Friday, December 9, 2022

സത്യത്തിൻ്റെ മഷി /അക്ഷരജാലകം / എം.കെ.ഹരികുമാർ 

 





പ്രമുഖ ഫ്രഞ്ച് കവി പോൾ എല്വാദ് (1895-1952) സ്നേഹത്തിന്റെ ആഴങ്ങളിലേക്കാണ് പോയത്.സ്വന്തം വികാരങ്ങളെ സ്വയം ഒറ്റിക്കൊടുക്കാത്ത ആത്മാർത്ഥതയാണത്. സ്നേഹിക്കാൻ വേണ്ടി അദ്ദേഹം തൻ്റെയുള്ളിൽ തന്നെ ഒരു ക്രിസ്തുവിനെ അന്വേഷിച്ചു എന്നു പറയാം. അദ്ദേഹം തൻ്റെ മജ്ജയിലും മാംസത്തിലും ക്രിസ്തുവിനെ കുരിശിലേറ്റിയ രൂപം അന്വേഷിച്ചു എന്നു വിശദീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം, സ്നേഹം അദ്ദേഹത്തിനു ഒരു കുരിശുമരണമായിരുന്നു. ഇനിയും കണ്ടെത്താനുള്ള എന്തോ ഒന്ന്. തന്റെ പ്രണയിനിയുടെ പേര് ചുറ്റിനും കണ്ട ഇലകളിലും പാറകളിലും പൊടിമണലിലും മറ്റു വസ്തുക്കളിലും എഴുതിവെച്ചു എന്നു ഒരു കവിതയിൽ എഴുതുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഏതാനും കവിതകളടങ്ങിയ സമാഹാരമാണ് 'ക്യാപ്പിറ്റൽ ഓഫ് പെയിൻ'.താൻ വേദനയുടെ തലസ്ഥാനമാണ് ,കേന്ദ്രമാണ് എന്നു അതിൽ മന്ത്രിക്കുന്നു.

എന്താണ് തൻ്റെ പ്രേമമെന്നു അന്വേഷിച്ച കവി അത് കലയിലാണുള്ളതെന്നു തിരിച്ചറിയുന്നു.  എന്താണ് ആ കല? അത് കലാകാരന്റെ വ്യവഹാരലോകത്തെ നിയന്ത്രിക്കുന്ന കലയല്ല ;സകല പ്രകൃതിയിലും നിലീനമായ കലയാണ്.
അദ്ദേഹം 'ഇൻവെൻഷൻ' എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു: 

'പ്രേമത്തിന്റെ കല ,
സ്വതന്ത്രമായ കല,
നന്നായി മരിക്കുന്നതിന്റെ കല ,
ചിന്തയുടെ കല ,പൊരുത്തക്കേടിന്റെ കല,പുകവലിയുടെ കല ,
സന്തോഷത്തിന്റെ കല,
മധ്യകാലത്തിന്റെ കല ,അലങ്കാരങ്ങളുടെ കല,
ബുദ്ധവിചാരത്തിന്റെ കല ,
നന്നായി കണക്കുകൂട്ടുന്നതിന്റെ 
കല,കവിതയുടെ കല ,
യാന്ത്രിക കല,
ലൈംഗികതയുടെ കല,
ഒരു മുത്തച്ഛനായിരിക്കുന്നതിൻ്റെ
കല, നൃത്തത്തിൻ്റെ കല ,
കാണലിൻ്റെ കല ,
മനോജ്ഞതയുടെ കല ,
തലോടലിൻ്റെ കല ,ജാപ്പനീസ് കല ,
കളിയുടെ കല ,ഭക്ഷണം 
കഴിക്കുന്നതിൻ്റെ കല ,
പീഡനത്തിന്റെ കല ,
എന്നാൽ ഞാൻ സ്നേഹിച്ചതിനെക്കുറിച്ച്
എഴുതിയതൊന്നും ഒരിടത്തും 
കാണാൻ കഴിഞ്ഞില്ല'.

എന്താണ് കാരണം? അതെല്ലാം കവി സ്വയം നിർമ്മിച്ച ലോകങ്ങളായിരുന്നു.  വികാരം നമ്മുടെയുള്ളിലെ ഉന്മത്തതയിൽ മയങ്ങുന്ന ഒരു നാഗമാണ് .എന്നാൽ അതിനെക്കുറിച്ച് കൂടുതൽ അറിയാനുണ്ട്. സ്വാനുഭവത്തിലാണ് വികാരങ്ങളെ കാണേണ്ടത് .മറ്റൊരാൾ എഴുതിയതിൽ നമ്മുടെ വികാരം ഉണ്ടാവുകയില്ല .നമുക്ക് നോവുമ്പോഴാണ് ദുഃഖം എന്താണെന്നു  മനസ്സിലാവുന്നത്. ഓരോന്നിലും അതാവശ്യപ്പെടുന്ന കല ഉൾച്ചേർന്നിരിക്കുന്നു. സ്നേഹം എന്താണെന്നു അറിയണമെങ്കിൽ കവിത വായിച്ചാൽ  പോരാ,നിരുപാധികമായി സ്നേഹിച്ചു നോക്കണം. ഈ വൈകാരികക്ഷമതയുടെ ആഴം , സത്യസന്ധത, മാർദ്ദവം ഇന്നത്തെ സാഹിത്യരചനകളിലില്ല. 

ഈ കഥ എഴുതരുതായിരുന്നു 

എൻ. പ്രഭാകരൻ്റെ 'മിണ്ടാസ്വാമി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 25) മലയാള കഥ എത്രമാത്രം ദുർബ്ബലമായിരിക്കുന്നു എന്നു തെളിയിക്കുന്നതാണ്. ഈ കാലഘട്ടത്തിൽ ഇതുപോലൊരു കഥ എഴുതരുതായിരുന്നു. മലയാളകഥയുടെ പുതിയ മുഖം എന്ന നിലയിൽ അവതരിപ്പിക്കരുതായിരുന്നു. അഭിരുചികൾക്കു നാശം സംഭവിച്ച കാലഘട്ടമാണിത്. അതുകൊണ്ട് ആരെഴുതിയതും ഏറ്റവും നല്ലതെന്നു പറഞ്ഞ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാവും .മൂല്യങ്ങളുടെ സംഘർഷം അനുഭവിക്കാത്ത ഈ പുതിയ ലോകത്ത് പിസയും കുഴിമന്തിയും കഴിക്കുന്നതാണ് മൂല്യം. ഷവർമ്മ വേണോ അൽഫാം വേണോ എന്നു തർക്കിക്കുന്നതാണ് ഇന്നത്തെ മൂല്യസംഘർഷം. ബിരിയാണിയിൽ ഇറച്ചി കുറഞ്ഞു പോയതിൻ്റെ പേരിൽ  ഹോട്ടലുടമയെ തല്ലുന്നതാണ് ഇന്നത്തെ മൂല്യം! ഒരു കഥയെക്കുറിച്ച് വായനക്കാരനോ ,വിമർശകനോ നിഷ്കളങ്കമായി അഭിപ്രായം പറഞ്ഞാൽ ,വിയോജിച്ചാൽ ഉപരോധം ഏർപ്പെടുത്തുന്ന കാലമാണല്ലോ ഇത്. എന്നാൽ എഴുതാൻ സത്യത്തിന്റെ മഷി  തേടുന്നവർക്ക് മറ്റെന്താണ് മാർഗം? ഒരു നോവലിൻ്റെയോ നാടകത്തിന്റെയോ പ്രചാരണമേറ്റെടുക്കാൻ തയ്യാറായാലേ  സാഹിത്യരംഗത്ത് വേണ്ടത്ര പിന്തുണ കിട്ടൂ എന്നു പറയുന്നവരുണ്ട് .എന്നോട് കഴിഞ്ഞ ദിവസം ഒരു അക്കാദമിക് എഴുത്തുകാരൻ പറഞ്ഞു, താങ്കൾ ഇടതുപക്ഷത്തേക്ക് വാ ,അല്ലെങ്കിൽ ഈ കൃതികളെക്കുറിച്ച് (അദ്ദേഹം ചില നോവലുകളുടെ പേര് പറഞ്ഞു) എഴുതൂ .അപ്പോൾ താങ്കൾക്ക് വലിയ സൗഭാഗ്യങ്ങൾ കൈവരുമെന്ന് .  അല്ലെങ്കിൽ ഹിന്ദുസ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെ ഒന്നു  അപമാനിച്ചേക്കൂ .വലിയ നേട്ടങ്ങൾ ഉടനെ ലഭിക്കുമെന്ന്! എനിക്ക് ,പക്ഷേ ഇതൊന്നും വശമില്ല, താല്പര്യവുമില്ല. ഞാൻ എന്റെ പക്ഷമാണ്; വായനക്കാരൻ്റെ മനസ്സിൽ സത്യമെന്ന് തോന്നാവുന്നതാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.

എൻ. പ്രഭാകരന്റെ 'മിണ്ടാസ്വാമി' ശരിയായ പ്രചോദനത്തിൻ്റെ ബലത്തിൽ എഴുതിയതല്ല. തല്ലിക്കൂട്ടിയ കഥയാണ്. എഴുതി തുടങ്ങിയ ശേഷം കഥയെ എങ്ങോട്ട് നയിക്കണമെന്നു കഥാകൃത്ത് കുഴങ്ങുന്നത് വ്യക്തമായ റിയാം. ഒരു കൃഷ്ണൻകുട്ടിയാണ് കഥാപാത്രം. അയാൾ ജീവിതത്തിൽ പല വേഷങ്ങൾ ചെയ്യുന്നു. എന്തിനാണെന്നു കഥാകൃത്തിനറിയില്ല. ഒടുവിൽ അയാൾ എല്ലാവരെയും തെറി വിളിക്കുകയാണ്.അതിനും ഉത്തരമില്ല. തെറി പറഞ്ഞു നടന്ന ഈ മഹാനെ ഒരുനാൾ ആളുകൾ തല്ലുകൊടുത്തു കടത്തിക്കൊണ്ടുപോകുന്നു. പിന്നീട് ഗ്രാമം അയാളെയോർത്തു ദുഃഖിച്ചുവെന്ന് .കോവിഡും പ്രളയവും അന്ധവിശ്വാസങ്ങളും ക്രൂരതയും  നിറഞ്ഞാടുന്ന ഒരു സമൂഹത്തിൽ വായിക്കാനുള്ള വിഭവമാണോ ഇത്? കഥാകൃത്ത് ഈ സമൂഹത്തിൽ നിന്നു എത്ര അകന്നു പോയിരിക്കുന്നു. 
പ്രഭാകരൻ്റെ മനസ്സിൽ കഥയില്ല. അത് തുറന്നുപറഞ്ഞു കുറെ നാൾ മൗനത്തിൽ പ്രവേശിക്കുകയാണ് വേണ്ടത്. എന്തെഴുതിയാലും  പ്രസിദ്ധീകരിക്കും എന്നത് എഴുത്തുകാരനു പ്രലോഭനമാകരുത് .പൂർണമായ ധ്യാനവും സൗന്ദര്യാത്മകമായ മനനവുമാണ് പ്രധാനം. അത് നഷ്ടപ്പെട്ടാൽ കലാകാരന്റെ ജീവിതം ക്ളേശകരമായിരിക്കും.

മാറ്റത്തിൻ്റെ മൂല്യം 

മാറ്റം എന്നത് രാഷ്ട്രീയപാർട്ടികളുടെ യോ സാമൂഹികസംഘടനകളുടെയോ മാത്രം ആവശ്യമല്ല. മാറ്റത്തിന്റെ മൂല്യം അളക്കാൻ സമൂഹം ആരെയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടില്ല. എന്നാൽ മാറാൻ നമ്മൾ വിധിക്കപ്പെടുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മനുഷ്യൻ അനുഭവിച്ച സൗഭാഗ്യങ്ങളുടെ ആയിരം ഇരട്ടിയാണ് ഇപ്പോഴുള്ളത്. ഒരു സൗഭാഗ്യം പോലും ആരും വേണ്ടെന്നു വയ്ക്കുന്നില്ല. പ്രൈവറ്റ് ബസ്സിലും ഓട്ടോയിലും കയറി യാത്ര ചെയ്തിരുന്നവർ മെട്രോ വന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിച്ചു.

രണ്ടായിരാമാണ്ടോടെ മൊബൈൽ ഫോണുകളുടെ വിപ്ലവം തുടങ്ങുകയാണ്. മനുഷ്യജീവിതത്തിന്റെ ബുദ്ധിപരവും വിനോദപരവുമായ ഓരോ മേഖലയും മൊബൈൽ ഫോണിൻ്റെ പരിധിയിലായി. അത് നാൾക്കു നാൾ വർദ്ധിക്കുകയാണ്. ഒരാളുടെ ജീവിതത്തിൻ്റെ സമഗ്രമായ അറിവിനും ഉപയോഗത്തിനും സാധ്യതയ്ക്കും ഒരു മൊബൈൽ അനിവാര്യമായിരിക്കുന്നു. ശരീരത്തിൻ്റെ ഒരവയവമാണത്; അഞ്ചു വിരലുകൾക്ക് മേലെ വളർന്ന ഒരു അവയവം പോലെ. മാത്രമല്ല, അത് മനുഷ്യന്റെ സ്വഭാവത്തെയും ബുദ്ധിയെയും സ്വാധീനിക്കുകയാണ്.പലപ്പോഴും അത്  വിധിയെ പോലും തീരുമാനിക്കുന്നു.  ഒരു ദിവസം ഓഫാക്കി വച്ചാൽ 
സമയബോധവും ചിന്തയും  മാറിമറിയും. വലിയ മാറ്റങ്ങൾ സംഭവിക്കും .ഒരു മാറ്റം നമ്മുടെ സിരകളിലും ചിന്തകളിലും പ്രകടമായിരിക്കെ ആവിഷ്കാരത്തിലും അതിനു ഇടമുണ്ട്.വികാരങ്ങൾ സൂക്ഷിക്കാനുള്ളതാണ് ഫോണുകൾ . അതോടെ നമ്മൾ വികാരരഹിതരും മൂല്യത്തെക്കുറിച്ച് പുതിയ ചിന്തകളുള്ളവരുമായി മാറി.  വികാരങ്ങൾ ഫോണിലേക്ക് നിക്ഷേപിച്ച് സ്വാതന്ത്രമാവുകയാണ് നാം ചെയ്യുന്നത് .ഫേസ്ബുക്ക് എന്നാണ് പേരെങ്കിലും ആർക്കും ഫെയ്സ് ഇല്ലല്ലോ. ഒളിപ്പിച്ച മുഖങ്ങൾ വേറെയുണ്ട്. ഇതിന്റെ ഫലമായി നമ്മുടെ നാഡികളിലും ബുദ്ധിയിലും സംഭവിച്ചിരിക്കുന്ന വേഗം ഭയാനകമാണ് .

നമ്മൾ ഫോണുകളിൽ അഡിക്ട്  ആയതുപോലെ നരഭോജികളുമായിരിക്കുന്നു. സമീപകാലത്ത് ഇറങ്ങിയ ഒരു സിനിമയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്, മനുഷ്യമാംസത്തിനു  ഭയങ്കര രുചിയാണെന്ന്! .ഇത് എന്തിൻ്റെ സൂചനയാണ് ?മനുഷ്യർക്ക് ഒന്നും തന്നെ നിയന്ത്രിക്കാനാവുന്നില്ല.എല്ലാറ്റിൻ്റെയും അങ്ങേയറ്റത്തെ തീവ്രതയിലേക്കാണ് സഞ്ചാരം. സ്വസ്ഥതയും ശാന്തിയും എവിടെ? മനുഷ്യത്വത്തെക്കുറിച്ചുള്ള ആശയങ്ങൾ പുനരുജ്ജീവിപ്പിക്കേണ്ട കാലമാണിത്. രക്തം ദാനം ചെയ്തും കരൾ പകുത്ത്  നല്കിയും മജ്ജ കൊടുത്തും കിഡ്നി മാറ്റി വച്ചും നമ്മൾ നേടുന്ന മനഷ്യത്വത്തിനു ഗുണപരമായ പുതിയ ആദർശങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വിശ്വാസങ്ങൾ നമ്മെ നല്ല മനുഷ്യരാക്കാനാണ് ഉതകേണ്ടത്.

മീശയോ ?

എന്നാൽ 'മീശ'പോലുള്ള നോവലുകളിൽ കാണുന്നതെന്താണ്? ഒരു മതവിഭാഗത്തെ ആരാധനാലയവുമായി ബന്ധപ്പെടുത്തി  അപമാനിക്കുന്നു.മതവിഭാഗത്തെ അപകീർത്തിപ്പെടുത്തിയാൽ പുരസ്കാരം ഉറപ്പാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു കോളേജ് അധ്യാപികയുടെ പുസ്തകത്തിൻ്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ ഓഡിയോ കേൾക്കാനിടയായി. അതിൽ അവർ പറയുന്നത്, ഉപനിഷത്തുകൾ എഴുതിയ മുനിമാർ മദ്യപിച്ചിരുന്നുവെന്നാണ്!. എന്തിനാണ് അവർ ഇങ്ങനെ പറയുന്നതെന്നു  വ്യക്തമാണ് .ഇത് അവർക്ക് പെട്ടെന്ന് തന്നെ കുറെ വായനക്കാരെ നേടിക്കൊടുക്കും .അവരുടെ യൂട്യൂബ് വിഭവങ്ങൾ പരമാവധി ഷെയർ ചെയ്യപ്പെടും. ഫേസ്ബുക്കിൽ ധാരാളം ലൈക്കും കമന്റും കിട്ടണമെങ്കിൽ മതവെറി അത്യാവശ്യമെന്ന നില വന്നിരിക്കുന്നു.

'മീശ' ഒരു തെറ്റായ സന്ദേശമാണ് നൽകുന്നത്. ഒരു വിശ്വാസ സമൂഹത്തെ അപമാനിക്കാൻ എഴുത്തുകാരനു പ്രത്യേക അധികാരമില്ല .എഴുത്തുകാരന്റെ മികവ് സൗന്ദര്യത്തിന്റെ കണ്ടുപിടിത്തത്തിലായിരിക്കണം. ക്രാഫ്റ്റ്, ഭാഷ ,ശൈലി തുടങ്ങിയവയൊക്കെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇത് കെ. പി. അപ്പൻ പറഞ്ഞതുപോലെയല്ല. അപ്പൻ പറയുന്നത് ഭാഷ സൃഷ്ടിക്കുകയാണ് സർഗ്ഗാത്മകലാകാരന്റെ ജോലിയെന്നാണ്. ഭാഷ സൃഷ്ടിക്കാൻ വേണ്ടിയല്ല പോൾ എല്വാദ് കവിതയെഴുതിയത്. എന്നാൽ എല്വാദ് എഴുതുമ്പോൾ ഭാവനയുടെയും ചിന്തയുടെയും പ്രത്യേകതകൊണ്ട് ഭാഷ സ്വാഭാവികമായ ഇലാസ്റ്റികത കൈവരിക്കുകയാണ് .ഉള്ളടക്കത്തിന് അനുസരിച്ച് അത് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുകയാണ്.

മനുഷ്യത്വത്തിൻ്റെ അഭാവം 

ടി.പത്മനാഭനെ അനുകരിച്ച് കഥയിൽ  അശോകൻ ചരുവിലും സ്വന്തം ജീവിതമാണ് പറയുന്നത്; അതിലെ നായകനും അദ്ദേഹം തന്നെ. 'ചിത്രമെഴുത്ത്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 3) എന്ന കഥയാണ് വിവക്ഷ. ഈ കഥയിൽ  കഥാകൃത്ത് ജർമ്മനിയിൽ പോയ അനുഭവമാണ് എഴുതിയിരിക്കുന്നത്. മകൻ അവിടെയാണ് താമസം. മകനോടൊപ്പം താമസിച്ച ഏതാനും ദിവസങ്ങളിലെ ചില വിശേഷങ്ങൾ ഒരു സഞ്ചാരസാഹിത്യകാരനെ പോലെ  വിവരിക്കുകയാണ്. മകനും കുടുംബവും താമസിച്ചിരുന്ന വീടിൻ്റെ മുൻ ഉടമയായ ജർമ്മൻകാരൻ തിയോ എന്ന ചിത്രകാരനെ പരിചയപ്പെടുത്തുന്നതും അയാളുടെ തമിഴ്, ശ്രീലങ്കൻ ബന്ധങ്ങളെക്കുറിച്ച് വിപുലമായി പ്രതിപാദിക്കുന്നതുമാണ് കഥയിലുള്ളത്. 

എന്നാൽ തിയോ കുടുംബസുഹൃത്തും വയോധികനുമായിരിക്കെ ദരിദ്രനാണ്. മകൻ്റെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയ കഥാകൃത്ത് ഒരു കാഴ്ച കണ്ടു; അവിടെ തനിക്ക് എന്തെങ്കിലും തരണേ എന്ന ബോർഡ് എഴുതിവെച്ച്, താൻ വരച്ച ചിത്രങ്ങളുമായി കുത്തിയിരിക്കുകയാണ് തിയോ . പ്രതിഫലം വാങ്ങി പോർട്രെയ്പ്പ് വരച്ചു കൊടുക്കും അദ്ദേഹം. ജീവിക്കാൻ വേറെ മാർഗ്ഗമില്ല. എന്നാൽ ദൂരെ നിന്നു അയാളെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയ കഥാകൃത്ത് ,കുടുംബസുഹൃത്തായിരുന്നിട്ടു പോലും ,ബോധപൂർവ്വമോ  അല്ലാതെയോ അങ്ങോട്ട് ചെല്ലുന്നില്ല. വഴിമാറി പോവുകയാണ്. എന്തെങ്കിലും സഹായം നൽകാനോ ,ഒരു സൗഹൃദ സംഭാഷണം നടത്താനോ തയ്യാറാവുന്നില്ല .എന്തൊരു മനുഷ്യത്വരഹിത്യം!. കഥാകൃത്തിനെ ബാധിച്ചിരിക്കുന്ന ദയാരാഹിത്യം,അകൽച്ച ,ആരോടും ബന്ധം തോന്നായ്ക തുടങ്ങിയ പ്രശ്നങ്ങളായിരിക്കാം ഇതിനു കാരണം. ഇതായിരിക്കാം ഇന്നത്തെ രാഷ്ടീയം .ഇത്, ഒരുപക്ഷേ ,കഥാകൃത്ത്  തിരിച്ചറിയുന്നുണ്ടാവില്ല. സാമൂഹ്യജീവിയായ, രാഷ്ട്രീയ ജീവിയായ കഥാകൃത്തിൽ നിന്നു ഒരിക്കലും ഇതുപോലുള്ള ഒരു പ്രതികരണമല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. ഒടുവിൽ ജർമ്മനിയിലെ യാചകർ പലവിധത്തിൽ സമ്പന്നരാണെന്ന് ന്യായം കണ്ടെത്തുകയാണ്. മനസ്സിൽ നിന്നു അനുകമ്പയും സ്നേഹവും വറ്റിപ്പോയിരിക്കുകയാണ്. ഇങ്ങനെ കഥ എഴുതുന്നതിനു എന്താണ് പ്രസക്തി? അശോകന്റെ ഈ കഥ വായിക്കുന്ന വേളയിൽ യാതൊരു വൈകാരിക ബന്ധവും തോന്നിയില്ല ,തിയോയോട് . കാരണം, കഥാകൃത്തിനു തന്നെ തിയോയോടു ആത്മബന്ധമില്ല. വല്ലതും നഷ്ടപ്പെടുമോ എന്നു കരുതി ആരിലേക്കും അടുക്കാത്ത മനുഷ്യരുടെ പ്രതിനിധിയാണ് ഈ കഥയിലെ മുഖ്യ കഥാപാത്രമായ കഥാകൃത്ത് .ഇത് ഭയം ജനിപ്പിക്കുന്നതാണ്

No comments:

Post a Comment