Friday, April 16, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സന്ദിഗ്ദ്ധതയുടെ സൗന്ദര്യം -metrovartha 12 - 4-2021

 അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com


സന്ദിഗ്ദ്ധതയുടെ സൗന്ദര്യം


തകഴിയുടെ 'അനുഭവങ്ങൾ പാളിച്ചകൾ ' മലയാളത്തിലെ പ്രഗത്ഭ സംവിധായകരിലൊരാളായ  കെ. എസ്. സേതുമാധവൻ അതേപേരിൽ സിനിമയാക്കിയപ്പോൾ മറ്റൊരു സൃഷ്ടി നടന്നു. അത് സേതുമാധവൻ്റെ  രചനയാണ്; സേതുമാധവൻ്റെ  വായനയാണ് . തകഴിയുടെ നോവൽ വായിച്ചവരിൽ ആരെങ്കിലും അതിലെ ചെല്ലപ്പനായി സത്യനെ സങ്കല്പിച്ചിരുന്നോ ? ഷീലയെ കണ്ടിരുന്നോ ? സേതുമാധവൻ്റെ  വായനയുടെ ഫലമാണ് സത്യനും ഷീലയും .വായനയുടെ മാജിക്കാണിത്. വായന കൃതിയിൽ 'അയഥാർത്ഥമായ ', അതിശയകരമായ ചില മാനങ്ങൾ കൂട്ടിച്ചേർക്കുകയാണ്. മകളുടെ ശവകുടീരത്തിനടുത്തു വരുന്ന ചെല്ലപ്പൻ്റെ (സത്യൻ്റെ ) മൗനം സേതുമാധവൻ്റെ വ്യാഖ്യാനമാണ്. മുണ്ടശ്ശേരിയുടെയോ തായാട്ടു ശങ്കരൻ്റെയോ അല്ല .ഇത് വായനയുടെ ഗഹനത വർദ്ധിപ്പിക്കുന്നു. വായനയുടെ മാജിക്കിനപ്പുറം ,വായനയുടെ മാജിക്കൽ റിയലിസമാണിത്.


അറിയാത്തതിലേക്ക്


എഴുത്തുകാരൻ ദൈവമാണെന്ന്  സ്ഥാപിക്കാൻ ശ്രമിക്കുന്ന 'അനുഭവങ്ങൾ പാളിച്ചകൾ' സേതുമാധവൻ അപനിർമ്മിക്കുകയും തൻ്റെ സാഹിത്യദൈവസങ്കൽപത്തെ  അവിഷ്കരിക്കുകയുമാണ് ചെയ്തത്. എഴുത്തുകാരൻ ദൈവമാണെന്ന് ചിന്തിക്കുന്നത് ഇന്ന് ഒരു പരിമിതിയാണ്.  ആ ധാരണ എത്രയോ നൂറ്റാണ്ടുകളായി തുടരുകയായിരുന്നു.ഒരു കഥയിലെ കഥാപാത്രങ്ങളുടെ ഭൂതവർത്തമാന ഭാവിയെല്ലാം, എഴുതിയ ആളിൻ്റെ അധീശത്വത്തിൽ ഞെരിഞ്ഞമരുന്ന അനുഭവമാണ് എഴുത്തുകാരൻ ദൈവമാകുമ്പോൾ സംഭവിക്കുന്നത്.   കഥാകൃത്ത് ത്രികാലജ്ഞാനിയാണത്രേ; തൻ്റെ കഥകളുടെ ലോകത്തെങ്കിലും . ഈ വിചാരം അബദ്ധവും കാലത്തിനു നിരക്കാത്തതുമാണ് .എല്ലാം അറിയുന്നവനെന്ന അർത്ഥത്തിൽ  എഴുത്തുകാരൻ ദൈവമാണെന്ന് കരുതുന്നത് അടഞ്ഞ ചിന്തയാണ്. അത് സങ്കുചിതത്വവും അസംബന്ധവുമാണ്. പിന്നെയാരാണ് എഴുത്തുകാരൻ ? അയാൾ വെറും അന്വേഷകനാണ്. പര്യവേക്ഷകനാണെന്ന് പറയാം. ചില ഭൂഖണ്ഡങ്ങൾ കണ്ടെത്താനായി യാത്രതിരിച്ചവനാണ് ;എന്നാൽ സന്ദേഹങ്ങളാണ് ബാക്കിയാവുന്നത്. അയാൾക്ക് ഈ ലോകത്തെക്കുറിച്ചോ മനുഷ്യപ്രകൃതിയെക്കുറിച്ചോ , യാഥാർത്ഥ്യത്തെക്കുറിച്ചോ , ഭാവിയെക്കുറിച്ചോ, മരണാനന്തര ലോകത്തെക്കുറിച്ചോ ഒന്നുമറിയില്ല. ഇതായിരിക്കണം കൈമുതൽ. ഇതെല്ലാം അറിയാമായിരുന്നെങ്കിൽ അയാൾ എന്തിനു കഥ എഴുതണം എന്ന ചോദ്യമുയർന്നു വരും .അറിഞ്ഞതിൽ നിന്നും അറിയാത്തതിലേക്കുള്ള യാത്രയാണ് ഒരാളെ അൽപമെങ്കിലും  സാഹിത്യകാരനാക്കുന്നത്. 



നിഗൂഢവും അതാര്യവുമായ ഒരു ലോകത്തിൻ്റെ അതീന്ദ്രിയമായ ഭാഷയാണ് സാഹിത്യം .എഴുത്തുകാരൻ ദൈവമല്ലെങ്കിലും ,സാഹിത്യം നല്കുന്ന സൗന്ദര്യാനുഭൂതിയുടെ പാരമ്യത്തിൽ ചില എഴുത്തുകാരെയെങ്കിലും സാഹിത്യദൈവമെന്ന് വിളിക്കാം. എല്ലാത്തിനെയും സാഹിത്യമാക്കുകയും ചർച്ചയാക്കുകയും അനുഭൂതിയാക്കുകയും ചെയ്യുന്ന ദൈവമാണത്. എഴുത്തുകാരൻ ദൈവമല്ലെന്ന വിശ്വസിച്ച ഗബ്രിയേൽ ഗാർസിയ മാർകേസ് ഒരു സാഹിത്യ ദൈവമാണ്; ദസ്തയെവ്സ്കിയും സാഹിത്യദൈവമാണ്.


യാഥാർത്ഥ്യം എന്ന ഭാവന


തബീഷ് ഖെയ്റും സെബാസ്റ്റ്യൻ ഡൂബിൾസ്കിയും ചേർന്നെഴുതിയ 'റീഡിങ് ലിറ്ററേച്ചർ ടുഡേ' എന്ന പുസ്തകം സാഹിത്യരചനയിലേക്ക്, പല ചർച്ചകളുടെ വെളിച്ചത്തിൽ, ഒരു വാതിൽ തുറക്കുകയാണ് .കവി തബീഷ് ഖെയ്ർ എഴുതിയ 'ലിറ്ററേച്ചർ ആൻഡ് ദ് ലിമിറ്റ്സ് ഓഫ് ലാംഗ്വേജ് :ആൻ എസ്സേ ഓൺ സൈലൻസസ് ആൻഡ് ഗാപ്സ് 'എന്ന ലേഖനമാണ് ആദ്യത്തേത് .പ്രമുഖ ഫ്രഞ്ച് നോവലിസ്റ്റ് സെബാസ്റ്റ്യൻ ഡൂബിൻസ്കിയുടെ 'ഇൻ ദ് മൈൻഡ് ഓഫ് ബൂർഷ്വാ റീഡർ' ഈ ഗ്രന്ഥത്തിലെ രണ്ടാമത്തെ ലേഖനമാണ്‌.


വായനക്കാരൻ്റെ മരണം, നിശബ്ദത,  യാഥാർത്ഥ്യം, ഭാഷ, മാന്ത്രികത ,കതാർസിസ് തുടങ്ങിയ വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. പുസ്തകത്തിൻ്റെ  ഒടുവിൽ ഇരുവരും തമ്മിലുള്ള സംഭാഷണവും വായിക്കാം .എഴുത്ത്, സത്യസന്ധമായി പറയുകയാണെങ്കിൽ യാഥാർത്ഥ്യമെന്ന അനുഭവത്തെ ചോദ്യം ചെയ്യുകയാണെന്ന ഡൂബിൻസ്കിയുടെ വാദത്തെ അനുകൂലിച്ചുകൊണ്ട് ഖെയ്ർ കൂട്ടിച്ചേർക്കുന്നു :(പേജ് 151) .

' കൃതിയിലെ യഥാർത്ഥ്യത്തെ നിർവ്വചിക്കാതിരിക്കാനാണ് നാം ശ്രമിക്കുക. എന്നാൽ ഭാഷയ്ക്ക് വെളിയിൽ അത് സംഭവിക്കുന്നത് തടയാൻ നമുക്കാവില്ല. നമ്മൾ എഴുതുമ്പോൾ ആ യഥാർത്ഥ്യത്തിലാണ്  പ്രവർത്തിക്കുന്നത്. യാഥാർത്ഥ്യത്തെക്കുറിച്ച്‌ എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ, അതിനെ ഭാഷയിലേക്ക് വലിച്ചിടുകയാണ് നാം  ചെയ്യുന്നത്; അതിനെ മറ്റെന്തോ ആക്കിത്തീർക്കുന്നു. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം ഭാഷകൊണ്ട് സൃഷ്ടിച്ചിട്ടുള്ളതാണ്. അതിനാൽ അത് ഭാഗികമായി കല്പിതമാണ് ' .


രമണൻ


ചങ്ങമ്പുഴയുടെ 'രമണൻ' ഒരു യാഥാർത്ഥ്യമാണോ ? അത് യാഥാർത്ഥ്യമാണെന്ന് കവി നിർവ്വചിച്ചിട്ടുണ്ടാവാം.എന്നാൽ അത്  ഭാഷയിലൂടെ നിർമ്മിക്കപ്പെട്ടതാണ്. ഭാഷയ്ക്ക് വെളിയിലും അതിനു  അസ്തിത്വമുണ്ട്. ഭാഷയുള്ളതുകൊണ്ടാണ് അത് യാഥാർഥ്യമായി നിർമ്മിക്കപ്പെടുന്നത്. ഭാഷയിൽ സ്വരൂപിക്കന്നതുമാത്രമാണ് നമുക്ക് ലഭിക്കുന്നത്.ഭാഷയിൽ  വരാത്തതോ?  അതുകൊണ്ട് രമണൻ ഒരു സാങ്കൽപ്പിക യാഥാർത്ഥ്യമാണ്. അതിൽ സന്ദിഗ്ദ്ധതയുടെ അപാരസൗന്ദര്യം അനുഭവിക്കാം. വായനക്കാരൻ ഈ കല്പിതകഥയ്ക്ക്  പുറത്തു, വിട്ടുപോയ ഇടങ്ങൾ പൂരിപ്പിക്കാനാണ് ഒരുമ്പെടുന്നത്‌. തകഴിയുടെ ചെല്ലപ്പനെ സേതുമാധവൻ തിരിച്ചറിയുന്നു. ഭാഷയ്ക്കു പുറത്ത് സേതുമാധവൻ മറ്റൊരു യാഥാർത്ഥ്യം തേടുന്നു.


ഉപനിഷത്തും മാജിക്കും


 നമ്മൾ കാണുന്ന വാസ്തവികതയുടെ  മാജിക്കൽ ഘടകം ബൃഹദാരണ്യകോപനിഷത്തിൽ വായിക്കാം. ബ്രാഹ്മണം രണ്ടിൽ മഹാതപസ്വിയായ യാജ്ഞവൽക്യനോട് ജനകമഹാരാജാവ് ഇപ്രകാരം ചോദിക്കുന്നു: അങ്ങ് ദേഹം വിട്ടുപോകുമ്പോൾ എവിടേക്കാണ്  എത്തിച്ചേരുക എന്ന്. ഉടനെ യാജ്ഞവൽക്യൻ പറയുന്നു ,അങ്ങ് എവിടേക്കാണ് പോകുന്നതെന്ന് താൻ വിവരിക്കാമെന്ന് . യാജ്ഞവൽക്യൻ്റെ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം:

 'വലത്തെ കണ്ണിലുള്ള പുരുഷനാണ് ഇന്ധൻ.ഇന്ധനെ പരോക്ഷമായി ഇന്ദ്രൻ എന്ന് വിളിക്കും. ദേവന്മാർക്ക് പ്രത്യക്ഷത്തേക്കാൾ പരോക്ഷമാണ് പ്രിയം. ഇടത്തെ കണ്ണിലുള്ള  രൂപം ഇന്ദ്രൻ്റെ പത്നിയായ വിരാട്ടാണ്. ഇവർ സംഗമിക്കുന്ന ഇടമാണ് ഹൃദയാകാശം. സിരകളിലെ രക്തമാണ് ഇവരുടെ അന്നം .ശരീരത്തിലെ നാഡികൾ ഹൃദയത്തിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ അന്നരസം ഒഴുകുന്നു. മുകളിലോട്ടുപോകുന്ന നാഡി ഇവരുടെ സഞ്ചാരപാതയാണ്. പ്രാജ്ഞനുമായി ( ലിംഗാത്മാവ് അഥവാ പ്രജ്ഞ) ഐക്യം സാധിക്കുന്ന ആളിനു  ചുറ്റുപാടുമുള്ള എല്ലാം പ്രാണങ്ങളാണ്. അതിനു നാശമില്ല. ഇതല്ല ,ഇതല്ല എന്ന് ആത്മാവ് മന്ത്രിച്ച് ,എല്ലാത്തിനെയും നിഷേധിച്ചുകൊണ്ട് ചെന്നുചേരുന്ന ഇടം ഇതാണ്' .


യാജ്ഞവല്ക്യൻ പറഞ്ഞതിൽ നിന്ന്  സ്വപ്നത്തിലും ജാഗ്രത്തിലുമുള്ള അവസ്ഥകൾ പരസ്പരം എങ്ങനെ സമന്വയിക്കപ്പെട്ടിരിക്കുന്നുവെന്ന്  മനസ്സിലാക്കാം. സ്വപ്നാവസ്ഥ എന്നത് സങ്കല്പവും ഭാവനയും ചിന്തയും അറിവുമെല്ലാം ചേർന്നതാണ്. ജാഗ്രത്ത് ഉണർന്നിരിക്കുന്ന അവസ്ഥയാണ്. അതിലാണ് നാം പൊതുവേ പറയുന്ന യാഥാർത്ഥ്യമുള്ളത് .എന്നാൽ യാഥാർത്ഥ്യത്തിലെ ചോർച്ചകൾ ,കുറവുകൾ ,അവ്യക്തതകൾ നമ്മൾ പരിഹരിക്കുന്നത്  സ്വപ്നാവസ്ഥയിലുടെയാണ്. പ്രണയം  നഷ്ടപ്പെടുന്ന ഒരുവൻ തൻ്റെ ജാഗ്രത്തിൽ നിന്ന് പ്രണയചേഷ്ടകളുടെ കാലത്തെ ഓർമ്മിച്ചുകൊണ്ട് സ്വപ്നത്തിലൂടെ അതിജീവിക്കുന്നു. ഇന്ദ്രൻ  യാഥാർത്ഥ്യം അഥവാ ജാഗ്രത്താണെങ്കിൽ ഇന്ദ്രാണി സ്വപ്നമാണ് .രണ്ടുപേരുമാണ് ഹൃദയാകാശത്തുള്ളത്. സ്വപ്നത്തിലും ജാഗ്രത്തിലും ലിംഗാത്മാവാണ് നിലനിർത്തുന്നത്. അതിനു വേണ്ടത് അന്നരസമാണ്. ലിംഗാത്മാവ് സ്വപ്നത്തിലും യാഥാർഥ്യത്തിലും മാറിമാറിവരുന്നു. അങ്ങനെ പ്രജ്ഞ നിലനിർത്തപ്പെടുന്നു.എങ്ങനെയാണ്  ശരീരത്തിൽ പ്രജ്ഞയുടെ ലീല സംഭവിക്കുന്നതെന്നാണ് യാജ്ഞവൽക്യൻ അറിയിക്കുന്നത്.ഇവിടെ യാഥാർത്ഥ്യവും മാജിക്കുമുണ്ട് .



ശരീരം ,ഒരു കളി


ശരീരവും അതിൻ്റെ അനുഭവങ്ങളും നമ്മൾ മനസ്സിലാക്കുന്നത് ലിംഗാത്മാവ് ,സ്വപ്നം, ജാഗ്രത്ത് എന്നീ അറിവുകളിലൂടെയാണ്. അങ്ങനെയും ഒരു പാഠമുണ്ട്. കണ്ണുകളിൽ സ്വപ്നവും ജാഗ്രത്തുമുണ്ടെന്നും അത് ഹൃദയത്തിലുള്ളതുകൊണ്ടാണ് മനുഷ്യൻ സൗന്ദര്യബോധമുള്ള ഒരു ജീവിയായിരിക്കുന്നതെന്നും ബോധ്യപ്പെട്ടാൽ നമ്മുടെ കലാസങ്കല്പം മാറില്ലേ? ശരീരം എത്ര സമ്മോഹനമായ, ദീപ്തമായ, സ്മരണാർഹമായ, പ്രസക്തമായ ഒരു കളിയിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാവും. ഈ മാജിക് എങ്ങനെ എഴുതും ?ഓരോ നിമിഷത്തിലും യാഥാർത്ഥ്യവും സ്വപ്നവും മാറിമറിയുന്നു.


സ്വപ്നവും യാഥാർത്ഥ്യവും സമന്വയിപ്പിക്കുന്ന മഹത്തായ സാഹിത്യം യാജ്ഞവൽക്യൻ്റെ സത്യാന്വേഷണപരമായ ആശയങ്ങളിൽ നിന്നല്ലേ ഉദയം ചെയ്യുന്നത്. ? ഒരു ബോർഹസ് കഥാലോകം ഇങ്ങനെയല്ലേ ഉണ്ടാകുന്നത് ?


തതീഷ് ഖെയ്ർ പറയുന്നത്, എഴുതുമ്പോൾ വസ്തുനിഷ്ഠതയും വ്യക്തിനിഷ്ഠതയും അപ്രത്യക്ഷമാകുന്നു വെന്നാണ്. എഴുതുമ്പോൾ ഭാഷയുടെ സങ്കീർണതകളിൽ നിന്ന് ഓടി മാറുകയല്ല വേണ്ടത്;അതിൽ മുഴുകുന്നതാണ് നല്ലത്. ഒരനുഭവം, മറ്റുള്ളവരെ വഞ്ചിക്കാതെ , എങ്ങനെ എങ്ങനെ കലയിൽ ആവിഷ്കരിക്കും?


പതിറ്റാണ്ടുകളായി എഴുതുന്ന ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കവിതകളിൽ സാരത്തെ തേടുന്ന ആത്മാവിനെയും ആത്മാവിനെ തേടുന്ന സാരത്തെയും കാണാം. വാഗർത്ഥം (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,ഏപ്രിൽ 17 ) എന്ന കവിത നോക്കൂ :

'ഉരുത്തിരിയുന്നുണ്ടൊരു

വാക്കെന്നുള്ളിൽ

അനാദികാലത്തിൻ

പ്രകാശരശ്മിപോൽ 

ജ്വലിക്കുന്നുണ്ടതിൽ

ഒരു സൂര്യൻ സ്വയം

തപിക്കുമാത്മാവിൻ വെളിച്ചമത്രയും

ഒരു വാക്കിന്നുള്ളിൽ

നിവർന്നു നിൽക്കുന്നു 

മഹാദ്രികൾ ,കൊടുംവനങ്ങൾ,

ദ്വീപുകൾ

അഗാധഗർത്തങ്ങൾ 

സമതലങ്ങളും ' .


കാലമുദ്രകൾ


1)ബിച്ചു തിരുമല  


മലയാളസിനിമയിൽ പാട്ടെഴുതി അമ്പതുവർഷം പൂർത്തിയാക്കിയ ബിച്ചു തിരുമലയെ എന്തിനു മറക്കണം? നീലജലാശയത്തിൽ, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു, വാകപ്പൂമരം ചൂടും, മൈനാകം കടലിൽ നിന്നുയരുന്നുവോ,ശ്രുതിയിൽ നിന്നുയരും , മിഴിയോരം നനഞ്ഞൊഴുകും, ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ  തുടങ്ങി എത്രയോ പാട്ടുകൾ !.



2)സെബാസ്റ്റ്യൻ 


ദീർഘകാലമായെഴുതുന്ന സെബാസ്റ്റ്യൻ്റെ പുതിയ കവിതാസമാഹാരമാണ് 'ഒരു ഒച്ചമാത്രം'. എന്നാൽ കവിത വെറും ഒച്ചയല്ല എന്ന് ബോധ്യമുള്ള കവിയാണ് സെബാസ്റ്റ്യൻ.



3)തോട്ടം രാജശേഖരൻ


നോവലിസ്റ്റ്  കെ. സുരേന്ദ്രൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തോട്ടം രാജശേഖരൻ എഴുതിയ ലേഖനം (പ്രഭാതരശ്മി ) ശ്രദ്ധേയമായി. മരണം ദുർബലം, ഗുരു തുടങ്ങിയ കനമുള്ള  നോവലുകളെഴുതിയ സുരേന്ദ്രൻ്റെ  'ദസ്തയെവ്സ്കിയുടെ കഥ' എന്ന കൃതി ഇപ്പോഴും ഉന്നതമായി ശേഷിക്കുന്നതായി ലേഖകൻ  അനുസ്മരിക്കുന്നു.



4)ബക്കർ മേത്തല


സാംസ്കാരിക പ്രവർത്തകനും കവിയുമായ ബക്കർ മേത്തലയുടെ 'ചാള ബ്രാൽ ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളെക്കുറിച്ച് ' എന്ന കവിതാസമാഹാരം പേരുകൊണ്ട് തന്നെ ശ്രദ്ധയാകർഷിക്കുകയാണ്.


5)സോമൻ കടലൂർ 


നവീന കവിതയിൽ ഇടപെട്ടും വിമർശിച്ചും ഇടം കണ്ടെത്തിയ കവിയാണ് സോമൻ കടലൂർ. അദ്ദേഹത്തിൻ്റെ ബൃഹത് സമാഹാരം (കടലൂർ കവിതകൾ ,പ്ളാവില ബുക്സ് ,വില :550) പുറത്തുവന്നിരിക്കുന്നു. പുതിയ കവിതയുടെ വ്യാഖ്യാതാവുമാണ് കടലൂർ.



വാക്കുകൾ 



1) സ്നേഹമാണ് ,ബുദ്ധിയല്ല, മരണത്തേക്കാൾ ശക്തമായിട്ടുള്ളത്.


തോമസ് മൻ ,

ജർമ്മൻ നോവലിസ്റ്റ് 



2)എല്ലാത്തിലും വെച്ച് ഏറ്റവും അഗാധവും സ്വാർത്ഥവുമായ കർമ്മം ലൈംഗികതയാണ്.


അയൻ റാന്ത് ,

റഷ്യൻ - അമെരിക്കൻ എഴുത്തുകാരി



3)ഒരാളുടെ ചിന്തകളുടെ ഗുണത്തിനനുസരിച്ചാണ് ജീവിതത്തിൽ സന്തോഷമുണ്ടാകുന്നത്.


മാർകസ് ഒറേലിയസ് ,

റോമൻ ചക്രവർത്തി


4)ഹൃദയത്തിൽ അഗാധമായ ദുഃഖം ഒളിപ്പിക്കുന്ന അസന്തുഷ്ടനായ വ്യക്തിയായിരിക്കും കവി.


സോറൻ കീർക്കഗോർ ,

ദാനിഷ് ചിന്തകൻ



5)സൗന്ദര്യം വർദ്ധിപ്പിക്കാൻ സന്തോഷമല്ലാതെ വേറൊരു സാമഗ്രിയില്ല .


മരിയ മിച്ചൽ ,

അമേരിക്കൻ നക്ഷത്രനിരീക്ഷക



 വായന



എം.ടി. വാസുദേവൻനായരുടെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ ചിന്തകളാണ് എ .ശ്യാംമോഹൻ എഴുതിയ 'എം .ടി ' (കലാപൂർണ്ണ, മാർച്ച് )എന്ന കഥയിലുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിങ്ങിൻ്റെ ഭാഗമായി താൻ തിരഞ്ഞെടുത്ത സ്ഥാപനത്തിൽ ചെല്ലുകയാണ് ഒരു വിദ്യാർത്ഥിനി. അവിടെ എം.ടി എന്ന ബോർഡ് കാണുന്നതോടെ അവൾ ഉത്സുകയാവുന്നു. തുടർന്നുള്ള  വിചാരമാണ് കഥയിലുടനീളം പരക്കുന്നത്. അവിടെ കണ്ടത്  മാനേജിങ് ട്രസ്റ്റി (എംടി ) യെ  ആയിരുന്നു . അമൃതം ഗമയയിലെ കുറുപ്പമ്മാവനെ പോലെ തോന്നിച്ച അദ്ദേഹത്തോട് ആരണ്യകത്തിലെ അമ്മിണിയായി സ്വയം സങ്കൽപ്പിച്ച ,കഥയിലെ നായികക്ക് നീരസം തോന്നി .പഞ്ചാഗ്നിയിലെ ഇന്ദിരയും മഞ്ഞിലെ വിമലയും ഒരു ചെറുപുഞ്ചിരിയിലെ കൃഷ്ണക്കുറുപ്പും  എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പെൺകുട്ടിയുമെല്ലാം കഥയിൽ മിന്നിമറയുന്നുണ്ട്. ഒരു ഭാഗം ഇങ്ങനെ: 'അമ്മിണിയെപ്പോലെ ചാടിത്തുള്ളി നടക്കാനും എല്ലാവരുമായും കൂട്ടുകൂടാനും കാടും കിളിയും കാട്ടാറും  ഒപ്പം കൂട്ടി കറങ്ങാനും ഞാൻ കൊതിച്ചു .കാണാൻ കൊള്ളാവുന്ന രണ്ടു ചെക്കന്മാരെയും ഞാൻ കാമിച്ചു.ഒരു നാൾ ഒരു മരത്തിനോടു മിണ്ടീം പറഞ്ഞും ഇരുന്നപ്പോഴാണ് ഞാൻ ജാനകിക്കുട്ടിയോട് അടുത്തത് ' .


എം.ടി.യുടെ സിനിമകളിലൂടെ കഥ പറയുന്ന രീതി കൗതുകകരമായി തോന്നി. പലരും ഒരേ രീതിയിൽ കഥ പറയുന്ന ഈ കാലത്ത് ഇത് ആശ്വാസമാണ് .



നജീബിനു വിഹിതം വേണം


 'പണ്ട് മണ്ണു ചുമന്ന, കക്ക വാരിയ  തീരത്ത് തന്നെ എത്തിയിരിക്കുന്നു. ഇനിയും അങ്ങനെ എന്തെങ്കിലും ജോലി ചെയ്യണം . പക്ഷേ ,ഇപ്പോൾ പഴയ ജോലിക്കൊന്നും സാധ്യതയില്ല. മണ്ണേറെയും കടൽ കൊണ്ടുപോയി. വാരാൻ നിരോധനവുമുണ്ട്‌. നജീബ് കുട്ടിയായിരുന്നപ്പോഴേ ഉമ്മയും ബാപ്പയും മരിച്ചതാണ്. സുഖമില്ലാത്ത പെങ്ങളെയും നോക്കാൻ ചുമതലയുണ്ട്‌'.ഇത് നജീബിൻ്റെ (കാദറിൻ്റെയും ജമീലയുടെയും മൈമുനയുടെയും നജീബ്,ഭാഷാപോഷിണി ,ഏപ്രിൽ )വാക്കുകളാണ് .ബെന്യാമിൻ 'ആടുജീവിതം' എഴുതിയത് ഈ പാവപ്പെട്ട നജീബിൻ്റെ  ഗൾഫ് ജീവിതത്തെ ആസ്പദമാക്കിയാണ്. ആടുജീവിതം വിറ്റ് നോവലിസ്റ്റ് ധാരാളം പണമുണ്ടാക്കി .എന്നാൽ നജീബ് ഇപ്പോഴും ദുരിതത്തിൽ കൈകാലിട്ടടിക്കുകയാണ്;നോവൽ പ്രസിദ്ധീകരിച്ച് പതിനഞ്ചു വർഷം കഴിഞ്ഞിട്ടും! . ഇത് അനീതിയല്ലേ? ആടുജീവിതത്തിൻ്റെ വിറ്റുവരവിൽ ഒരു വിഹിതം നജീബിനു അവകാശപ്പെട്ടതാണ്. മനുഷ്യത്വമല്ലേ അത്?. നജീബിനെക്കുറിച്ചു ഫീച്ചറെഴുതാൻ നടക്കുന്നവർ ഇതെങ്കിലും മനസ്സിലാക്കണം.ആടുജീവിതത്തിൻ്റെ പ്രസാധകർക്കെതിരെ നജീബ് കേസു കൊടുക്കുകയാണ് വേണ്ടത്. ഈ ചൂഷണം അനുവദിക്കരുത്. അല്ലെങ്കിൽ  തനിക്കു റോയൽറ്റിയായി കിട്ടുന്ന തുകയിൽ നിന്ന് ഒരു വിഹിതം ഇനിയെങ്കിലും ബെന്യാമിൻ നജീബിനു നല്കണം. ഒരു യഥാർത്ഥ എഴുത്തുകാരനാണെങ്കിൽ ഇതു നേരത്തേ ചെയ്തേനെ . നോവലെഴുതിയതുകൊണ്ട് എഴുത്തുകാരനാവില്ല; വകതിരിവും സാമൂഹ്യബോധവുമുള്ള 'റൈറ്റർ ലൈഫ് ' ഉണ്ടായാലേ എഴുത്തുകാരനാ വൂ.


ഉദയശങ്കറിൻ്റെ കഥ 


ഒരു കാൻസർബാധിതൻ്റെ  ഭീകരമായ രോഗ ,ആത്മീയ ,അസ്തിത്വപ്രശ്നങ്ങൾ തീവ്രമായി ആവിഷ്കരിച്ച ഉദയശങ്കറിൻ്റെ ' പ്രാണനിൽ വെള്ളകീറുന്നു '(കലാപൂർണ ,മാർച്ച്) ഗാഢമായ അനുഭവമായിരുന്നു. രോഗം ഒരാളെ സത്യങ്ങൾക്ക് അഭിമുഖം നിർത്തുകയാണ്. അതുവരെ കാണാത്ത ലോകമാണത്. കഥയിലെ ഒരു ഭാഗം ഇങ്ങനെ:

'വാക്കുകൾ ജഢമായിരിക്കുന്നു .അടരാനാവാതെ ഒരപശബ്ദം പുറത്തേക്ക് വഴുതുന്നു, കഴുത്തിൽ കുരുക്കിട്ടതു പോലെ. ഈ മുറി എത്രയോ പേരെ നരകത്തിൽ വകവരുത്തിയെന്ന് പറയാനാവില്ല. എൻ്റെ പിടച്ചിൽ പിതൃക്കൾ കാണുന്നണ്ടാവാം. ഹ്രസ്വവും  നിഗൂഢവുമായ നിശ്വാസങ്ങൾക്ക്  ഒർത്ഥവും സമ്മാനിച്ചിട്ടില്ല.  നിയോഗങ്ങളുടെ ഒരു ചീട്ട്  വിഫലതയുടെ തേങ്ങലുമായി കൊണ്ടു നടക്കുന്നു , അവസാനത്തെ ആരംഭത്തിനായി .ഈ കല്ലുകുപ്പയിൽ വിടുരുന്നത് എൻ്റെ കറുത്ത റോസാപ്പൂക്കളാണ്' .


രോഗിയായതിൻ്റെ ആത്മീയാനഭവമാണ് കഥാകൃത്ത് എഴുതുന്നത് .രോഗിയെ പുറത്തു നിന്നു നോക്കുന്നതിൻ്റെ ആഖ്യാനമല്ലിത്;രോഗിയുടെ ആന്തരിക ലോകമാണ് .


മലയാള കഥാലോകം സവിശേഷമായി ശ്രദ്ധിക്കേണ്ട കഥാകൃത്താണ് ഉദയശങ്കർ.മറ്റു കഥാകാരന്മാരെ പോലെയല്ല ഉദയശങ്കർ; അദ്ദേഹത്തിനു  ഭാഷയുണ്ട്.


No comments:

Post a Comment