Friday, December 9, 2022

കലയുടെ ഒളിത്താവളം /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

 





ഇന്നത്തെ കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ  അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ  പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുന്നു. 

ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.
അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിനു  യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്.  യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ ,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമികമായ വിദ്യയാണിത്.
 
ഓർക്കുമ്പോൾ രസം

ജീവിതത്തിൽ സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ  ടെക്സ്റ്റ് ,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത് കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ സങ്കല്പിക്കുന്നു. 

കാളിദാസൻ്റെ 'രഘുവംശ'ത്തിൽ രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും ചിത്രീകരിച്ച്  പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല. ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള ഹൃദ്യമായ കാഴ്ചകൾ മാത്രം .

ഈ ലോകത്തിലെ ഏതൊരു രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും  വാങ്ങും. അതിനു കലാമൂല്യമുണ്ട്. അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ് എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്.  ശൈലിയിലൂടെ ,പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു. 

വിമർശനത്തിൻ്റെ പ്രസക്തി

'അക്ഷരജാലകം' പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം  എഴുത്തിന്റെ സ്വഭാവമാണ്. ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ് ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ ,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല. നിലവിലുള്ളതിനോട്  പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ് പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .
ഒരു ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത് ആപത്തിൻ്റെ  സൂചനകളാണ്. 

രചനാരംഗത്ത് വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന്  സുഖിപ്പിക്കലിൻ്റെയും തിരുമ്മലിൻ്റെയും  ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത്  എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു  ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .

ആനന്ദബോസും മലയാളസാഹിത്യവും

എഴുത്തുകാരനും ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത് ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത് ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക് അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അതിനൊന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു.  ചങ്ങമ്പുഴയുടെ 'രമണൻ' മലയാളത്തിൽ ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്.

ഇന്ത്യ ഒരു യാത്ര 

ദേശമംഗലം രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ് '(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ, നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്. ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ വരികൾ:

'ഇന്ത്യൻ റെയിൽവേയിൽ
ടിക്കറ്റെടുത്തിരുന്നുവല്ലോ 
ആശാനും അക്കിത്തവും 
പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .
ഏത് സ്റ്റേഷനിലെ 
ഉരുൾപൊട്ടലാണ് 
അവരെ തട്ടിക്കൊണ്ടുപോയത് .
കവിതയുടെ വീട്ടിൽ 
തിരക്കിയപ്പോൾ 
കവിതയും എത്തിയിട്ടില്ല'.

ഇന്ത്യ ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി പരിചയപ്പെടുത്തുന്നത്.

ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?

ക്രിസ്ത്യൻ ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്. ഹിഗ്വിറ്റ എന്നത് ഒരു  ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ് മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ്  ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്. മാധവനോട് ചോദിക്കേണ്ടി വരുമല്ലോ. 
മറഡോണ എന്ന പേരിൽ ഒരാൾ കഥ  എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത് ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.

മാധവിക്കുട്ടിയുടെ തുറന്നുപറയൽ 

എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:
'എഴുതാൻ വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ  വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക, അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക. പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു. പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക് ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ് പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന എഴുത്തുകാരെയോ ?

മാധവിക്കുട്ടി എന്തെഴുതിയാലും അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം  എത്ര ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ നോക്കുകയാണ്. 

'പഴേതാവാണ്ടിരിക്കാൻ
പുതുക്കങ്ങളുണ്ടാക്കി ജീവിക്കണം' എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി.

നാരായണൻ്റെ വാദം തെറ്റ്

സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്:
'സഹിഷ്ണുത എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം." തുടർന്ന് നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?'. പകരം വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.

എന്നാൽ സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം വ്യക്തമാക്കുന്നുണ്ട്. 
വോൾട്ടയുടെ ആശയമാണത്.  ജനാധിപത്യത്തിലെ ഏറ്റവും  ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ പ്രയാസമാണെന്നറിയാം .  എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്. സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ പോവുകയാണെന്നു കള്ളത്തരം പറയണ്ട.

No comments:

Post a Comment