Wednesday, March 31, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ദൈവികമായ അസന്തുഷ്ടി /metrovartha 29-3-2021

 

അക്ഷരജാലകംlink
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com

ദൈവികമായ അസന്തുഷ്ടി

ഇരുപതാം നൂറ്റാണ്ടിലെ അത്ഭുതപ്രതിഭ എന്നു വിശേഷിപ്പിക്കാവുന്ന എഴുത്തുകാരിയാണ് റേച്ചൽ കഴ്സൺ (1907 - 1964 ). അവർ കടലിനെക്കുറിച്ച് മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്: അണ്ടർ ദ് സീ വിൻഡ് ,ദ് സീ എറൗണ്ട് അസ്, ദ് എഡ്ജ് ഓഫ് ദ് സീ ' .

സമുദ്ര ജൈവമേഖലയെക്കുറിച്ച് പഠനം നടത്തിയ അവർ അമെരിക്കയിലെ  ബ്യൂറോ ഓഫ് ഫിഷറീസിലായിരുന്നു സേവനം ചെയ്തത്. 1962 ൽ കഴ്സൺ  എഴുതിയ 'സൈലൻറ് സ്പ്രിംഗ്'  ലോകജനതയുടെ ദരിദ്രമായിരുന്ന പരിസ്ഥിതിബോധത്തെ ഉജ്ജ്വലമായി തട്ടിയുണർത്തുകയാണ് ചെയ്തത്.മണ്ണിനെയും പ്രകൃതിയെയും കൊല്ലുന്ന രാസവസ്തുക്കൾക്കെതിരെ മാനവരാശിക്കു വേണ്ടി പോരാടിയ മഹാമനസ്കയാണ് കഴ്സൺ. ഇന്ന് പരിസ്ഥിതിവാദികളെ മാത്രമല്ല ,പാരിസ്ഥിതികാവബോധം നേടാനാഗ്രഹിക്കുന്ന ഏതൊരാൾക്കും കഴ്സൻ്റെ പുസ്തകങ്ങൾ  ദിശാസൂചിയാണ്.

ശാസ്ത്രജ്ഞയായിരിക്കെ ,അവർ വലിയ എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ചു.സാഹിത്യത്തെപ്പറ്റി  ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ആശയങ്ങൾ അവർ മനസ്സിലാക്കി ;ചിലത് സ്വന്തമായി സൃഷ്ടിക്കുകയും ചെയ്തു .'സൃഷ്ടിയുടെ വേളയിൽ  ഞാൻ മറ്റെല്ലാ ലോകങ്ങളിൽനിന്നും വേർപെടുത്തപ്പെടുകയാണ്' എന്ന് അവർ എഴുതിയത് ഇതിനു തെളിവാണ്. 'മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്  എത്തിച്ചേരുകയാണ് രചനാപ്രക്രിയയിൽ സംഭവിക്കുന്ന 'തെന്ന്  അവർ പറഞ്ഞു .

കടലും കവിതയുമായുള്ള ബന്ധം  കഴ്സൺ സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു.അവർ ഇങ്ങനെ എഴുതി: 'കാറ്റ് ,കടൽ, തിരകൾ എന്നിവയൊക്കെ അതുപോലെ തന്നെ ഉണ്ടാവും. അവയിൽ അത്ഭുതമോ ,സൗന്ദര്യമോ, മഹത്വമോ ഉണ്ടെങ്കിൽ ശാസ്ത്രം അത്  കണ്ടുപിടിച്ചേനെ. അവയിൽ ആ ഗുണങ്ങളില്ലെങ്കിൽ ശാസ്ത്രത്തിനു സൃഷ്ടിച്ചെടുക്കാനാവില്ല . ഞാൻ കടലിനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ കവിതയുണ്ടെങ്കിൽ ,അത്  ബോധപൂർവ്വം സൃഷ്ടിച്ചതാണ്.എന്തുകൊണ്ടെന്നാൽ ഒരാൾക്കും കവിതയെ വിട്ടുകളഞ്ഞിട്ട് കടലിനെക്കുറിച്ച് സത്യസന്ധമായി എഴുതാനാവില്ല' .

സമ്മോഹനമായ അനുഭൂതി

ജ്ഞാനത്തിൻ്റെയും വികാരത്തിൻ്റെയും ഇടയിലെ സമ്മോഹനമായ ഒരു അസ്തിത്വാനുഭൂതിയാണ് എഴുത്തിൽ പ്രകടമാകേണ്ടത്. ആധുനികതയെന്നോ പുരാതനമെന്നോ  ഉള്ള വിഭജനങ്ങളെ അപ്രസക്തമാക്കുന്നത് ഈ സമ്മോഹനപ്രവാഹമാണ്.രഘുനാഥ് പലേരിയുടെ 'മറന്നുപോയച്ഛാ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ മൂന്ന്) ,സബീന എം.സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ'(മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15)എന്നീ കഥകൾ എന്നെ പ്രതീക്ഷകളുടെ താമരനൂലുകൾകൊണ്ട് ചുറ്റിവരിഞ്ഞു.  കഥയിൽ മാത്രമല്ല ജീവിതത്തിലും ഈ രചനകൾ പ്രത്യാശ നല്കി. ക്ഷുദ്രവും ദുർബ്ബലവുമായ  കഥാസന്ദർഭങ്ങളുമായി വന്നു താൽക്കാലികമായ പിന്താങ്ങലുകൾ  നേടുന്നവരുണ്ട്. എന്നാൽ അവരുടെ പേരുകൾ പോലെ കഥകൾ സുന്ദരമാകാറില്ല . ജീവിതത്തെ അതിശയകരമായി കാണാനുള്ള ഒരു മാനസിക സവിശേഷത ഉണ്ടെങ്കിലേ ഇതുപോലെ പ്രത്യാശ തരുന്ന കഥകൾ എഴുതാനൊക്കൂ .

രഘുനാഥ് പലേരി  അനുഭവങ്ങളുടെ സാമ്രാജ്യത്തിലെ സ്ഥിരവാസത്തിലൂടെ ആവുന്നത്ര പക്വത ആർജിച്ച കഥാകൃത്താണ്. അദ്ദേഹം മനുഷ്യമനസ്സിനെ ഒരു വസന്തകാല ആരാമം പോലെയോ , ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണുന്ന ഉയരമുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ ആകാശത്തെ പശ്ചാത്തലമാക്കി രചിക്കുന്ന കവിത പോലെയോ ,അധികമൊന്നും  ഇലകളില്ലാതെ, ഒറ്റയ്ക്ക് എന്ന പോലെ താഴ്വരകളിൽ ഉയർന്നു വളർന്നു നിൽക്കുന്ന ചില പേരറിയാത്ത മരങ്ങളുടെ അനാസക്തമായ, പുരാതനമായ പൗരോഹിത്യം പോലെയോ മനുഷ്യത്വത്തെ ഉദാത്തമാക്കി അനുഭവിപ്പിക്കുകയാണ് കഥാകൃത്ത്.

മനുഷ്യനും ദൈവമാണ് .കാരണം, അവൻ സൃഷ്ടിക്കുന്നവനാണ്. കലയിലും ശരീരത്തിലും  പ്രത്യുൽപാദനം നടത്തുന്നു.മനുഷ്യനു  മഹത്തായ കല സൃഷ്ടിക്കാനറിയാമല്ലോ. അത് വിസ്മയമാണ്. അവൻ സന്താനങ്ങളെയും സൃഷ്ടിക്കുന്നു. രണ്ടർത്ഥത്തിലും അവൻ സൃഷ്ടികർത്താവാണ്. അവനു  മരിക്കാനറിയാം ;സ്വയം മരിക്കുന്ന എത്ര ജീവികളുണ്ട് ?അവനു   പ്രവചിക്കാനറിയാം,നാളെയെ. അവനു   ആരാധിക്കാനറിയാം, ദൈവത്തെ. ദൈവത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നിർവ്വചിക്കാൻ എത്ര ജീവികൾക്ക് അറിയാം ?പലേരിയുടെ കഥയിൽ മനുഷ്യൻ ദൈവപാതയിലാണ്. ദൈവമാകാൻ മനുഷ്യൻ തീരുമാനിച്ചാൽ അവനെ ആർക്കും തടയാനാവില്ല. അവൻ ഭൗതിക ജീവിതത്തെ തന്നെ മാന്ത്രികശക്തികൊണ്ട്   വിസ്മയിപ്പിക്കുന്നു. യാഥാർത്ഥ്യം ,മറ്റു പലതുമെന്നതു പോലെ ,ഒരു പൂവാണ്‌. അതിൻ്റെ പിന്നിലേക്ക് പോയാൽ ഒരു മരം തന്നെ കണ്ടെത്താം.

സായന്തനങ്ങളിലെ പക്ഷികൾ

പലേരിയുടെ കഥയിലെ അച്ഛനും മകളും മനുഷ്യമനസ്സുകളുടെ ഉള്ളിലെ നന്മയുടെ പൂമരങ്ങൾ കണ്ട്  ചിരിക്കുകയാണ് .അവർക്ക് വ്യാസനെപ്പോലെ ദിവ്യചക്ഷുസ്സുകൾ ലഭിച്ചിരിക്കുന്നു.ഓർമ്മയുടെ രസമുകുളങ്ങൾ വിടരുമ്പോൾ ഭൂതകാലത്തിൻ്റെ  നിർവ്വചിക്കാനാവാത്ത മധുരം സിരകളിലാകെ പടരുകയാണ്. വീട് എത്ര സുന്ദരമാണ്! . വീട്ടിലെ അംഗങ്ങളുടെ വർത്തമാനങ്ങളും ചിരികളും പാഴായി പോകുന്നില്ല. അത്  എത്ര വർഷം കഴിഞ്ഞാലും ,ഈ കഥയിലെ ഇന്ദ്രേടത്തിയുടെ മനസ്സിലൂടെ എന്നപോലെ, ഹേമന്ത സായന്തനങ്ങളിലെ പക്ഷിപ്പറക്കലുകളായി ,സൗന്ദര്യമായി  ഉയിർകൊള്ളുന്നു. ചെറിയ കാര്യങ്ങളിൽ ദൈവത്തെ പെട്ടെന്ന് തിരിച്ചറിയാം. ചെറിയ ലോകങ്ങൾ ദൈവത്തിൻ്റെ സൂത്രപ്പണികൾകൊണ്ട് സുന്ദരമായിരിക്കും; സങ്കീർണതകളെ  സമർത്ഥമായി ഒളിപ്പിച്ചിരിക്കും .സായാഹ്നങ്ങളിൽ പ്രസാദസൗഖ്യം നല്കിയേക്കാവുന്ന ഒരു മേഘത്തുണ്ടു പോലും നമ്മെ കുടുംബ ബന്ധങ്ങളുടെ കുരുക്കുകൾ അഴിക്കാൻ സഹായിക്കുന്നു.

'ഇന്ദിരേടത്തി അവിടിരുന്നതോണ്ടാ  കുമ്പളം വരയ്ക്കാനായത് .അതാ സത്യം. ഞാൻ പറഞ്ഞില്ലേ ,മനുഷ്യൻ ഒരത്ഭുതാ .അവൻ നിൽക്കുന്നിടം സുന്ദരം .അതറിയാത്തതും  അവനുമാത്രം ' എന്ന് കഥയിലെ വാസൂട്ടൻ പറയുന്നത് വലിയ സത്യമാണ്. വാസൂട്ടൻ്റെ മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്:
'കാലിഡോസ്കോപ്പ് ഒരെണ്ണം ണ്ടായിരുന്നു നന്ദൂന് .അത് കണ്ണില് വയ്ക്കാതെ ഞാനവനെ കണ്ടിട്ടില്ല. എല്ലാര്ടെ കയ്യിലും അതുണ്ടാവില്ല. ജനിക്കുമ്പോഴേ ഒരു ബോണസ് പോലെ അത് കിട്ടണം . അതില്ലാത്തോർക്ക് ജീവിതം കഷ്ടാ' .വാസൂട്ടൻ്റെ ഈ കാഴ്ചപ്പാട് ജീവിതത്തെ വിപുലമാക്കുന്നു.

ഒരേ ജീവിതത്തെ തന്നെ, കാലിഡോസ്കോപ്പിലെന്ന പോലെ വീണ്ടും വീണ്ടും കുലുക്കിയിട്ട് നോക്കിയാൽ പുതിയ വർണ്ണാഭമായ വളപ്പൊട്ടുകൾ കാണാം. ഏകപക്ഷീയമനസ്സും സങ്കുചിതത്വവും റദ്ദായിപ്പോകാൻ ഇത് സഹായിക്കും. ഇന്ദിരേടത്തിയുടെ അച്ഛൻ പറയുന്ന വാക്കുകളും ശ്രദ്ധേയം: 'മരവും  മലയും പാടവുമെല്ലാം തലപൊന്തിച്ചു നോക്കും.പുഴ അടുത്തേക്ക് വന്നു പാദം തടവും .ചില നേരം മൂർധാവും തൊടും ' .
നെരൂദയുടെ ചുംബനങ്ങൾ

സബീന എം. സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ' ചിലിയൻ കവി പാബ്ളോ നെരൂദയുടെ  ഒളിവുജീവിതവും അവിടേയ്ക്ക് ഫ്ലോറൻസിയ ലൊസാനോ എന്ന ഗവേഷണ വിദ്യാർഥി കടന്നുവരുന്നതുമാണ് വിവരിക്കുന്നത് .ചിലിയൻ പശ്ചാത്തലം ഈ കഥയിൽ ലിറ്റ്മസ്  പേപ്പർ കൊണ്ട് ഒപ്പിയെടുത്തിരിക്കയാണ്. നെരൂദയെ അദ്ദേഹത്തിൻ്റെ സകല പ്രണയചേഷ്ടകളോടെയും അന്തരംഗ ഭ്രാന്തുകളോടെയും പുനർജനിപ്പിച്ചിരിക്കുന്നു. ഫ്ലോറൻസിയ നെരൂദയുടെ ഒരു കടുത്ത ആരാധികയാണ്. അവൾക്ക് നെരൂദ കവി മാത്രമല്ല; വീര്യമേറിയ ലഹരിയുമാണ്. അവർ പറയുന്നു: 'പ്രണയിക്കാത്ത മനുഷ്യർ പൂക്കാത്ത മരങ്ങളാണെന്നും മഴയും മഞ്ഞും തീർക്കുന്ന മദിരോത്സവങ്ങൾക്ക് ജീവൻ ജ്വലിപ്പിക്കാനാകുമെന്നും ഞാൻ തിരിച്ചറിഞ്ഞത് അങ്ങയുടെ പ്രേമഗാനങ്ങളും ഭാവഗീതങ്ങളും വായിച്ചതിലൂടെയാണ് '.

നെരൂദ അവളെ തൻ്റെ വൈകാരിക സംഘർഷങ്ങൾ അറിയിക്കുന്നു :
'കാറ്റ് ഓക്ക്മരങ്ങളെയെന്നപോലെ അന്നൊക്കെ പ്രണയം എൻ്റെ  അഭിനിവേശങ്ങളുടെ ഇന്ദ്രിയങ്ങളെ വല്ലാതെ പിടിച്ചുലച്ചിരുന്നു. വാക്കുകൾക്ക് പിന്നാലെ ഓടുമ്പോഴും, പലതരം പൂക്കളെ നുകരുന്ന വണ്ടുകളെ പോലെ ,സ്ത്രീസുഖം തേടി ഞാനൊരു മത്തഭൃഗമായി.റങ്കൂണിലെ ഐരാവതി നദിക്കരയിൽ ,സിലോണിലെ കടൽക്കരയിൽ ,കൽക്കത്തയുടെ  തെരുവോരങ്ങളിൽ ,മഞ്ഞുപാളികൾ ഉരുകി മറയുന്ന മെക്സിക്കൻ ഹിമതടാകക്കരയിൽ... എവിടെയും കണ്ടെടുക്കാനാവാത്ത അമൂല്യമായ ഒന്ന് പക്ഷേ ,ഈ നിലവറയ്ക്കുള്ളിൽ എനിക്ക് ലഭിച്ചിരിക്കുന്നു ' .

ഒരു വിശ്വമഹാകവിയുടെ മനസ്സിനുള്ളിലേക്ക് പ്രവേശിച്ചാണ് കഥാകാരി എഴുതുന്നത്. അദ്ദേഹം അവിടെ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ഫ്ലോറയാടു  പറയുന്ന വാക്കുകളിൽ വിരഹത്തിൻ്റെ  ജ്വാല നിറഞ്ഞൊഴുകുകയാണ്.കവി അവളെ ഭ്രാന്തമായി ചുംബിക്കുകയാണ് . 'അഗാധസ്റ്റേഹത്തിൻ്റെ ഈ ആരാമത്തിൽ നിന്ന് വിട പറയാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല .എങ്കിലും പോയേ തീരൂ. നീയെന്നിലവശേഷിപ്പിച്ച പ്രണയത്തിൻ്റെയും വിപ്ളവത്തിൻ്റെയും തീജ്വാലയുമായിട്ടാണ് ഞാൻ പോകാനൊരുങ്ങുന്നത് ' .  ഒരു നല്ല മനുഷ്യനായാൽ മാത്രമേ വിരഹത്തെ ഉൾക്കൊള്ളാനാവൂ എന്ന്  കുമാരനാശാൻ്റെ ' ലീല' വായിച്ചിട്ടുള്ളവർക്കറിയാം. സാഹിത്യരചനയിൽ തീവ്രമായ  അസന്തുഷ്ടിയുണ്ട് .അത് വെളിപാടിനു സദൃശമാണ്. അമെരിക്കൻ കൊറിയോഗ്രാഫർ മാർത്താ ഗ്രഹാം (1894-1991)ഇങ്ങനെ പറഞ്ഞു: 'കലാപ്രവർത്തനത്തിൽ  മുഴുകുമ്പോൾ ഞാനനുഭവിക്കുന്നത് വിചിത്രമായ, ദൈവികമായ ഒരു അസന്തുഷ്ടിയാണ് ' .

കാലമുദ്രകൾ

1)മമ്മൂട്ടി

കോവിഡ് കാലത്ത് മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങൾ, ദ് പ്രീസ്റ്റ് ,വൺ , തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചു. മമ്മൂട്ടി എന്ന പേരിന് മുഖ്യധാരാസിനിമയിൽ ,അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തേക്കാൾ ,ചലച്ചിത്ര ജീവിതത്തേക്കാൾ അർത്ഥവും വ്യാപ്തിയുമുണ്ട്.

2)എൻ.പി.വിജയകൃഷ്ണൻ

കലി ബാധിച്ച നളനെ പോലെ, 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ രവി പ്രജ്ഞയറ്റ് അലയുകയായിരുന്നുവെന്ന്  എൻ.പി.വിജയകൃഷ്ണൻ (കലാപൂർണ ) എഴുതുന്നു.കലി ബാധിച്ച നളനെ കാർകോടകൻ രക്ഷിക്കുന്നതു പോലെ രവിയെ പാമ്പ് ദംശിക്കുന്നതിൽ രക്ഷകഭാവമാണുള്ളതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

3)ശ്രീവിദ്യ

മലയാള സിനിമയിൽ കാമുകിയായി  ജീവിച്ച ഒരു നടിയേയുള്ളു. അത് ശ്രീവിദ്യയാണ്. അവരുടെ ശരീരഭാഷയും മുഖചലനങ്ങളും അത് സ്ഥിരീകരിച്ചിരുന്നു. ശ്രീവിദ്യയുടെ  പ്രണയകഥകൾ ഇപ്പോൾ ധാരാളം വായനക്കാരുള്ള ഒരു ഫിക്ഷനായിത്തീർന്നിരിക്കുന്നു.

4)കെ .പി. മോഹനൻ

പ്രശസ്ത എഴുത്തുകാരൻ ചെറുകാടിൻ്റെ മകനായ കെ.പി. മോഹനൻ വളരെ നല്ല വ്യക്തിയാണ്. പക്ഷേ, നല്ല വ്യക്തിയാണെന്ന പ്രസ്താവന ശോഭയുള്ളതാകണമെങ്കിൽ  രണ്ടു കാര്യങ്ങൾ പാലിക്കണം: ഒന്ന്, എഴുതരുത്. രണ്ട്, സാഹിത്യസ്ഥാപനങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുക്കരുത്.

5)സാറാജോസഫ്

തൊണ്ണൂറുകളിൽ സാറാജോസഫ് 'സ്കൂട്ടർ ' എന്ന പേരിൽ ഒരു കഥയെഴുതിയിട്ടുണ്ട്. സമകാലിക ജീവിതത്തിൻ്റെ ദുരിതങ്ങളെ  യഥാതഥമായ നിർവ്വികാരതയോടെ സമീപിച്ച ആ കഥ വളരെ മുഴക്കമുള്ള തായിരുന്നു .എന്നാൽ എന്തുകൊണ്ടോ  സാറാജോസഫിന് പോലും അതിൻ്റെ  പ്രസക്തി മനസ്സിലായില്ല .

വാക്കുകൾ

1)ആഗ്രഹങ്ങളിൽ കത്തിജ്വലിക്കുകയും  എന്നാൽ ശാന്തമായിരിക്കുകയും  ചെയ്യുന്നതാണ് നമുക്ക് സ്വയം  അടിച്ചേൽപ്പിക്കാൻ കഴിയുന്ന ശിക്ഷ.

ഫ്രഡറിക്കോ ഗാർസിയ ലോർക,
സ്പാനിഷ് കവി

2)അഗാധമായ ,പറയാനാവാത്ത യാതനകൾ ഒരു ജ്ഞാനസ്നാനമാണ്, പുനരുജ്ജീവനമാണ് , പുതിയൊരവസ്ഥയിലേക്കുള്ള സംക്രമണമാണ്.

ഇറ ഗേർഷ്വിൻ,
അമെരിക്കൻ ഗാനരചയിതാവ്

3)ഒരു കഥ എഴുതുമ്പോൾ നിങ്ങളുടെ ജോലി ലോകത്തിൻ്റെ സങ്കീർണതകൾ മുഴുവൻ പ്രതിഫലിപ്പിക്കുന്നതിലായിരിക്കണം.

ജൂലിയൻ ബാൺസ്,
ഇംഗ്ലീഷ് എഴുത്തുകാരൻ

4)ലോകത്ത് ഒരു മനുഷ്യന് ഏറ്റവും കൂടുതൽ പ്രതിമകൾ ഉണ്ടാക്കപ്പെട്ടത് സ്റ്റാലിനു വേണ്ടിയായിരുന്നു. അദ്ദേഹം തൻ്റെ പ്രതിമയുണ്ടാക്കാനായി ആജ്ഞ പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ  പിന്നീട് എന്താണ് കണ്ടത്? ജനങ്ങൾ തന്നെ ആ പ്രതിമകൾ തകർത്തു മണ്ണിലിട്ടു. ഇതാണ് ജീവിതത്തിലെ അസംബന്ധം.

കാമിലോ ഹോസേ തേല ,
സ്പാനിഷ് എഴുത്തുകാരൻ

5)ഏതെങ്കിലും കാര്യത്തിൽ ആളുകളുടെ മനസ്സ് മാറ്റാൻ വേണ്ടി  ഞാനൊരിക്കലും ഒരു കഥയോ നോവലോ എഴുതിയിട്ടില്ല. അങ്ങനെ വേണമെന്നുള്ളപ്പോൾ ഞാൻ ലേഖനം എഴുതുകയാണ് ചെയ്യുന്നത്.

ആമോസ് ഓസ്,
ഇസ്രയേലി എഴുത്തുകാരൻ .

വായന

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ 'ജീവിതം ഒരു പെൻഡുലം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് )എഴുപത്തിയാറ് ലക്കങ്ങളിലെത്തിയിരിക്കുന്നു.ഇത്രയും ദീർഘിച്ച ഒരാത്മകഥയുടെ സാംഗത്യം  സന്ദേഹമുണ്ടാക്കുകയാണ്. ചെറിയ ആത്മകഥകൾക്കാണ് പ്രസക്തി. ഒരാൾ സ്വന്തം ജീവിതത്തെക്കുറിച്ച് പറയുന്നതാണല്ലോ ആത്മകഥ .ജീവിതത്തിലെ നിസ്സാരകാര്യങ്ങൾ എഴുതേണ്ടതില്ല. വായനക്കാർക്ക് എന്താണ് പ്രയോജനം? നല്ലൊരു ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിയെ ആരും നിന്ദിക്കുകയില്ല. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസ് പാടിയ പാട്ടുകൾ ഇപ്പോഴും നമ്മെ  ഗൃഹാതുരമാക്കും .പക്ഷേ തമ്പിക്ക് ഒരു ബൗദ്ധികജീവിതമല്ല ഉള്ളത്.  അദ്ദേഹം വായിച്ച പുസ്തകങ്ങളെപ്പറ്റിയോ ചിന്തകളെപ്പറ്റിയോ ഒന്നും അറിയില്ല. ഒരാൾ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളെല്ലാം എഴുതേണ്ടതുണ്ടോ ? സുഹൃത്തുക്കളുടെ  ജീവിതത്തെക്കുറിച്ച് നമുക്കെന്തറിയാം ? നമ്മൾ ജീവിച്ചത് പൂർണമായും ശരി എന്ന നിലയിലാണ് ആത്മകഥാകാരന്മാർ ജീവിതത്തെ നോക്കുന്നത്. ജീവിത യാഥാർത്ഥ്യങ്ങളെ സംശയത്തോടെ നോക്കുകയാണ് വേണ്ടത്; സംശയം ഒരു അത്മീയമൂല്യമാണ്. ഒരു വസ്തുത യ്ക്ക് അനേകം മാനങ്ങൾ ഉണ്ടാകാം; എന്നാൽ എല്ലാറ്റിനെയും ഏകപക്ഷീയമായി നോക്കുന്നത് തെറ്റാണ്. ആത്മകഥ ഒരു ഭാഗികവീക്ഷണമാണ്. ഒരാൾ തെളിവുകൾ പരിഗണിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വിധി പ്രസ്താവിക്കുന്ന പോലെയുള്ള ഒരു അരുതായ്ക ആത്മകഥാരചനയിലുണ്ട്. മലയാള എഴുത്തുകാരുടെ അമിതമായ ആത്മകഥാവാസന തെറ്റായ സന്ദേശമാണ് നല്കുന്നതെന്ന് ഞാൻ വിചാരിക്കുന്നു.

മേതിൽ രാധാകൃഷ്ണൻ്റെ 19 എന്ന പരമ്പര (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ബോറടിപ്പിക്കുകയാണ്. പലതും അവ്യക്തമാണ്. താൻ എഴുതുന്നതിൻ്റെ കൃത്യത വായനക്കാരിലെത്തിക്കുന്നതിൽ മേതിൽ പരാജയപ്പെടുകയാണ്. കൈപ്പത്തിയിലെ രേഖകളെക്കുറച്ച്  എഴുതിയത് വായിച്ചാൽ ഒന്നും മനസ്സിലാവില്ല. സമൂഹം ഇല്ലാത്ത  ലോകമാണ് മേതിലിൻ്റേത്.

ചങ്ങമ്പുഴയുടെ 'പാടുന്ന പിശാച് ' കവികളെയാകെ വിചാരണ ചെയ്ത് വിമർശിക്കുകയുണ്ടായല്ലോ. ഇപ്പോൾ കുഞ്ഞപ്പ പട്ടാന്നൂരും ആ വഴിക്ക് വന്നിരിക്കുന്നു. അദ്ദേഹം 'കവിജന്മങ്ങൾ ' (കലാപൂർണ ,ജനുവരി) എന്ന കവിതയിൽ കവികളുടെ പലതരം വേഷപ്പകർച്ചകളെ തുറന്നു കാട്ടുന്നു.
" ബഹുസ്വരതയുടെ സുരതത്തിൽ
സുഖിച്ചും
ബഹുരുപികളായ് സ്വയം
ചമഞ്ഞ് തിമിർത്തും
ശ്രേഷ്ഠഭാഷയിൽ
ശ്രേഷ്ഠന്മാരായ് വാഴുന്നവർ'
ഒരു വിഭാഗം.

മറ്റൊരു കൂട്ടർ ഇതാ :
'പൂക്കാലം കാത്തിരുന്ന
പൂമരങ്ങൾ
വെറും വിറകുമരങ്ങളായി
മാറിക്കഴിഞ്ഞല്ലോ ' .

പങ്കുകൃഷിയിലും പാട്ടക്കൃഷിയിലും പങ്കാളികളായി കളകളെ വിളകളെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ടെന്ന് പട്ടാന്നൂർ കുറിക്കുന്നു.

Wednesday, March 24, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സസ്യലതകളുടെ ഓർക്കെസ്ട്ര /metrovartha 23-3 - 2021

 അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

Email mkharikumar797@gmail.com


സസ്യലതകളുടെ ഓർക്കസ്ട്ര


പ്രമുഖ സ്വിസ് - ജർമ്മൻ ചിത്രകാരനായ പോൾ ക്ളീ (1879-1940) തൻ്റെ  കലാബോധത്തെ വൃക്ഷത്തോട് ഉപമിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിട്ടുണ്ട് .കലങ്ങിമറിഞ്ഞ ഒരു ലോകത്തെ അതേനിലയിലല്ല ഒരു മികച്ച കലാകാരൻ സ്വീകരിക്കുന്നത് ;അയാൾ തൻ്റെ ലോകം അതിൽ കണ്ടെത്തുകയാണ്. അയാൾ തൻ്റേതായൊരു ദിശ തേടുകയാണ്.അത് തിരഞ്ഞെടുക്കുന്നതിലാണ് ധിഷണ വേണ്ടത്. ഇങ്ങനെയാണ് ലോകത്തെ പുന:ക്രമീകരിക്കുന്നത്. അതിനായി പലതും  ഒഴിവാക്കുന്നു. ഒരിടത്ത് വേരുകളാഴ്ത്തി നിന്നാണ് അത് ശരിസ്സുയർത്തുന്നത്. അതിനു ശാഖോപശാഖകളുണ്ട്. വികാരത്തിൽ നിന്ന് ജനിച്ച് പല ദിക്കുകളിലേക്ക് പടർന്നു സ്വയമേ ഒരു രൂപം കൈവരിക്കുന്നു. ആ നിലയിൽ അത്  മനോഹരമായ ശില്പമാണ്. അതിൻ്റെ ഘടന വൃക്ഷത്തെ പോലെ പൂർണവും സംഗീതാത്മകവും നിശ്ശബ്ദവുമാണ്.


1924ൽ പോൾ ക്ളീ ചെയ്ത  മനോഹരമായ ഒരു പ്രഭാഷണമാണ്  'ഓൺ മോഡേൺ ആർട്ട് ' എന്ന ലേഖനത്തിനാധാരം. 1948 ൽ ഇത് ഒരു ലഘുപുസ്തകമായി പുറത്തുവരുകയും ചെയ്തു.പോൾ ക്ളി എഴുതുന്നു:

' കലാകാരൻ്റ ദിശാബോധം അനുഭവത്തിൻ്റെയും  പ്രതിഛായയുടെയും പ്രവാഹത്തിന് ഒരു ക്രമമുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയിലും ജീവിതത്തിലുമുള്ള ഈ ദിശാബോധത്തെ ,ശാഖോപശാഖാ പ്രവർത്തനത്തെ ,ഒരു വൃക്ഷത്തിൻ്റെ  ജീവിതവുമായി ഞാൻ ബന്ധപ്പെടുത്തുന്നു .വൃക്ഷത്തിൻ്റെ മൂലത്തിൽനിന്ന് കലാകാരനിലേക്ക്  രക്തമൊഴുകുന്നു ,അത് അവനിലൂടെ ഒഴുകുകയാണ് .അവൻ്റെ  കണ്ണുകളിലേക്ക് ഒഴുകുന്നു. ഈ പ്രവാഹമാണ് കലാകാരനെ തൻ്റെ  സവിശേഷമായ കാഴ്ചയിലേക്ക്  നയിക്കുന്നത് ' .


വൃക്ഷത്തിൽ നിന്ന് ജ്ഞാനദാഹികൾക്ക് ജ്ഞാനമാണ് കിട്ടുന്നത് .വൃക്ഷം ലോക ജീവിതത്തിൻ്റെ ഒരു സദൃശ്യ ഖണ്ഡമാണ്. കല കലയ്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നത്  ഇവിടെയാണ്.


നിശ്ശബ്ദതയിൽ കാട്


ചിലിയൻ കവി പാബ്ളോ നെരൂദയുടെ   ഓർമ്മക്കുറിപ്പുകളിൽ കാടിൻ്റെ , കാറ്റിൻ്റെ സംഗീതം പ്രവഹിക്കുന്നുണ്ട്‌. വിവിധ ജീവികളിൽ നിന്നു പുറപ്പെടുന്ന മണം തന്നെ ത്രസിക്കുന്നതായി ചിലിയൻ കാട്ടിലെ അനുഭവം വച്ച് നെരൂദ എഴുതുന്നു. കൂണുകൾ കാതോർക്കുന്നത് ,ഓരോ മരവും സ്വയം അകലം പാലിക്കുന്നത്, അവശിഷ്ടങ്ങൾ വിതറുന്നത് ,വെള്ളത്തിനും  സൂര്യപ്രകാശത്തിനും മധ്യേ ചിത്രശലഭം  നൃത്തം ചെയ്യുന്നത്, മിന്നലിൻ്റെ  വേഗത്തിൽ കുറുക്കൻ കാടിൻ്റെ നിശ്ശബ്ദത ഭേദിക്കുന്നത് നെരൂദ വിവരിക്കുന്നു. എങ്കിലും ,അദ്ദേഹം പറയുന്നു, നിശ്ശബ്ദതയാണ് കാടിൻ്റെ  നിയമം .എന്നാൽ അതിന് ഒരു താളക്രമമുണ്ടാകുന്നത് ഏതെങ്കിലുമൊരു മൃഗം ഭയവിഹ്വലതയിൽ വിദൂരങ്ങളിൽ കരയുമ്പോഴോ , അറിയപ്പെടാത്ത ഒരു പക്ഷിയുടെ പെട്ടെന്നുള്ള പറക്കലിലോ ആണ്. സസ്യജാലങ്ങളുടെ ഗാഢമായ മൗനം മറ്റൊരു ആവൃത്തിയിലുള്ള സംഗീതമാകുന്നത് വലിയൊരു കാറ്റു കടന്നു വരുമ്പോഴാണെന്ന് നെരൂദ എഴുതുന്നുണ്ട്.


അമെരിക്കൻ കാർട്ടൂണിസ്റ്റും എഴുത്തുകാരനും ചിത്രകാരനുമായ ആർതർ ഹെൻട്രി ആർട്ട് യംഗിൻ്റെ ചിത്രങ്ങളിൽ രാത്രിയിലെ മരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അദ്ദേഹം വൃക്ഷങ്ങളിൽ മനുഷ്യവികാരങ്ങളും വിചിത്രഭാവങ്ങളുമാണ് കണ്ടത്. വിയറി ആൻഡ് ഹെവി ലാഡൻ എന്ന ചിത്രത്തിൽ, ഒരു വൃക്ഷത്തെ വലിയൊരു ഭാരം തലയിലേന്തിയ മനുഷ്യനെ എന്നപോലെ ചിത്രീകരിക്കുന്നുണ്ട്. ഡെവിൾസ്  ഓർക്കസ്ട്ര എന്ന ചിത്രമാകട്ടെ, രാത്രിയിൽ വൃക്ഷങ്ങൾ നൃത്തം  ചെയ്യുന്നതായി അനുഭവിപ്പിക്കുന്നു. അതാകട്ടെ ഭയമുണ്ടാക്കുന്നതുമാണ്. ആ വൃക്ഷങ്ങളുടേത് വിഭ്രാമകമായ ചലനങ്ങളാണ്.


മിന്നാമിനുങ്ങുകളുടെ തലമുറ


ഇ .ഹരികുമാറിൻ്റെ 'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥ ഐഹികമായ ലോകത്തെ പാപമാലിന്യങ്ങളിൽ നിന്ന് നമ്മെ മുക്തരാക്കുകയാണ്. തൊടിയിലും പ്രകൃതിയിലും നിറഞ്ഞുനിൽക്കുന്ന ജൈവസൂചനകളെയും  സന്ദേശങ്ങളെയും കഥാകൃത്ത്  സ്വാംശീകരിക്കുന്നു. കഥാരചനയിലൂടെ കാവ്യാത്മാവിലേക്കാണ് അദ്ദേഹം സഞ്ചരിക്കുന്നത്. മനുഷ്യൻ്റെ  ജ്ഞാനത്തിനും വൈകാരിക ലോകത്തിനും സാധ്യമായ തരത്തിൽ  ചുറ്റുപാടുകളെ ജീവദായകമാക്കുകയാണ് കഥാകൃത്ത്. ഈ ഭാഗം നോക്കൂ:

' കാലമെത്തുന്നതിനുമുമ്പ് പെയ്ത ഒരു മഴയുടെ ദയയിൽ മുളച്ചുവന്ന ഒരു തുമ്പച്ചെടി പൂവണിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .അതിൽനിന്ന് ഒരു പൂ അടർത്തിയെടുത്തു അവൾ ഇടത്തെ കയ്യിൻ്റെ ഉള്ളംകൈയിൽ കമിഴ്ത്തിവച്ചു ,സുപ്രിയയ്ക്ക്  കാണിച്ചു കൊടുത്തു.

ഇതെന്തുമാതിരിയുണ്ട് ?

ഒരു കാലുമാതിരിയുണ്ട്.

ആ ഇതാണ് ശ്രീപാർവ്വതിയുടെ കാല്. എനിക്കു മുത്തശ്ശി കാണിച്ചുതന്നിട്ടുള്ളതാണ്. അതിനുശേഷം ഞാൻ ഓണത്തിന് പൂവിടുമ്പോൾ നടുവിൽ ഒരു തുമ്പപ്പൂ ഇങ്ങനെ കമിഴ്ത്തി വെക്കും. അപ്പോൾ ഓണത്തിൻ്റെ അന്ന് ശ്രീപാർവ്വതി നമ്മുടെ വീട്ടിൽ വരും' .


മനോഹരമായ ഈ ആഖ്യാനത്തിൽ കേരളീയജീവിതത്തിൻ്റെ സ്പന്ദനവും സൗന്ദര്യവുമാണ് ഹരികുമാർ ആവിഷ്കരിക്കുന്നത്. ഒരു തുമ്പപ്പൂവിനെ ഇതിനേക്കാൾ മനോഹരമാക്കുന്നതെങ്ങനെ ?


മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു:

' രാത്രി ഊണു കഴിഞ്ഞ ശേഷം അവർ ഉമ്മറത്ത് വന്നിരുന്നു .മുമ്പിലിരിക്കുന്ന മേശവിളക്ക് സൃഷ്ടിച്ച വെട്ടത്തിനുമപ്പുറത്ത് ഇരുട്ടിൻ്റെ കാടായിരുന്നു. അവയിൽ മിന്നാമിനുങ്ങുകൾ മിന്നിമറയുന്നത് അവൾ ശ്രദ്ധിച്ചു. താൻ കുട്ടിയായിരിക്കുമ്പോൾ കണ്ടിരുന്ന മിന്നാമിനുങ്ങുകളുടെ എത്രാമത്തെ തലമുറയായിരിക്കും ഇവ? . മിന്നാമിനുങ്ങുകളെ കൂട്ടിലെ ഇരുട്ടിൽ വെട്ടം വീഴ്ത്താനായി പിടിച്ചുകൊണ്ടുപോകുന്ന  കൊച്ചു പക്ഷികളെപറ്റിയും അവൾ ഓർത്തു. അവരുടെയും തലമുറകൾ മാറിമാറി വന്നിട്ടുണ്ടാകും. കുട്ടിക്കാലത്ത് താൻ കണ്ടിട്ടുള്ള ഒരു മിന്നാമിനുങ്ങിനെ ഇപ്പോൾ കണ്ടാൽ ചോദിക്കാമായിരുന്നു. ഒരു രാത്രി പിടിച്ചു കയ്യിനുള്ളിൽ പൊത്തിപ്പിടിച്ചു ഇരുട്ടിൽ പരിശോധിച്ച ജിജ്ഞാസുവായ ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ?'



മനുഷ്യൻ്റെയുള്ളിൽ നിറഞ്ഞ പ്രകൃതിയാണിത്. പ്രകൃതിയിലെ  വിവിധ പ്രഭാവങ്ങൾ ഇവിടെ കഥാപാത്രങ്ങളായി ഉയിർകൊണ്ട്  മനുഷ്യജീവിതത്തിൻ്റെ ഭാഗമായി സംസാരസന്ദേശങ്ങളായി രൂപാന്തരപ്പെടുന്നു.മനുഷ്യൻ ജീവിക്കുന്നതിൻ്റെ അധികമാരും അറിയാത്ത രഹസ്യമാണിത്.  ആഭ്യന്തരജീവിതത്തിൻ്റെ സ്വരമേളനം ഇങ്ങനെ അർത്ഥപൂർണമാകുകയാണ്.


സസ്യാത്മകം


മനുഷ്യൻ്റെ ജീവിതത്തിൽ സസ്യലതകൾ ഒരു ഓർക്കസ്ട്ര ഒരുക്കുകയാണ്. കഥ പറയുമ്പോഴോ , ചിത്രം വരയ്ക്കുമ്പോഴോ ഒരാൾ ഈ ഓർക്കസ്ട്രയിലാണ് ഇടപെടുന്നത്; അല്ലെങ്കിൽ ഇടപെടണം. അതിന് പ്രകൃതിയുമായി ചേരുന്നതിൻ്റെ , സൂര്യനുമായി സമ്പർക്കത്തിലായിരിക്കുന്നതിൻ്റെ  അവബോധവും അനുഭൂതിയും മനസ്സിലുണ്ടായിരിക്കണം. ആ  അനുഭൂതിയാണ് മനുഷ്യജീവിതത്തിനു അജ്ഞാതമായ മാന്ത്രികത നല്കുന്നത്. സസ്യാത്മകമായ ഒരു ജീവിതം മനുഷ്യനും അവകാശപ്പെട്ടതാണ് ;ഒരു പവിഴമല്ലി മരത്തെ പോലെയോ ,തേനീച്ചയെ പോലെയോ ,അണ്ണാറക്കണ്ണനെ പോലെയോ, ശലഭത്തെ പോലെയോ പ്രകൃതിയുടെ സ്വാഭാവിക നന്മകളിൽ ലാഭമോ നഷ്ടമോ നോക്കാതെ സ്വയം നിറയുന്ന അനുഭവം. കാത്തു വയ്ക്കാതെ ,ബാക്കിവയ്ക്കാതെ ,ഓർമ്മവയ്ക്കാതെ പ്രകൃതിയായി സ്വയം മാറുമ്പോഴല്ലേ ഒരു കുയിൽ ആ മധുരം ഗാനം ആലപിക്കുന്നത് ?



വായന


ഒരഴുത്തുകാരനു മാന്ത്രികതയും കോപവും സാഹസികതയും വേണമോ ? വേണമെന്നാണ് പ്രമുഖ ലാറ്റിനമെരിക്കൻ എഴുത്തുകാരനായ കാർലോസ് ഫ്യൂവൻ്റിസ് (1928-2012 )പറഞ്ഞത്.സ്പാനീഷ്  ഭാഷയിലെ ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരനായി ഹുവാങ് ഗൊയ്റ്റിസോളോയെ  ചൂണ്ടിക്കാണിക്കുമ്പോൾ ഫ്യൂവൻ്റിസ് ഇങ്ങനെ സൂചിപ്പിക്കാതിരുന്നില്ല.


'സ്പാനീഷ് ഭാഷയിലെ ഏറ്റവും സിദ്ധിയുള്ള ,ലോകനിലവാരമുള്ള, പരീക്ഷണത്വരയുള്ള, അസാധാരണമായ ത്വരകളുള്ള  എഴുത്തുകാരനാണ് ഗൊയ്റ്റിസോളോ. അദ്ദേഹത്തിന് താൻ ചെയ്യുന്നതിൽ ഒരു തൃപ്തിയുമില്ല; അങ്ങനെയായിരിക്കണം. നമ്മൾ സ്വന്തം രചനകളിൽ തൃപ്തിയനുഭവിക്കരുത്.തൃപ്തിപ്പെട്ടാൽ അതിലെന്തോ കുഴപ്പമുണ്ടെന്നാണ്  മനസ്സിലാക്കേണ്ടത്. കോപത്തോടെയും അതൃപ്തിയോടെയുമാണ് നാം വൈവിധ്യത്തെ തേടേണ്ടത് ' - ഫ്യൂവൻ്റിസ് പറയുന്നു.


അറബ്  ലോകവുമായി ,സംസ്കാരവുമായി  സ്പാനിഷ് ജനതയെ ബന്ധപ്പെടുത്തിയത് ഗൊയ്റ്റിസോളോയാണ്. സ്പെയിൻകാർക്ക് അറബ് ജനതയോട് കടപ്പാടുണ്ട്.മാർക്സ് ഓഫ്  ഐഡൻറിറ്റി, ഹുവാങ് ദി ലാൻഡ്ലസ് തുടങ്ങിയ നോവലുകൾ എഴുതിയ ഗൊയ്റ്റിസോളോ ഇങ്ങനെ പറഞ്ഞു:

'നോവലെഴുതുന്നവർ കവിത വായിച്ചിരിക്കണം. അല്ലെങ്കിൽ അവരുടെ ഗദ്യം ഉപഭോഗവസ്തുവായി മാത്രമേ നില്ക്കൂ. സാഹിത്യപരമായി  പരിചരിക്കപ്പെട്ട ഗദ്യ എപ്പോഴും വ്യത്യസ്തമാണ് ' .


ആശാലതയുടെ 'സ്ക്രിപ്റ്റ് റൈറ്റർ ' ഇ.എം.സുരജയുടെ 'ഉറുമ്പും മരവും' (മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15) എന്നീ രചനകൾ സമകാലകവിതയുടെ പൊതു സ്വരസവിശേഷതയിൽ മുങ്ങിപ്പോവുകയാണ്. ഒറ്റയ്ക്കെടുത്താൽ ഓരോ വാക്യവും തനിയെ നിൽക്കില്ല .ഭാഷയില്ലാത്ത കവിതകളാണിത്. കവിതയുടെ ആകെത്തുകയിലാണ് കവികൾക്ക് പ്രതീക്ഷ .ഒരു സ്ക്രിപ്റ്റ് റൈറ്റർ പല കാമുകിമാരെ പരിപാലിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് കവിയുടെ പ്രശ്നം. കാമുകിമാരുടെ പേരുകൾ ചുവപ്പ്, മഞ്ഞ ,പച്ച, നീല എന്നിങ്ങനെ.


'തിങ്കളാഴ്ചത്തെ സ്ക്രിപ്റ്റിൽ

ശനിയാഴ്ചത്തെ കുടുംബകഥ

കേറി വന്നു 

വെള്ളിയാഴ്ച ബുദ്ധൻ്റെ  

കഥാപാത്രങ്ങൾ തെറ്റിക്കേറി

ബുധനാഴ്ച എന്താ 

ഉണ്ടായതെന്ന് ഓർക്കുന്നേയില്ല.'


ഒരു ഉറുമ്പ് മരത്തിൽ കയറിപ്പോകുന്നതാണ് സുരജയുടെ വിഷയം.  എന്നാൽ വിഷാദമാണ് ഉറുമ്പായി അഭിനയിക്കുന്നത്രേ .


മരണശേഷം തന്നെ ദഹിപ്പിക്കണമെന്നും അല്ലെങ്കിൽ അസ്ഥികൾ ,എത്ര വർഷം കഴിഞ്ഞായാലും  ,തൻ്റെ ജീവിതകഥ പുറംലോകത്തിനു വെളിപ്പെടുത്തുമെന്നുമാണ് ഗിരിജ പാതേക്കര 'മണ്ണിൽ മറവു ചെയ്യരുതെന്നെ ' ( മലയാളം ,മാർച്ച് 15) എന്ന കവിതയിൽ സൂചിപ്പിക്കുന്നത്. ഒരു വൈകാരിക പ്രശ്നമെന്ന നിലയിൽ ഈ കവിതയിൽ സത്യസന്ധതയുണ്ട്. കവി പറയുന്നു ,തൻ്റെ കാമനകളും ദാഹങ്ങളും പ്രേമവും മോഹങ്ങളും താനില്ലാത്ത വിദൂര ഭാവിയിൽ വെളിപ്പെടുമെന്ന്;

'നൂറ്റാണ്ടുകൾക്കപ്പുറത്തിരുന്ന്

എല്ലാമവർ വായിച്ചെടുക്കും' .



വാക്കുകൾ 



1) നോവലിസ്റ്റ് ഉമ്പർട്ടോ എക്കോ ദ്വിമുഖ വ്യക്തിത്വമാണ്. അദ്ദേഹം ആധുനികതയുടെ വക്താവായിരിക്കെ തന്നെ ജനപ്രിയ നോവലുകളെഴുതുന്നു.പരീക്ഷണാത്മകകലയുടെ സൈദ്ധാന്തികനായിരിക്കെ തന്നെ ഭൂതകാലത്തെക്കുറിച്ചാണ്  എപ്പോഴും എഴുതുന്നത്.


അലൻ റോബ്ബേ -ഗ്രിയേ,

ഫ്രഞ്ച് നോവലിസ്റ്റ്


2)ഞാൻ വരയ്ക്കുന്ന പൂക്കൾ ഒരിക്കലും താഴെവീണു കരിയില്ല.


ഫ്രിദാ കാഹ്ലോ,

മെക്‌സിക്കൻ ചിത്രകാരി


3)നശിപ്പിക്കുക എന്നത് സൃഷ്ടി പ്രക്രിയയിലെ ആദ്യത്തെ പടിയാണ്.


ഇ. ഇ .കമിംഗ്സ് , 

അമെരിക്കൻ കവി


4)ഫ്രാൻസിസ് കോപ്പാള, മാർട്ടിൻ സോർസെസി, സ്റ്റീഫൻ സ്പിൽബർഗ് എന്നിവരെല്ലാം എന്നോട് പറഞ്ഞു, ' ദ്  കൺഫോമിസ്റ്റ് ' (1970) എന്ന എൻ്റെ  സിനിമയാണ് അവരുടെ ചലച്ചിത്ര ജീവിതത്തിലെ ആദ്യത്തെ ആധുനിക സ്വാധീനമെന്ന്.


ബർണാഡോ ബർട്ടോലുച്ചി ,

ഇറ്റാലിയൻ ചലച്ചിത്രസംവിധായകൻ


5)ഫെമിനിസം അഥവാ സ്ത്രീവാദം സ്ത്രീകളെ ശക്തരാക്കുന്നതിനെക്കുറിച്ചല്ല  എപ്പോഴും സംസാരിക്കുന്നത് ;സ്ത്രീകൾ ശക്തരാണല്ലോ.ആ ശക്തിയെ ലോകം നോക്കിക്കാണുന്ന രീതി മാറുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.


ജി.ഡി.ആൻഡേഴ്സൺ

(ജീന ഡൂണി) 

ആസ്ട്രേലിയൻ എഴുത്തുകാരി


കാലമുദ്രകൾ 


1)എം.ആർ.ചന്ദ്രശേഖരൻ


കുട്ടികൃഷ്ണമാരാരുടെ ഷഷ്ഠിപൂർത്തി സമ്മേളനത്തിലുണ്ടായ വെളിപാടിൻ്റെ  ഫലമായാണ് സുകുമാർ അഴീക്കോട് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു ' എന്ന പുസ്തകം എഴുതിയതെന്ന  എം. ആർ. ചന്ദ്രശേഖരൻ്റെ വാദം (ഗ്രന്ഥാലോകം)വികലമാണ്. ഖണ്ഡനമില്ലെങ്കിൽ , വിയോജിപ്പില്ലെങ്കിൽ വിമർശനമുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. വിമർശനമെന്ന വാക്കിൽ പോലും അതുണ്ട്.


2)എം. ആർ. രേണുകുമാർ 


ദളിത് കവിത ഒരു പ്രത്യേക വിഭാഗമാണെന്ന മട്ടിൽ എം .ആർ. രേണുകുമാർ സംസാരിക്കുന്നു (മലയാളം). എന്നാൽ അങ്ങനെയൊരു വിഭാഗം കവിതയിലില്ല. ഓരോ സാമൂഹിക വിഭാഗത്തിനും അനുസരിച്ച് കവിത എഴുതാനാവില്ല. ദളിത് കവിതയ്ക്കു വേണ്ടി പ്രത്യേക അക്കാദമി ഉണ്ടാക്കാനുള്ള ഗൂഢശ്രമമാണിത്.


3)മഹേഷ് നാരായണൻ 


2007 ൽ 'രാത്രിമഴ' എന്ന സിനിമ എഡിറ്റു ചെയ്തുകൊണ്ടാണ് മഹേഷ് നാരായണൻ ചലച്ചിത്ര രംഗത്ത് വന്നത്. മുപ്പത്തിയെട്ടു വയസ്സുള്ള മഹേഷ് ഇതിനോടകം മുപ്പത്തിയേഴ് ചിത്രങ്ങൾ (എബ്രഹാമിൻ്റെ സന്തതികൾ ,ട്രാഫിക് ,എന്ന് നിൻ്റെ മൊയ്തീൻ ,ഉയരെ ,വിശ്വരൂപം, കാസനോവ, മകരമഞ്ഞ്... ) എഡിറ്റു ചെയ്തു.


4)എൻ.പ്രഭാകരൻ


എം.എൻ.വിജയൻ്റെ മുഴുവൻ ലേഖനങ്ങളും സമാഹരിച്ച് പത്തു ബൃഹത് വാല്യങ്ങളിലായി (ഇൻസൈറ്റ് ) പുറത്തുവരികയാണ് .അദ്ദേഹത്തിൻ്റെ  ശിഷ്യനും കഥാകൃത്തുമായ എൻ.പ്രഭാകരനാണ് ഈ സംരംഭത്തിന് പിന്നിലെ ശക്തി. ഒരു ഗുരുവിനോടുള്ള ശരിയായ ആദരവും സ്നേഹവും ഇതിൽ കാണാം.


5)തോമസ് ജോസഫ് 


തോമസ് ജോസഫിൻ്റെ 'പരേതരുടെ വാസസ്ഥലങ്ങൾ'എന്ന നോവൽ ചർച്ച ചെയ്യപ്പെടേണ്ടതായിരുന്നു. സാഹിത്യം ,കല ,സൗന്ദര്യശാസ്ത്രം  എന്നീ രംഗങ്ങളിൽ ,രാഷ്ട്രീയ സ്വാധീനമുള്ളവർ സ്വന്തം താല്പര്യം അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായാണ് ഇത്തരം നോവലുകൾ  ചർച്ചചെയ്യപ്പെടാത്തത്.



Thursday, March 18, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ജാപ്പനീസ് മന്ത്ര ,ഇക്കിഗൈ,metrovartha, March 15,2021

 അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com


ജാപ്പനീസ് മന്ത്ര, ഇക്കിഗൈ


രണ്ടു സുഹൃത്തുക്കൾ പരസ്പരം  ചോദിച്ചു ,എന്താണ് ജീവിതത്തിൻ്റെ  അർത്ഥം? ഈ ചോദ്യത്തിൻ്റെ  ഉത്തരം കണ്ടെത്താനായി അവർ ഒരു  പുസ്തകമെഴുതി :ഇക്കിഗൈ (ജീവിക്കാൻ ഒരു കാരണം).


സ്പെയിൻകാരനും ജപ്പാനിൽ സ്ഥിരതാമസക്കാരനും ഗ്രന്ഥകാരനുമായ ഹെക്റ്റർ ഗാർസിയയും ബാഴ്സലോണയിൽ നിന്ന് ജപ്പാനിലെത്തിയ പ്രമുഖ പത്രപ്രവർത്തകൻ ഫ്രാൻസെസ് മിറാലെസുമാണ് ആ രണ്ടു സുഹൃത്തുക്കൾ. പുസ്തകത്തിൻ്റെ  ആമുഖത്തിൽ അവർ ഇങ്ങനെ എഴുതുന്നു: ' സംസാരത്തിനിടയിലാണ്  ജാപ്പനീസ് ചിന്തയായ ഇക്കിഗൈ  ഞങ്ങളുടെ മനസ്സിലേക്ക് വന്നത്. എന്തുകൊണ്ടാണ് ജപ്പാനിലെ ഓക്കിനാവയിൽ നൂറു വയസ്സിനു മേൽ ജീവിക്കുന്ന ധാരാളം പേർ കാണപ്പെടുന്നത് ? ലോകത്ത് ഒരിടത്തും ഈ പ്രവണതയില്ല.ആരോഗ്യകരമായ ഭക്ഷണം , ജീവിതശൈലി, ഗ്രീൻ ടീ ,നല്ല കാലാവസ്ഥ എന്നിവയ്ക്ക്  ഉപരിയായി ഇക്കിഗൈ എന്ന അറിവ്  അവരെ സ്വാധീനിക്കുന്നുണ്ട്. അന്വേഷണത്തിനിടയിൽ ഒരു കാര്യം ഞങ്ങൾക്ക് ബോധ്യപ്പെട്ടു .ഈ വിഷയത്തെക്കുറിച്ച്‌ പാശ്ചാത്യ ദേശത്തുള്ളവരെ അറിയിക്കുന്നതിന്, മന:ശാസ്ത്രരംഗത്തോ വ്യക്തി വികാസത്തിൻ്റെ തലത്തിലോ ഒരു പുസ്തകം പോലും എഴുതപ്പെട്ടിട്ടില്ല.  എങ്ങിനെയാണ് ദീർഘിച്ചതും  സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതത്തിനു നമ്മൾ അർഹത നേടുന്നത് ?'


ഗാർസിയയും മിറാലസും ,നൂറ് വയസ്റ്റ് പിന്നിട്ട കുറെ ആളുകളെ നേരിട്ട് കണ്ട് ഇതിൻ്റെ രഹസ്യം തിരക്കി. കുട്ടിക്കാലം മുതലേ അവിടെ ആളുകൾ മറ്റെങ്ങുമില്ലാത്ത വിധം ആത്മീയമായ സ്വയം പര്യാപ്തതയിലും സാമൂഹികമായ സാഹോദര്യത്തിലും ഇഴുകിച്ചേരാൻ പരിശീലിക്കുന്നു. കണക്കറ്റ് എന്തും വാരിവലിച്ചു സ്വന്തമാക്കുന്നതിലല്ല ,ഉള്ളത് വേണ്ട വിധം ,അവനവനു ദോഷമാകാത്ത വിധം വിനിയോഗിക്കുന്നതിലാണ് ഒരാളുടെ ഇക്കിഗൈ (ജീവിതവിജയം ) പ്രവർത്തിക്കുന്നതെന്ന് അവിടുള്ളവർ സ്വാഭാവികമായി തന്നെ ഉൾക്കൊള്ളുന്നു. ഓക്കിനാവയിൽ ഇതാണ് ആചാരം .ഈ സംഘമിത്ര സദാചാര സംസ്കാരത്തെ 'യൂയിമാറു' എന്നാണ് അവർ വിളിക്കുന്നത്.  മുമ്പ് പരിചയപ്പെട്ടിട്ടില്ലാത്ത ആളിനോട് പോലും തോന്നുന്ന അടുപ്പം ,രമ്യത, സഹജബന്ധം ആണിത്. 


ചെറിയ കാര്യങ്ങളിൽ ഇക്കിഗൈ


ഓരോ ദിനവും ജീവിതത്തെ അർത്ഥപൂർണ്ണമാക്കാനുള്ളതാണെന്ന പാഠമാണ് ഗാർസിയയും മിറാലസും അവരിൽ നിന്ന് പഠിച്ചത് .ഇക്കിഗൈ എന്നാൽ ജീവിതത്തെ അർത്ഥമാക്കുന്നതെന്തോ അതാണ്.ഓക്കിനാവയിലെ ആളുകൾ എല്ലാദിവസവും പച്ചക്കറിതോട്ടം പരിപാലിക്കുന്നു, സംഘർഷം ഒഴിവാക്കുന്നു ,മദ്യവും മാംസവും പരമാവധി കുറയ്ക്കുന്നു. ഒൻപത് അദ്ധ്യായങ്ങളുള്ള 'ഇക്കിഗൈ ' ഈ പ്രത്യേക ജനതയുടെ സമസ്ത ജീവിതമേഖലകളും പരിശോധിക്കുന്നു. ദ് ആർട്ട് ഓഫ് സ്‌റ്റേയിംഗ് യംഗ് വൈൽ ഗ്രോവിംഗ് ഓൾഡ് (പ്രായിമേറുമ്പോൾ ചെറുപ്പമായിരിക്കുന്നതിൻ്റെ കല) എന്ന അധ്യായത്തിൽ എങ്ങനെയാണ് ആഹാരത്തെ സമീപിക്കേണ്ടതെന്ന് പ്രതിപാദിക്കുന്നു. ചെറിയ പാത്രങ്ങളിൽ ചെറിയ അളവിലാണ് അവർ സേവിക്കുന്നത്. കൂടുതൽ കഴിച്ചു എന്ന് തോന്നണം; എന്നാൽ ശരീര ഭാരം ഏറുന്നില്ല. 


ലിറ്റിൽ തിംഗ്സ് ദാറ്റ് ആഡ് അപ് ടു എ ലോംഗ് ആൻഡ് ഹാപ്പി ലൈഫ് (ദീർഘിച്ചതും സന്തോഷകരവുമായ ഒരു ജീവിതത്തെ സഹായിക്കുന്ന ചെറിയ കാര്യങ്ങൾ ) എന്ന അദ്ധ്യായത്തിൽ സംഘർഷം കുറയ്ക്കുന്നതിൻ്റെ വിവിധ വശങ്ങൾ വിവരിക്കുന്നു. ഇരുപത് മിനിറ്റെങ്കിലും ദിവസേന നടക്കുക. ടെലിവിഷനിൽ നിന്ന് ശ്രദ്ധ തിരിച്ച് കുറച്ച് സമയം സമൂഹികചടങ്ങുകളിൽ ഏർപ്പെടുക ,  എട്ടുമണിക്കൂർ ഉറങ്ങാൻ ശീലിക്കുക ,കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക .... 


പത്ത് മാർഗങ്ങൾ


ദീർഘകാലം ജീവിച്ചിരിക്കുന്നവർക്ക് രണ്ടു ഗുണങ്ങളുള്ളതായി അവർ കണ്ടെത്തുന്നു. ഒന്ന്, പോസിറ്റീവായ മനോഭാവം .എല്ലാറ്റിനെയും നല്ല രീതിയിൽ പ്രതീക്ഷയോടെ നോക്കി കാണുന്നു .രണ്ട്, വൈകാരികമായ അവബോധം. സ്വന്തം വികാരങ്ങളെ അപകടകരമായി വളരാതെ  നിയന്ത്രിക്കാൻ കഴിയുന്നു. തിരിച്ചടികൾ നേരിടുമ്പോൾ കിടന്നു നിലവിളിക്കുന്നതിനു പകരം, സമചിത്തത നേടാൻ വൈകാരിക ബലവും തത്ത്വചിന്തയും ആവശ്യമാണ്‌. ഇക്കിഗൈയുടെ പത്ത് മാർഗങ്ങൾ ഗ്രന്ഥത്തിൽ ഇപ്രകാരം സംഗ്രഹിക്കുന്നു: (പേജ് 184)


1)എപ്പോഴും പ്രവർത്തനക്ഷമമായിരിക്കുക. വിരമിച്ചു എന്ന ചിന്ത വേണ്ട.

2)വിശപ്പിനനുസരിച്ച് ഭക്ഷണം കഴിക്കുക. വയറു നിറയ്ക്കുന്നത് ഒരു ലക്ഷ്യമാകരുത്.

3)ധൃതി പിടിക്കാതിരിക്കുക. എങ്കിൽ  സംഘർഷം ഇല്ലാതാക്കും.

4)നല്ല സുഹൃത്തുക്കളെ മരുന്നു പോലെ കണക്കാക്കുക. അവരുമായി സൗഹൃദം നിലനിർത്തുക .

5)അടുത്ത ജന്മദിനത്തിൽ ജീവിച്ചിരിക്കാൻ തയ്യാറെടുക്കുക. വെള്ളം ഒഴുകുമ്പോഴാണ് ശുദ്ധമാകുന്നത്. ശരീരം എപ്പോഴും ആവശ്യമുള്ളതാണെന്ന ചിന്തയിൽ അതിനെ സുരക്ഷിതമാക്കുക.

6)പുഞ്ചിരി നഷ്ടപ്പെടുത്താതിരിക്കുക. ലോകത്ത് നിരവധി സാധ്യതകൾ ഉള്ളപ്പോൾ ,പ്രതിബന്ധങ്ങളെ ചെറുക്കാൻ ഉത്സാഹഭരിതമായ കാഴ്ചപ്പാട് നിലനിർത്തുക.

7)പ്രകൃതിയെ ഒപ്പം കൂട്ടുക. നഗരവാസികളായാലും പ്രകൃതിയെ നഷ്ടപ്പെടുത്തരുത്.

8)നന്ദി പ്രകാശിപ്പിച്ചുകൊണ്ടിരിക്കുക. പൂർവ്വികരോട് , പ്രകൃതിയോട് ,നിങ്ങളെ നിലനിർത്തുന്ന എന്തിനോടും നന്ദിയുള്ളവരായിരിക്കുക.ഇത് ജീവിച്ചിരിക്കുന്നതിൻ്റെ വില ബോധ്യപ്പെടുത്തും.

9)ഈ നിമിഷത്തിൽ ജീവിക്കുക. ഭൂതകാലത്തെക്കുറിച്ചോർത്ത് ദു:ഖിക്കാതെ ,ഭാവിയെക്കുറിച്ച് ഭയപ്പെടാതെ ഇന്നിൽ പൂർണമായി നിറയുക.ഈ നിമിഷത്തെ ഓർമ്മിക്കത്തക്കതാക്കുക; മൂല്യമുള്ളതാക്കുക.

10)ഇക്കിഗൈ പിന്തുടരുക.

നിങ്ങളിലുള്ള അമൂല്യമായ സിദ്ധിയാണ് ജീവിതത്തിനു അർത്ഥമുണ്ടാക്കുന്നത്. അത് കണ്ടെത്തി പുറത്തെടുക്കുക. അത് എന്താണെന്ന്  മനസ്സിലാകുന്നില്ലെങ്കിൽ തീവ്രമായി അന്വേഷിക്കുക. 


ജാപ്പനീസ് ഭാഷയിൽ ഇക്കി എന്നാൽ ജീവിതമെന്നാണർത്ഥം. ഗൈ എന്നാൽ ഫലം . ജീവിതത്തെ മൂല്യപരമാക്കുക എന്നാണ് വിവക്ഷ. ജാപ്പനീസ്  മന:ശാസ്ത്രജ്ഞനായ മീക്കോ കാമിയയാണ് തൻ്റെ ഒരു ലേഖനത്തിലൂടെ ഈ  പദപ്രയോഗത്തെ  പ്രചാരത്തിൽ കൊണ്ടുവന്നത്.


വ്യക്തിയുടെ സ്വന്തം ഇക്കിഗൈ


 ഉള്ളിലെ വാസനകൾ കൊണ്ട് എങ്ങനെ കൂടുതൽ സന്തോഷകരവും ഉല്ലാസകരവുമായ സദ്ഫലങ്ങൾ സൃഷ്ടിക്കാമെന്നാണ് ആലോചിക്കേണ്ടത്. ഭൗതികസാഹചര്യങ്ങൾ ഉണ്ടെങ്കിലും  ജീവിതത്തെ അർത്ഥപൂർണ്ണമായി സാക്ഷാത്കരിച്ചു എന്നു പറയാൻ കഴിയില്ല ;അതിനു ഈ പുസ്തകം ഒരു കാര്യം നിർദേശിക്കുന്നുണ്ട് .ഒരാൾ സ്വന്തം ഇക്കിഗൈ തിരയണമെന്ന് നിർദ്ദേശിക്കുന്ന ഭാഗമാണിത് (പേജ് 86). നിത്യേനയുള്ള ചര്യകളെ  ജീവിതത്തിൻ്റെ സ്വച്ഛന്ദമായ പ്രവാഹത്തിലേക്ക് എത്തിക്കാനുള്ള ഉപകരണങ്ങളായി കാണുകയാണ് വേണ്ടത് .ഫലത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക . പ്രവൃത്തിയിലാണ് ആനന്ദം;ഫലത്തിലല്ല . ജീവിതപ്രവാഹത്തിൽ നിലനില്ക്കാൻ എത് പ്രവൃത്തികളൊക്കെയാണ് സഹായിക്കുന്നതെന്ന് ഒരു കടലാസിൽ എഴുതിവെയ്ക്കുക. ഏത് പ്രവൃത്തിയിലൂടെ നിങ്ങൾക്ക് ജീവിതത്തെ സ്വച്ഛന്ദമാക്കാൻ കഴിയും?എന്നിട്ടും കണ്ടെത്താനാവുന്നില്ലെങ്കിൽ ,ഏതു കാര്യത്തിലാണ് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും  നീണ്ടുനിൽക്കുന്ന ജീവിതാനന്ദം ലഭിക്കാൻ സഹായിക്കുന്നതെന്നും അഗാധമായി അന്വേഷിക്കുക. ജീവിതത്തിൻ്റെ പോക്ക് ദുരൂഹമാണ്.


ഒരു വൃദ്ധനായ മനുഷ്യൻ തൻ്റെ ഇക്കിഗൈ ഇങ്ങനെ വെളിപ്പെടുത്തി: 'ഞാൻ എനിക്കാവശ്യമുള്ള പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കി സേവിക്കുകയാണ്. ഇതാണ് എൻ്റെ ഇക്കിഗൈ '.  മറ്റൊരാൾ ഇങ്ങനെ പ്രതികരിച്ചു :'ഞാൻ എല്ലാ ദിവസവും അഞ്ചു മണിക്ക് ഉണർന്നെഴുന്നേറ്റ് നടക്കാൻ പോകും. കടൽക്കരയിലേക്കാണ് എത്തിച്ചേരുക. അതിനുശേഷം എൻ്റെ സുഹൃത്തിൻ്റെ  വീട്ടിൽ പോകും .ഞങ്ങൾ ഒരുമിച്ചാണ്  ചായ കുടിക്കുക. ഇതാണ് എൻ്റെ  ജീവിതാനന്ദം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് സഞ്ചരിക്കുക ' .


ഓരോരുത്തരുടെ ഇക്കിഗൈ ഇങ്ങനെ വ്യത്യസ്തമാണ്. ഇത് ഓരോരുത്തരും സ്വയം കണ്ടുപിടിക്കേണ്ടതാണ്. ജീവിതം എന്ന മൂല്യത്തെ സ്വയം അനാവരണം ചെയ്യാനായി കഠിനമായി ആഗ്രഹിക്കണം. നിരന്തരം പ്രോത്സാഹിപ്പിക്കുന്നതും സജൈവമായി  നിലനിർത്തുന്നതുമായ ജീവിതമാണ് ഒരുവൻ്റെ ഇക്കിഗൈ .


വായന


താരാശങ്കർ വന്ദ്യോപാദ്ധ്യായയുടെ ആരോഗ്യനികേതനത്തെക്കുറിച്ച് ഡോ.കെ.എം.വേണുഗോപാൽ  എഴുതിയ ലേഖനം (ആരോഗ്യ നികേതനത്തിലെ ചികിത്സാദർശനം , ഭാഷാപോഷിണി, മാർച്ച്) വെറുമൊരു കോളേജ് ലേഖനമാണ്. ഒരു നോവൽ ,ഈ കാലത്ത് ,സുശിക്ഷിതവും സൂക്ഷ്മവുമായ അനുവാചക മനസ്സുള്ള ഒരാൾ ഇങ്ങനെയായിരിക്കില്ല വായിക്കുന്നത്. ഒരു മലയാളം വിദ്യാർത്ഥി എഴുതുന്ന തട്ടിക്കൂട്ട് ലേഖനത്തിനപ്പുറം ഇതിനു പ്രസക്തിയില്ല;കലാമൂല്യമുള്ള ഗദ്യവുമല്ല. ചികിത്സാദർശനം എന്നു ലേഖനത്തിനു പേരിട്ടതുകൊണ്ട് എന്താണ് ദർശനമെന്ന് ലേഖനത്തിൽ വരണമെന്ന് നിർബന്ധമില്ലല്ലോ.ഒരെഴുത്തുകാരൻ്റെ ദർശനം തേടുന്നത്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, കാലഹരണപ്പെട്ട സങ്കേതമാണെന്നു ഓർമ്മിപ്പിക്കട്ടെ. കാരണം ,എഴുത്തുകാരൻ ഒരു ദർശനത്തിൻ്റെ തടവറയിലല്ല;അയാൾക്ക് ജീവിതത്തെക്കുറിച്ച് സിമൻ്റിട്ട ,ഏകശിലാരൂപമായ കാഴ്ചപ്പാടല്ല ഉണ്ടായിരിക്കുക .


ഷാജഹാൻ കാളിയത്ത് 'മരിച്ചവരുടെ പ്രൊഫൈലുകൾ' (പ്രസാധകൻ  മാർച്ച് ) എന്ന പേരിൽ എഴുതിയ കവിത ഫേസ്ബുക്കിലെ വിശേഷമാണ്. മരിച്ചവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നോക്കുമ്പോൾ കവിക്ക്  തോന്നുന്നത് ഇതാണ് :

'അന്തരീക്ഷത്തിൽ

പതുക്കെ സാമ്പ്രാണി മണവും

ദൈവസൂക്തങ്ങളുടെ ബിജിഎമ്മും

ഉയരുന്നുണ്ടെന്ന് തോന്നുന്നത് 

എനിക്ക് മാത്രമോ '.


എന്നാൽ കവിക്ക് ആഴത്തിലുള്ള ഒരു വികാരവുമില്ല . അല്ലെങ്കിൽ തൻ്റെ മനസ്സിലുള്ള വികാരങ്ങളെ വാക്കുകളിലൂടെ അനുവാചകരിലെത്തിക്കാൻ കഴിയുന്നില്ല . 


തോമസ് ഹാർഡിയുടെ 'വോയിസസ് ഫ്രം തിംഗ്സ് ഗ്രോവിംഗ് ഇൻ എ ചർച്ച് യാർഡ് '  എന്ന കവിത ശവക്കല്ലറയിലെ സംഭവങ്ങളാണ് വിവരിക്കുന്നത്. എന്നാൽ അവിടെ  മരണമല്ല ,ജീവിതമാണ് കവി തേടുന്നത്. ഓർമ്മകൾ അവിടെ പൂത്തുലയുന്നു. ചുറ്റുമുള്ള ചെടികൾ ജീവൻ പകരുകയാണ്. ഒരാൾ മരിച്ചതുകൊണ്ട് ലോകം നിശ്ചേതനമാകുന്നില്ല; ജീവിതം വേറൊരു വഴിക്ക് നീങ്ങുകയാണ് .അയാൾ മറ്റൊരു തലത്തിൽ ജീവിക്കുകയാണ് .


പി.എഫ് .മാത്യൂസിൻ്റെ 'കയ്‌പ്' (എഴുത്ത് ,മാർച്ച് ) വായനക്കാരനിലും കയ്പാണ് പകരുന്നത്. അമ്മയും മകനും സിനിമ കണ്ടു തർക്കിക്കുകയാണ്. അമ്മയുടെ കാമുകന് വെറെ കാമുകിയുണ്ടത്രേ. അവളുമായി അമ്മയുടെ വീട്ടിലേക്ക് വരട്ടെ എന്ന് കാമുകൻ ചോദിക്കുകയാണ്! .ഇതൊക്കെയാണ് ഈ കാലത്ത് പി.എഫ്.മാത്യൂസിൻ്റെ ചിന്തകൾ .യാതൊരു ആത്മാർത്ഥതയുമില്ലാതെ എഴുതുകയാണദ്ദേഹം. വായനക്കാർ എന്തും സ്വീകരിക്കുമെന്ന് ചിന്തിക്കരുത്.


ശ്രീനാരായണഗുരുവിൻ്റെ ബ്രഹ്മവിദ്യാപഞ്ചകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പി.ആർ.ഹരികുമാറിൻ്റെ ഉദ്യമം (ഭാഷാപോഷിണി )പ്രസക്തമാണ്. മുക്തകാമനാകാനും ഈ ലോകത്ത് തൻ്റെ നിസ്സാരമായ ,അർത്ഥരഹിതമായ അസ്തിത്വത്തെ അറിയാനും മനുഷ്യനെ സഹായിക്കുന്ന കവിതയാണിത്. കവിതയുടെ സാരം ഈ വാക്കുകളിലുണ്ട്:

' സ്വയമേ ഭാസിക്കയില്ലൊന്നും ,

നീ കാണും 

കാഴ്ചകൾ കാനൽജലം '.


വാക്കുകൾ 


1)വസ്തുവിൻ്റെ ബാഹ്യപ്രത്യക്ഷമല്ല കലാകാരൻ തേടുന്നത്; അതിൻ്റെ  ആന്തരികമായ സംഗത്യമാണ്.

അരിസ്റ്റോട്ടിൽ,

ഗ്രീക്ക് ചിന്തകൻ


2) സിനിമ കാണുന്നവരെ  സന്തോഷിപ്പിക്കാനും അവരുടെ അഭിരുചികളെ വിചാരണയില്ലാതെ സ്വീകരിക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് അവരോട് യാതൊരു ആദരവുമില്ലെന്നാണ് ; നിങ്ങൾ അവരുടെ പണം കൈക്കലാക്കുക മാത്രമാണ് ചെയ്യുന്നത്.


ആന്ദ്രേ തർക്കോവ്സ്കി,

റഷ്യൻ ചലച്ചിത്രകാരൻ


3)ശരിക്കും എന്താണ് വേണ്ടതെന്ന് നമുക്കറിയില്ല, കാരണം നമുക്ക് ഒരു ജീവിതമേയുള്ളൂ. അതിനെ മുൻകാല ജീവിതങ്ങളുമായോ ഭാവി ജീവിതങ്ങളുമായോ താരതമ്യം ചെയ്യാനാവുന്നില്ല.


മിലൻ കുന്ദേര,

ചെക്ക് എഴുത്തുകാരൻ


4) വാക്കുകൾക്ക് അസാധാരണമായ ഭീകര യാഥാർത്ഥ്യത്തെ അനുഭവിപ്പിക്കാനാകുന്നില്ലെങ്കിൽ അതിനു മനസ്സിനെ സ്വാധീനിക്കാനുള്ള  ശേഷിയുണ്ടായിരിക്കില്ല.


എഡ്ഗാർ അല്ലൻപോ,

അമെരിക്കൻ കവി


5)മനുഷ്യവ്യക്തിത്വത്തിനു യാതൊരു അന്തസ്സുമില്ല എന്നതാണ് ഈ കാലഘട്ടത്തിൻ്റെ അടയാളം.


സാദിഖ് ഹിദായത്ത്,

പേർഷ്യൻ എഴുത്തുകാരൻ


കാലമുദ്രകൾ


1)പോൾ തേലക്കാട് 

ജിയോ ബേബിയുടെ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയെ മുൻനിർത്തി പോൾ തേലക്കാട് ആവശ്യപ്പെടുന്നത് സ്ത്രീയെ അടുക്കളയിൽ കുരുക്കുന്ന അധികാരങ്ങളെ ചെറുക്കണമെന്നാണ്. ഇത് മാമൂലാണത്രേ. പക്ഷേ ,ഫാസ്റ്റ് ഫുഡിൻ്റെ ,പാഴ്സലുകളുടെ ,ഹോം ഡെലിവറിയുടെ വരും കാലത്ത് ഇതിനു മാറ്റം വന്നേക്കാം.


2)മിനീഷ് മുഴപ്പിലങ്ങാട്


സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമായ മിനീഷ് മുഴപ്പിലങ്ങാട് കുഞ്ഞുണ്ണിയുടെ കവിതകളെപ്പറ്റി എഴുതുന്നതിനിടയിൽ ഇങ്ങനെ കുറിക്കുന്നു: 'കവിയായിട്ടല്ല ,കവിതയായിത്തന്നെ തീരണമെന്നും ചിലപ്പോഴൊക്കെ അദ്ദേഹം ആഗ്രഹിച്ചിരുന്നു' - 'എനിക്ക് ഞാനൊരു കവിതയാകണം' .


3)സുമിത്ര ജയപ്രകാശ് 


എസ്.കെ.പൊറ്റെക്കാട്ടിനു സർക്കാർ ജോലിയിലോ മറ്റ് സ്ഥാപനങ്ങളിലോ താല്പര്യമില്ലായിരുന്നു. സാഹിത്യരചനയിൽ നിന്നുള്ള വരുമാനം കൊണ്ടു തന്നെ ജീവിക്കണമെന്ന നിശ്ചയമായിരുന്നു അതെന്ന്, അദ്ദേഹത്തിൻ്റെ നൂറ്റിയെട്ടാം ജന്മദിനത്തിൽ ,മകൾ സുമിത്ര ജയപ്രകാശ് ( ഭാഷാപോഷിണി ) ഓർക്കുന്നു.


4)വാസുദേവൻ കുപ്പാട്


ഒ.വി.വിജയൻ്റെ  കടൽതീരത്ത് ,ആനന്ദിൻ്റെ ബന്ധനം എന്നീ കഥകളെ ആസ്പദമാക്കി നിയമം ,സമൂഹം, കുടുംബം, കുറ്റകൃത്യം എന്നീ സമസ്യകളെ അപഗ്രഥിക്കാൻ ശ്രമിക്കുന്ന വാസുദേവൻ കുപ്പാടിൻ്റെ ലേഖനം (മൂല്യശ്രുതി)ശ്രദ്ധേയമാണ് .


5)ഡോ.കവിയൂർ സി.കെ.രേവമ്മ


അമെരിക്കയിൽ കർണാടക സംഗീതത്തിന് ധാരാളം ആസ്വാദകരെ സൃഷ്ടിച്ച സംഗീതജ്ഞ കവിയൂർ രേവമ്മയെ മലയാളസംഗീതലോകം തമസ്കരിച്ചതായി കൂടൽ ശോഭൻ (സഹോദരൻ മാസിക) എഴുതുന്നു.സിനിമാ പിന്നണിഗായികയും സംഗീത അധ്യാപികയും  ഗവേഷകയുമായിരുന്നു രേവമ്മ .





Thursday, March 11, 2021

അക്ഷരജാലകം/എം.കെ .ഹരികുമാർ / യാതനയനുഭവിക്കുന്നവർ എഴുതട്ടെ /metrovartha 8 March 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097


യാതനയനുഭവിക്കുന്നവർ എഴുതട്ടെ


 ഇന്നത്തെ കാലഘട്ടത്തിൽ ,പ്രത്യേകിച്ചും ഈ  ഉത്തര -ഉത്തരാധുനിക, ഡിജിറ്റൽ , ആൾക്കൂട്ട മാധ്യമകാലഘട്ടത്തിൽ ഓരോരുത്തരും അവരവരുടെ കവിത സ്വന്തം ആവശ്യത്തിന് എഴുതിയുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിൽ സമൂഹമോ ,വികാരമോ ഉണ്ടായിരിക്കില്ല .അവനവനു ഭക്ഷിക്കാനുണ്ടാക്കുന്ന ചപ്പാത്തി പോലെയാണത്. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ, പ്രൊഫസർമാർ, വ്യവസായികൾ തുടങ്ങിയവരെല്ലാം ഇന്ന് കവിതയെഴുതുകയാണ്. കുറച്ചു നാൾ മുമ്പ്  ഒരു ഡോക്ടർ എന്നോട് തൻ്റെ കവിതയെഴുത്തിനെപ്പറ്റി പറഞ്ഞതോർക്കുന്നു. ഔട്ട് പേഷ്യൻസിനെ നോക്കുന്നതിനിടയിൽ വീണു കിട്ടുന്ന സമയത്ത് അദ്ദേഹം കവിതയെഴുതുമെന്ന്! എഴുതാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം അംഗീകരിക്കുന്നു.


ഇവരുടെ കവിതകൾക്ക് ആവശ്യക്കാരൊന്നുമില്ല; ഇവർ എഴുതുന്നത് ആർക്കുവേണ്ടിയുമല്ല. കാരണം, യാതൊരു ക്ളേശവുമില്ലാതെ ജീവിക്കാൻ കഴിയുന്നവരാണ് ഇവരെല്ലാം .ഇവരുടെ ഉള്ള് യാതൊരു കാരണവശാലും ഇളകുന്നതല്ല; ഇവർക്ക് നല്ല പ്രായോഗിക ജ്ഞാനമുണ്ട്. യുക്തിയിൽ സുഘടിതമാണ് ആ ജീവിതങ്ങൾ. അത് പല നിലയിലും ഉത്തമവുമാണ്.ഇവർ കവിതയെഴുതുന്നത് ഭൗതികസൗകര്യങ്ങൾ അനുകൂലമായ തുകൊണ്ടാണ്. കവിതയെഴുതിയില്ലെങ്കിൽ  മരിച്ചുപോകുമെന്ന ഭയമുള്ളതുകൊണ്ടല്ല ;അല്ലെങ്കിൽ കവിതയിൽ പറ്റിച്ചേർന്ന സ്വന്തം ആന്തരികലോകത്തെ വാക്കുകളിലൂടെ  തെളിച്ചെടുത്തു വ്യക്തിപരമായ അസ്തിത്വപ്രശ്നങ്ങൾ പരിഹരിക്കാനുമല്ല.


കവിത എന്ന മാധ്യമം മാത്രമല്ല ഇവിടെ വിവക്ഷ.ആന്തരികമായ അനുഭവങ്ങളുടെ ശക്തിയിൽ ആവിഷ്കാരത്തിനു ശ്രമിക്കുമ്പോൾ സംഭവിക്കുന്ന കലയ്ക്കെല്ലാം ഇത് ബാധകമാണ്.ഇപ്പോൾ എല്ലാവരും എഴുതുന്നത് ,നേരത്തെ പറഞ്ഞതു  പ്രകാരം, അവനവൻ്റെ ചപ്പാത്തി എന്ന പോലെയാണ്. താൻ എഴുതുന്നത് ജീവിച്ചിരിക്കാൻ വേണ്ടിയാണെന്ന് പറയുന്ന ചില വലിയ കവികളുടെ വാക്കുകളുമായി ഇവരെ ബന്ധിപ്പിക്കാനാവില്ല. അതേസമയം ഇവർ മറ്റാരുടെയും രചനകൾ വായിക്കാറുമില്ല .വായനക്കാരൻ എന്ന ജീവി ഉണ്ടെന്ന് പോലും ഇവർ കരുതുന്നില്ല. യാതൊന്നിനോടും വൈകാരികബന്ധം ഇല്ലാത്തതു കൊണ്ട് ഇവരുടെ ഭാഷ നിർജീവമായിരിക്കും.


ഉള്ളിലെ വിഷണ്ണവ്യക്തിത്വം


ഒരു കവി എഴുതേണ്ടത് അയാളുടെ ഉള്ളിലെ വിഷണ്ണവ്യക്തിത്വത്തെക്കുറിച്ചാണ്. എങ്ങനെയാണ് അയാൾ വിഷണ്ണ വ്യക്തിത്വമാകുന്നത് ? ജീവിതത്തിൽ നിന്ന് മനസിൻ്റെ അടിത്തട്ടിൽ വന്നടിയുന്ന സാരാംശങ്ങളാണ് ആ വ്യക്തിത്വത്തെ സൃഷ്ടിക്കുന്നത്. അതു പക്ഷേ ,നിയതമായ ഒരു യുക്തി ഘടനയല്ല .അനീതിയോടുള്ള എതിർപ്പിൽ നിന്നാണ് അതുണ്ടാകുന്നത്.അനീതി കണ്ട് പൊറുതി മുട്ടി സകലതിനോടുമുള്ള മനോഭാവം അയാൾ പുനർനിർമ്മിക്കുകയാണ്. അങ്ങനെ പ്രക്ഷുബ്ധതയെ ഉള്ളിൽ കൊണ്ടു നടക്കാൻ വിധിക്കപ്പെടുന്നു.താൻ തീവ്ര ദുഃഖത്തിൽ നിന്നുണ്ടാക്കിയ തീ അയാൾ തന്നെ വിഴുങ്ങുകയാണ്. അതിൽ നിന്ന് അപാരതയുടെ സൗന്ദര്യം സൃഷ്ടിക്കാൻ  പ്രലോഭിപ്പിക്കപ്പെടുന്നു. ചിന്തയ്ക്ക് ജരാനര ബാധിക്കാത്ത, മനന ശേഷിക്ക് തളർച്ച വന്നിട്ടില്ലാത്ത ഒരു കവി തൻ്റെ അനുഭൂതികളോട് സത്യസന്ധനാവാനാണ് പൊരുതുന്നത്. കവി തൻ്റെ രഹസ്യാത്മകമായ ജ്ഞാനത്തോടാണ് സത്യസന്ധനായിരിക്കേണ്ടതെന്ന് ഐറിഷ് കവി സീമസ് ഹീനി പറഞ്ഞതിൻ്റെ പൊരുളിതാണ്. അവനവനാണ് സത്യം എന്ന ധാരണ എങ്ങനെ കൈവരും?അതാണ് കലയുടെ സമസ്യ. അതിനായി കഠിനമായി പരിശ്രമിക്കേണ്ടി വരും. ജീവിതത്തിൻ്റെ നദി മുറിച്ചുകടക്കാനുള്ള പാലം നിങ്ങൾക്ക് മറ്റാരും നിർമ്മിച്ചു നല്കുകയില്ലെന്ന് ജർമ്മൻ ചിന്തകൻ ഫ്രഡറിക് നിഷേ പറഞ്ഞത് ഈ പശ്ചാത്തലത്തിൽ കാണണം. തൻ്റെ ഭൗതിക സൗകര്യങ്ങളുടെ അകത്ത് അവസാനിക്കുന്ന ലോകത്തെക്കുറിച്ചല്ല എഴുതേണ്ടത്;കാലത്തിൻ്റെ അപര്യാപ്തതകളെക്കുറിച്ചും ജൈവലോകത്തിൻ്റെ തീരാദുരിതങ്ങളെക്കുറിച്ചുമാണ്. അത് ആത്മാവിൽ കൊണ്ടു നടക്കുന്നവർക്കാണ് അശാന്തിയുണ്ടാകുന്നത്‌.അവരാണ് യാതനയനുഭവിക്കുന്നത്.


പ്രാർത്ഥനയാണ് സാഹിത്യം


'നിങ്ങളിൽ യാതനയനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ' എന്ന ബൈബിൾ വചനം (യാക്കോബ് 5:13) ശരിക്കൊന്നു മനനം ചെയ്തുനോക്കിയാൽ ഇതു മനസ്സിലാകും. തനിക്ക് കഥാരചന പ്രാർത്ഥനയാണെന്നും ശവത്തിൻ്റെ  ഏകാന്തതയാണ് രചനാപ്രക്രിയയിൽ ആവശ്യമായിട്ടുള്ളതെന്നും ഫ്രാൻസ് കാഫ്ക പറഞ്ഞത് എന്തുകൊണ്ടാണ്? അകമേ യാതനയനുഭവിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നവന് സത്യസന്ധത എന്ന ഗുണമുണ്ടായിരിക്കും .അതിൽ മായം ചേർക്കരുത്. അങ്ങനെ ചെയ്താൽ അത് സത്യസന്ധനാകുന്നതിനു  തടസ്സമാകുമെന്ന് മാത്രമല്ല കള്ളം പറയേണ്ടി വരികയും ചെയ്യും. കവിത ആന്തരികതയുടെ  സുവിശേഷമാണെന്ന് അമെരിക്കൻ പെൺകവി ഉർസുല കെ.ലെഗ്വിൻ ചൂണ്ടിക്കാണിച്ചത് ഇവിടെ പ്രസക്തമാവുകയാണ്.  യാതനാനിർഭരവും സത്യാന്വേഷണപരവുമായ അന്തരംഗമില്ലാത്തവർ എഴുതേണ്ടതില്ല; അങ്ങനെയുള്ളവർ കൂടുതൽ കൃതികൾ വായിക്കാനാണ് ശ്രമിക്കേണ്ടത്. വായനയിലൂടെ ഉൽകൃഷ്ടമായ സൗന്ദര്യാവിഷ്കാരങ്ങളെ പരിചയപ്പെടുകയാണെങ്കിൽ വീക്ഷണപരമായ വ്യതിയാനമുണ്ടാവുക തന്നെ ചെയ്യും. എങ്ങനെ വായിച്ചാൽ നമുക്ക് മനുഷ്യാസ്തിത്വത്തിൻ്റെ  അറിയപ്പെടാത്ത അടരുകളിലെത്തിച്ചേരാമെന്നാണ്  ആലോചിക്കേണ്ടത്. വായന ജീവിതത്തിൻ്റെ ഒരു വേറിട്ട പാതയാണ്.


യാതനയനുഭവിക്കുന്നവർ പ്രാർത്ഥിക്കണമെന്ന് പറഞ്ഞല്ലോ. മഹനീയമായ സാഹിത്യം പ്രാർത്ഥനയാണ്. അത് ഹൃദയത്തിൻ്റെ   ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന നിരാസ്പദവും നിരാസക്തവുമായ പദകോശമാണ്. അതിനു മറ്റൊന്നിനോടും മമതയില്ല .കാരണം അത് സത്യത്തെ തന്നെ നഗ്നമാക്കുകയാണ് ചെയ്യുന്നത്. യാതനയനുഭവിക്കുന്നവർ  എഴുതുമ്പോൾ അതിൽ പ്രാർത്ഥനയുടെ ആന്തരസംഗീതം തുടിച്ചുണരും .ജീവിതത്തിൽ സർവ സുഖങ്ങളുമനുഭവിച്ച് ,അപരനെക്കുറിച്ച് നേരിയ ഉത്ക്കണ്ഠപോലുമില്ലാതെ, സകലതിനെയും തൃണവൽഗണിച്ച്, മൂല്യങ്ങളെ തന്നെ അപമാനിച്ചു കഴിയുന്നവർ എഴുതേണ്ടതിൻ്റെ  യാതൊരാവശ്യവുമില്ല.


സ്വയം ആയിരിക്കുക


ലോകം ഒരു കവിയെ ,കലാകാരനെ മറ്റെന്തോ ആക്കിത്തീർക്കാൻ പരിശ്രമിക്കുകയാണ് എപ്പോഴും.ഇതിനെക്കുറിച്ച് ബോധമുള്ള ഒരാൾക്ക് മാത്രമേ സ്വയം എങ്ങനെ നിലനിൽക്കണമെന്ന് ചിന്തിക്കാനാവൂ.  അമെരിക്കൻ കവിയും നോവലിസ്റ്റുമായ ഇ.ഇ.കമിംഗ്സ് (1894- 1962)എഴുതിയ ഈ വാചകങ്ങൾ നോക്കൂ:

'നിങ്ങളെ നിങ്ങളല്ലാതാക്കാൻ അഹോരാത്രം പണിപ്പെടുന്ന ഒരു ലോകത്ത് സർവശക്തിയുമുപയോഗിച്ച്‌, മനുഷ്യസാധ്യമായ സകല ഊർജ്ജവുമുപയോഗിച്ച് നിങ്ങളാകാൻ യുദ്ധം ചെയ്യുക '.

കമിംഗ്സിൻ്റെ 'എ മിസലനി റിവൈസ്ഡ്' എന്ന പുസ്തകത്തിലാണ് കലാകാരനെക്കുറിച്ച് പ്രതിപാദിക്കുന്നത്.


ഈ യുദ്ധം കമിംഗ്സിനു പ്രിയപ്പെട്ടതായിരിക്കുമല്ലോ. സ്വയം ആയിരിക്കാൻ യുദ്ധം ചെയ്യുമ്പോഴാണ് ഒരാൾ കവിയാകുന്നത്. അങ്ങനെയുള്ള കവികൾ ഇന്ന് എത്രയോ വിരളമാണ്. ഏതെങ്കിലും കലാശാലകളിലോ , സ്കൂളുകളിലോ പഠിച്ചതു വച്ച് ആരും ഒന്നും എഴുതരുതെന്നാണ് മറ്റൊരു മതം. കമിംഗ്സ് ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'പഠിച്ചത്  നിരാകരിക്കുന്നവനാണ് കലാകാരൻ ' -  അദ്ദേഹം എഴുതുന്നു.


മൂന്നു തരം കലാകാരന്മാരെക്കുറിച്ച് കമിംഗ്സ് സൂചന തരുന്നുണ്ട്. ആദ്യത്തേത് , വൻ കച്ചവടവിജയമായി തീരുകയും ധനമുണ്ടാക്കുകയും  എന്നാൽ ഗുണമേന്മ ഇല്ലാതിരിക്കുകയും ചെയ്യുന്ന വിഭാഗമാണ്. രണ്ടാമത്തെ വിഭാഗം  അക്കാദമിക് രംഗത്തുള്ളവരാണ്. ഇവർക്ക് മറ്റുള്ളവർ സൃഷ്ടിച്ചതു പോലെ ചെയ്താൽ മതി;  സ്വന്തമായി ഒരു ആശയമില്ല. മൂന്നാമത്തെ വിഭാഗമാണ് യഥാർത്ഥ കലാകാരന്മാർ. അവർക്കു ശാന്തിയില്ല; അശാന്തമായ മനസ്സിലെ ദുഃഖമാണ് അവരെ നിലനിർത്തുന്നത്. അവർ പണമോ മറ്റ് ആനുകൂല്യങ്ങളോ തേടാതെ സത്യത്തിനു വേണ്ടി അലയുന്നു.


എന്തുകൊണ്ടാണ് കലാകാരൻ തീവ്ര വ്യഥ അനുഭവിക്കുന്നത് ?കമിംഗ്സ് ഇങ്ങനെ ഉത്തരം നൽകുന്നു: 'അയാൾ കച്ചവടമോ ഫാഷനോ തേടുന്നതിനു പകരം അനീതിയെ വൈകാരികമായി നേരിടുന്നു.വിദ്യാഭ്യാസം നേടിയശേഷം അത് തള്ളിക്കളയേണ്ടി വരുന്നത്, മനസ്സിൽ സ്വയം കണ്ടെത്തിയ സത്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നതു   കൊണ്ടാണ് .പദവിക്കു വേണ്ടിയല്ല കവിത; പദവിയുള്ളവരുടേതുമല്ല കവിത .അത് കലാശാലകളുടേതോ അക്കാദമികളുടേതോ അല്ല;കവിത  പ്രൊഫസർമാരുടേതോ അദ്ധ്യാപകരുടേതോ അല്ല.  കവിത യാതന അനുഭവിക്കുന്നവരുടേതാണ് .


വാക്കുകൾ 


1)കുഴഞ്ഞുമറിഞ്ഞ അനുഭവങ്ങളെ ക്രമപ്പെടുത്തുന്നതിൻ്റെ ,വീണ്ടും ക്രമപ്പെടുത്തുന്നതിൻ്റെ ഒരു വഴിയാണ് എൻ്റെ എഴുത്ത്.അത് എനിക്ക് പകരമായിട്ടുള്ളതാണ്.


സിൽവിയാ പ്ലാത്ത്

അമെരിക്കൻ പെൺകവി


2) ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ,സാമൂഹികമായ അസ്ഥിരതയിൽ ,ധാർമ്മികമായ ദുർബലതയിൽ നമുക്ക് ഒരു പുനരുജ്ജീവനം ആവശ്യമാണ്.പെണ്ണിൻ്റെ സ്വാധീനം ഇക്കാര്യത്തിൽ വളരെ വിലപ്പെട്ടതാണ്.

നിക്കോളൈ ഗോഗൾ,

റഷ്യൻ സാഹിത്യകാരൻ



3)എൻ്റെ സിനിമയിൽ ചിലർക്ക്  മിണ്ടാട്ടമില്ലാതായിപ്പോയത്  ഉള്ളിൽ ആഴത്തിൽ മുറിവേറ്റതുകൊണ്ടാണ്. അവർ മറ്റുള്ളവരിൽ വിശ്വാസം നഷ്ടപ്പെട്ടവരാണ്. അവരോട് 'ഞാൻ നിന്നെ പ്രേമിക്കുന്നു 'എന്നു പലരും  പറഞ്ഞിട്ടുണ്ട്. പക്ഷേ, അതു  പറഞ്ഞവരുടെ മനസ്സിൽ ആ വികാരമുണ്ടായിരുന്നില്ല.


കിം കി ഡുക് ,

സൗത്ത് കൊറിയൻ സംവിധായകൻ


4)ഞാൻ എൻ്റെ മനസ്സിൽ ധാരാളം പേരുമായി ആശയവിനിമയം നടത്തുന്നുണ്ട്;എന്നാൽ അവർക്കറിയില്ല ഇത്. പുറത്ത് എനിക്ക് വല്ലാത്ത ഒറ്റപ്പെടലുണ്ട്. ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.


ഗൊദാർദ് ,

ഫ്രഞ്ച് ,സ്വിസ് സംവിധായകൻ 


5)എൻ്റെ അഭിപ്രായത്തിൽ, ഉത്തരാധുനികത ഉത്ഭവിക്കുന്നത് ഇന്നത്തെ ഉപഭോക്താവിൻ്റെയും ബഹുരാഷ്ട്ര മുതലാളിത്തത്തിൻ്റെയും പ്രത്യേക നിമിഷത്തിൽ നിന്നാണ്. ചരിത്രബോധം ഇല്ലാതിരിക്കുകയും ഭൂതകാലത്തെ ചേർത്തു നിർത്താനുള്ള ശേഷി കുറയുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നതാണ് ഇതിൻ്റെ ലക്ഷണം.


ഫ്രഡറിക് ജെയിംസൺ ,

അമേരിക്ക സാഹിത്യവിമർശകൻ


കാലമുദ്രകൾ 


1)മനു അശോകൻ


പ്രേമിച്ചാൽ വിവാഹം കഴിക്കണമെന്ന ലഘുവായ, സരളമായ ,ആഴമില്ലാത്ത, കോസ്മെറ്റിക് ജീവിതസൂത്രത്തിൽ നിന്ന് വ്യതിചലിച്ച് ,കാമുകി കാമുകൻ്റെ  ആസിഡ് പ്രയോഗത്തിനിരയായാൽ അവിടെ തകരുന്നത് മനുഷ്യവംശത്തിൻ്റെ സുന്ദരമായ ഒരു സ്വപ്നമാണെന്ന് വ്യാഖ്യാനിക്കാൻ സംവിധായകൻ മനു അശോകൻ  ശ്രമിച്ചു.


2)പി. കെ. ഹരികുമാർ


ടൈറ്റാനിക് സിനിമ വരുന്നതിനു മുന്നേ തന്നെ അത് 'സീപാലസ്' എന്ന പേരിൽ നാടകമാക്കിയ ടി.കെ. ജോണിനെ അനുസ്മരിച്ചു, നല്ലൊരു വായനക്കാരൻ കൂടിയായ ,പി .കെ . ഹരികുമാർ എഴുതിയ ലേഖനം (പ്രഭാതരശ്മി) സന്ദർഭോചിതമായി.


3) വിനു എബ്രഹാം 


ഖസാക്കിൻ്റെ ഇതിഹാസത്തിലെ മുങ്ങാങ്കോഴിയെ കസാക്കിസ്ഥാനിൽ  നിന്നുള്ള ഡീപ് വെൽ'എന്ന സിനിമയിലെ 'യെൻസെപ്പ്' എന്ന കഥാപാത്രവുമായി താരതമ്യം ചെയ്ത് വിനു എബ്രഹാം എഴുതിയത് കൗതുകമുണർത്തി.


4)വിഷ്ണുനാരായണൻ നമ്പൂതിരി 


വൈദികസാഹിത്യം, വൈദികകാലം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ കവിതകൾ പൂർവ്വ കാലത്തിൻ്റെ വീണ്ടെടുപ്പായി കണക്കാക്കാം.


5)ശ്യാമപ്രസാദ് 


നരേന്ദ്രപ്രസാദിനെ പ്രധാന കഥാപാത്രമാക്കി തൊണ്ണൂറുകളിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'പെരുവഴിയിലെ കരിയിലകൾ ' (എൻ.മോഹനൻ)എന്ന ടെലിഫിലിം ഉയർത്തിയ വികാരങ്ങൾ അദ്ദേഹത്തിൻ്റെ ചലചിത്രങ്ങളെ  മറികടന്നും സഞ്ചരിക്കുകയാണ്.


വായനയുടെ നിമിഷം


 ബീന എഴുതിയ  'മാരിപ്പൊറാട്ട് ' ( മലയാളം, ഫെബ്രുവരി 25) ഒരു പത്രറിപ്പോർട്ട് പോലെ വായിച്ചു രസിച്ചു .എന്നാൽ ചെറുകഥാകൃത്ത് എന്ന നിലയിൽ ഒരു സംഭാവന  കണ്ടില്ല .ചാമുണ്ഡിയും വേട്ടയ്ക്കൊരുമകനുമൊക്കെ കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ദൈവങ്ങൾക്കുമുണ്ട് ദുരയും അസൂയയും കൂറുമാറ്റവും പ്രാണഭയവും' എന്ന വാക്യം കഥയിൽ കൂടുതൽ മിഴിവ് നേടേണ്ടതായിരുന്നു. മനുഷ്യൻ സൃഷ്ടിക്കുന്ന ദൈവങ്ങളെ അവൻ തന്നെ നിയന്ത്രിക്കുമ്പോൾ സ്വാഭാവികമായും ആ ദൈവങ്ങൾ ഇങ്ങനെയൊക്കെ പെരുമാറണമല്ലോ.


ദൂരെയെങ്ങോ ഒരാൾ പാടുന്നതിൻ്റെ  അനുഭവമാണ് ധ്വനി എം .ഡിയുടെ 'പാട്ടു പറത്തുന്ന പറവ ' എന്ന കവിത (  മലയാളം ,ഫെബ്രുവരി 25) യിലുള്ളത്. എല്ലാറ്റിനോടും ആത്മബന്ധം തോന്നുമ്പോൾ വീണ്ടും നമ്മൾ പുനരുജ്ജീവനം തേടുകയാണ്.


'പേരറിയാത്തൊരു 

ഭാഷ 

ഓളങ്ങൾ പോൽ 

തെന്നിത്തെറിക്കുന്നു 

വാക്കുകൾ ' 


ദൂരെ കേൾക്കുന്ന പാട്ടിലൂടെ ഒരു ഭാഷയല്ല ,വികാരങ്ങളാണ് അനുഭവിക്കുന്നത്.


വി.ജി.എം .ലേഖ എഴുതിയ  'മിഖായേൽ എന്ന പത്താമത്തെ പുരുഷൻ' എന്ന കഥ (കാലം  ത്രൈമാസികം ) സമകാലസമൂഹത്തിൽ പ്രണയത്തെ കൂടുതൽ അർത്ഥപൂർണമാക്കുന്നു. എല്ലാവരും തള്ളിക്കളഞ്ഞ തെരുവുതെണ്ടിയായ  ജൂതനെ ഒരു  മുസ്ലിം പെൺകുട്ടി  ബാല്യം മുതൽ പ്രേമിക്കുന്നതും അവർ  ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നതുമാണ് കഥ. 'നമുക്ക് ഇസ്രായേലിലേക്ക് പോകാം. നമ്മുടെ രണ്ടു വേദങ്ങളെ ഒരു വാക്കിലെഴുതി ഒരു വേദമാക്കാം ' എന്ന വാക്യം കഥയെ ഉന്നത തലത്തിലെത്തിക്കുന്നു. ഇതിലെ നായിക ദിയാബാനു ചിന്തിക്കുന്നത് കഥാകൃത്ത് വിവരിക്കുന്നു: ' ഈ പ്രണയവും മരണവും ഒരുപോലെയാണ്, എപ്പോഴാണ് കയറി വരുന്നതെന്ന് പറയാൻ പറ്റില്ല. പ്രണയത്തെ കത്തികൊണ്ട് കുത്താനോ, ആസിഡൊഴിച്ചു വികൃതമാക്കാനോ ,ചുട്ടെരിച്ചു കൊല്ലാനോ ഒന്നും ദിയാബാനുവിനു ആകില്ല' .


Monday, March 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / പാവ്ലോ കൊയ്ലോയുടെ അമ്പുകൾ metrovartha, March 1, 2021

 അക്ഷരജാലകം 

എം.കെ.ഹരികുമാർ

9995312097


പൗലോ കൊയ്ലോയുടെ അമ്പുകൾ



ബ്രസീലിലെ പ്രമുഖ  എഴുത്തുകാരനായ പൗലോ കൊയ്ലോ ഇന്ന് ലോകത്ത് ഏറ്റവും വായനക്കാരുള്ള നോവലിസ്റ്റുകളിൽ ഒരാളാണ്. അദ്ദേഹത്തിനു നോവലെഴുതാൻ വളരെ കുറച്ച് സമയം മതി. 'ദ് ആൽക്കിമിസ്റ്റ് ' എന്ന നോവലെഴുതാൻ രണ്ടാഴ്ചയേ വേണ്ടി വന്നുള്ളു .രണ്ടു വർഷത്തിലൊരിക്കൽ ഒരു നോവൽ എന്നതാണ് കൊയ്ലോയുടെ പ്ളാൻ. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന 'ദ് ആർച്ചർ' (വില്ലാളി) ജീവിതത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് വളരെ സരളമായ ഉത്തരം തേടുന്ന ,കൊയ്ലോയുടെ സ്ഥിരം ശൈലിയിലുള്ള ,നോവലാണ്. സങ്കീർണമായതിനെ ദൃഷ്ടാന്തങ്ങൾ കൊണ്ട് ലഘൂകരിക്കാനാണ് ശ്രമം .വ്യക്തിഗതമായ സമസ്യകളുടെ ഗഹനതയിലേക്ക് നയിക്കുന്നത് കൊയ്ലോയുടെ രീതിയല്ല .


2003 ലാണ് 'ദ് ആർച്ചർ' ആദ്യമായി പ്രസിദ്ധീകരിച്ചത്‌, പോർച്ചുഗീസ് ഭാഷയിൽ .അന്ന് ഇ ബുക്കായിരുന്നു; 'ദ് വേ ഓഫ് ദ് ബോ' എന്ന പേരിൽ .ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് മാർഗരറ്റ് ജൂൾ കോസ്ത പരിഭാഷപ്പെടുത്തിയ ഇംഗ്ളീഷ് പതിപ്പാണ്.ഇത് മനുഷ്യൻ്റെ ലക്ഷ്യവും മാർഗവും തമ്മിലുള്ള ബന്ധത്തെ    എന്നപോലെ വില്ലാളിയും അമ്പും ലക്ഷ്യവും ചേരുന്ന നേർരേഖയെയും  നിർവ്വചിക്കുന്നു. ഒരു വില്ലാളി അമ്പെയ്യുമ്പോൾ ,അതിനൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം തിരിച്ചും, അതിൻ്റെ നേർക്ക് വരുന്ന അമ്പിനെയും ഉന്നം വയ്ക്കുകയാണത്രേ .അതിൻ്റെ യർത്ഥം നമ്മൾ ഏത് ദിശയിലാണോ നീങ്ങുന്നത്, അതിൻ്റെ മനശ്ശക്തിയിൽ പ്രപഞ്ചസംവിധാനത്തിന് ഒരു ക്രമം ഉണ്ടാവുകയാണ് .ഉന്നത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്നതോടെ  ലക്ഷ്യവും നമ്മളും തമ്മിൽ ഒരു പാരസ്പര്യമുണ്ടാകുന്നു. ലക്ഷ്യസ്ഥാനം നമ്മെ തിരഞ്ഞെടുക്കുന്നതിൻ്റെ  പ്രാപഞ്ചികസത്യമാണിത്.


ആത്മാവിനെ ഉന്നം വയ്ക്കുന്നു


ടെത്സൂയ എന്ന ഗ്രാമീണ വില്ലാളിയുടെ കഥയിലൂടെയാണ് കൊയിലോ  ജീവിതസൂത്രം ആവിഷ്കരിക്കുന്നത്.ടെത്സൂയയെ  ഒരാൾ വന്നു പ്രലോഭിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്. തുടർന്ന് തൻ്റെ വില്ലുകുലയ്ക്കലിൽ അടങ്ങിയിരിക്കുന്ന രഹസ്യം അയാൾ  ഒരു കുട്ടിയുടെ ചോദ്യങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യുകയാണ്. സ്വയം മനസ്സിലാക്കുന്നതിൻ്റെ ,അത്മബോധത്തിൻ്റെ ,മനനത്തിൻ്റെ പരിണാമ ങ്ങളിലൂടെ ജ്ഞാനത്തിൻ്റെ പാഠങ്ങൾ ഉണ്ടാകുന്നു. വില്ലുകുലയ്ക്കുന്നതിന് ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് സ്വന്തം ആത്മാവിനെയാണ് ഉന്നം വയ്ക്കുന്നത്.ഒരാൾക്ക് അയാളെ തന്നെ വേഗത്തിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇതിൽനിന്ന് ഗ്രഹിക്കാവുന്നതാണ്‌. ചൈനയുടെ താവോ തത്ത്വചിന്തയും സെൻ ബുദ്ധിസവും ഇതിൽ കൂടിക്കുഴയുന്നു. ഒരു ലക്ഷ്യസ്ഥാനത്തിനു ഒറ്റയ്ക്ക് നിലനിൽപ്പില്ല .അതിലേക്ക് ചേരാനുള്ള ഒരു ചിന്ത വേണം. അത് സമന്വയിപ്പിക്കുന്നത് ആത്മബോധത്തിലാണ് . അവനവനിൽതന്നെയാണ് വില്ല് തൊടുക്കുന്നതും ലക്ഷ്യം ഭേദിക്കുന്നതും.നമ്മളിൽ ഉത്ഭവവും പരിസമാപ്തിയുമുണ്ട്. നമ്മുടെ സന്തോഷം നമ്മളിൽ തന്നെ ഉണ്ടാകണം .


യൗവ്വനകാലത്ത് അലഞ്ഞുതിരിഞ്ഞു നടന്ന കൊയ്ലോ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള വൻകരകളിൽ ചുറ്റിയടിച്ച് ജീവിതക്കാഴ്ച്ചകളുടെ വൈവിധ്യം നേരിട്ടു കണ്ടു. 1987 ൽ 'ദ് പിൽഗ്രിമേജ്' എന്ന നോവൽ ഇംഗ്ലീഷിൽ പുറത്തുവന്നതോടെയാണ് കൊയ്ലോ ശ്രദ്ധയാകർഷിക്കുന്നത്. വടക്കൻ സ്പെയിനിലെ സാൻഡിയാഗോ ഡി കമ്പോസ്റ്റെലയിലേക്ക് നടത്തിയ യാത്രയുടെ അനുഭവമാണിത് .അഞ്ഞൂറ് മൈൽ ദൈർഘ്യം ഒറ്റയ്ക്ക് നടന്നു കണ്ടു .പിന്നീട് 1988 ൽ 'ദ് ആൽക്കിമിസ്റ്റ് ' പുറത്തുവന്നു. ഈജിപ്ഷ്യൻ പിരമിഡുകൾ സന്ദർശിക്കുന്ന ആട്ടിടയൻ്റെ കഥയാണിത്.


നമ്മെ ആകർഷിക്കുന്നത്


ആസ്ട്രേലിയൻ ടെലിവിഷൻ എഴുത്തുകാരി റോണ്ട ബയൺ  എഴുതിയ 'ദ് സീക്രട്ട് ' (2006) പ്രയോഗിക മനശ്ശാസ്ത്രത്തിൽ  വൻവിജയമായിരുന്നു. അതിൽ ലോ ഓഫ് അട്രാക്ഷൻ (ആകർഷണത്തിൻ്റെ നിയമം) എന്നൊരു സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട് .ഒരാളുടെ മനസ്സിലെ ചിന്തകൾ എന്താണോ അതിൻ്റെ ശക്തിക്കനുസരിച്ചാവും  അയാളുടെ വിധി രൂപപ്പെടുക .ഒരാൾ എന്താണോ അതിലേക്കാണ് അയാൾ  ആകർഷിക്കപ്പെടുക . ഈ തത്ത്വം  കൊയ്‌ലോയുടെ 'ദ് ആർച്ചറി'ൽ കാണാം .മനസ്സ് ലക്ഷ്യം വയ്ക്കുന്നതെന്താണോ , അതിൻ്റെ  പോസിറ്റീവ് ശക്തിക്കനുസരിച്ചാണ്  സാക്ഷാത്ക്കരിക്കപ്പെടുന്നത്.ആർച്ചറിനെക്കുറിച്ച് കൊയ്ലോ തൻ്റെ ബ്ളോഗിൽ എഴുതിയത് ഇങ്ങനെയാണ് :

'അമ്പെയ്യുന്നത് ഒരു ലക്ഷ്യം കീഴടക്കാൻ മാത്രമല്ല, വില്ലിലൂടെ ലോകത്തെ കാണാനുള്ള ശ്രമമാണത്.  നിങ്ങൾ ലക്ഷ്യത്തിലെത്തുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ; വില്ലും അമ്പും ലക്ഷ്യവും ഒരേ മനസ്സായിത്തീരുകയാണ് പ്രധാനം' .


ശസ്ത്രവിദ്യ അഭ്യസിച്ച വ്യക്തിയാണ് കൊയ്ലോ. അദ്ദേഹം അത് വിശദമാക്കുന്നുണ്ട്. 'ശസ്ത്രവിദ്യ എത്രമാത്രം അതിശയകരമാണെന്ന  ചിന്ത എന്നെ നോവൽ രചനയിലേക്ക്  നയിക്കുകുയായിരുന്നു' - അദ്ദേഹം പറയുന്നു. കൊയ്ലോയുടെ  നോവലുകൾ ജീവിതവിജയത്തിനു ആധാരമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന് പറയുന്നവരാണ് ഏറെയും. ഇതിനെക്കുറിച്ച് കൊയ്ലോ ഇങ്ങനെ പ്രതികരിച്ചു :'ജീവിതം വളരെ ലളിതമാണ് ,നമ്മൾ അതിനെ സങ്കീർണമാക്കരുത്‌. ഒരു ദൃഷ്ടാന്ത കഥ സംസാരിക്കുന്നത് മനുഷ്യരുടെ ഉള്ളിലെ അജ്ഞാത കേന്ദ്രങ്ങൾ തുറക്കാൻ സഹായിക്കും. ചുറ്റുമുളള ചെറിയ കാര്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ ജീവിതത്തിൻ്റെ സാരം ഗ്രഹിക്കാം. ഇതാണ് 'ദ് ആർച്ചർ'. സൗഹൃദത്തിൽ നിന്നാണ് ഞാനെല്ലാം പഠിച്ചത്. ജീവിതം പൂർണ്ണമായും ജീവിക്കൂ, ജീവിതം പഠിക്കൂ' .


ജീവിതംകൊണ്ട് എന്ത് ചെയ്യും ?


ജീവിതത്തിൻ്റെ അരക്ഷിതാവസ്ഥയിൽ നിന്ന് മുറിവേല്പിക്കുന്ന പ്രചോദനം  ലഭിച്ച ശേഷമാണ് കൊയ്‌ലോ  ഏകാന്തമായ സാഹിത്യയാത്രകൾ  തുടങ്ങിയത് .യുവാവായിരിക്കെ കൊയ്ലായെ മൂന്നുതവണ മാതാപിതാക്കൾ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1980കളിൽ രാജ്യത്തെ ഏകാധിപത്യഭരണത്തെ വിമർശിച്ച്‌ പാട്ടുകളെഴുതിയതിനു ജയിലിൽ കിടന്നിട്ടുണ്ട്. അങ്ങനെ പീഡിതരുടെ അത്മീയപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി.'ദ് ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന പ്രവാചകന്മാർക്ക് വേണ്ടി ദൈവത്തിൻ്റെ നിർദ്ദേശത്താൽ   ഇസ്രയേലിൽ എത്തുന്ന എലീജാ പ്രവാചകനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അവിടെ പ്രവാചകനു നേരിടേണ്ടി വരുന്ന  കഷ്ടപ്പാടുകളും ദുരിതങ്ങളും ഒടുവിൽ അനുഗ്രഹമായി മാറുന്നു. 


'വെറോണിക്ക ഡിസൈഡ്സ് ടു ഡൈ'    എന്ന നോവലിലും ആത്മപരീക്ഷണങ്ങളാണ്. എല്ലാമുണ്ടായിട്ടും വെറോണിക്കക്ക്  ജീവിതത്തിൽ ശൂന്യത അനുഭവപ്പെടുകയാണ്. അവൾ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. എന്നാൽ അവൾ മരിച്ചില്ല. ആശുപത്രിയിൽ അവൾക്ക് ജീവിതം കുറച്ചുദിവസം കൂടി നീട്ടിക്കിട്ടി.താൻ ഏതാനും ദിവസങ്ങൾക്കകം മരിക്കും എന്നറിഞ്ഞ വെറോണിക്ക പുതിയരീതിയിൽ ജീവിതത്തെ നോക്കുകയാണ്. നിമിഷങ്ങൾക്ക് വില കൂടുകയാണ്. ആശുപത്രിയിലെ രോഗികൾ ജീവിതം കൂടുതൽ പഠിപ്പിച്ചു. ജീവിതത്തിൽ അതുവരെ അറിയാത്ത ഒരു മൂല്യം അവളെ തുറിച്ചുനോക്കുകയാണ്. ജീവിക്കാൻ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ.പരാജയത്തെക്കുറിച്ചുള്ള ഭയമാണ് സ്വപ്നങ്ങളിലൂടെ വളരാൻ നമ്മെ തടസ്സപ്പെടുത്തുന്നതെന്ന് കൊയ്‌ലോ പറഞ്ഞിട്ടുണ്ട് .സ്വപ്നങ്ങളുള്ളവർ യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. കാരണം ,അവരിൽ പരിവർത്തന ശക്തി നിഗൂഢമായിരിക്കുന്നുണ്ട്.  അതിനു ജീവിതംകൊണ്ട് നാമെന്ത് ചെയ്യുമെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്.


കവിതയുടെ ഗണിതം


സച്ചിദാനന്ദൻ്റെ 'ഏത് രാമൻ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 6) കാവ്യാനുഭൂതിയിൽ നിന്ന് ജനിച്ച  കവിതയല്ല ;ഇന്നത്തെ ഇന്ത്യയുടെ പ്രതീകമായി ഉയർന്നു വരുന്ന രാമനെ ക്രൂരനായ ഒരു നാട്ടുകാരനായി ചിത്രീകരിക്കാനായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിൽ നിന്നുണ്ടായ ഗണിതമാണ്. കവിതയെ കണക്കു പോലെ കൂട്ടിക്കൂട്ടി എടുക്കുകയാണ്.ഒരു ആശയം ചിന്തിച്ച ശേഷം അത് കവിതയാക്കുകയാണ് സച്ചിദാനന്ദൻ മിക്കപ്പോഴും ചെയ്യുന്നത്. കവിതയുടെ അനുഭൂതിയില്ലാത്തത് അതുകൊണ്ടാണ്.രാമനെ  അപനിർമ്മിച്ച് നശിപ്പിച്ച ശേഷം ഞങ്ങൾ വാനരരാണെന്ന് കവിതയിൽ പ്രഖ്യാപിക്കുന്നു. എന്നാൽ കവി മനസ്സിലാക്കണം ,രാമനും വാത്മീകിയും സീതയും അവരുടെ ആത്മീയതയും ഇന്ത്യയിലെ ജനങ്ങളുടെ, എഴുത്തുകാരുടെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് ;ഇന്ത്യൻ സൈക്ക് അല്ലെങ്കിൽ മാനസിക തലമാണത്. അതിൽ ഏത് രാമനെ വേണമെന്ന് ചോദിക്കുന്നത് കവിതയ്ക്ക് ചേർന്നതല്ല; എല്ലാം ചേർന്നതാണ് രാമൻ. രാമനെ സത്യൻ അന്തിക്കാടിൻ്റെ സിനിമയിലെ  കഥാപാത്രത്തെ പോലെ സമീപിച്ച് ആക്ഷേപിക്കുന്നത് സംസ്കാരമല്ല . 


കാലമുദ്രകൾ 


1)ജിത്തു ജോസഫ് 


ജോർജുകുട്ടി എന്ന നായക കഥാപാത്രത്തെ ആൾക്കൂട്ട മാധ്യമങ്ങളുടെ സ്വതന്ത്രചർച്ചയിലേക്കും  ഭാവനയിലേക്കും പറഞ്ഞുവിട്ട ജിത്തു  ജോസഫ് കോവിഡ് കാലത്ത് സിനിമാവ്യവസായത്തെ ഊർജ്വസ്വലമാക്കി.


2)മാണി മാധവചാക്യാർ


കൂടിയാട്ടത്തിൻ്റെ സൗന്ദര്യാത്മക ലയവിന്യാസത്തിൽ ആത്മാവിൻ്റെ  ആമന്ത്രണമുണ്ടെന്ന് സംവേദനം ചെയ്യാൻ കഴിയുന്ന വിധത്തിൽ ശരീരത്തിലേക്ക് അപരജീവിതങ്ങളെ ആവാഹിച്ച കലാകാരനാണ് മാണി മാധവചാക്യാർ .


3)സി. ആർ. പരമേശ്വരൻ


സി.ആർ.പരമേശ്വരൻ്റെ 'പ്രകൃതിനിയമം' ഒരു വായനാനുഭവം എന്ന നിലയിൽ തൃപ്തിപ്പെടുത്തിയില്ല. പരമേശ്വരനെ കലയല്ല, കാര്യമാണ് ആവേശിച്ചിട്ടുള്ളത്.


4)പി .പത്മരാജൻ


മഞ്ഞുകാലം നോറ്റ കുതിര ,നക്ഷത്രങ്ങളേ കാവൽ ,പ്രതിമയും രാജകുമാരിയും എന്നീ നോവലുകൾ എഴുതിയ പത്മരാജൻ തൻ്റെ കലയിൽ രാഷ്ട്രീയപാർട്ടികളെ പ്രവേശിപ്പിച്ചില്ല.


5)എൻ.ആർ. ഗ്രാമപ്രകാശ്


നാടകൃത്ത് എൻ.ആർ.ഗ്രാമപ്രകാശ് കോവിഡ് കാലത്ത് ആൾക്കൂട്ട മാധ്യമങ്ങളിലെഴുതിയ കുറിപ്പുകൾ കൊറോണ ഡയറി എന്ന പേരിൽ പുസ്തകമായിരിക്കുന്നു. കൊറോണക്കാലത്ത് നഴ്സുമാർ  ചെയ്ത സേവനങ്ങളെക്കുറിച്ച് ഇതിൽ  പ്രത്യേകം വിവരിക്കുന്നുണ്ട് .


വാക്കുകൾ 


1)മരണത്തിൽ നിന്നുള്ള അഭയകേന്ദ്രമാണ് ദൈവശാസ്ത്രം ; അതുപോലെ വേദനയിൽ നിന്നുള്ള അഭയമാണ് ഭ്രാന്ത് .


വിൽ ഡുറാൻഡ് ,

അമെരിക്കൻ ചരിത്രകാരൻ.


2) ഒരു ദിവസം മുഴുവൻ മറ്റുള്ളവർ എഴുതിയത് വായിച്ചുകൊണ്ടിരിക്കുന്നവന് ക്രമേണ  ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടും.


ആർതർ ഷോപ്പനോർ,

ജർമ്മൻ ദാർശനികൻ


3)സത്യത്തോട് സാമ്യമുള്ള പല നുണകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുന്ന കലയാണ് ചരിത്രം.


റൂസോ,

സ്വിസ് ചിന്തകൻ 


4)കലയിൽ ബിംബങ്ങളാണ് പ്രധാനം.ആ ബിംബങ്ങൾ യഥാർത്ഥമാണോ സാങ്കല്പികമാണോ എന്ന് കലാകാരൻ അന്വേഷിക്കുന്നില്ല.  ബിംബങ്ങളെ വികാരപരമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.


ബെനഡിറ്റോ ക്രോച്ചേ,

ഇറ്റാലിയൻ തത്ത്വജ്ഞാനി


5)ഒരെഴുത്തുകാരന് സ്വന്തം രചന  വായിക്കാനാവില്ല; അവന് അതൊരു രഹസ്യമാണ്. അതിനെ നേരിടാനാവില്ല.


മൗറിസ് ബ്ലാങ്ക്ഷോ,

ഫ്രഞ്ച് സാഹിത്യവിമർശകൻ



നിക്കാനോർ പാർറയും എതിർ കവിതയും


ചിലിയിലെ പ്രമുഖ കവി (1914- 2018) നിക്കോനാർ പാർറ ആൻ്റിപോയട്രി അഥവാ എതിർകവിതയുടെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു. കവിതയുടെ  പാരമ്പര്യങ്ങളിൽ സ്വയം തളം കെട്ടി നില്ക്കുന്നതിന് പകരം പുതിയ അനുഭവങ്ങൾ, പദസമന്വയങ്ങൾ വേണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. പ്രശസ്തിയോ പദവിയോ വേണ്ടെന്ന് തീരുമാനിച്ച പാർറ എല്ലാത്തിനെയും പുതിയതെന്ന പോലെ പുനരാവിഷ്കരിച്ചു. അദ്ദേഹം ഒരു കവിതയിൽ  ഇങ്ങനെ പ്രതികരിച്ചു :


'നിങ്ങൾ ഈ ഭൂമിയെ നശിപ്പിക്കുകയാണെങ്കിൽ 

ഞാൻ വീണ്ടും 

സൃഷ്ടിക്കുമെന്ന് ചിന്തിക്കരുത് ' .


കവി ദൈവമാണെന്ന ചിന്ത വേണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു.


ജീവിച്ചിരിക്കാൻ വേണ്ടിയാണ് കവിതയെഴുതിയതെന്ന് പറഞ്ഞ 

പാർറ ഒരു ഫിസിഷ്യനായിരുന്നു. 1948 ൽ പുറത്തുവന്ന 'പോയംസ് ആൻഡ് ആൻറിപോയംസ് ' എന്ന സമാഹാരം പാർറയുടെ വരവ് വിളിച്ചറിയിച്ചു .യംഗ് പോയറ്റ്സ് എന്ന കവിതയിൽ ഇങ്ങനെ എഴുതി :

'കവിതയിൽ എന്തും 

സാധ്യമാണ്;

ഈ വ്യവസ്ഥയിൽ 

ശൂന്യമായ താളിൽ 

നിങ്ങൾ പിടിച്ചുകയറണം' .


ശൂന്യമായ താളിൽ പൂർവകാലത്തിൻ്റെ  യാതൊന്നുമില്ലല്ലോ.


'