Thursday, May 26, 2022

ഒരു ഫ്രഞ്ച് ഫാൻറസി/അക്ഷരജാലകം /എം.കെ.ഹരികുമാർ

 


LINK

മനുഷ്യൻ അവൻ്റെ  അടിമബോധത്തത്തിൽനിന്ന് മാറുമ്പോഴാണ് ശരിയായ ദൈവികതയും സ്വാതന്ത്ര്യവും ചിന്തയും ഉണ്ടാവുന്നതെന്ന് എത്രയോ ജ്ഞാനികൾ പറഞ്ഞിരിക്കുന്നു. 
എന്നിട്ടും അടിമത്തം തന്നെയാണ് ഇപ്പോഴും പ്രിയപ്പെട്ട മതം.യഥാർത്ഥ മതം ആത്മാവിൻ്റെ സംശുദ്ധീകരിച്ച പ്രഭാവവും സത്യത്തോടുള്ള ആഭിമുഖ്യവും നിഷ്ഠയുമാണങ്കിൽ അടിമത്തം എല്ലാ അധമവികാരങ്ങളുടെയും സഹകാരിയാണ്. അതിനു ആരോടും മമതയില്ല; സ്വന്തം വ്രണങ്ങളിൽ രമിക്കാനുള്ള ഒരു ത്വര മാത്രമേയുണ്ടാകൂ .കാക്കനാടൻ്റെ  'ഫീനിക്സ് 'എന്ന കഥ നോക്കൂ .ഒരു വിമോചകൻ വരുന്നതുവരെ അടിമത്തത്തെ സ്നേഹിക്കുകയാണ് ജനത .ഇന്നും മലയാളകഥയിലെ ഏറ്റവും ആവേശകരമായ നാമം കാക്കനാടൻ എന്നാണ്. അദ്ദേഹം എഴുതുമ്പോൾ ഓരോ വാക്കും കുഞ്ചിരോമങ്ങൾ ഉയർത്തിയും പുരികം വക്രീകരിച്ചും വിഭ്രാമകമായിത്തീരും. ഇതുപോലെ ഭ്രാന്ത് പിടിച്ച ഭാഷ മറ്റെവിടെയും കണ്ടിട്ടില്ല .ഈ ഭാഗം നോക്കുക: 

'ഗ്രാമവാസികളുടെ നെടുവീർപ്പുകൾക്കും മിഴിനീരിനും  പണ്ടത്തെപ്പോലെ ചൂടുണ്ടായിരുന്നു. അവരുടെ ദുഃഖങ്ങൾ പണ്ടത്തെ മാതിരി കനത്ത മേഘങ്ങളായി അവരെ ചൂഴ്ന്നു നിന്നു. അവരുടെ പ്രസവവേദനകൾക്ക് പഴയ രൂക്ഷതയുണ്ടായിരുന്നു .അവരുടെ മരണങ്ങൾക്ക് പഴയ ശോകമൂകഗന്ധങ്ങളും അവരുടെ ചങ്ങലകൾക്ക് പഴയ കിലുക്കവും ഭാരവും. ജനനമരണങ്ങളും ഭയാശങ്കകളും വേദനകളും പഴയ മാതിരി നിലനിന്നിരുന്നു'.

വാക്കുകൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയാണിവിടെ. 'അവൻ്റെ  പിന്നാലെ ഒരു പുതിയ സൂര്യനും'എന്ന്  തുടർന്നു പ്രയോഗിക്കുന്നത് മറ്റൊരു വെളിപാടാണ്. ചിലപ്പോൾ മനുഷ്യൻ ആശ്വാസവും സന്തോഷവും കണ്ടെത്തുന്നത് ദൗർഭാഗ്യത്തിലും ദുരിതത്തിലുമാണ്. ഇതിനേക്കാൾ നല്ലൊരു വിധിക്ക് താൻ അർഹനാണെന്ന് ചിന്തിക്കുകയാണ് അവൻ. പ്രമുഖ ഫ്രഞ്ച് കാല്പനിക ചിത്രകാരനായ യൂജിൻ ഡെലാകോ (1798-1863) സാഹസികമായി ചിന്തിക്കുകയാണ്  ചെയ്തത് .തീവ്രമായ ചിന്തകളാൽ ഒറ്റപ്പെടാൻ യഥാർത്ഥ കലാകാരൻ നിയുക്തനാണെന്ന് അദ്ദേഹം എഴുതി. ഡെലാകോയുടെ 'ദ് ജേർണൽ ഓഫ് യൂജിൻ ഡെലാകോ' എന്ന പുസ്തകത്തിൽ കലാനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും ചിന്തകളുടെയും വലിയൊരു ലോകം കാണാം.

സന്തോഷത്തെക്കുറിച്ച് 

മനുഷ്യൻ മുന്നോട്ടാണ് സഞ്ചരിക്കുന്നതെങ്കിലും എത്ര കാലത്തെ മുന്നേറ്റം അവൻ  നഷ്ടപ്പെടുത്തി. ഇന്ന് എല്ലാ പ്രാണികളും ജീവികളും അവൻ്റെ വളർച്ചയോർത്തു വിഷാദിക്കുകയാണ്. മനുഷ്യരെ ശപിക്കുകയായിരിക്കുമോ സന്ധ്യാവേളകളിൽ ചിവീടുകളുടെ ആവർത്തിച്ചുള്ള ഉച്ചാരണങ്ങൾ അർത്ഥമാക്കുന്നത് ?
നമുക്ക് നഷ്ടപ്പെടുത്താൻ പാടില്ലാത്തത് സാഹോദര്യവും സ്നേഹവുമാണ്. സന്തോഷത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു ചിന്ത ഡെലാകോ അവതരിപ്പിക്കുന്നു :' ആളുകൾ ജീവിതത്തിലെ യഥാർത്ഥ സൗഭാഗ്യങ്ങളെ ആസ്പദമാക്കിയല്ല പെരുമാറുന്നത്. പൊങ്ങച്ചത്തിൽ നിന്നുള്ള സംതൃപ്തിയിലാണ് സന്തോഷമുള്ളതെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. ശ്രദ്ധ പിടിച്ചു പറ്റുന്നതിലുള്ള വിഡ്ഢിത്തം നിറഞ്ഞ സുഖത്തിൽ, അവരെക്കുറിച്ച് മറ്റുള്ളവർക്ക് അസൂയ തോന്നുന്ന സന്ദർഭങ്ങളുണ്ടാക്കുന്നതിൽ അവർ സന്തോഷത്തെ കാണുന്നു'.

ഇത് പിന്നോക്കം പോക്കാണ്.  നേടേണ്ട ആനന്ദം ചാരം കൊണ്ട് മൂടിയ ശേഷം കരിക്കട്ടകൾ തിരിഞ്ഞു നടക്കുന്ന പോലെയാണിത്. ഒരു ചിത്രകാരൻ ജനിക്കുന്നത്, കരിക്കട്ടകൾ കൊണ്ട് മൂടിയ കനലിൽ നിന്നാണ്. കരിക്കട്ടകൾ അബദ്ധ ധാരണകളും അനാവശ്യചിന്തകളും ആത്മാവിനു ഹാനികരമായ വസ്തുതകളുമാണ്. കരിക്കട്ടകളെ വകഞ്ഞുമാറ്റി പുറത്തുവരാനുള്ള ഒരാളുടെ ഇച്ഛാശക്തിയാണ് ,ഒരുവനെ സമൂഹത്തിൻ്റെ ,കാലത്തിൻ്റെ  ഉയർത്തെഴുന്നേൽപ്പിൻ്റെ ബിംബമാക്കുന്നത്. സാഹിത്യമുണ്ടാകുന്നത്, മണ്ണിനടിയിൽ നിന്ന് നീതിയുടെ വാളുമായി ഒരു വാഗ്ഭടൻ  ഉയർത്തെഴുന്നേൽക്കുമ്പോഴാണ്.അത് വല്ലപ്പോഴുമാണ് സംഭവിക്കുന്നത്. ഒത്തുതീർപ്പുകാരും ആഴമില്ലാത്തവരും വെറുതെ ഒച്ചവച്ച് പിന്മാറുകയാണ്.

'സന്തോഷം കിട്ടാൻ വേണ്ടി ശാന്തമായ മനസ്സിനെ അവർ ഉപേക്ഷിക്കുന്നു '- ഡെലാകോ എഴുതുന്നു. 
സന്തോഷം വേണ്ട എന്ന് തീരുമാനിക്കുന്നത്, അതെന്താണെന്ന് അറിയാത്തതുകൊണ്ടാണ്. ദുഃഖം ചിലർക്കെങ്കിലും ഒരാവരണമാണ്.  അതിൽ വിദ്വേഷത്തെയും പരനിന്ദയെയും ഒഴിഞ്ഞുമാറലിനെയും അടക്കിവയ്ക്കാം. ലോകത്തെ സ്നേഹിക്കാതിരിക്കാനുള്ള ഒരു കാരണമാണ് ,ഒരാൾ വ്യക്തിപരമായ ദു:ഖത്തെ ഉപാസിക്കുന്ന പ്രവൃത്തി .ഓരോ ദോഷൈകദൃക്കും ആലോചിക്കുന്നത് ലോകത്തെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണം എങ്ങനെ കണ്ടുപിടിക്കാമെന്നാണ്. അതിനായി അവർ ഇരുട്ടിനോട് യുദ്ധം ചെയ്യുകയാണ്. ഇതിനെയാണ് വെളിച്ചത്തിൻ്റെ പ്രതിനിധാനമായ ജ്ഞാനം ഉള്ളിൽ കയറിയ കലാകാരൻ എതിർക്കുന്നത്. എല്ലാത്തിൽ നിന്നും വിടുതൽ നേടാൻ ആഗ്രഹിക്കുന്നവൻ ദുഃഖത്തെ അന്ധകാരത്തിൻ്റെ മൂല്യമായി ഉയർത്തിക്കൊണ്ട് വരികയാണ് ചെയ്യുന്നത്.

തിന്മ നിറഞ്ഞ പാത്രങ്ങൾ

'ചിലർക്ക് മരണചിന്തയാണ്  ആശ്വാസം. അതിനെ ഒരു രോഗമായി കണ്ടാലും കുഴപ്പമില്ല' - ഡെലാകോ അഭിപ്രായപ്പെടുന്നു. മരണത്തെ ഒരഭയമായി, അനുഗ്രഹമായി കാണുന്ന എത്രയോ ആളുകളുണ്ട് .രക്ഷകഭാവമുള്ള  മരണത്തെ ലോകമാനമായ ഭയമായും ദൗർഭാഗ്യമായും കാണുന്നവരാണല്ലോ അധികവും. ആസക്തിയോടെ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും തുരന്നു ചെല്ലുമ്പോൾ മരണത്തെ രക്ഷകനക്ഷത്രമായി കാണുന്നത് മനുഷ്യൻ്റെ ശീലമാണ്. കാരണം, തിന്മ നിറഞ്ഞ ഒരു ലോകത്ത് ഒറ്റയ്ക്ക് പോരാടി തെളിയിക്കേണ്ട കുറെ യാതനകളും കാഴ്ചകളും ഉള്ളപ്പോൾ ,അതിൽ നിന്ന് രക്ഷനേടാൻ മരണമല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവരാണവർ. മരണത്തിലും  അവർക്ക് തങ്ങളുടെ നിശ്ശബ്ദതയെ കനം വയ്പിക്കാനാവും. അവർ ആത്മബോധത്തെതന്നെ നിരാകരിക്കുന്ന തിന്മകളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. തിന്മ നിറഞ്ഞ പാത്രങ്ങൾ .മരണത്തിലൂടെ അവർ എല്ലാ അരുതായ്കകളെയും മറയ്ക്കാമെന്ന് സ്വപ്നം കാണുന്നു.

അനീതിയുടെയും പീഡനത്തിൻ്റെയും  ശബ്ദങ്ങളിൽ നിന്ന് ഒളിച്ചുകടക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നുണ്ട്. അത് എപ്പോഴും അടിച്ചമർത്തപ്പെടുകയാണെങ്കിൽ പോലും. സ്വന്തമായി ഒരു വിടവാങ്ങലുണ്ടെന്നത്, അബോധമായി കൊണ്ടുനടക്കുന്ന അഹങ്കാരവുമാണ് .കടുത്ത പ്രേമത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോകുന്ന കമിതാക്കൾ ,കുറേ കഴിയുമ്പോൾ ഒരു ശൂന്യത അനുഭവിക്കുന്നുണ്ട്. പ്രേമം കൊണ്ട് ഒന്നും ചെയ്യാനില്ലാത്ത പോലെ. മരണത്തിലേക്ക് പിൻവാങ്ങാനുള്ള ആഗ്രഹമാണ് അതിൻ്റെ അടിയിലുള്ളത്. ജീവിതത്തിൻ്റെ പ്രേമപ്രസരത്തിൽ മുഖമർപ്പിച്ചു സ്നേഹകാമനകളുടെ പരാഗരേണുക്കളിൽ അലഞ്ഞും അന്വേഷിച്ചും അവർ നിശൂന്യതയുടെ റെയിൽപാളത്തിലൂടെ നടന്നു ചെന്ന്  മരണത്തെ വരിക്കുന്നു .ജീവിതത്തിൻ്റെ മറുപുറം  ശരിക്കും മനസ്സിലാക്കുന്നത് കമിതാക്കളാണോ ?
ഒരു കലാകാരനിൽ കമിതാവുണ്ട്; അയാൾ സൗന്ദര്യത്തെയാണ് കാമിക്കുന്നതെന്ന് മാത്രം. 

തന്നെക്കാൾ, ജീവിതത്തേക്കാൾ മഹത്തായതിനെയാണ് അയാൾ തേടുന്നത്. അയാൾ തിരയുന്നത് എന്തായാലും ഒടുവിൽ അവനവനിൽ തന്നെ എത്തിച്ചേരുന്നു. എന്തിനാണ് ജീവിതത്തേക്കാൾ വലിയ സൗന്ദര്യത്തിൽ ആകൃഷ്ടനാകുന്നത്? സൗന്ദര്യം നമ്മെ വലിച്ചടുപ്പിക്കുകയാണ്. യാതൊന്നിലേക്കും കടന്നുചെല്ലാൻ സൗന്ദര്യത്തിന് ഒരു പാതയുണ്ടെന്ന്  കണ്ടെത്തുകയാണ് കലാകാരൻ ചെയ്യുന്നത് .മുൻപ് ആരൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊന്നും മതിയാവില്ല എന്ന മഥിക്കുന്ന ചിന്തയാണ് മഹാപ്രതിഭകളുടെ പ്രത്യേകതയെന്ന് ഡെലാകോ എഴുതുന്നുണ്ട്.

മഹാസംഗീതം

ഡെലാകോയുടെ മൊറോക്കൻ ഫാൻ്റസി എന്ന ചിത്രം നോക്കാം. അസാമാന്യമായ ഒരു പ്രക്ഷുബ്ധതയാണത്. വേഗതയാണ് അതിൻ്റെ രാഗം. സംഘട്ടനാത്മകതയുടെ സംഗീതമാണത്. ഈ കലാകാരൻ  വേഗതയിൽ വിശ്വസിക്കുന്നു. വേഗത ഒരാഖ്യാനമാണ്. വസ്തുവിൻ്റെ രൂപത്തിനു പുറത്ത് വേഗത ഒരു അഭൗമരാഗമായിത്തീരുന്നു. ഈ മഹാസംഗീതത്തിൻ്റെ രാഗത്തിനു അനുരൂപമായ ടെക്സ്റ്റ് ഈ ലോകം തന്നെയാണെന്ന് ജർമ്മൻ തത്ത്വജ്ഞാനി ആർതർ ഷോപ്പനോർ പറഞ്ഞതോർക്കണം. പാഞ്ഞു വരുന്ന മൊറോക്കൻ പട്ടാളക്കാരുടെ സംഘർഷാത്മകമായ ഒരു രാഗമാണത്. 

ഡെലാകോ വേഗതയിൽ വിശ്വസിക്കുന്നു. നാടകീയതയും വൈകാരികതയും സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം വരച്ചത് . ജീവിതത്തിൻ്റെ മായികമായ അവസ്ഥയെ നിശ്ചലമാക്കി കാണിക്കുന്നതിൻ്റെ  കാൽപനികതയിലാണ് അദ്ദേഹം അഭിരമിച്ചത്. ആളുകൾക്ക് അവരുടെ വികാരങ്ങളെ മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ഭാഷയാണ് കലയിലും സാഹിത്യത്തിലും പ്രധാനമായിട്ടുള്ളത്. മനസ്സിൽ ഉറഞ്ഞുപോകുന്നതോ , ചിതറിപ്പോകുന്നതോ എന്ന മട്ടിലുള്ള വികാരങ്ങളെ വാക്കുകളിലൂടെ എഴുത്തുകാരൻ വ്യക്തത വരുത്തുകയാണ് വേണ്ടത്. അതിനോടൊപ്പം മറ്റാരും ഇതുവരെ ചെയ്ത് കാണിച്ചിട്ടില്ലാത്ത ശൈലിയും രൂപവും കൈവരിക്കണം. ഇതിനുപുറമേയാണ് സൗന്ദര്യം ഉണ്ടാകേണ്ടത് .

'പ്രതിഭകൾ കാണുന്നത് സാധാരണ മനസ്സുകൾ ഒരിക്കലും കാണാത്ത കാര്യങ്ങളാണ്. അതാണ് അവരുടെ മഹത്വം . അവർ കണ്ടെത്തിയതും പുരയ്ക് മുകളിൽ കയറി വിളിച്ചു പറഞ്ഞതും ,കേൾക്കേണ്ടവർ തെറ്റിദ്ധരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്, ഒരു കാലം വരെ;  അല്ലെങ്കിൽ അവരെ പോലെ ശേഷിയുള്ള വേറെ പ്രതിഭകൾ വന്ന് അത് വീണ്ടും കണ്ടെത്തുകയോ  ലോകത്തോട് വിളിച്ചുപറയുകയോ  ചെയ്യുന്നതുവരെ' - ഡെലാകോയുടെ വാക്കുകൾ .

പ്രക്ഷോഭകാരിയെ കാലം യഥാസമയം മനസിലാക്കണമെന്നില്ല.  കാരണം ,സൗന്ദര്യം ,ദസ്തയെവ്സ്കി പറഞ്ഞതു പോലെ, ഭീകരമാണ്. അതിനെ കാലം ഓർമ്മകളിലാണ് സൂക്ഷിക്കുന്നത്. ഭാഷയും ശൈലിയും പില്ക്കാലത്താണ് പരിഗണിക്കപ്പെടുന്നത്. പ്രതിഭയ്ക്ക്  ഏതു കാലത്തും ഏതു പ്രവണതയിലും പ്രസക്തിയുണ്ട്. ഏത് കലാപ്രവണതയെയും വ്യാഖ്യാനിക്കുകയാണ് പ്രധാനം. അതിൽ സൗന്ദര്യത്തിൻ്റെ മഹാരഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടണം.'കലയിൽ ദൈവവും കലാകാരനും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത് .കലാകാരൻ്റെ പങ്ക് കുറയുന്നതിനനുസരിച്ച് കല കൂടുതൽ നന്നാവുമെന്ന ഫ്രഞ്ച് വിമർശകൻ ആന്ദ്രേ ഗിദേയുടെ ചിന്തയ്ക്ക് മുകളിൽ ഇതിനേക്കാൾ നന്നായി പറയാൻ മറ്റൊന്നുമില്ല. ഡെലാകോയുടെ  ഛായാചിത്രങ്ങളിൽ ദൈവം ഒളിച്ചുകളിക്കുന്നുണ്ട്. അവിടെ ഇരുട്ട് വെളിച്ചത്തിൽ നിന്ന് എന്തോ മറയ്ക്കുന്നു. വെളിച്ചമാകട്ടെ ഇരുട്ടിൻ്റെ ഭാഷയിൽ സംസാരിക്കുകയാണ്.  ഛായാചിത്രത്തിലെ വ്യക്തിക്കപ്പുറത്ത് ,നിറങ്ങളുടെ വലയമായി ദൈവം കാൻവാസിൽ നിറയുകയാണ്. 

പൊരുൾ ,പ്രതിബിംബം 

സൗന്ദര്യത്തെക്കുറിച്ചോ , ഭാഷയെക്കുറിച്ചോ മൗലികമായ പാഠങ്ങൾ പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് കോവിലൻ ,കല്പറ്റ ബാലകൃഷ്ണൻ ,യു.എ. ഖാദർ തുടങ്ങിയ നോവലിസ്റ്റുകളുടെ ഭാഷയെക്കുറിച്ച് ഇപ്പോഴും വായനക്കാർക്ക് കാര്യമായൊന്നും അറിയാത്തത് .ഒരു ജീനിയസിൻ്റെ സൃഷ്ടിപരമായ അന്വേഷണങ്ങൾ ഇപ്പോഴും ഔദ്യോഗിക സ്ഥാപനങ്ങൾക്ക് കേട്ടുകേൾവി മാത്രമാണ്. ഒരാൾ വിശദീകരിച്ചുകൊടുക്കുന്നതോടെ ആട്ടിൻപറ്റത്തെ പോലെ ആസ്വാദകർ ആ വഴിക്ക് പോകുകയാണ് പതിവ്.
അഭിരുചിയെ ഡെലാകോ ഇങ്ങനെ വിശദീകരിക്കുന്നു: 'സ്വാഭാവികമായ അഭിരുചി ,നാം വളരുന്നതോടെ മിനുക്കപ്പെട്ടിരിക്കും .അഭിരുചി എന്നു ഞാൻ വിളിക്കുന്നത് മനസ്സിൻ്റെ സുഗ്രാഹ്യതയെയാണ്. അത് അഭിനന്ദിക്കേണ്ടതിനെ, മൂല്യമുള്ളതിനെ വെറും പളപളപ്പിൽ നിന്ന് വേർതിരിച്ച് മിന്നൽ പോലെ കാണിച്ചു തരും.
ചുരുക്കിപ്പറഞ്ഞാൽ നല്ല അഭിരുചി മനസ്സിൻ്റെ പക്വതയാണ്'.

അറിവുകൾ പരിണമിക്കുകയാണ്; അങ്ങനെയല്ലാത്തവർ ജീവിക്കുന്നില്ല . ദുഃഖമേറുമ്പോൾ ജ്ഞാനമേറുന്നുവെന്ന സന്ദേശം അതിൻ്റെ തെളിവാണ്. ജീവിതകാലമത്രയും ശ്രമിച്ചാലും  നമുക്ക് പൊരുളുകളെക്കുറിച്ചുള്ള വിവിധ സങ്കൽപ്പങ്ങളും മാനങ്ങളുമല്ലാതെ ,പൊരുൾ എന്ന സത്യത്തിലെത്തിച്ചേരാൻ കഴിയില്ല. എപ്പോഴും പൊരുളിൻ്റെ  പ്രതിബിംബത്തെയാണ് നാം വ്യാഖ്യാനിക്കുന്നത്. ആ വ്യാഖ്യാനം തന്നെ വ്യക്തിഗതമാണ്. ഒരു ചിത്രകാരൻ തന്നെത്തന്നെയാണ് വ്യാഖ്യാനിക്കുന്നത്. അയാൾ തൻ്റെ നോട്ടത്തിൻ്റെ സവിശേഷതയാണ് പൊരുളായി വ്യാഖ്യാനിക്കുന്നത് . ശൈലിയിലും നൂതനത്വത്തിലുമാണ് ഒരു കലാകാരനിൽ പരിവർത്തനമുണ്ടാകേണ്ടത്. 'കലാകാരൻ പഠിച്ചത് ഉപേക്ഷിക്കുന്നവനാണ്, സ്വയം അറിയാൻ'- അമെരിക്കൻ കവിയും വിമർശകനുമായ ഇ.ഇ.കമിംഗ്സ്‌ പറയുന്നത് ഇതിനോട് ചേർത്ത് വയ്ക്കേണ്ടതാണ്. അസാധാരണമാകുന്ന എല്ലാത്തിനെയും, എല്ലാ മരണങ്ങളെയും ദുര്യോഗങ്ങളെയും, പഴയതിനെയും മരണത്തെയുമെല്ലാം   മറികടന്ന് സുഖകരമാക്കാൻ സഹായിക്കുന്ന തരത്തിലാണ് കലാകാരൻ്റെ ധിഷണ പ്രവർത്തിക്കേണ്ടത് എന്നാണ് ഡെലാകോ നിരീക്ഷിക്കുന്നത്. ഇങ്ങനെ യേ അടുത്തേക്ക് വരുന്ന ശൂന്യതയെ അതിജീവിക്കാനാകൂ. 



No comments:

Post a Comment