m k harikumar by artist prathapan |
കവിതയും
കഥയും ഏതാണ്ട് പരാജയപ്പെട്ട ഈ പുതിയ നൂറ്റാണ്ടിൽ നോവൽ ദിനംപ്രതിയെന്നോണം
നിർമ്മിക്കപ്പെടുകയാണ് .ഒരു നോവൽ ഫാക്ടറി എന്നു വിളിക്കാവുന്ന തരത്തിൽ
അതിൻ്റെ ഉല്പാദനം വർദ്ധിച്ചുവരുകയാണ്. നൂറു നോവലുകൾ ഒരു വർഷം ഈ ഭാഷയിൽ
പുറത്തിറങ്ങുന്നതിനെ പുതിയൊരു വായനയുടെ വസന്തമായി കാണേണ്ടതില്ല.
ആവർത്തിക്കപ്പെടുന്നതെന്താണ്, എഴുതുന്നതെന്താണ്, ഇതുവരെ
എഴുതപ്പെട്ടതെന്താണ് എന്നൊക്കെ അറിയുന്നവർ ഈ നോവലിസ്റ്റുകൾക്കിടയിലുണ്ടോ ?
പുസ്തകവ്യവസായത്തിനു നോവൽ വേണം. കൂടുതൽ നോവലുകൾ ഉണ്ടായാലേ ഒരു വിപണി
സജീവമാവുകയുള്ളൂ. വായനയല്ല വളരുന്നത്, വില്പനയാണ്. കഴിഞ്ഞദിവസം ഒരു പരസ്യം
കണ്ടു. അതിൽ ഒറ്റയടിക്ക് ആറ് നോവലുകൾ പുറത്തിറക്കുന്നതായാണ് വിവരം.
പി.കെ.ഭാഗ്യലക്ഷ്മിയുടെ നീരാളിച്ചൂണ്ട ,കിംഗ് ജോൺസിൻ്റെ സർക്കാർ, എം.എസ്.
ബനേഷിൻ്റെ ജലഭരദിനരാത്രങ്ങൾ, ഷീലാ ടോമിയുടെ ആ നദിയോട് പേര് ചോദിക്കരുത്
,സോമൻ കടലൂരിൻ്റെ പുള്ളിയൻ ,വിനോദ് കൃഷ്ണയുടെ 9 m mബെരേറ്റ എന്നിവയാണ് ആ
നോവലുകൾ.
ഇതിനുപുറമേ ജേക്കബ് എബ്രഹാമിന്റെ
'വാൻഗോഗിൻ്റെ കാമുകി ,നെൽസൺ പുതിയേടത്തിൻ്റെ കനൽ ബീജങ്ങളുടെ കർമ്മകാണ്ഡം,
ഫർസാനയുടെ എല്മ, കെ. വി. മോഹൻകുമാറിന്റെ മഹായോഗി, രമേശ് പഞ്ചവള്ളിലിൻ്റെ
നാലു വർഷങ്ങൾ, ഗണേഷ് ബാലയുടെ ക്രിക്കറ്റ് ഹൗസ് ,ടി.കെ.അനിൽകുമാറിന്റെ അൽ
കാഫി റൂൻ സംവാദങ്ങളുടെ പുസ്തകം ,സുരേന്ദ്രൻ മങ്ങാട്ടിന്റെ രാജമുദ്ര കേസ്
ഡയറി ,ഇരവിയുടെ പഞ്ചശരം, വി. കൃഷ്ണവാദ്ധ്യാരുടെ പുരവനം, ബി .ജയചന്ദ്രന്റെ
യോഗി പറഞ്ഞ കഥ തുടങ്ങി നോവലിൻ്റെ ഒരു വലിയ ഘോഷയാത്രയാണ് കടന്നു പോകുന്നത്.
ഈ നോവലുകൾ എത്രമാത്രം വായനയ്ക്ക് വിഷയമാകുമെന്നു ആലോചിക്കേണ്ടതാണ്. ഒരു കഥ
പറയുക എന്നതിൽ കവിഞ്ഞ് കലാപരമായി നോവലിനെ സമീപിക്കുന്നവർ ഇതിൽ
ആരെങ്കിലുമുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. നോവലിന്റെ മാറിയ
കലാശിൽപത്തെക്കുറിച്ച് എത്ര പേർ അറിയുന്നു? ഇങ്ങനെ കുറെ ചോദ്യങ്ങൾ
ബാക്കിയാവുകയാണ്.
നോവൽ ഒരു പുതിയ സാഹിത്യരൂപമാണ്.
ധിഷണാശാലിയായ റഷ്യൻ -അമെരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോവ് പറഞ്ഞത്
,ഓരോ നോവലും മുൻകാല നോവലുകളിൽ നിന്നു വ്യത്യസ്തമാകുമ്പോഴാണ് നോവൽ എന്ന
പേരിനു അർഹമാകുന്നതെന്നാണ്. നോവൽ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ഒരു
അന്വേഷണമാണ്. ചരിത്രമോ വ്യക്തിയോ നോവലിൻ്റെ പ്രമേയമാകാം; പക്ഷേ ,അതിലൂടെ
അന്വേഷിക്കപ്പെടുന്നത് അസ്തിത്വമാണ്.
മിലാൻ കുന്ദേരയുടെ വീക്ഷണം
ചെക്ക്
നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതിയ 'ദ് ആർട്ട് ഓഫ് ദ് നോവൽ 'വിശേഷപ്പെട്ട
ഒരു കൃതിയാണ്. പുതിയ നോവൽ എന്ന ആശയം എന്താണെന്നും അത് എങ്ങനെ ഉരുത്തിരിഞ്ഞു
എന്നും ആഴത്തിൽ സവിസ്തരം പ്രതിപാദിക്കുന്ന കൃതിയാണത്.
മനുഷ്യാസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും കണ്ടെത്തുന്നില്ലെങ്കിൽ നോവൽ
പരാജയമായിരിക്കുമെന്ന നിലപാടാണ് കുന്ദേരയ്ക്കുള്ളത് .മനുഷ്യാസ്തിത്വത്തെ പല
എഴുത്തുകാരും സമീപിച്ചിട്ടുണ്ട്. അതുതന്നെ പകർത്തിവയ്ക്കുകയോ അതിലെ
ആശയങ്ങൾ ഭാഗികമായി സ്വീകരിക്കുകയോ ചെയ്താൽ പുതിയത് കണ്ടെത്താനാവുകയില്ല.
ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തണം. നികോസ് കസൻദ്സാക്കിസിൻ്റെ ക്രൈസ്റ്റ്
റീക്രൂസിഫൈഡ് ,റിച്ചാർഡ് ബാക്കിൻ്റെ ജോനതൻ ലിവിംഗ്സ്റ്റൺ സീഗൾ, കാഫ്കയുടെ
ദ് കാസിൽ തുടങ്ങിയ നോവലുകൾ പോലെ അതുവരെ അജ്ഞാതമായ ഒരു ലോകത്തെ അനാവരണം
ചെയ്യണം.
കുന്ദേര എഴുതി: 'ഒരു നോവൽ
അന്വേഷിക്കുന്നത് യാഥാർത്ഥ്യമല്ല, അസ്തിത്വമാണ്. നടന്ന സംഭവമല്ല അസ്തിത്വം
;മനുഷ്യൻ്റെ സാധ്യതകളുടെ മേഖലയാണ് അസ്തിത്വം -മനുഷ്യനു
ചെയ്യാനാവുന്നതെന്തും '.നിലനിൽക്കുക എന്നാൽ ഈ ലോകത്തിൽ ആയിരിക്കുക
എന്നാണർത്ഥമെന്ന് കുന്ദേര വിശദീകരിക്കുന്നുണ്ട്.
ദേവസ്സി
ചിറമ്മൽ എഴുതിയ 'ജൂഹുവിലെ ക്രിസ്തു' എന്ന കഥാസമാഹാരം യാദൃശ്ചികമായാണ്
കൈയിൽ കിട്ടിയതും വായിച്ചതും . എൻ.വി .കൃഷ്ണവാരിയരാണ് അവതാരിക
എഴുതിയിരിക്കുന്നത്. മനുഷ്യരെ എന്നപോലെ ജന്തുലോകത്തെയും നിരീക്ഷിക്കുന്ന
ദേവസ്സി, അവയിലെല്ലാം ദുരന്തം തളം കെട്ടി നിൽക്കുന്നതായി മനസ്സിലാക്കാൻ
കഴിവുള്ള കഥാകൃത്താണെന്നു എൻ.വി.എഴുതിയത് ശ്രദ്ധേയമായി തോന്നി. ദേവസ്സിയെ
പക്ഷേ, മലയാള കഥാലോകം വേണ്ട പോലെ കണ്ടില്ല.
ജൂഹുവിലെ
ക്രിസ്തു എന്ന കഥയിൽ ഒരു പാവപ്പെട്ട ശിൽപ്പിയുടെ ജീവിതമാണ്
വിവരിക്കുന്നത്. കടൽത്തീരത്ത് ക്രിസ്തുവിന്റെ ശില്പം നിർമ്മിച്ചു
വെച്ചിരിക്കുകയാണ് അയാൾ. തൊട്ടടുത്ത് ഒരു തുണി വിരിച്ചിട്ടുണ്ട്. മുംബൈയിലെ
കടൽത്തീരമായതുകൊണ്ട് ധാരാളം സന്ദർശകരുണ്ട് .എന്നാൽ അവർ ശില്പത്തെ
പ്രശംസിച്ചതല്ലാതെ ശില്പിയെ സഹായിച്ചില്ല. ശില്പിയും കുടുംബവും
നിത്യദാരിദ്ര്യത്തിലാണ്. ഒടുവിൽ സഹികെട്ട് ,ഭ്രാന്തമായ ഒരാവേശത്തിൽ ശില്പി
താൻ നിർമ്മിച്ച ശില്പത്തിനു മുകളിൽ കുരിശിലേറ്റിയ ക്രിസ്തുവിന്റെ രൂപത്തെ
അനുകരിച്ച് ശയിച്ചു. അപ്പോൾ ധാരാളം നാണയത്തുട്ടുകൾ ലഭിച്ചു .അയാൾ
അനന്തതയിലേക്ക് കൈകളുയർത്തി ഇങ്ങനെ വിലപിച്ചു: 'പിതാവേ ,ഞാൻ ചെയ്തത്
എന്തെന്ന് എനിക്കറിയാം. എന്നോട് പൊറുക്കേണമേ' .
ദേവസ്സിയുടെ
കഥകളിൽ ദീർഘിച്ച വിവരണമില്ല. എന്നാൽ ജീവിതത്തിൻ്റെ കദനവും
അലച്ചിലുമുണ്ട്. 'മിശിഹായുടെ പിറവി' എന്ന കഥ തീക്ഷ്ണമായ ഒരു സമരായുധം
പോലെയാണ് അനുഭവപ്പെട്ടത്. അനീതിയും ചതിയും ഗർവ്വും നിറഞ്ഞ ഒരു സമൂഹത്തെ
ചികിത്സിക്കാൻ കഥാകൃത്ത് ചാട്ടവാറെടുക്കുന്നു. സിമത്തേരിക്കുള്ളിൽ ഒരു
അനാഥസ്ത്രീ പ്രസവിച്ചപ്പോൾ 'കടും പച്ചയിലകളുടെ നിബിഡതയിൽ
മിന്നാമിനുങ്ങുകളെപ്പോലെ നക്ഷത്രക്കുരുന്നുകൾ പോക്കുവെയിലിൽ തിളങ്ങി' എന്ന്
കഥാകൃത്ത് എഴുതുന്നത് എത്ര ആശയസുന്ദരമാണ്.
കാക്കനാടൻ വീര്യമേറിയ വീഞ്ഞ് ?
കാക്കനാടനെക്കുറിച്ച്
ആവേശത്തോടെ പെരുമ്പടവം ശ്രീധരൻ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.
കാക്കനാടനെക്കുറിച്ച് അങ്ങനെയേ സംസാരിക്കാനാവുമായിരുന്നുള്ളു .
കാരണം,
കാക്കനാടൻ മലയാളകഥയിൽ ഓരോ വാക്കിലും അഭൗമസുഗന്ധം നിറച്ച കഥാകാരനാണ്
.അദ്ദേഹം വിലക്കുകളുടെ മതിലുകൾ ചാടിക്കടന്നും സഞ്ചരിക്കുമായിരുന്നു.
അദ്ദേഹം
എല്ലാ ദർശനങ്ങളെയും തത്ത്വചിന്തകളെയും വെല്ലുവിളിച്ചു. താൻ യാതൊരു
തൊഴുത്തിലും ഒതുങ്ങുന്നവനല്ലെന്ന് അദ്ദേഹം ഓരോ കഥയിലൂടെയും പ്രഖ്യാപിച്ചു.
പെരുമ്പടവം ആധുനികതയെ എതിർക്കുന്നതും ഞാൻ വായിച്ചിട്ടുണ്ട്. ഒരു പക്ഷേ
,അതൊക്കെ ഒരു കഥാകൃത്തിന്റെ പ്രത്യേക സന്ദർഭങ്ങളിലുള്ള
പ്രതികരണമായിരിക്കാം.എഴുത്തുകാർക്ക് എല്ലായ്പ്പോഴും ഒരേ അഭിപ്രായത്തിൽ
ഉറച്ചുനിൽക്കാനാവില്ല .അതിനായി അവർ യാതൊരു എക്സ്ക്യൂട്ടീവ് അധികാരങ്ങളും
വഹിക്കുന്നില്ലല്ലോ.
നിയമാനുസൃതമായല്ല പ്രതിഭ
പ്രവർത്തിക്കുന്നത്. പ്രതിഭ അതിൻ്റെ നിയമത്തെപ്പോലും
വെല്ലുവിളിച്ചുകൊണ്ടാവും പ്രത്യക്ഷമാവുക. എഴുത്തുകാരനു എപ്പോഴും സ്ഥിരം
അഭിപ്രായമാണുള്ളതെങ്കിൽ അയാൾ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നാണർത്ഥം .ഈ
ലോകം ചിന്തയുടെ സമുദ്രമാണ്. അറ്റ്ലാൻഡിക്ക്, പസഫിക് പോലെ മറ്റൊരു
സമുദ്രമാണത് .അവിടെ എഴുത്തുകാരനു ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് പോകാം
.അയാൾ ആത്മാവിൽ സഞ്ചരിക്കുകയാണ്. ഒന്നിൽ തന്നെ ഉറച്ചു നിൽക്കേണ്ടതില്ല.
ചവിട്ടി നിൽക്കുന്ന മണ്ണ് അശുദ്ധമായാൽ മറ്റൊരിടത്തേക്ക് മാറിനിൽക്കാം.
അപ്പോൾ പഴയ അഭിപ്രായങ്ങൾക്ക് വിലയില്ല .അഭിപ്രായങ്ങൾക്ക് വേണ്ടി ജീവത്യാഗം
ചെയ്യാനും എഴുത്തുകാരനാവില്ല .കാരണം, അവൻ സർവത്ര വൈരുദ്ധ്യമാണ്. ഒരു കൂട്ടം
വൈരുദ്ധങ്ങളിൽ ജീവിച്ചുകൊണ്ട് പുതിയൊരു സൗന്ദര്യം തേടുകയാണവൻ.
പെരുമ്പടവത്തിൻ്റെ കഥ
പെരുമ്പടവം
ശ്രീധരൻ എഴുതിയ 'കാലസീമകൾ കടന്ന് '(ആശ്രയ മാതൃനാട്, സെപ്റ്റംബർ)
ഓണക്കാലത്ത് വായിച്ച അപൂർവ്വം നല്ല കഥകളിലൊന്നാണ്. അദ്ദേഹം മനുഷ്യന്റെ
ഭാവിയെപ്പറ്റിയും ജീവിതത്തിലെ സങ്കടങ്ങളെക്കുറിച്ചും ചിന്തിക്കുന്നു. ആ
ചിന്തകളെ രാഷ്ട്രീയത്തിലോ മതത്തിലോ കൊണ്ടുപോയി കെട്ടിയിടാൻ അദ്ദേഹം
ഒരുക്കമല്ല. പെരുമ്പടവത്തിനു സംഭവിച്ച ഒരു മാറ്റമാണിത്. മനുഷ്യജീവിതത്തിൽ
കാണാത്ത എന്തോ ഉണ്ടെന്ന അറിവ് അദ്ദേഹത്തെ ഉള്ളിൽ പൊള്ളിക്കുന്നുണ്ടാവണം.
ഒരിറ്റു വെളിച്ചത്തിനായി എങ്ങോട്ടും നോക്കുന്ന ഒരു പഥികനെ ഈ കഥയിൽ കാണാം.
പെരുമ്പടവം തന്നെയാണ് ആ പഥികനെന്നു വിശ്വസിക്കുകയാണ് നല്ലത്. ഇതുപോലെ
ചിന്തിക്കാത്ത ഒരാൾ ഈ കഥയെഴുതില്ലല്ലോ. അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന
നൈതികമായ, നരവംശശാസ്ത്രപരമായ, ആത്മീയമായ ഉത്ക്കണ്ഠകൾ കഥയിൽ തെളിഞ്ഞു കാണാം.
ഊരും
പേരുമില്ലാത്ത ഒരാൾ, ഈ കഥയിൽ ,ഒരിടത്ത് നിന്നു മറ്റൊരിടത്തേക്കു
നടക്കുകയാണ്. ചെല്ലുന്നിടത്തെല്ലാം അയാൾ കാണുന്നത് മനുഷ്യർ പരസ്പരം
പടവെട്ടി മരിച്ചതിന്റെ ദൃശ്യങ്ങളാണ്. 'തെരുവിൽ വീഴുന്ന രക്തം
ശത്രുവിന്റെയല്ല ദൈവത്തിൻ്റെ യാണെന്നു കൊലയാളികൾ ഇനി എന്നാണറിയുന്നത്?'
എന്നു കഥയിൽ ചോദിക്കുന്നത് അതിൻ്റെ ആഴം വ്യക്തമാക്കുന്നു. മനുഷ്യനെ
സങ്കടങ്ങളാണ് പൊതിയുന്നത് .അവൻ ആത്യന്തികമായി കണ്ടെത്തുന്നതും അതുതന്നെ .ഈ
കഥയിൽ ബുദ്ധൻ പറയുന്നു: 'എന്നിട്ടെന്താണ് ഞാൻ കണ്ടെത്തിയത്? ഐഹിക ജീവിതം
തന്നെ ദു:ഖമാണെന്ന്. വാർദ്ധക്യവും രോഗവും മരണവും മാത്രമല്ല, ദുഃഖത്തിന്റെ
സ്പർശമില്ലാതെ ഒന്നുമില്ലെന്ന്'. ദൈവം എന്തുകൊണ്ടാണ് ഇതൊന്നും കാണാത്തതെന്ന
നിഷ്കളങ്കമായ ചോദ്യം ഉയരുന്നു .അപ്പോൾ ബുദ്ധൻ പറയുന്നു:'പ്രപഞ്ചഘടനയിൽ
ഒരീശ്വരനെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ലെന്ന്'.
പിന്നീട്
ഈ സഞ്ചാരി ക്രിസ്തുവിനെ കണ്ടുമുട്ടുന്നു. ക്രിസ്തുവിനു ഉത്തരമില്ല.
ആശ്വസിപ്പിക്കുക മാത്രമാണ് ക്രിസ്തു ചെയ്തത്. ഈ കഥ ആധുനികതയുടെ സാരവത്തായ
ഒരനുഭവമാണ്. ജീവിതത്തിന്റെ അർത്ഥം തേടുന്ന ഏതൊരുവനും ഒടുവിൽ നിശൂന്യതയിലും
ദുഃഖത്തിലും എത്തിച്ചേരും.
എന്നാൽ സി.വി.
ബാലകൃഷ്ണൻ എഴുതിയ 'സ്വപ്നങ്ങളിലെ ചുവന്ന തടാകം'(മാതൃഭൂമി ഓണപ്പതിപ്പ്)
പെട്ടെന്നു തല്ലിക്കൂട്ടിയെടുത്ത ഒരു ചീത്തക്കഥയാണ്. ബാലകൃഷ്ണനു ആശയപരമായ
ഒരു ആകുലതയുമില്ല. ചിന്താപ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിനു ഒരു
ഉപരിപ്ളവ വിവരണം മതിയാവും .വലിയ എഴുത്തുകാരായ ഹെമിംഗ്വേ ,ജോയ്സ്, കാർലോസ്
ഫ്യുവൻറിസ് തുടങ്ങിയവരെ ആശയങ്ങൾ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നു.
അവരുടെ മനസ്സ് സർഗാത്മകതയുടെ ഒരു അഗ്നി ശിലയായിരുന്നു.എന്നാൽ ബാലകൃഷ്ണന്റെ
കഥയിലെ കഥാപാത്രങ്ങളായ അമ്മയും മകളും കഥ വായിക്കുന്ന വേളയിൽ തന്നെ നമ്മൾ
മറന്നു പോകുന്നു .
കുയ്യാനകൾ
എ.ബി.
രഘുനാഥൻനായരുടെ 'ഉപ്പുപ്പാൻ്റെ കുയ്യാനകൾ' എന്ന വിമർശനകൃതി കുറേക്കാലമായി
കിട്ടാനില്ലായിരുന്നു .ഇപ്പോൾ അത് വീണ്ടും പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്
(പച്ചമലയാളം).വൈക്കം മുഹമ്മദ് ബഷീറിൻ്റെ സാഹിത്യരചനകളെ രൂക്ഷമായി
വിമർശിക്കുന്ന ഈ കൃതി എപ്പോഴും അദ്ദേഹത്തിനു ശത്രുക്കളെയാണ്
നേടിക്കൊടുത്തത്. ബഷീറിനു ഒരു വിമർശനമില്ലെന്നു കരുതുന്നവർ ഉണ്ടാകാം.
എന്നാൽ വിമർശനം ആലോചിക്കാനുള്ളതാണ്. മനുഷ്യൻ്റെ സംസ്കാരം വിമർശനത്തിലൂടെ
വികസിക്കുകയാണ്.
അത് നമ്മുടെ ചിന്തയുടെ
ഇന്ദ്രിയങ്ങളെയാണ് സ്വാധീനിക്കുന്നത്. വിമർശകനോടു വിരോധം പുലർത്തുന്നവർ
യാതൊരു സംസ്കാരവുമില്ലാത്തവരാണ്. അവനവനോടു സത്യസന്ധത പുലർത്താനുള്ള ഒരു
വഴിയാണ് സാഹിത്യ വിമർശനം ,ചിലർക്കെങ്കിലും .
No comments:
Post a Comment