Friday, December 9, 2022

ധ്യാനത്തിൻ്റെ അസംസ്കൃതവസ്തു/അക്ഷരജാലകം / എം.കെ.ഹരികുമാർ

 a



ഒരു സാങ്കല്പിക ദ്വീപിനെ പശ്ചാത്തലമാക്കി, ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തെ കാണിച്ചുകൊണ്ട് ഒരു പ്ളേഗ് പടരുന്നതിൻ്റെ കഥയാണ് ഓർഹാൻ പാമുഖ് തൻ്റെ പുതിയ നോവൽ 'നൈറ്റ്സ് ഓഫ് പ്ളേഗി'ൽ പറയുന്നത്. 
ഭൂരിപക്ഷം എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി, മഹാമാരി തന്നെ സ്വാധീനിച്ചതായി അദ്ദേഹം തുറന്നു പറയുന്നു;ഈ നോവൽ കോവിഡിനു മുമ്പ് എഴുതിയതാണെങ്കിലും .
മൈ നെയിം ഈസ് റെഡ് ,സ്നോ ,ഓർമ്മപ്പുസ്തകമായ ഇസ്താംബൂൾ: മെമ്മറീസ് ആൻഡ് ദ് സിറ്റി എന്നിവയാണ് പാമുഖിൻ്റെ ഏറ്റവും പ്രശസ്തമായ രചനകൾ. പാമുഖിനു നോബൽ സമ്മാനം ലഭിച്ചത് 2006 ലാണ്. 


നമ്മുടെ നാട്ടിൽ ഒരു  എഴുത്തുകാരനെയും മഹാമാരി സ്വാധീനിച്ചില്ലല്ലോ. ഇവിടെ അവാർഡുകളും പദവികളുമാണ് സ്വാധീനിക്കുന്നത് !ഇപ്പോൾ അദ്ദേഹം താമസിക്കുന്നത് ഇസ്താംബൂളിനടുത്ത് ബുയുക്കദ എന്ന ദ്വീപിലാണ്. 
നൈറ്റ്സ് ഓഫ് പ്ളേഗ് തുർക്കിയിൽ 
പ്രസിദ്ധീകരിച്ചത് 2021 മാർച്ചിലാണ്. ഗാർഡിയൻ സൈറ്റിൽ പാമുഖുമായി നടത്തിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്ന് തുർക്കി ലോക്ക് ഡൗണിലായിരുന്നു .

പാമുഖിൻ്റെ നോവലുകൾ അറുപത്തിമൂന്നു ഭാഷകളിലായി പതിമൂന്നു ലക്ഷം കോപ്പികൾ  വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ദ് ആർട്സിൽ പ്രൊഫസറായിരുന്നു പാമുഖ്. നോവൽ രചനയിൽ അദ്ദേഹത്തിനു സ്വന്തമായി ചില നിലപാടുകളും നിരീക്ഷണങ്ങളുമുണ്ട്. നമ്മുടെ ഭാഷയ്ക്ക് അത് അപരിചിതമാണെന്ന് പറയട്ടെ.

അദ്ദേഹം പറയുന്നു: 
'എൻ്റെ എല്ലാ പുസ്തകങ്ങളിലും ആത്മബോധത്തിന്റെ ചില വശങ്ങളുണ്ട്. കഥയെഴുതുന്നതിനെക്കുറിച്ചുള്ള ആധുനികമായ അവബോധം വേണം. കഥ യാഥാർത്ഥ്യത്തിൻ്റെ ഒരു  വിവരണമല്ല. അത് അതിൽ തന്നെ വേറൊരു തരം യാഥാർഥ്യമാണ്. ആധുനികാവബോധം എന്നു പറയുന്നത് വെറുമൊരു പ്രതിഫലനമല്ല. അതിൻ്റെ വിവരണം തന്നെ ഒരു കലയാണ് .അത് എഴുത്തുകാരൻ്റെ ലോകത്തിന്റെ പ്രകാശനമാണ്; പുറംലോകത്തിന്റെ ചിത്രീകരണമല്ല. മാത്രമല്ല, എൻ്റെ എല്ലാ നോവലുകളും ഇങ്ങനെയാണ് എഴുതപ്പെട്ടിട്ടുള്ളത്. ഞാൻ എൻ്റെ ബദൽ യാഥാർത്ഥ്യങ്ങളാണ് പകർത്തുന്നത്'.

പുരസ്കാരങ്ങൾ അബോധത്തിലും 

ഒർഹാൻ പാമുഖ് അന്വേഷിക്കുന്ന പുതിയ യാഥാർത്ഥ്യമൊന്നും മലയാള എഴുത്തുകാരെ ബാധിക്കുന്നില്ല എന്നു  പറഞ്ഞുവല്ലോ.
അവരുടെ അബോധമനസ്സിലേക്ക് പോലും പുരസ്കാരങ്ങളും പദവികളും  കടന്നു ചെന്നിരിക്കയാണ്. ഇന്ന് വായന പോലും അഴിമതിയിൽ പുതഞ്ഞിരിക്കുകയാണ്. പുരസ്കാരങ്ങൾ ലഭിക്കുന്ന നാലാംകിട രചനകൾ തേടിപ്പിടിച്ച് വായിക്കുന്നത് വായനയുടെ ജീർണതയാണ്. പുരസ്കാരങ്ങൾ കിട്ടിയ കൃതികൾ വായനയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. അമെരിക്കയിൽ ടെലിവിഷൻ പരിപാടികൾ രണ്ടു മാസത്തേക്കെങ്കിലും ഉപേക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന  സംഘടനകളുടെ നിലപാടു പോലെ.

പുരസ്കാരങ്ങളെ തള്ളിമാറ്റി ഇപ്പോൾ ഡീലിറ്റുകൾ മുന്നോട്ടു വന്നിരിക്കയാണ്. ഇനി ഏറ്റവും കൂടുതൽ ഡീലിറ്റുകൾ നേടുന്നവർക്കായിരിക്കും സ്വീകരണം .വായന മരിച്ചതിനു വേറെ തെളിവു വേണ്ടല്ലോ.

ചിന്ത ,തപം

ദീർഘകാലമായി എഴുതുന്ന കുഞ്ഞപ്പ പട്ടാന്നൂർ തന്റെ കർമ്മ മണ്ഡലത്തിൽ ആഴത്തിൽ ചിന്തിച്ചും തപിച്ചും മുന്നേറുകയാണ്. അനുനിമിഷം കബളിപ്പിക്കുന്ന ,ഭയപ്പെടുത്തുന്ന ഈ ലോകത്ത് താൻ എങ്ങനെ ഒറ്റപ്പെടുന്നുവെന്ന് കാണിച്ചു തരികയാണ് അദ്ദേഹം .പട്ടാന്നൂരിൻ്റെ കണ്ടെത്തലുകൾ ഭീതിയുണർത്തുന്നതാണ് .നാം നമ്മുടേതെന്നു കരുതി പിന്തുടർന്നതെല്ലാം നമ്മെ വഞ്ചിക്കുകയോ നമ്മെ ഉപേക്ഷിച്ചു വേറൊരു വഴിക്ക് പോവുകയോ ചെയ്യുമ്പോൾ കവി എങ്ങനെ പ്രതികരിക്കാതിരിക്കും ?

കവിയുടെ മനസ്സ് അങ്ങനെയാണ്. മറ്റുള്ളവർ ചവച്ചു തുപ്പിയതിനിടയിൽ നിന്നും കവി തനിക്ക് ആവശ്യമുള്ള ധാതുക്കൾ കണ്ടെടുക്കുന്നു. പട്ടാന്നൂരിൻ്റെ 'ബാക്കിപത്ര'(കലാപൂർണ , സെപ്റ്റംബർ)ത്തിൽ എന്ന കവിതയിലും ഈ നിസ്സഹായത കാണാം .എല്ലാ പകലിരവുകളും വെറും ആവർത്തനങ്ങളായത് എങ്ങനെയെന്ന് ആരായുന്ന കവി ഇങ്ങനെ എഴുതുന്നു:
'കൂട്ടുകൂടിക്കഴിഞ്ഞവർ 
കൂട്ടംതെറ്റിപ്പിരിഞ്ഞവർ
കൂട്ടുകാർക്കെന്തുനല്കണം ഞാൻ?
ചതികളെന്തെന്നപാഠം 
പകർന്നു തന്നവർ 
ചങ്ങാതിമാർക്കെന്തുനല്കണം ഞാൻ?'

സുഹൃത്തുക്കൾ സ്നേഹത്തിൻ്റെ  പാത്രം തട്ടിത്തെറിപ്പിച്ചതു കാരണം എന്നിൽ ബാക്കിയൊന്നുമില്ലെന്ന വിഷാദചിന്തയാണ് ഈ കവിതയിലുള്ളത്. തൻ്റെ കരളിലെ തിരകളിൽ 
കാമിതം പോലെ പാടുന്നവൾക്കും
ഒന്നും കരുതിവയ്ക്കുവാനില്ലെന്ന് കവി
ഞെട്ടലോടെ കണ്ടെത്തുന്നു. ഈ കാലത്തെ കവി ആഴത്തിൽ പകർത്തുകയാണ് .

രാഷ്ട്രീയമോ സാഹിത്യമോ?

എഴുത്തുകാർക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിനു വിലക്കൊന്നുമില്ല.  രാഷ്ട്രീയപ്പാർട്ടിയുടെ മനസ്സാക്ഷിയല്ല  എഴുത്തുകാരൻ എഴുതേണ്ടത്. അയാൾ കാലത്തിന്റെ ,സമൂഹത്തിന്റെ മനസാക്ഷി അന്വേഷിക്കണം. ഓരോ വസ്തുവിന്റെയും അനന്യതയും ആത്മീയതയും തിരയണം.ഓഡ് ടു ദ് വെസ്റ്റ് വിൻഡ് എഴുതിയ ഷെല്ലി കാറ്റിൻ്റെ പോലും അനന്യതയും പ്രാപഞ്ചികതയും തേടുകയാണ്.
കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' രാഷ്ട്രീയ പാർട്ടിയുടെ മനസാക്ഷിയല്ല, കാലത്തിൻ്റെ മനസാക്ഷിയാണ് അന്വേഷിക്കുന്നത്.

കരിമ്പുഴ രാമചന്ദ്രന്റെ കവിത

കരിമ്പുഴ രാമചന്ദ്രന്റെ കവിതകൾ പതിറ്റാണ്ടുകൾക്കു മുന്നേ വായിച്ചിട്ടുണ്ട്. ആത്മാർഥത എന്ന ഗുണം അദ്ദേഹത്തിൻ്റെ കവിതകളിലുണ്ടാകും. ഒട്ടും അതിഭാവുകത്വം ഉണ്ടാവില്ല. സമീപകാലത്ത് കരിമ്പുഴ എഴുതിയ 'പ്രണയകാകളി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 24)എന്ന കവിതയിലെ വരികൾ മനസിൻ്റെ അടഞ്ഞ വാതിലുകൾ തുറക്കുന്നു.

സമകാല കവിതയിലെ മനുഷ്യത്വരാഹിത്യത്തിനും നിർവ്വികാരതയ്ക്കുമുള്ള ചികിത്സയാണിത്. കവി തൻ്റെ  മനുഷ്യത്വത്തെ, ഓർമ്മയെ , പ്രണയത്തെ ഈ ഭൂമിയിൽ  അന്വേഷിക്കുന്നു. താൻ ജീവിക്കുന്നു എന്നു അടിവരയിട്ട് പ്രഖ്യാപിക്കുകയാണ് കവി .പഴയ കാലത്തിനോട് തോന്നുന്ന അമിതമായ രതിവാഞ്ചയല്ല ഇത്. ഇവിടെ കരിമ്പുഴ ഭൂതകാലത്തെ തനിക്കായി ഏറ്റെടുത്തിരിക്കുന്നു.നമ്മുടെ പ്രൊഫസർ കവികൾക്ക് ഇത്തരത്തിൽ മനുഷ്യത്വത്തെ അവതരിപ്പിക്കാൻ കഴിയില്ല.എന്നാൽ ഭൂതകാലം ഇവിടെ ധ്യാനത്തിനുള്ള ഒരു അസംസ്കൃത വസ്തുവാണ്. കരിമ്പുഴ   ജീവിതത്തിന്റെ ഭാഗധേയത്തെപ്പറ്റി ആലോചിക്കുകയാണ്. ഒരു മനുഷ്യസംസ്കൃതിക്കും പരിഹാരം  നിർദ്ദേശിക്കാനില്ലാത്ത ഏടാകൂടമാണ് ജീവിതമെന്നു ജ്ഞാനിയായ കവി തിരിച്ചറിയുന്നു. കുട്ടിക്കാലത്തെ ഒരുമിച്ചുള്ള നടത്തം, പരസ്പരമുള്ള സംവാദങ്ങൾ, ഓർമ്മകൾ ...അതെല്ലാം എവിടെപ്പോയി? കാലം മാറിയപ്പോൾ നമ്മളും മാറിപ്പോയി ,നമുക്കു പോലും പിടികിട്ടാത്ത വിധം .നമുക്ക് ഓടിപ്പോകാൻ പോലും ഒരിടമില്ല. 
നമുക്ക് കണ്ണാടി തല്ലിപ്പൊട്ടിക്കേണ്ടി വരില്ല ;കാരണം ,കണ്ണാടിയിൽ നോക്കിയാൽ നമുക്ക് നമ്മെ കാണാനൊക്കില്ല, വേറെ ആളെയായിരിക്കും കാണുക.

തൻ്റെ ദാരിദ്ര്യമറിഞ്ഞ സ്നേഹിത സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് പെരുമാറിയത് ഇങ്ങനെയാണ് കവിതയിൽ വിവരിക്കുന്നത്:

'പച്ചമുളക് പഴുത്തതും ചോറുമെൻ 
ചോറ്റുപാത്രത്തിലേക്കപ്പോൾ പകർന്നു നീ 
ഡപ്പപോൽ അക്കാഴ്ച കണ്ടേൻ ഇളിഭ്യനായ്!'പഠനകാലം കഴിഞ്ഞതോടെ എല്ലാവരും മാറി .സ്നേഹബന്ധം മാഞ്ഞുപോയി. മനുഷ്യർ വളർന്ന് ഓരോ തുരുത്തായി മാറുന്നു. മിഥ്യയാണോ ഇത് ? അല്ലെങ്കിൽ വ്യർത്ഥതയോ ?

'ആർത്തുണ്ടൊരാ യൗവ്വനാരംഭ വൈദ്യുത 
,ദീപ്തി ആ ശക്തി ,ആസക്തി
ഹായ് ഹായ് !രസ -
സ്ഫൂർത്തി ,ആ ഏകാന്ത 
കൈവല്യ സംഭൂതി '

സ്ഥാപനവത്കൃതം 

കലാകാരൻ ഇന്ന് രാഷ്ട്രീയ ,സാംസ്കാരിക സ്ഥാപനങ്ങളുടെ അടിമയായിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം ഓർക്കണം: തോപ്പിൽഭാസി 'അശ്വമേധം'എന്ന നാടകം  എഴുതിയത് ,കേശവദേവ് 'ഓടയിൽ നിന്ന്' എന്ന നോവൽ എഴുതിയത് ഭാവിയിൽ ഏതെങ്കിലും അക്കാദമി പരവതാനി വിരിക്കുമെന്നു വിചാരിച്ചതുകൊണ്ടല്ല. എഴുതേണ്ടത് അവർക്ക് അത്രയ്ക്ക് ആവശ്യമായിരുന്നു.

പെണ്ണെഴുത്തും സെക്സും

ചില വനിതാ എഴുത്തുകാർ എന്തെഴുതിയാലും അതിൽ സെക്സ് കുത്തിനിറയ്ക്കുകയാണ്.സെക്സിൻ്റെ വിവരണം വായിച്ച് വായനക്കാർ അന്തംവിടുകയും എഴുതിയ വ്യക്തിയെ അന്ധമായി ആരാധിക്കുകയും ചെയ്യുമെന്ന ധാരണയാണ് ഇതിനു പിന്നിലുള്ളത്.

എന്നാൽ ഇന്നത്തെ വായനക്കാരനു   ഇക്കാര്യത്തിൽ എഴുത്തുകാരികളെക്കാൾ  ലോകപരിചയമുണ്ട് .മറ്റൊന്നും  എഴുതാനില്ലാത്തതുകൊണ്ടാണ് ചിലർ എല്ലായ്പോഴും ലൈംഗികത വിവരിക്കുന്നത്. ലൈംഗികത ഒരു അനുഭൂതിയാണ്. അത് ആവിഷ്കരിക്കാൻ കഴിവില്ലാത്തവരാണ് ഏറെയും. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു തിയറിയുണ്ട്. ജീവിതത്തിൽ സെക്സ് ഇല്ലാത്തവരാണ് അത് അമിതമായി രചനകളിൽ വാരിവലിച്ചിടുന്നത്! . ശരിയായിരിക്കാം.

പരാജയപ്പെട്ട കവിത

'പഞ്ചമിരാത്രി 'എന്ന കവിത എഴുതിയ എസ്.കലേശ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 7 )വാക്കുകൾ  അടുക്കിവയ്ക്കുന്നതല്ലാതെ യാതൊരു വികാരവും ജനിപ്പിക്കുന്നില്ല. വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കവി പരാജയപ്പെട്ടിരിക്കുന്നു. സാധാരണ കാര്യങ്ങൾ , പ്രണയകഥകളിൽ പൊതുവേ പരാമർശിക്കപ്പെടുന്ന വിഷയങ്ങൾ ആവർത്തിക്കുന്നതല്ലാതെ, അനുവാചകന് ഒരു നവീന അനുഭവവും നല്കാൻ കഴിയുന്നില്ല .

കൈയിൽ പക്ഷിയുടെ ചിത്രം പച്ചകുത്തിയ ഉടനെ കാമുകീ കാമുകന്മാർ ആകാശത്തിലൂടെ  പക്ഷികളായി പറന്നുവെന്ന് !.
'പട്ടണത്തിന് മീതെ പറക്കുന്നു പക്ഷിഗോത്ര പിന്മുറക്കാർ നമ്മൾ '
എന്ന് എഴുതിയതിലൂടെ ഈ കവി ഇനിയും ഭാഷയിൽ പക്വത നേടിയില്ല എന്ന് വ്യക്തമാകുകയാണ്.

'ഏറ്റുവെള്ളമിരമ്പിയിറങ്ങുമീ 
ചേറ്റുമണ്ണിലുണരുന്നു വിത്തുകൾ ആഴമീനുകൾ ജലമെയ്യേറി ചാടി
നൃത്തച്ചുവടു വയ്ക്കുന്നു '

വാക്കുകൾ വെറുതെ എടുത്തു വയ്ക്കുന്നതല്ലാതെ മനുഷ്യജീവിതത്തെ സൂക്ഷ്മതലത്തിൻ സ്പർശിക്കുന്നില്ല. ഇതൊരു കോളജ് മാഗസിൻ കവിതയാക്കാൻ കൊള്ളാം .ഓരോ വാക്കിനും ജീവനുണ്ടാവണം.  അങ്ങനെ ജീവിതത്തിൻ്റെ അനുഭവത്തിലേക്ക്, അസ്തിത്വത്തിലേക്ക് വാതിൽ  തുറക്കണം .

ആലങ്കോട് ലീലാകൃഷ്ണന്റെ 'പിൻനിലാവിലെ നിള (മനോരമ വാർഷികപ്പതിപ്പ്)സ്ഥിരം നിർമിതിയാണ് .ലീലാകൃഷ്ണൻ എന്തെഴുതിയാലും അതിൽ നിലാവ് കടന്നുവരാതിരിക്കില്ല .പിന്നെന്തിനു നിളയെ ഒഴിവാക്കണം ?നിളയിൽ നീരാടുക തന്നെ.ആഴമുള്ള ഒരു കവിത എഴുതാൻ അദ്ദേഹത്തിനറിയില്ല,ഇപ്പോഴും.
എപ്പോഴും മറ്റുള്ളവർ ഉപയോഗിച്ച വാങ്മയങ്ങളും ചിന്തകളുമാണ് ഓർമ്മിപ്പിക്കുക.ക്ളീഷേ എന്ന് വൃത്തിയായി പറയാൻ കഴിയുന്നത് ലീലാകൃഷ്ണന്റെ കവിതകളെക്കുറിച്ചാണ്. അദ്ദേഹത്തിനു കവിത ഒരു ധ്യാനമോ ദർശനമോ അനുഭവമോ അല്ല .കേട്ടറിഞ്ഞ കുറെ വിവരണങ്ങൾ മാത്രമേ ഉണ്ടാകൂ.

'തിരൂരുനിന്നീവഴിയോളം 
നിള പിന്നിലേക്കൊഴുക്കിയ 
പഞ്ചമവേദാമൃത 
പാലാഴിക്കിളിപ്പാട്ടിൻ 
തുഞ്ചത്തെ നാരായത്തി -
ലേകകനായെഴുത്തച്ഛൻ 'എന്ന് എഴുതുന്നതിനെയാണ് ക്ളീഷേ എന്നു വിളിക്കേണ്ടത്. 

സ്വാതന്ത്ര്യമോ?

എഴുത്തുകാരൻ രാഷ്ട്രീയകക്ഷിയുടെ സാംസ്കാരിക വിഭാഗത്തിൽ നിന്നോ, യൂണിവേഴ്സിറ്റികളിൽ നിന്നോ സ്വതന്ത്ര നല്ല .ഒരു സുഹൃത്ത് കഴിഞ്ഞദിവസം പറഞ്ഞത് കേന്ദ്രത്തിൽ നിന്ന് വലിയ ബഹുമതികൾ ലഭിക്കാൻ, നിരീശ്വരവാദികളായിരുന്ന ചിലർ ഭക്തിയിലേക്ക് തിരിഞ്ഞുവെന്നാണ്! . പരസ്യമായി ഒരു ഭജന കൊണ്ടു വല്ലതും കിട്ടുകയാണെങ്കിലോ ? പുരസ്കാരവും പദവിയും ഇല്ലെങ്കിൽ അയൽപക്കത്തുള്ളവർ പോലും തിരിഞ്ഞു നോക്കില്ലത്രേ. നോബൽ സമ്മാനം ലഭിച്ച ടി.എസ്. എലിയറ്റിനെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ചിരുന്ന യാൾ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ എലിയറ്റിനു അറിയപ്പെടാതെ ജീവിക്കുന്നതിൽ ഒരു  സുഖമുണ്ടായിരുന്നു .നമ്മുടെ എം. എൻ. പാലൂര് ,മാധവൻ അയ്യപ്പത്ത് , മാമ്പുഴ കുമാരൻ ,ആർ .രാമചന്ദ്രൻ  തുടങ്ങിയവർ എത്രമാത്രം സുഖം അനുഭവിച്ചിട്ടുണ്ട് എന്നാർക്കുക! .

ഇന്ന് പുറംചട്ട തീരുമാനിക്കുന്നതിനും  പുസ്തകങ്ങൾക്ക് നാമകരണം ചെയ്യുന്നതിനും അവതാരിക എഴുതിക്കുന്നതിനും എഴുത്തുകാർക്ക് സ്വാതന്ത്ര്യമില്ല. അതെല്ലാം തീരുമാനിക്കുന്നത് പ്രസാധനാലയങ്ങളിലെ പബ്ളിക്കേഷൻ മാനേജർമാരാണ്. ഏത് മാഗസിനിലാണ് ഇൻറർവ്യൂ, ഫോട്ടോ തുടങ്ങിയവ അടിച്ചു വരേണ്ടതെന്ന് ആ മാനേജർമാർ തീരുമാനിക്കും. യാതൊരു അഭിപ്രായവും പറയാതെ  വെറുതെ എഴുതാൻ മാത്രമാണ് എഴുത്തുകാരൻ്റെ ജോലി.

കലയുടെ ഒളിത്താവളം /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 





ഇന്നത്തെ കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ  അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ  പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുന്നു. 

ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.
അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിനു  യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്.  യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ ,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമികമായ വിദ്യയാണിത്.
 
ഓർക്കുമ്പോൾ രസം

ജീവിതത്തിൽ സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ  ടെക്സ്റ്റ് ,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത് കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ സങ്കല്പിക്കുന്നു. 

കാളിദാസൻ്റെ 'രഘുവംശ'ത്തിൽ രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും ചിത്രീകരിച്ച്  പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല. ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള ഹൃദ്യമായ കാഴ്ചകൾ മാത്രം .

ഈ ലോകത്തിലെ ഏതൊരു രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും  വാങ്ങും. അതിനു കലാമൂല്യമുണ്ട്. അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ് എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്.  ശൈലിയിലൂടെ ,പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു. 

വിമർശനത്തിൻ്റെ പ്രസക്തി

'അക്ഷരജാലകം' പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം  എഴുത്തിന്റെ സ്വഭാവമാണ്. ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ് ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ ,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല. നിലവിലുള്ളതിനോട്  പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ് പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .
ഒരു ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത് ആപത്തിൻ്റെ  സൂചനകളാണ്. 

രചനാരംഗത്ത് വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന്  സുഖിപ്പിക്കലിൻ്റെയും തിരുമ്മലിൻ്റെയും  ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത്  എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു  ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .

ആനന്ദബോസും മലയാളസാഹിത്യവും

എഴുത്തുകാരനും ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത് ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത് ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക് അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അതിനൊന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു.  ചങ്ങമ്പുഴയുടെ 'രമണൻ' മലയാളത്തിൽ ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്.

ഇന്ത്യ ഒരു യാത്ര 

ദേശമംഗലം രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ് '(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ, നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്. ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ വരികൾ:

'ഇന്ത്യൻ റെയിൽവേയിൽ
ടിക്കറ്റെടുത്തിരുന്നുവല്ലോ 
ആശാനും അക്കിത്തവും 
പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .
ഏത് സ്റ്റേഷനിലെ 
ഉരുൾപൊട്ടലാണ് 
അവരെ തട്ടിക്കൊണ്ടുപോയത് .
കവിതയുടെ വീട്ടിൽ 
തിരക്കിയപ്പോൾ 
കവിതയും എത്തിയിട്ടില്ല'.

ഇന്ത്യ ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി പരിചയപ്പെടുത്തുന്നത്.

ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?

ക്രിസ്ത്യൻ ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്. ഹിഗ്വിറ്റ എന്നത് ഒരു  ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ് മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ്  ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്. മാധവനോട് ചോദിക്കേണ്ടി വരുമല്ലോ. 
മറഡോണ എന്ന പേരിൽ ഒരാൾ കഥ  എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത് ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.

മാധവിക്കുട്ടിയുടെ തുറന്നുപറയൽ 

എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:
'എഴുതാൻ വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ  വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക, അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക. പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു. പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക് ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ് പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന എഴുത്തുകാരെയോ ?

മാധവിക്കുട്ടി എന്തെഴുതിയാലും അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം  എത്ര ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ നോക്കുകയാണ്. 

'പഴേതാവാണ്ടിരിക്കാൻ
പുതുക്കങ്ങളുണ്ടാക്കി ജീവിക്കണം' എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി.

നാരായണൻ്റെ വാദം തെറ്റ്

സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്:
'സഹിഷ്ണുത എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം." തുടർന്ന് നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?'. പകരം വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.

എന്നാൽ സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം വ്യക്തമാക്കുന്നുണ്ട്. 
വോൾട്ടയുടെ ആശയമാണത്.  ജനാധിപത്യത്തിലെ ഏറ്റവും  ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ പ്രയാസമാണെന്നറിയാം .  എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്. സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ പോവുകയാണെന്നു കള്ളത്തരം പറയണ്ട.

കുയിൽ പാടുന്നത് ആൾക്കൂട്ടത്തിനു വേണ്ടിയല്ല /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

a


ലോകത്തിലെ പ്രധാന നോവലിസ്റ്റുകൾ തങ്ങൾക്കാവശ്യമുള്ള ഒരു ക്രാഫ്റ്റ് കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. പഴയ ശൈലിയും മാതൃകയും ഉപേക്ഷിച്ചുകൊണ്ടു മാത്രമേ മികച്ച കൃതികൾ എഴുതാനാവൂ എന്ന തിരിച്ചറിവാണ് ഇത് കാണിക്കുന്നത്.
സിനിമയ്ക്ക് പറ്റിയ കഥകൾ എഴുതിക്കൊണ്ടിരിക്കുകയല്ല നോവലിസ്റ്റിൻ്റെ ജോലി. സിനിമയ്ക്കു വഴങ്ങാത്ത കഥകൾ ആലോചിക്കണം. ബഷീറിൻ്റെ മാന്ത്രികപ്പൂച്ച സിനിമയ്ക്ക് വഴങ്ങില്ലല്ലോ .കോവിലൻ്റ 'തട്ടകം' സിനിമയുടെ ഫ്രെയിമിൽ ആലോചിച്ചാലും വിജയിക്കില്ല .കേശവദേവിൻ്റെ 'ഓടയിൽ നിന്ന് 'സിനിമയാക്കാം; പക്ഷേ, കാക്കനാടൻ്റെ 'ഏഴാംമുദ്ര' പ്രയാസമായിരിക്കും .

ലോക നോവൽസാഹിത്യത്തിലെ വലിയ എഴുത്തുകാരായ ഒർഹാൻ പാമുഖ് ,  ജോർജ് ഓർവെൽ ,മിലാൻ കുന്ദേര ,ഗാവോ സിങ്ജിയാൻ, ഉമ്പർട്ടോ എക്കോ തുടങ്ങിയവർ പുതിയ നോവൽ എന്ന ആശയം  അവതരിപ്പിക്കുകയാണ്. ഓരോ നോവലിസ്റ്റിനും ഓരോ വഴിയാണ്. ഒരാൾ നോവലിൻ്റെ വഴി കണ്ടെത്തുമ്പോഴേ അയാൾ നോവലിസ്റ്റാകുന്നുള്ളു. അങ്ങനെ തന്റേതായ നോവൽ സങ്കല്പത്തെ സാക്ഷാത്ക്കരിച്ച എഴുത്തുകാരനാണ് റഷ്യയിലെ യെവ്ജനി വൊദലാസ്കിൻ .അദ്ദേഹം ഇന്നു റഷ്യയിൽ വായനക്കാർ ഏറെ താല്പര്യപ്പെടുന്ന എഴുത്തുകാരനാണ്. 
'ലാറൂസ്' എന്ന നോവൽ എറെ ചർച്ച ചെയ്യപ്പെട്ടു, സ്വീകരിക്കപ്പെട്ടു. സോളോ വ്യോവ് ആൻഡ് ലാറിയോനോവ് ,ദ് പെറ്റ് മാർക്കറ്റ് ,സിസ്റ്റർ ഓഫ് ഫോർ ,ജസ്റ്റിഫിക്കേഷൻ ഓഫ് ദ് ഐലൻഡ് എന്നീ കൃതികളിലൂടെ വൊദ ലാസ്കിൻ നോവൽ എന്ന സാഹിത്യ രൂപത്തിലേക്ക് തൻ്റേതായ ചില ഫാൻ്റസികൾ കൂട്ടിച്ചേർത്തു. മധ്യകാലഘട്ടത്തിലെ റഷ്യയെ ഫാൻ്റസി യിലൂടെ പുന:സൃഷ്ടിക്കുകയാണ് ലാറൂസ് എന്ന കൃതി. ഒരാൾ തന്നെ ചരിത്രത്തിലെ  പല വ്യക്തിത്വങ്ങളായി നമ്മുടെ മുന്നിൽ വരികയാണ്. ആർസെനി എന്ന ആ വൈദ്യൻ പല കാലങ്ങളിൽ ജീവിക്കുന്നതായി അറിയിക്കുന്നു. എന്തുകൊണ്ടാണ് നോവലിസ്റ്റ് ഈ രീതി സ്വീകരിക്കുന്നത്? തൻ്റേതായ ഒരു സൃഷ്ടി നടത്താൻ ഇതാവശ്യമാണെന്ന തത്ത്വമാണ് നോവലിസ്റ്റിനുള്ളത്. 

ഒരു വ്യക്തിയായിരിക്കുന്നതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വൊദലാസ്കിൻ പറയുന്നു. തന്റെ കലയെ ബാധിക്കുന്ന വ്യക്തിബോധചിന്തകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'രണ്ടുതരം മനുഷ്യപ്പെരുമാറ്റമാണുള്ളത്.ആദ്യത്തേത് വ്യക്തിവാദമാണ് .മറ്റൊന്ന് സാമൂഹികതയും. എന്നാൽ സത്യം ഇതിനു രണ്ടിനുമിടയിലാണ്. അതുകൊണ്ടാണ് ഞാൻ കഥ പറയാൻ മധ്യകാലത്തെ തിരഞ്ഞെടുക്കുന്നത്. ഞാനൊരു വ്യക്തിയായിരിക്കുന്നു; സമൂഹത്തിനെതിരല്ല .സത്യമായിട്ടും  'പൊതുവായ' ഒരു ലക്ഷ്യമില്ലെന്ന് റഷ്യൻ വിപ്ലവം കാണിച്ചുതന്നു. വിപ്ലവം എന്നു പറയുന്നത് ഓടിപ്പോകുന്ന ഒരു ട്രെയിനാണ്. അവിടെ നിങ്ങൾ സ്വന്തം സീറ്റ് ഉറപ്പാക്കാനാണ് ശ്രമിക്കുക. അപ്പോഴാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുന്നത് ,നിങ്ങൾ പ്രതീക്ഷിച്ചതിനു വിപരീതമായി ട്രെയിൻ മറ്റൊരു ദിശയിലേക്കാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്! .ഒരേ സ്വരത്തിൽ ആളുകൾ കൂട്ടമായി നിന്നു പാടുന്നത് അപകടകരമാണ്. സ്റ്റാലിനിസത്തിൽ നാം കണ്ടത് എല്ലാവരും ഒരുമിച്ചു പാടുന്നതാണ്, ഏകാധിപത്യം എന്ന അർത്ഥത്തിൽ. ഇതിലുള്ള അപകടം ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ: നിങ്ങൾ സ്വന്തം ശബ്ദത്തിൽ പാടുക'.

ആൾക്കൂട്ടത്തിൽ പാടുന്നത് വ്യർത്ഥമാണ് ,ആരും കേൾക്കില്ല .എന്നാൽ ഒരു കുയിലിനു സ്വന്തമാവശ്യത്തിനു വേണ്ടി പാടേണ്ടതുണ്ട്; എല്ലാ ഭരണകൂടങ്ങളും എതിർത്താലും .കുയിൽ പാടുന്നത് ഒരു കൂട്ടത്തെ സന്തോഷിപ്പിക്കാനുമല്ല, ദൂരെ എവിടെയോ ഉള്ള ഒരു സംഗീത പ്രേമിക്കു വേണ്ടിയാണ്.  

ആനന്ദിൻ്റെ താക്കോൽ 

ആനന്ദിന്റെ 'താക്കോൽ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 20) എന്ന കഥ പതിവുപോലെ ഉദാസീനതയോടെയാണ് വായിച്ചത്. താക്കോൽ എന്ന പേര് കണ്ടപ്പോൾ തന്നെ ചരിത്രത്തിൻ്റെ ഒരു അറ തുറക്കാനുള്ള താക്കോലാണെന്ന് ഊഹിച്ചിരുന്നു. കഥ വായിച്ചപ്പോൾ അത് ശരിയാണെന്നു തെളിഞ്ഞു. 
ആനന്ദിൻ്റെ 'ആറാമത്തെ വിരൽ', ഗംഗയിലെ പാലം, ഗോവർദ്ധൻ തുടങ്ങിയ കഥകളിലെല്ലാം ചർച്ച ചെയ്യുന്നത് ഒരേയൊരു വിഷയമാണ്: ചരിത്രം എന്ന അസംബന്ധം. ചരിത്രത്തിലെ പല ടെക്സ്റ്റുകളും നമ്മൾ കരുതുന്നതുപോലെയല്ല; അതിനു വിപരീത അർത്ഥങ്ങളുണ്ടെന്നാണ് ആനന്ദ് സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നത്.

ഈ കഥയിലെ മുഖ്യകഥാവസ്തു എന്നു പറയുന്നത് 'മൂന്നു വിദ്യാർത്ഥികൾ അവരുടെ ഒരു കൂട്ടുകാരനെ കുറച്ചു ദിവസത്തെ അവധി കിട്ടുമെന്ന ആശയിൽ ഒരു മരത്തിൻ്റെ കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്നു എന്നതാണ്.ഒരു പത്രക്കട്ടിങ്ങിൽ കണ്ട ഈ വാർത്ത ശരിയോ എന്നറിയാൻ കഥയിലെ മുഖ്യ കഥാപാത്രമായ ട്രെയിൻ യാത്രികൻ ഹൈദരാബാദിനു കുറച്ചകലെയുള്ള റെയിൽവേ സ്റ്റേഷനിലും തുടർന്ന് വിദൂരമായ ബിർകുഡ എന്ന ഗ്രാമത്തിലെ സ്കൂളിലും പോലീസ് സ്റ്റേഷനിലും അന്വേഷണം നടത്തുന്നു. എന്നാൽ ആരും തന്നെ അങ്ങനെ ഒരു സംഭവം നടന്നതായി സമ്മതിക്കുന്നില്ല. ദീതിദമായ ഒരന്തരീക്ഷമാണ് അവിടെയുള്ളത്. പലരുടെയും സംഭാഷണങ്ങളും മുഖഭാവങ്ങളും അത് വിശദീകരിക്കുന്നു. വിഭ്രമിക്കുന്ന ഒരു പുരാതന സ്മാരകസമുച്ചയത്തിലേക്ക് കഥാനായകൻ എത്തിച്ചേരുന്നു. ഒടുവിൽ കഥാനായകൻ ഇങ്ങനെ തന്റെ മനോനില ആവിഷ്കരിക്കുന്നു:
'സത്യമായും ഞാൻ വായിച്ച റിപ്പോർട്ട് വരാനിരിക്കുന്ന ഒരു സംഭവമാണോ ? ഭൂതവും ഭാവിയും വ്യത്യാസമില്ലാത്ത കാലാതീതമായ ഒന്ന് ?ഞാൻ ഏതോ സംയോഗത്തിൻ ഫലമായി ഇറങ്ങിപ്പോന്നത് കാലത്തിൽ മുന്നോട്ടോ പിന്നോട്ടോ നടന്നുകൊണ്ടാണോ? അഥവാ ആ വ്യത്യാസങ്ങളില്ലാത്ത കാലാതീതതയിൽ? ബോണ്ട പൊതിഞ്ഞ ഈ കടലാസിന്റെ തീയതിയുള്ള മുകൾഭാഗം ഇല്ലാതെ പോയത് .'

ഈ സംഭവത്തിലൂടെ ആനന്ദ് തന്റെ കഥയെ, പ്രമുഖ ചെക്ക് ,ജർമ്മൻ എഴുത്തുകാരനായ കാഫ്കയുടെ കഥകളിലും നോവലിലും  കാണുന്നതുപോലെ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാക്കി മാറ്റുന്നു. കാഫ്കയുടെ സ്വാധീനം പ്രകടമാണ്. കാഫ്കയുടെ 'ദ് കാസിൽ' എന്ന നോവലിൽ ദുർഗത്തിലേക്ക് വഴിയന്വേഷിച്ചിരുന്ന ഒരാളാണുള്ളത്. ദുർഗത്തിന്റെ ചീഫിനെ കാണാൻ അയാൾ പലരെയും സമീപിക്കുന്നു. എന്നാൽ അയാളിലേക്ക് എത്താനാകുന്നില്ല .യുക്തിയും ചിന്തയുമില്ലാതായ ഒരു സ്വപ്നാത്മകലോകമാണ് കാഫ്ക വളരെ 'യാഥാർത്ഥ്യ'ബോധത്തോടെ പരിചയപ്പെടുത്തുന്നത്. ആനന്ദും അതു തന്നെയാണ് ചെയ്യുന്നത്.

ആനന്ദിന്റെ കഥയിലെ ആദ്യഖണ്ഡവും അവസാനഖണ്ഡവും കഥയിൽ നിന്നു ഒഴിവാക്കേണ്ടതായിരുന്നു .ആദ്യഖണ്ഡത്തിൽ മനുഷ്യൻ്റെ ക്രൂരതയെക്കുറിച്ചും ഇമ്യൂണിറ്റിയെക്കുറിച്ചും ദീർഘമായ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുകയാണ്, ട്രെയിനിൽ. അവസാനഖണ്ഡത്തിൽ ഹവേലിയുടെയും ദർഗയുടെയും മിനാരങ്ങളുടെയും ചരിത്രാവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിൻ്റെ വിവരണമാണുള്ളത്. കഥയിലൂടെ  എന്താണോ പറയാനുദ്ദേശിച്ചത്, അത് വായനക്കാരനു കിട്ടിക്കഴിഞ്ഞ ശേഷവും ആനന്ദ് കഥയുമായി മുന്നോട്ടു പോവുകയാണ്. ചരിത്രം ഒരു പ്രഹസനമാണെന്ന അനുഭവത്തിൽ ആനന്ദിൻ്റെ നിലപാടിനെ സാധൂകരിക്കുന്ന ഒരു വിവരണം കൂടി ഇതിലുണ്ട്: 'ഇന്നു നിങ്ങളുടെ മുൻപിൽ സന്ദർശകർ കയറിയിറങ്ങുന്ന കൂറ്റൻ മന്ദിരങ്ങളും ശവകുടീരങ്ങളും ആരാധനാലയങ്ങളും വരെ പഴയകാലത്തെ കൂറ്റൻ കൊള്ളക്കാരുടേതല്ലേ? അവർ തന്നെ മരിക്കും മുൻപ് പണിയിച്ച പലതും ? അവർ രാജാക്കന്മാരും സുൽത്താന്മാരും ബാദ്ഷാമാരും   ആയപ്പോൾ ചോരക്കറ പോയി .ഇന്നു നിങ്ങളുടെ മുൻപിൽ പുതിയ രാജാക്കന്മാർ ജനങ്ങളുടെ മുതൽ വീതം പറ്റി പുതിയ കൊള്ളക്കാർക്ക് പതിച്ചുകൊടുക്കുമ്പോൾ അത് പതിവെന്ന മട്ടിൽ നിങ്ങളുടെ ശ്രദ്ധ തന്നെ നേടുന്നില്ല .അന്നും അത് പതിവെന്ന മട്ടിൽ സ്വീകരിക്കപ്പെട്ടു'.

ആനന്ദ് പതിറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽപോലും കഥാഘടനയിൽ പരിവർത്തനം വരുത്തുകയോ ഭാഷാപരമായ നവീനത സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കേരളീയതയും മലയാളത്തവും  ഇപ്പോഴും ആനന്ദിൻ്റെ കൃതികളിൽ നിന്നു അകന്നുനിൽക്കുകയാണ്. എങ്കിലും ആനന്ദിൻ്റെയത്രയും ആത്മാർത്ഥതയോടെ ഒരു കഥയെഴുതാൻ ഇന്നത്തെ ഒരു കഥാകൃത്തിനും കഴിയുന്നില്ല.

ഫുക്കോയുടെ ചിന്ത 

ഫ്രഞ്ചു തത്ത്വചിന്തകനും ചരിത്ര ജ്ഞാനിയുമായ മിഷേൽ ഫുക്കോ (1926-1984) പറഞ്ഞത് ഇതാണ്: 'വിദ്യാലയങ്ങൾ സമൂഹത്തിൽ ചെയ്യുന്നത് ജയിലുകളും മാനസികരോഗാശുപത്രികളും ചെയ്യുന്നതിനു സമാനമാണ് - നിർണയിക്കുക ,തരം തിരിക്കുക ,നിയന്ത്രിക്കുക, ആളുകളെ ക്രമീകരിക്കുക .

സാഹിത്യം വേറെ 
രാഷ്ട്രീയം വേറെ 

ചില എഴുത്തുകാർ സാഹിത്യമെന്നത് രാഷ്ട്രീയമാണെന്നു തെറ്റിദ്ധരിച്ചിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതും സാഹിത്യമെഴുതുന്നതും  ഒരുപോലെയാണെന്നു അവർ കരുതുന്നു. പാർട്ടി ചിഹ്നങ്ങളും കൊടിയും മറ്റും വികാരാവേശത്തിൽ പുസ്തകങ്ങളുടെ കവർപേജുകളിൽ വരെ ആലേഖനം ചെയ്യുകയാണ്. നല്ല രാഷ്ട്രീയക്കാർ പോലും ഇതിനോട് യോജിക്കുമെന്നു കരുതുന്നില്ല. എം.എ.ബേബിയോ അല്ലെങ്കിൽ വൈക്കം വിശ്വനോ ,ബേബി ജോണോ ഈ രീതി അംഗീകരിക്കുമെന്നു കരുതുന്നില്ല .അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി പറഞ്ഞു, ഒരു സർഗാത്മക എഴുത്തുകാരനു രണ്ടുകാര്യങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളു: 'ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും '.അതായത് ,അവനവനെക്കുറിച്ചോ സ്വന്തം പാർട്ടിയെക്കുറിച്ചോ എഴുതരുത്.

എൻ.പി. ചന്ദ്രശേഖരൻ 'കുരുവികളുടെയും തേനീച്ചകളുടെയും കവിത'(പച്ചമലയാളം ,സെപ്റ്റംബർ) എന്ന രചനയിൽ കുറിക്കുന്നു:
'കവിതയിൽ നിന്നു 
വെട്ടിക്കളയാനാവാത്ത 
വാക്കുകളുണ്ട് .
അവ നൊന്തുകൊണ്ടു
വെട്ടിക്കളയുക തന്നെ വേണം. അല്ലെങ്കിൽ കവിയും കവിതയും
ഒന്നാകും.
കവിയെ തേടി കത്താളുകൾ 
തീവെട്ടികളുമായെത്തും'.

കവി എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. കട്ടപിടിച്ച കാല്പനികതയാണിത്. എന്തിനാണ് ഇത്ര അതിഭാവുകത്വം? കവിയുടെ നിർദ്ദേശം പാലിച്ചാൽ ഇതിലെ വരികൾ തന്നെ വെട്ടിക്കളയണം. പിന്നെ എവിടെയാണ് കവിത? വെട്ടിക്കളയാനാവാത്തത് വെട്ടിക്കളഞ്ഞാൽ പിന്നെ വായിക്കാൻ ഒന്നും കാണില്ലല്ലോ. ഇനി അപ്രിയമായ വാക്കുകളുടെ കാര്യമാണു ഉദ്ദേശിക്കുന്നതെങ്കിൽ, അത് ധ്വനിപ്പിക്കുകയെങ്കിലും വേണം. അപ്രിയവാക്കുകൾ കവിതയിൽ കടന്നുകൂടിയാൽ കവിയും കവിതയും ഒന്നാകുമെന്ന്!. അതിൻ്റെയർത്ഥം തൻ്റെ കവിതയിലെ വാക്കുകൾക്ക് താനുമായി ഒരു ബന്ധവുമില്ലെന്ന് !.

ആയുധത്തിനു കണ്ണില്ല

മനു എം.ജി 'സമരം'(പ്രസാധകൻ , ഒക്ടോബർ) എന്ന കവിതയിൽ 'സമരം ആയുധമാണ് ,ആയുധം ഉപകരണവും' എന്നെഴുതിയിരിക്കുന്നു. 
ഇതിലും നിറയെ പിശകുകളാണ്.  സമരം ആയുധമല്ല; അത് ഒരു പ്രതികരണവും പ്രതിഷേധമറിയിക്കലുമാണ്. ആയുധം എതിരിടാനുള്ള വസ്തുവാണ് .ആയുധത്തിനു കണ്ണില്ല; സമരത്തിനു കണ്ണുണ്ട്.  
ആയുധം ഉപകരണമല്ല .ഉപകരണം എന്നു പറയുന്നത് യുദ്ധത്തിനുള്ള വസ്തുവല്ല .അമ്പ് ഒരുപകരണമല്ല. സ്കെയിൽ ഒരുപകരണമാണ്. സമരം ചെയ്യുന്നവരൊക്കെ പരാജയപ്പെടുമെന്നാണ് കവി തുടർന്നു പറയുന്നത് .

'വെട്ടുന്നവനു മാത്രമേ തോന്നലുണ്ടാകൂ .
ജയിച്ചാലും അവർ തോറ്റുപോകും. ബാക്കിയായ പാണ്ഡവർ സാക്ഷി.
സാരാനാഥിലെ സ്തംഭം സാക്ഷി'

ഇത് പിന്തിരിപ്പൻ നിലപാടാണെന്ന് അറിയിക്കട്ടെ. പാണ്ഡവർ എവിടെയാണ് തോറ്റത്?. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മുപ്പത്തിയാറ് വർഷം ഭരിച്ചില്ലേ?. എതിർപ്പ് വ്യർത്ഥമാണെന്നറിഞ്ഞ് അനീതിയെ വച്ചു വാഴിക്കണമെന്നാണ് കവിയുടെ ചിന്ത.ഇത് ജീർണതയാണ്. 

വാക്കിന് കത്തിയേക്കാൾ മൂർച്ച

തൂലികയ്‌ക്ക് വാളിനേക്കാൾ ശക്തി യുണ്ടെന്ന് (ദ് പെൻ ഈസ് മൈറ്റിയർ ദാൻ ദ് സ്വോർഡ്) പറഞ്ഞത്  ഇംഗ്ലീഷ് നാടകകൃത്ത് എഡ്വേർഡ് ബുൾവർ ലിറ്റൺ ആണ്. വാക്ക് മുറിവേൽപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ വാക്ക് നിസ്സഹായമാണ്. നജീബ് കാഞ്ഞിരോട് എഴുതിയ 'വാക്ക് ' (കലാപൂർണ, സെപ്റ്റംബർ)എന്ന കവിത ഇക്കാര്യം  ഭംഗിയായി ഓർമിപ്പിക്കുന്നു. 

'എയ്തു വിട്ടവർ മറന്നാലും 
വാക്കമ്പേറ്റവർ 
അതിൽ കിടന്ന് പിടയും.
ഭ്രാന്ത് പിടിക്കും'.

എന്നാൽ വാക്കുകൊണ്ടുള്ള ഉപയോഗത്തിൽ നിന്നു പിന്മാറാൻ വാക്കുകൾക്കാവില്ല .വാക്കുകൾ പ്രപഞ്ചത്തെയാണ് സേവിക്കുന്നത്.

സ്വപ്നങ്ങളുടെ പനിച്ചൂട് /അക്ഷരജാലകം എം.കെ.ഹരികുമാർ 




ഈജിപ്തിലെ പ്രമുഖ നഗരമായ  അലക്സാൺഡ്രിയയിൽ നിന്നു വ്യത്യസ്തമായ മറ്റൊരു സ്ഥലമാണ് ബ്രിട്ടീഷ് എഴുത്തുകാരൻ ലാറൻസ് ഡ്യൂറൽ തൻ്റെ പ്രസിദ്ധമായ 'അലക്സാൺഡ്രിയ ക്വാർട്ടെറ്റി'ൽ (നാല് നോവലുകൾ) ആവിഷ്കരിച്ചത് .

നോവൽ വായിച്ച പലരും ഡ്യൂറലിനു കത്തെഴുതി തങ്ങളുടെ പണം തിരിച്ചു നല്കണം ,ഇത് യഥാർത്ഥ അലക്സാൺഡ്രിയയല്ല എന്നു പരാതിപ്പെട്ടുകൊണ്ട് .ഇതിനു മറുപടിയായി ഡ്യൂവൽ പറയുന്നു, ഇത് എന്നെങ്കിലും നിലനിന്ന ,പരിചിതമായ ഒരു പട്ടണമല്ലെന്ന് .തൻ്റെ ഓർമ്മകളെ ഒരു കുട്ടിയുടെ കൗതുകത്തോടെ  വാരിക്കോരിയെടുത്ത് പുനഃസൃഷ്ടിച്ച സ്വന്തം അലക്സാൺഡ്രിയയാണത്.
ഒരു നാടിനെക്കുറിച്ചെഴുതുകയാണെന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്ന നോവലുകൾ ധാരാളമുണ്ട്. കോവിലൻ്റെ തട്ടകം ,തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയ കൃതികൾ ഉദാഹരണം.  എഴുത്തുകാരൻ ഒരു ചരിത്രം സൃഷ്ടിക്കുകയാണ്. ദേശത്തിൻ്റെ ചരിത്രം എന്നു പറയാം. സമീപകാലത്ത് കുറെയധികം നോവലുകൾ ഈ ഗണത്തിൽ പിറന്നിട്ടുണ്ട്. എന്നാൽ ഇത്തരം കൃതികളിൽ ഉന്നതമായ ഒരിടം പൂരിപ്പിക്കപ്പെടാതെ ബാക്കി നിൽക്കുകയാണ്. 

തസ്രാക്കല്ല ഖസാക്ക് 

കലാപരമായ ആവശ്യങ്ങൾക്ക് വേണ്ടി കലാകാരൻ സൃഷ്ടിക്കുന്ന പ്രദേശമാണിത്. ഇതിൻ്റെ ഭാഗമായാണ്  വില്യം ഫോക്നർ യോക്നാപാടാഫ, ജയിംസ് ജോയ്സ് ഡബ്ളിൻ എന്നീ  സ്ഥലങ്ങൾ സൃഷ്ടിച്ചത്. യഥാർത്ഥ സ്ഥലങ്ങളാണെന്നു തോന്നുന്നത് പട്ടണങ്ങളുടെ യഥാർത്ഥ പേരുകൾ ഉള്ളതുകൊണ്ടു മാത്രമാണ്. ഇത്തരം രചനകളിൽ എഴുത്തുകാർ അവരുടെ മനസ്സിൻ്റെ ഒരു ആന്തരിക ഭൂപടമാണ് വരയ്ക്കുന്നത്. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ  ഒ.വി.വിജയൻ യഥാർത്ഥത്തിലുള്ള തസ്രാക്കിനെയാണ് വിവരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്. വിജയനെ അനുസ്മരിക്കാൻ രൂപീകരിച്ച തസ്രാക്ക് സമിതി പോലും തെറ്റിദ്ധരിച്ചവരിൽ ഉൾപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. 
യഥാർത്ഥ ഗ്രാമമായ തസ്റാക്കിനെ അവർ ഒരു സ്മാരകമായി വികസിപ്പിച്ചിരിക്കുന്നു .ഇത്രയും നല്ല ഒരു സ്മാരകം മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല എന്ന വസ്തുത അംഗീകരിക്കണം .എന്നാൽ തസ്രാക്ക് എന്ന ഗ്രാമമല്ല 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

അത് വിജയൻ്റെ മനസ്സിൻ്റെ ഭൂപടമനുസരിച്ചുള്ള മറ്റൊരു ഗ്രാമമാണ്. പഴയ ഗ്രാമം ഒരു കരടു മാത്രമാണ്. ചില സ്ഥലനാമങ്ങളോ ജീവിച്ചിരുന്ന വ്യക്തികളോ നോവലിൽ കണ്ടേക്കാം. അത് യഥാർത്ഥ ഗ്രാമത്തിൻ്റെ തനിയാവർത്തനമാണെന്നു തെറ്റിദ്ധരിക്കുന്നതാണ് കുഴപ്പം. ഇത് ആധുനിക കലയുടെ സവിശേഷമായ ഒരു മുഖമാണ് .കുറെ മാറ്റിമറിക്കലുകൾ അനിവാര്യമാവുന്നു. വിജയൻ മറ്റൊരു സാങ്കല്പിക ഭൂഭാഗമാണ് ആവിഷ്കരിക്കുന്നത്. മഹാചിത്രകാരനായ വാൻഗോഗ് മാനസിക കേന്ദ്രത്തിൽ വച്ച് ജനാലയിലൂടെ കണ്ട ഭൂഭാഗവും രാത്രിയും അതേപടി 'സ്റ്റാറി നൈറ്' എന്ന ചിത്രത്തിൽ വരച്ചിട്ടില്ല. അവിടുത്തെ യഥാർത്ഥ പ്രകൃതിയിലേക്ക് വാൻഗോഗ് ചിലത് കൂട്ടിച്ചേർത്തു.അപ്പോൾ അത് മറ്റൊരു ഭൂപകൃതിയായി .അതിൽ കാണുന്നത് ഭാവനയുടെ സൗന്ദര്യത്തിനു വേണ്ടി വരച്ചതാണ്. വിജയനും അത് ചെയ്തു .ബോധധാരയുടെ വിഷണ്ണമായ പദചലനങ്ങൾക്ക് അത് കൂടുതൽ തെളിമ നല്കുന്നു. 

എന്നാൽ നോവൽ യഥാർത്ഥമായ തസ്രാക്കിലെ ദൃശ്യങ്ങളാണ് ആവിഷ്ക്കരിച്ചതെന്നു തെറ്റിദ്ധരിച്ച് അവിടെ ചെന്നു ഫോട്ടോയെടുത്ത് അത് നോവലിൻ്റെ ഗ്രാമം എന്നു  പറഞ്ഞ് പ്രദർശിപ്പിക്കുന്നത് അവിവേകമാണ് .ആധുനിക കലാസൃഷ്ടികളുമായി ,അതിൻ്റെ സൗന്ദര്യശാസ്ത്രപരമായ പ്രക്രിയകളുമായി ബന്ധമില്ലാത്തതു കൊണ്ട് സംഭവിക്കുന്നതാണിത്. ആധുനിക സാഹിത്യസൃഷ്ടികളിൽ ആത്മാവിന്റെ ഭാവബദ്ധതകളും പ്രകൃതിയുമാണ് പുനരാവിഷ്ക്കരിക്കുന്നത്.

കഥാപാത്രങ്ങൾ മന:ശാസ്ത്ര ടൈപ്പുകളോ ?

കഥാപാത്രങ്ങളെ പ്രത്യേക മാനസികാവസ്ഥയുടെ, അപസ്മാരത്തിന്റെ അടയാളങ്ങളുള്ള ടൈപ്പുകളാക്കി ,അല്ലെങ്കിൽ മനഃശാസ്ത്ര ടൈപ്പുകളാക്കി മാറ്റുന്ന പ്രവണത ഇപ്പോഴും സാഹിത്യത്തിൽ  നിലനിൽക്കുകയാണ്. ഇത് ഒരു ദുര്യോഗമാണ്. ഇത് കഥാകൃത്തിന്റെ പരിമിതിയായേ കാണാനൊക്കൂ. 
ഒരു ടൈപ്പിനെ വിചിത്ര സ്വഭാവത്തോടെ അവതരിപ്പിക്കുന്നു. എന്നാൽ അതിൻ്റെ ഉള്ളടക്കത്തിൽ പുതിയ പ്രമേയം ഉണ്ടാകുന്നില്ല. എം.ആർ.മനോഹരവർമ്മയുടെ 'സ്വയംവരം'(പ്രഭാതരശ്മി ,ഒക്ടോബർ),സാറാജോസഫിന്റെ 'അൽഗോരിതം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 19) എന്നീ കഥകൾ ഉദാഹരണങ്ങളാണ്. 

മനോഹരവർമ്മയുടെയും സാറാജോസഫിൻ്റെയും കഥകളിൽ മന:ശാസ്ത്ര ടൈപ്പുകളായി അവതരിപ്പിച്ചിട്ടുള്ളത് വിവാഹിതകളായ സ്ത്രീകളെയാണ്. ഇങ്ങനെ വിചിത്രമായ മാനസിക പ്രശ്നങ്ങളുള്ളവരാണ് സ്ത്രീകൾ എന്ന ധാരണ സാമൂഹ്യപരിപ്രേക്ഷ്യത്തെ തകർക്കുന്ന സമീപനത്തിൻ്റെ ഭാഗമായി കാണണം. ഇത് കലഹരണപ്പെട്ട കഥാകഥനരീതിയാണെന്ന് പറയട്ടെ. മനോഹരവർമ്മയുടെ കഥയിൽ ഒരു യുവതി പത്താംക്ലാസ് പാസാകാൻ ശ്രമിക്കുന്നു. മൂന്നാംവട്ടമാണ് ജയിച്ചത്. പിന്നീട് അവൾ ബി.എ പാസാകുന്നു. തുടർന്ന് അവൾ വിവാഹത്തിനു സമയമായതായി സമ്മതിക്കുന്നു. വിവാഹം കഴിഞ്ഞെങ്കിലും അവൾക്ക് കുട്ടിത്തം മാറുന്നില്ല .അവൾ  മനസ്സിൽ കണ്ട ഭർത്താവിൻ്റെ ചിത്രം കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു:
"ഭർത്താവ് താൻ പഠിക്കുന്നതിനു സമ്മതിക്കണം .പുസ്തകവും ബുക്കും പെൻസിലും പേനയും ഒക്കെ വാങ്ങിത്തരണം .അത് ശരിയാക്കാം. അച്ഛൻ പറഞ്ഞു .ലീലാമണിക്കു സന്തോഷമായി. അവൾ ഭർത്താവിനെ സ്വപ്നം കാണാൻ ശീലിച്ചു .കൈയിൽ ഏത്തപ്പഴവും പരിപ്പുവടയും പുസ്തകങ്ങളുമായി വരുന്ന ഭർത്താവ് ".

വിവാഹം കഴിഞ്ഞതോടെ ലീലാമണിക്ക് പുസ്തകങ്ങളോട് താല്പര്യം കുറഞ്ഞു. പക്ഷേ, അവൾക്ക് പഠിക്കണമെന്നുണ്ട്. എന്തായാലും, ഭർത്താവ് അവളെ അവളുടെ സമ്മതത്തോടെ വീട്ടിൽ കൊണ്ടുചെന്നാക്കുന്നു .തുടർന്ന് അവൾ ജോലി നേടാൻ പഠിച്ചു, പരീക്ഷയെഴുതി. ഭർത്താവ് ആഴ്ചതോറും വന്നുപോയി. അവൾ ഭർത്താവിനോട് പറഞ്ഞത് ഓരോ ആഴ്ചയിലും വരുന്നത് ഓരോ ഗെറ്റപ്പിലായിരിക്കണമെന്നാണ്. ഭർത്താവ് സമ്മതിച്ചു. പിന്നീട് ഭർത്താവ് വരാതെയായി. അവൾ അയാളെയും  ഓർക്കാറില്ല. അവൾ വെറുതെ ചിരിക്കുകയാണ്. കഥയുടെ വണ്ടി ഇപ്പോഴും തിരുനക്കരയിൽ തന്നെ .ഇത്തരം കഥകൾ വായനക്കാരെ
മനോരോഗികളാക്കുകയാണ്. 

സാറേജോസഫിന്റെ കഥയിൽ ഭാര്യയും ഭർത്താവുമാണുള്ളതെങ്കിലും തിരക്കഥ പോലെയാണ് കഥ വിവരിക്കുന്നത്. സീനുകൾ എണ്ണമിട്ടു തിരിക്കേണ്ട ജോലിയേ സംവിധായകനുള്ളു.ഉറങ്ങിക്കിടക്കുന്ന രോഗിയായ ഭർത്താവിനെ ഉപേക്ഷിച്ചു അവൾ അപസ്മാരബാധയിലെന്ന പോലെ, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുകയാണ്,  സഹോദരൻ്റെ വീട്ടിലേക്ക്. അർദ്ധരാത്രിയിൽ സഹോദരനോട് അവൾ തൻ്റെ പഴയ റൂബിക്സ് ക്യൂബ് തിരിച്ചു തരണമെന്ന് ആവശ്യപ്പെടുന്നു! .അതു വാങ്ങി തിരിച്ച വന്ന അവൾ സ്റ്റോർ റൂമിൽ കയറിയിരുന്നു ക്യൂബിലെ പ്രതലങ്ങൾ ശരിയാക്കാൻ വീണ്ടും വീണ്ടും പരിശ്രമിക്കുകയാണ്.

ഇതാണ് മനഃശാസ്ത്ര ടൈപ്പ്. കഥാപാത്രങ്ങളെ പ്രത്യേക മനോനിലയുള്ളവരായി മാറ്റുന്നതല്ലാതെ ഇത്തരം കഥകളിൽ ഇന്നത്തെ വായനയ്ക്ക് ആവശ്യമായ സ്ഫോടനശക്തി കാണാനില്ല . കഥയുടെ കൂമ്പ് അടഞ്ഞു എന്നു ഉറപ്പിക്കാവുന്ന രചനകളാണ് ഇത് രണ്ടും.

ക്രൂരതയും നാടകവേദിയും 

ജീവിതത്തിൻ്റെ നല്ലൊരു പങ്കും മാനസികരോഗാശുപത്രിയിൽ ചെലവഴിച്ച നാടകചിന്തകനും സംവിധായകനുമാണ് അഥൊന അർത്തോ (Antonin Arthaud, 1896-1948)).അദ്ദേഹത്തിൻ്റെ ആശയമാണ് ക്രൂരതയുടെ നാടകവേദി. ഈ നാടകവേദിയെ പരിചയപ്പെടുത്തുന്ന മാനിഫെസ്റ്റോയും അദ്ദേഹം എഴുതി.

ദ് തീയേറ്റർ ആൻഡ് ഇറ്റ്സ് ഡബിൾ എന്ന പുസ്തകത്തിൽ തൻ്റെ വിപ്ളവകരമായ നാടകസങ്കല്പം അദ്ദേഹം വിശദീകരിച്ചു. പ്രേക്ഷകനും നടനും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതെയാകണം എന്നു ചിന്തിച്ച അർത്തോ, നാടകവേദി പ്രകോപനങ്ങളുടെയും വികാരങ്ങളുടെയും നഗ്നമായ ഇടമാണെന്നു വാദിച്ചു. 

അർത്തോയുടെ വിഭ്രാമകവും സ്ഫോടനാത്മകവുമായ ചില ചിന്തകൾ ഇവിടെ ചേർക്കുകയാണ്:

1)പുതിയ ക്രമങ്ങൾ അന്വേഷിച്ച് ഞാൻ സ്വപ്നങ്ങളുടെ പനിച്ചൂടിലേക്ക് എന്നെത്തന്നെ ഉപേക്ഷിക്കുകയാണ്.
2)എൻ്റെ കലാസൃഷ്ടിക്ക് ജീവിതത്തിൽ നിന്ന് വേർപെട്ട ഒരു അസ്തിത്വമുള്ളതായി ചിന്തിക്കാനാവില്ല.
3)കവിത വിഘടിപ്പിക്കുന്നതും അരാജകത്വസ്വഭാവമുള്ളതുമായ ഒരു ശക്തിയാണ്.അത് അറിയപ്പെട്ട ബന്ധങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് .
4)എല്ലാ എഴുത്തും ചവറാണ് .
5)എല്ലാ കാര്യങ്ങളും വഷളായിരിക്കുകയാണ്; എന്തുകൊണ്ടെന്നാൽ ,ഈ നിമിഷത്തിൽ രോഗം ബാധിച്ച മന:സാക്ഷിയുടെ യഥാർത്ഥ താൽപര്യം അതിൻ്റെ തന്നെ രോഗങ്ങളിൽ നിന്നു രക്ഷനേടാതിരിക്കുന്നതിലാണ്. 
6)ഒമ്പതു വർഷം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ എനിക്ക് ആത്മഹത്യ ചെയ്യാൻ ഒരിക്കലും തോന്നിയിട്ടില്ല .എന്നാൽ മനോരോഗ വിദഗ്‌ദ്ധന്യമായുള്ള ഓരോ സംഭാഷണത്തിലും ,എന്നും രാവിലെ അദ്ദേഹം സന്ദർശിക്കാൻ വരുമ്പോൾ, എനിക്ക് തൂങ്ങിമരിച്ചാലെന്തെന്നു തോന്നിയിട്ടുണ്ട്. അയാളുടെ കഴുത്തു മുറിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയാണ് കാരണം.
7)മനസ്സിൻ്റെ വിചാരം അത് കാണുന്നതും ചെയ്യുന്നതും എല്ലാം വിശ്വസിക്കുന്നു എന്നാണ്. എന്തിനോടെങ്കിലുമുള്ള നമ്മുടെ  അഭിനിവേശത്തിന്റെ കാരണമിതാണ്.
8)പ്രേതങ്ങളും മന്ത്രവാദികളുമുള്ള  ഈ ലോകത്തിൽ ജീവിക്കേണ്ടിവന്നതിൽ ഞാൻ ദുഃഖിക്കുന്നു. എന്നാൽ യഥാർത്ഥ മന്ത്രവാദികൾ വളരെ കുറവാണ് .
9)ഒരു നടൻ ,ഹൃദയത്തിൻ്റെ കായിക താരമാണ്.
10)ഓരോ ഭ്രാന്തനിലും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീനിയസുണ്ട്.
11)നാടകവേദി നവീകരിച്ച ജീവിതാവബോധത്തിൽ നാം വിശ്വസിക്കണം. ഭയമില്ലാതെ, നിലനിൽക്കാത്ത ഒന്നിന്റെ കർത്തൃത്വം ഏറ്റെടുക്കാൻ സഹായിക്കുന്നത് ,അത് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ആ ജീവിതാവബോധമാണ്.

വിചിത്ര യുക്തി 

ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ യുഗോയുടെ 'പാവങ്ങൾ' 1862 ലാണല്ലാ പ്രസിദ്ധീകരിച്ചത്. അതിൻ്റെ മലയാള വിവർത്തനം നിർവ്വഹിച്ച നാലപ്പാട്ട് നാരായണമേനോൻ തന്നിലെ കവിയെയാണ് ആ പരിഭാഷയുടെ വേളയിൽ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ചത്. ആ ഗദ്യത്തിനു ആ ഗുണമുണ്ട്. എന്നാൽ പാവങ്ങളുടെ പരിഭാഷയുടെ പോയകാലത്തെക്കുറിച്ച് ഇ.വി. രാമകൃഷ്ണൻ എഴുതിയ ലേഖനം (പാവങ്ങളുടെ നൂറ്റാണ്ട്: മലയാള ഭാവനയെ പ്രചോദിപ്പിച്ച പരിഭാഷ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 26)അക്കാദമിക് പ്രബന്ധങ്ങൾക്ക് പൊതുവേയുള്ള വിരസതയാണ് പങ്കുവെക്കുന്നത്.

രാമകൃഷ്ണൻ തൻ്റെ കൃത്രിമ പാണ്ഡിത്യം കാണിക്കാനായി അനാവശ്യ ഉദ്ധരണികൾ നിരത്തുകയാണ്. ഈ ലേഖനം ഉദ്ധരണികളുടെ ഒരു സമാഹാരമാണെന്ന് തോന്നുന്നു.
എന്തിനാണ് ഈ 'പാവങ്ങൾ' മനസ്സിലാക്കാൻ ഉമ്പർട്ടോ എക്കോ   മറ്റൊരു പുസ്തകത്തെപ്പറ്റി പറഞ്ഞത് ഉദ്ധരിക്കുന്നത്? ആ ഭാഗം ഇതാണ്: 'ഉമ്പർട്ടോ ഇക്കോ ,ഹ്യു ഗോവിൻ്റെ അവസാനത്തെ നോവലായ 'തൊണ്ണൂറ്റിമൂന്നു 'എന്ന കൃതിയെപ്പറ്റി പറഞ്ഞത് പാവങ്ങളെ മനസ്സിലാക്കാൻ ഉപകരിക്കും: 'ഹ്യു ഗോവിനു ആധിക്യങ്ങളുടെ കഥ പറയണമായിരുന്നു. അവ്യാഖ്യേയങ്ങളായ ഈ ആധിക്യങ്ങൾ പരസ്പര വൈരുദ്ധ്യങ്ങളുടെ ഭാഷയിൽ മാത്രമേ വിവരിക്കാനാവൂ .ഹ്യുഗോ ശ്രമിച്ചത്  ചരിത്രത്തിന്റെ ചാലകശക്തികളെ മനസ്സിലാക്കാനാണ് ". 

എന്തൊരു വിചിത്രമായ യുക്തിയാണ് രാമകൃഷ്ണനുള്ളത് !.'പാവങ്ങൾ' നമ്മുടെ മലയാളത്തിൽ കൺമുന്നിൽ ഇരിക്കുകയാണ്. അത് മനസ്സിലാക്കണമെങ്കിൽ ഉമ്പർട്ടോ ഇക്കോ ,തൊണ്ണൂറ്റിമൂന്നിനെക്കുറിച്ചും  ആധിക്യങ്ങളെക്കുറിച്ചും പറഞ്ഞത് മനസ്സിലാക്കണമെന്ന് !.എന്നാൽ എന്താണ് ഈ ആധിക്യങ്ങളെന്നു വിവരിക്കാൻ ലേഖകനു കഴിയുന്നില്ല .ഇതാണ് ഇന്നത്തെ അക്കാദമിക് വിമർശനം എത്തിച്ചേർന്നിരിക്കുന്ന അനാവശ്യ ഉദ്ധരണികളുടെയും കൃത്രിമ പാണ്ഡിത്യപ്രകടനങ്ങളുടെയും മരുഭൂമി.
രാമകൃഷ്ണൻ 'പാവങ്ങൾ ' വായിച്ച് ആസ്വദിച്ചിട്ടില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് മറയ്ക്കാനാണ് അനാവശ്യ ഉദ്ധരണികൾ നിരത്തുന്നത്. 
കലാശാലാ അധ്യാപകരായ വിമർശകർക്ക് ഒരു സാഹിത്യകൃതി വായിച്ചു അതിൻ്റെ സൗന്ദര്യാനുഭൂതിയിൽ എത്താൻ കഴിയുമെന്നു തെളിയിക്കുന്ന ഒരു ലേഖനമെങ്കിലും ഉണ്ടാകുന്നതു നോക്കിയിരിക്കുകയാണ് ഞാൻ. 

ഉദ്ധരണികളുടെ മൃഗശാല 

ഇതുപോലെയുള്ള ഒരു ലേഖനമായിരുന്നു ടി.ടി. ശ്രീകുമാർ സംസ്കൃതഭാഷയെക്കുറിച്ച് ഏതാനും ലക്കങ്ങൾക്കു മുമ്പ് ആഴ്ചപ്പതിപ്പിൽ  എഴുതിയത്. അദ്ദേഹം സംസ്കൃതത്തെ പാർട്ടി, മതം എന്നിവയുമായി കൂട്ടിക്കുഴച്ച് വക്രീകരിക്കുന്നു. അനാവശ്യ ഉദ്ധരണികളുടെ ഒരു മൃഗശാലയാണ് ഈ ലേഖനം. ശ്രീകുമാർ വായിക്കേണ്ടത് കൃഷ്ണചൈതന്യ എഴുതിയ 'സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത '(രണ്ടു വാല്യങ്ങൾ )എന്ന പുസ്തകമാണ്. എത്ര ഉന്നതമായാണ് കൃഷ്ണചൈതന്യ ഭാഷയെയും സാഹിത്യത്തെയും സമീപിക്കുന്നത് !

ചിന്തകൾക്കുള്ളിലെ ബുദ്ധൻ /അക്ഷരജാലകം  /എം.കെ.ഹരികുമാർ 





'ഡി.എച്ച്. ലോറൻസ്: ആൻ അൺപ്രൊഫഷണൽ സ്റ്റഡി' എന്ന പുസ്തകത്തിൽ ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി അനൈസ് നിൻ എഴുതിയത് ശ്രദ്ധേയമായിരിക്കുന്നു: 
'ജീവിതം ആയിത്തീരലിൻ്റെ ഒരു പ്രക്രിയയാണ് ;നമ്മൾ കടന്നു പോകേണ്ട വിവിധ അവസ്ഥകളുടെ ഒരു സംയോജനമാണത്. ഒരു പ്രത്യേക അവസ്ഥ തിരഞ്ഞെടുത്ത് അതിൽ തന്നെ തുടരാൻ തീരുമാനിക്കുന്നവർ  പരാജയപ്പെടുന്നു. ഇത് ഒരു തരത്തിലുള്ള മരണമാണ്'.

വാസ്തവത്തിൽ, ശാന്തമായ ഒരു ജലാശയത്തിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞ് അലങ്കോലമുണ്ടാക്കുന്ന ജോലിയാണോ ജീവിതം എന്ന പ്രക്രിയയുടെ ഉടമയായ നമുക്കുള്ളത്?. നമ്മൾ അറിഞ്ഞുകൊണ്ടുതന്നെ അലങ്കോലമുണ്ടാക്കുന്നു. ശാന്തമായിരിക്കുന്നിടത്തെല്ലാം നമ്മൾ ഒന്നിനൊന്നു വേറിട്ട്, ഇടഞ്ഞ്  തല്ലുണ്ടാക്കുന്നു. അങ്ങനെ ചിതറിപ്പോകുന്നതാണ് വിപ്ലവമെന്നു വിചാരിക്കുന്നു. സ്വന്തം ശരീരത്തിലേക്ക് നിരീക്ഷിച്ചാൽ ചില സൂചനകൾ കിട്ടാതിരിക്കില്ല. അനൈസ് നിൻ അത് വിശദീകരിക്കുന്നുണ്ട്:

'ഡി.എച്ച്.ലോറൻസ് വിശ്വസിച്ചു, ശരീരത്തിന്റെ വികാരങ്ങളാണ് - അതിന്റെ ഏറ്റവും പ്രക്ഷുബ്ദ്ധമായ ആവേഗങ്ങൾ മുതൽ ചെറിയ ചലനങ്ങൾ വരെ- ദർശനത്തിന്റെ ഊഷ്മളമായ വേരുകൾ എന്ന്. ആ ഊഷ്മളമായ വേരുകളിൽ നിന്നാണ് നമുക്ക് ശരിക്കും വളരാനകുന്നുള്ളു.  ശരീരത്തിന്റെ ജൈവപരത സ്വാഭാവികമാണ് .മനസ്സിൻ്റെ ഇടപെടലാണ് വിഭജനങ്ങളുണ്ടാക്കുന്നത്- ബോധത്തിന്റെ ശരിയും ശരികേടുകളും'.മനസും ശരീരവും തമ്മിലുള്ള ഒരു ലയം സാക്ഷാത്കരിക്കുമ്പോഴാണ് പൂർണ്ണ സൗഖ്യമുണ്ടാകുന്നതെന്ന് വരുന്നു .ധ്യാനിയായ ബുദ്ധൻ അവിടെയാണ് തെളിയുന്നത്. 

അണുകുടുംബം കെണിയോ ?

ഇന്നത്തെ കഥാകൃത്തുകളിൽ കഥയെക്കുറിച്ചു ജാഗ്രതയുള്ളയാളാണ് എം.നന്ദകുമാർ. എന്തെങ്കിലും എഴുതി കഥയെന്നു പേരിടുന്നവരാണ് അധികവും .തങ്ങളെക്കുറിച്ചു വായനക്കാർ എന്ത് കരുതുമെന്ന് അല്പം പോലും വേവലാതിയില്ലാത്ത എഴുത്തുകാർ ഉണ്ടാവുന്നത് അപകടമാണ്. വായനക്കാരനാണ് ദൈവം. അവൻ വിവേകിയാണ്;സൗന്ദര്യത്തെ തേടുന്നവനാണ്. അവനെ മാനിക്കണം. അവൻ്റെ നിലവാരത്തിനൊത്ത് ഉയരണം. എം.നന്ദകുമാറിന്റെ 'പൂച്ചകളുടെ തീവണ്ടി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 24) വായിച്ചത് വെറുതെയായില്ല. അദ്ദേഹം ഇന്നത്തെ അണുകുടുംബം എന്ന കെണിയെ തുറന്നുകാണിച്ചിരിക്കുന്നു. കുടുംബം അനിവാര്യമാണെങ്കിലും ജീവിതത്തിലെ സാഹസികതയും വേഗവും സംഘർഷവും സമ്മർദ്ദവും അതിരുവിട്ട ഈ കാലത്ത് അത് മാനസികപ്രശ്നമായി മാറുകയാണ്. സ്വസ്ഥതയ്ക്കു വേണ്ടി കുടുംബജീവിതം തിരഞ്ഞെടുക്കുന്നവർ സ്വസ്ഥത നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുകയാണ്. ഈ കഥയിലെ രേവതി അതിനുദാഹരണമാണ് .അവളുടെ വിവാഹജീവിതം ഒരിക്കലും സുഖകരമായിരുന്നില്ല .ആദ്യത്തെ രണ്ട് ഗർഭവും അലസിയതും പിന്നീടുണ്ടായ കുട്ടിക്ക് സംസാരശേഷി കുറഞ്ഞതും കുടുംബപ്രശ്നമായി മാറി. ഭാര്യയ്ക്കും ഭർത്താവിനും സുഖം നൽകാത്ത ആ കുടുംബം ജീവിച്ചത് ആ  കുഞ്ഞിനുവേണ്ടിയായിരുന്നോ ?

എന്നാൽ അതിൻ്റെ പേരിലാണെങ്കിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായത് .കുടുംബം വളരെ ആപത്ക്കരവും സാഹസികവുമാവുകയാണ്, ആധുനിക നഗരവ്യവസ്ഥയിൽ. ജീവിതത്തിൻ്റെ  അനിശ്ചിതത്വമാണ് അതിനു കാരണം. ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച അവളുടെ മൃതദേഹം കണ്ട ഭർത്താവ് ദിനകരൻ അവസാനം ആ സത്യം മനസ്സിലാക്കി: 
'പുറത്തു വരാത്ത നിലവിളിയോടെ കിടക്കയിൽ കുഴഞ്ഞിരിക്കുമ്പോൾ പൊടുന്നനെ അയാൾ കണ്ടെത്തുന്നു: അവൾ എത്രമാത്രം മെലിഞ്ഞു പോയി!'

മറ്റൊരു തുടക്കമാകട്ടെ

ഇപ്പോൾ സാഹിത്യകൃതികൾക്ക് അവാർഡ് കൊടുക്കുന്നത് കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ കൃതികളെ  അടിസ്ഥാനമാക്കിയാണ്. അഞ്ചുവർഷങ്ങൾക്കിടയിൽ മികച്ച കൃതിയില്ലെങ്കിൽ? ഏതെങ്കിലും ഒന്നിനു കൊടുക്കേണ്ടിവരുന്നു. എന്നാൽ പഴയകാല കൃതികൾക്കു ഇനിയും അവാർഡിനു അർഹതയുണ്ട്. വിലാസിനിയുടെ 'അവകാശികൾ' എന്ന ബൃഹത് നോവലിനു ഒരവാർഡ് കൊടുത്താൽ എന്താണ് കുഴപ്പം ? മലയാളസാഹിത്യത്തിന്റെ നല്ലകാലം കഴിഞ്ഞല്ലോ .പഴയ കൃതികൾ ഇനിയും അവാർഡ് കിട്ടാതെ അവശേഷിക്കുകയാണ് .പോഞ്ഞിക്കര റാഫിയുടെ കലിയുഗം , കൃഷ്ണചൈതന്യയുടെ സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത ,യു.പി. ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ,കാക്കനാടൻ്റെ ആൾവാർ തിരുനഗറിലെ പന്നികൾ തുടങ്ങിയ കൃതികൾക്ക് അവാർഡ് കൊടുത്താൽ പുതിയൊരു മൂല്യചർച്ചയ്ക്കു തുടക്കമാകും. കാക്കനാടൻ്റെ കൃതിക്ക് അവാർഡ് കൊടുക്കുന്നു എന്നു കരുതുക.എന്നിട്ട് ആ തുക ഉപയോഗിച്ച് ഒരു അവാർഡും ലഭിക്കാത്ത പത്തുപേരെയെങ്കിലും ആദരിക്കുക. അത് സാഹിത്യചിന്തയുടെ ഗൗരവം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കും .ഈ രംഗത്ത് പ്രവർത്തിക്കാൻ പ്രേരണയാകും. 

ബോധത്തിൽ സ്ഫോടനം

തീവ്രരാഷ്ട്രീയ നിലപാടുകളുടെ പേരിൽ അറസ്റ്റിലാവുകയും പീഡനമനുഭവിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു പി.എൻ.ദാസ് .എന്നാൽ അത് അദ്ദേഹത്തെ കൂടുതൽ അറിവുള്ളവനാക്കി. ദസ്തയെവ്സ്കിയുടെ ജയിൽ ജീവിതം പോലെ പിൽക്കാലത്ത് വേറിട്ട അർത്ഥാന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള ഒരു പ്രചോദനമായി മാറി ,ആ പീഡിതമായ ദിനങ്ങൾ .ദാസ് ആ കാലത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: 'വിപ്ലവ രാഷ്ട്രീയവുമായുള്ള ബന്ധത്തിൻ്റെ  പേരിൽ അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷം ജയിലിലായിരുന്നു. വൈദ്യുതിയില്ലാത്തതുകൊണ്ട് രാത്രി മുഴുവൻ ഉറങ്ങുന്നതുവരെ ആലോചനകളിൽ മുഴുകിയിരിക്കും.പൂർണമെന്നു വിചാരിച്ചു വന്ന ആശയങ്ങളിൽ പൂരിപ്പിക്കേണ്ട ഒട്ടേറെ ഇടങ്ങളുണ്ടെന്നു കണ്ടെത്തിക്കൊണ്ടിരുന്ന നാളുകൾ. ജയിലിൽ നിന്നു പുറത്തുവന്നത് കനത്ത ഒരു വിശ്വാസപ്രതിസന്ധിയുമായിട്ടായിരുന്നു. വീടിനു പുറത്ത് ലോകം കൂടുതൽ അനാഥവും ഏകാന്തവുമായി മാറുന്നതു പോലുള്ള സംഭവങ്ങളാണക്കാലത്തുണ്ടായത്. വിപ്ളവരാഷ്ട്രീയവുമായി ബന്ധമുണ്ടായിരുന്ന പലരും മനോരോഗികളായി. സുബ്രഹ്മണ്യ ദാസ്, ഡോ.സലിം തുടങ്ങിയ ചില സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു. ആയിടെ സാന്ത്വനം തേടി പല ആത്മീയകേന്ദ്രങ്ങളിലും യാത്ര ചെയ്തു. ജെ. കൃഷ്ണമൂർത്തിയെ വായിക്കാൻ തുടങ്ങി. തുടർന്നാണ് ധ്യാനത്തിന്റെ വഴിയിലെത്തുന്നതും ജീവിതത്തിൽ നവമായ ഒരു പ്രത്യാശ ജനിക്കുന്നതും' .

അതുവരെ വിശ്വസിച്ചിരുന്ന മാർഗ്ഗം തെറ്റാണെന്നു തിരിച്ചറിയുന്ന നിമിഷം ഒരു വഴി അവസാനിക്കുകയാണ്. അത് പരാജയബോധത്തെ ആളിക്കത്തിക്കുന്നു. ബോധത്തിൽ ഒരു സ്ഫോടനം നടക്കുകയാണ്. അത് വേറൊരു രീതിയിൽ മരണമാണ്. ദാസ് അതിൽ നിന്നു ഉണർന്ന് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കൂടുതൽ അർത്ഥവത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി. പ്രചോദനാത്മകമായ പുതിയ അറിവുകൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചിന്തകൾക്കുള്ളിലെ ധ്യാനിയായ ബുദ്ധനെ കാണുവാൻ നാം തയ്യാറായിരിക്കണം. അറിവിനുള്ളിൽ ദേവനിരിക്കുന്നു. അത് പക്ഷേ ,എല്ലാവർക്കും വെളിപ്പെടണമെന്നില്ല .നല്ലൊരു വാചകം എഴുതണമെങ്കിൽ ഈ ബോധം അനുഗ്രഹിക്കണം. മഹാഭാരതത്തെക്കുറിച്ച് നൂറുകണക്കിന് പേജുകൾ എഴുതുന്ന ധാരാളം പേരെ ഇന്നു കാണാം. പക്ഷേ ,നമ്മെ ചിന്തകൾക്കുള്ളിലെ , വസ്തുക്കൾക്കുള്ളിലെ ബുദ്ധനിലേക്ക് എത്തിക്കുന്ന ഒരു വാചകം പോലും അതിലുണ്ടാകില്ല .ഇത് തെളിയിക്കുന്ന ,ദാസിന്റെ 'വേദനയും വൈദ്യവും' എന്ന ലേഖനത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ് :
'ഒരാൾ വളരെ വേദനയിലാണ്. അത് അങ്ങനെയിരിക്കെ ഒരു നാളയാൾക്ക് വേദന അല്പം കുറയുന്നു. അയാൾ മൊഴിയുന്നു: 'ഞാൻ വളരെ സന്തുഷ്ടനാണ് .അയാൾക്കറിയില്ല എന്താണ് സന്തുഷ്ടിയെന്ന്. ചിലപ്പോൾ അഗാധമായ ദുഃഖമയാൾക്കുണ്ടാകും.   ചിലപ്പോളതു കുറയും. ദുഃഖം കുറയുന്നതിനെയാണ് അയാൾ സന്തുഷ്ടിയെന്നു പറയുന്നത്. അതുപോലെയത്രേ ഇന്നു നമ്മുടെ ആരോഗ്യസങ്കല്പവും .രണ്ടു രോഗങ്ങൾക്കിടയിലുള്ള രോഗമില്ലാത്ത അവസ്ഥയാണോ ആരോഗ്യം? ആശുപത്രികളിൽ പോകാതിരിക്കലും മരുന്നു കുടിക്കാതിരിക്കലുമാണോ ആരോഗ്യം ?ആരോഗ്യാവസ്ഥയിൽ ആരോഗ്യമില്ല. തനുവും മനവും പ്രാണനും പൂർണ സ്വാസ്ഥ്യത്തോടെ വർത്തിക്കുന്നതത്രേ ആരോഗ്യം. എന്താണാരോഗ്യമെന്നു നിങ്ങൾ എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ? നിങ്ങളെപ്പോഴും അറിയുന്നത് രോഗങ്ങൾ വരുന്നതും പോകുന്നതു മാവും'.

ഒരു നിമിഷത്തിലെ കവിത 

ജീവിതത്തിൻ്റെ ക്ഷണികത ഇപ്പോൾ നാം ഏറ്റവുമധികം അഭിമുഖീകരിക്കുകയാണ്. ഇൻഫർമേഷൻ ഓവർലോഡ് , ഡിജിറ്റൽ ഓവർലോഡ് എന്നു പറയാവുന്ന തരത്തിൽ ഡേറ്റയുടെ  പ്രവാഹമാണുള്ളത്. മൊബൈൽ ഫോണിലെ ഡേറ്റ നീക്കം ചെയ്യാൻ തന്നെ കുറെ സമയം വേണം. എല്ലാ ജോലിയും മാറ്റിവെച്ച് വേണം ആവശ്യമില്ലാത്ത ഡേറ്റ് നീക്കം ചെയ്യാൻ .വാട്സപ്പ് ഗ്രൂപ്പുകളും വ്യക്തിഗത സൗഹൃദങ്ങളും നാമമാത്രമായാൽ പോലും പാഴ് ഡേറ്റ - ചിത്രങ്ങൾ ,സന്ദേശങ്ങൾ, ഓഡിയോകൾ ,വീഡിയോകൾ - നമ്മുടെ അനുവാദമില്ലാതെ കടന്നു വരുകയാണ്. ഇതെല്ലാം നീക്കം ചെയ്തേ മതിയാകൂ .അനാവശ്യ ഫയലുകൾ ഒഴിവാക്കിയില്ലെങ്കിൽ ഫോണിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് നാം ഇതൊഴിവാക്കാൻ നിർബന്ധിതരാവുന്നു.ഇത് നമ്മെ നൈമിഷിക ജീവിതത്തിലേക്കാണ് തള്ളിവിടുന്നത്. സ്ഥൂലമായതൊന്നും നമുക്ക് സ്വീകരിക്കാനാവില്ല. എല്ലാം ഉപഭോഗമാണ് .നൊടിനേരത്തെ ഉപഭോഗത്തിനുശേഷം നശിപ്പിച്ചു കളയുകയാണ് .ഈ സമീപനം മനുഷ്യരുടെ സ്വഭാവത്തിലും പ്രകടമാണ്. ബന്ധങ്ങളിലും അത് നിഴലിക്കുകയാണ്. 

ഈ നൈമിഷികത ഇന്നത്തെ കവിതകളിൽ പ്രകടമാണ്. ഇന്നലെകൾക്ക് വേണ്ടിയോ നാളെക്ക് വേണ്ടിയോ കവിത എഴുതുന്നവർ കുറഞ്ഞു. അജിത വി.എസ് എഴുതിയ 'മുഖം'(കലാപൂർണ്ണ, സെപ്റ്റംബർ)എന്ന കവിതയിലെ വരികൾ നോക്കൂ :
'സ്വകാര്യമുറി,യലമാരയിൽ 
ഊരിവച്ചിന്നത്തെ മുഖം ഭദ്രം
നിരയായൂഴം കാത്തിനിയും മുഖങ്ങൾ നാട്ടിലേക്കൊരു മുഖം
വീട്ടിലേക്കിനിയൊന്ന്
ചന്ദനക്കുറിയിലൊരു
ചെന്നായ്ച്ചിരി നേർപ്പിച്ച് 
പാതിയടയും മിഴി,ഭക്തമുഖം'

പല കപടമുഖങ്ങൾ എഴുത്തണിയുന്ന ഒരു ഗ്രീൻ റൂമായി മനുഷ്യമനസ്സ് മാറിയിരിക്കുന്നു. അങ്ങനെ മുഖമില്ലാത്തവരെന്ന നിലയിൽ നാം വ്യാജമായ ഒരു 'സുരക്ഷ' അനുഭവിക്കുകയാണ്. ഇത് നൈമിഷികതയാണ്. മനുഷ്യൻ ഒരിക്കൽ മാത്രമാണ് ജീവിക്കുന്നത്. പിന്നീടവൻ മറ്റൊരു മുഖവുമായി മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുകയാണ്.

കാലം 

രാജൻ സി.എച്ച് നൈമിഷികാനുഭവത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു:'തണുത്തുപോകും' (ഗ്രന്ഥാലോകം ,ഒക്ടോബർ) എന്ന കവിതയിൽ :
'കാലം ചെല്ലുന്തോറും 
എല്ലാറ്റിനും ചൂട് 
കുറഞ്ഞു വരുമെന്ന് 
ഫ്രീസറിൽ വച്ച മുത്തച്ഛൻ്റെ 
തണുത്തുറഞ്ഞ ശരീരം
എന്നോട് ചിരിക്കുന്നതായി തോന്നി '

മുത്തച്ഛന് ഇപ്പോൾ ചൂടില്ല .കാലം ആ 
ചൂട് കവർന്നെടുത്തിരിക്കുന്നു .ഒരു നിമിഷമാണ് കവിത. അതിനപ്പുറമോ ഇപ്പുറമോ ഇല്ല.

വിനോദ് വൈശാഖി 'പുസ്തകം'(കലാപൂർണ) എന്ന കവിതയിലൂടെ പി. ഗോവിന്ദപ്പിള്ളയെ അനുസ്മരിക്കുകയാണ്. വലിയ വായനക്കാരനായിരുന്ന പിജിയൊരു പൂമരം എന്നാണ് വിനോദ് എഴുതുന്നത്.  എല്ലാവരും മറന്ന പി.ജിയെ ഒരു കവിതയിലൂടെ അനുസ്മരിച്ചുവല്ലോ. അത്രയും നല്ലത്. ധാരാളം വായിച്ച പിജിയുടെ സംഭാവനകളെക്കുറിച്ച് ഇനിയും ഒരു അന്വേഷണം ഇവിടെ ആരംഭിച്ചിട്ടില്ല .

പ്രതീതിയും പ്രതിഛായയും /അക്ഷരജാലകം /എം.കെ.ഹരികുമാർ 


 




ജീവിതം  ചെറുതായിക്കൊണ്ടിരിക്കുകയാണ്. കാരണം, നമുക്ക് നേരിട്ട് ഇടപെടാതെ ,മനസ്സ് കൊടുക്കാതെ, മനസ്സ് ഇല്ലാതെ, സ്നേഹിക്കാതെ, ചിന്തിക്കാതെ, പ്രേമിക്കാതെ ,സ്പർശിക്കാതെ, സ്വന്തം ശരീരമില്ലാതെ തന്നെ ജീവിക്കാമെന്നു വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇൻ്റർനെറ്റുമാണ് അതിനുള്ള സാധ്യതയൊരുക്കുന്നത് .
യഥാർത്ഥ ജീവിതമേതാണ് ,പ്രതീതി ജീവിതമേതാണ് എന്നു വേർതിരിക്കാൻ പ്രയാസമാണ്.ഒരശരീരിയായി ജീവിക്കുന്നതിന്റെ സുഖം ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ ഉള്ളവർക്ക് പെട്ടെന്നു മനസ്സിലാവും. നമ്മെ പ്രതിനിധീകരിക്കാൻ ഇമോജികൾ ഉള്ളതുപോലെ റെഡിമെയ്ഡ് സന്ദേശങ്ങളുമുണ്ട്. ലൈവ് വീഡിയോകൾ നമ്മെ വേറൊരു ഗ്രഹത്തിൽ എത്തിച്ച പോലെയാണ് തോന്നുന്നത്. സകലരോടും വെറുപ്പും അസൂയയുമുള്ള ഒരുവൻ രാവിലെ ശുഭസൂചകങ്ങളായ റെഡിമെയ്ഡ്  പിൻ്ററസ്റ്റ് ഇമേജ് സന്ദേശങ്ങൾ അയച്ച്  ആളുകളുടെ മുന്നിൽ മറ്റൊരു പ്രതിഛായ നേടുന്നു. നമ്മളല്ല ജീവിക്കുന്നത് ; നമ്മുടെ സന്ദേശങ്ങളും പിഡിഎഫു(പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്)കളും ജെപിജി(ജോയിൻ്റ് ഫോട്ടോഗ്രാഫിക് എക്സ്പെർട്ട് ഗ്രൂപ്പ് ) ഇമേജുകളുമാണ്. 

അത് നമ്മെക്കാൾ കൂടുതൽ സഞ്ചരിക്കുന്നു. നമുക്ക് പകരമാണ് അത് ജീവിക്കുന്നത്. അതുകൊണ്ട് നമ്മുടെ ജീവിതം ചെറുതായിരിക്കുകയാണ്. എന്നാൽ ഈ സാധ്യതകൾ നമ്മെ മറച്ചു പിടിക്കുകയും ചെയ്യുന്നു.  ജീവിതത്തിൻ്റെ ഒരു പ്രതീതി യാഥാർത്ഥ്യമായി അത് നീട്ടി വയ്ക്കപ്പെടുന്നു.ജീവിതത്തേക്കാൾ വലിയ പ്രതിഛായകൾ ഇന്നത്തെ മനുഷ്യരെ ചുറ്റിവരിഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങി നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്, ഇതുകൊണ്ടാണ്.ബൈക്ക് വാങ്ങി കൊടുത്തില്ലെങ്കിൽ മരിക്കേണ്ടിവരും. ജീവിതത്തിനു അതിൻ്റെ തനതായ മൂല്യം ഇല്ലാതായിരിക്കുന്നു. എന്തിൻ്റെ ഉടമസ്ഥതയാണോ നമുക്കുള്ളത് അതാണ് നമ്മെ മൂല്യമുള്ളതാക്കുന്നത്.  നടന്നു പോകുന്നവനു മൂല്യമില്ല!. വിലകൂടിയ കാറിലാണെങ്കിൽ ജീവിതമൂല്യം ഇരട്ടിക്കുന്നു .ഉപഭോഗ വസ്തുക്കൾ ,ആഡംബരവസ്തുക്കൾ, തുടങ്ങിയവ ഇന്നു ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടിയിരിക്കുന്നു. നിർത്തിയിട്ട കാറിൽ ചാരി നിന്നാൽ മതി, ഉടമയുടെ തൊഴി ഉറപ്പാണ്. വില കൂടിയ പ്രതിഛായക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ അനിവാര്യത. അല്ലെങ്കിൽ അസ്തിത്വമില്ല!. ജീവിതത്തെ ഉപഭോഗവസ്തുക്കൾ മറ്റൊന്നാക്കി മാറ്റിയിരിക്കുന്നു. പ്രണയിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുമ്പോൾ പോലും മനുഷ്യരിൽ ബാക്കിയാവുന്നത് തനിക്ക് നഷ്ടപ്പെട്ടേക്കാവുന്ന സ്വർഗതുല്യമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്. പ്രണയിക്ക് വിഷം കൊടുത്തു കൊല്ലാൻ ഒരുവളെ പ്രേരിപ്പിക്കുന്നത് ഇതാണ്. വലിയ സ്വർഗ്ഗങ്ങൾ ,തന്നെ കാത്തു ദൂരെ നിൽക്കുമ്പോൾ അരികിലുള്ളവരെ കൊല്ലാം എന്ന  തലത്തിലേക്ക് ചിന്ത മാറുന്നതാണ്  ജീവിതത്തേക്കാൾ വലിയ പ്രതിഛായ .

എയ്ഡ്സ് ,ആഗോളവത്ക്കരണം 

മനുഷ്യലൈംഗികതയ്ക്ക് ഒരു നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടാണ് എയ്ഡ്സ് അവതരിച്ചത് .ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമെന്ന നിലയിൽ എയ്ഡ്സിനെതിരെ ജാഗ്രത പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ എയ്ഡ്സ് തോറ്റു പിന്മാറുകയും ലൈംഗികത മുന്നോട്ടുപോകുകയും ചെയ്തു.പിന്നീട് കോവിഡ് വന്നതോടെ ലൈംഗികതയ്ക്ക് കർട്ടൻ വീണു. എന്നാൽ കോവിഡ് പരാജയപ്പെട്ടു. മനുഷ്യരെ തമ്മിൽ അകറ്റാൻ  അധികാര കേന്ദ്രങ്ങൾക്കോ, നിയമങ്ങൾക്കോ കഴിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്.

പ്രമുഖ നരവംശചരിത്രകാരനായ നോവ ഹരാരി സൂചിപ്പിക്കുന്നതുപോലെ ആഗോളവൽക്കരണം പരാജയപ്പെട്ടോ  എന്നു സംശയിക്കേണ്ട കാലഘട്ടമാണിത്. ആഗോളവത്ക്കരണം പരാജയപ്പെട്ടു. ഒരു ധ്രുവത്തിനു കീഴിൽ ലോകം എന്ന ആശയം അട്ടിമറിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറുകളും വൈദ്യശാസ്ത്ര മേഖലയിലെ ബഹുസ്വരതയും ഏക ധ്രുവത്തെ അപ്രസക്തമാക്കിയിരിക്കുന്നു. 

ഓരോ ദിവസവും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നു  ഗൂഗിളിലേക്ക് ശേഖരിക്കപ്പെടുന്ന അനേകം മെഗാബൈറ്റ് ഡേറ്റ വ്യക്തികളെ അവരുടെ അധികാരശ്രേണിയിൽ നിന്നെല്ലാം ഇറക്കിവിട്ടിരിക്കുന്നു.ഗസറ്റഡ് ഓഫീസറായാലും അറ്റൻഡറായാലും ഫോണിൽ നിന്നുള്ള ഡേറ്റ ശേഖരിക്കപ്പെടുന്നത് ഒരുപോലെയാണ്.
അവരുടെ മനസിലെ ഇഷ്ടാനിഷ്ടങ്ങൾ ഗൂഗിൾ നേരത്തെ തന്നെ പഠിക്കുകയാണ്.ഇതിൽ വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്തായാലും ,അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയെ നിർണയിക്കാൻ സെർച്ച് എഞ്ചിനുകൾക്ക് കഴിയുന്നു. 

രണ്ടാം യൗവ്വനം

സച്ചിദാനന്ദൻ്റെ 'അതിജീവനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 23) സമീപകാലത്ത് വായിച്ച ഭേദപ്പെട്ട കവിതയാണ്. സച്ചിദാനന്ദൻ്റെ സമീപഭൂതകാലത്തിലെ കവിതകളിൽ നിന്നെല്ലാം ഇത് വ്യത്യസ്തമാകുന്നത് , ഇതിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയുടെയോ ,മതവിദ്വേത്തിൻ്റെയോ സ്വരം ഉയരാത്തത് കൊണ്ടുകൂടിയാണ് .

കവി തൻ്റെ ഏകാന്തതയിലും നിസ്സഹായതയിലും തിരിച്ചെത്തിയിരിക്കുന്നു .കവികൾക്ക് രണ്ട് യൗവ്വനങ്ങൾ കിട്ടുക പ്രയാസമാണ്. എഴുതിത്തുടങ്ങുന്ന കാലത്തെ യൗവ്വനമാണ് ആദ്യത്തേത് .  അറുപത് പിന്നിടുമ്പോഴാണ് രണ്ടാമത്തെ യൗവ്വനം കിട്ടുക .ഇത് എല്ലാവർക്കും കിട്ടുകയില്ല. കടമ്മനിട്ടയ്ക്ക്, പാലൂരിന് ,ആറ്റൂരിന്, അത് കിട്ടിയില്ല.എന്നാൽ ഡി.വിനയചന്ദ്രനു അത് കിട്ടിയെങ്കിലും എറിഞ്ഞുടച്ചു. 

സച്ചിദാനന്ദൻ ഇതാ തൻ്റെ 'അതിജീവനം' എന്ന കവിതയിലൂടെ രണ്ടാം യൗവ്വനം തിരിച്ചു പിടിച്ചിരിക്കുന്നു. രണ്ടാം യൗവ്വനത്തിന്റെ പ്രത്യേകത എന്താണ്? എല്ലാ അധികാരസ്ഥാപനങ്ങളും  വിശ്വാസസംഹിതങ്ങളും ആദർശങ്ങളും തന്നെ വഞ്ചിച്ചു എന്നു തിരിച്ചറിഞ്ഞ് ജ്ഞാനഭാരത്തോടെ സ്വതന്ത്രമാകുന്ന ഘട്ടമാണ്.ഭൂരിപക്ഷം കവികൾക്കും  രണ്ടാം യൗവ്വനം കിട്ടില്ല .അവർ അപ്പോഴേക്കും നല്ലൊരു അടിമയായിരിക്കും; ഒന്നും കേൾക്കാത്ത മട്ടിൽ കൃത്രിമമായ ബാധിര്യവുമായി പ്രണയത്തിലായാലും ആശ്ചര്യപ്പെടാനില്ല .അപ്പോഴാണ് പൗരാവലി കവിയെ ആദരിക്കാൻ തിക്കിത്തിരക്കുന്നത്. 

എന്നാൽ സച്ചിദാനന്ദൻ തൻ്റെ തിരിച്ചറിവുകളെ ഇങ്ങനെ ആഘോഷിക്കുകയാണ്:
'കൽക്കരിയിൽ പുരാതനമായ
കാടുകൾ ഉറങ്ങിക്കിടക്കുന്നു
അവയ്ക്കകത്ത് 
നാം മെരുക്കിയെടുക്കുന്ന
കാട്ടുതീയുണ്ട്.
.....
ചേറിൽ പോലുമുണ്ട് 
പൂണ്ടുകിടക്കുന്ന ജീവികളുടെ
ആത്മാക്കൾ;
കളകളായി മുളയ്ക്കുകയും
മഞ്ഞപ്പൂക്കൾ വിടർത്തി
വാടി വീഴുകയും ചെയ്യുന്നവ.
.......
പാമ്പുകളുടെ ജീവൻ 
കടലിൽ തിരമാലകളായി
പുളയുന്നു' .

വാർദ്ധക്യത്തിലെ ഏകാന്തത കവിക്ക്  അതിജീവിക്കാനുള്ളതാണ്. അപ്പോഴാണ് കവി അക്ഷരങ്ങളുടെ വളവുകളിൽ അനാഥരാക്കപ്പെട്ട തലമുറകളെപ്പറ്റി ഓർക്കുന്നത്.

ഇറ്റാലോ കാൽവിനോയുടെ
ഭാവന

ഭാവിയുടെ സാഹിത്യത്തിനു വേണ്ടി, നിലവിലുള്ളതും ഉപയോഗിച്ച് തേയ്മാനം വന്നതുമായ പ്രതിബിംബങ്ങളെ, പ്രതീകങ്ങളെ പുതിയ പശ്ചാത്തലത്തിൽ അർത്ഥവ്യത്യാസത്തോടെ  ഉപയോഗിക്കണമെന്നു പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോ 'സിക്സ് മെമോസ് ഫോർ ദ് നെക്സ്റ്റ് മിലേനിയം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.അത് മറ്റൊരു തരത്തിൽ സാമ്പ്രദായികമായ എഴുത്തിനെ തുടച്ചു നീക്കി മറ്റൊന്നു സൃഷ്ടിക്കുന്നതിനു സമാനമായിരിക്കും .

ഓഷോയുടെ ചിന്തകൾ 

ഇന്ത്യ കണ്ട പത്തു മഹാധിഷണാശാലികളിൽ ഒരാളാണ്  ഓഷോ എന്നു നിസ്സംശയം പറയാം. സമുദ്രം പോലെ പരന്നു കിടക്കുന്ന , അദ്ദേഹത്തിൻ്റെ ചിന്താമണ്ഡലം അത് വ്യക്തമാക്കുന്നുണ്ട്. ഓഷോയുടെ ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)നിങ്ങൾ നിങ്ങളാണ് .മറ്റാരെക്കാളും, ഒരുനിലയിലും, നിങ്ങൾ ചെറുതല്ല. നിങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെയുള്ളിലെ ശബ്ദത്തെ തിരിച്ചറിയുക. അതിനെ പിന്തുടരുക.

2)അസ്തിത്വം ഒരു തരത്തിലും തെറ്റാവാനിടയില്ല. അത് നമ്മുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നില്ലെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ആഗ്രഹങ്ങൾ തെറ്റാണെന്നാണ്. 

3)വിചിത്രമായ ഒരു കാര്യമാണിത്: ഏത് കുട്ടിയും ജനിക്കുന്നത് ചുരുട്ടിയ കൈകളുമായാണ്. എന്നാൽ എല്ലാവരും മരിക്കുന്നതോ ? വിടർത്തിപ്പിടിച്ച കൈകളുമായി.

4)ഒരു ചിന്തയുമില്ലാതെ ,ഒരു ശ്രദ്ധയുമില്ലാതെ, യാതൊന്നും  ആഗ്രഹിക്കാതെ വെറുതെ നിശബ്ദനായിരുന്നു നോക്കൂ ,നിങ്ങളിൽ തന്നെ വേരുകളാഴ്ത്തി.

5)കുറച്ചു സമയത്തേക്കാണെങ്കിലും, ചിരിക്കുമ്പോൾ നിങ്ങൾ  ധ്യാനത്തിലാണ് ;ചിന്ത നിലയ്ക്കുന്നു. ഒരേസമയത്ത് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക അസാധ്യമാണ്.

6)ലോകത്തിലെ ഏറ്റവും വലിയ ഭയം എന്നു പറയുന്നത് മറ്റുള്ളവരുടെ അഭിപ്രായമാണ്. എന്നാൽ ആൾക്കൂട്ടത്തെ പേടിക്കാത്ത നിമിഷത്തിൽ നിങ്ങൾ ഒരു ആട്ടിൻപറ്റമല്ലാതാകുന്നു. നിങ്ങൾ ഒരു സിംഹമായിത്തീരുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഒരു വലിയ അലർച്ചയുണ്ടാകുന്നു. അത് സ്വാതന്ത്ര്യത്തിന്റെ അലർച്ചയാണ്.

7)നിങ്ങൾ ആഗ്രഹിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നു. അത് പൂർത്തീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട് .പക്ഷേ ,അപ്പോൾ നിങ്ങൾ യാതനയനുഭവിച്ചു തുടങ്ങും.

8)നിങ്ങൾ സൃഷ്ടിപരമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജീവിതത്തിനു അർത്ഥമുള്ളതായി തോന്നുക. അത് എഴുതേണ്ട കവിതയാണ് .അത് ആലപിക്കേണ്ട ഗാനമാണ്. അത് അനുഷ്ഠിക്കേണ്ട നൃത്തമാണ് .

9)മരങ്ങൾ നോക്കൂ ,പക്ഷികളെ നോക്കൂ ,മേഘങ്ങളെ നോക്കൂ, നക്ഷത്രങ്ങളെ നോക്കൂ... നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ കാണാൻ കഴിയും, ഈ ലോകത്തിലെ എല്ലാ ഉണ്മയും ആനന്ദത്തിലാണ്. 

10) ഒരുവൻ്റെ അസ്തിത്വത്തിലെ ഏറ്റവും വലിയ കലാപം എന്നു പറയുന്നത് സർഗാത്മകതയാണ്. 


ടി.പി. രാജീവൻ ,വിജയകുമാർ മേനോൻ 

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവനും കലാവിമർശകനായ  വിജയകുമാർ മേനോനും വിടവാങ്ങിയിരിക്കുന്നു. കവിതയുടെ വഴിയിൽ സഞ്ചരിച്ച ടി. പി. രാജീവൻ അതിൽ നിന്ന് മാറി നോവൽ എന്ന മാധ്യമത്തിലേക്ക് വന്നത് ഒരു നവാനുഭവമായി. ഒരാൾ ഒരേയൊരു മാധ്യമത്തിൽ മാത്രം തുടരണം എന്നു പറയുന്നതിൽ ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയില്ല. കാരണം, എഴുതാനുള്ള മാധ്യമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുതുന്നയാൾക്കാണുള്ളത്. 
ദീർഘകാലമായി കവിതയെഴുതുന്ന ഒരാൾ മറ്റൊരു മാധ്യമം പരീക്ഷിക്കുന്നത് സർഗാത്മകമായ നവീകരണമായി കണ്ടാൽ മതി. ക്ലീഷേകളിൽ നിന്നു, നടപ്പുവഴികളിൽ നിന്നു മാറി സഞ്ചരിക്കാൻ ശ്രമിച്ച എഴുത്തുകാരനാണ് ടി.പി.രാജീവൻ .അദ്ദേഹത്തിൻ്റെ ദ് കുറുക്കൻ ,ഹൊഗനേക്കൽ തുടങ്ങിയ കവിതകളും പാലേരി മാണിക്യം എന്ന നോവലും രാഷ്ട്രീയ ഭിക്ഷാംദേഹികളായി നടക്കുന്നവർക്ക് എഴുതാൻ കഴിയുന്നതല്ല .രാജീവൻ തൻ്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അറിയാനും നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വിജയകുമാർ മേനോൻ ചിത്രകലയെക്കുറിച്ചുള്ള അവബോധം  ആധുനികമാക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ചു. ഇപ്പോൾ ചിത്രകല ആസ്വദിക്കാൻ കഴിയുന്നവർ എഴുത്തുകാർക്കിടയിൽ ചുരുക്കമാണ്. വളരെ വിദ്യാസമ്പന്നരായ ആളുകൾക്കു പോലും വാൻഗോഗ്, മാറ്റിസ്, മൊനെ തുടങ്ങിയവരെ അറിയില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ വികാസത്തിനു  തടസ്സമായി നിൽക്കുന്ന ഒരു ഘടകമാണ്. ചിത്രയെകലയെക്കുറിച്ച് പത്രമാസികകളിൽ യാതൊരു വിവരണവും വരുന്നില്ല .ചിത്രപ്രദർശനം  നടത്തിയതിനെക്കുറിച്ച് വാർത്ത കൊടുക്കുന്നത് മുട്ടക്കോഴികളെ വിതരണം ചെയ്തു എന്നു അറിയിക്കുന്നതുപോലെയാണ്.  ചിത്രപ്രദർശനങ്ങളുടെ വാർത്ത കാൽ നൂറ്റാണ്ട് തുടർച്ചയായി വായിച്ചാലും വായനക്കാരനു ചിത്രകലയെക്കുറിച്ച്  ഒന്നും തന്നെ ഗ്രഹിക്കാനാവില്ല. 
ഇവിടെയാണ് വിജയകുമാർ എഴുതി ഒരു ചരിത്രമുണ്ടാക്കിയത്. 

ആസ്വാദനമില്ല

മലയാളസാഹിത്യത്തിൽ ഇത്രയധികം കവികൾക്കും നോവലിസ്റ്റുകൾക്കും  ഇടം കിട്ടാൻ പോകുന്നില്ല. എഴുത്തുകാരുടെ ഒരു പ്രവാഹമാണിപ്പോൾ. വായനക്കാരില്ല ,എഴുത്തുകാരേയുള്ളു. ഇവർ യഥാർത്ഥ എഴുത്തുകാരല്ല.  പലരും മറ്റു പല സൗകര്യങ്ങളും ഉപയോഗിച്ച് നിലവാരമില്ലാത്ത കൃതികൾ തുടരെ പ്രസിദ്ധീകരിച്ച് അവാർഡ് വാങ്ങുകയാണ്. എന്നിട്ട് അവർ വാട്സപ്പിലും ഫേസ്ബുക്കിലും ഓടി നടന്ന് പലതും അവകാശപ്പെടുന്നു. ഏതാനും രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനെ വലിയ കവിയാണെന്ന് ഭാവിക്കുന്നത് അറിവില്ലാത്തതുകൊണ്ടാണ്. 

കൂടുതൽ വായിച്ചാലേ സ്വന്തം കൃതികളുടെ ആഴക്കുറവ് ബോധ്യമാവുകയുള്ളു. ഒരു ദുര്യോഗം ഇതാണ്: അസംഖ്യം സാഹിത്യ കൃതികൾ ദിനംപ്രതി  പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ വായിക്കണമെന്നു  ഭൂരിപക്ഷത്തിനും അറിയില്ല. അതിൽ ഉന്നതമായ മൂല്യങ്ങൾ അടങ്ങിയിട്ടുള്ളത് കണ്ടുപിടിക്കാനുള്ള  സംവിധാനമില്ല .അതുകൊണ്ടാണ് ഇപ്പോഴും എൻ. പ്രഭാകരൻ ,സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ ശരാശരിയിൽ താഴെയുള്ള കഥകൾ കവർസ്റ്റോറി യാക്കി വായനക്കാരെണ്ട് വായിപ്പിക്കുന്നത്.സാഹിത്യ വായനയുടെ അഭിരുചി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. സാഹിത്യം
 ആസ്വദിക്കാനറിയുന്ന വിമർശകരോ , ഉപന്യാസകാരന്മാരോ ഇന്നു കലാശാലകളിലില്ല.
അക്ഷരജാലകം
എം.കെ.ഹരികുമാർ 
9995312097

പ്രതീതിയും പ്രതിഛായയും 

ജീവിതം  ചെറുതായിക്കൊണ്ടിരിക്കുകയാണ്. കാരണം, നമുക്ക് നേരിട്ട് ഇടപെടാതെ ,മനസ്സ് കൊടുക്കാതെ, മനസ്സ് ഇല്ലാതെ, സ്നേഹിക്കാതെ, ചിന്തിക്കാതെ, പ്രേമിക്കാതെ ,സ്പർശിക്കാതെ, സ്വന്തം ശരീരമില്ലാതെ തന്നെ ജീവിക്കാമെന്നു വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇൻ്റർനെറ്റുമാണ് അതിനുള്ള സാധ്യതയൊരുക്കുന്നത് .
യഥാർത്ഥ ജീവിതമേതാണ് ,പ്രതീതി ജീവിതമേതാണ് എന്നു വേർതിരിക്കാൻ പ്രയാസമാണ്.ഒരശരീരിയായി ജീവിക്കുന്നതിന്റെ സുഖം ട്വിറ്റർ ,ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകൾ ഉള്ളവർക്ക് പെട്ടെന്നു മനസ്സിലാവും. നമ്മെ പ്രതിനിധീകരിക്കാൻ ഇമോജികൾ ഉള്ളതുപോലെ റെഡിമെയ്ഡ് സന്ദേശങ്ങളുമുണ്ട്. ലൈവ് വീഡിയോകൾ നമ്മെ വേറൊരു ഗ്രഹത്തിൽ എത്തിച്ച പോലെയാണ് തോന്നുന്നത്. സകലരോടും വെറുപ്പും അസൂയയുമുള്ള ഒരുവൻ രാവിലെ ശുഭസൂചകങ്ങളായ റെഡിമെയ്ഡ്  പിൻ്ററസ്റ്റ് ഇമേജ് സന്ദേശങ്ങൾ അയച്ച്  ആളുകളുടെ മുന്നിൽ മറ്റൊരു പ്രതിഛായ നേടുന്നു. നമ്മളല്ല ജീവിക്കുന്നത് ; നമ്മുടെ സന്ദേശങ്ങളും പിഡിഎഫു(പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്)കളും ജെപിജി(ജോയിൻ്റ് ഫോട്ടോഗ്രാഫിക് എക്സ്പെർട്ട് ഗ്രൂപ്പ് ) ഇമേജുകളുമാണ്. 

അത് നമ്മെക്കാൾ കൂടുതൽ സഞ്ചരിക്കുന്നു. നമുക്ക് പകരമാണ് അത് ജീവിക്കുന്നത്. അതുകൊണ്ട് നമ്മുടെ ജീവിതം ചെറുതായിരിക്കുകയാണ്. എന്നാൽ ഈ സാധ്യതകൾ നമ്മെ മറച്ചു പിടിക്കുകയും ചെയ്യുന്നു.  ജീവിതത്തിൻ്റെ ഒരു പ്രതീതി യാഥാർത്ഥ്യമായി അത് നീട്ടി വയ്ക്കപ്പെടുന്നു.ജീവിതത്തേക്കാൾ വലിയ പ്രതിഛായകൾ ഇന്നത്തെ മനുഷ്യരെ ചുറ്റിവരിഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങി നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്, ഇതുകൊണ്ടാണ്.ബൈക്ക് വാങ്ങി കൊടുത്തില്ലെങ്കിൽ മരിക്കേണ്ടിവരും. ജീവിതത്തിനു അതിൻ്റെ തനതായ മൂല്യം ഇല്ലാതായിരിക്കുന്നു. എന്തിൻ്റെ ഉടമസ്ഥതയാണോ നമുക്കുള്ളത് അതാണ് നമ്മെ മൂല്യമുള്ളതാക്കുന്നത്.  നടന്നു പോകുന്നവനു മൂല്യമില്ല!. വിലകൂടിയ കാറിലാണെങ്കിൽ ജീവിതമൂല്യം ഇരട്ടിക്കുന്നു .ഉപഭോഗ വസ്തുക്കൾ ,ആഡംബരവസ്തുക്കൾ, തുടങ്ങിയവ ഇന്നു ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടിയിരിക്കുന്നു. നിർത്തിയിട്ട കാറിൽ ചാരി നിന്നാൽ മതി, ഉടമയുടെ തൊഴി ഉറപ്പാണ്. വില കൂടിയ പ്രതിഛായക്ക് വേണ്ടി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ അനിവാര്യത. അല്ലെങ്കിൽ അസ്തിത്വമില്ല!. ജീവിതത്തെ ഉപഭോഗവസ്തുക്കൾ മറ്റൊന്നാക്കി മാറ്റിയിരിക്കുന്നു. പ്രണയിക്കുകയോ അടുത്തിടപഴകുകയോ ചെയ്യുമ്പോൾ പോലും മനുഷ്യരിൽ ബാക്കിയാവുന്നത് തനിക്ക് നഷ്ടപ്പെട്ടേക്കാവുന്ന സ്വർഗതുല്യമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്. പ്രണയിക്ക് വിഷം കൊടുത്തു കൊല്ലാൻ ഒരുവളെ പ്രേരിപ്പിക്കുന്നത് ഇതാണ്. വലിയ സ്വർഗ്ഗങ്ങൾ ,തന്നെ കാത്തു ദൂരെ നിൽക്കുമ്പോൾ അരികിലുള്ളവരെ കൊല്ലാം എന്ന  തലത്തിലേക്ക് ചിന്ത മാറുന്നതാണ്  ജീവിതത്തേക്കാൾ വലിയ പ്രതിഛായ .

എയ്ഡ്സ് ,ആഗോളവത്ക്കരണം 

മനുഷ്യലൈംഗികതയ്ക്ക് ഒരു നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടാണ് എയ്ഡ്സ് അവതരിച്ചത് .ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമെന്ന നിലയിൽ എയ്ഡ്സിനെതിരെ ജാഗ്രത പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ എയ്ഡ്സ് തോറ്റു പിന്മാറുകയും ലൈംഗികത മുന്നോട്ടുപോകുകയും ചെയ്തു.പിന്നീട് കോവിഡ് വന്നതോടെ ലൈംഗികതയ്ക്ക് കർട്ടൻ വീണു. എന്നാൽ കോവിഡ് പരാജയപ്പെട്ടു. മനുഷ്യരെ തമ്മിൽ അകറ്റാൻ  അധികാര കേന്ദ്രങ്ങൾക്കോ, നിയമങ്ങൾക്കോ കഴിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്.

പ്രമുഖ നരവംശചരിത്രകാരനായ നോവ ഹരാരി സൂചിപ്പിക്കുന്നതുപോലെ ആഗോളവൽക്കരണം പരാജയപ്പെട്ടോ  എന്നു സംശയിക്കേണ്ട കാലഘട്ടമാണിത്. ആഗോളവത്ക്കരണം പരാജയപ്പെട്ടു. ഒരു ധ്രുവത്തിനു കീഴിൽ ലോകം എന്ന ആശയം അട്ടിമറിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റുവെയറുകളും വൈദ്യശാസ്ത്ര മേഖലയിലെ ബഹുസ്വരതയും ഏക ധ്രുവത്തെ അപ്രസക്തമാക്കിയിരിക്കുന്നു. 

ഓരോ ദിവസവും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നു  ഗൂഗിളിലേക്ക് ശേഖരിക്കപ്പെടുന്ന അനേകം മെഗാബൈറ്റ് ഡേറ്റ വ്യക്തികളെ അവരുടെ അധികാരശ്രേണിയിൽ നിന്നെല്ലാം ഇറക്കിവിട്ടിരിക്കുന്നു.ഗസറ്റഡ് ഓഫീസറായാലും അറ്റൻഡറായാലും ഫോണിൽ നിന്നുള്ള ഡേറ്റ ശേഖരിക്കപ്പെടുന്നത് ഒരുപോലെയാണ്.
അവരുടെ മനസിലെ ഇഷ്ടാനിഷ്ടങ്ങൾ ഗൂഗിൾ നേരത്തെ തന്നെ പഠിക്കുകയാണ്.ഇതിൽ വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്തായാലും ,അതിൻ്റെ അടിസ്ഥാനത്തിൽ ഭാവിയെ നിർണയിക്കാൻ സെർച്ച് എഞ്ചിനുകൾക്ക് കഴിയുന്നു. 

രണ്ടാം യൗവ്വനം

സച്ചിദാനന്ദൻ്റെ 'അതിജീവനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 23) സമീപകാലത്ത് വായിച്ച ഭേദപ്പെട്ട കവിതയാണ്. സച്ചിദാനന്ദൻ്റെ സമീപഭൂതകാലത്തിലെ കവിതകളിൽ നിന്നെല്ലാം ഇത് വ്യത്യസ്തമാകുന്നത് , ഇതിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയുടെയോ ,മതവിദ്വേത്തിൻ്റെയോ സ്വരം ഉയരാത്തത് കൊണ്ടുകൂടിയാണ് .

കവി തൻ്റെ ഏകാന്തതയിലും നിസ്സഹായതയിലും തിരിച്ചെത്തിയിരിക്കുന്നു .കവികൾക്ക് രണ്ട് യൗവ്വനങ്ങൾ കിട്ടുക പ്രയാസമാണ്. എഴുതിത്തുടങ്ങുന്ന കാലത്തെ യൗവ്വനമാണ് ആദ്യത്തേത് .  അറുപത് പിന്നിടുമ്പോഴാണ് രണ്ടാമത്തെ യൗവ്വനം കിട്ടുക .ഇത് എല്ലാവർക്കും കിട്ടുകയില്ല. കടമ്മനിട്ടയ്ക്ക്, പാലൂരിന് ,ആറ്റൂരിന്, അത് കിട്ടിയില്ല.എന്നാൽ ഡി.വിനയചന്ദ്രനു അത് കിട്ടിയെങ്കിലും എറിഞ്ഞുടച്ചു. 

സച്ചിദാനന്ദൻ ഇതാ തൻ്റെ 'അതിജീവനം' എന്ന കവിതയിലൂടെ രണ്ടാം യൗവ്വനം തിരിച്ചു പിടിച്ചിരിക്കുന്നു. രണ്ടാം യൗവ്വനത്തിന്റെ പ്രത്യേകത എന്താണ്? എല്ലാ അധികാരസ്ഥാപനങ്ങളും  വിശ്വാസസംഹിതങ്ങളും ആദർശങ്ങളും തന്നെ വഞ്ചിച്ചു എന്നു തിരിച്ചറിഞ്ഞ് ജ്ഞാനഭാരത്തോടെ സ്വതന്ത്രമാകുന്ന ഘട്ടമാണ്.ഭൂരിപക്ഷം കവികൾക്കും  രണ്ടാം യൗവ്വനം കിട്ടില്ല .അവർ അപ്പോഴേക്കും നല്ലൊരു അടിമയായിരിക്കും; ഒന്നും കേൾക്കാത്ത മട്ടിൽ കൃത്രിമമായ ബാധിര്യവുമായി പ്രണയത്തിലായാലും ആശ്ചര്യപ്പെടാനില്ല .അപ്പോഴാണ് പൗരാവലി കവിയെ ആദരിക്കാൻ തിക്കിത്തിരക്കുന്നത്. 

എന്നാൽ സച്ചിദാനന്ദൻ തൻ്റെ തിരിച്ചറിവുകളെ ഇങ്ങനെ ആഘോഷിക്കുകയാണ്:
'കൽക്കരിയിൽ പുരാതനമായ
കാടുകൾ ഉറങ്ങിക്കിടക്കുന്നു
അവയ്ക്കകത്ത് 
നാം മെരുക്കിയെടുക്കുന്ന
കാട്ടുതീയുണ്ട്.
.....
ചേറിൽ പോലുമുണ്ട് 
പൂണ്ടുകിടക്കുന്ന ജീവികളുടെ
ആത്മാക്കൾ;
കളകളായി മുളയ്ക്കുകയും
മഞ്ഞപ്പൂക്കൾ വിടർത്തി
വാടി വീഴുകയും ചെയ്യുന്നവ.
.......
പാമ്പുകളുടെ ജീവൻ 
കടലിൽ തിരമാലകളായി
പുളയുന്നു' .

വാർദ്ധക്യത്തിലെ ഏകാന്തത കവിക്ക്  അതിജീവിക്കാനുള്ളതാണ്. അപ്പോഴാണ് കവി അക്ഷരങ്ങളുടെ വളവുകളിൽ അനാഥരാക്കപ്പെട്ട തലമുറകളെപ്പറ്റി ഓർക്കുന്നത്.

ഇറ്റാലോ കാൽവിനോയുടെ
ഭാവന

ഭാവിയുടെ സാഹിത്യത്തിനു വേണ്ടി, നിലവിലുള്ളതും ഉപയോഗിച്ച് തേയ്മാനം വന്നതുമായ പ്രതിബിംബങ്ങളെ, പ്രതീകങ്ങളെ പുതിയ പശ്ചാത്തലത്തിൽ അർത്ഥവ്യത്യാസത്തോടെ  ഉപയോഗിക്കണമെന്നു പ്രമുഖ ഇറ്റാലിയൻ സാഹിത്യകാരനായ ഇറ്റാലോ കാൽവിനോ 'സിക്സ് മെമോസ് ഫോർ ദ് നെക്സ്റ്റ് മിലേനിയം' എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്.അത് മറ്റൊരു തരത്തിൽ സാമ്പ്രദായികമായ എഴുത്തിനെ തുടച്ചു നീക്കി മറ്റൊന്നു സൃഷ്ടിക്കുന്നതിനു സമാനമായിരിക്കും .

ഓഷോയുടെ ചിന്തകൾ 

ഇന്ത്യ കണ്ട പത്തു മഹാധിഷണാശാലികളിൽ ഒരാളാണ്  ഓഷോ എന്നു നിസ്സംശയം പറയാം. സമുദ്രം പോലെ പരന്നു കിടക്കുന്ന , അദ്ദേഹത്തിൻ്റെ ചിന്താമണ്ഡലം അത് വ്യക്തമാക്കുന്നുണ്ട്. ഓഷോയുടെ ചില ചിന്തകൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)നിങ്ങൾ നിങ്ങളാണ് .മറ്റാരെക്കാളും, ഒരുനിലയിലും, നിങ്ങൾ ചെറുതല്ല. നിങ്ങളെ ബഹുമാനിക്കുക. നിങ്ങളുടെയുള്ളിലെ ശബ്ദത്തെ തിരിച്ചറിയുക. അതിനെ പിന്തുടരുക.

2)അസ്തിത്വം ഒരു തരത്തിലും തെറ്റാവാനിടയില്ല. അത് നമ്മുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്നില്ലെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ആഗ്രഹങ്ങൾ തെറ്റാണെന്നാണ്. 

3)വിചിത്രമായ ഒരു കാര്യമാണിത്: ഏത് കുട്ടിയും ജനിക്കുന്നത് ചുരുട്ടിയ കൈകളുമായാണ്. എന്നാൽ എല്ലാവരും മരിക്കുന്നതോ ? വിടർത്തിപ്പിടിച്ച കൈകളുമായി.

4)ഒരു ചിന്തയുമില്ലാതെ ,ഒരു ശ്രദ്ധയുമില്ലാതെ, യാതൊന്നും  ആഗ്രഹിക്കാതെ വെറുതെ നിശബ്ദനായിരുന്നു നോക്കൂ ,നിങ്ങളിൽ തന്നെ വേരുകളാഴ്ത്തി.

5)കുറച്ചു സമയത്തേക്കാണെങ്കിലും, ചിരിക്കുമ്പോൾ നിങ്ങൾ  ധ്യാനത്തിലാണ് ;ചിന്ത നിലയ്ക്കുന്നു. ഒരേസമയത്ത് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക അസാധ്യമാണ്.

6)ലോകത്തിലെ ഏറ്റവും വലിയ ഭയം എന്നു പറയുന്നത് മറ്റുള്ളവരുടെ അഭിപ്രായമാണ്. എന്നാൽ ആൾക്കൂട്ടത്തെ പേടിക്കാത്ത നിമിഷത്തിൽ നിങ്ങൾ ഒരു ആട്ടിൻപറ്റമല്ലാതാകുന്നു. നിങ്ങൾ ഒരു സിംഹമായിത്തീരുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിന്നു ഒരു വലിയ അലർച്ചയുണ്ടാകുന്നു. അത് സ്വാതന്ത്ര്യത്തിന്റെ അലർച്ചയാണ്.

7)നിങ്ങൾ ആഗ്രഹിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നു. അത് പൂർത്തീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ട് .പക്ഷേ ,അപ്പോൾ നിങ്ങൾ യാതനയനുഭവിച്ചു തുടങ്ങും.

8)നിങ്ങൾ സൃഷ്ടിപരമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജീവിതത്തിനു അർത്ഥമുള്ളതായി തോന്നുക. അത് എഴുതേണ്ട കവിതയാണ് .അത് ആലപിക്കേണ്ട ഗാനമാണ്. അത് അനുഷ്ഠിക്കേണ്ട നൃത്തമാണ് .

9)മരങ്ങൾ നോക്കൂ ,പക്ഷികളെ നോക്കൂ ,മേഘങ്ങളെ നോക്കൂ, നക്ഷത്രങ്ങളെ നോക്കൂ... നിങ്ങൾക്ക് കണ്ണുകളുണ്ടെങ്കിൽ കാണാൻ കഴിയും, ഈ ലോകത്തിലെ എല്ലാ ഉണ്മയും ആനന്ദത്തിലാണ്. 

10) ഒരുവൻ്റെ അസ്തിത്വത്തിലെ ഏറ്റവും വലിയ കലാപം എന്നു പറയുന്നത് സർഗാത്മകതയാണ്. 


ടി.പി. രാജീവൻ ,വിജയകുമാർ മേനോൻ 

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവനും കലാവിമർശകനായ  വിജയകുമാർ മേനോനും വിടവാങ്ങിയിരിക്കുന്നു. കവിതയുടെ വഴിയിൽ സഞ്ചരിച്ച ടി. പി. രാജീവൻ അതിൽ നിന്ന് മാറി നോവൽ എന്ന മാധ്യമത്തിലേക്ക് വന്നത് ഒരു നവാനുഭവമായി. ഒരാൾ ഒരേയൊരു മാധ്യമത്തിൽ മാത്രം തുടരണം എന്നു പറയുന്നതിൽ ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയില്ല. കാരണം, എഴുതാനുള്ള മാധ്യമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുതുന്നയാൾക്കാണുള്ളത്. 
ദീർഘകാലമായി കവിതയെഴുതുന്ന ഒരാൾ മറ്റൊരു മാധ്യമം പരീക്ഷിക്കുന്നത് സർഗാത്മകമായ നവീകരണമായി കണ്ടാൽ മതി. ക്ലീഷേകളിൽ നിന്നു, നടപ്പുവഴികളിൽ നിന്നു മാറി സഞ്ചരിക്കാൻ ശ്രമിച്ച എഴുത്തുകാരനാണ് ടി.പി.രാജീവൻ .അദ്ദേഹത്തിൻ്റെ ദ് കുറുക്കൻ ,ഹൊഗനേക്കൽ തുടങ്ങിയ കവിതകളും പാലേരി മാണിക്യം എന്ന നോവലും രാഷ്ട്രീയ ഭിക്ഷാംദേഹികളായി നടക്കുന്നവർക്ക് എഴുതാൻ കഴിയുന്നതല്ല .രാജീവൻ തൻ്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും അറിയാനും നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വിജയകുമാർ മേനോൻ ചിത്രകലയെക്കുറിച്ചുള്ള അവബോധം  ആധുനികമാക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ചു. ഇപ്പോൾ ചിത്രകല ആസ്വദിക്കാൻ കഴിയുന്നവർ എഴുത്തുകാർക്കിടയിൽ ചുരുക്കമാണ്. വളരെ വിദ്യാസമ്പന്നരായ ആളുകൾക്കു പോലും വാൻഗോഗ്, മാറ്റിസ്, മൊനെ തുടങ്ങിയവരെ അറിയില്ല. ഇത് നമ്മുടെ സംസ്കാരത്തിന്റെ വികാസത്തിനു  തടസ്സമായി നിൽക്കുന്ന ഒരു ഘടകമാണ്. ചിത്രയെകലയെക്കുറിച്ച് പത്രമാസികകളിൽ യാതൊരു വിവരണവും വരുന്നില്ല .ചിത്രപ്രദർശനം  നടത്തിയതിനെക്കുറിച്ച് വാർത്ത കൊടുക്കുന്നത് മുട്ടക്കോഴികളെ വിതരണം ചെയ്തു എന്നു അറിയിക്കുന്നതുപോലെയാണ്.  ചിത്രപ്രദർശനങ്ങളുടെ വാർത്ത കാൽ നൂറ്റാണ്ട് തുടർച്ചയായി വായിച്ചാലും വായനക്കാരനു ചിത്രകലയെക്കുറിച്ച്  ഒന്നും തന്നെ ഗ്രഹിക്കാനാവില്ല. 
ഇവിടെയാണ് വിജയകുമാർ എഴുതി ഒരു ചരിത്രമുണ്ടാക്കിയത്. 

ആസ്വാദനമില്ല

മലയാളസാഹിത്യത്തിൽ ഇത്രയധികം കവികൾക്കും നോവലിസ്റ്റുകൾക്കും  ഇടം കിട്ടാൻ പോകുന്നില്ല. എഴുത്തുകാരുടെ ഒരു പ്രവാഹമാണിപ്പോൾ. വായനക്കാരില്ല ,എഴുത്തുകാരേയുള്ളു. ഇവർ യഥാർത്ഥ എഴുത്തുകാരല്ല.  പലരും മറ്റു പല സൗകര്യങ്ങളും ഉപയോഗിച്ച് നിലവാരമില്ലാത്ത കൃതികൾ തുടരെ പ്രസിദ്ധീകരിച്ച് അവാർഡ് വാങ്ങുകയാണ്. എന്നിട്ട് അവർ വാട്സപ്പിലും ഫേസ്ബുക്കിലും ഓടി നടന്ന് പലതും അവകാശപ്പെടുന്നു. ഏതാനും രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനെ വലിയ കവിയാണെന്ന് ഭാവിക്കുന്നത് അറിവില്ലാത്തതുകൊണ്ടാണ്. 

കൂടുതൽ വായിച്ചാലേ സ്വന്തം കൃതികളുടെ ആഴക്കുറവ് ബോധ്യമാവുകയുള്ളു. ഒരു ദുര്യോഗം ഇതാണ്: അസംഖ്യം സാഹിത്യ കൃതികൾ ദിനംപ്രതി  പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് എങ്ങനെ വായിക്കണമെന്നു  ഭൂരിപക്ഷത്തിനും അറിയില്ല. അതിൽ ഉന്നതമായ മൂല്യങ്ങൾ അടങ്ങിയിട്ടുള്ളത് കണ്ടുപിടിക്കാനുള്ള  സംവിധാനമില്ല .അതുകൊണ്ടാണ് ഇപ്പോഴും എൻ. പ്രഭാകരൻ ,സി.വി.ബാലകൃഷ്ണൻ തുടങ്ങിയവരുടെ ശരാശരിയിൽ താഴെയുള്ള കഥകൾ കവർസ്റ്റോറി യാക്കി വായനക്കാരെണ്ട് വായിപ്പിക്കുന്നത്.സാഹിത്യ വായനയുടെ അഭിരുചി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. സാഹിത്യം
 ആസ്വദിക്കാനറിയുന്ന വിമർശകരോ , ഉപന്യാസകാരന്മാരോ ഇന്നു കലാശാലകളിലില്ല.

ഗദ്യത്തിൻ്റെ രാഗം /അക്ഷരജാലകം / എം.കെ.ഹരികുമാർ






ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആനി എർണോയുമായി അമെരിക്കൻ എഴുത്തുകാരി ലോറൻ എൽകിൻ  നടത്തിയ സംഭാഷണം' ദ് വൈറ്റ് റിവ്യു 'വിൽ വായിച്ചു. നോവലിസ്റ്റ് എന്നോ റൈറ്റർ എന്നോ വിളിക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്. കാരണം, ഈ പദങ്ങളൊക്കെ ഇന്നു ഭാഷയിൽ പുരുഷനെ മാത്രമാണ് വിവക്ഷിക്കുന്നത്. സ്ത്രീക്ക് ആ പദങ്ങളിൽ ഇടമില്ല. തന്നെ പരമാവധി അകറ്റിനിർത്തുകയാണ് എഴുതുമ്പോൾ ചെയ്യാറുള്ളതെന്നും താൻ എന്താണോ, താൻ ജീവിച്ചതെന്താണോ ഇവ തമ്മിലുള്ള വിടവ് പ്രധാനമാണെന്നും  അവർ ഓർമ്മിപ്പിക്കുന്നു .രണ്ട് ലോകങ്ങളെ അവർ അഭിമുഖീകരിക്കുന്നു. ഒന്ന്, അവർ സമൂഹത്തിൽ ഏതുതലത്തിൽ ജീവിക്കുന്നു. രണ്ട്, സാഹിത്യത്തിൻ്റെ അനുഭവം. ഈ രണ്ടു ലോകങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടാണ് അവർ എഴുതുന്നത്. സാഹിത്യം ഒരു സമുന്നതമായ, സൂക്ഷ്മമായ  അനുഭവമാണെന്നും വ്യക്തി എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങളും സാമൂഹ്യശ്രേണിയിലുള്ള തന്റെ ജീവിതവും അതിൽ നിന്നു വളരെ ദൂരെയാണെന്നും എർണോ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുള്ള  എഴുത്തുകാർ ഇന്നു വളരെ വളരെ
ദുർല്ലഭമാണെന്നു പറയട്ടെ .

പൊളിറ്റിക്കലി കറക്ട് 

രാഷ്ട്രീയമായി ശരിയെന്ന അർത്ഥത്തിൽ 'പൊളിറ്റിക്കലി കറക്ട്' എന്നു പറയുന്നത് ആരെയും വേദനിപ്പിക്കാതെ പെരുമാറുന്നതിനെക്കുറിച്ചാണല്ലോ. പൊതുമര്യാദ പാലിച്ചു സംരക്ഷണം തേടുകയാണ് ഉചിതമെന്നു കരുതുന്നവർ കലാരംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കുമെന്നു കരുതാനാവില്ല. കലാകാരന്റെ മുന്നിലുള്ളത് ഭാവിയാണെങ്കിലും അവനു നേരിടാനുള്ളത് ഭൂതകാലത്തെയാണ്. ഭൂതകാലമെന്നാൽ നിറയെ ശൈലികളാണ് ,ഭാഷകളാണ്, ചിന്തകളാണ്, മാതൃകകളാണ്. ഭൂതകാലം ഒരു സമസ്യയാണ്.  വെറുതെയിരുന്നാലും ഇതെല്ലാം വന്നു ഒരുവൻ്റെ തലയിൽ വീഴും. അകൽച്ച, വെറുപ്പ്, ദുഷ്പ്രഭുത്വം തുടങ്ങിയവ നമ്മൾ കണ്ടുപിടിച്ചതല്ല;അതെല്ലാം ഇവിടെ ഉണ്ടായിരുന്നു. നമ്മൾ കുടിച്ച വെള്ളത്തിലും കഴിച്ച ഭക്ഷണത്തിലും അതുണ്ടായിരുന്നു. നമ്മുടെ നോട്ടങ്ങളിൽ ഇതെല്ലാം ലയിച്ചു ചേർന്നിരിക്കുകയാണ്. ഭൂതകാലം ഇതിന്റെയെല്ലാം ജീനുകളെ വഹിക്കുകയാണ് .പിന്നെങ്ങനെ നമ്മൾ മോചിതരാകും ?

അതുകൊണ്ടാണ് മഹാവിമർശകനായ ജോസഫ് മുണ്ടശ്ശേരി തൻ്റെ 'പ്രയാണം' എന്ന ലഘുഗ്രന്ഥത്തിൽ പറയുന്നത് ,ഫ്യൂഡലിസത്തിൽ നിന്നു  വെറുതെ ഒരു ചാട്ടം ചാടിയാൽ കമ്മ്യൂണിസ്റ്റാകില്ലെന്ന് .കാരണം, കുറെ ദൂരം താണ്ടാനുണ്ട്. മാനസികമായ പരിവർത്തനം അതിനാവശ്യമാണ്. വെറുതെ ആഗ്രഹിച്ചാൽ പോരാ ;നമ്മുടെ ശാരീരിക ചലനങ്ങളിൽ ,ശരീരഭാഷയിൽ, വീക്ഷണങ്ങളിൽ കലർന്നിരിക്കുന്ന കാലഹരണപ്പെട്ടതും അപരിഷ്കൃതവുമായ ചിന്തകളെ തിരിച്ചറിഞ്ഞു ദൂരീകരിക്കേണ്ടതുണ്ട്. 
അതുകൊണ്ട് കലാകാരൻ തൻ്റെ ഭൂതകാലത്തെ നേരിട്ട് ജയിക്കേണ്ടതുണ്ട്. മാനസികവും ബുദ്ധിപരവുമായ ഒരു എതിരിടലാണത്. 
ഭൂതകാലമെന്നാൽ ഒരു കാലഘട്ടമല്ല; ആകെ ചരിത്രമാണ് .രാഷ്ട്രീയ, സാമൂഹിക ചരിത്രം മാത്രമല്ല; വ്യവസ്ഥകളായി രൂപപ്പെടാത്ത അനേകം ചരിത്രങ്ങളുണ്ട്; വികാരങ്ങളുടെയും ആത്മീയ പരിവർത്തനത്തിൻ്റെയും ചരിത്രമുണ്ട്.

കൃഷ്ണമൂർത്തിയും സൗന്ദര്യവും 

തത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു: 'സൗന്ദര്യത്തെ അറിയാതെ, അതിനെ വൈകാരികമായി ഉൾക്കൊള്ളാതെ ഒരു പ്രേമവും സാധ്യമാകില്ല. അഴുക്കുള്ള പാതയെക്കുറിച്ച് ,ജനങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് ,നദിയെക്കുറിച്ച്, പ്രകൃതിയെക്കുറിച്ചുള്ള അറിവാണ് സ്നേഹം. വൈകാരികതയാണ് സ്നേഹത്തിൻ്റെ സത്ത. എന്നാൽ ഭൂരിപക്ഷമാളുകളും വൈകാരികതയെ ഭയക്കുന്നു. അവർ  വൈകാരികമാകുന്നതിനെ ഉപദ്രവമായി കാണുന്നു. അതുകൊണ്ട് അവർ സ്വയം കഠിനഹൃദയരാകുന്നു. അങ്ങനെയവർ സ്വന്തം സങ്കടങ്ങളെ സൂക്ഷിച്ചുവയ്ക്കുന്നു. അല്ലെങ്കിൽ അവർ പലവിധത്തിലുള്ള വിനോദങ്ങളിലേക്ക്, ആരാധനകളിലേക്ക്, പരദൂഷണത്തിലേക്ക് കാഴ്ചകളിലേക്ക്, ആകൃഷ്ടരാവുന്നു'.

ഓരോ നിമിഷവും നമുക്ക് ജീവിക്കാനുള്ളതാണ് .അതുകൊണ്ട് വൈകാരികത എപ്പോഴുമുണ്ട്. അതിനെ തഴയാനുള്ളതല്ല. ഇന്നത്തെ സാഹിത്യകൃതികൾ അനാവശ്യമായി പൊളിറ്റിക്കലി കറക്റ്റ് ആവുകയാണ്.ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തെയും കാണാതെ ,പ്രതികരിക്കാതെ മുരിങ്ങമരത്തിൽ കാക്ക വന്നിരുന്നതിനെക്കുറിച്ചും വനപാലകർ പുലിയെ കറിവെച്ച് കഴിക്കുന്നതിനെ ക്കുറിച്ചും കൂട്ടുകാരൻ്റെ  അച്ഛനെക്കുറിച്ചും എഴുതി രക്ഷപ്പെടുന്നു .യാതൊന്നിനെയും ഗൗരവത്തോടെ അഭിമുഖീകരിക്കാൻ സാധിക്കാത്ത ഒരു കലാകാരസമൂഹം  പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഗദ്യത്തിൻ്റെ കാലം 

എന്താണ് യാഥാർത്ഥ്യമെന്നു  തിരിച്ചറിയപ്പെടുന്നില്ല .രാഷ്ട്രീയ ലേഖനങ്ങൾ പോലും ഉണ്ടാകാത്തത് ഈ 'പൊളിറ്റിക്കലി കറക്ട്' മനോഭാവം മൂലമാണ്. വർഷങ്ങൾക്കു ശേഷം കോൺഗ്രസ്സിൽ ഒരു തിരഞ്ഞെടുപ്പ് വന്നപ്പോൾ പൗരന്മാർക്ക് നീതിബോധം ഉണ്ടാകുന്ന തരത്തിൽ ഒരു ലേഖനം മലയാളത്തിൽ എഴുതപ്പെട്ടില്ല. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ, ഒരു മന്ത്രിയുടെ കാര്യത്തിൽ തനിക്ക് പ്രീതിയില്ല എന്ന നിലപാടിന്റെ പ്രശ്നത്തിൽ, നീതിയുടെയും മനസ്സാക്ഷിയുടെയും തീപ്പൊരിയുള്ള ഒരു ലേഖനം എഴുതപ്പെടുന്നില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് സി.നാരായണപിള്ള  എഴുതുമായിരുന്നു.

ഇന്നത്തെ സാഹിത്യലേഖനങ്ങൾ ഭൂരിപക്ഷവും തന്നെ തൊഴിലിന്റെ ഭാഗമായി എഴുതപ്പെടുന്നതാണ്. ഒന്നിലും മനസ്സാക്ഷിയോ മനുഷ്യത്വമോ സത്യമോ ഇല്ല .ഗദ്യം ഏതാണ്ട് മരിച്ചു എന്നു പറയാം. ഇന്നു ഗദ്യത്തിനു  മനസ്സോ ,സഹവർത്തിത്വമോ ,മമതയോ ഇല്ലാതായി .ഗദ്യത്തിനു അന്തരംഗ സമുദ്രങ്ങൾ വേണം ,കവിതയേക്കാൾ.ഗദ്യം അതിൻ്റെ തന്നെ രാഗം കണ്ടെത്തുകയാണ്. തകഴി തോട്ടിയുടെ മകൻ ,രണ്ടിടങ്ങഴി എന്നീ കൃതികൾ എഴുതിയത് പൊളിറ്റിക്കലി കറക്ടാവാൻ തനിക്ക് കഴിയില്ലെന്ന ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ടാണ്. ഒ.വി.വിജയൻ 'ധർമ്മപുരാണം' എന്ന നോവലും 'എണ്ണ' എന്ന കഥയും എഴുതിയത് ഈ ബോധ്യത്തിൻ്റെ പിൻബലത്തിലാണ്. 

തന്റെ കാലഘട്ടത്തിലെ നിശ്ചലതയെയും ജീർണതയെയും   മരണത്തെയും വൈകാരികമായി തിരിച്ചറിയാനാവുന്നില്ലെങ്കിൽ എഴുതിയതുകൊണ്ട് എന്താണ് പ്രയോജനം? മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോ തൻ്റെ 'പെഡ്രോ പരാമോ 'എന്ന ഒരേയൊരു നോവലിലൂടെ ഇത് സാധ്യമാക്കി. ഇവിടെ അമ്പത് നോവലെഴുതുന്നവർക്കു പോലും അത് അസാധ്യമാണ്. യാതൊന്നിനോടും പ്രതികരിക്കാതെ ,വൈകാരിക ബന്ധമില്ലാതെ ഉറക്കം തൂങ്ങി എഴുതുന്ന കൃതികൾക്ക് അനേകം  പുരസ്കാരങ്ങൾ കിട്ടുന്നത് എന്തിൻ്റെ ആപത് സൂചനയാണ് !ഇത്  എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ ?

ആത്മകഥയ്ക്ക് പറ്റിയ ജീവിതമില്ല 

ചലചിത്ര നടൻ മധു സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധേയമായി തോന്നി. ആത്മകഥ എഴുതുന്നില്ലേ എന്നു ഒരു മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ,തന്റെ ജീവിതം എഴുതാൻ മാത്രം വലിപ്പമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല എന്ന്. കുറെ സിനിമകളിൽ അഭിനയിച്ചു , സംവിധാനം ചെയ്തു എന്നത് നേരാണ്. അതൊക്കെ അസാധാരണമാണെന്ന് കരുതുന്നില്ല. സ്വന്തം ജീവിതത്തെ വല്ലാതെ പെരുപ്പിച്ച് അമിതമായ ആത്മവിശ്വാസവുമായി  നടക്കുന്നവരുടെ കൂട്ടത്തിൽ ഇപ്പോൾ എഴുത്തുകാരാണ് അധികവും .

ജീവിതത്തിലെ ഓരോ ദിവസവും എന്നും ഓർക്കപ്പെടേണ്ട മഹാസംഭവങ്ങൾ നിറഞ്ഞതാണെന്നു ചിന്തിക്കുന്നത് മൗഢ്യമല്ലേ ? യാതൊരു മൂല്യവുമില്ലാത്ത കാര്യങ്ങൾ, അമിതമായ ആത്മരതിയുടെ ഫലമായി എഴുതിവയ്ക്കുകയാണ് .മറ്റൊരാളായി മാറി നിന്ന ശേഷം സ്വന്തം ജീവിതത്തെ നോക്കൂ .ജീവിതം  ഒരു നിത്യയാഥാർഥ്യമാണോ? ഈ ശരീരമൊരു വാടക വണ്ടി പോലെയല്ലേ ? എവിടെനിന്നോ കിട്ടിയ ഒരു വണ്ടി ഉപയോഗശേഷം ഉപേക്ഷിക്കുന്നു ;മറ്റൊരാൾക്കും ഉപയോഗിക്കാനാവാത്ത വിധം അത്  തകരാറിലായിട്ടുണ്ടാകും. ആ ശരീരത്തിന്റെ പേരിൽ അനശ്വരത ആഘോഷിക്കാൻ എന്താണുള്ളത്? പിന്നെയുള്ളത് മനസ്സാണ്. മനസ്സ് ഒരു  നേരാണോ ?കുറേക്കാലം പ്രേമിച്ചു ഒരു കുഴിയിൽ മരിക്കാൻ ആഗ്രഹിച്ചു നടക്കുന്ന കമിതാക്കളുണ്ട്. എന്നാൽ പിന്നീട് പിണങ്ങുമ്പോൾ പഴയതെല്ലാം വ്യാജമായിത്തീരുന്നു. ശത്രുവാകാൻ ഒരു മടിയുമില്ല. മനസ്സ് ഒരു വ്യാജബിംബമല്ലേ? മനസ്സിൽ  തോന്നുന്നതെല്ലാം മിക്കവാറും കളവായിരിക്കും ;അല്ലെങ്കിൽ അത് കള്ളമാണെന്ന് തെളിയിക്കാൻ അധിക സമയം വേണ്ടിവരില്ല. അതുകൊണ്ട് ആത്മകഥ ഒരു സുരക്ഷിത പാതയല്ലെന്നു  എഴുത്തുകാരൻ മനസ്സിലാക്കുന്നതാണ് നല്ലത്.

ഖസാക്ക് 100 ൽ 

'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൻ്റെ നൂറാം പതിപ്പ് (ഡി.സി) പുറത്തിറങ്ങുകയാണ്. 1969 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. മലയാളഭാഷയെയും സാഹിത്യത്തെയും സൗന്ദര്യബോധത്തെയും ആധുനികമായ പരിവർത്തനത്തിനു വിധേയമാക്കിയ ഒരേയൊരു കൃതിയാണിത് .മറ്റൊരു ശാഖയിലും ഇതിനു സമാനമായ സ്ഥാനമുള്ള ഒരു കൃതിയില്ല .ഈ നോവലിനെക്കുറിച്ച് ഞാൻ എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) ഒരു സാമ്പ്രദായിക പഠനമല്ല; വിമർശകൻ്റെ കലയാണ്. ഖസാക്കിനെക്കുറിച്ച് ഉണ്ടായ ആദ്യത്തെയും അവസാനത്തെയും കൃതിയാണിത്. ഈ നോവൽ എന്നിൽ സൃഷ്ടിച്ച മറ്റൊരു കൃതിയാണിത്. എൻ്റെ ദാർശനിക, സൗന്ദര്യാത്മക പ്രകമ്പനങ്ങളെ കലാപരമായി പുന:സൃഷ്ടിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് അത് ആസ്വാദകൻ്റെ ,വായനക്കാരൻ്റെ ,വിമർശകൻ്റെ കലയായി മാറുന്നത്.

ഞാൻ എഴുതി തുടങ്ങുന്ന കാലത്ത് വിജയനെ വിമർശകരും രാഷ്ടീയക്കാരും സാംസ്കാരിക ശക്തികളും ആക്രമിക്കുന്നതാണ് കണ്ടത്.ശത്രുതയോടെ പലരും എഴുതി .വിജയനെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു. എന്നാൽ ഇതെല്ലാം ഇപ്പോൾ മാറി. എന്തൊരു പരിവർത്തനമാണിത്!. കേരള ,കേന്ദ്ര സാഹിത്യ അക്കാദമികൾക്ക് സൗന്ദര്യബോധം കമ്മിയായതുകൊണ്ട് അവർ രണ്ടു കൂട്ടരും അവാർഡ് കൊടുത്തില്ല. അതും നന്നായി.
ഇപ്പോൾ ഖസാക്ക് ഒരാഘോഷമാണ്. ഇതാ എട്ട് വ്യത്യസ്ത കവറുകളിൽ രൂപകൽപ്പന ചെയ്ത ഖസാക്ക് എഡിഷൻ ഒന്നിച്ചു വാങ്ങുന്നതാണ് ആഘോഷം !.

യുദ്ധം കവിതയിൽ 

പി.ടി. പ്രമീഷ് (യുദ്ധവും ജീവിതവും ,കലാപൂർണ ,സെപ്റ്റംബർ)തൻ്റെ വൈകാരിക ലോകത്ത് തീവ്രമായി അനുഭവിക്കുകയാണ് ,ഒരു യുദ്ധത്തെ . യുക്രെയ്ൻ യുദ്ധം നമ്മുടെ കൺമുന്നിലുണ്ട്. ചിത്രശലഭം ചെരുപ്പിനടിയിൽ അമരുന്നത് കണ്ടാൽ കരയുന്ന കവികൾ പക്ഷേ ,ആ യുദ്ധം കണ്ടില്ല .ഇതാ ,പ്രതിഭയുള്ള പ്രമീഷ് എഴുതുന്നു :
'പൂന്തോട്ടങ്ങൾ 
ബോംബിംഗിൽ കരിഞ്ഞുപോയതിനാൽ
മരിച്ച കുട്ടികളുടെ 
ശവകുടീരങ്ങളിൽ
പൂക്കൾ പോലും 
വയ്ക്കാനായില്ല .
ഭാവിയിലേക്ക് കൈപിടിച്ച് 
നടത്തേണ്ട ,
അവരുടെ പുസ്തകത്തിലെ അക്ഷരമാലകൾ ,
തകർന്ന സ്കൂൾ മൈതാനങ്ങളിൽ
ദുഃഖത്തോടെ അലയുന്നു'.

ഈ അനുഭവം കാകളിയിലെഴുതേണ്ട. ഗദ്യം ധാരാളം മതി. ഈ ഗദ്യം ആധാരത്തിനോ ,മഹസ്സറിനോ ഉപയോഗിക്കുന്നതല്ല .ഇതിൽ മനുഷ്യാത്മാവിൻ്റെ താപമാണുള്ളത്.

കഥയുടെ കർത്തൃത്വം വേണോ ?

'കാഞ്ഞിരത്താഴത്തെ മൂക്കടയാളങ്ങൾ'(ഗ്രന്ഥാലോകം ,ആഗസ്റ്റ്) എന്ന കഥയെഴുതിയ ഉണ്ണികൃഷ്ണൻ കളീക്കൽ കഥ പറയാൻ താല്പര്യമുള്ള വ്യക്തിയാണ്. അതിനുള്ള വാസനയുമുണ്ട്. അത് പ്രാചീനമായ വാസനയാണ് .എന്നാൽ ആധുനികകാലത്തെ കഥ എന്ന സാഹിത്യരൂപത്തിലെത്താൻ ഇതു പോരാ. അതിന്റെ കലാപരവും ശൈലീപരവുമായ സവിശേഷതകൾ അറിയണം. എങ്കിലേ ചെറുകഥയുടെ കർത്തൃത്വം ഒരാൾക്കു ലഭിക്കുകയുള്ളു. സ്രഷ്ടാവ് എന്ന സ്ഥാനം വേണോ ?എന്തെങ്കിലും സൃഷ്ടിച്ചാലല്ലേ അത് സാധ്യമാകൂ ?ഈ കഥയിൽ അനാവശ്യമായ വിവരണങ്ങളാണ് കൂടുതൽ .മനുഷ്യരുടെ മൂക്കിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. കഥയുടെ കലാനുഭൂതി സൃഷ്ടിക്കപ്പെടുന്നില്ല. ഒരു സംഭവത്തിന്റെ, കുറെ സംഭവങ്ങളുടെ സ്ഥൂലമായ വിവരണം ഇന്നു  നോവലിസ്റ്റുകൾക്ക് പോലും വേണ്ടാതായിട്ടുണ്ട്. കഥയിൽ ഒരു മനസ്സിന്റെ ധ്യാനമുണ്ടാവണം. അത് ഏകാന്തമായ ധ്യാനത്തിലേക്ക് നമ്മെ പ്രലോഭിപ്പിക്കണം. വായനക്കാരൻ ആ താമരക്കുമ്പിളിൽ സ്വയം കാണണം

അമ്പും പക്ഷിയും നേർക്കുനേർ /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 






ഒരു സോഷ്യൽമീഡിയ മനസ്സ്, അല്ലെങ്കിൽ മനോഭാവം ഇന്നു  രൂപപ്പെട്ടിട്ടുണ്ട് .സോഷ്യൽ മീഡിയയ്ക്ക് മാനാഭിമാനങ്ങളില്ല .നിയമങ്ങൾ പോലും അവിടെ ദുർബ്ബലമാണ്. ഒരാൾക്ക് സ്വന്തം പ്രൊഫൈൽ  മറച്ചുവച്ച് എന്തും എഴുതാം. പ്രശസ്തനായ ഒരാൾ മരിച്ചു എന്നു തെറ്റായ വാർത്ത നല്കുന്നതിൽ ആഹ്ളാദിക്കുന്ന ഒരു മാധ്യമ സംസ്കാരമാണ് ചുറ്റിനും കനം വയ്ക്കുന്നത്. ഒരു സെലിബ്രിറ്റി മരിച്ചു എന്നു കള്ളം പറഞ്ഞാൽ യു ട്യൂബിലൂടെ പണമുണ്ടാക്കും. അപ്പോൾ കള്ളത്തിനു മുല്യം കൈവരുകയാണ്. ഒരാൾ എത്രത്തോളം വ്യാജമാകുന്നു എന്നത് സോഷ്യൽ മീഡിയയിൽ ഒരു ട്രേഡ് മാർക്കാണ്. അത് വിജയത്തിൻ്റെ പ്രതിലോമകരമായ വിജയമാണ്.  പ്രകോപനങ്ങൾ ,അട്ടഹാസങ്ങൾ, തെറികൾ, ആക്രോശങ്ങൾ, വെല്ലുവിളികൾ, നുണകൾ എല്ലാം ചേർന്നതാണ് സോഷ്യൽ മീഡിയയിലെ ഭാഷ .അവിടെ ദൈവങ്ങളില്ല;ഓർമ്മകളില്ല. ദൈവം 'യഥാർത്ഥ'മായി നിൽക്കുന്നത് പുറംലോകത്താണ്;ചിലപ്പോഴൊക്കെ മനുഷ്യമനസിലും .ഒരു  ആരാധനാലയത്തിൽ നാം പ്രതീക്ഷിക്കുന്നത് ,സങ്കല്പിക്കുന്നത് ദൈവത്തെയാണ്.ആരാധനാലയത്തിലും ദൈവമില്ലെന്നു പറഞ്ഞാൽ നിരാശപ്പെടേണ്ടി വരും. അപ്പോൾ നാം ശരിക്കും ഒറ്റപ്പെടും ;ദൈവത്തിൻ്റെ ഒരു പരിഭാഷയാണത്. എന്നാൽ സോഷ്യൽ മീഡിയ ലോകത്ത് ഒരു ദൈവവുമില്ല .അവിടെ  ഓരോരുത്തരും ദൈവമാണ് .ഓരോ വ്യക്തിയും വിധിക്കുന്നു .സ്വയം വാഴുന്നു.അദൃശ്യനായി നടക്കുന്നു. ശരീരമില്ലാതെ ജീവിക്കുന്നു, 

അതുകൊണ്ട് സോഷ്യൽ മീഡിയയിലെ ഭാഷയുടെ വിമതസ്വഭാവം പ്രകോപനപരമായി ഉപയോഗപ്പെടുത്തിയാലേ അവിടെ നിലനിൽക്കാനാവൂ. ഒരു പുതിയ മാധ്യമത്തിന്റെ ഉത്തര- ഉത്തരാധുനികമായ ലോകമാണത്. അവിടെ വാർത്ത ഒരാൾക്ക് സ്വയം നിർമ്മിക്കാം .വാർത്തയിൽ ഇടപെടാം. അവിടെ എഡിറ്ററില്ല .പത്രാധിപർ മരിച്ചു. 

കൊല്ലുമ്പോഴും വിനോദം

ന്യൂസിലൻഡിലെ ഒരു ഭദ്രാസനപ്പള്ളിയിൽ പ്രാർത്ഥിച്ചിരുന്നവർക്ക് നേരെ നിറയൊഴിച്ച അക്രമി തൻ്റെ തലയിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ ആ ഭീകരദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്തത് ഓർക്കുമല്ലോ .അയാൾ ദൈവമാകാൻ നോക്കുകയായിരുന്നു. കുറച്ചു നേരത്തേക്കെങ്കിലും താൻ മാത്രം നിയന്ത്രിക്കുന്ന ലോകത്തെ കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം.കൊല്ലുമ്പോഴും ഒരു എൻറർടെയ്ൻമെൻ്റ് വേണമത്രേ. ഈ പെരുമാറ്റഭാഷയും ആംഗ്യചലനങ്ങളും ടെലിവിഷൻ വാർത്താ അവതാരകരെയും ചർച്ചയിൽ പങ്കാളികളായി എത്തുന്നവരെയും  സ്വാധീനിച്ചിരിക്കുകയാണ്. ഓരോ ചാനൽ ചർച്ചയും പിന്നീട് യൂട്യൂബ് ദൃശ്യങ്ങളായി മാറാനുള്ളതാണ്. ചാനൽ ചർച്ച കൃത്യസമയത്ത് ,റിയൽ ടൈമിൽ നടക്കുന്നതാണ് .എന്നാൽ അതിൻ്റെ  വിപണി പിന്നീട് യൂട്യൂബിൽ പല സമയങ്ങളിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് റിയൽ ടൈമിലെ ചർച്ചയും അതിന്റെ സ്വഭാവവും ഭാഷയും യൂട്യൂബ് പ്രേക്ഷകർക്ക് കൂടി പ്രിയങ്കരമാവുന്ന തരത്തിൽ സജ്ജീകരിക്കാൻ ഉത്പാദകർ തയ്യാറായിരിക്കണം. അതുകൊണ്ടാണ് ഇന്നത്തെ ടെലിവിഷൻ ചാനൽ  ചർച്ചകളിലെ പങ്കാളികളുടെ ഭാഷയും ആംഗ്യങ്ങളും വ്യത്യസ്തമാകുന്നത്. അതിനു എരിവും പുളിയും കൂടുതലായിരിക്കും.എരിവില്ലെങ്കിൽ പ്രേക്ഷകരുണ്ടാവില്ല. അനാവശ്യമായി കോപിക്കുകയോ അശ്ലീലമെന്ന ധ്വനി സൃഷ്ടിച്ചുകൊണ്ട് ചീത്തപറയുകയോ വേണം. കൈയിലുള്ള വകതിരിവില്ലാത്ത ഭാഷ കെട്ടഴിച്ച് വിടണം .താൻ ഒരു മര്യാദകെട്ട വനാണെന്നു പ്രേക്ഷകരെ കൊണ്ട് അംഗീകരിപ്പിക്കുന്നിടത്താണ് ചർച്ചയിലെ പങ്കാളികളുടെ വിജയമിരിക്കുന്നത്. 

ക്ഷോഭിക്കുന്നതിനാണ് മാർക്കറ്റ്. ക്ഷോഭത്തിനു ഒരു വിപണനമൂല്യമുണ്ട്. അത് എതിരാളികളെ സൃഷ്ടിച്ചേക്കാം; അല്ലെങ്കിൽ കാണികളെ ആകർഷിക്കാതിരിക്കില്ല. ശാന്തമായിരിക്കുന്ന ഒരു പട്ടണത്തിൽ മൂന്നോ നാലോ പേർ ചേർന്നുണ്ടാക്കുന്ന തമ്മിലടി പെട്ടെന്നു വലിയൊരു ജനക്കൂട്ടത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.  ചാനൽചർച്ചയിലെ പങ്കാളികളും ഇതിനു സമാനമായ ചലനമാണ് യുട്യൂബിൽ പിന്നീട് സൃഷ്ടിക്കുന്നത്. 

അതുകൊണ്ട് പങ്കാളികളുടെ ഭാഷ വളരെ പരുക്കനായിരിക്കും. എന്നാൽ ഈ ക്ഷോഭവും അംഗചലനങ്ങളും എതിർപ്പും ആരാണ് നിശ്ചയിക്കുന്നത്? അത് വാർത്തയ്ക്ക് മുന്നേ തന്നെ തീരുമാനിക്കപ്പെടുന്നതാണ് .പരസ്യദാതാക്കളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ചാനലിലെ കണ്ടന്റ് പ്രൊവൈഡർമാരാണ് പങ്കാളികളുടെ പെരുമാറ്റരീതിയെ സ്വാധീനിക്കുന്നത്. അവതാരകനെ ,അവർ അതിനായി ദൈവത്തിൻ്റെ തലത്തിലേക്ക് ഉയർത്തുന്നു .അവതാരകൻ്റെ  പദ്ധതിക്കനുസരിച്ച് പങ്കാളികൾ രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിനാണ് മൂല്യം. ഈ ഏറ്റുമുട്ടൽ യൂട്യൂബിൽ രണ്ട് അഭിപ്രായങ്ങളുടെ ,തോന്നലുകളുടെ, തെമ്മാടിത്തങ്ങളുടെ നേർക്കു നേർ പോരാട്ടമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഒരു യാഥാർത്ഥ്യവും ഇന്നു തർക്കിക്കപ്പെടാതെ നിലനിൽക്കുന്നില്ല. യാഥാർത്ഥ്യം തർക്കത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്നതാണോ എന്നു പോലും സംശയമുണ്ട് .


കഥ വേണ്ട; കഥയുടെ കഥ മതി 

'ഗ്രന്ഥാലോകം' മാസികയിൽ  കഥ,കവിത ,ലേഖനം എന്നീ ശാഖകൾക്കു പുറമേ 'കഥയുടെ കഥ' എന്നൊരു പുതിയ ശാഖ കൂടി ആരംഭിച്ചിരിക്കുന്നു .പ്രമുഖ കഥാകൃത്തുക്കൾ അവരുടെ കഥയുടെ വഴി അന്വേഷിക്കുകയാണ്. ഒരു ആത്മകഥാപരമായ കുറിപ്പ്. കഥാകൃത്തു സ്വന്തം കഥയെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ്. ഇന്നു മലയാള ചെറുകഥ ഏതാണ്ട് അവസാനിച്ചു എന്നു പറയാം. വർഷങ്ങളായി കഥാരംഗം തരിശായി കിടക്കുകയാണ്. ശരിയായ പ്രചോദനത്തിൻ്റെ  ശക്തിയിൽ ,ജീവിതാനുഭവത്തിൽ പ്രകാശം വിതറുന്ന ,രണ്ടാമതൊന്നുകൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ ഉണ്ടായിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. എഴുതാൻ വേണ്ടി ഒരു കഥ എഴുതുകയാണ് പലരും .ഒരു കഥ തുടങ്ങി കഴിഞ്ഞ ശേഷമാണ് ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നു കഥാകൃത്ത് ആലോചിക്കുന്നത്. 

സമീപകാലത്ത് വായിച്ച ഭൂരിപക്ഷം കഥകളും അനുഭവദാരിദ്ര്യം,ഭാവനാരാഹിത്യം എന്നിവയാൽ അപ്രസക്തമാവുകയായിരുന്നു. എന്നാൽ 'കഥയുടെ കഥ 'എഴുതാൻ മിക്കവർക്കും കഴിയുന്നു. കഥയുടെ കഥ കലയല്ലല്ലോ .അത് ആഴം കുറഞ്ഞ ഓർമ്മക്കുറിപ്പ് പോലെ ആയാസരഹിതമാണ്.
ആ എഴുത്തിൽ സ്വന്തം ജീവിതത്തെ മഹത്വവൽക്കരിക്കാനാകും. ഒരു കഥ ആവശ്യപ്പെടുന്ന വെല്ലുവിളികളില്ല .ഇനി കഥാകൃത്തുക്കൾ കഥകൾ എഴുതണ്ട; കഥയുടെ കഥ എഴുതിയാൽ മതി. 


എൻ.പി.ഹാഫിസ് മുഹമ്മദ് എഴുതിയ 'മധുരത്തിലെ കയ്പ്'എന്ന ലേഖനം തൻ്റെ കഥാജീവിതത്തെ ഓർമ്മിപ്പിക്കുന്നു:'വീട്ടുകാരോടൊപ്പവും  ചങ്ങാതിമാരോടൊപ്പവും മധുരം നുണയും. ഞാൻ പഠിപ്പിച്ച രാഖിയെയും ബർഷിനയെയും മധുരപ്രിയരാക്കി മാറ്റിയിട്ടുണ്ട് .അധ്യാപകരായ അവരുമായി കൂട്ടുചേർന്ന് മധുരപാനം  ആഘോഷമാക്കാറുണ്ട് .അതൊരനുഷ്ഠാനമാക്കാറുണ്ട്'.ഈ ആർജ്ജവത്വം, സത്യസന്ധത കഥകളിലും വന്നിരുന്നെങ്കിൽ !കഥാകൃത്തുക്കൾ അവരുടെ സരളമായ മനോഭാവങ്ങൾ വീണ്ടെടുക്കുന്നത് ഇത്തരം കുറിപ്പുകളിലൂടെയാണ്. 

വിമർശനത്തിന്റെ നൂലാമാലകൾ

വിമർശനം ഒരു വൈകാരിക പ്രതികരണമാണോ? ചിലർ അങ്ങനെ ധരിച്ചവച്ചിട്ടുണ്ട്. ഒരു സാഹിത്യകൃതിയെയോ, ആശയത്തെ യോ നിന്ദ്യമായി ചീത്തവിളിക്കുന്നത്, വ്യക്തിപരമായ അപമാനം ലക്ഷ്യമാക്കി  എഴുതുന്നത് വിമർശനമായി കാണാനാവില്ല. മഹാനായ ലെനിൻ  എതിരാളികളെ അങ്ങനെ വിമർശിച്ചിട്ടുണ്ട് .എന്നാൽ അത് ഒരാളുടെ മാനസികാവസ്ഥയുടെ ഭാഗമായി കണ്ടാൽ മതി. എം. കൃഷ്ണൻനായർ പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. കക്കൂസിന്റെ ഭിത്തിയിൽ കരിക്കട്ട കൊണ്ട് കോറിയിടുന്നതു പോലെയാണ് സാഹിത്യരചനയെന്നു ഒരാൾ അധിക്ഷേപിക്കുന്നുണ്ടെങ്കിൽ അത് സാഹിത്യവിമർശനമല്ല .അങ്ങനെ കരുതുന്നവർ വിമർശനം എന്ന പ്രവൃത്തിയെ അതിവൈകാരികതയിലേക്കും അതിഭാവുകത്വത്തിലേക്കും അതിശയോക്തിയിലേക്കും  കൊണ്ടുപോകുന്നവരാണ് .

ഒരു കൂതിയുടെ ഉള്ളടക്കത്തെയോ ഭാഷയെയോ നമുക്ക് തകർക്കാം; യുക്തിയാണ് അതിനുള്ള മാധ്യമം .അധിക്ഷേപം യുക്തിയുടെ വ്യതിചലനമാണ് .അപ്പോൾ അത്  വൈകാരികപ്രകടനം മാത്രമാകും. മഹാനായ അമെരിക്കൻ -ഇംഗ്ളിഷ് കവിയും വിമർശകനുമായ ടി.എസ്. എലിയറ്റിന്റെ 'സേക്രഡ് വുഡ്‌' എന്ന സമാഹാരത്തിൽ 'ദ് പെർഫെക്റ്റ് ക്രിട്ടിക്' എന്നൊരു ലേഖനമുണ്ട്. വിമർശനത്തിന്റെ ബൗദ്ധികവും സൗന്ദര്യാത്മകവും ദാർശനികവുമായ വഴികളെക്കുറിച്ചെല്ലാം ചിന്തിച്ച വ്യക്തിയാണല്ലോ എലിയറ്റ് .കൃതികളുടെ പഠനം എഴുതുന്നവരെ വിമർശകരെന്ന് വിളിക്കാനാവില്ല. പഠനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഒരു കൃതിയിലെ ഉള്ളടക്കത്തെക്കുറിച്ച്, ആവിഷ്കാരത്തെക്കുറിച്ച് ലഭ്യമായ ചില മാതൃകകളിൽ വച്ച്, വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി അവലോകനം ചെയ്യുക മാത്രമാണ് പഠനക്കാർ ചെയ്യുന്നത്. എന്നാൽ വിമർശനം അതല്ല; വിമർശനം ഒരു കലയും ആശയപരമായ ഒരു ജീവിതവുമാണ്‌ .അതിൽ ഒരു വാദമുണ്ട്. അത് നിലവിലുള്ള ചിന്താധാരയെ ,സൗന്ദര്യാവബോധത്തെ,ഉറച്ചുപോയ ആശയസങ്കല്പങ്ങളെ നിരാകരിച്ച് പുതിയൊരു ദിശ ചൂണ്ടിക്കാണിക്കുകയാണ് .നിലവിലുള്ള ഒരാശയത്തിന്റെ പരിചയപ്പെടുത്തലോ ,ഒരു സിദ്ധാന്തത്തിൻ്റെ പ്രയോഗമോ അല്ല അവിടെയുള്ളത്. എലിയറ്റ് പറയുന്നു , ഒരു കാവ്യവിമർശകൻ കവിതയെ വിമർശിക്കുന്നത് കവിത സൃഷ്ടിക്കാൻ വേണ്ടിയാണെന്ന്. വിമർശനവും സൃഷ്ടിയും രണ്ടുതരം ഭാവുകത്വമാണ് ,വൈകാരികതയാണ്. എന്നാൽ അത് പരസ്പരപൂരകമാണ്. വൈകാരിക സംവേദനം അപൂർവ്വമായിരിക്കുമ്പോൾ അതിൻ്റെ പ്രീതി കുറഞ്ഞിരിക്കുമ്പോൾ, അഭിലഷണീയമായിരിക്കുമ്പോൾ  വിമർശകനും സൃഷ്ടികർത്താവും ഒരേ യാളായിരിക്കേണ്ടിവരുമെന്നാണ് എലിയറ്റ് നല്കുന്ന സന്ദേശം.

വിമർശനത്തിൽ കവിതയുണ്ട്.  കവിതയെക്കുറിച്ചുള്ള ഒരു ലക്ഷ്യമില്ലെങ്കിൽ വിമർശനത്തിന്റെ ആവശ്യം തന്നെയില്ല. പക്ഷേ ,അത് വിമർശനത്തിൻ്റെ കവിതയാണ്. പക്ഷിയെ ഉന്നം വച്ചാണ് അമ്പെയ്യുന്ന തെങ്കിൽ അമ്പിൻ്റെ സഞ്ചാരപഥത്തിൽ ഒരു പക്ഷിയുണ്ടായേ തീരു.  അതുപോലെ, പക്ഷിയെ തേടുന്ന ഒരു അമ്പും ഉണ്ടായിരിക്കണം. അമ്പും പക്ഷിയും നേർരേഖയിൽ വരുമ്പോഴാണ് ആ പാരസ്പര്യം സംഭവിക്കുന്നത്. അമ്പ് പാഞ്ഞുചെന്ന് പക്ഷിയെ കൊല്ലുകയാണ്. വിമർശനം ഒരമ്പാണ്. അത് സാഹിത്യകൃതിയെയാണ്  വധിക്കുന്നത്. നിലവിലുള്ള ധാരണകളെ നശിപ്പിക്കാതെ ഒരു പുതിയ ധാരണ രചനയുടെ കാര്യത്തിൽ സാധ്യമല്ല. 

ഹെമിംഗ്വേയുടെ 'ദ് ഓൾഡ് മാൻ ആൻഡ് ദ് സീ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ സാൻ്റിയാഗോയെക്കുറിച്ചുള്ള ധാരണ മാറണമെങ്കിൽ പുതിയതൊന്നു കൊണ്ടുവരണം. എലിയറ്റ് പറയുന്ന 'ന്യൂ ഇംപ്രഷൻ 'ഇതു തന്നെയാണ്. 
ഒരു പുതിയ ധാരണ നിലവിലുള്ള ധാരണയെ പുതുക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ സാഹിത്യവിമർശനം സാഹിത്യകൃതിയെ വധിക്കുകയാണ് ചെയ്യുന്നത് ,ഒരു പുതിയ ഇംപ്രഷൻ സൃഷ്ടിക്കുന്നതിന് വേണ്ടി .

രഹസ്യം തേടി 

ബി. ഷിഹാബിന്റെ 'ഇനിയെത്ര ദൂരം'(സൈൻബുക്സ് )എന്ന പുതിയ കവിതാസമാഹാരത്തിലെ 'പുസ്തകം' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്:
'എന്തെങ്കിലും 
തരപ്പെടണമെങ്കിൽ 
എപ്പോഴും ചൂണ്ടയിട്ട് 
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം.'
കാലം എപ്പോഴും 
കുതിച്ചു പായുന്നുണ്ടാവും'.

ഒരു സൃഷ്ടി എപ്പോഴും അനാവൃതമല്ല.  അത് തുറക്കാനായി കാത്തിരിക്കണമെന്നാണ് കവി പറയുന്നത് .