Thursday, May 26, 2022

നക്ഷത്രങ്ങളുടെ ഭാഷ/അക്ഷരജാലകം /എം.കെ. ഹരികുമാർ

 

ഇത് ചിന്തയുടെ അനന്തര കാലമാണല്ലോ. ചിന്തകൾക്ക് ഇപ്പോൾ വലിയ അന്വേഷകരില്ല. ലോകം ആശയാനന്തര(പോസ്റ്റ് ഐഡിയ) കാലത്തിലേക്ക് കടന്നു കഴിഞ്ഞു. ഡിജിറ്റൽ ടെംപ്ലേറ്റുകളുടെയും ഡേറ്റയുടെയും മൾട്ടി മീഡിയയുടെയും കാലത്ത് മാധ്യമവത്ക്കരണം മതി, ആശയങ്ങൾ വേണ്ട. മനോഹരമായ ഒരു വസ്തുവായി നിൽക്കുകയാണ് മാധ്യമധർമ്മം .ആശയങ്ങൾക്ക് അവിടെ ഇടമില്ല. മാധ്യമങ്ങൾ തന്നെ കാഴ്ചവസ്തുവാകുകയാണ്. യാഥാർത്ഥ്യമോ സത്യമോ വിലയില്ലാത്തതായി .ഫേക്ക് ന്യൂസ് അഥവാ വ്യാജവാർത്ത ഇന്നു വലിയൊരു കമ്പോളമായി തീർന്നിരിക്കുന്നു. ശരിയായ വാർത്തകൾ ആവശ്യമില്ല എന്നു കരുതുന്നവരുണ്ട്. വ്യാജവാർത്തകൾ മാത്രം മതി എന്ന നിലപാട് ഉള്ളവരുണ്ട്. ഇതാണ് ആശയാനന്തര ലോകത്തിൻ്റെ സ്വഭാവം. ചിന്തകൾക്ക് നാശം സംഭവിച്ചിരിക്കുന്നു. ഇവിടെയാണ് ആത്മീയശൂന്യത വെളിപ്പെടുന്നത് .ഇന്ന് ഒരാത്മീയജീവി സ്വയം മനസ്സിലാക്കാനും സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിക്കാനുമായി ചിന്തയിലേക്ക് തന്നെ മടങ്ങേണ്ടിവരുന്നു.
എച്ച്.ഡി സാങ്കേതികവിദ്യയുണ്ടായാലും   സംപ്രേഷണവും ചർച്ചയും  തെറിയെക്കുറിച്ചു തന്നെ. സമീപകാലത്ത് 'ചുരുളി' എന്ന സിനിമയിലെ തെറി സംഭാഷണങ്ങൾ നല്ലൊരു ശതമാനം കാണികളും  ഇലക്ട്രോണിക് മാധ്യമങ്ങളും ആർത്തിയോടെ രുചിച്ചത് ആശയങ്ങളുടെ മരണത്തെ ചൂണ്ടിക്കാണിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മഹാചിന്തകനും  എഴുത്തുകാരനുമായ ഷാങ് പോൾ സാർത്രിൻ്റെ 'പോർട്രെയ്റ്റ്സ്' എന്ന പുസ്തകം യാദൃശ്ചികമായാണ്  കാക്കനാട് ഇ.എം.എസ് ലൈബ്രറിയിൽ തിരയുന്നതിനിടയിൽ കൈയിൽ തടഞ്ഞത്. ആശയങ്ങളില്ലാതായ ഇന്നത്തെ കാലത്ത് ഈ പുസ്തകം നമ്മെ ഒരാശയവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ശൂന്യതയിൽ കഷ്ടപ്പെടുന്ന വായനക്കാരന് ഇത് നിറയെ ഓക്സിജൻ നല്കും .

1964ൽ പാരീസിലെ ഗാലിമാർ പ്രസിദ്ധീകരിച്ച എഡിഷൻ്റെ 2017ലെ സീഗൾ പതിപ്പാണിത്. സാർത്രിൻ്റെ  ചിന്താപരമായ പ്രകമ്പനങ്ങൾ നിറയുന്ന ഈ താളുകളിൽ അദ്ദേഹം എഴുതിയ അവതാരികകളും ദീർഘമായ കത്തും മറ്റു ലേഖനങ്ങളും അടങ്ങിയിരിക്കുന്നു. 
ഫ്രഞ്ച് എഴുത്തുകാരി നതാലി സറോറ്റിൻ്റെ 'പോർട്രേറ്റ് ഓഫ് എ മാൻ അൺനോൺ 'എന്ന പുസ്തകത്തിന് സാർത്ര് എഴുതിയ ആമുഖമാണ് ആദ്യത്തെ ലേഖനം. തുടർന്ന് പോളിഷ് സംഗീതജ്ഞൻ റെനെ ലീബോവ്റ്റ്സിൻ്റെ 'പുസ്തകത്തിന് എഴുതിയ ആമുഖം, ഓസ്ടിയൻ - ഫ്രഞ്ച് ചിന്തകൻ ആന്ദ്രേ ഗോർസിൻ്റെ കൃതിക്കെഴുതിയ മുഖവുര ,ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യുവിനുള്ള ദീർഘ മറുപടി എന്നിവയും ഫ്രഞ്ച് ചിന്തകകരായ പോൾ നിസ്സാൻ ,മെർലോ പോണ്ടി ,ഇറ്റാലിയൻ പെയിൻ്റർ ജാക്കപോ ,ഫ്രഞ്ച് പെയിൻ്റർ ആന്ദ്രേ മേസൺ തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങളും ഉൾപ്പെടുന്നു .

ആത്മീയപരീക്ഷണം

സാർത്ര് ചിന്ത എന്ന തീ ഭക്ഷിക്കുന്ന ജീവിയായിരുന്നു. ബീയിംഗ് ആൻഡ് നതിംഗ്നസ്, വാട്ട് ഈസ് ലിറ്ററേച്ചർ (തത്ത്വചിന്ത),ദ് റോഡ്സ് ടു ഫ്രീഡം ,നോസിയ (നോവലുകൾ)  തുടങ്ങിയ കൃതികൾ അത് വ്യക്തമാക്കും. ആശയങ്ങൾ ഭക്ഷിക്കുന്നവരുടെ അനിവാര്യമായ മനുഷ്യാവസ്ഥയാണ് സാർത്രിൽ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിൽ എഴുത്തുകാർക്ക് വലിയ പ്രഹേളികകൾ നേരിടാനുണ്ടായിരുന്നു. റിൽക്കേ ,ആൽബേർ കമ്യു ,ബർട്രാൻഡ് റസ്സൽ, ഹെമിംഗ്വേ   തുടങ്ങിയവർ ആ കൂട്ടത്തിൽ പ്രധാനികളായിരുന്നു .
എന്നാൽ ഇപ്പോൾ ചിന്തകൾ ആവശ്യമില്ലാതെ വരുകയാണ് .മലയാള എഴുത്തുകാർ ഇരുന്നൂറ് വർഷം പിറകിൽ സഞ്ചരിക്കുമ്പോൾ ജയിംസ് ജോയ്സിൻ്റെ 'യുളിസസ്' എന്ന നോവലിൻ്റെ പേരിലും എലിയറ്റിൻ്റെ 'ദ് വേസ്റ്റ് ലാൻഡ് 'എന്ന കവിതയുടെ പേരിലും ഇളകി മറിയുന്നത് കാപട്യവും സാംസ്കാരിക പൊങ്ങച്ചവുമാണ്. ഇക്കൂട്ടർക്ക് മേൽപ്പറഞ്ഞ കൃതികളുമായി യാതൊരു ബന്ധവുമില്ല.  നമ്മുടെ നാട്ടിൽ പുരസ്കാരങ്ങൾ കിട്ടുന്ന കൃതികൾ വായിച്ചു നോക്കുക.  ഒന്നിനും ചിന്ത എന്ന ഗുണമില്ല. സൗന്ദര്യാനുഭവം അരികിലൂടെ പോലും കടന്നുപോകുന്നില്ല. ദാർശനികമായ ആലോചനകൾ ഇല്ലാതായി. മുൻകാലങ്ങളിൽ അങ്ങനെയായിരുന്നില്ല. സി.വി. രാമൻപിള്ള ദാർശനികനായിരുന്നു.  നാലപ്പാട്ട് നാരായണമേനോനിൽ ദാർശനികതയുണ്ടായിരുന്നു. ഇന്നു  ആഘോഷങ്ങളും കെട്ടുകാഴ്ചകളും  മാത്രമേയുള്ളൂ ;ഉള്ളു പൊള്ളയാണ്. 

അർത്ഥം ഒരു വസ്തുവിൽ നിന്ന് ഭിന്നമല്ല. എത്രത്തോളം നാം അതിൽ ശ്രദ്ധിക്കുന്നുവോ അതിനനുസരിച്ച് അത് കൂടുതൽ പ്രകടമാകും -സാർത്ര് അഭിപ്രായപ്പെടുന്നു. അനുവാചകനിലാണ് പ്രകമ്പനങ്ങൾ ഉണ്ടാകുന്നത് ;അവൻ പൂരിപ്പിക്കുകയാണ് ,ഒരേ സമയം സാഹിത്യകൃതിയെയും തന്നെത്തന്നെയും .ഒരു കൃതി വായിക്കുമ്പോൾ അത് ആത്മാന്വേഷണമാണ്. അതുകൊണ്ട് വായന യോഗയും ആത്മീയപരീക്ഷണവുമാണ് .'ചെമ്മീൻ'വായിക്കുമ്പോൾ നമ്മൾ തകഴിയെയും വായിക്കുന്നു. തകഴി ഒരു കഥാപാത്രമായി ആ കൃതിയിൽ തുടരുകയാണ്. പക്ഷേ, അദൃശ്യനാണ് എഴുത്തുകാരൻ. വായനക്കാരൻ്റെ മനസ്സാക്ഷിയിലാണ് എഴുത്തുകാരൻ്റെ നിഴൽ പതിയുന്നത്.

ഒരു വസ്തുവിനു അർത്ഥം ഉണ്ടായിരിക്കുന്നത്, അത് ഒരു യഥാർത്ഥ്യത്തിൻ്റെ അവതാരം ആയിരിക്കുമ്പോഴാണ്. എന്നാൽ ആ യാഥാർത്ഥ്യം അതിനെ തന്നെ മറികടന്ന് പോവുകയാണ്. ആ  വസ്തുവിനു വെളിയിൽ അതിനെ പിടിച്ചെടുക്കുക പ്രയാസമാണ്. അതിന് അനന്ത സ്വഭാവമാണുള്ളത്. യാതൊരു ചിഹ്നവ്യവസ്ഥയ്ക്കും അതിനെ പൂർണമായി പ്രതിഫലിപ്പിക്കാനാവില്ല. ഒരു സാകല്യതയാണത്; ഒരു വ്യക്തിയെ പോലെ, സാമൂഹികാവസ്ഥയെ പോലെ, മനുഷ്യാവസ്ഥയെ പോലെ, കാലഘട്ടത്തെ പോലെ -സാർത്രിൻ്റെ ചിന്തകൾ .

നക്ഷത്രങ്ങൾ കേഴുന്നു 

ഒരു പുസ്തകത്തിനു ഒരു  സംഘസത്തയുണ്ട് .ഒരു പുസ്തകം അതിനപ്പുറത്താണ് വായിക്കപ്പെടുന്നത്. അത് പല വായനക്കാർ ചേർന്ന് നിർമ്മിക്കുന്ന ഒരു പ്രതീതിപുസ്തകമാണ്, കാലങ്ങളിൽ. വായനക്കാരുടെ ചിന്തകൾ പുസ്തകത്തിലേക്ക് വന്നുചേരുകയാണ്. അങ്ങനെ കൃതി പുനർനിർമ്മിക്കപ്പെടുന്നു. പുതിയ അർത്ഥങ്ങളുണ്ടാകുന്നത് എഴുത്തുകാരൻ്റെ പരിധിക്ക് പുറത്താണ്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'പാത്തുമ്മയുടെ ആട്' ഒരു വിചിത്രമായ കേരളീയാനുഭവമായി എഴുതപ്പെട്ടതാണെങ്കിലും അത് കാലങ്ങളിലൂടെ വിപുലമായ അർത്ഥം  നേടുകയാണ്. അതൊരു സാധാരണ ആടല്ല ,മനുഷ്യസംസ്കാരത്തിൻ്റെ  അനുതാപവും കണ്ണീരും വാത്സല്യവും ജീവിതത്തിൻ്റെ അനന്യതയും ചേർന്നുണ്ടായ ആടാണ്. ആ ആടിനെ വിലയ്ക്കു വാങ്ങാനാവില്ല.

ഡാവിഞ്ചിയുടെ 'മോണാലിസ'യുടെ ചിരി എന്തെങ്കിലും പറയുന്നതായി അർത്ഥമാക്കുന്നില്ല. എന്നാൽ എന്തോ ചിലതുണ്ട് .അതിൽ കാണാനാവുന്നത് യോഗാത്മകതയുടെയും സ്വാഭാവികതയുടെയും അപരിചിതമായ മിശ്രണമാണ് ' -സാർത്ര് വിലയിരുത്തുന്നു. മോണാലിസയുടെ ചിരി നമ്മുടേതാണ്. അതിൽ നമ്മളാണ് ഭാവനകൾ പ്രസരിപ്പിക്കുന്നത്. എന്തെന്നാൽ മനുഷ്യവംശത്തിൻ്റെ അന്തരംഗത്തിലെ അദൃശ്യമായ ചിരിയാണത്. ഒരു കലാകാരൻ അന്യാദൃശമായതാണ് തിരയുന്നത്.
എല്ലാവരും ഉപയോഗിച്ചതിനു മൂല്യമില്ല. അത് ആവർത്തനമാണ്. കലാകാരൻ്റെ  ആത്മസാക്ഷ്യങ്ങളെ സ്വാധീനിക്കുന്ന ഗോളാന്തരരൂപങ്ങളുണ്ട്. കലാകാരനെ മറ്റു ഗ്രഹങ്ങൾക്ക് കേൾക്കാനാവുന്ന ഒരു ഭാഷ അവൻ്റെ പക്കലില്ല. കലാകാരനെയോർത്തു നക്ഷത്രങ്ങൾ കേഴുകയാണ്. നക്ഷത്രങ്ങൾക്ക് അവയുടെ അന്തരംഗത്തെ പ്രകാശനം ചെയ്യുന്നതിനാവശ്യമായ ഒരു ഭാഷ അവൻ്റെ പക്കലാണുള്ളത്. അത് പക്ഷേ, അവൻ നശിപ്പിച്ചു കളയുകയാണെങ്കിൽ പ്രപഞ്ചം എന്തു ചെയ്യും ? മറ്റൊരു മിത്ത് സൃഷ്ടിക്കുന്നവനെ കാത്തിരിക്കും.

സാർത്ര് ആശയങ്ങൾകൊണ്ട് നിർമ്മിച്ചെടുത്ത ലോകങ്ങൾ ഈ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചർച്ച ചെയ്യണം. സ്വിസ്സ് ശില്പി ജാകോമറ്റിയെക്കുറിച്ചും ആൽബേർ കമ്യുവിനെക്കുറിച്ചുള്ള സാർത്രിൻ്റെ വീക്ഷണങ്ങൾ ആശയങ്ങളിൽ പ്രതീക്ഷയുള്ളർക്ക് ആയുസ് നീട്ടി നല്കും. സാർത്ര് പറയുന്നു: 'കമ്യുവിനെ ഇരുപതാം വയസ്സിൽ ബാധിച്ച രോഗം അദ്ദേഹത്തെ തകിടം മറിച്ചു .അങ്ങനെയാണ് കമ്യു അസംബന്ധദർശനത്തിൽ എത്തിച്ചേർന്നത്‌. മനുഷ്യവംശത്തോടുള്ള ബുദ്ധിശൂന്യമായ നിഷേധമായി അത് പരിണമിച്ചു .അദ്ദേഹം ആ സാഹചര്യവുമായി ഇഴുകിച്ചേർന്നു.  അസഹനീയമായ ആ അവസ്ഥയിലൂടെ അദ്ദേഹം ചിന്തിച്ചു ,കടന്നുപോയി'.
കമ്യു വാഹനാപകടത്തിൽ മരണമടഞ്ഞതിനുശേഷമാണ് സാർത്ര് ദീർഘിച്ച ഈ ലേഖനമെഴുതിയത്. ഇത് ഇരുപതാം നൂറ്റാണ്ടിലെ ബുദ്ധിയുള്ള മനുഷ്യൻ്റെ ആഭ്യന്തര ലോകത്തെ തീവ്രമായി പ്രകടമാക്കുകയാണ്. അസംബന്ധത്തെ തന്നെ ആശ്ലേഷിച്ച കമ്യുവിൻ്റെ മരണം ഒരു ദുരാരോപണമായാണ് തനിക്ക് തോന്നുന്നതെന്ന് സാർത്ര് എഴുതുന്നത് മരണത്തെയും അസംബന്ധമാക്കുന്നു.
 
ദൈവത്തിൻ്റെ ഇടങ്ങൾ

കലാപരീക്ഷണത്തിന് പിന്നിലുള്ളത് സൗന്ദര്യത്തെക്കുറിച്ചുള്ള അഗാധമായ വെളിപാടാണ്. അപ്പോഴും കല തന്നെയാണ് കലാകാരൻ്റെ മുഖ്യപരിഗണന. കലാകാരൻ രാഷ്ട്രീയത്തിനും മതത്തിനും ചെവികൊടുക്കേണ്ടതില്ല.  അനിവാര്യമായ ഘട്ടങ്ങളിൽ ചില  പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അപ്പോഴും കലയ്ക്കുള്ള പ്രാഥമികമായ  പരിഗണന കഴിഞ്ഞേ മറ്റു വിഷയങ്ങൾക്ക് സ്ഥാനമുള്ളൂ.
കലാകാരൻ രാഷ്ട്രീയം മാത്രമാണ്  പറയുന്നതെങ്കിൽ ,അതിൽ കലയ്ക്കുള്ള സ്ഥാനം ഇല്ലാതാവുക തന്നെ ചെയ്യും. കലാകാരൻ്റെ രാഷ്ട്രീയം എപ്പോഴും പതിതരോടൊപ്പമായിരിക്കണം. കാരണം ,പതിതർക്കാണ് അനുകമ്പ വേണ്ടത് .പതിതനിൽ സൗന്ദര്യം കണ്ടെത്തുകയാണെങ്കിൽ അത് ലോകത്തിനുള്ള വിലപ്പെട്ട സുവിശേഷമായിരിക്കും .
'സൗന്ദര്യം ഒരേയൊരു അടരുള്ള  വസ്തുവല്ല ;അതിനു രണ്ട് ഘടകങ്ങൾ വേണം - ദൃശ്യമായതും രഹസ്യമായതും' - സാർത്രിൻ്റെ വാക്കുകൾ .

പ്രമുഖ ചെക്ക് -ജർമ്മൻ എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ 'ജോസഫൈൻ ദ് സിംഗർ, ഓർ ദ് മൗസ് ഫോക്ക്' എന്ന കഥയിൽ ഒരു എലി സംഗീതജ്ഞയാകുന്നതിൻ്റെ വംശീയപ്രശ്നമാണ് ചർച്ച ചെയ്യുന്നത്. 
ഈ സംഗീതം മനുഷ്യനെന്ന വർഗ്ഗത്തെ ഉദ്ബോധിപ്പിക്കുന്നില്ലെങ്കിൽ പിന്നെ ആരാണത് കേൾക്കുക? ദൃശ്യപ്പെടുന്ന സൗന്ദര്യത്തിനപ്പുറത്ത് ദൈവം ഒളിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കലാകാരൻ പ്രവേശിക്കേണ്ടതുണ്ട്.
കാഫ്ക സൃഷ്ടിച്ച എലിയുടെ  സംഗീതത്തിലൂടെ ആ ലോകമാണ് അനാവൃതമാകുന്നത്. ഒരു കലാവസ്തുവിനെ നോക്കിയാൽ ,അത് നിശ്ചേതനമായ ഒരു ദൃശ്യാത്മകതയിലേക്ക് മാറുന്നത് കാണാം. സൗന്ദര്യം പിന്മാറുകയും ആടകൾ തെളിഞ്ഞു വരുകയും ചെയ്യും .ഇറ്റാലിയൻ കാകാരൻ റാഫേലിൻ്റെ ചില ഛായാചിത്രങ്ങൾ ഇത് ഉദാഹരിക്കുന്നുണ്ട്. ഇവിടെ നിശ്ചേതനമായ ദൃശ്യാത്മകത എന്നുപറയുന്നത് നിശ്ചലമായത് എന്ന അർത്ഥത്തിലാണ്. വലിയ ഒരു കാലപ്രവാഹത്തിലെ ഒരു നിമിഷമാണല്ലോ കലാകാരൻ ആവിഷ്കരിക്കുന്നത്. അത് അവിടെ നിശ്ചലമാണ് .എന്നാൽ അതിൻ്റെ  ഇളക്കങ്ങൾ അവസാനിക്കുന്നില്ല. അനുവാചകനാണ് അതേറ്റെടുക്കുന്നത്.  അവനിൽ അത് ഒരു മഹാചലനമായി രൂപപ്പെടുന്നു .സൗന്ദര്യത്തെ കുറേക്കൂടി സമ്മോഹനമാക്കുന്ന പ്രകടഭാവങ്ങൾ റാഫേലിൻ്റെ ഛായാചിത്രങ്ങളിൽ കാണാം. അതിൽ കറുപ്പ് നൃത്തം ചെയ്യുകയാണ്.

കലാകാരൻ തെളിച്ചെടുക്കുന്ന വഴികൾ  നമ്മൾ കണ്ടെത്തണം. നമ്മൾ ഒറ്റയ്ക്ക് സഞ്ചരിക്കണം. കലാകാരൻ എങ്ങനെ തൻ്റേതായ വഴി കണ്ടെത്തും? .അവന് സമൂഹം വിലങ്ങ് വെച്ചിരിക്കുകയാണ്. അവന് സ്വാതന്ത്ര്യമില്ല. അവനെ  സ്ഥാപനങ്ങളും അധികാരവ്യവസ്ഥയും  വലയം ചെയ്തിരിക്കുകയാണ്. ആ വ്യവസ്ഥ സ്വയം സംസാരിക്കുന്നതാണ്, നീചമായ സ്വരത്തിൽ .ലോകത്തിൻ്റെ കണ്ണുകെട്ടിയാണ് അവൻ എന്തെങ്കിലും ചിത്രീകരിക്കുന്നത്. ലോകം അത് പെട്ടെന്ന് മനസ്സിലാക്കരുത്‌. ദുർഗ്രഹമായ സാഹിത്യത്തിൻ്റെ ഒരു കാരണം അതാണ് .സ്വയം ഒളിപ്പിക്കുകയാണ്; അല്ലെങ്കിൽ സ്വയം ഒളിച്ചുവയ്ക്കുകയാണ് .റഷ്യൻ കവി മയക്കോവ്സ്കി പറഞ്ഞു: 'പ്രേമത്തിൻ്റെ വള്ളം ഇടിച്ചു തകർന്നിരിക്കുകയാണ്, ഇന്നത്തെ നിങ്ങളിലും എന്നിലും തട്ടി. നമ്മൾ കഷ്ടിച്ച് രക്ഷപ്പെട്ടു. അതുകൊണ്ട് പരസ്പരമുള്ള മുറിവുകളും സങ്കടങ്ങളും വേദനകളും ചിട്ടപ്പെടുത്തി വയ്ക്കുന്നത് അർത്ഥശൂന്യമാണ്'. ലോകം അതിൻ്റെ തന്നെ കെണിയിലേക്ക് മനുഷ്യവ്യക്തിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയാണ്.

അപാരത

കലയുടെ നിർമ്മിതിക്ക്, അതീതമായ ഒരു ഏകത വേണം. ഈ ഏകത അർത്ഥമാക്കുന്നത് മനുഷ്യൻ്റെ നോട്ടത്തിന് അവസാനമില്ല എന്നാണ് .സ്ഥിരമായി കറങ്ങുന്ന നമ്മുടെ കണ്ണുകളാണ് അദൃശ്യമായ ഏകതയുടെ വാഴ്വ് സൃഷ്ടിക്കുന്നത്.  നമ്മുടെ ചുമതലയാണ് അതിനു ചുറ്റും കറങ്ങുക എന്നത് '. _ സാർത്രിൻ്റെ വാക്കുകൾ. അനുവാചകനാണ്  അതീതമായ ഏകതയുടെ സാക്ഷിയാകേണ്ടത്. അദൃശ്യമായ ഒരു ലോകത്തെ അനുഭവിക്കുന്നിടത്താണ് ഈ ഏകതയുള്ളത് .അത് അപാരതയിലേക്കുള്ള നോട്ടമാണ്. നമ്മൾ ഈഫൽ ഗോപുരത്തെ എന്നും നോക്കിക്കൊണ്ടിരിക്കും. നമ്മളാണ് അതിനു ചുറ്റും കറങ്ങുന്നത്. 

ഇറ്റാലിയൻ നവോത്ഥാനകാല കലാകാരനായ ലിയനാഡോ ബസ്സാനോയുടെ 'അലിഗറി ടു ദ് എലമെൻ്റ് എർത്ത് 'എന്ന ചിത്രം അദൃശ്യതയെയാണ് ആവിഷ്കരിക്കുന്നത്.  അനത്തോളിയൻ മാതൃദേവതയായ  സൈബെലി ആകാശത്തിലൂടെ , സിംഹം വലിക്കുന്ന രഥത്തിൽ സഞ്ചരിക്കുന്നത് ഈ ചിത്രത്തിലൊരിടത്ത് കാണാം. ഋതുക്കളെയാണ് ഈ കാൻവാസ് അഭിസംബോധന ചെയ്യുന്നത്. ദൈവം അതിൽ മറനീക്കുകയാണ്. കലയിൽ അമൂർത്തത അനുവദനീയമാണ്. അത് പ്രപഞ്ചത്തിൻ്റെ ദുർഗ്രഹതയിലേക്കാണ് നമ്മെ നയിക്കുന്നത്. അമൂർത്തതയിൽ ഒരു ക്രമീകരണ തത്ത്വമുണ്ട്. അത് ചിത്രത്തിനുള്ളിലെ ക്രമമാണ്. അത് കാൻവാസിൽ നിന്നും വേറിട്ട് നില്ക്കുന്നില്ല. വേറെങ്ങും അതിന് അസ്തിത്വമില്ല. പെട്ടെന്ന് മനസിലാകാത്ത ചിത്രത്തിൽ അതിൻ്റെ തന്നെ ഒരു വ്യവസ്ഥയുണ്ട്.

No comments:

Post a Comment