Saturday, October 17, 2020

അക്ഷരജാലകം/ ലാവണ്യാനന്തര സംഗീതം / എം.കെ.ഹരികുമാർ /metrovartha12-10-2020

 

ഇപ്പോഴും ഛന്ദസ്സിനു വേണ്ടി വാദിക്കുന്ന ചില കവികളെ കാണുന്നത് വിചിത്രമായി തോന്നുകയാണ്.ഛന്ദസ്സ് ബാഹ്യമായ സൗന്ദര്യാത്മകതയുടെ ഒരു പ്രകടഭാവമാണ്. അത് പരമ്പരാഗതമാണ്. അത് കാവ്യത്തിൻ്റെ നിർമ്മാണരീതിയാണ്; കാവ്യമല്ല.ഛന്ദസ്സ് ഉണ്ടാക്കി വച്ചാൽ കവിതയാകില്ല. കവിത കല്ലിലുമുണ്ട് .അത് കാണാനുള്ള കഴിവു വേണം. ഈ സിദ്ധിയില്ലാത്തവൻ ഛന്ദസ്സ് നിരത്തിയിട്ടെന്ത് കാര്യം ?

പ്രാസം കവിത ആലപിക്കുന്നവർക്ക് നല്ലതാണ്. അതിനപ്പുറം അത് കവിതയെ സഹായിക്കില്ല. വാക്കുകളുടെ പര്യായപദങ്ങൾ നിരത്തി കൃത്രിമമായ ഈണമുണ്ടാക്കുന്നത് മഹാജീവിത സന്ദർഭങ്ങളെ ഉൾക്കൊള്ളുന്ന കവിക്ക് എങ്ങനെ ഗുണകരമാവും.? യഥാർത്ഥത്തിൽ കവിയുടെ സമസ്യ ഛന്ദസ്സുമായി ബന്ധപ്പെട്ടതല്ല ,ഒരു വസ്തുവിൻ്റെ അറിയപ്പെടാത്ത കാര്യങ്ങൾ അറിയുന്നതിനെക്കുറിച്ചുള്ളതാണ്. കവിത എഴുതുന്നത് പദ്യോച്ചാരണ മത്സരത്തിനല്ലല്ലോ. ചില വാക്കുകൾക്ക് പകരം അവയുടെ സംസ്കൃത പര്യായപദങ്ങൾ തലങ്ങും വിലങ്ങും ഉപയോഗിക്കുന്നത് നിർമ്മാണ കൗതുകമായേ കാണാനൊക്കൂ. വാക്കിനു പകരം വേറൊന്നു വയ്ക്കാനാവില്ല. ഓരോ വാക്കിനും കൃത്യമായ അർത്ഥമുണ്ട്. ഭക്ഷണത്തിനു വേണ്ടി പട്ടിയെ പോലെ അലഞ്ഞു എന്ന് പറയുന്നതും നായയെ പോലെ അലഞ്ഞു എന്നു പറയുന്നതും വ്യത്യസ്തമാണ്.
ഛന്ദസ്സ്  വിഷയവിമുക്തമായ ഈണമാണ് തേടുന്നത് .അത് കൈമാറി വരുന്നതാണ്; കവിയുടേതല്ല. എന്തിനാണ് പരമ്പരാഗതമായ ഈണത്തിൽ കവി സ്വന്തം കണ്ടെത്തലായിട്ടുള്ള പ്രമേയത്തെ മുക്കിക്കൊല്ലുന്നത് ?

കാകളിയിൽ  ചൊല്ലണോ?

ഈണത്തെ ചിലർ നേരമ്പോക്ക് പോലെയാണ് കാണുന്നത്. സ്വജീവിതത്തിൻ്റെ തീക്ഷണമായ യാതനകളുമായി അതിനു ബന്ധമില്ല .ജീവിതത്തിൻ്റെ സുഭിക്ഷിതയുടെയും അക്കാദമിക് സ്വച്ഛതയുടെയും പശ്ചാത്തലത്തിലാണ് ഈണം തഴച്ചുവളരുന്നത്. സ്വന്തം ആത്മരതിയെക്കുറിച്ച് ,അതിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് സുഖകരമായി ആലോചിക്കാൻ കഴിയുന്നവർ ഉണ്ടായിരുന്നു.

സ്വന്തം മാതാവിനാൽ വിൽക്കപ്പെട്ട ഒരു പെൺകുട്ടിയോ ,സ്വന്തം പിതാവിനാൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട ബാലകനോ പിന്നീട് കവിത എഴുതുമ്പോൾ അവർ ആ മാധ്യമത്തെ സ്വന്തം അസ്തിത്വത്തിൻ്റെ  അഗാധമായ വ്യഥ ആവിഷ്കരിക്കാനുള്ള ഇടമായി വീണ്ടും കണ്ടെത്തുകയാണ് ചെയ്യുന്നത്. അവർക്ക് പഴയ കാല ഈണത്തിൻ്റെ തിണ്ണമിടുക്കിൽ അമരാനുള്ള കാമനകൾ നഷ്ടപ്പെട്ടിരിക്കും. അവർക്ക് സ്വമനസ്സിൻ്റെ അന്യതകളിൽ പങ്കു ചേരുന്ന ഒരു ഓർക്കസ്ട്ര എവിടെ നിന്നും കിട്ടുകയില്ല. വേശ്യാലയത്തിലെ പീഡനത്തിൽ നിന്ന് ഓടിയെത്തുന്ന ബാലിക കാകളിയിൽ കവിതയെഴുതി നിങ്ങളെ സുഖിപ്പിക്കണോ ? നിങ്ങളെ സുഖിപ്പിക്കാൻ തത്കാലം വെൺമണി പോരേ ?
ഒരാൾ എഴുതേണ്ടത് അയാളുടെ ഉള്ളിൽ അലയടിക്കുന്ന സംഗീതമാണ് ; അതിനു ചിലപ്പോൾ ഭാഷ പോലുമുണ്ടാകില്ല. അത് പ്രകൃതിയുടെ നിർവ്വേദമായിരിക്കാം; അത് നിർവ്വികാരമോ ,നിസ്സംഗമോ ആകാം. ഒരു ആട്ടിൻകുട്ടിയെ അറവുശാലയിൽ  വെട്ടിക്കൊല്ലുമ്പോൾ അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിൽ 'സംഗീത'മില്ലേ? ഈ സംഗീതത്തിൽ എവിടെയാണ് മനുഷ്യത്വം? ഇത് ഔദ്യോഗികമായി സംഗീതമാലപിക്കുന്നവരുടെ ഗാർഹിക സംഗീതമല്ല. അതിനുമപ്പുറം പ്രകൃതി നിഗൂഢമായി പണിതു വച്ചിരിക്കുന്ന ലാവണ്യാനന്തര സംഗീതമാണ്. അത് സൗന്ദര്യത്തെപ്പോലും അതിലംഘിക്കുകയാണ്.ഈ ലാവണ്യാനന്തര മേഖലയിലാണ് നവീന കവി അവൻ്റെ പദബോധത്തെയും താളത്തെയും സംഗീതാത്മകമാക്കുന്നത്.

വ്യക്തിപരമായ ഛന്ദസ്സ്

കുമാരനാശാൻ ' പൂക്കാലം' എന്ന കവിതയിൽ ഇങ്ങനെ എഴുതി:
"പൂക്കുന്നിതാ മുല്ല ,
പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ്
പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്ക് വർണങ്ങൾ
പൂവാൽ ചോക്കുന്നു
കാടന്തിമേഘേങ്ങൾ പോലെ ''

ഇതിൽ പ്രാസമുണ്ട്. വാക്കുകൾ ആവർത്തിക്കുകയാണ്. അതുകൊണ്ടെന്താണ് ? കവി ഛന്ദസ്സിനെ അടിമയാക്കാതെ, അതിനുള്ളിൽ നിന്നു തല നീട്ടി പുറത്തു കടക്കുന്നു. കാട് ചുവക്കുന്നത്  വിവരിക്കാൻ സമസ്ത ലോകത്തെയും കവിതയിൽ കൊണ്ടു വരുകയാണ്. വിശ്വത്തെ  ഒരു രാഗമാക്കുകയാണ്‌.

എ .അയ്യപ്പൻ എഴുതിയ 'റോഡു മുറിച്ചു കടക്കുന്നവർ ' എന്ന കവിത ഒരേ സമയം വിഭ്രാമകവും ആത്മീയവുമായ ഒരു പുതിയ ശീൽ പകരുന്നു.

"നോക്കൂ ,ഒരു കുരുടൻ
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി എത്ര മെല്ലെ
എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധൻ്റെ സിഗ്നൽ അന്ധത
രാത്രിയിലും അവനിങ്ങനെയാണ്
ചുവപ്പും പച്ചയും അറിയുന്നില്ല
ഭ്രാന്തൻ ട്രാഫിക്
നിയന്ത്രിക്കുന്നത് കാണുക
ഹായ് ,എത്ര കൃത്യതയോടെ.
റോഡ് മുറിച്ചു പോകുമ്പോഴും
ഒരാൾ ന്യൂസ് പേപ്പർ
വായിക്കുന്നു " .

ഇവിടെ അയ്യപ്പൻ ഉപയോഗിക്കുന്നത് താൻ വ്യക്തിപരമായി അനുഭവിച്ച ഛന്ദസ്സാണ് , ഈണമാണ്. അത് പ്രകൃതിയുടെ കണ്ണുകളിലൂടെയുള്ള നോട്ടമാണ്.

ഇന്ന് ഛന്ദസ്സിൽ കവിതയെഴുതുന്നവരുടെ വാക്കുകൾ അവരുടെ വരണ്ട കവിത പോലെ ദുസ്സഹമാണ്. ചോര വാർന്നൊഴുകുന്ന ജീവിതാനുഭവങ്ങളെ യാതൊരു വിവരവുമില്ലാതെ വർണിക്കുകയും വൃത്തത്തിലാക്കുകയും ചെയ്യുന്ന ഇവരുടെ കവനങ്ങൾ ചെടിപ്പുണ്ടാക്കുകയാണ്. മനസ്സിലേക്ക് തുളച്ചു കയറുന്ന പ്രത്യേക ഗദ്യമാണ് വേണ്ടത്. ഉള്ളിൽ കടന്ന ശേഷമേ അത് സൗന്ദര്യചർച്ചയ്ക്ക് നിന്നു കൊടുക്കാവൂ. വാക്കുകളെ അനാവശ്യ ആടകൾ അണിയിക്കാതെ ,നഗ്നമായി അമ്പെന്ന പോലെ എയ്ത് തറയ്ക്കാനാവണം.

നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് കവി തോമസ് ട്രാൻസ്ട്രോമർ അവസാന കാലത്ത് പക്ഷാഘാതം പിടിപെട്ട് വീൽ ചെയറിലായിരുന്നല്ലോ .എന്നിട്ടും അദ്ദേഹം മികച്ച കവിതകൾ എഴുതി. കവിതയെ ആധുനികമായ ശൈലികൊണ്ട് അന്യാദൃശമാക്കുകയാണ് അദ്ദേഹം ചെയ്തത്.
" ഭാഷ കൊല നടപ്പാക്കുന്നവർക്ക്
ഒപ്പമാണ്.
അതുകൊണ്ട് നമുക്ക്
വേറൊരു ഭാഷ വേണം."
എന്ന് വളച്ചുകെട്ടില്ലാതെ പറയുന്നിടത്താണ് ട്രാൻസ്ട്രോമറുടെ കവിത .കാരണം ,അദ്ദേഹം ജീവിച്ചതാണ് എഴുതുന്നത്; ഭാവന മാത്രമല്ലത്.

ഓണക്കാലത്ത് പ്രത്യക്ഷപ്പെട്ട ഭൂരിപക്ഷം കവിതകളും പതിരാവുന്നത് ,ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ്. ക്വാറൻൈറനിൽ കിടക്കുന്നവൻ്റെ അനുഭവം എഴുതിയ വീരാൻകുട്ടി (മുറിജീവിതം, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,ഒക്ടോബർ 11 ) ഉപരിതലത്തിൽ ഒതുങ്ങുകയാണ്, സൂക്ഷ്മ സംവേദനങ്ങളില്ലാതെ:

" ജാലകത്തിലൂടെ
അടുന്ന ഒരു മരച്ചില്ല മാത്രം
കാണാനുണ്ട്.
ഇടയ്ക്ക് മറഞ്ഞും
ഇടയ്ക്ക് തെളിഞ്ഞും " .

ഏഴാച്ചേരിയുടെ ആഴം കുറഞ്ഞ കാഴ്ചകൾ ' യേശുദാസും വൈലോപ്പിളളിയും' ( ഗ്രന്ഥാലോകം സെപ്റ്റംബർ) എന്ന കവിതയിൽ കാണാം:
"ഏത് ധൂസര സങ്കല്പഗീതം
യേശുദാസിൻ്റെ സ്വർണനാവിന്മേൽ!
ഗീതകത്തിന്നപാരതയിന്മേൽ
കാതുകൂർപ്പിച്ചു നിന്നു കവീന്ദ്രൻ " .

ചിന്തിക്കാനറിയാത്ത ആലംകോട് ലീലാകൃഷ്ണൻ്റെ കാല്പനിക പൈങ്കിളിയെ നോക്കൂ:

''ഋതു ചന്ദനം തൊട്ട
പ്രേമാർദ്ര നിലാവുകൾ
വിടരും പ്രത്യാശ പോൽ
പൂക്കൈതക്കടവുകൾ " .
(മാതൃഭൂമി ഓണപ്പതിപ്പ്)

കന്നിക്കൊയ്ത്ത് ,സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയ കാവ്യങ്ങളുടെ കാലത്ത്  കവികൾ കവിതയെ പ്രമുഖ ആവിഷ്കാര മാധ്യമമായി കണ്ടിരുന്നു. ഇന്ന് കവിത ഒരു ജീവത്തായ മാധ്യമമല്ലാതായി;വെറും അലസ നോട്ടമായി . ശൈലൻ ,പ്രമോദ് കെ.എം എന്നിവർ എഴുതിയ കവിതകൾ (ഭാഷാപോഷിണി ,ഒക്ടോബർ ) അത് വ്യക്തമാക്കുന്നു.

വാക്കുകൾ

1) ഏതെങ്കിലും ഒരു സത്യം ഉള്ളതായി ഞാൻ കാണുന്നില്ല. കാഴ്ചപ്പാടുകൾ മാത്രമാണുള്ളത്.
അലൻ ഗിൻസ്ബെർഗ്,
(അമെരിക്കൻ കവി)

2)നമ്മൾ സ്നേഹിക്കുന്നവരെ ഗുണദോഷ വിചാരണ ചെയ്യരുത്.
ഷാങ് പോൾ സാർത്ര് ,
(ഫ്രഞ്ച് എഴുത്തുകാരൻ )

3) ഒരു കലാകാരൻ പ്രക്യതിയെ ആത്മാവിൽ സമാഹരിക്കണം .പ്രകൃതിയുടെ താളവുമായി അവൻ താദാത്മ്യം പ്രാപിക്കണം.
ഹെൻറി മാറ്റിസ്,
(ഫ്രഞ്ച് ചിത്രകാരൻ )

4) സമയം എല്ലാവർക്കും വേണ്ടി ഒരു പോലെയാണ് പ്രവഹിക്കുന്നത് ;എന്നാൽ ഓരോ മനുഷ്യജീവിയും സമയത്തിലൂടെ ഒഴുകുന്നത് വ്യത്യസ്തമായാണ്.
യസുനാരി കവാബത്ത ,
(ജാപ്പനീസ് എഴുത്തുകാരൻ )

5) നിങ്ങൾ ഒരു ആശയത്തിൽ ആവേശിക്കപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ,അത് എവിടെയും കാണാനാകും ;അതിൻ്റെ  ഗന്ധം പോലും അനുഭവിക്കാനാകും.
തോമസ് മൻ,
(ജർമ്മൻ നോവലിസ്റ്റ് )

കാലമുദ്രകൾ

1)ആറ്റൂർ രവിവർമ്മ

മലയാളകവിതയെ സ്വാധീനിക്കാൻ ആറ്റൂർ രവിവർമ്മയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തെ  അനുകരിക്കാൻ കുറെ ചെറുപ്പക്കാർ തയ്യാറായി .

2)സി.ജെ.തോമസ്

കലാശാലാ അധ്യാപകരുടെ നിർജീവമായ , വക്രീകരിച്ച മലയാളത്തിനു ബദലായി സി.ജെ.തോമസ് പുരുഷസ്വഭാവങ്ങളുള്ള ഒരു ഗദ്യം സൃഷ്ടിച്ചു .

3)ഷീല

പി.ഭാസ്ക്കരൻ ,വയലാർ ,യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുടെ  സ്വപ്നസുന്ദരിയായിരുന്നു നടി ഷീല. അവർ ഷീലയെ വർണിച്ചു വർണിച്ചു അങ്ങ് പാരമ്യത്തിലെത്തിച്ചു.

4)കുഞ്ഞപ്പ പട്ടാന്നൂർ

ഇടതുപക്ഷ ധാരണകളുള്ള കുഞ്ഞപ്പ പട്ടാന്നൂർ തൻ്റെ കാവ്യപരമായ ജീവിതത്തിൽ മുഴുനീളം വർഗപരമായ പീഡനങ്ങളെക്കുറിച്ചും അവസരവാദത്തെക്കുറിച്ചും  വഞ്ചനയെക്കുറിച്ചും എഴുതി.പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി വേറൊരു ഇടതുപക്ഷ ഛായയാണ് ഇതിലൂടെ നിർമ്മിക്കപ്പെട്ടത് .

5)പുനത്തിൽ കുഞ്ഞബ്ദുള്ള

ഒരു കലാകാരൻ്റെ എല്ലാ  നിയമലംഘനങ്ങളും അനിശ്ചിതത്വങ്ങളും  കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിൽ കാണാമായിരുന്നു. രോഗികളെ ചികിത്സിക്കുന്ന ഡോക്ടറായിരുന്നിട്ടും താൻ ഗൗരവതരമായ സർഗാത്മക രോഗത്തിലൂടെയാണ് കടന്നു പോകുന്നതെന്ന വസ്തുത അദ്ദേഹം തന്നോടു പോലും തുറന്നു സമ്മതിച്ചില്ല.

നവീന നോവൽ

ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനം തന്നെ ഉണ്ടായത് അലൻ റോബ്ബേ ഗ്രിയേ (1922-2008) യുടെ നേതൃത്വത്തിലാണ്‌.ദ് എറേസേഴ്സ് , ദ്  വൊയർ തുടങ്ങിയ നോവലുകളിലൂടെ ഗ്രിയേ പുതിയൊരു ആഖ്യാനം അവതരിപ്പിച്ചു. അദ്ദേഹം തൻ്റെ നോവലുകളുടെ സൈദ്ധാന്തികമായ പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ചത് 'ഫോർ എ ന്യൂ നോവൽ ' എന്ന കൃതിയിലാണ്‌.
തൻ്റെ സമീപനത്തെക്കുറിച്ച് ഗ്രിയേ ഇങ്ങനെ പറഞ്ഞു: "ഞാനൊരിക്കലും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള ഒരു കാര്യവും എഴുതിയിട്ടില്ല. ഒരു ഭൂപ്രകൃതി ദൃശ്യമോ ,കൊത്തുപണിയോ കണ്ടിട്ട് അത്  വിശദീകരിക്കാൻ  മുതിർന്നിട്ടില്ല .ഞാൻ കണ്ടെത്തുന്നതാണ് എൻ്റെ നോവൽ. എന്നാൽ  എഴുതുമ്പോൾ  അത് കണ്മുന്നിൽ കണ്ടതുപോലെയിരിക്കും. ഭാവന എനിക്ക് കണ്ടുപിടിത്തമാണ്. അതാകട്ടെ ഓർമ്മകളുടെ ഭാഗമാണ്. ഓർമ്മകൾക്ക് വസ്തുനിഷ്ഠ സ്വഭാവമില്ല ".
ഓർക്കുന്തോറും ഓർമ്മകൾ മാറിക്കൊണ്ടിരിക്കുന്നതു കൊണ്ട് വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ധാരണകൾ നവീകരിക്കേണ്ടി വരും.

കഥയെക്കുറിച്ചു മാത്രം

ഡോ.തോമസ് സ്കറിയ എഴുതിയ 'ലോകകഥയുടെ ചരിത്രവും സൗന്ദര്യവും' (കറൻ്റ് ബുക്സ് ,കോട്ടയം) ഫിക്ഷൻ എന്ന മാധ്യമത്തിൻ്റെ നാൾവഴികൾ ചെറു ലേഖനങ്ങളിലൂടെ അവതരിപ്പിക്കുന്നു.
കഥാസരിത് സാഗരം ,പഞ്ചതന്ത്രം കഥകൾ തുടങ്ങിയ ആദിമ സങ്കേതങ്ങൾ മുതൽ ആധുനിക കാലത്തെ രചനകളുടെ പശ്ചാത്തലം വരെ ഇതിൽ ചർച്ച ചെയ്യുന്നു.ഉമ്പർട്ടോ എക്കോ ,മഹാശ്വേതാദേവി തുടങ്ങിയവരെക്കുറിച്ച് ഇതിൽ വിവരിക്കുന്നത് ശ്രദ്ധേയമാണ്. നോവൽ രംഗത്തെ ആചാര്യനായ സെർവാന്തസിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ കൃതി ഡോൺ ക്വിക്സോട്ടിനെക്കുറിച്ചും ഇങ്ങനെ എഴുതുന്നു: ''ഡോൺ ക്വിക്സോട്ടിൻ്റെ പ്രശ്നം പുസ്തകങ്ങളല്ലായിരുന്നു. വായനയുടെ ആധിക്യം അദ്ദേഹത്തെ ഉന്മാദിയാക്കി. വായന അദ്ദേഹത്തിൻ്റെ ഭാവനയെ തട്ടിക്കൊണ്ടുപോയി. അദ്ദേഹം ചിന്തിച്ചു, പുസ്തകത്തിനുള്ളിലുള്ളതത്രേ ലോകം. പുസ്തകത്തിനു പുറത്തുള്ള അനുരഞ്ജനവും ദൂഷണവും അദ്ദേഹത്തിനു പൊറുക്കാനാവാത്ത തെറ്റായി.അമിതവായന ഉന്മാദം തന്നെയാണ് " .മറ്റൊരിടത്ത്‌ ഇങ്ങനെ കുറിക്കുന്നു: "സ്വാർത്ഥതയിൽ നിന്ന് ,അപരിഷ്കൃതത്വത്തിൽ നിന്ന് നിർബന്ധിത പ്രാദേശികവാദങ്ങളിൽ നിന്ന് ഒട്ടൊക്കെ രക്ഷപ്പെടാനുള്ള ഒരു മാർഗം ലോക സാഹിത്യത്തിലേക്കുള്ള പ്രവേശനമാണ് " .

No comments:

Post a Comment