Thursday, September 10, 2020

അക്ഷരജാലകം / ജല്ലിക്കട്ട് നവീന ആഖ്യാനം/ .കെ.ഹരികുമാർ /metrovartha ,March 15


എല്ലാത്തരം സിനിമകളും ഒരു വ്യവസായത്തിനു ആവശ്യമാണ്. തീയേറ്റർ വിജയങ്ങൾ ഇല്ലെങ്കിൽ വിജനമായ ഉത്സവപ്പറമ്പ് പോലെയാകും നമ്മുടെ സിനിമാരംഗം. അല്ലു അർജുൻ്റെയും വിജയിൻ്റെയും ചിത്രങ്ങൾ ഞാൻ നഷ്ടപ്പെടുത്താറില്ല. കാരണം അത് അനീതിക്കെതിരെ പോരാടാനുള്ള തീ മനസ്സിൽ നിറച്ചു തരും. ഇക്കാലത്ത് സാംസ്കാരിക ,സാഹിത്യ മേഖലയിലുള്ളവർ പോലും അനീതിക്കെതിരെ ഒന്നും മിണ്ടാറില്ല .അവരുടെ പരിമിതിയറിയാം .എന്നാൽ ഒരു കവിതയിലോ, കഥയിലോപോലും അതൊന്നും കടന്നുവരുന്നില്ല. ഇപ്പോൾ സാഹിത്യം ഫെസ്റ്റിവലുകളിൽ കൈകാര്യം ചെയ്യപ്പെടുകയാണ്. നാലാംതരം പുസ്തകങ്ങൾ കൊട്ടും കുരവയുമായി പ്രകാശനം ചെയ്യുന്നു. ഇവൻ്റ് മാനേജ്മെൻ്റാണ് തരംഗമാവുന്നത്.

എഴുപതുകളിലെ നവതരംഗ, വ്യക്തിഗത സിനിമകൾ എടുത്ത രീതി  കാലഹരണപ്പെട്ടു. കെ .ആർ.മോഹനൻ്റെ 'പുരുഷാർത്ഥം' പോലുള്ള സിനിമകളുടെ ശൈലിയും ജീവിത സമീപനവും ഇപ്പോൾ മടുപ്പിക്കും. എല്ലാ കാലത്തും ആസ്വദിക്കാവുന്ന ആവിഷ്കാരതലം അതിനില്ല.ഫ്യൂഡൽ അധികാരഘടന ഇല്ലാതായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ചെറുപ്പക്കാരെയാണ് ചിലരൊക്കെ അവതരിപ്പിച്ചത്. ശൈലികൾ പലരും അങ്ങോട്ടും ഇങ്ങോട്ടും അനുകരിച്ചു.

എന്നാൽ എഴുപതുകളിൽ തുടങ്ങിയ നവതരംഗം പുതിയൊരു വഴിമാറൽ അല്ലെങ്കിൽ വ്യതിചലനം സാധ്യമാക്കിയത് 2010 മുതലാണ്. സാഹിത്യകാരന്മാരുടെ പരമ്പരാഗത വീക്ഷണത്തിൽ നിന്ന് സിനിമ മെല്ലെ മോചിപ്പിക്കപ്പെടാൻ തുടങ്ങി.അൽഫോൻസ് പുത്രൻ്റെ 'നേരം', ലിജോ ജോസ് പെല്ലിശേരിയുടെ 'സിറ്റി ഓഫ് ഗോഡ്,ആമേൻ, ദിലീഷ് പോത്തൻ്റെ 'മഹേഷിൻ്റെ പ്രതികാരം' ,അനിൽ രാധാകൃഷ്ണമേനോൻ്റെ 'സപ്തമശ്രീ  തസ്കരഹ ' തുടങ്ങിയ ചിത്രങ്ങൾ സിനിമയെ സാഹിത്യത്തിൽ നിന്നും കാരക്ടർ മാമൂലുകളിൽ നിന്നും രക്ഷിച്ചു.

എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ ' എന്ന ചിത്രം  സംവിധായകൻ്റെ കഥാഖ്യാനരീതിയെ മാറ്റിമറിച്ചു. ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ഒരു പ്രധാന പ്രവണത കഥ സമ്പൂർണ്ണമായി പറയാതിരിക്കുകയും എന്നാൽ ഒരു പ്രതിപാദന രീതി  കണ്ടെത്തുകയും ചെയ്യുക എന്നുള്ളതാണ്. കഥ പറയുന്നത് ഇന്ന് വലിയ മിടുക്കല്ല. ഒരു കഥ വിശദമായി പറയുന്നത് ബോറടിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്. കഥയുടെ നേർക്ക് മൗലികമായ ഒരു നോട്ടമുണ്ടാവുകയാണ് പ്രധാനം.കഥ പറയുന്ന രീതിയിലാണ് കഥയുള്ളത്. മേതിൽ രാധാകൃഷ്ണൻ്റെ 'എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന കഥ മലയാള കഥാലോകത്തു തന്നെ ഒറ്റപ്പെട്ടു നിൽക്കുകയാണ്. പഴുതാര വരുന്നതിലോ, അതിനെ കൊല്ലുന്നതിലോ കഥയില്ല.എന്നാൽ അതിനെ എങ്ങനെ കൊല്ലാം എന്ന് ചിന്തിക്കുന്നതും അതെങ്ങനെ കഥയായി എഴുതാം എന്ന് പരീക്ഷിക്കുന്നതും പുതിയ ഒരു പ്രതിപാദനരീതി ആവശ്യപ്പെടുന്നു. ഈ പ്രതിപാദനരീതി അഥവാ ആഖ്യാനമാണ് പുതിയ സാഹിത്യം.

കല എന്ന പ്രത്യയശാസ്ത്രം.

ഈ സമീപനം ലോകമെമ്പാടുമുള്ള നവസിനിമയെ സ്വാധീനിച്ചു കഴിഞ്ഞു. കഥ പറയാൻ വിറളി പിടിച്ചു നടന്നവരുടെ കാലം കഴിഞ്ഞു. അങ്ങനെയുള്ളവർ അന്ധതമസ്സി ലാണ്.

ലിജോ ജോസിൻ്റെ 'ജല്ലിക്കട്ട്' ഒരു  നവസിനിമാനുഭവമാണ്, എല്ലാ തലങ്ങളിലും.  ചുരുങ്ങിയത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിലെങ്കിലും ഇതൊരു വഴിത്തിരിവാണ്.അരവിന്ദൻ്റെ കാഞ്ചനസീത, ജോൺ എബ്രഹാമിൻ്റെ 'അമ്മ അറിയാൻ' എന്നീ ചിത്രങ്ങൾക്കു ശേഷമുണ്ടായ ആഖ്യാന വിപ്ളവം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. 'ജല്ലിക്കട്ടി 'ൽ സ്വഭാവശുദ്ധിയുള്ള മനുഷ്യകഥാപാത്രങ്ങളെ തേടിപ്പോകാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. ഒരു സിനിമ എന്ന് പറഞ്ഞാൽ അത് മനുഷ്യൻ്റെ കഥയാകണമെന്ന് നിർബന്ധമില്ല .ഒരു ദൃശ്യാനുഭവമാണത്. അതിൽ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും പങ്കുണ്ട്.

ഇതിൽ ഒരു കഥ എന്ന് പറയാവുന്ന ഒന്നുമില്ല. എന്നാൽ നേരിയ ഒരു ചരടുണ്ട്. വെട്ടാൻ കൊണ്ടുവരുന്ന പോത്ത് വിരളുന്നു - ഇതാണ് ആ ചരട് .പോത്ത് വിരളുന്നത് ഒരു മുഴുവൻസമയ സിനിമയാക്കാൻ  ഒരു സംവിധായകനു തോന്നിയാൽ പോരാ; അതിനു പറ്റിയ നരേറ്റീവ് അഥവാ പ്രതിപാദനം കണ്ടെത്തണം. സംവിധായകൻ ഈ തന്തുവിനെ വെളിച്ചം, നിഴൽ, ആൾക്കൂട്ടഭീകരത, ഇറച്ചിക്കൊതി, തീറ്റ ,പ്രണയം, പ്രണയപ്പക, സെക്സ് ,മോഷണം, കൊല, മരണം , തുടങ്ങി വിവിധ ഘടകങ്ങളാക്കി വേർതിരിച്ചെടുക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിമരം വിരണ്ട പോത്ത് തട്ടിമറിച്ചിട്ടതു പോലും വേണമെങ്കിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി മാറാം എന്ന് സംവിധായകർ സൂചന നൽകുന്നുണ്ട്. ഒരു പോത്തിൻ്റെ പരക്കം പാച്ചിലിൽ രണ്ടു പേർക്കിടയിലെ പകയും നഷ്ടപ്രണയവും രതിമോഹവും സൂപ്പർഇംപോസ് ചെയ്തു വയ്ക്കുന്ന സംവിധായകൻ മനഷ്യൻ്റെ ആദിമ വാസനകൾ ഇറച്ചിക്കടയിൽപ്പോലും സ്പന്ദിക്കുന്നതായി തൊട്ടുകാണിക്കുന്നു.

പോത്ത് തന്നെ ആഖ്യാനം.

പോത്ത് ഒരു പ്രതീകമല്ല; പോത്ത് മാത്രമാണ്. അത് സ്വയം ഒരു ആഖ്യാനമാണ്. സംവിധായകൻ അതാണ് തേടുന്നത്. ആ ആഖ്യാനത്തിലേക്ക് മനുഷ്യരെ കൂട്ടി ച്ചേർക്കുകയാണ്. സിനിമ ദൃശ്യവ്യാഖ്യാനമാണ് .ഈ സിനിമയുടെ രാത്രി ദൃശ്യങ്ങൾ കഥ പറയാൻ ഉദ്ദേശിച്ചുള്ളതല്ല. അത് പ്രമുഖ ഉത്തര- ഉത്തരാധുനിക സാഹിത്യസൈദ്ധാന്തികനായ ജർമ്മൻ പ്രൊഫസർ റിയോൾ ഇഷെൽമെൻ  മുന്നോട്ടുവച്ച 'പെർഫോമാറ്റിസം ' എന്ന ആശയവുമായി ചേർത്തുവച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇഷെൽമാൻ വ്യക്തമാക്കുന്നത്  (ഞാനുമായി ഇ-മെയിൽ ഇൻ്റർവ്യുവിൽ പറഞ്ഞത്. ഇത് ഉത്തര-ഉത്തരാധുനികത എന്ന പുസ്തകത്തിലും, ഇംഗ്ളിഷിലുള്ളത് വിവിധ സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് )ഒരു കൃതിയിലെ അവതരണത്തെ സൗന്ദര്യാത്മകതലത്തിൽ വിശ്വസിക്കാൻ ഒരു വായനക്കാരനെ അല്ലെങ്കിൽ കാണിയെ സ്വാഭാവികമായി പ്രാപ്തമാക്കുന്ന കലാതന്ത്രമാണ് പെർഫോമാറ്റിസം എന്നാണ്‌. ചിലപ്പോൾ അയഥാർത്ഥമായി തോന്നാം.എന്നാൽ പ്രേക്ഷകർ അത് പൂർണമായി വിശ്വസിക്കുന്നു. അതായത് ഒരു അതീതാനുഭവം പ്രേക്ഷകനെ കീഴ്പ്പെടുത്തുന്നു. അതിലൂടെ സിനിമയിൽ ചിത്രീകരിച്ച മാന്ത്രിക യാഥാർത്ഥ്യം വാസ്തവമാണെന്ന് അവനു ബോധ്യപ്പെടുന്നു.

' ജല്ലിക്കട്ട്' രണ്ടു വിധത്തിൽ കാണിയെ വിശ്വസിപ്പിക്കുന്നു. ഒന്ന് ,പോത്തിനെ പിടിച്ചുകെട്ടാൻ ഓടുന്ന ആളുകളിൽ താൻ ഉണ്ടെന്ന് അവൻ വിശ്വസിക്കുന്നു. കാണി തന്നെയാണ് പോത്തിനു പിന്നാലെ പായുന്നത്. രണ്ട്, വിറളി പിടിച്ച് ഓടുന്ന പോത്ത് മറ്റാരുമല്ല ;നാം തന്നെയാണ്. ഈ രണ്ട് അവസ്ഥകളും ഒരാളിൽ തന്നെ കേന്ദ്രീകരിക്കുന്നിടത്താണ് സിനിമ തീ വ്രമായ അനുഭവമാകുന്നത്.ഇവിടെയാണ് സംവിധായകൻ്റെ 'പെർഫോമാറ്റിസം ' പ്രകടമാകുന്നത്. ഇത് ലിജോ ജോസിൻ്റെ ബ്രഷ് സ്ട്രോക്കാണ് .വേറൊരാൾ ചെയ്താൽ ഈ ടോൺ ഉണ്ടാകുകയില്ല. ലിജോ 'മലയാള സിനിമയിൽ പുതിയൊരു കാമറകണ്ണും നോട്ടവും സമീപനവുമാണ് സംഭാവന ചെയ്തിരിക്കുന്നത്. നായികയോ നായകനോ ഇല്ല. ഗാനമോ ഗായകനോ ഇല്ല.എന്നാൽ ആണും പെണ്ണും പ്രേമവും സെക്സും ക്രൂരതയുമുണ്ട്. തിരക്കഥ അതേപടി ഷൂട്ട് ചെയ്താൽ ലിജോയുടെ അത്ഭുതം കാണിക്കാനൊക്കില്ല. സിനിമ എന്താണോ അതിൻ്റെ ഇരുപതു ശതമാനം മാത്രമേ സിനിമ വരൂ. എല്ലാ ഫോർമുലകളും തള്ളിക്കളഞ്ഞ ഈ സംവിധായകൻ തനിക്കു കലയല്ലാതെ വേറൊരു പ്രത്യയശാസ്ത്രമില്ലെന്നു സംശയമില്ലാതെ തന്നെ കാണിച്ചു തരുകയാണ്.

എന്നാൽ നമ്മുടെ ചില മുഖ്യധാരാ മാധ്യമങ്ങളും സിനിമാവിമർശകരും ലിജോയെയും ജല്ലിക്കട്ടിനെയും വേണ്ടപോലെ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു.  ഈ മുഖ്യധാരാ  മാധ്യമങ്ങളിൽ നവസിനിമയെക്കുറിച്ച് അറിയാവുന്നവർ തീരെയില്ല എന്ന് പറയേണ്ടി വരും. സാഹിത്യത്തിൻ്റെ  കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

ആനുകാലികം

സാമൂഹ്യപരിഷ്ക്കർത്താവും എഴുത്തുകാരനുമായ  വി.ടി.ഭട്ടതിരിപ്പാടിൻ്റെ മകൻ വി.ടി.വാസുദേവൻ എന്തെഴുതിയാലും ഞാൻ വായിക്കും.കാരണം ആ വ്യക്തി നിറയെ ആത്മാർത്ഥതയാണ്. ഞാൻ ഒരിക്കൽ വാസുദേവനെ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹം വീട്ടിൽ കൊണ്ടുപോയി വി.ടിയുടെ നോട്ടുബുക്കുകൾ കാണിച്ചു തന്നു. ആ കൈയക്ഷരം കണ്ട് ഞാൻ  ആദരവോടെ നോക്കി നിന്നു.വാസുദേവൻ നിധിപോലെ സൂക്ഷിക്കുകയാണ് അച്ഛൻ്റെ കൈയെഴുത്തുപ്രതികൾ.
വാസുദേവൻ എഴുതുന്നു: "സമത്വവും സാഹോദര്യവും ഇല്ലാത്തതിനാലാണ് ജീവിതം ക്ലേശകരമാവുന്നത്. സ്നേഹിക്കുക എന്ന തീവ്രതപസ്സ്  അനുഷ്ഠിച്ചാലേ സ്നേഹിക്കപ്പെടുക എന്ന ആത്മസുഖം കൈവരുകയുള്ളു.മന:ശുദ്ധിയും ആർദ്രതയും ഉള്ളവർക്ക് ഭക്തിയും പവിത്രതയും നേടാൻ ഒരു തീർത്ഥാടനവും ചെയ്യേണ്ടതില്ല. ചാണകം വാരാൻ ഭൂമിയിൽ കുമ്പിട്ടു നിൽക്കേണ്ടി വരും, പക്ഷേ കെടുനീതിയുടെ മുമ്പിൽ തലതാഴ്ത്തരുത്." ( ശാന്തിക്കാരൻ ഗ്രന്ഥശാലാ പ്രവർത്തകനായ കഥ ,ആശ്രയ മാതൃനാട്).ഇത്രയും വ്യക്തമായി, ശക്തമായി എഴുതാൻ കഴിഞ്ഞത്  വി.ടിയുടെ മകനായതുകൊണ്ടാണ്.മലയാളത്തിലെ സാഹിത്യോത്സവങ്ങൾ പാട്ടത്തിനെടുത്തിട്ടുള്ള ആർക്കെങ്കിലും ഇങ്ങനെ എഴുതാനൊക്കുമോ? എഴുതുക മാത്രമല്ല, അതാണ് ജീവിതമെന്ന് വിചാരിക്കുകയും ചെയ്യുകയാണ് വാസുദേവൻ.

എങ്ങനെ പ്രാർത്ഥിക്കണം?

എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് പി.ആർ. നാഥൻ എഴുതുന്നു.മലയാള സാഹിത്യ എസ്റ്റബ്ളാഷ്മെൻ്റ് അസ്പൃശ്യനായി കണ്ട് മാറ്റി നിർത്തിയിരിക്കുന്ന എഴുത്തുകാരനാണ് പി.ആർ.നാഥൻ. അദ്ദേഹം എത്ര നല്ല കൃതി എഴുതിയാലും ബഷീർ അവാർഡോ, വി. കെ .എൻ അവാർഡോ കിട്ടുകയില്ല.
നാഥൻ ഇങ്ങനെ കുറിക്കുന്നു: "ദൈവത്തിൻ്റെ മുമ്പിൽ ഉയർന്നു നിൽക്കുക. അങ്ങയുടെ കാരുണ്യം കൊണ്ട് ഞാൻ നല്ല രീതിയിൽ ജീവിക്കുന്നു എന്നു പറയുക. നാം ദൈവാംശം തന്നെയാണ്. സ്വന്തം മകൻ ചെന്നാൽ പിതാവ് അമ്പതു പൈസയെടുത്തു വലിച്ചെറിയുമോ ?അച്ഛൻ മുഴുവനും കൊടുക്കും .ചോദിച്ചതിലേറെ കൊടുക്കും. നമുക്ക് എല്ലാം ദൈവം തരും.എല്ലാ യോഗക്ഷേമവും നിർവ്വഹിക്കുന്ന ദൈവത്തിൻ്റെ മുമ്പിൽ ഭിക്ഷക്കാരനെപ്പോലെ ജീർണിച്ച വസ്ത്രം ധരിച്ച് അഭിനയിക്കരുത്. ശുചിത്വമുള്ള നല്ല വസ്ത്രം ധരിക്കുക. നിവർന്നു നിൽക്കുക. ചെറിയ കാര്യങ്ങൾ യാചിക്കാതിരിക്കുക. മുഖപ്രസാദത്തോടെ അച്ഛനെ കാണുക. ചിരിക്കുക. മകനു വേണ്ടുന്നതെന്താണെന്നു ആ പിതാവിനറിയാം" .( അച്ഛനും മകനും ,ഹംസധ്വനി മാസിക).

കഥയോ ?

ഉണ്ണി ആർ എഴുതിയ 'കഥ തീർക്കാനാവുമോ ?ഇല്ല... ഇല്ല " ( മനോരമ  ഞായറാഴ്ച )എന്ന കഥ വായനക്കാരെ വിഡ്ഢികളാക്കിയിരിക്കയാണ്.ഇതിൽ ഒരു കഥയുമില്ല. അങ്ങേയറ്റം കൃത്രിമമാണ്. മനസ്സിൽ കഥയില്ലാത്ത ആളാണ് ഉണ്ണിയെന്ന് അദ്ദേഹം തൻ്റെ ആദ്യ കഥയുമായി വന്നപ്പോൾ തന്നെ ബോധ്യമായതാണ്. എഴുതാൻ ഒന്നുമില്ലെങ്കിൽ എഴുതരുത്. എഴുതുമ്പോൾ നൂറ് ശതമാനം അത്മാർത്ഥത കാണിക്കണം. ഉണ്ണിയുടെ കഥ ചുരുക്കിപ്പറയട്ടെ: തടവു മുറിയിലെ ഒരു എട്ടുകാലി വല ഒരു ജോലിക്കാരൻ തുടച്ചു മാറ്റി. എട്ടുകാലി കൊല്ലപ്പെട്ടു.ജോലിക്കാരൻ വലിച്ചെറിഞ്ഞ ചൂലിൽ പറ്റി നിന്നിരുന്ന വലയിൽ നിന്ന് ,അതുവഴി പോയ ഗൗളി ഒരു കഥ വായിച്ചെടുത്തെന്ന്! ഈ വല എന്താണെന്നറിയണ്ടേ? ആ തടവുകാരൻ തൂക്കിലേറ്റപ്പെടുന്നതിനു മുമ്പു പറഞ്ഞ കഥ എട്ടുകാലി വലയായി നെയ്യുകയായിരുന്നെന്ന് !. ഇതുപോലൊരു കഥ വായനക്കാർ കേട്ടിട്ടുണ്ടോ? ഇത് കഥയാണോ ? ഈ കഥാകൃത്ത് ബഷീർ, പൊൻകുന്നം വർക്കി എന്നിവരുടെ കഥകൾ വായിച്ചു പഠിക്കണം. മനസ്സിൽ അല്പമെങ്കിലും കവിതയുള്ളവർക്കേ വല്ലതും എഴുതാനൊക്കൂ. അല്ലാതെ എഴുതിയിൽ ഇതുപോലെയിരിക്കും.

എന്നാൽ സാഹിത്യരചനയിൽ ഏറ്റവും അത്യാവശ്യം വേണ്ട ഭാഷയും കാവ്യാത്മകതയും കൈമുതലായുള്ള ഉദയശങ്കർ ഒറ്റപ്പെട്ടു നിൽക്കുമ്പോഴും മികച്ച കഥകൾ  എഴുതിക്കൊണ്ടിരിക്കുന്നുവെന്നതിനു തെളിവാണ് ' പക്ഷികളുടെ ചാപ്പൽ' (എഴുത്ത്). ഒരു കഥ എങ്ങനെ തൻ്റെ വൈയക്തികമായ ഉത്ക്കണ്ഠകളെ ഏറ്റെടുക്കുന്നുവെന്ന് ഉദയശങ്കറിനു നന്നായറിയാം.

ഈ കഥ ഒരു മിസ്റ്റിക് ലയം നേടുകയാണ്.ക്രിസ്തുവിനെ അന്വേഷിക്കാൻ എല്ലാവർക്കും കഴിയില്ല. മനസ്സിൽ ക്രിസ്തു  ഉണ്ടാവണം. കഥയിൽ അതിനു പറ്റിയ ഭാഷയുണ്ട്. " പക്ഷിപ്പള്ളിയിൽ നിന്ന് അതീന്ദ്രിയമായ തരംഗങ്ങൾ അയാൾക്കു നൽകിക്കൊണ്ടിരുന്നു. നിർവൃതിദായകമായ ഒരു കമ്പനം മുഴുവൻ സത്തയെയും ജ്വലിപ്പിച്ചു കൊണ്ടിരുന്നു. ഇനിയും പിറവിയെടുത്തിട്ടില്ലാത്ത നിശ്ശബ്ദതയുടെ ലിപികൾ തെളിഞ്ഞു കൊണ്ടിരുന്നു. ഇലകൾ പരസ്പരം സംസാരിക്കുന്നത് മനസ്സിലാവുന്നതു പോലെ ,നിഴൽ തിരിച്ചുപോയി മറയുന്നത് കാണുന്നതുപോലെ ,ജലം നക്ഷത്രങ്ങളിൽ നിമഗ്നം ചെയ്യുന്ന പോലെ എന്തൊക്കെയോ ഫ്രാൻസിസിൽ രൂപപ്പെട്ടുകൊണ്ടിരുന്നു." ഉദയശങ്കർ മുപ്പതു വർഷത്തിലേറെയായി എഴുതുന്നു.കാമ്പുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് ആത്മാന്വേഷണത്തിനു ഉപയുക്തമാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു പ്രത്യേക വൈദഗ്ദ്ധ്യ മുണ്ട്.

കവിത

കല്പറ്റ നാരായണൻ്റെ 'അച്ഛനും മകളും ' (മാതൃഭൂമി) വളരെ പഴകിയ ഒരു പ്രമേയമാണ്. കുട്ടികൾ സെൽഫിയെടുക്കുന്നത് കണ്ട് അന്തം വിടുന്ന പിതാവ് പത്തുവർഷം മുമ്പെങ്കിലുമായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു. കൽപ്പറ്റ കാലം മാറിയതറിയാതെ വട്ടം കറങ്ങുകയാണ്. ഇപ്പോൾ പിള്ളേരെക്കാൾ മൊബൈൽ കമ്പം  കാരണവന്മാർക്കാണ്. എല്ലാ തന്തമാരും വാട്സ് ആപ്പിലുണ്ട്. പിന്നെങ്ങനെ ഈ കവിത സാധുവാണ്. ഇതുപോലെ ബുദ്ധിപരമായി നിർമ്മിച്ചെടുക്കുന്ന കവിത വേണ്ട.


കെ.എ.ജയശീലൻ്റെ കവിതകളെക്കുറിച്ച് രാജേന്ദ്രൻ നിയതി എഴുതിയ ലേഖനം (നവീന തം) ശ്രദ്ധേയമായി. ജയശീലൻ ആറ്റൂർ സ്കൂളിലേക്കൊന്നും പോയിരുന്നില്ല. കാരണം നല്ല ആത്മവിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിനു .അതുകൊണ്ട് 'ഭാഷാപോഷിണി'യിലൊന്നും ജയശീലൻ കവിതകൾ പഠിക്കപ്പെട്ടില്ല.
രാജേന്ദ്രൻ നിയതി ഉദ്ധരിക്കുന്ന കുറെ വരികൾ ചുവടെ ചേർക്കുന്നു. എത്ര വ്യത്യസ്തമായും അഗാധമായും  ജയശീലൻ കവിതയെ അനുഭവിക്കുന്നു എന്ന് ഇത് വ്യക്തമാക്കിത്തരും.
''ഇണചേരുന്ന വണ്ടത്താന്മാരേ ,
സുന്ദരരൂപരേ ,
ഞാനാണാണും  പെണ്ണു,മെൻ്റെ -
യകമേ ഇണചേരുക "

"സുഹൃത്തേ ,എൻ്റെ ദു:ഖത്തിൻ്റെ കാരണമെന്താണെന്നോ,
എൻ്റെ ഞരമ്പുകൾ
എൻ്റെ വിരൽത്തുമ്പത്തുവന്ന്
അവസാനിക്കുന്നു എന്നതാണ് "

വിശുദ്ധി
ഈ കാലഘട്ടത്തിലെ നന്മ നിറഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ അടുത്തറിയാൻ സഹായിച്ചു ,തെന്നല ബാലകൃഷ്ണപിള്ളയുമായി സി.പി.രാജശേഖരൻ നടത്തിയ അഭിമുഖം (മെട്രൊവാർത്ത ലൈഫ്) .പാർട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടും സ്വയം പാലിച്ച സംസ്കാരധാരയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല എന്നുള്ളത് തെന്നലയെ ശ്രദ്ധേയനാക്കുന്നു. തെന്നല അനാസക്തനാണ്.അതാണ്‌ ആ ശാന്തഭാവത്തിൻ്റെ അടിസ്ഥാനം.

രോഗവും സൗന്ദര്യവും

അപകടങ്ങളെയോ ആത്മഹത്യയെയോ മരണത്തെപ്പോലുമോ മനുഷ്യൻ പേടിക്കില്ല.എന്നാൽ രോഗത്തെ പേടിക്കും. ഓടുന്ന ട്രെയിനിനു മുമ്പിൽ നിന്നും, ട്രെയിനിൻ്റെ സൈഡിൽ തൂങ്ങിക്കിടന്നും സെൽഫി എടുക്കുന്നവർക്ക് മരണത്തെ ഭയമില്ല .മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നവർക്ക് മരണം യാദൃച്ഛികതയാണ്.
എന്നാൽ രോഗം ഭയം വിതയ്ക്കും. അതുകൊണ്ട് രോഗം ഉണ്ടോയെന്ന് സംശയിക്കാൻ തുടങ്ങും.

രോഗത്തെക്കുറിച്ച് സംശയമുള്ളവരാണ് ഇന്ന് ഹൈടെക്  ആശുപത്രികളിൽ എത്തുന്നവരിൽ കൂടുതൽ പേരും.കാരണം ഈ സ്ഥാപനങ്ങൾ രോഗിക്ക് ഒരു വിശിഷ്ടമായ ഐഡൻ്റിറ്റി നൽകുന്നു.സമൂഹത്തിൽ ശ്രദ്ധിക്കപ്പെടേണ്ടവരാണ് അവരെന്ന സൂചന. മാത്രമല്ല, ഹൈടെക് സൗകര്യങ്ങൾ സ്വന്തമാക്കുന്നതോടെ ,സാമൂഹ്യാന്തരീക്ഷത്തിൽ അവർക്ക് സാംസ്കാരികമായ ഔന്നത്യം ലഭിക്കുകയാണ്.ഒരു പ്രത്യേക സംസ്കാരത്തിൻ്റെ ഉറവിടമാണവർ. അവരെ വേണമെങ്കിൽ സാംസ്കാരിക ബുദ്ധിജീവികൾ എന്നു വിളിക്കാം .സംസ്കാരം ,ഇന്ന് സാങ്കേതികതയോ, ഹൈടെക് സൗകര്യമോ, ഇൻ്റർനെറ്റോ ,ഷവർമയോ, വിദേശ നിർമ്മിത കാറോ, വിനോദ സഞ്ചാര മോ ,വില കൂടിയ സാധനങ്ങൾ വാങ്ങുന്നതോ ആണ്. സംസ്കാരം ഒരു പൊതുവിഭവമായിരിക്കാം. പക്ഷേ ,അത് എല്ലാവർക്കും ലഭ്യമാകണമെന്നു മാത്രം.

രോഗം ഒരുവനെ ദാർശനികനാക്കും .അവൻ ജ്ഞാനിയാണ്. അവനു ജീവിതത്തിൻ്റെ  നിരർത്ഥകതയും അമിതാസക്തിയുടെ അപ്രായോഗികതയും പെട്ടെന്ന് ബോധ്യപ്പെടും.
രോഗം ജീവിതത്തിലെ വേറൊരു കാണ്ഡമാണ്. അത് നമ്മെ സൗന്ദര്യത്തിലേക്കാണ് കൊണ്ടു പോകുന്നത്. അനായാസമായി ലഭിക്കാത്ത സൗന്ദര്യാനുഭൂതിയിലേക്ക്.

വാക്കുകൾ
1)നിങ്ങൾ എഴുതി യുക്തിയുണ്ടാക്കാൻ നോക്കരുത്; ഫാഷനൊപ്പിച്ച് മനസ്സിൻ്റെ ചിന്തകളെ എഡിറ്റു ചെയ്യരുത്;നിങ്ങളുടെ ഉള്ളിലെ ആധികളെ ഒട്ടും ദയയില്ലാതെ പിന്തുടർന്നാൽ മതി.
ഫ്രാൻസ് കാഫ്ക,
ചെക്ക്, ജർമ്മൻ എഴുത്തുകാരൻ.

2)പ്രണയത്തിനു പരിഹാരമില്ല; കൂടുതൽ പ്രേമിക്കുകയല്ലാതെ .
ഹെൻറി ഡേവിഡ് തേറോ,
അമേരിക്കൻ ചിന്തകൻ.

3)നിങ്ങളെ ഭയപ്പെടുത്തുന്ന വികാരങ്ങളെക്കുറിച്ചെഴുതൂ.
ലൗറി ഹാൽസ് ആൻഡേഴ്സൻ,
അമെരിക്കൻ എഴുത്തുകാരി.

4)നിങ്ങൾക്ക് ആരെയും അലോസരപ്പെടുത്താൻ  കഴിയുന്നില്ലെങ്കിൽ, എഴുതിയിട്ടു കാര്യമില്ല.
കിംഗ്സിലി അമിസ്,
ഇംഗ്ളിഷ് നോവലിസ്റ്റ് .

5)ഞാൻ നിലനിൽക്കുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ ചിന്തിക്കുന്നു. ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല.
ഴാങ്ങ് പോൾ സാർത്ര്,
ഫ്രഞ്ച് ഏഴുത്തുകാരൻ.

കാലമുദ്രകൾ
1)ടാറ്റാപുരം സുകുമാരൻ
സ്വന്തമായി പത്രമോ, ലിറ്റററി ഫെസ്റ്റിവലോ, ശിഷ്യഗണങ്ങളോ ,അവാർഡ് മുതലാളിമാരോ ഇല്ലാത്തതുകൊണ്ട് ടാറ്റാപുരം തഴയപ്പെട്ടു.

2)ക്യഷ്ണചൈതന്യ(കെ.കെ.നായർ )
കേരളം കണ്ട മഹാനായ സൗന്ദര്യ ശാസ്ത്ര ചിന്തകനും സംസ്കൃത പണ്ഡിതനും വിമർശകനുമായ കൃഷ്ണചൈതന്യയെ ഭൂമുഖത്ത് നിന്ന് മായ്ച്ചകളയുന്നതിൽ ചില എഴുത്തുകാരോടൊപ്പം സാഹിത്യപ്രവർത്തക സഹകരണ സംഘവും മത്സരിക്കുകയാണ്. എന്നാൽ ശ്രേഷ്ഠ ഭാഷയുടെ പേരിലുള്ള കേന്ദ്ര അവാർഡ് കൃഷ്ണചൈതനായ്ക്കാണ് നൽകേണ്ടത് ,മരണാനന്തര ബഹുമതിയായി.

3)കണ്ണൂർ രാജൻ
കണ്ണൂർ രാജന് സ്വയം ചിട്ടപ്പെടുത്തിയ പാട്ടുകളല്ലാതെ സ്വന്തമെന്നു പറയാൻ സിനിമയിൽ ആരുമില്ല.അദ്ദേഹത്തിനു അർഹിക്കുന്ന ആദരവുനൈറ്റുകൾ കിട്ടുന്നില്ല.

4)കെ.സുരേന്ദ്രൻ
കെ.സുരേന്ദ്രൻ്റെ 'മരണം ദുർബ്ബലം' കുമാരനാശാൻ്റെ ജീവിതകഥ പറയുന്ന കൃതിയാണ്. എന്നാൽ ചലച്ചിത്രഭാഷ്യമുണ്ടാക്കാൻ കെ .എസ്.സേതുമാധവൻ ഇപ്പോൾ സജീവസിനിമാപ്രവർത്തനത്തിലില്ലല്ലോ.

5)കുറ്റിപ്പുഴ കൃഷ്ണപിള്ള
തത്ത്വജ്ഞാനിയായ കുറ്റിപ്പുഴ ഒരു ഘട്ടത്തിൽ കേരള സാഹിത്യഅക്കാദമിയുടെ പ്രസിഡൻ്റായിരുന്നു.എന്നാൽ മഹാധിഷണാശാലിയായ കുറ്റിപ്പുഴയെ അക്കാദമി അദ്ധ്യക്ഷൻ എന്ന നിലയിൽ ആരും ഓർക്കുകയില്ല.

ലോർക്ക

സ്പാനീഷ് കവി ലോർക്ക ഒരിക്കൽ പറഞ്ഞു, ഏത്  മഹത്തായ കലാസൃഷ്ടിയുടെയും അടിയിൽ വിഷാദമാണുള്ളതെന്ന്. എന്തുകൊണ്ടാണ് കല വിഷാദത്തെക്കുറിച്ചുള്ള ആമന്ത്രണമായിരിക്കുന്നത്? ജീവിതം വിഷാദവും മരണവുമാണ് ,ആത്യന്തികമായി സംവേദനം ചെയ്യുന്നത്.ജീവിതത്തിൻ്റെ ഇന്നലെകൾ എവിടെയുമില്ല. അതേ സമയം ഭാവി ഒരു മിസ്റ്റിക് അനുഭവവുമാണ്.

ദർശനം

1)ജീവിതം

ജീവിക്കാത്ത നമ്മളൊക്കെ ജീവിച്ചതായി വിചാരിക്കുന്നത് ഒരു വലിയ കാര്യമാണ്.

2)സത്യം

ഓരോ നിമിഷവും സ്വയം നുണ പറയുന്നതുകൊണ്ട് സത്യം ആകാശത്തിൽ നക്ഷത്രമായിത്തന്നെ നിൽക്കുന്നു.

3)കണിക്കൊന്ന

കവികൾ വീണ്ടും വീണ്ടും വിവരിച്ച് ഒരു ക്ളീഷേ ( ആവർത്തന വിരസത ) യാക്കുമെന്ന് പേടിയുള്ളതിനാൽ  കണിക്കൊന്ന പൂവിടാൻ വിവശയാണ്.

4)മതം

സ്നേഹിക്കാൻ കഴിയുമെങ്കിൽ ,അതിനെ വെല്ലുന്ന മതമൊന്നുമില്ല.

5)രോഗം

ഒരു രോഗിയെ അതിവിശിഷ്ട വ്യക്തിയായി കാണുന്നിടത്താണ് ഉത്തര- ഉത്തരാധുനികത.സൂപ്പർ സ്പെഷ്യാലിറ്റി എന്ന മഹാ അനുഭവം രോഗിയെ ജീവിതത്തിൽ ഒരു പടി ഉയർത്തുന്നു.
എം.കെ.ഹരികുമാറിൻ്റെ ഇ മെയിൽ
mkharikumar797@gmail.com


***********


-- 

No comments:

Post a Comment