Thursday, March 11, 2021

അക്ഷരജാലകം/എം.കെ .ഹരികുമാർ / യാതനയനുഭവിക്കുന്നവർ എഴുതട്ടെ /metrovartha 8 March 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097


യാതനയനുഭവിക്കുന്നവർ എഴുതട്ടെ


 ഇന്നത്തെ കാലഘട്ടത്തിൽ ,പ്രത്യേകിച്ചും ഈ  ഉത്തര -ഉത്തരാധുനിക, ഡിജിറ്റൽ , ആൾക്കൂട്ട മാധ്യമകാലഘട്ടത്തിൽ ഓരോരുത്തരും അവരവരുടെ കവിത സ്വന്തം ആവശ്യത്തിന് എഴുതിയുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിൽ സമൂഹമോ ,വികാരമോ ഉണ്ടായിരിക്കില്ല .അവനവനു ഭക്ഷിക്കാനുണ്ടാക്കുന്ന ചപ്പാത്തി പോലെയാണത്. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ, പ്രൊഫസർമാർ, വ്യവസായികൾ തുടങ്ങിയവരെല്ലാം ഇന്ന് കവിതയെഴുതുകയാണ്. കുറച്ചു നാൾ മുമ്പ്  ഒരു ഡോക്ടർ എന്നോട് തൻ്റെ കവിതയെഴുത്തിനെപ്പറ്റി പറഞ്ഞതോർക്കുന്നു. ഔട്ട് പേഷ്യൻസിനെ നോക്കുന്നതിനിടയിൽ വീണു കിട്ടുന്ന സമയത്ത് അദ്ദേഹം കവിതയെഴുതുമെന്ന്! എഴുതാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം അംഗീകരിക്കുന്നു.


ഇവരുടെ കവിതകൾക്ക് ആവശ്യക്കാരൊന്നുമില്ല; ഇവർ എഴുതുന്നത് ആർക്കുവേണ്ടിയുമല്ല. കാരണം, യാതൊരു ക്ളേശവുമില്ലാതെ ജീവിക്കാൻ കഴിയുന്നവരാണ് ഇവരെല്ലാം .ഇവരുടെ ഉള്ള് യാതൊരു കാരണവശാലും ഇളകുന്നതല്ല; ഇവർക്ക് നല്ല പ്രായോഗിക ജ്ഞാനമുണ്ട്. യുക്തിയിൽ സുഘടിതമാണ് ആ ജീവിതങ്ങൾ. അത് പല നിലയിലും ഉത്തമവുമാണ്.ഇവർ കവിതയെഴുതുന്നത് ഭൗതികസൗകര്യങ്ങൾ അനുകൂലമായ തുകൊണ്ടാണ്. കവിതയെഴുതിയില്ലെങ്കിൽ  മരിച്ചുപോകുമെന്ന ഭയമുള്ളതുകൊണ്ടല്ല ;അല്ലെങ്കിൽ കവിതയിൽ പറ്റിച്ചേർന്ന സ്വന്തം ആന്തരികലോകത്തെ വാക്കുകളിലൂടെ  തെളിച്ചെടുത്തു വ്യക്തിപരമായ അസ്തിത്വപ്രശ്നങ്ങൾ പരിഹരിക്കാനുമല്ല.


കവിത എന്ന മാധ്യമം മാത്രമല്ല ഇവിടെ വിവക്ഷ.ആന്തരികമായ അനുഭവങ്ങളുടെ ശക്തിയിൽ ആവിഷ്കാരത്തിനു ശ്രമിക്കുമ്പോൾ സംഭവിക്കുന്ന കലയ്ക്കെല്ലാം ഇത് ബാധകമാണ്.ഇപ്പോൾ എല്ലാവരും എഴുതുന്നത് ,നേരത്തെ പറഞ്ഞതു  പ്രകാരം, അവനവൻ്റെ ചപ്പാത്തി എന്ന പോലെയാണ്. താൻ എഴുതുന്നത് ജീവിച്ചിരിക്കാൻ വേണ്ടിയാണെന്ന് പറയുന്ന ചില വലിയ കവികളുടെ വാക്കുകളുമായി ഇവരെ ബന്ധിപ്പിക്കാനാവില്ല. അതേസമയം ഇവർ മറ്റാരുടെയും രചനകൾ വായിക്കാറുമില്ല .വായനക്കാരൻ എന്ന ജീവി ഉണ്ടെന്ന് പോലും ഇവർ കരുതുന്നില്ല. യാതൊന്നിനോടും വൈകാരികബന്ധം ഇല്ലാത്തതു കൊണ്ട് ഇവരുടെ ഭാഷ നിർജീവമായിരിക്കും.


ഉള്ളിലെ വിഷണ്ണവ്യക്തിത്വം


ഒരു കവി എഴുതേണ്ടത് അയാളുടെ ഉള്ളിലെ വിഷണ്ണവ്യക്തിത്വത്തെക്കുറിച്ചാണ്. എങ്ങനെയാണ് അയാൾ വിഷണ്ണ വ്യക്തിത്വമാകുന്നത് ? ജീവിതത്തിൽ നിന്ന് മനസിൻ്റെ അടിത്തട്ടിൽ വന്നടിയുന്ന സാരാംശങ്ങളാണ് ആ വ്യക്തിത്വത്തെ സൃഷ്ടിക്കുന്നത്. അതു പക്ഷേ ,നിയതമായ ഒരു യുക്തി ഘടനയല്ല .അനീതിയോടുള്ള എതിർപ്പിൽ നിന്നാണ് അതുണ്ടാകുന്നത്.അനീതി കണ്ട് പൊറുതി മുട്ടി സകലതിനോടുമുള്ള മനോഭാവം അയാൾ പുനർനിർമ്മിക്കുകയാണ്. അങ്ങനെ പ്രക്ഷുബ്ധതയെ ഉള്ളിൽ കൊണ്ടു നടക്കാൻ വിധിക്കപ്പെടുന്നു.താൻ തീവ്ര ദുഃഖത്തിൽ നിന്നുണ്ടാക്കിയ തീ അയാൾ തന്നെ വിഴുങ്ങുകയാണ്. അതിൽ നിന്ന് അപാരതയുടെ സൗന്ദര്യം സൃഷ്ടിക്കാൻ  പ്രലോഭിപ്പിക്കപ്പെടുന്നു. ചിന്തയ്ക്ക് ജരാനര ബാധിക്കാത്ത, മനന ശേഷിക്ക് തളർച്ച വന്നിട്ടില്ലാത്ത ഒരു കവി തൻ്റെ അനുഭൂതികളോട് സത്യസന്ധനാവാനാണ് പൊരുതുന്നത്. കവി തൻ്റെ രഹസ്യാത്മകമായ ജ്ഞാനത്തോടാണ് സത്യസന്ധനായിരിക്കേണ്ടതെന്ന് ഐറിഷ് കവി സീമസ് ഹീനി പറഞ്ഞതിൻ്റെ പൊരുളിതാണ്. അവനവനാണ് സത്യം എന്ന ധാരണ എങ്ങനെ കൈവരും?അതാണ് കലയുടെ സമസ്യ. അതിനായി കഠിനമായി പരിശ്രമിക്കേണ്ടി വരും. ജീവിതത്തിൻ്റെ നദി മുറിച്ചുകടക്കാനുള്ള പാലം നിങ്ങൾക്ക് മറ്റാരും നിർമ്മിച്ചു നല്കുകയില്ലെന്ന് ജർമ്മൻ ചിന്തകൻ ഫ്രഡറിക് നിഷേ പറഞ്ഞത് ഈ പശ്ചാത്തലത്തിൽ കാണണം. തൻ്റെ ഭൗതിക സൗകര്യങ്ങളുടെ അകത്ത് അവസാനിക്കുന്ന ലോകത്തെക്കുറിച്ചല്ല എഴുതേണ്ടത്;കാലത്തിൻ്റെ അപര്യാപ്തതകളെക്കുറിച്ചും ജൈവലോകത്തിൻ്റെ തീരാദുരിതങ്ങളെക്കുറിച്ചുമാണ്. അത് ആത്മാവിൽ കൊണ്ടു നടക്കുന്നവർക്കാണ് അശാന്തിയുണ്ടാകുന്നത്‌.അവരാണ് യാതനയനുഭവിക്കുന്നത്.


പ്രാർത്ഥനയാണ് സാഹിത്യം


'നിങ്ങളിൽ യാതനയനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ' എന്ന ബൈബിൾ വചനം (യാക്കോബ് 5:13) ശരിക്കൊന്നു മനനം ചെയ്തുനോക്കിയാൽ ഇതു മനസ്സിലാകും. തനിക്ക് കഥാരചന പ്രാർത്ഥനയാണെന്നും ശവത്തിൻ്റെ  ഏകാന്തതയാണ് രചനാപ്രക്രിയയിൽ ആവശ്യമായിട്ടുള്ളതെന്നും ഫ്രാൻസ് കാഫ്ക പറഞ്ഞത് എന്തുകൊണ്ടാണ്? അകമേ യാതനയനുഭവിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നവന് സത്യസന്ധത എന്ന ഗുണമുണ്ടായിരിക്കും .അതിൽ മായം ചേർക്കരുത്. അങ്ങനെ ചെയ്താൽ അത് സത്യസന്ധനാകുന്നതിനു  തടസ്സമാകുമെന്ന് മാത്രമല്ല കള്ളം പറയേണ്ടി വരികയും ചെയ്യും. കവിത ആന്തരികതയുടെ  സുവിശേഷമാണെന്ന് അമെരിക്കൻ പെൺകവി ഉർസുല കെ.ലെഗ്വിൻ ചൂണ്ടിക്കാണിച്ചത് ഇവിടെ പ്രസക്തമാവുകയാണ്.  യാതനാനിർഭരവും സത്യാന്വേഷണപരവുമായ അന്തരംഗമില്ലാത്തവർ എഴുതേണ്ടതില്ല; അങ്ങനെയുള്ളവർ കൂടുതൽ കൃതികൾ വായിക്കാനാണ് ശ്രമിക്കേണ്ടത്. വായനയിലൂടെ ഉൽകൃഷ്ടമായ സൗന്ദര്യാവിഷ്കാരങ്ങളെ പരിചയപ്പെടുകയാണെങ്കിൽ വീക്ഷണപരമായ വ്യതിയാനമുണ്ടാവുക തന്നെ ചെയ്യും. എങ്ങനെ വായിച്ചാൽ നമുക്ക് മനുഷ്യാസ്തിത്വത്തിൻ്റെ  അറിയപ്പെടാത്ത അടരുകളിലെത്തിച്ചേരാമെന്നാണ്  ആലോചിക്കേണ്ടത്. വായന ജീവിതത്തിൻ്റെ ഒരു വേറിട്ട പാതയാണ്.


യാതനയനുഭവിക്കുന്നവർ പ്രാർത്ഥിക്കണമെന്ന് പറഞ്ഞല്ലോ. മഹനീയമായ സാഹിത്യം പ്രാർത്ഥനയാണ്. അത് ഹൃദയത്തിൻ്റെ   ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന നിരാസ്പദവും നിരാസക്തവുമായ പദകോശമാണ്. അതിനു മറ്റൊന്നിനോടും മമതയില്ല .കാരണം അത് സത്യത്തെ തന്നെ നഗ്നമാക്കുകയാണ് ചെയ്യുന്നത്. യാതനയനുഭവിക്കുന്നവർ  എഴുതുമ്പോൾ അതിൽ പ്രാർത്ഥനയുടെ ആന്തരസംഗീതം തുടിച്ചുണരും .ജീവിതത്തിൽ സർവ സുഖങ്ങളുമനുഭവിച്ച് ,അപരനെക്കുറിച്ച് നേരിയ ഉത്ക്കണ്ഠപോലുമില്ലാതെ, സകലതിനെയും തൃണവൽഗണിച്ച്, മൂല്യങ്ങളെ തന്നെ അപമാനിച്ചു കഴിയുന്നവർ എഴുതേണ്ടതിൻ്റെ  യാതൊരാവശ്യവുമില്ല.


സ്വയം ആയിരിക്കുക


ലോകം ഒരു കവിയെ ,കലാകാരനെ മറ്റെന്തോ ആക്കിത്തീർക്കാൻ പരിശ്രമിക്കുകയാണ് എപ്പോഴും.ഇതിനെക്കുറിച്ച് ബോധമുള്ള ഒരാൾക്ക് മാത്രമേ സ്വയം എങ്ങനെ നിലനിൽക്കണമെന്ന് ചിന്തിക്കാനാവൂ.  അമെരിക്കൻ കവിയും നോവലിസ്റ്റുമായ ഇ.ഇ.കമിംഗ്സ് (1894- 1962)എഴുതിയ ഈ വാചകങ്ങൾ നോക്കൂ:

'നിങ്ങളെ നിങ്ങളല്ലാതാക്കാൻ അഹോരാത്രം പണിപ്പെടുന്ന ഒരു ലോകത്ത് സർവശക്തിയുമുപയോഗിച്ച്‌, മനുഷ്യസാധ്യമായ സകല ഊർജ്ജവുമുപയോഗിച്ച് നിങ്ങളാകാൻ യുദ്ധം ചെയ്യുക '.

കമിംഗ്സിൻ്റെ 'എ മിസലനി റിവൈസ്ഡ്' എന്ന പുസ്തകത്തിലാണ് കലാകാരനെക്കുറിച്ച് പ്രതിപാദിക്കുന്നത്.


ഈ യുദ്ധം കമിംഗ്സിനു പ്രിയപ്പെട്ടതായിരിക്കുമല്ലോ. സ്വയം ആയിരിക്കാൻ യുദ്ധം ചെയ്യുമ്പോഴാണ് ഒരാൾ കവിയാകുന്നത്. അങ്ങനെയുള്ള കവികൾ ഇന്ന് എത്രയോ വിരളമാണ്. ഏതെങ്കിലും കലാശാലകളിലോ , സ്കൂളുകളിലോ പഠിച്ചതു വച്ച് ആരും ഒന്നും എഴുതരുതെന്നാണ് മറ്റൊരു മതം. കമിംഗ്സ് ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'പഠിച്ചത്  നിരാകരിക്കുന്നവനാണ് കലാകാരൻ ' -  അദ്ദേഹം എഴുതുന്നു.


മൂന്നു തരം കലാകാരന്മാരെക്കുറിച്ച് കമിംഗ്സ് സൂചന തരുന്നുണ്ട്. ആദ്യത്തേത് , വൻ കച്ചവടവിജയമായി തീരുകയും ധനമുണ്ടാക്കുകയും  എന്നാൽ ഗുണമേന്മ ഇല്ലാതിരിക്കുകയും ചെയ്യുന്ന വിഭാഗമാണ്. രണ്ടാമത്തെ വിഭാഗം  അക്കാദമിക് രംഗത്തുള്ളവരാണ്. ഇവർക്ക് മറ്റുള്ളവർ സൃഷ്ടിച്ചതു പോലെ ചെയ്താൽ മതി;  സ്വന്തമായി ഒരു ആശയമില്ല. മൂന്നാമത്തെ വിഭാഗമാണ് യഥാർത്ഥ കലാകാരന്മാർ. അവർക്കു ശാന്തിയില്ല; അശാന്തമായ മനസ്സിലെ ദുഃഖമാണ് അവരെ നിലനിർത്തുന്നത്. അവർ പണമോ മറ്റ് ആനുകൂല്യങ്ങളോ തേടാതെ സത്യത്തിനു വേണ്ടി അലയുന്നു.


എന്തുകൊണ്ടാണ് കലാകാരൻ തീവ്ര വ്യഥ അനുഭവിക്കുന്നത് ?കമിംഗ്സ് ഇങ്ങനെ ഉത്തരം നൽകുന്നു: 'അയാൾ കച്ചവടമോ ഫാഷനോ തേടുന്നതിനു പകരം അനീതിയെ വൈകാരികമായി നേരിടുന്നു.വിദ്യാഭ്യാസം നേടിയശേഷം അത് തള്ളിക്കളയേണ്ടി വരുന്നത്, മനസ്സിൽ സ്വയം കണ്ടെത്തിയ സത്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നതു   കൊണ്ടാണ് .പദവിക്കു വേണ്ടിയല്ല കവിത; പദവിയുള്ളവരുടേതുമല്ല കവിത .അത് കലാശാലകളുടേതോ അക്കാദമികളുടേതോ അല്ല;കവിത  പ്രൊഫസർമാരുടേതോ അദ്ധ്യാപകരുടേതോ അല്ല.  കവിത യാതന അനുഭവിക്കുന്നവരുടേതാണ് .


വാക്കുകൾ 


1)കുഴഞ്ഞുമറിഞ്ഞ അനുഭവങ്ങളെ ക്രമപ്പെടുത്തുന്നതിൻ്റെ ,വീണ്ടും ക്രമപ്പെടുത്തുന്നതിൻ്റെ ഒരു വഴിയാണ് എൻ്റെ എഴുത്ത്.അത് എനിക്ക് പകരമായിട്ടുള്ളതാണ്.


സിൽവിയാ പ്ലാത്ത്

അമെരിക്കൻ പെൺകവി


2) ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ,സാമൂഹികമായ അസ്ഥിരതയിൽ ,ധാർമ്മികമായ ദുർബലതയിൽ നമുക്ക് ഒരു പുനരുജ്ജീവനം ആവശ്യമാണ്.പെണ്ണിൻ്റെ സ്വാധീനം ഇക്കാര്യത്തിൽ വളരെ വിലപ്പെട്ടതാണ്.

നിക്കോളൈ ഗോഗൾ,

റഷ്യൻ സാഹിത്യകാരൻ3)എൻ്റെ സിനിമയിൽ ചിലർക്ക്  മിണ്ടാട്ടമില്ലാതായിപ്പോയത്  ഉള്ളിൽ ആഴത്തിൽ മുറിവേറ്റതുകൊണ്ടാണ്. അവർ മറ്റുള്ളവരിൽ വിശ്വാസം നഷ്ടപ്പെട്ടവരാണ്. അവരോട് 'ഞാൻ നിന്നെ പ്രേമിക്കുന്നു 'എന്നു പലരും  പറഞ്ഞിട്ടുണ്ട്. പക്ഷേ, അതു  പറഞ്ഞവരുടെ മനസ്സിൽ ആ വികാരമുണ്ടായിരുന്നില്ല.


കിം കി ഡുക് ,

സൗത്ത് കൊറിയൻ സംവിധായകൻ


4)ഞാൻ എൻ്റെ മനസ്സിൽ ധാരാളം പേരുമായി ആശയവിനിമയം നടത്തുന്നുണ്ട്;എന്നാൽ അവർക്കറിയില്ല ഇത്. പുറത്ത് എനിക്ക് വല്ലാത്ത ഒറ്റപ്പെടലുണ്ട്. ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.


ഗൊദാർദ് ,

ഫ്രഞ്ച് ,സ്വിസ് സംവിധായകൻ 


5)എൻ്റെ അഭിപ്രായത്തിൽ, ഉത്തരാധുനികത ഉത്ഭവിക്കുന്നത് ഇന്നത്തെ ഉപഭോക്താവിൻ്റെയും ബഹുരാഷ്ട്ര മുതലാളിത്തത്തിൻ്റെയും പ്രത്യേക നിമിഷത്തിൽ നിന്നാണ്. ചരിത്രബോധം ഇല്ലാതിരിക്കുകയും ഭൂതകാലത്തെ ചേർത്തു നിർത്താനുള്ള ശേഷി കുറയുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നതാണ് ഇതിൻ്റെ ലക്ഷണം.


ഫ്രഡറിക് ജെയിംസൺ ,

അമേരിക്ക സാഹിത്യവിമർശകൻ


കാലമുദ്രകൾ 


1)മനു അശോകൻ


പ്രേമിച്ചാൽ വിവാഹം കഴിക്കണമെന്ന ലഘുവായ, സരളമായ ,ആഴമില്ലാത്ത, കോസ്മെറ്റിക് ജീവിതസൂത്രത്തിൽ നിന്ന് വ്യതിചലിച്ച് ,കാമുകി കാമുകൻ്റെ  ആസിഡ് പ്രയോഗത്തിനിരയായാൽ അവിടെ തകരുന്നത് മനുഷ്യവംശത്തിൻ്റെ സുന്ദരമായ ഒരു സ്വപ്നമാണെന്ന് വ്യാഖ്യാനിക്കാൻ സംവിധായകൻ മനു അശോകൻ  ശ്രമിച്ചു.


2)പി. കെ. ഹരികുമാർ


ടൈറ്റാനിക് സിനിമ വരുന്നതിനു മുന്നേ തന്നെ അത് 'സീപാലസ്' എന്ന പേരിൽ നാടകമാക്കിയ ടി.കെ. ജോണിനെ അനുസ്മരിച്ചു, നല്ലൊരു വായനക്കാരൻ കൂടിയായ ,പി .കെ . ഹരികുമാർ എഴുതിയ ലേഖനം (പ്രഭാതരശ്മി) സന്ദർഭോചിതമായി.


3) വിനു എബ്രഹാം 


ഖസാക്കിൻ്റെ ഇതിഹാസത്തിലെ മുങ്ങാങ്കോഴിയെ കസാക്കിസ്ഥാനിൽ  നിന്നുള്ള ഡീപ് വെൽ'എന്ന സിനിമയിലെ 'യെൻസെപ്പ്' എന്ന കഥാപാത്രവുമായി താരതമ്യം ചെയ്ത് വിനു എബ്രഹാം എഴുതിയത് കൗതുകമുണർത്തി.


4)വിഷ്ണുനാരായണൻ നമ്പൂതിരി 


വൈദികസാഹിത്യം, വൈദികകാലം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ കവിതകൾ പൂർവ്വ കാലത്തിൻ്റെ വീണ്ടെടുപ്പായി കണക്കാക്കാം.


5)ശ്യാമപ്രസാദ് 


നരേന്ദ്രപ്രസാദിനെ പ്രധാന കഥാപാത്രമാക്കി തൊണ്ണൂറുകളിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'പെരുവഴിയിലെ കരിയിലകൾ ' (എൻ.മോഹനൻ)എന്ന ടെലിഫിലിം ഉയർത്തിയ വികാരങ്ങൾ അദ്ദേഹത്തിൻ്റെ ചലചിത്രങ്ങളെ  മറികടന്നും സഞ്ചരിക്കുകയാണ്.


വായനയുടെ നിമിഷം


 ബീന എഴുതിയ  'മാരിപ്പൊറാട്ട് ' ( മലയാളം, ഫെബ്രുവരി 25) ഒരു പത്രറിപ്പോർട്ട് പോലെ വായിച്ചു രസിച്ചു .എന്നാൽ ചെറുകഥാകൃത്ത് എന്ന നിലയിൽ ഒരു സംഭാവന  കണ്ടില്ല .ചാമുണ്ഡിയും വേട്ടയ്ക്കൊരുമകനുമൊക്കെ കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ദൈവങ്ങൾക്കുമുണ്ട് ദുരയും അസൂയയും കൂറുമാറ്റവും പ്രാണഭയവും' എന്ന വാക്യം കഥയിൽ കൂടുതൽ മിഴിവ് നേടേണ്ടതായിരുന്നു. മനുഷ്യൻ സൃഷ്ടിക്കുന്ന ദൈവങ്ങളെ അവൻ തന്നെ നിയന്ത്രിക്കുമ്പോൾ സ്വാഭാവികമായും ആ ദൈവങ്ങൾ ഇങ്ങനെയൊക്കെ പെരുമാറണമല്ലോ.


ദൂരെയെങ്ങോ ഒരാൾ പാടുന്നതിൻ്റെ  അനുഭവമാണ് ധ്വനി എം .ഡിയുടെ 'പാട്ടു പറത്തുന്ന പറവ ' എന്ന കവിത (  മലയാളം ,ഫെബ്രുവരി 25) യിലുള്ളത്. എല്ലാറ്റിനോടും ആത്മബന്ധം തോന്നുമ്പോൾ വീണ്ടും നമ്മൾ പുനരുജ്ജീവനം തേടുകയാണ്.


'പേരറിയാത്തൊരു 

ഭാഷ 

ഓളങ്ങൾ പോൽ 

തെന്നിത്തെറിക്കുന്നു 

വാക്കുകൾ ' 


ദൂരെ കേൾക്കുന്ന പാട്ടിലൂടെ ഒരു ഭാഷയല്ല ,വികാരങ്ങളാണ് അനുഭവിക്കുന്നത്.


വി.ജി.എം .ലേഖ എഴുതിയ  'മിഖായേൽ എന്ന പത്താമത്തെ പുരുഷൻ' എന്ന കഥ (കാലം  ത്രൈമാസികം ) സമകാലസമൂഹത്തിൽ പ്രണയത്തെ കൂടുതൽ അർത്ഥപൂർണമാക്കുന്നു. എല്ലാവരും തള്ളിക്കളഞ്ഞ തെരുവുതെണ്ടിയായ  ജൂതനെ ഒരു  മുസ്ലിം പെൺകുട്ടി  ബാല്യം മുതൽ പ്രേമിക്കുന്നതും അവർ  ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നതുമാണ് കഥ. 'നമുക്ക് ഇസ്രായേലിലേക്ക് പോകാം. നമ്മുടെ രണ്ടു വേദങ്ങളെ ഒരു വാക്കിലെഴുതി ഒരു വേദമാക്കാം ' എന്ന വാക്യം കഥയെ ഉന്നത തലത്തിലെത്തിക്കുന്നു. ഇതിലെ നായിക ദിയാബാനു ചിന്തിക്കുന്നത് കഥാകൃത്ത് വിവരിക്കുന്നു: ' ഈ പ്രണയവും മരണവും ഒരുപോലെയാണ്, എപ്പോഴാണ് കയറി വരുന്നതെന്ന് പറയാൻ പറ്റില്ല. പ്രണയത്തെ കത്തികൊണ്ട് കുത്താനോ, ആസിഡൊഴിച്ചു വികൃതമാക്കാനോ ,ചുട്ടെരിച്ചു കൊല്ലാനോ ഒന്നും ദിയാബാനുവിനു ആകില്ല' .


No comments:

Post a Comment