എം.കെ.ഹരികുമാർ
9995312097
പൗലോ കൊയ്ലോയുടെ അമ്പുകൾ
ബ്രസീലിലെ പ്രമുഖ എഴുത്തുകാരനായ പൗലോ കൊയ്ലോ ഇന്ന് ലോകത്ത് ഏറ്റവും വായനക്കാരുള്ള നോവലിസ്റ്റുകളിൽ ഒരാളാണ്. അദ്ദേഹത്തിനു നോവലെഴുതാൻ വളരെ കുറച്ച് സമയം മതി. 'ദ് ആൽക്കിമിസ്റ്റ് ' എന്ന നോവലെഴുതാൻ രണ്ടാഴ്ചയേ വേണ്ടി വന്നുള്ളു .രണ്ടു വർഷത്തിലൊരിക്കൽ ഒരു നോവൽ എന്നതാണ് കൊയ്ലോയുടെ പ്ളാൻ. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന 'ദ് ആർച്ചർ' (വില്ലാളി) ജീവിതത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് വളരെ സരളമായ ഉത്തരം തേടുന്ന ,കൊയ്ലോയുടെ സ്ഥിരം ശൈലിയിലുള്ള ,നോവലാണ്. സങ്കീർണമായതിനെ ദൃഷ്ടാന്തങ്ങൾ കൊണ്ട് ലഘൂകരിക്കാനാണ് ശ്രമം .വ്യക്തിഗതമായ സമസ്യകളുടെ ഗഹനതയിലേക്ക് നയിക്കുന്നത് കൊയ്ലോയുടെ രീതിയല്ല .
2003 ലാണ് 'ദ് ആർച്ചർ' ആദ്യമായി പ്രസിദ്ധീകരിച്ചത്, പോർച്ചുഗീസ് ഭാഷയിൽ .അന്ന് ഇ ബുക്കായിരുന്നു; 'ദ് വേ ഓഫ് ദ് ബോ' എന്ന പേരിൽ .ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് മാർഗരറ്റ് ജൂൾ കോസ്ത പരിഭാഷപ്പെടുത്തിയ ഇംഗ്ളീഷ് പതിപ്പാണ്.ഇത് മനുഷ്യൻ്റെ ലക്ഷ്യവും മാർഗവും തമ്മിലുള്ള ബന്ധത്തെ എന്നപോലെ വില്ലാളിയും അമ്പും ലക്ഷ്യവും ചേരുന്ന നേർരേഖയെയും നിർവ്വചിക്കുന്നു. ഒരു വില്ലാളി അമ്പെയ്യുമ്പോൾ ,അതിനൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം തിരിച്ചും, അതിൻ്റെ നേർക്ക് വരുന്ന അമ്പിനെയും ഉന്നം വയ്ക്കുകയാണത്രേ .അതിൻ്റെ യർത്ഥം നമ്മൾ ഏത് ദിശയിലാണോ നീങ്ങുന്നത്, അതിൻ്റെ മനശ്ശക്തിയിൽ പ്രപഞ്ചസംവിധാനത്തിന് ഒരു ക്രമം ഉണ്ടാവുകയാണ് .ഉന്നത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്നതോടെ ലക്ഷ്യവും നമ്മളും തമ്മിൽ ഒരു പാരസ്പര്യമുണ്ടാകുന്നു. ലക്ഷ്യസ്ഥാനം നമ്മെ തിരഞ്ഞെടുക്കുന്നതിൻ്റെ പ്രാപഞ്ചികസത്യമാണിത്.
ആത്മാവിനെ ഉന്നം വയ്ക്കുന്നു
ടെത്സൂയ എന്ന ഗ്രാമീണ വില്ലാളിയുടെ കഥയിലൂടെയാണ് കൊയിലോ ജീവിതസൂത്രം ആവിഷ്കരിക്കുന്നത്.ടെത്സൂയയെ ഒരാൾ വന്നു പ്രലോഭിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്. തുടർന്ന് തൻ്റെ വില്ലുകുലയ്ക്കലിൽ അടങ്ങിയിരിക്കുന്ന രഹസ്യം അയാൾ ഒരു കുട്ടിയുടെ ചോദ്യങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യുകയാണ്. സ്വയം മനസ്സിലാക്കുന്നതിൻ്റെ ,അത്മബോധത്തിൻ്റെ ,മനനത്തിൻ്റെ പരിണാമ ങ്ങളിലൂടെ ജ്ഞാനത്തിൻ്റെ പാഠങ്ങൾ ഉണ്ടാകുന്നു. വില്ലുകുലയ്ക്കുന്നതിന് ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് സ്വന്തം ആത്മാവിനെയാണ് ഉന്നം വയ്ക്കുന്നത്.ഒരാൾക്ക് അയാളെ തന്നെ വേഗത്തിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇതിൽനിന്ന് ഗ്രഹിക്കാവുന്നതാണ്. ചൈനയുടെ താവോ തത്ത്വചിന്തയും സെൻ ബുദ്ധിസവും ഇതിൽ കൂടിക്കുഴയുന്നു. ഒരു ലക്ഷ്യസ്ഥാനത്തിനു ഒറ്റയ്ക്ക് നിലനിൽപ്പില്ല .അതിലേക്ക് ചേരാനുള്ള ഒരു ചിന്ത വേണം. അത് സമന്വയിപ്പിക്കുന്നത് ആത്മബോധത്തിലാണ് . അവനവനിൽതന്നെയാണ് വില്ല് തൊടുക്കുന്നതും ലക്ഷ്യം ഭേദിക്കുന്നതും.നമ്മളിൽ ഉത്ഭവവും പരിസമാപ്തിയുമുണ്ട്. നമ്മുടെ സന്തോഷം നമ്മളിൽ തന്നെ ഉണ്ടാകണം .
യൗവ്വനകാലത്ത് അലഞ്ഞുതിരിഞ്ഞു നടന്ന കൊയ്ലോ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള വൻകരകളിൽ ചുറ്റിയടിച്ച് ജീവിതക്കാഴ്ച്ചകളുടെ വൈവിധ്യം നേരിട്ടു കണ്ടു. 1987 ൽ 'ദ് പിൽഗ്രിമേജ്' എന്ന നോവൽ ഇംഗ്ലീഷിൽ പുറത്തുവന്നതോടെയാണ് കൊയ്ലോ ശ്രദ്ധയാകർഷിക്കുന്നത്. വടക്കൻ സ്പെയിനിലെ സാൻഡിയാഗോ ഡി കമ്പോസ്റ്റെലയിലേക്ക് നടത്തിയ യാത്രയുടെ അനുഭവമാണിത് .അഞ്ഞൂറ് മൈൽ ദൈർഘ്യം ഒറ്റയ്ക്ക് നടന്നു കണ്ടു .പിന്നീട് 1988 ൽ 'ദ് ആൽക്കിമിസ്റ്റ് ' പുറത്തുവന്നു. ഈജിപ്ഷ്യൻ പിരമിഡുകൾ സന്ദർശിക്കുന്ന ആട്ടിടയൻ്റെ കഥയാണിത്.
നമ്മെ ആകർഷിക്കുന്നത്
ആസ്ട്രേലിയൻ ടെലിവിഷൻ എഴുത്തുകാരി റോണ്ട ബയൺ എഴുതിയ 'ദ് സീക്രട്ട് ' (2006) പ്രയോഗിക മനശ്ശാസ്ത്രത്തിൽ വൻവിജയമായിരുന്നു. അതിൽ ലോ ഓഫ് അട്രാക്ഷൻ (ആകർഷണത്തിൻ്റെ നിയമം) എന്നൊരു സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട് .ഒരാളുടെ മനസ്സിലെ ചിന്തകൾ എന്താണോ അതിൻ്റെ ശക്തിക്കനുസരിച്ചാവും അയാളുടെ വിധി രൂപപ്പെടുക .ഒരാൾ എന്താണോ അതിലേക്കാണ് അയാൾ ആകർഷിക്കപ്പെടുക . ഈ തത്ത്വം കൊയ്‌ലോയുടെ 'ദ് ആർച്ചറി'ൽ കാണാം .മനസ്സ് ലക്ഷ്യം വയ്ക്കുന്നതെന്താണോ , അതിൻ്റെ പോസിറ്റീവ് ശക്തിക്കനുസരിച്ചാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.ആർച്ചറിനെക്കുറിച്ച് കൊയ്ലോ തൻ്റെ ബ്ളോഗിൽ എഴുതിയത് ഇങ്ങനെയാണ് :
'അമ്പെയ്യുന്നത് ഒരു ലക്ഷ്യം കീഴടക്കാൻ മാത്രമല്ല, വില്ലിലൂടെ ലോകത്തെ കാണാനുള്ള ശ്രമമാണത്. നിങ്ങൾ ലക്ഷ്യത്തിലെത്തുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ; വില്ലും അമ്പും ലക്ഷ്യവും ഒരേ മനസ്സായിത്തീരുകയാണ് പ്രധാനം' .
ശസ്ത്രവിദ്യ അഭ്യസിച്ച വ്യക്തിയാണ് കൊയ്ലോ. അദ്ദേഹം അത് വിശദമാക്കുന്നുണ്ട്. 'ശസ്ത്രവിദ്യ എത്രമാത്രം അതിശയകരമാണെന്ന ചിന്ത എന്നെ നോവൽ രചനയിലേക്ക് നയിക്കുകുയായിരുന്നു' - അദ്ദേഹം പറയുന്നു. കൊയ്ലോയുടെ നോവലുകൾ ജീവിതവിജയത്തിനു ആധാരമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന് പറയുന്നവരാണ് ഏറെയും. ഇതിനെക്കുറിച്ച് കൊയ്ലോ ഇങ്ങനെ പ്രതികരിച്ചു :'ജീവിതം വളരെ ലളിതമാണ് ,നമ്മൾ അതിനെ സങ്കീർണമാക്കരുത്. ഒരു ദൃഷ്ടാന്ത കഥ സംസാരിക്കുന്നത് മനുഷ്യരുടെ ഉള്ളിലെ അജ്ഞാത കേന്ദ്രങ്ങൾ തുറക്കാൻ സഹായിക്കും. ചുറ്റുമുളള ചെറിയ കാര്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ ജീവിതത്തിൻ്റെ സാരം ഗ്രഹിക്കാം. ഇതാണ് 'ദ് ആർച്ചർ'. സൗഹൃദത്തിൽ നിന്നാണ് ഞാനെല്ലാം പഠിച്ചത്. ജീവിതം പൂർണ്ണമായും ജീവിക്കൂ, ജീവിതം പഠിക്കൂ' .
ജീവിതംകൊണ്ട് എന്ത് ചെയ്യും ?
ജീവിതത്തിൻ്റെ അരക്ഷിതാവസ്ഥയിൽ നിന്ന് മുറിവേല്പിക്കുന്ന പ്രചോദനം ലഭിച്ച ശേഷമാണ് കൊയ്‌ലോ ഏകാന്തമായ സാഹിത്യയാത്രകൾ തുടങ്ങിയത് .യുവാവായിരിക്കെ കൊയ്ലായെ മൂന്നുതവണ മാതാപിതാക്കൾ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1980കളിൽ രാജ്യത്തെ ഏകാധിപത്യഭരണത്തെ വിമർശിച്ച് പാട്ടുകളെഴുതിയതിനു ജയിലിൽ കിടന്നിട്ടുണ്ട്. അങ്ങനെ പീഡിതരുടെ അത്മീയപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി.'ദ് ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന പ്രവാചകന്മാർക്ക് വേണ്ടി ദൈവത്തിൻ്റെ നിർദ്ദേശത്താൽ ഇസ്രയേലിൽ എത്തുന്ന എലീജാ പ്രവാചകനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അവിടെ പ്രവാചകനു നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും ഒടുവിൽ അനുഗ്രഹമായി മാറുന്നു.
'വെറോണിക്ക ഡിസൈഡ്സ് ടു ഡൈ' എന്ന നോവലിലും ആത്മപരീക്ഷണങ്ങളാണ്. എല്ലാമുണ്ടായിട്ടും വെറോണിക്കക്ക് ജീവിതത്തിൽ ശൂന്യത അനുഭവപ്പെടുകയാണ്. അവൾ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. എന്നാൽ അവൾ മരിച്ചില്ല. ആശുപത്രിയിൽ അവൾക്ക് ജീവിതം കുറച്ചുദിവസം കൂടി നീട്ടിക്കിട്ടി.താൻ ഏതാനും ദിവസങ്ങൾക്കകം മരിക്കും എന്നറിഞ്ഞ വെറോണിക്ക പുതിയരീതിയിൽ ജീവിതത്തെ നോക്കുകയാണ്. നിമിഷങ്ങൾക്ക് വില കൂടുകയാണ്. ആശുപത്രിയിലെ രോഗികൾ ജീവിതം കൂടുതൽ പഠിപ്പിച്ചു. ജീവിതത്തിൽ അതുവരെ അറിയാത്ത ഒരു മൂല്യം അവളെ തുറിച്ചുനോക്കുകയാണ്. ജീവിക്കാൻ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ.പരാജയത്തെക്കുറിച്ചുള്ള ഭയമാണ് സ്വപ്നങ്ങളിലൂടെ വളരാൻ നമ്മെ തടസ്സപ്പെടുത്തുന്നതെന്ന് കൊയ്‌ലോ പറഞ്ഞിട്ടുണ്ട് .സ്വപ്നങ്ങളുള്ളവർ യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. കാരണം ,അവരിൽ പരിവർത്തന ശക്തി നിഗൂഢമായിരിക്കുന്നുണ്ട്. അതിനു ജീവിതംകൊണ്ട് നാമെന്ത് ചെയ്യുമെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്.
കവിതയുടെ ഗണിതം
സച്ചിദാനന്ദൻ്റെ 'ഏത് രാമൻ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 6) കാവ്യാനുഭൂതിയിൽ നിന്ന് ജനിച്ച കവിതയല്ല ;ഇന്നത്തെ ഇന്ത്യയുടെ പ്രതീകമായി ഉയർന്നു വരുന്ന രാമനെ ക്രൂരനായ ഒരു നാട്ടുകാരനായി ചിത്രീകരിക്കാനായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിൽ നിന്നുണ്ടായ ഗണിതമാണ്. കവിതയെ കണക്കു പോലെ കൂട്ടിക്കൂട്ടി എടുക്കുകയാണ്.ഒരു ആശയം ചിന്തിച്ച ശേഷം അത് കവിതയാക്കുകയാണ് സച്ചിദാനന്ദൻ മിക്കപ്പോഴും ചെയ്യുന്നത്. കവിതയുടെ അനുഭൂതിയില്ലാത്തത് അതുകൊണ്ടാണ്.രാമനെ അപനിർമ്മിച്ച് നശിപ്പിച്ച ശേഷം ഞങ്ങൾ വാനരരാണെന്ന് കവിതയിൽ പ്രഖ്യാപിക്കുന്നു. എന്നാൽ കവി മനസ്സിലാക്കണം ,രാമനും വാത്മീകിയും സീതയും അവരുടെ ആത്മീയതയും ഇന്ത്യയിലെ ജനങ്ങളുടെ, എഴുത്തുകാരുടെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് ;ഇന്ത്യൻ സൈക്ക് അല്ലെങ്കിൽ മാനസിക തലമാണത്. അതിൽ ഏത് രാമനെ വേണമെന്ന് ചോദിക്കുന്നത് കവിതയ്ക്ക് ചേർന്നതല്ല; എല്ലാം ചേർന്നതാണ് രാമൻ. രാമനെ സത്യൻ അന്തിക്കാടിൻ്റെ സിനിമയിലെ കഥാപാത്രത്തെ പോലെ സമീപിച്ച് ആക്ഷേപിക്കുന്നത് സംസ്കാരമല്ല .
കാലമുദ്രകൾ
1)ജിത്തു ജോസഫ്
ജോർജുകുട്ടി എന്ന നായക കഥാപാത്രത്തെ ആൾക്കൂട്ട മാധ്യമങ്ങളുടെ സ്വതന്ത്രചർച്ചയിലേക്കും ഭാവനയിലേക്കും പറഞ്ഞുവിട്ട ജിത്തു ജോസഫ് കോവിഡ് കാലത്ത് സിനിമാവ്യവസായത്തെ ഊർജ്വസ്വലമാക്കി.
2)മാണി മാധവചാക്യാർ
കൂടിയാട്ടത്തിൻ്റെ സൗന്ദര്യാത്മക ലയവിന്യാസത്തിൽ ആത്മാവിൻ്റെ ആമന്ത്രണമുണ്ടെന്ന് സംവേദനം ചെയ്യാൻ കഴിയുന്ന വിധത്തിൽ ശരീരത്തിലേക്ക് അപരജീവിതങ്ങളെ ആവാഹിച്ച കലാകാരനാണ് മാണി മാധവചാക്യാർ .
3)സി. ആർ. പരമേശ്വരൻ
സി.ആർ.പരമേശ്വരൻ്റെ 'പ്രകൃതിനിയമം' ഒരു വായനാനുഭവം എന്ന നിലയിൽ തൃപ്തിപ്പെടുത്തിയില്ല. പരമേശ്വരനെ കലയല്ല, കാര്യമാണ് ആവേശിച്ചിട്ടുള്ളത്.
4)പി .പത്മരാജൻ
മഞ്ഞുകാലം നോറ്റ കുതിര ,നക്ഷത്രങ്ങളേ കാവൽ ,പ്രതിമയും രാജകുമാരിയും എന്നീ നോവലുകൾ എഴുതിയ പത്മരാജൻ തൻ്റെ കലയിൽ രാഷ്ട്രീയപാർട്ടികളെ പ്രവേശിപ്പിച്ചില്ല.
5)എൻ.ആർ. ഗ്രാമപ്രകാശ്
നാടകൃത്ത് എൻ.ആർ.ഗ്രാമപ്രകാശ് കോവിഡ് കാലത്ത് ആൾക്കൂട്ട മാധ്യമങ്ങളിലെഴുതിയ കുറിപ്പുകൾ കൊറോണ ഡയറി എന്ന പേരിൽ പുസ്തകമായിരിക്കുന്നു. കൊറോണക്കാലത്ത് നഴ്സുമാർ ചെയ്ത സേവനങ്ങളെക്കുറിച്ച് ഇതിൽ പ്രത്യേകം വിവരിക്കുന്നുണ്ട് .
വാക്കുകൾ
1)മരണത്തിൽ നിന്നുള്ള അഭയകേന്ദ്രമാണ് ദൈവശാസ്ത്രം ; അതുപോലെ വേദനയിൽ നിന്നുള്ള അഭയമാണ് ഭ്രാന്ത് .
വിൽ ഡുറാൻഡ് ,
അമെരിക്കൻ ചരിത്രകാരൻ.
2) ഒരു ദിവസം മുഴുവൻ മറ്റുള്ളവർ എഴുതിയത് വായിച്ചുകൊണ്ടിരിക്കുന്നവന് ക്രമേണ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടും.
ആർതർ ഷോപ്പനോർ,
ജർമ്മൻ ദാർശനികൻ
3)സത്യത്തോട് സാമ്യമുള്ള പല നുണകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുന്ന കലയാണ് ചരിത്രം.
റൂസോ,
സ്വിസ് ചിന്തകൻ
4)കലയിൽ ബിംബങ്ങളാണ് പ്രധാനം.ആ ബിംബങ്ങൾ യഥാർത്ഥമാണോ സാങ്കല്പികമാണോ എന്ന് കലാകാരൻ അന്വേഷിക്കുന്നില്ല. ബിംബങ്ങളെ വികാരപരമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ബെനഡിറ്റോ ക്രോച്ചേ,
ഇറ്റാലിയൻ തത്ത്വജ്ഞാനി
5)ഒരെഴുത്തുകാരന് സ്വന്തം രചന വായിക്കാനാവില്ല; അവന് അതൊരു രഹസ്യമാണ്. അതിനെ നേരിടാനാവില്ല.
മൗറിസ് ബ്ലാങ്ക്ഷോ,
ഫ്രഞ്ച് സാഹിത്യവിമർശകൻ
നിക്കാനോർ പാർറയും എതിർ കവിതയും
ചിലിയിലെ പ്രമുഖ കവി (1914- 2018) നിക്കോനാർ പാർറ ആൻ്റിപോയട്രി അഥവാ എതിർകവിതയുടെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു. കവിതയുടെ പാരമ്പര്യങ്ങളിൽ സ്വയം തളം കെട്ടി നില്ക്കുന്നതിന് പകരം പുതിയ അനുഭവങ്ങൾ, പദസമന്വയങ്ങൾ വേണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. പ്രശസ്തിയോ പദവിയോ വേണ്ടെന്ന് തീരുമാനിച്ച പാർറ എല്ലാത്തിനെയും പുതിയതെന്ന പോലെ പുനരാവിഷ്കരിച്ചു. അദ്ദേഹം ഒരു കവിതയിൽ ഇങ്ങനെ പ്രതികരിച്ചു :
'നിങ്ങൾ ഈ ഭൂമിയെ നശിപ്പിക്കുകയാണെങ്കിൽ
ഞാൻ വീണ്ടും
സൃഷ്ടിക്കുമെന്ന് ചിന്തിക്കരുത് ' .
കവി ദൈവമാണെന്ന ചിന്ത വേണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു.
ജീവിച്ചിരിക്കാൻ വേണ്ടിയാണ് കവിതയെഴുതിയതെന്ന് പറഞ്ഞ
പാർറ ഒരു ഫിസിഷ്യനായിരുന്നു. 1948 ൽ പുറത്തുവന്ന 'പോയംസ് ആൻഡ് ആൻറിപോയംസ് ' എന്ന സമാഹാരം പാർറയുടെ വരവ് വിളിച്ചറിയിച്ചു .യംഗ് പോയറ്റ്സ് എന്ന കവിതയിൽ ഇങ്ങനെ എഴുതി :
'കവിതയിൽ എന്തും
സാധ്യമാണ്;
ഈ വ്യവസ്ഥയിൽ
ശൂന്യമായ താളിൽ
നിങ്ങൾ പിടിച്ചുകയറണം' .
ശൂന്യമായ താളിൽ പൂർവകാലത്തിൻ്റെ യാതൊന്നുമില്ലല്ലോ.
'
No comments:
Post a Comment