Saturday, August 25, 2018
തയ്യൽ യന്ത്രം
എം.കെ.ഹരികുമാർ
ഔസേഫിന്റെ അപ്പൻ നേരത്തെ മരിച്ചതുകൊണ്ട്
അവനു സ്കൂൾ കാലം പൂർത്തിയാക്കാനായില്ല.
ദൂരെപ്പോകാൻ വണ്ടിക്കൂലിയില്ലാത്തതുകൊണ്ട്
അവൻ അടുത്തൊരു കടയിൽ സൂചി കോർത്ത് കോർത്ത്
തയ്യൽക്കാരനായി.
ഒന്നിനും പൈസ തികയാത്തതുകൊണ്ട്
അവന് ആരെയും പ്രേമിക്കാനായില്ല.
ഒരുവിധത്തിൽ ഒരു കുടുംബം ഒപ്പിച്ചെടുത്തതുകൊണ്ട്
കാമുകനാകാനും കഴിഞ്ഞില്ല.
കടത്തിൽ നിന്ന് മോചനം കിട്ടാത്തതുകൊണ്ട്
ഹിമാലയം കാണാനോ,ടൂർ പോകാനോ സാധിച്ചില്ല.
അവൻ ലോകത്തെ കണ്ടത് തയ്യൽ മെഷീന്റെ രൂപത്തിലാണ്.
ഏതു തുണി വച്ചുകൊടുത്താലും കോർത്ത് കേട്ടുന്ന
ആ യന്ത്രം അവന്റെ വിശ്വസ്തയായിരുന്നു.
ആ യന്ത്രത്തിന്റെ യുക്തിമാത്രമാണ്
അവനു ആശ്രയിക്കാനുണ്ടായിരുന്നത്.
ഏത് പാതിരാത്രിയിലും അത് അവനു വഴങ്ങി.
അതില്ലാത്ത ഒരു രാത്രിയെപ്പറ്റി അവനു ചിന്തിക്കാനേ കഴിഞ്ഞില്ല.
അവനു രതിയോ,സ്വപ്നമോ, സിനിമയോ ഇല്ലായിരുന്നു.
അവൻ ആ തയ്യൽയന്ത്രമായി പരിണമിച്ചിരുന്നു.
അവനെ കാണാൻ വന്നവരൊക്കെ
ആ മെഷീനെ കണ്ട്
തുന്നൽ എന്ന സംസാരദുഃഖം ഇറക്കിവച്ചു.
blog http://newsmk-harikumar.blogspot.com/
Subscribe to:
Posts (Atom)