Friday, September 11, 2020

അക്ഷരജാലകം/ ഹിംസാത്മക വിനോദം / എം.കെ.ഹരികുമാർ ,metrovartha ,Feb 23

 കൊച്ചു വീഡിയോ തുണ്ടുകളും സംഗീത ശകലങ്ങളും റിംഗ്ടോണുകളും ടെക്സ്റ്റ് മെസേജുകളം ഓഡിയോ കഷണങ്ങളും ഇന്നത്തെ ലോകത്തിനു ഒരു ബൃഹത് അനുഭവം തന്നെയാണ്.ഒരു നാടകമോ നൃത്തശില്പമോ സിനിമ പോലുമോ നൽകുന്ന ദീർഘിച്ച അനുഭവം സമകാലിക ലോകത്ത് ഒരു ഭാരം തന്നെയാണ്. അതുകൊണ്ടാണ് അതിനു തത്തുല്യമായ വൈകാരിക മൂർച്ചകൾക്കായി ചെറുതുകളെ തേടിപ്പോകുന്നത്.


വലിയ കാറുകൾക്കും വീടുകൾക്കും റോഡുകൾക്കും ബസുകൾക്കും ടി വികൾക്കും ബദലായി മനുഷ്യർ ചെറിയ ചെറിയ വിനോദങ്ങളുടെ ഉടമസ്ഥാവകാശം നേടാൻ സകല മൂല്യങ്ങളും വിസ്മരിക്കുകയാണ്.
ഇരുപത്തിനാലു മണിക്കൂറും സംപ്രേഷണവുമായി ആയിരക്കണക്കിനു ചാനലുകൾ വാർത്തകളും വിനോദപരിപാടികളും സംക്രമിപ്പിക്കുമ്പോൾ അതൊന്നും മതിയാവാതെ കാണികൾ വീഡിയോ തുണ്ടുകളിലേക്കും യു ട്യൂബ് ചാനലുകളിലേക്കും വെബ് സീരീസിലേക്കും കുതറിമാറുകയാണ്.

ഹിംസ

ഒന്നിലും തൃപ്തിവരാതെ വ്യക്തികൾ സ്വന്തം വിനോദങ്ങളെ ജീവിതത്തേക്കാൾ വലിയ അനുഭവമാക്കി നിർമ്മിച്ചെടുക്കുന്നു.വിനോദമല്ല, ഹിംസയുടെ നൂറുകൂട്ടം പ്രകടനങ്ങൾ ആവിഷ്കൃതമാവുകയാണ്. ആത്മാവിഷ്കാരമാണ് സാഹിത്യമെന്നൊക്കെ പണ്ട് സാമാന്യമായി പറയുമായിരുന്നു. ഇന്ന് അതൊക്കെ പഠിച്ച് കഴിഞ്ഞ പുസ്തകങ്ങൾ കെട്ടിവച്ചിരിക്കുന്നതിനിടയിലാണുള്ളത്.
വിനോദവും ഹിംസയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായിരിക്കുന്നു. ഒരാൾ നിലവിലുള്ള മറ്റ് സ്പോൺസേർഡ് വിനോദങ്ങൾ കൊണ്ട് തൃപ്തിവരാതെ സ്വന്തം നിലയിൽ വിനാശകരമായ ഹിംസാത്മക ഉദ്യമങ്ങളിലേക്ക് ഇറങ്ങി പുറപ്പെടുകയാണ്. അധികമായി പ്രവഹിക്കുന്ന ദൃശ്യങ്ങളും കാണി തന്നെ കലാകാരനും എഡിറ്ററും  ഉപഭോക്താവും ആയിരിക്കുന്നതിലെ വേഗതയും മനുഷ്യനെ ആന്തരികമായി ശൂന്യതയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഭൗതികമായ ലോകത്ത് മൂല്യത്തിന്റെ മേൽ ആധിപത്യം നിലനിർത്താൻ കഴിയാത്തതിന്റെ പരാജയബോധവും നിരാശയുമാണ് മനുഷ്യനെ തകർക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ നളചരിതം ആട്ടക്കഥ ആസ്വദിക്കുകയോ വായിച്ച് രസിക്കുകയോ ചെയ്താൽ ഒരു മൂല്യത്തിന്മേൽ ഉറപ്പോടെ ,അത്മവിശ്വാസത്തോടെ രമിച്ച് കഴിയാമായിരുന്നു.പണ്ട് സ്കൂൾ അദ്ധ്യാപകരും കഥകളി കലാകാരന്മാരും പ്രേക്ഷകരുമെല്ലാം ഇങ്ങനെയൊരു ഉറപ്പിൽ ജീവിത കാലമത്രയും സാഹിത്യകലയുടെ മൂല്യത്തിൽ തങ്ങൾക്കുള്ള ആധിപത്യം ഒരിക്കലും അവസാനിക്കില്ല എന്ന് വിശ്വസിച്ച് ശുഭാപ്തിബോധത്തോടെയാണ് കഴിഞ്ഞത്. ഇപ്പോൾ അതാണ് കടപുഴകി വീണത്.

ഇന്നത്തെ പരാജയബോധം ഹിംസാത്മക വിനോദമായി രൂപാന്തരപ്പെടുകയാണ്. കൊന്നും തകർത്തും പീഡിപ്പിച്ചും വിനോദം നേടാനുള്ള നെട്ടോട്ടം വ്യാപിക്കുകയാണ്. ഇതാകട്ടെ ഇരുപത്തിനാലു മണിക്കൂർ ചാനലുകൾക്ക് നൽകാൻ കഴിയാത്ത 'പാക്കേജാ'ണ്. മൂന്ന് ഉദാഹരണങ്ങൾ നിരത്താം. ഒന്ന്, ഒരു വാട്സ് ആപ്പ് വീഡിയോയാണ്.അതിൽ ഒരു ചെറുപ്പക്കാരൻ ഒരു ഫുഡ് കോർട്ടിൽ വന്ന് ചെയ്യുന്ന ലൈവ് പ്രകടനമാണ്. അയാൾ  ഒരു വലിയ ഗ്ളാസ് ജാർ തുറന്ന് അതിൽ നിന്ന് ജീവനുള്ള ഒരു വലിയ തവളയെ പുറത്തെടുക്കുന്നു. എന്നിട്ട് അതിനെ വലത് കൈ കൊണ്ട് ഉയർത്തിപ്പിടിച്ച്, വാ പിളർത്തി താടിയിൽ കടിച്ച് താഴോട്ട് വലിച്ച് ജീവനോടെ രണ്ടായി പിളർത്തുന്നു. അവിടെ തീരുന്നില്ല. അയാൾ ആ തവളയുടെ ആന്തരികാവയവങ്ങൾ ഒന്നൊന്നായി പരസ്യമായി ഭക്ഷിക്കുന്നു. ഇന്ന്
വിനോദമാണിത് !

രണ്ടാമത്തെ സംഭവം ഏതാനും ആഴ്ചകൾക്ക് മുൻപ് ന്യൂസിലൻഡിൽ ഒരു സൈനികൻ  സാധാരണക്കാരെ വെടിവച്ച് വീഴ്ത്തിയതാണ്.അയാൾ താൻ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ, നഷ്ടപ്പെടാതിരിക്കാൻ ,ലൈവായി എടുത്ത് അയയ്ക്കുന്നുണ്ടായിരുന്നു. അയാൾ എന്തിനാണ് അത് ചെയ്തത് ?പക തീർത്തതല്ല. അപാരമായ ഹിംസാത്മക വിനോദലഹരിയാണിത്. ഇങ്ങനെ എന്തെങ്കിലും ചെയ്താലെ അയാൾക്ക് നിലനിൽക്കാനാകൂ.
മൂന്നാമത്തെ സംഭവം, കാമുകന്റെ കൂടെ പോകാൻ വേണ്ടി ഒന്നര വയസുള്ള തന്റെ മകനെ ഒരു വീട്ടമ്മ കടലോരത്തെ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു കൊന്നതാണ്.ഇത് നമ്മുടെ നാട്ടിലാണ് നടന്നത്. അവൾക്ക് കുഞ്ഞിനെ കൊല്ലാതിരിക്കാനാവില്ല.കാരണം കാമുകന്റെ രൂപത്തിൽ സ്വർഗം വിളിക്കുകയാണ്. പ്രണയവും രതിയുമാണ് ആ സ്വർഗ്ഗങ്ങൾ. അത് പിന്നീട് കിട്ടില്ല എന്ന് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നു. ജീവിതത്തേക്കാൾ വലുതാണത്. അവൾ നളചരിതം വായിച്ച് തന്റെ പ്രണയബോധത്തെ സഫലീകരിക്കാൻ കൂട്ടാക്കാത്ത പുതിയ വിനോദ വ്യക്തിത്വമാണ്. അവളെ സാരോപദേശകഥകൾ സ്വാധീനിച്ചിട്ടില്ല.

വിനോദമില്ലെങ്കിൽ മരണം

ഈ വിനോദവും ഹിംസയും  പുതിയൊരു മനുഷ്യനെയാണ് സൃഷ്ടിക്കുന്നത്. പൂർവ്വകാലങ്ങളെ പാടെ മറന്ന, അവനവന്റെ മിഥ്യകളെ എല്ലാറ്റിലും വലുതായി  ആഘോഷിക്കുന്ന ,നൈമിഷിക സ്വർഗ്ഗങ്ങൾക്കായി ഏതറ്റം വരെയും പോകുന്ന 'മാനവികത'യാണിത്. ഇത് പ്രകൃതിയെ പരിഗണിക്കുന്നേയില്ല. വിനോദമില്ലെങ്കിൽ ,ഹിംസിക്കാനായില്ലെങ്കിൽ മരിക്കുന്നതാണ് നല്ലതെന്ന്‌ കരുതുന്നവരുണ്ട്.

ക്രൂരതയാണ് പുതിയ വിനോദമായി മാറുന്നത്.അങ്ങനെ ബന്ധങ്ങൾ ഇല്ലാതാവുന്നു. ഇവിടെയാണ് ബയോടെക്നോളജിയും നിർമ്മിത ബുദ്ധിയും മനുഷ്യന്റെ അതിർത്തികളെ മാറ്റി വരയ്ക്കുന്നത്.നിർമ്മിതി ബുദ്ധി നമ്മെ പല രീതിയിൽ സഹായിക്കും. അതോടൊപ്പം അത് നമ്മെ ചുമതലകളിൽ നിന്ന് ഒഴിവാക്കിത്തരുകയും ചെയ്യും. ഇപ്പോൾ തന്നെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗമായി കോൾ സെന്ററുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവരുടെ സംസാരഭാഷ തന്നെ മറ്റൊരു സoവേദനമാണ് പകരുന്നത്. അവർ ഏത് വ്യക്തിയോട് സംസാരിക്കുന്നു എന്നതിനു പ്രസക്തിയില്ല. നിർമ്മിത ബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന യഥാർത്ഥ മനുഷ്യരുണ്ടെങ്കിൽ അത് ഇങ്ങനെയായിരിക്കും. നേരത്തേ തന്നെ ഉപഭോക്താവിനെ അവർ വി.ഐ.പി യായി നിശ്ചയിച്ചു കഴിഞ്ഞ പോലെയാണ്. എന്നാൽ നമ്മുടെ വേവലാതികളോട് മനുഷ്യ സഹജമായ അലിവോ, ശ്രദ്ധയോ ഇല്ല. നമുക്ക് അവരെ സ്വാധീനിക്കാനാവില്ല.അവർ നേരത്തേ പ്രോഗ്രാം ചെയ്ത് വച്ച സോഫ്റ്റ് വെയറിനെയാണ് ഓർമ്മിപ്പിക്കുന്നത്.

പ്രമുഖ ചരിത്രകാരനും ചിന്തകനുമായ നോവാ ഹരാരി അടുത്തിടെ അറ്റ്ലാന്റിസിൽ എഴുതിയ 'വൈ ടെക്നോളജി ഫേവേഴ്സ് ടിറന്നി' എന്ന ലേഖനത്തിൽ മനുഷ്യന്റെ സ്വകാര്യത യോ രഹസ്യമോ ഭഞ്ജിക്കപ്പെടുന്നത് മറ്റൊരു രാജ്യത്തിലെ ഒരു കേന്ദ്രത്തിലാണെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിക്കുന്നുണ്ട്. അമേരിക്കയിലെ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ,തത്സമയം ബീജിംഗിലെ ഒരു കേന്ദ്രത്തിലിരുന്ന് ഭാവിയിൽ നിരീക്ഷിച്ചേക്കാമെന്ന് ഹരാരി പറയുന്നത് അതിശയോക്തിയോടെ കാണേണ്ടതില്ല. അങ്ങനെ സംഭവിച്ചാൽ രാജ്യങ്ങൾക്ക് അവരുടെ പൗരന്മാരുടെ മേലുള്ള കരുതലും അധികാരവും പഴങ്കഥയാവും. അതുകൊണ്ടാണ് കുടുംബം ,പണം, മതം, രാജ്യം എന്നിവയ്ക്കെല്ലാം മാറ്റം സംഭവിക്കാമെന്ന് ഹരാരി മുന്നറിയിപ്പു നൽകുന്നത്.

എല്ലാം മാറുകയാണ്. ഇപ്പോൾ നാം അനുഭവിക്കുന്ന സ്ഥാപനപരമായ സൗകര്യങ്ങളെല്ലാം മാറ്റത്തിന്റെ ഫലമായുണ്ടായതാണല്ലോ.കുടുബം, പണം തുടങ്ങിയവ ഇങ്ങനെ മാറി വന്നതാണ്.


വാക്കുകൾ

1) സോഷ്യലിസത്തിന്റെ പ്രവർത്തനം യാതനകളെ വല്ലാതെ വർദ്ധിപ്പിക്കുക എന്നതാണ്.
നോർമൻ മേയ്ലർ,
അമേരിക്കൻ എഴുത്തുകാരൻ

2) പാരീസിൽ എല്ലാം വില്പനയ്ക്ക് വച്ചിരിക്കുകയാണ്: ബുദ്ധിയുള്ള കന്യകമാർ, സത്യം,നുണ, കണ്ണുനീർ, പുഞ്ചിരി.
എമിലി സോള,
ഫ്രഞ്ച് എഴുത്തുകാരൻ

3) സ്കൂൾ ആധുനികവൽക്കരിക്കപ്പെട്ട മലയാളിയുടെ ലോക മതമായിതീർന്നിരിക്കുന്നു. സാങ്കേതിക യുഗത്തിലെ പാവപ്പെട്ടവർക്ക് അത് അർത്ഥശൂന്യമായ മോഹവാഗ്ദാനങ്ങൾ നൽകുകയാണ്.
ഇവാൻ ഇല്ലിച്ച്,
ഓസ്ട്രിയൻ തത്ത്വജ്ഞാനി 

4) ഭാഷയെ ഭാഷാശാസ്ത്രപരമായ പ്രക്രിയയായിട്ടല്ല, ഒരു ജീവനുള്ള വസ്തുവായി കാണുന്നവരാണ് യഥാർത്ഥ എഴുത്തുകാർ.
ഡെറക് വാൽക്കോട്ട്,
സെന്റ് ലൂസിയൻ കവി.

5) ചരിത്രത്തിലെ പാഠങ്ങളിലൊന്ന് ഇതാണ്: ദൈവങ്ങൾക്ക് പല ഭാഷകളിൽ നിശ്ശബ്ദരായിരിക്കാൻ കഴിയുന്നു.
വിൽ ഡുറാന്റ് ,
അമേരിക്കൻ ചരിത്രകാരൻ.

കാലമുദ്രകൾ

1) എം.ജി.സോമൻ

സിനിമയിൽ നിഷേധഭാവനകളെ പ്രതീകവത്കരിച്ച എം.ജി.സോമൻ വന്ന കാലഘട്ടം സവിശേഷമായിരുന്നു. അന്ന് ദേവരാജൻ ,സലിൽ ചൗധരി, കെ.എസ്.സേതുമാധവൻ ,ഐ.വി.ശശി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

2) രാമു കാര്യാട്ട്

ചലച്ചിത്രകാരന് നാടകീയത ഒഴിവാക്കാനാവില്ല എന്ന് വിശ്വസിച്ച കാര്യാട്ട് അതിനായി സംഗീതത്തെ പൂർണമായി ആശ്രയിച്ചു.

3)ഭരതൻ

ഒരു പെണ്ണിന്റെ കണ്ഠത്തിലെ മറുകിനെ ഒരു രതിരഹസ്യമായി ഭാവന ചെയ്ത ഭരതൻ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെ കലാപരമായി സ്ക്രീനിലെത്തിച്ചു.

4)കേശവദേവ്

സാമൂഹ്യ അനാചാരങ്ങൾ കണ്ട് സഹികെട്ട് കേശവദേവ് അത്തരക്കാരുടെ വീടുകളിലേക്ക് ക്ഷോഭത്തോടെ  കയറിച്ചെല്ലുമായിരുന്നു.

5)വിക്ടർ ലീനസ്

മനസ്സ് സ്വന്തം സഞ്ചാരപഥങ്ങൾ തിരയുന്ന പോലെ ,അത്മാവിലേക്ക് സദാസമയം ചെവിയോർത്ത് നടന്ന് കഥയെഴുതിയ വിക്ടർ ലീനസ് ആത്മാർത്ഥത എന്ന ഗുണം അവശേഷിപ്പിച്ചു.

ദർശനം

1) ഭയം
വല്ലാത്ത  ജീവിതപ്രേമമുള്ളപ്പോൾ അൽപം ഭയം തോന്നുന്നത് ദൈവത്തിനിഷ്ടമാണ്.

2 ) എഴുത്ത്
ഒരു മൂല്യവുമില്ലാത്ത ലോകത്ത്  മൂല്യം കണ്ടെത്തുക എന്നത് എഴുത്തുകാരന്റെ വിധിയാണ്.

3) പ്രണയം
പ്രണയം ഒഴിഞ്ഞ മനസ്സ് അവനവന്റെ നിസ്സഹായമായ കൂടാരമാണ്.

4) കല
ഒരു വസ്തുവിനെ അയഥാർത്ഥമാക്കുന്നതാണ് കല. ഒരു പന്നിയെ യഥാർത്ഥമായി വരച്ചാൽ ഫോട്ടോഗ്രാഫിയാണ്.അതിനെ അയഥാർത്ഥമായി വരയ്ക്കുന്നത് എങ്ങനെയാണെന്ന് പഠിക്കുന്നതിലാണ് കലയുള്ളത്.

5) സാഹിത്യക്യതി

സാഹിത്യകൃതി ആരുടേതുമല്ല. അത് എണ്ണമറ്റ വായനകളിലൂടെ മറ്റൊന്നാകുകയാണ് ചെയ്യുന്നത്.

ആനുകാലികം

പി.ആർ.രതീഷിന്റെ ' നട്ടുച്ചയുടെ വിലാസം' എന്ന സമാഹാരത്തിലെ 'പോക്ക്' എന്ന കവിത ഒരു കവിയുടെ എക്കാലത്തെയും സ്വപ്നവും തിരച്ചിലും അവിഷ്കരിക്കുന്നു:
''സ്വപ്നത്തിൽ 
ഓർമ്മയുടെ ചോരകൊണ്ട്
ഞാനെഴുതിക്കൊണ്ടേയിരിക്കും.
എന്റെ വഴി എന്റേതാകും വരെ."

ബി. ഷിഹാബിന്റെ 'ഇരുകണ്ണന്റെ  വ്യഥകൾ ' (കലാകൗമുദി) സമകാലീന ദുര്യോഗങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
" ദയാവധം കാത്തു കിടക്കുന്നു
പുകൾപെറ്റ ധർമ്മാശുപത്രികൾ "
എന്ന് എഴുതുമ്പോൾ ധർമ്മം ഒരു സമസ്യയാകുന്നത് നാമറിയുന്നു.

സന്തോഷ് പാലായുടെ 'കാറ്റു വീശുന്നിടം' (ലോഗോസ് ) എന്ന സമാഹാരത്തിലെ കവിതകൾ പുതിയൊരു രസതന്ത്രമാണ്. നാട്ടുകാഴ്ചകളെ കവി തന്റെ ജീവചരിത്രമാക്കുന്നു. 'കുത്തേറ്റു മരിച്ചവർ ' എന്ന കവിതയിലും അതു കാണാം:
"കുത്തേറ്റു മരിച്ചവർ
പള്ളി പ്രദക്ഷിണത്തിന്റെ മുന്നിലുണ്ടത്രേ.
പറയ്ക്കെഴുന്നള്ളിപ്പിനു വന്നു വണങ്ങുമത്രേ.
പാതിര കഴിഞ്ഞാൽ കലുങ്കുമ്മേൽ ഒത്തുകൂടുമത്രേ.
പഴയ ചീട്ടുകളിസ്ഥലത്ത് പന്തയത്തുക പകുക്കുമത്രേ."

ഓർമ്മ

കഥാകൃത്ത് എം.ജി.രാധാകൃഷ്ണൻ ഒരു അഭിമുഖത്തിൽ (മാതൃഭൂമി മുംബൈ) പറഞ്ഞത് നമുക്ക് ശരിയായ വിദ്യാഭ്യാസം ഇല്ല എന്നാണ്‌. ഭാഷയുടെ ശവമടക്ക് നടക്കുകയാണെന്ന് അദ്ദേഹം ദു:ഖത്തോടെയും ക്ഷോഭത്തോടെയും പറഞ്ഞു. യഥാർത്ഥത്തിൽ ഇതിനൊപ്പം അഭിരുചികളുടെ നാശവും സംഭവിക്കുകയാണ്. മഹാസാഹിത്യ തത്ത്വചിന്തകനും വിമർശക പ്രതിഭയുമായിരുന്ന കൃഷ്ണചൈതന്യയെ ഇപ്പോൾ മലയാളം സമ്പൂർണമായി മറന്നത് ഉദാഹരണം. അമ്പത് വയസ്സിലെത്തിയവർക്ക് ഓർമ്മകളുമായി താദാത്മ്യം പ്രാപിക്കാൻ സാധ്യമല്ലാത്ത വിധം ലോകം മാറുകയാണ്. ഇന്നലെകളെ അപരിചിതമാക്കിയിരിക്കുന്നു .

പ്രേം നസീറിന്റെ വ്യക്തിസംസ്കാരത്തെക്കുറിച്ച് മാടവന ബാലകൃഷ്ണപിള്ള എഴുതിയ ലേഖനം (മെട്രോവാർത്ത) ആത്മാർത്ഥമായ ഒരോർമ്മ പുതുക്കലായി.നസീറിന്റെ രൂപത്തിലും ശരീരഭാഷയിലും ആ നൈർമ്മല്യം അടങ്ങിയിട്ടുണ്ട്. എനിക്കു തോന്നുന്നത് ഒരാളുടെ മഹത്വത്തിന്റെ ആശ്ചര്യകരമായ അടയാളങ്ങൾ അയാളുടെ ശരീരത്തിൽ നിന്ന്, ചലനങ്ങളിൽ നിന്ന് ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ലെന്നാണ്.ഒരു കവർ പൊട്ടിച്ച് അതിൽ നിന്ന് കത്ത്  എടുത്ത് വായിക്കുന്നതിൽപ്പോലും ഒരു വ്യക്തിയുടെ സമ്പൂർണമായ മഹത്വം ശ്രദ്ധയുള്ളവർക്ക് കാണാനാകും.

പത്രം വായിക്കുന്നവനെ വൈകാരികമായി സ്വാധീനിക്കാൻ കഴിയുന്ന ശൈലിയാണ് അന്തരിച്ച  കലാകൗമുദി പത്രാധിപരും കേരളകൗമുദി മുൻ ചീഫ് എഡിറ്റുറുമായ  എം.എസ്.മണി ( മണിസാർ ) യെ ശ്രദ്ധേയനാക്കുന്നത്. (മണിസാറിനെക്കുറിച്ച് എം.ബി.സന്തോഷിന്റെ ലേഖനം മെട്രോ വാർത്തയിൽ ) .
തന്റെ നിലപാടുകൾക്ക് വേണ്ടി എല്ലാ മാമൂലുകളെയും അദ്ദേഹം മറികടന്നു. എഡിറ്റോറിയൽ എഴുതാതെ ഒഴിച്ചിട്ടും മാസ്റ്റ്ഹെഡ് (മുൻ പേജിന്റെ മുകളിൽ പത്രത്തിന്റെ പേര് ) താഴേക്ക് ഇറക്കിവച്ച് അച്ചടിച്ചും അദ്ദേഹം കലഹിച്ചു.അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഒരു ദളിതനെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കാൻ എഡിറ്റോറിയൽ എഴുതിയതും അത് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി   വി.പി.സിംഗിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതുമാണ്.കെ.ആർ.നാരായണനായിരുന്നു ആ ഉപരാഷ്ട്രപതി.

സ്വാമി ജോൺ സ്പിയേഴ്സ് നടരാജഗുരുവിനെക്കുറിച്ച് എഴുതിയ 'ദ് ബെർത്ത് ഓഫ് എ ഗുരു' എന്ന ലേഖനം മലയാളത്തിലേക്ക് നന്നായി പരിഭാഷപ്പെടുത്തിയിരിക്കയാണ് പി.ആർ.ശ്രീകുമാർ (മലയാളം). സ്വന്തം ഉണ്മയെയും വ്യക്തിത്വത്തെയും ഉൽകൃഷ്ടമായ മറ്റൊന്നിനു വേണ്ടി ഉപേക്ഷിച്ച മഹാനുഭാവനാണ് നടരാജഗുരുവെന്ന് ജോൺ സ്പിയേഴ്സ് സ്വാമി കണ്ടെത്തുന്നു.

കഥ
പോയവാരത്തിൽ വായിച്ച കഥകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് മാനസി യുടെ 'രാജകുമാരിയുടെ വാൾ ' (പൂർണശ്രീ) ,ഇ.പി.ശ്രീകുമാറിന്റെ 'പൊന്നരിപ്പ്' (മാധ്യമം) എന്നിവയാണ്. മാനസി ഒരു ഭാര്യയുടെ മനസ്സിലേക്ക് അവളുടെ അബോധത്തിലൂടെ കടന്നു കയറുകയാണ്. ഭർത്താവ് ഒരു ശിക്ഷ കബിംബമായി പല സ്ത്രീകളുടെയും മനസ്സിലുണ്ട്. ആ ധാരണ അവൾ നിർമ്മിച്ചതല്ല;ഓരോ കാലത്തെയും സമൂഹങ്ങൾ നിർമ്മിച്ചതാണ്.അങ്ങനെയേ ചിന്തിക്കാനൊക്കൂ. ഭർത്താവ് ഏറ്റവും അശിക്ഷിതനായ ഒരാളായിരിക്കും. കാരണം ഒരിക്കൽ പോലും ഒരു പുരുഷൻ മുൻകൂട്ടി ഭർത്താവായി പരിശീലിക്കുകയില്ല.എന്നാൽ ഒരു പെണ്ണിനു  അവളുടെ കൗമാരകാലം മുതൽ ഒരു ഭാര്യയാകേണ്ടതിനെക്കുറിച്ചും അമ്മയാകേണ്ടതിനെക്കുറിച്ചും ചിന്തിക്കേണ്ടി വരും; മാനസികമായി പരിശീലിക്കേണ്ടി വരും.ഇത് സമൂഹത്തിന്റെ നിർമ്മിതിയാണ്.

ശ്രീകുമാറിന്റെ കഥ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വികസനത്താൽ നശിപ്പിക്കപ്പെടുന്ന ഗ്രാമത്തിന്റെ നിലവിളികളെ കേന്ദ്രീകരിക്കുന്നതുമാണ്.

അനുഭവം

1) ഒരു കാലത്ത് സജീവമായി എഴുതിയിരുന്ന മുഹമ്മദ് റോഷൻ ഇനിയെങ്കിലും മൗനം വെടിയണം.
2) രഘുനാഥ് പലേരി കഥ വിട്ട് സിനിമയിലേക്ക് പോയത് സാഹിത്യത്തിനു നഷ്ടമാണ്.
3) 'സന്താലഹേര ' എന്ന വ്യത്യസ്ത കൃതിക്കു ശേഷം ജയപ്രകാശ് അങ്കമാലിയെക്കുറിച്ച് ഒരു വിവരവുമില്ല.
4) അഗസ്ത്യൻ ജോസഫ് കവിതകളുടെ ഒരു ബൃഹത് ശേഖരവുമായി ആർക്കും പിടികൊടുക്കാതെ ജീവിക്കുകയാണ്.
5) കഥാകൃത്ത് സമദ് പനയപ്പള്ളി ദീർഘകാലത്തെ അനുഭവങ്ങളുമായി കൊച്ചിയിൽ താമസിക്കുന്നു. എന്നാൽ അദ്ദേഹം ഒരു ക്ലിക്കിലുമില്ല.
6) നൂറ്റാണ്ടിലെ മഹാകവിയായ എ.അയ്യപ്പനു സ്മാരകമില്ലെന്നോ?ജീവിതത്തിൽ ബ്യൂറോക്രസിയിൽ നിന്ന് അകന്നു നിന്ന അദ്ദേഹത്തിനു സ്മാരകം ഉണ്ടാക്കാതെ വായനക്കാർ ഒത്തുകളിച്ചാലും ആ കവിതകൾക്കൊന്നും സംഭവിക്കയില്ല.
7) കലാകൗമുദിയുടെ പത്രാധിപ സമിതിയിലുണ്ടായിരുന്ന ഇ.വി.ശ്രീധരനെ പലരും തെറ്റിദ്ധരിച്ചു. അവിടെ കഥ പ്രസിദ്ധപ്പെടുത്താൻ സാധിക്കാത്തവരൊക്കെ വിശ്വസിച്ചു, അതിനു പിന്നിൽ ശ്രീധരനാണെന്ന്!
8) ചരിത്ര നോവലുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയ കല്പറ്റ ബാലകൃഷ്ണനെ പുത്തൻകൂറ്റ് എഡിറ്റർമാർക്ക് അറിയില്ലെന്ന് തോന്നുന്നു.
9) മലയാളത്തിലെ സിനിമാരംഗത്ത് പൊളിച്ചെഴുത്ത് സാധ്യമാക്കിയ 2010 - 2020 കാലഘട്ടത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ  വിശദമായ പഠനങ്ങളും സൈദ്ധാന്തിക ചർച്ചകളും  ഇനിയും ആരംഭിച്ചിട്ടില്ല.
10) 'ഓം ശാന്തി ഓശാന ' (സംവിധാനം: ജൂഡ് ആന്റണി ജോസഫ്, തിരക്കഥ: മിഥുൻ മാനുവൽ തോമസ് ,ജൂഡ് ആൻറണി ജോസഫ്))എന്ന സിനിമയുടെ സ്ക്രിപ്റ്റ് തനിക്ക് എഴുതാനാവില്ലെന്ന് അതിൽ  അഭിനയിച്ച ശേഷം രൺജി പണിക്കർ പറഞ്ഞത് എഴുത്തിലും അവതരണത്തിലുമുള്ള പുതിയ സമീപനങ്ങൾ അറിഞ്ഞുകൊണ്ടാണ് .
11) എം.ശശികുമാറിന്റെ  സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമ (2008)യെക്കുറിച്ച് എസ്.ഭാസുരചന്ദ്രൻ എഴുതിയ വ്യത്യസ്തമായ  കുറിപ്പ് ഓർമ്മയിലുണ്ട്.പുതിയ സിനിമയുടെ പ്രതിപാദനത്തെക്കുറിച്ച് ജോൺ സാമുവൽ, എം.സി.രാജനാരായണൻ, സാബു ശങ്കർ, ആർട്ടിസ്റ്റ് ഗായത്രി എന്നിവർ എഴുതണം.

കസൻദ്സാക്കിസും ക്രിസ്തുവും

നോബൽ സമ്മാനം കിട്ടിയ പലരും സ്വയം ലജ്ജിച്ചിട്ടുള്ളത് ഗ്രീക്ക് എഴുത്തുകാരനായ നികോസ് കസൻ ദ്സാക്കിസിനു അത് കിട്ടിയില്ല എന്നോർക്കുമ്പോഴാണ്. ആ സമ്മാനം ലഭിച്ച പലരും കസൻദ്സാക്കിസിനെ അപേക്ഷിച്ച് ഒന്നുമല്ല എന്ന് ആരും സമ്മതിക്കും.
ഉന്നതമായ ആശയങ്ങളും ചിന്താ പ്രശ്നങ്ങളും അവതരിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം.ക്രിസ്തുവായിരുന്നു ,അദ്ദേഹത്തിന്റെ ആധി. അത് ഒരു ആരായലും വെളിപാടുമായിരുന്നു. 'ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന നോവലിൽ ഒരു കഥാപാത്രമായ ഗ്രിഗോറിയസ് ഒരു പോപ്പാണ്. പക്ഷേ അയാൾ പെട്ടെന്ന് കോപിക്കുകയും വയറുനിറയെ ആഹാരം കഴിക്കുകയും ചെയ്യുന്നവനാണ്. അതേസമയം മഹാശക്തിമാനും വിചാരജീവിയുമാണ്.അദ്ദേഹം ജനങ്ങളോട് ഇങ്ങനെ പറഞ്ഞു :ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. പക്ഷേ, അദ്ദേഹം നമ്മുടെ മജ്ജയ്ക്കും മാംസത്തിനുമിടയിൽ ക്രൂശിക്കപ്പെട്ടിരിക്കയാണ്. അദ്ദേഹം നമ്മളിൽക്കൂടിയാണ് ഇനി ഉയിർത്തുവരേണ്ടതെന്ന കാര്യം ഓർത്തിരിക്കുക ". 
എത്ര അഗാധമായ വാക്യങ്ങൾ ! ഇത് കസൻദ്സാക്കിസിനു മാത്രം എഴുതാൻ കഴിയുന്നതാണ്. ഇതു പോലെ യാഥാർത്ഥ്യത്തിന്റെ കരിമ്പാറക്കെട്ട് പിളർന്ന് ഉള്ളിലേക്ക് കയറി  അജ്ഞാതമായ മനുഷ്യാവസ്ഥയെ അനുഭവിപ്പിക്കുമ്പോഴാണ് സാഹിത്യ മുണ്ടാകുന്നത്.

മറ്റൊരിടത്ത് പ്രധാന കഥാപാത്രമായ മനോലിയോസ് യേശുവിന്റെ അന്തരംഗ സംസ്കാരത്തെ തേടുന്നു. യേശു എത്ര അകലെയാണെന്ന് അത് പറഞ്ഞു തരും. യേശുവിന്റെ ആന്തരിക സംസ്കാരം ത്യാഗവും നീതിയും അഹിംസയും സഹനവും ചേർന്നതാണ്.ധനം മനഷ്യന്റെ ഭാരം വർധിപ്പിക്കുകയേയുള്ളു എന്ന് മനോ ലിയോസ് ഈ നോവലിൽ പറയുന്നത് യേശു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് ഓർമ്മിപ്പിച്ചു കൊണ്ടാണ്.ഒരു സമ്പന്നന് സ്വർഗരാജ്യത്ത് കടക്കാനാവുന്നതിനേക്കാൾ എളുപ്പത്തിൽ ഒരു ഒട്ടകത്തിനു സൂചിക്കഴയിൽ കൂടി കടന്നു പോകാനാവുമെന്ന് ! അതായത് ഒരിക്കലും സാധിക്കില്ലെന്ന് .ഈ സ്വർഗ്ഗരാജ്യം യേശു വിഭാവന ചെയ്ത മഹത്തായ ജീവിതമാണ്; സഹനത്തിന്റെയും നീതിയുടെയും സ്വർഗ്ഗം .
മനോലിയോസ് തന്റെ പർവ്വത മേഖലയോട് വിട പറയുന്ന ഭാഗത്ത് ജീവിതദുരിതങ്ങളുടെ മുകളിൽ ,മറ്റൊരു വിതാനത്തിൽ, ദിവ്യമായ ഒരു ആനന്ദമേഖലയുണ്ടെന്നും താൻ അതുമായി സമ്പർക്കത്തിലാണെന്നും അതിന്റെ ഫലമായി ദൈവവുമായി നേർക്കുനേർ വരാൻ കഴിഞ്ഞെന്നും അത്മഗതം ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്.
എഴുത്തുകാരൻ വെറും സ്വപ്ന വ്യാപാരിയാകരുതെന്ന് കസൻദ്സാക്കിസ് പറയുന്നുണ്ട്. അവൻ സ്വന്തം കാലത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണം.അതിന്റെ യാതനയും ദുഃഖവും ഉൾക്കൊള്ളണം. മനുഷ്യന്റെ വിധിയുടെ ഭാരം പരമാവധി ലഘൂകരിക്കാൻ അവൻ തന്നാലാവതെല്ലാം ചെയ്യേണ്ടവനാണ്. അദ്ദേഹം എഴുതുന്നു: ''ആധുനിക കാലത്തെ എഴുത്തുകാരൻ ,അവൻ ശരിക്കും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ,അവന്റെ ദൗത്യമെന്താണെന്ന് സത്യസന്ധമായി മനസ്സിലാക്കിയവനാണെങ്കിൽ ,ഒരു പോരാളിയാണ്.''

-- 

No comments:

Post a Comment