതിയോട് രവി സാന്ദ്രമായൊരു അടുപ്പം സാധിക്കുന്നുണ്ട്. അവിടുത്തെ മരങ്ങളോടും പെയ്യുന്ന മഴയോടും കുഞ്ഞുങ്ങളോടും വലിയവരോടും എല്ലാം. വിശുദ്ധമായ കാരുണ്യത്തിന്റെ നഗ്നത ആ മനസ്സിനുണ്ട്. സ്ത്രീയിലേക്കുള്ള അയാളുടെ നേർത്ത ആസക്തിപോലും ഈ കാരുണ്യത്തിന്റെ മനസ്സിൽനിന്ന് രൂപപ്പെടുന്നതാണ്. ശുദ്ധമായ, കലർപ്പില്ലാത്ത ആനന്ദം അവിടെ അയാൾ ആഗ്രഹിച്ചു. യഥാർത്ഥത്തിൽ അതിലെല്ലാം അയാളുടെ സ്വയം പങ്കുവയ്ക്കലും മനസ്സിന്റെ നഗ്നതയുമുണ്ട്. 'ഖസാക്കിന്റെ അന്തർധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്തുചേർക്കാനുള്ള ഉദ്യമത്തെ ഹരിമുകാർ പിന്തുടരുന്നുണ്ട്. അഹങ്ങളെല്ലാമഴിഞ്ഞ ഒരു ജീവൻ പരസരപ്രകൃതിയിലേക്ക് സ്വയം നിവേദിക്കുന്ന അനുഭവമാണ് രവിയിൽ കാണുക. സ്വന്തം ജീവിതം അയാൾ ഭൂമിക്ക് ദാനമായി നല്കുന്നു. ഈശ്വരാ ഒന്നുമറിയരുത്. ജന്മത്തിൽനിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക' എന്നതിൽ ഇഹലോകത്തിൽനിന്നുള്ള വിടുതൽ മാത്രമല്ല ഉള്ളത്. ഇഹലോകത്തിലെ മറ്റ് ജന്മങ്ങളിലേക്കും തലചായ്ച്ച് ശമിക്കാനുള്ള ആഗ്രഹം അവിടെയുണ്ട്. ഈയൊരു തലം ഹരികുമാർ വിശദീകരിക്കുന്നുണ്ട്. 'ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽനിന്നുകൊണ്ട് തിരക്കിയപ്പോൾ വിജയന് അനേകം മനുഷ്യരുടെ ഉൾപ്രേരണകളും അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം, അതിന്റെ ഉടലിലേക്ക് ഓരോ നരനും പദാർത്ഥവും അടുത്തടുത്ത് പ്രവേശിക്കുകയാണെന്ന് നാമറിയുന്നു' എന്ന് ഹരി പറയുന്നു. ഖസാക്ക് എത്തിപ്പിടിക്കുന്ന ദാർശനികമായ ഉന്നതികളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

എൻ.എസ്. മാധവൻ ഉൾപ്പെടെയുള്ള, തിഞ്ഞ ധൈഷണികശേഷി പുലർത്തുന്ന എഴുത്തുകാർ ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഖസാക്കിനെ വിമർശിക്കാൻ ശ്രമിക്കുന്ന ഈ വേളയിൽ ഖസാക്കിനെ സൗന്ദര്യത്തിന്റെയും ചിന്തയുടെയും വ്യത്യസ്തമായ ചില ഉന്നതികളിൽനിന്ന് നോക്കിക്കാണാനുള്ള മൗലികമായ ശ്രമം രണ്ടു ദശാബ്ദങ്ങൾക്കുമുമ്പുതന്നെ നടന്നു എന്നത് ശ്രദ്ധേയമാണ്. ഖസാക്കിലേക്ക് തുറക്കുന്ന ആത്മജാലങ്ങളെ ഹരികുമാർ അവതരിപ്പിക്കുകയായിരുന്നു. നിശ്ചയമായും ഈ പുസ്തകം സരളമായ ആഖ്യാനമല്ല. പലപ്പോഴും ഭ്രാന്തമായ പദങ്ങളുടെ ശക്തമായ കാറ്റ് വന്നലയ്ക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ സാധാരണത്വങ്ങളുടെ നേർയുക്തികളിൽനിന്ന് ഖസാക്കിനെ വായിക്കാൻ കഴിയില്ലെന്ന തോന്നലിൽനിന്നുമാണ് ഈ പുസ്തകം പിറക്കുന്നത്. സാഹിത്യത്തെ വിസ്മയം നിറഞ്ഞ കണ്ണുകൊണ്ടും തീ ചൂടിൽ നിലകൊള്ളുന്ന മനസ്സുകൊണ്ടും സമീപിച്ച ഇരുപത്തിയൊന്നുകാരന്റെ ആവേശം ഈ പുസ്തകത്തിലുണ്ടുതാനും. എന്നാൽ ദുർഗ്രഹത അമൂർത്തത, ശിഥിലയുക്തികൾ എന്നീ വാദങ്ങൾ ഇതിനെതിരെ ഉയർന്നു. ഉന്നതമായ എഴുത്ത്, നിശ്ചയമായും അജ്ഞാതസ്ഥലികളിൽനിന്നുള്ള ഹൃദയസന്ദേശങ്ങൾ നമുക്ക് നല്കും എന്ന് ഉറച്ച് വിശ്വസിച്ച ഒരു ചെറുപ്പക്കാരന്റെ പ്രതികരണമാണത്. ഒ.വി. വിജയൻതന്നെ ഈ ശ്രമത്തെ സൗമനസ്യത്തോടെ സ്വീകരിച്ചു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മാറ്റങ്ങൾ കണ്ടുപിടിക്കുന്ന ഡിറ്റക്ടീവല്ല സാഹിത്യവിമർശകൻ എന്ന് ഈ പുസ്തകം ഇക്കാലത്ത് നമ്മോട് വിളിച്ചു പറയുന്നു. ആവാസത്തിന്റെ നന്മതിന്മകളും ക്രൂരഫലിതങ്ങളും ഉടൽസംഗീതവും ശബ്ദരഹിതമായ ഇടവേളകളും ഖസാക്കിലൂടെ നോക്കിക്കാണാനുള്ള ശ്രമം ഇവിടെയുണ്ട്. നിത്യമായ, ധ്വനിക്കുന്ന സംഗീതംപോലെയുള്ളഅശാന്തതയിലേക്ക് വാക്കും കാഴ്ചയും ബുദ്ധിയും നൈസർഗികമായി ചേർന്നു നില്ക്കുന്ന ഖസാക്ക് അനുഭവങ്ങളിലൂടെയുള്ള ആത്മയാനമനായി ഈ പുസ്തകം മാറിനിൽക്കുന്നു. ജീവിതത്തിന്റെ അതീതശ്രുതികളും സൗന്ദര്യാധിഷ്ഠിതമായ അയുക്തികളും അന്വേഷിക്കേണ്ടതില്ലെന്ന് വിചാരിക്കുന്നവർ, പരിസരങ്ങളിലെ സൂക്ഷ്മസംഗീതം അപ്രസക്തമാണെന്ന്  വിചാരിക്കുന്നവർ ഈ പുസ്തകത്തെ ഒഴിവാക്കുക. പശുക്കൾവരെ സൂക്ഷ്മമായ സംഗീതം കേട്ടാൽ ഒന്ന് ധ്യാനിച്ചു നില്ക്കും. ഒരു കശാപ്പുമൃഗത്തെപ്പോലെ ഖസാക്കിനെ കാണുന്ന മലയാളത്തിലെ ധൈഷണികമൂർത്തികളേ നിങ്ങളും ഈ പുസ്തകത്തെ ശകലീകരിക്കുക. കാരണം ഇതിനൊരു പശുത്വം ഉണ്ട്. അത് പാട്ടും കേൾക്കും. ജീവിതത്തിലേക്കു വരുന്ന എല്ലാ സൂക്ഷ്മസംഗീതത്തെയും കൊല്ലാൻ ശ്രമിക്കുന്നവരേ, ഈ പുസ്തകത്തോട് കരുണ കാണിക്കാതിരിക്കുക.