Friday, January 6, 2023

ജ്ഞാനത്തിൻ്റെ സ്പന്ദനം /അക്ഷരജാലകം / എം.കെ.ഹരികുമാർ

 

ഏകാത്മകതയുടെ ശബ്ദം /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 


 

ഇന്ത്യയുടെ സംസ്കാരത്തെയും അറിവിനെയും രാഷ്ട്രീയത്തെയും പിഴിഞ്ഞ് സത്തെടുത്ത ഒരു പ്രഭാഷകനുണ്ടായിരുന്നു, സമീപകാല ഇന്ത്യയിൽ .മലയാളിയും ബഹുഭാഷാ പണ്ഡിതനും ദാർശനികനും ഗ്രന്ഥകാരനും ശ്രീരാമകൃഷ്ണ മഠത്തിൻ്റെ പതിമൂന്നാമത് ആഗോള അദ്ധ്യക്ഷനുമായിരുന്ന സ്വാമി രംഗനാഥാനന്ദ(1908-2005)യാണത്. 
സ്വാമിയുടെ പ്രഭാഷണം കേൾക്കണം. ഓരോ പ്രഭാഷണവും നമ്മെ അഗാധമായ രമ്യതയിലേക്കും ബുദ്ധിപരമായ പ്രഭാവങ്ങളിലേക്കും ഭാരതീയമായ ജ്ഞാനമുകളങ്ങളിലേക്കും സംസ്കൃതമായ പൂർവകാലങ്ങളിലേക്കും കൊണ്ടു പോകുന്നതാണ്. ഭാരതത്തിൻ്റെ അസംഖ്യം ജ്ഞാനസ്രോതസ്സുകളിൽ നിന്നു, വൈവിധ്യമാർന്ന ജ്ഞാനസാഹിത്യങ്ങളിൽ നിന്നു ഏറ്റവും അഗാധവും സംയുക്തവും  സാരഗ്രാഫിയുമായ ഒരാശയം എങ്ങനെ ഇന്ത്യയിലുടനീളം പ്രചരിപ്പിച്ചു എന്നു സ്വാമി അമെരിക്കയിൽ ചെയ്ത ഒരു പ്രസംഗത്തിൽ വിശദീകരിച്ചത് ഓർക്കുകയാണ് .

ലോകത്തിലെ പേരുകേട്ട ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെയെല്ലാം വളർച്ചയും തളർച്ചയും  പരിശോധിച്ചുകൊണ്ടാണ് വിവേകാനന്ദൻ്റെ ഹ്യൂമനിസം അഥവാ മാനുഷികത്വം എങ്ങനെയാണ് ഒരുപടി മുകളില്‍ നിൽക്കുന്നതെന്ന് സ്വാമി  വിവരിച്ചത് .വിവേകാനന്ദൻ മദ്രാസിൽ ചെയ്ത ഒരു പ്രസംഗത്തെക്കുറിച്ച് അതിൽ സൂചിപ്പിക്കുന്നുണ്ട്. വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, ഇനി അമ്പതു വർഷത്തേക്ക് ദൈവങ്ങളെയെല്ലാം മറക്കുക. പകരം, ഇന്ത്യയിലെ പാവപ്പെട്ടവരെ, ജീവിത പരാധീനതയിൽപ്പെട്ട് നാലുപാടും ചിതറിയ സാധാരണക്കാരെ സേവിക്കുക. അവരിലാണ് ക്ഷേത്രമുള്ളത്. ആ ക്ഷേത്രത്തിലാണ് ഈശ്വരനുള്ളത്. അതുകൊണ്ട് അവരെ സേവിക്കുക. അതാണ് ശരിയായ ഈശ്വര പൂജ. പാവപ്പെട്ടവരിലൂടെ ദൈവത്തെ കാണുന്നത് ഇന്ത്യയുടെ ന്യൂക്ളിയസാണ്. പാവപ്പെട്ടവരെ കാണാതെ ദേവാലയത്തിൽ പോകുന്നത് അർത്ഥശൂന്യമാണ്.  
സ്വാമിയുടെ ഈ പ്രസംഗത്തിന് ആധാരമായ വസ്തുത ഭാഗവതത്തിൽ കപില തൻ്റെ മാതാവായ ദേവഭൂതിയോട് പറയുന്ന ഒരു തത്ത്വമാണ്. അത് രംഗനാഥാനന്ദസ്വാമി സംസ്കൃതത്തിൽ തന്നെ ഉദ്ധരിക്കുന്നുണ്ട്.

'അഥമാം സർവ്വേശ ഭൂതേശോ
ഭൂതാത്മാനം കൃതാലയം
അർഹയേത് ദാനമാനാഭ്യ
മൈത്രിയാ അഭിന്നേന ചക്ഷുഷ'

സർവ്വ ഭൂതങ്ങളിലുമുള്ള തന്നെ ആരാധിക്കാനാണ് ഭഗവാൻ പറയുന്നത്. എല്ലാ ജീവികളിലും ക്ഷേത്രമുണ്ട് .അതിലാണ് ഭഗവാൻ  വസിക്കുന്നത്. എങ്ങനെ ആരാധിക്കും? ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ നിറവേറ്റണം .വേദനിക്കുന്നവനെ ശുശ്രൂഷിക്കണം. വിദ്യാഭ്യാസമില്ലാത്തവനു അത് കൊടുക്കണം. വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കണം. മുറിവേറ്റവരെ ചികിത്സിക്കുക. ഇതാണ് സേവനം. ആരാധന എന്നാൽ ഈ സേവനമാണ്.  എന്നാൽ വെറുതെ സേവനം ചെയ്താൽ പോര. 'ദാനമാനാഭ്യ മൈത്രിയാ' എന്നാണ് ഉപദേശം . പക്ഷേ ,അത് ദാനം വാങ്ങുന്നവനെ ബഹുമാനിച്ചുകൊണ്ട് വേണം. താൻ വലിയവനായതുകൊണ്ട് കുറെ ചില്ലറ എറിഞ്ഞുകൊടുക്കാമെന്ന് കരുതരുത്. അവനെ ബഹുമാനിച്ചുകൊണ്ടാണ് ദാനം ചെയ്യേണ്ടത്. ദാനം ചെയ്യാനായി പതിതനെ മാനിക്കണം. ആദരവില്ലാതെ ദാനം ചെയ്യുന്നതിൽ ഒരു വലിയ കുറവുണ്ട്. മാനിച്ചുകൊണ്ട് ദാനം ചെയ്യുമ്പോൾ ആ ദാനം എത്തിച്ചേരുന്നത് ഭഗവാനിലാണ്. കാരണം, എല്ലാവരിലും ഒരേ ആത്മാവാണുള്ളത്. അതുകൊണ്ട് എല്ലാവരിലും ദൈവമുണ്ട്. ഒടുവിലത്തെ വരി ഏറ്റവും പ്രബുദ്ധമാണ്: 'അഭിന്നേന ചക്ഷുഷ'.ഭിന്നതയില്ലാതെ നോക്കണം. നമ്മുടെ കണ്ണിൽ പണ്ഡിതനും പാമരനും കോടീശ്വരനും ദരിദ്രനുമെല്ലാം തുല്യരായിരിക്കണം. ഇതാണ് വേദാന്തത്തിൻ്റെ രഹസ്യമെന്ന് രംഗനാഥാനന്ദസ്വാമി ചൂണ്ടിക്കാട്ടുന്നു. 

നമ്മുടെ ജനാധിപത്യത്തിന്റെ മഹത്തായ പാഠം ഇതായിരിക്കണമെന്ന് സ്വാമി തുടർന്നുപറയുന്നു .ആർക്കും ഔദാര്യമായിട്ടോ സഹാനുഭൂതി കൊണ്ടോ അല്ല സഹായം ചെയ്യേണ്ടത്. എല്ലാവരും തുല്യരാണ് എന്ന നിലയിൽ എല്ലാവർക്കും ബഹുമാനം കിട്ടണം. 
ദരിദ്രനായാലും ജനാധിപത്യത്തിൽ ഒരു വോട്ടുണ്ടല്ലോ. അത് ഒരു പദവിയാണ്. എല്ലാവരിലും ഒരേ ആത്മാവാണുള്ളതെന്നിരിക്കെ ആരും ആരെക്കാളും ചെറുതോ വലുതോ  അല്ല. ജനാധിപത്യത്തിലും ഇതായിരിക്കണം ആദർശം .നമ്മൾ ഒരേ മനുഷ്യവർഗ്ഗമാണ്. നമ്മളിൽ വിഭിന്നവർഗ്ഗങ്ങളും ഭിന്ന ആത്മാവുകളും ഇല്ല .ഇതാണ് ഇന്ത്യൻ സാഹിത്യത്തിൻ്റെ കാതൽ.ഇതിനപ്പുറം മഹനീയമായ ഒരിടമില്ല .എന്നാൽ വർത്തമാനകാല ഇന്ത്യൻ സാഹിത്യത്തിൽ ദാർശനികമായ ഈ  ചിന്തകൾ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു.

കവിത വിധി 

ഒരു കവിതയിൽ കവി മരിക്കുകയാണ്. ആ കവിതയിലൂടെ തൻ്റെ ജീവിതത്തിൻ്റെ ഒരു ഘട്ടം ,തിരിച്ചറിവ്, ഉന്മാദം അവസാനിപ്പിച്ചു മറ്റൊന്നിലേക്ക് കടക്കുകയാണ് കവി. ഈ ഉത്തര- ഉത്തരാധുനിക കാലത്ത് ഡിജിറ്റൽ സമൂഹമാധ്യമങ്ങളിലാണല്ലോ ആളുകൾ ജീവിക്കുന്നത്. കാമുകിയെ കൊന്നു കാമുകൻ ജീവനൊടുക്കുകയോ അല്ലെങ്കിൽ കാമുകൻ കൊല നടത്തിയ ശേഷം വിജയശ്രീ ഭാവത്തിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയോ ചെയ്യുന്നത് ഡിജിറ്റൽ ജീവിതത്തിലെ നിഴൽനാടകമായിത്തീർന്നിരിക്കുന്നു.
എല്ലാ പ്രണയങ്ങളും മരീചികയോ, ഭ്രമാത്മകമായ അപസ്മാരമോ, വഞ്ചനയോ ആയിട്ടാണ് ഈ കാലഘട്ടത്തിൽ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു സുഹൃത്തുക്കളുള്ളപ്പോൾ ഒരാളോട്  മാത്രമായി ആത്മാർത്ഥതയോടെ, ധാരണയോടെ നീങ്ങാൻ പലർക്കും  പ്രയാസമായിരിക്കും.അത്രയ്ക്കാണ്  പ്രലോഭനങ്ങൾ .അരക്ഷിതാവസ്ഥ ഒരു പൊതു അനുഭവമായിരിക്കുന്നു. ഒരു ബന്ധത്തിനും ഗ്യാരണ്ടിയില്ല എന്ന ചിന്ത ഭ്രാന്തമായി തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നു. സ്വർഗ്ഗരാജ്യം തൊട്ടരികിൽ വന്നു നിൽക്കുകയാണെന്ന് പ്രചരിപ്പിക്കുന്ന വാണിജ്യ,ദൃശ്യ, മാധ്യമലോകമാണ് ചുറ്റിനുമുള്ളത്.

അതുകൊണ്ട് സ്വയം അനാവരണം ചെയ്യാനല്ല ,സ്വയം മറയ്ക്കാനും അതിജീവിക്കാനുമാണ് സാഹസികർ  മുന്നോട്ടുവരുന്നത്. ഈ കാലത്ത് കവിക്ക് ഇതിനോടെല്ലാം പുറംതിരിഞ്ഞ് നിന്ന് പ്രകൃതി വർണനയിലോ  തത്ത്വപ്രസംഗത്തിലോ ഒതുങ്ങാനാവില്ല. കവി നേർക്കാഴ്ചകൾ കാണുകയാണ്. കവിക്കും അതിജീവിക്കേണ്ടതുണ്ട്. ആത്മഹത്യകളെയും പ്രതികാര ബുദ്ധികളെയും കവി കാണുകയാണ്. ഒരു കവിതയിൽ തന്നെ കവിക്ക് മരിക്കേണ്ടി വരുന്നു .കവിത വിധിയാണ്. അടുത്ത കവിതയിൽ വീണ്ടും അയാൾ തലപൊക്കുന്നു. അവിടെയും അയാൾ മരിക്കുന്നു .കാരണം, മറ്റൊരു കവിതയിലേക്ക് തുടരാനുള്ള ഒരു മാനസികനില നഷ്ടപ്പെടുകയാണ്.

മീര കമല എഴുതിയ 'ഗന്ധമുള്ളൊരു ചിരി'(പ്രസാധകൻ,ഡിസംബർ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:

'നിറങ്ങൾക്ക് ശ്വാസംമുട്ടുന്നു.
അഴകുള്ള കറുപ്പിന് 
കവിതയിലും കറുത്ത നിറം 
നരകത്തിലും ഇടമുള്ള കറുത്തകവിത.
സ്വർഗ്ഗത്തിലെ കാലുകൾക്ക് മാത്രം
വെളുത്ത നിറം 
ആരുമായും എവിടെയും ഇണചേരുന്ന 
വെളുപ്പിന് സ്വാതന്ത്ര്യം.
പരക്കെ പായുന്ന മോചനത്തിനു
മാത്രം പ്രണയമില്ല,
കാമവും'.

ഈ കവിത ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ ,മതമോ ,തത്ത്വചിന്തയോ ചൂണ്ടിക്കാണിക്കുന്നില്ല . ആർക്കും ഒരു സാരോപദേശവും തരുന്നില്ല. സാരോപദേശം തരേണ്ട ബാധ്യത കവിതയ്ക്കില്ല .കവി തന്നിലേക്ക് വരുന്ന സിഗ്നലുകളെ തന്നിൽ നിന്നു പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ,യഥാർത്ഥത്തിൽ ഭാഷയ്ക്കു പോലും സ്ഫുടീരീകരിക്കാനാവാത്ത  അവസ്ഥയാണ് .കവി തന്നിലേക്കു വന്ന പ്രതീകങ്ങളെ ,ആവേശങ്ങളെ പ്രതിബിംബിപ്പിച്ചു പുറത്തേക്ക് വിടുന്നു. ഒരു റഡാറിനു സമാനമായ ജോലിയാണത്.

പഴയ ശീലുകൾ 

എന്നാൽ ഷിജ വക്കത്തിന്റെ 'വാളമീൻ കൽപ്പിക്കുന്നു' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 13) എന്ന കവിതയ്ക്ക് ഈ സ്വഭാവം ആർജിക്കാനാവുന്നില്ല .ഷീജയുടെ കവിത എൺപതുകളിൽ നാം കണ്ടു പരിചയിച്ച ഒരു രീതി മാത്രമാണ്. കവിതയ്ക്ക് മുന്നേ തന്നെ അതിനു  ആധാരമായ ഒരു മിത്ത് അവതരിപ്പിക്കുന്നു. എന്നിട്ട് ആ മിത്തിനെ വിപുലീകരിക്കാൻ സമകാല സംഭവത്തെ കൂട്ടുപിടിക്കുന്നു. ഇതൊക്കെ അയ്യപ്പപ്പണിക്കരും ആറ്റൂരുമൊക്കെ ചെയ്ത് മടുപ്പിച്ചതാണ്. ഒരു കാലത്ത് കവികൾക്ക് നാറാണത്ത് ഭ്രാന്തനെ മതിയായിരുന്നു. ഐതിഹ്യമാലയിലെ മിത്തുകൾ ഒന്നൊന്നായി പൊടി തട്ടിയെടുത്ത് വിസ്തരിച്ചു, ആശയ ദാരിദ്ര്യം പരിഹരിക്കാനായി. നാറാണത്ത് ഭ്രാന്തനെക്കുറിച്ച് നൂറ് കവിതകൾ എഴുതാൻ മാത്രം വല്ല മത്സരവും ഇവിടെയുണ്ടോ ?വി. മധുസൂദനൻ നായർ കവിതയുടെ പൂർവ്വകാലത്തെ പിന്തുടർന്നതല്ലാതെ സ്വന്തമായി ഒരു പരീക്ഷണം നടത്തിയിട്ടില്ല .ഇവരുടെ കവിതയിൽ നിന്നും മിത്തുകൾ എടുത്തു മാറ്റിയാൽ പിന്നെ യാതൊന്നും ശേഷിക്കുകയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഛന്ദസ്സിൽ എഴുതിയാൽ  രക്ഷപ്പെടാമെന്ന് കരുതേണ്ട. സാഹിത്യത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതാനേ പാടില്ല .

'കൊച്ചിലേ തലച്ചോറിൻ 
ചുറ്റുഗോപുരത്തിൽ നി
ന്നെത്തിനോക്കുമ്പോൾ കണ്ടൂ 
റഷ്യ തന്നയൽപ്പക്കം 
അത്ഭുത മഴവിൽപ്പൂ , 
സ്വപ്നമായ് നീലക്കപ്പ് .
എപ്പോഴുമുല്ലാസത്തിൽ 
കുട്ടികൾ ചുക്കും ഗെക്കും'.

ഈ കവിതയിലെ മഴവിൽപ്പൂ ,നീലക്കപ്പ് ,ഗെക്ക് തുടങ്ങിയവ റഷ്യൻ നാടോടിക്കഥകളാണത്രേ. വായനക്കാർ ഇനി നാടോടിക്കഥകൾ തപ്പിനടക്കണം. ഈ രീതിയൊക്കെ കാലഹരണപ്പെട്ടു എന്നറിയിക്കട്ടെ. മാത്രമല്ല ,ഷീജയുടെ ഭാഷ വളരെ പഴയതാണ് .ഇന്നു പ്രബുദ്ധി നേടിയ സമകാലിക കവിതയുടെ ഭാഷ മാറിയത് കവി അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി എൻ.വി.കൃഷ്ണവാരിയരെ അനുകരിക്കുന്നതിൽ അർത്ഥമില്ല.

'അവൾ എഴുത്തിലൂടെ ഭൂതകാലത്തിലെ തൻ്റെ ചരിത്രപരമായ ഇടങ്ങൾ തിരയുന്നു. അവിടെ അതേ വരെ സാഹിത്യവും ചരിത്രവും നിർമ്മിച്ച സ്ത്രീമാതൃകകളെ തിരസ്ക്കരിക്കുന്നു'(സ്ത്രീയെഴുത്തിൻ്റെ സൂചീമുഖം ,ഗ്രന്ഥാലോകം ,ഡിസംബർ)എന്നു പ്രിയാനായർ എഴുതുന്നു. 
ഇത് വാസ്തവത്തിൽ ,സ്ത്രീയുടെ എഴുത്തിനു മാത്രമല്ല ,സർവ്വരുടെയും എഴുത്തിനു മാർഗദർശകമാവണം .പൂർവ്വകാലങ്ങളിലെ എഴുത്തിനെ തുടച്ചുമാറ്റാതെ ആരും തന്നെ വലിയ രചനകള്‍ സംഭാവന ചെയ്തിട്ടില്ല. എഴുതുക എന്നു പറഞ്ഞാൽ, തനിക്ക് മാത്രമായി പറയാൻ എന്തെങ്കിലുമുണ്ടാവുക എന്നാണർത്ഥമാക്കേണ്ടത്.
ഞാൻ എം.ടിയെ അനുകരിക്കാൻ പോവുകയാണ് കേട്ടോ എന്നു പറഞ്ഞ് ആരും എഴുതേണ്ടതില്ല .

പാകിസ്ഥാനി ഗായിക ഹാദിഖാ കിയാ നിയുടെ ഒരു ഗാനം കേട്ട് ആലങ്കോട് ലീലാകൃഷ്ണനു ഉറക്കം നഷ്ടപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം 'രാത്രിഗീതം' (ഭാഷാപോഷിണി ,ഡിസംബർ) കവിതയിൽ എഴുതുന്നത് . താൻ പാട്ടുകൾ ആസ്വദിക്കുന്നവനാണെന്നു വിശ്വസിപ്പിക്കാൻ കവി പരമാവധി ശ്രമിക്കുന്നു. വിഷയങ്ങൾക്ക്  ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ,കവി ക്ലീഷേ(ആവർത്തന വിരസമായ) പദപ്രയോഗങ്ങളിൽ ആസക്തനാവുകയാണ്. 

'മഴ തോർന്നുവോ! മരം -
പെയ്യുന്നു നനുനനെ 
മഴത്തുള്ളികൾ ജല - 
തരംഗം വായിക്കുമ്പോൾ 
പുഴയ്ക്കക്കരെ നിന്നു -
പാടുന്നതാരായി വരാം'

ലീലാകൃഷ്ണനു പരമ്പരാഗതമായ ,ഉണർവ്വ് നഷ്ടപ്പെട്ട കവിതയും അതിൻ്റെ ആസ്വാദനവുമാണ് സാധ്യമാകുക. ഉപയോഗിച്ചു നശിപ്പിക്കപ്പെട്ട ഒരു ഭാഷയിലേക്കാണ് അദ്ദേഹത്തിൻ്റെ ചിന്തകൾ ചെന്നു വീഴുന്നത് .

ടോൾസ്റ്റോയിയുടെ കല 

കലയെക്കുറിച്ചുള്ള പല ധാരണകളെയും തിരുത്തിക്കൊണ്ട് 'വാട്ട് ഈസ് ആർട്ട് 'എന്ന കൃതിയിൽ  റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി ഇങ്ങനെ പറഞ്ഞു:
'കല, ചില ദാർശനികർ പറയുന്നതുപോലെ ദൈവത്തെക്കുറിച്ചോ , സൗന്ദര്യത്തെക്കുറിച്ചോ പരാമർശിക്കുന്ന വളരെ നിഗൂഢമായ ഒരാശയമല്ല; സൗന്ദര്യബോധമുള്ള ഫിസിയോളജിസ്റ്റുകൾ പറയുന്നതുപോലെ അത് അധികമായിട്ടുള്ള ഊർജ്ജം പുറത്തുവിടാനുള്ള കളിയുമല്ല. ബാഹ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യവികാരങ്ങളുമല്ല . സന്തോഷിപ്പിക്കുന്ന വസ്തുക്കളുടെ ഉല്പാദനവുമല്ല .എല്ലാത്തിലുമുപരി , അത് സന്തോഷമല്ല. എന്നാൽ അത് മനുഷ്യർക്കിടയിൽ ഒരു കൂടിച്ചേരലിനുള്ള വഴിയാണ്. ഒരേ വികാരത്തിൽ അവരെ ഒന്നിപ്പിക്കുകയാണ് .അത് ജീവിതത്തിനും ,വ്യക്തിയുടെയും മനോരാശിയുടെയും പുരോഗതിക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്'.

ഇതിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്, ഇടയിൽ കൊടുത്തിട്ടുള്ള ഒരു വാചകമാണ്: 'അത് സന്തോഷമല്ല '.കല സന്തോഷമല്ലെങ്കിലും കലാകാരൻ അതിനു വേണ്ടി യാതനയനുഭവിക്കുകയാണല്ലോ. കലാകാരൻ്റെ ഒരു വിധിയാണത്. അവൻ സൂര്യനെപ്പോലെ സുന്ദരമായ ഒന്നിനെ ഉള്ളിലേക്ക് ആവാഹിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ പരാജയപ്പെടുമെന്നറിഞ്ഞിട്ടും ദു:ഖത്തിൽ കഴിഞ്ഞുകൊണ്ട് വീണ്ടും വീണ്ടും പരിശ്രമിക്കുന്നു .കുറച്ചൊക്കെ അവനു ഉൾക്കൊള്ളാനാവുന്നു. അതാണ് അവൻ്റെ പരമാവധി കല.


തീവ്രമായ സ്നേഹം വേണം /അക്ഷരജാലകം/ എം.കെ.ഹരികുമാർ

 


അരാഷ്ട്രീയതയുടെ ഏടാകൂടം /അക്ഷരജാലകം/അരാഷ്ട്രീയതയുടെ ഏടാകൂടം