Thursday, May 26, 2022

യുക്രൈനും എഴുത്തുകാരും /അക്ഷരജാലകം എം.കെ.ഹരികുമാർ

 

LINK

മനുഷ്യൻ്റെ ഭയം, ഉത്കണ്ഠ, നിരാശ, ആത്മഹത്യാപ്രവണത ,ദു:ഖം തുടങ്ങിയവയ്ക്കെല്ലാം ജീവിതത്തിൽ ഒരു വലിയ പങ്കു വഹിക്കാനുണ്ട്. പ്രകൃതിയുടെ നിഷ്കളങ്കവും  അനിവാര്യവുമായ ഒഴുക്കിൽ നമുക്കാവശ്യമായതു തന്നെ നമ്മളിലേക്ക് വന്നു കൂടായ്കയില്ല .ആസ്ട്രേലിയൻ എഴുത്തുകാരി 
റോണ്ടാ ബയണിൻ്റെ 'ദ് സീക്രട്ട് ' എന്ന പുസ്തകത്തിൽ പറയുന്ന 'ലോ ഓഫ് അറ്റ്റാക്ഷൻ 'അഥവാ ആകർഷണ നിയമമല്ല ഇവിടെ വിവരിക്കുന്നത്. ആകർഷണ നിയമമനുസരിച്ച് ഉള്ളിൽ എന്ത്  വിശ്വസിക്കുന്നുവോ അതിലേക്കാണ് നമ്മൾ ആകർഷിക്കപ്പെടുക. പരാജയബോധത്തിന് അടിമപ്പെട്ടവനെ തേടി പരാജയങ്ങൾ വന്നുകൊണ്ടിരിക്കും.

മനുഷ്യൻ്റെ തീവ്രമായ ആഗ്രഹങ്ങൾ നമ്മുടെ സംവേദനഘടകങ്ങളെ  ശക്തിപ്പെടുത്താതിരിക്കില്ല .വലിയ ഊർജ്ജം ഉപയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിൻ്റെ  ഫലമായി ശരീരത്തിലെ എല്ലാ കോശങ്ങളും അതിനനുസരിച്ചുള്ള ഒരു ഓർക്കസ്ട്ര സൃഷ്ടിക്കാതിരിക്കില്ല. മനുഷ്യശ്രദ്ധയുടെ ശക്തിക്കനുസരിച്ച്  ഒരൊഴുക്കുണ്ടാകുന്നു.മുന്നോട്ടുള്ള ഒഴുക്കിൽ എല്ലാവസ്തുക്കളും മുന്നോട്ടാണ് ഒഴുകുന്നത്. ശക്തമായ ഒഴുക്കുള്ള ഒരു നദിയിൽ ഒരിലയും വലിയ വൃക്ഷത്തിൻ്റെ  അവശിഷ്ടങ്ങളും ഒരേ ദിശയിലാണല്ലോ ഒഴുകുന്നത്. ശക്തിയുള്ള ഒരു പാറയ്ക്ക്  മുകളിലേക്ക് ഒഴുകുവാനാവില്ലല്ലോ. ഒഴുക്കിനു പല ശക്തികളുണ്ട് .അത് വെള്ളത്തിൻ്റെ അളവിനെയും ശക്തിയെയും ചെരിവിനെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യമനസ്സിൽ ഏതൊരു ദിശയിലാണോ ശക്തമായ ഒഴുക്കുള്ളത് ,ആ വശത്തേക്ക് എല്ലാവസ്തുക്കളും - ചിന്ത, സ്വപ്നം, സൃഷ്ടിവാസന, വികാരങ്ങൾ - ഒഴുകാൻ തുടങ്ങും. ഇങ്ങനെ ശരീരത്തിലെ എല്ലാ കോശങ്ങളും ഒരേ ദിശയിൽ ,ശക്തിയുടെ ഒരു വിതാനത്തിൽ ഏകീകരിക്കുമ്പോഴാണ് പാബ്ലോ പിക്കാസോയെ പോലെ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാനാവുന്നത്. പിക്കാസോക്ക്  ചിത്രരചന തൻ്റെ ഒരേയൊരു ജീവിതമായിരുന്നു. ഒരു തൊഴിലിനപ്പുറമാണത്.
മറ്റൊരു തൊഴിലും ചെയ്യാനാവാത്ത വിധം അദ്ദേഹം അതിലേക്ക് തൻ്റെ മാനസികശക്തികളെ  ഒഴുക്കിക്കൊണ്ടിരുന്നു.
പിക്കാസോയുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ചിത്രകലയെക്കുറിച്ച് അറിയാമായിരുന്നു .

'എന്നെ ചിത്രകലയിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുള്ള എല്ലാ പ്രലോഭനങ്ങളെയും ഞാൻ പ്രതിരോധിക്കുകയാണ് ചെയ്തത്. തുടക്കത്തിൽ എൻ്റെ ചിത്രങ്ങൾ വലിയ വിലയ്ക്ക് വിറ്റിരുന്നില്ല. എന്നാൽ എല്ലാം വിൽക്കുമായിരുന്നു.എൻ്റെ  രേഖാചിത്രങ്ങളും കാൻവാസുകളുമെല്ലാം  വിറ്റുപോയിരുന്നു .അതാണ് പ്രധാനം" -പിക്കാസോ പറഞ്ഞു. കലാകാരൻ്റെ അല്ലെങ്കിൽ എഴുത്തുകാരൻ്റെ വിഷാദങ്ങളെ സർഗാത്മകതയിലേക്കാണ് പറഞ്ഞയയ്ക്കേണ്ടത് ,വേറെ എവിടേക്കുമല്ല .

പരാജയങ്ങളുടെ ആത്മാവ് 

വിഷാദങ്ങൾക്കും തിരിച്ചടികൾക്കും അവയുടേതായ പ്രതിപ്രവർത്തനമൂല്യമുണ്ട് .അതിൽ മനുഷ്യൻ ജീവിച്ചു എന്ന മൂലധനം അവശേഷിക്കുകയാണ്. ഞാൻ ജീവിച്ചതാണ്, നമ്മുടെ പരാജയങ്ങൾ. ഒരു പക്ഷേ ,വിജയങ്ങളേക്കാൾ നാം ജീവിക്കുന്നത് നമ്മുടെ പരാജയങ്ങളിലാണ്. വിജയങ്ങളിൽ എപ്പോഴും ലോകം കൂടെ ഉണ്ടാവും.
ലോകത്തിന് വിജയത്തോടെയാണ് താല്പര്യമുള്ളത്. വിജയിക്കുമ്പോഴാണ് ലോകം നമ്മുടെ പ്രതിഭയെ മാനിക്കുന്നതെന്ന് തോന്നുന്നു. വിജയം ഒരടയാളമാണ്. വിജയിക്കുമ്പോൾ ഔദ്യോഗിക മാധ്യമങ്ങളും , കലാകാരന്മാരുടെയും  ആസ്വാദകരുടെയും സമൂഹങ്ങളും നമ്മുടേത് യഥാർത്ഥമായ പ്രവർത്തനമാണെന്ന് കരുതുന്നു; അങ്ങനെയല്ലെങ്കിൽ പോലും. 

എന്നാൽ പരാജയങ്ങളിൽ നമ്മൾ മാത്രമാണ് ജീവിക്കുന്നത്. കലാകാരൻ്റെ  അല്ലെങ്കിൽ എഴുത്തുകാരൻ്റെ  പരാജയങ്ങൾ എല്ലാം മടക്കിക്കെട്ടി പോകാനുള്ളതല്ല.പരാജയം സ്വയം കണ്ടെത്താനുള്ളതാണ്. അതിനൊരു ഊർജ്ജമുണ്ട് .അത് തരുന്നത് ,അതിജീവിക്കാനുള്ള ത്വരയാണ്. അവിടെയാണ് ഒരുവൻ ജീവിക്കുന്നത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ ,പല രീതികളിൽ ഒറ്റപ്പെടുന്നത് അത് ബോധ്യമാക്കി തരും .പരാജയത്തെ തോല്പിക്കേണ്ടതുണ്ട് .അതിനു  കലാകാരൻ്റെ കൈയിൽ തൻ്റെ മൃദുവായ, വിലോലമായ, തരളിതമായ ഭാവനകളേക്കാൾ ശക്തിയുള്ള പ്രതിരോധം ഉണ്ടായിരിക്കണം .

എല്ലാം പുനരുപയോഗത്തിനുള്ള അസംസ്കൃത വസ്തുക്കളാണ്. മനസിനു പല ഉപയോഗങ്ങളുണ്ട്.  ജീവിച്ചിരിക്കുമ്പോൾ മൗനത്തിലാകുന്ന കലാകാരന്മാർ പരാജയത്തെ മുന്നിൽ കാണുകയാണ്. യുക്രെയ്നിൽ റഷ്യയുടെ ആക്രമണം നടക്കുമ്പോൾ, പല രാഷ്ട്രീയ കാരണങ്ങളാലാകാം, കവികളും കഥാകൃത്തുക്കളുമെല്ലാം മൗനികളായിപ്പോയിരിക്കുകയാണ്.
അന്തരംഗത്തിലേക്ക് ഒരു രാഷ്ട്രീയ തത്ത്വം കടന്നുവന്ന് ആധിപത്യം  സ്ഥാപിക്കുകയാണോ ?.എത്രകാലം ലക്ഷക്കണക്കിനു മനുഷ്യരുടെ ദുരിതം കണ്ടില്ലെന്നു നടിക്കും. ഒരു  നാടിനേക്കാൾ ഉത്തരവാദിത്വമുള്ള ഘടകമാണ് കലാകാരൻ്റെ മനസ്സ്. അവിടെ ദേശമോ, കാലമോ ,ഒന്നും തടസ്സമാകുന്നില്ല .സത്യമായ ഒന്നിനെ  നിരാകരിക്കുന്നത്, അപഹസിക്കുന്നത്, മറക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാകാം .കാരണം, അത് നമ്മുടെ സകല കോശങ്ങളുടെയും താല്പര്യങ്ങൾക്ക് എതിരാണ് .മനുഷ്യവർഗത്തിൻ്റെ ദുരിതങ്ങൾ കണ്ടുകൊണ്ട് മൗനം പാലിക്കേണ്ടി വരുന്നത് എഴുത്തുകാരൻ്റെ ഭാഷ  നഷ്ടപ്പെടുത്തുകയോ ,വികാരങ്ങളെ മലിനപ്പെടുത്തുകയോ ചെയ്യും .കലാകാരനിൽ ദൈവത്തിൻ്റെ ഒരു കണ്ണ് പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഫ്രഞ്ച് ചിത്രകാരൻ പിയറി റെന്വെ വരച്ച സുന്ദരികളുടെ ചിത്രങ്ങളോട് നമുക്ക് പ്രത്യേക അഭിനിവേശം തോന്നുന്നത്. 
സാധാരണലോകത്തിന് അപ്രാപ്യമായ സൗന്ദര്യം റെന്വേ നമുക്കായി സൃഷ്ടിക്കുന്നു .കലാകാരന്മാരെ കൂട്ടിയിണക്കുന്നത് ജീവിതദുരിതങ്ങളും സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകളുമാണ്. 

ആയുധം ഉപേക്ഷിച്ചവർ

അടുത്തമാസം പ്രമുഖ  സാഹിത്യകാരന്മാർ ലണ്ടനിൽ കിംഗ്സ് പ്ലേസിൽ ഒത്തുകൂടി യുക്രെയ്നിലെ എഴുത്തുകാരുടെ രചനകൾ വായിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്താണ് കാരണം ? മാനുഷികമായ സഹവർത്തിത്തം. യുക്രെയ്ൻ ജനതയ്ക്ക് മനുഷ്യത്വപരമായ സഹായം നല്കുന്നതിനായി ഈ തുക വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

നോർവീജിയൻ എഴുത്തുകാരൻ കാൾ ഒവെ നോസ്ഗാർഡ് ,ഇംഗ്ളീഷ് നോവലിസ്റ്റ് യാൻ മക് ഇവാൻ, ഇംഗ്ളീഷ് ന്യൂറോ സർജനും എഴുത്തുകാരനുമായ ഹെൻട്രി മാർഷ് ,ബ്രിട്ടീഷ് പെൺകവി ആലിസ് ഒസ്വാൾഡ് എന്നിവരാണ് ടിക്കറ്റ് വച്ച് നടത്തുന്ന ഈ പരിപാടിയിൽ യുക്രെയ്നിലെ എഴുത്തുകാരുടെ സൃഷ്ടികൾ വായിക്കുക .ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ, തങ്ങൾക്ക് സ്വാഭാവികമായി അനുഭവപ്പെടുന്ന മനംപിരട്ടലിൽ നിന്ന്, ശൂന്യതാബോധത്തിൽ നിന്ന്, വ്യാവഹാരിക ജീവിതവൈരുദ്ധ്യങ്ങളിൽ നിന്ന് ,പ്രതിഷേധങ്ങളിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറി എഴുത്തുകാർക്ക് നിശ്ശബ്ദത പാലിക്കാനാവുമെന്ന് ,ഈ പശ്ചാത്തലത്തിൽ നാം സ്വയം ചോദിക്കേണ്ടതാണ്. 

കടുത്ത സമ്മർദ്ദങ്ങളെ സൃഷ്ടിപരമായി ആവിഷ്കരിക്കാൻ ബാധ്യതപ്പെട്ട എഴുത്തുകാർ ഇന്ന് തങ്ങളുടെ ആയുധം ഉപേക്ഷിച്ച് നിഷ്ക്രിയരായിരിക്കുന്ന കാഴ്ചയാണ്  കാണുന്നത് .ദേശീയ കാഴ്ചപ്പാടുകൾക്കും രാഷ്ട്രീയ ആദർശങ്ങൾക്കും അനുസരിച്ചാണോ കവികൾ എഴുതിയിട്ടുള്ളത്? കവിതയ്ക്ക് എന്നും യശസ്സുയർത്തിയ ഷെല്ലി, പുഷ്കിൻ, നെരൂദ  തുടങ്ങിയവർ സുരക്ഷിതമായ ഇടനാഴികളിൽ വച്ച് രചന നിർവഹിക്കാം എന്ന് കരുതിയവരല്ല. അലങ്കോലങ്ങളിലും അനീതികളിലും അവർ നിശ്ശബ്ദരായില്ല .

ഭീരുക്കളായ കവികൾക്ക് കവിത സൃഷ്ടിയല്ല, ദയനീയമായ വിസർജനമാണ്.യുക്രെയ്നിൽ  നിന്നുള്ള വീഡിയോകളും വാർത്തകളും കണ്ടാൽ ഏതൊരു മനുഷ്യനും അമർഷത്തിൽ പുകയും. 
അതാണ് സഹജമായ മനുഷ്യത്വം .താൻ വല്ലാതെ സെൻസിറ്റീവാണ് എന്ന് വീമ്പിളക്കാറുള്ള ചില എഴുത്തുകാർ റഷ്യൻ പട്ടാളത്തിൻ്റെ പടച്ചട്ട കണ്ട് പിന്നോക്കം പോയിരിക്കുന്നു; അവർ സ്വന്തം ശരീരമാകുന്ന മാളത്തിൽ ഒളിച്ചിരിക്കുന്നു. യുക്രെയ്നിലെ യുദ്ധം മാസങ്ങൾ പിന്നിടുമ്പോഴും എഴുത്തിൻ്റെ പേരിൽ പുരസ്കാരങ്ങൾ വാങ്ങുന്ന ഒരെഴുത്തുകാരനും മിണ്ടിയിട്ടില്ല. അവരുടെ മനുഷ്യത്വം വറ്റിവരണ്ടു പോയിരിക്കുന്നു ,മരുഭൂമിക്ക് പോലും സാധ്യമാകാത്ത വിധം ആ മനസുകൾ ഉണങ്ങിപ്പോയിരിക്കുന്നു .ഇത് എന്തുകൊണ്ട് സംഭവിച്ചു ?

ആത്മരതി ആത്മകഥ

അവിടെയാണ് നമ്മുടെ സാംസ്കാരിക മേഖല ചെന്നെത്തിയിരിക്കുന്ന നിശ്ശൂന്യതയുടെ ആഴം വെളിപ്പെടുന്നത്. 
വ്യക്തിപരമായോ ,സാങ്കേതികമായോ ,പാരിസ്ഥിതികമായോ യാതൊരു ബന്ധവുമില്ലാത്ത വിധത്തിൽ നമ്മുടെ സംവേദനമനസ്സ് ഒറ്റപ്പെട്ടിരിക്കുന്നു.

ഇന്നത്തെ യുക്രെയ്നിയൻ കവികളിൽ പ്രശസ്തയായ ഇയാ യാനിവ്നാ കിവ എഴുതിയ ഒരു കവിത ഇവിടെ  ചേർക്കുകയാണ് .കൊല്ലാൻ പിടിക്കുമ്പോൾ ഭാഷയും ചിന്തയും എങ്ങനെ നിലവിളിക്കുമെന്ന് ഈ കവിത പറഞ്ഞു തരും .കിവ  പത്രപ്രവർത്തകയും പരിഭാഷകയുമാണ്. 'ദ് ഫസ്റ്റ് പേജ് ഓഫ് വിൻ്റർ ' അവരുടെ പ്രധാന കൃതികളിലൊന്നാണ്. കവിതയിൽ നിന്ന്:

'അവർ വന്നപ്പോൾ 
എൻ്റെ മരണത്തിൻ്റെ ഊഴമായിരുന്നു.
എല്ലാവരും ലിത്വാനിയനിൽ സംസാരിക്കാൻ തുടങ്ങി .
എല്ലാവരും എന്നെ 
ഭയങ്കരി എന്ന് വിളിക്കാൻ 
തുടങ്ങി .
എന്നെ ഇവിടെ ,അവരുടെ നാട്ടിൽ വിളിച്ചുവരുത്തിയിരിക്കുകയാണ് .
എൻ്റെ ദൈവമേ, ഞാനവരോട് പറഞ്ഞു, ഞാൻ ലിത്വാനിയക്കാരിയല്ല .
എൻ്റെ ദൈവമേ, ഞാൻ അവരോട് പറഞ്ഞു, യിദ്ദിഷ് ഭാഷയിൽ .
എൻ്റെ  ദൈവമേ, ഞാൻ അവരോട് പറഞ്ഞു ,റഷ്യൻ ഭാഷയിൽ.
എൻ്റെ ദൈവമേ ,ഞാൻ അവരോട് പറഞ്ഞു ,യുക്രെയ്ൻ ഭാഷയിൽ .
കാൽമിയസ് നദി 
നേമനി (യൂറോപ്പിലെ വലിയ നദി )ലേക്ക് 
ഒഴുകിക്കൊണ്ടിരുന്നു.
ഒരു ഭദ്രാസനപ്പള്ളിയിൽ 
നിസ്സഹായയായ ഒരു കുഞ്ഞു കരയുന്നുണ്ടായിരുന്നു'.

നമ്മുടെ സാഹിത്യത്തിൻ്റെ പൊതുബോധം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ  വ്യക്തിവാദത്തിലും  അന്തസ്സാരശൂന്യതകളിലും പൊങ്ങച്ചങ്ങളിലും വീമ്പു പറച്ചിലുകളിലും ഭൂതകാലസ്മൃതി പുരാണ മഹാത്മ്യങ്ങളിലും നങ്കൂരമിട്ടു കിടക്കുകയാണ് .അതിൻ്റെ ഫലമായി, ലോകത്തു എന്ത് നടന്നാലും അത് തങ്ങളെ ബാധിക്കില്ലെന്ന നാട്യത്തിൽ എഴുത്തുകാർ സ്വന്തം തറവാടിൻ്റെയും വ്യക്തിജീവിതത്തിൻ്റെയും പദവിയുടെ പുരാണങ്ങളുടെയും ആത്മരതിയിൽ  മുഴുകുകയാണ്. എത്ര ആത്മകഥകൾ വേണമെങ്കിലും എഴുതാൻ പാകത്തിൽ ആത്മരതിയിലേക്ക് എഴുത്തുകാർ  അമർന്നിരിക്കുന്നു.

ലക്ഷം അഭയാർഥികൾ രാജ്യാതിർത്തികൾ കടന്നു, നിരാലംബരായി, വിശന്നു വലയുമ്പോൾ, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു ,സ്വയം നിന്ദിച്ച് ആത്മഹത്യ ചെയ്യുമ്പോൾ ഈ എഴുത്തുകാർ ആത്മരതിയുടെ പാരമ്യത്തിൽ എന്നപോലെ ആത്മകഥകൾ എഴുതുന്നതിൽ വ്യാപൃതരായിരിക്കുന്നു.  തങ്ങൾ എഴുതിയതിനേക്കാൾ വലുതാണ് തങ്ങളുടെ പദവി പുരാണവും വ്യാജജീവിതവുമെന്ന് ഇവർ വിചാരിക്കുന്നു .ലോകം അതിൻ്റെ ക്രൂരതയിൽ നിന്ന് പുതിയ യാഥാർത്ഥ്യങ്ങൾ ഉണ്ടാക്കുന്നു. നൂറ് പേരെ കൊന്നാൽ ചരിത്രമാണത്.  ചരിത്രം എത്ര രക്തംപുരണ്ടതാണെങ്കിലും ,അത് വായിക്കുന്നവർക്ക് നോവില്ല; മുറിവേറ്റു പിടയുന്ന കുട്ടികൾ ചരിത്രത്തിലാണുള്ളതെങ്കിൽ ,ആ ചരിത്രം വായിക്കുന്ന കവികൾ എന്തിന് സ്വന്തം ശരീരത്തിൽ മുറിവുണ്ടോ എന്ന് നോക്കണം ! .

നുറുങ്ങുകൾ 

1)കെ.എ.ജയശീലൻ 'പരിചയപ്പെട്ടിട്ടില്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 19)എന്ന കവിതയിൽ എഴുതുന്നു:

'എല്ലാ വെയിലിനകത്തും 
കരി ചേർക്കും നിഴലായി
ഒരു ദുഃഖം.
എല്ലാ ദുഃഖവുമൊടുവിൽ 
ദു:ഖികളിലിരിക്കുവോളം 
അതാശ്വാസം'

ശരിയാണ്. ദുഃഖം കുറേക്കഴിയുമ്പോൾ ഒരു അനുരാഗമായി രൂപാന്തരപ്പെടുന്നു. വിഷാദം ചിലർക്കെങ്കിലും ഉൽക്കർഷം നല്കുന്നുണ്ടാവണം. ഭൂമിയുടെ അടിത്തട്ടിൽ സ്പർശിച്ചു എന്ന തോന്നലാണത് .

2)കിളിമാനൂർ രമാകാന്തൻ്റെ കൃതികളെക്കുറിച്ച് ഡോ. എം. എം. ബഷീർ എഴുതിയ ലേഖനം (പ്രഭാത രശ്മി ,മാർച്ച്) ശ്രദ്ധേയമായി. രമാകാന്തൻ ഒരു  ക്ലിക്കിലുമില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി എഡിറ്റോറിയലുകളോ ,മുഖചിത്രങ്ങളോ ഉണ്ടായില്ല. എന്നാൽ ഇറ്റാലിയൻ കവി ദാന്തെയുടെ 'ഡിവൈൻ കോമഡി ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹമാണ്. നമ്മുടെ ഭാഷ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു .രമാകാന്തൻ ആധുനിക കവിയായിരുന്നു .പിന്നീട്  അദ്ദേഹം തമസ്കരിക്കപ്പെടുകയാണ് ചെയ്തതെന്ന് ബഷീർ സൂചിപ്പിക്കുന്നു. 

3)എഴുപതുകളിൽ കവികളും ചലച്ചിത്രകാരന്മാരും കഥാകൃത്തുക്കളും എസ്റ്റാബ്ലിഷ്മെൻ്റിനു എതിരാണെന്ന് വിളിച്ചുപറഞ്ഞു .എല്ലാ വ്യവസ്ഥകളെയും തങ്ങൾ ധിക്കരിക്കുകയാണെന്ന് പറയാൻ അവർ സധൈര്യം മുന്നോട്ടു വന്നു.  പില്ക്കാലത്ത് അവരിൽ പലരും എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ ഭാഗമാകാൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നു , മന്ത്രിമാർക്കൊപ്പമിരിക്കുന്നു , പുരസ്കാരങ്ങൾ സ്വീകരിക്കുന്നു എന്ന വൈരുദ്ധ്യം വായനക്കാർ നേരിടുകയാണ്, 

4)സി .വി. ബാലകൃഷ്ണൻ്റെ 'മോനിക്കയും മാർഗ്ഗരീത്തയും തമ്മിൽ ഗൗരവതരമായ ഒരു സംഭാഷണം'(പ്രഭാതരശ്മി ,മാർച്ച്) നിലവാരമില്ലാത്ത ഒരു അതിവൈകാരിക കഥയാണ്. എല്ലാവരും ചർച്ച ചെയ്ത് നശിപ്പിച്ച അവിഹിത ഗർഭവും  അലസിപ്പിക്കലുമൊക്കെയാണ് ബാലകൃഷ്ണന് ഈ കാലത്ത് പറയാനുള്ളത് .കലയുടെ ഒരു കണം പോലും ഇതിൽ കണ്ടില്ല.,

No comments:

Post a Comment