Wednesday, March 31, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ദൈവികമായ അസന്തുഷ്ടി /metrovartha 29-3-2021

 

അക്ഷരജാലകംlink
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com

ദൈവികമായ അസന്തുഷ്ടി

ഇരുപതാം നൂറ്റാണ്ടിലെ അത്ഭുതപ്രതിഭ എന്നു വിശേഷിപ്പിക്കാവുന്ന എഴുത്തുകാരിയാണ് റേച്ചൽ കഴ്സൺ (1907 - 1964 ). അവർ കടലിനെക്കുറിച്ച് മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്: അണ്ടർ ദ് സീ വിൻഡ് ,ദ് സീ എറൗണ്ട് അസ്, ദ് എഡ്ജ് ഓഫ് ദ് സീ ' .

സമുദ്ര ജൈവമേഖലയെക്കുറിച്ച് പഠനം നടത്തിയ അവർ അമെരിക്കയിലെ  ബ്യൂറോ ഓഫ് ഫിഷറീസിലായിരുന്നു സേവനം ചെയ്തത്. 1962 ൽ കഴ്സൺ  എഴുതിയ 'സൈലൻറ് സ്പ്രിംഗ്'  ലോകജനതയുടെ ദരിദ്രമായിരുന്ന പരിസ്ഥിതിബോധത്തെ ഉജ്ജ്വലമായി തട്ടിയുണർത്തുകയാണ് ചെയ്തത്.മണ്ണിനെയും പ്രകൃതിയെയും കൊല്ലുന്ന രാസവസ്തുക്കൾക്കെതിരെ മാനവരാശിക്കു വേണ്ടി പോരാടിയ മഹാമനസ്കയാണ് കഴ്സൺ. ഇന്ന് പരിസ്ഥിതിവാദികളെ മാത്രമല്ല ,പാരിസ്ഥിതികാവബോധം നേടാനാഗ്രഹിക്കുന്ന ഏതൊരാൾക്കും കഴ്സൻ്റെ പുസ്തകങ്ങൾ  ദിശാസൂചിയാണ്.

ശാസ്ത്രജ്ഞയായിരിക്കെ ,അവർ വലിയ എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ചു.സാഹിത്യത്തെപ്പറ്റി  ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ആശയങ്ങൾ അവർ മനസ്സിലാക്കി ;ചിലത് സ്വന്തമായി സൃഷ്ടിക്കുകയും ചെയ്തു .'സൃഷ്ടിയുടെ വേളയിൽ  ഞാൻ മറ്റെല്ലാ ലോകങ്ങളിൽനിന്നും വേർപെടുത്തപ്പെടുകയാണ്' എന്ന് അവർ എഴുതിയത് ഇതിനു തെളിവാണ്. 'മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്  എത്തിച്ചേരുകയാണ് രചനാപ്രക്രിയയിൽ സംഭവിക്കുന്ന 'തെന്ന്  അവർ പറഞ്ഞു .

കടലും കവിതയുമായുള്ള ബന്ധം  കഴ്സൺ സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു.അവർ ഇങ്ങനെ എഴുതി: 'കാറ്റ് ,കടൽ, തിരകൾ എന്നിവയൊക്കെ അതുപോലെ തന്നെ ഉണ്ടാവും. അവയിൽ അത്ഭുതമോ ,സൗന്ദര്യമോ, മഹത്വമോ ഉണ്ടെങ്കിൽ ശാസ്ത്രം അത്  കണ്ടുപിടിച്ചേനെ. അവയിൽ ആ ഗുണങ്ങളില്ലെങ്കിൽ ശാസ്ത്രത്തിനു സൃഷ്ടിച്ചെടുക്കാനാവില്ല . ഞാൻ കടലിനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ കവിതയുണ്ടെങ്കിൽ ,അത്  ബോധപൂർവ്വം സൃഷ്ടിച്ചതാണ്.എന്തുകൊണ്ടെന്നാൽ ഒരാൾക്കും കവിതയെ വിട്ടുകളഞ്ഞിട്ട് കടലിനെക്കുറിച്ച് സത്യസന്ധമായി എഴുതാനാവില്ല' .

സമ്മോഹനമായ അനുഭൂതി

ജ്ഞാനത്തിൻ്റെയും വികാരത്തിൻ്റെയും ഇടയിലെ സമ്മോഹനമായ ഒരു അസ്തിത്വാനുഭൂതിയാണ് എഴുത്തിൽ പ്രകടമാകേണ്ടത്. ആധുനികതയെന്നോ പുരാതനമെന്നോ  ഉള്ള വിഭജനങ്ങളെ അപ്രസക്തമാക്കുന്നത് ഈ സമ്മോഹനപ്രവാഹമാണ്.രഘുനാഥ് പലേരിയുടെ 'മറന്നുപോയച്ഛാ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ മൂന്ന്) ,സബീന എം.സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ'(മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15)എന്നീ കഥകൾ എന്നെ പ്രതീക്ഷകളുടെ താമരനൂലുകൾകൊണ്ട് ചുറ്റിവരിഞ്ഞു.  കഥയിൽ മാത്രമല്ല ജീവിതത്തിലും ഈ രചനകൾ പ്രത്യാശ നല്കി. ക്ഷുദ്രവും ദുർബ്ബലവുമായ  കഥാസന്ദർഭങ്ങളുമായി വന്നു താൽക്കാലികമായ പിന്താങ്ങലുകൾ  നേടുന്നവരുണ്ട്. എന്നാൽ അവരുടെ പേരുകൾ പോലെ കഥകൾ സുന്ദരമാകാറില്ല . ജീവിതത്തെ അതിശയകരമായി കാണാനുള്ള ഒരു മാനസിക സവിശേഷത ഉണ്ടെങ്കിലേ ഇതുപോലെ പ്രത്യാശ തരുന്ന കഥകൾ എഴുതാനൊക്കൂ .

രഘുനാഥ് പലേരി  അനുഭവങ്ങളുടെ സാമ്രാജ്യത്തിലെ സ്ഥിരവാസത്തിലൂടെ ആവുന്നത്ര പക്വത ആർജിച്ച കഥാകൃത്താണ്. അദ്ദേഹം മനുഷ്യമനസ്സിനെ ഒരു വസന്തകാല ആരാമം പോലെയോ , ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണുന്ന ഉയരമുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ ആകാശത്തെ പശ്ചാത്തലമാക്കി രചിക്കുന്ന കവിത പോലെയോ ,അധികമൊന്നും  ഇലകളില്ലാതെ, ഒറ്റയ്ക്ക് എന്ന പോലെ താഴ്വരകളിൽ ഉയർന്നു വളർന്നു നിൽക്കുന്ന ചില പേരറിയാത്ത മരങ്ങളുടെ അനാസക്തമായ, പുരാതനമായ പൗരോഹിത്യം പോലെയോ മനുഷ്യത്വത്തെ ഉദാത്തമാക്കി അനുഭവിപ്പിക്കുകയാണ് കഥാകൃത്ത്.

മനുഷ്യനും ദൈവമാണ് .കാരണം, അവൻ സൃഷ്ടിക്കുന്നവനാണ്. കലയിലും ശരീരത്തിലും  പ്രത്യുൽപാദനം നടത്തുന്നു.മനുഷ്യനു  മഹത്തായ കല സൃഷ്ടിക്കാനറിയാമല്ലോ. അത് വിസ്മയമാണ്. അവൻ സന്താനങ്ങളെയും സൃഷ്ടിക്കുന്നു. രണ്ടർത്ഥത്തിലും അവൻ സൃഷ്ടികർത്താവാണ്. അവനു  മരിക്കാനറിയാം ;സ്വയം മരിക്കുന്ന എത്ര ജീവികളുണ്ട് ?അവനു   പ്രവചിക്കാനറിയാം,നാളെയെ. അവനു   ആരാധിക്കാനറിയാം, ദൈവത്തെ. ദൈവത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നിർവ്വചിക്കാൻ എത്ര ജീവികൾക്ക് അറിയാം ?പലേരിയുടെ കഥയിൽ മനുഷ്യൻ ദൈവപാതയിലാണ്. ദൈവമാകാൻ മനുഷ്യൻ തീരുമാനിച്ചാൽ അവനെ ആർക്കും തടയാനാവില്ല. അവൻ ഭൗതിക ജീവിതത്തെ തന്നെ മാന്ത്രികശക്തികൊണ്ട്   വിസ്മയിപ്പിക്കുന്നു. യാഥാർത്ഥ്യം ,മറ്റു പലതുമെന്നതു പോലെ ,ഒരു പൂവാണ്‌. അതിൻ്റെ പിന്നിലേക്ക് പോയാൽ ഒരു മരം തന്നെ കണ്ടെത്താം.

സായന്തനങ്ങളിലെ പക്ഷികൾ

പലേരിയുടെ കഥയിലെ അച്ഛനും മകളും മനുഷ്യമനസ്സുകളുടെ ഉള്ളിലെ നന്മയുടെ പൂമരങ്ങൾ കണ്ട്  ചിരിക്കുകയാണ് .അവർക്ക് വ്യാസനെപ്പോലെ ദിവ്യചക്ഷുസ്സുകൾ ലഭിച്ചിരിക്കുന്നു.ഓർമ്മയുടെ രസമുകുളങ്ങൾ വിടരുമ്പോൾ ഭൂതകാലത്തിൻ്റെ  നിർവ്വചിക്കാനാവാത്ത മധുരം സിരകളിലാകെ പടരുകയാണ്. വീട് എത്ര സുന്ദരമാണ്! . വീട്ടിലെ അംഗങ്ങളുടെ വർത്തമാനങ്ങളും ചിരികളും പാഴായി പോകുന്നില്ല. അത്  എത്ര വർഷം കഴിഞ്ഞാലും ,ഈ കഥയിലെ ഇന്ദ്രേടത്തിയുടെ മനസ്സിലൂടെ എന്നപോലെ, ഹേമന്ത സായന്തനങ്ങളിലെ പക്ഷിപ്പറക്കലുകളായി ,സൗന്ദര്യമായി  ഉയിർകൊള്ളുന്നു. ചെറിയ കാര്യങ്ങളിൽ ദൈവത്തെ പെട്ടെന്ന് തിരിച്ചറിയാം. ചെറിയ ലോകങ്ങൾ ദൈവത്തിൻ്റെ സൂത്രപ്പണികൾകൊണ്ട് സുന്ദരമായിരിക്കും; സങ്കീർണതകളെ  സമർത്ഥമായി ഒളിപ്പിച്ചിരിക്കും .സായാഹ്നങ്ങളിൽ പ്രസാദസൗഖ്യം നല്കിയേക്കാവുന്ന ഒരു മേഘത്തുണ്ടു പോലും നമ്മെ കുടുംബ ബന്ധങ്ങളുടെ കുരുക്കുകൾ അഴിക്കാൻ സഹായിക്കുന്നു.

'ഇന്ദിരേടത്തി അവിടിരുന്നതോണ്ടാ  കുമ്പളം വരയ്ക്കാനായത് .അതാ സത്യം. ഞാൻ പറഞ്ഞില്ലേ ,മനുഷ്യൻ ഒരത്ഭുതാ .അവൻ നിൽക്കുന്നിടം സുന്ദരം .അതറിയാത്തതും  അവനുമാത്രം ' എന്ന് കഥയിലെ വാസൂട്ടൻ പറയുന്നത് വലിയ സത്യമാണ്. വാസൂട്ടൻ്റെ മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്:
'കാലിഡോസ്കോപ്പ് ഒരെണ്ണം ണ്ടായിരുന്നു നന്ദൂന് .അത് കണ്ണില് വയ്ക്കാതെ ഞാനവനെ കണ്ടിട്ടില്ല. എല്ലാര്ടെ കയ്യിലും അതുണ്ടാവില്ല. ജനിക്കുമ്പോഴേ ഒരു ബോണസ് പോലെ അത് കിട്ടണം . അതില്ലാത്തോർക്ക് ജീവിതം കഷ്ടാ' .വാസൂട്ടൻ്റെ ഈ കാഴ്ചപ്പാട് ജീവിതത്തെ വിപുലമാക്കുന്നു.

ഒരേ ജീവിതത്തെ തന്നെ, കാലിഡോസ്കോപ്പിലെന്ന പോലെ വീണ്ടും വീണ്ടും കുലുക്കിയിട്ട് നോക്കിയാൽ പുതിയ വർണ്ണാഭമായ വളപ്പൊട്ടുകൾ കാണാം. ഏകപക്ഷീയമനസ്സും സങ്കുചിതത്വവും റദ്ദായിപ്പോകാൻ ഇത് സഹായിക്കും. ഇന്ദിരേടത്തിയുടെ അച്ഛൻ പറയുന്ന വാക്കുകളും ശ്രദ്ധേയം: 'മരവും  മലയും പാടവുമെല്ലാം തലപൊന്തിച്ചു നോക്കും.പുഴ അടുത്തേക്ക് വന്നു പാദം തടവും .ചില നേരം മൂർധാവും തൊടും ' .
നെരൂദയുടെ ചുംബനങ്ങൾ

സബീന എം. സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ' ചിലിയൻ കവി പാബ്ളോ നെരൂദയുടെ  ഒളിവുജീവിതവും അവിടേയ്ക്ക് ഫ്ലോറൻസിയ ലൊസാനോ എന്ന ഗവേഷണ വിദ്യാർഥി കടന്നുവരുന്നതുമാണ് വിവരിക്കുന്നത് .ചിലിയൻ പശ്ചാത്തലം ഈ കഥയിൽ ലിറ്റ്മസ്  പേപ്പർ കൊണ്ട് ഒപ്പിയെടുത്തിരിക്കയാണ്. നെരൂദയെ അദ്ദേഹത്തിൻ്റെ സകല പ്രണയചേഷ്ടകളോടെയും അന്തരംഗ ഭ്രാന്തുകളോടെയും പുനർജനിപ്പിച്ചിരിക്കുന്നു. ഫ്ലോറൻസിയ നെരൂദയുടെ ഒരു കടുത്ത ആരാധികയാണ്. അവൾക്ക് നെരൂദ കവി മാത്രമല്ല; വീര്യമേറിയ ലഹരിയുമാണ്. അവർ പറയുന്നു: 'പ്രണയിക്കാത്ത മനുഷ്യർ പൂക്കാത്ത മരങ്ങളാണെന്നും മഴയും മഞ്ഞും തീർക്കുന്ന മദിരോത്സവങ്ങൾക്ക് ജീവൻ ജ്വലിപ്പിക്കാനാകുമെന്നും ഞാൻ തിരിച്ചറിഞ്ഞത് അങ്ങയുടെ പ്രേമഗാനങ്ങളും ഭാവഗീതങ്ങളും വായിച്ചതിലൂടെയാണ് '.

നെരൂദ അവളെ തൻ്റെ വൈകാരിക സംഘർഷങ്ങൾ അറിയിക്കുന്നു :
'കാറ്റ് ഓക്ക്മരങ്ങളെയെന്നപോലെ അന്നൊക്കെ പ്രണയം എൻ്റെ  അഭിനിവേശങ്ങളുടെ ഇന്ദ്രിയങ്ങളെ വല്ലാതെ പിടിച്ചുലച്ചിരുന്നു. വാക്കുകൾക്ക് പിന്നാലെ ഓടുമ്പോഴും, പലതരം പൂക്കളെ നുകരുന്ന വണ്ടുകളെ പോലെ ,സ്ത്രീസുഖം തേടി ഞാനൊരു മത്തഭൃഗമായി.റങ്കൂണിലെ ഐരാവതി നദിക്കരയിൽ ,സിലോണിലെ കടൽക്കരയിൽ ,കൽക്കത്തയുടെ  തെരുവോരങ്ങളിൽ ,മഞ്ഞുപാളികൾ ഉരുകി മറയുന്ന മെക്സിക്കൻ ഹിമതടാകക്കരയിൽ... എവിടെയും കണ്ടെടുക്കാനാവാത്ത അമൂല്യമായ ഒന്ന് പക്ഷേ ,ഈ നിലവറയ്ക്കുള്ളിൽ എനിക്ക് ലഭിച്ചിരിക്കുന്നു ' .

ഒരു വിശ്വമഹാകവിയുടെ മനസ്സിനുള്ളിലേക്ക് പ്രവേശിച്ചാണ് കഥാകാരി എഴുതുന്നത്. അദ്ദേഹം അവിടെ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ഫ്ലോറയാടു  പറയുന്ന വാക്കുകളിൽ വിരഹത്തിൻ്റെ  ജ്വാല നിറഞ്ഞൊഴുകുകയാണ്.കവി അവളെ ഭ്രാന്തമായി ചുംബിക്കുകയാണ് . 'അഗാധസ്റ്റേഹത്തിൻ്റെ ഈ ആരാമത്തിൽ നിന്ന് വിട പറയാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല .എങ്കിലും പോയേ തീരൂ. നീയെന്നിലവശേഷിപ്പിച്ച പ്രണയത്തിൻ്റെയും വിപ്ളവത്തിൻ്റെയും തീജ്വാലയുമായിട്ടാണ് ഞാൻ പോകാനൊരുങ്ങുന്നത് ' .  ഒരു നല്ല മനുഷ്യനായാൽ മാത്രമേ വിരഹത്തെ ഉൾക്കൊള്ളാനാവൂ എന്ന്  കുമാരനാശാൻ്റെ ' ലീല' വായിച്ചിട്ടുള്ളവർക്കറിയാം. സാഹിത്യരചനയിൽ തീവ്രമായ  അസന്തുഷ്ടിയുണ്ട് .അത് വെളിപാടിനു സദൃശമാണ്. അമെരിക്കൻ കൊറിയോഗ്രാഫർ മാർത്താ ഗ്രഹാം (1894-1991)ഇങ്ങനെ പറഞ്ഞു: 'കലാപ്രവർത്തനത്തിൽ  മുഴുകുമ്പോൾ ഞാനനുഭവിക്കുന്നത് വിചിത്രമായ, ദൈവികമായ ഒരു അസന്തുഷ്ടിയാണ് ' .

കാലമുദ്രകൾ

1)മമ്മൂട്ടി

കോവിഡ് കാലത്ത് മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങൾ, ദ് പ്രീസ്റ്റ് ,വൺ , തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചു. മമ്മൂട്ടി എന്ന പേരിന് മുഖ്യധാരാസിനിമയിൽ ,അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തേക്കാൾ ,ചലച്ചിത്ര ജീവിതത്തേക്കാൾ അർത്ഥവും വ്യാപ്തിയുമുണ്ട്.

2)എൻ.പി.വിജയകൃഷ്ണൻ

കലി ബാധിച്ച നളനെ പോലെ, 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ രവി പ്രജ്ഞയറ്റ് അലയുകയായിരുന്നുവെന്ന്  എൻ.പി.വിജയകൃഷ്ണൻ (കലാപൂർണ ) എഴുതുന്നു.കലി ബാധിച്ച നളനെ കാർകോടകൻ രക്ഷിക്കുന്നതു പോലെ രവിയെ പാമ്പ് ദംശിക്കുന്നതിൽ രക്ഷകഭാവമാണുള്ളതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

3)ശ്രീവിദ്യ

മലയാള സിനിമയിൽ കാമുകിയായി  ജീവിച്ച ഒരു നടിയേയുള്ളു. അത് ശ്രീവിദ്യയാണ്. അവരുടെ ശരീരഭാഷയും മുഖചലനങ്ങളും അത് സ്ഥിരീകരിച്ചിരുന്നു. ശ്രീവിദ്യയുടെ  പ്രണയകഥകൾ ഇപ്പോൾ ധാരാളം വായനക്കാരുള്ള ഒരു ഫിക്ഷനായിത്തീർന്നിരിക്കുന്നു.

4)കെ .പി. മോഹനൻ

പ്രശസ്ത എഴുത്തുകാരൻ ചെറുകാടിൻ്റെ മകനായ കെ.പി. മോഹനൻ വളരെ നല്ല വ്യക്തിയാണ്. പക്ഷേ, നല്ല വ്യക്തിയാണെന്ന പ്രസ്താവന ശോഭയുള്ളതാകണമെങ്കിൽ  രണ്ടു കാര്യങ്ങൾ പാലിക്കണം: ഒന്ന്, എഴുതരുത്. രണ്ട്, സാഹിത്യസ്ഥാപനങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുക്കരുത്.

5)സാറാജോസഫ്

തൊണ്ണൂറുകളിൽ സാറാജോസഫ് 'സ്കൂട്ടർ ' എന്ന പേരിൽ ഒരു കഥയെഴുതിയിട്ടുണ്ട്. സമകാലിക ജീവിതത്തിൻ്റെ ദുരിതങ്ങളെ  യഥാതഥമായ നിർവ്വികാരതയോടെ സമീപിച്ച ആ കഥ വളരെ മുഴക്കമുള്ള തായിരുന്നു .എന്നാൽ എന്തുകൊണ്ടോ  സാറാജോസഫിന് പോലും അതിൻ്റെ  പ്രസക്തി മനസ്സിലായില്ല .

വാക്കുകൾ

1)ആഗ്രഹങ്ങളിൽ കത്തിജ്വലിക്കുകയും  എന്നാൽ ശാന്തമായിരിക്കുകയും  ചെയ്യുന്നതാണ് നമുക്ക് സ്വയം  അടിച്ചേൽപ്പിക്കാൻ കഴിയുന്ന ശിക്ഷ.

ഫ്രഡറിക്കോ ഗാർസിയ ലോർക,
സ്പാനിഷ് കവി

2)അഗാധമായ ,പറയാനാവാത്ത യാതനകൾ ഒരു ജ്ഞാനസ്നാനമാണ്, പുനരുജ്ജീവനമാണ് , പുതിയൊരവസ്ഥയിലേക്കുള്ള സംക്രമണമാണ്.

ഇറ ഗേർഷ്വിൻ,
അമെരിക്കൻ ഗാനരചയിതാവ്

3)ഒരു കഥ എഴുതുമ്പോൾ നിങ്ങളുടെ ജോലി ലോകത്തിൻ്റെ സങ്കീർണതകൾ മുഴുവൻ പ്രതിഫലിപ്പിക്കുന്നതിലായിരിക്കണം.

ജൂലിയൻ ബാൺസ്,
ഇംഗ്ലീഷ് എഴുത്തുകാരൻ

4)ലോകത്ത് ഒരു മനുഷ്യന് ഏറ്റവും കൂടുതൽ പ്രതിമകൾ ഉണ്ടാക്കപ്പെട്ടത് സ്റ്റാലിനു വേണ്ടിയായിരുന്നു. അദ്ദേഹം തൻ്റെ പ്രതിമയുണ്ടാക്കാനായി ആജ്ഞ പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ  പിന്നീട് എന്താണ് കണ്ടത്? ജനങ്ങൾ തന്നെ ആ പ്രതിമകൾ തകർത്തു മണ്ണിലിട്ടു. ഇതാണ് ജീവിതത്തിലെ അസംബന്ധം.

കാമിലോ ഹോസേ തേല ,
സ്പാനിഷ് എഴുത്തുകാരൻ

5)ഏതെങ്കിലും കാര്യത്തിൽ ആളുകളുടെ മനസ്സ് മാറ്റാൻ വേണ്ടി  ഞാനൊരിക്കലും ഒരു കഥയോ നോവലോ എഴുതിയിട്ടില്ല. അങ്ങനെ വേണമെന്നുള്ളപ്പോൾ ഞാൻ ലേഖനം എഴുതുകയാണ് ചെയ്യുന്നത്.

ആമോസ് ഓസ്,
ഇസ്രയേലി എഴുത്തുകാരൻ .

വായന

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ 'ജീവിതം ഒരു പെൻഡുലം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് )എഴുപത്തിയാറ് ലക്കങ്ങളിലെത്തിയിരിക്കുന്നു.ഇത്രയും ദീർഘിച്ച ഒരാത്മകഥയുടെ സാംഗത്യം  സന്ദേഹമുണ്ടാക്കുകയാണ്. ചെറിയ ആത്മകഥകൾക്കാണ് പ്രസക്തി. ഒരാൾ സ്വന്തം ജീവിതത്തെക്കുറിച്ച് പറയുന്നതാണല്ലോ ആത്മകഥ .ജീവിതത്തിലെ നിസ്സാരകാര്യങ്ങൾ എഴുതേണ്ടതില്ല. വായനക്കാർക്ക് എന്താണ് പ്രയോജനം? നല്ലൊരു ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിയെ ആരും നിന്ദിക്കുകയില്ല. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസ് പാടിയ പാട്ടുകൾ ഇപ്പോഴും നമ്മെ  ഗൃഹാതുരമാക്കും .പക്ഷേ തമ്പിക്ക് ഒരു ബൗദ്ധികജീവിതമല്ല ഉള്ളത്.  അദ്ദേഹം വായിച്ച പുസ്തകങ്ങളെപ്പറ്റിയോ ചിന്തകളെപ്പറ്റിയോ ഒന്നും അറിയില്ല. ഒരാൾ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളെല്ലാം എഴുതേണ്ടതുണ്ടോ ? സുഹൃത്തുക്കളുടെ  ജീവിതത്തെക്കുറിച്ച് നമുക്കെന്തറിയാം ? നമ്മൾ ജീവിച്ചത് പൂർണമായും ശരി എന്ന നിലയിലാണ് ആത്മകഥാകാരന്മാർ ജീവിതത്തെ നോക്കുന്നത്. ജീവിത യാഥാർത്ഥ്യങ്ങളെ സംശയത്തോടെ നോക്കുകയാണ് വേണ്ടത്; സംശയം ഒരു അത്മീയമൂല്യമാണ്. ഒരു വസ്തുത യ്ക്ക് അനേകം മാനങ്ങൾ ഉണ്ടാകാം; എന്നാൽ എല്ലാറ്റിനെയും ഏകപക്ഷീയമായി നോക്കുന്നത് തെറ്റാണ്. ആത്മകഥ ഒരു ഭാഗികവീക്ഷണമാണ്. ഒരാൾ തെളിവുകൾ പരിഗണിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വിധി പ്രസ്താവിക്കുന്ന പോലെയുള്ള ഒരു അരുതായ്ക ആത്മകഥാരചനയിലുണ്ട്. മലയാള എഴുത്തുകാരുടെ അമിതമായ ആത്മകഥാവാസന തെറ്റായ സന്ദേശമാണ് നല്കുന്നതെന്ന് ഞാൻ വിചാരിക്കുന്നു.

മേതിൽ രാധാകൃഷ്ണൻ്റെ 19 എന്ന പരമ്പര (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ബോറടിപ്പിക്കുകയാണ്. പലതും അവ്യക്തമാണ്. താൻ എഴുതുന്നതിൻ്റെ കൃത്യത വായനക്കാരിലെത്തിക്കുന്നതിൽ മേതിൽ പരാജയപ്പെടുകയാണ്. കൈപ്പത്തിയിലെ രേഖകളെക്കുറച്ച്  എഴുതിയത് വായിച്ചാൽ ഒന്നും മനസ്സിലാവില്ല. സമൂഹം ഇല്ലാത്ത  ലോകമാണ് മേതിലിൻ്റേത്.

ചങ്ങമ്പുഴയുടെ 'പാടുന്ന പിശാച് ' കവികളെയാകെ വിചാരണ ചെയ്ത് വിമർശിക്കുകയുണ്ടായല്ലോ. ഇപ്പോൾ കുഞ്ഞപ്പ പട്ടാന്നൂരും ആ വഴിക്ക് വന്നിരിക്കുന്നു. അദ്ദേഹം 'കവിജന്മങ്ങൾ ' (കലാപൂർണ ,ജനുവരി) എന്ന കവിതയിൽ കവികളുടെ പലതരം വേഷപ്പകർച്ചകളെ തുറന്നു കാട്ടുന്നു.
" ബഹുസ്വരതയുടെ സുരതത്തിൽ
സുഖിച്ചും
ബഹുരുപികളായ് സ്വയം
ചമഞ്ഞ് തിമിർത്തും
ശ്രേഷ്ഠഭാഷയിൽ
ശ്രേഷ്ഠന്മാരായ് വാഴുന്നവർ'
ഒരു വിഭാഗം.

മറ്റൊരു കൂട്ടർ ഇതാ :
'പൂക്കാലം കാത്തിരുന്ന
പൂമരങ്ങൾ
വെറും വിറകുമരങ്ങളായി
മാറിക്കഴിഞ്ഞല്ലോ ' .

പങ്കുകൃഷിയിലും പാട്ടക്കൃഷിയിലും പങ്കാളികളായി കളകളെ വിളകളെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ടെന്ന് പട്ടാന്നൂർ കുറിക്കുന്നു.

No comments:

Post a Comment