ഈ
വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആനി എർണോയുമായി അമെരിക്കൻ
എഴുത്തുകാരി ലോറൻ എൽകിൻ നടത്തിയ സംഭാഷണം' ദ് വൈറ്റ് റിവ്യു 'വിൽ വായിച്ചു.
നോവലിസ്റ്റ് എന്നോ റൈറ്റർ എന്നോ വിളിക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല
എന്നാണ് അവർ പറഞ്ഞത്. കാരണം, ഈ പദങ്ങളൊക്കെ ഇന്നു ഭാഷയിൽ പുരുഷനെ മാത്രമാണ്
വിവക്ഷിക്കുന്നത്. സ്ത്രീക്ക് ആ പദങ്ങളിൽ ഇടമില്ല. തന്നെ പരമാവധി
അകറ്റിനിർത്തുകയാണ് എഴുതുമ്പോൾ ചെയ്യാറുള്ളതെന്നും താൻ എന്താണോ, താൻ
ജീവിച്ചതെന്താണോ ഇവ തമ്മിലുള്ള വിടവ് പ്രധാനമാണെന്നും അവർ
ഓർമ്മിപ്പിക്കുന്നു .രണ്ട് ലോകങ്ങളെ അവർ അഭിമുഖീകരിക്കുന്നു. ഒന്ന്, അവർ
സമൂഹത്തിൽ ഏതുതലത്തിൽ ജീവിക്കുന്നു. രണ്ട്, സാഹിത്യത്തിൻ്റെ അനുഭവം. ഈ
രണ്ടു ലോകങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടാണ് അവർ എഴുതുന്നത്. സാഹിത്യം ഒരു
സമുന്നതമായ, സൂക്ഷ്മമായ അനുഭവമാണെന്നും വ്യക്തി എന്ന നിലയിലുള്ള തൻ്റെ
അനുഭവങ്ങളും സാമൂഹ്യശ്രേണിയിലുള്ള തന്റെ ജീവിതവും അതിൽ നിന്നു വളരെ
ദൂരെയാണെന്നും എർണോ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുള്ള എഴുത്തുകാർ ഇന്നു
വളരെ വളരെ
ദുർല്ലഭമാണെന്നു പറയട്ടെ .
പൊളിറ്റിക്കലി കറക്ട്
രാഷ്ട്രീയമായി
ശരിയെന്ന അർത്ഥത്തിൽ 'പൊളിറ്റിക്കലി കറക്ട്' എന്നു പറയുന്നത് ആരെയും
വേദനിപ്പിക്കാതെ പെരുമാറുന്നതിനെക്കുറിച്ചാണല്ലോ. പൊതുമര്യാദ പാലിച്ചു
സംരക്ഷണം തേടുകയാണ് ഉചിതമെന്നു കരുതുന്നവർ കലാരംഗത്ത് വലിയ
നേട്ടങ്ങളുണ്ടാക്കുമെന്നു കരുതാനാവില്ല. കലാകാരന്റെ മുന്നിലുള്ളത്
ഭാവിയാണെങ്കിലും അവനു നേരിടാനുള്ളത് ഭൂതകാലത്തെയാണ്. ഭൂതകാലമെന്നാൽ നിറയെ
ശൈലികളാണ് ,ഭാഷകളാണ്, ചിന്തകളാണ്, മാതൃകകളാണ്. ഭൂതകാലം ഒരു സമസ്യയാണ്.
വെറുതെയിരുന്നാലും ഇതെല്ലാം വന്നു ഒരുവൻ്റെ തലയിൽ വീഴും. അകൽച്ച, വെറുപ്പ്,
ദുഷ്പ്രഭുത്വം തുടങ്ങിയവ നമ്മൾ കണ്ടുപിടിച്ചതല്ല;അതെല്ലാം ഇവിടെ
ഉണ്ടായിരുന്നു. നമ്മൾ കുടിച്ച വെള്ളത്തിലും കഴിച്ച ഭക്ഷണത്തിലും
അതുണ്ടായിരുന്നു. നമ്മുടെ നോട്ടങ്ങളിൽ ഇതെല്ലാം ലയിച്ചു
ചേർന്നിരിക്കുകയാണ്. ഭൂതകാലം ഇതിന്റെയെല്ലാം ജീനുകളെ വഹിക്കുകയാണ്
.പിന്നെങ്ങനെ നമ്മൾ മോചിതരാകും ?
അതുകൊണ്ടാണ്
മഹാവിമർശകനായ ജോസഫ് മുണ്ടശ്ശേരി തൻ്റെ 'പ്രയാണം' എന്ന ലഘുഗ്രന്ഥത്തിൽ
പറയുന്നത് ,ഫ്യൂഡലിസത്തിൽ നിന്നു വെറുതെ ഒരു ചാട്ടം ചാടിയാൽ
കമ്മ്യൂണിസ്റ്റാകില്ലെന്ന് .കാരണം, കുറെ ദൂരം താണ്ടാനുണ്ട്. മാനസികമായ
പരിവർത്തനം അതിനാവശ്യമാണ്. വെറുതെ ആഗ്രഹിച്ചാൽ പോരാ ;നമ്മുടെ ശാരീരിക
ചലനങ്ങളിൽ ,ശരീരഭാഷയിൽ, വീക്ഷണങ്ങളിൽ കലർന്നിരിക്കുന്ന കാലഹരണപ്പെട്ടതും
അപരിഷ്കൃതവുമായ ചിന്തകളെ തിരിച്ചറിഞ്ഞു ദൂരീകരിക്കേണ്ടതുണ്ട്.
അതുകൊണ്ട് കലാകാരൻ തൻ്റെ ഭൂതകാലത്തെ നേരിട്ട് ജയിക്കേണ്ടതുണ്ട്. മാനസികവും ബുദ്ധിപരവുമായ ഒരു എതിരിടലാണത്.
ഭൂതകാലമെന്നാൽ
ഒരു കാലഘട്ടമല്ല; ആകെ ചരിത്രമാണ് .രാഷ്ട്രീയ, സാമൂഹിക ചരിത്രം മാത്രമല്ല;
വ്യവസ്ഥകളായി രൂപപ്പെടാത്ത അനേകം ചരിത്രങ്ങളുണ്ട്; വികാരങ്ങളുടെയും ആത്മീയ
പരിവർത്തനത്തിൻ്റെയും ചരിത്രമുണ്ട്.
കൃഷ്ണമൂർത്തിയും സൗന്ദര്യവും
തത്ത്വചിന്തകനായ
ജിദ്ദു കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു: 'സൗന്ദര്യത്തെ അറിയാതെ, അതിനെ
വൈകാരികമായി ഉൾക്കൊള്ളാതെ ഒരു പ്രേമവും സാധ്യമാകില്ല. അഴുക്കുള്ള
പാതയെക്കുറിച്ച് ,ജനങ്ങളെക്കുറിച്ച്, ആകാശത്തെക്കുറിച്ച് ,നദിയെക്കുറിച്ച്,
പ്രകൃതിയെക്കുറിച്ചുള്ള അറിവാണ് സ്നേഹം. വൈകാരികതയാണ് സ്നേഹത്തിൻ്റെ സത്ത.
എന്നാൽ ഭൂരിപക്ഷമാളുകളും വൈകാരികതയെ ഭയക്കുന്നു. അവർ വൈകാരികമാകുന്നതിനെ
ഉപദ്രവമായി കാണുന്നു. അതുകൊണ്ട് അവർ സ്വയം കഠിനഹൃദയരാകുന്നു. അങ്ങനെയവർ
സ്വന്തം സങ്കടങ്ങളെ സൂക്ഷിച്ചുവയ്ക്കുന്നു. അല്ലെങ്കിൽ അവർ പലവിധത്തിലുള്ള
വിനോദങ്ങളിലേക്ക്, ആരാധനകളിലേക്ക്, പരദൂഷണത്തിലേക്ക് കാഴ്ചകളിലേക്ക്,
ആകൃഷ്ടരാവുന്നു'.
ഓരോ നിമിഷവും നമുക്ക്
ജീവിക്കാനുള്ളതാണ് .അതുകൊണ്ട് വൈകാരികത എപ്പോഴുമുണ്ട്. അതിനെ
തഴയാനുള്ളതല്ല. ഇന്നത്തെ സാഹിത്യകൃതികൾ അനാവശ്യമായി പൊളിറ്റിക്കലി കറക്റ്റ്
ആവുകയാണ്.ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തെയും കാണാതെ ,പ്രതികരിക്കാതെ
മുരിങ്ങമരത്തിൽ കാക്ക വന്നിരുന്നതിനെക്കുറിച്ചും വനപാലകർ പുലിയെ കറിവെച്ച്
കഴിക്കുന്നതിനെ ക്കുറിച്ചും കൂട്ടുകാരൻ്റെ അച്ഛനെക്കുറിച്ചും എഴുതി
രക്ഷപ്പെടുന്നു .യാതൊന്നിനെയും ഗൗരവത്തോടെ അഭിമുഖീകരിക്കാൻ സാധിക്കാത്ത ഒരു
കലാകാരസമൂഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഗദ്യത്തിൻ്റെ കാലം
എന്താണ്
യാഥാർത്ഥ്യമെന്നു തിരിച്ചറിയപ്പെടുന്നില്ല .രാഷ്ട്രീയ ലേഖനങ്ങൾ പോലും
ഉണ്ടാകാത്തത് ഈ 'പൊളിറ്റിക്കലി കറക്ട്' മനോഭാവം മൂലമാണ്. വർഷങ്ങൾക്കു ശേഷം
കോൺഗ്രസ്സിൽ ഒരു തിരഞ്ഞെടുപ്പ് വന്നപ്പോൾ പൗരന്മാർക്ക് നീതിബോധം ഉണ്ടാകുന്ന
തരത്തിൽ ഒരു ലേഖനം മലയാളത്തിൽ എഴുതപ്പെട്ടില്ല. ഗവർണറും സർക്കാരും
തമ്മിലുള്ള തർക്കത്തിൽ, ഒരു മന്ത്രിയുടെ കാര്യത്തിൽ തനിക്ക് പ്രീതിയില്ല
എന്ന നിലപാടിന്റെ പ്രശ്നത്തിൽ, നീതിയുടെയും മനസ്സാക്ഷിയുടെയും
തീപ്പൊരിയുള്ള ഒരു ലേഖനം എഴുതപ്പെടുന്നില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ്
സി.നാരായണപിള്ള എഴുതുമായിരുന്നു.
ഇന്നത്തെ
സാഹിത്യലേഖനങ്ങൾ ഭൂരിപക്ഷവും തന്നെ തൊഴിലിന്റെ ഭാഗമായി എഴുതപ്പെടുന്നതാണ്.
ഒന്നിലും മനസ്സാക്ഷിയോ മനുഷ്യത്വമോ സത്യമോ ഇല്ല .ഗദ്യം ഏതാണ്ട് മരിച്ചു
എന്നു പറയാം. ഇന്നു ഗദ്യത്തിനു മനസ്സോ ,സഹവർത്തിത്വമോ ,മമതയോ ഇല്ലാതായി
.ഗദ്യത്തിനു അന്തരംഗ സമുദ്രങ്ങൾ വേണം ,കവിതയേക്കാൾ.ഗദ്യം അതിൻ്റെ തന്നെ
രാഗം കണ്ടെത്തുകയാണ്. തകഴി തോട്ടിയുടെ മകൻ ,രണ്ടിടങ്ങഴി എന്നീ കൃതികൾ
എഴുതിയത് പൊളിറ്റിക്കലി കറക്ടാവാൻ തനിക്ക് കഴിയില്ലെന്ന ഉറച്ച ബോധ്യത്തിൽ
നിന്നുകൊണ്ടാണ്. ഒ.വി.വിജയൻ 'ധർമ്മപുരാണം' എന്ന നോവലും 'എണ്ണ' എന്ന കഥയും
എഴുതിയത് ഈ ബോധ്യത്തിൻ്റെ പിൻബലത്തിലാണ്.
തന്റെ
കാലഘട്ടത്തിലെ നിശ്ചലതയെയും ജീർണതയെയും മരണത്തെയും വൈകാരികമായി
തിരിച്ചറിയാനാവുന്നില്ലെങ്കിൽ എഴുതിയതുകൊണ്ട് എന്താണ് പ്രയോജനം? മെക്സിക്കൻ
എഴുത്തുകാരൻ ഹ്വാൻ റുൾഫോ തൻ്റെ 'പെഡ്രോ പരാമോ 'എന്ന ഒരേയൊരു നോവലിലൂടെ ഇത്
സാധ്യമാക്കി. ഇവിടെ അമ്പത് നോവലെഴുതുന്നവർക്കു പോലും അത് അസാധ്യമാണ്.
യാതൊന്നിനോടും പ്രതികരിക്കാതെ ,വൈകാരിക ബന്ധമില്ലാതെ ഉറക്കം തൂങ്ങി
എഴുതുന്ന കൃതികൾക്ക് അനേകം പുരസ്കാരങ്ങൾ കിട്ടുന്നത് എന്തിൻ്റെ ആപത്
സൂചനയാണ് !ഇത് എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ ?
ആത്മകഥയ്ക്ക് പറ്റിയ ജീവിതമില്ല
ചലചിത്ര
നടൻ മധു സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധേയമായി തോന്നി.
ആത്മകഥ എഴുതുന്നില്ലേ എന്നു ഒരു മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ അദ്ദേഹം
പറഞ്ഞു ,തന്റെ ജീവിതം എഴുതാൻ മാത്രം വലിപ്പമുള്ളതായി ഒരിക്കലും
തോന്നിയിട്ടില്ല എന്ന്. കുറെ സിനിമകളിൽ അഭിനയിച്ചു , സംവിധാനം ചെയ്തു
എന്നത് നേരാണ്. അതൊക്കെ അസാധാരണമാണെന്ന് കരുതുന്നില്ല. സ്വന്തം ജീവിതത്തെ
വല്ലാതെ പെരുപ്പിച്ച് അമിതമായ ആത്മവിശ്വാസവുമായി നടക്കുന്നവരുടെ
കൂട്ടത്തിൽ ഇപ്പോൾ എഴുത്തുകാരാണ് അധികവും .
ജീവിതത്തിലെ
ഓരോ ദിവസവും എന്നും ഓർക്കപ്പെടേണ്ട മഹാസംഭവങ്ങൾ നിറഞ്ഞതാണെന്നു
ചിന്തിക്കുന്നത് മൗഢ്യമല്ലേ ? യാതൊരു മൂല്യവുമില്ലാത്ത കാര്യങ്ങൾ, അമിതമായ
ആത്മരതിയുടെ ഫലമായി എഴുതിവയ്ക്കുകയാണ് .മറ്റൊരാളായി മാറി നിന്ന ശേഷം
സ്വന്തം ജീവിതത്തെ നോക്കൂ .ജീവിതം ഒരു നിത്യയാഥാർഥ്യമാണോ? ഈ ശരീരമൊരു വാടക
വണ്ടി പോലെയല്ലേ ? എവിടെനിന്നോ കിട്ടിയ ഒരു വണ്ടി ഉപയോഗശേഷം
ഉപേക്ഷിക്കുന്നു ;മറ്റൊരാൾക്കും ഉപയോഗിക്കാനാവാത്ത വിധം അത്
തകരാറിലായിട്ടുണ്ടാകും. ആ ശരീരത്തിന്റെ പേരിൽ അനശ്വരത ആഘോഷിക്കാൻ
എന്താണുള്ളത്? പിന്നെയുള്ളത് മനസ്സാണ്. മനസ്സ് ഒരു നേരാണോ ?കുറേക്കാലം
പ്രേമിച്ചു ഒരു കുഴിയിൽ മരിക്കാൻ ആഗ്രഹിച്ചു നടക്കുന്ന കമിതാക്കളുണ്ട്.
എന്നാൽ പിന്നീട് പിണങ്ങുമ്പോൾ പഴയതെല്ലാം വ്യാജമായിത്തീരുന്നു. ശത്രുവാകാൻ
ഒരു മടിയുമില്ല. മനസ്സ് ഒരു വ്യാജബിംബമല്ലേ? മനസ്സിൽ തോന്നുന്നതെല്ലാം
മിക്കവാറും കളവായിരിക്കും ;അല്ലെങ്കിൽ അത് കള്ളമാണെന്ന് തെളിയിക്കാൻ അധിക
സമയം വേണ്ടിവരില്ല. അതുകൊണ്ട് ആത്മകഥ ഒരു സുരക്ഷിത പാതയല്ലെന്നു
എഴുത്തുകാരൻ മനസ്സിലാക്കുന്നതാണ് നല്ലത്.
ഖസാക്ക് 100 ൽ
'ഖസാക്കിൻ്റെ
ഇതിഹാസ'ത്തിൻ്റെ നൂറാം പതിപ്പ് (ഡി.സി) പുറത്തിറങ്ങുകയാണ്. 1969 ലാണ് ഈ
കൃതി പ്രസിദ്ധീകരിച്ചത്. മലയാളഭാഷയെയും സാഹിത്യത്തെയും സൗന്ദര്യബോധത്തെയും
ആധുനികമായ പരിവർത്തനത്തിനു വിധേയമാക്കിയ ഒരേയൊരു കൃതിയാണിത് .മറ്റൊരു
ശാഖയിലും ഇതിനു സമാനമായ സ്ഥാനമുള്ള ഒരു കൃതിയില്ല .ഈ നോവലിനെക്കുറിച്ച് ഞാൻ
എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) ഒരു സാമ്പ്രദായിക പഠനമല്ല;
വിമർശകൻ്റെ കലയാണ്. ഖസാക്കിനെക്കുറിച്ച് ഉണ്ടായ ആദ്യത്തെയും അവസാനത്തെയും
കൃതിയാണിത്. ഈ നോവൽ എന്നിൽ സൃഷ്ടിച്ച മറ്റൊരു കൃതിയാണിത്. എൻ്റെ ദാർശനിക,
സൗന്ദര്യാത്മക പ്രകമ്പനങ്ങളെ കലാപരമായി പുന:സൃഷ്ടിക്കുകയാണ് ചെയ്തത്.
അതുകൊണ്ടാണ് അത് ആസ്വാദകൻ്റെ ,വായനക്കാരൻ്റെ ,വിമർശകൻ്റെ കലയായി മാറുന്നത്.
ഞാൻ
എഴുതി തുടങ്ങുന്ന കാലത്ത് വിജയനെ വിമർശകരും രാഷ്ടീയക്കാരും സാംസ്കാരിക
ശക്തികളും ആക്രമിക്കുന്നതാണ് കണ്ടത്.ശത്രുതയോടെ പലരും എഴുതി
.വിജയനെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചു. എന്നാൽ ഇതെല്ലാം ഇപ്പോൾ മാറി.
എന്തൊരു പരിവർത്തനമാണിത്!. കേരള ,കേന്ദ്ര സാഹിത്യ അക്കാദമികൾക്ക്
സൗന്ദര്യബോധം കമ്മിയായതുകൊണ്ട് അവർ രണ്ടു കൂട്ടരും അവാർഡ് കൊടുത്തില്ല.
അതും നന്നായി.
ഇപ്പോൾ ഖസാക്ക് ഒരാഘോഷമാണ്. ഇതാ എട്ട് വ്യത്യസ്ത കവറുകളിൽ രൂപകൽപ്പന ചെയ്ത ഖസാക്ക് എഡിഷൻ ഒന്നിച്ചു വാങ്ങുന്നതാണ് ആഘോഷം !.
യുദ്ധം കവിതയിൽ
പി.ടി.
പ്രമീഷ് (യുദ്ധവും ജീവിതവും ,കലാപൂർണ ,സെപ്റ്റംബർ)തൻ്റെ വൈകാരിക ലോകത്ത്
തീവ്രമായി അനുഭവിക്കുകയാണ് ,ഒരു യുദ്ധത്തെ . യുക്രെയ്ൻ യുദ്ധം നമ്മുടെ
കൺമുന്നിലുണ്ട്. ചിത്രശലഭം ചെരുപ്പിനടിയിൽ അമരുന്നത് കണ്ടാൽ കരയുന്ന കവികൾ
പക്ഷേ ,ആ യുദ്ധം കണ്ടില്ല .ഇതാ ,പ്രതിഭയുള്ള പ്രമീഷ് എഴുതുന്നു :
'പൂന്തോട്ടങ്ങൾ
ബോംബിംഗിൽ കരിഞ്ഞുപോയതിനാൽ
മരിച്ച കുട്ടികളുടെ
ശവകുടീരങ്ങളിൽ
പൂക്കൾ പോലും
വയ്ക്കാനായില്ല .
ഭാവിയിലേക്ക് കൈപിടിച്ച്
നടത്തേണ്ട ,
അവരുടെ പുസ്തകത്തിലെ അക്ഷരമാലകൾ ,
തകർന്ന സ്കൂൾ മൈതാനങ്ങളിൽ
ദുഃഖത്തോടെ അലയുന്നു'.
ഈ
അനുഭവം കാകളിയിലെഴുതേണ്ട. ഗദ്യം ധാരാളം മതി. ഈ ഗദ്യം ആധാരത്തിനോ
,മഹസ്സറിനോ ഉപയോഗിക്കുന്നതല്ല .ഇതിൽ മനുഷ്യാത്മാവിൻ്റെ താപമാണുള്ളത്.
കഥയുടെ കർത്തൃത്വം വേണോ ?
No comments:
Post a Comment