'ഫിലിം
ആസ് ആർട്ട് 'എന്ന പുസ്തകമെഴുതിയ പ്രമുഖ ജർമ്മൻ സിനിമാ സൈദ്ധാന്തികൻ
റുഡോൾഫ് ആർനീം(1904-2007) ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു: 'വലിയ
കലാകാരന്മാർ ഒരു പുതിയ ലോകമാണ് സൃഷ്ടിക്കുന്നത്. അവിടെ ഏറ്റവും പരിചിതമായ
വസ്തുക്കൾ കാണപ്പെടുന്നത് മുമ്പൊരിക്കലും കാണപ്പെട്ട രീതിയിൽ
ആയിരിക്കില്ല'.ഇതാണ് ഇരുപതാം നൂറ്റാണ്ടിലെ നവസിനിമയെ നിയന്ത്രിച്ച ദർശനം
.ചലച്ചിത്രകലയിൽ ഒരു സൗന്ദര്യമുണ്ട്. അത് കവിയുടെയോ ചിത്രകാരന്റെയോ വീക്ഷണം
പോലെ വ്യക്തിപരമാണ്, ചില സംവിധായകർക്കെങ്കിലും. താൻ
സിനിമയെടുക്കുന്നതുകൊണ്ട് ജീവിക്കുന്നു എന്നു ചിന്തിച്ച സംവിധായകരുണ്ട്.
അക്കൂട്ടത്തിലാണ് കഴിഞ്ഞദിവസം അന്തരിച്ച ഫ്രഞ്ച് - സ്വിസ് സംവിധായകൻ
ഗൊദാർദിൻ്റെ സ്ഥാനം. അദ്ദേഹം തന്നെയും ഈ ലോകത്തെയും കാണാനാണ് ചലച്ചിത്രത്തെ
സമീപിച്ചത്. ചില സംവിധായകർ ലോകത്തെ കാണിച്ചുകൊടുക്കാനാണ്
സിനിമയെടുക്കുന്നതെങ്കിൽ ഗൊദാർദ് താനുമായുള്ള ബന്ധം വിശദീകരിക്കാനാണ്
ശ്രമിച്ചത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഞാൻ വസ്തുതകളെ കാണുന്നത് ലോകത്തോടോ
ജീവിതത്തോടോ ചരിത്രത്തോടോ ബന്ധപ്പെടുത്തിയല്ല; സിനിമയുമായി
ബന്ധപ്പെടുത്തിയാണ്'.
തൻ്റെ വീക്ഷണം, അദ്ദേഹം
മറ്റൊരു രീതിയിലും വിശദീകരിച്ചു: 'എനിക്ക് മനുഷ്യരെ അറിയില്ല .ആകെ
അറിയാവുന്നത് ഭൂപ്രകൃതിയാണ് -മരങ്ങളും റോഡുകളും മറ്റും. അങ്ങനെ
എനിക്കറിയാവുന്നതും അറിയാത്തതുമായ രണ്ട് ഘടകങ്ങളുണ്ട്. ഇതിനെ രണ്ടിനെയും
ഞാൻ കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്'.ഗൊദാർദിൻ്റെ സിനിമകൾ
ഇങ്ങനെയുണ്ടായതാണ്. അദ്ദേഹത്തിന്റെ 'ബ്രത്ത്ലെസ്',കണ്ടംപ്റ്റ് എന്നീ
ചിത്രങ്ങളാണ് കൂടുതൽ വിമർശക, പ്രേക്ഷകപ്രീതി നേടിയത്. എന്നാൽ ഒരിക്കലും
വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. പല ചിത്രങ്ങളും കാൻ
ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു തൃപ്തിപ്പെടേണ്ടി വന്നു. സാഹിത്യത്തിൽ
നിന്നും നാടകത്തിൽ നിന്നും സിനിമയെ മോചിപ്പിച്ച ഗൊദാർദ് ഒരു പുതിയ ആഖ്യാനകല
വികസിപ്പിച്ചു. സിനിമ മറ്റൊരു ക്രമമാണ്. അത് കാലത്തെയും സ്ഥലത്തെയും
പൊതുധാരണയ്ക്കപ്പുറത്ത് കൂട്ടിയോജിപ്പിക്കുന്നു.
സ്വീഡിഷ്
സംവിധായകനായ ഇൻഗ്മർ ബർഗ്മാൻ (1918-2007)പറഞ്ഞത് തനിക്ക് ഗൊദാർദാൻ്റെ
സിനിമകളെക്കുറിച്ച് മതിപ്പില്ലെന്നാണ്. ആ വാക്കുകൾ ഇങ്ങനെയാണ്
:ഗൊദാർദിൻ്റെ 'സിനിമകൾ എനിക്കൊന്നും തന്നില്ല. അദ്ദേഹം കപട
ബുദ്ധിജീവിയാണ്. ഒരു മൃതാവസ്ഥയാണ് ആ സിനിമകളിലുള്ളത്. ചിത്രീകരണമാകട്ടെ
ബോറാണ്'.അതേസമയം ,ലോകസിനിമയെ ഗൊദാർദിനു മുമ്പും ശേഷവും എന്നു
വേർതിരിക്കാമെന്നു പറയുന്ന വിമർശകരുണ്ട്.
കഥയിൽ വിഫലം
'ഒരു
പാതിരാക്കവർച്ച'(മനോരമ വാർഷികപ്പതിപ്പ്)എന്ന കഥയെഴുതിയ പി.എഫ്. മാത്യൂസ്
തെളിയിക്കുന്ന ഒരു സത്യമുണ്ട്, ചെറുകഥ എന്ന സാഹിത്യരൂപം അദ്ദേഹത്തിനു
വഴങ്ങുകയില്ല. ഈ കഥ എഴുതി തുടങ്ങിയ ശേഷം എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ
കഥാകൃത്ത് കുഴങ്ങുന്നത് വായനക്കാരനു പെട്ടെന്ന് തന്നെ ബോധ്യപ്പെടും. ഒരാൾ
താൻ കള്ളനല്ല എന്നു ആവർത്തിച്ചുകൊണ്ട് ,രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ്
വീട്ടിലേക്ക് പോകുന്ന പോലീസുകാരൻ്റെ മുന്നിലേക്ക് ചാടി വീഴുകയാണ്!
എന്നിട്ട് അയാൾക്ക് വല്ലതും വിനിമയം ചെയ്യാനാകുന്നുണ്ടോ? എന്തൊക്കെയോ
പുലമ്പിക്കൊണ്ടിരിക്കുന്നു. കഥാകൃത്തിനും പിടിയില്ല ഈ കഥാപാത്രം എന്താണ്
പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്! പിന്നീട് നാം കാണുന്നത് ഒരു തട്ടുകടയ്ക്ക്
സമീപത്തിരുന്ന് അയാൾ പോലീസുകാരനു വാട്സപ്പ് മെസ്സേജ് അയയ്ക്കുന്നതാണ്.
തൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കുകയാണ്. കള്ളൻ വാട്സപ്പ് മെസ്സേജ്
എഴുതുന്നതു വരെ കാത്തിരിക്കാൻ വിധിക്കപ്പെട്ട പോലീസ് .അതിൽ പറയുന്നത്
,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരുവളെ സഹായിക്കാൻ ഇറങ്ങിയതാണ് താനെന്നാണ് .
ക്യാൻസർ ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാൻ മകളുടെ വിവാഹത്തിനു വച്ചിരുന്ന
സ്വർണമത്രയും ഒരുവൾ എടുത്തുകൊടുത്തുവത്രേ. ആ സ്ത്രീയുടെ വീട്ടിൽ അവളുടെ
ക്ഷണമനസരിച്ചു കയറി സ്വർണം മോഷണം പോയതാണെന്നു സ്ഥാപിക്കുകയായിരുന്നു
ടിയാൻ്റെ ലക്ഷ്യമെന്നു അറിയുന്നു. ഇതാണോ കഥ ? പാലത്തിൽ നിന്നു താഴേക്ക്
ചാടി ആത്മഹത്യ ചെയ്യുന്നവനെ നോക്കി നിന്നു രസിക്കുന്ന ഈ കഥാപാത്രം
ആരെയെങ്കിലും സഹായിക്കാൻ രാത്രി ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു !. ഇയാൾ
എന്തിനാണ് ഈ രാത്രി പുറത്തുവന്നതെന്ന് അറിയാൻ നാല് പേജുകൾ നാം
വായിച്ചുതീർക്കണം. ഫലശൂന്യമായ ,ഗതികെട്ട ,അർത്ഥമില്ലാത്ത ,വിരസമായ
വിവരണമാണത്. യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം കഥകൾ ഓണക്കാലത്ത്
കൂട്ടത്തോടെ ഡമ്പ് ചെയ്യുകയാണ്. വായിക്കുന്നവന്റെ മനസ്സു കാണാതെ
കഥാകൃത്തുക്കൾ അവരുടെ നിർവ്വികാരമായ, ആഴമില്ലാത്ത മനസ്സുകൾ തുറന്നു
പിടിച്ചിരിക്കുകയാണ്.
വായനയുടെ തിരിച്ചുപോക്ക്
ഇപ്പോഴത്തെ
നോവലുകൾ കതിന പോലെയാണ് .ആരോ കത്തിച്ചു വിടുന്നു .ആകാശത്ത് ചെന്നു
പൊട്ടിച്ചിതറുന്നു. ചിലർ അത് കണ്ട് ആഹ്ലാദിക്കുന്നു. അത്
ഉല്പാദിപ്പിക്കുന്ന വർണവെളിച്ചം പെട്ടെന്ന് മായുകയാണ്. പിന്നെ ആകാശം
ശൂന്യമാണ്. എന്നാൽ കെ. സുരേന്ദ്രൻ്റെ 'മരണം ദുർബ്ബലം', വിലാസിനിയുടെ
'ഊഞ്ഞാൽ', വൈക്കം ചന്ദ്രശേഖരൻനായരുടെ 'സ്മൃതികാവ്യം',ഉറൂബിന്റെ
'സുന്ദരികളും സുന്ദരന്മാരും',കാക്കനാടൻ്റെ 'ഏഴാംമുദ്ര',പോഞ്ഞിക്കര റാഫിയുടെ
'സ്വർഗ്ഗദൂതൻ'തുടങ്ങിയ നോവലുകളിലേക്ക് തിരിച്ചു പോകേണ്ട ഘട്ടമാണിത്
.മലയാളസാഹിത്യത്തിന്റെ നല്ല കാലഘട്ടം കഴിഞ്ഞു പോയി. വിലാസിനി നാലായിരം
പേജുള്ള 'അവകാശികൾ 'എഴുതിയത് ഒരു അപരാധം പോലെയാണ് മലയാള സാഹിത്യലോകം
വീക്ഷിക്കുന്നത്. വിദേശഭാഷകളിലാണ് അത് എഴുതിയിരുന്നെങ്കിൽ നോബൽ
സമ്മാനത്തിനു സാധ്യതയുണ്ടായിരുന്നു.
മേൽപ്പറഞ്ഞ
എഴുത്തുകാരുടെ (കെ.സുരേന്ദ്രൻ ,റാഫി തുടങ്ങിയവരുടെ) രചനകളും
അവരെക്കുറിച്ചുള്ള ലേഖനങ്ങളും മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനുകളാണ് ഇനി
ഉണ്ടാവേണ്ടത്, ഡിജിറ്റൽ ആയാലും മതി .മലയാളസാഹിത്യത്തെ ആകെ ആഘോഷിക്കുമെന്നു
വീമ്പിളക്കിയ പല പ്രസിദ്ധീകരണങ്ങളും സ്വജനങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത
പശ്ചാത്തലത്തിലാണ് പുതിയ ചുവടുകൾ ആവശ്യമായി വന്നിരിക്കുന്നത്. മൂന്നോ നാലോ
എഴുത്തുകാർക്കു വേണ്ടി മാത്രമായി പ്രസിദ്ധീകരണങ്ങൾ നടത്തണം.
പുതിയകാലം എവിടെ?
'ഒറ്റക്കാലൻ
കാക്കയുടെയും അവൻ്റെ മകന്റെയും കഥ'(പ്രഭാതരശ്മി, സെപ്റ്റംബർ)എന്ന രചനയിൽ
പതിവുപോലെ തന്നെ ടി.പത്മനാഭൻ സ്വയം ഒരു കഥാപാത്രമായി വരികയാണ്. വീട്ടിൽ
വളർത്തുന്ന നായ്ക്കുട്ടികളും പൂച്ചക്കുട്ടികളും ഒക്കെയാണ് വിഷയം .ഇതിനിടയിൽ
ഒരു ഒറ്റക്കാലൻ കാക്ക വീട്ടുകാരുടെ മിത്രമാകുന്നു .അവൻ ഒരു ദിവസം
അപ്രത്യക്ഷമാവുന്നു .വേറൊരു കാക്ക അവിടെ വരുന്നു. അവൻ ഒറ്റക്കാലൻ കാക്കയുടെ
മകനാണത്രേ. ആഴം കുറഞ്ഞ വൈകാരിക ജീവിതത്തിന്റെ ഭാഗമായ ഇത്തരം ചിന്തകൾ
ഇന്നത്തെ കാലത്തിനു യോജിച്ചതാണോ എന്നു സംശയമുണ്ട്. മനുഷ്യനെ മഥിക്കുന്ന
സങ്കീർണമായ ജീവിതപ്രശ്നങ്ങൾ ഇപ്പോൾ കഥയുടെ വിഷയമാകാറില്ലല്ലോ.രണ്ടുവർഷം
കോവിഡ് തകർത്താടിയിട്ടും മലയാളത്തിൽ ഒരു നല്ല കഥ ഉണ്ടായില്ല. എന്താണ്
കാരണം? കോവിഡിനു പോലും അനക്കാൻ പറ്റാത്ത വിധം കാഥികരുടെ മനസ്സ് കടുത്ത
പുറന്തോടു കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു
കഥാകൃത്തിനെ മാത്രം ഒറ്റപ്പെടുത്താനാവില്ല. ടി. പത്മനാഭനെ വെറുതെ വിടൂ .
അദ്ദേഹം തനിക്ക് പ്രിയപ്പെട്ട വിഷയങ്ങളെപ്പറ്റി എഴുതട്ടെ.
ഹാവിയർ മരിയാസ്
കഴിഞ്ഞാഴ്ച
അന്തരിച്ച ജാവിയർ മരിയാസ് സ്പെയിനിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ
ഒരാളായിരുന്നു. സ്പെയിനിനു പുറത്ത് അറിയപ്പെട്ട കുറച്ച് എഴുത്തുകാരിൽ ഒരാൾ
.ആദ്യത്തെ നോവലായ 'ദ് വുൾഫ്സ് ഡൊമിനിയൻ 'എഴുതുമ്പോൾ മരിയാസിനു പത്തൊമ്പതു
വയസ്സാണുണ്ടായിരുന്നത്. കുറച്ചുകാലം യു. എസിൽ കഴിഞ്ഞ അദ്ദേഹം പിന്നീട്
പാരീസിലേക്ക് പലായനം ചെയ്തു .
അവിടെ അദ്ദേഹം
തന്റേതായൊരു സാഹിത്യലോകം കെട്ടിപ്പടുത്തു. ലോകത്തിലെ പ്രമുഖനായ
നോവലിസ്റ്റും പരിഭാഷകനുമായി വളർന്നു. ഇംഗ്ലീഷിൽ നിന്നു വ്ളാഡിമിർ
നബോക്കോവ് ,ജോസഫ് കൊൺറാഡ് ,തോമസ് ഹാർഡി, ഡബ്ലിയു .എച്ച്.ഓഡൻ ,ജോസഫ്
ബ്രോഡ്സ്കി ,ആർ. എൽ. സ്റ്റീവൻസൺ തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം
സ്പാനീഷിലേക്കു പരിഭാഷപ്പെടുത്തി. ഇതിനുപുറമേ 'എൽ പെയ്സ്' എന്ന പ്രമുഖ
മാഗസിനു വേണ്ടി ആനുകാലിക വിഷയങ്ങളെ ആധാരമാക്കി കോളമെഴുതുകയും ചെയ്തു. മരിയാ
സിൻ്റെ മാസ്റ്റർപീസ് മൂന്നു വാല്യങ്ങളായി പുറത്തു വന്ന 'യുവർ ചോയ്സ്
ടുമോറോ' തന്നെയാണ്. ജീവിതത്തെക്കുറിച്ച്, അർത്ഥത്തെക്കുറിച്ച്
,മൂല്യത്തെക്കുറിച്ച് ഏറെ ചിന്തിച്ച മരിയാസ് ഫിക്ഷ്ൻ സൃഷ്ടിച്ചെടുക്കാൻ
മനുഷ്യൻ്റെ സ്വഭാവത്തെ തന്നെ സമീപിച്ചു. ഇന്നലെ പറഞ്ഞ ഒരു കാര്യം
മാറ്റിപ്പറയുന്നതിൽ ഫിക്ഷ്നുണ്ടെന്ന അഭിപ്രായം ഇതിനു തെളിവാണ്
.പരിഭാഷയെക്കുറിച്ച് മരിയാസ് പറഞ്ഞ ഈ അഭിപ്രായം ശ്രദ്ധേയമാണ് :'ഞാൻ
അമെരിക്കയിലെ ഓക്സ്ഫഡിലും സ്പെയിനിലെ മാഡ്രിഡിലും പരിഭാഷയുടെ സിദ്ധാന്തം
പഠിപ്പിച്ചപ്പോൾ കുട്ടികളോട് പറഞ്ഞു: 'നിങ്ങൾക്ക് എല്ലാവർക്കും ധാരണയുണ്ട്
,ഐ ലവ് യു എന്ന വാക്യം എങ്ങനെ പരിഭാഷപ്പെടുത്തണമെന്ന് . ഷർട്ടുകളിലും
മറ്റും അത് ആലേഖനം ചെയ്തിട്ടുള്ളത് അറിയാമല്ലോ .എന്നാൽ സ്പാനിഷിലേക്ക് ഈ
വാക്യം ഏഴോ എട്ടോ തരത്തിൽ പരിഭാഷപ്പെടുത്താം. ഏറ്റവും സാധാരണമായ വാക്കുകൾ,
എല്ലാവർക്കും പരിചിതമായ വാക്കുകൾ ഓരോ ഭാഷയിലും വ്യത്യസ്തമാണ്.
ഉദാഹരണത്തിനു , മരണം ,ജർമ്മൻകാർക്ക് നമ്മുടേതുപോലെയല്ല. എന്തുകൊണ്ടെന്നാൽ
ജർമ്മനിൽ മരണം ഒരു പുരുഷബിംബമാണ്. ഫ്രഞ്ചിലും ഇറ്റാലിയലിനിലും സ്പാനിഷിലും
അത് സ്ത്രൈണമാണ്. ജർമ്മൻ ചിത്രകലയിൽ അതിൻ്റെ പ്രതിനിധാനമുണ്ട്. മരണം ,ഒരു
പുരുഷനാണവിടെ. ദക്ഷിണ യൂറോപ്പിൽ മരണം വയസ്സായ സ്ത്രീയാണ് .മരണം ഏറ്റവും
സാധാരണമായ ഒന്നാണ്, ജീവിതത്തോടൊപ്പമാണത്. അതിൻ്റെയർത്ഥം എപ്പോഴും
ഒരുപോലെയല്ല എന്നോർക്കണം '.
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള
കാഴ്ചപ്പാടുകൾ വിപുലീകരിക്കുന്നതിനും പുതിയ യാഥാർത്ഥ്യങ്ങൾ
കണ്ടെത്തുന്നതിനുമാണ് മരിയാസ് എഴുതിയത് .അദ്ദേഹം ഇങ്ങനെ കുറിച്ചതോർക്കുന്നു
:'മിഥ്യകൾ പ്രധാനമാണ് .നിങ്ങൾ മുൻകൂട്ടി കാണുന്നതോ, ഓർക്കുന്നതോ
യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ പോലെ തന്നെയാണ്'.ജീവിതാനുഭവങ്ങളുടെ
പരിമിതിയെ മറികടക്കാനാണ് മരിയാസ് എഴുതിയതെന്ന് ഒരു വിമർശകൻ പറഞ്ഞതിനു
അർത്ഥവ്യാപ്തിയുണ്ട്.
വിമർശനയന്ത്രം
ഡോ.ആർ.വി.എം.ദിവാകരൻ
എഴുതിയ 'വിമർശനമെന്ന ഭാഷാകേളി '(ഭാഷാപോഷിണി ,സെപ്റ്റംബർ) എന്ന ലേഖനം കോളജ്
ക്ലാസുകളിലെ ഒരു ലക്ചർ പോലെ യാന്ത്രികവും ഇടുങ്ങിയതുമായി തോന്നി .ഈ
ലേഖനമെഴുതിയ ദിവാകരനു സഹൃദയത്വം എന്ന ഗുണമില്ല .അദ്ദേഹത്തിൻ്റെ ഭാഷ അത്
ശരിവയ്ക്കുന്നു. ഒരു വ്യക്തിയുടെ പ്രത്യക്ഷഭാവത്തേക്കാൾ സ്വയം
വെളിപ്പെടുത്തുന്നത് അയാളുടെ ഭാഷയാണ്. ഒരു വരിയിൽ പോലും ഒന്നും
കണ്ടെത്തുന്നില്ല .സാഹിത്യവിമർശനം ഒരു കലാനുഭവമാണ്. പണ്ഡിതന്മാരായ
അദ്ധ്യാപകർ സാഹിത്യത്തെക്കുറിച്ച് എഴുതുന്നതിനെ വിമർശനമെന്നു
വിളിക്കാനാവില്ല .അവർ പഠിച്ച വിഷയങ്ങൾ ആവർത്തിക്കുകയാണ്. ഡോക്ടറേറ്റ്
തീസിസ് പോലെ മറ്റുള്ളവരുടെ ചിന്തകൾ ഉദ്ധരിക്കുകയോ പകർത്തി വയ്ക്കുകയോ
ചെയ്യുന്നു. ഒരു വിമർശകൻ വീക്ഷണനിലപാടും ചിന്താസ്വാതന്ത്ര്യമാണ്
ഭക്ഷിക്കേണ്ടത്. അയാൾ ആശയങ്ങളിൽ ജീവിച്ച് ആന്തരികമായ പ്രക്ഷോഭമാണ്
നയിക്കേണ്ടത് .ദിവാകരൻ്റെ ലേഖനം അക്കാദമിക് രംഗത്തുള്ളവരുടെ വരണ്ട മനസിനെ
പ്രതിഫലിപ്പിക്കുകയാണ്.
സ്വതന്ത്രബുദ്ധികൾക്ക് ഇതിൽ നിന്നു ഒന്നും ലഭിക്കാനില്ല.
ബുക്ക് ഓഫ് സാൻഡ്
അർജൻ്റയിൻ
എഴുത്തുകാരൻ ലൂയി ബോർഹസ് എഴുതിയ 'ബുക്ക് ഓഫ് സാൻഡ്' ഒരു വിചിത്രകഥയാണ്.
എങ്ങനെയാണ് ഇത്തരം കഥകൾ എഴുതുന്നത് ?അത് വ്യക്തിപരമായ ഒരു വിധിയാണ്.
സൗന്ദര്യബോധമാണ് ആ വിധി നിർണയിക്കുന്നത്.
ചില കാഴ്ചകളും
കാഴ്ചപ്പാടുകളും വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നു. അനുഭവങ്ങൾ ,ചിലപ്പോൾ
ആന്തരികമായ ഭൂകമ്പമാകാം. ബാല്യത്തിലെയും കൗമാരത്തിലെയും അനുഭവങ്ങളെ പോലും
വേറൊരു രീതിയിൽ കാണാൻ കഴിയണമെങ്കിൽ നമ്മുടെ ഉള്ളിൽ വീക്ഷണപരമായ ഒരു ഭൂകമ്പം
എന്നെങ്കിലും ഉണ്ടാകണം. ഭ്രമിപ്പിക്കുന്ന ഒരു പുസ്തകമാണ് ബോർഹസിൻ്റെ
കഥയിലെ വിഷയം.
ഒരാൾ വിൽക്കാൻ വീട്ടിൽ കൊണ്ടുവന്നതാണത് .താളുകൾ
മറിച്ചതോടെ കഥാനായകൻ അമ്പരന്നു. അതിനു കൃത്യമായ ഒരു തുടക്കമില്ല. ആദ്യ
പേജുകൾ അനന്തമായി ഉണ്ടാകുകയാണ് ;അന്ത്യവുമില്ല. അവസാന പേജുകളുടെ പെരുപ്പം
ഭ്രാന്തുപിടിപ്പിക്കും.ആദിയോ അന്തമോ ഇല്ലാത്ത ഒരു പുസ്തകം എങ്ങനെ വായിക്കും
?
ഈ കഥ നല്കുന്ന സൂചന ഇതായിരിക്കും:
ജീവിതാനുഭവങ്ങൾക്ക് തുടക്കമോ ഒടുക്കമോ ഇല്ല .നമ്മൾ ഒരു ചക്രത്തിലെന്നപോലെ
കറങ്ങുകയാണ്. കാലത്തിൻ്റെ രേഖീയ, വർത്തുള സങ്കല്പങ്ങൾ തകരുന്നു. എവിടെ
നിന്നാണ് നാം തുടങ്ങുന്നത് ?ഓർക്കാൻ ഒരു ബിന്ദുവില്ല. ചിന്തയിൽ
അവസാനിപ്പിക്കാനും ഒരു ബിന്ദുവില്ല. ആലോചിക്കുന്തോറും എല്ലാം
പെരുകുകയാണ്.പുതിയ യാഥാർത്ഥ്യങ്ങളുണ്ടാകുന്നു. യാഥാർത്ഥ്യം ഒരു
കള്ളച്ചൂതാണ്. ബോർഹസ് തന്നെ ബാധിച്ചിരിക്കുന്ന ആത്മീയ പ്രതിസന്ധിയെപ്പറ്റി
ഇങ്ങനെ പറഞ്ഞു :'ഞാൻ നിലനിൽക്കുന്നുണ്ടോ എന്നു എനിക്ക് ഉറപ്പില്ല
,സത്യത്തിൽ .ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളും, കണ്ട എല്ലാ മനുഷ്യരും ,ഞാൻ
പ്രേമിച്ച എല്ലാ പെണ്ണുങ്ങളും, ഞാൻ സന്ദർശിച്ച എല്ലാ നഗരങ്ങളും ചേർന്നതാണ്
ഞാൻ'.
No comments:
Post a Comment