Monday, September 7, 2020

അക്ഷരജാലകം/കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും/metrovartha ,aug 10

 
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com


കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും

" നമ്മൾ തടവുകാരാണ്. കൊറോണ നമ്മെ തടവിലാക്കിയിരിക്കുന്നു, തത്ക്കാലത്തേക്കെങ്കിലും .എന്നാൽ നമ്മൾ പോരാളികളാണ് .മറ്റുള്ളവരുമായി ആശയവിനിമയം നടത്തേണ്ട, ജാഗ്രത പുലർത്തേണ്ട ,ലോകത്ത് എന്ത് നടക്കുന്നു എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം ഐസലോഷനിലാണെങ്കിലും നമ്മൾ എറ്റെടുക്കുന്നു. ഇതാണ് പുതിയ സമ്മർദ്ദം " _ പ്രമുഖ ഉത്തര-ഉത്തരാധുനിക ചിന്തകനും പെർഫോമാറ്റിസം എന്ന കലാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവുമായ ജർമ്മൻ വിമർശകൻ റിയോൾ ഇഷെൽമാൻ പറയുന്നു.അദ്ദേഹം ഇപ്പോൾ ജർമ്മനിയിലെ ലുഡ്വിഗ് യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്ര വിഭാഗം പ്രൊഫസറാണ്.

കൊറോണ ചില ആത്മീയ ചോദ്യങ്ങൾ നമ്മുടെ മുന്നിൽ ഉന്നയിക്കുന്നതായി ഇഷെൽമാൻ അറിയിക്കുന്നു. മനുഷ്യൻ്റെ നശ്വരതയെക്കുറിച്ചാണ് അത് ചിന്തിപ്പിക്കുന്നത് .ജീവിതത്തെക്കുറിച്ചുള്ള കാല്പനികമായ ഭ്രമങ്ങൾ കൊഴിഞ്ഞു പോകാൻ ഇതിടയാക്കിയിട്ടുണ്ട്‌. മനുഷ്യനെ പിടിച്ചു നിർത്താൻ ഇന്നോളമുള്ള അവൻ്റെ അറിവ് പോരാതെ വരുന്നു. ഇതാണ് പുതിയ പ്രതിസന്ധി.

മാനവസമുദായത്തെ ഒന്നായി കാണാൻ കൊറോണയുടെ വരവ് ഇടയാക്കി. ലോകത്ത് എവിടെയുമുള്ള മനുഷ്യർ ഒരേ പ്രശ്നം നേരിടുന്നു. അവരാകട്ടെ നിസ്സഹായരായി നില്ക്കുകയാണ്. ഇതാണ് എല്ലാവരുടെയും അസ്തിത്വ പ്രശ്നം. വേഗമായിരുന്നു നമ്മുടെ വലിയ മൂലധനം. എന്നാൽ ഇപ്പോൾ വേഗത്തിൻ്റെ പത്തി താഴ്ന്നിരിക്കുന്നു. ഇത്  ജീവിതത്തിൻ്റെ ആത്യന്തികമായ ഫലത്തെക്കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുകയാണ്. ഇപ്പോൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നാം അകന്നു കഴിയുന്നു.ഇതിൻ്റെയെല്ലാം പരിണതി പിന്നീട് കൂടുതൽ നല്ല രീതിയിൽ വന്നേക്കാം.

ജീവിതവീക്ഷണത്തിലുണ്ടാകുന്ന മാറ്റം ശ്രദ്ധേയമാവുകയാണ്. ഭൂതകാലത്തിൻ്റെ വലിയൊരു ഭാരം ഇറങ്ങിയെന്ന് പറയാം.ഉപയോഗശൂന്യമായ അഹംബോധത്തിൻ്റെ മാറാലകൾ ഗതകാലത്തിൻ്റെ അഗാധ താഴ്വരകളിലേക്ക് വലിച്ചെറിയേണ്ട സമയമാണിത്. രോഗഭീതിയിലാണെങ്കിലും മനുഷ്യനെ സ്വാതന്ത്ര്യം വിളിക്കുകയാണ്. അവൻ മാറാനായി കാത്ത് നിന്നവനാണ്.ഒരു ബസ് വന്നില്ലെന്ന് മാത്രം. ഇപ്പോൾ അവൻ പ്രകൃതിയെ അറിയുന്നു. സുഹൃത്തുക്കൾ എന്താണെന്ന് അന്വേഷിക്കുന്നു. മൗനത്തിലേക്ക് വലിയുന്നു. വീട്ടിലിരിക്കുന്നത് അപമാനമല്ല ,പരാജയമല്ല എന്ന് തിരിച്ചറിയുന്ന നിമിഷമാണിത്. കളിസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ മടങ്ങിച്ചെല്ലാൻ വീട് മാത്രമാണുള്ളതെന്ന് ഉൾക്കൊള്ളുന്നു. വീടിനു നാനാർത്ഥങ്ങളുണ്ട്‌. പുറംലോകം നമ്മെ സ്നേഹിക്കാതാകുമ്പോൾ നാം ഉറച്ച കാൽവയ്പുകളോടെ വീട്ടിലേക്ക് തിരിക്കണം. വീടിനു ജീവനുണ്ട്.അത് നമ്മെ മൗനമായി സ്നേഹിക്കാൻ തുടങ്ങും. പുറംലോകമല്ല സംസ്കാരത്തിൻ്റെ ഭുവിഭാഗം എന്ന ബോധം ലഭിക്കാൻ പ്രയാസമാണ്. അതിപ്പോൾ ലഭിച്ചിരിക്കുന്നു. ആരോഗ്യപരിപാലനം ,പരിസ്ഥിതി ബോധം എന്നീ വിഷയങ്ങളിലേക്കാണ് നാം വിമോചിപ്പിക്കപ്പെടേണ്ടത്. ഒരു പൊതുനന്മയെ വ്യാഖ്യാനിക്കേണ്ടത് ഇങ്ങനെയാണ് . ഞാൻ  ഇമെയിലിൽ നടത്തിയ  ഇൻ്റർവ്യുവിലാണ് ഇഷെൽമാൻ ഇങ്ങനെ  വ്യക്തമാക്കിയത്.2012 ൽ ഇഷെൽമാനുമായി നടത്തിയ ഇ മെയിൽ ഇൻ്റർവ്യൂ പെർഫോമാറ്റിസം ,ഉത്തര- ഉത്തരാധുനികത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു. 'ഉത്തര- ഉത്തരാധുനികത' (2012) എന്ന പേരിൽ  പ്രസിദ്ധീകരിച്ച എൻ്റെ പുസ്തകത്തിൽ അത് ചേർത്തിട്ടുണ്ട്.

2001ലാണ് ഇഷെൽമാൻ പെർഫോമാറ്റിസം എന്ന് ആദ്യമായി പ്രയോഗിച്ചത്.ഒരു നവീന സാഹിത്യ ,കലാചിന്തയുടെ സൈദ്ധാന്തികവും തത്ത്വചിന്താപരവുമായ ആവിഷ്കാരമാണിത്. ഒരു കൃതിയുടെ ,വാസ്തു നിർമ്മിതിയുടെ ,സിനിമയുടെ ,കലയുടെ അടഞ്ഞ ലോകത്തിനുള്ളിലാണ് സൗന്ദര്യാത്മകമായ അതീതത്വമുള്ളത്. അനുവാചകൻ അതിൻ്റെ ഉള്ളടക്കത്തെ യുക്തിക്ക് അതീതമായി വിശ്വസിക്കുന്നു. ഈ വിശ്വാസത്തിനു കാരണം കലാപരമായ ആവിഷ്കാരം തന്നെയാണ്. മറ്റൊരു പ്രത്യയശാസ്ത്രമോ ആകുലതയോ അനുവാചകനെ ആ സമയത്ത് അല ട്ടുന്നില്ല. കലയുടെ സ്വയം പ്രഖ്യാപിത ലോകത്തിൻ്റെ സവിശേഷതയാണിത്.

പെർഫോമാറ്റിസം

ഇതിന് ഒരു നല്ല ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കനേഡിയൻ എഴുത്തുകാരനായ യാൻ മാർട്ടലിൻ്റെ 'ലൈഫ് ഓഫ് പി' എന്ന നോവലാണ്. ഈ കൃതിയിൽ  പി എന്ന യുവാവാണ് കഥ  പറയുന്നത്. അവൻ മനിലയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള യാത്രയിൽ കപ്പൽച്ചേതമുണ്ടായതിനെ  തുടർന്ന് ഒരു ലൈഫ് ബോട്ടിൽ രക്ഷപ്പെടുകയാണ്. ഒടുവിൽ അതിൽ അവശേഷിച്ചത് പി യും റിച്ചാർഡ് പാർക്കർ എന്ന കടുവയുമാണ്. ഇവർ മാസങ്ങളോളം കടലിൽ ചുറ്റിത്തിരിഞ്ഞ ശേഷമാണ് കരപറ്റുന്നത്. അവരുടെ ബന്ധം ഗാഢമായിരുന്നു.എന്നാൽ കരയിൽ ഇറങ്ങിയ കടുവ സാവധാനം നടന്നു; ഒന്നു തിരിഞ്ഞു നോക്കാതെ അത് കാട്ടിലേക്ക് കയറിപ്പോയി.

പി രക്ഷപ്പെട്ടതറിഞ്ഞ്  ആശുപത്രിയിൽ എത്തിയ ഉദ്യോഗസ്ഥരോട് അവൻ വേറൊരു കഥയാണ് പറയുന്നത്.അതിൽ കപ്പൽച്ചേതത്തെ തുടർന്ന് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടത് പിയും കപ്പലിലെ പാചകക്കാരനും ഒരു നാവികനും അയാളുടെ അമ്മയുമാണ്. യാത്ര അവസാനിച്ചപ്പോൾ മറ്റ് മൂവരും കൊല്ലപ്പെട്ടിരുന്നു. പാചകക്കാരൻ മറ്റ് രണ്ടു പേരെ വിശപ്പ് സഹിക്കാതെ കൊന്നു. പാചകക്കാരനെ പി കൊന്നു.

എന്നാൽ ഈ രണ്ടു കഥകളിൽ  ഏത് വിശ്വസിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന് പി അവരെ അറിയിക്കുന്നു. അവർ കണക്കാക്കിയത് കടുവ ആയി പ്രത്യക്ഷപ്പെട്ടത് പി തന്നെ ആയിരിക്കുമെന്നാണ്.

പി പറയുന്നത് നുണയാണെങ്കിലും ആ നോവൽ വായിക്കുന്ന ഒരാൾ അതിലെ ബോട്ട് യാത്രയും ,കടുവയും മനുഷ്യനും തമ്മിലുള്ള ബന്ധവും വിശ്വസിക്കും.കാരണം നോവലിലുള്ളത് വിശ്വസനീയമാണ്. അത് സൗന്ദര്യത്തെയാണ് നമ്മിലേക്ക് സംക്രമിപ്പിക്കുന്നത്. ഇതാണ് പെർഫോമാറ്റിസം. കലയ്ക്ക് വേണ്ടത് ഈ ഗുണമാണ്. യുക്തി കലയുടെ ഭാരമല്ല. യാഥാർത്ഥ്യം തന്നെ ഇരട്ട മുഖമുള്ളതാണെന്ന അസ്തിത്വപരമായ സമസ്യയാണ് യാൻ മാർട്ടൽ ഇതിൽ പരിശോധിക്കുന്നത്.

വാക്കുകൾ.

1) നിങ്ങളുടെ കഥയിൽ ഒരു പുതിയ കഥാപാത്രം വരുമ്പോൾ അയാളുടെ പ്രകൃതവും വസ്ത്രങ്ങളും കുറച്ചു വിശദമായിത്തന്നെ പറയണം.അല്ലെങ്കിൽ വായനക്കാരൻ അവൻ്റെ സ്വന്തം നിഗമനങ്ങളിലെത്തും. അത് നിങ്ങൾ പിന്നീട് പറയുന്നതുമായി ഇണങ്ങിയെന്ന് വരില്ല .
സത്യജിത്ത് റായ് ,
ബംഗാളി സംവിധായകർ ,എഴുത്തുകാരൻ.

2)സിനിമയുടെ സൗന്ദര്യശാസ്ത്രം ഞാൻ പഠിച്ചത് റുഡോൾഫ് ആർനീം എഴുതിയ 'ഫിലിം ആസ് ആർട്ട് ' ,വ്ളാഡിമിർ നിൽസൻ എഴുതിയ 'സിനിമ ആസ് എ ഗ്രാഫിക് ആർട്ട് ' എന്നീ പുസ്തകങ്ങളിൽ നിന്നാണ്.
മൃണാൾ സെൻ ,
ബംഗാളി സംവിധായകൻ.

3)അഭിപ്രായ സ്വാതന്ത്ര്യമുള്ളപ്പോൾ ,ഞാൻ കണ്ടിട്ടുള്ളത് ഭൂരിപക്ഷം പേർക്കും ഒന്നും തന്നെ പറയാനില്ലെന്നാണ്.
യെവ്ജെനി യെവ്തുഷെൻകോ ,
റഷ്യൻ കവി.

4) ഓരോ സുഹൃത്തും നമ്മളിലെ ഒരു ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്.ആ സുഹൃത്ത് വരുന്നതുകൊണ്ടു മാത്രമാണ് ആ ലോകം ഉണ്ടാകുന്നത്.
അനൈസ് നിൻ .
ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി.

5) അവസാനം ,നമുക്ക് പ്രായമാകുന്നതോടെ ,നാം നമ്മെ സ്നേഹിക്കുന്നവരെയെല്ലാം കൊല്ലുകയാണ് ചെയ്യുന്നത്; മാനസികമായി ക്ലേശിപ്പിച്ചുകൊണ്ടും അവരിൽ നമ്മൾ സൃഷ്ടിച്ച കുഴപ്പിക്കുന്ന സ്നേഹപാശം കൊണ്ടും.
വാൾട്ടർ ബെഞ്ചമിൻ,
ജർമ്മൻ സാഹിത്യചിന്തകൻ .


കാലമുദ്രകൾ

1 ) മങ്കട രവിവർമ്മ .
സ്വയംവരം ,എലിപ്പത്തായം, അനന്തരം തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണ കലയുടെ സൗന്ദര്യം നല്കിയ മങ്കട രവിവർമ്മയെക്കുറിച്ച് മലയാളത്തിൽ ആരും എഴുതുകയോ പഠിക്കുകയോ ചെയ്യുന്നില്ല.

2) എം.പി.നാരായണപിള്ള.
കേരള സാഹിത്യഅക്കാദമി എം.പി.നാരായണപിള്ളയുടെ നോവലിന് അവാർഡ് കൊടുത്തപ്പോൾ തനിക്കത് വേണ്ടെന്ന് അദ്ദേഹം കണിശമായി പറഞ്ഞു. ഇതുപോലെ അക്കാദമികളെ കളിയാക്കാൻ കെല്പുള്ള യഥാർത്ഥ പ്രതിഭകൾ ഇന്നില്ല.

3) പി.വത്സല.
പി.വത്സല ഒരിക്കലും ഒരു പുരോഗമന സാഹിത്യകാരിയായിരുന്നില്ല. അത്തരമൊരു ബ്രാൻഡിംഗിൻ്റെ പരിമിതി അവർക്ക് നന്നായി അറിയാമായിരുന്നു.

4) കെ.പി.അപ്പൻ.
പ്രമുഖ വിമർശകനായ കെ.പി.അപ്പൻ്റെ ശിഷ്യന്മാരായി പലരും അവതരിച്ചെങ്കിലും അവർക്കാർക്കും അപ്പനെ മനസിലാക്കാനുള്ള ശേഷിയില്ലായിരുന്നു.പലരും ബാഹ്യ പ്രലോഭനങ്ങളുടെ പേരിലാണ് അദ്ദേഹത്തിൻ്റെ  പിന്നാലെ കൂടിയത്.

5) കെ.പി.നിർമ്മൽകുമാർ.
കെ.പി.നിർമ്മൽകുമാർ സ്വന്തം പാതയിലാണ് കഥയെഴുതിയത്. 'കൃഷ്ണഗന്ധകജ്വാലകൾ ' ഉദാഹരണം.  സി.വി.ബാലകൃഷ്ണനിൽ നിന്ന് അദ്ദേഹത്തിലേക്ക്  ഒരുപാട് അകലമുണ്ട്. ബാലകൃഷ്ണൻ നിലവിലുള്ള അഭിരുചികളുമായി നന്നായി അനുരഞ്ജനപ്പെട്ട് ,ഒന്നിനോടും വിയോജിക്കാതെ ,അനുസരണയുള്ള കുട്ടിയായി  ഒരു സോദ്ദേശ്യ കഥാപാത്രമായി മാറിയിരിക്കുന്നു.

മഴയിൽ പ്രണയവും ആനന്ദവും

മുൻമന്ത്രിയും കലാസ്വാദകനുമായ ജോസ് തെറ്റയിൽ ഒരു വാട്സപ്പ് പോസ്റ്റിൽ മഴയുടെ അഭൗമമായ അനുഭവങ്ങളെക്കുറിച്ച് എഴുതിയത് അറിവിൻ്റെ മഴയായി. അദ്ദേഹം പറയുന്നത് ,മഴ ചിലപ്പോൾ ഒരു സംഗീതത്തെ ഉല്പാദിപ്പിക്കുന്നു എന്നാണ്. അത് ഹൃദയതാളമാണത്രേ. സംഗീതം ധ്യാനത്തിൽ നിന്ന് ഉത്ഭവിച്ചതാകയാൽ മഴയ്ക്കും ധ്യാനാത്മകതയ്ക്കും തമ്മിൽ ബന്ധമുണ്ട്.
അദ്ദേഹം ഇങ്ങനെ എഴുതുന്നു: "മഴയെ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും ഒരു അനുഭൂതിയാണ്.ഒരു മാനസികാവസ്ഥ .ഈ പ്രണയം ആന്തരികമായതിനാൽ ദിവ്യമാണ്. അത് സമ്മാനിക്കുന്ന സന്തോഷവും സമാധാനവും സംതൃപ്തി പ്രദാനം ചെയ്യുന്നു.ഇത് നമ്മുടെ അന്തരാളത്തിലുണർത്തുന്ന ആർദ്രതയിൽ അഭിരമിക്കുന്നവനെ ഇംഗ്ളീഷിൽ പറയുന്ന വാക്ക് ഞാനടുത്തിടെ പഠിച്ചു: പ്ളൂവിയോഫിലി(Pluviophile). ഇത് പരിശുദ്ധമായ മനസ്സമാധാനം  തരുമെന്ന് പ്രകൃതി ദേവി "

ജോസ് തെറ്റയിൽ ഒരു റൊമാൻ്റിക്  ആയിരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. തീർച്ചയായും അദ്ദേഹത്തിനു കൂട്ടായി  പ്ളൂവിയോഫിലികൾ ഇവിടെ ഉണ്ട് .മഴയിൽ ,രാത്രിമഴയിൽ പരേതാത്മാക്കൾ വന്ന് നമുക്കറിയാത്ത ഭാഷയിൽ എന്തൊക്കെയോ പറയുന്നതായി തോന്നിയിട്ടുണ്ട്. ഇത്ര തീക്ഷ്ണമായും ഗാഢമായും പറയാൻ അവർക്കേ കഴിയൂ.

ബ്രഹ്മാണ്ഡ ലൈബ്രറി

ഭൂമിയിലെ ബ്രഹ്മാണ്ട ലൈബ്രറി അമെരിക്കയിൽ ഫ്ളോറിഡയിൽ ഹിൽസിബോറോ കൗണ്ടിയിലാണുള്ളതെന്ന് സുരേഷ് ആലുവ ഫേസ്ബുക്കിൽ എഴുതിയ ലേഖനത്തിൽ  വായിക്കാം. ഇരുപത്തിയൊൻപത് ശാഖകളും സഞ്ചരിക്കുന്ന ലൈബ്രറിയും ചേർന്നാണ് പ്രവർത്തിക്കുന്നത്.പബ്ളിക് ലൈബ്രറി ബോർഡുണ്ട് അവിടെ .എല്ലാ ലൈബ്രറികളെയും കമ്പ്യൂട്ടർ ,ഇൻ്റർനെറ്റ് ശ്രംഖലകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. എന്തും തിരയാം ,എന്തും വായിക്കാം. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സൈറ്റുകൾ നോക്കാം. പുസ്തകം ഏത് ശാഖയിൽ നിന്നുമെടുക്കാം, ഏത് ശാഖയിലും തിരിച്ചേല്പിക്കാം. 19000 ഫോട്ടോകൾ ശേഖരിച്ചിരിക്കുന്നു. ഓഡിയോ അഭിമുഖങ്ങൾ ,ശവസംസ്കാര രേഖകൾ ,237 ഇനങ്ങളിലായി ലൈബ്രറി ചരിത്ര ശേഖരം ,5280 ലക്ഷം ആനുകാലിക ,പൗരാണിക ലേഖനങ്ങൾ ....ഇങ്ങനെ പോകുന്നു അനന്തമായ വിജ്ഞാനശേഖരം.

നിസ്സാരമായ ഒരു വിഷയം

"നമ്മൾ ആഗ്രഹിക്കുന്നത് പോലെ പ്രശ്നങ്ങളോ വേദനകളോ അസമത്വങ്ങളോ ഇല്ലാത്ത ഒരു നല്ല ലോകം ഉണ്ടാവുകയാണെങ്കിൽ ആ ലോകത്ത് സാഹിത്യം വിഷയദാരിദ്ര്യം കൊണ്ട് മരിച്ചു പോകാൻ ഇടയുണ്ട് ."_ നോവലിസ്റ്റ് വി.ജെ. ജയിംസ് ഒരഭിമുഖത്തിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജലായ് 12 ) പറഞ്ഞതാണിത്. എന്താണ് ഇത് അർത്ഥമാക്കുന്നത് ?ഇത്തരം അസംഭവ്യമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടോ ? ഒരു പ്രശ്നവുമില്ലാത്തവർ എന്തിനെഴുതണം ? പ്രശ്നങ്ങൾ ഇല്ലാത്തവർ ഇന്നുമുണ്ടല്ലോ കവികളും കഥാകൃത്തുക്കളുമായിട്ട് .അവർ എത്ര കോവിഡ് വന്നാലും മുരിങ്ങപ്പൂവിനെക്കുറിച്ചും  വഴിയിൽ ചേര ചത്തതിനെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കും .എന്നാൽ ഒരു കാര്യം മനസിലാക്കണം.മനുഷ്യൻ്റെ ഉള്ളിലാണ് പ്രകമ്പനങ്ങൾ ഉണ്ടാവേണ്ടത്.അങ്ങോട്ടൊരു പാലം ഇടാൻ സാധിക്കണം. യുദ്ധമുണ്ടായിട്ടാണോ എഴുത്തച്ഛൻ 'ഹരിനാമകീർത്തനം' എഴുതിയത് ?ഉറൂബ് 'സുന്ദരികളും സുന്ദരന്മാരും' എഴുതിയത് ?

എന്തിനാണ് വി.ജെ. ജയിംസ് ഇതേ ലക്കത്തിൽ 'വെടിവെപ്പ് മത്സരം' എന്ന ആ കഥ എഴുതിയത് ? കള്ളുകുടിച്ചിരിക്കുന്നതിനിടയിൽ ഗദ്യകവിക്കും പദ്യകവിക്കും ഒരു വിളി വന്നു. ആരാണ് കേമൻ എന്ന് തീരുമാനിക്കാൻ  വെടിവെപ്പ് മത്സരം നടത്തുകയാണ്. വെറും ഉണ്ടയില്ലാ വെടി ! നല്ലപോലെ എഴുതാൻ കഴിഞ്ഞേക്കുമായിരുന്ന ജയിംസ് ,ഒരു നല്ല വ്യക്തിയാണെന്ന കാര്യം മറന്ന് ,ഇതെഴുതരുതായിരുന്നു. ഇത്ര നിസ്സാരമായ ഒരു വിഷയം നീട്ടിവലിച്ച് ഒരു പ്രധാന വാരികയിലെഴുതാൻ എന്ത് പ്രകോപനമാണുണ്ടായിരുന്നത്.?  സങ്കീർണമായ അവസ്ഥയിലുടെ മനുഷ്യർ കടന്നു പോകുന്ന ഈ കാലത്ത് ഇതുപോലെ യാതൊരു പ്രസക്തിയുമില്ലാത്ത ,യാതൊരു കലാമൂല്യവുമില്ലാത്ത ഒരു കഥയുമായി ജയിംസ് വരരുതായിരുന്നു.





No comments:

Post a Comment