എം.കെ.ഹരികുമാർ
9995312097
mkharikumar797@gmail.com
ദൈവത്തിൻ്റെ മെലഡി
സകല മതങ്ങളിലെയും മഹാഗുരുക്കന്മാരോടും ജ്ഞാനികളോടും തന്നെ സ്വാധീനിച്ച മഹാവ്യക്തികളോടും കടപ്പാട് ലഭ്യമാക്കുന്നുണ്ട് അമേരിക്കൻ ആത്മീയചിന്തകയായ നീൽ ഡൊണാൾഡ് വാൽഷ് തൻ്റെ 'കോൺവെർസേഷൻസ് വിത്ത് ഗോഡ്' എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ. ഈ പുസ്തകം മൂന്നു വാല്യമായാണ് പ്രസിദ്ധപ്പെടുത്തിയത്. ജീവിതം, സഹനം, മരണം, ദൈവം തുടങ്ങിയ വിഷയങ്ങളിലുള്ള അഗാധമായ വെളിപാട് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ലോകം ഇന്നുവരെ നേടിയ മനശാസ്ത്ര ,അത്മബോധത്തെ സംഗ്രഹിക്കുകയും സ്വാംശീകരിക്കുകയും വ്യത്യസ്തമായി വ്യാഖ്യാനിക്കുകയും നവമായ ചിന്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നു . ദൈവവുമായി നടത്തുന്ന അഭിമുഖമാണ് ഈ മൂന്നു വാല്യത്തിലുമുള്ളത്. ചോദ്യം ചോദിക്കുമ്പോൾ ദൈവം ഉത്തരം നല്കുന്നു. സ്വയം സഹിച്ചും തുടർച്ചയായി തെറ്റു ചെയ്തും മറ്റുള്ളവരുടെ നിന്ദ ഏറ്റുമാണ് താൻ ഈ സത്യങ്ങളിൽ എത്തിച്ചേർന്നതെന്ന് വാൽഷ് അറിയിക്കുന്നുണ്ട്.
ഇത് ഒരു സാധാരണ വൈശാസ്ത്രഗ്രന്ഥമല്ല; സാധാരണ മതപുരോഹിതന്മാരുടെ വാക്കുകളുമല്ല. വിശ്വാസിയുടെയും സത്യാന്വേഷിയുടെയും ഉള്ളിലുള്ള അജ്ഞാതലോകത്തെ പുറത്തെടുത്ത് വിശകലനം ചെയ്യുകയാണ്. സ്വയം അറിയുക എന്ന വലിയ പ്രക്രിയയാണിത്. വിശ്വാസം അന്ധമല്ലാതായിതീരുന്നതോടൊപ്പം മനുഷ്യനു ദൈവഗോത്രത്തിലെത്തിച്ചേരാമെന്നു സരളമായി വാൽഷ് പ്രതിപാദിക്കുന്നു.
1995 ലാണ് അദ്യവാല്യം പുറത്തുവന്നത്. ഉടനെ തന്നെ അത് വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകമാകുകയും ചെയ്തു. പിന്നീടാണ് മറ്റു രണ്ടു ഭാഗങ്ങൾ കൂടി എഴുതിയത്. ഇത്രയും വിശദവും സമഗ്രവുമായ ഒരു ദൈവശാസ്ത്രകൃതി ഇന്ത്യയിലെ ഒരെഴുത്തുകാരനിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. നമ്മൾ ഓരോരുത്തരിലേക്കും ദൈവം അവിചാരിതമായി കടന്നുവരുന്നുണ്ട്. അതു സംഗീതമാകാം; സൗഹൃദമാകാം ; ധ്യാനമാകാം ;പ്രേമമാകാം; ഓർമ്മയാകാം ;പ്രാർത്ഥനയാകാം;പ്രകൃതിയാകാം.അത് പല രൂപത്തിലാണ്.അത് അനുഭവങ്ങളുടെ ആന്തര മെലഡി (രാഗബദ്ധമായ മധുരഗാനം) യാണ്. അതിൻ്റെ പ്രഭാവം തിരിച്ചറിയാനുള്ള വിനയവും ലഘുത്വവുമാണ് നമുക്ക് വേണ്ടത്.
കൂടുതൽ സുന്ദരമായത്
'ജീവിതം ആരംഭിക്കുന്നത് , നിങ്ങളുടെ സുരക്ഷിത മേഖലയുടെ അന്തിമബിന്ദുവിൽ നിന്നാണ്. ശരിതെറ്റുകളെക്കുറിച്ചുള്ള ധാരണ ,നിങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഒരു കാര്യം മനസ്സിലാക്കുക, ജീവിതത്തിൽ ഒന്നും നിശ്ചലമായിരിക്കുന്നില്ല; എല്ലാം ചലനത്തിലാണ്,ഒരു പാറ പോലും. അതുകൊണ്ട് നിങ്ങളുടെ ചിന്തകൾ എത്ര സുന്ദരമായിരുന്നാലും അതിനേക്കാൾ സുന്ദരമായത് ഈ പ്രപഞ്ചത്തിലുണ്ട്. അത് ആർജിക്കാൻ വേണ്ടി സ്വയം മാറിക്കൊണ്ടിരിക്കണം. ആദ്യ വാല്യം വ്യക്തിഗതമായ സത്യങ്ങളും വെല്ലുവിളികളുമാണ് ചർച്ചചെയ്യുത്. രണ്ടാമത്തെ പുസ്തകം, ഈ ഭൂമിയിൽ ജീവിതസത്യങ്ങൾക്ക് വേണ്ടി നടത്തുന്ന മനുഷ്യയാത്രകളെ ഒരു കുടുംബം എന്ന നിലയിൽ നോക്കി കാണുകയാണ്. മൂന്നാമത്തെ പുസ്തകത്തിൽ സനാതനമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും പ്രാപഞ്ചിക മഹാരഹസ്യങ്ങളെ അഴിക്കാനുള്ള മാർഗമെന്ന നിലയിൽ മനുഷ്യബോധത്തെ പരിശോധിക്കുകയും ചെയ്യുന്നു. മനുഷ്യൻ എന്താണ് എന്ന ചോദ്യമാണ് അന്വേഷിക്കപ്പെടുന്നത്.
'ദൈവം നമ്മളിൽ നിന്നു വേർപെട്ടല്ല നിൽക്കുന്നത് .നമ്മൾ ദൈവത്തിൽനിന്ന് വേർപെടുന്നുമില്ല. ദൈവത്തെ കണ്ടെത്താൻ ഏറ്റവും വേഗത്തിൽ സാധ്യമായ മാർഗ്ഗം പരസ്പരം മനസ്സിലാക്കുന്നതാണ്. മറ്റുള്ളവരിൽനിന്ന് സ്വയം ഒളിപ്പിച്ചു പിടിക്കുന്നതും സ്വയം മറച്ചു പിടിക്കുന്നതും ആത്മീയമായി ശൂന്യമാക്കുകയാണ്. നമ്മളെല്ലാം ഒന്നാണ്. ഇത് മനസ്സിലാക്കാത്തിടത്തോളം നമ്മളും ദൈവവും ഒന്നാണെന്ന് വ്യക്തമാകുകയില്ല' - വാൽഷ് പറയുന്നു.
സ്വയം അനാവരണം ചെയ്യുമ്പോൾ, നമ്മൾ തനിച്ചല്ല എന്നാണ് തോന്നുക. അതു ശൂന്യതയെ മറികടക്കാനുള്ള ജാലകമാണ്. മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കുകയും അകലുകയും ചെയ്യുമ്പോൾ നമുക്ക് ധാരാളം 'വസ്ത്രങ്ങൾ' ആവശ്യമായിവരും, ഒളിപ്പിക്കാൻ . ഇതെല്ലാം താദാത്മ്യത്തിനും സമന്വയത്തിനും തടസ്സമാണ്.
'ജീവിതം സൃഷ്ടിയുടെ ഒരു തുടർ പ്രക്രിയയാണ്. ഓരോ നിമിഷത്തിലും നിങ്ങൾ യാഥാർത്ഥ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നത്തെ തീരുമാനമല്ല നാളത്തേത്. നിങ്ങളുടെ ഇച്ഛാശക്തിയും യാഥാർഥ്യവും ഒന്നാകുന്നതുവരെ ഇതു തുടരും' -വാൽഷ് വിശദീകരിക്കുന്നു. അന്തിമമായ ഒരു താദാത്മ്യമാണിത്. മഹാഗുരുക്കന്മാർ അവിടെ എത്തിയവരാണ്.
സഹായിക്കാൻ ശക്തികൾ
മറ്റൊരിടത്ത് വാൽഷ് ഇങ്ങനെ പറയുന്നു: 'മനസ്സിലെ ചിന്തകളുടെ രൂപാന്തരം സംഭവിക്കുമ്പോൾ, ഓരോ മാറ്റവും നിങ്ങളെ എത്തിക്കുന്നത് പ്രപഞ്ചത്തിൻ്റെ ദിശയിലേക്കാണ്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു മനസ്സ് പാകപ്പെടുമ്പോൾ പ്രപഞ്ചഘടനയെയാണ് പ്രവർത്തനോന്മുഖമാക്കുന്നത്. നിങ്ങളുടെ സങ്കല്പത്തിനപ്പുറത്തുള്ള ശക്തികൾ സഹായത്തിനെത്തുകയാണ്; അതൊരു പ്രക്രിയയാണ്. ഈ ശക്തികളും പ്രക്രിയയും പ്രതികരണബദ്ധമായ ഊർജ്ജകണങ്ങളുടെ അസാധാരണമായ ഒരു വലയാണ്; നമ്മൾ ജീവിതമെന്നു വിളിക്കുന്ന അസ്തിത്വത്തെ സമഗ്രമായി ചൂഴ്ന്നു നിൽക്കുന്നത് ഇതാണ്' .
ചിലയിടങ്ങളിൽ ചെല്ലുമ്പോൾ നമുക്ക് തോന്നാറുണ്ട്, അവിടെ നാം നേരത്തെ വന്നിട്ടുണ്ടായിരുന്നല്ലോ എന്ന്. ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് നേരത്തെതന്നെ ചെയ്തതായി തോന്നുന്ന സന്ദർഭങ്ങളുണ്ട്. ഇതിനെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നത് മനുഷ്യനു സമയത്തിൽ സഞ്ചാരം സാധ്യമായകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നാണ് .മനുഷ്യൻ സ്വപ്നങ്ങളിലൂടെ ഭൂത,ഭാവി കാലങ്ങളിൽ സഞ്ചരിക്കുന്നു .നമ്മെ കാണുന്ന മാത്രയിൽ ഈ യാത്ര ചിലർ മനസ്സിലാക്കുന്നുണ്ട്. അവരെ നമ്മൾ ജ്ഞാനികൾ എന്ന് വിളിക്കുന്നു. നമുക്ക് അത്തരം അറിവുകൾ ദുർല്ലഭമായി കിട്ടാറുണ്ട് . അതുകൊണ്ടാണ് ചിലയിടങ്ങളിൽ എത്തിച്ചേരുമ്പോൾ മുൻ അനുഭവങ്ങൾ പോലെ ഓർമ്മകളുണ്ടാകുന്നത്. ഇതു നമ്മ നയിക്കുന്നതു ലോകം ഒന്നാണെന്ന സത്യത്തിലേക്കാണ്.
മോചിപ്പിക്കേണ്ട സമയം
മറ്റുള്ളവർ ദൈവത്തെക്കുറിച്ച് പറഞ്ഞതു പോലെ ആയിരിക്കില്ല നിങ്ങളുടെ ദൈവാനുഭവം.ആ അനുഭവത്തെ ഉൾക്കൊള്ളാൻ ധൈര്യമുള്ളവരാകണം. അദ്ദേഹം ഇങ്ങനെ എഴുതുന്നു:
'നിങ്ങൾ അഞ്ചു സ്വാഭാവിക വികാരങ്ങളെ തടവിലാക്കിയിരിക്കുകയാണ്. മാത്രമല്ല അവയെ അടിച്ചമർത്തുകയും അസാധാരണ വികാരങ്ങളായി പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. അതിൻ്റെ ഫലമായി അസന്തുഷ്ടിയും മരണവും ലോകത്തിന് നാശവും സംഭവിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ വികാരങ്ങളെ ഇങ്ങനെ നിയന്ത്രിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്: വികാരങ്ങളിൽ അത്യാസക്തിയോടെ മുഴുകരുത്.നിങ്ങൾക്ക് ദുഃഖമുണ്ടാകുകയാണെങ്കിൽ ,ഉടനെ അതിനെ അമർത്തി വയ്ക്കുന്നു. ദേഷ്യമാണെങ്കിൽ പിടിച്ചുവയ്ക്കുന്നു. അസൂയ തോന്നിയാൽ ലജ്ജിച്ചു പിന്മാറുന്നു. പ്രേമം തോന്നിയാലോ അതിനെ ബന്ധിക്കുന്നു; പരിമിതപ്പെടുത്തുന്നു ,ഓടി രക്ഷപ്പെടുന്നു. ഇത്തരം പെരുമാറ്റത്തിലൂടെ നിങ്ങളുടെ ഉള്ളിലെ പരിശുദ്ധമായ ബോധത്തെ തടവിലാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ അതിനെ മോചിപ്പിക്കാനുള്ള സമയമാണ് ' .
പ്രാർത്ഥന സർഗാത്മകമാണ്
എല്ലാ പ്രതിസന്ധികളെയും അഭിസംബോധന ചെയ്യാൻ കഴിവുള്ള ചിന്തയാണ് വാൽഷിൻേറത്. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാം: 'ദൈവത്തിൽ നിന്നുള്ള വേർപെടലും പരസ്പരമുള്ള അകൽച്ചയുമാണ് എല്ലാ സാമൂഹിക, വ്യക്തിഗതമായ കുഴപ്പങ്ങൾക്കും കാരണം .എന്നാൽ ശക്തിയുണ്ടാകണമെങ്കിൽ ആന്തരികമായി ഒരുമയും കരുത്തുമാണ് വേണ്ടത്. അത് നമ്മൾ പരസ്പരം അകന്നിരിക്കുമ്പോൾ സംഭവിക്കില്ല ;മറ്റുള്ളവരോടുള്ള സഹജമായ രമ്യതയിയിൽ പരിഹരിക്കപ്പെടുന്നതാണ് ' .
നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ദൈവം നൽകുന്ന ഉത്തരമിതാണ്: 'ഏത് വികാരവും ചിന്തയും സർഗാത്മകമാണ്. അത് എത്രത്തോളം തീക്ഷ്ണമായി സത്യമായിരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളുടെ അനുഭവത്തിൽ പ്രത്യക്ഷമാകും. അതുകൊണ്ട് ഒരു പ്രാർത്ഥനയ്ക്കും ഉത്തരം കിട്ടാതിരിക്കുന്നില്ല' .
ഒരാളുടെ പ്രാർത്ഥന 'സ്പോൺസേഡ് പ്രാർത്ഥന' ആകരുതെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. നമ്മുടെ ഉള്ളിൽ വേറൊന്നിരിക്കുകയും അതിൻ്റെ നിർദ്ദേശാനുസരണം പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ പ്രാർത്ഥന സ്പോൺസേർഡ് ആകുന്നു. അപ്പോൾ ആ പ്രാർത്ഥനയുടെ പിറകിൽ യഥാർത്ഥ ശക്തിയുണ്ടാവില്ല.
'നിങ്ങളുടെ ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾക്കും ഉത്തരവാദി ദൈവമാണെന്ന് കരുതിയെങ്കിൽ തെറ്റി. ദൈവം നിരീക്ഷകനാണ്, സൃഷ്ടികർത്താവല്ല .ദൈവം നിങ്ങളെ ജീവിതത്തിൽ സഹായിക്കാനായി നില്ക്കുകയാണ്. അത് നിങ്ങൾ പ്രതീക്ഷിച്ചതുപോലെയാവില്ല. നിങ്ങൾക്ക് സ്വന്തമായി, സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള ശക്തി ദൈവം നൽകിയിട്ടുണ്ട് .അത് ഉപയോഗിക്കുക. നിങ്ങൾ നിങ്ങൾക്കുവേണ്ടി എത്രത്തോളം നിൽക്കുന്നുവോ അത്രത്തോളം ദൈവം നിങ്ങൾക്ക് വേണ്ടി നില്ക്കും' -വാൽഷ് എഴുതുന്നു.
ജീവിതവും ദൈവവും സത്യവും എല്ലാം വ്യത്യസ്തമാണോ? അവയെങ്ങനെയാണ് ഒന്നാകുന്നത്? ദൈവം ഉത്തരം നല്കുന്നു: 'നിങ്ങൾ ജീവിതം ആവിഷ്കരിക്കുന്ന ജീവിതമാണ്. പ്രണയം ആവിഷ്കരിക്കുന്ന പ്രണയമാണ്. ദൈവത്തെ ആവിഷ്കരിക്കുന്ന ദൈവമാണ് . ഇതെല്ലാം ഒരേ അർത്ഥമുള്ള വ്യത്യസ്ത വാക്കുകളാണ്.'
വാക്കുകൾ
1)സാഹിത്യത്തിൻ്റെയും കവിതയുടെയും സ്വാധീനത്തിൽപ്പെടുന്നതിനെ നിഷേധാത്മക മനോഭാവത്തോടെ നോക്കുന്നവർ ദുർബ്ബലരായ വ്യക്തികളായിരിക്കും.
കസാൻന്ദ്ര ക്ളാരെ ,
അമേരിക്കൻ എഴുത്തുകാരി
2)ബൗദ്ധികമായി നാം ഉൾക്കൊള്ളുന്ന ഏതൊരു വസ്തുവും ഭൂതകാലത്തിലാണുള്ളത്. അതുകൊണ്ട് അത് അയഥാർത്ഥമാണ്. യാഥാർത്ഥ്യം ഒരു നിമിഷത്തിൻ്റെ കാഴ്ചയാണ്, ബൗദ്ധികചിന്ത ഉണ്ടാകുന്നതിനു മുമ്പുള്ളത്.
റോബർട്ട് പിർസിഗ്,
അമെരിക്കൻ എഴുത്തുകാരൻ
3)ബുദ്ധിമാന് ജീവിതം ഒരു സ്വപ്നമാണ്.വിഡ്ഢിക്ക് ഒരു കളിയാണ്. സമ്പന്നനു തമാശയാണ് .പാവപ്പെട്ടവനു ദുരന്തമാണ്.
ഷാലോം അലഹേം ,
യിദ്ദിഷ് എഴുത്തുകാരൻ
4)സ്ത്രീകൾക്ക് ലൈംഗികതയോടു പ്രിയം തോന്നുന്നത് തെറ്റാണെന്ന് പറയുന്ന സാമൂഹ്യവീക്ഷണത്തെ ഞാൻ വെറുക്കുന്നു .
അലസ്സാന്ദ്ര ടോറി ,
അമെരിക്കൻ നോവലിസ്റ്റ്
5)ഓരോ ദിവസവും ഒരു ചെറിയ പാട്ടെങ്കിലും കേൾക്കണം; ഒരു നല്ല കവിത വായിക്കണം ; മഹത്തായ ഒരു പെയിൻറിംഗ് കാണണം ;സാധ്യമാണെങ്കിൽ, അർത്ഥമുള്ള ഏതാനും വാചകങ്ങൾ പറയുകയും വേണം.
ഗോയ്ഥേ ,
ജർമ്മൻ നാടകകൃത്ത്.
കാലമുദ്രകൾ
1)കെ. പ്രഭാകരൻ
ജനീവ,ശാന്തിനികേതൻ, ബറോഡ തുടങ്ങിയ പ്രധാനപ്പെട്ട കലാകേന്ദ്രങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഖ്യാതി നേടിയ ചിത്രകാരൻ കെ.പ്രഭാകരൻ കഴിഞ്ഞവർഷം വിടവാങ്ങിയത് ഓർക്കുമല്ലോ. ഇന്ത്യയിലെ എണ്ണംപറഞ്ഞ ചിത്രകാരനായ പ്രഭാകരനെ ഇപ്പോഴും അറിയില്ല എന്നു നടിക്കുന്ന ചില മാധ്യമങ്ങളുടെ നിലപാട് ചിത്രകലയിൽ നമ്മുടെ നാട് നേരിടുന്ന നിരക്ഷരതയല്ലേ ചൂണ്ടിക്കാണിക്കുന്നത്?.
2)ഫഹദ് ഫാസിൽ
നമ്മുടെ നവതരംഗസിനിമയുടെയും യുവസംവിധായകരുടെയും മുഖ്യ ആകർഷണങ്ങളിലൊന്നാണ് ഫഹദ് ഫാസിൽ. ഹിന്ദി നടന്മാരുടെ മസിലോ ,ആകാരവലിപ്പമോ, ഹെയർസ്റ്റൈലോ ഇല്ലാത്ത ഫഹദ് തൻ്റെ കഥാപാത്രങ്ങൾക്ക് നല്കിയ വ്യാഖ്യാനങ്ങളിലൂടെയാണ് നവതരംഗം സൃഷ്ടിച്ചത്.
3)ജോയ് വാഴയിൽ
ഉപനിഷത്തുകൾ മലയാളത്തിൽ കാവ്യരൂപത്തിൽ പരിഭാഷപ്പെടുത്തി (ഉപനിഷത്ത് ശബ്ദതാരാവലി) ശ്രദ്ധേയനായ ജോയ് വാഴയിൽ രചിച്ച 'അറിവാഴം' (മീഡിയ ഹൗസ് ,ദൽഹി)എന്ന നോവൽ പ്രകാശിതമായി. സോളമൻ രാജാവിൻ്റെ ജീവിതത്തെയും നീതിബോധത്തെയും ആസ്പദമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്.
4)സാബു ശങ്കർ
തിരക്കഥാകൃത്തും സംവിധായകനും ചലച്ചിത്രവിമർശനുമായ സാബു ശങ്കർ എഴുതിയ 'ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി ' എന്ന പുതിയ നോവലിൽ ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ ഒരു കല്യാണവീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് വിവരിക്കുന്നത് .
5)മാധവിക്കുട്ടി
ഒരഭിമുഖത്തിൽ മാധവിക്കുട്ടി ഇങ്ങനെ പറഞ്ഞു: 'സ്വന്തം അനുഭവങ്ങളെപ്പറ്റി എഴുതൂ. കടം വാങ്ങിയ അനുഭവങ്ങളെപ്പറ്റി എഴുതിയിട്ട് കാര്യമില്ല; സ്വന്തം പ്രതിഛായ നന്നാക്കാൻ ശ്രമിച്ചിട്ട് മലയാളസാഹിത്യത്തിൻ്റെ പ്രതിഛായ നശിപ്പിക്കരുത്.
വായന
നോബൽ സമ്മാനം കിട്ടിയപ്പോൾ റഷ്യൻ എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയേസിച്ച് സ്വന്തം നാട്ടിൽ ഒറ്റപ്പെടുകയാണ് ചെയ്തത്.സ്വതന്ത്രയായി ,രാഷ്ട്രീയ വിധേയത്വമില്ലാതെ എഴുതിയതാണ് റഷ്യക്കാരെ പ്രകോപിപ്പിച്ചത്.സ്വെറ്റ്ലാന യുടെ 'ചെർണോബിൽ പ്രേയർ ,എ ക്രോണിക്കിൾ ഓഫ് ദ് ഫ്യൂച്ചർ ' (1997) എന്ന കൃതിയെക്കുറിച്ച് വി. എം. വിനയകുമാർ (സഹോദരൻ ,ഏപ്രിൽ )എഴുതിയത് ശ്രദ്ധേയമായി. ന്യൂക്ലിയർ സ്ഫോടനത്തിൻ്റെ ദുരന്തശേഷിപ്പുകൾ അതിനു ഇരയായ മനുഷ്യരുടെ ഓർമ്മകളിലൂടെ ആവിഷ്കരിക്കുകയാണ്. 'ഓർമ്മകൾ പെട്ടെന്ന് നശിക്കുന്നതും ഓടിമറയുന്നതുമായ പ്രതിഭാസമാണെ'
ന്ന് വിനയകുമാർ നിരീക്ഷിക്കുന്നതിൽ കഴമ്പുണ്ട്.
ബോർഹസ് ഇങ്ങനെ ചോദിക്കുമോ?
എൻ .ശശിധരൻ എഴുതിയ 'കാഫ്കയും ബോർഹസും' (മലയാളം ,ഏപ്രിൽ 11 )എന്ന രചന കവിതയാണെന്ന് പരസ്യം ചെയ്തിട്ടുഉണ്ടെങ്കിലും ഫലത്തിൽ അത് കഥയായി രൂപാന്തരപ്പെടുകയായിരുന്നു. വായനക്കാർക്ക് കവിത കഥയായാലും പ്രശ്നമില്ല. ജർമ്മൻ കഥാകൃത്ത് കാഫ്കയും അർജൻ്റൈൻ കഥാകൃത്ത് ബോർഹസും തമ്മിലുള്ള കൂടിക്കാഴ്ച ഭാവന ചെയ്യുന്നത് രസകരമാണ്. പക്ഷേ, ശശിധരൻ്റെ രചനയിൽ അവരുടെ ആത്യന്തികമായ അന്തരംഗം അനുഭവിക്കാൻ കഴിഞ്ഞില്ല. കൂടിക്കാഴ്ചയിൽ ബോർഹസ് ചോദിച്ചതു ഇത്രമാത്രം: നിങ്ങളുടെ മുൻപിൽ നിൽക്കുന്ന നിങ്ങൾ കാണുന്ന ഞാനാണോ, അതോ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന അപരനാണോ, ആരാണ് യഥാർത്ഥ ബോർഹസ് ? ശശിധരൻ്റെ കവിതയിലെ ഈ ചോദ്യം അസംബന്ധമാണ്. കാരണം, ബോർഹസ് ഇങ്ങനെ ചോദിക്കില്ല. ബോർഹസിൻ്റെ മുന്നിൽ യാഥാർത്ഥ്യവും അയാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പില്ല. അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അയഥാർത്ഥം എന്ന സങ്കൽപം തന്നെ ശരിയല്ലെന്നാണ് ബോർഹസിൻ്റെ അഭിപ്രയം. സങ്കൽപ്പിക്കുന്നതെല്ലാം യഥാർത്ഥമാണെന്നർത്ഥം. പിന്നെങ്ങനെ ബോർഹസ് ഈ ചോദ്യമുയർത്തും?. ഇവിടെ മറ്റൊരു വൈരുദ്ധ്യവുമുണ്ട്. മുന്നിൽ കാണുന്ന വ്യക്തിയും സംസാരിക്കുന്ന വ്യക്തിയും രണ്ടാണെന്ന് ശശിധരൻ നിരൂപിച്ചത് ബോർഹസിനെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് സൂചിപ്പിക്കുന്നത്.
ബുദ്ധൻ
ഒരു വിവേകഗ്രാഹിയുടെ ക്ഷോഭവും കണ്ണീരും കലർന്നതാണ് അഗസ്റ്റിൻ കുട്ടനല്ലൂർ എഴുതിയ 'കണ്ണടച്ചിരിക്കുന്ന ബുദ്ധനെ ആർക്കാണാവശ്യം' ( എഴുത്ത് ,ഏപ്രിൽ )എന്ന ലേഖനം. . മിഴികളടച്ചിരിക്കുന്ന ബുദ്ധൻ നിലത്തിറങ്ങാത്തവനാണെന്നും കാല്പനികമായ ഈ ഭാവത്തെ ആവശ്യമില്ലെന്നും ലേഖകൻ വാദിക്കുന്നു. അദ്ദേഹം പറയുന്നത് ജീവിത പ്രതിസന്ധികളുടെ ഈ കാലത്ത് കണ്ണു തുറന്ന് ഇടപെടാൻ തയ്യാറാവുന്ന ,അംബേദ്ക്കർ കണ്ടെത്തിയ ബുദ്ധനെയാണ് വേണ്ടതെന്നാണ്.വളരെ പ്രസക്തമാണ് ഈ നിലപാടെങ്കിലും ,ബുദ്ധൻ്റെ അടഞ്ഞ മിഴികൾക്കുള്ളിൽ ധ്യാനബുദ്ധപൂർണിമയാണ് ബോധ്യപ്പെടാനുള്ളത്.
പുറത്തെല്ലാം നെഗറ്റീവ് ശക്തികൾ ചടുലഭാവത്തിൽ, വളരെ വ്യാപകമാണ്. പുറംലോകത്തുനിന്ന് അകം ലോകത്തേക്ക് പോയി ശാന്തി നേടുകയാണ് ബുദ്ധൻ.