മറവി എത്ര സുഖകരമാണ്.
അല്ലെങ്കിൽ നമ്മൾ മറക്കില്ലയിരുന്നല്ലൊ.
നമ്മൾ പരസ്പരം ഓർത്തപ്പൊളൊക്കെ
ആരോ നമ്മെ പിന്നോട്ട് പിടിച്ച് വലിച്ചുകൊണ്ടിരുന്നു
നിന്റെ ഓർമ്മകൾ വേഗം തിരിച്ചുകിട്ടുമെന്നും
അതു എന്നിലേക്കു ധൃതിപിടിച്ച് ഒടിയെത്തുമെന്നും ഞാൻ കരുതി.
എന്നാൽ എന്തോ ഗാഢമായ ഒരു വസ്തു,
അതു മീൻ മുള്ളു പോലെ , ഒഴുകുന്ന വെള്ളത്തിനു മുന്നിലെല്ലാം
വന്നു പെടാറുള്ള തടിക്കഷണം പോലെ
നിന്റെ ഓർമ്മയുടെ ഇടുങ്ങിയ വഴിയിൽ കിടക്കുന്നുണ്ടായിരുന്നു.
മനുഷ്യ സാധ്യമായ ഒരു ശക്തിക്കും അതു മാറ്റാനാകില്ല.
കാലം അതിന്റെ ഇരുണ്ട വഴികളിൽ വീണ്ടും അനാഥമായി.
ആരെയും ഓർക്കുകയോ പഴയതു പറഞ്ഞ്
അലമ്പുണ്ടാക്കുകയോ ചെയ്യാതെ
അതു നമ്മെപ്പോലെയുള്ള ക്രൂര നിഷ്കളങ്കരെ
ഒരു വശത്തേക്കു തള്ളിയിടുകയാണ് ചെയ്യുന്നതു.
പതിവു പോലെ പേരില്ലാത്ത കാക്കകൾ ഇരതേടാനെത്തുന്നു.
ആരെയും ഓർത്തുവയ്ക്കാത്തപോലെ
തെരുവുപട്ടികൾ ക്രീഡയിലേർപ്പെട്ടു.
ഇലകൾ വാടിയെങ്കിലും അവ മറവിബാധിച്ച്
താഴേക്ക് വീഴാൻ മടിച്ചു.
രാത്രിയിൽ ഒരു നക്ഷത്രം മാത്രം
കൂടുതൽ മിന്നുന്നുണ്ടായിരുന്നു.
അതു എനിക്കു വെളിച്ചം തന്നു വഴിക്കാണിക്കാൻ ഔദാര്യം കാണിച്ചു.
ചന്ദ്രന്റെ ആഭിചാരമായ പ്രകാശം
ഒരു വർണത്തിലും ഒതുങ്ങാത്ത പോലെ അഭൗമമായി.
രാത്രിയിൽ ശൂന്യത പാപവിമുകതമായപോലെ.
അതു വൃക്ഷച്ചില്ലകളിൽ തലപൂഴ്ത്തുന്ന ഇരുട്ടുകറ്റകളെ ഓർമ്മിപ്പിച്ചു