Friday, December 9, 2022

മൂല്യങ്ങൾക്കു ജീവിതം /അക്ഷരജാലകം/  എം.കെ.ഹരികുമാർ 

 




ഓണപ്പതിപ്പുകളിൽ പൊതുവേ ,എഴുപതുകളിലെയും എൺപതുകളിലെയും വിഷയങ്ങൾ   തന്നെ വീണ്ടും ചർച്ച ചെയ്യുന്നതാണ് കണ്ടത്. ഭൂതകാലം ഭക്ഷിച്ചുകൊണ്ട് മാത്രം ജീവിക്കാമെന്നു ധരിക്കുന്നവർ ഏറിയിരിക്കയാണ്. പുതിയ ഒരു വിചാരജീവിതമുണ്ടാകുന്നില്ല .വീണ്ടും വീണ്ടും പിന്നോട്ട് നോക്കിക്കൊണ്ടിരിക്കുകയാണ്. ഭാവിയെയല്ല ,വർത്തമാനകാലത്തെ പോലും നേരിടാനാകാതെ എഴുത്തുകാർ പിന്തിരിഞ്ഞിരിക്കുന്നു. പഴയകാല സിനിമാനടൻ രാഘവൻ്റെ ചലച്ചിത്രജീവിതം ഇപ്പോഴും ആരെയാണ് ഹരം പിടിപ്പിക്കുന്നത് ?ഇത് നൊസ്റ്റാൾജിയയല്ല ,നൊസ്റ്റാൾജിയയ്ക്ക് കഞ്ഞിവയ്ക്കലാണ്. കാലത്തിനുള്ളിലേക്ക് സൂചിമുഖി പക്ഷിയെയെ പോലെ കടന്നുചെന്ന് കാണാൻ പലതുമുണ്ട് .അതിനായി തപസ്സു ചെയ്യണം. കാട്ടിൽ പോകേണ്ട; മനസിനുള്ളിലെ നിബിഡവനത്തിൽ. നമ്മുടെ സാംസ്കാരികമായ അപര്യാപ്തതകൾ കണ്ടുപിടിക്കണം. ഓണം എന്നു പറയുന്നത് സന്തോഷകരമാണെങ്കിലും അത് ഒരു കൃത്രിമകസവാണ് .അത് ഭൂതകാലത്തിന്റെ നാണം മറയ്ക്കാനായി നവകേരളത്തിൻ്റെ ബുദ്ധി കണ്ടുപിടിച്ചതാണ്. അതുകൊണ്ട് ഓണത്തിനു ,അതിൻ്റെ  സാഹിത്യത്തിനു കേരളത്തെ കണ്ടുപിടിക്കാനുള്ള ബാധ്യതയുണ്ട്.

ആൾട്ടർനേറ്റീവ് ഷേക്സ്പിയർ 

ഈ ജീവിതകാലത്തു തന്നെ തങ്ങൾ തിരസ്കരിക്കപ്പെടുമെന്നു  തിരിച്ചറിഞ്ഞ എഴുത്തുകാരാണ്  വിമർശകർക്ക് നേരെ തിരിയുന്നത്. അഷ്ടമൂർത്തി കുറെ കഥകൾ എഴുതിയെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല .താൻ തിരസ്ക്കരിക്കപ്പെട്ടു എന്ന യാഥാർത്ഥ്യവുമായി അദ്ദേഹം പൊരുത്തപ്പെടാൻ ശ്രമിക്കുന്നത് 'നിരൂപകൻ്റെ രാജ്യഭാരം'(മനോരമ വാർഷികപ്പതിപ്പ്) എന്ന കഥയിൽ കാണാം: 'മരിച്ചുപോയ പലരുടെയും ഗതി ഇതുതന്നെയാണ്. വള്ളത്തോളിന്റെയും ശങ്കരക്കുറുപ്പിന്റെയും കവിത ഇപ്പോൾ ആർക്കുവേണം? എന്തിനു ഈ കാലത്ത് ചൊൽക്കാഴ്ചകളിലൂടെ  കേരളത്തിൽ പ്രകമ്പനമുണ്ടാക്കിയ കടമ്മനിട്ടയുടെ പുസ്തകങ്ങൾ പോലും ഇപ്പോൾ സ്റ്റാളുകളിൽ കെട്ടിക്കിടക്കുകയാണത്രേ . കവികളുടെ കാര്യം മാത്രമല്ല, പൊറ്റക്കാട്ടിന്റെ പുസ്തകങ്ങൾ ഇപ്പോൾ വല്ലവരും വായിക്കുന്നുണ്ടോ?ഉറൂബിനെയൊക്കെ നമ്മൾ മറന്നു കഴിഞ്ഞില്ലേ ?'

എങ്ങനെയാണ് ഈ ചിന്ത ഉണ്ടായത്? തനിക്കു മുമ്പുള്ള ചില പ്രമുഖർ  കാലഹരണപ്പെട്ടതുകൊണ്ട് തൻ്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന ആധി കഥാകൃത്തിനെ ബാധിച്ചിരിക്കുകയാണ്. കാലാതിവർത്തിയായ മൂല്യങ്ങൾ ചർച്ച ചെയ്യുന്നവരെ മാത്രമേ പിന്നീട് വായിക്കുകയുള്ളൂ. അമ്പതു വർഷം കഴിഞ്ഞാലും ചർച്ച ചെയ്യാൻ പ്രസക്തമായ മൂല്യമുണ്ടാകണം;  ഇന്നത്തെ വായനക്കാരെ ഇക്കിളിപ്പെടുത്തിയാൽ മാത്രം പോരാ.

അമെരിക്കൻ കവി വാൾട്ട് വിറ്റ്മാൻ്റെ 'ലീവ്സ് ഓഫ് ഗ്രാസ് 'ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.  ഷേക്സ്പിയറിന്റെ നാടകങ്ങളെക്കു റിച്ചുള്ള പഠനങ്ങൾ അഞ്ചു നൂറ്റാണ്ട് കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. 'ഓൾട്ടർനേറ്റീവ് ഷേക്സ്പിയർ ' എന്ന ഗ്രന്ഥപരമ്പരയിൽ മൂന്നാമത്തേത് ഞാൻ കഴിഞ്ഞ ദിവസമാണ് വായിച്ചത്. ഇതിൽ റോബർട്ട് ഷാഗ്നസി, കാതറിൻ റോസ്, ഡബ്ളിയു .ബി. വർത്തൻ, ലൂക്കാസ് ഏൺ ,ജൂലിയ റീൻഹാർഡ്‌ ലുപ്റ്റൺ  തുടങ്ങിയവരാണ് എഴുതിയിരിക്കുന്നത്. നമ്മുടെ കാലത്ത് ഷേക്സ്പിയർ നാടകങ്ങൾ എങ്ങനെയൊക്കെ വായിക്കാം ,പഠിക്കാം, അവതരിപ്പിക്കാം എന്നാണ് ഈ ഗ്രന്ഥപരമ്പര ചർച്ച ചെയ്യുന്നത് .ഈ പുസ്തകത്തിൻ്റെ ഒടുവിൽ റോയൽ ഷേക്സ്പിയർ കമ്പനി ആർട്ടിസ്റ്റ് ഡിറക്ടർ മൈക്കിൾ ബോയ്ദുമായി ഒരു സംഭാഷണമുണ്ട്. ഒരു ക്ലാസിക്കൽ നാടകകമ്പനിക്ക് സമകാലിക സംസ്കാരത്തെ അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട്? കലാസൃഷ്ടികളുടെ മരണനിരക്ക് ഭയാനകമാണ്. സംസ്കാരം നിങ്ങളുടെ കലയെ പാർശ്വവൽക്കരിക്കുകയോ അപ്രസക്തമാക്കുകയോ ചെയ്യുന്നതിനെതിരായ ഒരു വിചാരം നിങ്ങളുടെ കലാപ്രവർത്തനത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു.
അതിന്റെയർത്ഥം ,പഴയ രീതിയിൽ തന്നെ ഷേക്സ്പിയർ നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ റോയൽ കമ്പനി തയ്യാറല്ല എന്നാണ്.

വിമർശകനെ ഭയപ്പെടുന്നവർ 

അഷ്ടമൂർത്തിയുടെ മേൽപ്പറഞ്ഞ കഥ വായിച്ചിട്ട് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു ,താങ്കളെക്കുറിച്ചാണ് ഈ കഥയെന്ന് !.അദേഹം ഫോണിൽ കഥ വായിച്ചു കേൾപ്പിച്ചു. എന്നാൽ എന്നെ സംബന്ധിക്കുന്ന ഒന്നും തന്നെ കണ്ടില്ല .ഒരു കാര്യം വ്യക്തമാണ് ;ഈ കഥാകൃത്ത് വിമർശകരെ വല്ലാതെ ഭയപ്പെടുന്നു. വിമർശങ്ങൾ അദ്ദേഹത്തിനു താങ്ങാനാവുന്നില്ല. ആശയജീവിതം അവസാനിപ്പിച്ചവരാണ് വിമർശകരെ ചീത്ത പറഞ്ഞു രംഗത്തു വരുന്നത്. 

ബോബി ജോസ് കട്ടിക്കാടുമായി വി.ജി. തമ്പി നടത്തുന്ന ഒരു സംഭാഷണം എഴുത്തു മാസിക (സെപ്റ്റംബർ)യിലുണ്ട്. ഏതോ വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിലാണ് തമ്പി, കട്ടിക്കാടിനെ അവതരിപ്പിക്കുന്നത്. ബോബി ജോസ് പറയുന്ന പലതും ക്ളീഷേയാണ്.ഒരു പുതുമയുമില്ലാത്ത ആശയങ്ങൾ. നിത്യചൈതന്യയതി ,പി.എൻ. ദാസ് ,സാനന്ദരാജ് തുടങ്ങിയവരുടെ  ലേഖനങ്ങൾ വായിച്ചുള്ളവർക്ക് ഇതിൽ പുതുതായി ഒന്നും കണ്ടെത്താനില്ല. ഒരു ഭാഗം നോക്കൂ:'കുട്ടിക്കാലത്ത് സർക്കസും പാവക്കൂത്തും സൈക്കിൾ അഭ്യാസങ്ങളുമായി ചില നാടോടി സംഘങ്ങൾ ഞങ്ങളുടെ ഗ്രാമ വെളിയിൽ തമ്പടിച്ചിരുന്നു . മടങ്ങിപ്പോകുമ്പോൾ അവരോട് ചേരാൻ ഞാൻ കൊതിച്ചു. അടച്ചിട്ട മുറിയിൽ കിടന്നുറങ്ങുമ്പോൾ ഇപ്പോഴും എനിക്ക് ശ്വാസം മുട്ടുന്നു. നക്ഷത്രങ്ങളെ നോക്കിയുറങ്ങിപ്പോയ കടൽത്തീരത്തെ ചില രാത്രികൾ എങ്ങനെ മറക്കാൻ?'.എന്താണ് ഇതിലുള്ളത്? ഇങ്ങനെയൊക്കെ ചിന്തിക്കാത്ത കുട്ടികൾ എവിടെയെങ്കിലും കാണുമോ ?

തിരക്കഥയല്ല സിനിമ 

മുമ്പൊരു ലക്കത്തിൽ തിരക്കഥ ഒരു കലാരൂപമോ സാഹിത്യരൂപമോ അല്ലെന്ന് ഞാൻ എഴുതിയതിനെക്കുറിച്ച് ഒരു ചലച്ചിത്ര വിദ്യാർത്ഥി കഴിഞ്ഞ കഴിഞ്ഞദിവസമാണ് സംവാദത്തിനായി എന്നെ വിളിച്ചത്. ഇക്കാര്യത്തിൽ എനിക്കുള്ള കാഴ്ചപ്പാടിനു ഒരു മാറ്റവുമില്ല .തിരക്കഥ ഒരു സാഹിത്യ രൂപമല്ല. അത് കെട്ടിടത്തിന്റെ പ്ലാൻ പോലെയുള്ള ഒരു കരടാണ്. അത് സംവിധായകൻ ചിത്രീകരിച്ചാലേ സിനിമയാകൂ. തിരക്കഥയിൽ സിനിമയില്ല. സംവിധായകൻ ചിന്തിക്കുന്നതു പോലെയാണ് സിനിമയുണ്ടാകുന്നത് .'പഥേർ പാഞ്ചാലി'യുടെ (സത്യജിത് റായി ഈ പേര് വീഡിയോ ഇൻ്റർവ്യുകളിൽ ഇങ്ങനെയാണ് ഉച്ചരിക്കുന്നത്) തിരക്കഥ കൈയിൽ കിട്ടിയിരുന്നെങ്കിൽ കെ. ജി .ജോർജ് ,പി.എൻ. മേനോൻ, രാമു കാര്യാട്ട് എന്നീ സംവിധായകർക്ക് സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' സൃഷ്ടിക്കാനാവില്ല. ഈ സംവിധായകർ അവരുടെ  കലാബോധമനുസരിച്ച് മറ്റൊരു 'പഥേർ പാഞ്ചാലി'യാകും സൃഷ്ടിക്കുക. അവരുടെ ചിത്രങ്ങളെ പ്രമുഖ ഇംഗ്ളീഷ് സിനിമാവിമർശകനായ ഡെറിക് മാൽക്കം ലോകത്തിലെ പ്രധാനപ്പെട്ട നൂറ് ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കാനുള്ള ഒരു സാധ്യതയുമില്ല.എന്നാൽ റായിയുടെ ചിത്രത്തെ മാൽക്കം ലോകത്തിലെ നൂറിലൊന്നായി തിരഞ്ഞെടുത്തു. 
ഇതാണ് തിരക്കഥയും സിനിമയും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത്. കാരണം, തിരക്കഥയിൽ പറയുന്ന ഇരുട്ടും നിഴലും വെളിച്ചവുമെല്ലാം ഒരു സംവിധായകൻ്റെ മനസ്സിലാണ് കലയായി മാറുന്നത്.

ലോകത്ത് പ്രമുഖനായ ഒരു ചലച്ചിത്രവിമർശകനും തിരക്കഥകളെക്കുറിച്ച് പഠനം എഴുതില്ല. സ്കിപ്റ്റിനു ഒറ്റയ്ക്ക് നിൽക്കാനാവില്ല; നാടകത്തിനു കഴിയും. ഒരു ചലച്ചിത്രകാരന്റെ ജീവിതാനുഭവം ,വീക്ഷണം, കലാബോധം ,തത്ത്വചിന്ത തുടങ്ങിയവയാണ് മികച്ച സിനിമയ്ക്ക് കാരണമാകുന്നത്. ഡെറിക് മാൽക്കം സത്യജിത് റായിയെക്കുറിച്ച് ഒരു ലേഖനമെഴുതിയിട്ടുണ്ട് .അതിൽ റായി പറഞ്ഞ ഒരു കാര്യം അദ്ദേഹം ഇങ്ങനെ ഉദ്ധരിക്കുന്നു: 'ഞാൻ ധാരാളം പണം ചെലവാക്കി ,നദികളും പർവ്വതങ്ങളും കാണാനായി ലോകമൊട്ടു സഞ്ചരിച്ചു. വളരെ ദൂരം പോയി എല്ലാം കണ്ടു. എന്നാൽ എൻ്റെ വീടിൻ്റെ വെളിയിൽ ഒരു പുല്ലിന്റെ ഇലയിൽ ഒരു മഞ്ഞുതുള്ളി എങ്ങനെയാണ് നിങ്ങൾക്ക് ചുറ്റിനുമുള്ള ലോകത്തെ പ്രതിഫലിപ്പിക്കുന്നതെന്ന് കാണാൻ ഞാൻ മറന്നു പോയി'.ഈ ബോധമാണ് റായിയെ മാറ്റിയ ഘടകം. ഇതാണ് റായിയുടെ ചലച്ചിത്രങ്ങളെ മഹത്വമുള്ളതാക്കിയതെന്നാണ് മാൽക്കം അഭിപ്രായപ്പെടുന്നത്.

കുളിരു പകർന്ന കഥ

ഓണക്കാലത്ത് മനസ്സിനെ കുളിർപ്പിച്ച കഥയാണ് സിതാര എസ് എഴുതിയ 'മറ'(മാതൃഭൂമി ഓണപ്പതിപ്പ്). ഭർത്താവ് മരിച്ചാൽ ഒരു മുസ്ലിം സ്ത്രീ മറയിലിരിക്കണമെന്ന നിയമമാണ് ഹമീദ എന്ന കഥാപാത്രത്തിലൂടെ വിശദീകരിക്കുന്നത്. മറയിലിരുന്നു വീർപ്പു മുട്ടിയ ഹമീദയെ കാണാൻ സഹപാഠി ശ്രീജിത്തും രമയും  എത്തുകയാണ് .വീട്ടുകാർക്ക് ഇഷ്ടമായില്ലെങ്കിൽ അവർ മൂവരും  പുറത്തുപോകാൻ തയ്യാറാവുന്നു; ഒന്നു ചുറ്റിക്കറങ്ങി മനസ്സിനെ വീണ്ടെടുക്കാൻ.

മനുഷ്യർക്ക് സ്നേഹം നിഷിദ്ധമല്ലെന്നാണ് ഈ കഥ പറയുന്നത് .സ്നേഹം നഷ്ടപ്പെട്ടുപോയ കാലമാണിത്. മരുഭൂമിയിലേക്ക് ഒരു കുടം വെള്ളം ഒഴിച്ചാലെന്നപോലെ സ്നേഹം പെട്ടെന്നു തന്നെ മനസ്സിൽ വറ്റിപ്പോകുന്നു .എന്നാൽ മനുഷ്യൻ വിചാരിച്ചാൽ സ്നേഹവും മനസ്സിൽ വളരും. ഓസ്ട്രേലിയൻ ജീവശാസ്ത്രകാരനായ ജെറിമി ഗ്രിഫിത്ത് തൻ്റെ ഫ്രീഡം ദ് എൻഡ് ഓഫ് ഹ്യൂമൻ കണ്ടിഷൻ ,ബിയോണ്ട് ദ് ഹ്യൂമൻ കണ്ടിഷൻ തുടങ്ങിയ  പുസ്തകങ്ങളിലൂടെ മനുഷ്യന്റെ അടിസ്ഥാന പെരുമാറ്റത്തെക്കുറിച്ചുള്ള ധാരണ പൊളിച്ചെഴുതുകയാണ്. ജീനുകളുടെ പ്രത്യേകതകൊണ്ടുള്ള ജന്മവാസനയാലാണ് മനുഷ്യൻ അക്രമിയാകുന്നതെന്ന പരമ്പരാഗത വാദത്തെ അദ്ദേഹം തള്ളുന്നു. പകരം  മന:ശാസ്പരമായ കുഴപ്പങ്ങളാണ് മനുഷ്യപ്രകൃതിയെ അപകടപ്പെടുത്തുന്നതെന്ന് പറയുന്നു. അതുകൊണ്ട് ജാഗ്രതയുണ്ടെങ്കിൽ മനുഷ്യനു നന്നാവാൻ കഴിയുമത്രേ.

കടൽ പറഞ്ഞ കടങ്കഥ

ആർ. ഗോപീകൃഷ്ണൻ രചിച്ച 'കടൽ പറഞ്ഞ കടങ്കഥ 'എന്ന നോവല്ല  മെട്രോവാർത്ത ഓണപ്പതിപ്പിൻ്റെ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു കണ്ടതിൽ   സന്തോഷിക്കുകയാണ് .ഈ നോവൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുന്നേ തന്നെ ഗോപി സാർ എനിക്കു വായിക്കാൻ തന്നിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് ഫോണിലൂടെ ദീർഘമായി സംസാരിച്ചു.അന്ന് ഇതിൻ്റെ പേരു താമരസ്വാമി എന്നായിരുന്നു. കടലുമായി ബന്ധമുള്ള ഒരു പേരാണ് ഇതിനു ചേരുകയെന്നു അന്നത്തെ ചർച്ചകളിൽ സാർ തീരുമാനിച്ചിരുന്നു.

ഈ നോവല്ല മനുഷ്യനെ മാറ്റുന്ന ആന്തരികശക്തിയെക്കുറിച്ചുള്ള ഒരു മിത്താണ് .ഗോപി സാറിൻ്റെ സ്നേഹ മനസും വ്യക്തിത്വവും പോലെ ഈ നോവല്ലയും സ്വാഭാവിക സൗന്ദര്യം ആർജിക്കുകയാണ്. മനസിൻ്റെ അടിത്തട്ടു കാണിച്ചുതരുന്നു. സൗന്ദര്യത്തിൻ്റെ സ്ഫടികമാനം.  ഇതിലെ സിദ്ധൻ മാറ്റത്തിന്റെ ശക്തിയാണ് .എന്നാൽ ലോകം അത്  തിരിച്ചറിയാൻ വൈകുന്നു.പ്രശസ്ത ലബനീസ് കവി ഖലിൽ ജിബ്രാൻ എഴുതിയ 'ജീസസ് ദ് സൺ ഓഫ് മാൻ' എന്ന പുസ്തകത്തിൽ ഫിലിപ്പോസ് അധ്യായമുണ്ട്. അതിൽ  സ്നേഹംകൊണ്ടു വെറുപ്പിനെ എതിരിട്ട ഒരാൾ യേശുവിനെ പോലെ ചരിത്രത്തിൽ വേറെയില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.കുരിശിൽ കിടന്നു കൊണ്ടും കരിശിലേറ്റിയവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു! .എന്തിനുവേണ്ടിയാണ് എല്ലാവരോടും ക്ഷമിക്കുന്നത്? സ്നേഹിക്കുന്നത്? ആന്തരിക പരിവർത്തനത്തിനു അതാണ് ഉതകുന്നത് .'കടൽ പറഞ്ഞ കടങ്കഥ'യിലും ഈ പരിവർത്തന കാഹളം കേൾക്കാം. ലോകത്തെ നന്നാക്കാനും പ്രബുദ്ധമാക്കാനും വന്ന ഈ സ്വാമിയെ മനുഷ്യമനസിലാണ് അന്വേഷിക്കേണ്ടതെന്നു കഥാകൃത്ത്  സൂചിപ്പിക്കുന്നു .സരളവും സ്നിഗ്ദ്ധവുമാണ് ഇതിൻ്റെ ഭാഷ. 

പഞ്ചശരം

ഇരവി എഴുതിയ 'പഞ്ചശരം'(ഡി.സി) എന്ന നോവൽ വാത്സ്യായന മഹർഷിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. കാമസൂത്രത്തിൻ്റെ മുറകളിലൂടെ ശാസ്ത്രീയവും നിശിതവുമായ അന്വേഷണത്വരയുമായി നോവലിസ്റ്റു നീങ്ങുന്നു .യുദ്ധവും രതിയും ഇതിൽ സവിസ്തരം പ്രതിപാദിക്കുന്നു. ഒരു കാലഘട്ടത്തെ അനാവരണം ചെയ്യുന്ന രചനയാണിത്. ഇതിലെ രതി എഴുത്തുകാരന്റെ വ്യക്തിപരമായ ലൈംഗിക അനുഭൂതിയായിട്ടല്ല വിവരിച്ചിട്ടുള്ളത്. ലൈംഗികതയുടെ ധർമ്മവും രാഷ്ട്രീയവും ചേർന്ന ഒരു സവിശേഷ പ്രസ്ഥാനത്തെയാണ് ഇരവി ഇവിടെ  അവതരിപ്പിക്കുന്നത്.

കവിയുടെ ജോലി 

കേരള സാഹിത്യഅക്കാദമിയുടെ 'സാഹിത്യചക്രവാള'(സെപ്റ്റംബർ)ത്തിൽ കുരീപ്പുഴ ശ്രീകുമാറുമായി ഒരഭിമുഖം കാണാം. കുരീപ്പുഴ തൻ്റെ ഫേസ്ബുക്ക് പേജിൽ 'ഇന്നു വായിച്ച കവിത' എന്ന പേരിൽ മറ്റുള്ളവരുടെ കവിത പോസ്റ്റ് ചെയ്യാറുണ്ട് .ഈ പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിട്ടതാണ് അക്കാദമിയെ ഇളക്കി മറിച്ചത് !.പോസ്റ്റ് ചെയ്യുന്ന കവിതകളുടെ ഗുണമെന്താണെന്നു  അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അത് അദ്ദേഹത്തിനു വലിയ നിശ്ചയവുമില്ല. സാഹിത്യകൃതിയുടെ സൗന്ദര്യത്തെക്കു റിച്ച് ഗാഢമായ ചിന്തയും നിഷ്കർഷയുമുള്ള ഒരാളും ഈ സാഹസത്തിനു ,പരസ്യപരിപാടിക്ക് മുതിരില്ല .കുരീപ്പുഴയ്ക്ക് കവിതയുടെ ഗുണമല്ല പ്രധാനം; ഒരു കവിത പോസ്റ്റ് ചെയ്താൽ മതി. ഇത്രയും മികച്ച കവിതകൾ മലയാളത്തിൽ ഉണ്ടായോ? മഹാത്ഭുതം! .ജൂനിയറായ കവികളുടെ പി.ആർ ജോലി ഒരു മുതിർന്ന കവി ഏറ്റെടുക്കുന്നത് അനുചിതമാണ്.സാഹിത്യബാഹ്യമായ പരിഗണനയിലാണ് ഇത്തരം തെരഞ്ഞെടുപ്പുകൾ എത്തിച്ചേരുന്നത്.

No comments:

Post a Comment