Thursday, May 26, 2022

വിരക്തിയിൽനിന്നു സൗന്ദര്യം /അക്ഷരജാലകം /എം.കെ.ഹരികുമാർ 9995312097, METRO APRIL 11, 2022

 

LINK

അനുഭവങ്ങൾ കമ്പോളത്തിലെന്നപോലെ വാങ്ങാവുന്ന ഈ കാലത്ത് ഏറ്റവും വിലകൂടിയത് ആര് വാങ്ങുന്നുവോ അവനാണ് സംസ്കാരബുദ്ധിജീവി .ശൂന്യാകാശത്ത് പോകാൻ ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ഈ അപൂർവവും വിലപിടിപ്പുള്ളതുമായ സാംസ്കാരിക അനുഭവത്തിനു വേണ്ടിയാണ് .സംസ്കാരത്തിൻ്റെ അർത്ഥം മാറി. അത് ഇന്ന് ഒരു ഉപഭോഗവസ്തുവാണ്; അതുകൊണ്ട്, സ്വാഭാവികമായി ഒരു കമ്പോള വസ്തുവുമാകുന്നു. 

ആളുകൾ കാഴ്ചകൾ കാണാൻ പോകുന്നതു പോലും സാമൂഹികമായ പദവിക്കു വേണ്ടിയാണ്. കൂടുതൽ സ്ഥലങ്ങൾ കണ്ടവനെ സമൂഹം ആദരിക്കുന്നു. ഒരു വലിയ സാഹിത്യകാരനെയോ ,ചിത്രകാരനെയോ കണ്ട് ഉപദേശം തേടേണ്ട ആവശ്യം മന്ത്രിമാർക്കില്ല .എന്നാൽ സഞ്ചാരികളുമായി അവർ എത്ര നേരം വേണമെങ്കിലും ഇരുന്നു സംസാരിക്കും. യാത്ര ഇന്ന് ഉപഭോഗമാർക്കറ്റിലെ ഒരു വസ്തുവാണ്. യാത്ര വിപണനം ചെയ്യാം. 

സാഹിത്യകലയിൽ ഭാവുകത്വം മരിച്ചതുകൊണ്ട് ഒരു കൃതിയും വായനക്കാരൻ്റെ കാഴ്ചപ്പാടിനെ മാറ്റുന്നില്ല .സംസ്കാരം ഒരു ചരക്കാണ്; അത് ക്രയവിക്രയം ചെയ്യാം. അതിൻ്റെ താത്ക്കാലിക ഉടമസ്ഥൻ ആരാണോ അവനാണ് ബുദ്ധിജീവി .ഏറ്റവും ചെലവേറിയ യാത്രയ്ക്ക് പോകുന്നവൻ 'എ' ആണെങ്കിൽ അതിനേക്കാൾ ചെലവ് ഏറ്റെടുക്കാൻ 'ബി' തയ്യാറാവുന്നതോടെ 'എ' യുടെ സ്ഥാനം നഷ്ടപ്പെടുന്നു. 

കൂടുതൽ പണം മുടക്കി പുതിയ ശൈലിയിൽ വീടുവയ്ക്കുന്നവനും ഇന്നത്തെ ബുദ്ധിജീവിയാണ്. വെറുതെ താമസിക്കാൻ വേണ്ടിയല്ല ഇന്ന് ആളുകൾ വീടു വയ്ക്കുന്നത് ; താമസം എന്ന അനുഭവത്തെ സമ്പന്നമാക്കുന്നതിനാണ്. താമസം ഒരു കമ്പോളവസ്തുവാണ്. ആളുകൾ ഇന്നു താമസിക്കുകയല്ല ,താമസം എന്ന വിചിത്ര സാങ്കേതിക അനുഭവത്തെ ഒരു ഉപഭോക്തൃ ഉല്പന്നമായി രൂപാന്തരപ്പെടുത്തുകയാണ്. ഏതൊരു സാംസ്കാരിക പ്രവർത്തനവും ഇന്നു വിപണിയുടെ ഭാഗമായാണ് നില്ക്കുന്നത്. പരസ്യങ്ങളും പ്രശസ്തിയും മൂലധനത്തിലൂടെ സമാഹരിക്കുകയാണ് ,എഴുത്തുകാർ പോലും. 

ഇവിടെയാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ ശുദ്ധമായ ജീവിതാനുഭവങ്ങൾക്കായി മുഖ്യധാരയിൽ നിന്ന് അകലം പാലിക്കുകയോ മൗനത്തിലേക്ക് വലിയുകയോ ചെയ്യുന്നത്. അയാൾ ഒരു വിരക്തിയിലേക്ക് സാവധാനം സഞ്ചരിക്കുകയാണ്. സുഖങ്ങൾ ,ലഹരികൾ വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. സ്വന്തം വിരക്തിയെ അനായാസമായ സഹനമാക്കാൻ കഴിയും ;അലട്ടൽ കുറയും. 

ജീവൻ മഹാപ്രത്യക്ഷം

ജീവൻ്റെ വില അറിയാവുന്ന ഒരാൾ അതിനു വേണ്ടി എപ്പോഴും സംസാരിക്കും .ഈ മഹാപ്രപഞ്ചത്തിൽ ജീവൻ ഒരു നിർമ്മലവസ്തുവാണ്. നിഷ്കളങ്കവും പ്രതീക്ഷാനിർഭരവും സത്യവുമാണത്. അത് ഒരു മഹാപ്രത്യക്ഷമാണ്. അത് ഏതോ പൊരുളിൻ്റെ മഹാലോകത്തിൻ്റെ സാക്ഷ്യമാണ്. അത് നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിന്ന്  തിരിച്ചുകിട്ടുകയാണെങ്കിൽ ആഹ്ളാദം എന്തായിരിക്കും! സൈബീരിയയിൽ ദീർഘകാലത്തെ ജയിൽ ശിക്ഷ കഴിഞ്ഞ്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷ്യൻ എഴുത്തുകാരൻ ദസ്തയെവ്സ്കി (1821-1881)ക്ക് തികച്ചും അപ്രതീക്ഷിതമായാണ് അതിൽ നിന്നു ഇളവ് ലഭിച്ചത്. അദ്ദേഹത്തെ കൊല്ലാൻ കൊണ്ടു നിറുത്തിയിരിക്കുകയായിരുന്നു. വിധി നടപ്പാക്കുന്നതിനു സെക്കൻഡുകൾക്കു മുൻപാണ് ആ ശിക്ഷ റദ്ദാക്കപ്പെട്ടത്. തൻ്റെ ആ അസാധാരണ അനുഭവത്തെപ്പറ്റി ദസ്തയെവ്സ്കി സഹോദരന് എഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം :

"ഞാൻ നിരാശനല്ല; മനസ് നഷ്ടപ്പെട്ടിട്ടുമില്ല. ജീവിതം എവിടെയുമുണ്ട്. വാസ്തവത്തിൽ, ജീവിതം നമ്മളിൽ തന്നെയാണ്, പുറത്തല്ല. ഒരു മനുഷ്യനായി മറ്റുള്ളവരുടെയിടയിൽ ജീവിക്കണമെങ്കിൽ നാം ഏതു സാഹചര്യത്തിലാണുള്ളതെന്ന കാര്യം പ്രസക്തമല്ല; നിരാശനാകരുത് ,സ്വന്തം മനസ്സ് നഷ്ടപ്പെടുത്തരുത് .ഞാനിത് മനസ്സിലാക്കിയിരിക്കുന്നു. ഈ സത്യം എൻ്റെ ശരീരത്തിലും രക്തത്തിലും  കയറിയിരിക്കയാണ്'.ഒരു യഥാർത്ഥ എഴുത്തുകാരനെ ഈ കാലം ഒരു മൂലയിലേക്ക് ഒതുക്കുകയല്ല ,വലിച്ചെറിയുകയാണ് ചെയ്യുന്നത്. യഥാർത്ഥ വലിച്ചെറിയൽ  സംസ്കാരം സാഹിത്യത്തിൽ തുടക്കം കുറിച്ചു കഴിഞ്ഞു .പ്രസാധകരുടെയും വിദേശ പുസ്തകോത്സവ മാമാങ്കങ്ങളുടെയും ഈ കാലം ദസ്തയേവ്സ്കിയെ പോലെയുള്ള ആന്തരിക മനസുള്ളവരെ കണ്ണുകെട്ടി നടത്തിക്കുകയാണ്.

ദസ്തയെവ്സ്കിയുടെ 'ദി ഡ്രീം ഓഫ് എ റിഡികുലസ് മാൻ' എന്ന കഥയിൽ ഒരാൾ താൻ ഏറ്റവും പരിഹാസ്യനാണെന്ന് പറഞ്ഞുകൊണ്ടാണ് സ്വയം  പരിചയപ്പെടുത്തുന്നത്. അയാൾ  ഉള്ളിലെരിയുന്ന ഒരു പന്തമായിരുന്നു. ക്രൂരമായ നിസ്സംഗതയും ശൂന്യതയും പിശാചിൻ്റെ കണ്ണുകളെപോലെ അയാളെ നോക്കുകയായിരുന്നു. അയാൾ അന്തർഗതം ചെയ്യുന്നത് ഇങ്ങനെയാണ്: 'തെരുവിലെ എല്ലാ വിളക്കുകളും അണയ്ക്കുകയാണെങ്കിൽ ഇത്രയും കടുത്ത നിസ്സംഗതയുണ്ടാകുമായിരുന്നില്ല .എല്ലാ വസ്തുക്കളുടെയും മേൽ വെളിച്ചം വീഴുമ്പോൾ പ്രകാശം ആത്മാവിനെ കൂടുതൽ വിഷമിപ്പിക്കുന്നു'.

അത് വളരെ വ്യക്തമാണ്. വെളിച്ചം പോലും ,അയാൾക്ക് സ്വന്തം പരിഹാസ്യത ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു. വധശിക്ഷയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആഹ്ളാദത്തിൽ ദസ്തയെവ്സ്കി സഹോദരനു ഇങ്ങനെ എഴുതി: 'ഉന്നതമായ ജീവിതസൗന്ദര്യവും  ആത്മാവിൻ്റെ ശ്രേഷ്ഠമായ ആഗ്രഹങ്ങളും കരുപ്പിടിപ്പിച്ച ആ ശിരസ്സ് ഇപ്പോൾ എൻ്റെ തോളിനു മുകളിലില്ല. എന്നാൽ പ്രേമിക്കാനും യാതനയനുഭവിക്കാനും അനുകമ്പ ചൊരിയാനും ഓർമ്മിക്കാനും കഴിവുള്ള അതേ മാംസവും രക്തവുമുള്ള ഒരു ഹൃദയം എന്നിലുണ്ട് - അതാണ് ജീവിതം'.

സത്യത്തെക്കുറിച്ച്  

പരാജയങ്ങളിൽ ഒരാൾ തന്നെത്തന്നെ നന്നാക്കിയെടുക്കുന്നതിൻ്റെ  മനശാസ്ത്രപരവും തത്വചിന്താപരവുമായ പ്രശ്നങ്ങളാണ് വിവരിക്കുന്നത്. ഇത് ഗഹനമായ വിരക്തിയിൽ നിന്നുണ്ടായതാണ്. സ്വയം വിശകലനം ചെയ്യുക, സ്വയം കണ്ടെത്താൻ ശ്രമിക്കുക ,പിന്നെയും പിന്നെയും വിചിന്തനം ചെയ്യുക, താൻ എന്തിനുവേണ്ടി ജീവിക്കുന്നുവെന്ന് കണ്ടെത്തുക ,എന്താണ് ജീവിതത്തിൻ്റെ അർത്ഥമെന്ന്  ആരായുക തുടങ്ങിയ വിഷയങ്ങളിലാണ് ദസ്തയെവ്സ്കി ഉരുകിത്തീർന്നത് .അദ്ദേഹത്തിന് പല പ്രശ്നങ്ങളുടെയും മൂലം കണ്ടെത്തേണ്ടതുണ്ടായിരുന്നു. സ്വയമൊരു അന്വേഷണവിഷയമാകാൻ തയ്യാറുള്ള ഇതുപോലെ എത്ര എഴുത്തുകാരുണ്ട്?

പ്രചോദനങ്ങളെ അർത്ഥവത്തായി കാണണം. പണവും  വിദ്യാഭ്യാസവുമുള്ളതുകൊണ്ട് എന്തെങ്കിലും എഴുതാം ,താൻ എഴുതിയില്ലെങ്കിൽ അയൽപക്കക്കാർ എന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ച് ഭാവനാദാരിദ്ര്യത്തിൽ ആവുന്നത്ര ഇറങ്ങി നിന്ന്  ബുദ്ധിശൂന്യമായി ,പലരുടെയും പ്രമേയങ്ങളും ആശയങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ  ഇന്ന് ധാരാളമുണ്ട്. സുവർണ്ണമെന്ന്  ഘോഷിക്കപ്പെടുന്ന സ്ഥാപനങ്ങൾ ഇവരുടെ പുസ്തകങ്ങൾ പ്രസാധനം ചെയ്തു പുരസ്കാരങ്ങൾ വാങ്ങി തിളക്കം കൂട്ടുന്നു. അതിൽ നിന്ന് വ്യത്യസ്തമാണ് ഒരു സവിശേഷ 'മനസി'ൻ്റെ പിരിമുറുക്കവും ദാർശനികമായ ആകുലതകളും മൂലം നട്ടം തിരിഞ്ഞ ദസ്തയെവ്സ്കിയുടെ സാഹിത്യരചന .അത് ഒരു പ്രത്യേക തലമാണ് .

എഴുതാതിരിക്കുകയാണെങ്കിൽ താൻ മരിച്ചുപോകുമെന്ന് ദസ്തയെവ്സ്കി  പറയുന്നത് ഈ തിരിച്ചറിവിൽ നിന്നുകൊണ്ടാണ്. എഴുത്ത് സത്യത്തെക്കുറിച്ചുള്ള ആധി  ഭീകരമായി വളർത്തുകയും അതൊരു  സ്വാതന്ത്ര്യപ്രശ്നമായി വികസിക്കുകയും ചെയ്യുകയാണ് .ദസ്തയെവ്സ്കിയെ പിടിച്ചു നിർത്തിയത് വിരക്തിയിൽ നിന്നു സൗന്ദര്യം സൃഷ്ടിക്കാനുള്ള ഈ സിദ്ധിയാണ്.

അതിജീവിക്കുന്ന മനസ്സിൻ്റെ , പീഡിതമായ അന്തരംഗത്തിൻ്റെ  വിമോചനാത്മകമായ വേദശാസ്ത്രമാണ് 'ദ് ഡ്രീം ഓഫ് എ  റിഡികുലസ് മാൻ' എന്ന കഥ. ഭീകര സ്വാധീനങ്ങളാൽ സ്വയം നഷ്ടപ്പെട്ട ഒരാളുടെ മനസ്സ് ചുറ്റും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടിൽ നിന്ന് എങ്ങനെ സർവ്വശക്തിയുമെടുത്ത്  പുറത്തുവരുന്നു എന്ന് ഈ കഥ വായിച്ചാൽ മനസ്സിലാകും. വിരക്തി ഒരു സുന്ദരപുഷ്പത്തെ പോലെ ലോകോപകാരപ്രദമാവുകയാണ്. ഇത് വ്യക്തിയെ മാത്രമല്ല ,ലോകത്തെയും നന്നാക്കുന്നു. ഇത് കേവലം ഒരു വ്യക്തി ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുന്ന കഥയല്ല .ആത്മഹത്യചെയ്യാൻ തീരുമാനിച്ച ഒരാൾ തൻ്റെ  മുറിയിലിരുന്ന് ചിന്തിക്കുമ്പോഴാണ് താൻ തെരുവിൽ വച്ച് ഒരു പെൺകുട്ടിയോട് അതിനിന്ദ്യമായി പെരുമാറിയല്ലോ എന്ന് തോന്നുന്നത്. കുറ്റബോധം മൂർച്ചയുള്ള കത്തിയുടെ വായ്ത്തല പോലെ അയാളിലേക്ക്  ആഴ്ന്നിറങ്ങുന്നു. ആ പെൺകുട്ടി തൻ്റെ അമ്മയെ മരണത്തിൽ നിന്ന് രക്ഷിക്കാനാണ് അയാളോട് കരഞ്ഞ് അപേക്ഷിച്ചത്. 

നിഷ്കളങ്കമായ ഒരു സസ്യം

എന്നാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതുകൊണ്ട് അയാൾ ആ ആവശ്യം തട്ടിത്തെറിപ്പിച്ചു. പിന്നീടാണ് അയാൾ അതിനെപ്പറ്റി ആലോചിച്ചത്. ഓർമ്മകളിലേക്ക് ആ പെൺകുട്ടി കടന്നുവന്നതോടെ അയാളുടെ ആത്മഹത്യാപ്രവണത  മാറി .അയാൾക്ക് ഹൃദയമുണ്ടായി. അയാളുടെ ശിരസ്സിനു മുകളിൽ നിർമ്മലവും നിഷ്കളങ്കവുമായ ഒരു സസ്യം മുളച്ചുവന്നപോലെയാണ്  അതിനെ വിലയിരുത്തേണ്ടത് . അയാളിൽ പച്ചപ്പ് കനം വച്ചു. എന്തുകൊണ്ടാണ് താൻ അവളെ സഹായിക്കാതിരുന്നതെന്ന് അയാൾ  ചിന്തിക്കുകയാണ്. ആത്മഹത്യ ചെയ്യാൻ പോയവനെ ഒരു പെൺകുട്ടി യാദൃശ്ചികമായി പിന്തിരിപ്പിച്ചതു പോലെയാണിത്. അയാൾക്ക് അവളോട് സഹതാപം തോന്നി ;അവളെക്കുറിച്ചോർത്ത് അയാൾ വേദനിച്ചു .ക്രൂരനും ലക്ഷ്യമറ്റവനും കിരാതനുമായ ഒരുവൻ അർത്ഥബോധമുള്ള ഒരു മനുഷ്യനാകാൻ അധികസമയം വേണ്ട.
ആ ബോധത്തിൻ്റെ പവിത്രതയിലാണ് എല്ലാ യഥാർത്ഥ എഴുത്തുകാരും  തങ്ങളുടെ ഇരുണ്ടലോകത്തെ തള്ളിനീക്കുന്നത്.

കോവിഡ് കാലത്ത് എത്രയോ എഴുത്തുകാരും കവികളും നിരാശയുടെയും കഷ്ടപ്പാടിൻ്റെയും നെരിപ്പോടിനകത്ത് എരിഞ്ഞു. തിരുവനന്തപുരത്തുള്ള ഒരു കവി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്: ' കോവിഡ് കാലത്ത് എൻ്റെ  ജോലിയിൽനിന്ന് എനിക്ക് വരുമാനമൊന്നും കിട്ടിയില്ല. സ്വർണമായിട്ടുണ്ടായിരുന്നതെല്ലാം പണയം വച്ചു. എന്നിട്ടും ചെലവുകൾ താങ്ങാനായില്ല. കടം വാങ്ങിക്കൊണ്ടിരുന്നു .കടം കിട്ടുക പ്രയാസമായിരുന്നു .ചില കവികളും സുഹൃത്തുക്കളും അയച്ചു തന്ന പൈസകൊണ്ടാണ് ഓരോ ദിനവും തള്ളിനീക്കിയത്‌. ഇപ്പോൾ മൂന്ന് ലക്ഷം രൂപ ബാധ്യതയായി നില്ക്കുന്നു. എങ്ങനെ ഇതെല്ലാം വീട്ടുമെന്ന് അറിയില്ല'.എന്നാൽ ഈ ഇരുണ്ട കാലത്ത്, അതിൻ്റെ ആശയക്കുഴപ്പവും അവ്യക്തതയും സന്ദിഗ്ദ്ധതയും  വേദനയും അസംബന്ധവുമെല്ലാം അയാൾ കവിതയായി എഴുതിക്കൊണ്ടിരുന്നു. വിരക്തി ഒരു ശുദ്ധീകരണമാണ് ;സ്വയം ഉപേക്ഷിക്കാത്തവൻ്റെ നന്മകൾ .തൻ്റെ തോളിനു മുകളിൽ ,ദസ്തയെവ് സ്കി പറഞ്ഞതുപോലെ ഒരു ശിരസ്സില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉള്ളിൽ അതേ മാംസവും രക്തവുമുള്ള ഹൃദയം ജീവിച്ചിരിക്കുന്നുവെന്ന യഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് പരിപാലിക്കുകയായിരുന്നു അയാൾ.

അയാളെപോലെ എത്രയോ പേർ. നമ്മുടെ സാംസ്കാരിക ബോധം പൂർവകാലത്തിൻ്റെ തിണ്ണകളിൽ നിന്നിറങ്ങി വെയിലത്ത് നിൽക്കുന്ന ഒരു കാലം എന്നുവരുന്നുവോ  അന്നായിരിക്കും ഇതുപോലുള്ള കവികളെ മനസ്സിലാകുകയുള്ളു , അല്ലെങ്കിൽ മനസ്സിലാക്കുകയുള്ളൂ. കവി നിശ്ശബ്ദതയിൽ ജീവിച്ച് ,നിശ്ശബ്ദത ഭക്ഷിച്ച് തൻ്റെ  വാക്കുകളെ ജ്ഞാനത്തിനായി വിട്ടുകൊടുക്കുകയാണ് ചെയ്തത്. മാമൂലിൻ്റെ എണ്ണത്തോണിയിൽ കിടന്നു ഔഷധക്കൂട്ടു കഴിച്ചു തിടം വച്ച  വാക്കുകളെ കവിക്ക് വേണ്ട ;നഗ്നവും വിരക്തവുമായ വാക്കുകളുടെ കാവുതീണ്ടലായി അതിനെ കണ്ടാൽ മതി .

മാനസിക പൊണ്ണത്തടി 

ഈ കാലം എല്ലാ കലാകാരന്മാരോടും നിശബ്ദരാകാൻ ആജ്ഞാപിച്ചു കഴിഞ്ഞു .ഒന്നും തന്നെ എഴുതാനൊക്കില്ല .എഴുതിയാൽ എതിർക്കപ്പെടും.അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. എന്നാൽ എഴുതുന്ന ഒരു വാക്കും പാഴല്ല .ലോകത്തിലെ ഏത് ശക്തി വിചാരിച്ചാലും എഴുതപ്പെട്ട കൃതിക്കെതിരെ ഒന്നും ചെയ്യാനൊക്കില്ല .കാരണം ,അത് എഴുതപ്പെട്ടിരിക്കുന്നു. ഒന്നിനെയും നേരിടാനള്ള ആത്മാർത്ഥതയില്ലാത്തവർക്ക് ഓടിയൊളിക്കാവുന്നതേയുള്ളു. കാട്ടിലേക്ക് പോയി പുലിയെ വെടിവച്ച്  കറിവെച്ച് കഴിക്കുന്നത് എഴുതാം (ഇന്ദുഗോപൻ്റെ 'കരിമ്പുലി' ). അല്ലെങ്കിൽ കരടിയെ നായകനാക്കാം ,കാമുകനാക്കാം (സക്കറിയയുടെ 'തേൻ'). അതുമല്ലെങ്കിൽ കൊവിഡ് കാലത്ത് നൂറുകണക്കിനാളുകളെ കളിയാക്കിക്കൊണ്ട് ,തൻ്റെ കിണറ്റിൽ വീണ പാതാളകരണ്ടിയെപ്പറ്റി കഥയെഴുതാം (വി.ജെ.ജയിംസിൻ്റെ 'പാതാളകരണ്ടി).

ഇന്നത്തെ കഥയെഴുത്തുകാരെ പൊതുവേ  മാനസിക പൊണ്ണത്തടി എന്ന രോഗം ബാധിച്ചിരിക്കുകയാണ് .നിശ്ചലതയെയും നിർവ്വികാരതയെയും വെറുതെ പുണരുന്നത് ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. ജീവിതത്തിലെ സാഹസികമായ നിമിഷങ്ങളിലൂടെയോ ,ആപത്ക്കരമായ അനുഭവങ്ങളിലൂടെയോ  കടന്നുപോയിട്ടില്ലാത്ത വെറും കരിയറിസ്റ്റുകൾ എന്ത് എഴുതാനാണ്?മറ്റു ജീവികളുടെ മേൽ മനുഷ്യൻ അധികാരം സ്ഥാപിക്കുന്നതിനു  ദൈവം അംഗീകാരം കൊടുത്തുവെന്ന വേദപുസ്തകപ്രസ്താവത്തെ ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേരയുടെ 'ദ് അൺബിയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് 'എന്ന നോവലിൽ  തിരുത്തുന്നുണ്ട്. പശുക്കൾക്കും  കുതിരകൾക്കും മേലെ സ്ഥാപിച്ച അധികാരത്തെ വിശുദ്ധകർമ്മമായി കാണാനാണ് മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതത്രേ. മനുഷ്യൻ തൻ്റേതൊഴിച്ച് മറ്റെല്ലാറ്റിനെയും  ക്രൂരവും നിന്ദ്യവുമായ വിധം സമീപിച്ചു നശിപ്പിക്കുന്നു .എന്നാൽ സാഹിത്യകലയിൽ ,ഇങ്ങനെ  നൂറ്റാണ്ടുകളായി തഴയപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തതെല്ലാം മികവോടെ, അവകാശങ്ങളോടെ തിരിച്ചു വരേണ്ടതുണ്ട് .

നുറുങ്ങുകൾ

1)പ്രണയകവിതകളെക്കുറിച്ച് എനിക്ക് പൊതുവേ വലിയ അഭിപ്രായമില്ല. മനസ്സിൽ പ്രണയമില്ലാത്തവർ, ത്യാഗമില്ലാത്തവർ വാക്കുകൾകൊണ്ട് കൃത്രിമമായ പ്രണയമുണ്ടാക്കുകയാണെന്ന് പല കവിതകളും വായിക്കുമ്പോൾ തോന്നിയിട്ടുണ്ട് .മനസ്സിൽ ശരിയായ പ്രേമമുള്ള ഒരാളുടെ കണ്ണുകളിലും ശരീരചലനങ്ങളിലും അത് നിഴലിച്ചു  കാണും.അതിഭൗതികമെന്നപോലെയുള്ള അനിവാര്യമായ ഒരു മമതയും വിധേയത്വവും കീഴടങ്ങലുമാണത്. കണ്ണുകൾ അതിനു സജ്ജമായിരിക്കും. കഴിഞ്ഞ ദിവസമാണ് ചവറ കെ.എസ് .പിള്ളയുടെ പ്രണയകവിതകളുടെ സമാഹാരമായ  'നീയേ പ്രണയമേ' എന്ന പുസ്തകം (പച്ചമലയാളം)വായിച്ചത്. ഈ കവിതകളിൽ സത്യസന്ധനായ , ആത്മാർത്ഥതയുള്ള ഒരു കവിയെ കണ്ടു .

ചവറയെ കണ്ടിട്ടുള്ളവർക്കറിയാം , അദ്ദേഹത്തിന് എല്ലാ നല്ല കാര്യങ്ങളോടും സ്നേഹമാണ്, ആദരവാണ്. അത് കേവലം ഒരു വ്യക്തിയോടുള്ള സ്വാർത്ഥമായ ഇഷ്ടമല്ല; അതീതമായ അനുരാഗമാണ് .ചിലപ്പോൾ പരിതാപ പ്രണയമാണ് .അദ്ദേഹം എഴുതുന്നു:

'ഏതു മലയും പുഴയും കടക്കുവാൻ ഏതു കടലും ഗുഹയും കടക്കുവാൻ ഏതു കടമ്പയും ചാടിക്കടക്കുവാൻ എന്നും മഹാശക്തി നീയേ പ്രണയമേ!'

2)കേരളത്തിലെ സ്വതന്ത്രചിന്തകന്മാർ എം. ഗോവിന്ദനും  സി.ജെ.തോമസുമാണെന്ന വി. രാജകൃഷ്ണൻ്റെ അഭിപ്രായ(എഴുത്ത്,ഫെബ്രുവരി)ത്തോട് വിയോജിക്കുകയാണ്. ഗോവിന്ദനും സി.ജെ. തോമസും കേരളത്തിലെ വിപ്ലവകരമായ സാമൂഹിക മുന്നേറ്റം ,അയിത്തോച്ചാടന സമരങ്ങൾ ,വിപ്ളവകരമായ സാമൂഹിക പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ യഥാർത്ഥ സ്വതന്ത്രചിന്തകന്മാർ കുറ്റിപ്പുഴ കൃഷ്ണപിള്ളയും പി.കെ. ബാലകൃഷ്ണനുമാണ്. അവർ സമൂഹത്തെ വലിയ വിഷരോഗവിദഗ്ധന്മാരെപോലെ ചികിത്സിക്കുകയും ഒന്നിൻ്റെയും സ്വാധീനത്തിൽപ്പെടാതിരിക്കുകയും ചെയ്തു. നമ്മുടെ ചിന്തയിലെ അശ്ലീല വിധേയത്വങ്ങളെയും ഈസ്റ്റിന്ത്യാ കമ്പനിജ്വരബാധകളെയും അവർ  തച്ചുടച്ചു. 

3)പത്രപ്രവർത്തകനായ കെ.ആർ. അജയൻ എഴുതിയ 'ആരോഹണം ഹിമാലയം'(ചിന്ത) എന്ന പുസ്തകം വായിച്ചു. അറിയപ്പെടാത്ത പല വിവരങ്ങളും ഗ്രഹിക്കാൻ കഴിഞ്ഞു. ഹിമാലയത്തെ മറ്റൊരു കാഴ്ചപ്പാടിൽ  നിരീക്ഷിക്കുകയാണ് അജയൻ .ഇതു വായിച്ചാൽ ഹിമാലയത്തിൽ പോകണമെന്നു തോന്നും. 

4)സാഹിത്യപ്രവർത്തക സഹകരണസംഘം മറ്റ് പ്രസാധകരിൽ നിന്ന് വ്യത്യസ്തമാണ് , വ്യത്യസ്തമായിരിക്കണം. സംഘത്തിൻ്റെ  പുതിയ സംരംഭമായ 'അക്ഷരമ്യൂസിയം'ത്തെക്കുറിച്ച് പ്രസിഡണ്ട് പി.കെ.ഹരികുമാർ (എസ് പി.സി.എസ്, ബുള്ളറ്റിൻ ,മാർച്ച്) എഴുതിയിരിക്കുന്നു .മൾട്ടിപ്ളക്സ് തീയേറ്റർ ,ഡിജിറ്റൽ ,ഓഡിയോ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ടാകും പുതിയ മ്യൂസിയത്തിൽ.

5)ആനന്ദിൻ്റെ നോവലുകളിലും  ചെറുകഥകളിലും മലയാളിപ്പേരുകളോ , കേരളമോ ഇല്ല; എന്നാൽ തകഴിയിൽ, കോവിലനിൽ ,ഉറൂബിൽ മലയാളം തളിർത്തു ഉല്ലസിച്ചു നില്ക്കുന്നു. 

6)ഇന്ന് വായിച്ച കവിത എന്ന പേരിൽ കുരീപ്പുഴ ശ്രീകുമാർ ഫേസ്ബുക്കിൽ മറ്റു കവികളുടെ കവിതകൾ സ്ഥിരമായി പോസ്റ്റ് ചെയ്യുകയാണ്. ആർക്കും എന്തും പോസ്റ്റ് ചെയ്യാൻ  സ്വാതന്ത്ര്യമുണ്ട് .പക്ഷേ ,എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യാതൊരു നിഷ്കർഷയുമില്ലാതെ ഇങ്ങനെ കവിത പോസ്റ്റ് ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നത്‌. കുരീപ്പുഴയ്ക്ക് ഉത്തരവാദിത്തവുമില്ല ,കാവ്യാസ്വാദനത്തിൽ സവിശേഷമായ നിഷ്കർഷയുമില്ല. ഒരു പബ്ളിക് റിലേഷൻ പ്രവൃത്തിയാണിത്. 


No comments:

Post a Comment