Wednesday, April 21, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ഹെർമ്മൻ ഹെസ്സെയുടെ വൃക്ഷങ്ങൾ /metrovartha 19-4-2021

 അക്ഷരജാലകംlink

എ.കെ.ഹരികുമാർ

9995312097

Email : mkharikumar797@gmail.com


ഹെർമ്മൻ ഹെസ്സെയുടെ വൃക്ഷങ്ങൾ


സ്പെപ്പൻവുൾഫ്,സിദ്ധാർത്ഥ എന്നീ  മഹത്തായ കൃതികൾ എഴുതിയ സ്വിസ് - ജർമ്മൻ സാഹിത്യകാരൻ ഹെർമൻ ഹെസ്സെ ഇന്ത്യയുമായി വളരെ ആത്മബന്ധമുള്ള പ്രതിഭയാണ്. അദ്ദേഹത്തിൻ്റെ മുത്തശ്ശനും മുത്തശ്ശിയും ഇന്ത്യയിൽ മിഷണറി പ്രവർത്തനത്തിനായി (ബേസൽ മിഷൻ) വന്നിട്ടുണ്ട്.മുത്തശ്ശൻ ഹെർമൻ ഹുണ്ടർട്ട് മലയാളഭാഷയിലെ വ്യാകരണമാണ് കണ്ടുപിടിച്ചത്. മലയാളം - ഇംഗ്ളീഷ് നിഘണ്ടു രൂപപ്പെടുത്തി.  മലയാളം ബൈബിൾ ഒരുക്കുന്നതിലും പങ്കുവഹിച്ചു. ഹെസ്സെ  ചെറുപ്പം മുതലേ ദൈവശാസ്ത്രത്തിലും തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. ജീവിതത്തെ നോക്കികാണുന്നതിൻ്റെ  ആത്മീയവശത്തിനാണ് അദ്ദേഹം ഊന്നൽ കൊടുത്തത്. കർമ്മങ്ങളുടെയും ലാഭങ്ങളുടെയും നഷ്ടങ്ങളുടെയും തലത്തിലല്ലാതെയും ജീവിതമുണ്ട് .പാരതന്ത്ര്യത്തിൻ്റെയും പരിമിതിയുടെയും ജനിമൃതികളുടെയും നശ്വരമായ ചിന്തകളെ ഉപരിതലത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിന് പകരം ,മറ്റൊരു സാക്ഷ്യത്തിനും ലയത്തിനുമായി  മനുഷ്യൻ ഉത്സുകനാവുന്ന നിമിഷമുണ്ട്. ആത്യന്തികമായ ,ആത്മീയമായ അത്യാനന്ദത്തിനും പ്രാപഞ്ചികമായ രമ്യതയ്ക്കും വേണ്ടിയാണ്, ചിലപ്പോൾ മനുഷ്യൻ നിലകൊള്ളുന്നത് .ഹെസ്സെയെ ഈ ചിന്ത സാരമായി സ്വാധീനിച്ചിരുന്നു.


വൃക്ഷങ്ങളെ കാണുന്നത് ,അതിൻ്റെ  സ്വരങ്ങൾക്ക് കാതോർക്കുന്നത് നമ്മെ മാതൃഗേഹത്തെക്കുറിച്ചുള്ള ചിന്തകളാൽ നിറയ്ക്കുമെന്നാണ് ഹെസ്സെ ചിന്തിക്കുന്നത്;പ്രാചീനമായ വീടിനു വേണ്ടിയുള്ള ദാഹമാണത്: അമ്മയെക്കുറിച്ചുള്ള ഓർമ്മ; ജീവിതത്തെക്കുറിച്ചുള്ള പ്രതീകാത്മക കല്പനകൾ ... ഓരോ വഴിയും നയിക്കുന്നത് വീട്ടിലേക്കാണ്. ഓരോ കാലടിയും ജനനമാണ് ,മരണമാണ്.


വിശുദ്ധദൈവങ്ങൾ


അദ്ദേഹം പലപ്പോഴായി എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് 'വാണ്ടറിംഗ് -നോട്ട്സ് സ്കെച്ചസ്' . അതിൽ പ്രകൃതിയോടുള്ള താദാത്മ്യം പ്രകടമാണ്. അതിൽ വൃക്ഷങ്ങളെ വിശുദ്ധദൈവങ്ങളായാണ് ഹെസ്സെ  വിവരിക്കുന്നത്. ഒരു ഭാഗം ശ്രദ്ധിക്കാം :' മരങ്ങളെ ഞാൻ ആദരവോടെ നോക്കുന്നത് അവ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ്. അവ ഏകാകികളായ മനുഷ്യരെ പോലെയാണ് .സ്വന്തം പരാധീനതകളിൽ നിന്നു  രക്ഷപ്പെട്ടുപോയ സന്യാസികളെ പോലെയല്ല, വലിയ ഏകാന്തതയനുഭവിച്ച സംഗീതജ്ഞൻ ബിഥോവനെപ്പോലെ ,തത്ത്വചിന്തകനായ നീഷേയെപ്പോലെയാണ് ഞാൻ ആ വൃക്ഷങ്ങളെ നോക്കിക്കാണുന്നത്.അവയുടെ  ശിഖരങ്ങളിൽ നിന്ന് ലോകത്തിൻ്റെ മർമ്മരശബ്ദമാണ് ഉയരുന്നത്. അവയുടെ വേരുകൾ അനന്തതയിലാണ്; എന്നാൽ വൃക്ഷങ്ങൾ ആ അനന്തതയിൽ സ്വയം നഷ്ടപ്പെടുത്തുന്നില്ല .അവ സർവ്വശക്തിയുമെടുത്ത് സമരം ചെയ്യുന്നത് ഒരു കാര്യത്തിനു മാത്രമാണ് :സ്വന്തം നിയമങ്ങൾക്കകത്തു സ്വയം നിറയ്ക്കുക, സ്വന്തം രൂപം ആർജ്ജിക്കുക, സ്വയം  പ്രതിനിധീകരിക്കുക ' .



ഇതിൻ്റെ അർത്ഥം വ്യക്തമാണ്. വൃക്ഷങ്ങളെ മാനവരാശിയുടെ മഹാസംസ്കാരത്തിൻ്റെ അന്തസത്ത യിലാണ് ഹെസ്സേ പരിശോധിക്കുന്നത്. മനുഷ്യനു പോലും സ്വന്തം നിയമങ്ങൾക്കകത്ത് സ്വയം നിറയ്ക്കാനാവില്ല. കാരണം ,അവൻ സാന്ദർഭികമായി, സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവനാണ്.


മറ്റൊരിടത്ത് ഹെസ്സെ എഴുതുന്നത് ഇപ്രകാരമാണ്: 'വൃക്ഷങ്ങൾ പരിപാവനമായ അഭയസ്ഥാനമാണ്. അവയോട് സംസാരിക്കാൻ അറിയാവുന്നവർക്ക് ,അവയുടെ സ്വരം കേൾക്കാനറിയുന്നവർക്ക് സത്യം ഗ്രഹിക്കാം. അവ പുരാതനമായ ജീവിതപാഠമാണ് പഠിപ്പിക്കുന്നത് ' .


മനുഷ്യൻ്റെ  സത്യവേദത്തിന് സമാന്തരമായി വൃക്ഷങ്ങൾ ജീവിതം ഏകാഗ്രമായി അനുഭവിക്കുന്നു. ധ്യാനവും പ്രാർത്ഥനയും നമുക്ക് എങ്ങനെ ഉൾക്കൊള്ളാൻ കഴിയുമെന്ന പ്രശ്നമാണ് ഹെസ്സെ ഉന്നയിക്കുന്നത്. 'സിദ്ധാർത്ഥ 'യിൽ നദിയുടെ ഒഴുക്കിൽ  കാതോർക്കവേ 'ഓങ്കാര' ശബ്ദം കേട്ട അനുഭവമാണല്ലോ  കാണിച്ചു തന്നത്. പ്രകൃതിയിലെ ശബ്ദങ്ങളിൽ പ്രപഞ്ചസാരം കേൾക്കാൻ കഴിയുന്നതാണ് ഏറ്റവും മഹത്തരമായിട്ടുള്ളത്.


വൃക്ഷങ്ങൾ വിളികേട്ടു


ഒരു വൃക്ഷം ഇപ്രകാരം പറയുന്നു: 'എൻ്റെയുള്ളിൽ ഒരു വിത്ത് എരിയുന്നു. ഒരു ജ്വാല ,ഒരു ചിന്ത ;ഞാൻ നിത്യജീവിതത്തിൻ്റെ  ഭാഗമായ ജന്മമാണ് . എൻ്റെ ശക്തി വിശ്വാസമാണ് .എനിക്ക് എൻ്റെ  പിതാക്കളെ അറിയില്ല .എന്നിൽ നിന്ന് ഓരോ വർഷവും പിറവിയെടുക്കുന്ന മക്കളെയും അറിയില്ല. ഞാൻ പിറക്കുന്നതിന് കാരണമായ വിത്തിൻ്റെ  രഹസ്യം അന്ത്യനിമിഷം വരെ ഞാൻ കൊണ്ടുപോകുന്നു. എന്നിലുള്ള ദൈവത്തെയാണ് വിശ്വസിക്കുന്നത് . എൻ്റെ ഓരോ ജോലിയും വിശുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത്- ഹെസ്സെ എഴുതുന്നു.


മഹത്തായ സാഹിത്യാനുഭവത്തിലേക്ക് കടക്കുന്നതിനു ഈ സർവ്വജൈവ സമന്വയം അല്ലെങ്കിൽ സർവ്വാശ്ലേ ഷിയായ മമത ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാഗവതത്തിൽ വ്യാസൻ മകൻ ശുകനെ തിരിച്ചുവിളിക്കുന്ന സന്ദർഭമുണ്ട്. ഉപനയനം കഴിക്കാതെ സന്യസിക്കാൻ പോയ ശുകനെ 'പുത്രാ' എന്ന് വ്യാസൻ വിളിക്കുമ്പോൾ വൃക്ഷങ്ങൾ വിളികേട്ടു എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് ഇതിനർത്ഥം ?പ്രാപഞ്ചികചേതന സാഹോദര്യത്തിൻ്റെ  വിവിധ മുഖങ്ങളായി ജീവിതങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഒരേ ആത്മാവിൻ്റെ വിവിധ മുഖങ്ങൾ ഒരു സമസ്യയായി നമ്മെ ചൂഴ്ന്നു നില്ക്കുകയാണ് .വ്യാസൻ്റെ വിളിക്ക് മറുപടിയായി വൃക്ഷങ്ങൾ തിരിച്ചു വിളിക്കുന്നത് ലോകസാഹിത്യത്തിലെ തന്നെ അസാധാരണവും അവിസ്മരണീയവുമായ മുഹൂർത്തമാണ്. ആ  മഹാസ്പന്ദനമാണ് ഹെസ്സെയുടെ കുറിപ്പുകളിൽ കാണുന്നത്. ഹെസ്സെയുടെ ഈ വാക്കുകൾ അത് കൂടുതൽ സാന്ദ്രമാക്കുകയാണ്: 'നമ്മെക്കാൾ ബുദ്ധിയുള്ളവരാണ്  വൃക്ഷങ്ങൾ, നമ്മൾ അവയെ ശ്രദ്ധിക്കാത്തിടത്തോളം.എന്നാൽ വൃക്ഷങ്ങളെ മനസ്സിലാക്കിത്തുടങ്ങുന്നതോടെ  നമ്മുടെ ഹ്രസ്വവും വേഗത നിറഞ്ഞതും  ബാലിശവുമായ ചിന്തകളുടെ എടുത്തു ചാട്ടങ്ങൾക്ക് വലിയ ആനന്ദമാണ് ലഭിക്കുന്നത്. വൃക്ഷങ്ങളെ ശ്രദ്ധിക്കാൻ   പഠിച്ചവൻ താമസിയാതെ തന്നെ ഒരു വ്യക്ഷമായിത്തീരണമെന്ന് ആഗ്രഹിച്ചുതുടങ്ങും' .


കാടിൻ്റെ ഉൾക്കാത്


ഹെർമ്മൻ ഹെസ്സെയുമായി  ചേർത്തു പറയാവുന്ന എഴുത്തുകാരനാണ് ഒ.വി വിജയൻ . അദ്ദേഹത്തിൻ്റെ  'ധർമ്മപുരാണ'ത്തിൽ ഇങ്ങനെ വായിക്കാം: ' മിന്നലിനും മഴയ്ക്കും മുകളിൽ, മറ്റേതോ കവാടങ്ങൾ തേടി ബാഹ്യാകാശങ്ങളിലെ വേട്ടക്കാർ സഞ്ചരിച്ചു. കാട്ടിൽ നിന്ന് കാട്ടിലേക്ക് കാടിൻ്റെ ഉൾക്കാതിലേക്കു  താപസൻ്റെ  സ്മൃതികൾ സഞ്ചരിക്കവേ ,നഗരവും നഗരത്തിൻ്റെ ആകാശവും സഞ്ചാരിയുടെ തർക്കശാസ്ത്രംകൊണ്ടു നിലവിളിച്ചു നിറഞ്ഞു.  കാടിനുള്ളിൽ താപസൻ തൻ്റെ ഉടലിനെ മറികടന്നു ;എന്നാൽ സഞ്ചാരി തൻ്റെ ഉടലിനു വേണ്ടി ഭൂമിയിലും ആകാശത്തിലും കടലിലും ഇരതേടി, രാസപദാർത്ഥത്തിലും ഊർജത്തിലും ഇര തേടി ' .


ഇവിടെ താപസൻ സർവ്വഭൂതങ്ങളോടും ഐക്യപ്പെടുന്ന പ്രാചീന, ആന്തരിക മാനവനാണ്; അവനിലാണ് വൃക്ഷങ്ങളുള്ളത്.സഞ്ചാരിയാകട്ടെ സമകാലിക യാന്ത്രിക ഭൗതികവാദിയായ ,ലാഭക്കൊതിയനായ പ്രായോഗിക മാനവനും.


ക്കുകൾ 

)നമ്മെ മുറിവേല്പിക്കുകയും കുത്തിപ്പരിക്കേല്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് വായിക്കേണ്ടത്.


ഫ്രാൻസ് കാഫ്ക ,

ചെക്ക് -ജർമൻ നോവലിസ്റ്റ് 



2)ഒരാൾക്ക് അവനവനോട് പോലും പറയാൻ കഴിയാത്ത ചില കാര്യങ്ങൾ ജീവിതത്തിലുണ്ട്.


ദസ്തയേവ്സ്കി,

റഷ്യൻ എഴുത്തുകാരൻ


3)യാതൊരു പഠിപ്പുമില്ലാത്ത ഒരു വിഡ്ഢിയേക്കാൾ വലിയ വിഡ്ഢിയാണ് പണ്ഡിതനായ ഒരു വിഡ്ഢി.


ബഞ്ചമിൻ ഫ്രാങ്ക്ലിൻ ,

അമെരിക്കൻ രാഷ്ട്രീയനേതാവ്


4)സാഹചര്യങ്ങളോടുള്ള പ്രതികാരം എന്ന നിലയിലാണ് ഞാനെഴുതുന്നത്.


ലൂയി ഗ്ളൂക്ക്,

അമേരിക്കൻ പെൺകവി 


5)സ്വപ്നം കാണുന്നത് അവസാനിച്ചപ്പോഴേ ഞാൻ സ്വതന്ത്രയായി. യാതൊന്നിനും ഉപകരിക്കാത്ത സ്വാതന്ത്ര്യവും കൈയ്യിൽപ്പിടിച്ച് ,പ്രതീക്ഷയുമായിരിക്കുന്നത് അടിമത്തമാണ്.


ആവ്വാം മൊസ്റ്റേഘനേമൈ ,

അൾജീരിയൻ എഴുത്തുകാരി


വാക്കുകൾ 


1)കൊട്ടാരക്കര ശ്രീധരൻനായർ


കൊട്ടാരക്കര ഒരു വേഷം ചെയ്യാൻ തുടങ്ങിയാൽ താനാരാണെന്ന് മറന്നുപോകുന്ന മട്ടിൽ പെരുമാറും . അദ്ദേഹത്തെക്കുറിച്ച് രാകേഷ് സത്യൻ എഴുതിയ കവിതയിൽ ഇങ്ങനെ വായിക്കാം: മനോധർമ്മ നാട്യത്തിൻ്റെ  മസ്തകം തൊട്ടലയുന്ന കടുംകാട്.



2)അജി വി.എൻ.


മലയാളത്തിലെ പ്രമുഖ ചിത്രകാരനായ അജി വി.എൻ  ആംസ്റ്റർഡാമി (നെതർലൻഡ്)ലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിൻ്റെ  ചിത്രങ്ങൾ നവീനമായ വെളിപാടാണ്. അദ്ദേഹം ഒരഭിമുഖത്തിൽ (ചിത്രവാർത്ത, ഏപ്രിൽ )ഇങ്ങനെ പറഞ്ഞു :യൂറോപ്യൻ ആർട്ടിലെ ഗ്രീക്ക് ശില്പങ്ങളോ റൊദാങ്ങിൻ്റെയൊക്കെ ശില്പങ്ങളോ കണ്ടാൽ നമുക്ക് രോമാഞ്ചമുണ്ടാവും.ഇന്ത്യൻ ശില്പങ്ങൾ കണ്ടാൽ അങ്ങനെയൊന്നും തോന്നാറില്ല.


3)സാബു  പ്രവദാസ്


ചിത്രകാരന്മാരായ അരവിന്ദൻ ,പി.എൻ.മേനോൻ, ഭരതൻ, ഐ.വി.ശശി തുടങ്ങിയവർ സിനിമ ചെയ്തപ്പോൾ വൻവിജയമായിരുന്നു. എന്നാൽ ചിത്രകാരന്മാരുടെ ജീവിതകഥ പറയുന്ന സിനിമകൾ ഇന്ത്യയിൽ  ഉണ്ടാകാത്തതെന്തെന്ന സാബു പ്രവദാസിൻ്റെ ചോദ്യത്തിന് പ്രസക്തിയുണ്ട്.


4)രാജൻ സി.എച്ച് 


ദീർഘകാലമായെഴുതുന്ന രാജൻ സി.എച്ച് അതിവാചാലതയോ അതിമൗനമോ ഉപേക്ഷിച്ചു കവിതയെ സ്വാനുഭവഗീതിയാക്കുകയാണ്. 'തബല ' എന്ന കവിതയിൽ 'ഒരു ജീവിതം മുഴുവനും തബലയിൽ കൊട്ടിക്കയറി അയാൾ .തബലയാകട്ടെ അയാളെ കൊട്ടിക്കേറി ജീവിതത്തിൽ ' എന്ന് എഴുതുന്നത് ഇതിനു തെളിവാണ്.


5)രാജീവ് ജി ഇടവ 


രാജീവ് ജി. ഇടവയുടെ 'വന്യനീതി' (പച്ചമലയാളം) എന്ന  കഥാസമാഹാരം അനുഭവവൈവിധ്യത്തെയാണ് വായനക്കാരനു മുന്നിൽ തുറന്നു വയ്ക്കുന്നത്. വിമുക്തഭടനായ രാജീവിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ജീവിതവുമായി ബന്ധമുണ്ട്.

വായന 


പ്രമുഖ ചിത്രകാരനായ കാരയ്ക്കാമണ്ഡപം വിജയകുമാറിൻ്റെ 'വരയിലേക്കുള്ള വഴി' (സൈകതം) തൻ്റെ ചിത്രരചനാജീവിതത്തിൻ്റെ  പറയപ്പെടാത്ത കഥകളാണ് അവതരിപ്പിക്കുന്നത്. സ്വാനുഭവങ്ങളോടൊപ്പം പ്രശസ്തരായ ചിത്ര, ശില്പകാരന്മാരുടെ രചനാരീതികളും ഇതിൽ പരിശോധിക്കുന്നുണ്ട്. മലയാളികൾക്ക് കാനായി കുഞ്ഞിരാമൻ ഒരു പുതിയ സൗന്ദര്യശാസ്ത്രം തന്നെ സംഭാവന ചെയ്തതായി നിരീക്ഷിക്കുന്നത് ഇക്കൂട്ടത്തിൽ ശ്രദ്ധേയമായി. 'കലയുടെ വെളിച്ചം പ്രകൃതിയിലേക്ക് - വസ്തുക്കളിലേക്ക് പ്രസരിപ്പിക്കുമ്പോഴാണ് ഭാഷകൾക്കതീതമാകുന്ന കല ഓരോ കലാകാരൻ്റെയും ജന്മഭാഷയാകുന്നത് ' എന്ന ചിന്ത ഗ്രന്ഥകാരൻ്റെ സുവ്യക്തമായ കലാബോധത്തിന് ഉദാഹരണമാണ്.


പ്രകൃതിയില്ലാത്ത മാർക്സിസ്റ്റ് വിമർശനം


മാർക്സിസ്റ്റ് ഭാഷാദർശനത്തെപ്പറ്റിയാണ് പി.സോമൻ(പൊരുതുന്ന വിമർശനം ,സാഹിത്യവിമർശം ,ഏപ്രിൽ) എഴുതുന്നത്. അദ്ദേഹം എം.പി.ബാലറാമിൻ്റെ 'വാക്കുകൾ നിശ്ശബ്ദതകൾ' എന്ന പുസ്തകത്തെ അവലോകനം ചെയ്യുകയാണ്.മാർക്സിസം  സമഗ്രമായൊരു നിരൂപണപദ്ധതി യാകുന്നത് ഭാഷയെക്കുറിച്ചുള്ള കാറൽമാർക്സിൻ്റെയും ഏംഗൽസിൻ്റെയും  കാഴ്ചപ്പാടിലാണെന്ന് സോമൻ വിവരിക്കുന്നു. മറ്റൊരിടത്ത് ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്: 'ഭാഷ ആശയപ്രകാശനോപാധിയാണെങ്കിൽ ആരുടെ ആശയമാണ് (ഭരിക്കുന്നവൻ്റെയോ ഭരിക്കപ്പെടുന്നവൻ്റെയോ) പ്രകാശിപ്പിക്കുന്നത് എന്ന ചോദ്യം ഭാഷയെ പ്രശ്നവത്കരിക്കുന്നു; പ്രത്യയശാസ്ത്രവത്കരിക്കുന്നു ' .


ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പറയുന്നതിൽ പോലും ഒരു മാർക്സിസ്റ്റ് വിമർശകനു രാഷ്ട്രീയമേ കാണാൻ കഴിയൂ; പ്രേമത്തെ അനുഭവിക്കാനാകില്ല. കാരണം അവൻ്റെ പ്രശ്നം പ്രണയത്തിൽ ആരാണ് ഭരിക്കുന്നത്, ഭരിക്കപ്പെടുന്നത് എന്ന സമസ്യയാണല്ലോ. മാർക്സിസ്റ്റ് ദർശനം ഇരുപതാംനൂറ്റാണ്ടിനെ സൗന്ദര്യശാസ്ത്രപരമായും പാരിസ്ഥിതികമായും കുറച്ചൊന്നുമല്ല വലച്ചത്. മാർക്‌സിസത്തിൽ പ്രകൃതി ഇല്ലല്ലോ .ഇതാണ് അതിൻ്റെ പ്രധാന പരിമിതി. പ്രകൃതിയുമായുള്ള മനുഷ്യൻ്റെ ആത്മൈക്യങ്ങളെ അഭിസംബോധന ചെയ്യാൻ മാർക്സിസത്തിൽ ഇടമില്ല . അതുകൊണ്ടാണ് ഇരുപതാംനൂറ്റാണ്ടിൻ്റെ അവസാനം വരെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും പാരിസ്ഥിതിക മലിനീകരണത്തിനെതിരെ ഒന്നും ചെയ്യാതിരുന്നത്. ഒരു മാർക്സിസ്റ്റ് വിമർശകനു എമേഴ്സൺ ,തോറോ ,വ്ളാഡിമിർ നബോക്കോവ്  ,റേച്ചൽ കഴ്സൺ, ആൽബേർ കമ്യൂ ,തോമസ് മൻ തുടങ്ങിയവരെയൊന്നും വായിക്കാനാവില്ല. കാരണം അയാൾ പ്രകൃതിയുമായി മുഖാമുഖം വരുന്നില്ലല്ലോ .മാത്രമല്ല, അയാൾക്ക്  ടോൾസ്റ്റോയിയെ പോലും വായിക്കാനാവില്ല. പ്രകൃതിയില്ലാത്ത ഒരു ദർശനവും പൂർണ്ണമല്ല. മഹാനായ ബർട്രാൻഡ് റസ്സൽ പറഞ്ഞത് ,മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ഒരു ഭരണകൂടം വന്നാൽ തന്നെ അവിടെ ഒരു വിഭാഗം ജനങ്ങൾക്ക് അസന്തുഷ്ടിയായിരിക്കും വിധിക്കപ്പെടുക എന്നാണ്. ഒരു വിഭാഗത്തെ കരയിപ്പിച്ചുകൊണ്ട് ഉണ്ടാക്കുന്ന വിജയം  ധാർമ്മികമല്ലെന്നാണ് റസൽ പറഞ്ഞത്.


യുദ്ധങ്ങൾക്കു ശേഷം


എല്ലാ യുദ്ധങ്ങൾക്കു ശേഷവും മനുഷ്യൻ്റെ പ്രണയമാനസം രമ്യതയുടെ സ്വന്തം തുരുത്തുകൾ തേടി ദുഃഖിതമാകുമെന്ന് അനീസാ ഇക്ബാൽ ' പുതിയ ആകാശം' ( പ്രഭാതരശ്മി, മാർച്ച് )എന്ന കവിതയിൽ കുറിക്കുന്നു: 'യുദ്ധമെത്രയോ കഴിഞ്ഞു എണ്ണിയാലൊടുങ്ങാത്ത 

ജീവിതപ്പയറ്റുകളെത്രയോ ഭീതിദം ഇരുളിൻ ദുർഘട 

ഭ്രമ സീമകളിലലയവേ 

എനിക്കില്ലൊരാകാശം,

നിനക്കുമില്ലെന്നല്ല 

നമുക്കില്ലിന്നൊരു 

വെളിച്ചക്കീറുപോലും .




No comments:

Post a Comment