എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com
ജാപ്പനീസ് മന്ത്ര, ഇക്കിഗൈ
രണ്ടു സുഹൃത്തുക്കൾ പരസ്പരം ചോദിച്ചു ,എന്താണ് ജീവിതത്തിൻ്റെ അർത്ഥം? ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താനായി അവർ ഒരു പുസ്തകമെഴുതി :ഇക്കിഗൈ (ജീവിക്കാൻ ഒരു കാരണം).
സ്പെയിൻകാരനും ജപ്പാനിൽ സ്ഥിരതാമസക്കാരനും ഗ്രന്ഥകാരനുമായ ഹെക്റ്റർ ഗാർസിയയും ബാഴ്സലോണയിൽ നിന്ന് ജപ്പാനിലെത്തിയ പ്രമുഖ പത്രപ്രവർത്തകൻ ഫ്രാൻസെസ് മിറാലെസുമാണ് ആ രണ്ടു സുഹൃത്തുക്കൾ. പുസ്തകത്തിൻ്റെ ആമുഖത്തിൽ അവർ ഇങ്ങനെ എഴുതുന്നു: ' സംസാരത്തിനിടയിലാണ് ജാപ്പനീസ് ചിന്തയായ ഇക്കിഗൈ ഞങ്ങളുടെ മനസ്സിലേക്ക് വന്നത്. എന്തുകൊണ്ടാണ് ജപ്പാനിലെ ഓക്കിനാവയിൽ നൂറു വയസ്സിനു മേൽ ജീവിക്കുന്ന ധാരാളം പേർ കാണപ്പെടുന്നത് ? ലോകത്ത് ഒരിടത്തും ഈ പ്രവണതയില്ല.ആരോഗ്യകരമായ ഭക്ഷണം , ജീവിതശൈലി, ഗ്രീൻ ടീ ,നല്ല കാലാവസ്ഥ എന്നിവയ്ക്ക് ഉപരിയായി ഇക്കിഗൈ എന്ന അറിവ് അവരെ സ്വാധീനിക്കുന്നുണ്ട്. അന്വേഷണത്തിനിടയിൽ ഒരു കാര്യം ഞങ്ങൾക്ക് ബോധ്യപ്പെട്ടു .ഈ വിഷയത്തെക്കുറിച്ച് പാശ്ചാത്യ ദേശത്തുള്ളവരെ അറിയിക്കുന്നതിന്, മന:ശാസ്ത്രരംഗത്തോ വ്യക്തി വികാസത്തിൻ്റെ തലത്തിലോ ഒരു പുസ്തകം പോലും എഴുതപ്പെട്ടിട്ടില്ല. എങ്ങിനെയാണ് ദീർഘിച്ചതും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതത്തിനു നമ്മൾ അർഹത നേടുന്നത് ?'
ഗാർസിയയും മിറാലസും ,നൂറ് വയസ്റ്റ് പിന്നിട്ട കുറെ ആളുകളെ നേരിട്ട് കണ്ട് ഇതിൻ്റെ രഹസ്യം തിരക്കി. കുട്ടിക്കാലം മുതലേ അവിടെ ആളുകൾ മറ്റെങ്ങുമില്ലാത്ത വിധം ആത്മീയമായ സ്വയം പര്യാപ്തതയിലും സാമൂഹികമായ സാഹോദര്യത്തിലും ഇഴുകിച്ചേരാൻ പരിശീലിക്കുന്നു. കണക്കറ്റ് എന്തും വാരിവലിച്ചു സ്വന്തമാക്കുന്നതിലല്ല ,ഉള്ളത് വേണ്ട വിധം ,അവനവനു ദോഷമാകാത്ത വിധം വിനിയോഗിക്കുന്നതിലാണ് ഒരാളുടെ ഇക്കിഗൈ (ജീവിതവിജയം ) പ്രവർത്തിക്കുന്നതെന്ന് അവിടുള്ളവർ സ്വാഭാവികമായി തന്നെ ഉൾക്കൊള്ളുന്നു. ഓക്കിനാവയിൽ ഇതാണ് ആചാരം .ഈ സംഘമിത്ര സദാചാര സംസ്കാരത്തെ 'യൂയിമാറു' എന്നാണ് അവർ വിളിക്കുന്നത്. മുമ്പ് പരിചയപ്പെട്ടിട്ടില്ലാത്ത ആളിനോട് പോലും തോന്നുന്ന അടുപ്പം ,രമ്യത, സഹജബന്ധം ആണിത്.
ചെറിയ കാര്യങ്ങളിൽ ഇക്കിഗൈ
ഓരോ ദിനവും ജീവിതത്തെ അർത്ഥപൂർണ്ണമാക്കാനുള്ളതാണെന്ന പാഠമാണ് ഗാർസിയയും മിറാലസും അവരിൽ നിന്ന് പഠിച്ചത് .ഇക്കിഗൈ എന്നാൽ ജീവിതത്തെ അർത്ഥമാക്കുന്നതെന്തോ അതാണ്.ഓക്കിനാവയിലെ ആളുകൾ എല്ലാദിവസവും പച്ചക്കറിതോട്ടം പരിപാലിക്കുന്നു, സംഘർഷം ഒഴിവാക്കുന്നു ,മദ്യവും മാംസവും പരമാവധി കുറയ്ക്കുന്നു. ഒൻപത് അദ്ധ്യായങ്ങളുള്ള 'ഇക്കിഗൈ ' ഈ പ്രത്യേക ജനതയുടെ സമസ്ത ജീവിതമേഖലകളും പരിശോധിക്കുന്നു. ദ് ആർട്ട് ഓഫ് സ്‌റ്റേയിംഗ് യംഗ് വൈൽ ഗ്രോവിംഗ് ഓൾഡ് (പ്രായിമേറുമ്പോൾ ചെറുപ്പമായിരിക്കുന്നതിൻ്റെ കല) എന്ന അധ്യായത്തിൽ എങ്ങനെയാണ് ആഹാരത്തെ സമീപിക്കേണ്ടതെന്ന് പ്രതിപാദിക്കുന്നു. ചെറിയ പാത്രങ്ങളിൽ ചെറിയ അളവിലാണ് അവർ സേവിക്കുന്നത്. കൂടുതൽ കഴിച്ചു എന്ന് തോന്നണം; എന്നാൽ ശരീര ഭാരം ഏറുന്നില്ല.
ലിറ്റിൽ തിംഗ്സ് ദാറ്റ് ആഡ് അപ് ടു എ ലോംഗ് ആൻഡ് ഹാപ്പി ലൈഫ് (ദീർഘിച്ചതും സന്തോഷകരവുമായ ഒരു ജീവിതത്തെ സഹായിക്കുന്ന ചെറിയ കാര്യങ്ങൾ ) എന്ന അദ്ധ്യായത്തിൽ സംഘർഷം കുറയ്ക്കുന്നതിൻ്റെ വിവിധ വശങ്ങൾ വിവരിക്കുന്നു. ഇരുപത് മിനിറ്റെങ്കിലും ദിവസേന നടക്കുക. ടെലിവിഷനിൽ നിന്ന് ശ്രദ്ധ തിരിച്ച് കുറച്ച് സമയം സമൂഹികചടങ്ങുകളിൽ ഏർപ്പെടുക , എട്ടുമണിക്കൂർ ഉറങ്ങാൻ ശീലിക്കുക ,കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക ....
പത്ത് മാർഗങ്ങൾ
ദീർഘകാലം ജീവിച്ചിരിക്കുന്നവർക്ക് രണ്ടു ഗുണങ്ങളുള്ളതായി അവർ കണ്ടെത്തുന്നു. ഒന്ന്, പോസിറ്റീവായ മനോഭാവം .എല്ലാറ്റിനെയും നല്ല രീതിയിൽ പ്രതീക്ഷയോടെ നോക്കി കാണുന്നു .രണ്ട്, വൈകാരികമായ അവബോധം. സ്വന്തം വികാരങ്ങളെ അപകടകരമായി വളരാതെ നിയന്ത്രിക്കാൻ കഴിയുന്നു. തിരിച്ചടികൾ നേരിടുമ്പോൾ കിടന്നു നിലവിളിക്കുന്നതിനു പകരം, സമചിത്തത നേടാൻ വൈകാരിക ബലവും തത്ത്വചിന്തയും ആവശ്യമാണ്. ഇക്കിഗൈയുടെ പത്ത് മാർഗങ്ങൾ ഗ്രന്ഥത്തിൽ ഇപ്രകാരം സംഗ്രഹിക്കുന്നു: (പേജ് 184)
1)എപ്പോഴും പ്രവർത്തനക്ഷമമായിരിക്കുക. വിരമിച്ചു എന്ന ചിന്ത വേണ്ട.
2)വിശപ്പിനനുസരിച്ച് ഭക്ഷണം കഴിക്കുക. വയറു നിറയ്ക്കുന്നത് ഒരു ലക്ഷ്യമാകരുത്.
3)ധൃതി പിടിക്കാതിരിക്കുക. എങ്കിൽ സംഘർഷം ഇല്ലാതാക്കും.
4)നല്ല സുഹൃത്തുക്കളെ മരുന്നു പോലെ കണക്കാക്കുക. അവരുമായി സൗഹൃദം നിലനിർത്തുക .
5)അടുത്ത ജന്മദിനത്തിൽ ജീവിച്ചിരിക്കാൻ തയ്യാറെടുക്കുക. വെള്ളം ഒഴുകുമ്പോഴാണ് ശുദ്ധമാകുന്നത്. ശരീരം എപ്പോഴും ആവശ്യമുള്ളതാണെന്ന ചിന്തയിൽ അതിനെ സുരക്ഷിതമാക്കുക.
6)പുഞ്ചിരി നഷ്ടപ്പെടുത്താതിരിക്കുക. ലോകത്ത് നിരവധി സാധ്യതകൾ ഉള്ളപ്പോൾ ,പ്രതിബന്ധങ്ങളെ ചെറുക്കാൻ ഉത്സാഹഭരിതമായ കാഴ്ചപ്പാട് നിലനിർത്തുക.
7)പ്രകൃതിയെ ഒപ്പം കൂട്ടുക. നഗരവാസികളായാലും പ്രകൃതിയെ നഷ്ടപ്പെടുത്തരുത്.
8)നന്ദി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുക. പൂർവ്വികരോട് , പ്രകൃതിയോട് ,നിങ്ങളെ നിലനിർത്തുന്ന എന്തിനോടും നന്ദിയുള്ളവരായിരിക്കുക.ഇത് ജീവിച്ചിരിക്കുന്നതിൻ്റെ വില ബോധ്യപ്പെടുത്തും.
9)ഈ നിമിഷത്തിൽ ജീവിക്കുക. ഭൂതകാലത്തെക്കുറിച്ചോർത്ത് ദു:ഖിക്കാതെ ,ഭാവിയെക്കുറിച്ച് ഭയപ്പെടാതെ ഇന്നിൽ പൂർണമായി നിറയുക.ഈ നിമിഷത്തെ ഓർമ്മിക്കത്തക്കതാക്കുക; മൂല്യമുള്ളതാക്കുക.
10)ഇക്കിഗൈ പിന്തുടരുക.
നിങ്ങളിലുള്ള അമൂല്യമായ സിദ്ധിയാണ് ജീവിതത്തിനു അർത്ഥമുണ്ടാക്കുന്നത്. അത് കണ്ടെത്തി പുറത്തെടുക്കുക. അത് എന്താണെന്ന് മനസ്സിലാകുന്നില്ലെങ്കിൽ തീവ്രമായി അന്വേഷിക്കുക.
ജാപ്പനീസ് ഭാഷയിൽ ഇക്കി എന്നാൽ ജീവിതമെന്നാണർത്ഥം. ഗൈ എന്നാൽ ഫലം . ജീവിതത്തെ മൂല്യപരമാക്കുക എന്നാണ് വിവക്ഷ. ജാപ്പനീസ് മന:ശാസ്ത്രജ്ഞനായ മീക്കോ കാമിയയാണ് തൻ്റെ ഒരു ലേഖനത്തിലൂടെ ഈ പദപ്രയോഗത്തെ പ്രചാരത്തിൽ കൊണ്ടുവന്നത്.
വ്യക്തിയുടെ സ്വന്തം ഇക്കിഗൈ
ഉള്ളിലെ വാസനകൾ കൊണ്ട് എങ്ങനെ കൂടുതൽ സന്തോഷകരവും ഉല്ലാസകരവുമായ സദ്ഫലങ്ങൾ സൃഷ്ടിക്കാമെന്നാണ് ആലോചിക്കേണ്ടത്. ഭൗതികസാഹചര്യങ്ങൾ ഉണ്ടെങ്കിലും ജീവിതത്തെ അർത്ഥപൂർണ്ണമായി സാക്ഷാത്കരിച്ചു എന്നു പറയാൻ കഴിയില്ല ;അതിനു ഈ പുസ്തകം ഒരു കാര്യം നിർദേശിക്കുന്നുണ്ട് .ഒരാൾ സ്വന്തം ഇക്കിഗൈ തിരയണമെന്ന് നിർദ്ദേശിക്കുന്ന ഭാഗമാണിത് (പേജ് 86). നിത്യേനയുള്ള ചര്യകളെ ജീവിതത്തിൻ്റെ സ്വച്ഛന്ദമായ പ്രവാഹത്തിലേക്ക് എത്തിക്കാനുള്ള ഉപകരണങ്ങളായി കാണുകയാണ് വേണ്ടത് .ഫലത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക . പ്രവൃത്തിയിലാണ് ആനന്ദം;ഫലത്തിലല്ല . ജീവിതപ്രവാഹത്തിൽ നിലനില്ക്കാൻ എത് പ്രവൃത്തികളൊക്കെയാണ് സഹായിക്കുന്നതെന്ന് ഒരു കടലാസിൽ എഴുതിവെയ്ക്കുക. ഏത് പ്രവൃത്തിയിലൂടെ നിങ്ങൾക്ക് ജീവിതത്തെ സ്വച്ഛന്ദമാക്കാൻ കഴിയും?എന്നിട്ടും കണ്ടെത്താനാവുന്നില്ലെങ്കിൽ ,ഏതു കാര്യത്തിലാണ് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും നീണ്ടുനിൽക്കുന്ന ജീവിതാനന്ദം ലഭിക്കാൻ സഹായിക്കുന്നതെന്നും അഗാധമായി അന്വേഷിക്കുക. ജീവിതത്തിൻ്റെ പോക്ക് ദുരൂഹമാണ്.
ഒരു വൃദ്ധനായ മനുഷ്യൻ തൻ്റെ ഇക്കിഗൈ ഇങ്ങനെ വെളിപ്പെടുത്തി: 'ഞാൻ എനിക്കാവശ്യമുള്ള പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കി സേവിക്കുകയാണ്. ഇതാണ് എൻ്റെ ഇക്കിഗൈ '. മറ്റൊരാൾ ഇങ്ങനെ പ്രതികരിച്ചു :'ഞാൻ എല്ലാ ദിവസവും അഞ്ചു മണിക്ക് ഉണർന്നെഴുന്നേറ്റ് നടക്കാൻ പോകും. കടൽക്കരയിലേക്കാണ് എത്തിച്ചേരുക. അതിനുശേഷം എൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ പോകും .ഞങ്ങൾ ഒരുമിച്ചാണ് ചായ കുടിക്കുക. ഇതാണ് എൻ്റെ ജീവിതാനന്ദം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് സഞ്ചരിക്കുക ' .
ഓരോരുത്തരുടെ ഇക്കിഗൈ ഇങ്ങനെ വ്യത്യസ്തമാണ്. ഇത് ഓരോരുത്തരും സ്വയം കണ്ടുപിടിക്കേണ്ടതാണ്. ജീവിതം എന്ന മൂല്യത്തെ സ്വയം അനാവരണം ചെയ്യാനായി കഠിനമായി ആഗ്രഹിക്കണം. നിരന്തരം പ്രോത്സാഹിപ്പിക്കുന്നതും സജൈവമായി നിലനിർത്തുന്നതുമായ ജീവിതമാണ് ഒരുവൻ്റെ ഇക്കിഗൈ .
വായന
താരാശങ്കർ വന്ദ്യോപാദ്ധ്യായയുടെ ആരോഗ്യനികേതനത്തെക്കുറിച്ച് ഡോ.കെ.എം.വേണുഗോപാൽ എഴുതിയ ലേഖനം (ആരോഗ്യ നികേതനത്തിലെ ചികിത്സാദർശനം , ഭാഷാപോഷിണി, മാർച്ച്) വെറുമൊരു കോളേജ് ലേഖനമാണ്. ഒരു നോവൽ ,ഈ കാലത്ത് ,സുശിക്ഷിതവും സൂക്ഷ്മവുമായ അനുവാചക മനസ്സുള്ള ഒരാൾ ഇങ്ങനെയായിരിക്കില്ല വായിക്കുന്നത്. ഒരു മലയാളം വിദ്യാർത്ഥി എഴുതുന്ന തട്ടിക്കൂട്ട് ലേഖനത്തിനപ്പുറം ഇതിനു പ്രസക്തിയില്ല;കലാമൂല്യമുള്ള ഗദ്യവുമല്ല. ചികിത്സാദർശനം എന്നു ലേഖനത്തിനു പേരിട്ടതുകൊണ്ട് എന്താണ് ദർശനമെന്ന് ലേഖനത്തിൽ വരണമെന്ന് നിർബന്ധമില്ലല്ലോ.ഒരെഴുത്തുകാരൻ്റെ ദർശനം തേടുന്നത്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, കാലഹരണപ്പെട്ട സങ്കേതമാണെന്നു ഓർമ്മിപ്പിക്കട്ടെ. കാരണം ,എഴുത്തുകാരൻ ഒരു ദർശനത്തിൻ്റെ തടവറയിലല്ല;അയാൾക്ക് ജീവിതത്തെക്കുറിച്ച് സിമൻ്റിട്ട ,ഏകശിലാരൂപമായ കാഴ്ചപ്പാടല്ല ഉണ്ടായിരിക്കുക .
ഷാജഹാൻ കാളിയത്ത് 'മരിച്ചവരുടെ പ്രൊഫൈലുകൾ' (പ്രസാധകൻ മാർച്ച് ) എന്ന പേരിൽ എഴുതിയ കവിത ഫേസ്ബുക്കിലെ വിശേഷമാണ്. മരിച്ചവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നോക്കുമ്പോൾ കവിക്ക് തോന്നുന്നത് ഇതാണ് :
'അന്തരീക്ഷത്തിൽ
പതുക്കെ സാമ്പ്രാണി മണവും
ദൈവസൂക്തങ്ങളുടെ ബിജിഎമ്മും
ഉയരുന്നുണ്ടെന്ന് തോന്നുന്നത്
എനിക്ക് മാത്രമോ '.
എന്നാൽ കവിക്ക് ആഴത്തിലുള്ള ഒരു വികാരവുമില്ല . അല്ലെങ്കിൽ തൻ്റെ മനസ്സിലുള്ള വികാരങ്ങളെ വാക്കുകളിലൂടെ അനുവാചകരിലെത്തിക്കാൻ കഴിയുന്നില്ല .
തോമസ് ഹാർഡിയുടെ 'വോയിസസ് ഫ്രം തിംഗ്സ് ഗ്രോവിംഗ് ഇൻ എ ചർച്ച് യാർഡ് ' എന്ന കവിത ശവക്കല്ലറയിലെ സംഭവങ്ങളാണ് വിവരിക്കുന്നത്. എന്നാൽ അവിടെ മരണമല്ല ,ജീവിതമാണ് കവി തേടുന്നത്. ഓർമ്മകൾ അവിടെ പൂത്തുലയുന്നു. ചുറ്റുമുള്ള ചെടികൾ ജീവൻ പകരുകയാണ്. ഒരാൾ മരിച്ചതുകൊണ്ട് ലോകം നിശ്ചേതനമാകുന്നില്ല; ജീവിതം വേറൊരു വഴിക്ക് നീങ്ങുകയാണ് .അയാൾ മറ്റൊരു തലത്തിൽ ജീവിക്കുകയാണ് .
പി.എഫ് .മാത്യൂസിൻ്റെ 'കയ്‌പ്' (എഴുത്ത് ,മാർച്ച് ) വായനക്കാരനിലും കയ്പാണ് പകരുന്നത്. അമ്മയും മകനും സിനിമ കണ്ടു തർക്കിക്കുകയാണ്. അമ്മയുടെ കാമുകന് വെറെ കാമുകിയുണ്ടത്രേ. അവളുമായി അമ്മയുടെ വീട്ടിലേക്ക് വരട്ടെ എന്ന് കാമുകൻ ചോദിക്കുകയാണ്! .ഇതൊക്കെയാണ് ഈ കാലത്ത് പി.എഫ്.മാത്യൂസിൻ്റെ ചിന്തകൾ .യാതൊരു ആത്മാർത്ഥതയുമില്ലാതെ എഴുതുകയാണദ്ദേഹം. വായനക്കാർ എന്തും സ്വീകരിക്കുമെന്ന് ചിന്തിക്കരുത്.
ശ്രീനാരായണഗുരുവിൻ്റെ ബ്രഹ്മവിദ്യാപഞ്ചകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പി.ആർ.ഹരികുമാറിൻ്റെ ഉദ്യമം (ഭാഷാപോഷിണി )പ്രസക്തമാണ്. മുക്തകാമനാകാനും ഈ ലോകത്ത് തൻ്റെ നിസ്സാരമായ ,അർത്ഥരഹിതമായ അസ്തിത്വത്തെ അറിയാനും മനുഷ്യനെ സഹായിക്കുന്ന കവിതയാണിത്. കവിതയുടെ സാരം ഈ വാക്കുകളിലുണ്ട്:
' സ്വയമേ ഭാസിക്കയില്ലൊന്നും ,
നീ കാണും
കാഴ്ചകൾ കാനൽജലം '.
വാക്കുകൾ
1)വസ്തുവിൻ്റെ ബാഹ്യപ്രത്യക്ഷമല്ല കലാകാരൻ തേടുന്നത്; അതിൻ്റെ ആന്തരികമായ സംഗത്യമാണ്.
അരിസ്റ്റോട്ടിൽ,
ഗ്രീക്ക് ചിന്തകൻ
2) സിനിമ കാണുന്നവരെ സന്തോഷിപ്പിക്കാനും അവരുടെ അഭിരുചികളെ വിചാരണയില്ലാതെ സ്വീകരിക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് അവരോട് യാതൊരു ആദരവുമില്ലെന്നാണ് ; നിങ്ങൾ അവരുടെ പണം കൈക്കലാക്കുക മാത്രമാണ് ചെയ്യുന്നത്.
ആന്ദ്രേ തർക്കോവ്സ്കി,
റഷ്യൻ ചലച്ചിത്രകാരൻ
3)ശരിക്കും എന്താണ് വേണ്ടതെന്ന് നമുക്കറിയില്ല, കാരണം നമുക്ക് ഒരു ജീവിതമേയുള്ളൂ. അതിനെ മുൻകാല ജീവിതങ്ങളുമായോ ഭാവി ജീവിതങ്ങളുമായോ താരതമ്യം ചെയ്യാനാവുന്നില്ല.
മിലൻ കുന്ദേര,
ചെക്ക് എഴുത്തുകാരൻ
4) വാക്കുകൾക്ക് അസാധാരണമായ ഭീകര യാഥാർത്ഥ്യത്തെ അനുഭവിപ്പിക്കാനാകുന്നില്ലെങ്കിൽ അതിനു മനസ്സിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടായിരിക്കില്ല.
എഡ്ഗാർ അല്ലൻപോ,
അമെരിക്കൻ കവി
5)മനുഷ്യവ്യക്തിത്വത്തിനു യാതൊരു അന്തസ്സുമില്ല എന്നതാണ് ഈ കാലഘട്ടത്തിൻ്റെ അടയാളം.
സാദിഖ് ഹിദായത്ത്,
പേർഷ്യൻ എഴുത്തുകാരൻ
കാലമുദ്രകൾ
1)പോൾ തേലക്കാട്
ജിയോ ബേബിയുടെ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയെ മുൻനിർത്തി പോൾ തേലക്കാട് ആവശ്യപ്പെടുന്നത് സ്ത്രീയെ അടുക്കളയിൽ കുരുക്കുന്ന അധികാരങ്ങളെ ചെറുക്കണമെന്നാണ്. ഇത് മാമൂലാണത്രേ. പക്ഷേ ,ഫാസ്റ്റ് ഫുഡിൻ്റെ ,പാഴ്സലുകളുടെ ,ഹോം ഡെലിവറിയുടെ വരും കാലത്ത് ഇതിനു മാറ്റം വന്നേക്കാം.
2)മിനീഷ് മുഴപ്പിലങ്ങാട്
സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമായ മിനീഷ് മുഴപ്പിലങ്ങാട് കുഞ്ഞുണ്ണിയുടെ കവിതകളെപ്പറ്റി എഴുതുന്നതിനിടയിൽ ഇങ്ങനെ കുറിക്കുന്നു: 'കവിയായിട്ടല്ല ,കവിതയായിത്തന്നെ തീരണമെന്നും ചിലപ്പോഴൊക്കെ അദ്ദേഹം ആഗ്രഹിച്ചിരുന്നു' - 'എനിക്ക് ഞാനൊരു കവിതയാകണം' .
3)സുമിത്ര ജയപ്രകാശ്
എസ്.കെ.പൊറ്റെക്കാട്ടിനു സർക്കാർ ജോലിയിലോ മറ്റ് സ്ഥാപനങ്ങളിലോ താല്പര്യമില്ലായിരുന്നു. സാഹിത്യരചനയിൽ നിന്നുള്ള വരുമാനം കൊണ്ടു തന്നെ ജീവിക്കണമെന്ന നിശ്ചയമായിരുന്നു അതെന്ന്, അദ്ദേഹത്തിൻ്റെ നൂറ്റിയെട്ടാം ജന്മദിനത്തിൽ ,മകൾ സുമിത്ര ജയപ്രകാശ് ( ഭാഷാപോഷിണി ) ഓർക്കുന്നു.
4)വാസുദേവൻ കുപ്പാട്
ഒ.വി.വിജയൻ്റെ കടൽതീരത്ത് ,ആനന്ദിൻ്റെ ബന്ധനം എന്നീ കഥകളെ ആസ്പദമാക്കി നിയമം ,സമൂഹം, കുടുംബം, കുറ്റകൃത്യം എന്നീ സമസ്യകളെ അപഗ്രഥിക്കാൻ ശ്രമിക്കുന്ന വാസുദേവൻ കുപ്പാടിൻ്റെ ലേഖനം (മൂല്യശ്രുതി)ശ്രദ്ധേയമാണ് .
5)ഡോ.കവിയൂർ സി.കെ.രേവമ്മ
അമെരിക്കയിൽ കർണാടക സംഗീതത്തിന് ധാരാളം ആസ്വാദകരെ സൃഷ്ടിച്ച സംഗീതജ്ഞ കവിയൂർ രേവമ്മയെ മലയാളസംഗീതലോകം തമസ്കരിച്ചതായി കൂടൽ ശോഭൻ (സഹോദരൻ മാസിക) എഴുതുന്നു.സിനിമാ പിന്നണിഗായികയും സംഗീത അധ്യാപികയും ഗവേഷകയുമായിരുന്നു രേവമ്മ .
No comments:
Post a Comment