Friday, December 9, 2022

ചിന്തകൾക്കുള്ളിലെ ബുദ്ധൻ /അക്ഷരജാലകം  /എം.കെ.ഹരികുമാർ 





'ഡി.എച്ച്. ലോറൻസ്: ആൻ അൺപ്രൊഫഷണൽ സ്റ്റഡി' എന്ന പുസ്തകത്തിൽ ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി അനൈസ് നിൻ എഴുതിയത് ശ്രദ്ധേയമായിരിക്കുന്നു: 
'ജീവിതം ആയിത്തീരലിൻ്റെ ഒരു പ്രക്രിയയാണ് ;നമ്മൾ കടന്നു പോകേണ്ട വിവിധ അവസ്ഥകളുടെ ഒരു സംയോജനമാണത്. ഒരു പ്രത്യേക അവസ്ഥ തിരഞ്ഞെടുത്ത് അതിൽ തന്നെ തുടരാൻ തീരുമാനിക്കുന്നവർ  പരാജയപ്പെടുന്നു. ഇത് ഒരു തരത്തിലുള്ള മരണമാണ്'.

വാസ്തവത്തിൽ, ശാന്തമായ ഒരു ജലാശയത്തിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞ് അലങ്കോലമുണ്ടാക്കുന്ന ജോലിയാണോ ജീവിതം എന്ന പ്രക്രിയയുടെ ഉടമയായ നമുക്കുള്ളത്?. നമ്മൾ അറിഞ്ഞുകൊണ്ടുതന്നെ അലങ്കോലമുണ്ടാക്കുന്നു. ശാന്തമായിരിക്കുന്നിടത്തെല്ലാം നമ്മൾ ഒന്നിനൊന്നു വേറിട്ട്, ഇടഞ്ഞ്  തല്ലുണ്ടാക്കുന്നു. അങ്ങനെ ചിതറിപ്പോകുന്നതാണ് വിപ്ലവമെന്നു വിചാരിക്കുന്നു. സ്വന്തം ശരീരത്തിലേക്ക് നിരീക്ഷിച്ചാൽ ചില സൂചനകൾ കിട്ടാതിരിക്കില്ല. അനൈസ് നിൻ അത് വിശദീകരിക്കുന്നുണ്ട്:

'ഡി.എച്ച്.ലോറൻസ് വിശ്വസിച്ചു, ശരീരത്തിന്റെ വികാരങ്ങളാണ് - അതിന്റെ ഏറ്റവും പ്രക്ഷുബ്ദ്ധമായ ആവേഗങ്ങൾ മുതൽ ചെറിയ ചലനങ്ങൾ വരെ- ദർശനത്തിന്റെ ഊഷ്മളമായ വേരുകൾ എന്ന്. ആ ഊഷ്മളമായ വേരുകളിൽ നിന്നാണ് നമുക്ക് ശരിക്കും വളരാനകുന്നുള്ളു.  ശരീരത്തിന്റെ ജൈവപരത സ്വാഭാവികമാണ് .മനസ്സിൻ്റെ ഇടപെടലാണ് വിഭജനങ്ങളുണ്ടാക്കുന്നത്- ബോധത്തിന്റെ ശരിയും ശരികേടുകളും'.മനസും ശരീരവും തമ്മിലുള്ള ഒരു ലയം സാക്ഷാത്കരിക്കുമ്പോഴാണ് പൂർണ്ണ സൗഖ്യമുണ്ടാകുന്നതെന്ന് വരുന്നു .ധ്യാനിയായ ബുദ്ധൻ അവിടെയാണ് തെളിയുന്നത്. 

അണുകുടുംബം കെണിയോ ?

ഇന്നത്തെ കഥാകൃത്തുകളിൽ കഥയെക്കുറിച്ചു ജാഗ്രതയുള്ളയാളാണ് എം.നന്ദകുമാർ. എന്തെങ്കിലും എഴുതി കഥയെന്നു പേരിടുന്നവരാണ് അധികവും .തങ്ങളെക്കുറിച്ചു വായനക്കാർ എന്ത് കരുതുമെന്ന് അല്പം പോലും വേവലാതിയില്ലാത്ത എഴുത്തുകാർ ഉണ്ടാവുന്നത് അപകടമാണ്. വായനക്കാരനാണ് ദൈവം. അവൻ വിവേകിയാണ്;സൗന്ദര്യത്തെ തേടുന്നവനാണ്. അവനെ മാനിക്കണം. അവൻ്റെ നിലവാരത്തിനൊത്ത് ഉയരണം. എം.നന്ദകുമാറിന്റെ 'പൂച്ചകളുടെ തീവണ്ടി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 24) വായിച്ചത് വെറുതെയായില്ല. അദ്ദേഹം ഇന്നത്തെ അണുകുടുംബം എന്ന കെണിയെ തുറന്നുകാണിച്ചിരിക്കുന്നു. കുടുംബം അനിവാര്യമാണെങ്കിലും ജീവിതത്തിലെ സാഹസികതയും വേഗവും സംഘർഷവും സമ്മർദ്ദവും അതിരുവിട്ട ഈ കാലത്ത് അത് മാനസികപ്രശ്നമായി മാറുകയാണ്. സ്വസ്ഥതയ്ക്കു വേണ്ടി കുടുംബജീവിതം തിരഞ്ഞെടുക്കുന്നവർ സ്വസ്ഥത നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുകയാണ്. ഈ കഥയിലെ രേവതി അതിനുദാഹരണമാണ് .അവളുടെ വിവാഹജീവിതം ഒരിക്കലും സുഖകരമായിരുന്നില്ല .ആദ്യത്തെ രണ്ട് ഗർഭവും അലസിയതും പിന്നീടുണ്ടായ കുട്ടിക്ക് സംസാരശേഷി കുറഞ്ഞതും കുടുംബപ്രശ്നമായി മാറി. ഭാര്യയ്ക്കും ഭർത്താവിനും സുഖം നൽകാത്ത ആ കുടുംബം ജീവിച്ചത് ആ  കുഞ്ഞിനുവേണ്ടിയായിരുന്നോ ?

എന്നാൽ അതിൻ്റെ പേരിലാണെങ്കിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായത് .കുടുംബം വളരെ ആപത്ക്കരവും സാഹസികവുമാവുകയാണ്, ആധുനിക നഗരവ്യവസ്ഥയിൽ. ജീവിതത്തിൻ്റെ  അനിശ്ചിതത്വമാണ് അതിനു കാരണം. ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച അവളുടെ മൃതദേഹം കണ്ട ഭർത്താവ് ദിനകരൻ അവസാനം ആ സത്യം മനസ്സിലാക്കി: 
'പുറത്തു വരാത്ത നിലവിളിയോടെ കിടക്കയിൽ കുഴഞ്ഞിരിക്കുമ്പോൾ പൊടുന്നനെ അയാൾ കണ്ടെത്തുന്നു: അവൾ എത്രമാത്രം മെലിഞ്ഞു പോയി!'

മറ്റൊരു തുടക്കമാകട്ടെ

ഇപ്പോൾ സാഹിത്യകൃതികൾക്ക് അവാർഡ് കൊടുക്കുന്നത് കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ കൃതികളെ  അടിസ്ഥാനമാക്കിയാണ്. അഞ്ചുവർഷങ്ങൾക്കിടയിൽ മികച്ച കൃതിയില്ലെങ്കിൽ? ഏതെങ്കിലും ഒന്നിനു കൊടുക്കേണ്ടിവരുന്നു. എന്നാൽ പഴയകാല കൃതികൾക്കു ഇനിയും അവാർഡിനു അർഹതയുണ്ട്. വിലാസിനിയുടെ 'അവകാശികൾ' എന്ന ബൃഹത് നോവലിനു ഒരവാർഡ് കൊടുത്താൽ എന്താണ് കുഴപ്പം ? മലയാളസാഹിത്യത്തിന്റെ നല്ലകാലം കഴിഞ്ഞല്ലോ .പഴയ കൃതികൾ ഇനിയും അവാർഡ് കിട്ടാതെ അവശേഷിക്കുകയാണ് .പോഞ്ഞിക്കര റാഫിയുടെ കലിയുഗം , കൃഷ്ണചൈതന്യയുടെ സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത ,യു.പി. ജയരാജിൻ്റെ 'ഓക്കിനാവയിലെ പതിവ്രതകൾ ,കാക്കനാടൻ്റെ ആൾവാർ തിരുനഗറിലെ പന്നികൾ തുടങ്ങിയ കൃതികൾക്ക് അവാർഡ് കൊടുത്താൽ പുതിയൊരു മൂല്യചർച്ചയ്ക്കു തുടക്കമാകും. കാക്കനാടൻ്റെ കൃതിക്ക് അവാർഡ് കൊടുക്കുന്നു എന്നു കരുതുക.എന്നിട്ട് ആ തുക ഉപയോഗിച്ച് ഒരു അവാർഡും ലഭിക്കാത്ത പത്തുപേരെയെങ്കിലും ആദരിക്കുക. അത് സാഹിത്യചിന്തയുടെ ഗൗരവം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കും .ഈ രംഗത്ത് പ്രവർത്തിക്കാൻ പ്രേരണയാകും. 

ബോധത്തിൽ സ്ഫോടനം

തീവ്രരാഷ്ട്രീയ നിലപാടുകളുടെ പേരിൽ അറസ്റ്റിലാവുകയും പീഡനമനുഭവിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു പി.എൻ.ദാസ് .എന്നാൽ അത് അദ്ദേഹത്തെ കൂടുതൽ അറിവുള്ളവനാക്കി. ദസ്തയെവ്സ്കിയുടെ ജയിൽ ജീവിതം പോലെ പിൽക്കാലത്ത് വേറിട്ട അർത്ഥാന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള ഒരു പ്രചോദനമായി മാറി ,ആ പീഡിതമായ ദിനങ്ങൾ .ദാസ് ആ കാലത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: 'വിപ്ലവ രാഷ്ട്രീയവുമായുള്ള ബന്ധത്തിൻ്റെ  പേരിൽ അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷം ജയിലിലായിരുന്നു. വൈദ്യുതിയില്ലാത്തതുകൊണ്ട് രാത്രി മുഴുവൻ ഉറങ്ങുന്നതുവരെ ആലോചനകളിൽ മുഴുകിയിരിക്കും.പൂർണമെന്നു വിചാരിച്ചു വന്ന ആശയങ്ങളിൽ പൂരിപ്പിക്കേണ്ട ഒട്ടേറെ ഇടങ്ങളുണ്ടെന്നു കണ്ടെത്തിക്കൊണ്ടിരുന്ന നാളുകൾ. ജയിലിൽ നിന്നു പുറത്തുവന്നത് കനത്ത ഒരു വിശ്വാസപ്രതിസന്ധിയുമായിട്ടായിരുന്നു. വീടിനു പുറത്ത് ലോകം കൂടുതൽ അനാഥവും ഏകാന്തവുമായി മാറുന്നതു പോലുള്ള സംഭവങ്ങളാണക്കാലത്തുണ്ടായത്. വിപ്ളവരാഷ്ട്രീയവുമായി ബന്ധമുണ്ടായിരുന്ന പലരും മനോരോഗികളായി. സുബ്രഹ്മണ്യ ദാസ്, ഡോ.സലിം തുടങ്ങിയ ചില സുഹൃത്തുക്കൾ ആത്മഹത്യ ചെയ്തു. ആയിടെ സാന്ത്വനം തേടി പല ആത്മീയകേന്ദ്രങ്ങളിലും യാത്ര ചെയ്തു. ജെ. കൃഷ്ണമൂർത്തിയെ വായിക്കാൻ തുടങ്ങി. തുടർന്നാണ് ധ്യാനത്തിന്റെ വഴിയിലെത്തുന്നതും ജീവിതത്തിൽ നവമായ ഒരു പ്രത്യാശ ജനിക്കുന്നതും' .

അതുവരെ വിശ്വസിച്ചിരുന്ന മാർഗ്ഗം തെറ്റാണെന്നു തിരിച്ചറിയുന്ന നിമിഷം ഒരു വഴി അവസാനിക്കുകയാണ്. അത് പരാജയബോധത്തെ ആളിക്കത്തിക്കുന്നു. ബോധത്തിൽ ഒരു സ്ഫോടനം നടക്കുകയാണ്. അത് വേറൊരു രീതിയിൽ മരണമാണ്. ദാസ് അതിൽ നിന്നു ഉണർന്ന് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കൂടുതൽ അർത്ഥവത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി. പ്രചോദനാത്മകമായ പുതിയ അറിവുകൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചിന്തകൾക്കുള്ളിലെ ധ്യാനിയായ ബുദ്ധനെ കാണുവാൻ നാം തയ്യാറായിരിക്കണം. അറിവിനുള്ളിൽ ദേവനിരിക്കുന്നു. അത് പക്ഷേ ,എല്ലാവർക്കും വെളിപ്പെടണമെന്നില്ല .നല്ലൊരു വാചകം എഴുതണമെങ്കിൽ ഈ ബോധം അനുഗ്രഹിക്കണം. മഹാഭാരതത്തെക്കുറിച്ച് നൂറുകണക്കിന് പേജുകൾ എഴുതുന്ന ധാരാളം പേരെ ഇന്നു കാണാം. പക്ഷേ ,നമ്മെ ചിന്തകൾക്കുള്ളിലെ , വസ്തുക്കൾക്കുള്ളിലെ ബുദ്ധനിലേക്ക് എത്തിക്കുന്ന ഒരു വാചകം പോലും അതിലുണ്ടാകില്ല .ഇത് തെളിയിക്കുന്ന ,ദാസിന്റെ 'വേദനയും വൈദ്യവും' എന്ന ലേഖനത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ് :
'ഒരാൾ വളരെ വേദനയിലാണ്. അത് അങ്ങനെയിരിക്കെ ഒരു നാളയാൾക്ക് വേദന അല്പം കുറയുന്നു. അയാൾ മൊഴിയുന്നു: 'ഞാൻ വളരെ സന്തുഷ്ടനാണ് .അയാൾക്കറിയില്ല എന്താണ് സന്തുഷ്ടിയെന്ന്. ചിലപ്പോൾ അഗാധമായ ദുഃഖമയാൾക്കുണ്ടാകും.   ചിലപ്പോളതു കുറയും. ദുഃഖം കുറയുന്നതിനെയാണ് അയാൾ സന്തുഷ്ടിയെന്നു പറയുന്നത്. അതുപോലെയത്രേ ഇന്നു നമ്മുടെ ആരോഗ്യസങ്കല്പവും .രണ്ടു രോഗങ്ങൾക്കിടയിലുള്ള രോഗമില്ലാത്ത അവസ്ഥയാണോ ആരോഗ്യം? ആശുപത്രികളിൽ പോകാതിരിക്കലും മരുന്നു കുടിക്കാതിരിക്കലുമാണോ ആരോഗ്യം ?ആരോഗ്യാവസ്ഥയിൽ ആരോഗ്യമില്ല. തനുവും മനവും പ്രാണനും പൂർണ സ്വാസ്ഥ്യത്തോടെ വർത്തിക്കുന്നതത്രേ ആരോഗ്യം. എന്താണാരോഗ്യമെന്നു നിങ്ങൾ എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ? നിങ്ങളെപ്പോഴും അറിയുന്നത് രോഗങ്ങൾ വരുന്നതും പോകുന്നതു മാവും'.

ഒരു നിമിഷത്തിലെ കവിത 

ജീവിതത്തിൻ്റെ ക്ഷണികത ഇപ്പോൾ നാം ഏറ്റവുമധികം അഭിമുഖീകരിക്കുകയാണ്. ഇൻഫർമേഷൻ ഓവർലോഡ് , ഡിജിറ്റൽ ഓവർലോഡ് എന്നു പറയാവുന്ന തരത്തിൽ ഡേറ്റയുടെ  പ്രവാഹമാണുള്ളത്. മൊബൈൽ ഫോണിലെ ഡേറ്റ നീക്കം ചെയ്യാൻ തന്നെ കുറെ സമയം വേണം. എല്ലാ ജോലിയും മാറ്റിവെച്ച് വേണം ആവശ്യമില്ലാത്ത ഡേറ്റ് നീക്കം ചെയ്യാൻ .വാട്സപ്പ് ഗ്രൂപ്പുകളും വ്യക്തിഗത സൗഹൃദങ്ങളും നാമമാത്രമായാൽ പോലും പാഴ് ഡേറ്റ - ചിത്രങ്ങൾ ,സന്ദേശങ്ങൾ, ഓഡിയോകൾ ,വീഡിയോകൾ - നമ്മുടെ അനുവാദമില്ലാതെ കടന്നു വരുകയാണ്. ഇതെല്ലാം നീക്കം ചെയ്തേ മതിയാകൂ .അനാവശ്യ ഫയലുകൾ ഒഴിവാക്കിയില്ലെങ്കിൽ ഫോണിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് നാം ഇതൊഴിവാക്കാൻ നിർബന്ധിതരാവുന്നു.ഇത് നമ്മെ നൈമിഷിക ജീവിതത്തിലേക്കാണ് തള്ളിവിടുന്നത്. സ്ഥൂലമായതൊന്നും നമുക്ക് സ്വീകരിക്കാനാവില്ല. എല്ലാം ഉപഭോഗമാണ് .നൊടിനേരത്തെ ഉപഭോഗത്തിനുശേഷം നശിപ്പിച്ചു കളയുകയാണ് .ഈ സമീപനം മനുഷ്യരുടെ സ്വഭാവത്തിലും പ്രകടമാണ്. ബന്ധങ്ങളിലും അത് നിഴലിക്കുകയാണ്. 

ഈ നൈമിഷികത ഇന്നത്തെ കവിതകളിൽ പ്രകടമാണ്. ഇന്നലെകൾക്ക് വേണ്ടിയോ നാളെക്ക് വേണ്ടിയോ കവിത എഴുതുന്നവർ കുറഞ്ഞു. അജിത വി.എസ് എഴുതിയ 'മുഖം'(കലാപൂർണ്ണ, സെപ്റ്റംബർ)എന്ന കവിതയിലെ വരികൾ നോക്കൂ :
'സ്വകാര്യമുറി,യലമാരയിൽ 
ഊരിവച്ചിന്നത്തെ മുഖം ഭദ്രം
നിരയായൂഴം കാത്തിനിയും മുഖങ്ങൾ നാട്ടിലേക്കൊരു മുഖം
വീട്ടിലേക്കിനിയൊന്ന്
ചന്ദനക്കുറിയിലൊരു
ചെന്നായ്ച്ചിരി നേർപ്പിച്ച് 
പാതിയടയും മിഴി,ഭക്തമുഖം'

പല കപടമുഖങ്ങൾ എഴുത്തണിയുന്ന ഒരു ഗ്രീൻ റൂമായി മനുഷ്യമനസ്സ് മാറിയിരിക്കുന്നു. അങ്ങനെ മുഖമില്ലാത്തവരെന്ന നിലയിൽ നാം വ്യാജമായ ഒരു 'സുരക്ഷ' അനുഭവിക്കുകയാണ്. ഇത് നൈമിഷികതയാണ്. മനുഷ്യൻ ഒരിക്കൽ മാത്രമാണ് ജീവിക്കുന്നത്. പിന്നീടവൻ മറ്റൊരു മുഖവുമായി മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുകയാണ്.

കാലം 

രാജൻ സി.എച്ച് നൈമിഷികാനുഭവത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു:'തണുത്തുപോകും' (ഗ്രന്ഥാലോകം ,ഒക്ടോബർ) എന്ന കവിതയിൽ :
'കാലം ചെല്ലുന്തോറും 
എല്ലാറ്റിനും ചൂട് 
കുറഞ്ഞു വരുമെന്ന് 
ഫ്രീസറിൽ വച്ച മുത്തച്ഛൻ്റെ 
തണുത്തുറഞ്ഞ ശരീരം
എന്നോട് ചിരിക്കുന്നതായി തോന്നി '

മുത്തച്ഛന് ഇപ്പോൾ ചൂടില്ല .കാലം ആ 
ചൂട് കവർന്നെടുത്തിരിക്കുന്നു .ഒരു നിമിഷമാണ് കവിത. അതിനപ്പുറമോ ഇപ്പുറമോ ഇല്ല.

വിനോദ് വൈശാഖി 'പുസ്തകം'(കലാപൂർണ) എന്ന കവിതയിലൂടെ പി. ഗോവിന്ദപ്പിള്ളയെ അനുസ്മരിക്കുകയാണ്. വലിയ വായനക്കാരനായിരുന്ന പിജിയൊരു പൂമരം എന്നാണ് വിനോദ് എഴുതുന്നത്.  എല്ലാവരും മറന്ന പി.ജിയെ ഒരു കവിതയിലൂടെ അനുസ്മരിച്ചുവല്ലോ. അത്രയും നല്ലത്. ധാരാളം വായിച്ച പിജിയുടെ സംഭാവനകളെക്കുറിച്ച് ഇനിയും ഒരു അന്വേഷണം ഇവിടെ ആരംഭിച്ചിട്ടില്ല .

No comments:

Post a Comment