Thursday, May 26, 2022

ഇടഞ്ഞുനില്പിൻ്റെ രാഷ്ട്രീയം /അക്ഷരജാലകം / എം.കെ.ഹരികുമാർ

 




അതിവേഗത്തിൻ്റെയും മറവിയുടെയും ഈ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങൾ സ്വമേധയാ റദ്ദ് ചെയ്യപ്പെടാനുള്ള സാധ്യതയാണുള്ളത്. ലോകസാഹചര്യത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ഇരുപതുകളിലും അറുപതുകളിലും അലയടിച്ച വ്യക്തിനിരപേക്ഷമായ മൂല്യങ്ങളും അർത്ഥത്തെക്കുറിച്ചുള്ള  അന്വേഷണങ്ങളും അസ്തമിച്ചിരിക്കുകയാണ്.  എന്തിനാണ് താൻ എഴുതുന്നതെന്ന് ചോദിക്കുന്നവരെ ആ കാലഘട്ടത്തിൽ കാണാമായിരുന്നു. ഇപ്പോൾ അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയില്ലാതായി. മറ്റുള്ളവർ എഴുതിയത് വേറൊരു രീതിയിൽ ആവർത്തിക്കുകയോ, യാന്ത്രികമായി, വാണിജ്യപരമായി ഒരു വെറും ടെക്സ്റ്റ് ഉണ്ടാക്കുകയോ ചെയ്താൽ മതി. ഇവർക്ക് യാതൊരുവിധത്തിലുള്ള ആത്മസംഘർഷങ്ങളുമില്ല. ഏതെങ്കിലുമൊരു വ്യഥ , സമസ്യ ,ചിന്താപ്രശ്നം ഉത്ക്കണ്ഠ- ഏറ്റെടുക്കേണ്ടതില്ല. മനസ്സിലേക്ക് യാതൊന്നിനെയും പ്രവേശിപ്പിക്കാതിരിക്കുന്നവർ യന്ത്രത്തെപോലെ 'ജീവിച്ച്' വാണിജ്യ പരമായ ഇടപാടുകളിൽ വിജയിക്കുന്നു. 

തന്നേക്കാൾ വലിയ ഒരു സമൂഹത്തെയോ ലക്ഷ്യത്തെയോ കാണാത്ത ഇന്നത്തെ എഴുത്തുകാരൻ സാംസ്കാരിക പ്രവർത്തകനല്ല .ഒരു കൊമേഴ്സിൽ നിർമ്മാതാവാണ്. സംസ്കാരവുമായി അവർ ഒരു ഘട്ടത്തിലും ബന്ധപ്പെടുന്നില്ല.
ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്ര് 'വാട്ട് ഈസ് ലിറ്ററേച്ചർ' എന്ന പുസ്തകം എഴുതിയത് സാഹിത്യരചനയിൽ ഈ സമൂഹവുമായുള്ള അഭിമുഖങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കാനാണ്. എഴുത്ത് വെറും വാണിജ്യമല്ല .

സമീപകാലത്ത് ,കേരളത്തിൻ്റെ സാമൂഹ്യ, സാംസ്കാരിക മുന്നേറ്റത്തിന് വലിയ സംഭാവന ചെയ്തവരെ ആക്ഷേപിച്ച് കഥയെഴുന്നവരെ കണ്ട് ഞെട്ടിയത് മറക്കാനായിട്ടില്ല. സാംസ്കാരിക നായകർ എന്ന പോസ്റ്റ് ഇപ്പോഴില്ല. കാരണം, പ്രതികരിക്കാനോ  പ്രതിഷേധിക്കാനോ കഴിയാത്ത വിധം എഴുത്തുകാർ അവരുടെ പ്രൊഫഷൻ്റെ  വിജയത്തിൽ മാത്രം  ശ്രദ്ധിക്കുന്നവരാണിപ്പോൾ. അതിനായി അവർ നൂറ് ശതമാനം വിട്ടുവീഴ്ച ചെയ്യുന്നു. 

കഥാകൃത്താണെങ്കിൽ കൂടുതൽ കഥകൾ ,മാസത്തിൽ നാലോ അഞ്ചോ, എഴുതി മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതിനപ്പുറത്ത് മറ്റൊരു ലക്ഷ്യമില്ല .ഈ കഥകൾ ഏതെങ്കിലും രീതിയിൽ വായനക്കാരുടെ ചിന്തയെ, കലയെ സ്വാധീനിക്കുന്നതാകണമെന്ന് വിചാരിക്കുന്നത് അപരാധമായി കാണുന്നവരാണ് ഈ കഥാകൃത്തുക്കൾ. അവർ എഴുതുകയും മറക്കുകയുമാണ് ചെയ്യുന്നത് .ടി .പി. ചന്ദ്രശേഖരൻ എന്ന രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടപ്പോൾ കവികൾ കൂട്ടത്തോടെ കവിത എഴുതുകയും താമസിയാതെ അതെല്ലാം ചേർത്ത് പുസ്തകമാക്കുകയും ചെയ്തത് ഓർക്കുമല്ലോ. പിന്നീട് കവികൾ അത് മറക്കുകയും ചെയ്തു. 

അസ്വതന്ത്രരായ വർഗം 

പുസ്തകങ്ങൾ മാസംതോറും പ്രസിദ്ധീകരിക്കുകയും അതിനെ വാണിജ്യവത്ക്കരിക്കുകയും ചെയ്യുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഈ രംഗം ലഘൂകരിക്കപ്പെടുകയാണ് . ഇത് തിന്മയാണ്. ഇതിന് സാംസ്കാരികമായി യാതൊരു മൂല്യവുമില്ല. അത്  സമൂഹമനസ്സിനെയോ ,മനുഷ്യൻ്റെ ഭാവിയെയോ ,കലാപരമായ നവീനതയെയോ ,തത്ത്വചിന്താപരമായ ക്ഷോഭങ്ങളെയോ അഭിമുഖീകരിക്കുന്നില്ല. സംസ്കാരത്തോട് ബന്ധമില്ലാത്തതുകൊണ്ടാണ് സാഹിത്യരചനകൾ വായനക്കാരൻ അതിവേഗം മറക്കുന്നത്. അതാരുടെയും മനസ്സിനെ സ്പർശിക്കുന്നില്ല. അത് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ പോലെയായിരിക്കുന്നു. ചില പ്രത്യേക അവാർഡുകൾ ലക്ഷ്യം വച്ച്  പുസ്തകമെഴുതുന്നുവരെ പോലും  കാണാനായി. 

പ്രതിഷേധം എന്ന സിദ്ധി ഇന്നത്തെ എഴുത്തുകാർക്കില്ല. പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. കാരണം, പലതരത്തിലുള്ള ഇടപാടുകൾ നടക്കുകയാണ് .പുസ്തകപ്രസാധനം, അക്കാദമിക് കമ്മിറ്റികൾ ,ഔദാര്യ ഡോക്ടറേറ്റുകൾ ,നാനാവിധ പുരസ്കാരങ്ങൾ , വിദേശപര്യടനം ,സാഹിത്യഫെസ്റ്റിവലുകൾ, വരാന്തപ്പതിപ്പുകൾ തുടങ്ങി നൂറുകൂട്ടം പ്രലോഭനങ്ങൾക്കു നടുക്കാണ് എഴുത്തുകാർ. ഏതെങ്കിലും കാര്യത്തിൽ പ്രതികരിക്കുന്നതോടെ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും .

എഴുത്തുകാർ, ഈ കാലഘട്ടത്തിലെ ഏറ്റവും അസ്വതന്ത്രരായ വർഗമാണ്. അവർക്ക് അഭിപ്രായം പറയാനൊക്കില്ല .അവർ ആരെയും സ്വാധീനിക്കുന്നില്ല. അവർ ചിന്ത കൊണ്ട് ജീവിക്കുന്നില്ല, ശമ്പളം കൊണ്ടാണ് ജീവിക്കുന്നത്. പദവികളിൽ ഉപവിഷ്ടരായവരും അല്ലാത്തവരും ഈ പ്രതിസന്ധി നേരിടുന്നു. സാമൂഹ്യമായ അനാചാരത്തോടോ ,അക്രമത്തോടോ  രാഷ്ട്രീയ അസംബന്ധങ്ങളോടോ  ഇടഞ്ഞുനില്ക്കാൻ ഇന്നത്തെ എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ല. ഇടഞ്ഞുനില്ക്കുമ്പോൾ മാത്രമാണ് ഒരു സ്വതന്ത്രമനുഷ്യൻ ഉണ്ടാകുന്നതെന്ന സവിശേഷ രാഷ്ട്രീയം ഇവർക്കറിയില്ല.

പ്രതിഷേധിച്ചാൽ പലതും  നഷ്ടപ്പെടാനുണ്ട്. അതുകൊണ്ടാണ് സാംസ്കാരിക നായകർ എന്ന വർഗം കുറ്റിയറ്റു പോയത്.ഒരു കാലത്ത് കേരളം അതിൻ്റെ  പേരിലാണ്  ഉത്ക്കർഷം നേടിയത്. പി കേശവദേവ്, ജോസഫ് മുണ്ടശ്ശേരി ,കുറ്റിപ്പുഴ കൃഷ്ണപിള്ള ,വി.ആർ. കൃഷ്ണയ്യർ, എം.പി.മന്മഥൻ ,ജി.കുമാരപിള്ള , സി.പി.ശ്രീധരൻ ,വള്ളത്തോൾ ,ആർ.എം.മനയ്ക്കലാത്ത് ,സുകുമാർ അഴീക്കോട് തുടങ്ങിയവർ ആ നിലയിൽ പ്രവർത്തിച്ചു.

മൗനത്തിൻ്റെ പ്രദർശനം 

എഴുത്തുകാരൻ പുസ്തകം പ്രസിദ്ധീകരിക്കാനോ അതിന് പ്രചാരമുണ്ടാക്കാനോ പുരസ്കാരം നേടാനോ മാത്രം പിറന്നവനാണെന്ന തെറ്റിധാരണയാണ് ഇപ്പോൾ ആധിപത്യം നേടുന്നത്. ഒരു യഥാർത്ഥ എഴുത്തുകാരന് പുസ്തകം  പ്രസിദ്ധീകരിക്കുന്നതിനേക്കാൾ പ്രധാനം തൻ്റെ ചിന്താമണ്ഡലത്തെ സർഗാത്മകമാക്കുക എന്നതാണ്. ഷേക്സ്പിയർ ഉദാഹരണം. അദ്ദേഹം ജീവിതകാലത്ത് ഒരു പുസ്തകം പോലും പ്രസിദ്ധീകരിച്ചില്ല. അദ്ദേഹത്തിൻ്റെ മരണശേഷം രണ്ടു സുഹൃത്തുക്കളാണ് ആ മുപ്പത്തിയാറ് നാടകങ്ങൾ പുറം ലോകത്ത് എത്തിച്ചത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കാതിരിക്കാൻ കഴിയില്ല. അതേസമയം അതിനോടുള്ള സമീപനം മൂല്യമുള്ളതായിരിക്കണം . വായനക്കാരൻ പുസ്തകം  ആഗ്രഹിക്കുന്ന നിമിഷം കണ്ടെത്തണം. മൗലിക പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാൽ മതി. 
പുസ്തകങ്ങളിൽ അഭിരമിക്കാത്ത എഴുത്തുകാരെയും നാം കണ്ടിട്ടുണ്ട്. എം.എൻ. വിജയൻ എല്ലാ മാസവും  പുസ്തകം പ്രസിദ്ധീകരിച്ചില്ലല്ലോ.  എഴുത്തുകാരൻ സ്വയം വാണിജ്യവത്ക്കരിക്കാത്തത് നന്മയായി കാണണം. 

ഇപ്പോൾ എഴുത്തുകാർക്ക് ഒരു കാര്യത്തിലും അഭിപ്രായമില്ലാത്തതുകൊണ്ട് അവരിൽ നിന്നു സാംസ്കാരികമായ ശബ്ദങ്ങൾ ആരും പ്രതീക്ഷിക്കുന്നില്ല. ഈ  സ്ഥാനത്താണ് എന്തും തുറന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത യൂട്യൂബർ മാർ കടന്നുവരുന്നത്. യൂട്യൂബർമാർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് ഈ വിമത സാംസ്കാരിക പ്രവർത്തനമാണ്. അവരിൽ ചിലർ അപക്വമായി പെരുമാറിയേക്കാം. അവരുടെ അഭിപ്രായങ്ങളെല്ലാം സ്വീകാര്യമാവണമെന്നുപോലുമില്ല. എന്നാൽ പോലും അവർ മൗനത്തിലേക്ക് വലിഞ്ഞ് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മിണ്ടാതിരിക്കുന്നില്ലല്ലോ.

സർക്കാരും മറ്റു അധികാരസ്ഥാപനങ്ങളും പ്രലോഭിപ്പിച്ച് നിശബ്ദരാക്കിയ എഴുത്തുകാരേക്കാൾ, വലിയ പുരസ്കാരങ്ങൾ ഭാവിയിൽ കിട്ടുമെന്നുള്ളതുകൊണ്ട്  തന്ത്രപരമായി മൗനം പാലിക്കുന്ന എഴുത്തുകാരേക്കാൾ ,വലിയ തുകയുടെ പുരസ്കാരം വാങ്ങി ഷെൽഫിൽ വെച്ച ശേഷം എഴുന്നള്ളിപ്പിന് തയ്യാറാക്കപ്പെട്ട കെട്ടുകുതിരകളെപോലെ അലങ്കരിക്കപ്പെട്ടതിൽ അഭിമാനിക്കുന്ന എഴുത്തുകാരേക്കാൾ ഇന്നു സ്വീകാര്യത നേടുന്നത് അതാത് കാലത്ത് സ്വന്തം അഭിപ്രായം പറഞ്ഞും കലഹിച്ചും  മുന്നോട്ടു പോകുന്ന യൂട്യൂബർമാരും മാധ്യമപ്രവർത്തകരുമാണ്.ഈ മാധ്യമപ്രവർത്തകർ അവാർഡിനു വേണ്ടിയല്ല പ്രവർത്തിക്കുന്നത്‌. 

ഇന്ന് അച്ചടി -ദൃശ്യമാധ്യമങ്ങളെ വലയം ചെയ്തിരിക്കുന്ന ഒരു ദുരന്തമാണ് പുരസ്കാരങ്ങൾ. ഒരു മാധ്യമപ്രവർത്തകൻ വാർത്ത എഴുതിയതിൻ്റെയോ അവതരിപ്പിച്ചതിൻ്റെയോ പേരിൽ അവാർഡ് വാങ്ങുന്നത് അപഹാസ്യമാണ്. കാരണം, അവൻ ആരുടെയെങ്കിലും അനുമോദനം വാങ്ങാനല്ല തൻ്റെ വിലപ്പെട്ട സേവനം ചെയ്യുന്നത്. ഇന്ന് ,ചിലർക്കെങ്കിലും ,മാധ്യമ പ്രവർത്തനം ഒരു ഡ്യൂട്ടി മാത്രമാണ്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയനേതാക്കളുമായി സൗഹൃദം സ്ഥാപിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉന്നതമായ അധികാരക്കസേരകളെ ലക്ഷ്യം വച്ച് പരക്കം പായാനും തയ്യാറാവുന്നു. രാജാവിനെക്കാൾ  ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്ന ഒരാൾക്ക് പ്രജയുടെ അവാർഡ് വേണോ ? രാജാവിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകന് രാജാവിൻ്റെ പുരസ്കാരം വേണോ ?

ചിന്തിക്കുക എന്ന വിധി 

സാഹിത്യമനസുള്ള എഴുത്തുകാരൻ്റെ ജീവിതത്തിനു കുറച്ച് അപഭ്രംശമുണ്ടാകാം.അത്  ബൗദ്ധികമായ ആലോചനകളുടെ  പാർശ്വഫലമാണ് .എന്നാൽ രെിക്കലും അത് വിനാശകരമല്ല; നിർദ്ദയമായ സംശയവും കലഹവും ഒരു പൊളിച്ചെഴുത്തിൻ്റെ ഭാഗമാണ്. തന്നിൽതന്നെ സ്വാസ്ഥ്യം നേടാൻ കഴിയാത്ത വിധമുള്ള അലങ്കോലവും സന്നിഗ്ദ്ധതയും ആശയക്കുഴപ്പങ്ങളും പൂർവകാലത്തിൻ്റെ ജഡതയിൽനിന്ന്  വേർപെടാനുള്ള ത്വരയുടെ ഭാഗമാണ്. വ്യഗ്രതയുടെ ആന്തരലിപികളാണ്  അവൻ്റെ മനസ്സ് നിറയെ .അവൻ എപ്പോഴും രണ്ടാമത് ജനിക്കാനാഗ്രഹിക്കുന്നു. അതിൽ നിന്നുള്ള സത്യസന്ധമായ തിരുത്തലുകളാണ് രൂക്ഷമായ വിയോജിപ്പും പിന്തിരിയലുമായി രൂപാന്തരപ്പെടുന്നത്.

സാർത്ര് ഇങ്ങനെ പറഞ്ഞു:
" ഒരു ബുദ്ധിജീവിയന്ന നിലയിൽ എൻ്റെ ജോലി ചിന്തിക്കുക, യാതൊരു നിയന്ത്രണവുമില്ലാതെ ചിന്തിക്കുക എന്നതാണ്, മണ്ടത്തരമാണ് പറയുന്നെങ്കിൽ പോലും. ഞാൻ ഇക്കാര്യത്തിൽ എന്നിൽ യാതൊരു പരിധിയും വച്ചിട്ടില്ല; എന്നെക്കരുതി ഒരു പരിധിയും തീരുമാനിച്ചു വച്ചിട്ടില്ല". ഈ സംവാദാത്മകത ,നൈരന്തര്യസ്വഭാവമുള്ള ഇടപെടൽ എഴുത്തുകാരൻ്റെ  മനസ്സിന് ചേർന്ന അവസ്ഥയാണ്.അതാണ് സാർത്രിനെ യൂറോപ്പിലെ പ്രമുഖനായ  സാംസ്കാരിക നായകനാക്കിയത്. 
സാർത്രിനെ ഭരണകൂടങ്ങൾക്ക് അവാർഡുകൊണ്ട് പ്രലോഭിപ്പിക്കാനാവുമായിരുന്നില്ല. പദവികൾ വലിച്ചെറിഞ്ഞ  അദ്ദേഹത്തിൻ്റെ മുന്നിലേക്ക് കൊണ്ടുവന്ന നോബൽ സമ്മാനം  പോലും അദ്ദേഹം നിരാകരിക്കുകയാണല്ലോ ചെയ്തത്.

ഈ പശ്ചാത്തലത്തിലാണ്  എഴുത്തുകാരൻ താനൊരു അലങ്കാരവസ്തുവല്ലെന്ന് മറ്റുള്ളവർക്ക് കണിച്ചുകൊടുക്കുന്നത്. താൻ എഴുതാനായി ജനിച്ചവനാണ്, എന്നാൽ തനിക്ക് എഴുത്തുകാരൻ്റെ ശബ്ദം എവിടെയൊക്കെ മുഴങ്ങണമെന്ന്  അറിയാം. ഇക്കാര്യത്തിലാണ് യാതൊരു പരിധിയും തന്നിൽ കുറിച്ചിട്ടില്ല എന്ന് സാർത്ര് പറയുന്നത് .മറ്റുള്ളവർക്ക് മണ്ടത്തരമെന്ന് തോന്നാവുന്ന കാര്യങ്ങളാണെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. അത് ചിന്തിക്കുന്നവൻ്റെ സ്വഭാവമാണ്. ഒരു ഉറുമ്പ് കടിക്കുന്നതുപോലെ സ്വാഭാവികമാണ് ഈ ചിന്ത. ഇങ്ങനെയുള്ള സംഭാഷണം ,സംവാദം നമ്മുടെ സാഹിത്യത്തിൽ അസ്തമിച്ചിരിക്കുന്നു. ഇവിടെ മിക്കവാറും മുഖ്യസാഹിത്യകാരന്മാർ അലങ്കാരവസ്തുക്കളായി മാറിയിരിക്കുന്നു .എല്ലാ സമ്മേളനങ്ങളിലും അവർ പ്രദർശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഷേക്സ്പിയർ തൻ്റെ കലയെ  വാണിജ്യവത്ക്കരിക്കുന്നതിനല്ല ശ്രമിച്ചത് ; രചനാപരമായ പൂർണ്ണതയിൽ എത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ന് നാം കാണുന്നത് വാണിജ്യതാല്പര്യങ്ങൾ മാത്രമേയുള്ളൂ. ഫേസ്ബുക്കിൽ ചില എഴുത്തുകാർ സ്വന്തം പേരിൻ്റെ കൂടെ ജാതി നാമങ്ങൾ വച്ചുപിടിപ്പിക്കുന്നു.  ഇത് ഔദ്യോഗികരേഖകളിലെ പേരിൻ്റെ കൂടെ ചേർത്തിട്ടുള്ളതല്ല .ഇതിനെ  ജാതീയമായ അഭിമാനമായി  കരുതാനാവില്ല. ജാതീയമായ വാണിജ്യതാല്പര്യങ്ങളാണ് ഇതിൻ്റെ പിന്നിലുള്ളത്. ഇങ്ങനെയുള്ള ചെറിയ ആലോചനകളിൽ ഏർപ്പെട്ടാൽ നമുക്ക് കാതലായ, സൂക്ഷ്മമായ പ്രാപഞ്ചികധ്വനികൾ ഭാഷയിൽ കൊണ്ടുവരാൻ കഴിയില്ല.

നുറുങ്ങുകൾ 

1)'നീലക്കൊടുവേലി' എന്ന കവിതയിൽ ടി.പി.രാജീവൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 5)കാലത്തിൻ്റെ സമസ്യ ആവിഷ്കരിക്കാനാണ് ശ്രമിച്ചത്. പതിറ്റാണ്ടുകൾ കഴിഞ്ഞ് പിറക്കുന്ന ഒരു കുട്ടിക്ക് ഇന്നത്തെ മരത്തിലെ ചെമ്പോത്തിൻ്റെ കൂട് കാണാനാകില്ലെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരാൾക്ക് ഇന്ന് കോഴിക്കോടുള്ള ബസ്സിൽ കയറാൻ കഴിയില്ലെന്നുമുള്ള 'മഹാകണ്ടുപിടിത്ത'മാണ് കവി  അവതരിപ്പിക്കുന്നത്. ഇതിൽ കവി സ്വന്തമായി എന്തെങ്കിലും കണ്ടെത്തുന്നതായി തോന്നിയില്ല. പകൽപോലെയുള്ള സത്യം മഹാകണ്ടുപിടുത്തമായി പരിചയപ്പെടുത്തുന്ന കൽപ്പറ്റ നാരായണൻ്റെ സ്കൂളിൽ തന്നെയാണ് ഈ കവിതയും .

2)'മലയാളസാഹിത്യം എവിടെ? 'എന്ന പേരിൽ എൻ. ശശിധരൻ എഴുതിയ ലേഖനം (എഴുത്ത്, ജനുവരി) ആവർത്തനവിരസതമാണ്, നിഷ്പ്രയോജനമാണ് ,വ്യർത്ഥമാണ്.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ പലരും പറഞ്ഞു മടുപ്പിച്ച കാര്യങ്ങൾ ശശിധരൻ സ്വന്തം 'ദർശന'മായി  മുന്നോട്ടു വയ്ക്കുന്നത് വിവേകശൂന്യതയാണ്. മാധവിക്കുട്ടി മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകാരിയാണ് ,ഒ.വി. വിജയൻ ,എം.പി.നാരായണപിള്ള തുടങ്ങിയവർ ആധുനികതയുടെ കാലത്തെ പ്രമുഖ കഥാകാരന്മാരാണ്, എം. സുകുമാരൻ കഥയെ രാഷ്ട്രീയവത്ക്കരിച്ചു തുടങ്ങിയ  'വലിയ കണ്ടെത്തലു'കളിലാണ് ശശിധരൻ എത്തിച്ചേർന്നിരിക്കുന്നത്! . ശശിധരൻ്റേതെന്ന് പറയാവുന്ന ഒരാശയംപോലും ഈ ലേഖനത്തിലില്ല .

3)ലിംഗനീതി ,ലിംഗസമത്വം എന്നെല്ലാം ഇപ്പോൾ ധാരാളമായി കേൾക്കുന്നുണ്ട്. ലിംഗം എന്ന നിലയിൽ സ്ത്രീയുടെ അനുഭവങ്ങൾ ഒരു തുരുത്തായി രൂപാന്തരപ്പെടുകയാണെന്നു തോന്നുന്നു.
സ്ത്രീ ഒരു ലിംഗം മാത്രമാണോ ? അപ്പോൾ പുരുഷനോ ? ആത്മീയ, ദാർശനിക ,പാരമാർഥിക ബോധങ്ങൾ സ്ത്രീക്ക് അവകാശപ്പെട്ടതല്ലേ? വിധ്വംസകമായ വിധം , ഉത്തരാധുനികതയുടെ ലിംഗരാഷ്ട്രീയം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെ തകർക്കുകയാണിന്ന്. സ്ത്രീ ഒരു ലിംഗാവവസ്ഥയുടെ തടവറയ്ക്കുള്ളിൽ കിടന്ന് സ്വയം നോക്കി കാണേണ്ടവളല്ല എന്ന് ചിന്തിക്കുമ്പോൾ മാത്രമേ, ഈ ഉത്തരാധുനിക തടവറകൾ ഭേദിക്കപ്പെടുകയുള്ളു. 

4)വിനു ഏബ്രഹാം തന്നെത്തന്നെ ആത്മാർത്ഥമായി പിന്തുടർന്നും അപഗ്രഥിച്ചുമെഴുതിയ കഥയാണ്  'കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 19). ഒരു പ്രസാധനശാലയിൽ ന്യൂ ജെൻ വാക്കുകൾ സമാഹരിക്കാനും അത് ശബ്ദതാരാവലിയിൽ ചേർക്കാനുമായി നിയോഗിക്കപ്പെടുന്ന ഒരാളുടെ  ഓർമ്മകളും ആധികളുമാണ് ഇതിൽ നിറയുന്നത്. നിഷ്കളങ്കമായി , ജീവിതത്തിൽ നിന്നുതന്നെ ഭക്ഷണം തേടുന്ന ഒരു നിരാലംബമനസ്സിൻ്റെ പച്ചപ്പ് ഈ കഥയിൽ പരക്കുകയാണ്. ജീവിതത്തിൽ അന്യത വന്നുമൂടുന്നത് ഒരു പുതിയ സുവിശേഷമായി കഥാകാരൻ അവതരിപ്പിക്കുന്നു

5)കേരളീയ സമൂഹത്തിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്ന ഭൂരിപക്ഷത്തിനും ഒരേയൊരു ലക്ഷ്യമേയുള്ളു: ഒരു 'സാഹിത്യകാര'നാവുക! .വിലയ്ക്ക് വാങ്ങാവുന്ന തരത്തിൽ അത് അധ:പതിച്ചു.




No comments:

Post a Comment