Thursday, February 4, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /പെൺസൗന്ദര്യങ്ങൾ,metrovartha Feb 1, 2021

 അക്ഷരജാലകം

എം.കെ.ഹരികുമാർ ,

9995312097


പെൺസൗന്ദര്യങ്ങൾ ,സ്വപ്നങ്ങൾ


മലയാളകഥയിൽ വിശേഷിച്ച് ഒരു മാറ്റവും സംഭവിക്കുന്നില്ല. പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ വിറ്റുകൊണ്ടിരിക്കുകയാണ്.കഥയ്ക്ക്   നിഷ്കൃഷ്ടമായ അഭിരുചികളുള്ള  വായനക്കാരുണ്ടായിരുന്നു. അവരാണ് പട്ടത്തുവിള കരുണാകരൻ്റെ ' നട്ടെല്ലികളുടെ ജീവിതം', വി.പി.ശിവകുമാറിൻ്റെ 'മൂന്ന്  കഥാപാത്രങ്ങൾ' തോമസ് ജോസഫിൻ്റെ 'ചിത്രശലഭങ്ങളുടെ കപ്പൽ' ,യു.പി.ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ',കെ.പി.നിർമ്മൽകുമാറിൻ്റെ 'കൃഷ്ണ ഗന്ധകജ്വാലകൾ ' തുടങ്ങിയ കഥകൾ വായിക്കുകയും മനസ്സിൽ, വാടാത്ത പൂവെന്ന പോലെ, കൊണ്ടുനടന്ന് സുഗന്ധം നുകരുകയും ചെയ്തത്. ഇപ്പോൾ അതെല്ലാം ഓർമ്മകൾ മാത്രമായി. കഥ എഴുതാനുള്ള യഥാർത്ഥവും മൗലികവും ദാർശനികവുമായ പ്രചോദനം ഒരിടത്തും കാണാനില്ല. എഴുതാൻ വേണ്ടി ബോധപൂർവം ഒരു വിഷയം കണ്ടുപിടിക്കുന്നവരാണധികവും.അവർ വിഷയത്തിനനുസരിച്ച് ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. അത് കഥയായി പായ്ക്ക് ചെയ്തു പുറത്തിറക്കുന്നു. പക്ഷേ, അതിനു  മനുഷ്യാവസ്ഥയെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല .നമ്മൾ വായിച്ചിട്ടുള്ളത് അതേപടി തന്നെ എഴുതി വയ്ക്കുകയാണ്. എഴുത്തുകാർ സ്വയം ജീവിക്കാത്ത കഥകളുടെ കുത്തൊഴുക്കാണിന്ന്.


ഒരേ ചാലിലൂടെ 



അടുത്തിടെ പ്രസിദ്ധീകരിച്ച നാല്  കഥകൾ വായിച്ചു. ഗ്രേസിയുടെ 'എള്ളെണ്ണയുടെ മണം' (എഴുത്ത്, ജനുവരി ) വി.ജെ. ജയിംസിൻ്റെ  'പാതാളക്കരണ്ടി' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി 30 ) ,വി.ബി. ജ്യോതിരാജിൻ്റെ 'ഏതോ ഒരാൾ ' ( മലയാളം ,ജനുവരി 25) ,വിനു എബ്രഹാമിൻ്റെ ' മറ്റൊരു കാലം ,മറ്റൊരു നഗരം (ഭാഷാപോഷിണി ,ജനുവരി ) എന്നീ കഥകൾ പരിശോധിക്കാം .കഥ പറച്ചിലിൽ കാതലായ നവീകരണമില്ല .പക്ഷികൾ കൂടുകൂട്ടുന്നത് നൂറ്റാണ്ടുകളായി ,ഓരോ വർഗ്ഗത്തിൻ്റെ സ്വഭാവമനുസരിച്ചാണ്. ഒരു പുതിയ വാസ്തുശില്പം അവയ്ക്ക്  പരീക്ഷിക്കാനാവുന്നില്ല. കാരണം അവയ്ക്ക് മനുഷ്യരെപ്പോലെ സർഗാത്മകസിദ്ധികളില്ല .നമ്മുടെ കഥയെഴുത്തുകാർ പക്ഷികളെയാണ് മാതൃകയാക്കുന്നത്. എന്നും എല്ലാക്കാലത്തും ഒരേ തരം ഘടന, ഒരേ മനോഭാവം ,ഒരേ സമീപനം , ഒരേ വാസ്തുശില്പം .


വി.ജെ‌. ജയിംസിൻ്റെ കഥയിൽ, കിണറ്റിൽ വർഷങ്ങൾക്ക് മുമ്പ് കളഞ്ഞു പോയ ഒരു പാതാളക്കരണ്ടി തപ്പിയെടുക്കാനുള്ള പുറപ്പാടാണുള്ളത്. വ്യക്തമായും ശുദ്ധമായും എഴുതാൻ  കഥാകാരനു കഴിയുന്നുണ്ട്. കിണറ്റിൽ രണ്ടുപേർ ഇറങ്ങി വൃത്തിയാക്കുന്നതും  കിണർ ഇടിയുന്നതുമെല്ലാം യഥാതഥമായി വിവരിക്കുന്നു. പാതാളക്കരണ്ടി തപ്പിയെടുത്തിട്ടും കഥ പിന്നെയും തുടരുകയാണ്.അതുവരെ രംഗപ്രവേശം ചെയ്യാതിരുന്ന തൊട്ടി  പെട്ടെന്ന് കഥാനായകൻ്റെ  ഓർമ്മയിലെത്തുന്നു. ഉടനെ പാതാളക്കരണ്ടി ഇറക്കി തപ്പുന്നു. അതിൽ ആരോ പിടിച്ചു വലിക്കുകയാണ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്തിനാണ് ഈ പാതാളക്കരണ്ടിയെ രംഗത്തിറക്കിയത്? വെറുതെ കുറെ രൂപകങ്ങൾ കൊണ്ടുവരികയും അതെല്ലാം അർത്ഥശൂന്യമായി അവശേഷിക്കുകയും ചെയ്യുകയാണ്.


ഗ്രേസിക്ക് പതിറ്റാണ്ടുകളായി ഒരേ ഒരു കാര്യമാണ് പറയാനുള്ളത് .ഒരു പെണ്ണിൻ്റെ ശരീരം ,പ്രേമം ,സെക്സ് ,ഗർഭം . അവിഹിതമായ ബന്ധം... ഇതെല്ലാം 'എള്ളെണ്ണയുടെ മണം' എന്ന കഥയിലും ആവർത്തിക്കുന്നു. പറമ്പിൽ പണിയെടുക്കുന്ന ഒരാൾ സ്ഥലമുടമയുടെ ഭാര്യയിൽ മൂന്ന് കുട്ടികൾക്ക് ജന്മം നല്കുന്ന കാര്യമാണ് ഗ്രേസി കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരം കഥകൾ ഈ കാലത്ത് എന്തിന് എഴുതപ്പെടുന്നു? എന്ത് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല. ഇത് വായിക്കുന്നവനു എന്താണ് പ്രയോജനം ?


യാതനകളുടെ ഭാഷ


വി.ബി. ജ്യോതിരാജിൻ്റെ 'ഏതോ ഒരാൾ ' ആത്മീയഭാരത്താൽ വലിഞ്ഞുമുറുകിയ ഒരാളുടെ അന്തരാത്മാവിൽ നിന്നുള്ള ഉന്മാദമായ ആക്രന്ദനമാണ്. ഈ കഥയിൽ തന്നെ പല കഥകളുണ്ട്. നമ്മുടെ ഏറ്റവും യുവാവായ അല്ലെങ്കിൽ യുവത്വമുള്ള കഥാകൃത്ത് ജ്യോതിരാജാണ്. അദ്ദേഹം വയോധികനാണെങ്കിലും കഥയെഴുതുമ്പോൾ തീരെ ചെറുപ്പമാവും .അദ്ദേഹം അഗാധമായ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മനുഷ്യസ്തിത്വത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ് .നാനാവിധത്തിൽ തകർന്ന ഒരുവൻ്റെ മനസ്സിനുള്ളിലെ ഇരുട്ടിൽ അവനെങ്ങനെയാണ് അതിജീവിക്കാനായി സ്വപ്നങ്ങളും മിഥ്യകളുമുണ്ടാക്കുന്നതെന്ന് എത്ര മനോഹരമായാണ് അദ്ദേഹം എഴുതുന്നത്. ചിന്താശേഷിയുള്ളവർ ഈ കഥ വായിക്കണം. കഥയിലെ 'ഞാൻ' എന്ന കഥാപാത്രം തൻ്റെ  പ്രായത്തെ മറന്ന് ,യാദൃശ്ചികമായി മൊബൈലിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീയുമായി നടത്തുന്ന സംവാദങ്ങളും പ്രണയസല്ലാപങ്ങളുമാണ് കഥാകൃത്ത് എഴുതുന്നത്. അത് തീവ്രമായ ഒരു മനസ്സിൻ്റെ ആഗ്രഹത്തിൻ്റെ അനിവാര്യതയുടെ ഫലമാണ്. ജീവിച്ചില്ലെങ്കിൽ മരിച്ചുപോകുമെന്ന അവസ്ഥയിൽ, ഒരാൾ സ്വയം ഭ്രാന്താണെന്ന് അറിഞ്ഞുകൊണ്ട് തീക്ഷ്ണമായ ജീവിത സൗന്ദര്യത്തിനായി അലയുന്നത്  നാം കാണുന്നു. 


കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്: " ഉള്ളു നോവുന്ന എന്തെങ്കിലും സംഭവമുണ്ടായാൽ ഉടനെ ഞാനത് എൻ്റെ മനസ്സിൻ്റെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയും. മനസ്സിൻ്റെ സ്വഭാവത്തെക്കുറിച്ച് പറയുക ആർക്കും എളുപ്പമല്ല. എൻ്റെയുള്ളിൽ മരിച്ചവരുടെ മുഖങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.ഞങ്ങൾ അനുഭവിച്ച കൊടിയ വേദനകൾക്ക്  മുകളിലാണ് നിങ്ങൾ സ്വർഗകുടീരങ്ങൾ പടുത്തുയർത്തുന്നതെന്ന് അവരെന്നെ ഓർമ്മപ്പെടുത്തും. എനിക്ക് പേടിയാണ്; ഇന്നലെകളുടെ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കാൻ '... അവസാനം ,എല്ലാ ആസക്തിയും എന്നെ വിട്ടൊഴിഞ്ഞു.ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും കവിഞ്ഞൊഴുകൽ  അവസാനിച്ചു. ഞാനൊരു വാടിക്കൂമ്പിയ പുരുഷലിംഗം മാത്രമായി മാറുകയായിരുന്നു.പലരുടെയും ജീവിതാന്ത്യത്തിലെ രഹസ്യം എനിക്ക് മനസ്സിലായി .ഞാൻ മദിച്ചുനടന്ന ഭൂതകാലം ഒരു ശവക്കുഴിയിലെന്നപോലെ എൻ്റെ  ശരീരത്തിലാണ് കിടക്കുന്നത് " .


ജ്യോതിരാജ് ഇങ്ങനെ എഴുതാൻ കാരണം ,അദ്ദേഹം നേരിട്ട അനുഭവങ്ങളാണ്. ജീവിതത്തിലെ യാതനകളിൽ നിന്ന് ഒരു ഭാഷ സ്വയം ജന്മമെടുത്തു വരുകയാണ്. ഇതിൽ സത്യസന്ധതയാണുള്ളത്; സർഗാത്മകത തീവ്രസൗന്ദര്യാനുഭവത്തിനു അഭിമുഖം വരുമ്പോൾ അത് ഉന്മാദമാവുന്നു. ജീവിതത്തിൻ്റെ നിരർത്ഥകത ഏതുനിമിഷവും ആരിലും അധീശത്വം സ്ഥാപിക്കാവുതേയുള്ളൂ .ജീവിതം ഒരു ഓട്ടമാണ്; അതേസമയം ആ ഓട്ടത്തിൻ്റെ ഓരോ ഘട്ടത്തിലും പ്രതീതിയും ഓർമ്മകളുമാണുള്ളത്. ഓർമകൾ അകലുന്നതോടെ ജീവിതവും അകലുന്നു.


പെൺസൗന്ദര്യങ്ങൾ 


വിനു എബ്രഹാമിൻ്റെ കഥയിൽ കോളേജ് കാലത്തെ വിപ്രലംഭശൃംഗാര മാണ് വിഷയം.താൻ മനസ്സിൽ താലോലിച്ചിരുന്ന ഒരു പ്രണയപുഷ്പം ഇതാ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഇനി താൻ മറ്റൊരു നഗരം തേടുകയാണ് എന്നാണ് മുഖ്യകഥാപാത്രം പറയുന്നത്. ചില പ്രണയങ്ങൾ ഇങ്ങനെയാണ്. അത്  മത്സ്യങ്ങൾ ജലത്തിനടിയിൽ നിന്ന് ഉയർന്നുവന്ന് ശുദ്ധവായു തേടുന്നതിനെ  ഓർമ്മിപ്പിക്കും. വിശുദ്ധവും അലൗകികവുമായ എന്തോ ഒന്ന് ചിലരോടുള്ള പ്രണയങ്ങളിലുണ്ട്. ഏകപക്ഷീയമാകാം അത്‌. പ്രണയം ഏകപക്ഷീയമായാലും കുഴപ്പമില്ല. കാരണം അതൊരു സ്വകാര്യ വേദനയും സ്വപ്നവുമാണ്‌. വിനു കഥയിൽ രൂപപരമായ മാറ്റമൊന്നും  തേടുന്നില്ല .എല്ലാം പഴയ പാതകൾ തന്നെ. 


പക്ഷേ ,ഈ നിരീക്ഷണങ്ങൾ സുന്ദരമായിട്ടുണ്ട് :" ഇല്ല, ദേവാനന്ദ് ഒരു പെൺകുട്ടിയുടെ അസാധാരണ സൗന്ദര്യം അത്ര പാഴൊന്നുമല്ല. നീതിക്കുവേണ്ടിയുള്ള വലിയ കലാപം പോലെയോ ഒരു തലമുറയുടെ തന്നെ പ്രതീകമാകുന്ന മഹത്തായ കലാസൃഷ്ടി പോലെയോ തന്നെയാണ് ചില വലിയ പെൺ സൗന്ദര്യങ്ങളും .ആ ജീവിതങ്ങൾ ചിലപ്പോൾ പരാജയമായിരിക്കാം. എങ്കിലും അത് ഒരു കാലത്തെയും ഒരു പ്രദേശത്തെയും അടയാളപ്പെടുത്തിയെന്നു വരും " .


ഈ വാക്യങ്ങൾ കഥാകൃത്തിൻ്റെ  ഹൃദയത്തിൽ തങ്ങി നിന്ന സ്മാരക ശിലാലിഖിതങ്ങളാണ്. നഷ്ടപ്രണയങ്ങളുടെ സ്മാരകങ്ങളിൽ  ഇതുപോലെ ചിലത് വായിക്കാനാകണം. പെൺസൗന്ദര്യങ്ങൾ എങ്ങനെ പാഴാകും? പെൺസൗന്ദര്യങ്ങൾ പ്രതീക്ഷയാണ് ;സ്വപ്നമാണ് ,ഭാവനയാണ്. അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത ലോകത്തെക്കുറിച്ച് സൂചന തരുകയാണ്.അത് നക്ഷത്രരാവുകളിലെ അഭൗമരാഗം പോലെ മനസ്സിനെ സന്തോഷിപ്പിക്കുമെങ്കിൽ അതിൽ സത്യം ഒളിച്ചിരിക്കുന്നു, അനാവൃതമാകാൻ വേണ്ടി.



വാക്കുകൾ



1)ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്ന് ഓടി അഭയം തേടാൻ രണ്ടു വഴികളേയുള്ളു: സംഗീതവും പൂച്ചയും


ആൽബർട്ട് ഷ്വൈറ്റ്സർ,

(ഫ്രഞ്ച് ചിന്തകൻ)



2) ഉപാധികളില്ലാത്ത സ്നേഹം തരുന്ന അത്ഭുതജീവിയാണ് പട്ടി .


ജിൽഡാ റാഡ്നർ ,

(അമേരിക്കൻ നടി)


3)വാക്കുകളുടെ കാര്യത്തിൽ അമിതശ്രദ്ധാലുവാകാൻ കഴിയില്ല; വാക്കുകളും മനസ് മാറ്റിക്കളയും , നമ്മളെപ്പോലെ.


ഹോസെ സരമാഗോ ,

(പോർച്ചുഗീസ് എഴുത്തുകാരൻ )



4)മനുഷ്യൻ യാതനയനുഭവിക്കുന്നത് ദൈവം അവനുവേണ്ടി ഒരുക്കിയിരിക്കുന്ന തമാശകളിയെ  ഗൗരവത്തിലെടുക്കുന്നതുകൊണ്ട് മാത്രമാണ്.


അലൻ വിൽസൻ വാട്സ്,

(ബ്രിട്ടീഷ് എഴുത്തുകാരൻ )


5)പ്രണയമില്ലാത്ത സെക്സ് ശൂന്യവും അസംബന്ധവുമാണ്‌, സെക്സില്ലാത്ത പ്രണയം പോലെ.



ഹണ്ടർ എസ്. തോംപ്സൺ ,

(അമെരിക്കൻ ഗ്രന്ഥകാരൻ )


കാലമുദ്രകൾ


1)ജിയോ ബേബി 


ജിയോ ബേബിയുടെ 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ' എന്ന സിനിമ നീസ്ട്രീമിൽ റിലീസ് ചെയ്തതോടെ അടുക്കളവർത്തമാനങ്ങൾ വലിയൊരു തരംഗമായി .കോവിഡും ആശുപത്രിയും എന്നപോലെ കോവിഡും അടുക്കളയും തമ്മിൽ  പ്രത്യേക ബന്ധമാണുള്ളത്. അടുക്കളയിൽ കയറി എന്തെങ്കിലും പാചകം ചെയ്യുന്ന പോലെ സുന്ദരവും സുഖകരവുമായ അനുഭവങ്ങൾ അധികമില്ല.


2)മേതിൽ രാധാകൃഷ്ണൻ


'എങ്ങനെ ഒരു പഴുതാരയെ കൊല്ലാം ' എന്ന കഥയും 'സൂര്യവംശം' എന്ന നോവലും എഴുതിയ മേതിൽ രാധാകൃഷ്ണൻ തൻ്റെ സർഗ്ഗ ജീവിതത്തിൻ്റെ ഉന്നതിയിൽ എത്തിയില്ല ; അദ്ദേഹം പിന്തിരിയുന്നതാണ് പലപ്പോഴും കണ്ടത്.


3) യു.പി. ജയരാജ്


അസാധാരണമായ ഭാഷാശക്തിയും വേറിട്ട നിരീക്ഷണബോധവും ധീരമായ ആഖ്യാനവിരുതുമാണ്   യു.പി.ജയരാജിനെ കഥയിൽ ഒരു നാഴികക്കല്ലാക്കുന്നത്. മഞ്ഞ് ,ബിഹാർ തുടങ്ങിയ കഥകൾ അത് വ്യക്തമാക്കുന്നു.


4) ചമ്പാടൻ വിജയൻ


ഒരു വലിയ ഗവേഷകനും ചിന്തകനുമായിരുന്ന ചമ്പാടൻ  വിജയനാണ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ആയിരത്തഞ്ഞൂറോളം പുസ്തകങ്ങൾ ശേഖരിച്ചു വച്ചത്. പ്രഭാഷണം , വിജയന് ഒരു സ്വാഭാവിക ആവിഷ്കാരമായിരുന്നു.


5)വേണു 


ഛായാഗ്രാഹകനും സംവിധായകനുമായ വേണു അപൂർവമായ ഒരു സഞ്ചാരം നടത്തി. അരവിന്ദൻ്റെ 'കാഞ്ചനസീത' ചിത്രീകരിച്ച ദണ്ഡകാരണ്യവനങ്ങളും ഗോദാവരി നദിയും കണ്ട അദ്ദേഹം അതിനെക്കുറിച്ചെഴുതിയത് പുസ്തകമായിരിക്കുന്നു - നഗ്നരും  നരഭോജികളും



മലയാളിയുടെ ഭാഷ


ജയമോഹൻ എന്ന തമിഴ് എഴുത്തുകാരൻ വലിയൊരു കണ്ടുപിടുത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ' ജനുവരി 10) നടത്തിയിട്ടുണ്ട് .വായനക്കാർ ശ്രദ്ധിച്ചാലും :

"മലയാളത്തിനു തനിച്ചു നിലനില്ക്കുക ബുദ്ധിമുട്ടേറിയതാണ് " . 


അദ്ദേഹം പറയുന്നു ,സംസ്കൃതവാക്കുകൾ മലയാളിക്ക് അന്യമാണെന്ന്! .ഇത്രയും അർത്ഥശൂന്യമായ വാക്കുകൾ സമീപകാലത്ത് കേട്ടിട്ടില്ല. ഒരു ഭാഷയ്ക്കും തനിയെ നില്ക്കാനാവില്ലെന്ന് മനസ്സിലാക്കുക.ജയമോഹൻ എന്ന പേരു തന്നെ സംസ്കൃതമാണ്. പല ഭാഷകളിലെ വാക്കുകൾ കൂടിച്ചേർന്നാണല്ലോ ലാറ്റിനമേരിക്കൻ ഭാഷകൾ നിലനില്ക്കുന്നത്. ലാറ്റിനമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലെ ഭാഷ സമ്മിശ്രമാണ്. സ്പാനീഷാണ് മുഖ്യം.എന്നാൽ ഫ്രഞ്ച് ,പോർച്ചുഗീസ് ,മായൻ, അജ്മാറ തുടങ്ങിയ ഭാഷകളും ഉപയോഗിക്കുന്നു. മലയാളി ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംസ്കൃതമാണ്; പ്രണയം ,ആശയം, ചിന്ത, തൽസമയം, പത്രം ,വാർത്ത, പ്രകൃതി  തുടങ്ങിയവ.അതേസമയം ഇംഗ്ളീഷും വേണം. ജയമോഹൻ ഏതോ പുരാതന ലോകത്ത് കഴിയുന്ന പോലെ തോന്നുന്നു.






 


No comments:

Post a Comment