Wednesday, April 7, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സ്വന്തം ചിന്ത, സ്വന്തം വായന-metrovartha, March, 2021

 അക്ഷരജാലകം 

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com


സ്വന്തം ചിന്ത ,സ്വന്തം വായന


'ഫ്ലവേഴ്സ് ഓഫ് ഈവിൾ' (തിന്മയുടെ പൂക്കൾ)എന്ന പേരിൽ ഫ്രഞ്ച് ഭാഷയിൽ ഒരു കവിതാസമാഹാരമുണ്ട്; പ്രമുഖനായ ചാൾസ് ബോദ്ലേർ എഴുതിയ കവിതകളാണ്. മരണം, പാപം ,ലൈംഗികത തുടങ്ങിയ വിഷയങ്ങൾ ബോദ്ലേർ തൻ്റെ സ്വാതന്ത്ര്യമുപയോഗിച്ച് കണ്ടുപിടിക്കുകയാണ് ചെയ്തത്.  ഈ പുസ്തകത്തിൻ്റെ പേരിൽ കവിക്കെതിരെ വലിയ ആക്ഷേപങ്ങൾ ഉയർന്നു.തുടർന്ന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ തിന്മയുടെ പൂക്കൾ എന്ന പ്രയോഗം ശ്രദ്ധിക്കപ്പെട്ടു .മനുഷ്യാവസ്ഥയുടെ നേർക്കുള്ള ഒരു പുതിയ നോട്ടമായി അതിനെ വിലയിരുത്താൻ ആളുണ്ടായി. സൗന്ദര്യം എവിടെ നിന്നും  സൃഷ്ടിക്കാം .തിന്മ പോലും അതിനു  സജ്ജമാണ് .തിന്മയിൽ നിന്ന് പൂക്കൾ ഉണ്ടാകാം. അതിൽ ഗന്ധവും ഉണ്ടാവും. സൗന്ദര്യം സൃഷ്ടിക്കുന്നതിന് കവി പരമ്പരാഗത മാർഗങ്ങൾ ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. സൗന്ദര്യം വെറുമൊരു നിർമ്മിതിയല്ല. ലക്ഷക്കണക്കിന് കവികൾ കാമുകിയെ നോക്കി 'നിൻ്റെ കണ്ണുകൾ താമരയുടെ ഇതളുകൾ പോലെ മനോഹരമാണ് ' എന്ന് പറഞ്ഞതുകൊണ്ട് താനും  പറയുന്നു എന്ന നിലപാട് ചീത്തയാണ്.  ലക്ഷക്കണക്കിനാളുകൾ ഉപയോഗിച്ച് നശിപ്പിച്ച ബിംബങ്ങളും ഭാഷയും വർജിക്കണമെന്നാണ് ബോദ്ലേർ പറഞ്ഞത്.അദ്ദേഹം ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു: കവികൾ ലഹരിയിൽ ഉന്മത്തരായിരിക്കണം.  അതിന് മദ്യം തന്നെ വേണമെന്നില്ല; കവിതയോ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ഗുണമോ ആയാലും മതി.ജീവിതത്തിൽ കാലത്തിൻ്റെ ഭാരം തോളിൽ അനുഭവപ്പെടാത്ത കവി തീർച്ചയായും ലഹരി ഉപയോഗിക്കണം. എന്നിട്ട് ഒരു  സന്ദർഭത്തിൽ ലഹരിയിൽ നിന്നുണരുമ്പോൾ കവിതയിൽ ജീവിക്കുക.


ഉള്ളിലെ രാജ്യം


 അപരിചിതമായ ജീവിതാനുഭവങ്ങൾ , അറപ്പുളവാക്കുന്ന സാഹചര്യങ്ങൾ ,നിന്ദ്യമായ സാമഗ്രികൾ തുടങ്ങിയവയെല്ലാം സൗന്ദര്യാവിഷ്കാരത്തിനു യോഗ്യമാണ്.  ഉപയോഗശൂന്യമായി ഉപേക്ഷിച്ചിട്ടിരിക്കുന്ന മോട്ടോർ കാർ പോലും സൗന്ദര്യനിർമ്മാണത്തിന്  ഉപയുക്തമാണ്. ഈ അനുഭവമാണ് ഭാഷ സൃഷ്ടിക്കുന്നത്.ഇതിൽ നിന്നാണ് വാക്കുകൾ ഉണ്ടാകേണ്ടത് ;വാക്കുകൾ ഇല്ലെങ്കിൽ അത് സൃഷ്ടിക്കുക തന്നെ വേണം. ഭാഷയിൽക്കൂടി അനുഭവങ്ങൾ ഒരു രൂപമാർജിക്കുകയാണ്.ഒരനുഭവത്തിലേക്ക് നാം എത്രമാത്രം ഇറങ്ങിച്ചെല്ലുന്നു എന്നതിനെ ആശ്രയിച്ചാണ് ഭാഷയുണ്ടാകുന്നത്.


എഴുത്തുകാർക്ക് രണ്ട് രാജ്യങ്ങളുണ്ടെന്ന് ജെർട്രൂഡ് സ്റ്റീൻ  പറഞ്ഞത് എത്രയോ ശരിയാണ്.  കരം അടയ്ക്കുകയും വോട്ട് കുത്തുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന നമ്മൾ ജീവിക്കുന്നത് ഒരു പൊതു ഇടത്തിലാണ്; ഇത് ഒരു രാജ്യം.എന്നാൽ മറ്റേ രാജ്യം കലാകാരൻ്റെ ഉള്ളിലാണ്. ആരും അറിയാതെ ഉള്ളിൽ കൊണ്ടു നടക്കുന്ന രാജ്യമാണത്. ഒരു സൗഹൃദ സംഭാഷണത്തിൽ പ്രമുഖ വിമർക നായ കെ.പി.അപ്പൻ ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞത് ഓർക്കുകയാണ്. സ്വന്തം ചിന്ത ,സ്വന്തം വായന എന്നിവ ഏത് ചുറ്റുപാടിലും ഒരു വ്യക്തിക്ക് ആരും അറിയാതെ കൊണ്ടുനടക്കാൻ കഴിയുമെന്നാണ് അപ്പൻ സൂചിപ്പിച്ചത്. കവികൾ ഈ ആന്തരിക രാജ്യത്തിലെ സുവിശേഷമാണ് എഴുതേണ്ടത്. അല്ലെങ്കിൽ കവിതകൾ സ്ഥൂലവും വികാരരഹിതവുമായി അധ:പതിക്കും.


ആഭ്യന്തര ജീവിതമില്ലാത്തവർ കവിത എഴുതിയതുകൊണ്ട് ഒരു പ്രയോജനവുമില്ല.ബോദ്ലേറുടെ ഇരുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ രണ്ടു കവിതകൾ (മലബാറിലെ യുവതിക്ക്, ഭൂ ദൃശ്യം, ), വി. ആർ. സന്തോഷ്  പരിഭാഷപ്പെടുത്തിയത് (മാധ്യമം ആഴ്ചപ്പതിപ്പ് ഏപ്രിൽ 5) , ശ്രമം നല്ലതാണെങ്കിലും വിജയിച്ചില്ല .ബോദ്ലേറെ ഉണ്ണുനീലിസന്ദേശത്തിലേക്ക് കൊണ്ടു പോകരുത്. വാക്കുകളുടെ അർത്ഥം പകർത്തിവച്ചാൽ പരിഭാഷയാകില്ല. വാക്കുകളുടെ അടിയിലെ വികാരവും സംസ്കാരവും അനുഭവത്തിൻ്റെ നിറവും ഉൾക്കൊള്ളണം. പരിഭാഷ ചെയ്യപ്പെട്ട കവിതയിലെ ഈ വരികൾ നോക്കൂ:


'നിൻ്റെ വൈദേശിക 

ചാരുതയാർന്ന 

സുഗന്ധം വില്ക്കാൻ

ഞങ്ങളുടെ മലിനമായ പുകമഞ്ഞിൽ

നിൻ്റെ വ്യാകുല നേത്രങ്ങളാൽ

തേടുന്നുവോ

വിദൂരമായ തെങ്ങുകളുടെ 

ശോഷിച്ച പ്രേതങ്ങളെ ! '


ഈ വരികളിൽ ബോദ്ലേറില്ല; അദ്ദേഹത്തിൻ്റെ അസ്ഥികൂടമാണുള്ളത്. നേത്രങ്ങളാൽ തേടുന്നുവോ എന്നൊക്കെ എഴുതുന്നത് വൃത്തികേടാണ്.


വാക്കുകൾക്കുള്ളിലെ നാടകം


ടോണി മോറിസൺ പറഞ്ഞു , ഭാഷ ഉപയോഗിക്കുമ്പോൾ അത് വെറും വാക്കുകളായല്ല നിൽക്കുന്നത്; വാക്കുകൾ സ്വയം ഒരു  സംഭവമാകുകയാണ്. നമ്മുടെ അനുവാദമില്ലെങ്കിലും വാക്കുകൾക്ക് സ്വന്തം ജീവിതനാടകത്തെ ജീവിപ്പിക്കാനാവും. കവിത ആന്തരിക ലോകത്തിൻ്റെ വ്യവസ്ഥയാണെന്ന് കനേഡിയൻ കവി ലിയോണാർഡ് കോഹൻ ചൂണ്ടിക്കാണിച്ചത് ഇവിടെ പ്രസക്തമാവുകയാണ്. തൻ്റെ അലങ്കോലങ്ങളെയും നിരാശകളെയും  ദുഃഖങ്ങളെയും ഏതോ ആത്മീയത വന്നുമൂടുകയാണെന്ന് കോഹൻ എഴുതിയത് ഈ ആന്തരിക ജീവിതത്തെ തുറന്നുകാണിക്കുന്നു. സാമ്പ്രദായിക മതമോ ആത്മീയതയോ അല്ല ഇവിടെ വിവക്ഷ. അകം കാഴ്ചകളുടെ ഏകാന്തവും ദൈവികവും സൗന്ദര്യാത്മകവുമായ ഒരു തലമാണിത്.


പ്രദീപ് രാമനാട്ടുകര എഴുതിയ 'പന്തുകളുടെ കളി ' (മാധ്യമം ,മാർച്ച് 29 ) യിലെ  ഈ വരികൾ നോക്കാം:


 'എത്ര തോറ്റാലും 

കളിക്കണമെന്ന നിയമത്തിനെ തീക്കൊള്ളികൊണ്ട് തോൽപ്പിച്ച

പ്രഭാകരൻ

കെട്ടിമേയാത്ത പുരയുടെ അവസാനത്തെ ഓർമ്മകൾ 

ഒറ്റക്കുതിപ്പിൽ 

ഹെഡ് ചെയ്യും'.


ദരിദ്രനായ ഒരു ഫുട്ബോൾ കളിക്കാരൻ തൻ്റെ ഹെഡിൽ അയാളുടെ ഭൂതകാലത്തെ മുഴുവൻ അവിടെ ഉപേക്ഷിക്കുകയാണെന്ന് കവി പറഞ്ഞിരിക്കുന്നത് വേറൊരു ഭാഷയിലാണ്.


ഒരു നോട്ടം


എൽസ നീലിമ മാത്യു എഴുതിയ 'നിലക്കണ്ണാടി'( എഴുത്ത്, ഒക്ടോബർ) എന്ന കവിതയിലെ വരികളിൽ വാക്കുകൾക്കുള്ളിലെ പറയപ്പെടാത്ത സത്യം ആവിഷ്കരിക്കാനാണ് ശ്രമം. 


'എല്ലാവരും എന്നെ നോക്കാറുണ്ട്. എന്നെക്കാണാനല്ല;

എന്നിൽ തെളിയുന്ന 

അവരെത്തന്നെ കാണാൻ അവനവനിലേക്ക് നോക്കാൻ അറിയാത്തവർക്ക് 

അവരെന്താണെന്ന് 

കാണിച്ചു കൊടുത്ത്

ഒന്നും മിണ്ടാതെ 

ഒരു കാഴ്ചക്കാരി മാത്രമായി 

ഞാനിങ്ങനെ....'


നോട്ടം ആ വാക്ക് മാത്രമല്ല;അതിനുള്ളിൽ മനുഷ്യാവസ്ഥയുടെ ദുരന്തനാടകമുണ്ട്. സ്നേഹിക്കുന്നത് നമ്മെത്തന്നെയല്ലേ ?


പി.ബി.ഋഷികേശൻ്റെ കവിതകളെപ്പറ്റി സിജി.വി.എസ് എഴുതിയ  'കവിതയുടെ കാലിഡോസ്കോപ്പിലൂടെ കാലദർശനം' (മലയാളം മാർച്ച് 29) എന്ന ലേഖനം ഈ സന്ദർഭത്തിൽ  പരാമർശിക്കേണ്ടതുണ്ട്. മരണത്തെ ഹൃദ്യമായി ആവിഷ്കരിക്കുന്നതിൽ ഋഷികേശനു പ്രത്യേക സിദ്ധിയുണ്ട്.


'പറക്കാൻ കഴിയുക

പക്ഷിയാവുക ,യില -

ത്തളിരാവുക,യതിൽ

സൂക്ഷ്മജീവിയാവുക, 

ജീവനാളമാവുക വീണ്ടും '


കടൽ പോലെ മറവി


ഈ ജന്മപരമ്പരകളിൽ നാമോരുത്തരും നിസ്സഹായമായി തുഴയുകയാണ്. മൃത്യുവിൻ്റെയും ജനനത്തിൻ്റെയും ഇടയിലുള്ള അറിവുകൾ വാസ്തവത്തിൽ ,ഈ പ്രാപഞ്ചിക മഹാകാലത്തിൽ ,യാതൊരു അർത്ഥവും നേടുന്നില്ല .പൊരുളുകളാണെന്ന് നാം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഓരോന്നും കടൽപോലെ  വിസ്തൃതമായ മറവിയുടെ വലയ്ക്കുള്ളിൽ നിരാസ്പദമായിരിക്കുകയാണ്.ഇവിടെ കവി ജീവനാളമാവാൻ കൊതിക്കുന്നുണ്ടെങ്കിൽ പ്രപഞ്ച ലീലയിൽ ഒരു കണമായി തുടരാനുള്ള ആഗ്രഹമാണ് .


അമെരിക്കൻ കവി ഓഗ്ഡൺ നാഷ് എഴുതിയ 'എൻ്റെ വാലൻ്റൈന് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 3) (പരിഭാഷ: ലോപ) എന്ന കവിതയും   അന്തരംഗസുവിശേഷത്തെ വാക്കുകളിലൂടെ രൂപപ്പെടുത്തുന്നതിൻ്റെ ചിത്രമാണ് നല്കുന്നത്. 


'നിന്നെ ഞാൻ സ്നേഹിക്കുന്നു , താറാവിനൊരേടത്ത് 

നീന്തിയെത്തുവാനായി 

ക്കഴിയുന്നതിലേറെ 

നിത്യവുമൊരേ മട്ടു 

തുടരും ചീട്ടിൻകളി -

മടുക്കുന്നതിലേറെ.

പല്ലുവേദനകൊണ്ട് പിടഞ്ഞു -

പിടഞ്ഞൊരാൾ പുളയുന്നതിലേറെ കപ്പിത്താൻ കടലിനെ 

വെറുക്കുന്നതിലേറെ '.


പ്രണയത്തെ ഉൾക്കൊള്ളാൻ


ഇവിടെയും കവി വാക്കുകൾ സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യൻ വാക്കിൻ്റെ യഥാർത്ഥ അർത്ഥം അറിയാനും അത് ഉറപ്പിക്കാനുമാണ് പാടുപെടുന്നത്. തൻ്റെ പ്രണയം ഇല്ലാതായെങ്കിലോ എന്ന് ഭയമുള്ളതുകൊണ്ടാണ് ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പറയേണ്ടി വരുന്നത്.ഈ വാക്കുകൾക്ക് പ്രണയത്തെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ വാക്കുകൾ നിസ്സഹായമാണ്. യഥാർത്ഥത്തിലുള്ളത്  വാക്കുകൾക്കിടയിൽ എവിടെയോ ഉണ്ടാകാം. അതിനു സ്ഥിരതയില്ല .


ദൈവം ഒരു കെണി ഒപ്പിച്ചിരിക്കയാണ്.  ആവശ്യമുള്ളത് , യോഗ്യമായത് , ഇഷ്ടമുള്ളത് മുന്നിൽ വച്ചുതന്നാലും നമ്മളത് സ്വീകരിക്കില്ല. വേണ്ട പോലെയല്ല ക്രമീകരിച്ചത്, പ്രദർശിപ്പിച്ചത് എന്നെല്ലാം പരാതി പറയും .ആഹ്ലാദം കിട്ടുമായിരുന്ന  സന്ദർഭങ്ങളെല്ലാം, ഈ കെണിയിൽപ്പെട്ടതിൻ്റെ ഫലമായി നഷ്ടപ്പെടുത്തിക്കളയുന്നു. യുക്തിയില്ലാതെ നിശ്ശബ്ദത പാലിച്ചും  നഷ്ടപ്പെടുത്തിയും അകന്നിരുന്നും  ജീവിതം അർത്ഥശൂന്യമാക്കാൻ മുൻകൈയെടുക്കുന്നു.


ചെറുപ്പമായിരിക്കാൻ ഒരിക്കലേ  കഴിയൂ; എന്നാൽ എത്ര കാലം വേണമെങ്കിലും അപക്വമായി തുടരാനാവുമെന്ന ഓഗ്ഡൺ നാഷിൻ്റെ വാക്കുകൾ ആർക്കും പ്രചോദനമാകേണ്ടതാണ്.


വാക്കുകൾ 


1)എനിക്ക് കോമഡി രംഗമൊരുക്കാൻ ഒരു പാർക്കും ഒരു പോലീസുകാരനും  സുന്ദരിയായ ഒരു പെണ്ണും ഉണ്ടായാൽ മതി.


ചാർളി ചാപ്ലിൻ,

ഇംഗ്ലീഷ് ചലച്ചിത്രകാരൻ


2)നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആരോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു .നിർഭാഗ്യകരമെന്നു പറയട്ടെ, അത് സർക്കാരാണ്.


വൂഡി അല്ലൻ,

അമെരിക്കൻ ചലച്ചിത്രകാരൻ


3)നിങ്ങളുടെ ശത്രു ഒരു തെറ്റു ചെയ്യുമ്പോൾ അവനെ തടസ്സപ്പെടുത്തരുത്.


നെപ്പോളിയൻ ബോണപ്പാർട്ട്,

ഫ്രഞ്ച് ചക്രവർത്തി


4)ചലച്ചിത്രം ഒരു കഥയെക്കാൾ സംഗീതമായാണ് അനുഭവപ്പെടേണ്ടത്. മാനസികാവസ്ഥകളുടെയും വികാരങ്ങളുടെയും ഒരു മുന്നേറ്റമാണത്. അതിൻ്റെ പ്രമേയവും അർത്ഥവുമെല്ലാം പിന്നീടാണ് പ്രസക്തമാകുന്നത്.


സ്റ്റാൻലി കുബ്രിക്ക് ,

അമെരിക്കൻ ചലച്ചിത്രകാരൻ


5)ലോകം എല്ലാം തികഞ്ഞതല്ലാത്തതുകൊണ്ടാണ് ഒരു കലാകാരനു പ്രസക്തിയുണ്ടാകുന്നത്. ലോകം പൂർണമായാൽ പിന്നെ കലയില്ല. ആളുകൾ കലയിലൂടെ സന്തോഷം തേടാൻ ശ്രമിക്കുകയില്ല.


ആന്ദ്രേ തർക്കോവ്സ്കി ,

റഷ്യൻ ചലച്ചിത്രകാരൻ


കാലമുദ്രകൾ 


1)വി. പി. ശിവകുമാർ 


വി.പി.ശിവകുമാർ ശരിക്കും കഥയിലെ  ജീനിയസ് ആയിരുന്നു.മന്ത് , പന്ത്രണ്ടാം മണിക്കൂർ ,രാത്രി ,മൂന്നു കഥാപാത്രങ്ങൾ ,യക്ഷി തുടങ്ങിയ കഥകൾ വായിച്ചാൽ ഇത് ബോധ്യപ്പെടും. അദ്ദേഹത്തിന് പിന്തുടർച്ചക്കാരില്ല.


2)വി.ടി.വാസുദേവൻ


സാമൂഹ്യവിപ്ലവകാരിയായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികത്തിൽ മകൻ വി.ടി.വാസുദേവൻ ഇങ്ങനെ എഴുതുന്നു: മനുഷ്യപ്രകൃതിയെ കെട്ടിവിരയുന്ന ആചാരങ്ങളുടെ ചങ്ങല എത്രതന്നെ പുരാതനവും പാവനവും  ദിവ്യവുമായിരുന്നാലും ,അബലകളായ അന്തർജനങ്ങൾക്ക് പൊട്ടിച്ചെറിഞ്ഞ് പുറത്തുചാടാനും ജന്മാവകാശങ്ങൾ സംരക്ഷിക്കാനും ശിരസ്സുയർത്താനും കഴിയണമെന്ന് അച്ഛൻ ആശിച്ചിരുന്നു.


3) പി.എ.ദിവാകരൻ


കഥാകാരി രാജലക്ഷ്മിയുടെ ശിഷ്യനും കഥാകാരി മാനസിയുടെ ജേഷ്ഠസഹോദരനുമായ കഥാകൃത്ത് പി.എ.ദിവാകരൻ സംവിധായകൻ അരവിന്ദനെ അനുസ്മരിച്ചുകൊണ്ടെഴുതിയ  ലേഖനം പുതുമയുള്ളതായിരുന്നു. ദിവാകരൻ്റെ തിരക്കഥയിൽ അരവിന്ദൻ ഒരു സിനിമ ആലോചിച്ചു വരുകയായിരുന്നു; അതിനിടയിലായിരുന്നു അന്ത്യം.


4)ബിജു കാഞ്ഞങ്ങാട്


ചിത്രകലയുമായി ആത്മൈക്യം സ്ഥാപിക്കുന്ന കവിതകളാണ് ബിജു കാഞ്ഞങ്ങാട് എഴുതുന്നത്. അദ്ദേഹത്തിൻ്റെ  'നിന്നോട് സംസാരിച്ചു വൈകിയേറെ ' എന്ന കവിതയിൽ (കലാപൂർണ)ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗിൻ്റെ ഛായാചിത്രങ്ങളാണ് വിഷയം. മൂളിപ്പാട്ടു പോലും പാടാത്ത വാൻഗോഗ് നിറങ്ങളുടെ ക്രമത്തിലേക്ക്  സംഗീതത്തെ മാറ്റിപ്പാർപ്പിച്ചുവെന്ന് കവി കുറിക്കുന്നു.


5)വിശ്വമംഗലം സുന്ദരേശൻ


വെറുപ്പോ പകയോ നീരസമോ തീണ്ടാത്ത ശുദ്ധകവിയാണ് വിശ്വമംഗലം സുന്ദരേശൻ. അദ്ദേഹത്തിൻ്റെ ' നമ്മളുകൊയ്യും വയലെല്ലാം ' എന്ന സമാഹാരം (പ്രഭാത് ) പുറത്തുവന്നിരിക്കുന്നു. സാമൂഹ്യ,രാഷ്ട്രീയ നീതിയിലധിഷ്ഠിതമായ വീക്ഷണങ്ങളാണ് സുന്ദരേശൻ്റെ  കവിതകളെ നിറയ്ക്കുന്നത്‌.


വായന


സുനിൽ പി. ഇളയിടം തനിക്ക് ധാരാളം ശത്രുക്കളുണ്ടെന്ന് തട്ടിവിട്ടിരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 10) സംഘപരിവാർ, ഇസ്ലാമിസ്റ്റുകൾ, ഉത്തരാധുനികർ , യുക്തിവാദികൾ സ്വത്വരാഷ്ട്രീയക്കാർ തുടങ്ങിയവരൊക്കെ ശത്രുക്കളാണത്രേ! . മാത്രമല്ല, അദ്ദേഹം അതിനെ 'അസൂയാവഹമായ ശത്രുനിര ' എന്ന് വിശേഷിപ്പിച്ചു പുളകം കൊള്ളുകയാണ്! .ഇതൊക്കെ സുനിലിനു വെറുതെ തോന്നുന്നതാണ്.സുനിലിനെ ശത്രുവാക്കേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. ഒരു ശരാശരി കോളജ് അധ്യാപകനു അസാധ്യമായതൊന്നും  സുനിൽ ചെയ്യുന്നില്ല. സുനിലിൻ്റെ യൂട്യൂബ് വീഡിയോകളും പരിപാടികളുമെല്ലാം പാർട്ടി പിന്തുണയുടെ അടിസ്ഥാനത്തിലുള്ളതാണ്‌. അതുകൊണ്ടുതന്നെ സുനിലിനു  യാതൊരു സ്വാതന്ത്ര്യവുമില്ല. പാർട്ടിയുടെ പിന്തുണയിൽ വേദികൾ കിട്ടുന്നു;പത്രങ്ങളിൽ ഇടം കിട്ടുന്നു. ഇത് ലജ്ജാകരമല്ലേ ? ഒരു സ്വതന്ത്ര ബുദ്ധിയാവുന്നിടത്താണ് സാംസ്കാരിക പ്രവർത്തനം അർത്ഥവത്താകുന്നത്.


ശബരിമലയെ കേന്ദ്രീകരിച്ചും  ഹിന്ദുക്കളെ ആക്ഷേപിച്ചുമാണ്  സുനിലിൻ്റെ പ്രസംഗങ്ങൾ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടത്.അതാകട്ടെ കൃത്രിമമായി നേടിയ പ്രചാരമാണ്. പ്രസംഗം ഷൂട്ട് ചെയ്ത്  യൂട്യൂബിലിട്ടു.അത് പ്രചരിപ്പിക്കുന്നവർ ആരായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പ്രസംഗം യുട്യൂബിലിടാൻ ബോധപൂർവ്വമായ ശ്രമം നടന്നു.അതുകൊണ്ടാണ് പ്രചരിപ്പിക്കപ്പെട്ടത്. സ്വാഭാവികമായി പ്രസംഗങ്ങൾ യുട്യൂബിൽ വരുകയില്ല. അങ്ങനെ വന്നിരുന്നെങ്കിൽ സുകുമാർ അഴീക്കോട് ,എം.എൻ.വിജയൻ തുടങ്ങിയവരുടെ പതിനായിരം  പ്രസംഗങ്ങളെങ്കിലും യൂട്യൂബിൽ കണ്ടേനെ .അങ്ങനെ സംഭവിച്ചില്ലല്ലോ.


സുനിലിനു വ്യത്യസ്തമായ ഒരു ചിന്തയുമില്ല. പലരും പറഞ്ഞതു ഉദ്ധരിക്കുന്നത് കാണാം. അതാകട്ടെ ,സ്വന്തം ചിന്തയുടെ അഭാവത്തിൽ പൊങ്ങുതടികളായി ശേഷിക്കുകയാണ്. സമകാല ധൈഷണികജീവിതത്തെ സ്വാധീനിക്കുന്ന ഒരാലോചനയും സുനിലിൻ്റെ പക്കലില്ല .പക്ഷേ, തനിക്ക് ശത്രുക്കളുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ആഹ്ളാദിക്കുകയാണ്! .


പണിക്കരുടെ കഥ 


ജി. എൻ. പണിക്കർ തൻ്റെ 'വളരെ ചെറിയ ഒരുപകാരം ' എന്ന കഥ (1980) എം. മുകുന്ദൻ്റെ 'ഡൽഹി 81 ' (1981)എന്ന കഥയ്ക്ക് പ്രേരണയായിട്ടുണ്ടെന്ന് സമർത്ഥിക്കുന്ന ലേഖനമാണ് 'വളരെ ചെറിയ ഒരുപകാര 'ത്തിൻ്റെ പേരിൽ ' ( സാഹിത്യവിമർശം, ഏപ്രിൽ ).


പണിക്കരുടെ കഥയിൽ, തിരുവനന്തപുരത്ത് സമ്പന്നരായ ഏതാനും യുവാക്കൾ ഒരു പാവപ്പെട്ട യുവതിയുടെ വീട്ടിൽ കയറി അവരെ ബലാത്സംഗം ചെയ്യുന്നതും ഒരു വൃദ്ധനെ അടിച്ചുകൊല്ലുന്നതുമാണ് വിഷയം. സംഭവം നടക്കുമ്പോൾ ആ പ്രദേശത്തെ ധനികരും പരിഷ്കാരികളുമായ താമസക്കാരെല്ലാം അത് വീടിനുള്ളിൽ നിന്ന് കണ്ടുരസിക്കുകയായിരുന്നു.മുകുന്ദൻ്റെ കഥയിൽ, ഭർത്താവിനും കുഞ്ഞിനുമൊപ്പം ദൽഹിത്തിലെത്തിയ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതാണ് വിവരിക്കുന്നത്. അവളെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഗുണ്ടകൾ ബലാത്സംഗം ചെയ്യുകയാണ്. ഈ സംഭവം കണ്ട ഡൽഹിയിലെ ചില പ്രമാണിമാർ വീട്ടിനുള്ളിലിരുന്ന് നോക്കിരസിക്കുകയായിരുന്നു.പണിക്കർ ലേഖനത്തിൽ സൂചന തരുന്നത് തൻ്റെ കഥയെ അനുകരിച്ചാണ് മുകുന്ദൻ കഥയെഴുതിയതെന്നാണ്. രണ്ടു കഥയും വായിച്ചിട്ട് അഭിപ്രായം പറയണമെന്നാണ് പണിക്കർ അഭ്യർത്ഥിക്കുന്നത്.


No comments:

Post a Comment