എം.കെ.ഹരികുമാർ
9995312097
Email mkharikumar797@gmail.com
സസ്യലതകളുടെ ഓർക്കസ്ട്ര
പ്രമുഖ സ്വിസ് - ജർമ്മൻ ചിത്രകാരനായ പോൾ ക്ളീ (1879-1940) തൻ്റെ കലാബോധത്തെ വൃക്ഷത്തോട് ഉപമിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിട്ടുണ്ട് .കലങ്ങിമറിഞ്ഞ ഒരു ലോകത്തെ അതേനിലയിലല്ല ഒരു മികച്ച കലാകാരൻ സ്വീകരിക്കുന്നത് ;അയാൾ തൻ്റെ ലോകം അതിൽ കണ്ടെത്തുകയാണ്. അയാൾ തൻ്റേതായൊരു ദിശ തേടുകയാണ്.അത് തിരഞ്ഞെടുക്കുന്നതിലാണ് ധിഷണ വേണ്ടത്. ഇങ്ങനെയാണ് ലോകത്തെ പുന:ക്രമീകരിക്കുന്നത്. അതിനായി പലതും ഒഴിവാക്കുന്നു. ഒരിടത്ത് വേരുകളാഴ്ത്തി നിന്നാണ് അത് ശരിസ്സുയർത്തുന്നത്. അതിനു ശാഖോപശാഖകളുണ്ട്. വികാരത്തിൽ നിന്ന് ജനിച്ച് പല ദിക്കുകളിലേക്ക് പടർന്നു സ്വയമേ ഒരു രൂപം കൈവരിക്കുന്നു. ആ നിലയിൽ അത് മനോഹരമായ ശില്പമാണ്. അതിൻ്റെ ഘടന വൃക്ഷത്തെ പോലെ പൂർണവും സംഗീതാത്മകവും നിശ്ശബ്ദവുമാണ്.
1924ൽ പോൾ ക്ളീ ചെയ്ത മനോഹരമായ ഒരു പ്രഭാഷണമാണ് 'ഓൺ മോഡേൺ ആർട്ട് ' എന്ന ലേഖനത്തിനാധാരം. 1948 ൽ ഇത് ഒരു ലഘുപുസ്തകമായി പുറത്തുവരുകയും ചെയ്തു.പോൾ ക്ളി എഴുതുന്നു:
' കലാകാരൻ്റ ദിശാബോധം അനുഭവത്തിൻ്റെയും പ്രതിഛായയുടെയും പ്രവാഹത്തിന് ഒരു ക്രമമുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിലും ജീവിതത്തിലുമുള്ള ഈ ദിശാബോധത്തെ ,ശാഖോപശാഖാ പ്രവർത്തനത്തെ ,ഒരു വൃക്ഷത്തിൻ്റെ ജീവിതവുമായി ഞാൻ ബന്ധപ്പെടുത്തുന്നു .വൃക്ഷത്തിൻ്റെ മൂലത്തിൽനിന്ന് കലാകാരനിലേക്ക് രക്തമൊഴുകുന്നു ,അത് അവനിലൂടെ ഒഴുകുകയാണ് .അവൻ്റെ കണ്ണുകളിലേക്ക് ഒഴുകുന്നു. ഈ പ്രവാഹമാണ് കലാകാരനെ തൻ്റെ സവിശേഷമായ കാഴ്ചയിലേക്ക് നയിക്കുന്നത് ' .
വൃക്ഷത്തിൽ നിന്ന് ജ്ഞാനദാഹികൾക്ക് ജ്ഞാനമാണ് കിട്ടുന്നത് .വൃക്ഷം ലോക ജീവിതത്തിൻ്റെ ഒരു സദൃശ്യ ഖണ്ഡമാണ്. കല കലയ്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നത് ഇവിടെയാണ്.
നിശ്ശബ്ദതയിൽ കാട്
ചിലിയൻ കവി പാബ്ളോ നെരൂദയുടെ ഓർമ്മക്കുറിപ്പുകളിൽ കാടിൻ്റെ , കാറ്റിൻ്റെ സംഗീതം പ്രവഹിക്കുന്നുണ്ട്. വിവിധ ജീവികളിൽ നിന്നു പുറപ്പെടുന്ന മണം തന്നെ ത്രസിക്കുന്നതായി ചിലിയൻ കാട്ടിലെ അനുഭവം വച്ച് നെരൂദ എഴുതുന്നു. കൂണുകൾ കാതോർക്കുന്നത് ,ഓരോ മരവും സ്വയം അകലം പാലിക്കുന്നത്, അവശിഷ്ടങ്ങൾ വിതറുന്നത് ,വെള്ളത്തിനും സൂര്യപ്രകാശത്തിനും മധ്യേ ചിത്രശലഭം നൃത്തം ചെയ്യുന്നത്, മിന്നലിൻ്റെ വേഗത്തിൽ കുറുക്കൻ കാടിൻ്റെ നിശ്ശബ്ദത ഭേദിക്കുന്നത് നെരൂദ വിവരിക്കുന്നു. എങ്കിലും ,അദ്ദേഹം പറയുന്നു, നിശ്ശബ്ദതയാണ് കാടിൻ്റെ നിയമം .എന്നാൽ അതിന് ഒരു താളക്രമമുണ്ടാകുന്നത് ഏതെങ്കിലുമൊരു മൃഗം ഭയവിഹ്വലതയിൽ വിദൂരങ്ങളിൽ കരയുമ്പോഴോ , അറിയപ്പെടാത്ത ഒരു പക്ഷിയുടെ പെട്ടെന്നുള്ള പറക്കലിലോ ആണ്. സസ്യജാലങ്ങളുടെ ഗാഢമായ മൗനം മറ്റൊരു ആവൃത്തിയിലുള്ള സംഗീതമാകുന്നത് വലിയൊരു കാറ്റു കടന്നു വരുമ്പോഴാണെന്ന് നെരൂദ എഴുതുന്നുണ്ട്.
അമെരിക്കൻ കാർട്ടൂണിസ്റ്റും എഴുത്തുകാരനും ചിത്രകാരനുമായ ആർതർ ഹെൻട്രി ആർട്ട് യംഗിൻ്റെ ചിത്രങ്ങളിൽ രാത്രിയിലെ മരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അദ്ദേഹം വൃക്ഷങ്ങളിൽ മനുഷ്യവികാരങ്ങളും വിചിത്രഭാവങ്ങളുമാണ് കണ്ടത്. വിയറി ആൻഡ് ഹെവി ലാഡൻ എന്ന ചിത്രത്തിൽ, ഒരു വൃക്ഷത്തെ വലിയൊരു ഭാരം തലയിലേന്തിയ മനുഷ്യനെ എന്നപോലെ ചിത്രീകരിക്കുന്നുണ്ട്. ഡെവിൾസ് ഓർക്കസ്ട്ര എന്ന ചിത്രമാകട്ടെ, രാത്രിയിൽ വൃക്ഷങ്ങൾ നൃത്തം ചെയ്യുന്നതായി അനുഭവിപ്പിക്കുന്നു. അതാകട്ടെ ഭയമുണ്ടാക്കുന്നതുമാണ്. ആ വൃക്ഷങ്ങളുടേത് വിഭ്രാമകമായ ചലനങ്ങളാണ്.
മിന്നാമിനുങ്ങുകളുടെ തലമുറ
ഇ .ഹരികുമാറിൻ്റെ 'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥ ഐഹികമായ ലോകത്തെ പാപമാലിന്യങ്ങളിൽ നിന്ന് നമ്മെ മുക്തരാക്കുകയാണ്. തൊടിയിലും പ്രകൃതിയിലും നിറഞ്ഞുനിൽക്കുന്ന ജൈവസൂചനകളെയും സന്ദേശങ്ങളെയും കഥാകൃത്ത് സ്വാംശീകരിക്കുന്നു. കഥാരചനയിലൂടെ കാവ്യാത്മാവിലേക്കാണ് അദ്ദേഹം സഞ്ചരിക്കുന്നത്. മനുഷ്യൻ്റെ ജ്ഞാനത്തിനും വൈകാരിക ലോകത്തിനും സാധ്യമായ തരത്തിൽ ചുറ്റുപാടുകളെ ജീവദായകമാക്കുകയാണ് കഥാകൃത്ത്. ഈ ഭാഗം നോക്കൂ:
' കാലമെത്തുന്നതിനുമുമ്പ് പെയ്ത ഒരു മഴയുടെ ദയയിൽ മുളച്ചുവന്ന ഒരു തുമ്പച്ചെടി പൂവണിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .അതിൽനിന്ന് ഒരു പൂ അടർത്തിയെടുത്തു അവൾ ഇടത്തെ കയ്യിൻ്റെ ഉള്ളംകൈയിൽ കമിഴ്ത്തിവച്ചു ,സുപ്രിയയ്ക്ക് കാണിച്ചു കൊടുത്തു.
ഇതെന്തുമാതിരിയുണ്ട് ?
ഒരു കാലുമാതിരിയുണ്ട്.
ആ ഇതാണ് ശ്രീപാർവ്വതിയുടെ കാല്. എനിക്കു മുത്തശ്ശി കാണിച്ചുതന്നിട്ടുള്ളതാണ്. അതിനുശേഷം ഞാൻ ഓണത്തിന് പൂവിടുമ്പോൾ നടുവിൽ ഒരു തുമ്പപ്പൂ ഇങ്ങനെ കമിഴ്ത്തി വെക്കും. അപ്പോൾ ഓണത്തിൻ്റെ അന്ന് ശ്രീപാർവ്വതി നമ്മുടെ വീട്ടിൽ വരും' .
മനോഹരമായ ഈ ആഖ്യാനത്തിൽ കേരളീയജീവിതത്തിൻ്റെ സ്പന്ദനവും സൗന്ദര്യവുമാണ് ഹരികുമാർ ആവിഷ്കരിക്കുന്നത്. ഒരു തുമ്പപ്പൂവിനെ ഇതിനേക്കാൾ മനോഹരമാക്കുന്നതെങ്ങനെ ?
മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു:
' രാത്രി ഊണു കഴിഞ്ഞ ശേഷം അവർ ഉമ്മറത്ത് വന്നിരുന്നു .മുമ്പിലിരിക്കുന്ന മേശവിളക്ക് സൃഷ്ടിച്ച വെട്ടത്തിനുമപ്പുറത്ത് ഇരുട്ടിൻ്റെ കാടായിരുന്നു. അവയിൽ മിന്നാമിനുങ്ങുകൾ മിന്നിമറയുന്നത് അവൾ ശ്രദ്ധിച്ചു. താൻ കുട്ടിയായിരിക്കുമ്പോൾ കണ്ടിരുന്ന മിന്നാമിനുങ്ങുകളുടെ എത്രാമത്തെ തലമുറയായിരിക്കും ഇവ? . മിന്നാമിനുങ്ങുകളെ കൂട്ടിലെ ഇരുട്ടിൽ വെട്ടം വീഴ്ത്താനായി പിടിച്ചുകൊണ്ടുപോകുന്ന കൊച്ചു പക്ഷികളെപറ്റിയും അവൾ ഓർത്തു. അവരുടെയും തലമുറകൾ മാറിമാറി വന്നിട്ടുണ്ടാകും. കുട്ടിക്കാലത്ത് താൻ കണ്ടിട്ടുള്ള ഒരു മിന്നാമിനുങ്ങിനെ ഇപ്പോൾ കണ്ടാൽ ചോദിക്കാമായിരുന്നു. ഒരു രാത്രി പിടിച്ചു കയ്യിനുള്ളിൽ പൊത്തിപ്പിടിച്ചു ഇരുട്ടിൽ പരിശോധിച്ച ജിജ്ഞാസുവായ ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ?'
മനുഷ്യൻ്റെയുള്ളിൽ നിറഞ്ഞ പ്രകൃതിയാണിത്. പ്രകൃതിയിലെ വിവിധ പ്രഭാവങ്ങൾ ഇവിടെ കഥാപാത്രങ്ങളായി ഉയിർകൊണ്ട് മനുഷ്യജീവിതത്തിൻ്റെ ഭാഗമായി സംസാരസന്ദേശങ്ങളായി രൂപാന്തരപ്പെടുന്നു.മനുഷ്യൻ ജീവിക്കുന്നതിൻ്റെ അധികമാരും അറിയാത്ത രഹസ്യമാണിത്. ആഭ്യന്തരജീവിതത്തിൻ്റെ സ്വരമേളനം ഇങ്ങനെ അർത്ഥപൂർണമാകുകയാണ്.
സസ്യാത്മകം
മനുഷ്യൻ്റെ ജീവിതത്തിൽ സസ്യലതകൾ ഒരു ഓർക്കസ്ട്ര ഒരുക്കുകയാണ്. കഥ പറയുമ്പോഴോ , ചിത്രം വരയ്ക്കുമ്പോഴോ ഒരാൾ ഈ ഓർക്കസ്ട്രയിലാണ് ഇടപെടുന്നത്; അല്ലെങ്കിൽ ഇടപെടണം. അതിന് പ്രകൃതിയുമായി ചേരുന്നതിൻ്റെ , സൂര്യനുമായി സമ്പർക്കത്തിലായിരിക്കുന്നതിൻ്റെ അവബോധവും അനുഭൂതിയും മനസ്സിലുണ്ടായിരിക്കണം. ആ അനുഭൂതിയാണ് മനുഷ്യജീവിതത്തിനു അജ്ഞാതമായ മാന്ത്രികത നല്കുന്നത്. സസ്യാത്മകമായ ഒരു ജീവിതം മനുഷ്യനും അവകാശപ്പെട്ടതാണ് ;ഒരു പവിഴമല്ലി മരത്തെ പോലെയോ ,തേനീച്ചയെ പോലെയോ ,അണ്ണാറക്കണ്ണനെ പോലെയോ, ശലഭത്തെ പോലെയോ പ്രകൃതിയുടെ സ്വാഭാവിക നന്മകളിൽ ലാഭമോ നഷ്ടമോ നോക്കാതെ സ്വയം നിറയുന്ന അനുഭവം. കാത്തു വയ്ക്കാതെ ,ബാക്കിവയ്ക്കാതെ ,ഓർമ്മവയ്ക്കാതെ പ്രകൃതിയായി സ്വയം മാറുമ്പോഴല്ലേ ഒരു കുയിൽ ആ മധുരം ഗാനം ആലപിക്കുന്നത് ?
വായന
ഒരഴുത്തുകാരനു മാന്ത്രികതയും കോപവും സാഹസികതയും വേണമോ ? വേണമെന്നാണ് പ്രമുഖ ലാറ്റിനമെരിക്കൻ എഴുത്തുകാരനായ കാർലോസ് ഫ്യൂവൻ്റിസ് (1928-2012 )പറഞ്ഞത്.സ്പാനീഷ് ഭാഷയിലെ ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരനായി ഹുവാങ് ഗൊയ്റ്റിസോളോയെ ചൂണ്ടിക്കാണിക്കുമ്പോൾ ഫ്യൂവൻ്റിസ് ഇങ്ങനെ സൂചിപ്പിക്കാതിരുന്നില്ല.
'സ്പാനീഷ് ഭാഷയിലെ ഏറ്റവും സിദ്ധിയുള്ള ,ലോകനിലവാരമുള്ള, പരീക്ഷണത്വരയുള്ള, അസാധാരണമായ ത്വരകളുള്ള എഴുത്തുകാരനാണ് ഗൊയ്റ്റിസോളോ. അദ്ദേഹത്തിന് താൻ ചെയ്യുന്നതിൽ ഒരു തൃപ്തിയുമില്ല; അങ്ങനെയായിരിക്കണം. നമ്മൾ സ്വന്തം രചനകളിൽ തൃപ്തിയനുഭവിക്കരുത്.തൃപ്തിപ്പെട്ടാൽ അതിലെന്തോ കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കോപത്തോടെയും അതൃപ്തിയോടെയുമാണ് നാം വൈവിധ്യത്തെ തേടേണ്ടത് ' - ഫ്യൂവൻ്റിസ് പറയുന്നു.
അറബ് ലോകവുമായി ,സംസ്കാരവുമായി സ്പാനിഷ് ജനതയെ ബന്ധപ്പെടുത്തിയത് ഗൊയ്റ്റിസോളോയാണ്. സ്പെയിൻകാർക്ക് അറബ് ജനതയോട് കടപ്പാടുണ്ട്.മാർക്സ് ഓഫ് ഐഡൻറിറ്റി, ഹുവാങ് ദി ലാൻഡ്ലസ് തുടങ്ങിയ നോവലുകൾ എഴുതിയ ഗൊയ്റ്റിസോളോ ഇങ്ങനെ പറഞ്ഞു:
'നോവലെഴുതുന്നവർ കവിത വായിച്ചിരിക്കണം. അല്ലെങ്കിൽ അവരുടെ ഗദ്യം ഉപഭോഗവസ്തുവായി മാത്രമേ നില്ക്കൂ. സാഹിത്യപരമായി പരിചരിക്കപ്പെട്ട ഗദ്യ എപ്പോഴും വ്യത്യസ്തമാണ് ' .
ആശാലതയുടെ 'സ്ക്രിപ്റ്റ് റൈറ്റർ ' ഇ.എം.സുരജയുടെ 'ഉറുമ്പും മരവും' (മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15) എന്നീ രചനകൾ സമകാലകവിതയുടെ പൊതു സ്വരസവിശേഷതയിൽ മുങ്ങിപ്പോവുകയാണ്. ഒറ്റയ്ക്കെടുത്താൽ ഓരോ വാക്യവും തനിയെ നിൽക്കില്ല .ഭാഷയില്ലാത്ത കവിതകളാണിത്. കവിതയുടെ ആകെത്തുകയിലാണ് കവികൾക്ക് പ്രതീക്ഷ .ഒരു സ്ക്രിപ്റ്റ് റൈറ്റർ പല കാമുകിമാരെ പരിപാലിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് കവിയുടെ പ്രശ്നം. കാമുകിമാരുടെ പേരുകൾ ചുവപ്പ്, മഞ്ഞ ,പച്ച, നീല എന്നിങ്ങനെ.
'തിങ്കളാഴ്ചത്തെ സ്ക്രിപ്റ്റിൽ
ശനിയാഴ്ചത്തെ കുടുംബകഥ
കേറി വന്നു
വെള്ളിയാഴ്ച ബുദ്ധൻ്റെ
കഥാപാത്രങ്ങൾ തെറ്റിക്കേറി
ബുധനാഴ്ച എന്താ
ഉണ്ടായതെന്ന് ഓർക്കുന്നേയില്ല.'
ഒരു ഉറുമ്പ് മരത്തിൽ കയറിപ്പോകുന്നതാണ് സുരജയുടെ വിഷയം. എന്നാൽ വിഷാദമാണ് ഉറുമ്പായി അഭിനയിക്കുന്നത്രേ .
മരണശേഷം തന്നെ ദഹിപ്പിക്കണമെന്നും അല്ലെങ്കിൽ അസ്ഥികൾ ,എത്ര വർഷം കഴിഞ്ഞായാലും ,തൻ്റെ ജീവിതകഥ പുറംലോകത്തിനു വെളിപ്പെടുത്തുമെന്നുമാണ് ഗിരിജ പാതേക്കര 'മണ്ണിൽ മറവു ചെയ്യരുതെന്നെ ' ( മലയാളം ,മാർച്ച് 15) എന്ന കവിതയിൽ സൂചിപ്പിക്കുന്നത്. ഒരു വൈകാരിക പ്രശ്നമെന്ന നിലയിൽ ഈ കവിതയിൽ സത്യസന്ധതയുണ്ട്. കവി പറയുന്നു ,തൻ്റെ കാമനകളും ദാഹങ്ങളും പ്രേമവും മോഹങ്ങളും താനില്ലാത്ത വിദൂര ഭാവിയിൽ വെളിപ്പെടുമെന്ന്;
'നൂറ്റാണ്ടുകൾക്കപ്പുറത്തിരുന്ന്
എല്ലാമവർ വായിച്ചെടുക്കും' .
വാക്കുകൾ
1) നോവലിസ്റ്റ് ഉമ്പർട്ടോ എക്കോ ദ്വിമുഖ വ്യക്തിത്വമാണ്. അദ്ദേഹം ആധുനികതയുടെ വക്താവായിരിക്കെ തന്നെ ജനപ്രിയ നോവലുകളെഴുതുന്നു.പരീക്ഷണാത്മകകലയുടെ സൈദ്ധാന്തികനായിരിക്കെ തന്നെ ഭൂതകാലത്തെക്കുറിച്ചാണ് എപ്പോഴും എഴുതുന്നത്.
അലൻ റോബ്ബേ -ഗ്രിയേ,
ഫ്രഞ്ച് നോവലിസ്റ്റ്
2)ഞാൻ വരയ്ക്കുന്ന പൂക്കൾ ഒരിക്കലും താഴെവീണു കരിയില്ല.
ഫ്രിദാ കാഹ്ലോ,
മെക്‌സിക്കൻ ചിത്രകാരി
3)നശിപ്പിക്കുക എന്നത് സൃഷ്ടി പ്രക്രിയയിലെ ആദ്യത്തെ പടിയാണ്.
ഇ. ഇ .കമിംഗ്സ് ,
അമെരിക്കൻ കവി
4)ഫ്രാൻസിസ് കോപ്പാള, മാർട്ടിൻ സോർസെസി, സ്റ്റീഫൻ സ്പിൽബർഗ് എന്നിവരെല്ലാം എന്നോട് പറഞ്ഞു, ' ദ് കൺഫോമിസ്റ്റ് ' (1970) എന്ന എൻ്റെ സിനിമയാണ് അവരുടെ ചലച്ചിത്ര ജീവിതത്തിലെ ആദ്യത്തെ ആധുനിക സ്വാധീനമെന്ന്.
ബർണാഡോ ബർട്ടോലുച്ചി ,
ഇറ്റാലിയൻ ചലച്ചിത്രസംവിധായകൻ
5)ഫെമിനിസം അഥവാ സ്ത്രീവാദം സ്ത്രീകളെ ശക്തരാക്കുന്നതിനെക്കുറിച്ചല്ല എപ്പോഴും സംസാരിക്കുന്നത് ;സ്ത്രീകൾ ശക്തരാണല്ലോ.ആ ശക്തിയെ ലോകം നോക്കിക്കാണുന്ന രീതി മാറുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
ജി.ഡി.ആൻഡേഴ്സൺ
(ജീന ഡൂണി)
ആസ്ട്രേലിയൻ എഴുത്തുകാരി
കാലമുദ്രകൾ
1)എം.ആർ.ചന്ദ്രശേഖരൻ
കുട്ടികൃഷ്ണമാരാരുടെ ഷഷ്ഠിപൂർത്തി സമ്മേളനത്തിലുണ്ടായ വെളിപാടിൻ്റെ ഫലമായാണ് സുകുമാർ അഴീക്കോട് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു ' എന്ന പുസ്തകം എഴുതിയതെന്ന എം. ആർ. ചന്ദ്രശേഖരൻ്റെ വാദം (ഗ്രന്ഥാലോകം)വികലമാണ്. ഖണ്ഡനമില്ലെങ്കിൽ , വിയോജിപ്പില്ലെങ്കിൽ വിമർശനമുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. വിമർശനമെന്ന വാക്കിൽ പോലും അതുണ്ട്.
2)എം. ആർ. രേണുകുമാർ
ദളിത് കവിത ഒരു പ്രത്യേക വിഭാഗമാണെന്ന മട്ടിൽ എം .ആർ. രേണുകുമാർ സംസാരിക്കുന്നു (മലയാളം). എന്നാൽ അങ്ങനെയൊരു വിഭാഗം കവിതയിലില്ല. ഓരോ സാമൂഹിക വിഭാഗത്തിനും അനുസരിച്ച് കവിത എഴുതാനാവില്ല. ദളിത് കവിതയ്ക്കു വേണ്ടി പ്രത്യേക അക്കാദമി ഉണ്ടാക്കാനുള്ള ഗൂഢശ്രമമാണിത്.
3)മഹേഷ് നാരായണൻ
2007 ൽ 'രാത്രിമഴ' എന്ന സിനിമ എഡിറ്റു ചെയ്തുകൊണ്ടാണ് മഹേഷ് നാരായണൻ ചലച്ചിത്ര രംഗത്ത് വന്നത്. മുപ്പത്തിയെട്ടു വയസ്സുള്ള മഹേഷ് ഇതിനോടകം മുപ്പത്തിയേഴ് ചിത്രങ്ങൾ (എബ്രഹാമിൻ്റെ സന്തതികൾ ,ട്രാഫിക് ,എന്ന് നിൻ്റെ മൊയ്തീൻ ,ഉയരെ ,വിശ്വരൂപം, കാസനോവ, മകരമഞ്ഞ്... ) എഡിറ്റു ചെയ്തു.
4)എൻ.പ്രഭാകരൻ
എം.എൻ.വിജയൻ്റെ മുഴുവൻ ലേഖനങ്ങളും സമാഹരിച്ച് പത്തു ബൃഹത് വാല്യങ്ങളിലായി (ഇൻസൈറ്റ് ) പുറത്തുവരികയാണ് .അദ്ദേഹത്തിൻ്റെ ശിഷ്യനും കഥാകൃത്തുമായ എൻ.പ്രഭാകരനാണ് ഈ സംരംഭത്തിന് പിന്നിലെ ശക്തി. ഒരു ഗുരുവിനോടുള്ള ശരിയായ ആദരവും സ്നേഹവും ഇതിൽ കാണാം.
5)തോമസ് ജോസഫ്
തോമസ് ജോസഫിൻ്റെ 'പരേതരുടെ വാസസ്ഥലങ്ങൾ'എന്ന നോവൽ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു. സാഹിത്യം ,കല ,സൗന്ദര്യശാസ്ത്രം എന്നീ രംഗങ്ങളിൽ ,രാഷ്ട്രീയ സ്വാധീനമുള്ളവർ സ്വന്തം താല്പര്യം അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായാണ് ഇത്തരം നോവലുകൾ ചർച്ചചെയ്യപ്പെടാത്തത്.
No comments:
Post a Comment