ദൈവത്തിൻ്റെ
സഹായമില്ലാതെ തന്നെ മനുഷ്യൻ അവൻ്റെ സ്വന്തം ചരിത്രം നിർമ്മിക്കണമെന്ന്
ജർമ്മൻ ചിന്തകനായ ഫ്രഡറിക് നിഷേ പറഞ്ഞത് ആധുനികതയിൽ മാത്രമല്ല ,ഈ ഉത്തര-
ഉത്തരാധുനിക ശാസ്ത്ര ,സാങ്കേതിക യുഗത്തിലും ഒരു വഴിത്തിരിവായ പ്രസ്താവമായി
നിൽക്കുകയാണ്. നിഷേയാണ് സമൂഹമാധ്യമങ്ങളുടെയും ഇൻ്റർനെറ്റിൻ്റെയും സൈബർ
കലയുടെയും എല്ലാം പ്രചോദന കേന്ദ്രം .
നിഷേ ,അരിസ്റ്റോട്ടിലിനെപ്പോലെ ഒരു മൂല്യത്തിനു വേണ്ടി മാത്രമേ ജീവിക്കാവൂ എന്ന നിലപാടിൽ വിശ്വസിക്കുന്നില്ല. മനുഷ്യൻ സ്വതന്ത്രനാക്കപ്പെട്ടതു കൊണ്ട് അവൻ സ്വന്തം ജീവിതത്തെ രൂപപ്പെടുത്താൻ വിധിക്കപ്പെട്ടിരിക്കയാണ്. അവൻ്റെ മേൽ വന്നു പതിക്കുന്ന ദുരിതങ്ങൾ നേരത്തേ ആസൂത്രണം ചെയ്തതാണെന്ന കാഴ്ചപ്പാട് ഇവിടെയില്ല. അവനാണ് അത് നേരിടുന്നത്. ഒരു പനി വന്നാൽ അത് മാറ്റേണ്ടത് അവൻ്റെ ഉത്തരവാദിത്തമാണ് .ഏത് വേണം എന്നുള്ളത് അവൻ്റെ തിരഞ്ഞെടുപ്പാണ്.അതാണ് അവൻ്റെ ദു:ഖം. തിരഞ്ഞെടുപ്പിലൂടെ എന്തും സംഭവിക്കാം. എന്തായാലും അവൻ തന്നെ അനുഭവിക്കണം.മറ്റാരും പങ്കുവയ്ക്കാൻ ഉണ്ടാകില്ല .വിഷാദം പങ്കുവയ്ക്കാവുന്നതല്ലല്ലോ. അതു കൊണ്ട് വിഷാദത്തിൽ നിന്ന് അകന്നു നിൽക്കാനും രക്ഷപ്പെടാനുമുള്ള പാച്ചിൽ വിഷാദത്തിലേക്ക് തന്നെ എത്തിക്കുന്നു.ഇത് അകാരണമായ ഉത്ക്കണ്ഠകൾ സൃഷ്ടിക്കുന്നു. വികാരനിയന്ത്രണം വിട്ടു പോകാൻ ഇതിടയാക്കുന്നു.
ഉത്തര- ഉത്തരാധുനിക കാലഘട്ടം എന്നു പറയുന്നത് ഡിജിറ്റൽ, സൈബർ, ഇലക്ട്രോണിക് ,കമ്പ്യൂട്ടർ ലോകത്തിൻ്റേതാണ്. ഉത്തരാധുനികത വരെ, ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യം വരെ , ഒരു സ്ക്രിപ്റ്റുണ്ടായിരുന്നു.എന്നാ
ശരീരമാണ് ഉത്തര- ഉത്തരാധുനികതയുടെ ഒരു ഉപഭോക്തൃ ഉല്പന്നം .ശരീരമില്ലെങ്കിൽ ഒന്നും തന്നെ സംഘടിപ്പിക്കാനാവില്ല.സമൂഹമാധ്
ഡോക്ടറുടെ കലാസൃഷ്ടി .
ശരീരത്തിൽ നമുക്ക് എന്തും ചെയ്യാം;ഏത് വിധേനയും മാറ്റിമറിക്കാം .ഏത് രീതിയിലുമുള്ള തലമുടി വയ്ക്കാം. പുരികം മാറ്റാം. മൂക്ക് മാറ്റി വയ്ക്കാം.പച്ച കുത്താം. ടാറ്റൂ ചെയ്യാം. കണ്ണിലും കാതിലും അലങ്കാര വളയങ്ങൾ തൂക്കാം. മുടി ഏത് രീതിയിലും വെട്ടാം; താടിയിലും മീശയിലും എണ്ണമറ്റ രൂപമാറ്റങ്ങൾ വരുത്താം. അവയവം മാറ്റിവയ്ക്കാം. നമുക്ക് പ്രകൃത്യാ ലഭിച്ചിട്ടുള്ള രൂപത്തെ മാറ്റി മറ്റൊരു വ്യക്തിത്വം നേടാം.ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. ആണോ, പെണ്ണോ ഏതാണ് വേണ്ടത് എന്നത് ഇന്ന് പ്രകൃതിയുടെ മാത്രം തിരഞ്ഞെടുപ്പല്ല ;വ്യക്തികളുടേതാണ്.
വ്യക്തിക്ക് അവൻ്റെ ഇഷ്ടത്തിനൊത്ത് എത് ലിംഗം വേണമെങ്കിലും തിരഞ്ഞെടുക്കാം. സെക്സ് സമൂഹനിർമ്മിതിയാണെന്ന കാഴ്ചപ്പാട് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവർ തകർക്കുകയാണ്. അവർ ശരിക്കും കലാപകാരികളാണ്. സ്വന്തം ശരീരത്തിൽ നടത്തുന്ന കലാപത്തിലൂടെ സമൂഹത്തിൻ്റെ ലൈംഗിക മുൻവിധിയിലും ലൈംഗിക ഭാവനകളിലുമാണ് അവർ തീവയ്ക്കുന്നത്. മനുഷ്യൻ അവൻ്റെ ചരിത്രം സൃഷ്ടിക്കണമെന്ന് നിഷേ പറഞ്ഞത് ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നു. ശരീരം ഒരു ഉപഭോഗവസ്തു മാത്രമല്ല, അത് അപ്രവചനാത്മകമായ പൊളിച്ചെഴുത്തുമായിത്തീരുന്നു.
ഇന്നത്തെ മനുഷ്യനു ഈ ശരീരം ഒരു അബോധ ചിന്തയും ആധിയുമാണ്. ഓരോ ചുവടിലും അവനെ ഇത് അലട്ടുന്നു.അതുകൊണ്ട് അവൻ തൻ്റെ ശരീരത്തെ കണ്ടെത്താൻ ഡോക്ടറെ ഏൽപ്പിക്കുന്നു.ഡോക്ടർ നിർമ്മിക്കുന്ന പരിപ്രേക്ഷ്യത്തിൽ ,വീക്ഷണ വലയത്തിലാണ് മനുഷ്യശരീരം ഉള്ളത്.മനസ്സല്ല ,ശരീരമാണ് ഇവിടെ യാഥാർത്ഥ്യം. മനസ്സ് പ്രതീതിയും ശരീരം യാഥാർത്ഥ്യവുമായി .
ശരീരം മെഡിക്കൽ സയൻസിൻ്റെ ഒരു ഉത്തര- ഉത്തരാധുനിക ഉല്പന്നമാണിന്ന്. എല്ലാം മരുന്നുകളും സൂപ്പർ സ്പെഷ്യാലിറ്റികളുമാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് സ്വന്തം ശരീരത്തിൻ്റെ ഉടമ എന്ന നിലയിൽ അവനവനാവശ്യമായ പ്രതിരോധം എങ്ങനെ നേടണമെന്നറിയില്ല .ഇതാണ് ഇറ്റലി, സ്പെയിൻ ,അമെരിക്ക പോലുള്ള ഉത്തര- ഉത്തരാധുനിക രാജ്യങ്ങളിലെ ജനങ്ങൾ ഈ കൊറോണക്കാലത്ത് നേരിടുന്ന പ്രതിസന്ധി .ഒരു വെളുത്തുള്ളി വായിലിട്ട ശേഷം ചവക്കാതെ ,ഒരു കവിൾ വെള്ളത്തോടൊപ്പം ഇറക്കിയാൽ വയറിനും ഹൃദയത്തിനും ഗുണം ചെയ്യുമെന്ന് പറഞ്ഞു തരാൻ പ്രൊഫ .കളവങ്കോടം ബാലകൃഷ്ണനെപ്പോലുള്ള എഴുത്തുകാർ അമെരിക്കയിലില്ലല്ലോ .അവിടെയുള്ളത് ഡോൺ ഡെലീലോ, യാൻ മക്ഇവാൻ, ജോൺ ഇർവിംഗ് ,ഓഷ്യൻ വുയോംഗ് തുടങ്ങിയ ഉത്തര- ഉത്തരാധുനിക എഴുത്തുകാരാണ്.
ഇത് നവോത്ഥാന ദർശനത്തിനു അതീതമായിട്ടുള്ളതാണ്.നവോത്ഥാന ദർശനം ശാസ്ത്രത്തെയും ഏകാത്മകതയെയുമാണ് ഊന്നിയത്. അത് ഒരു ബൗദ്ധികമായ ക്ളിനിക്കൽ നിലവാരമാണ്. അവിടെ എല്ലാവരും ഒരുപോലെയാണ് .അതുകൊണ്ട് എല്ലാവർക്കും ഒരുപോലെയുള്ളതു മാത്രമേ സ്വീകാര്യമായുള്ളു. അപ്പോൾ എല്ലാ വഴക്കങ്ങളെയും ലംഘിക്കുന്ന സാൽവദോർ ദാലിയുടെ ചിത്രങ്ങളെയും ബർഗ്മാൻ്റെ ചലച്ചിത്രങ്ങളെയും എങ്ങനെ സമീപിക്കും.?ഇതാണ് നവോത്ഥാനത്തിൻ്റെ പ്രതിസന്ധി. അതായത് എന്തിനും ഏതിനും ഒരു യൂണിഫോം വേണമെന്ന നിലപാട് .
കൊറോണയും ശരീരവും
കൊറോണയുടെ കാലത്തും ശരീരമാണ് നമ്മെ ബന്ധനസ്ഥനാക്കുന്നത് .കൊറോണയുടെ യഥാർത്ഥ ഉറവിടം മനുഷ്യനാണോ ,മൃഗമാണോ ?ഇത് ഇപ്പോഴും ഒരു ഫാൻ്റസിയായി തുടരുകയാണ്. അതെന്തുമാകട്ടെ; എന്നാൽ ഇത് അതിവേഗം പടരുന്നത് എന്തുകൊണ്ടാണ് ?ജനസംഖ്യാവർധനയും നാഗരിക ജീവിതത്തിലെ അതിവേഗവുമാണ് കാരണങ്ങൾ. ഗ്രാമീണ ഏകാന്തത ഇന്നില്ലല്ലോ. അത് സാധ്യവുമല്ല. വേഗത, ലൈവ് ഇടപെടൽ ,ഉപഭോഗ സംസ്കാരം, രുചികളുടെ ആഗോളവത്ക്കരണം ,ചലനാത്മകത,നാഗരികത ,അതിവേഗ ഭക്ഷണം ,ജനക്കൂട്ട രാഷ്ട്രീയം ,പ്രകൃതിയോടുള്ള ക്രൂരമായ ഏറ്റുമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ കൊറോണയുടെ അതിവേഗ വ്യാപനത്തിനു ഇടയാക്കുന്നു.
ഈ നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ്)യുടെ കാലത്ത് എന്തുകൊണ്ടാണ് കൊറോണ പിടിപെട്ട രോഗികളെ നോക്കാൻ റോബോട്ടുകൾ ഇല്ലാതിരിക്കുന്നത്.? ഇരുപത്തിനാലു മണിക്കൂറും ഐ.സി.യുവിൽ നിൽക്കാൻ ശിക്ഷണം ലഭിച്ച റോബോട്ടുകൾ അമെരിക്കയിലും ബ്രിട്ടനിലും ഇല്ല ! ഇതല്ലേ പരാജയം? യുദ്ധസാങ്കേതികതയും ബഹിരാകാശ ഗവേഷണവും മാത്രമായാൽ വിജയമാകില്ല. കൊറോണയെ പ്രതിരോധിക്കാൻ ധരിക്കുന്ന വേഷം ആരോഗ്യ പ്രവർത്തകർക്ക് മറ്റ് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കില്ല ?.
കൊറോണാനന്തര കാലം തീർച്ചയായും ആരോഗ്യ സേവകരായ റോബോട്ടുകളെക്കുറിച്ച് ചിന്തിപ്പിക്കും.മനുഷ്യൻ സ്വന്തം ശരീരം കൊണ്ട് ആവശ്യമുള്ളിടത്ത് മാത്രം പോകുക എന്ന മന്ത്രം. അല്ലാത്തിടത്തെല്ലാം റോബോട്ടു ചെല്ലും .ആഗോളവത്ക്കരണത്തിൻ്റെ മെഡിക്കൽ ടൂറിസം ഇനി വേറൊരു പഥത്തിലാവും നീങ്ങുക .പാശ്ചാത്യ ജീവിതശൈലി, അതിസഞ്ചാര വ്യഗ്രത തുടങ്ങിയ തിന്മകൾ ചോദ്യം ചെയ്യപ്പെടും.പ്രകൃതി തിരിച്ചു വരുകയാണ്. കൃഷി വലിയൊരു ആവശ്യമായി മനസ്സിലാക്കപ്പെടാതിരിക്കില്ല. പത്ത് ലക്ഷം കർഷകർ ആത്മഹത്യ ചെയ്തിട്ടും അനങ്ങാതിരുന്ന ബഹുജന സംഘടനകളും സെലിബ്രിറ്റികളും കൊറോണ കാലത്ത് പുതിയൊരു ആത്മീയത വികസിപ്പിക്കാനുള്ള വ്യഗ്രതയിലാണ്. ദൈവത്തിൽ നിന്ന് താഴേക്ക് പതിച്ച മനുഷ്യൻ ,നിഷേ പറഞ്ഞ പോലെ ,പുതിയൊരു ചരിത്രം നിർമ്മിക്കാനുള്ള ചുമതല ഏറ്റെടുക്കേണ്ടി വരും. ഇവിടെ ദൈവം കൈവിട്ടു എന്നു പറയുന്നത് വിശ്വാസത്തിനു എതിരായി വ്യാഖ്യാനിക്കേണ്ടതില്ല .മനുഷ്യൻ അവൻ്റെ സൂക്ഷമമായ വിവേകം യഥാസമയം ഉപയോഗിക്കാൻ ഉത്തരവാദപ്പെട്ടവനാണ് എന്ന് അറിയുകയാണ് വേണ്ടത്.
രോഗം ഒരു സുവിശേഷമാണ്. ബലിഷ്ടമെന്ന് കരുതിയിരുന്ന ശരീരത്തിൻ്റെ മിഥ്യകൾ ഒന്നൊന്നായി താഴെ വീണുടയുന്നത് രോഗിക്ക് കേൾക്കാം. ശരീരത്തിൻ്റെ സൗന്ദര്യവൽക്കരണവും കവിതയും വെറും സ്വപ്നങ്ങളാണെന്ന് തിരിച്ചറിയാം. രോഗം വൈത്തെ സൃഷ്ടിക്കുന്നു. അതുവരെ കാണാത്ത ഒരു പ്രതീക്ഷ രോഗിയെ സ്വാധീനിക്കുന്നു. അയാൾ പ്രബുദ്ധനാണ്. ഡോക്ടർ അനുഭവിക്കാത്തത് അയാൾ അനുഭവിക്കുന്നു.
വാക്കുകൾ
1) ജീവിതത്തെക്കുറിച്ച് എഴുതുന്നതിനു ,നിങ്ങൾ അത് അനുഭവിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഹെമിംഗ്വേ,
അമെരിക്കൻ കഥാകൃത്ത്.
2) എനിക്കു കഥാപാത്രത്തെക്കുറിച്ച് ഒരു അറിവുമുണ്ടായിരുന്നില്ല.എന്നാൽ വേഷം ധരിച്ച്, മേക്കപ്പ് ഇട്ടു നിന്നപ്പോൾ അതാരാണെന്നു തോന്നുമോ അയാളായി ഞാൻ മാറുകയായിരുന്നു. ഞാൻ അയാളെ അറിയാൻ തുടങ്ങി.
ചാർളി ചാപ്ളിൻ ,
ഇംഗ്ളീഷ് ചലച്ചിത്ര സംവിധായകൻ ,നടൻ .
3) നാടകം ഒരു വെളിപ്പെടുത്തലാണ്.അത് നേരിടലാണ്; വിരുദ്ധതയാണ്.അത് വിശകലനത്തിലേക്ക് നയിക്കുന്നു. അത് നിർമ്മാണവും തിരിച്ചറിവുമാണ്.അങ്ങനെ ബോധ്യത്തിലെത്തുകയാണ് .
പീറ്റർ ബ്രൂക്ക് ,
ഇംഗ്ളീഷ് നാടക സംവിധായകൻ.
4)ചിലയാളുകൾ വെറുതെ നോർമൽ ആയിരിക്കാൻ വേണ്ടി മാത്രം എത്രയോ ഊർജമാണ് ചെലവഴിക്കുന്നതെന്ന് ആർക്കുമറിയില്ല .
ആൽബേർ കമ്യൂ,
ഫ്രഞ്ച് എഴുത്തുകാരൻ .
5)ഒരു ശരാശരി നായ നല്ലൊരു വ്യക്തിയാണ്, ഒരു ശരാശരി വ്യക്തിയേക്കാൾ.
ആൻഡി റൂണി ,
അമെരിക്കൻ ടെലിവിഷൻ വ്യക്തിത്വം.
കാലമുദ്രകൾ
1)എം.കെ.അർജുനൻ .
വരികളിൽ സംഗീതം പ്രവഹിപ്പിക്കുകയും അത് അനുവാചകൻ്റ രക്തത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നത് നവീന ഗാനശാഖയിൽ ഒരു മാജിക്കാണ്. അതറിയാവുന്ന സംഗീതസംവിധായകനായിരുന്നു അർജുനൻ മാസ്റ്റർ .
2)കലിംഗ ശശി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേൻ' എന്ന ചിത്രത്തിൽ ശശി ഇഫ്ക്റ്റുണ്ട്. ഏതാനും പ്രതിമകൾ വട്ടം കൂടിയിരിക്കുന്നിടത്തേക്ക് ശശി മദ്യവുമായി കടന്നു വന്നു ഗ്ലാസ്സിൽ പകർന്നു കഴിക്കുന്ന രംഗം. ഒരു സിനിമാറ്റിക് പര്യവേക്ഷണമാണിത് . പ്രതിമകളോട് 'എടുത്തു കഴിക്കൂ' എന്ന് അദ്ദേഹം പറയുന്നത് പ്രേക്ഷകനെ തുളച്ചു കയറുന്ന ഒരസ്ത്രമായി മാറി.
3)എസ്.എൽ.പുരം സദാനന്ദൻ .
' ചെമ്മീൻ' സിനിമയുടെ തിരക്കഥ എഴുതിയ എസ്.എൽ .പുരം ആ ചിത്രത്തിൻ്റെ വിജയത്തിൻ്റെ സുപ്രധാന ഘടകമാണ്. എന്നാൽ പ്രേക്ഷകനും സിനിമാലോകവും അത് മറന്നു പോകുന്ന തരത്തിൽ ,ആ തിരക്കഥയിൽ മാന്ത്രികമായി സ്വയം മറഞ്ഞിരിക്കുകയാണ് ഈ എഴുത്തുകാരൻ .
4) കാക്കനാടൻ .
ജാപ്പാണാ പുകയില ,ശ്രീചക്രം , അശ്വത്ഥാമാവിൻ്റെ ചിരി തുടങ്ങിയ കഥകളിൽ കാക്കനാടൻ അവതരിപ്പിച്ച ഒരു നവീനശൈലി ആധുനികതയുടെ ആരവമാകുകയായിരുന്നു.
5) കേശവദേവ് .
കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' എന്ന നോവലിലെ പപ്പു ആർക്കു വേണ്ടിയാണ് റിക്ഷ വലിച്ച് രോഗബാധിതനായത് ?.തൻ്റെ ആരുമല്ലാത്ത ഒരു സ്ത്രീക്കും മകൾക്കും വേണ്ടി. ആരെയെങ്കിലും സ്നേഹിച്ചുകൊണ്ടേ തനിക്കു ജീവിക്കാനൊക്കൂ എന്ന് വിളംബരം ചെയ്യുന്ന പപ്പു നമ്മുടെ ഇരുണ്ട കാലത്തിലെ ഒരു വെള്ളിനക്ഷത്രമാണ്.
ദർശനം
1)കാമം
സകലകാമങ്ങളും പ്രാപഞ്ചികമാണെങ്കിലും അതിനെ വ്യവഛേദിച്ച് മാനുഷികമാക്കേണ്ടത് മനുഷ്യവ്യക്തിയുടെ നവസദാചാരമാണ്.
2)പെണ്ണ്.
പ്രേമത്തിലും ജീവിതത്തിലും ഒരിക്കലെങ്കിലും ,ഒരു നിമിഷമെങ്കിലും പെണ്ണ് അവളുടെ മനസ്സ് തരാതിരിക്കില്ല.
3)ജീവിതം .
ജീവിതം ഭൂതം , വർത്തമാനം, ഭാവി എന്നിങ്ങനെ വിഭജിക്കപ്പെട്ടത് വലിയൊരു ചതിയാണ്. ഒരു സ്ഫടിക ശില്പവ്യാപാര കേന്ദ്രത്തിൽ ചെല്ലുമ്പോൾ ഏതെടുക്കണം എന്ന് ശങ്കിക്കുന്നപോലെയുള്ള ഒരവസ്ഥയിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കയാണ് ഈ ത്രികാലങ്ങൾ .
4)കണ്ണുകൾ .
ഒരു ശിശു കണ്ണുകൾ കൊണ്ട് പറയാൻ ശ്രമിക്കുന്നതും ഒരു വൃദ്ധൻ്റ കണ്ണുകളുടെ വർത്തമാനവും ഒരേ സജീവതയിലും വിവേകത്തിലുമാണുള്ളത്.
5)മനുഷ്യൻ .
മനുഷ്യൻ ഒരു നേർരേഖയായി പോകുകയാണ്. ഒരിടത്തും സന്ധിക്കുകയോ മറ്റൊന്നാകുകയോ ചെയ്യാതെ അവൻ ശൂന്യതയെ ലക്ഷ്യം വച്ച് നടന്നുകൊണ്ടിരിക്കുന്നു .
ആനുകാലികം
ഓരോ കർമ്മത്തിൻ്റെയും പിറകിൽ ഒരു ആത്മീയത വേണമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ (ഗുരുപ്രഭ) അഭിപ്രായപ്പെടുന്നു.
" ഞാൻ വെറുമൊരു സിവിൾ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് മാത്രമാണ്. ഹയർ സ്റ്റഡീസ് ചെയ്തിട്ടില്ല. മാനേജ്മെൻ്റ് സ്റ്റഡീസിനു പോയിട്ടില്ല.പക്ഷേ ചെയ്യുന്ന കർമ്മങ്ങൾ എപ്പോഴും ആത്മാർത്ഥതയോടെ ചെയ്യുക .ഫലം അന്വേഷിച്ച് ചെയ്യരുത്. നമുക്കെന്തെങ്കിലും പ്രത്യേകിച്ചൊരു റെകഗ്നിഷനോ ,റിവാർഡോ ,അപ്രീസിയേഷനോ പ്രതീക്ഷിച്ചു ചെയ്യരുത്" .
മനസ്സിൽ സമാധാനത്തിനു ഒരിടമുള്ളതുകൊണ്ടാണ് ശ്രീധരനു ഇങ്ങനെ പറയാൻ കഴിയുന്നത്. കർമ്മത്തോടുള്ള നിസ്സീമമായ ആത്മാർത്ഥത ഉണ്ടാവുമ്പോൾ ,ബാഹ്യമായ പ്രലോഭനങ്ങൾ തനിയെ ഇല്ലാതാകും. സ്വന്തം പ്രജ്ഞയോടാണ് മത്സരം ഉണ്ടാകേണ്ടത്. കൂടുതൽ സർഗശേഷി പുറത്തെടുക്കുന്നതിൽ ഒരു വിട്ടുവീഴ്ച ഉണ്ടാകരുത്.കർമ്മം നമ്മുടെ തന്നെ ഒരു പ്രതിനിധാനമാകുമ്പോൾ ,അത് വേറൊരു ഫലം കൊണ്ടുവരേണ്ടതില്ല .ആ കർമ്മം തന്നെയാണ് പ്രതിഫലം. ജീവിക്കാനുള്ള വേതനം വേണ്ട എന്നല്ല അർത്ഥം. കർമ്മത്തിനു അതിൻ്റെ ഫലം അതിൽ നിന്നു തന്നെ ലഭിക്കേണ്ടതുണ്ട്.ഒരു ചിത്രം വരയ്ക്കുമ്പോൾ അതിൻ്റെ വിലയല്ല പ്രതിഫലം ;ആ ചിത്രം സൗന്ദര്യാത്മകമായ തലത്തിൽ എത്രത്തോളം വിജയിക്കുന്നുണ്ടോ അതാണ് പ്രതിഫലം .
'അക്ഷരജാലക ' ത്തിലെ വിമർശനം വ്യക്തികളെയല്ല ഉദ്ദേശിച്ചിട്ടുളളത് ; അത് വ്യക്തികളു ടെ മേലങ്കിയണിഞ്ഞു വരുന്ന ചിന്തകളെയാണ് നേരിടുന്നത്. വ്യക്തതയ്ക്ക് വേണ്ടിയാണ് വ്യക്തികളെ പരാമർശിക്കുന്നത്. ഇക്കാര്യത്തിൽ സുഹൃത്ബന്ധം നോക്കരുതെന്നാണ് പ്രമാണം. എന്നെ പ്രചോദിപ്പിക്കാത്ത ഒരു കഥയെക്കുറിച്ച് എനിക്കെഴുതാനാവില്ല. മൂന്ന് കഥകൾ തുടർച്ചയായി നിരാശപ്പെടുത്തുകയാണെങ്കിൽ ഞാൻ മൂന്നു വർഷത്തേക്ക് ആ എഴുത്തുകാരൻ്റെ കഥകൾ വായിക്കാതിരിക്കും. വലിയ ബാനറുകൾ നോക്കാറേയില്ല.ചിലർ ആസൂത്രിതമായി കഥാകാരന്മാരെ സൃഷ്ടിക്കുകയും അവർ മാത്രം ഇനി എഴുതിയാൽ മതിയെന്ന് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.ഇതിനോടു യോജിക്കാനാവില്ല.
കവിത
കവി ശങ്കരൻ കോറോം കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയ 'പ്രഭാവം' മാസികയിൽ എഴുതിയ കവിത 'പിന്നെയും ' ആശ്ചര്യകരമായി എന്നറിയിക്കട്ടെ. അദ്ദേഹം കൊറോണയുടെ ദുരിതം മുൻകൂട്ടി കണ്ടിരുന്നോ? .കൊറോണയുടെ സൂചനയൊന്നുമില്ല കവിതയിൽ .എന്നാൽ കവിതയിലാകെ നിറയുന്നത് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹമാണ്. കൊറോണക്കാലത്ത് ഭൂരിപക്ഷവും സ്വവസതിയിലോ ,താൽക്കാലിക വസതിയിലോ കഴിയുകയാണല്ലോ. ആ നിലയ്ക്ക് ഈ കവിത ഏതോ കഷ്ടതയെ മുൻകൂട്ടി കണ്ടു എന്ന് അനുമാനിക്കാം. കവിത പൂർണമായി ഇവിടെ ഉദ്ധരിക്കുകയാണ്:
"പിന്നെയും
വീട്ടിലേക്കു തന്നെ മടങ്ങുന്നു.
പലനാടു ചുറ്റി,
പല വഴികളിലലഞ്ഞ്
പല കൂട്ടുചേർന്ന്
പല രുചികൾ നുകർന്ന്
പല കാഴ്ചകൾ കണ്ട്
പല വർണത്തിലലിഞ്ഞ്
പലയിടങ്ങളിലുറങ്ങി...
പിന്നെയും ,
ഉറങ്ങിയും കഴിഞ്ഞ
പല ഉരു കയറിയിറങ്ങിയ
പുക പിടിച്ച് നിറം കെട്ട ,
ഇടുങ്ങി, ഉയരം കുറഞ്ഞ
പഴയ
വീട്ടിലേക്ക് തന്നെ മടങ്ങുന്നു!"
എന്തായാലും ,ഈ കവിത ഫലിച്ചു !
ഫിസിയോ തെറാപ്പിസ്റ്റായ കവി പി.കെ.ഗോപിയുടെ 'ഒച്ചുകളുടെ വഴിയമ്പലം 'തീവ്രമായ നിരാശയും പതനചിന്തയുമാണ് പകരുന്നത്. കാലം ഒരു നിരാശ്രയ മനസ്സിലേൽപ്പിക്കുന്ന ക്ഷതങ്ങൾ കവി പരിശോധിക്കുകയാണ്. ലോകത്തിൻ്റെ ദുരയുടെയും ക്രൂരതയുടെയും വേഗത്തിൽ മനം നൊന്ത് വേഗം കുറഞ്ഞുപോയ ഒരു ഒച്ചാണ് താനെന്ന് കവി പരിതപിക്കുന്നു. മലിനവസ്തുക്കളിലും ചിന്തകളിലും സ്വയം നഷ്ടപ്പെടുത്തി കളയാത്തവർക്ക് ഇന്നത്തെ സാംസ്കാരിക കാലാവസ്ഥയിൽ ഒച്ചാകാനേ നിർവ്വാഹമുള്ളു. സാഹിത്യകലയിൽപ്പോലും സംസ്കാരമില്ലാത്തവരുടെ അതിവേഗ വ്യഗ്രതതയും പദധാരാളിത്തവുമാണല്ലോ പ്രാധാന്യം നേടുന്നത്. കവിതയിലെ ഈ വരികൾ നോക്കൂ:
"ഒളിച്ചുവയ്ക്കാനൊന്നുമില്ലാത്ത
ദീർഘയാത്രയുടെ
സഹനപഥങ്ങളിൽ
പരാക്രമികളുടെ പല്ലക്കിനു
വഴിമാറിക്കൊടുക്കാൻ
യാതൊരു പ്രയാസവുമില്ല.
ചവിട്ടിയരയ്ക്കാതെ
വെറുതെ വിടുമെങ്കിൽ
സമാധാനത്തിൻ്റെ സംഗീതത്തെ
മണ്ണിനും മനുഷ്യർക്കും
സമർപ്പിച്ച്
കാണാമറയത്ത് പൊയ്ക്കൊള്ളാം."
ഈ വരികളിൽ വേറെ ചില അർത്ഥങ്ങളും ഞാൻ കാണുകയാണ് .പി.കെ.ഗോപിയെ ചില മാധ്യമങ്ങൾ തമസ്കരിക്കുന്നുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സ്കൂൾ കുട്ടികൾ വരെ എഴുതുന്നുണ്ട്. ഗോപിയോട് എന്തിനാണ് അയിത്തം. ? ഇങ്ങനെയുള്ള സങ്കുചിത സമീപനങ്ങൾ ഒരു വാരികയുടെ യശസ്സ് തകർക്കുകയേയുള്ളു.
കഥ
കെ .പി .ഉണ്ണിയുടെ 'നിർവ്വാണത്തിൻ്റെ ഘനരൂപങ്ങൾ '( എഴുത്ത് ) 'ഇന്നത്തെ കഥാസാഹിത്യ രംഗത്ത് ഉന്നതമായ ഒരു സംസ്കാരം സ്വായത്തമാക്കിയിരിക്കുന്നു .ബുദ്ധനെ കാണാൻ മഹാഗണിത ശാസ്ത്രജ്ഞനായ പൈതഗോറസ് ശ്രാവസ്തിയിൽ എത്തുകയാണ്. ഇങ്ങനെയൊരു വിഷയത്തെപ്പറ്റി ആലോചിക്കുന്നതു പോലും രോമാഞ്ചമുണ്ടാക്കും.സംഗീതചികിത്
"മരണം ജീവിതത്തിൻ്റെ അവസാനമല്ല ,ഒഴുകുന്ന നദിയിലെ ഒരു വളവായി അതിനെ കാണാവുന്നതാണ്.അതുവരെ സമ്പാദിച്ച ഒഴുക്കിൻ്റെ ശക്തിയിൽ അത് വളവിനെ മറികടന്ന് മുന്നോട്ടു ഒഴുകുന്നു. ഒരു വിളക്കിൽ നിന്ന് മറ്റൊന്നിലേക്ക് വെളിച്ചം പകരുന്നതു പോലെ വേണമെങ്കിൽ മരണത്തെയും മരണശേഷത്തെയും കാണാം " .
ആത്മീയവിശുദ്ധി നല്കുന്ന കഥയാണിത്.
എന്നാൽ സന്തോഷ് ജെ.കെ.വി എഴുതിയ 'ഒരു പാലാക്കാരൻ്റെ എളിയ പ്രാർത്ഥന ' ( ഭാഷാപോഷിണി ) ഏശിയില്ല. കഥയെ വളരെ ലാഘവത്തോടെ കാണുകയാണ് സന്തോഷ്. ഫ്രീസറിൽ കിടക്കുന്ന ഒരു പാലാക്കാരൻ്റെ വിചാരങ്ങളാണ് ഇതിലുള്ളത്. ഒരാൾക്ക് മരണാനന്തരം ഇത്രയും മണ്ടത്തരം തട്ടിവിടാനൊക്കുമോ ? ഫ്രീസറിൽ കിടന്നുകൊണ്ട് മരണത്തെ കളിയാക്കുന്ന മലയാളിയെ ആദ്യം കാണുകയാണ്.പാലാക്കാരുടെ ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, ഇതിൽ നിന്നു കഥ എന്ന നിലയിൽ വായനക്കാരനു ഒന്നും കിട്ടാനില്ല.കഥാകാരൻ ഫലിതമെന്ന രീതിയിൽ പറയുന്ന കാര്യങ്ങൾ വായനക്കാരനെ മടുപ്പിക്കുകയാണ്. ഇതുപോലുള്ള കഥകളുടെ കാലം എന്നേ കഴിഞ്ഞതാണ്.
കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാള സാഹിത്യത്തിലെ ഒരു മഹാപുരുഷനാണ് .അദേഹം 'മഹാഭാരതം' സമ്പൂർണമായി വൃത്താനുവൃത്തം പരിഭാഷപ്പെടുത്തിയതിനെക്കുറിച്
"എന്നെ അമ്പരിപ്പിച്ച കവിയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ .അദ്ദേഹത്തിൻ്റെ മഹാഭാരത പരിഭാഷ എന്തൊരു അത്ഭുതമാണ്! 1,24000 ശ്ളോകങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥം 873 ദിവസം കൊണ്ട് ഒറ്റയ്ക്ക് പദാനുപദം ,വ്യത്താനുവൃത്തം പരിഭാഷപ്പെടുത്തുക ! മനുഷ്യ സാധ്യമല്ലാത്ത ആ പണിയാണ് തമ്പുരാൻ ചെയ്തത്. തെലുങ്കിൽ മൂന്ന് കവികൾ ചേർന്ന് പല കാലം കൊണ്ടാണ് ചെയ്തതത്രേ! തമ്പുരാൻ്റെ രചനയും നല്ലതാണ്." (ഇന്ന് )
കൊടുങ്ങല്ലൂർ എന്ന സ്ഥലനാമത്തിനു നമ്മുടെ സാഹിത്യത്തിൽ നിത്യസ്മൃതി നല്കിയ തമ്പുരാൻ ഭാഷയോടു അങ്ങേയറ്റത്തെ ആത്മാർത്ഥതയാണ് കാണിച്ചത്.
മൃത്യുവില്ല
ഭാരതീയമായ മൃത്യുസങ്കല്പത്തെപ്പറ്റി ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവൽക്യൻ ഇങ്ങനെ ഉത്തരം നല്കുന്നു: എല്ലാം മൃത്യുവിനു അന്നമാണ്.എന്നാൽ ഏത് ദേവതയ്ക്കാണോ മൃത്യു അന്നമായിട്ടുള്ളത് അത് ബ്രഹ്മമാണ്. ബ്രഹ്മാത്മൈക്യദർശനത്തിൽ മൃത്യുവിൻ്റെ മൃത്യു സംഭവിക്കുന്നു.
അഗ്നി സകലതിനെയും സ്പർശിക്കുന്നതുകൊണ്ട് അത് പ്രത്യക്ഷത്തിൽ മൃത്യു തന്നെയാണ്. ആ അഗ്നി അപ്പുകളാൽ (വെള്ളം) ഭക്ഷിക്കപ്പെടുന്നു.അതുകൊണ്ട് അത് മൃത്യുവാകുന്നു. അഗ്നിയെ അപ്പുകൾ ഭക്ഷിക്കുന്നു; അഗ്നി അതിനു അന്നമാണ്. എന്നാൽ മൃത്യുവും ഒരിടത്ത് നശിപ്പിക്കപ്പെടുന്നു. അത് ആത്മ ,ബ്രഹ്മ സംയോജനത്തിലാണ്. പരംപൊരുളിൻ്റെ ഒരു അംശമാണ് തൻ്റെ ആത്മാവ് എന്ന് അറിയുന്നവനു പിന്നെ മൃത്യുവില്ല".
ജീവിതത്തിലെ മൃത്യു മറ്റുള്ളവരുമായുള്ള കെട്ടുപാടിൻ്റെ പേരിലാണ് വലിയ വിഷയമാകുന്നത്. ജീവിതത്തേക്കാൾ വലുതാണ് മരണം എന്ന തലത്തിൽ അതിനു ഒരു ആലങ്കാരികത ലഭിക്കുന്നു. വാസ്തവത്തിൽ അങ്ങനെയൊന്നില്ല. സംവത്സരങ്ങളായി കോടാനുകോടി മനുഷ്യർ മരിച്ചു കഴിഞ്ഞു. സാമൂഹിക ബന്ധമുള്ള ഏതാനും പേർ ഒഴികെ ,മറ്റെല്ലാവരും വിസ്മരിക്കപ്പെട്ടു. വിസ്മൃതിയാണ് മരണത്തെ നിസ്സാരമാക്കി കാണിക്കുന്നത്. വിസ്മൃതി സ്വാഭാവിക പ്രകൃതിയാണ്. മനുഷ്യർ മാത്രമല്ല ,എത്രയോ പുഴുക്കളും പക്ഷികളും മൃഗങ്ങളും നൂറ്റാണ്ടുകളായി ചത്തു മണ്ണടിഞ്ഞു. ആരുടെയും ഓർമ്മകളിലില്ല. ഇവിടെയൊന്നും മൃത്യു ഒരു വലിയ പ്രതിഛായയല്ല. ഈ വിസ്മൃതിയിൽ വിഛേദമാണുള്ളത്. ഇത് മൃത്യുവിൻ്റെ മൃത്യുവാണ്. ജീവിച്ചിരുന്നിട്ടില്ല എന്നാണ് ഇവിടെ മൃത്യുവിൻ്റെ അർത്ഥം. അതായത് ജീവിതവും മൃത്യുവും വേർപെടുത്താനാവാത്തതാണ്. മരിച്ചതിനു തെളിവില്ലാത്തതു കൊണ്ട് ജീവിതത്തിനും തെളിവില്ല .
സഞ്ചാരം
സിനിമാ സംവിധായകനും എഴുത്തുകാരനുമായ ബാബു പെരളശ്ശേരി കൗതുകകരമായ ഒരു പഠനം നടത്തി.മലയാളികളിലെ അത്മഹത്യാവാസനയായിരുന്നു വിഷയം. മനുഷ്യസ്നേഹിയായതുകൊണ്ടു ബാബുവിനു ഇങ്ങനെ എന്തെങ്കിലും ചെയ്യാതിരിക്കാനാവില്ല .അത്മഹത്യ ചെയ്തവരുടെ ഫോട്ടോയും ബയോഡേറ്റയും ചേർത്ത് ഒരു ആൽബം തയ്യാറാക്കായിരിക്കയാണ് ബാബു.വ്യത്യസ്തമായ സമീപനങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു.
സന്യാസിയാകാൻ പോയ ബാബുവിനെ നിത്യചൈതന്യയതിയാണ് വിലക്കിയത്.ബാബുവിനോട് എഴുത്തിൻ്റെയും പുസ്തകങ്ങളുടെയും വഴിയെ പോകൂ എന്ന് അദ്ദേഹം ഉപദേശിച്ചു.
No comments:
Post a Comment