Monday, September 7, 2020

അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha may 26

 
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com


കൊറോണക്കാലത്ത് ഓസ്ട്രിയൻ കവി റെയ്നർ മരിയാ റിൽക്കേ (1875-1926) യുടെ രചനകളുടെ  പുനർവായന ഉപകരിച്ചു. ഏകാന്തതയിൽ സ്വയം രൂപപ്പെട്ടതും തന്നിലേക്ക് തന്നെ ഒഴുകിയതുമായ കവിയാണല്ലോ അദ്ദേഹം.

റിൽക്കേ കത്തുകളുടെ ആളായിരുന്നു. ധാരാളം സ്ത്രീ സുഹൃത്തുക്കൾക്കും മറ്റ് മിത്രങ്ങൾക്കും അദ്ദേഹം എഴുതുമായിരുന്നു. ജീവിതത്തിൽ കവിതകൾക്കും മറ്റ് രചനകൾക്കുമൊപ്പം കത്തുകളും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു, ഒരു ജ്വരബാധിതനെപ്പോലെ. റിൽക്കേയുടെ കത്തുകൾ ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് ഓർക്കുമ്പോൾ സംവാദാത്മകതയിൽ ഈ കവി എത്രമാത്രം ആഴ്ന്നിറങ്ങിയിരുന്നുവെന്ന് ബോധ്യപ്പെടും.

എന്തിനാണ് ഇത്രയും കത്തുകൾ ഒരാൾ എഴുതുന്നത് ?മലയാളസാഹിത്യത്തിൽ ഇങ്ങനെയാരെങ്കിലും എഴുതുമോ ? സ്വന്തം കാര്യങ്ങൾ സാധിക്കാൻ എഴുതുന്നപോലെയല്ല ഇത്. ഒരു കാലഘട്ടത്തിലെ മഹാപ്രതിഭയായ ഒരാൾ ഇങ്ങനെ കത്തെഴുതുമ്പോൾ എത്ര സമയം നഷ്ടപ്പെടും ! അതിൻ്റെയർത്ഥം റിൽക്കേ അസാധാരണ മനുഷ്യനും തീവ്രമായ വികാരങ്ങളുള്ളവനുമായിരുന്നു എന്നാണ്.ഒരു പിടയുന്ന മനസ്സ് നമുക്ക് കാണാം.
ചില വ്യക്തികളുമായി ആശയവിനിമയം ചെയ്യുന്നത് ,അവരോട് തുറന്നു സംസാരിക്കുന്നത് റിൽക്കേക്ക് ജൈവപ്രക്രിയയായിരുന്നു .ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത് .
അദ്ദേഹം ഓരോ വ്യക്തിയിലേക്കുമുള്ള സംസാരം ജീവിതത്തിൻ്റെ ഏകാന്തതുരങ്കമായി അനുഭവിച്ചു;അതൊരു പ്രാർത്ഥന പോലെ വിശുദ്ധമായിരുന്നു. നമ്മൾ ആകെ നേടുന്നത് സംഘർഷാത്ക തയാണെന്ന് അദ്ദേഹം ഒരു കവിതയിൽ എഴുതിയതിനു കാരണം ഇതാണ്. പ്രണയവും സ്നേഹവും സംഘർഷമായിരുന്നു. സമാനമനസ്കരെന്ന് കരുതപ്പെടുന്നവരുമായുള്ള സംവാദങ്ങൾ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൻ്റെ ഭാഗമായിരുന്നു.മനസ്സിലെ സംഘർഷങ്ങൾ ഇല്ലാതാവാൻ ,മനസ്സിനെ തുറന്നു വിടുകയാണ് ചെയ്തത്.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ട പ്ലേഗ് ,യുദ്ധങ്ങൾ ,പട്ടിണി തുടങ്ങിയ ദുരിതങ്ങൾ അപാര സെൻസിറ്റീവായ ഒരു കവിയെ ആന്തരികവും ഭാവനാപരവുമായ സന്നിപാതത്തിലേക്ക് നയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അദ്ദേഹം ദൈവത്തിൻ്റെയും പ്രകൃതിയുടെയും ലോകത്ത് നിന്ന് സ്വയം പുറത്താവുകയായിരുന്നു. കാരണം മനുഷ്യബന്ധങ്ങൾ ഉണ്ടാക്കുന്ന സങ്കീർണമായ ഭൗതിക സാഹചര്യങ്ങൾ ഒരു വലിയ വ്യവഹാര മേഖലയായി വികസിക്കുകയായിരുന്നു. രണ്ടു വ്യക്തികൾക്കിടയിൽ പലതുമുണ്ട്. അവർക്കിടയിൽ പരസ്പരം ബോധ്യപ്പെടുത്താനാവാത്ത സമസ്യകളുണ്ട്. അത് എപ്പോഴുമില്ല.എന്നാൽ അങ്ങനെയൊരു സാധ്യത എപ്പോഴുമുണ്ട്. ചിലപ്പോൾ സംവദിക്കുന്തോറും അർത്ഥ തലങ്ങൾ ദുരൂഹമായി മാറും.

വ്യക്തികളെ പുസ്തകങ്ങൾ എന്ന പോലെ പുനർവായിക്കേണ്ടതുണ്ടെന്ന് റിൽക്കേയുടെ കത്തുകൾ വായിച്ചാൽ വ്യക്തമാവും.എഫ്.എക്സ് .കപ്പൂസ് എന്ന യുവാവിനു റിൽക്കേ പത്തു വലിയ കത്തുകൾ എഴുതി. അത് 'ലെറ്റേഴ്സ് ടു എ യംഗ് പോയറ്റ് ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു സാഹിത്യകൃതി പോലെയാണ് ഇതിനെ വായനക്കാർ പരിഗണിക്കുന്നത്.കപ്പൂസിനു ഉപദേശം കൊടുക്കുകയായിരുന്നില്ല .സ്വയം അറിയാനും കണ്ടെത്താനും സഹായിക്കുകയായിരുന്നു. ഒരിടത്ത് റിൽക്കേ എഴുതുന്നത് ഇങ്ങനെയാണ്: 'നിങ്ങളുടെ അടുത്തുള്ളവർ വളരെ ദൂരെയാണെന്ന് അറിയുക. നിങ്ങൾക്ക് ചുറ്റിനുമുള്ള ഇടം വലുതാകുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ആരുടെയും ഒപ്പം പോകാൻ കഴിയില്ല.'

ഈ വാക്യങ്ങൾ സ്വതന്ത്രനായ ഒരു എഴുത്തുകാരന്  ശരിക്കും അനുഭവപ്പെടുന്നതാണ്.സാഹിത്യമേഖലയിൽ ഇത് സംഭവിക്കുന്നു. എന്നാൽ കൊറോണക്കാലത്തിനും ഇത് ഇണങ്ങും. മഹാമാരിയുടെ കാലത്ത് നമ്മുടെ ഒപ്പം ആരെങ്കിലും ഉണ്ടാകുമോ ?

ദാരിദ്ര്യം കവിയുടെ പ്രതിഭയെ തളർത്താൻ പാടില്ല. ദാരിദ്ര്യത്തിൻ്റെ അനുഭവത്തിൽ നിന്ന് ഒരു യഥാർത്ഥ കവി മഹത്തായ കവിതയാണ് ഉല്പാദിപ്പിക്കേണ്ടത് - ഇതാണ് റിൽക്കേയുടെ മതം.ഇത് നമുക്ക് ഇങ്ങനെ വികസിപ്പിക്കാം. രോഗിയായ എഴുത്തുകാരൻ രോഗത്തിൽ നിന്ന് സൗന്ദര്യമാണ് ജനിപ്പിക്കേണ്ടത്.

പന്ത്രണ്ട് വാല്യങ്ങളിലായി റിൽക്കേയുടെ കവിതകൾ പടർന്നു കിടക്കുന്നു. ഈ കവിതകളെ ,ചുരുക്കത്തിൽ ,കവിയുടെ ആത്മപരിശോധന എന്നു വിളിക്കാം. ദൗർഭാഗ്യങ്ങളെ ,പരിമിതികളെ ,എതിർപ്പുകളെ നേരിട്ടാണ്  ഒരെഴുത്തുകാരൻ വളരുന്നത്. അവൻ എപ്പോഴും കാണുന്നത് അവനെ പുകഴ്ത്താൻ നില്ക്കുന്നവരെയല്ല ,തളർത്താൻ നോക്കുന്നവരെയാണ്. അവൻ്റെ ഓരോ വാക്കിനെയും അർത്ഥരഹിതമാക്കാൻ ,സാമാന്യവത്ക്കരിക്കാൻ കുറേപ്പേർ കരുതിയിരിക്കുന്നുണ്ടാവും. ഒരാൾ നിശിതമായി ,സ്വയം വിചാരണ ചെയ്ത് എഴുതുമ്പോൾ അതുവരെ സുഹൃത്തുക്കളായിരുന്നവർ പോലും ശത്രുക്കളെപ്പോലെ പെരുമാറുമെന്ന് അമെരിക്കൻ കഥാകൃത്ത് ഹെമിംഗ് വേ പറഞ്ഞത് ശരിയാണ്. എഴുത്തുകാരനെ ചുമ്മാതൊന്ന് ചവിട്ടാനാണ് പലരും നോക്കുന്നത്. എന്നാൽ ഒരു സിനിമാനടനോട് ഈ ചവിട്ടില്ല .ഇതാണ് നവീന വിദ്യാഭ്യാസത്തിൻ്റെ പ്രത്യേകത. താൻ എഴുതുന്നത് മരിക്കാതിരിക്കാനാണെന്ന് റിൽക്കേ പറഞ്ഞതിൽ ഈ അന്ത:സംഘർഷമുണ്ട്.മരണത്തെപ്പോലും കൊല്ലുകയാണ് അദ്ദേഹം ചെയ്തത്.ജീവിതം എന്നാൽ മരിക്കാതിരിക്കലാണെന്ന് അദ്ദേഹം അർത്ഥമാക്കുന്നു. അവനവനിലേക്കുള്ള ഒരു ചുഴിയാണ് ഇത് സൃഷ്ടിക്കുന്നത്. സ്വയം തിരയുകയാണ് ,വേറൊരു പോംവഴിയുമില്ലാതെ ,കവി.

വാക്കുകൾ

1)ഞാനെഴുതുന്നത് ,എനിക്കറിയാവുന്നത് കണ്ടെത്തുന്നതിനാണ്.
ഫ്ളാനറി ഒ കോണർ ,
അമേരിക്കൻ എഴുത്തുകാരി.

2) പ്രകൃതി ഞങ്ങൾക്ക് ചിത്രകലയാണ്. ഓരോ ദിവസവും അനന്തസൗന്ദര്യമുള്ള ചിത്രങ്ങളാണ് ഉണ്ടാവുന്നത്.
ജോൺ റസ്കിൻ ,
ഇംഗ്ളീഷ് കലാവിമർശകൻ.

3)മനുഷ്യനുമായി സമ്പൂർണ രമ്യതയിൽ കഴിയണമെന്ന ചിന്ത പ്രപഞ്ചത്തിനില്ല .
കാൾ സാഗൻ,
അമെരിക്കൻ ശാസ്ത്രജ്ഞൻ.

4) ഒരു കാലഘട്ടത്തിലെ സ്വതന്ത്ര ചിന്ത പിന്നീടു വരുന്ന കാലത്ത് സാമാന്യബോധമാണ്.
മാത്യൂ ആർനോൾഡ് ,
ഇംഗ്ലീഷ് കവി.

5) പരിഭാഷ ഒരു സ്ത്രീയെപ്പോലെയാണ്.അത് സുന്ദരമാണെങ്കിൽ ,വിശ്വസ്തമായിരിക്കില്ല. അത് വിശ്വസ്തമാണെങ്കിൽ ,മിക്കവാറും സുന്ദരമായിരിക്കില്ല.
യെവ്ജെനി യെവ്തുഷെൻകോ ,
റഷ്യൻ കവി.

കാലമുദ്രകൾ

1)ഐ.വി.ശശി .
താൻ സംവിധാനം ചെയ്യുമ്പോൾ ഒരു വ്യക്തിയല്ല ,സമൂഹത്തെ അലങ്കോലപ്പെടുത്തുകയോ ,ശല്യപ്പെടുത്തുകയോ ചെയ്യുന്ന ഒരു വിമതനാണെന്ന് ഐ.വി.ശശി തെളിയിച്ചു.

2) അരവിന്ദൻ.
തൻ്റെ സിനിമയിൽ സമൂഹമോ കഥാപാത്രങ്ങളോ അല്ല ,താൻ തന്നെയാണ് ,തൻ്റെ നിശ്ശബ്ദതകളാണ് പ്രമേയമാകുന്നതെന്ന് അരവിന്ദൻ എത്രയോ വട്ടം കാണിച്ചു തന്നിട്ടുണ്ട്.

3)എം.ബി.ശ്രീനിവാസൻ .
തന്നോട് അറുപതുകളുടെ തുടക്കത്തിൽ , യേശുദാസിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് സംഗീതസംവിധായകർ എം.ബി.ശ്രീനിവാസനാണെന്ന് സംവിധായകൻ കെ.എസ്.സേതുമാധവൻ ഒരഭിമുഖത്തിൽ പറഞ്ഞു. തലത്  മുഹമ്മദ് ,മുഹമ്മദ് റാഫി എന്നീ ഗായകരുടെ രണ്ട് വ്യത്യസ്തമായ ധ്രുവങ്ങൾ ഈ ഗായകനിലുണ്ടെന്നായിരുന്നു ആ പരാമർശം.

4) ഡോ.കെ.ഭാസ്ക്കരൻ നായർ .
ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്നൊക്കെ ലേഖനത്തിനു പേരിട്ട ഭാസ്ക്കരൻ നായർ ,വാസ്തവത്തിൽ ,വ്യത്യസ്തമായ ഒരു ഗദ്യശൈലി അവതരിപ്പിക്കുകയായിരുന്നു.

5)ഭരതൻ.
വൻ സാമ്പത്തിക വിജയമാകാതിരിക്കാൻ വേണ്ടി ഭരതൻ ചെയ്ത ഓർമ്മയ്ക്കായി ,സന്ധ്യ മയങ്ങും നേരം ,പാർവ്വതി തുടങ്ങിയ സിനിമകൾ സൗന്ദര്യാത്മകതയുടെ വഴിയിലൂടെയുള്ള ഏകാന്ത സഞ്ചാരങ്ങളാണ്.

ദർശനം

1) നീല .
നീല അഗാധതയെയാണ് അർത്ഥമാക്കുന്നതെങ്കിൽ അഗാധത എന്താണ് ?

2) മനസ്സ് .
മനസ്സ് സത്യം പറയാത്തതുകൊണ്ട്  ആത്മകഥ  അസംബന്ധമായിരിക്കും.

3)കവി.
കവി കാമുകിയെ അറിയുന്നേയില്ല . തൻ്റെയുള്ളിലെ കാമുകിബിംബത്തെ മാത്രം കാണുന്ന സ്വപ്നദർശിയാണയാൾ.

4)സാഹിത്യം.
സാഹിത്യം ഒരു ജ്വരമാണ്; ഒരു രോഗമാണ്.

5)ചിന്ത.
ചിന്തയുടെ പ്രാഥമിക സ്വഭാവം അതിനെത്തന്നെ നിരാകരിക്കുക എന്നുള്ളതാണ്. കാരണം സ്വയം തള്ളിപ്പറഞ്ഞുകൊണ്ടേ ചിന്തയ്ക്ക് വളരാനൊക്കൂ.

ആനുകാലികം

സി.കെ.ആനന്ദൻപിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന 'സാഹിത്യവിമർശ'ത്തിൽ (ഏപ്രിൽ - ജൂൺ) കവർസ്റ്റോറിയായി വന്നിട്ടുള്ളത് കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾക്ക് നേർക്കുള്ള വിമർശമാണ്.ശങ്കരപ്പിള്ളയുടെ കവിതകൾ മൃതപ്രായമാണെന്നും അദ്ദേഹത്തിനു മലയാളകവിതയുടെ ടെക്നിക്ക് ഇനിയും പിടികിട്ടിയിട്ടില്ലെന്നും കവിതയുടെ ഭാവസ്പർശം ആ രചനകൾക്കില്ലെന്നും  ആധുനികതയെ അധ:പതിപ്പിച്ച കവിയാണ് അദ്ദേഹമെന്നും ഡോ.പി.ശിവപ്രസാദ് (കൊച്ചിൻ കവിതാനിർമ്മാണ യൂണിറ്റ് - രജത ജൂബിലി കണക്കെടുപ്പും വിലയിരുത്തലും ) എഴുതുന്നു.

'സാഹിത്യവിമർശ'ത്തിൽ മാത്രമേ ഇപ്പോൾ ഇതുപോലുള്ള തുറന്ന എഴുത്ത് കാണാറുള്ളു. ആരാധനയെല്ലാം മാറ്റിവച്ച് രൂക്ഷമായി വിമർശിക്കുന്ന ഇടങ്ങൾ കുറച്ചെങ്കിലും വേണം. അല്ലെങ്കിൽ കഥയറിയാത്ത ആരാധകന്മാരെക്കൊണ്ട് കേരളം നിറയും. എന്നെയും 'സാഹിത്യവിമർശം' രൂക്ഷമായി വിമർശിച്ച് കവർസ്റ്റോറി പ്രസിദ്ധീകരിച്ചിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. 'കൂത്താട്ടുകളത്ത് നിന്ന് ഒരു ശങ്കരാചാര്യർ 'എന്നായിരുന്നു ടൈറ്റിൽ. എന്നാൽ എനിക്ക് ആനന്ദൻപിളളയോട് പരിഭവമോ പകയോ ഇല്ല. അദ്ദേഹം ഇത് തുടരണം.

കെ.ജി.ശങ്കരപ്പിള്ളയ്ക്ക് കേരള സാഹിത്യഅക്കാദമി ഫെലോഷിപ്പ് നല്കിയത് ശരിയായില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്. എൺപതുകളിൽ വിപ്ളവകാരികളോ അരാജകവാദികളോ ആയി പ്രത്യക്ഷപ്പെട്ട എഴുത്തുകാർ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതോടെ കേരള സാഹിത്യ അക്കാദമായിലേക്ക് ചെരുപ്പ് ഊരി വച്ച് കടന്നു പോകുന്നതാണ് നാം കാണുന്നത്‌! . വിഗ്രഹഭഞ്ജകരുടെ മേലങ്കിയണിഞ്ഞവർ ഒരു ദിവസം അധികാരസ്ഥാപനങ്ങളുടെ ഔദാര്യം പറ്റാൻ ക്യൂ നില്ക്കുന്നു.ഇത് ഏതെങ്കിലും കുട്ടികൾ അനുകരിക്കുകയാണെങ്കിൽ അവരിൽ നിന്ന് ആദർശത്തിൻ്റെയോ ധർമ്മത്തിൻ്റെയോ കണികയെങ്കിലും നമുക്ക് പ്രതീക്ഷിക്കാനൊക്കുമോ ?
ഇങ്ങനെയുള്ളവർ വന്നടിയുന്ന സങ്കേതമായി സാഹിത്യഅക്കാദമി  മാറി. അവിടെ കൃതികളുടെ മൂല്യനിർണയം ഒരു പഴങ്കഥയാണ്.

കവിതയുടെ മെലിച്ചിൽ

ശങ്കരപ്പിള്ളയുടെ രചനകളിൽ കവിത എന്ന നൈസർഗിക ഗുണമില്ല .അദ്ദേഹം ബോധപൂർവ്വം അത് സൃഷ്ടിക്കാൻ ശ്രമിക്കയാണ്. അതുകൊണ്ടാണ് രചനകളിൽ കൃത്രിമത്വം അനുഭവപ്പെടുന്നത് .കവിത അതിൻ്റെ അന്തരാത്മാവിൽ ദു:ഖിതരുടെയും പീഡിതരുടെയും ആ മന്ത്രണങ്ങളാണ് കേൾക്കുന്നത്‌.ആ നിലയിൽ സ്വയം പരിവർത്തനം ചെയ്ത് സംവേദന തന്തുക്കൾ ഹൃദയത്തിൽ ആവാഹിക്കുന്നവർക്കേ രണ്ടു വരി എഴുതാനൊക്കൂ.

അദ്ധ്യാപക കവികളുടെ ശിഷ്യഗണങ്ങൾ വലിയൊരു ദൂഷിത വലയമാണ്.ഇവർ വൃഥാ വാഴ്ത്തുപാട്ടുകാരും മറ്റു കവികൾക്ക് ശല്യം വിതയ്ക്കുന്നവരുമാണ്. ആറ്റൂർ ശിഷ്യർ മറ്റൊരു ഉദാഹരണം.കലാശാലാ വകുപ്പുകളും കോളെജ് മാഗസിനുകളും ഗവേഷണ മുറികളും പാഠപുസ്തകകമ്മിറ്റികളും ഈ ശിഷ്യഗണങ്ങളുടെ അധീശ മേഖലകളാണ്. അങ്ങോട്ട് മറ്റാർക്കും കടന്നു ചെല്ലാനാവാത്തവിധം ,അത് കാഫ്കയുടെ കൃതിയിലെ ദുർഗ്ഗം  പോലെ അപ്രാപ്യമാണ്. യു.ജി.സി
അദ്ധ്യാപക കവികൾക്ക് ഇന്ന് പ്രസക്തിയില്ല. അവരുടെ കവിതകൾ വായിക്കുന്നവർ മനസ്സിൽ 'അഴകിയ രാവണൻ ' എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഓർമ്മിക്കും: വേദനിക്കുന്ന കോടീശ്വരൻ.

ഇടശ്ശേരി ഗോവിന്ദൻ നായരെയാണ് പുതുകവികൾ ജീവിതവഴിയിൽ അനുകരിച്ചതെങ്കിൽ അത് മൂല്യപരമായ കയറ്റമാകുമായിരുന്നു. അതിവിടെ ഉണ്ടായില്ല .

സ്ത്രീ

സുരേഷ് നൂറനാട് എഴുതിയ 'സ്ത്രീദൃശ്യങ്ങൾ' (ഭാഷാപോഷിണി, മെയ് ) സമീപകാല ജീവിതക്കാഴ്ചകളിലെ വ്യഥിത സന്ദർഭങ്ങളെ ഓർത്തെടുക്കുന്ന കവിതയാണ്.
' സ്കൂളിൽ പോകുന്ന ദിവസങ്ങൾ
ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു .
മില്ലിൽ ഓണക്കാലത്തും
ദീപാളിക്കാലത്തും
രാപകൽ പണി കാണും.
ഊടും പാവും
പകുത്ത് പകുത്ത്
അവൾ കല്ലായി മാറി.
ആരും കെട്ടാൻ വന്നില്ല.
അമ്മയുടെ രോഗത്തിൻ്റെ
നദിയിൽ
പരൽമീനിനെപ്പോലെ  നീന്തി.
മരണത്തിൻ്റെ പ്രളയജലത്തിൽ
ഒഴുകിപ്പോയ നെയ്ത്തുശാലയിൽ
അവൾ കടുംകല്ലായി എന്നും
കറുത്തു കിടന്നു.'

ഇങ്ങനെ എഴുതുന്ന കവി ഒരു പെണ്ണിൻ്റെ മനസ്സ് കാണുകയാണ്. ചില പദങ്ങൾ സാരഗ്രാഹിയാകുന്നത് ,അത് ഉപയോഗിക്കുന്നവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്.

ക്രൂരവിനോദം

ആഷാമേനോൻ  ചട്ടമ്പിസ്വാമികളെക്കുറിച്ചെഴുതിയ 'പ്രപഞ്ചമാനസൈക്യം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 3) ഒരു വലിയ പരാജയവും  അപരാധവുമായി നില്ക്കുകയാണ്‌. ചട്ടമ്പിസ്വാമികളെക്കുറിച്ച് ആഷാമേനോന് ഒന്നും അറിയില്ല .ഒരു കൃതിയെങ്കിലും വായിച്ചിട്ട് എഴുതാമായിരുന്നല്ലോ. ഒരു ശരാശരി ജീവചരിത്രം വച്ചാണ് താൻ ഈ ലേഖനം എഴുതുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നു. പാമ്പിനെ ഓടിച്ചു വിട്ട ആളായിട്ടാണ് ലേഖകൻ സ്വാമികളെ കാണുന്നത്. സ്വാമികളുടെ ദർശനം എന്താണെന്ന് പറയുന്നില്ല .അതിനു പുറമേയാണ് മറ്റൊരു കാടത്തം കാണിക്കുന്നത്;ചട്ടമ്പിസ്വാമികളെ പിടിച്ച് ശ്രീനാരായണഗുരുവിനെ അപഹസിക്കാൻ ശ്രമിക്കുന്നു. സ്വന്തം പരിമിതി മറ്റുള്ളവരുടെ മേൽ വച്ചു കെട്ടുകയാണ് ! .

മേനോൻ എഴുതുന്ന സാഹിത്യ ലേഖനങ്ങളെ ഇപ്പോൾ സംശയത്തോടെ നോക്കേണ്ടി വരുന്നു. കാരണം ,അദ്ദേഹത്തിനു സാമൂഹ്യ ,രാഷ്ട്രീയ പരിപ്രേക്ഷ്യം എന്താണെന്നറിയില്ല .മനസ്സിൽ തോന്നുന്ന ചില വികാരങ്ങൾ വച്ച് വളരെ ഉപരിതലസ്പർശിയായി ,നിരുത്തരവാദപരമായാണ് അദ്ദേഹം എഴുതുന്നത്. ഇതുപോലൊരു ചതിപ്രയോഗം മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല.

പുസ്തകം

പ്രൊഫ.ആമ്പല്ലൂർ അപ്പുക്കുട്ടൻ എഴുതിയ 'എ പ്രൊഫൈൽ ഓഫ് കഥകളി ' (കേരള കലാക്ഷേത്ര ,ആമ്പല്ലൂർ ) കഥകളിയെക്കുറിച്ച് സമ്പൂർണ വിവരം നല്കുന്ന കൃതിയാണ്‌. കഥകളിയിലെ വിവിധ വേഷങ്ങളുടെ വർണചിത്രങ്ങളും ചേർത്തിരിക്കുന്നു. കഥകളിയിൽ ഉപയോഗിക്കുന്ന പരാണകഥകളെയും പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥം ഇംഗ്ളീഷ് ഭാഷയിൽ വരുന്നത് വളരെ പ്രശംസനീയമായാണ്.പ്രൊഫ.അപ്പുക്കുട്ടൻ കേരളത്തിനും ലോകത്തിനും നല്ലൊരു സംഭാവനയാണ് നല്കിയതെന്ന്  ജസ്റ്റിസ് കെ.സുകുമാരൻ  എഴുതിയത് അതിശയോക്തിയല്ല .

ജോജിത വിനീഷ് എഴുതിയ 'ദേജാ  വൂ' എന്ന കഥാസമാഹാരത്തിൽ (വായനപ്പുര പബ്ളിക്കേഷൻസ്) പന്ത്രണ്ട് രചനകളുണ്ട്.ലിമാകോങ് ഒഴുകുന്നില്ല ,കനൽപ്പെരുക്കങ്ങൾ ,എന്നീ കഥകൾ നൊമ്പരമുണർത്തും. മറന്നുവച്ച അനുരാഗങ്ങളെ തീക്കാറ്റുപോലെ തേടിച്ചെന്ന് പിടിച്ചെടുക്കുന്ന ഒരു മനസ്സ് ജോജി തയുടെ കഥകളിലുണ്ട്.

ഉയർന്ന വൈകാരികക്ഷമതയാണ് സാഹിത്യമെഴുതാനുള്ള ശക്തി തരുന്നത്.പുറത്ത് മഴ പെയ്യുമ്പോഴും ഉള്ളിലെ കാട് കാണണമെന്നർത്ഥം. കണ്ടു മറന്ന സ്വപ്നങ്ങളെ അന്വേഷിച്ചിറങ്ങുന്നത് കവിതയായി പരിണമിക്കുന്നു.

No comments:

Post a Comment