LINK
സ്വന്തം
ചിന്തകളിലും ധ്യാനങ്ങളിലും മാത്രം അടച്ചിടപ്പെട്ട് കഴിയുകയണെങ്കിൽ അത്
പലതരം ഏകാന്തകൗതുകങ്ങൾ സൃഷ്ടിച്ചേക്കാം; എന്നാൽ അതിലൂടെ ലോകത്തെ
ഒരുതരത്തിലും നിരീക്ഷിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ലെന്നാണ് അമെരിക്കൻ
പ്രകൃതിചിന്തകൻ ജോൺ ബറൗസ് (1837-1921)പറയുന്നത്. പ്രകൃതിയെ സ്വന്തം നിലയിൽ
നിരീക്ഷിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ് ബറൗസ്. ഇരുപത്തിമൂന്ന്
വാല്യങ്ങളിലായി പരന്നു കിടക്കുകയാണ് അദ്ദേഹത്തിൻ്റെ രചനകൾ .വിറ്റ്മാൻ എ
സ്റ്റഡി, ലീഫ് ആൻഡ് ടെൻഡ്‌റിൽ ,അണ്ടർ ദ് ആപ്പിൾ ട്രീസ് തുടങ്ങിയ കൃതികൾ
ഇതിൽ ഉൾപ്പെടുന്നു. അമെരിക്കയിലെ മനോഹരമായ കാറ്റ്സ്കിൽ പർവ്വതനിരകൾക്ക്
സമീപമാണ് അദ്ദേഹം ജനിച്ചത് .ഫാമുകളിലെ ജീവിതമാണ് പ്രകൃതിയിലേക്ക്
കാതോർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നോർക്കണം. ജീവിതത്തെ എങ്ങനെയാണ്
നോക്കേണ്ടതെന്ന കാര്യത്തിൽ സൂചന നല്കിക്കൊണ്ട് ബറൗസ് ഇങ്ങനെ എഴുതി : 'ഈ
ജീവിതത്തിൽ നാം പഠിക്കേണ്ട ഏറ്റവും കഠിനമായ പാഠം, പലരും പഠിക്കാത്ത
കാര്യമാണ്, ഇതാണ് :സാധാരണ വസ്തുക്കളിലും ,കൈയെത്തും ദൂരത്തുള്ള
വസ്തുക്കളിലും ദിവ്യമായത് , സ്വർഗീയമായത് ,ശുദ്ധമായത് കാണുക ;നമുക്കുള്ള
സ്വർഗ്ഗം ,ഇവിടെ ഈ ലോകത്താണുള്ളത്'.
എങ്ങനെ
വസ്തുക്കളെ നോക്കണമെന്നല്ല ,കാണുന്നതിൻ്റെ കലയാണ് ജോൺ ബറൗസിൻ്റെ
വിഷയം.'ദ് ആർട്ട് ഓഫ് സീയിംഗ് തിംഗ്സ് 'ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ
വായനക്കാരെ പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക് കണ്ണുതുറപ്പിച്ച ലേഖനമാണ്. ഒരു
സാഹിത്യരചയിതാവിനും ചിത്രകാരനുമൊക്കെ അത്ഭുതക്കണ്ണുകൾ വേണം. ഫ്രഞ്ച്
കലാകാരൻ ക്ളോദ് മൊനെയുടെ ഇംപ്രഷണിസ്റ്റിക് ചിത്രങ്ങൾ ,വിശേഷിച്ചും വാട്ടർ
ലില്ലിയും മറ്റും ,കാണുമ്പോൾ അദ്ദേഹം എത്രമാത്രം സൂക്ഷ്മമായി ഈ പ്രകൃതിയെ
നോക്കിക്കണ്ടു എന്ന് മനസ്സിലാവും. അതുപോലെ സാഹിത്യകാരൻ്റെ മൗലികമായ സിദ്ധി
നിരീക്ഷണത്തിലാണുള്ളത്. ഒരു പന്നിയുടെയോ നായയുടെയോ ജീവിതം എഴുതണമെങ്കിൽ
നല്ലപോലെ നിരീക്ഷിക്കണം. 'ഒരാൾ കവിതയെക്കുറിച്ചോ ,ചിത്രകലയെക്കുറിച്ചോ,
പ്രഭാഷണത്തെക്കുറിച്ചോ സംസാരിക്കുന്നത് അനുവാചകരെ സൃഷ്ടിക്കാമെന്ന യാതൊരു
പ്രതീക്ഷയുമില്ലാതെയാണ് 'എന്ന് ബറൗസ് പറയുന്നത് ശ്രദ്ധേയമാവുകയാണ്.
ജീവിക്കുന്നതിൻ്റെ പരപ്പിലും ആഴത്തിലും ഇറങ്ങുകയാണ് മനുഷ്യൻ്റെ ചുമതല എന്ന്
ബറൗസ് അടിവരയിടുന്നു. വർഷങ്ങൾ കഴിഞ്ഞ് ഈ ജീവിതം നാമെങ്ങനെയാണ്
ജീവിച്ചതെന്ന ചോദ്യം ഓരോ വ്യക്തിയെയും കാത്തിരിക്കുന്നുണ്ട്.
അടിസ്ഥാനരഹിതവും അകാരണവുമായി പെരുമാറി ജീവിതത്തെ നശിപ്പിക്കുകയാണല്ലോ നാം
ചെയ്യാറുള്ളത്.
സംവേദനക്ഷമത എവിടെ ?
'വസ്തുവിനെ
നോക്കുന്നതിൻ്റെ കല നിയമങ്ങളും പ്രമാണങ്ങളുമനുസരിച്ച്
പഠിപ്പിക്കാവുന്നതല്ല .അത് കണ്ണിൻ്റെയും കാതിൻ്റെയും മനസ്സിൻ്റെയും
ആത്മാവിൻ്റെയും സജീവതയിലാണുള്ളത് ' -ബറൗസിൻ്റെ വാക്കുകൾ. ജീവിക്കുന്നത്
എന്തിനാണെന്ന ചോദ്യം മാത്രമല്ല ;എന്താണ് സംവേദനക്ഷമമാകേണ്ടതെന്നും
അറിയേണ്ടതുണ്ട് .
മലയാളസാഹിത്യം ഇന്ന്
സംവേദനരഹിതമായ മനുഷ്യമേഖലയായി കടന്നുപോവുകയാണ് .യാതൊന്നും ആരെയും
സ്പർശിക്കുന്നില്ല .എല്ലാം വ്യാജമാണെന്ന ധാരണയിൽ തന്നിൽ തന്നെ അഭയം
തേടുകയാണ് എഴുത്തുകാർ .അതുകൊണ്ട് ഒരു വ്യാജജീവിതമാണ് കൂടുതൽ സുരക്ഷിതമെന്ന്
പലരും ധരിച്ചുവച്ചിരിക്കുന്നു. 'അറിയുന്നതിൽ എല്ലാം ഉൾക്കൊള്ളുന്നില്ല;
അത് പകുതിയേ ആകുന്നുള്ളൂ. പ്രേമിക്കുന്നതാണ് മറുപതി . പ്രേമിക്കുമ്പോൾ
കണ്ണുകൾക്ക് ,കാതുകൾക്ക് ,സ്പർശത്തിനു കുറേക്കൂടി സൂക്ഷ്മത വരും '
ഒരു
വസ്തുവിനോടു നമുക്കുള്ള തൃഷ്ണ എന്നത് അറിവ് തേടലിൽ മാത്രമല്ല, അതിനോടുള്ള
ശുദ്ധമായ പ്രേമത്തിലുമാണ് സാക്ഷാത്കരിക്കുന്നത്. പ്രേമം യഥാർത്ഥത്തിൽ
അഹിംസാത്മകമാണ്. അത് കൗതുകകരമായ ,ആത്മനിഷ്ഠമായ ആരായലാണ്. അതിന് അവസാനമില്ല
.ഭൗതികമായ ലാഭമോ 'സമ്പത്തോ ഒന്നും പ്രേമത്തിലില്ല. അതുകൊണ്ടാണ് അത്
ശുദ്ധമായിരിക്കുന്നത്. അഗ്നി ശുദ്ധമായിരിക്കുന്നത് ,അതിൽ അഴുക്കിനു
നിലനിൽപ്പില്ലാത്തതുകൊണ്ടാണ്. അഗ്നിയിൽ അഗ്നിക്ക് മാത്രമേ ഇരിക്കാനാകൂ
.അതുപോലെയാണ് സ്നേഹവും; അതിൽ അതിനു മാത്രമേ നിലനില്പുള്ളു. പ്രേമം
ശൂന്യതയിൽ നിന്ന് മനസിൻ്റെ സിദ്ധികൊണ്ട് ഉയിർ കൊള്ളുന്നതാണ്. അത് എപ്പോഴും
ശുദ്ധമല്ല .അതിനു കാരണം നമ്മൾ ശുദ്ധിയിൽ തന്നെ തുടരാത്തതാണ്.
അതിൻ്റെ
ശുദ്ധതയിൽ നമുക്ക് നമ്മേക്കാൾ വലിയ ലക്ഷ്യങ്ങളുണ്ട്. അത് സംവേദനക്ഷമമാണ്.
ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി ,എല്ലാ ഉപാധികളും ഉപകരണങ്ങളും
മാധ്യമങ്ങളും ഉണ്ടായിട്ടും സംവേദനക്ഷമത നഷ്ടപ്പെട്ടിരിക്കുന്നു
എന്നുള്ളതാണ് .യാതൊന്നും വിനിമയം ചെയ്യാൻ മാത്രമുള്ള സ്നേഹാഭിമുഖ്യം
എവിടെയുമില്ല. എല്ലാ പ്രസ്ഥാനങ്ങളും തകരുകയാണ്. ജോർജ് ഓർവൽ
സൂചിപ്പിച്ചതുപോലെ, ലൈംഗികത ഉന്മൂലനം ചെയ്യപ്പെടുകയും രതിമൂർച്ച
നിർത്തലാക്കപ്പെടുകയും ചെയ്യും .പകരം ലിംഗരാഷ്ട്രീയവും ലിംഗസ്വത്വവുമാണ്
പ്രക്ഷുബ്ധമായി ഉയർന്നുവരുന്നത് .ഇവിടെയൊന്നും ബറൗസ് പറയുന്ന പ്രേമം ഇല്ല.
പ്രകൃതിയെ
കവിയുടെ മനസ്സിലൂടെ നോക്കുന്നതോ ,ശാസ്ത്രകാരൻ്റെ മനസ്സിലൂടെ നോക്കുന്നതോ
പൂർണ്ണമല്ല.'പ്രേമത്തിൻ്റെ സ്ഥാനം ഏറ്റെടുക്കാൻ മറ്റൊന്നിനും കഴിയില്ല.
ജീവിതത്തിൻ്റെ മാറ്റ് പ്രേമത്തിലാണുള്ളത് '.
രണ്ടു ദുരന്തങ്ങൾ
നമ്മുടെ
താൽപര്യങ്ങൾ, അനുതാപങ്ങൾ, മനസ്സിനു ഗ്രഹിക്കാവുന്ന നൂറുകൂട്ടം കാര്യങ്ങൾ
എല്ലാം ചേർന്നതാണ് ഈ പ്രേമം. ഒരാൾക്ക് പ്രകൃതിയിലെ ഏതെങ്കിലുമൊരു
വസ്തുവിനോട്, കാഴ്ചയോട് തോന്നുന്ന അഭിനിവേശം യഥാർത്ഥവും
പ്രചോദനാത്മകവുമാകണമെങ്കിൽ അതിൽ പ്രേമത്തിൻ്റെ ഒരു നിക്ഷേപം
ഉണ്ടായിരിക്കണം. അതിലൂടെയാണ് മനസ്സിൻ്റെ അകംലോകങ്ങൾ തുറക്കുന്നത് .
ഇഷ്ടത്തിൻ്റെ
തോതനുസരിച്ച് ചുറ്റുവട്ടം പ്രിയങ്കരമായിത്തീരുന്നു. എന്നാൽ ഇഷ്ടമില്ലാതെ
,വെറുമൊരു പ്രൊഫഷണൽ താത്പര്യത്തിൻ്റെ പേരിൽ മാത്രം വസ്തുക്കളെ
സമീപിക്കുമ്പോൾ അത് മനുഷ്യനിൽ നിന്ന് വേർപെട്ട മറ്റെന്തോ ആയിത്തീരുന്നു.
മനസ്സിനുള്ളിൽ
നരകം ഒരു താമസസ്ഥലമായി മാറുന്നു. പതിറ്റാണ്ടു കഴിയുമ്പോൾ മിക്ക
എഴുത്തുകാർക്കും കലാപരമായ പ്രത്യുൽപാദനശേഷി ഇല്ലാതാവുന്നു. അപ്പോൾ അവർ
പഴയത് ആവർത്തിക്കുകയോ അവസരത്തിനൊത്ത് എന്തെങ്കിലും എഴുതി സാന്നിധ്യം
നിലനിർത്തുകയോ ചെയ്യുന്നു. ഇതിനെക്കുറിച്ച് ബറൗസ് പറയുന്നുണ്ട്.
ദീർഘകാലയളവിൽ കലാപ്രവർത്തനത്തിൽ മുഴുകുന്നവർ രണ്ട് ദുരന്തങ്ങളെ
നേരിടുന്നതായി അദ്ദേഹം എഴുതുന്നു. ഒന്ന്, മനസ്സ് കല്ലാകുന്ന പോലെയുള്ള
സംവേദന രാഹിത്യമാണ്. മറ്റൊന്ന്, മനസ്സിൻ്റെ ചീഞ്ഞഴുകലാണ്. ഈ അവസ്ഥയിൽ
യാതൊന്നിനോടും പ്രതികരിക്കാനാവാതെ മനസ്സ് അതിൻ്റെ തന്നെ നിർവ്വികാരതയിൽ
അഭയം പ്രാപിക്കും. ആവർത്തിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല .കാലഹരണപ്പെട്ടതും
അർത്ഥോല്പാദനശേഷി നഷ്ടപ്പെട്ടതുമായ ചിന്തകളെ ഇക്കൂട്ടർ
തട്ടിവിട്ടുകൊണ്ടിരിക്കും.
ഒരിടത്ത് മനസ്സ്
കല്ല് പോലെയാകുന്നു; മറ്റൊരിടത്ത് ചിന്തകൾ ചീഞ്ഞളിയുന്നു .ഇതു രണ്ടും
നേരിടേണ്ടി വരുന്നത് എഴുത്തുകാരൻ്റെ ജീവിതത്തെ തരിശാക്കുന്നു.
പ്രഗത്ഭരായ
എഴുത്തുകാർക്ക് പോലും ഈ ദുരന്തം സംഭവിക്കുന്നു. പ്രായാധിക്യം എഴുത്തുകാരന്
ഇതു പോലെ വെല്ലുവിളികളായിത്തീരാറുണ്ട്. ചിത്രകാരൻ പിക്കാസോക്ക് ഇത്
സംഭവിച്ചതുകൊണ്ടാണ് അദ്ദേഹം കവിതയിലേക്ക് തിരിഞ്ഞത്.
'പ്രകൃതിയുടെ
നല്ലൊരു പങ്കും മറിഞ്ഞിരിക്കുകയാണ് '-ബറൗസ് പറഞ്ഞു .പ്രകൃതിയിൽ നാം
കാണുന്നതെല്ലാം, എവിടെയോ കേട്ടറിഞ്ഞതോ ,സങ്കല്പങ്ങളായി മനസ്സിൽ കുടിയേറിയതോ
ആണ്. അത് കാണാൻ നിശ്ചയിച്ചതാണ്. കാണുക എന്ന പ്രക്രിയ മാത്രമേ
അവശേഷിക്കുന്നുള്ളു .കാണുന്ന തോടെ ഒന്നും നേടുന്നില്ല. കാരണം, അത് മനസ്സിൽ
എത്രയോ വട്ടം കണ്ടിരുന്നു. അതുകൊണ്ടാണ് അറ്റ്ലാൻ്റിക് മഹാസമുദ്രം കണ്ടിട്ട്
ഓസ്കാർ വൈൽഡ് നിരാശനായത്; കൂടുതൽ പ്രതീക്ഷിച്ചിരുന്നു.
നമ്മൾ
കാണാതെ പ്രകൃതിയെ കാണണം. അതാണ് അമെരിക്കൻ പ്രകൃതിസ്നേഹി തോറോയുടെ
'വാൽഡണി'ൽ കാണുന്നത്. ഒരു വനം മനുഷ്യായുസുകൊണ്ട് പഠിച്ചുതീർക്കാനാവാത്ത
സർവകലാശാലയാണ്. മനസ്സിൻ്റെ നിത്യപ്രേമത്തിൽ നിലനിർത്തുന്ന പ്രേമം
കൈവിട്ടുപോകുന്നതോടെ വരൾച്ച ആരംഭിക്കും.തോറോ വനത്തിനടുത്ത് രണ്ടു വർഷം
കുടിൽ കെട്ടി താമസിച്ചു. അദ്ദേഹത്തിനു വിരസത തോന്നിയില്ല; കാരണം
,അദ്ദേഹത്തിൻ്റെ മനസിൽ കാടിനോട് പ്രണയമുണ്ടായിരുന്നു.
അത്
തീയായിരുന്നു. കെട്ടു പോകാത്ത തീ. വെറുതെ കാട് കാണാൻ പോയവനായിരുന്നെങ്കിൽ
ഒരു ദിവസം തികയ്ക്കാതെ മടങ്ങിപ്പോയേനെ . കാരണം, അവർ നേരത്തെ മനസ്സിൽ കണ്ട
കാടാണ് കാണുന്നത്. കാണാത്തതൊന്നും അവരെ പ്രലോഭിപ്പിക്കുന്നില്ല. അതേസമയം,
പ്രകൃതി നിറയെ നാം കാണാത്തതാണ്.
ഒരു അണ്ണാറക്കണ്ണൻ്റെ കുടുംബജീവിതം ഇന്നത്തെ സംവേദനരഹിത കാലഘട്ടത്തിൽ , കവികളെ പോലും ആകാംക്ഷാഭരിതരാക്കുന്നില്ല.
കണ്ണുകൾ കാണുന്നത്
നമ്മൾ
വിചാരിച്ചാൽ ഒരു പക്ഷിക്കൂട് കണ്ടെത്താം. അതൊക്കെ സാധ്യമാണ് .എന്നാൽ ആ
വഴിയിൽ കാണാത്തതായി പലതുമുണ്ട്. അത് കാണാനായി മനസ്സിനെ പാകപ്പെടുത്തണം.
അന്ധൻ സ്പർശത്തിലൂടെ വസ്തുക്കളെ തിരിച്ചറിയുന്നപോലെ കണ്ണുകൾകൊണ്ട്
കാണാനാവണം . 'അന്ധൻ്റ സ്പർശം പോലെ കണ്ണുകളെ പരിശീലിപ്പിക്കുക ' .കറുത്ത
കുതിരയെയും വെളുത്ത കുതിരയെയും തിരിച്ചറിയുന്ന സ്പർശം.
മങ്ങിപ്പോയതെല്ലാം അന്വേഷണ തൃഷ്ണയുള്ള കണ്ണുകൾ കാണുന്നു.
കണ്ണുകൾ
കാണുന്നതിനപ്പുറം അകക്കണ്ണുകൊണ്ട് കാണുന്നു. ഉന്നത വ്യക്തിത്വമുള്ള ഒരു
പന്നിയെ ഒരിക്കലും കണ്ടെത്തുകയില്ലെന്ന് പറയരുത് .നിശ്ചയമായും ,തൻ്റെ
ബന്ധുക്കളെയും സ്വന്തക്കാരെയും കാത്തുരക്ഷിച്ച് പ്രേമം ചൊരിയുന്ന
പന്നികളുണ്ട്. സൂക്ഷിച്ചു മനസ്സിലാക്കേണ്ടതാണത്.
ഒരു
പക്ഷിയുടെ കല അതിൻ്റെ കൂട് മറ്റുള്ളവരിൽനിന്ന് ഒളിപ്പിക്കുന്നതിലാണ്.
പക്ഷികൾക്ക് കൂടുണ്ടായിരിക്കുന്നത് സ്വകാര്യതയുടെ ഭാഗമാണ്. ചില പക്ഷികൾ
ഉയരമുള്ള വൃക്ഷങ്ങളുടെ ഏറ്റവും മുകളിൽ കൂടുകൂട്ടുന്നു .വിടന്മാർ കയറിവരാത്ത
ഇടമാണത്. മണ്ണിനടിയിൽ തവളകൾ എത്ര മാസങ്ങളാണ് സ്വൈരമായിരിക്കുന്നത്.
മനുഷ്യരിൽനിന്ന് ഒളിപ്പിക്കാൻ പലതുമുണ്ട് .മനുഷ്യൻ്റെ നശിച്ച, ക്രൂരമായ ,
സംവേദനരഹിതമായ ലോകത്തോട് ഒന്നും പറയാനില്ലാത്തതുകൊണ്ട് ചില ജീവികൾ കടലിൻ്റെ
അടിത്തട്ടിലേക്ക് പിൻവാങ്ങിയിരിക്കുന്നു.
'കണ്ണുകളെ
കാണാൻ ബോധമുള്ളതാക്കുകയും സൂക്ഷ്മതയുള്ളതാക്കുകയും ചെയ്യുന്നത് ബോധമാണ്
.കണ്ണുകൾ കാണുന്നത് അതിനു കാണാൻ കഴിയുന്നത് മാത്രമാണ്. എന്നാൽ എന്ത്
കാണണമെന്ന് നിശ്ചയിക്കുന്നത് അതിൻ്റെ പിന്നിലുള്ള പ്രേമവും
ആഗ്രഹവുമാണ്'.ചിലപ്പോൾ ഏറ്റവും പരിചയമുള്ള വസ്തുക്കൾ പോലും നാം ശരിക്ക്
കണ്ടിട്ടുണ്ടാകില്ല .കാണുന്നത് ഓരോ ബിന്ദുവിലുമാണ് . ചിരപരിചിതമായതിനെ ആകെ
ഒരു വസ്തുവായിട്ടാണ് കാണുന്നത്.
പ്രേമമുള്ള ഒരാൾ
തന്നതാണെങ്കിൽ, നാം ശരിക്കും പ്രേമിക്കുന്നുണ്ടെങ്കിൽ എത് വസ്തുവും കൂടുതൽ
സൂക്ഷ്മമായി നിരീക്ഷക്കപ്പെടും .'ശ്രദ്ധിക്കാനുള്ള കഴിവാണ് ,പുറംലോകത്തെ
വസ്തുക്കളെ നിരീക്ഷിക്കാനുള്ള മനസ്സിൻ്റെ സംവേദനക്ഷമതയാണ് വസ്തുക്കളെ
കാണുന്നതിലുള്ളത് ' - ബറൗസ് എഴുതുന്നു. മനസ്സിനു ആ കഴിവ് എപ്പോൾ
വേണമെങ്കിലും നഷ്ടപ്പെടാം. പ്രകൃതിയുടെ ഭാഗമാണ് ആ സിദ്ധി. കോടാനുകോടി
ജീവികൾ സ്വാഭാവികമായ രീതികളിൽ ജനിച്ചു, വളർന്ന്, മൺമറഞ്ഞ് പോകുന്ന
പ്രകൃതിയിൽ ഊർജ്ജത്തിൻ്റെ അജ്ഞാതമായ മഹാമണ്ഡലങ്ങൾ നിലനൽകുന്നു .ജീവൻ ഒരു
മഹാവിസ്മയമാണ്. ഏറ്റവും ശുദ്ധമായ ആ പ്രഭാവത്തെ കാണാൻ കഴിയുക പ്രകൃതിയിലാണ്.
അതുകൊണ്ട് പ്രകൃതിയെ കാണാൻ കണ്ണുള്ളവർ എഴുതുമ്പോൾ വസ്തുക്കളിലേക്ക്
തുളച്ചുകയറുന്നു. കാണുമ്പോൾ ലോകം രണ്ടാമത് ജനിക്കുകയാണ്. പോർച്ചുഗീസ് കവി
ഫെർഡിനാൻഡ് പെസ്സോവ തൻ്റെ സമീപത്തുണ്ടായിരുന്ന പാറകളെയും വൃക്ഷങ്ങളെയും
യാദൃശ്ചികമായി, ഒരു ദിവസം കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.അത്
ഉള്ളിൽ നിന്ന് വന്ന കാഴ്ചയാണ്.
'കാണുന്നത് ഒരു
കലയാണ് .നിങ്ങളുടെ കണ്ണുകളും കാതുകളും എങ്ങനെ തുറന്നു പിടിക്കണമെന്നതിൻ്റെ
കലയാണത്' - ബറൗസ് അറിയിക്കുന്നു. എന്നാൽ നിങ്ങൾ നിങ്ങളിൽതന്നെ വിരമിച്ചു
ജീവിക്കുകയാണെങ്കിലോ ? നിങ്ങളുടെ സ്വന്തം ധ്യാനങ്ങളിൽ അടച്ചുപൂട്ടി
ഇരിക്കുകയാണെങ്കിലോ ?
നുറുങ്ങുകൾ
1)സാഹിത്യത്സരത്തിൻ്റെ
ഉദ്ദേശലക്ഷ്യങ്ങൾ തന്നെ മാറിപ്പോയി. മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ
വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ (ഏപ്രിൽ 17 ) ഒന്നാം സ്ഥാനത്തേക്ക്
തിരഞ്ഞെടുക്കപ്പെട്ട കഥ (ചീമാബുവെ, ദിൽദാർ എം )യും കവിത (കുടിവെപ്പ്
,വിഷ്ണുമോഹൻ കെ.) യും സാഹിത്യകലയിൽ യാതൊന്നും സംഭാവനചെയ്യുന്നില്ല
.സാഹിത്യരംഗത്ത് വന്നുചേർന്നിരിക്കുന്ന സംവേദനരാഹിത്യവും മരവിപ്പും
വൈകാരികമാന്ദ്യവും വ്യക്തമാക്കുന്ന രചനകളാണിവ. ദിൽദാറിൻ്റെ കഥയ്ക്ക്
മനുഷ്യജീവിതവുമായി യാതൊരു ബന്ധവുമില്ല. ഏതാനും ചിത്രകാരന്മാരുടെ
ചർച്ചയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. എന്താണ് പ്രസക്തി
?ജീവിതാനുഭവങ്ങളുമായി ബന്ധമില്ലാത്ത ഇത്തരം എഴുത്തുകാരെ തെരഞ്ഞെടുത്ത്
അവതരിപ്പിക്കുന്നത് ഭാവിയുടെ തകർച്ചയെ ചൂണ്ടിക്കാണിക്കുകയാണ്. ഇത്
ആഴ്ചപ്പതിപ്പിൻ്റെ കുറ്റമല്ല; ആഴ്ചപ്പതിപ്പിനു മത്സരം നടത്താനല്ലേ കഴിയൂ.
ചിലർ ഇടിച്ചുകയറി എല്ലാം അട്ടിമറിക്കുകയാണ്. കുടിവെപ്പ് എന്ന കവിതയിൽ
ആദിവാസി ഭാഷയല്ലാതെ മറ്റൊന്നുമില്ല ;ഒരു തുള്ളി കവിതയില്ല
2)സ്വന്തം
ജന്മദേശത്തെക്കുറിച്ച് ടർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുക്ക് ഇങ്ങനെ
ചിന്തിക്കുന്നു: ' എനിക്ക് ഈ നഗരം (ഇസ്താംബൂൾ) നാശങ്ങളുടെയും സാമ്രാജ്യത്വ
കാലത്തെ വ്യാകുലതകളുടെയും ഓർമ്മകളാണ്. ഈ വ്യാകുലതകളുമായി യുദ്ധം
ചെയ്തുകൊണ്ടാണ് ഞാൻ എൻ്റെ ജീവിതം ചെലവഴിച്ചത്. അല്ലെങ്കിൽ എല്ലാ
ഇസ്താംബൂൾകാരെയും പോലെ, അത് എൻ്റേതായി തീർത്തുകൊണ്ട് ' .
3)ആനന്ദൻപിള്ളയുടെ
'സാഹിത്യവിമർശം' മാസികയിൽ വരുന്ന ഖണ്ഡന വിമർശനലേഖനങ്ങൾ പുതിയൊരു പന്ഥാവാണ്
.എല്ലാം വിമർശിക്കപ്പെടണം. സാഹിത്യവിമർശകൻ എം. ആർ .ചന്ദ്രശേഖരൻ എം.ടി
പൈങ്കിളിയാണെന്ന് (മെയ് ,ജൂൺ എഴുതിയിരിക്കുന്നു! ഇതൊക്കെ അല്പത്തമാണെന്ന്
പറയട്ടെ. ചന്ദ്രശേഖരനെ സാഹിത്യബാഹ്യമായ വികാരങ്ങൾ പിടികൂടിയിരിക്കുന്നു.
No comments:
Post a Comment