Wednesday, February 24, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / മഹാത്രിയയുടെ ജീവിതനിറവ് /metrovartha Feb, 22

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097


മഹാത്രിയോയുടെ ജീവിതനിറവ്


'ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എല്ലാം നേടണമെങ്കിൽ, ജീവിതത്തിന് എല്ലാം നൽകേണ്ടതുണ്ട്' -പ്രമുഖ ഇന്ത്യൻ ആത്മീയപ്രബോധന പ്രഭാഷകനും ചിന്തകനും ഗ്രന്ഥകാരനുമായ മഹാത്രിയോ  പറഞ്ഞതാണിത്.


ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിൽ മഹാത്രിയോയുടെ പ്രഭാഷണത്തിന്  ആവശ്യക്കാരുണ്ട്.മനശ്ശാസ്ത്രം ,തത്ത്വചിന്ത, ദൈവചിന്ത എന്നിവയിലൂടെ സഞ്ചരിച്ച് ഒരു പാത സ്വന്തമായി കണ്ടെത്തുകയാണ് മഹാത്രിയോ ചെയ്തത്. അവരെ അദ്ദേഹം നർമ്മവും ബുദ്ധിയും ഉപയോഗിച്ച് ജീവിതത്തിൽ എങ്ങനെ സ്വയംപര്യാപ്തതയും സന്തോഷവും നേടാമെന്ന് പഠിപ്പിക്കുന്നു.മാനേജ്മെൻ്റ് തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും മഹാത്രിയോ പ്രഭാഷണങ്ങൾ നടത്താറുണ്ട്.തെറ്റിദ്ധാരണകൾ മാറ്റാനും തെളിഞ്ഞ ചിന്തകൾ  കൈവരിക്കാനുമാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ സഹായിക്കുക .ഹോളിസ്റ്റിക് എബണ്ടൻസ് അഥവാ സമഗ്രമായ നിറവ് എന്ന ആശയമാണ് അദ്ദേഹം  അവതരിപ്പിച്ചത്. അതോടൊപ്പം 'ഇൻഫിനിത്തീസം' എന്ന  ചിന്താപദ്ധതിയും മുന്നോട്ടുവയ്ക്കുന്നു. മഹാത്രിയോവിനെ പിന്തുടരുന്നവർക്ക് ഇൻഫിനിതീസ്റ്റ് ആകാം.അനന്തമായ ദൈവികസാന്നിദ്ധ്യത്തിലേക്ക് ഉയരുകയാണ് ലക്ഷ്യം.


ദൈവം ഓരോന്നിലും


രണ്ടു ദശാബ്ദമായെങ്കിലും , തമിഴ്നാട്ടുകാരനായ ടി.ടി.രംഗരാജൻ എന്ന മഹാത്രിയോ ഇപ്പോൾ അറിവും ആനന്ദവും തേടുന്നവർക്ക് മുന്നിലുണ്ട്. അദ്ദേഹത്തിൻ്റെ ധാരാളം വീഡിയോകൾ ലഭ്യമാണ് .ഭൗതികജീവിതവും ആത്മീയജീവിതവും രണ്ടല്ല , ഒന്നാണെന്ന് ബോധ്യപ്പെടാൻ മഹാത്രിയോയുടെ പ്രഭാഷണങ്ങൾക്ക്  കഴിയുന്നുണ്ട്. ഒരു ക്ഷേത്രത്തിൽ ദർശനത്തിനു പോകുന്ന ഒരാൾ പടിക്കെട്ടുകൾക്കു താഴെയിരിക്കുന്ന യാചകൻ്റെ മുന്നിലല്ല ആദ്യം എത്തുക;കോവിലിനുള്ളിലെ മൂർത്തിയെയാണ് ലക്ഷ്യം വയ്ക്കുന്നത്. അവിടെയാണ് നിറവുള്ളത്.ഈ നിറവിനു വേണ്ടി എപ്പോഴും പരിശ്രമിക്കണം.എന്നാൽ സ്വന്തം  സന്തോഷം നഷ്ടപ്പെടാൻ പാടില്ല. വലിയ വിജയങ്ങൾ നേടാൻ കഴിയുന്നവരുണ്ട് .അവരുടെ വിജയത്തിൻ്റെ ഫലമായി ചുറ്റിനുമുള്ളവർക്കെല്ലാം പ്രയോജനവുമുണ്ട്.  അവരുണ്ടാക്കുന്ന വൻവിജയങ്ങൾ ആസ്വദിക്കാൻ ,അതിൽ സന്തോഷിക്കാൻ അവരവർക്കു കഴിയണം.


അനുഗ്രഹങ്ങൾ

ആഘോഷിക്കാനുള്ളത്


ഓരോ നിമിഷത്തിലും ദൈവത്തിൻ്റെ  നിറവിനായി യത്നിക്കണമെന്ന്  പറയുന്ന മഹാത്രിയോ മോസ്റ്റ് ആൻഡ് മോർ ,അൺപോസ്റ്റഡ് ലെറ്റേഴ്സ് , ക്ലാരിറ്റി ആൻഡ് പവർ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആഘോഷിക്കാനുള്ളതാണ് ജീവിതത്തിലെ അനുഗ്രഹങ്ങൾ എന്ന  തത്ത്വം വിശദീകരിക്കാൻ മഹാത്രിയോ  ഒരു സംഭവം പറയുന്നു. ഒരു വലിയ പാർട്ടി നടക്കുകയാണ്. അവിടെ കൂടിയിരിക്കുന്നവർ ധനികരാണ്. അവിടേക്ക് വന്ന ഒരതിഥി  പറഞ്ഞു, ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ടെന്ന്.എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു. അദ്ദേഹം പറഞ്ഞു ,എൻ്റെ  മെഴ്സിഡസ് ബെൻസ് കാർ അപകടത്തിൽ പൂർണമായി തകർന്നു. ഇതുകേട്ട് എല്ലാവരും നിശ്ശബ്ദരായി. എന്തു പറയണമെന്നറിയാതെ വിഷമിച്ചു. എന്നാൽ ആ അതിഥിക്ക് മാത്രം യാതൊരു പ്രയാസവുമില്ല . ലോകത്തിലെ വിലകൂടിയ കാർ തകർന്നതിൽ സന്തോഷമോ ?ആ ധനികൻ അവരുടെ ആകാംക്ഷ പൂരിപ്പിച്ചുകൊണ്ടു പറഞ്ഞു:  'അപകടത്തിൽപ്പെട്ട കാറിൻ്റെ ഡ്രൈവർ രക്ഷപ്പെട്ടു. ഞാനായിരുന്നു ഡ്രൈവർ .മെഴ്സിഡസ് ബെൻസ് അഞ്ചോ പത്തോ ഇനിയും എനിക്ക്  വാങ്ങാനാവും.എന്നാൽ എൻ്റെ ഒരു ചെറുവിരലെങ്കിലും നഷ്ടപ്പെട്ടിരുന്നെങ്കിലോ ?എനിക്കൊന്നും സംഭവിക്കാത്തത് കൊണ്ട് , ഈ നിമിഷം ആ സന്തോഷം ഞാൻ നിങ്ങളുമായി ചേർന്ന് ആഘോഷിക്കാൻ പോവുകയാണ്' .


മഹാത്രിയോ പറയുന്നു , ഈ മനോഭാവം ജീവിതത്തിലെ അനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നവർക്ക് മാത്രമുള്ളതാണ് .ജീവിതത്തിൽ ദൈവം നമുക്ക് നൽകിയിട്ടുള്ള ധാരാളം സിദ്ധികളും അവസരങ്ങളും അനുഗ്രഹങ്ങളും അറിവുകളുമുണ്ട്. അതിലെല്ലാം നമുക്ക് സന്തോഷിക്കാൻ വകയുണ്ട്. എങ്കിൽ നമുക്ക് നിരാശപ്പെടേണ്ടതില്ല; മറ്റുള്ളവരെ പഴിക്കേണ്ടതില്ല .


മഹാത്രിയോയുടെ ചില വാക്യങ്ങൾ ചുവടെ:


1)ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക.2) ഒരു കാര്യത്തിൽ  ഉറച്ചു വിശ്വസിക്കുക.3)നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ സൃഷ്ടിച്ചതാണ്. മറ്റാരെയും പഴിക്കേണ്ട.4) നിങ്ങളുടെ പ്രശ്നം അറിവില്ല എന്നുള്ളതല്ല. നിഷ്ക്രിയത്വമാണ്.5) സ്നേഹം പുറത്തുകാണിക്കാൻ ഇല്ലെങ്കിൽ അത് സ്നേഹമല്ല; സ്നേഹം ഉള്ളിൽ അനുഭവിച്ചാൽ പോരാ .അത്  പ്രകടിപ്പിക്കണം .6)എനിക്ക് കാണാവുന്നിടം വരെയേ പോകാനൊക്കൂ. അവിടെ ചെന്നാൽ ഇനി പോകാനുള്ള ഇടം അവൻ കാണിച്ചുതരും.7) നിങ്ങളെക്കാൾ വലിയ ലക്ഷ്യം കണ്ടുപിടിക്കുക.8) നിങ്ങൾക്ക് വേണ്ട വിജയം നിങ്ങളിൽ നിന്നു തന്നെ ശക്തമായി ആവശ്യപ്പെടുക.9) സംഗീതം ഉപകരണത്തിൽ നിന്നല്ല വരുന്നത്;ഉപകരണത്തെ അവൻ മാധ്യമമാക്കുന്നുവെന്ന് മാത്രം.10)ബന്ധങ്ങളുടെ കെട്ടുറപ്പിനു , എന്തു കൊടുക്കാൻ കഴിയുമെന്ന് മാത്രം ചിന്തിക്കുക ;എന്ത് നേടാമെന്ന് ചിന്തിക്കാതിരിക്കുക.


ഏത് ബന്ധത്തെയും നിർവ്വചിക്കുന്നത് പൂർണമായ സത്യസന്ധതയും സ്വാതന്ത്ര്യവും പരസ്പരധാരണയുമാണെന്ന് മഹാത്രിയോ പറയുന്നു. എങ്കിലും നമുക്ക് ആ നിലയിലെത്താനാകുന്നില്ല. ബാഹ്യമായ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവന്നാൽ നമ്മളെല്ലാം ആന്തരികമായി ഒരേതരം ആൾക്കാരാണെന്ന് മഹാത്രിയോ  പറയുന്നത് ഭാരതത്തിൻ്റെ മഹത്തായ തത്ത്വമാണ്. നമ്മൾ എന്തുകൊണ്ടാണ് ബാഹ്യമായി വ്യത്യസ്തരാകാൻ വേണ്ടി വാശി പിടിക്കുന്നത്?


വരണ്ട വഴികൾ


കെ.ആർ.ടോണിയുടെ 'ചെമ്മണ്ണിടവഴിയും ടാർറോഡും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 20) എന്ന കവിത അനുഭവദാരിദ്ര്യംകൊണ്ട് സാമാന്യം ഭേദമായി തന്നെ പരാജയപ്പെട്ടു.


"തണ്ടിലിരുന്ന് പുകയൂതുന്ന വണ്ടിക്കാരനും കൂടി വന്നതോടെ കവിതയിൽ എനിക്ക് സ്ഥലമില്ലാതായി!

ഞാൻ മൺതിട്ടയിലേക്ക് പറ്റിനിന്നു. ചക്രപ്പാട് ചെമ്മണ്ണിൽ തെളിഞ്ഞു. തലയിൽ വിറകുകെട്ടുമായി

ഒരു കാവ്യബിംബവുമെത്തി " .


ടോണി വായനക്കാരനെക്കുറിച്ചോർക്കണം. ഞാൻ മനസ്സിലാക്കുന്നത് ടോണി ഒരു കോളേജ് അദ്ധ്യാപകനായി പ്രവർത്തിക്കുന്നു എന്നാണ്. എങ്കിൽ ഇതുപോലെയേ എഴുതാൻ പറ്റൂ. എന്താണോ എഴുതുന്നത്, അതിനോട് അല്പംപോലും അടുപ്പമില്ലെന്ന് ഉറപ്പു വരുത്തി ,പുറംലോകത്തെയാകെ പരിഹസിച്ച് ,സ്വന്തം സുരക്ഷിതത്വത്തിൽ ആർത്തുല്ലസിച്ച് വികാരരഹിതമായി തന്നെ എഴുതണം! . എന്നാൽ ഒരിടത്ത് ജീവിതം തിളച്ചുമറിയുന്നുണ്ടെന്ന് കാണാൻ പരിശ്രമിക്കണം.അത് കാണാൻ ത്രാണിയില്ലെങ്കിൽ സ്വയം അ വിശ്വസിക്കണം. ഒരു കവി എന്ന നിലയിൽ ,തന്നെ നിലനിർത്തിയിരിക്കുന്ന സകല സ്ഥാപനങ്ങളും വെറും മിഥ്യയുടെ എടുപ്പുകളാണെന്നും അവയെല്ലാം വ്യാജമേൽവിലാസമാണ്  ഉപയോഗിക്കുന്നതെന്നും  മനസ്സിലാക്കുന്നിടം വരെ ഈ വരണ്ട ചെമ്മണ്ണിടവഴി തുടരും.


മാനസിയുടെ പ്രമേയങ്ങൾ


മനസി എഴുപതുകളിൽ നല്ല കഥകൾ എഴുതിയിരുന്നു. അവരെ ഭാവിയിലെ മികച്ച കഥാകാരിയായി കണ്ട കുറെ വായനക്കാരുണ്ടായിരുന്നു. എൺപതുകളിൽ  വി.പി.ശിവകുമാറിൻ്റെയും നരേന്ദ്രപ്രസാദിൻ്റെയുമൊക്കെ ചർച്ചകളിൽ മാനസി എന്ന പേര് വരുമായിരുന്നു .ദീർഘകാലം മുംബൈയിൽ കഥാരഹിതയായി ജീവിച്ച മാനസി ഇപ്പോൾ 'വീട്'(ഭാഷാപോഷിണി ,ഫെബ്രുവരി ) എന്ന കഥയുമായി വന്നത് പ്രതീക്ഷ നല്കി. അവർ പറയുന്നത് ഒരു യുവതി ഭർത്താവിൻ്റെ വീട്ടിൽ പീഡിപ്പിക്കപ്പെടുന്നതും ,പിന്നീട് ഭർത്താവിൻ്റെ മരണത്തെ തുടർന്ന് സ്വന്തം വീട്ടിലെത്തി നിരാശയോടെ  തിരിച്ചുപോകുന്നതാണ്. വാസ്തവത്തിൽ, മാനസിയുടെ  ഇത്തരം പ്രമേയങ്ങൾ വായനക്കാർക്ക് പുതുമയുള്ളതല്ല. ഇതിനേക്കാൾ കൊടുംഭീകരമായ ഗാർഹിക പ്രശ്നങ്ങളെ നേരിൽക്കണ്ട്, കഴുത്തിന് വെട്ടുകിട്ടി പിടഞ്ഞു വീഴുന്ന ധാരാളം സ്ത്രീകളുള്ള നാടാണിത്. അപ്പോൾ  മാനസി ഇതുപോലൊരു സംഭവം വിവരിച്ചാൽ കഥയിൽ എന്താണ് നേടുന്നത് ?വായനക്കാരെ ഇതു വല്ലതും ഏശുമോ ?


അക്കാദമിയുടെ വീതംവയ്പ്പ്


കേരള സാഹിത്യഅക്കാദമി പതിവുപോലെ ഇത്തവണയും  രാഷ്ട്രീയം നോക്കി അവാർഡ് വീതംവച്ചു. പി.അപ്പുക്കുട്ടനും റോസ്മേരിക്കും കലാനാഥനും മറ്റും  സമഗ്രസംഭാവനയ്ക്ക് അവാർഡ് കൊടുക്കുന്നതിൻ്റെ യുക്തി എന്താണെന്ന് ആരും ചോദിക്കില്ല. കാരണം, ഈ അക്കാദമിയെ എല്ലാവർക്കുമറിയാം .അക്കാദമികളിൽ  രാഷ്ട്രീയത്തിൻ്റെ പേരിൽ സ്ഥാനം നേടുന്നവർ ഒരു സ്ഥാപനത്തെ  നശിപ്പിക്കുമെന്നതിൻ്റെ തുടർ അനുഭവങ്ങളാണ് ഇതൊക്കെ .ഒരവാർഡ്‌ രണ്ടും മൂന്നും  പേർക്ക് വീതം വച്ചത് കണ്ടു.ചുരുങ്ങിയത് അഞ്ചുപേർക്കെങ്കിലും ഒരവാർഡ് പകുത്തു നല്കണം. അപ്പോൾ ലിസ്റ്റിലുള്ളവർക്കെല്ലാം കൊടുക്കാമല്ലോ.


വാക്കുകൾ 


1)ഒരാൾ സ്വയമൊരു പുഴുവായിത്തീർന്നാൽ ,പിന്നെ ആളുകൾ ചവിട്ടിത്തേച്ചു എന്ന് പരാതി പറഞ്ഞിട്ടു കാര്യമില്ല .

ഇമ്മാനുവൽ കാൻ്റ്,

(ജർമ്മൻ ചിന്തകൻ) 


2) വാക്കുകൾ പ്രകൃതിയെ പോലെയാണ് .ആത്മാവിനെ പകുതി അനാവൃതമാക്കിയിരിക്കുന്നു, പകുതി മറച്ചുവച്ചിരിക്കുന്നു. 

ടെന്നിസൺ ,

(ബ്രിട്ടീഷ് കവി)


3)ജീവിതം ഒരു പൂവാണ്; സ്നേഹമാകട്ടെ ,അതിനുള്ളിലെ തേനാണ്.

വിക്ടർ ഹ്യൂഗോ ,

(ഫ്രഞ്ച് എഴുത്തുകാരൻ )


4)സെക്സ് ഇല്ലാത്തതിൻ്റെ പേരിൽ ആരും മരിക്കില്ല. എന്നാൽ പ്രണയം കിട്ടാതെ വന്നാൽ മരിക്കും.

മാർഗരറ്റ് അറ്റ്വുഡ് ,

(കനേഡിയൻ പെൺകവി)



5)ഹെമിംഗ്വെയെപ്പോലെ മറ്റൊരു എഴുത്തുകാരനെയും ഞാൻ സ്നേഹിച്ചിട്ടില്ല.

ഇറ്റാലോ കാൽവിനോ,

(ഇറ്റാലിയൻ എഴുത്തുകാരൻ )



കാലമുദ്രകൾ


1)തപോവനസ്വാമികൾ


തപോവനസ്വാമികളുടെ 'ഹിമഗിരിവിഹാരം' എന്ന പുസ്തകം തന്നെ വല്ലാതെ ആകർഷിച്ചുവെന്ന്  എൺപതുകളുടെ തുടക്കത്തിൽ നരേന്ദ്രപ്രസാദ് പറഞ്ഞതോർക്കുന്നു.


2)ജയനാരായണൻ


സൗന്ദര്യാത്മക, മിസ്റ്റിക് കഥകളിലൂടെ ചെറുകഥയെ ഏകാന്തമായ വൈകാരിക അനുഭവമാക്കിയ  ജയനാരായണൻ്റെ കഥകൾ പുന:പ്രസിദ്ധീകരിക്കണം.


3)വി .രാജകൃഷ്ണൻ

എഴുപതുകളുടെ ഒടുവിൽ വി. രാജകൃഷ്ണൻ എഴുതിയ 'രോഗത്തിൻ്റെ പൂക്കൾ ' എന്ന വിമർശനകൃതി, പുതിയ സാഹിത്യം രോഗത്തിൽ നിന്നും തിന്മയിൽ നിന്നുമാണ് വളർന്നു വരുന്നതെന്ന് വിവരിച്ചു.കോളേജ് കുട്ടികളെ പോലും ഈ കൃതി ആകർഷിച്ചു.


4)മാധവൻ അയ്യപ്പത്ത്


ബുദ്ധമതത്തിലെ ആധികാരിക ഗ്രന്ഥമായ 'ധർമ്മപദം ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മാധവൻ അയ്യപ്പത്ത്  നിശ്ശബ്ദതയിലാണ് കൂടുതലും ജീവിച്ചത്.മലയാള കവിതയിലെ സാരവത്തായ പദകോശമാണ് അയ്യപ്പത്ത്.


5)ലക്ഷ്മി ഗോപാലസ്വാമി


മലയാളം പറയുന്നത് ഒരാളിൻ്റെ  സ്വന്തം ശീലമാണ് .അവനവൻ്റെ  ഉച്ചാരണസാധ്യതയ്ക്കും ശാബ്ദികവിന്യാസത്തിനും  അനുസരിച്ച് വർത്തമാനം പറയുന്നതാണ് വികാസം.മലയാളിയല്ലാത്ത ലക്ഷ്മി ഗോപാലസ്വാമിയാണ് നന്നായി മലയാളം പറയുന്ന വനിത.


No comments:

Post a Comment