Monday, September 7, 2020

അക്ഷരജാലകം/വിസ്മൃതിയുടെ 204 വർഷങ്ങൾ കടന്ന് .../aug 17/metrovartha

അക്ഷരജാലകം
എ.കെ.ഹരികുമാർ
9995312097

വിസ്മൃതിയുടെ 204 വർഷങ്ങൾ കടന്ന് ...

ഒരു കവിത അധികാരികൾ കണ്ടുകെട്ടി നശിപ്പിക്കുന്നു .ഇരുനൂറ്റി നാല് വർഷങ്ങൾക്ക് ശേഷം അത് തിരിച്ചു വരുന്നു.സത്യത്തിൻ്റെയും നീതിയുടെയും പ്രസക്തിക്ക് മരണമില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. ? കവിത അല്ലെങ്കിൽ നേരറിവിൻ്റെ വാക്കുകൾ പരാജയപ്പെടുന്നില്ല എന്നുകൂടി ഇത് അർത്ഥമാക്കുന്നു.

ഇംഗ്ലീഷ് കവി പെഴ്സി ബൈഷ് ഷെല്ലി (1792-1822)യുടെ 'പോയറ്റിക്കൽ എസ്സേ :ഓൺ ദി എക്സിസ്റ്റിംഗ് സ്റ്റേറ്റ് ഓഫ് തിംഗ്സ് ' (1811) എന്ന കവിതയുടെ കാര്യമാണ് പറയുന്നത്.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജുവേറ്റിനു പഠിക്കുകയായിരുന്നു ഷെല്ലി. അനീതിയോട്  രാജിയാ കാത്ത ഷെല്ലി തൻ്റെ പ്രതിഷേധത്തിൻ്റെ രൂപകമായി കവിതയെ തിരഞ്ഞെടുത്തു.ബ്രിട്ടീഷ്  ഭരണകൂടത്തെ വിമർശിക്കുന്ന ഒരു കവിതയെഴുതി. ദാരിദ്ര്യത്തിനും അഴിമതിക്കും അധിക നികുതിക്കും ക്രൂരതയ്ക്കും കൊലപാതകത്തിനും നെപ്പോളിയൻ്റെ യുദ്ധത്തിനും മതവാഴ്ചയ്ക്കും എതിരെയാണ് ആ വിദ്യാർത്ഥി പ്രതികരിച്ചത്. സ്വാതന്ത്ര്യം ഇല്ലാതാവുന്നതാണ് ഏറ്റവും വലിയ മുറിവ് എന്ന് ഈ കവിതയിൽ ഷെല്ലി എഴുതുന്നുണ്ട്.

ഐറിഷ് പത്രമായ 'ദ് പ്രസ്സി'ൻ്റെ  ഉടമയായ പീറ്റർ ഫിന്നർട്ടിയെ രണ്ടു വർഷത്തേക്ക്  സർക്കാർ ജയിലിലടച്ചിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനു ധന സമാഹാരണം നടത്താനാണ് ഷെല്ലി 172 വരിയുള്ള ഈ കവിത എഴുതിയത് .ഇരുപത് പേജുള്ള ഒരു ലഘുലേഖ പോലെ അച്ചടിച്ച കവിത വില്ക്കാൻ പ്രസാധകരുമുണ്ടായിരുന്നു.എന്നാൽ അധികാരികൾ വെറുതെയിരിക്കില്ല എന്നറിയാവുന്നതുകൊണ്ട് ഷെല്ലി പുസ്തകത്തിൽ സ്വന്തം പേരു വച്ചില്ല .പകരം 'ജൻ്റിൽമാൻ ഓഫ് ദ് യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ വില്യം ഒർ ജുഡീഷ്യൽ കസ്റ്റഡിയിൽ വധിക്കപ്പെട്ടതിനോടുള്ള പ്രതിഷേധ സൂചകമായി ഫിന്നർട്ടി തൻ്റെ പത്രത്തിൽ കൊടുത്ത വാർത്ത ജഡ്ജിയെ അപകീർത്തിപ്പെടുത്തി എന്ന്  കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിനു രണ്ടു വർഷത്തെ തടവു വിധിച്ചത്.

ഷെല്ലിയെ പുറത്താക്കി

കവിത പ്രസിദ്ധപ്പെടുത്തിയതോടെ അധികാരികൾ രോഷം പൂണ്ട് മുഴുവൻ കോപ്പികളും കണ്ടെടുത്തു നശിപ്പിച്ചു. എന്നാൽ ഒരു കോപ്പി ഷെല്ലി തൻ്റെ ഒരു ബന്ധുവായ പിൽഫോർഡ് മെഡ്വിനു നല്കിയിരുന്നു. അയാൾ അത് ഇറ്റലിയിലേക്ക് കൊണ്ടുപോയി. അത് കുടുംബ പുസ്തക ശേഖരത്തിൽ പൊടിപിടിച്ചു കിടന്നു. 2006ൽ ഒരു സാഹിത്യകുതുകി തൻ്റെ താല്പര്യപ്രകാരം മറ്റെന്തോ തിരയുന്നതിനിടയിൽ ഈ കവിത കണ്ടെടുക്കുകയായിരുന്നു.എന്നാൽ  അധികമാളുകളെ അറിയിക്കാതെ ഒരു ചെറിയ വൃത്തത്തിൽ അയാൾ സംഭവം ഒതുക്കി നിർത്തി. 2015ൽ  ബോദ്ലിയാൻ ലൈബ്രറി ഈ പുസ്തകം വാങ്ങിയതോടെയാണ് ഷെല്ലിയുടെ ഈ രചന പൊതുവായ നയ്ക്ക് ലഭിക്കുന്നത്. ഓക്സ്ഫോർഡിൻ്റെ ഭാഗമായ ഈ ലൈബ്രറി ചരിത്രപരമായ ഒരു പ്രതികാരമാണ് ചെയ്തത്.കാരണം അവിടെ വച്ചാണല്ലോ ഇത് അധികാരികൾ കണ്ടെടുത്ത് നശിപ്പിച്ചത്.കവിതയെ നാടുകടത്തിയതിനു പിന്നാലെ ഷെല്ലിയെ കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
സത്യത്തോടുള്ള പ്രേമമാണ് ഒരു കവിയെ ജ്വലിപ്പിക്കുന്നതെന്ന് ഷെല്ലി പറഞ്ഞത് അദ്ദേഹത്തിൻ്റെ കാര്യത്തിൽ സത്യത്തിൽ സത്യമായി തീരുകയാണ്.

എന്നും പ്രസക്തമായ കവിതയാണിത്‌. ഒരു കവി താൻ എഴുതുന്ന കവിതയിലൂടെ എത്രമാത്രം സത്യസന്ധനാണെന്ന് തെളിയിക്കുന്നതാണിത്. ലോകം തലതിരിഞ്ഞ് ക്രൂരവും ബധിരനുമാകുമ്പോൾ കവി തൻ്റെ ഉള്ളിലെ ധർമ്മക്ഷേത്രത്തിലേക്ക് മൂല്യാന്വേഷണത്തിൻ്റെ നീതിബോധം കൈവിടാതെ നടത്തിയ യാത്രയാണിത്.ഒരു പക്ഷേ ,ഷെല്ലിയായിരിക്കും  ഏറ്റവും അനുസരണയില്ലാത്ത കലാകാരൻ. അദ്ദേഹം ഭരണകൂടങ്ങളുടെ അനീതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു പുതിയ ലോകത്തിൻ്റെ ആശങ്കകൾ ദൂരീകരിക്കാൻ വന്നവനായിരുന്നു.അതുകൊണ്ടു തന്നെ ഭയപ്പെടാൻ സമയമില്ലായിരുന്നു. വ്യവസ്ഥാപിതത്വത്തിൻ്റെ അനീതിയെ നീതിയായി വാഴ്ത്തി ,അതിനോടിണങ്ങി ,അതിൻ്റെ താളത്തിൽ മുങ്ങി സ്വന്തം പ്രശസ്തിയും പദവിയും മാത്രം നോക്കുന്ന പല എഴുത്തുകാരെയും നാം കണ്ടിട്ടുണ്ട്. എന്നാൽ ഷെല്ലി സ്വന്തം ബോധ്യങ്ങളെയാണ് ആശ്രയിച്ചത്. ഷെല്ലി പിന്നീട് എല്ലാ വലിയ ചിന്തകന്മാരെയും സ്വാധീനിക്കുന്നതായി നാം കാണുന്നു .അക്രമരാഹിത്യം എന്ന ആശയം ടോൾസ്റ്റോയിയെ സ്വാധീനിച്ചു. അധികാരത്തിൽ നിന്ന് അകന്നു നില്ക്കണമെന്ന പാഠം മഹാ പരിസ്ഥിതിവാദിയായ തോറോ പഠിച്ചത് ഷെല്ലിയിൽ നിന്നാണ്.

കാവ്യകല ഇതു തന്നെ

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു കവിത പോലും നന്നായി വെളിച്ചം കണ്ടില്ല.പലതും ലഘുലേഖകളായി അച്ചടിച്ച് സുഹൃത്തുക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു. കോളജിൽ പഠിക്കുമ്പോഴാണ് അദ്ദേഹം 'ദ് നെസെസ്സിറ്റി ഓഫ് എതീസം' ( നിരീശ്വരവാദത്തിൻ്റെ ആവശ്യകത ) എന്ന ലേഖനം എഴുതിയത്. ഇത് പരിമിതമായി വിതരണം ചെയ്യപ്പെട്ടു. ഓഡ് ടു ദ് വെസ്റ്റ് വിൻഡ് ,ദ് ക്ളൗഡ് ,പ്രൊമിത്യൂസ് അൺബൗണ്ട് തുടങ്ങിയ രചനകൾ ഈ കവിയുടെ മരണാനന്തരമാണ് പ്രശസ്തമായത്.ഇന്ന് ഷെല്ലിയുടെ നിരോധിക്കപ്പെട്ട കവിതയോട് ആർക്കും എതിർപ്പില്ല.അത് കാലത്തിൻ്റെ നീതിയുമായി ഇഴുകിച്ചേർന്നിരിക്കുന്നു. അദ്ദേഹം കാലഘട്ടത്തെ നിർമ്മിച്ച കവിയായി വാഴ്ത്തപ്പെടുന്നു ;കീറ്റ്സ് , ബൈറൺ തുടങ്ങിയവരോടൊപ്പം. ഇരുപത്തിയൊൻപത് വയസുവരെ മാത്രം ജീവിച്ച ഷെല്ലി ഇരുനൂറ് വർഷത്തെ ജീവിതമൂല്യങ്ങളുടെ ഉടമസ്ഥനായിരിക്കുന്നു.

'പോയറ്റിക്കൽ എസ്സേ ' എന്ന് വിവക്ഷിക്കപ്പെട്ട ഈ നിരോധിത കവിത മാനവരാശിയുടെ സകല നന്മകളെയും ചൂണ്ടിക്കാണിച്ചുതരുന്നതിനൊപ്പം കാവ്യകലയുടെ പക്ഷം സുവ്യക്തമായി ദൃഢീകരിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരോടും നിന്ദിതരോടും നീതി നിഷേധിക്കപ്പെട്ടവരോടുമുള്ള ആഭിമുഖ്യം ഇതിൽ തുടിച്ചു നില്ക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വ മനോഭാവത്തെ അപലപിക്കുന്ന കവിത ഇന്ത്യയിൽ അവർ നടത്തിക്കൊണ്ടിരുന്ന അതിക്രമങ്ങളെയും എതിർക്കുന്നു.
നെപ്പോളിയന്മാരുടെ മുഖത്ത് നോക്കി കവി ഇങ്ങനെ പറയുന്നു: ''ശാപങ്ങൾ നിന്നെ കത്തിക്കട്ടെ. നിന്നിലൂടെ ,ആ വർഗം ലോകത്തെ രക്തക്കളമാക്കാൻ സമ്മർദ്ദം ചെലുത്തുന്നു ,നിർബന്ധിക്കുന്നു" .
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: "കൊല്ലപ്പെട്ട ഒരു ദരിദ്രൻ്റെ ശവകുടീരത്തിൽ അടയാളമായി കാണുക വിസ്മൃതി മാത്രം ".
ഇരുനൂറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഷെല്ലിയുടെ കവിത കൂടുതൽ സത്യമാവുകയാണ്.

പ്രസിദ്ധീകരിക്കാനോ പ്രസിദ്ധി നേടാനോ കഴിയാതിരുന്ന കവി ഈ ഇൻ്റർനെറ്റ് യുഗത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. ഷെല്ലിയുടെ  എല്ലാ രചനകളും സൈബർ ഇടങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ആർക്കും വായിക്കാം. പഴയ ഇംഗ്ളീഷ് രാജാക്കന്മാർ കൊഴിഞ്ഞു പോയിരിക്കുന്നു. നിരോധന ഉത്തരവുകൾ എവിടെയുമില്ല. യഥാർത്ഥ വായനക്കാരെ അദ്ദേഹത്തിനു  തിരിച്ചുകിട്ടിയിരിക്കുന്നു. അന്ന് എഴുതിയത് ഒരു വിദൂരഭാവിയിൽ കൂടുതൽ പ്രസക്തമാവുകയാണ്. ഷെല്ലി ശാരീരികമായി ഇല്ലാതായിട്ടുണ്ടാകാം .എന്നാൽ മരിച്ചിട്ടില്ല .കൂടുതൽ അർത്ഥ ഭംഗിയോടെ ,സാന്ദ്രതയോടെ ജീവിക്കുന്നത് ഇപ്പോഴാണ്. മഹാന്മാർ അദ്ദേഹത്തെ അനുകരിക്കുന്നു. ഇന്ന് മനുഷ്യനേക്കാൾ സ്വാതന്ത്യം ഈ  കവിതകൾക്കുണ്ട്. ഇൻ്റർനെറ്റ് കാലത്ത് ഷെല്ലി ശാരീരികമായി ജീവിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാവുന്നതാണ്. എങ്കിൽ അദ്ദേഹത്തിൻ്റെ കവിത ഇരുട്ടറയിൽ അജ്ഞാതമായി കഴിയില്ലായിരുന്നു.എന്നാൽ ഡിജിറ്റൽ കാലത്ത് ഷെല്ലി ,അദൃശ്യനായി നിന്നുകൊണ്ടായാലും കവിതയുടെ ഇടം വിപുലമാക്കിയിരിക്കുന്നു. ഷെല്ലിക്ക് ഈ ഇടം വേണം.

മഹാനായ ഈ യുഗനിർമ്മാതാവ് ഒരിക്കലും കവിതയെ പ്രചരണോപാധിയായി കണ്ടിട്ടില്ല. അദ്ദേഹം സത്യത്തെയും സൗന്ദര്യത്തെയും വഹിക്കുകയായിരുന്നു.  അതിനുവേണ്ടിയാണ് ജനിച്ചത്. ഒരു നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടി എഴുതിയില്ല .കാലമാണ് ഷെല്ലിയെ ഒപ്പുവച്ച് അംഗീകരിച്ചത്. ലോക ചരിത്രത്തിൽ ഇതിനു സമാനമായി മറ്റൊന്നില്ല .
ഈ കവിത ഇന്നും നമ്മെ ചോദ്യങ്ങൾ കൊണ്ട് കുഴയ്ക്കുകയാണ് .കാലം മാറിയതല്ലാതെ നമ്മൾ മാറിയോ ?ലബനണിൽ ,സിറിയയിൽ ,ഹോങ്കോങ്ങിൽ ,ടിബറ്റിൽ തുടങ്ങി എത്രയോ ഇടങ്ങളിൽ മനുഷ്യൻ സ്വാതന്ത്ര്യത്തെ വീട്ടിനുള്ളിലും ജയിലിലും തടവിലിട്ടിരിക്കുന്നു. ഇവിടങ്ങളിൽ ഷെല്ലിയുടെ ഈ ഓക്സ്ഫോർഡ് കവിത ആലപിക്കണം. വിസ്മൃതിിയുടെ 204 വർഷങ്ങൾ കടന്നു വന്ന ഈ കവിത മരിക്കാത്ത മനുഷ്യഭാവനയെ ഓർമ്മിപ്പിക്കുന്നു.

വാക്കുകൾ

1)സുഗമമായ ഒരു വഴി കണ്ടെന്ന് കരുതി  അതിലെ പോകരുത് .ഒരു വഴിയില്ലാത്തയിടം നോക്കി പോകുക .എന്നിട്ട് ഒരു വഴിത്താര അവശേഷിപ്പിക്കുക.
റാൽഫ് വാൽഡോ എമേഴ്സൺ
(അമെരിക്കൻ ചിന്തകൻ)

2)തങ്ങളുടെ സ്വപ്നങ്ങളിലെ സൗന്ദര്യത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ഭാവിയുള്ളു.
എലീനോർ റൂസ്വെൽറ്റ്
(അമെരിക്കൻ ആക്ടിവിസ്റ്റ് )

3)ജീവിതം തന്നെ അത്ഭുതകരമായ ഒരു യക്ഷിക്കഥയാണ് .
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ
(ദാനീഷ് എഴുത്തുകാരൻ )

4)രണ്ട് വ്യക്തികളുടെ കൂട്ടിമുട്ടൽ രണ്ട് രാസവസ്തുക്കളുടെ സമ്പർക്കം പോലെയാണ് .ഒരു രാസമാറ്റമുണ്ടാകുകയാണെങ്കിൽ  രണ്ടു പേരും പരിവർത്തനപ്പെടും.
കാൾ യുംഗ്
(സ്വിസ് മനശ്ശാസ്ത്രജ്ഞൻ)

5)എല്ലാറ്റിനെയും അപ്രസക്തമാക്കാനുള്ള അതിശയകരമായ കഴിവ് നമുക്കുണ്ട്.
നിക്കോളൈ  ഗോഗോൾ
(റഷ്യൻ എഴുത്തുകാരൻ )

കാലമുദ്രകൾ

1 )എസ്.കെ.വസന്തൻ

എസ്.കെ.വസന്തൻ സംസ്കൃത പണ്ഡിതനും വിമർശകനുമാണെങ്കിലും ഒരു ജീനിയസ് എന്ന് വിളിക്കാനാവില്ല. കാരണം അദ്ദേഹം ബെർട്രാൻഡ് റസ്സൽ ,റൊളാങ് ബാർത്ത് ,കോളിൻ വിൽസൺ തുടങ്ങിയവരെ വായിച്ചിട്ടില്ലല്ലോ.

2)എം.എൻ.ഗോവിന്ദൻ നായർ

നേതാവ് എന്ന നിലയിൽ എം.എൻ.ഗോവിന്ദൻ നായർ ഒരു നവരാഷ്ട്രീയ ഭാവുകത്വമായിരുന്നു. സുതാര്യവും അനാസക്തവുമായ വ്യക്തിജീവിതത്തിൻ്റെ  ഭാവുകത്വം.

3)വിലാസിനി

നാല് ബൃഹത് വാല്യങ്ങളിലായി പരന്നു കിടക്കുന്ന നോവൽ 'അവകാശികൾ ' എഴുതിയ വിലാസിനി ഇരുപതാംനൂറ്റാണ്ടിലെ നമ്മുടെ അത്ഭുത നോവലിസ്റ്റാണ്. ഫ്രഞ്ച്  നോവലിസ്റ്റ് മാർസൽ പ്രൂസ്ത് എഴുതിയ   'ഇൻ സെർച്ച് ഓഫ് എ ലോസ്റ്റ് ടൈം 'ഏഴു വാല്യങ്ങളായിരുന്നു.

4) വി.ടി.നന്ദകുമാർ

പാരതന്ത്ര്യം അനുഭവിച്ചുകൊണ്ടാണ് നന്ദകുമാർ എഴുതിയത്.ഒരു ഘട്ടം കഴിഞ്ഞപ്പോൾ നന്ദകുമാറിനു എല്ലാവരിൽ നിന്നും അകലേണ്ടി വന്നു.കേശവദേവിനെപ്പോലെ എല്ലാറ്റിനെയും ഒറ്റയ്ക്ക് നിന്നു നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല .

5) കിളിമാനൂർ മധു

കിളിമാനൂർ മധു നല്ല കവിതകൾ എഴുതിയിട്ടുണ്ട്. എന്നാൽ മധു സ്വന്തം ഇരിപ്പിടം ഉറപ്പിക്കാൻ ഒന്നും ചെയ്തില്ല .എം.ടി യോടും മറ്റും നല്ല അടുപ്പമുണ്ടായിട്ടു പോലും. മധുവിൻ്റെ മരണത്തോട് നമ്മുടെ ആനുകാലികങ്ങൾ തീരെ സംവേദനക്ഷമതയില്ലാതെയാണ് പ്രതികരിച്ചത്.

വഴിയുടെ ദാർശനികത

വഴി ഒരു ദാർശനികപ്രശ്നമാണ്. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലൂടെ വഴി ഇല്ലാതാകുന്നു. വഴി ലക്ഷ്യമല്ല. അതുകൊണ്ട്  ഓർമ്മകളിലെ പുരാതന വഴികൾ നാം മണ്ണിട്ട് മൂടരുത്. ഓർമ്മകൾ നിർമ്മിച്ചെടുക്കണം. വഴി എപ്പോഴും പിരിയുകയാണ്.ജനനത്തിൻ്റെയും മരണത്തിൻ്റെയും ഓരോ വഴി.കൂട്ടിമുട്ടാത്ത വഴി.മനസിലെ വഴികൾ ജലത്തിലെന്ന പോലെ
മാഞ്ഞു പോകുന്നു.

നിഷ ജിജോ എന്ന യുവകവിയുടെ 'വഴി '(എഴുത്ത് ,ജൂലൈ) യിൽ ഒരു വഴിവിചാരമുണ്ട്. പർവ്വതങ്ങളും മരുഭൂമികളും അവയുടെ വഴികൾ വായുവിലും വെള്ളത്തിലും ഉപേക്ഷിക്കാറുണ്ടെന്ന് കവി എഴുതുന്നു.കവിയുടെ കാഴ്ചയിൽ മണ്ണിലും മരച്ചില്ലകളിലും ഒരു പോലെ വഴികൾ തേടാവുന്നതാണ്. എന്നാൽ വീട്ടിനുള്ളിലെ വഴികളെക്കുറിച്ച് അത്ര ഉറപ്പില്ല .കവിതയിൽ ഇങ്ങനെ വായിക്കാം:
" വീട്ടിനുള്ളിൽ
നടന്നു നടന്നു
തെറ്റായ വഴികൾ
കണ്ടെടുക്കുക അതികഠിനം" .

അജ്ഞാത വഴികൾ എവിടെ നിന്നോ ഇനിയും വെളിപ്പെടാനുണ്ട്.

ഏഴാച്ചേരിയുടെ വർത്തമാനം

കവി ഏഴാച്ചേരി രാമചന്ദ്രനുമായി എസ്.ആർ.ലാൽ നടത്തിയ അഭിമുഖം ( ഗ്രന്ഥാലോകം ) വായിച്ചു.ലാൽ നന്നായി കവിതയെ സമീപിക്കുന്നുണ്ട്.ലാൽ ഒരെഴുത്തുകാരനുമാണല്ലോ.എന്നാൽ ഏഴാച്ചേരിയുടെ വർത്തമാനം നിരാശപ്പെടുത്തി. അദ്ദേഹം തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം ഒ. എൻ.വി, പി.ഭാസ്ക്കരൻ ,തിരുനല്ലൂർ തുടങ്ങിയവരിലേക്ക് തിരിച്ചുവിടുകയാണ്. ചിലപ്പോൾ അദ്ദേഹം മാർക്സിനും ഹോചിമിനും എറിഞ്ഞുകൊടുക്കുന്നു .രാഷ്ട്രീയ പക്ഷം വളരെ പ്രകടമായിട്ടുള്ള വ്യക്തിയാണല്ലോ ഏഴാച്ചേരി. എന്നാൽ അതിനു വിരുദ്ധമായി  അദ്ദേഹം കവിതയിൽ പ്രാചീന താളവും ഈണവും കൊണ്ടു നടക്കുന്നു. മഹാനായ ലാറ്റിനമേരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞു ,ഒരു താളത്തിൽ കവിതയെഴുതുന്നത് വളരെ എളുപ്പമാണെന്ന്. കാരണം താളം നേരത്തേയുള്ളതാണ്. അതിലേക്ക് വാക്കുകൾ നിക്ഷേപിച്ചാൽ മതി. എന്നാൽ ഗദ്യത്തിൽ എഴുതുമ്പോൾ സ്വന്തമായി ഒരു രാഗം ഉണ്ടാക്കേണ്ടി വരും.

ഏഴാച്ചേരിയുടെ സംഭാഷണങ്ങളിൽ ദാർശനികമോ ചിന്താപരമോ ആയ ആഴമില്ല. ഒരു കാതലുള്ള വിഷാദാത്മകത പോലും കാണാനില്ല .വളരെ സ്ഥൂലവും ഉപരി പ്ളവവുമാണ് ആ ലോകം. കവിയുടെ ഈണം കേൾക്കാനല്ല കവിത വായിക്കുന്നത്.ജോൺ കീറ്റ്സ് എങ്ങനെ സ്വന്തം കവിത വായിച്ചു എന്ന കാര്യം എൻ്റെ ഉത്ക്കണ്ഠയല്ല. ടി.എസ് .എലിയറ്റ് ചൊല്ലുന്നത് കേട്ടിട്ട് നമുക്ക് 'ദ് വെയ്സ്റ്റ് ലാൻഡ് 'വായിക്കാനൊക്കുമോ ? കവികൾ കവിത ചൊല്ലുന്നത് കവിതയുടെ മൂല്യത്തിൽ ഒരു ഘടകമല്ല. അതായത് താളം അപ്രസക്തമാണെന്നർത്ഥം . ''കരുണ " ഏത് താളത്തിലാണ് ആശാൻ ചൊല്ലിയതെന്നത് അതിൻ്റെ മൂല്യാന്വേഷണത്തിൽ പ്രധാന കാര്യമല്ല .
കവികൾ സ്വന്തം കവിത ചൊല്ലുന്നത് ഏതാണ്ട് ഒരേ താളത്തിലാണ്.

 

No comments:

Post a Comment