Friday, December 9, 2022

കുയിൽ പാടുന്നത് ആൾക്കൂട്ടത്തിനു വേണ്ടിയല്ല /അക്ഷരജാലകം  /എം.കെ.ഹരികുമാർ 

a


ലോകത്തിലെ പ്രധാന നോവലിസ്റ്റുകൾ തങ്ങൾക്കാവശ്യമുള്ള ഒരു ക്രാഫ്റ്റ് കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. പഴയ ശൈലിയും മാതൃകയും ഉപേക്ഷിച്ചുകൊണ്ടു മാത്രമേ മികച്ച കൃതികൾ എഴുതാനാവൂ എന്ന തിരിച്ചറിവാണ് ഇത് കാണിക്കുന്നത്.
സിനിമയ്ക്ക് പറ്റിയ കഥകൾ എഴുതിക്കൊണ്ടിരിക്കുകയല്ല നോവലിസ്റ്റിൻ്റെ ജോലി. സിനിമയ്ക്കു വഴങ്ങാത്ത കഥകൾ ആലോചിക്കണം. ബഷീറിൻ്റെ മാന്ത്രികപ്പൂച്ച സിനിമയ്ക്ക് വഴങ്ങില്ലല്ലോ .കോവിലൻ്റ 'തട്ടകം' സിനിമയുടെ ഫ്രെയിമിൽ ആലോചിച്ചാലും വിജയിക്കില്ല .കേശവദേവിൻ്റെ 'ഓടയിൽ നിന്ന് 'സിനിമയാക്കാം; പക്ഷേ, കാക്കനാടൻ്റെ 'ഏഴാംമുദ്ര' പ്രയാസമായിരിക്കും .

ലോക നോവൽസാഹിത്യത്തിലെ വലിയ എഴുത്തുകാരായ ഒർഹാൻ പാമുഖ് ,  ജോർജ് ഓർവെൽ ,മിലാൻ കുന്ദേര ,ഗാവോ സിങ്ജിയാൻ, ഉമ്പർട്ടോ എക്കോ തുടങ്ങിയവർ പുതിയ നോവൽ എന്ന ആശയം  അവതരിപ്പിക്കുകയാണ്. ഓരോ നോവലിസ്റ്റിനും ഓരോ വഴിയാണ്. ഒരാൾ നോവലിൻ്റെ വഴി കണ്ടെത്തുമ്പോഴേ അയാൾ നോവലിസ്റ്റാകുന്നുള്ളു. അങ്ങനെ തന്റേതായ നോവൽ സങ്കല്പത്തെ സാക്ഷാത്ക്കരിച്ച എഴുത്തുകാരനാണ് റഷ്യയിലെ യെവ്ജനി വൊദലാസ്കിൻ .അദ്ദേഹം ഇന്നു റഷ്യയിൽ വായനക്കാർ ഏറെ താല്പര്യപ്പെടുന്ന എഴുത്തുകാരനാണ്. 
'ലാറൂസ്' എന്ന നോവൽ എറെ ചർച്ച ചെയ്യപ്പെട്ടു, സ്വീകരിക്കപ്പെട്ടു. സോളോ വ്യോവ് ആൻഡ് ലാറിയോനോവ് ,ദ് പെറ്റ് മാർക്കറ്റ് ,സിസ്റ്റർ ഓഫ് ഫോർ ,ജസ്റ്റിഫിക്കേഷൻ ഓഫ് ദ് ഐലൻഡ് എന്നീ കൃതികളിലൂടെ വൊദ ലാസ്കിൻ നോവൽ എന്ന സാഹിത്യ രൂപത്തിലേക്ക് തൻ്റേതായ ചില ഫാൻ്റസികൾ കൂട്ടിച്ചേർത്തു. മധ്യകാലഘട്ടത്തിലെ റഷ്യയെ ഫാൻ്റസി യിലൂടെ പുന:സൃഷ്ടിക്കുകയാണ് ലാറൂസ് എന്ന കൃതി. ഒരാൾ തന്നെ ചരിത്രത്തിലെ  പല വ്യക്തിത്വങ്ങളായി നമ്മുടെ മുന്നിൽ വരികയാണ്. ആർസെനി എന്ന ആ വൈദ്യൻ പല കാലങ്ങളിൽ ജീവിക്കുന്നതായി അറിയിക്കുന്നു. എന്തുകൊണ്ടാണ് നോവലിസ്റ്റ് ഈ രീതി സ്വീകരിക്കുന്നത്? തൻ്റേതായ ഒരു സൃഷ്ടി നടത്താൻ ഇതാവശ്യമാണെന്ന തത്ത്വമാണ് നോവലിസ്റ്റിനുള്ളത്. 

ഒരു വ്യക്തിയായിരിക്കുന്നതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വൊദലാസ്കിൻ പറയുന്നു. തന്റെ കലയെ ബാധിക്കുന്ന വ്യക്തിബോധചിന്തകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'രണ്ടുതരം മനുഷ്യപ്പെരുമാറ്റമാണുള്ളത്.ആദ്യത്തേത് വ്യക്തിവാദമാണ് .മറ്റൊന്ന് സാമൂഹികതയും. എന്നാൽ സത്യം ഇതിനു രണ്ടിനുമിടയിലാണ്. അതുകൊണ്ടാണ് ഞാൻ കഥ പറയാൻ മധ്യകാലത്തെ തിരഞ്ഞെടുക്കുന്നത്. ഞാനൊരു വ്യക്തിയായിരിക്കുന്നു; സമൂഹത്തിനെതിരല്ല .സത്യമായിട്ടും  'പൊതുവായ' ഒരു ലക്ഷ്യമില്ലെന്ന് റഷ്യൻ വിപ്ലവം കാണിച്ചുതന്നു. വിപ്ലവം എന്നു പറയുന്നത് ഓടിപ്പോകുന്ന ഒരു ട്രെയിനാണ്. അവിടെ നിങ്ങൾ സ്വന്തം സീറ്റ് ഉറപ്പാക്കാനാണ് ശ്രമിക്കുക. അപ്പോഴാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുന്നത് ,നിങ്ങൾ പ്രതീക്ഷിച്ചതിനു വിപരീതമായി ട്രെയിൻ മറ്റൊരു ദിശയിലേക്കാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്! .ഒരേ സ്വരത്തിൽ ആളുകൾ കൂട്ടമായി നിന്നു പാടുന്നത് അപകടകരമാണ്. സ്റ്റാലിനിസത്തിൽ നാം കണ്ടത് എല്ലാവരും ഒരുമിച്ചു പാടുന്നതാണ്, ഏകാധിപത്യം എന്ന അർത്ഥത്തിൽ. ഇതിലുള്ള അപകടം ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ: നിങ്ങൾ സ്വന്തം ശബ്ദത്തിൽ പാടുക'.

ആൾക്കൂട്ടത്തിൽ പാടുന്നത് വ്യർത്ഥമാണ് ,ആരും കേൾക്കില്ല .എന്നാൽ ഒരു കുയിലിനു സ്വന്തമാവശ്യത്തിനു വേണ്ടി പാടേണ്ടതുണ്ട്; എല്ലാ ഭരണകൂടങ്ങളും എതിർത്താലും .കുയിൽ പാടുന്നത് ഒരു കൂട്ടത്തെ സന്തോഷിപ്പിക്കാനുമല്ല, ദൂരെ എവിടെയോ ഉള്ള ഒരു സംഗീത പ്രേമിക്കു വേണ്ടിയാണ്.  

ആനന്ദിൻ്റെ താക്കോൽ 

ആനന്ദിന്റെ 'താക്കോൽ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 20) എന്ന കഥ പതിവുപോലെ ഉദാസീനതയോടെയാണ് വായിച്ചത്. താക്കോൽ എന്ന പേര് കണ്ടപ്പോൾ തന്നെ ചരിത്രത്തിൻ്റെ ഒരു അറ തുറക്കാനുള്ള താക്കോലാണെന്ന് ഊഹിച്ചിരുന്നു. കഥ വായിച്ചപ്പോൾ അത് ശരിയാണെന്നു തെളിഞ്ഞു. 
ആനന്ദിൻ്റെ 'ആറാമത്തെ വിരൽ', ഗംഗയിലെ പാലം, ഗോവർദ്ധൻ തുടങ്ങിയ കഥകളിലെല്ലാം ചർച്ച ചെയ്യുന്നത് ഒരേയൊരു വിഷയമാണ്: ചരിത്രം എന്ന അസംബന്ധം. ചരിത്രത്തിലെ പല ടെക്സ്റ്റുകളും നമ്മൾ കരുതുന്നതുപോലെയല്ല; അതിനു വിപരീത അർത്ഥങ്ങളുണ്ടെന്നാണ് ആനന്ദ് സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നത്.

ഈ കഥയിലെ മുഖ്യകഥാവസ്തു എന്നു പറയുന്നത് 'മൂന്നു വിദ്യാർത്ഥികൾ അവരുടെ ഒരു കൂട്ടുകാരനെ കുറച്ചു ദിവസത്തെ അവധി കിട്ടുമെന്ന ആശയിൽ ഒരു മരത്തിൻ്റെ കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്നു എന്നതാണ്.ഒരു പത്രക്കട്ടിങ്ങിൽ കണ്ട ഈ വാർത്ത ശരിയോ എന്നറിയാൻ കഥയിലെ മുഖ്യ കഥാപാത്രമായ ട്രെയിൻ യാത്രികൻ ഹൈദരാബാദിനു കുറച്ചകലെയുള്ള റെയിൽവേ സ്റ്റേഷനിലും തുടർന്ന് വിദൂരമായ ബിർകുഡ എന്ന ഗ്രാമത്തിലെ സ്കൂളിലും പോലീസ് സ്റ്റേഷനിലും അന്വേഷണം നടത്തുന്നു. എന്നാൽ ആരും തന്നെ അങ്ങനെ ഒരു സംഭവം നടന്നതായി സമ്മതിക്കുന്നില്ല. ദീതിദമായ ഒരന്തരീക്ഷമാണ് അവിടെയുള്ളത്. പലരുടെയും സംഭാഷണങ്ങളും മുഖഭാവങ്ങളും അത് വിശദീകരിക്കുന്നു. വിഭ്രമിക്കുന്ന ഒരു പുരാതന സ്മാരകസമുച്ചയത്തിലേക്ക് കഥാനായകൻ എത്തിച്ചേരുന്നു. ഒടുവിൽ കഥാനായകൻ ഇങ്ങനെ തന്റെ മനോനില ആവിഷ്കരിക്കുന്നു:
'സത്യമായും ഞാൻ വായിച്ച റിപ്പോർട്ട് വരാനിരിക്കുന്ന ഒരു സംഭവമാണോ ? ഭൂതവും ഭാവിയും വ്യത്യാസമില്ലാത്ത കാലാതീതമായ ഒന്ന് ?ഞാൻ ഏതോ സംയോഗത്തിൻ ഫലമായി ഇറങ്ങിപ്പോന്നത് കാലത്തിൽ മുന്നോട്ടോ പിന്നോട്ടോ നടന്നുകൊണ്ടാണോ? അഥവാ ആ വ്യത്യാസങ്ങളില്ലാത്ത കാലാതീതതയിൽ? ബോണ്ട പൊതിഞ്ഞ ഈ കടലാസിന്റെ തീയതിയുള്ള മുകൾഭാഗം ഇല്ലാതെ പോയത് .'

ഈ സംഭവത്തിലൂടെ ആനന്ദ് തന്റെ കഥയെ, പ്രമുഖ ചെക്ക് ,ജർമ്മൻ എഴുത്തുകാരനായ കാഫ്കയുടെ കഥകളിലും നോവലിലും  കാണുന്നതുപോലെ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാക്കി മാറ്റുന്നു. കാഫ്കയുടെ സ്വാധീനം പ്രകടമാണ്. കാഫ്കയുടെ 'ദ് കാസിൽ' എന്ന നോവലിൽ ദുർഗത്തിലേക്ക് വഴിയന്വേഷിച്ചിരുന്ന ഒരാളാണുള്ളത്. ദുർഗത്തിന്റെ ചീഫിനെ കാണാൻ അയാൾ പലരെയും സമീപിക്കുന്നു. എന്നാൽ അയാളിലേക്ക് എത്താനാകുന്നില്ല .യുക്തിയും ചിന്തയുമില്ലാതായ ഒരു സ്വപ്നാത്മകലോകമാണ് കാഫ്ക വളരെ 'യാഥാർത്ഥ്യ'ബോധത്തോടെ പരിചയപ്പെടുത്തുന്നത്. ആനന്ദും അതു തന്നെയാണ് ചെയ്യുന്നത്.

ആനന്ദിന്റെ കഥയിലെ ആദ്യഖണ്ഡവും അവസാനഖണ്ഡവും കഥയിൽ നിന്നു ഒഴിവാക്കേണ്ടതായിരുന്നു .ആദ്യഖണ്ഡത്തിൽ മനുഷ്യൻ്റെ ക്രൂരതയെക്കുറിച്ചും ഇമ്യൂണിറ്റിയെക്കുറിച്ചും ദീർഘമായ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുകയാണ്, ട്രെയിനിൽ. അവസാനഖണ്ഡത്തിൽ ഹവേലിയുടെയും ദർഗയുടെയും മിനാരങ്ങളുടെയും ചരിത്രാവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിൻ്റെ വിവരണമാണുള്ളത്. കഥയിലൂടെ  എന്താണോ പറയാനുദ്ദേശിച്ചത്, അത് വായനക്കാരനു കിട്ടിക്കഴിഞ്ഞ ശേഷവും ആനന്ദ് കഥയുമായി മുന്നോട്ടു പോവുകയാണ്. ചരിത്രം ഒരു പ്രഹസനമാണെന്ന അനുഭവത്തിൽ ആനന്ദിൻ്റെ നിലപാടിനെ സാധൂകരിക്കുന്ന ഒരു വിവരണം കൂടി ഇതിലുണ്ട്: 'ഇന്നു നിങ്ങളുടെ മുൻപിൽ സന്ദർശകർ കയറിയിറങ്ങുന്ന കൂറ്റൻ മന്ദിരങ്ങളും ശവകുടീരങ്ങളും ആരാധനാലയങ്ങളും വരെ പഴയകാലത്തെ കൂറ്റൻ കൊള്ളക്കാരുടേതല്ലേ? അവർ തന്നെ മരിക്കും മുൻപ് പണിയിച്ച പലതും ? അവർ രാജാക്കന്മാരും സുൽത്താന്മാരും ബാദ്ഷാമാരും   ആയപ്പോൾ ചോരക്കറ പോയി .ഇന്നു നിങ്ങളുടെ മുൻപിൽ പുതിയ രാജാക്കന്മാർ ജനങ്ങളുടെ മുതൽ വീതം പറ്റി പുതിയ കൊള്ളക്കാർക്ക് പതിച്ചുകൊടുക്കുമ്പോൾ അത് പതിവെന്ന മട്ടിൽ നിങ്ങളുടെ ശ്രദ്ധ തന്നെ നേടുന്നില്ല .അന്നും അത് പതിവെന്ന മട്ടിൽ സ്വീകരിക്കപ്പെട്ടു'.

ആനന്ദ് പതിറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽപോലും കഥാഘടനയിൽ പരിവർത്തനം വരുത്തുകയോ ഭാഷാപരമായ നവീനത സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കേരളീയതയും മലയാളത്തവും  ഇപ്പോഴും ആനന്ദിൻ്റെ കൃതികളിൽ നിന്നു അകന്നുനിൽക്കുകയാണ്. എങ്കിലും ആനന്ദിൻ്റെയത്രയും ആത്മാർത്ഥതയോടെ ഒരു കഥയെഴുതാൻ ഇന്നത്തെ ഒരു കഥാകൃത്തിനും കഴിയുന്നില്ല.

ഫുക്കോയുടെ ചിന്ത 

ഫ്രഞ്ചു തത്ത്വചിന്തകനും ചരിത്ര ജ്ഞാനിയുമായ മിഷേൽ ഫുക്കോ (1926-1984) പറഞ്ഞത് ഇതാണ്: 'വിദ്യാലയങ്ങൾ സമൂഹത്തിൽ ചെയ്യുന്നത് ജയിലുകളും മാനസികരോഗാശുപത്രികളും ചെയ്യുന്നതിനു സമാനമാണ് - നിർണയിക്കുക ,തരം തിരിക്കുക ,നിയന്ത്രിക്കുക, ആളുകളെ ക്രമീകരിക്കുക .

സാഹിത്യം വേറെ 
രാഷ്ട്രീയം വേറെ 

ചില എഴുത്തുകാർ സാഹിത്യമെന്നത് രാഷ്ട്രീയമാണെന്നു തെറ്റിദ്ധരിച്ചിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതും സാഹിത്യമെഴുതുന്നതും  ഒരുപോലെയാണെന്നു അവർ കരുതുന്നു. പാർട്ടി ചിഹ്നങ്ങളും കൊടിയും മറ്റും വികാരാവേശത്തിൽ പുസ്തകങ്ങളുടെ കവർപേജുകളിൽ വരെ ആലേഖനം ചെയ്യുകയാണ്. നല്ല രാഷ്ട്രീയക്കാർ പോലും ഇതിനോട് യോജിക്കുമെന്നു കരുതുന്നില്ല. എം.എ.ബേബിയോ അല്ലെങ്കിൽ വൈക്കം വിശ്വനോ ,ബേബി ജോണോ ഈ രീതി അംഗീകരിക്കുമെന്നു കരുതുന്നില്ല .അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി പറഞ്ഞു, ഒരു സർഗാത്മക എഴുത്തുകാരനു രണ്ടുകാര്യങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളു: 'ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും '.അതായത് ,അവനവനെക്കുറിച്ചോ സ്വന്തം പാർട്ടിയെക്കുറിച്ചോ എഴുതരുത്.

എൻ.പി. ചന്ദ്രശേഖരൻ 'കുരുവികളുടെയും തേനീച്ചകളുടെയും കവിത'(പച്ചമലയാളം ,സെപ്റ്റംബർ) എന്ന രചനയിൽ കുറിക്കുന്നു:
'കവിതയിൽ നിന്നു 
വെട്ടിക്കളയാനാവാത്ത 
വാക്കുകളുണ്ട് .
അവ നൊന്തുകൊണ്ടു
വെട്ടിക്കളയുക തന്നെ വേണം. അല്ലെങ്കിൽ കവിയും കവിതയും
ഒന്നാകും.
കവിയെ തേടി കത്താളുകൾ 
തീവെട്ടികളുമായെത്തും'.

കവി എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. കട്ടപിടിച്ച കാല്പനികതയാണിത്. എന്തിനാണ് ഇത്ര അതിഭാവുകത്വം? കവിയുടെ നിർദ്ദേശം പാലിച്ചാൽ ഇതിലെ വരികൾ തന്നെ വെട്ടിക്കളയണം. പിന്നെ എവിടെയാണ് കവിത? വെട്ടിക്കളയാനാവാത്തത് വെട്ടിക്കളഞ്ഞാൽ പിന്നെ വായിക്കാൻ ഒന്നും കാണില്ലല്ലോ. ഇനി അപ്രിയമായ വാക്കുകളുടെ കാര്യമാണു ഉദ്ദേശിക്കുന്നതെങ്കിൽ, അത് ധ്വനിപ്പിക്കുകയെങ്കിലും വേണം. അപ്രിയവാക്കുകൾ കവിതയിൽ കടന്നുകൂടിയാൽ കവിയും കവിതയും ഒന്നാകുമെന്ന്!. അതിൻ്റെയർത്ഥം തൻ്റെ കവിതയിലെ വാക്കുകൾക്ക് താനുമായി ഒരു ബന്ധവുമില്ലെന്ന് !.

ആയുധത്തിനു കണ്ണില്ല

മനു എം.ജി 'സമരം'(പ്രസാധകൻ , ഒക്ടോബർ) എന്ന കവിതയിൽ 'സമരം ആയുധമാണ് ,ആയുധം ഉപകരണവും' എന്നെഴുതിയിരിക്കുന്നു. 
ഇതിലും നിറയെ പിശകുകളാണ്.  സമരം ആയുധമല്ല; അത് ഒരു പ്രതികരണവും പ്രതിഷേധമറിയിക്കലുമാണ്. ആയുധം എതിരിടാനുള്ള വസ്തുവാണ് .ആയുധത്തിനു കണ്ണില്ല; സമരത്തിനു കണ്ണുണ്ട്.  
ആയുധം ഉപകരണമല്ല .ഉപകരണം എന്നു പറയുന്നത് യുദ്ധത്തിനുള്ള വസ്തുവല്ല .അമ്പ് ഒരുപകരണമല്ല. സ്കെയിൽ ഒരുപകരണമാണ്. സമരം ചെയ്യുന്നവരൊക്കെ പരാജയപ്പെടുമെന്നാണ് കവി തുടർന്നു പറയുന്നത് .

'വെട്ടുന്നവനു മാത്രമേ തോന്നലുണ്ടാകൂ .
ജയിച്ചാലും അവർ തോറ്റുപോകും. ബാക്കിയായ പാണ്ഡവർ സാക്ഷി.
സാരാനാഥിലെ സ്തംഭം സാക്ഷി'

ഇത് പിന്തിരിപ്പൻ നിലപാടാണെന്ന് അറിയിക്കട്ടെ. പാണ്ഡവർ എവിടെയാണ് തോറ്റത്?. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മുപ്പത്തിയാറ് വർഷം ഭരിച്ചില്ലേ?. എതിർപ്പ് വ്യർത്ഥമാണെന്നറിഞ്ഞ് അനീതിയെ വച്ചു വാഴിക്കണമെന്നാണ് കവിയുടെ ചിന്ത.ഇത് ജീർണതയാണ്. 

വാക്കിന് കത്തിയേക്കാൾ മൂർച്ച

തൂലികയ്‌ക്ക് വാളിനേക്കാൾ ശക്തി യുണ്ടെന്ന് (ദ് പെൻ ഈസ് മൈറ്റിയർ ദാൻ ദ് സ്വോർഡ്) പറഞ്ഞത്  ഇംഗ്ലീഷ് നാടകകൃത്ത് എഡ്വേർഡ് ബുൾവർ ലിറ്റൺ ആണ്. വാക്ക് മുറിവേൽപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ വാക്ക് നിസ്സഹായമാണ്. നജീബ് കാഞ്ഞിരോട് എഴുതിയ 'വാക്ക് ' (കലാപൂർണ, സെപ്റ്റംബർ)എന്ന കവിത ഇക്കാര്യം  ഭംഗിയായി ഓർമിപ്പിക്കുന്നു. 

'എയ്തു വിട്ടവർ മറന്നാലും 
വാക്കമ്പേറ്റവർ 
അതിൽ കിടന്ന് പിടയും.
ഭ്രാന്ത് പിടിക്കും'.

എന്നാൽ വാക്കുകൊണ്ടുള്ള ഉപയോഗത്തിൽ നിന്നു പിന്മാറാൻ വാക്കുകൾക്കാവില്ല .വാക്കുകൾ പ്രപഞ്ചത്തെയാണ് സേവിക്കുന്നത്.

No comments:

Post a Comment