Thursday, May 26, 2022

സത്യത്തിനു സൗന്ദര്യമില്ല!/അക്ഷരജാലകം /എം.കെ ഹരികുമാർ

 


LINK

പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നെങ്കിൽ, ചരിത്രം ഒരു പുസ്തകത്തിലൊതുക്കാമായിരുന്നു. ചരിത്രം പഠിക്കുന്നവരാണ് അത്  മനസ്സിലാക്കുന്നത്. അത് ഉയർന്ന ക്ലാസുകളിൽ ഐച്ഛിക വിഷയമായിരുന്നു. ചരിത്രം ഒരു പൊതുവിഷയമായി സ്കൂൾ സിലബസ്സിൽ വ്യാപകമായി ഉൾപ്പെടുത്തിയിരുന്നു ,എല്ലാ ക്ലാസിലും എന്ന പോലെ. ചരിതത്തിൽ എല്ലാം ശരിയായാൽ മതി ,നമ്മളും ശരിയാകും. ചരിത്രത്തിലെ ബലാബലം നേരെയാക്കാൻ എല്ലാവരും ഇന്നു  പാടുപെടുകയാണ്. ചരിത്രം അനിവാര്യമായി  പഠിക്കേണ്ടതുണ്ടായിരുന്നു.കാരണം ,അത് നമ്മുടേതല്ലാത്ത, നമ്മളിൽ നിന്നു വളരെ വിദൂരമായ കുറേ ജീവിതങ്ങളും വിവരങ്ങളുമായിരുന്നു. അത് ആദർശപരമായാണ് അവതരിപ്പിക്കുന്നത്. രക്തപ്പുഴ ഒഴുക്കിയ യുദ്ധങ്ങളെക്കുറിച്ച് ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ ആർക്കും സങ്കടമുണ്ടാകാറില്ല. അത് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ഒരു വിഭവമാണ് .ചോദ്യങ്ങൾക്ക് വിഷാദമില്ല; എന്നാൽ ഉത്തരങ്ങൾക്ക് വിഷാദമുണ്ട് .ഉത്തരങ്ങൾ ശരിയാകാറില്ലല്ലോ. ഉത്തരങ്ങൾ  സത്യമാണെന്ന് ഉറപ്പിക്കുന്നത് ഒരു പാഠപുസ്തകത്തിലെ ആഖ്യാനമായിട്ടാണ്. 
ഇപ്പോൾ ഈ നവമാധ്യമകാലത്ത് ചരിത്രവും സമകാലികതയും  തമ്മിലുള്ള വിടവ് ഇല്ലാതായിരിക്കുകയാണ് .ചരിത്രം ഒരു ക്ലാസ് റൂം പോലെയായി .

വിവിധ കാലങ്ങളും കലാവസ്തുക്കളും വ്യക്തികളും ചിന്തകളും സന്ദേശങ്ങളും ഒരേ സ്ഥലത്ത് സംഭവിക്കുന്നു. ഗൂഗിൾ ,യാഹൂ ,നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെ ഒരു വലിയ ക്ളാസ് റൂം പോലെ സങ്കൽപ്പിക്കാം. അവിടെ ചരിത്രത്തിലെ എല്ലാ വസ്തുക്കളും സംഗമിക്കുന്നു. അവിടെ കാലം പിന്നോട്ടും മുന്നോട്ടും  ഉരുളുന്നു. ഗൂഗിളിൽ മരണവും ജീവിതവും തമ്മിലുള്ള വേർതിരിവില്ല .എല്ലാം സജീവമാണ്. ചരിത്രം അവിടെ മൃതമായതു മാത്രമല്ല ,ജീവിക്കുന്നതുമാണ് .ചരിത്രം എന്നാൽ ഇപ്പോൾ അർത്ഥം നാം ജീവിക്കുന്ന നിമിഷം എന്നുമാണ്. ചരിത്രം നമ്മുടെ ശരീരത്തിൽ നിന്ന് പൊട്ടി മുളയ്ക്കുകയാണ്, അതിനു ശാഖകളുണ്ട്.

നമ്മൾ പുതിയ ഹിസ്റ്ററി ക്ളാസിൽ 

എഫ്.ബി. പേജുകളിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും പ്രത്യക്ഷപ്പെടുന്നത് പൂർവകാലത്തെയും  ഇന്നത്തെയും മനോവ്യാപാരങ്ങളോടൊത്താണ്. കലാസൃഷ്ടികളും സമകാലിക സന്ദേശങ്ങളും ഒരേ പ്ലാറ്റ്ഫോമിൽ വന്ന്  കാലത്തെ 'ദൈവിക'മാക്കുന്നു. ദൈവികമെന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിച്ചത് ജൈവാനുഭവമാണ്. ബോധവും മനസും പ്രവർത്തിക്കുന്ന സ്ഥലവും കാലവും എന്നാണ് വിവക്ഷ .പുതിയ ദൈവികതയിലാണ് ചരിത്ര ക്ലാസ് പ്രവർത്തിക്കുന്നത്.  നക്ഷത്രങ്ങൾക്കിടയിലെ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ നമുക്കൊരു ദൂരം മാത്രമാണ്. അത് 'ദൈവിക'മാകുന്നതിനെപ്പറ്റി നമുക്കൊന്നുമറിയില്ല. അവിടെ എന്താണ് ,എങ്ങനെയാണ് കാലത്തിൽ സംഗമിക്കുന്നതെന്ന് അറിയില്ല.

ഫേസ്ബുക്കിലെ കാലം ഹിസ്റ്ററി ക്ലാസിൻ്റെ പുതിയ രൂപമാണ്. ചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയുടെയും  രജനീഷിൻ്റെയും വാക്കുകൾ നിത്യേന വന്നുനിറയുന്ന പേജുകൾക്ക് തൊട്ടരികിൽ തന്നെ സറിയലിസ്റ്റ് കലാകാരനായ സാൽവദോർ ദാലി ,ജോമട്രിക് ആർട്ട് ,കലാകാരൻ പോൾ ക്ളീ ,ബോഹോസ് ആർട്ട് ,ബുദ്ധിസം തുടങ്ങിയ പേജുകളും വരികയാണ്. മൺമറഞ്ഞ പ്രമുഖ കലാകാരന്മാർക്കും  സാഹിത്യകാരന്മാർക്കും ഒന്നിലേറെ പേജുകൾ പ്രവർത്തിക്കുന്നു. അവർ ജീവിച്ചിരിക്കുന്നപോലെയാണ് കാര്യങ്ങൾ .ഓരോ പെയിൻ്റിംഗിനും മൾട്ടിമീഡിയ രൂപാന്തരമാണ് പ്രത്യക്ഷപ്പെടുന്നത്. 

എല്ലാവരും ഒരു ക്ളാസ് മുറിയിലാണ്; ചരിത്രമാണ് ക്ലാസ് റൂമിലെത്തിയിരിക്കുന്നത് .ചരിത്രത്തിലെ വ്യക്തികളും കഥാപാത്രങ്ങളും വസ്തുതകളും പ്രതീതി പോലെയുള്ള  വിപണിയിലോ ഗ്യാലറിയിലോ സംവദിക്കുകയാണ് .മരിച്ചവരും ജീവിച്ചവരും തമ്മിൽ വ്യത്യാസമില്ലാതായി. ഒന്നുകിൽ എല്ലാവരും ജീവിച്ചിരിക്കുന്നു ,അല്ലെങ്കിൽ എല്ലാവരും മരിച്ചിരിക്കുന്നു. കാണിയും കലാകാരനും തമ്മിലുള്ള വിടവ് ഇല്ലാതായി .കാണി തന്നെയാണ് എല്ലാം സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും. നവമാധ്യമങ്ങളിൽ ധർമ്മം,ന്യായം,നീതി, തുല്യത,സത്യസന്ധത,വിശ്വാസ്യത തുടങ്ങിയ മൂല്യങ്ങൾക്കൊന്നും  സ്ഥാനമില്ല .അപ്പോൾ തോന്നുന്നതാണ് നീതി. നീതികേടായിരിക്കുന്നതാണ് നീതി. നീതിയിൽ ഒരാൾ വിള്ളൽ വീഴ്ത്തിയെത്ത് സംശയം തോന്നിയാൽ എല്ലാവരും പുണ്യാളന്മാരും ദിവ്യന്മാരും ഹരിശ്ചന്ദ്രന്മാരുമായി രംഗപ്രവേശം ചെയ്യുകയായി.

മലിനമായ ചുവരുകൾ 

വ്യാജമായതെല്ലാം വിൽക്കപ്പെടുന്നു.നേരായിട്ട് , പഠനത്തിൻ്റെ ഭാഗമായിട്ട് കണ്ടുപിടിച്ചത് വിൽക്കപ്പെടണമെന്നില്ല. അത് വെറുതെ കാണാനുള്ളതാണ്. സത്യത്തിന് ഇപ്പോൾ ഒരു സൗന്ദര്യവുമില്ല; വെറും പ്രദർശനമൂല്യം മാത്രമേയുള്ളു. ഏത് വൃത്തികെട്ട ചുവരും പ്രദർശനയോഗ്യമാണ്. മലിനമായ ചുവരുകൾ നോക്കാൻ ആളുകൾ ഏറുകയാണ്. ചിട്ടപ്പെടുത്തിയത്, ധിഷണാപരമായി  സൃഷ്ടിച്ചത്  പാർശ്വവൽക്കരിക്കപ്പെടാൻ കാരണം സത്യത്തിന് വിലയില്ലാതായതാണ് . സത്യം ഒരു കെട്ടുകഥയായി മാറിയിരിക്കുന്നു. സത്യം വ്യാജമാണ്.  വ്യാജമായതെല്ലാം ആദർശപരമാവുകയാണ്. ഒരു ജനതയാകെ അഴിമതിയിൽ മുങ്ങുമ്പോഴാണ് ദുശ്ശാസ്സനൻ , രാവണൻ ,ദുര്യോധനൻ  തുടങ്ങിയവരെ മഹത്വപ്പെടുത്തിക്കൊണ്ട് ആളുകൾ നോവൽ എഴുതുന്നത്. 

മൂല്യങ്ങൾ കടപുഴകേണ്ടത് അനിവാര്യതയായിരിക്കാം; കാലമാണത് ആവശ്യപ്പെടുന്നത്. വായിക്കാൻ വ്യാജവാർത്തകൾ മാത്രം മതി എന്നു  തീരുമാനമെടുക്കുന്ന വായനക്കാരൻ്റെ  മാനസികാവസ്ഥ എന്താണ് ?
അയാൾ നേരായ വാർത്തകൾകൊണ്ട് തൃപ്തിപ്പെടാതായിരിക്കുന്നു. നേരായ വാർത്തകൾ അയാൾ  നേരത്തെതന്നെ 'സങ്കല്പിച്ച'താണ്. അയാൾ കൗതുകം കാണുന്നത് ജീവിതത്തെ ധ്വംസിക്കുകയോ  അട്ടിമറിക്കുകയോ വെറുക്കുകയോ  ചെയ്യുന്ന വ്യാജവാർത്തകളിലാണ്. അയാൾ അതിൽ നിന്ന് പ്രത്യേക ലഹരി നുകരുന്നു. 

ജീവിതം വ്യാജം 

ഫേസ്ബുക്കിലെ കവികളുടെയും കഥാകൃത്തുക്കളുടെയും മനസ്സ് എന്തെഴുതുന്നു എന്നതിലല്ല, നിരന്തരമായി എന്തെങ്കിലുമൊക്കെ എഴുതുക എന്നതിലാണ്. യാതൊന്നിൻ്റെയും അഗാധതയിലേക്ക് പോകരുത് !എപ്പോഴും സാന്നിധ്യമുണ്ടായിരിക്കുന്നതിനാണ് എഴുതുന്നത്. അതാകട്ടെ സ്വന്തം ആവശ്യത്തിനായി ഉണ്ടാക്കിയെടുക്കുന്നതാണ്. പ്രമുഖ ഇന്ത്യൻ സംവിധായകരായ മൃണാൾ സെൻ ,ഋത്വിക് ഘട്ടക്ക് തുടങ്ങിയവരെ വിമർശിച്ച ശേഷം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിമിനെ പ്രകീർത്തിച്ച് എഴുതിയാൽ ആയിരക്കണക്കിന് ലൈക്കും ഷെയറും കിട്ടും. വ്യാജത്വം ഒരു മൂല്യമായി എന്നാണ് ഇത് കാണിക്കുന്നത്. മനുഷ്യൻ ഒരു യാഥാർത്ഥ്യമല്ല ,വ്യാജ യാഥാർത്ഥ്യമാണെന്ന് അവനു തന്നെ ബോധ്യം വന്നിരിക്കുന്നു. ജീവിതം, മാക്സിം ഗോർക്കി പറഞ്ഞതുപോലെ, ഒരു കെണിയായി മാറിയിരിക്കുന്നു. എന്നാൽ അതിനുമപ്പുറം ജീവിതം വ്യാജമായിരിക്കുന്നു.

ഇംഗ്ളീഷ് നാടകകൃത്ത് ക്രിസ്റ്റഫർ മാർലോ (1564-1593)പറഞ്ഞു, അനുകരിക്കപ്പെട്ട ഒന്നിനെ എതിർക്കാനുള്ള ഏറ്റവും ധിഷണാപരമായ സമരമാണ് സൃഷ്ടി എന്ന് .ഈ പ്രസ്താവം വളരെ പഴയതാണ്. ഇന്നു ഇതാരെങ്കിലും ഏറ്റെടുക്കുമോ? കാരണം, അനുകരിക്കപ്പെടുന്നതാണല്ലോ ഇപ്പോൾ കല .അനുകരിക്കാത്ത, അചുംബിതമായ കലയില്ലല്ലോ.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ, കലാ,ശാസ്ത്രമേഖലകളിലുണ്ടായിരുന്ന ഏകധ്രുവം ഇല്ലാതായിരിക്കുകയാണ്. വേർഡ്സ്വർത്ത് ,കോൾറിഡ്ജ് പോലുള്ള കവിധ്രുവങ്ങൾ ഇപ്പോഴില്ല. ഇന്ന് ഓരോ പ്രൊഫൈൽ പേജും ഓരോ ധ്രുവമാണ് .ഓരോ വിചാര വൈയിത്ര്യമാണ്.

കലാകാരന്മാരും പരിശീലനം നേടിയ വിദഗ്ധരും തുടക്കക്കാരും ഒരു പോലെ ഓരോ മാധ്യമമാണ്. മാധ്യമങ്ങളുടെ കേവല വ്യവഹാരത്തിനപ്പുറത്ത് ഓരോ വ്യക്തിയും മാധ്യമമാവുകയാണ്. അതുകൊണ്ട് ഓരോരുത്തരും വാർത്ത സൃഷ്ടിക്കാൻ മുന്നോട്ടു വരുന്നു. പൂവും ദുർഗന്ധവും ഒരുമിച്ചു വരുകയാണ്.ഒരു ഉല്പന്നമായാണ് ഓരോരുത്തരും എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. അതിനോട് ആത്മബന്ധമില്ല .താൻ വിലകൊടുത്തു വാങ്ങിയ ഒരു വസ്തുവിൻ്റെ മേലുള്ള ഉടമസ്ഥാവകാശം തന്നെയാണ് ഇതിലുമുള്ളത്.

മോഷ്ടിച്ചതാണോ ഒറിജിനലാണോ എന്ന ചിന്ത തന്നെ അപ്രസക്തമാണ്. കാരണം, ഇതൊന്നും ആരും പരിശോധിക്കേണ്ട സാഹചര്യമില്ല .ഒരു ചരിത്രക്ലാസ്സിൽ മോഷണമുതലും  ഒറിജിനലും അണിനിരക്കുന്നു. ഗുഗിളിലും അങ്ങനെ തന്നെ. ഗൂഗിൾ സെർച്ച് എൻജിൻ പുതിയ ഹിസ്റ്ററി ക്ലാസിൻ്റെ രൂപകമാണ്. അവിടെയും ചരിത്രം നമ്മൾ ജീവിക്കുന്ന നിമിഷമാണ് .ആ നിമിഷത്തിൽ പഴയതും പുതിയതുമെല്ലാം ഒന്നിച്ചവതരിക്കുന്നു. മൺമറഞ്ഞതൊന്നും അങ്ങനെയല്ല .അതെല്ലാം ജീവിക്കുകയാണ്. എന്താണ് അനശ്വരമായത് എന്ന ചിന്ത സത്യത്തിനെതിരായിരിക്കുകയാണ്. അനശ്വരത ആപത്താണ്; നൈമിഷികതയുടെ സത്യം മതി എന്നതാണ് പുതിയ മതം. സത്യം സൗന്ദര്യമല്ലാതായി. അത് വിരൂപവും അഴുക്കുപുരണ്ടതുമായി.  പക്ഷേ ,അതിനു ആരാധകരേറെയാണ്.

തോൽക്കുന്ന കവിത 

ഈ ഹിസ്റ്ററി ക്ലാസ്സിൽ എന്തെഴുതിയാലും വിൽക്കാം ;വിപണി സാർവത്രികമാണ്. നോവലിൻ്റെ വലിപ്പത്തിനാണ് വില. കവിതാസമാഹാരത്തിൻ്റെ കവർച്ചിത്രത്തിനാണ് മൂല്യം. കവിത എഴുതുമ്പോൾ തന്നെ കാലഹരണപ്പെടുകയോ ജീവിതത്തിനു മുന്നിൽ തോറ്റു പോവുകയോ  ചെയ്യുന്നതുകൊണ്ട് അതിനെക്കുറിച്ച് ഗഹനമായ അന്വേഷണമോ ചർച്ചയോ ചിന്തയോ ആവശ്യമില്ലാതായി. കവിത എഴുതിക്കഴിയുമ്പോഴേക്കും ജീവിതം ബഹുദൂരം മുന്നിലേക്ക് സഞ്ചരിച്ചിട്ടുണ്ടാവും . ലക്ഷക്കണക്കിനു കവികൾ വരാൻ കാരണം എല്ലാവർക്കും സാന്നിധ്യമുണ്ടായാൽ മതി എന്ന ചിന്തയാണ്. സ്വാതന്ത്ര്യത്തിൻ്റെ ഒരാംഗ്യമാണത്. എന്താണ് എഴുത്തിലെ ഉള്ളടക്കമെന്ന ചിന്ത ഒരു തലത്തിലും സ്വീകരിക്കപ്പെടുന്നില്ല .കാതലായ എന്തെങ്കിലും ആശയങ്ങൾ ഉണ്ടെന്നു തോന്നിപ്പിക്കുന്ന രചനകൾ ചോദ്യം ചെയ്യപ്പെടുകയോ അതെഴുതിയ ആൾ ആക്രമിക്കപ്പെടുകയോ ചെയ്തേക്കാം. ആദരവ് ,അനുകമ്പ എന്നിവയൊക്കെ നാമാവശേഷമായി.
ഏതു നിലയിലുള്ളയാളെയും നിലത്തിട്ടു ചവിട്ടണമെന്നാണ് നവമാധ്യമകാലം നിർദ്ദേശിക്കുന്നത് ;ആദരവ്, മര്യാദ ,ത്യാഗം തുടങ്ങിയവയൊക്കെ ചരിത്രത്തിലെ പഞ്ചറായ ആശയങ്ങളായി പരിണമിച്ചിരിക്കുന്നു. അത് ഇപ്പോൾ ആവശ്യമില്ലല്ലോ.

1984 എന്ന നോവൽ എഴുതിയ ജോർജ് ഓർവെൽ പറഞ്ഞത്(ബിബിസി ഇൻ്റർവ്യു)ശ്രദ്ധേയമാണ്. ഒരു പ്രവചനം പോലെയാണത്. മനുഷ്യൻ്റെ മുഖത്ത് ബൂട്ടുകൊണ്ട് ചവിട്ടുന്ന ഒരു ദൃശ്യമാണ് വരാൻപോകുന്ന കാലത്തെക്കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ വരുന്നതെന്ന്  അദ്ദേഹം വിവരിച്ചു. മാത്യു ആർനോൾഡിൻ്റെ 'ഡോവർ ബീച്ച് ',ജോൺ കീറ്റ്സിൻ്റെ 'ഓഡ് ടു എ നൈറ്റിംഗേൽ' എന്നീ കവിതകളിൽ  വിഷാദമാണ് പ്രാധാന്യം നേടുന്നത് . ചിലപ്പോൾ അത് ഭൗതിക പ്രണയത്തെയും മറികടക്കുന്നു. ചങ്ങമ്പുഴയുടെ 'രമണനി'ൽ വിഷാദമാണല്ലോ മുഖ്യം.
പ്രണയം ദുഃഖമായിരുന്നു ,അന്ന്.  എന്നാൽ പുതിയ ഹിസ്റ്ററി ക്ലാസ്സിൽ പ്രണയത്തിന് ദുഃഖമില്ല ,വെറുപ്പും വലിച്ചെറിയലുമാണ് പ്രധാനം.

തെറിക്ക് മാന്യത

ട്വിറ്റർ ഹാൻഡിൽ ഇന്ന് പലരും ഉപയോഗിക്കുന്നത് തെറി പറഞ്ഞു സംതൃപ്തി നേടാനാണ് .തൻ്റെ  ചപലവും വിക്ഷണമില്ലാത്തതും കിരാതവും അറപ്പുളവാക്കുന്നതുമായ  ചിന്താഗതികൾ വച്ച് സകലതിനെയും സകലരെയും തെറിപറയുന്ന സംസ്കാരത്തിന് മാന്യത ലഭിച്ചിരിക്കുകയാണ് .ചരിത്രം ഒരു ക്ലാസ് മുറിയിലാവുന്നത്  ഇങ്ങനെയാണ് .ചരിത്രക്ലാസ് എന്ന അവബോധത്തിലാണ് ആളുകൾ. അവിടെ അവർ മൃതിയെയും ഭൂതകാലത്തെയും ചീട്ടുപോലെ കശക്കുന്നു. ചരിത്രമാണ് അവിടെ മുഖാമുഖം വരുന്നത്. ചരിത്രം എന്ന് പറയുന്നത് വളരെ പഴകിയ കുറെ ഭരണ വ്യവസ്ഥകളല്ല, യുദ്ധങ്ങളുമല്ല .ഇന്ന് നാം പുറപ്പെടുവിക്കുന്ന സന്ദേശങ്ങളും വൃത്തികെട്ട ആംഗ്യങ്ങളും തമാശകളും വ്യാജപ്രൊഫൈലുകളും എല്ലാം ചേർന്നാണ് ചരിത്ര ക്ലാസ്  പ്രവർത്തിക്കുന്നത് .

നക്ഷത്രങ്ങളുടെ ഭാഷ/അക്ഷരജാലകം /എം.കെ. ഹരികുമാർ

 





ഇത് ചിന്തയുടെ അനന്തര കാലമാണല്ലോ. ചിന്തകൾക്ക് ഇപ്പോൾ വലിയ അന്വേഷകരില്ല. ലോകം ആശയാനന്തര(പോസ്റ്റ് ഐഡിയ) കാലത്തിലേക്ക് കടന്നു കഴിഞ്ഞു. ഡിജിറ്റൽ ടെംപ്ലേറ്റുകളുടെയും ഡേറ്റയുടെയും മൾട്ടി മീഡിയയുടെയും കാലത്ത് മാധ്യമവത്ക്കരണം മതി, ആശയങ്ങൾ വേണ്ട. മനോഹരമായ ഒരു വസ്തുവായി നിൽക്കുകയാണ് മാധ്യമധർമ്മം .ആശയങ്ങൾക്ക് അവിടെ ഇടമില്ല. മാധ്യമങ്ങൾ തന്നെ കാഴ്ചവസ്തുവാകുകയാണ്. യാഥാർത്ഥ്യമോ സത്യമോ വിലയില്ലാത്തതായി .ഫേക്ക് ന്യൂസ് അഥവാ വ്യാജവാർത്ത ഇന്നു വലിയൊരു കമ്പോളമായി തീർന്നിരിക്കുന്നു. ശരിയായ വാർത്തകൾ ആവശ്യമില്ല എന്നു കരുതുന്നവരുണ്ട്. വ്യാജവാർത്തകൾ മാത്രം മതി എന്ന നിലപാട് ഉള്ളവരുണ്ട്. ഇതാണ് ആശയാനന്തര ലോകത്തിൻ്റെ സ്വഭാവം. ചിന്തകൾക്ക് നാശം സംഭവിച്ചിരിക്കുന്നു. ഇവിടെയാണ് ആത്മീയശൂന്യത വെളിപ്പെടുന്നത് .ഇന്ന് ഒരാത്മീയജീവി സ്വയം മനസ്സിലാക്കാനും സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിക്കാനുമായി ചിന്തയിലേക്ക് തന്നെ മടങ്ങേണ്ടിവരുന്നു.
എച്ച്.ഡി സാങ്കേതികവിദ്യയുണ്ടായാലും   സംപ്രേഷണവും ചർച്ചയും  തെറിയെക്കുറിച്ചു തന്നെ. സമീപകാലത്ത് 'ചുരുളി' എന്ന സിനിമയിലെ തെറി സംഭാഷണങ്ങൾ നല്ലൊരു ശതമാനം കാണികളും  ഇലക്ട്രോണിക് മാധ്യമങ്ങളും ആർത്തിയോടെ രുചിച്ചത് ആശയങ്ങളുടെ മരണത്തെ ചൂണ്ടിക്കാണിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മഹാചിന്തകനും  എഴുത്തുകാരനുമായ ഷാങ് പോൾ സാർത്രിൻ്റെ 'പോർട്രെയ്റ്റ്സ്' എന്ന പുസ്തകം യാദൃശ്ചികമായാണ്  കാക്കനാട് ഇ.എം.എസ് ലൈബ്രറിയിൽ തിരയുന്നതിനിടയിൽ കൈയിൽ തടഞ്ഞത്. ആശയങ്ങളില്ലാതായ ഇന്നത്തെ കാലത്ത് ഈ പുസ്തകം നമ്മെ ഒരാശയവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ശൂന്യതയിൽ കഷ്ടപ്പെടുന്ന വായനക്കാരന് ഇത് നിറയെ ഓക്സിജൻ നല്കും .

1964ൽ പാരീസിലെ ഗാലിമാർ പ്രസിദ്ധീകരിച്ച എഡിഷൻ്റെ 2017ലെ സീഗൾ പതിപ്പാണിത്. സാർത്രിൻ്റെ  ചിന്താപരമായ പ്രകമ്പനങ്ങൾ നിറയുന്ന ഈ താളുകളിൽ അദ്ദേഹം എഴുതിയ അവതാരികകളും ദീർഘമായ കത്തും മറ്റു ലേഖനങ്ങളും അടങ്ങിയിരിക്കുന്നു. 
ഫ്രഞ്ച് എഴുത്തുകാരി നതാലി സറോറ്റിൻ്റെ 'പോർട്രേറ്റ് ഓഫ് എ മാൻ അൺനോൺ 'എന്ന പുസ്തകത്തിന് സാർത്ര് എഴുതിയ ആമുഖമാണ് ആദ്യത്തെ ലേഖനം. തുടർന്ന് പോളിഷ് സംഗീതജ്ഞൻ റെനെ ലീബോവ്റ്റ്സിൻ്റെ 'പുസ്തകത്തിന് എഴുതിയ ആമുഖം, ഓസ്ടിയൻ - ഫ്രഞ്ച് ചിന്തകൻ ആന്ദ്രേ ഗോർസിൻ്റെ കൃതിക്കെഴുതിയ മുഖവുര ,ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യുവിനുള്ള ദീർഘ മറുപടി എന്നിവയും ഫ്രഞ്ച് ചിന്തകകരായ പോൾ നിസ്സാൻ ,മെർലോ പോണ്ടി ,ഇറ്റാലിയൻ പെയിൻ്റർ ജാക്കപോ ,ഫ്രഞ്ച് പെയിൻ്റർ ആന്ദ്രേ മേസൺ തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങളും ഉൾപ്പെടുന്നു .

ആത്മീയപരീക്ഷണം

സാർത്ര് ചിന്ത എന്ന തീ ഭക്ഷിക്കുന്ന ജീവിയായിരുന്നു. ബീയിംഗ് ആൻഡ് നതിംഗ്നസ്, വാട്ട് ഈസ് ലിറ്ററേച്ചർ (തത്ത്വചിന്ത),ദ് റോഡ്സ് ടു ഫ്രീഡം ,നോസിയ (നോവലുകൾ)  തുടങ്ങിയ കൃതികൾ അത് വ്യക്തമാക്കും. ആശയങ്ങൾ ഭക്ഷിക്കുന്നവരുടെ അനിവാര്യമായ മനുഷ്യാവസ്ഥയാണ് സാർത്രിൽ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിൽ എഴുത്തുകാർക്ക് വലിയ പ്രഹേളികകൾ നേരിടാനുണ്ടായിരുന്നു. റിൽക്കേ ,ആൽബേർ കമ്യു ,ബർട്രാൻഡ് റസ്സൽ, ഹെമിംഗ്വേ   തുടങ്ങിയവർ ആ കൂട്ടത്തിൽ പ്രധാനികളായിരുന്നു .
എന്നാൽ ഇപ്പോൾ ചിന്തകൾ ആവശ്യമില്ലാതെ വരുകയാണ് .മലയാള എഴുത്തുകാർ ഇരുന്നൂറ് വർഷം പിറകിൽ സഞ്ചരിക്കുമ്പോൾ ജയിംസ് ജോയ്സിൻ്റെ 'യുളിസസ്' എന്ന നോവലിൻ്റെ പേരിലും എലിയറ്റിൻ്റെ 'ദ് വേസ്റ്റ് ലാൻഡ് 'എന്ന കവിതയുടെ പേരിലും ഇളകി മറിയുന്നത് കാപട്യവും സാംസ്കാരിക പൊങ്ങച്ചവുമാണ്. ഇക്കൂട്ടർക്ക് മേൽപ്പറഞ്ഞ കൃതികളുമായി യാതൊരു ബന്ധവുമില്ല.  നമ്മുടെ നാട്ടിൽ പുരസ്കാരങ്ങൾ കിട്ടുന്ന കൃതികൾ വായിച്ചു നോക്കുക.  ഒന്നിനും ചിന്ത എന്ന ഗുണമില്ല. സൗന്ദര്യാനുഭവം അരികിലൂടെ പോലും കടന്നുപോകുന്നില്ല. ദാർശനികമായ ആലോചനകൾ ഇല്ലാതായി. മുൻകാലങ്ങളിൽ അങ്ങനെയായിരുന്നില്ല. സി.വി. രാമൻപിള്ള ദാർശനികനായിരുന്നു.  നാലപ്പാട്ട് നാരായണമേനോനിൽ ദാർശനികതയുണ്ടായിരുന്നു. ഇന്നു  ആഘോഷങ്ങളും കെട്ടുകാഴ്ചകളും  മാത്രമേയുള്ളൂ ;ഉള്ളു പൊള്ളയാണ്. 

അർത്ഥം ഒരു വസ്തുവിൽ നിന്ന് ഭിന്നമല്ല. എത്രത്തോളം നാം അതിൽ ശ്രദ്ധിക്കുന്നുവോ അതിനനുസരിച്ച് അത് കൂടുതൽ പ്രകടമാകും -സാർത്ര് അഭിപ്രായപ്പെടുന്നു. അനുവാചകനിലാണ് പ്രകമ്പനങ്ങൾ ഉണ്ടാകുന്നത് ;അവൻ പൂരിപ്പിക്കുകയാണ് ,ഒരേ സമയം സാഹിത്യകൃതിയെയും തന്നെത്തന്നെയും .ഒരു കൃതി വായിക്കുമ്പോൾ അത് ആത്മാന്വേഷണമാണ്. അതുകൊണ്ട് വായന യോഗയും ആത്മീയപരീക്ഷണവുമാണ് .'ചെമ്മീൻ'വായിക്കുമ്പോൾ നമ്മൾ തകഴിയെയും വായിക്കുന്നു. തകഴി ഒരു കഥാപാത്രമായി ആ കൃതിയിൽ തുടരുകയാണ്. പക്ഷേ, അദൃശ്യനാണ് എഴുത്തുകാരൻ. വായനക്കാരൻ്റെ മനസ്സാക്ഷിയിലാണ് എഴുത്തുകാരൻ്റെ നിഴൽ പതിയുന്നത്.

ഒരു വസ്തുവിനു അർത്ഥം ഉണ്ടായിരിക്കുന്നത്, അത് ഒരു യഥാർത്ഥ്യത്തിൻ്റെ അവതാരം ആയിരിക്കുമ്പോഴാണ്. എന്നാൽ ആ യാഥാർത്ഥ്യം അതിനെ തന്നെ മറികടന്ന് പോവുകയാണ്. ആ  വസ്തുവിനു വെളിയിൽ അതിനെ പിടിച്ചെടുക്കുക പ്രയാസമാണ്. അതിന് അനന്ത സ്വഭാവമാണുള്ളത്. യാതൊരു ചിഹ്നവ്യവസ്ഥയ്ക്കും അതിനെ പൂർണമായി പ്രതിഫലിപ്പിക്കാനാവില്ല. ഒരു സാകല്യതയാണത്; ഒരു വ്യക്തിയെ പോലെ, സാമൂഹികാവസ്ഥയെ പോലെ, മനുഷ്യാവസ്ഥയെ പോലെ, കാലഘട്ടത്തെ പോലെ -സാർത്രിൻ്റെ ചിന്തകൾ .

നക്ഷത്രങ്ങൾ കേഴുന്നു 

ഒരു പുസ്തകത്തിനു ഒരു  സംഘസത്തയുണ്ട് .ഒരു പുസ്തകം അതിനപ്പുറത്താണ് വായിക്കപ്പെടുന്നത്. അത് പല വായനക്കാർ ചേർന്ന് നിർമ്മിക്കുന്ന ഒരു പ്രതീതിപുസ്തകമാണ്, കാലങ്ങളിൽ. വായനക്കാരുടെ ചിന്തകൾ പുസ്തകത്തിലേക്ക് വന്നുചേരുകയാണ്. അങ്ങനെ കൃതി പുനർനിർമ്മിക്കപ്പെടുന്നു. പുതിയ അർത്ഥങ്ങളുണ്ടാകുന്നത് എഴുത്തുകാരൻ്റെ പരിധിക്ക് പുറത്താണ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'പാത്തുമ്മയുടെ ആട്' ഒരു വിചിത്രമായ കേരളീയാനുഭവമായി എഴുതപ്പെട്ടതാണെങ്കിലും അത് കാലങ്ങളിലൂടെ വിപുലമായ അർത്ഥം  നേടുകയാണ്. അതൊരു സാധാരണ ആടല്ല ,മനുഷ്യസംസ്കാരത്തിൻ്റെ  അനുതാപവും കണ്ണീരും വാത്സല്യവും ജീവിതത്തിൻ്റെ അനന്യതയും ചേർന്നുണ്ടായ ആടാണ്. ആ ആടിനെ വിലയ്ക്കു വാങ്ങാനാവില്ല.

ഡാവിഞ്ചിയുടെ 'മോണാലിസ'യുടെ ചിരി എന്തെങ്കിലും പറയുന്നതായി അർത്ഥമാക്കുന്നില്ല. എന്നാൽ എന്തോ ചിലതുണ്ട് .അതിൽ കാണാനാവുന്നത് യോഗാത്മകതയുടെയും സ്വാഭാവികതയുടെയും അപരിചിതമായ മിശ്രണമാണ് ' -സാർത്ര് വിലയിരുത്തുന്നു. മോണാലിസയുടെ ചിരി നമ്മുടേതാണ്. അതിൽ നമ്മളാണ് ഭാവനകൾ പ്രസരിപ്പിക്കുന്നത്. എന്തെന്നാൽ മനുഷ്യവംശത്തിൻ്റെ അന്തരംഗത്തിലെ അദൃശ്യമായ ചിരിയാണത്. ഒരു കലാകാരൻ അന്യാദൃശമായതാണ് തിരയുന്നത്.
എല്ലാവരും ഉപയോഗിച്ചതിനു മൂല്യമില്ല. അത് ആവർത്തനമാണ്. കലാകാരൻ്റെ  ആത്മസാക്ഷ്യങ്ങളെ സ്വാധീനിക്കുന്ന ഗോളാന്തരരൂപങ്ങളുണ്ട്. കലാകാരനെ മറ്റു ഗ്രഹങ്ങൾക്ക് കേൾക്കാനാവുന്ന ഒരു ഭാഷ അവൻ്റെ പക്കലില്ല. കലാകാരനെയോർത്തു നക്ഷത്രങ്ങൾ കേഴുകയാണ്. നക്ഷത്രങ്ങൾക്ക് അവയുടെ അന്തരംഗത്തെ പ്രകാശനം ചെയ്യുന്നതിനാവശ്യമായ ഒരു ഭാഷ അവൻ്റെ പക്കലാണുള്ളത്. അത് പക്ഷേ, അവൻ നശിപ്പിച്ചു കളയുകയാണെങ്കിൽ പ്രപഞ്ചം എന്തു ചെയ്യും ? മറ്റൊരു മിത്ത് സൃഷ്ടിക്കുന്നവനെ കാത്തിരിക്കും.

സാർത്ര് ആശയങ്ങൾകൊണ്ട് നിർമ്മിച്ചെടുത്ത ലോകങ്ങൾ ഈ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചർച്ച ചെയ്യണം. സ്വിസ്സ് ശില്പി ജാകോമറ്റിയെക്കുറിച്ചും ആൽബേർ കമ്യുവിനെക്കുറിച്ചുള്ള സാർത്രിൻ്റെ വീക്ഷണങ്ങൾ ആശയങ്ങളിൽ പ്രതീക്ഷയുള്ളർക്ക് ആയുസ് നീട്ടി നല്കും. സാർത്ര് പറയുന്നു: 'കമ്യുവിനെ ഇരുപതാം വയസ്സിൽ ബാധിച്ച രോഗം അദ്ദേഹത്തെ തകിടം മറിച്ചു .അങ്ങനെയാണ് കമ്യു അസംബന്ധദർശനത്തിൽ എത്തിച്ചേർന്നത്‌. മനുഷ്യവംശത്തോടുള്ള ബുദ്ധിശൂന്യമായ നിഷേധമായി അത് പരിണമിച്ചു .അദ്ദേഹം ആ സാഹചര്യവുമായി ഇഴുകിച്ചേർന്നു.  അസഹനീയമായ ആ അവസ്ഥയിലൂടെ അദ്ദേഹം ചിന്തിച്ചു ,കടന്നുപോയി'.
കമ്യു വാഹനാപകടത്തിൽ മരണമടഞ്ഞതിനുശേഷമാണ് സാർത്ര് ദീർഘിച്ച ഈ ലേഖനമെഴുതിയത്. ഇത് ഇരുപതാം നൂറ്റാണ്ടിലെ ബുദ്ധിയുള്ള മനുഷ്യൻ്റെ ആഭ്യന്തര ലോകത്തെ തീവ്രമായി പ്രകടമാക്കുകയാണ്. അസംബന്ധത്തെ തന്നെ ആശ്ലേഷിച്ച കമ്യുവിൻ്റെ മരണം ഒരു ദുരാരോപണമായാണ് തനിക്ക് തോന്നുന്നതെന്ന് സാർത്ര് എഴുതുന്നത് മരണത്തെയും അസംബന്ധമാക്കുന്നു.
 
ദൈവത്തിൻ്റെ ഇടങ്ങൾ

കലാപരീക്ഷണത്തിന് പിന്നിലുള്ളത് സൗന്ദര്യത്തെക്കുറിച്ചുള്ള അഗാധമായ വെളിപാടാണ്. അപ്പോഴും കല തന്നെയാണ് കലാകാരൻ്റെ മുഖ്യപരിഗണന. കലാകാരൻ രാഷ്ട്രീയത്തിനും മതത്തിനും ചെവികൊടുക്കേണ്ടതില്ല.  അനിവാര്യമായ ഘട്ടങ്ങളിൽ ചില  പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അപ്പോഴും കലയ്ക്കുള്ള പ്രാഥമികമായ  പരിഗണന കഴിഞ്ഞേ മറ്റു വിഷയങ്ങൾക്ക് സ്ഥാനമുള്ളൂ.
കലാകാരൻ രാഷ്ട്രീയം മാത്രമാണ്  പറയുന്നതെങ്കിൽ ,അതിൽ കലയ്ക്കുള്ള സ്ഥാനം ഇല്ലാതാവുക തന്നെ ചെയ്യും. കലാകാരൻ്റെ രാഷ്ട്രീയം എപ്പോഴും പതിതരോടൊപ്പമായിരിക്കണം. കാരണം ,പതിതർക്കാണ് അനുകമ്പ വേണ്ടത് .പതിതനിൽ സൗന്ദര്യം കണ്ടെത്തുകയാണെങ്കിൽ അത് ലോകത്തിനുള്ള വിലപ്പെട്ട സുവിശേഷമായിരിക്കും .
'സൗന്ദര്യം ഒരേയൊരു അടരുള്ള  വസ്തുവല്ല ;അതിനു രണ്ട് ഘടകങ്ങൾ വേണം - ദൃശ്യമായതും രഹസ്യമായതും' - സാർത്രിൻ്റെ വാക്കുകൾ .

പ്രമുഖ ചെക്ക് -ജർമ്മൻ എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ 'ജോസഫൈൻ ദ് സിംഗർ, ഓർ ദ് മൗസ് ഫോക്ക്' എന്ന കഥയിൽ ഒരു എലി സംഗീതജ്ഞയാകുന്നതിൻ്റെ വംശീയപ്രശ്നമാണ് ചർച്ച ചെയ്യുന്നത്. 
ഈ സംഗീതം മനുഷ്യനെന്ന വർഗ്ഗത്തെ ഉദ്ബോധിപ്പിക്കുന്നില്ലെങ്കിൽ പിന്നെ ആരാണത് കേൾക്കുക? ദൃശ്യപ്പെടുന്ന സൗന്ദര്യത്തിനപ്പുറത്ത് ദൈവം ഒളിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കലാകാരൻ പ്രവേശിക്കേണ്ടതുണ്ട്.
കാഫ്ക സൃഷ്ടിച്ച എലിയുടെ  സംഗീതത്തിലൂടെ ആ ലോകമാണ് അനാവൃതമാകുന്നത്. ഒരു കലാവസ്തുവിനെ നോക്കിയാൽ ,അത് നിശ്ചേതനമായ ഒരു ദൃശ്യാത്മകതയിലേക്ക് മാറുന്നത് കാണാം. സൗന്ദര്യം പിന്മാറുകയും ആടകൾ തെളിഞ്ഞു വരുകയും ചെയ്യും .ഇറ്റാലിയൻ കാകാരൻ റാഫേലിൻ്റെ ചില ഛായാചിത്രങ്ങൾ ഇത് ഉദാഹരിക്കുന്നുണ്ട്. ഇവിടെ നിശ്ചേതനമായ ദൃശ്യാത്മകത എന്നുപറയുന്നത് നിശ്ചലമായത് എന്ന അർത്ഥത്തിലാണ്. വലിയ ഒരു കാലപ്രവാഹത്തിലെ ഒരു നിമിഷമാണല്ലോ കലാകാരൻ ആവിഷ്കരിക്കുന്നത്. അത് അവിടെ നിശ്ചലമാണ് .എന്നാൽ അതിൻ്റെ  ഇളക്കങ്ങൾ അവസാനിക്കുന്നില്ല. അനുവാചകനാണ് അതേറ്റെടുക്കുന്നത്.  അവനിൽ അത് ഒരു മഹാചലനമായി രൂപപ്പെടുന്നു .സൗന്ദര്യത്തെ കുറേക്കൂടി സമ്മോഹനമാക്കുന്ന പ്രകടഭാവങ്ങൾ റാഫേലിൻ്റെ ഛായാചിത്രങ്ങളിൽ കാണാം. അതിൽ കറുപ്പ് നൃത്തം ചെയ്യുകയാണ്.

കലാകാരൻ തെളിച്ചെടുക്കുന്ന വഴികൾ  നമ്മൾ കണ്ടെത്തണം. നമ്മൾ ഒറ്റയ്ക്ക് സഞ്ചരിക്കണം. കലാകാരൻ എങ്ങനെ തൻ്റേതായ വഴി കണ്ടെത്തും? .അവന് സമൂഹം വിലങ്ങ് വെച്ചിരിക്കുകയാണ്. അവന് സ്വാതന്ത്ര്യമില്ല. അവനെ  സ്ഥാപനങ്ങളും അധികാരവ്യവസ്ഥയും  വലയം ചെയ്തിരിക്കുകയാണ്. ആ വ്യവസ്ഥ സ്വയം സംസാരിക്കുന്നതാണ്, നീചമായ സ്വരത്തിൽ .ലോകത്തിൻ്റെ കണ്ണുകെട്ടിയാണ് അവൻ എന്തെങ്കിലും ചിത്രീകരിക്കുന്നത്. ലോകം അത് പെട്ടെന്ന് മനസ്സിലാക്കരുത്‌. ദുർഗ്രഹമായ സാഹിത്യത്തിൻ്റെ ഒരു കാരണം അതാണ് .സ്വയം ഒളിപ്പിക്കുകയാണ്; അല്ലെങ്കിൽ സ്വയം ഒളിച്ചുവയ്ക്കുകയാണ് .റഷ്യൻ കവി മയക്കോവ്സ്കി പറഞ്ഞു: 'പ്രേമത്തിൻ്റെ വള്ളം ഇടിച്ചു തകർന്നിരിക്കുകയാണ്, ഇന്നത്തെ നിങ്ങളിലും എന്നിലും തട്ടി. നമ്മൾ കഷ്ടിച്ച് രക്ഷപ്പെട്ടു. അതുകൊണ്ട് പരസ്പരമുള്ള മുറിവുകളും സങ്കടങ്ങളും വേദനകളും ചിട്ടപ്പെടുത്തി വയ്ക്കുന്നത് അർത്ഥശൂന്യമാണ്'. ലോകം അതിൻ്റെ തന്നെ കെണിയിലേക്ക് മനുഷ്യവ്യക്തിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയാണ്.

അപാരത

കലയുടെ നിർമ്മിതിക്ക്, അതീതമായ ഒരു ഏകത വേണം. ഈ ഏകത അർത്ഥമാക്കുന്നത് മനുഷ്യൻ്റെ നോട്ടത്തിന് അവസാനമില്ല എന്നാണ് .സ്ഥിരമായി കറങ്ങുന്ന നമ്മുടെ കണ്ണുകളാണ് അദൃശ്യമായ ഏകതയുടെ വാഴ്വ് സൃഷ്ടിക്കുന്നത്.  നമ്മുടെ ചുമതലയാണ് അതിനു ചുറ്റും കറങ്ങുക എന്നത് '. _ സാർത്രിൻ്റെ വാക്കുകൾ. അനുവാചകനാണ്  അതീതമായ ഏകതയുടെ സാക്ഷിയാകേണ്ടത്. അദൃശ്യമായ ഒരു ലോകത്തെ അനുഭവിക്കുന്നിടത്താണ് ഈ ഏകതയുള്ളത് .അത് അപാരതയിലേക്കുള്ള നോട്ടമാണ്. നമ്മൾ ഈഫൽ ഗോപുരത്തെ എന്നും നോക്കിക്കൊണ്ടിരിക്കും. നമ്മളാണ് അതിനു ചുറ്റും കറങ്ങുന്നത്. 

ഇറ്റാലിയൻ നവോത്ഥാനകാല കലാകാരനായ ലിയനാഡോ ബസ്സാനോയുടെ 'അലിഗറി ടു ദ് എലമെൻ്റ് എർത്ത് 'എന്ന ചിത്രം അദൃശ്യതയെയാണ് ആവിഷ്കരിക്കുന്നത്.  അനത്തോളിയൻ മാതൃദേവതയായ  സൈബെലി ആകാശത്തിലൂടെ , സിംഹം വലിക്കുന്ന രഥത്തിൽ സഞ്ചരിക്കുന്നത് ഈ ചിത്രത്തിലൊരിടത്ത് കാണാം. ഋതുക്കളെയാണ് ഈ കാൻവാസ് അഭിസംബോധന ചെയ്യുന്നത്. ദൈവം അതിൽ മറനീക്കുകയാണ്. കലയിൽ അമൂർത്തത അനുവദനീയമാണ്. അത് പ്രപഞ്ചത്തിൻ്റെ ദുർഗ്രഹതയിലേക്കാണ് നമ്മെ നയിക്കുന്നത്. അമൂർത്തതയിൽ ഒരു ക്രമീകരണ തത്ത്വമുണ്ട്. അത് ചിത്രത്തിനുള്ളിലെ ക്രമമാണ്. അത് കാൻവാസിൽ നിന്നും വേറിട്ട് നില്ക്കുന്നില്ല. വേറെങ്ങും അതിന് അസ്തിത്വമില്ല. പെട്ടെന്ന് മനസിലാകാത്ത ചിത്രത്തിൽ അതിൻ്റെ തന്നെ ഒരു വ്യവസ്ഥയുണ്ട്.

ഒരു ഫ്രഞ്ച് ഫാൻറസി/അക്ഷരജാലകം /എം.കെ.ഹരികുമാർ

 


LINK

മനുഷ്യൻ അവൻ്റെ  അടിമബോധത്തത്തിൽനിന്ന് മാറുമ്പോഴാണ് ശരിയായ ദൈവികതയും സ്വാതന്ത്ര്യവും ചിന്തയും ഉണ്ടാവുന്നതെന്ന് എത്രയോ ജ്ഞാനികൾ പറഞ്ഞിരിക്കുന്നു. 
എന്നിട്ടും അടിമത്തം തന്നെയാണ് ഇപ്പോഴും പ്രിയപ്പെട്ട മതം.യഥാർത്ഥ മതം ആത്മാവിൻ്റെ സംശുദ്ധീകരിച്ച പ്രഭാവവും സത്യത്തോടുള്ള ആഭിമുഖ്യവും നിഷ്ഠയുമാണങ്കിൽ അടിമത്തം എല്ലാ അധമവികാരങ്ങളുടെയും സഹകാരിയാണ്. അതിനു ആരോടും മമതയില്ല; സ്വന്തം വ്രണങ്ങളിൽ രമിക്കാനുള്ള ഒരു ത്വര മാത്രമേയുണ്ടാകൂ .കാക്കനാടൻ്റെ  'ഫീനിക്സ് 'എന്ന കഥ നോക്കൂ .ഒരു വിമോചകൻ വരുന്നതുവരെ അടിമത്തത്തെ സ്നേഹിക്കുകയാണ് ജനത .ഇന്നും മലയാളകഥയിലെ ഏറ്റവും ആവേശകരമായ നാമം കാക്കനാടൻ എന്നാണ്. അദ്ദേഹം എഴുതുമ്പോൾ ഓരോ വാക്കും കുഞ്ചിരോമങ്ങൾ ഉയർത്തിയും പുരികം വക്രീകരിച്ചും വിഭ്രാമകമായിത്തീരും. ഇതുപോലെ ഭ്രാന്ത് പിടിച്ച ഭാഷ മറ്റെവിടെയും കണ്ടിട്ടില്ല .ഈ ഭാഗം നോക്കുക: 

'ഗ്രാമവാസികളുടെ നെടുവീർപ്പുകൾക്കും മിഴിനീരിനും  പണ്ടത്തെപ്പോലെ ചൂടുണ്ടായിരുന്നു. അവരുടെ ദുഃഖങ്ങൾ പണ്ടത്തെ മാതിരി കനത്ത മേഘങ്ങളായി അവരെ ചൂഴ്ന്നു നിന്നു. അവരുടെ പ്രസവവേദനകൾക്ക് പഴയ രൂക്ഷതയുണ്ടായിരുന്നു .അവരുടെ മരണങ്ങൾക്ക് പഴയ ശോകമൂകഗന്ധങ്ങളും അവരുടെ ചങ്ങലകൾക്ക് പഴയ കിലുക്കവും ഭാരവും. ജനനമരണങ്ങളും ഭയാശങ്കകളും വേദനകളും പഴയ മാതിരി നിലനിന്നിരുന്നു'.

വാക്കുകൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയാണിവിടെ. 'അവൻ്റെ  പിന്നാലെ ഒരു പുതിയ സൂര്യനും'എന്ന്  തുടർന്നു പ്രയോഗിക്കുന്നത് മറ്റൊരു വെളിപാടാണ്. ചിലപ്പോൾ മനുഷ്യൻ ആശ്വാസവും സന്തോഷവും കണ്ടെത്തുന്നത് ദൗർഭാഗ്യത്തിലും ദുരിതത്തിലുമാണ്. ഇതിനേക്കാൾ നല്ലൊരു വിധിക്ക് താൻ അർഹനാണെന്ന് ചിന്തിക്കുകയാണ് അവൻ. പ്രമുഖ ഫ്രഞ്ച് കാല്പനിക ചിത്രകാരനായ യൂജിൻ ഡെലാകോ (1798-1863) സാഹസികമായി ചിന്തിക്കുകയാണ്  ചെയ്തത് .തീവ്രമായ ചിന്തകളാൽ ഒറ്റപ്പെടാൻ യഥാർത്ഥ കലാകാരൻ നിയുക്തനാണെന്ന് അദ്ദേഹം എഴുതി. ഡെലാകോയുടെ 'ദ് ജേർണൽ ഓഫ് യൂജിൻ ഡെലാകോ' എന്ന പുസ്തകത്തിൽ കലാനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും ചിന്തകളുടെയും വലിയൊരു ലോകം കാണാം.

സന്തോഷത്തെക്കുറിച്ച് 

മനുഷ്യൻ മുന്നോട്ടാണ് സഞ്ചരിക്കുന്നതെങ്കിലും എത്ര കാലത്തെ മുന്നേറ്റം അവൻ  നഷ്ടപ്പെടുത്തി. ഇന്ന് എല്ലാ പ്രാണികളും ജീവികളും അവൻ്റെ വളർച്ചയോർത്തു വിഷാദിക്കുകയാണ്. മനുഷ്യരെ ശപിക്കുകയായിരിക്കുമോ സന്ധ്യാവേളകളിൽ ചിവീടുകളുടെ ആവർത്തിച്ചുള്ള ഉച്ചാരണങ്ങൾ അർത്ഥമാക്കുന്നത് ?
നമുക്ക് നഷ്ടപ്പെടുത്താൻ പാടില്ലാത്തത് സാഹോദര്യവും സ്നേഹവുമാണ്. സന്തോഷത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു ചിന്ത ഡെലാകോ അവതരിപ്പിക്കുന്നു :' ആളുകൾ ജീവിതത്തിലെ യഥാർത്ഥ സൗഭാഗ്യങ്ങളെ ആസ്പദമാക്കിയല്ല പെരുമാറുന്നത്. പൊങ്ങച്ചത്തിൽ നിന്നുള്ള സംതൃപ്തിയിലാണ് സന്തോഷമുള്ളതെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. ശ്രദ്ധ പിടിച്ചു പറ്റുന്നതിലുള്ള വിഡ്ഢിത്തം നിറഞ്ഞ സുഖത്തിൽ, അവരെക്കുറിച്ച് മറ്റുള്ളവർക്ക് അസൂയ തോന്നുന്ന സന്ദർഭങ്ങളുണ്ടാക്കുന്നതിൽ അവർ സന്തോഷത്തെ കാണുന്നു'.

ഇത് പിന്നോക്കം പോക്കാണ്.  നേടേണ്ട ആനന്ദം ചാരം കൊണ്ട് മൂടിയ ശേഷം കരിക്കട്ടകൾ തിരിഞ്ഞു നടക്കുന്ന പോലെയാണിത്. ഒരു ചിത്രകാരൻ ജനിക്കുന്നത്, കരിക്കട്ടകൾ കൊണ്ട് മൂടിയ കനലിൽ നിന്നാണ്. കരിക്കട്ടകൾ അബദ്ധ ധാരണകളും അനാവശ്യചിന്തകളും ആത്മാവിനു ഹാനികരമായ വസ്തുതകളുമാണ്. കരിക്കട്ടകളെ വകഞ്ഞുമാറ്റി പുറത്തുവരാനുള്ള ഒരാളുടെ ഇച്ഛാശക്തിയാണ് ,ഒരുവനെ സമൂഹത്തിൻ്റെ ,കാലത്തിൻ്റെ  ഉയർത്തെഴുന്നേൽപ്പിൻ്റെ ബിംബമാക്കുന്നത്. സാഹിത്യമുണ്ടാകുന്നത്, മണ്ണിനടിയിൽ നിന്ന് നീതിയുടെ വാളുമായി ഒരു വാഗ്ഭടൻ  ഉയർത്തെഴുന്നേൽക്കുമ്പോഴാണ്.അത് വല്ലപ്പോഴുമാണ് സംഭവിക്കുന്നത്. ഒത്തുതീർപ്പുകാരും ആഴമില്ലാത്തവരും വെറുതെ ഒച്ചവച്ച് പിന്മാറുകയാണ്.

'സന്തോഷം കിട്ടാൻ വേണ്ടി ശാന്തമായ മനസ്സിനെ അവർ ഉപേക്ഷിക്കുന്നു '- ഡെലാകോ എഴുതുന്നു. 
സന്തോഷം വേണ്ട എന്ന് തീരുമാനിക്കുന്നത്, അതെന്താണെന്ന് അറിയാത്തതുകൊണ്ടാണ്. ദുഃഖം ചിലർക്കെങ്കിലും ഒരാവരണമാണ്.  അതിൽ വിദ്വേഷത്തെയും പരനിന്ദയെയും ഒഴിഞ്ഞുമാറലിനെയും അടക്കിവയ്ക്കാം. ലോകത്തെ സ്നേഹിക്കാതിരിക്കാനുള്ള ഒരു കാരണമാണ് ,ഒരാൾ വ്യക്തിപരമായ ദു:ഖത്തെ ഉപാസിക്കുന്ന പ്രവൃത്തി .ഓരോ ദോഷൈകദൃക്കും ആലോചിക്കുന്നത് ലോകത്തെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണം എങ്ങനെ കണ്ടുപിടിക്കാമെന്നാണ്. അതിനായി അവർ ഇരുട്ടിനോട് യുദ്ധം ചെയ്യുകയാണ്. ഇതിനെയാണ് വെളിച്ചത്തിൻ്റെ പ്രതിനിധാനമായ ജ്ഞാനം ഉള്ളിൽ കയറിയ കലാകാരൻ എതിർക്കുന്നത്. എല്ലാത്തിൽ നിന്നും വിടുതൽ നേടാൻ ആഗ്രഹിക്കുന്നവൻ ദുഃഖത്തെ അന്ധകാരത്തിൻ്റെ മൂല്യമായി ഉയർത്തിക്കൊണ്ട് വരികയാണ് ചെയ്യുന്നത്.

തിന്മ നിറഞ്ഞ പാത്രങ്ങൾ

'ചിലർക്ക് മരണചിന്തയാണ്  ആശ്വാസം. അതിനെ ഒരു രോഗമായി കണ്ടാലും കുഴപ്പമില്ല' - ഡെലാകോ അഭിപ്രായപ്പെടുന്നു. മരണത്തെ ഒരഭയമായി, അനുഗ്രഹമായി കാണുന്ന എത്രയോ ആളുകളുണ്ട് .രക്ഷകഭാവമുള്ള  മരണത്തെ ലോകമാനമായ ഭയമായും ദൗർഭാഗ്യമായും കാണുന്നവരാണല്ലോ അധികവും. ആസക്തിയോടെ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും തുരന്നു ചെല്ലുമ്പോൾ മരണത്തെ രക്ഷകനക്ഷത്രമായി കാണുന്നത് മനുഷ്യൻ്റെ ശീലമാണ്. കാരണം, തിന്മ നിറഞ്ഞ ഒരു ലോകത്ത് ഒറ്റയ്ക്ക് പോരാടി തെളിയിക്കേണ്ട കുറെ യാതനകളും കാഴ്ചകളും ഉള്ളപ്പോൾ ,അതിൽ നിന്ന് രക്ഷനേടാൻ മരണമല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവരാണവർ. മരണത്തിലും  അവർക്ക് തങ്ങളുടെ നിശ്ശബ്ദതയെ കനം വയ്പിക്കാനാവും. അവർ ആത്മബോധത്തെതന്നെ നിരാകരിക്കുന്ന തിന്മകളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. തിന്മ നിറഞ്ഞ പാത്രങ്ങൾ .മരണത്തിലൂടെ അവർ എല്ലാ അരുതായ്കകളെയും മറയ്ക്കാമെന്ന് സ്വപ്നം കാണുന്നു.

അനീതിയുടെയും പീഡനത്തിൻ്റെയും  ശബ്ദങ്ങളിൽ നിന്ന് ഒളിച്ചുകടക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നുണ്ട്. അത് എപ്പോഴും അടിച്ചമർത്തപ്പെടുകയാണെങ്കിൽ പോലും. സ്വന്തമായി ഒരു വിടവാങ്ങലുണ്ടെന്നത്, അബോധമായി കൊണ്ടുനടക്കുന്ന അഹങ്കാരവുമാണ് .കടുത്ത പ്രേമത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോകുന്ന കമിതാക്കൾ ,കുറേ കഴിയുമ്പോൾ ഒരു ശൂന്യത അനുഭവിക്കുന്നുണ്ട്. പ്രേമം കൊണ്ട് ഒന്നും ചെയ്യാനില്ലാത്ത പോലെ. മരണത്തിലേക്ക് പിൻവാങ്ങാനുള്ള ആഗ്രഹമാണ് അതിൻ്റെ അടിയിലുള്ളത്. ജീവിതത്തിൻ്റെ പ്രേമപ്രസരത്തിൽ മുഖമർപ്പിച്ചു സ്നേഹകാമനകളുടെ പരാഗരേണുക്കളിൽ അലഞ്ഞും അന്വേഷിച്ചും അവർ നിശൂന്യതയുടെ റെയിൽപാളത്തിലൂടെ നടന്നു ചെന്ന്  മരണത്തെ വരിക്കുന്നു .ജീവിതത്തിൻ്റെ മറുപുറം  ശരിക്കും മനസ്സിലാക്കുന്നത് കമിതാക്കളാണോ ?
ഒരു കലാകാരനിൽ കമിതാവുണ്ട്; അയാൾ സൗന്ദര്യത്തെയാണ് കാമിക്കുന്നതെന്ന് മാത്രം. 

തന്നെക്കാൾ, ജീവിതത്തേക്കാൾ മഹത്തായതിനെയാണ് അയാൾ തേടുന്നത്. അയാൾ തിരയുന്നത് എന്തായാലും ഒടുവിൽ അവനവനിൽ തന്നെ എത്തിച്ചേരുന്നു. എന്തിനാണ് ജീവിതത്തേക്കാൾ വലിയ സൗന്ദര്യത്തിൽ ആകൃഷ്ടനാകുന്നത്? സൗന്ദര്യം നമ്മെ വലിച്ചടുപ്പിക്കുകയാണ്. യാതൊന്നിലേക്കും കടന്നുചെല്ലാൻ സൗന്ദര്യത്തിന് ഒരു പാതയുണ്ടെന്ന്  കണ്ടെത്തുകയാണ് കലാകാരൻ ചെയ്യുന്നത് .മുൻപ് ആരൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊന്നും മതിയാവില്ല എന്ന മഥിക്കുന്ന ചിന്തയാണ് മഹാപ്രതിഭകളുടെ പ്രത്യേകതയെന്ന് ഡെലാകോ എഴുതുന്നുണ്ട്.

മഹാസംഗീതം

ഡെലാകോയുടെ മൊറോക്കൻ ഫാൻ്റസി എന്ന ചിത്രം നോക്കാം. അസാമാന്യമായ ഒരു പ്രക്ഷുബ്ധതയാണത്. വേഗതയാണ് അതിൻ്റെ രാഗം. സംഘട്ടനാത്മകതയുടെ സംഗീതമാണത്. ഈ കലാകാരൻ  വേഗതയിൽ വിശ്വസിക്കുന്നു. വേഗത ഒരാഖ്യാനമാണ്. വസ്തുവിൻ്റെ രൂപത്തിനു പുറത്ത് വേഗത ഒരു അഭൗമരാഗമായിത്തീരുന്നു. ഈ മഹാസംഗീതത്തിൻ്റെ രാഗത്തിനു അനുരൂപമായ ടെക്സ്റ്റ് ഈ ലോകം തന്നെയാണെന്ന് ജർമ്മൻ തത്ത്വജ്ഞാനി ആർതർ ഷോപ്പനോർ പറഞ്ഞതോർക്കണം. പാഞ്ഞു വരുന്ന മൊറോക്കൻ പട്ടാളക്കാരുടെ സംഘർഷാത്മകമായ ഒരു രാഗമാണത്. 

ഡെലാകോ വേഗതയിൽ വിശ്വസിക്കുന്നു. നാടകീയതയും വൈകാരികതയും സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം വരച്ചത് . ജീവിതത്തിൻ്റെ മായികമായ അവസ്ഥയെ നിശ്ചലമാക്കി കാണിക്കുന്നതിൻ്റെ  കാൽപനികതയിലാണ് അദ്ദേഹം അഭിരമിച്ചത്. ആളുകൾക്ക് അവരുടെ വികാരങ്ങളെ മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ഭാഷയാണ് കലയിലും സാഹിത്യത്തിലും പ്രധാനമായിട്ടുള്ളത്. മനസ്സിൽ ഉറഞ്ഞുപോകുന്നതോ , ചിതറിപ്പോകുന്നതോ എന്ന മട്ടിലുള്ള വികാരങ്ങളെ വാക്കുകളിലൂടെ എഴുത്തുകാരൻ വ്യക്തത വരുത്തുകയാണ് വേണ്ടത്. അതിനോടൊപ്പം മറ്റാരും ഇതുവരെ ചെയ്ത് കാണിച്ചിട്ടില്ലാത്ത ശൈലിയും രൂപവും കൈവരിക്കണം. ഇതിനുപുറമേയാണ് സൗന്ദര്യം ഉണ്ടാകേണ്ടത് .

'പ്രതിഭകൾ കാണുന്നത് സാധാരണ മനസ്സുകൾ ഒരിക്കലും കാണാത്ത കാര്യങ്ങളാണ്. അതാണ് അവരുടെ മഹത്വം . അവർ കണ്ടെത്തിയതും പുരയ്ക് മുകളിൽ കയറി വിളിച്ചു പറഞ്ഞതും ,കേൾക്കേണ്ടവർ തെറ്റിദ്ധരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്, ഒരു കാലം വരെ;  അല്ലെങ്കിൽ അവരെ പോലെ ശേഷിയുള്ള വേറെ പ്രതിഭകൾ വന്ന് അത് വീണ്ടും കണ്ടെത്തുകയോ  ലോകത്തോട് വിളിച്ചുപറയുകയോ  ചെയ്യുന്നതുവരെ' - ഡെലാകോയുടെ വാക്കുകൾ .

പ്രക്ഷോഭകാരിയെ കാലം യഥാസമയം മനസിലാക്കണമെന്നില്ല.  കാരണം ,സൗന്ദര്യം ,ദസ്തയെവ്സ്കി പറഞ്ഞതു പോലെ, ഭീകരമാണ്. അതിനെ കാലം ഓർമ്മകളിലാണ് സൂക്ഷിക്കുന്നത്. ഭാഷയും ശൈലിയും പില്ക്കാലത്താണ് പരിഗണിക്കപ്പെടുന്നത്. പ്രതിഭയ്ക്ക്  ഏതു കാലത്തും ഏതു പ്രവണതയിലും പ്രസക്തിയുണ്ട്. ഏത് കലാപ്രവണതയെയും വ്യാഖ്യാനിക്കുകയാണ് പ്രധാനം. അതിൽ സൗന്ദര്യത്തിൻ്റെ മഹാരഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടണം.'കലയിൽ ദൈവവും കലാകാരനും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത് .കലാകാരൻ്റെ പങ്ക് കുറയുന്നതിനനുസരിച്ച് കല കൂടുതൽ നന്നാവുമെന്ന ഫ്രഞ്ച് വിമർശകൻ ആന്ദ്രേ ഗിദേയുടെ ചിന്തയ്ക്ക് മുകളിൽ ഇതിനേക്കാൾ നന്നായി പറയാൻ മറ്റൊന്നുമില്ല. ഡെലാകോയുടെ  ഛായാചിത്രങ്ങളിൽ ദൈവം ഒളിച്ചുകളിക്കുന്നുണ്ട്. അവിടെ ഇരുട്ട് വെളിച്ചത്തിൽ നിന്ന് എന്തോ മറയ്ക്കുന്നു. വെളിച്ചമാകട്ടെ ഇരുട്ടിൻ്റെ ഭാഷയിൽ സംസാരിക്കുകയാണ്.  ഛായാചിത്രത്തിലെ വ്യക്തിക്കപ്പുറത്ത് ,നിറങ്ങളുടെ വലയമായി ദൈവം കാൻവാസിൽ നിറയുകയാണ്. 

പൊരുൾ ,പ്രതിബിംബം 

സൗന്ദര്യത്തെക്കുറിച്ചോ , ഭാഷയെക്കുറിച്ചോ മൗലികമായ പാഠങ്ങൾ പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് കോവിലൻ ,കല്പറ്റ ബാലകൃഷ്ണൻ ,യു.എ. ഖാദർ തുടങ്ങിയ നോവലിസ്റ്റുകളുടെ ഭാഷയെക്കുറിച്ച് ഇപ്പോഴും വായനക്കാർക്ക് കാര്യമായൊന്നും അറിയാത്തത് .ഒരു ജീനിയസിൻ്റെ സൃഷ്ടിപരമായ അന്വേഷണങ്ങൾ ഇപ്പോഴും ഔദ്യോഗിക സ്ഥാപനങ്ങൾക്ക് കേട്ടുകേൾവി മാത്രമാണ്. ഒരാൾ വിശദീകരിച്ചുകൊടുക്കുന്നതോടെ ആട്ടിൻപറ്റത്തെ പോലെ ആസ്വാദകർ ആ വഴിക്ക് പോകുകയാണ് പതിവ്.
അഭിരുചിയെ ഡെലാകോ ഇങ്ങനെ വിശദീകരിക്കുന്നു: 'സ്വാഭാവികമായ അഭിരുചി ,നാം വളരുന്നതോടെ മിനുക്കപ്പെട്ടിരിക്കും .അഭിരുചി എന്നു ഞാൻ വിളിക്കുന്നത് മനസ്സിൻ്റെ സുഗ്രാഹ്യതയെയാണ്. അത് അഭിനന്ദിക്കേണ്ടതിനെ, മൂല്യമുള്ളതിനെ വെറും പളപളപ്പിൽ നിന്ന് വേർതിരിച്ച് മിന്നൽ പോലെ കാണിച്ചു തരും.
ചുരുക്കിപ്പറഞ്ഞാൽ നല്ല അഭിരുചി മനസ്സിൻ്റെ പക്വതയാണ്'.

അറിവുകൾ പരിണമിക്കുകയാണ്; അങ്ങനെയല്ലാത്തവർ ജീവിക്കുന്നില്ല . ദുഃഖമേറുമ്പോൾ ജ്ഞാനമേറുന്നുവെന്ന സന്ദേശം അതിൻ്റെ തെളിവാണ്. ജീവിതകാലമത്രയും ശ്രമിച്ചാലും  നമുക്ക് പൊരുളുകളെക്കുറിച്ചുള്ള വിവിധ സങ്കൽപ്പങ്ങളും മാനങ്ങളുമല്ലാതെ ,പൊരുൾ എന്ന സത്യത്തിലെത്തിച്ചേരാൻ കഴിയില്ല. എപ്പോഴും പൊരുളിൻ്റെ  പ്രതിബിംബത്തെയാണ് നാം വ്യാഖ്യാനിക്കുന്നത്. ആ വ്യാഖ്യാനം തന്നെ വ്യക്തിഗതമാണ്. ഒരു ചിത്രകാരൻ തന്നെത്തന്നെയാണ് വ്യാഖ്യാനിക്കുന്നത്. അയാൾ തൻ്റെ നോട്ടത്തിൻ്റെ സവിശേഷതയാണ് പൊരുളായി വ്യാഖ്യാനിക്കുന്നത് . ശൈലിയിലും നൂതനത്വത്തിലുമാണ് ഒരു കലാകാരനിൽ പരിവർത്തനമുണ്ടാകേണ്ടത്. 'കലാകാരൻ പഠിച്ചത് ഉപേക്ഷിക്കുന്നവനാണ്, സ്വയം അറിയാൻ'- അമെരിക്കൻ കവിയും വിമർശകനുമായ ഇ.ഇ.കമിംഗ്സ്‌ പറയുന്നത് ഇതിനോട് ചേർത്ത് വയ്ക്കേണ്ടതാണ്. അസാധാരണമാകുന്ന എല്ലാത്തിനെയും, എല്ലാ മരണങ്ങളെയും ദുര്യോഗങ്ങളെയും, പഴയതിനെയും മരണത്തെയുമെല്ലാം   മറികടന്ന് സുഖകരമാക്കാൻ സഹായിക്കുന്ന തരത്തിലാണ് കലാകാരൻ്റെ ധിഷണ പ്രവർത്തിക്കേണ്ടത് എന്നാണ് ഡെലാകോ നിരീക്ഷിക്കുന്നത്. ഇങ്ങനെ യേ അടുത്തേക്ക് വരുന്ന ശൂന്യതയെ അതിജീവിക്കാനാകൂ. 



പ്രേമവും അഹിംസയും /പ്രേമവും അഹിംസയും

 


LINK

സ്വന്തം ചിന്തകളിലും ധ്യാനങ്ങളിലും  മാത്രം അടച്ചിടപ്പെട്ട് കഴിയുകയണെങ്കിൽ അത് പലതരം ഏകാന്തകൗതുകങ്ങൾ സൃഷ്ടിച്ചേക്കാം; എന്നാൽ അതിലൂടെ ലോകത്തെ ഒരുതരത്തിലും നിരീക്ഷിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ലെന്നാണ് അമെരിക്കൻ പ്രകൃതിചിന്തകൻ  ജോൺ ബറൗസ് (1837-1921)പറയുന്നത്. പ്രകൃതിയെ സ്വന്തം നിലയിൽ നിരീക്ഷിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ് ബറൗസ്. ഇരുപത്തിമൂന്ന് വാല്യങ്ങളിലായി  പരന്നു കിടക്കുകയാണ് അദ്ദേഹത്തിൻ്റെ രചനകൾ .വിറ്റ്മാൻ എ സ്റ്റഡി, ലീഫ് ആൻഡ് ടെൻഡ്‌റിൽ ,അണ്ടർ ദ് ആപ്പിൾ ട്രീസ് തുടങ്ങിയ കൃതികൾ ഇതിൽ ഉൾപ്പെടുന്നു. അമെരിക്കയിലെ മനോഹരമായ കാറ്റ്സ്കിൽ പർവ്വതനിരകൾക്ക് സമീപമാണ് അദ്ദേഹം ജനിച്ചത് .ഫാമുകളിലെ ജീവിതമാണ് പ്രകൃതിയിലേക്ക് കാതോർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നോർക്കണം. ജീവിതത്തെ എങ്ങനെയാണ് നോക്കേണ്ടതെന്ന കാര്യത്തിൽ സൂചന നല്കിക്കൊണ്ട് ബറൗസ് ഇങ്ങനെ എഴുതി : 'ഈ ജീവിതത്തിൽ നാം പഠിക്കേണ്ട ഏറ്റവും കഠിനമായ പാഠം, പലരും പഠിക്കാത്ത കാര്യമാണ്, ഇതാണ് :സാധാരണ വസ്തുക്കളിലും ,കൈയെത്തും ദൂരത്തുള്ള വസ്തുക്കളിലും ദിവ്യമായത് , സ്വർഗീയമായത് ,ശുദ്ധമായത് കാണുക ;നമുക്കുള്ള സ്വർഗ്ഗം ,ഇവിടെ ഈ ലോകത്താണുള്ളത്'. 

എങ്ങനെ വസ്തുക്കളെ നോക്കണമെന്നല്ല ,കാണുന്നതിൻ്റെ  കലയാണ് ജോൺ ബറൗസിൻ്റെ  വിഷയം.'ദ് ആർട്ട് ഓഫ് സീയിംഗ് തിംഗ്സ് 'ഇരുപതാം നൂറ്റാണ്ടിലെ  അമേരിക്കൻ വായനക്കാരെ പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക്  കണ്ണുതുറപ്പിച്ച ലേഖനമാണ്. ഒരു സാഹിത്യരചയിതാവിനും ചിത്രകാരനുമൊക്കെ അത്ഭുതക്കണ്ണുകൾ വേണം. ഫ്രഞ്ച് കലാകാരൻ ക്ളോദ് മൊനെയുടെ ഇംപ്രഷണിസ്റ്റിക് ചിത്രങ്ങൾ ,വിശേഷിച്ചും വാട്ടർ ലില്ലിയും മറ്റും ,കാണുമ്പോൾ അദ്ദേഹം എത്രമാത്രം സൂക്ഷ്മമായി ഈ പ്രകൃതിയെ നോക്കിക്കണ്ടു എന്ന് മനസ്സിലാവും. അതുപോലെ സാഹിത്യകാരൻ്റെ മൗലികമായ സിദ്ധി  നിരീക്ഷണത്തിലാണുള്ളത്. ഒരു പന്നിയുടെയോ നായയുടെയോ ജീവിതം എഴുതണമെങ്കിൽ നല്ലപോലെ നിരീക്ഷിക്കണം. 'ഒരാൾ കവിതയെക്കുറിച്ചോ ,ചിത്രകലയെക്കുറിച്ചോ, പ്രഭാഷണത്തെക്കുറിച്ചോ  സംസാരിക്കുന്നത് അനുവാചകരെ സൃഷ്ടിക്കാമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെയാണ് 'എന്ന് ബറൗസ് പറയുന്നത് ശ്രദ്ധേയമാവുകയാണ്. ജീവിക്കുന്നതിൻ്റെ പരപ്പിലും ആഴത്തിലും ഇറങ്ങുകയാണ് മനുഷ്യൻ്റെ ചുമതല എന്ന് ബറൗസ് അടിവരയിടുന്നു. വർഷങ്ങൾ കഴിഞ്ഞ്  ഈ ജീവിതം നാമെങ്ങനെയാണ് ജീവിച്ചതെന്ന ചോദ്യം ഓരോ വ്യക്തിയെയും കാത്തിരിക്കുന്നുണ്ട്.  അടിസ്ഥാനരഹിതവും അകാരണവുമായി പെരുമാറി ജീവിതത്തെ നശിപ്പിക്കുകയാണല്ലോ നാം ചെയ്യാറുള്ളത്. 

സംവേദനക്ഷമത എവിടെ ?

'വസ്തുവിനെ നോക്കുന്നതിൻ്റെ കല നിയമങ്ങളും പ്രമാണങ്ങളുമനുസരിച്ച് പഠിപ്പിക്കാവുന്നതല്ല .അത് കണ്ണിൻ്റെയും കാതിൻ്റെയും  മനസ്സിൻ്റെയും ആത്മാവിൻ്റെയും സജീവതയിലാണുള്ളത് ' -ബറൗസിൻ്റെ വാക്കുകൾ. ജീവിക്കുന്നത് എന്തിനാണെന്ന ചോദ്യം മാത്രമല്ല ;എന്താണ്  സംവേദനക്ഷമമാകേണ്ടതെന്നും  അറിയേണ്ടതുണ്ട് .

മലയാളസാഹിത്യം ഇന്ന് സംവേദനരഹിതമായ മനുഷ്യമേഖലയായി  കടന്നുപോവുകയാണ് .യാതൊന്നും ആരെയും സ്പർശിക്കുന്നില്ല .എല്ലാം വ്യാജമാണെന്ന ധാരണയിൽ തന്നിൽ തന്നെ അഭയം തേടുകയാണ് എഴുത്തുകാർ .അതുകൊണ്ട് ഒരു വ്യാജജീവിതമാണ് കൂടുതൽ സുരക്ഷിതമെന്ന് പലരും ധരിച്ചുവച്ചിരിക്കുന്നു. 'അറിയുന്നതിൽ എല്ലാം ഉൾക്കൊള്ളുന്നില്ല; അത് പകുതിയേ ആകുന്നുള്ളൂ. പ്രേമിക്കുന്നതാണ് മറുപതി . പ്രേമിക്കുമ്പോൾ കണ്ണുകൾക്ക് ,കാതുകൾക്ക് ,സ്പർശത്തിനു കുറേക്കൂടി സൂക്ഷ്മത വരും '

ഒരു വസ്തുവിനോടു നമുക്കുള്ള തൃഷ്ണ എന്നത് അറിവ് തേടലിൽ മാത്രമല്ല, അതിനോടുള്ള ശുദ്ധമായ പ്രേമത്തിലുമാണ്  സാക്ഷാത്കരിക്കുന്നത്. പ്രേമം യഥാർത്ഥത്തിൽ അഹിംസാത്മകമാണ്. അത് കൗതുകകരമായ ,ആത്മനിഷ്ഠമായ ആരായലാണ്. അതിന് അവസാനമില്ല .ഭൗതികമായ ലാഭമോ 'സമ്പത്തോ ഒന്നും പ്രേമത്തിലില്ല. അതുകൊണ്ടാണ് അത് ശുദ്ധമായിരിക്കുന്നത്. അഗ്നി ശുദ്ധമായിരിക്കുന്നത് ,അതിൽ അഴുക്കിനു നിലനിൽപ്പില്ലാത്തതുകൊണ്ടാണ്.  അഗ്നിയിൽ അഗ്നിക്ക് മാത്രമേ ഇരിക്കാനാകൂ .അതുപോലെയാണ് സ്നേഹവും; അതിൽ അതിനു മാത്രമേ നിലനില്പുള്ളു. പ്രേമം ശൂന്യതയിൽ നിന്ന് മനസിൻ്റെ സിദ്ധികൊണ്ട് ഉയിർ കൊള്ളുന്നതാണ്. അത് എപ്പോഴും ശുദ്ധമല്ല .അതിനു കാരണം നമ്മൾ ശുദ്ധിയിൽ തന്നെ തുടരാത്തതാണ്. 
അതിൻ്റെ ശുദ്ധതയിൽ നമുക്ക് നമ്മേക്കാൾ വലിയ ലക്ഷ്യങ്ങളുണ്ട്. അത് സംവേദനക്ഷമമാണ്. ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി ,എല്ലാ ഉപാധികളും ഉപകരണങ്ങളും  മാധ്യമങ്ങളും ഉണ്ടായിട്ടും സംവേദനക്ഷമത നഷ്ടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് .യാതൊന്നും വിനിമയം ചെയ്യാൻ മാത്രമുള്ള സ്നേഹാഭിമുഖ്യം എവിടെയുമില്ല. എല്ലാ പ്രസ്ഥാനങ്ങളും തകരുകയാണ്. ജോർജ് ഓർവൽ സൂചിപ്പിച്ചതുപോലെ, ലൈംഗികത ഉന്മൂലനം ചെയ്യപ്പെടുകയും രതിമൂർച്ച  നിർത്തലാക്കപ്പെടുകയും ചെയ്യും .പകരം ലിംഗരാഷ്ട്രീയവും ലിംഗസ്വത്വവുമാണ് പ്രക്ഷുബ്ധമായി ഉയർന്നുവരുന്നത് .ഇവിടെയൊന്നും ബറൗസ് പറയുന്ന പ്രേമം ഇല്ല. 

പ്രകൃതിയെ കവിയുടെ മനസ്സിലൂടെ നോക്കുന്നതോ ,ശാസ്ത്രകാരൻ്റെ മനസ്സിലൂടെ നോക്കുന്നതോ പൂർണ്ണമല്ല.'പ്രേമത്തിൻ്റെ സ്ഥാനം  ഏറ്റെടുക്കാൻ മറ്റൊന്നിനും കഴിയില്ല. ജീവിതത്തിൻ്റെ മാറ്റ് പ്രേമത്തിലാണുള്ളത് '.

രണ്ടു ദുരന്തങ്ങൾ 

നമ്മുടെ താൽപര്യങ്ങൾ, അനുതാപങ്ങൾ, മനസ്സിനു ഗ്രഹിക്കാവുന്ന നൂറുകൂട്ടം കാര്യങ്ങൾ എല്ലാം ചേർന്നതാണ് ഈ പ്രേമം. ഒരാൾക്ക് പ്രകൃതിയിലെ ഏതെങ്കിലുമൊരു വസ്തുവിനോട്, കാഴ്ചയോട് തോന്നുന്ന അഭിനിവേശം യഥാർത്ഥവും പ്രചോദനാത്മകവുമാകണമെങ്കിൽ അതിൽ പ്രേമത്തിൻ്റെ ഒരു നിക്ഷേപം ഉണ്ടായിരിക്കണം. അതിലൂടെയാണ് മനസ്സിൻ്റെ അകംലോകങ്ങൾ തുറക്കുന്നത് .

ഇഷ്ടത്തിൻ്റെ തോതനുസരിച്ച് ചുറ്റുവട്ടം പ്രിയങ്കരമായിത്തീരുന്നു. എന്നാൽ ഇഷ്ടമില്ലാതെ ,വെറുമൊരു  പ്രൊഫഷണൽ താത്പര്യത്തിൻ്റെ പേരിൽ മാത്രം വസ്തുക്കളെ സമീപിക്കുമ്പോൾ അത് മനുഷ്യനിൽ നിന്ന് വേർപെട്ട മറ്റെന്തോ ആയിത്തീരുന്നു.

മനസ്സിനുള്ളിൽ നരകം ഒരു താമസസ്ഥലമായി മാറുന്നു. പതിറ്റാണ്ടു  കഴിയുമ്പോൾ മിക്ക എഴുത്തുകാർക്കും കലാപരമായ പ്രത്യുൽപാദനശേഷി ഇല്ലാതാവുന്നു. അപ്പോൾ അവർ പഴയത് ആവർത്തിക്കുകയോ  അവസരത്തിനൊത്ത് എന്തെങ്കിലും എഴുതി സാന്നിധ്യം നിലനിർത്തുകയോ  ചെയ്യുന്നു. ഇതിനെക്കുറിച്ച് ബറൗസ് പറയുന്നുണ്ട്. ദീർഘകാലയളവിൽ കലാപ്രവർത്തനത്തിൽ മുഴുകുന്നവർ രണ്ട് ദുരന്തങ്ങളെ നേരിടുന്നതായി അദ്ദേഹം എഴുതുന്നു. ഒന്ന്, മനസ്സ്  കല്ലാകുന്ന പോലെയുള്ള സംവേദന രാഹിത്യമാണ്. മറ്റൊന്ന്, മനസ്സിൻ്റെ ചീഞ്ഞഴുകലാണ്. ഈ അവസ്ഥയിൽ യാതൊന്നിനോടും പ്രതികരിക്കാനാവാതെ മനസ്സ് അതിൻ്റെ തന്നെ നിർവ്വികാരതയിൽ അഭയം പ്രാപിക്കും. ആവർത്തിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല .കാലഹരണപ്പെട്ടതും അർത്ഥോല്പാദനശേഷി നഷ്ടപ്പെട്ടതുമായ ചിന്തകളെ ഇക്കൂട്ടർ തട്ടിവിട്ടുകൊണ്ടിരിക്കും. 

ഒരിടത്ത് മനസ്സ് കല്ല് പോലെയാകുന്നു; മറ്റൊരിടത്ത് ചിന്തകൾ ചീഞ്ഞളിയുന്നു .ഇതു രണ്ടും നേരിടേണ്ടി വരുന്നത് എഴുത്തുകാരൻ്റെ  ജീവിതത്തെ തരിശാക്കുന്നു. 
പ്രഗത്ഭരായ എഴുത്തുകാർക്ക് പോലും ഈ ദുരന്തം സംഭവിക്കുന്നു. പ്രായാധിക്യം എഴുത്തുകാരന് ഇതു പോലെ വെല്ലുവിളികളായിത്തീരാറുണ്ട്. ചിത്രകാരൻ പിക്കാസോക്ക് ഇത് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹം കവിതയിലേക്ക് തിരിഞ്ഞത്. 

'പ്രകൃതിയുടെ നല്ലൊരു പങ്കും മറിഞ്ഞിരിക്കുകയാണ് '-ബറൗസ് പറഞ്ഞു .പ്രകൃതിയിൽ നാം കാണുന്നതെല്ലാം, എവിടെയോ കേട്ടറിഞ്ഞതോ ,സങ്കല്പങ്ങളായി മനസ്സിൽ കുടിയേറിയതോ ആണ്. അത് കാണാൻ നിശ്ചയിച്ചതാണ്. കാണുക എന്ന പ്രക്രിയ മാത്രമേ അവശേഷിക്കുന്നുള്ളു .കാണുന്ന തോടെ ഒന്നും നേടുന്നില്ല. കാരണം, അത് മനസ്സിൽ എത്രയോ വട്ടം കണ്ടിരുന്നു. അതുകൊണ്ടാണ് അറ്റ്ലാൻ്റിക് മഹാസമുദ്രം കണ്ടിട്ട് ഓസ്കാർ വൈൽഡ് നിരാശനായത്; കൂടുതൽ പ്രതീക്ഷിച്ചിരുന്നു.

നമ്മൾ കാണാതെ പ്രകൃതിയെ കാണണം. അതാണ് അമെരിക്കൻ പ്രകൃതിസ്നേഹി തോറോയുടെ 'വാൽഡണി'ൽ കാണുന്നത്. ഒരു വനം മനുഷ്യായുസുകൊണ്ട് പഠിച്ചുതീർക്കാനാവാത്ത സർവകലാശാലയാണ്. മനസ്സിൻ്റെ നിത്യപ്രേമത്തിൽ നിലനിർത്തുന്ന പ്രേമം കൈവിട്ടുപോകുന്നതോടെ വരൾച്ച ആരംഭിക്കും.തോറോ വനത്തിനടുത്ത്  രണ്ടു വർഷം കുടിൽ കെട്ടി താമസിച്ചു. അദ്ദേഹത്തിനു വിരസത തോന്നിയില്ല; കാരണം ,അദ്ദേഹത്തിൻ്റെ മനസിൽ കാടിനോട് പ്രണയമുണ്ടായിരുന്നു.
അത് തീയായിരുന്നു. കെട്ടു പോകാത്ത തീ. വെറുതെ കാട് കാണാൻ പോയവനായിരുന്നെങ്കിൽ ഒരു ദിവസം തികയ്ക്കാതെ മടങ്ങിപ്പോയേനെ . കാരണം, അവർ നേരത്തെ മനസ്സിൽ കണ്ട കാടാണ് കാണുന്നത്. കാണാത്തതൊന്നും അവരെ പ്രലോഭിപ്പിക്കുന്നില്ല. അതേസമയം, പ്രകൃതി നിറയെ നാം കാണാത്തതാണ്. 
ഒരു അണ്ണാറക്കണ്ണൻ്റെ  കുടുംബജീവിതം ഇന്നത്തെ സംവേദനരഹിത കാലഘട്ടത്തിൽ ,  കവികളെ പോലും ആകാംക്ഷാഭരിതരാക്കുന്നില്ല. 

കണ്ണുകൾ കാണുന്നത് 

നമ്മൾ വിചാരിച്ചാൽ ഒരു പക്ഷിക്കൂട് കണ്ടെത്താം. അതൊക്കെ സാധ്യമാണ് .എന്നാൽ ആ വഴിയിൽ കാണാത്തതായി പലതുമുണ്ട്. അത് കാണാനായി മനസ്സിനെ പാകപ്പെടുത്തണം. അന്ധൻ സ്പർശത്തിലൂടെ വസ്തുക്കളെ തിരിച്ചറിയുന്നപോലെ  കണ്ണുകൾകൊണ്ട് കാണാനാവണം . 'അന്ധൻ്റ സ്പർശം പോലെ കണ്ണുകളെ പരിശീലിപ്പിക്കുക ' .കറുത്ത കുതിരയെയും വെളുത്ത കുതിരയെയും തിരിച്ചറിയുന്ന സ്പർശം.
മങ്ങിപ്പോയതെല്ലാം അന്വേഷണ തൃഷ്ണയുള്ള കണ്ണുകൾ കാണുന്നു. 
കണ്ണുകൾ കാണുന്നതിനപ്പുറം അകക്കണ്ണുകൊണ്ട് കാണുന്നു. ഉന്നത വ്യക്തിത്വമുള്ള ഒരു പന്നിയെ ഒരിക്കലും കണ്ടെത്തുകയില്ലെന്ന് പറയരുത് .നിശ്ചയമായും ,തൻ്റെ ബന്ധുക്കളെയും സ്വന്തക്കാരെയും കാത്തുരക്ഷിച്ച് പ്രേമം ചൊരിയുന്ന പന്നികളുണ്ട്. സൂക്ഷിച്ചു മനസ്സിലാക്കേണ്ടതാണത്.

ഒരു പക്ഷിയുടെ കല അതിൻ്റെ കൂട് മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കുന്നതിലാണ്. പക്ഷികൾക്ക് കൂടുണ്ടായിരിക്കുന്നത് സ്വകാര്യതയുടെ ഭാഗമാണ്. ചില പക്ഷികൾ ഉയരമുള്ള വൃക്ഷങ്ങളുടെ ഏറ്റവും മുകളിൽ കൂടുകൂട്ടുന്നു .വിടന്മാർ കയറിവരാത്ത ഇടമാണത്. മണ്ണിനടിയിൽ തവളകൾ എത്ര മാസങ്ങളാണ് സ്വൈരമായിരിക്കുന്നത്. മനുഷ്യരിൽനിന്ന് ഒളിപ്പിക്കാൻ പലതുമുണ്ട് .മനുഷ്യൻ്റെ നശിച്ച, ക്രൂരമായ , സംവേദനരഹിതമായ ലോകത്തോട് ഒന്നും പറയാനില്ലാത്തതുകൊണ്ട് ചില ജീവികൾ കടലിൻ്റെ അടിത്തട്ടിലേക്ക്  പിൻവാങ്ങിയിരിക്കുന്നു. 

'കണ്ണുകളെ കാണാൻ ബോധമുള്ളതാക്കുകയും സൂക്ഷ്മതയുള്ളതാക്കുകയും ചെയ്യുന്നത് ബോധമാണ് .കണ്ണുകൾ കാണുന്നത് അതിനു കാണാൻ കഴിയുന്നത് മാത്രമാണ്. എന്നാൽ എന്ത് കാണണമെന്ന് നിശ്ചയിക്കുന്നത് അതിൻ്റെ പിന്നിലുള്ള പ്രേമവും ആഗ്രഹവുമാണ്'.ചിലപ്പോൾ ഏറ്റവും പരിചയമുള്ള വസ്തുക്കൾ പോലും നാം ശരിക്ക് കണ്ടിട്ടുണ്ടാകില്ല .കാണുന്നത് ഓരോ ബിന്ദുവിലുമാണ് . ചിരപരിചിതമായതിനെ ആകെ ഒരു വസ്തുവായിട്ടാണ് കാണുന്നത്. 

പ്രേമമുള്ള ഒരാൾ തന്നതാണെങ്കിൽ, നാം ശരിക്കും പ്രേമിക്കുന്നുണ്ടെങ്കിൽ എത് വസ്തുവും കൂടുതൽ സൂക്ഷ്മമായി നിരീക്ഷക്കപ്പെടും .'ശ്രദ്ധിക്കാനുള്ള കഴിവാണ് ,പുറംലോകത്തെ വസ്തുക്കളെ നിരീക്ഷിക്കാനുള്ള മനസ്സിൻ്റെ സംവേദനക്ഷമതയാണ് വസ്തുക്കളെ കാണുന്നതിലുള്ളത് ' - ബറൗസ് എഴുതുന്നു. മനസ്സിനു ആ കഴിവ് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. പ്രകൃതിയുടെ ഭാഗമാണ് ആ സിദ്ധി. കോടാനുകോടി ജീവികൾ സ്വാഭാവികമായ രീതികളിൽ ജനിച്ചു, വളർന്ന്, മൺമറഞ്ഞ് പോകുന്ന പ്രകൃതിയിൽ ഊർജ്ജത്തിൻ്റെ അജ്ഞാതമായ മഹാമണ്ഡലങ്ങൾ നിലനൽകുന്നു .ജീവൻ ഒരു മഹാവിസ്മയമാണ്. ഏറ്റവും ശുദ്ധമായ ആ പ്രഭാവത്തെ കാണാൻ കഴിയുക പ്രകൃതിയിലാണ്. അതുകൊണ്ട് പ്രകൃതിയെ കാണാൻ കണ്ണുള്ളവർ എഴുതുമ്പോൾ വസ്തുക്കളിലേക്ക് തുളച്ചുകയറുന്നു.  കാണുമ്പോൾ ലോകം രണ്ടാമത് ജനിക്കുകയാണ്. പോർച്ചുഗീസ് കവി ഫെർഡിനാൻഡ് പെസ്സോവ തൻ്റെ സമീപത്തുണ്ടായിരുന്ന പാറകളെയും വൃക്ഷങ്ങളെയും യാദൃശ്ചികമായി, ഒരു ദിവസം കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.അത് ഉള്ളിൽ നിന്ന് വന്ന കാഴ്ചയാണ്.

'കാണുന്നത് ഒരു കലയാണ് .നിങ്ങളുടെ കണ്ണുകളും കാതുകളും എങ്ങനെ തുറന്നു പിടിക്കണമെന്നതിൻ്റെ കലയാണത്' - ബറൗസ് അറിയിക്കുന്നു. എന്നാൽ നിങ്ങൾ നിങ്ങളിൽതന്നെ വിരമിച്ചു ജീവിക്കുകയാണെങ്കിലോ ? നിങ്ങളുടെ സ്വന്തം ധ്യാനങ്ങളിൽ അടച്ചുപൂട്ടി ഇരിക്കുകയാണെങ്കിലോ ?

നുറുങ്ങുകൾ

1)സാഹിത്യത്സരത്തിൻ്റെ  ഉദ്ദേശലക്ഷ്യങ്ങൾ തന്നെ മാറിപ്പോയി. മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ (ഏപ്രിൽ 17 ) ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കഥ (ചീമാബുവെ, ദിൽദാർ എം )യും കവിത (കുടിവെപ്പ് ,വിഷ്ണുമോഹൻ കെ.) യും സാഹിത്യകലയിൽ യാതൊന്നും  സംഭാവനചെയ്യുന്നില്ല .സാഹിത്യരംഗത്ത് വന്നുചേർന്നിരിക്കുന്ന സംവേദനരാഹിത്യവും മരവിപ്പും  വൈകാരികമാന്ദ്യവും വ്യക്തമാക്കുന്ന രചനകളാണിവ. ദിൽദാറിൻ്റെ കഥയ്ക്ക് മനുഷ്യജീവിതവുമായി യാതൊരു ബന്ധവുമില്ല. ഏതാനും ചിത്രകാരന്മാരുടെ ചർച്ചയെക്കുറിച്ചാണ്  എഴുതിയിരിക്കുന്നത്. എന്താണ് പ്രസക്തി ?ജീവിതാനുഭവങ്ങളുമായി ബന്ധമില്ലാത്ത ഇത്തരം എഴുത്തുകാരെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത് ഭാവിയുടെ തകർച്ചയെ ചൂണ്ടിക്കാണിക്കുകയാണ്. ഇത് ആഴ്ചപ്പതിപ്പിൻ്റെ കുറ്റമല്ല; ആഴ്ചപ്പതിപ്പിനു മത്സരം നടത്താനല്ലേ  കഴിയൂ. ചിലർ ഇടിച്ചുകയറി എല്ലാം അട്ടിമറിക്കുകയാണ്. കുടിവെപ്പ് എന്ന കവിതയിൽ ആദിവാസി ഭാഷയല്ലാതെ മറ്റൊന്നുമില്ല ;ഒരു തുള്ളി കവിതയില്ല 

2)സ്വന്തം ജന്മദേശത്തെക്കുറിച്ച് ടർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുക്ക് ഇങ്ങനെ ചിന്തിക്കുന്നു: ' എനിക്ക് ഈ നഗരം (ഇസ്താംബൂൾ) നാശങ്ങളുടെയും സാമ്രാജ്യത്വ കാലത്തെ വ്യാകുലതകളുടെയും ഓർമ്മകളാണ്. ഈ  വ്യാകുലതകളുമായി യുദ്ധം ചെയ്തുകൊണ്ടാണ് ഞാൻ എൻ്റെ  ജീവിതം ചെലവഴിച്ചത്. അല്ലെങ്കിൽ എല്ലാ ഇസ്താംബൂൾകാരെയും പോലെ, അത് എൻ്റേതായി തീർത്തുകൊണ്ട് ' .

3)ആനന്ദൻപിള്ളയുടെ 'സാഹിത്യവിമർശം' മാസികയിൽ വരുന്ന ഖണ്ഡന വിമർശനലേഖനങ്ങൾ പുതിയൊരു പന്ഥാവാണ് .എല്ലാം വിമർശിക്കപ്പെടണം. സാഹിത്യവിമർശകൻ എം. ആർ .ചന്ദ്രശേഖരൻ എം.ടി പൈങ്കിളിയാണെന്ന് (മെയ് ,ജൂൺ എഴുതിയിരിക്കുന്നു! ഇതൊക്കെ അല്പത്തമാണെന്ന് പറയട്ടെ. ചന്ദ്രശേഖരനെ സാഹിത്യബാഹ്യമായ വികാരങ്ങൾ പിടികൂടിയിരിക്കുന്നു. 


 

പ്രേമവും അഹിംസയും /അക്ഷരജാലകം/ എം.കെ.ഹരികുമാർ

 





സ്വന്തം ചിന്തകളിലും ധ്യാനങ്ങളിലും  മാത്രം അടച്ചിടപ്പെട്ട് കഴിയുകയണെങ്കിൽ അത് പലതരം ഏകാന്തകൗതുകങ്ങൾ സൃഷ്ടിച്ചേക്കാം; എന്നാൽ അതിലൂടെ ലോകത്തെ ഒരുതരത്തിലും നിരീക്ഷിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ലെന്നാണ് അമെരിക്കൻ പ്രകൃതിചിന്തകൻ  ജോൺ ബറൗസ് (1837-1921)പറയുന്നത്. പ്രകൃതിയെ സ്വന്തം നിലയിൽ നിരീക്ഷിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ് ബറൗസ്. ഇരുപത്തിമൂന്ന് വാല്യങ്ങളിലായി  പരന്നു കിടക്കുകയാണ് അദ്ദേഹത്തിൻ്റെ രചനകൾ .വിറ്റ്മാൻ എ സ്റ്റഡി, ലീഫ് ആൻഡ് ടെൻഡ്‌റിൽ ,അണ്ടർ ദ് ആപ്പിൾ ട്രീസ് തുടങ്ങിയ കൃതികൾ ഇതിൽ ഉൾപ്പെടുന്നു. അമെരിക്കയിലെ മനോഹരമായ കാറ്റ്സ്കിൽ പർവ്വതനിരകൾക്ക് സമീപമാണ് അദ്ദേഹം ജനിച്ചത് .ഫാമുകളിലെ ജീവിതമാണ് പ്രകൃതിയിലേക്ക് കാതോർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നോർക്കണം. ജീവിതത്തെ എങ്ങനെയാണ് നോക്കേണ്ടതെന്ന കാര്യത്തിൽ സൂചന നല്കിക്കൊണ്ട് ബറൗസ് ഇങ്ങനെ എഴുതി : 'ഈ ജീവിതത്തിൽ നാം പഠിക്കേണ്ട ഏറ്റവും കഠിനമായ പാഠം, പലരും പഠിക്കാത്ത കാര്യമാണ്, ഇതാണ് :സാധാരണ വസ്തുക്കളിലും ,കൈയെത്തും ദൂരത്തുള്ള വസ്തുക്കളിലും ദിവ്യമായത് , സ്വർഗീയമായത് ,ശുദ്ധമായത് കാണുക ;നമുക്കുള്ള സ്വർഗ്ഗം ,ഇവിടെ ഈ ലോകത്താണുള്ളത്'. 

എങ്ങനെ വസ്തുക്കളെ നോക്കണമെന്നല്ല ,കാണുന്നതിൻ്റെ  കലയാണ് ജോൺ ബറൗസിൻ്റെ  വിഷയം.'ദ് ആർട്ട് ഓഫ് സീയിംഗ് തിംഗ്സ് 'ഇരുപതാം നൂറ്റാണ്ടിലെ  അമേരിക്കൻ വായനക്കാരെ പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക്  കണ്ണുതുറപ്പിച്ച ലേഖനമാണ്. ഒരു സാഹിത്യരചയിതാവിനും ചിത്രകാരനുമൊക്കെ അത്ഭുതക്കണ്ണുകൾ വേണം. ഫ്രഞ്ച് കലാകാരൻ ക്ളോദ് മൊനെയുടെ ഇംപ്രഷണിസ്റ്റിക് ചിത്രങ്ങൾ ,വിശേഷിച്ചും വാട്ടർ ലില്ലിയും മറ്റും ,കാണുമ്പോൾ അദ്ദേഹം എത്രമാത്രം സൂക്ഷ്മമായി ഈ പ്രകൃതിയെ നോക്കിക്കണ്ടു എന്ന് മനസ്സിലാവും. അതുപോലെ സാഹിത്യകാരൻ്റെ മൗലികമായ സിദ്ധി  നിരീക്ഷണത്തിലാണുള്ളത്. ഒരു പന്നിയുടെയോ നായയുടെയോ ജീവിതം എഴുതണമെങ്കിൽ നല്ലപോലെ നിരീക്ഷിക്കണം. 'ഒരാൾ കവിതയെക്കുറിച്ചോ ,ചിത്രകലയെക്കുറിച്ചോ, പ്രഭാഷണത്തെക്കുറിച്ചോ  സംസാരിക്കുന്നത് അനുവാചകരെ സൃഷ്ടിക്കാമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെയാണ് 'എന്ന് ബറൗസ് പറയുന്നത് ശ്രദ്ധേയമാവുകയാണ്. ജീവിക്കുന്നതിൻ്റെ പരപ്പിലും ആഴത്തിലും ഇറങ്ങുകയാണ് മനുഷ്യൻ്റെ ചുമതല എന്ന് ബറൗസ് അടിവരയിടുന്നു. വർഷങ്ങൾ കഴിഞ്ഞ്  ഈ ജീവിതം നാമെങ്ങനെയാണ് ജീവിച്ചതെന്ന ചോദ്യം ഓരോ വ്യക്തിയെയും കാത്തിരിക്കുന്നുണ്ട്.  അടിസ്ഥാനരഹിതവും അകാരണവുമായി പെരുമാറി ജീവിതത്തെ നശിപ്പിക്കുകയാണല്ലോ നാം ചെയ്യാറുള്ളത്. 

സംവേദനക്ഷമത എവിടെ ?

'വസ്തുവിനെ നോക്കുന്നതിൻ്റെ കല നിയമങ്ങളും പ്രമാണങ്ങളുമനുസരിച്ച് പഠിപ്പിക്കാവുന്നതല്ല .അത് കണ്ണിൻ്റെയും കാതിൻ്റെയും  മനസ്സിൻ്റെയും ആത്മാവിൻ്റെയും സജീവതയിലാണുള്ളത് ' -ബറൗസിൻ്റെ വാക്കുകൾ. ജീവിക്കുന്നത് എന്തിനാണെന്ന ചോദ്യം മാത്രമല്ല ;എന്താണ്  സംവേദനക്ഷമമാകേണ്ടതെന്നും  അറിയേണ്ടതുണ്ട് .

മലയാളസാഹിത്യം ഇന്ന് സംവേദനരഹിതമായ മനുഷ്യമേഖലയായി  കടന്നുപോവുകയാണ് .യാതൊന്നും ആരെയും സ്പർശിക്കുന്നില്ല .എല്ലാം വ്യാജമാണെന്ന ധാരണയിൽ തന്നിൽ തന്നെ അഭയം തേടുകയാണ് എഴുത്തുകാർ .അതുകൊണ്ട് ഒരു വ്യാജജീവിതമാണ് കൂടുതൽ സുരക്ഷിതമെന്ന് പലരും ധരിച്ചുവച്ചിരിക്കുന്നു. 'അറിയുന്നതിൽ എല്ലാം ഉൾക്കൊള്ളുന്നില്ല; അത് പകുതിയേ ആകുന്നുള്ളൂ. പ്രേമിക്കുന്നതാണ് മറുപതി . പ്രേമിക്കുമ്പോൾ കണ്ണുകൾക്ക് ,കാതുകൾക്ക് ,സ്പർശത്തിനു കുറേക്കൂടി സൂക്ഷ്മത വരും '

ഒരു വസ്തുവിനോടു നമുക്കുള്ള തൃഷ്ണ എന്നത് അറിവ് തേടലിൽ മാത്രമല്ല, അതിനോടുള്ള ശുദ്ധമായ പ്രേമത്തിലുമാണ്  സാക്ഷാത്കരിക്കുന്നത്. പ്രേമം യഥാർത്ഥത്തിൽ അഹിംസാത്മകമാണ്. അത് കൗതുകകരമായ ,ആത്മനിഷ്ഠമായ ആരായലാണ്. അതിന് അവസാനമില്ല .ഭൗതികമായ ലാഭമോ 'സമ്പത്തോ ഒന്നും പ്രേമത്തിലില്ല. അതുകൊണ്ടാണ് അത് ശുദ്ധമായിരിക്കുന്നത്. അഗ്നി ശുദ്ധമായിരിക്കുന്നത് ,അതിൽ അഴുക്കിനു നിലനിൽപ്പില്ലാത്തതുകൊണ്ടാണ്.  അഗ്നിയിൽ അഗ്നിക്ക് മാത്രമേ ഇരിക്കാനാകൂ .അതുപോലെയാണ് സ്നേഹവും; അതിൽ അതിനു മാത്രമേ നിലനില്പുള്ളു. പ്രേമം ശൂന്യതയിൽ നിന്ന് മനസിൻ്റെ സിദ്ധികൊണ്ട് ഉയിർ കൊള്ളുന്നതാണ്. അത് എപ്പോഴും ശുദ്ധമല്ല .അതിനു കാരണം നമ്മൾ ശുദ്ധിയിൽ തന്നെ തുടരാത്തതാണ്. 
അതിൻ്റെ ശുദ്ധതയിൽ നമുക്ക് നമ്മേക്കാൾ വലിയ ലക്ഷ്യങ്ങളുണ്ട്. അത് സംവേദനക്ഷമമാണ്. ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി ,എല്ലാ ഉപാധികളും ഉപകരണങ്ങളും  മാധ്യമങ്ങളും ഉണ്ടായിട്ടും സംവേദനക്ഷമത നഷ്ടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് .യാതൊന്നും വിനിമയം ചെയ്യാൻ മാത്രമുള്ള സ്നേഹാഭിമുഖ്യം എവിടെയുമില്ല. എല്ലാ പ്രസ്ഥാനങ്ങളും തകരുകയാണ്. ജോർജ് ഓർവൽ സൂചിപ്പിച്ചതുപോലെ, ലൈംഗികത ഉന്മൂലനം ചെയ്യപ്പെടുകയും രതിമൂർച്ച  നിർത്തലാക്കപ്പെടുകയും ചെയ്യും .പകരം ലിംഗരാഷ്ട്രീയവും ലിംഗസ്വത്വവുമാണ് പ്രക്ഷുബ്ധമായി ഉയർന്നുവരുന്നത് .ഇവിടെയൊന്നും ബറൗസ് പറയുന്ന പ്രേമം ഇല്ല. 

പ്രകൃതിയെ കവിയുടെ മനസ്സിലൂടെ നോക്കുന്നതോ ,ശാസ്ത്രകാരൻ്റെ മനസ്സിലൂടെ നോക്കുന്നതോ പൂർണ്ണമല്ല.'പ്രേമത്തിൻ്റെ സ്ഥാനം  ഏറ്റെടുക്കാൻ മറ്റൊന്നിനും കഴിയില്ല. ജീവിതത്തിൻ്റെ മാറ്റ് പ്രേമത്തിലാണുള്ളത് '.

രണ്ടു ദുരന്തങ്ങൾ 

നമ്മുടെ താൽപര്യങ്ങൾ, അനുതാപങ്ങൾ, മനസ്സിനു ഗ്രഹിക്കാവുന്ന നൂറുകൂട്ടം കാര്യങ്ങൾ എല്ലാം ചേർന്നതാണ് ഈ പ്രേമം. ഒരാൾക്ക് പ്രകൃതിയിലെ ഏതെങ്കിലുമൊരു വസ്തുവിനോട്, കാഴ്ചയോട് തോന്നുന്ന അഭിനിവേശം യഥാർത്ഥവും പ്രചോദനാത്മകവുമാകണമെങ്കിൽ അതിൽ പ്രേമത്തിൻ്റെ ഒരു നിക്ഷേപം ഉണ്ടായിരിക്കണം. അതിലൂടെയാണ് മനസ്സിൻ്റെ അകംലോകങ്ങൾ തുറക്കുന്നത് .

ഇഷ്ടത്തിൻ്റെ തോതനുസരിച്ച് ചുറ്റുവട്ടം പ്രിയങ്കരമായിത്തീരുന്നു. എന്നാൽ ഇഷ്ടമില്ലാതെ ,വെറുമൊരു  പ്രൊഫഷണൽ താത്പര്യത്തിൻ്റെ പേരിൽ മാത്രം വസ്തുക്കളെ സമീപിക്കുമ്പോൾ അത് മനുഷ്യനിൽ നിന്ന് വേർപെട്ട മറ്റെന്തോ ആയിത്തീരുന്നു.

മനസ്സിനുള്ളിൽ നരകം ഒരു താമസസ്ഥലമായി മാറുന്നു. പതിറ്റാണ്ടു  കഴിയുമ്പോൾ മിക്ക എഴുത്തുകാർക്കും കലാപരമായ പ്രത്യുൽപാദനശേഷി ഇല്ലാതാവുന്നു. അപ്പോൾ അവർ പഴയത് ആവർത്തിക്കുകയോ  അവസരത്തിനൊത്ത് എന്തെങ്കിലും എഴുതി സാന്നിധ്യം നിലനിർത്തുകയോ  ചെയ്യുന്നു. ഇതിനെക്കുറിച്ച് ബറൗസ് പറയുന്നുണ്ട്. ദീർഘകാലയളവിൽ കലാപ്രവർത്തനത്തിൽ മുഴുകുന്നവർ രണ്ട് ദുരന്തങ്ങളെ നേരിടുന്നതായി അദ്ദേഹം എഴുതുന്നു. ഒന്ന്, മനസ്സ്  കല്ലാകുന്ന പോലെയുള്ള സംവേദന രാഹിത്യമാണ്. മറ്റൊന്ന്, മനസ്സിൻ്റെ ചീഞ്ഞഴുകലാണ്. ഈ അവസ്ഥയിൽ യാതൊന്നിനോടും പ്രതികരിക്കാനാവാതെ മനസ്സ് അതിൻ്റെ തന്നെ നിർവ്വികാരതയിൽ അഭയം പ്രാപിക്കും. ആവർത്തിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല .കാലഹരണപ്പെട്ടതും അർത്ഥോല്പാദനശേഷി നഷ്ടപ്പെട്ടതുമായ ചിന്തകളെ ഇക്കൂട്ടർ തട്ടിവിട്ടുകൊണ്ടിരിക്കും. 

ഒരിടത്ത് മനസ്സ് കല്ല് പോലെയാകുന്നു; മറ്റൊരിടത്ത് ചിന്തകൾ ചീഞ്ഞളിയുന്നു .ഇതു രണ്ടും നേരിടേണ്ടി വരുന്നത് എഴുത്തുകാരൻ്റെ  ജീവിതത്തെ തരിശാക്കുന്നു. 
പ്രഗത്ഭരായ എഴുത്തുകാർക്ക് പോലും ഈ ദുരന്തം സംഭവിക്കുന്നു. പ്രായാധിക്യം എഴുത്തുകാരന് ഇതു പോലെ വെല്ലുവിളികളായിത്തീരാറുണ്ട്. ചിത്രകാരൻ പിക്കാസോക്ക് ഇത് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹം കവിതയിലേക്ക് തിരിഞ്ഞത്. 

'പ്രകൃതിയുടെ നല്ലൊരു പങ്കും മറിഞ്ഞിരിക്കുകയാണ് '-ബറൗസ് പറഞ്ഞു .പ്രകൃതിയിൽ നാം കാണുന്നതെല്ലാം, എവിടെയോ കേട്ടറിഞ്ഞതോ ,സങ്കല്പങ്ങളായി മനസ്സിൽ കുടിയേറിയതോ ആണ്. അത് കാണാൻ നിശ്ചയിച്ചതാണ്. കാണുക എന്ന പ്രക്രിയ മാത്രമേ അവശേഷിക്കുന്നുള്ളു .കാണുന്ന തോടെ ഒന്നും നേടുന്നില്ല. കാരണം, അത് മനസ്സിൽ എത്രയോ വട്ടം കണ്ടിരുന്നു. അതുകൊണ്ടാണ് അറ്റ്ലാൻ്റിക് മഹാസമുദ്രം കണ്ടിട്ട് ഓസ്കാർ വൈൽഡ് നിരാശനായത്; കൂടുതൽ പ്രതീക്ഷിച്ചിരുന്നു.

നമ്മൾ കാണാതെ പ്രകൃതിയെ കാണണം. അതാണ് അമെരിക്കൻ പ്രകൃതിസ്നേഹി തോറോയുടെ 'വാൽഡണി'ൽ കാണുന്നത്. ഒരു വനം മനുഷ്യായുസുകൊണ്ട് പഠിച്ചുതീർക്കാനാവാത്ത സർവകലാശാലയാണ്. മനസ്സിൻ്റെ നിത്യപ്രേമത്തിൽ നിലനിർത്തുന്ന പ്രേമം കൈവിട്ടുപോകുന്നതോടെ വരൾച്ച ആരംഭിക്കും.തോറോ വനത്തിനടുത്ത്  രണ്ടു വർഷം കുടിൽ കെട്ടി താമസിച്ചു. അദ്ദേഹത്തിനു വിരസത തോന്നിയില്ല; കാരണം ,അദ്ദേഹത്തിൻ്റെ മനസിൽ കാടിനോട് പ്രണയമുണ്ടായിരുന്നു.
അത് തീയായിരുന്നു. കെട്ടു പോകാത്ത തീ. വെറുതെ കാട് കാണാൻ പോയവനായിരുന്നെങ്കിൽ ഒരു ദിവസം തികയ്ക്കാതെ മടങ്ങിപ്പോയേനെ . കാരണം, അവർ നേരത്തെ മനസ്സിൽ കണ്ട കാടാണ് കാണുന്നത്. കാണാത്തതൊന്നും അവരെ പ്രലോഭിപ്പിക്കുന്നില്ല. അതേസമയം, പ്രകൃതി നിറയെ നാം കാണാത്തതാണ്. 
ഒരു അണ്ണാറക്കണ്ണൻ്റെ  കുടുംബജീവിതം ഇന്നത്തെ സംവേദനരഹിത കാലഘട്ടത്തിൽ ,  കവികളെ പോലും ആകാംക്ഷാഭരിതരാക്കുന്നില്ല. 

കണ്ണുകൾ കാണുന്നത് 

നമ്മൾ വിചാരിച്ചാൽ ഒരു പക്ഷിക്കൂട് കണ്ടെത്താം. അതൊക്കെ സാധ്യമാണ് .എന്നാൽ ആ വഴിയിൽ കാണാത്തതായി പലതുമുണ്ട്. അത് കാണാനായി മനസ്സിനെ പാകപ്പെടുത്തണം. അന്ധൻ സ്പർശത്തിലൂടെ വസ്തുക്കളെ തിരിച്ചറിയുന്നപോലെ  കണ്ണുകൾകൊണ്ട് കാണാനാവണം . 'അന്ധൻ്റ സ്പർശം പോലെ കണ്ണുകളെ പരിശീലിപ്പിക്കുക ' .കറുത്ത കുതിരയെയും വെളുത്ത കുതിരയെയും തിരിച്ചറിയുന്ന സ്പർശം.
മങ്ങിപ്പോയതെല്ലാം അന്വേഷണ തൃഷ്ണയുള്ള കണ്ണുകൾ കാണുന്നു. 
കണ്ണുകൾ കാണുന്നതിനപ്പുറം അകക്കണ്ണുകൊണ്ട് കാണുന്നു. ഉന്നത വ്യക്തിത്വമുള്ള ഒരു പന്നിയെ ഒരിക്കലും കണ്ടെത്തുകയില്ലെന്ന് പറയരുത് .നിശ്ചയമായും ,തൻ്റെ ബന്ധുക്കളെയും സ്വന്തക്കാരെയും കാത്തുരക്ഷിച്ച് പ്രേമം ചൊരിയുന്ന പന്നികളുണ്ട്. സൂക്ഷിച്ചു മനസ്സിലാക്കേണ്ടതാണത്.

ഒരു പക്ഷിയുടെ കല അതിൻ്റെ കൂട് മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കുന്നതിലാണ്. പക്ഷികൾക്ക് കൂടുണ്ടായിരിക്കുന്നത് സ്വകാര്യതയുടെ ഭാഗമാണ്. ചില പക്ഷികൾ ഉയരമുള്ള വൃക്ഷങ്ങളുടെ ഏറ്റവും മുകളിൽ കൂടുകൂട്ടുന്നു .വിടന്മാർ കയറിവരാത്ത ഇടമാണത്. മണ്ണിനടിയിൽ തവളകൾ എത്ര മാസങ്ങളാണ് സ്വൈരമായിരിക്കുന്നത്. മനുഷ്യരിൽനിന്ന് ഒളിപ്പിക്കാൻ പലതുമുണ്ട് .മനുഷ്യൻ്റെ നശിച്ച, ക്രൂരമായ , സംവേദനരഹിതമായ ലോകത്തോട് ഒന്നും പറയാനില്ലാത്തതുകൊണ്ട് ചില ജീവികൾ കടലിൻ്റെ അടിത്തട്ടിലേക്ക്  പിൻവാങ്ങിയിരിക്കുന്നു. 

'കണ്ണുകളെ കാണാൻ ബോധമുള്ളതാക്കുകയും സൂക്ഷ്മതയുള്ളതാക്കുകയും ചെയ്യുന്നത് ബോധമാണ് .കണ്ണുകൾ കാണുന്നത് അതിനു കാണാൻ കഴിയുന്നത് മാത്രമാണ്. എന്നാൽ എന്ത് കാണണമെന്ന് നിശ്ചയിക്കുന്നത് അതിൻ്റെ പിന്നിലുള്ള പ്രേമവും ആഗ്രഹവുമാണ്'.ചിലപ്പോൾ ഏറ്റവും പരിചയമുള്ള വസ്തുക്കൾ പോലും നാം ശരിക്ക് കണ്ടിട്ടുണ്ടാകില്ല .കാണുന്നത് ഓരോ ബിന്ദുവിലുമാണ് . ചിരപരിചിതമായതിനെ ആകെ ഒരു വസ്തുവായിട്ടാണ് കാണുന്നത്. 

പ്രേമമുള്ള ഒരാൾ തന്നതാണെങ്കിൽ, നാം ശരിക്കും പ്രേമിക്കുന്നുണ്ടെങ്കിൽ എത് വസ്തുവും കൂടുതൽ സൂക്ഷ്മമായി നിരീക്ഷക്കപ്പെടും .'ശ്രദ്ധിക്കാനുള്ള കഴിവാണ് ,പുറംലോകത്തെ വസ്തുക്കളെ നിരീക്ഷിക്കാനുള്ള മനസ്സിൻ്റെ സംവേദനക്ഷമതയാണ് വസ്തുക്കളെ കാണുന്നതിലുള്ളത് ' - ബറൗസ് എഴുതുന്നു. മനസ്സിനു ആ കഴിവ് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. പ്രകൃതിയുടെ ഭാഗമാണ് ആ സിദ്ധി. കോടാനുകോടി ജീവികൾ സ്വാഭാവികമായ രീതികളിൽ ജനിച്ചു, വളർന്ന്, മൺമറഞ്ഞ് പോകുന്ന പ്രകൃതിയിൽ ഊർജ്ജത്തിൻ്റെ അജ്ഞാതമായ മഹാമണ്ഡലങ്ങൾ നിലനൽകുന്നു .ജീവൻ ഒരു മഹാവിസ്മയമാണ്. ഏറ്റവും ശുദ്ധമായ ആ പ്രഭാവത്തെ കാണാൻ കഴിയുക പ്രകൃതിയിലാണ്. അതുകൊണ്ട് പ്രകൃതിയെ കാണാൻ കണ്ണുള്ളവർ എഴുതുമ്പോൾ വസ്തുക്കളിലേക്ക് തുളച്ചുകയറുന്നു.  കാണുമ്പോൾ ലോകം രണ്ടാമത് ജനിക്കുകയാണ്. പോർച്ചുഗീസ് കവി ഫെർഡിനാൻഡ് പെസ്സോവ തൻ്റെ സമീപത്തുണ്ടായിരുന്ന പാറകളെയും വൃക്ഷങ്ങളെയും യാദൃശ്ചികമായി, ഒരു ദിവസം കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.അത് ഉള്ളിൽ നിന്ന് വന്ന കാഴ്ചയാണ്.

'കാണുന്നത് ഒരു കലയാണ് .നിങ്ങളുടെ കണ്ണുകളും കാതുകളും എങ്ങനെ തുറന്നു പിടിക്കണമെന്നതിൻ്റെ കലയാണത്' - ബറൗസ് അറിയിക്കുന്നു. എന്നാൽ നിങ്ങൾ നിങ്ങളിൽതന്നെ വിരമിച്ചു ജീവിക്കുകയാണെങ്കിലോ ? നിങ്ങളുടെ സ്വന്തം ധ്യാനങ്ങളിൽ അടച്ചുപൂട്ടി ഇരിക്കുകയാണെങ്കിലോ ?

നുറുങ്ങുകൾ

1)സാഹിത്യത്സരത്തിൻ്റെ  ഉദ്ദേശലക്ഷ്യങ്ങൾ തന്നെ മാറിപ്പോയി. മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ (ഏപ്രിൽ 17 ) ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കഥ (ചീമാബുവെ, ദിൽദാർ എം )യും കവിത (കുടിവെപ്പ് ,വിഷ്ണുമോഹൻ കെ.) യും സാഹിത്യകലയിൽ യാതൊന്നും  സംഭാവനചെയ്യുന്നില്ല .സാഹിത്യരംഗത്ത് വന്നുചേർന്നിരിക്കുന്ന സംവേദനരാഹിത്യവും മരവിപ്പും  വൈകാരികമാന്ദ്യവും വ്യക്തമാക്കുന്ന രചനകളാണിവ. ദിൽദാറിൻ്റെ കഥയ്ക്ക് മനുഷ്യജീവിതവുമായി യാതൊരു ബന്ധവുമില്ല. ഏതാനും ചിത്രകാരന്മാരുടെ ചർച്ചയെക്കുറിച്ചാണ്  എഴുതിയിരിക്കുന്നത്. എന്താണ് പ്രസക്തി ?ജീവിതാനുഭവങ്ങളുമായി ബന്ധമില്ലാത്ത ഇത്തരം എഴുത്തുകാരെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത് ഭാവിയുടെ തകർച്ചയെ ചൂണ്ടിക്കാണിക്കുകയാണ്. ഇത് ആഴ്ചപ്പതിപ്പിൻ്റെ കുറ്റമല്ല; ആഴ്ചപ്പതിപ്പിനു മത്സരം നടത്താനല്ലേ  കഴിയൂ. ചിലർ ഇടിച്ചുകയറി എല്ലാം അട്ടിമറിക്കുകയാണ്. കുടിവെപ്പ് എന്ന കവിതയിൽ ആദിവാസി ഭാഷയല്ലാതെ മറ്റൊന്നുമില്ല ;ഒരു തുള്ളി കവിതയില്ല 

2)സ്വന്തം ജന്മദേശത്തെക്കുറിച്ച് ടർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുക്ക് ഇങ്ങനെ ചിന്തിക്കുന്നു: ' എനിക്ക് ഈ നഗരം (ഇസ്താംബൂൾ) നാശങ്ങളുടെയും സാമ്രാജ്യത്വ കാലത്തെ വ്യാകുലതകളുടെയും ഓർമ്മകളാണ്. ഈ  വ്യാകുലതകളുമായി യുദ്ധം ചെയ്തുകൊണ്ടാണ് ഞാൻ എൻ്റെ  ജീവിതം ചെലവഴിച്ചത്. അല്ലെങ്കിൽ എല്ലാ ഇസ്താംബൂൾകാരെയും പോലെ, അത് എൻ്റേതായി തീർത്തുകൊണ്ട് ' .

3)ആനന്ദൻപിള്ളയുടെ 'സാഹിത്യവിമർശം' മാസികയിൽ വരുന്ന ഖണ്ഡന വിമർശനലേഖനങ്ങൾ പുതിയൊരു പന്ഥാവാണ് .എല്ലാം വിമർശിക്കപ്പെടണം. സാഹിത്യവിമർശകൻ എം. ആർ .ചന്ദ്രശേഖരൻ എം.ടി പൈങ്കിളിയാണെന്ന് (മെയ് ,ജൂൺ എഴുതിയിരിക്കുന്നു! ഇതൊക്കെ അല്പത്തമാണെന്ന് പറയട്ടെ. ചന്ദ്രശേഖരനെ സാഹിത്യബാഹ്യമായ വികാരങ്ങൾ പിടികൂടിയിരിക്കുന്നു. 


 

യുക്രൈനും എഴുത്തുകാരും /അക്ഷരജാലകം എം.കെ.ഹരികുമാർ

 

LINK

മനുഷ്യൻ്റെ ഭയം, ഉത്കണ്ഠ, നിരാശ, ആത്മഹത്യാപ്രവണത ,ദു:ഖം തുടങ്ങിയവയ്ക്കെല്ലാം ജീവിതത്തിൽ ഒരു വലിയ പങ്കു വഹിക്കാനുണ്ട്. പ്രകൃതിയുടെ നിഷ്കളങ്കവും  അനിവാര്യവുമായ ഒഴുക്കിൽ നമുക്കാവശ്യമായതു തന്നെ നമ്മളിലേക്ക് വന്നു കൂടായ്കയില്ല .ആസ്ട്രേലിയൻ എഴുത്തുകാരി 
റോണ്ടാ ബയണിൻ്റെ 'ദ് സീക്രട്ട് ' എന്ന പുസ്തകത്തിൽ പറയുന്ന 'ലോ ഓഫ് അറ്റ്റാക്ഷൻ 'അഥവാ ആകർഷണ നിയമമല്ല ഇവിടെ വിവരിക്കുന്നത്. ആകർഷണ നിയമമനുസരിച്ച് ഉള്ളിൽ എന്ത്  വിശ്വസിക്കുന്നുവോ അതിലേക്കാണ് നമ്മൾ ആകർഷിക്കപ്പെടുക. പരാജയബോധത്തിന് അടിമപ്പെട്ടവനെ തേടി പരാജയങ്ങൾ വന്നുകൊണ്ടിരിക്കും.

മനുഷ്യൻ്റെ തീവ്രമായ ആഗ്രഹങ്ങൾ നമ്മുടെ സംവേദനഘടകങ്ങളെ  ശക്തിപ്പെടുത്താതിരിക്കില്ല .വലിയ ഊർജ്ജം ഉപയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിൻ്റെ  ഫലമായി ശരീരത്തിലെ എല്ലാ കോശങ്ങളും അതിനനുസരിച്ചുള്ള ഒരു ഓർക്കസ്ട്ര സൃഷ്ടിക്കാതിരിക്കില്ല. മനുഷ്യശ്രദ്ധയുടെ ശക്തിക്കനുസരിച്ച്  ഒരൊഴുക്കുണ്ടാകുന്നു.മുന്നോട്ടുള്ള ഒഴുക്കിൽ എല്ലാവസ്തുക്കളും മുന്നോട്ടാണ് ഒഴുകുന്നത്. ശക്തമായ ഒഴുക്കുള്ള ഒരു നദിയിൽ ഒരിലയും വലിയ വൃക്ഷത്തിൻ്റെ  അവശിഷ്ടങ്ങളും ഒരേ ദിശയിലാണല്ലോ ഒഴുകുന്നത്. ശക്തിയുള്ള ഒരു പാറയ്ക്ക്  മുകളിലേക്ക് ഒഴുകുവാനാവില്ലല്ലോ. ഒഴുക്കിനു പല ശക്തികളുണ്ട് .അത് വെള്ളത്തിൻ്റെ അളവിനെയും ശക്തിയെയും ചെരിവിനെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യമനസ്സിൽ ഏതൊരു ദിശയിലാണോ ശക്തമായ ഒഴുക്കുള്ളത് ,ആ വശത്തേക്ക് എല്ലാവസ്തുക്കളും - ചിന്ത, സ്വപ്നം, സൃഷ്ടിവാസന, വികാരങ്ങൾ - ഒഴുകാൻ തുടങ്ങും. ഇങ്ങനെ ശരീരത്തിലെ എല്ലാ കോശങ്ങളും ഒരേ ദിശയിൽ ,ശക്തിയുടെ ഒരു വിതാനത്തിൽ ഏകീകരിക്കുമ്പോഴാണ് പാബ്ലോ പിക്കാസോയെ പോലെ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാനാവുന്നത്. പിക്കാസോക്ക്  ചിത്രരചന തൻ്റെ ഒരേയൊരു ജീവിതമായിരുന്നു. ഒരു തൊഴിലിനപ്പുറമാണത്.
മറ്റൊരു തൊഴിലും ചെയ്യാനാവാത്ത വിധം അദ്ദേഹം അതിലേക്ക് തൻ്റെ മാനസികശക്തികളെ  ഒഴുക്കിക്കൊണ്ടിരുന്നു.
പിക്കാസോയുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ചിത്രകലയെക്കുറിച്ച് അറിയാമായിരുന്നു .

'എന്നെ ചിത്രകലയിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുള്ള എല്ലാ പ്രലോഭനങ്ങളെയും ഞാൻ പ്രതിരോധിക്കുകയാണ് ചെയ്തത്. തുടക്കത്തിൽ എൻ്റെ ചിത്രങ്ങൾ വലിയ വിലയ്ക്ക് വിറ്റിരുന്നില്ല. എന്നാൽ എല്ലാം വിൽക്കുമായിരുന്നു.എൻ്റെ  രേഖാചിത്രങ്ങളും കാൻവാസുകളുമെല്ലാം  വിറ്റുപോയിരുന്നു .അതാണ് പ്രധാനം" -പിക്കാസോ പറഞ്ഞു. കലാകാരൻ്റെ അല്ലെങ്കിൽ എഴുത്തുകാരൻ്റെ വിഷാദങ്ങളെ സർഗാത്മകതയിലേക്കാണ് പറഞ്ഞയയ്ക്കേണ്ടത് ,വേറെ എവിടേക്കുമല്ല .

പരാജയങ്ങളുടെ ആത്മാവ് 

വിഷാദങ്ങൾക്കും തിരിച്ചടികൾക്കും അവയുടേതായ പ്രതിപ്രവർത്തനമൂല്യമുണ്ട് .അതിൽ മനുഷ്യൻ ജീവിച്ചു എന്ന മൂലധനം അവശേഷിക്കുകയാണ്. ഞാൻ ജീവിച്ചതാണ്, നമ്മുടെ പരാജയങ്ങൾ. ഒരു പക്ഷേ ,വിജയങ്ങളേക്കാൾ നാം ജീവിക്കുന്നത് നമ്മുടെ പരാജയങ്ങളിലാണ്. വിജയങ്ങളിൽ എപ്പോഴും ലോകം കൂടെ ഉണ്ടാവും.
ലോകത്തിന് വിജയത്തോടെയാണ് താല്പര്യമുള്ളത്. വിജയിക്കുമ്പോഴാണ് ലോകം നമ്മുടെ പ്രതിഭയെ മാനിക്കുന്നതെന്ന് തോന്നുന്നു. വിജയം ഒരടയാളമാണ്. വിജയിക്കുമ്പോൾ ഔദ്യോഗിക മാധ്യമങ്ങളും , കലാകാരന്മാരുടെയും  ആസ്വാദകരുടെയും സമൂഹങ്ങളും നമ്മുടേത് യഥാർത്ഥമായ പ്രവർത്തനമാണെന്ന് കരുതുന്നു; അങ്ങനെയല്ലെങ്കിൽ പോലും. 

എന്നാൽ പരാജയങ്ങളിൽ നമ്മൾ മാത്രമാണ് ജീവിക്കുന്നത്. കലാകാരൻ്റെ  അല്ലെങ്കിൽ എഴുത്തുകാരൻ്റെ  പരാജയങ്ങൾ എല്ലാം മടക്കിക്കെട്ടി പോകാനുള്ളതല്ല.പരാജയം സ്വയം കണ്ടെത്താനുള്ളതാണ്. അതിനൊരു ഊർജ്ജമുണ്ട് .അത് തരുന്നത് ,അതിജീവിക്കാനുള്ള ത്വരയാണ്. അവിടെയാണ് ഒരുവൻ ജീവിക്കുന്നത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ ,പല രീതികളിൽ ഒറ്റപ്പെടുന്നത് അത് ബോധ്യമാക്കി തരും .പരാജയത്തെ തോല്പിക്കേണ്ടതുണ്ട് .അതിനു  കലാകാരൻ്റെ കൈയിൽ തൻ്റെ മൃദുവായ, വിലോലമായ, തരളിതമായ ഭാവനകളേക്കാൾ ശക്തിയുള്ള പ്രതിരോധം ഉണ്ടായിരിക്കണം .

എല്ലാം പുനരുപയോഗത്തിനുള്ള അസംസ്കൃത വസ്തുക്കളാണ്. മനസിനു പല ഉപയോഗങ്ങളുണ്ട്.  ജീവിച്ചിരിക്കുമ്പോൾ മൗനത്തിലാകുന്ന കലാകാരന്മാർ പരാജയത്തെ മുന്നിൽ കാണുകയാണ്. യുക്രെയ്നിൽ റഷ്യയുടെ ആക്രമണം നടക്കുമ്പോൾ, പല രാഷ്ട്രീയ കാരണങ്ങളാലാകാം, കവികളും കഥാകൃത്തുക്കളുമെല്ലാം മൗനികളായിപ്പോയിരിക്കുകയാണ്.
അന്തരംഗത്തിലേക്ക് ഒരു രാഷ്ട്രീയ തത്ത്വം കടന്നുവന്ന് ആധിപത്യം  സ്ഥാപിക്കുകയാണോ ?.എത്രകാലം ലക്ഷക്കണക്കിനു മനുഷ്യരുടെ ദുരിതം കണ്ടില്ലെന്നു നടിക്കും. ഒരു  നാടിനേക്കാൾ ഉത്തരവാദിത്വമുള്ള ഘടകമാണ് കലാകാരൻ്റെ മനസ്സ്. അവിടെ ദേശമോ, കാലമോ ,ഒന്നും തടസ്സമാകുന്നില്ല .സത്യമായ ഒന്നിനെ  നിരാകരിക്കുന്നത്, അപഹസിക്കുന്നത്, മറക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാകാം .കാരണം, അത് നമ്മുടെ സകല കോശങ്ങളുടെയും താല്പര്യങ്ങൾക്ക് എതിരാണ് .മനുഷ്യവർഗത്തിൻ്റെ ദുരിതങ്ങൾ കണ്ടുകൊണ്ട് മൗനം പാലിക്കേണ്ടി വരുന്നത് എഴുത്തുകാരൻ്റെ ഭാഷ  നഷ്ടപ്പെടുത്തുകയോ ,വികാരങ്ങളെ മലിനപ്പെടുത്തുകയോ ചെയ്യും .കലാകാരനിൽ ദൈവത്തിൻ്റെ ഒരു കണ്ണ് പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഫ്രഞ്ച് ചിത്രകാരൻ പിയറി റെന്വെ വരച്ച സുന്ദരികളുടെ ചിത്രങ്ങളോട് നമുക്ക് പ്രത്യേക അഭിനിവേശം തോന്നുന്നത്. 
സാധാരണലോകത്തിന് അപ്രാപ്യമായ സൗന്ദര്യം റെന്വേ നമുക്കായി സൃഷ്ടിക്കുന്നു .കലാകാരന്മാരെ കൂട്ടിയിണക്കുന്നത് ജീവിതദുരിതങ്ങളും സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകളുമാണ്. 

ആയുധം ഉപേക്ഷിച്ചവർ

അടുത്തമാസം പ്രമുഖ  സാഹിത്യകാരന്മാർ ലണ്ടനിൽ കിംഗ്സ് പ്ലേസിൽ ഒത്തുകൂടി യുക്രെയ്നിലെ എഴുത്തുകാരുടെ രചനകൾ വായിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്താണ് കാരണം ? മാനുഷികമായ സഹവർത്തിത്തം. യുക്രെയ്ൻ ജനതയ്ക്ക് മനുഷ്യത്വപരമായ സഹായം നല്കുന്നതിനായി ഈ തുക വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

നോർവീജിയൻ എഴുത്തുകാരൻ കാൾ ഒവെ നോസ്ഗാർഡ് ,ഇംഗ്ളീഷ് നോവലിസ്റ്റ് യാൻ മക് ഇവാൻ, ഇംഗ്ളീഷ് ന്യൂറോ സർജനും എഴുത്തുകാരനുമായ ഹെൻട്രി മാർഷ് ,ബ്രിട്ടീഷ് പെൺകവി ആലിസ് ഒസ്വാൾഡ് എന്നിവരാണ് ടിക്കറ്റ് വച്ച് നടത്തുന്ന ഈ പരിപാടിയിൽ യുക്രെയ്നിലെ എഴുത്തുകാരുടെ സൃഷ്ടികൾ വായിക്കുക .ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ, തങ്ങൾക്ക് സ്വാഭാവികമായി അനുഭവപ്പെടുന്ന മനംപിരട്ടലിൽ നിന്ന്, ശൂന്യതാബോധത്തിൽ നിന്ന്, വ്യാവഹാരിക ജീവിതവൈരുദ്ധ്യങ്ങളിൽ നിന്ന് ,പ്രതിഷേധങ്ങളിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറി എഴുത്തുകാർക്ക് നിശ്ശബ്ദത പാലിക്കാനാവുമെന്ന് ,ഈ പശ്ചാത്തലത്തിൽ നാം സ്വയം ചോദിക്കേണ്ടതാണ്. 

കടുത്ത സമ്മർദ്ദങ്ങളെ സൃഷ്ടിപരമായി ആവിഷ്കരിക്കാൻ ബാധ്യതപ്പെട്ട എഴുത്തുകാർ ഇന്ന് തങ്ങളുടെ ആയുധം ഉപേക്ഷിച്ച് നിഷ്ക്രിയരായിരിക്കുന്ന കാഴ്ചയാണ്  കാണുന്നത് .ദേശീയ കാഴ്ചപ്പാടുകൾക്കും രാഷ്ട്രീയ ആദർശങ്ങൾക്കും അനുസരിച്ചാണോ കവികൾ എഴുതിയിട്ടുള്ളത്? കവിതയ്ക്ക് എന്നും യശസ്സുയർത്തിയ ഷെല്ലി, പുഷ്കിൻ, നെരൂദ  തുടങ്ങിയവർ സുരക്ഷിതമായ ഇടനാഴികളിൽ വച്ച് രചന നിർവഹിക്കാം എന്ന് കരുതിയവരല്ല. അലങ്കോലങ്ങളിലും അനീതികളിലും അവർ നിശ്ശബ്ദരായില്ല .

ഭീരുക്കളായ കവികൾക്ക് കവിത സൃഷ്ടിയല്ല, ദയനീയമായ വിസർജനമാണ്.യുക്രെയ്നിൽ  നിന്നുള്ള വീഡിയോകളും വാർത്തകളും കണ്ടാൽ ഏതൊരു മനുഷ്യനും അമർഷത്തിൽ പുകയും. 
അതാണ് സഹജമായ മനുഷ്യത്വം .താൻ വല്ലാതെ സെൻസിറ്റീവാണ് എന്ന് വീമ്പിളക്കാറുള്ള ചില എഴുത്തുകാർ റഷ്യൻ പട്ടാളത്തിൻ്റെ പടച്ചട്ട കണ്ട് പിന്നോക്കം പോയിരിക്കുന്നു; അവർ സ്വന്തം ശരീരമാകുന്ന മാളത്തിൽ ഒളിച്ചിരിക്കുന്നു. യുക്രെയ്നിലെ യുദ്ധം മാസങ്ങൾ പിന്നിടുമ്പോഴും എഴുത്തിൻ്റെ പേരിൽ പുരസ്കാരങ്ങൾ വാങ്ങുന്ന ഒരെഴുത്തുകാരനും മിണ്ടിയിട്ടില്ല. അവരുടെ മനുഷ്യത്വം വറ്റിവരണ്ടു പോയിരിക്കുന്നു ,മരുഭൂമിക്ക് പോലും സാധ്യമാകാത്ത വിധം ആ മനസുകൾ ഉണങ്ങിപ്പോയിരിക്കുന്നു .ഇത് എന്തുകൊണ്ട് സംഭവിച്ചു ?

ആത്മരതി ആത്മകഥ

അവിടെയാണ് നമ്മുടെ സാംസ്കാരിക മേഖല ചെന്നെത്തിയിരിക്കുന്ന നിശ്ശൂന്യതയുടെ ആഴം വെളിപ്പെടുന്നത്. 
വ്യക്തിപരമായോ ,സാങ്കേതികമായോ ,പാരിസ്ഥിതികമായോ യാതൊരു ബന്ധവുമില്ലാത്ത വിധത്തിൽ നമ്മുടെ സംവേദനമനസ്സ് ഒറ്റപ്പെട്ടിരിക്കുന്നു.

ഇന്നത്തെ യുക്രെയ്നിയൻ കവികളിൽ പ്രശസ്തയായ ഇയാ യാനിവ്നാ കിവ എഴുതിയ ഒരു കവിത ഇവിടെ  ചേർക്കുകയാണ് .കൊല്ലാൻ പിടിക്കുമ്പോൾ ഭാഷയും ചിന്തയും എങ്ങനെ നിലവിളിക്കുമെന്ന് ഈ കവിത പറഞ്ഞു തരും .കിവ  പത്രപ്രവർത്തകയും പരിഭാഷകയുമാണ്. 'ദ് ഫസ്റ്റ് പേജ് ഓഫ് വിൻ്റർ ' അവരുടെ പ്രധാന കൃതികളിലൊന്നാണ്. കവിതയിൽ നിന്ന്:

'അവർ വന്നപ്പോൾ 
എൻ്റെ മരണത്തിൻ്റെ ഊഴമായിരുന്നു.
എല്ലാവരും ലിത്വാനിയനിൽ സംസാരിക്കാൻ തുടങ്ങി .
എല്ലാവരും എന്നെ 
ഭയങ്കരി എന്ന് വിളിക്കാൻ 
തുടങ്ങി .
എന്നെ ഇവിടെ ,അവരുടെ നാട്ടിൽ വിളിച്ചുവരുത്തിയിരിക്കുകയാണ് .
എൻ്റെ ദൈവമേ, ഞാനവരോട് പറഞ്ഞു, ഞാൻ ലിത്വാനിയക്കാരിയല്ല .
എൻ്റെ ദൈവമേ, ഞാൻ അവരോട് പറഞ്ഞു, യിദ്ദിഷ് ഭാഷയിൽ .
എൻ്റെ  ദൈവമേ, ഞാൻ അവരോട് പറഞ്ഞു ,റഷ്യൻ ഭാഷയിൽ.
എൻ്റെ ദൈവമേ ,ഞാൻ അവരോട് പറഞ്ഞു ,യുക്രെയ്ൻ ഭാഷയിൽ .
കാൽമിയസ് നദി 
നേമനി (യൂറോപ്പിലെ വലിയ നദി )ലേക്ക് 
ഒഴുകിക്കൊണ്ടിരുന്നു.
ഒരു ഭദ്രാസനപ്പള്ളിയിൽ 
നിസ്സഹായയായ ഒരു കുഞ്ഞു കരയുന്നുണ്ടായിരുന്നു'.

നമ്മുടെ സാഹിത്യത്തിൻ്റെ പൊതുബോധം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ  വ്യക്തിവാദത്തിലും  അന്തസ്സാരശൂന്യതകളിലും പൊങ്ങച്ചങ്ങളിലും വീമ്പു പറച്ചിലുകളിലും ഭൂതകാലസ്മൃതി പുരാണ മഹാത്മ്യങ്ങളിലും നങ്കൂരമിട്ടു കിടക്കുകയാണ് .അതിൻ്റെ ഫലമായി, ലോകത്തു എന്ത് നടന്നാലും അത് തങ്ങളെ ബാധിക്കില്ലെന്ന നാട്യത്തിൽ എഴുത്തുകാർ സ്വന്തം തറവാടിൻ്റെയും വ്യക്തിജീവിതത്തിൻ്റെയും പദവിയുടെ പുരാണങ്ങളുടെയും ആത്മരതിയിൽ  മുഴുകുകയാണ്. എത്ര ആത്മകഥകൾ വേണമെങ്കിലും എഴുതാൻ പാകത്തിൽ ആത്മരതിയിലേക്ക് എഴുത്തുകാർ  അമർന്നിരിക്കുന്നു.

ലക്ഷം അഭയാർഥികൾ രാജ്യാതിർത്തികൾ കടന്നു, നിരാലംബരായി, വിശന്നു വലയുമ്പോൾ, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു ,സ്വയം നിന്ദിച്ച് ആത്മഹത്യ ചെയ്യുമ്പോൾ ഈ എഴുത്തുകാർ ആത്മരതിയുടെ പാരമ്യത്തിൽ എന്നപോലെ ആത്മകഥകൾ എഴുതുന്നതിൽ വ്യാപൃതരായിരിക്കുന്നു.  തങ്ങൾ എഴുതിയതിനേക്കാൾ വലുതാണ് തങ്ങളുടെ പദവി പുരാണവും വ്യാജജീവിതവുമെന്ന് ഇവർ വിചാരിക്കുന്നു .ലോകം അതിൻ്റെ ക്രൂരതയിൽ നിന്ന് പുതിയ യാഥാർത്ഥ്യങ്ങൾ ഉണ്ടാക്കുന്നു. നൂറ് പേരെ കൊന്നാൽ ചരിത്രമാണത്.  ചരിത്രം എത്ര രക്തംപുരണ്ടതാണെങ്കിലും ,അത് വായിക്കുന്നവർക്ക് നോവില്ല; മുറിവേറ്റു പിടയുന്ന കുട്ടികൾ ചരിത്രത്തിലാണുള്ളതെങ്കിൽ ,ആ ചരിത്രം വായിക്കുന്ന കവികൾ എന്തിന് സ്വന്തം ശരീരത്തിൽ മുറിവുണ്ടോ എന്ന് നോക്കണം ! .

നുറുങ്ങുകൾ 

1)കെ.എ.ജയശീലൻ 'പരിചയപ്പെട്ടിട്ടില്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 19)എന്ന കവിതയിൽ എഴുതുന്നു:

'എല്ലാ വെയിലിനകത്തും 
കരി ചേർക്കും നിഴലായി
ഒരു ദുഃഖം.
എല്ലാ ദുഃഖവുമൊടുവിൽ 
ദു:ഖികളിലിരിക്കുവോളം 
അതാശ്വാസം'

ശരിയാണ്. ദുഃഖം കുറേക്കഴിയുമ്പോൾ ഒരു അനുരാഗമായി രൂപാന്തരപ്പെടുന്നു. വിഷാദം ചിലർക്കെങ്കിലും ഉൽക്കർഷം നല്കുന്നുണ്ടാവണം. ഭൂമിയുടെ അടിത്തട്ടിൽ സ്പർശിച്ചു എന്ന തോന്നലാണത് .

2)കിളിമാനൂർ രമാകാന്തൻ്റെ കൃതികളെക്കുറിച്ച് ഡോ. എം. എം. ബഷീർ എഴുതിയ ലേഖനം (പ്രഭാത രശ്മി ,മാർച്ച്) ശ്രദ്ധേയമായി. രമാകാന്തൻ ഒരു  ക്ലിക്കിലുമില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി എഡിറ്റോറിയലുകളോ ,മുഖചിത്രങ്ങളോ ഉണ്ടായില്ല. എന്നാൽ ഇറ്റാലിയൻ കവി ദാന്തെയുടെ 'ഡിവൈൻ കോമഡി ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. നമ്മുടെ ഭാഷ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു .രമാകാന്തൻ ആധുനിക കവിയായിരുന്നു .പിന്നീട്  അദ്ദേഹം തമസ്കരിക്കപ്പെടുകയാണ് ചെയ്തതെന്ന് ബഷീർ സൂചിപ്പിക്കുന്നു. 

3)എഴുപതുകളിൽ കവികളും ചലച്ചിത്രകാരന്മാരും കഥാകൃത്തുക്കളും എസ്റ്റാബ്ലിഷ്മെൻ്റിനു എതിരാണെന്ന് വിളിച്ചുപറഞ്ഞു .എല്ലാ വ്യവസ്ഥകളെയും തങ്ങൾ ധിക്കരിക്കുകയാണെന്ന് പറയാൻ അവർ സധൈര്യം മുന്നോട്ടു വന്നു.  പില്ക്കാലത്ത് അവരിൽ പലരും എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ ഭാഗമാകാൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നു , മന്ത്രിമാർക്കൊപ്പമിരിക്കുന്നു , പുരസ്കാരങ്ങൾ സ്വീകരിക്കുന്നു എന്ന വൈരുദ്ധ്യം വായനക്കാർ നേരിടുകയാണ്, 

4)സി .വി. ബാലകൃഷ്ണൻ്റെ 'മോനിക്കയും മാർഗ്ഗരീത്തയും തമ്മിൽ ഗൗരവതരമായ ഒരു സംഭാഷണം'(പ്രഭാതരശ്മി ,മാർച്ച്) നിലവാരമില്ലാത്ത ഒരു അതിവൈകാരിക കഥയാണ്. എല്ലാവരും ചർച്ച ചെയ്ത് നശിപ്പിച്ച അവിഹിത ഗർഭവും  അലസിപ്പിക്കലുമൊക്കെയാണ് ബാലകൃഷ്ണന് ഈ കാലത്ത് പറയാനുള്ളത് .കലയുടെ ഒരു കണം പോലും ഇതിൽ കണ്ടില്ല.



,

കവിതയുടെ ബുദ്ധശരീരം //എം.കെ.ഹരികുമാർ /METROVARTHA APRIL 12

 LINK 

 




ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും. 
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്. 

മറ്റൊരു രാഗം 

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം " 

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു. 

ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌. 

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു. 

വാക്കുകളാകുന്ന പന്തങ്ങൾ 

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്. 
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്. 

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്. 

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല 

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു. 
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്. 

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ 
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്. 
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്. 

'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.

കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല. 
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.


 

വിരക്തിയിൽനിന്നു സൗന്ദര്യം /അക്ഷരജാലകം /എം.കെ.ഹരികുമാർ 9995312097, METRO APRIL 11, 2022

 

LINK

അനുഭവങ്ങൾ കമ്പോളത്തിലെന്നപോലെ വാങ്ങാവുന്ന ഈ കാലത്ത് ഏറ്റവും വിലകൂടിയത് ആര് വാങ്ങുന്നുവോ അവനാണ് സംസ്കാരബുദ്ധിജീവി .ശൂന്യാകാശത്ത് പോകാൻ ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ഈ അപൂർവവും വിലപിടിപ്പുള്ളതുമായ സാംസ്കാരിക അനുഭവത്തിനു വേണ്ടിയാണ് .സംസ്കാരത്തിൻ്റെ അർത്ഥം മാറി. അത് ഇന്ന് ഒരു ഉപഭോഗവസ്തുവാണ്; അതുകൊണ്ട്, സ്വാഭാവികമായി ഒരു കമ്പോള വസ്തുവുമാകുന്നു. 

ആളുകൾ കാഴ്ചകൾ കാണാൻ പോകുന്നതു പോലും സാമൂഹികമായ പദവിക്കു വേണ്ടിയാണ്. കൂടുതൽ സ്ഥലങ്ങൾ കണ്ടവനെ സമൂഹം ആദരിക്കുന്നു. ഒരു വലിയ സാഹിത്യകാരനെയോ ,ചിത്രകാരനെയോ കണ്ട് ഉപദേശം തേടേണ്ട ആവശ്യം മന്ത്രിമാർക്കില്ല .എന്നാൽ സഞ്ചാരികളുമായി അവർ എത്ര നേരം വേണമെങ്കിലും ഇരുന്നു സംസാരിക്കും. യാത്ര ഇന്ന് ഉപഭോഗമാർക്കറ്റിലെ ഒരു വസ്തുവാണ്. യാത്ര വിപണനം ചെയ്യാം. 

സാഹിത്യകലയിൽ ഭാവുകത്വം മരിച്ചതുകൊണ്ട് ഒരു കൃതിയും വായനക്കാരൻ്റെ കാഴ്ചപ്പാടിനെ മാറ്റുന്നില്ല .സംസ്കാരം ഒരു ചരക്കാണ്; അത് ക്രയവിക്രയം ചെയ്യാം. അതിൻ്റെ താത്ക്കാലിക ഉടമസ്ഥൻ ആരാണോ അവനാണ് ബുദ്ധിജീവി .ഏറ്റവും ചെലവേറിയ യാത്രയ്ക്ക് പോകുന്നവൻ 'എ' ആണെങ്കിൽ അതിനേക്കാൾ ചെലവ് ഏറ്റെടുക്കാൻ 'ബി' തയ്യാറാവുന്നതോടെ 'എ' യുടെ സ്ഥാനം നഷ്ടപ്പെടുന്നു. 

കൂടുതൽ പണം മുടക്കി പുതിയ ശൈലിയിൽ വീടുവയ്ക്കുന്നവനും ഇന്നത്തെ ബുദ്ധിജീവിയാണ്. വെറുതെ താമസിക്കാൻ വേണ്ടിയല്ല ഇന്ന് ആളുകൾ വീടു വയ്ക്കുന്നത് ; താമസം എന്ന അനുഭവത്തെ സമ്പന്നമാക്കുന്നതിനാണ്. താമസം ഒരു കമ്പോളവസ്തുവാണ്. ആളുകൾ ഇന്നു താമസിക്കുകയല്ല ,താമസം എന്ന വിചിത്ര സാങ്കേതിക അനുഭവത്തെ ഒരു ഉപഭോക്തൃ ഉല്പന്നമായി രൂപാന്തരപ്പെടുത്തുകയാണ്. ഏതൊരു സാംസ്കാരിക പ്രവർത്തനവും ഇന്നു വിപണിയുടെ ഭാഗമായാണ് നില്ക്കുന്നത്. പരസ്യങ്ങളും പ്രശസ്തിയും മൂലധനത്തിലൂടെ സമാഹരിക്കുകയാണ് ,എഴുത്തുകാർ പോലും. 

ഇവിടെയാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ ശുദ്ധമായ ജീവിതാനുഭവങ്ങൾക്കായി മുഖ്യധാരയിൽ നിന്ന് അകലം പാലിക്കുകയോ മൗനത്തിലേക്ക് വലിയുകയോ ചെയ്യുന്നത്. അയാൾ ഒരു വിരക്തിയിലേക്ക് സാവധാനം സഞ്ചരിക്കുകയാണ്. സുഖങ്ങൾ ,ലഹരികൾ വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. സ്വന്തം വിരക്തിയെ അനായാസമായ സഹനമാക്കാൻ കഴിയും ;അലട്ടൽ കുറയും. 

ജീവൻ മഹാപ്രത്യക്ഷം

ജീവൻ്റെ വില അറിയാവുന്ന ഒരാൾ അതിനു വേണ്ടി എപ്പോഴും സംസാരിക്കും .ഈ മഹാപ്രപഞ്ചത്തിൽ ജീവൻ ഒരു നിർമ്മലവസ്തുവാണ്. നിഷ്കളങ്കവും പ്രതീക്ഷാനിർഭരവും സത്യവുമാണത്. അത് ഒരു മഹാപ്രത്യക്ഷമാണ്. അത് ഏതോ പൊരുളിൻ്റെ മഹാലോകത്തിൻ്റെ സാക്ഷ്യമാണ്. അത് നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിന്ന്  തിരിച്ചുകിട്ടുകയാണെങ്കിൽ ആഹ്ളാദം എന്തായിരിക്കും! സൈബീരിയയിൽ ദീർഘകാലത്തെ ജയിൽ ശിക്ഷ കഴിഞ്ഞ്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷ്യൻ എഴുത്തുകാരൻ ദസ്തയെവ്സ്കി (1821-1881)ക്ക് തികച്ചും അപ്രതീക്ഷിതമായാണ് അതിൽ നിന്നു ഇളവ് ലഭിച്ചത്. അദ്ദേഹത്തെ കൊല്ലാൻ കൊണ്ടു നിറുത്തിയിരിക്കുകയായിരുന്നു. വിധി നടപ്പാക്കുന്നതിനു സെക്കൻഡുകൾക്കു മുൻപാണ് ആ ശിക്ഷ റദ്ദാക്കപ്പെട്ടത്. തൻ്റെ ആ അസാധാരണ അനുഭവത്തെപ്പറ്റി ദസ്തയെവ്സ്കി സഹോദരന് എഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം :

"ഞാൻ നിരാശനല്ല; മനസ് നഷ്ടപ്പെട്ടിട്ടുമില്ല. ജീവിതം എവിടെയുമുണ്ട്. വാസ്തവത്തിൽ, ജീവിതം നമ്മളിൽ തന്നെയാണ്, പുറത്തല്ല. ഒരു മനുഷ്യനായി മറ്റുള്ളവരുടെയിടയിൽ ജീവിക്കണമെങ്കിൽ നാം ഏതു സാഹചര്യത്തിലാണുള്ളതെന്ന കാര്യം പ്രസക്തമല്ല; നിരാശനാകരുത് ,സ്വന്തം മനസ്സ് നഷ്ടപ്പെടുത്തരുത് .ഞാനിത് മനസ്സിലാക്കിയിരിക്കുന്നു. ഈ സത്യം എൻ്റെ ശരീരത്തിലും രക്തത്തിലും  കയറിയിരിക്കയാണ്'.ഒരു യഥാർത്ഥ എഴുത്തുകാരനെ ഈ കാലം ഒരു മൂലയിലേക്ക് ഒതുക്കുകയല്ല ,വലിച്ചെറിയുകയാണ് ചെയ്യുന്നത്. യഥാർത്ഥ വലിച്ചെറിയൽ  സംസ്കാരം സാഹിത്യത്തിൽ തുടക്കം കുറിച്ചു കഴിഞ്ഞു .പ്രസാധകരുടെയും വിദേശ പുസ്തകോത്സവ മാമാങ്കങ്ങളുടെയും ഈ കാലം ദസ്തയേവ്സ്കിയെ പോലെയുള്ള ആന്തരിക മനസുള്ളവരെ കണ്ണുകെട്ടി നടത്തിക്കുകയാണ്.

ദസ്തയെവ്സ്കിയുടെ 'ദി ഡ്രീം ഓഫ് എ റിഡികുലസ് മാൻ' എന്ന കഥയിൽ ഒരാൾ താൻ ഏറ്റവും പരിഹാസ്യനാണെന്ന് പറഞ്ഞുകൊണ്ടാണ് സ്വയം  പരിചയപ്പെടുത്തുന്നത്. അയാൾ  ഉള്ളിലെരിയുന്ന ഒരു പന്തമായിരുന്നു. ക്രൂരമായ നിസ്സംഗതയും ശൂന്യതയും പിശാചിൻ്റെ കണ്ണുകളെപോലെ അയാളെ നോക്കുകയായിരുന്നു. അയാൾ അന്തർഗതം ചെയ്യുന്നത് ഇങ്ങനെയാണ്: 'തെരുവിലെ എല്ലാ വിളക്കുകളും അണയ്ക്കുകയാണെങ്കിൽ ഇത്രയും കടുത്ത നിസ്സംഗതയുണ്ടാകുമായിരുന്നില്ല .എല്ലാ വസ്തുക്കളുടെയും മേൽ വെളിച്ചം വീഴുമ്പോൾ പ്രകാശം ആത്മാവിനെ കൂടുതൽ വിഷമിപ്പിക്കുന്നു'.

അത് വളരെ വ്യക്തമാണ്. വെളിച്ചം പോലും ,അയാൾക്ക് സ്വന്തം പരിഹാസ്യത ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു. വധശിക്ഷയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആഹ്ളാദത്തിൽ ദസ്തയെവ്സ്കി സഹോദരനു ഇങ്ങനെ എഴുതി: 'ഉന്നതമായ ജീവിതസൗന്ദര്യവും  ആത്മാവിൻ്റെ ശ്രേഷ്ഠമായ ആഗ്രഹങ്ങളും കരുപ്പിടിപ്പിച്ച ആ ശിരസ്സ് ഇപ്പോൾ എൻ്റെ തോളിനു മുകളിലില്ല. എന്നാൽ പ്രേമിക്കാനും യാതനയനുഭവിക്കാനും അനുകമ്പ ചൊരിയാനും ഓർമ്മിക്കാനും കഴിവുള്ള അതേ മാംസവും രക്തവുമുള്ള ഒരു ഹൃദയം എന്നിലുണ്ട് - അതാണ് ജീവിതം'.

സത്യത്തെക്കുറിച്ച്  

പരാജയങ്ങളിൽ ഒരാൾ തന്നെത്തന്നെ നന്നാക്കിയെടുക്കുന്നതിൻ്റെ  മനശാസ്ത്രപരവും തത്വചിന്താപരവുമായ പ്രശ്നങ്ങളാണ് വിവരിക്കുന്നത്. ഇത് ഗഹനമായ വിരക്തിയിൽ നിന്നുണ്ടായതാണ്. സ്വയം വിശകലനം ചെയ്യുക, സ്വയം കണ്ടെത്താൻ ശ്രമിക്കുക ,പിന്നെയും പിന്നെയും വിചിന്തനം ചെയ്യുക, താൻ എന്തിനുവേണ്ടി ജീവിക്കുന്നുവെന്ന് കണ്ടെത്തുക ,എന്താണ് ജീവിതത്തിൻ്റെ അർത്ഥമെന്ന്  ആരായുക തുടങ്ങിയ വിഷയങ്ങളിലാണ് ദസ്തയെവ്സ്കി ഉരുകിത്തീർന്നത് .അദ്ദേഹത്തിന് പല പ്രശ്നങ്ങളുടെയും മൂലം കണ്ടെത്തേണ്ടതുണ്ടായിരുന്നു. സ്വയമൊരു അന്വേഷണവിഷയമാകാൻ തയ്യാറുള്ള ഇതുപോലെ എത്ര എഴുത്തുകാരുണ്ട്?

പ്രചോദനങ്ങളെ അർത്ഥവത്തായി കാണണം. പണവും  വിദ്യാഭ്യാസവുമുള്ളതുകൊണ്ട് എന്തെങ്കിലും എഴുതാം ,താൻ എഴുതിയില്ലെങ്കിൽ അയൽപക്കക്കാർ എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ച് ഭാവനാദാരിദ്ര്യത്തിൽ ആവുന്നത്ര ഇറങ്ങി നിന്ന്  ബുദ്ധിശൂന്യമായി ,പലരുടെയും പ്രമേയങ്ങളും ആശയങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ  ഇന്ന് ധാരാളമുണ്ട്. സുവർണ്ണമെന്ന്  ഘോഷിക്കപ്പെടുന്ന സ്ഥാപനങ്ങൾ ഇവരുടെ പുസ്തകങ്ങൾ പ്രസാധനം ചെയ്തു പുരസ്കാരങ്ങൾ വാങ്ങി തിളക്കം കൂട്ടുന്നു. അതിൽ നിന്ന് വ്യത്യസ്തമാണ് ഒരു സവിശേഷ 'മനസി'ൻ്റെ പിരിമുറുക്കവും ദാർശനികമായ ആകുലതകളും മൂലം നട്ടം തിരിഞ്ഞ ദസ്തയെവ്സ്കിയുടെ സാഹിത്യരചന .അത് ഒരു പ്രത്യേക തലമാണ് .

എഴുതാതിരിക്കുകയാണെങ്കിൽ താൻ മരിച്ചുപോകുമെന്ന് ദസ്തയെവ്സ്കി  പറയുന്നത് ഈ തിരിച്ചറിവിൽ നിന്നുകൊണ്ടാണ്. എഴുത്ത് സത്യത്തെക്കുറിച്ചുള്ള ആധി  ഭീകരമായി വളർത്തുകയും അതൊരു  സ്വാതന്ത്ര്യപ്രശ്നമായി വികസിക്കുകയും ചെയ്യുകയാണ് .ദസ്തയെവ്സ്കിയെ പിടിച്ചു നിർത്തിയത് വിരക്തിയിൽ നിന്നു സൗന്ദര്യം സൃഷ്ടിക്കാനുള്ള ഈ സിദ്ധിയാണ്.

അതിജീവിക്കുന്ന മനസ്സിൻ്റെ , പീഡിതമായ അന്തരംഗത്തിൻ്റെ  വിമോചനാത്മകമായ വേദശാസ്ത്രമാണ് 'ദ് ഡ്രീം ഓഫ് എ  റിഡികുലസ് മാൻ' എന്ന കഥ. ഭീകര സ്വാധീനങ്ങളാൽ സ്വയം നഷ്ടപ്പെട്ട ഒരാളുടെ മനസ്സ് ചുറ്റും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടിൽ നിന്ന് എങ്ങനെ സർവ്വശക്തിയുമെടുത്ത്  പുറത്തുവരുന്നു എന്ന് ഈ കഥ വായിച്ചാൽ മനസ്സിലാകും. വിരക്തി ഒരു സുന്ദരപുഷ്പത്തെ പോലെ ലോകോപകാരപ്രദമാവുകയാണ്. ഇത് വ്യക്തിയെ മാത്രമല്ല ,ലോകത്തെയും നന്നാക്കുന്നു. ഇത് കേവലം ഒരു വ്യക്തി ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുന്ന കഥയല്ല .ആത്മഹത്യചെയ്യാൻ തീരുമാനിച്ച ഒരാൾ തൻ്റെ  മുറിയിലിരുന്ന് ചിന്തിക്കുമ്പോഴാണ് താൻ തെരുവിൽ വച്ച് ഒരു പെൺകുട്ടിയോട് അതിനിന്ദ്യമായി പെരുമാറിയല്ലോ എന്ന് തോന്നുന്നത്. കുറ്റബോധം മൂർച്ചയുള്ള കത്തിയുടെ വായ്ത്തല പോലെ അയാളിലേക്ക്  ആഴ്ന്നിറങ്ങുന്നു. ആ പെൺകുട്ടി തൻ്റെ അമ്മയെ മരണത്തിൽ നിന്ന് രക്ഷിക്കാനാണ് അയാളോട് കരഞ്ഞ് അപേക്ഷിച്ചത്. 

നിഷ്കളങ്കമായ ഒരു സസ്യം

എന്നാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതുകൊണ്ട് അയാൾ ആ ആവശ്യം തട്ടിത്തെറിപ്പിച്ചു. പിന്നീടാണ് അയാൾ അതിനെപ്പറ്റി ആലോചിച്ചത്. ഓർമ്മകളിലേക്ക് ആ പെൺകുട്ടി കടന്നുവന്നതോടെ അയാളുടെ ആത്മഹത്യാപ്രവണത  മാറി .അയാൾക്ക് ഹൃദയമുണ്ടായി. അയാളുടെ ശിരസ്സിനു മുകളിൽ നിർമ്മലവും നിഷ്കളങ്കവുമായ ഒരു സസ്യം മുളച്ചുവന്നപോലെയാണ്  അതിനെ വിലയിരുത്തേണ്ടത് . അയാളിൽ പച്ചപ്പ് കനം വച്ചു. എന്തുകൊണ്ടാണ് താൻ അവളെ സഹായിക്കാതിരുന്നതെന്ന് അയാൾ  ചിന്തിക്കുകയാണ്. ആത്മഹത്യ ചെയ്യാൻ പോയവനെ ഒരു പെൺകുട്ടി യാദൃശ്ചികമായി പിന്തിരിപ്പിച്ചതു പോലെയാണിത്. അയാൾക്ക് അവളോട് സഹതാപം തോന്നി ;അവളെക്കുറിച്ചോർത്ത് അയാൾ വേദനിച്ചു .ക്രൂരനും ലക്ഷ്യമറ്റവനും കിരാതനുമായ ഒരുവൻ അർത്ഥബോധമുള്ള ഒരു മനുഷ്യനാകാൻ അധികസമയം വേണ്ട.
ആ ബോധത്തിൻ്റെ പവിത്രതയിലാണ് എല്ലാ യഥാർത്ഥ എഴുത്തുകാരും  തങ്ങളുടെ ഇരുണ്ടലോകത്തെ തള്ളിനീക്കുന്നത്.

കോവിഡ് കാലത്ത് എത്രയോ എഴുത്തുകാരും കവികളും നിരാശയുടെയും കഷ്ടപ്പാടിൻ്റെയും നെരിപ്പോടിനകത്ത് എരിഞ്ഞു. തിരുവനന്തപുരത്തുള്ള ഒരു കവി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്: ' കോവിഡ് കാലത്ത് എൻ്റെ  ജോലിയിൽനിന്ന് എനിക്ക് വരുമാനമൊന്നും കിട്ടിയില്ല. സ്വർണമായിട്ടുണ്ടായിരുന്നതെല്ലാം പണയം വച്ചു. എന്നിട്ടും ചെലവുകൾ താങ്ങാനായില്ല. കടം വാങ്ങിക്കൊണ്ടിരുന്നു .കടം കിട്ടുക പ്രയാസമായിരുന്നു .ചില കവികളും സുഹൃത്തുക്കളും അയച്ചു തന്ന പൈസകൊണ്ടാണ് ഓരോ ദിനവും തള്ളിനീക്കിയത്‌. ഇപ്പോൾ മൂന്ന് ലക്ഷം രൂപ ബാധ്യതയായി നില്ക്കുന്നു. എങ്ങനെ ഇതെല്ലാം വീട്ടുമെന്ന് അറിയില്ല'.എന്നാൽ ഈ ഇരുണ്ട കാലത്ത്, അതിൻ്റെ ആശയക്കുഴപ്പവും അവ്യക്തതയും സന്ദിഗ്ദ്ധതയും  വേദനയും അസംബന്ധവുമെല്ലാം അയാൾ കവിതയായി എഴുതിക്കൊണ്ടിരുന്നു. വിരക്തി ഒരു ശുദ്ധീകരണമാണ് ;സ്വയം ഉപേക്ഷിക്കാത്തവൻ്റെ നന്മകൾ .തൻ്റെ തോളിനു മുകളിൽ ,ദസ്തയെവ് സ്കി പറഞ്ഞതുപോലെ ഒരു ശിരസ്സില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉള്ളിൽ അതേ മാംസവും രക്തവുമുള്ള ഹൃദയം ജീവിച്ചിരിക്കുന്നുവെന്ന യഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് പരിപാലിക്കുകയായിരുന്നു അയാൾ.

അയാളെപോലെ എത്രയോ പേർ. നമ്മുടെ സാംസ്കാരിക ബോധം പൂർവകാലത്തിൻ്റെ തിണ്ണകളിൽ നിന്നിറങ്ങി വെയിലത്ത് നിൽക്കുന്ന ഒരു കാലം എന്നുവരുന്നുവോ  അന്നായിരിക്കും ഇതുപോലുള്ള കവികളെ മനസ്സിലാകുകയുള്ളു , അല്ലെങ്കിൽ മനസ്സിലാക്കുകയുള്ളൂ. കവി നിശ്ശബ്ദതയിൽ ജീവിച്ച് ,നിശ്ശബ്ദത ഭക്ഷിച്ച് തൻ്റെ  വാക്കുകളെ ജ്ഞാനത്തിനായി വിട്ടുകൊടുക്കുകയാണ് ചെയ്തത്. മാമൂലിൻ്റെ എണ്ണത്തോണിയിൽ കിടന്നു ഔഷധക്കൂട്ടു കഴിച്ചു തിടം വച്ച  വാക്കുകളെ കവിക്ക് വേണ്ട ;നഗ്നവും വിരക്തവുമായ വാക്കുകളുടെ കാവുതീണ്ടലായി അതിനെ കണ്ടാൽ മതി .

മാനസിക പൊണ്ണത്തടി 

ഈ കാലം എല്ലാ കലാകാരന്മാരോടും നിശബ്ദരാകാൻ ആജ്ഞാപിച്ചു കഴിഞ്ഞു .ഒന്നും തന്നെ എഴുതാനൊക്കില്ല .എഴുതിയാൽ എതിർക്കപ്പെടും.അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. എന്നാൽ എഴുതുന്ന ഒരു വാക്കും പാഴല്ല .ലോകത്തിലെ ഏത് ശക്തി വിചാരിച്ചാലും എഴുതപ്പെട്ട കൃതിക്കെതിരെ ഒന്നും ചെയ്യാനൊക്കില്ല .കാരണം ,അത് എഴുതപ്പെട്ടിരിക്കുന്നു. ഒന്നിനെയും നേരിടാനള്ള ആത്മാർത്ഥതയില്ലാത്തവർക്ക് ഓടിയൊളിക്കാവുന്നതേയുള്ളു. കാട്ടിലേക്ക് പോയി പുലിയെ വെടിവച്ച്  കറിവെച്ച് കഴിക്കുന്നത് എഴുതാം (ഇന്ദുഗോപൻ്റെ 'കരിമ്പുലി' ). അല്ലെങ്കിൽ കരടിയെ നായകനാക്കാം ,കാമുകനാക്കാം (സക്കറിയയുടെ 'തേൻ'). അതുമല്ലെങ്കിൽ കൊവിഡ് കാലത്ത് നൂറുകണക്കിനാളുകളെ കളിയാക്കിക്കൊണ്ട് ,തൻ്റെ കിണറ്റിൽ വീണ പാതാളകരണ്ടിയെപ്പറ്റി കഥയെഴുതാം (വി.ജെ.ജയിംസിൻ്റെ 'പാതാളകരണ്ടി).

ഇന്നത്തെ കഥയെഴുത്തുകാരെ പൊതുവേ  മാനസിക പൊണ്ണത്തടി എന്ന രോഗം ബാധിച്ചിരിക്കുകയാണ് .നിശ്ചലതയെയും നിർവ്വികാരതയെയും വെറുതെ പുണരുന്നത് ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. ജീവിതത്തിലെ സാഹസികമായ നിമിഷങ്ങളിലൂടെയോ ,ആപത്ക്കരമായ അനുഭവങ്ങളിലൂടെയോ  കടന്നുപോയിട്ടില്ലാത്ത വെറും കരിയറിസ്റ്റുകൾ എന്ത് എഴുതാനാണ്?മറ്റു ജീവികളുടെ മേൽ മനുഷ്യൻ അധികാരം സ്ഥാപിക്കുന്നതിനു  ദൈവം അംഗീകാരം കൊടുത്തുവെന്ന വേദപുസ്തകപ്രസ്താവത്തെ ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേരയുടെ 'ദ് അൺബിയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് 'എന്ന നോവലിൽ  തിരുത്തുന്നുണ്ട്. പശുക്കൾക്കും  കുതിരകൾക്കും മേലെ സ്ഥാപിച്ച അധികാരത്തെ വിശുദ്ധകർമ്മമായി കാണാനാണ് മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതത്രേ. മനുഷ്യൻ തൻ്റേതൊഴിച്ച് മറ്റെല്ലാറ്റിനെയും  ക്രൂരവും നിന്ദ്യവുമായ വിധം സമീപിച്ചു നശിപ്പിക്കുന്നു .എന്നാൽ സാഹിത്യകലയിൽ ,ഇങ്ങനെ  നൂറ്റാണ്ടുകളായി തഴയപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തതെല്ലാം മികവോടെ, അവകാശങ്ങളോടെ തിരിച്ചു വരേണ്ടതുണ്ട് .

നുറുങ്ങുകൾ

1)പ്രണയകവിതകളെക്കുറിച്ച് എനിക്ക് പൊതുവേ വലിയ അഭിപ്രായമില്ല. മനസ്സിൽ പ്രണയമില്ലാത്തവർ, ത്യാഗമില്ലാത്തവർ വാക്കുകൾകൊണ്ട് കൃത്രിമമായ പ്രണയമുണ്ടാക്കുകയാണെന്ന് പല കവിതകളും വായിക്കുമ്പോൾ തോന്നിയിട്ടുണ്ട് .മനസ്സിൽ ശരിയായ പ്രേമമുള്ള ഒരാളുടെ കണ്ണുകളിലും ശരീരചലനങ്ങളിലും അത് നിഴലിച്ചു  കാണും.അതിഭൗതികമെന്നപോലെയുള്ള അനിവാര്യമായ ഒരു മമതയും വിധേയത്വവും കീഴടങ്ങലുമാണത്. കണ്ണുകൾ അതിനു സജ്ജമായിരിക്കും. കഴിഞ്ഞ ദിവസമാണ് ചവറ കെ.എസ് .പിള്ളയുടെ പ്രണയകവിതകളുടെ സമാഹാരമായ  'നീയേ പ്രണയമേ' എന്ന പുസ്തകം (പച്ചമലയാളം)വായിച്ചത്. ഈ കവിതകളിൽ സത്യസന്ധനായ , ആത്മാർത്ഥതയുള്ള ഒരു കവിയെ കണ്ടു .

ചവറയെ കണ്ടിട്ടുള്ളവർക്കറിയാം , അദ്ദേഹത്തിന് എല്ലാ നല്ല കാര്യങ്ങളോടും സ്നേഹമാണ്, ആദരവാണ്. അത് കേവലം ഒരു വ്യക്തിയോടുള്ള സ്വാർത്ഥമായ ഇഷ്ടമല്ല; അതീതമായ അനുരാഗമാണ് .ചിലപ്പോൾ പരിതാപ പ്രണയമാണ് .അദ്ദേഹം എഴുതുന്നു:

'ഏതു മലയും പുഴയും കടക്കുവാൻ ഏതു കടലും ഗുഹയും കടക്കുവാൻ ഏതു കടമ്പയും ചാടിക്കടക്കുവാൻ എന്നും മഹാശക്തി നീയേ പ്രണയമേ!'

2)കേരളത്തിലെ സ്വതന്ത്രചിന്തകന്മാർ എം. ഗോവിന്ദനും  സി.ജെ.തോമസുമാണെന്ന വി. രാജകൃഷ്ണൻ്റെ അഭിപ്രായ(എഴുത്ത്,ഫെബ്രുവരി)ത്തോട് വിയോജിക്കുകയാണ്. ഗോവിന്ദനും സി.ജെ. തോമസും കേരളത്തിലെ വിപ്ലവകരമായ സാമൂഹിക മുന്നേറ്റം ,അയിത്തോച്ചാടന സമരങ്ങൾ ,വിപ്ളവകരമായ സാമൂഹിക പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ യഥാർത്ഥ സ്വതന്ത്രചിന്തകന്മാർ കുറ്റിപ്പുഴ കൃഷ്ണപിള്ളയും പി.കെ. ബാലകൃഷ്ണനുമാണ്. അവർ സമൂഹത്തെ വലിയ വിഷരോഗവിദഗ്ധന്മാരെപോലെ ചികിത്സിക്കുകയും ഒന്നിൻ്റെയും സ്വാധീനത്തിൽപ്പെടാതിരിക്കുകയും ചെയ്തു. നമ്മുടെ ചിന്തയിലെ അശ്ലീല വിധേയത്വങ്ങളെയും ഈസ്റ്റിന്ത്യാ കമ്പനിജ്വരബാധകളെയും അവർ  തച്ചുടച്ചു. 

3)പത്രപ്രവർത്തകനായ കെ.ആർ. അജയൻ എഴുതിയ 'ആരോഹണം ഹിമാലയം'(ചിന്ത) എന്ന പുസ്തകം വായിച്ചു. അറിയപ്പെടാത്ത പല വിവരങ്ങളും ഗ്രഹിക്കാൻ കഴിഞ്ഞു. ഹിമാലയത്തെ മറ്റൊരു കാഴ്ചപ്പാടിൽ  നിരീക്ഷിക്കുകയാണ് അജയൻ .ഇതു വായിച്ചാൽ ഹിമാലയത്തിൽ പോകണമെന്നു തോന്നും. 

4)സാഹിത്യപ്രവർത്തക സഹകരണസംഘം മറ്റ് പ്രസാധകരിൽ നിന്ന് വ്യത്യസ്തമാണ് , വ്യത്യസ്തമായിരിക്കണം. സംഘത്തിൻ്റെ  പുതിയ സംരംഭമായ 'അക്ഷരമ്യൂസിയം'ത്തെക്കുറിച്ച് പ്രസിഡണ്ട് പി.കെ.ഹരികുമാർ (എസ് പി.സി.എസ്, ബുള്ളറ്റിൻ ,മാർച്ച്) എഴുതിയിരിക്കുന്നു .മൾട്ടിപ്ളക്സ് തീയേറ്റർ ,ഡിജിറ്റൽ ,ഓഡിയോ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ടാകും പുതിയ മ്യൂസിയത്തിൽ.

5)ആനന്ദിൻ്റെ നോവലുകളിലും  ചെറുകഥകളിലും മലയാളിപ്പേരുകളോ , കേരളമോ ഇല്ല; എന്നാൽ തകഴിയിൽ, കോവിലനിൽ ,ഉറൂബിൽ മലയാളം തളിർത്തു ഉല്ലസിച്ചു നില്ക്കുന്നു. 

6)ഇന്ന് വായിച്ച കവിത എന്ന പേരിൽ കുരീപ്പുഴ ശ്രീകുമാർ ഫേസ്ബുക്കിൽ മറ്റു കവികളുടെ കവിതകൾ സ്ഥിരമായി പോസ്റ്റ് ചെയ്യുകയാണ്. ആർക്കും എന്തും പോസ്റ്റ് ചെയ്യാൻ  സ്വാതന്ത്ര്യമുണ്ട് .പക്ഷേ ,എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യാതൊരു നിഷ്കർഷയുമില്ലാതെ ഇങ്ങനെ കവിത പോസ്റ്റ് ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നത്‌. കുരീപ്പുഴയ്ക്ക് ഉത്തരവാദിത്തവുമില്ല ,കാവ്യാസ്വാദനത്തിൽ സവിശേഷമായ നിഷ്കർഷയുമില്ല. ഒരു പബ്ളിക് റിലേഷൻ പ്രവൃത്തിയാണിത്.