Monday, September 7, 2020

അക്ഷരജാലകം /ചെറുതാണ് സുന്ദരം/എം.കെ.ഹരികുമാർ/metrovartha may 18

ലോകാരോഗ്യ സംഘടന തന്നെ പറയുകയാണ് ,കൊറോണ നമ്മുടെ നിത്യജീവിതത്തിലെ ഒരു നിത്യസാന്നിദ്ധ്യമാവുമെന്ന് .കൊറോണ ഒരു ജീവിതശൈലിയിലേക്ക് നമ്മെ വഴിതിരിച്ചു വിട്ടിരിക്കയാണ്. ഇനി അത് ഒരു സംസ്കാരമാകുകയാണ്. വ്യക്തി ശുദ്ധി ,ശുചിത്വം, സാംസ്കാരികമായ അകന്നുനില്പ് എല്ലാം ഇനി കൂടുതൽ പ്രാധാന്യം നേടുകയാണ്. രോഗത്തോടൊപ്പം ജീവിക്കുന്നത് ,ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിമാനുഷരായ നമുക്ക് പ്രയാസമുള്ള കാര്യമല്ല .

കൊറോണയും ഡിജിറ്റൽ മനുഷ്യ വ്യക്തിത്വവുമായി ബന്ധമുണ്ട്. ഡിജിറ്റൽ ജീവികളായ നാം പരസ്പരം നേരിട്ട് കാണാറില്ലല്ലോ. ലോക നവലിബറൽ മുതലാളിത്തവും, മൈക്രോസോഫ്റ്റ് ടെക്നോളജിയും, കൈയിൽ വച്ചു തന്നിരിക്കുന്ന ഫോണും അനുബന്ധ ഉപകരണങ്ങളും മനുഷ്യരെ എന്നേ അശരീരിയാക്കി! നേരിൽ കണ്ടില്ലെങ്കിലെന്താ ,ഒന്നിച്ച് ഒരു മുറിയിൽ കഴിയുന്ന പോലെ വിശ്വസിച്ചുകൊണ്ട് നാം ജീവിക്കുന്നില്ലേ ?

ഒരു പ്രതീതി മനുഷ്യർ ശീലിച്ചു കഴിഞ്ഞു.വ്യക്തിപരമായ ശാരീരിക ജീവിതം ഒരു ദുരാചാരമാണെന്ന് ഇൻറർനെറ്റ് വ്യവസായവും കൊറോണ ചികിത്സയുടെ ആഗോളവൽക്കരണവും പ്രഖ്യാപിച്ചിരിക്കുകയാണ്; പകരം പ്രതീതിയിൽ അഭിരമിച്ചാൽ മതി.പരസ്പരം കാണാൻ 'സ്കൈപ്പ് ' മതിയല്ലോ. സ്പർശനം മാത്രം വിലക്കിയിരിക്കയാണ്. ഡിജിറ്റൽ അകൽച്ച തന്നെയാണ് കൊറോണ അകൽച്ചയും .രണ്ടും നമ്മെ വിശുദ്ധരായ ഏകാകികളാക്കിയിരിക്കുന്നു. അല്ലെങ്കിൽ സൈബർ അവധൂത രാക്കിയിരിക്കുന്നു.

ചിന്തകൾകൊണ്ട് ,അനാസക്തികൊണ്ട് ജീവിച്ച് തിമിർക്കുന്നതിൻ്റെ മാനസികപ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതിനു ഓൺലൈൻ ക്ളിനിക്കുകൾ നിലവിൽ വന്നു കഴിഞ്ഞു.

ഇനി ദൈവതുല്യരായ മനുഷ്യരെല്ലാം ഓൺലൈനായിക്കൊള്ളും. ഒരു സ്പർശം ,അത് ഒഴിവാക്കുകയേ തരമുള്ളു. ഹസ്തദാനമോ ,ചുംബനമോ ,കെട്ടിപ്പിടിത്തമോ ഒക്കെ അശ്ലീലവും ദേശവിരുദ്ധവുമാണെന്ന് കൊറോണ പ്രഖ്യാപിച്ചു കഴിഞ്ഞു.

വിപ്രലംഭമാണ് ഇനി അനുരാഗത്തിൻ്റെ കാതൽ .അകന്നിരുന്ന് പ്രേമിച്ചാൽ മതി. ഇപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലുടെ മനുഷ്യൻ അത് പരിചയിച്ചു കഴിഞ്ഞു. കൊറോണ അതിനെ പ്രായോഗികമായി വിപുലീകരിച്ചു. ജർമ്മൻ ,ബ്രിട്ടിഷ് ധനശാസ്ത്രജ്ഞനായ ഷൂമാക്കറുടെ 'സ്മോൾ ഈസ് ബ്യൂട്ടിഫുൾ' (1973) എന്ന ഗ്രന്ഥത്തിൽ പറയുന്നപോലെ  ,ആഗ്രഹങ്ങൾ കുറയുകയാണെങ്കിൽ നമുക്ക് സുന്ദരമായ ലോകത്തെ കാണാനൊക്കും.തെറ്റ് ചെയ്യാതെ ,കൊറോണയുടെ രാജ്യത്തെ നിയമം നാം നടപ്പിലാക്കുകയാണ്, പ്രതീതിയിൽ അകന്നിരുന്നുകൊണ്ട്.ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഡിജിറ്റൽ അകലവും കൊറോണ വിധിച്ച അകലവും ഒന്നായിരിക്കുന്നു.ചെറുതാണ് സുന്ദരം എന്ന ആശയത്തിൽ ഒരു അനാസക്തിയുണ്ട്: അധികം ആഗ്രഹിച്ചാൽ രോഗം വരുത്തുമെന്ന പാഠമാണതിനു പിന്നിലുള്ളത്. എല്ലാറ്റനെയും ,പ്രകൃതിയെയും അധികം ഉപയോഗിക്കാതിരുന്നാൽ ജീവിതം സുന്ദരമായി തുടരും. ഷൂമാക്കർ ഒരു ആരോഗ്യ ശാസ്ത്രമല്ലേ നീട്ടുന്നത് ?ചെറുതായാൽ മതി ,വിശുദ്ധമായ  അകലമായി എന്നാണ് ഇത് അർത്ഥമാക്കുന്നത്.

വാക്കുകൾ

1)നിങ്ങളോട് നിശ്ശബ്ദനാകൂ എന്ന് പറയുന്നവൻ സുഹൃത്തല്ല .
ആലീസ് വാക്കർ ,
അമെരിക്കൻ കഥാകാരി .

2) തെറ്റ് മാനുഷികമാണ്; ക്ഷമിക്കുന്നതാകട്ടെ ദൈവികവും.
അലക്സാണ്ടർ പോപ്പ് ,
ഇംഗ്ളീഷ് കവി.

3)ഒറ്റപ്പെടുന്നത് ഭയമാണെങ്കിൽ ,വിവാഹം കഴിക്കരുത്.
ആൻ്റൺ ചെക്കോവ്,
റഷ്യൻ കഥാകൃത്ത്.

4)എൻ്റെ ചിത്രങ്ങൾ കണ്ടിട്ട് അതിലെന്തോ മനസ്സിലാക്കാനിരിക്കുന്നു എന്ന മട്ടിൽ ചിലർ കപടമായി സംസാരിക്കാറുണ്ട്;ആ ചിത്രങ്ങളെ വെറുതെ ഇഷ്ടപ്പെട്ടാൽ മതിയല്ലോ.
ക്ലോദ് മൊനെ,
ഫ്രഞ്ച് ചിത്രകാരൻ.

5)ഒരു സർഗാത്മക സാഹിത്യകാരൻ്റെ അഗാധമായ അനുഭവം സ്ത്രൈണമാണ്;എന്തുകൊണ്ടെന്നാൽ അത് സ്വീകരിക്കലും കൊണ്ടുനടക്കലുമാണ്.
റെയ്നർ മരിയാ റിൽക്കേ,
ഓസ്ട്രിയൻ കവി .

കാലമുദ്രകൾ

1)വൈക്കം ചന്ദ്രശേഖരൻ നായർ

പണ്ഡിതനും സൗന്ദര്യാരാധകനുമായ വൈക്കം ചന്ദ്രശേഖരൻ നായർ  'ചിത്രകാർത്തിക' മാസികയുടെ പത്രാധിരായിരുന്നല്ലോ. എഴുത്തുകാരുടെ സൂക്ഷ്മ ധാതുക്കൾ വരെ മനസ്സിലാക്കുന്ന അദ്ദേഹത്തിൻ്റെ അടുത്ത് ഒരു ലേഖനവുമായി പോകാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമുണ്ട്.

2)ദേവരാജൻ

'ശാലിനി എൻ്റെ കൂട്ടുകാരി ' എന്ന സിനിമയിലെ 'ഹിമശൈല സൈകത ഭൂമിയിൽ നിന്നൊരു പ്രണയ പ്രവാഹമായി ' (രചന: എം.ഡി.രാജേന്ദ്രൻ ) എന്ന ഗാനം ദേവരാജൻ ഈണം കൊടുത്തപ്പോൾ അത് നമ്മുടെ ഗ്രാമ്യാനുഭവങ്ങളുടെ അവിസ്മരണീയമായ ഗൃഹാതുരസംഗീതമായി മാറി.

3) കെടാമംഗലം പപ്പുക്കുട്ടി.

കേസരി ബാലകൃഷ്ണപിള്ള പുരോഗമന സാഹിത്യത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത് കവി കെടാമംഗലം പപ്പുക്കുട്ടിയെയാണ്. എന്നിട്ടും പുരോഗമന കലാസാഹിത്യസംഘം പപ്പുക്കുട്ടിയോടുള്ള അയിത്തം ഇപ്പോഴും  തുടരുന്നു.

4) പി.എ.ബക്കർ.

പ്രേംനസീർ അഭിനയിച്ച 'ചാരം' സംവിധാനം ചെയ്ത പി.എ.ബക്കർ വളരെ ഗൗരവമുള്ള സാമൂഹ്യവിഷയങ്ങൾ കലാചാരുതയോടെ അവതരിപ്പിച്ചു. എന്നാൽ ബക്കർ ആ ചിത്രങ്ങളിലൂടെ തൻ്റെ തീവ്രമായ പ്രതിഷേധമാണ് ഒപ്പുവച്ച് നൽകിയത്.

5)എം.വി.ദേവർ
അയ്യപ്പപ്പണിക്കരുടെ കവിതകൾക്ക് എം.വി.ദേവൻ എഴുതിയ അവതാരിക വ്യത്യസ്തമായ  ഒരു കാവ്യസമീപനമായി ,വിമർശനമായി ചർച്ച ചെയ്യപ്പെട്ടു.കലാകാരൻ്റെ റിപ്പബ്ളിക് സ്വന്തം രചന തന്നെയാണെന്ന പ്രഖ്യാപനമായിരുന്നു അത്.

ദർശനം

1)കൊറോണ.
ആർക്കും നേരിൽ കാണാനാവില്ലെങ്കിലും കൊറോണ വിഗ്രഹഭഞ്ജകനാണ്, കലാപകാരിയാണ്, ക്ഷിപ്രകോപിയാണ്, രക്തബീജനാണ്.

2)ഭയം.
ഭയം ഒരു കവചമാണ്. അത് നമ്മെ വൈദ്യശാസ്ത്രപരമായി ശുശ്രൂഷിക്കും ;നയിക്കും.

3)വിരഹം.
ഒരു ട്രെയിൻ യാത്രയിൽ എത്തേണ്ട സ്റ്റേഷനിലിറങ്ങി നടക്കുമ്പോഴാണ് വിരഹം ഉരഗമായി നമ്മുടെ മുമ്പിൽ ഇഴയുന്നത്. നമ്മെ ഉത്സവപ്രതീതിയിൽ കൊണ്ടുവന്ന ട്രെയിനിനെയും അതിലെ ആളുകളെയും വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നല്ലോ എന്ന വ്യഥയാണത്.

4)കാലം.
കാലം ബോധത്തിലിരുന്ന് ചിരിക്കുകയാണ്. ഇതാ, ഇവിടെ സ്ഥിരമായുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നല്ലോ. അതാണ് ചിരിയുടെ അടിസ്ഥാനം.

5)വെറുപ്പ്.
വെറുപ്പ് മനുഷ്യസഹജമാണ്. എന്നാൽ വെറുപ്പ് ഭക്ഷിച്ച് ജീവിക്കുന്നവരുണ്ട്.

ആനുകാലികം

കൊറോണ കവിതയിലും

ഫ്രഞ്ച് കവി സെലാൻ എഴുതിയ കൊറോണ എന്ന പേരിലുള്ള കവിത (1960) യെക്കുറിച്ച് ദേശമംഗലം രാമകൃഷ്ണൻ (മലയാളം ഏപ്രിൽ 20 )എഴുതുന്നു.

ഇത് കൊറോണ എന്ന രോഗത്തെ ക്കുറിച്ച് തന്നെയാണെന്ന് ലേഖകൻ ഉറപ്പിച്ചു പറയുന്നില്ല. കൊറോണ സ്ഥലനാമം ഉഉളതുകൊണ്ട് ആ സാധ്യതയും നോക്കണം.എന്നാൽ ഈ കവിതയിലെ കൊറോണ ഒരു പ്രണയത്തകർച്ചയാണെന്നും വാദിക്കാവുന്നതാണ്.ഈ വരികൾ അതിൻ്റെ സൂചനയായി കാണാം:

''ജനാലയ്ക്കടുത്ത് ഞങ്ങൾ
കെട്ടിപ്പിടിച്ചു നിൽക്കയാണ് .
തെരുവുകളിൽ നിന്ന്
ആളുകൾ നോക്കുന്നുണ്ട്.
സമയമായെന്ന്
അവർ അറിഞ്ഞിരിക്കുന്നു .

കല്ലുപോലും പുഷ്പിക്കാൻ
ഒരു ശ്രമം നടത്തുന്ന
സമയമാണിത് .
അസ്വസ്ഥ കാലത്തിനു
തുടിക്കുന്നൊരു ഹൃദയമുണ്ടാവുകയാണ് .
ഇതാ സമയമാവുന്നു.
സമയമായിരിക്കുന്നു.
ഇതാ
ആ സമയം ".
ഒരു ഡോക്ടറായിരുന്ന സെലാൻ 1970 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കവി ഭാഷയിലൂടെ എല്ലാം പറയാനാകില്ലെന്ന് വിശ്വസിക്കുകയാണോയെന്ന് സംശയിക്കണം. ഭാഷയ്ക്ക് ബദലായി മറ്റൊരു ഭാഷ തേടുകയുമാവാം

നടൻ

ഒരു ശബ്ദം കൊണ്ട് മഹാലോകം തീർത്ത ടി.എൻ .ഗോപിനാഥൻ നായരുടെ  മകൻ രവി വള്ളത്തോളിനെക്കുറിച്ച്  ജോൺ  സാമുവൽ ( മെട്രൊവാർത്ത ) ഉചിതമായി  എഴുതിയിരിക്കുന്നു. ഒരു നാടകത്തിൽ പെൺവേഷം കെട്ടിയതുകൊണ്ട് രവിയെ സംവിധായകരെല്ലാം ആ പ്രതിഛായയിൽ കണ്ടത് ശരിയായില്ല.രവിക്ക് സ്വയം ബ്രേക്ക് ചെയ്യാൻ പറ്റിയ വേഷങ്ങൾ കിട്ടിയാലലല്ലേ കഴിവു തെളിയിക്കാനാകൂ.

പ്രണയിക്കുന്നവരുടെ ഇരുട്ട്

'ഇരുട്ടിടങ്ങളിൽ വച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച് ' എന്ന പേരിൽ ആദി എഴുതിയ കവിത (ആത്മഓൺലൈൻ ,ഏപ്രിൽ 28 ) ആത്മഹത്യ ചെയ്ത കമിതാവിൻ്റെ സ്വയം പോസ്റ്റ്മോർട്ടമാണ്. ഇങ്ങനെ ഇരുട്ടു തപ്പി നടക്കുന്ന പ്രണയികൾ ഉണ്ടോ എന്നറിയില്ല. നൈറ്റ് ഡൂട്ടിക്കാരായിരിക്കും!.

ഈ കവിതയിൽ മനസ്സാണ് കീറി മുറിച്ചു നോക്കുന്നത്.
" പേരിട്ടൊരിക്കലും
വിളിക്കപ്പെടാത്ത
നമ്മുടെ പ്രണയത്തിൻ്റെ
പേരു കൂടിയായിരുന്നു
എൻ്റെ മരണം ".
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം:
''കഴുക്കോലിലെ ,
കെട്ടഴിച്ച് കിടത്തുമ്പോൾ ,
എൻ്റെ കഴുത്തിലെ
പൂക്കളുള്ള തുണിക്കീർ
നിന്നെ മുറിവേല്പിച്ചേക്കാം ,
വെളിച്ചം
ഇല്ലാത്തിടങ്ങളിൽ വച്ച്
മാത്രം നമ്മൾ
പ്രേമിച്ചിരുന്നവെന്ന്
നീ അപ്പോളെങ്കിലും
വിളിച്ചു പറയുമെന്ന്
ഞാൻ കിനാവു കാണും.
നിൻ്റെയന്നേരത്തെ
വിറയെയോർത്ത്
എനിക്കിപ്പോഴെ ചിരി വരുന്നു.
മരിച്ചവർ ചിരിക്കാൻ
പാടില്ലെന്നത് കൊണ്ടു മാത്രം
ഞാൻ കണ്ണും പൂട്ടി
ഇരുട്ടിനെ
കെട്ടിപ്പിടിച്ചുറങ്ങിപ്പോയി. "

ഇതും കൊറോണക്കാലത്തെ ഓർമ്മിപ്പിച്ചു. ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്ക് അധികം പേരില്ലല്ലോ. ആത്മഹത്യ ചെയ്തവരെ എടുത്തു കിടത്തുമ്പോൾ പ്രത്യേകിച്ചും .പ്രേമിച്ചു പരാജയപ്പെട്ടവൻ ആത്മഹത്യ ചെയ്യുന്നത് ,ആസിഡ് പ്രേമങ്ങളുടെ കാലത്ത് ,പുതിയൊരു അമ്ളരൂക്ഷമായ റിവേഴ്സ്  ഗിയറാണ്.അതുകൊണ്ട് ,ലോക്ക് ഡൗൺ കാലത്ത് ചത്തവന് കുറേക്കൂടി ഇടം കിട്ടുകയാണ്, തൻ്റെ കാമുകിയെക്കുറിച്ചോർക്കാൻ .അധികമാരും അടുത്തില്ല എന്ന് അവനു സമാശ്വസിക്കാം. ആരാണ് ഈ കമിതാവിനെ കൊന്നത്‌ ? പ്രേമം എന്ന സാമൂഹ്യ നിർമ്മിതിയെ കണ്ടു പിടിച്ച ,നിലനിർത്തുന്ന സാമൂഹ്യ വ്യവസ്ഥ തന്നെ .

വാത്മീകി ശപിച്ചത്   കാട്ടാളനെ ആയിരുന്നെങ്കിലും അത് സമൂഹത്തിനു നേർക്കുള്ളതാണ്. കാമമോഹിതനായിരിക്കുന്നതിനെ കൊല്ലുന്നതിൽ സമൂഹത്തിനെന്നും ഉത്സാഹമാണ്. അസൂയയാണ് ഇതിനു കാരണം.കാമമോഹിതനായ ക്രൗഞ്ചപ്പക്ഷിയെ കൊന്ന കാട്ടാളൻ ഗതിപിടിക്കാതെ പോകട്ടെ എന്ന വാത്മീകീ ശാപം ഇന്ത്യയിൽ എപ്പോഴും മുഴങ്ങുകയാണ്.

ഇസ്ളാമോഫോബിയ കഥകൾ ആപത്ത്

രാജ്യത്ത് ഇസ്ളാമിനെ മറ്റുള്ളവർ പേടിക്കുന്നു (ഇസ്ളാമോഫോബിയ) എന്ന ആശയം കഥകളിൽ പ്രചരിപ്പിക്കാൻ ചില എഴുത്തുകാർ മുന്നോട്ടു വരുന്നത് ആപത്തിൻ്റെ സൂചനയായി കാണാവുന്നതാണ്. ബോധപൂർവ്വം മതദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കയാണ്. ചിലർ ഇതിനു പിന്നിൽ സംഘടിതമായി ചിന്തിക്കുന്നു എന്ന് പറയുന്നത്   ഇത്തരം കഥകൾ ഇപ്പോൾ ചിലയിടങ്ങളിൽ മുടങ്ങാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു കൊണ്ടാണ്.

ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വായനക്കാരെ ഗിനിപ്പന്നികളാക്കരുത്. മരുന്ന് മനുഷ്യരിൽ കുത്തിവയ്ക്കുന്നതിനു മുൻപ് ചില രാജ്യങ്ങളിൽ  പന്നികളിൽ പരീക്ഷിക്കാറുണ്ട്. അത്തരം പന്നികളെയാണ് ഗിനിപ്പന്നികൾ എന്ന് വിളിക്കുന്നത്.ഇവിടെ ചിലർ വായനക്കാരെ ഗിനിപ്പന്നികളാക്കുകയാണ്

No comments:

Post a Comment