Friday, December 9, 2022

ജീവിതത്തിൻ്റെ ബർമുദാ ത്രികോണം /അക്ഷരജാലകം / എം.കെ. ഹരികുമാർ

 
ഫ്രഞ്ചു കവിയും തത്ത്വപ്രബുദ്ധനുമായിരുന്ന പോൾ വലേറി (1871-1945)യുടെ 'ആൻ ആന്തോളജി' എന്നൊരു പുസ്തകമുണ്ട്.വലേറിയുടെ രചനകളിൽ നിന്നു ജയിംസ് ആർ. ലോലൻ സമാഹരിച്ച് എഡിറ്റു ചെയ്തതാണിത് .ഒരു വിഷയത്തെക്കുറിച്ച് എഴുതുമ്പോൾ  അതെന്താണെന്നു വിവരിക്കാനാണ് ശ്രമിക്കുന്നത് ,പരിഹരിക്കാനല്ല. ഒരു സാധാരണ സാഹിത്യകാരൻ ഇങ്ങനെയല്ല ചിന്തിക്കുന്നത്. അവൻ വിഷയത്തിൻ്റെ ആഴത്തിലേക്കു പോകുന്നതിനു പകരം ആഴത്തിനു മുകളിലൂടെ ചാടിക്കടക്കുകയാണ് ചെയ്യുന്നത് - വലേറി എഴുതുന്നു .

'ഇൻട്രൊഡക്ഷൻ ടു ദ് മെതേഡ് ഓഫ് ലിയനാഡോ ഡാവിഞ്ചി' എന്ന ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നത്. എഴുത്തിനെ വളരെ ആഴത്തിലും സൂക്ഷ്മതയിലും കാണുന്നതുകൊണ്ടാണ് വലേറി ഇങ്ങനെ ചിന്തിക്കുന്നത്. എഴുതാൻ കഴിയുന്നതിൽ ഏറ്റവും മോശം കൃതി എഴുതുകയെന്നതാണ് ഉദാസീനന്മാരുടെ രീതി. അവർക്ക് തങ്ങളുടെ പേര് അച്ചടിച്ച് കാണുന്നതിലാണ് താല്പര്യം. തന്നെ വായിക്കാൻ വരുന്നവർ ഗതികെട്ട് ,വായനയുടെ ദുരന്തമോർത്ത് പരിതപിച്ച് ,വല്ലയിടത്തേക്കും ഓടിരക്ഷപ്പെട്ടുകൊള്ളണം എന്ന ചിന്ത വലേറിയെപോലുള്ളവരെ ബാധിച്ചിരുന്നില്ല. എപ്പോഴും ഒരു പാത ചൂണ്ടിക്കാണിക്കാൻ കലാകാരനു കഴിയണം .ആ പാതയാകട്ടെ ചിന്തിപ്പിക്കുന്നതാണ് ;അതേസമയം സ്വാഭാവികമായി ദുർഗ്രഹവുമാണ്. 

യാതനയുടെ വിശുദ്ധി

'യാതന എന്നാൽ എന്തിലെങ്കിലും പരമമായ ശ്രദ്ധ കൊടുക്കലാണ്. എൻ്റെ ശരീരത്തിന്റെ യാതനകളൊഴിച്ച് മറ്റെല്ലാറ്റിനും എതിരെ ഞാൻ പോരാടുന്നു'-  വലേറിയുടെ ആത്മകഥാപരമായ വാക്കുകൾ.എന്തിനാണ് ഈ പോരാട്ടം ?ഇതാണ് ആഭിമുഖ്യം .ഈ ലോകത്തോട് മുഖാമുഖം വരികയാണ്. അറിയാൻ വേണ്ടി യാതന  അനുഭവിക്കണം.ഓരോ യാതനയും നമ്മെ വിശുദ്ധരാക്കും ;മാലിന്യമാണല്ലോ യാതനയിലൂടെ ഒഴിഞ്ഞുപോകുന്നത്.
'ഉറച്ചു പോയതെന്തോ അത് നമ്മെ വഞ്ചിക്കുകയാണ്. നമുക്ക് കാണാൻ വേണ്ടി നിർമ്മിക്കപ്പെട്ടതെന്തായാലും, അതിന്റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുകയാണെന്ന് അറിയണം, കൂടുതൽ സുന്ദരമാകാൻ വേണ്ടി .മനസ്സിനുള്ളിലെ ഒരു നാടകമാണിത്. പരിഹരിക്കപ്പെടാത്ത വിഷയമാണ് കലയിലുള്ളത് -വലേറി എഴുതുന്നു.

എല്ലാം പറഞ്ഞുറപ്പിച്ച് ഒരു സാഹിത്യകൃതി എഴുതാനാവില്ല. മുൻകൂർ അനുവാദം വാങ്ങി ,എല്ലാ അഭിപ്രായക്കാരെയും ഇക്കിളിപ്പെടുത്തി ,എല്ലാറ്റിനോടും സമരസപ്പെട്ട് ,സകല ജീർണതകളിലും സുഖസ്നാനം ചെയ്ത് ഒരാൾക്കും മികച്ചത് എഴുതാനൊക്കില്ല. ഒരു സർക്കാർ ദർഘാസ് പോലെ ജീവിതം ലളിതമല്ല ;അത് ബർമുദാ ത്രികോണം പോലെ ഒരു മോഹിപ്പിക്കുന്ന തർക്ക വിഷയമാണ്. ജീവിതത്തിന്റെ ദുർഗ്രഹത മാറ്റാമെന്നു പ്രത്യാശിക്കുന്ന എഴുത്തുകാരൻ വിധിവൈപരീത്യമെന്ന പോലെ ദുർഗ്രഹമായത് പലതും അവശേഷിപ്പിച്ചു കൊണ്ട് പിൻവാങ്ങുന്നു. എന്താണ് ഒരു മികച്ച കലാകാരൻ കൊണ്ടുവരുന്നത് ? അവൻ നമ്മുടെ വൈകാരികാനുഭവങ്ങളുടെയും മാനസികഭ്രംശങ്ങളുടെയും അതിസൂക്ഷ്മഭാവങ്ങൾ ,അസ്‌ഥിരതകൾ തുറന്നുകാണിക്കുന്നു. ഇതറിയാൻ അവൻ വിധിക്കപ്പെട്ടിരിക്കുന്നു .അയാൾ അറവുകാരനാണ്. ആടിനെയല്ല ,ഉറച്ചു പോയ ,അർത്ഥം നഷ്ടപ്പെട്ട ചിന്താധാരകളെയും സങ്കല്പങ്ങളെയുമാണ് അയാൾ അറിയുന്നത്. 

വലേറി എഴുതുന്നു: ഒരു ആധുനിക കലാകാരന്റെ മൂന്നിൽ രണ്ടു  സമയവും ചെലവഴിക്കുന്നത് എന്താണ് തനിക്കു മുന്നിൽ ദൃശ്യമായതെന്ന് കണ്ടെത്താനാണ്. അതിലുപരി അദൃശ്യമായത് എന്താണെന്ന് കാണാതിരിക്കാനും .എന്താണോ ജീവിതത്തിൽ കണ്ടത് ,അത് നാം കണ്ടിട്ടില്ലെന്നാണ് കലാസൃഷ്ടി പഠിപ്പിക്കുന്നത് .പഠിച്ചത് എന്താണോ അത് ഉപേക്ഷിക്കുകയാണിവിടെ. 

എങ്ങും തൊടാതെ 

'ഒരുമ' മാസികയുടെ ഓണപ്പതിപ്പ്, വൈകിയാണെങ്കിലും, ശ്രദ്ധേയമായി. അംബികാസുതൻ മങ്ങാടിൻ്റെ കൃതികളെക്കുറിച്ച് ഡോ.സോമൻ കടലൂർ എഴുതിയ ലേഖനം (ഭാവനകൾ ഭാവിയുടെ ഭാവരാശികൾ)ഒരു സാഹിത്യപഠനത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു .ഇക്കാലത്ത് ഓണപ്പതിപ്പുകൾ പൊതുവേ ഒഴിവാക്കുന്നത് സാഹിത്യവിചാരങ്ങളാണെന്ന് ഓർക്കുമ്പോഴാണ് ഇത് പ്രസക്തമാവുന്നത്. സാഹിത്യ കൃതികളെക്കുറിച്ചുള്ള ഒരു ചിന്തയും ഓണപ്പതിപ്പുകളിൽ ഉണ്ടാകാറില്ല. 

പി.എസ് .രാധാകൃഷ്ണൻ എഴുതിയ 'ഗൊദാർദ് :കലയും കലാപവും'(പ്രസാധകൻ ,ഒക്ടോബർ) ഒരു ഉപരിപ്ളവ ,വിരസ ലേഖനമാണ്. ഈ ഭാഷയ്ക്ക് ജീവനില്ല .ആക്രിക്കടയിൽ കയറിയ പോലെയുണ്ട്. ഗൊദാർദിൻ്റെ കലയെക്കുറിച്ച് ഈ ലേഖനത്തിൽ ഒന്നും തന്നെ വെളിവാക്കപ്പെടുന്നില്ല .
ബാഹ്യമായ കണക്കെടുപ്പ് മാത്രമാണിത്. ഒരു ഭാഗം ശ്രദ്ധിക്കുക: 'സാധാരണമെന്നു തോന്നുന്ന മരണ രംഗങ്ങളെ അതിസാധാരണമാക്കി ത്തീർക്കുകയാണ് സംവിധായകൻ. വീക്കെൻഡ്, പിയെറൊറ്റ ലെ ഫൗ ,ആൽഫ്രാവിൽ തുടങ്ങിയ ചിത്രങ്ങളിൽ മുഖത്തെഴുത്തിൻ്റെ  വർണാഭയും രക്തക്കറയുടെ രൂപകല്പനയും വ്യക്തമാകുന്നുണ്ട്. യാഥാർത്ഥ്യവും സ്വപ്നയാഥാർഥ്യവും ഇവിടെ ഇടകലരുന്നു.ചുവപ്പും മഞ്ഞയും നീലയും നിറങ്ങൾ കലർന്ന വാൻഗോഗിൻ്റെ പെയിന്റിംഗ്, വില്യം ഫോക്നർ ,ജോസഫ് കൊൺറാഡ് ,റോബർട്ട് ലൂയി സ്റ്റീവൻസൺ എന്നിവരുടെ നോവലുകൾ തുടങ്ങിയവ സമ്മേളിക്കുന്ന കൊളാഷിലൂടെ ഇവയ്ക്ക് രൂപാന്തരമുണ്ടാകുന്നു'-
എന്തൊരു ദുർബ്ബലവും യാന്ത്രികവുമായ ഭാഷയാണിത് ! എന്തെങ്കിലും വ്യക്തതയുണ്ടോ ?എന്താണ് കലയിൽ സംഭവിക്കുന്നതെന്ന് അറിയാതെ എഴുതുന്നതിൻ്റെ കുഴപ്പമാണിത്. എന്താണ് ലേഖകൻ ഉദ്ദേശിക്കുന്നത് ?ഇങ്ങനെ എങ്ങും തൊടാതെ പറയുന്നതാണ് ഇന്നത്തെ അക്കാദമിക് രീതി .ഈ പറഞ്ഞതിനു അടിയിലുള്ള ഫിലോസഫി സ്വന്തം നിലയിൽ അന്വേഷിച്ചു കണ്ടെത്തണം .അതിനാവശ്യമായ യുക്തിയാണ് ഉണ്ടാകേണ്ടത്.  അതൊന്നും ഈ ലേഖനത്തിലില്ല.

പതിതരുടെ നൊമ്പരം

കെ.സജീവ്കുമാർ എഴുതിയ 'ഏതോ ഒരു പക്ഷി'(പ്രസാധകൻ ,ഒക്ടോബർ) മനസ്സിലേക്കിറങ്ങി വന്നു.

'അതിശൈത്യത്തിൽ
വിറങ്ങലിക്കുന്നവർ 
തെരുവോരത്ത് 
വിശ്രമിക്കുന്നവർ 
അന്തിയുറങ്ങുന്നവർ 
വീടില്ലാത്തവർ അനാഥർ
അതെ 
തെരുവിന്റെ സന്തതികൾ ...
എല്ലാം വരിവരിയായി നീങ്ങുകയാണ്
പഴകിയ കീറച്ചാക്കിനാല്‍ 
മുഖം മറച്ച് 
ഇരുട്ടിലേക്ക് നടന്നു പോകുന്നത്
ഏതോ പുരാതന ദൈവമാണ്.
എവിടേക്കാണിവർ പോകുന്നത്?'

ചരിത്രത്തിലെ നിസ്സഹായരുടെ ,നിന്ദിതരുടെ  പലായനം അവസാനിക്കുന്നില്ല. അവർ അവശേഷിപ്പിച്ച നൊമ്പരം കവി  മണ്ണിൽ നിന്ന്, തെരുവിൽ നിന്ന്  സമാഹരിക്കുന്നു. ദൈവം  തോറ്റുപോയോ എന്ന ചിന്ത ബാക്കിയാവുന്നു. 

ഗുർജിഫിൻ്റെ ഉണർവ്വ്

റഷ്യൻ ജ്ഞാനിയായ ജോർജ് ഗുർജിഫ്  പറഞ്ഞു: 'മനുഷ്യനു ജനിക്കാം; എന്നാൽ ജനിക്കണമെങ്കിൽ ആദ്യം മരിക്കണം .മരിക്കണമെങ്കിലോ? അവൻ ആദ്യമായി ഉണരണം'.എന്താണ് ഈ ഉണർവ്വ് ?അന്ധതകളിൽ ജീവിച്ചത് മരണമാണെന്ന് ഉറപ്പായ ശേഷം ജ്ഞാനത്തിലേക്കുള്ള ഉണർവ്വാണത്.

കാനായിയുടെ കവിത

ശില്പി കാനായി കുഞ്ഞിരാമന്റെ കവിതകളെക്കുറിച്ച് കെ. ജയകുമാർ എഴുതുന്നു (ശില്പിയുടെ കവിത, പ്രഭാവം മാസിക, ആഗസ്റ്റ് -സെപ്റ്റംബർ).'ശില്പങ്ങളായി രൂപാന്തരപ്പെടാത്തതും ബിംബങ്ങളുടെയും നിരീക്ഷണങ്ങളുടെയും പ്രേരണയിൽനിന്ന് ഉറവയെടുത്തതുമാണ് കാനായിയുടെ കവിതകൾ' -ജയകുമാറിൻ്റെ വാക്കുകൾ .കാനായി സമീപകാലത്താണ് കവിതയിലേക്ക് തിരിഞ്ഞത്.കാനായിയുടെ മനസ്സിൽ അലഞ്ഞു നടക്കുന്ന ചിന്തകളും ഭാവനകളുമാണ് കവിതയിൽ അവതരിപ്പിക്കുന്നത് .ഒരു കവിത ജയകുമാർ ഉദ്ധരിക്കുന്നു:

'ബിന്ദു ഞാനൊരു ബിന്ദു 
നീങ്ങി നീങ്ങി 
ബിന്ദു ഞാനൊരു ബിന്ദുരേഖ 
രേഖ ഞാൻ നേർരേഖ 
രേഖ ഞാൻ വക്രരേഖ
രേഖ ഞാൻ കൈരേഖ'

ഒരാൾക്ക് കവിതയെഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ കാനായിയുടെ കവിത ഒരു തീവ്രമായ അന്വേഷണമോ ,ഗാഢമായ ജ്വരമോ ആകുന്നില്ല. കവിതയിൽ ഒരു പരിവർത്തനത്തിന് ഇതിൽ സ്കോപ്പില്ല .അത് കാനായി തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. കവിതയിൽ ഒരു മാറ്റമോ വഴിയോ സൃഷ്ടിക്കാൻ കഴിവില്ലാത്ത നൂറുകണക്കിനാളുകൾ എഴുതുകയാണിപ്പോൾ .സകല അധ്യാപകരും കവിതയെഴുതുന്നത് എന്തിനാണ് ? നല്ലൊരു വായനക്കാരൻ അല്ലെങ്കിൽ വായനക്കാരിയാകാനുള്ള ഇച്ഛാശക്തിയാണ് പവിത്രമായത്. അത് മാത്രം ഉണ്ടാകുന്നില്ല .അങ്ങനെയൊരു ഇച്ഛാശക്തി ഇല്ലാതായ ഒരു മനസ്സിൽ നിന്ന് നല്ല കവിതയുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നില്ല.

അന്വേഷണം

ദിവാകരൻ വിഷ്ണുമംഗല പ്രാപഞ്ചികമായ സാരം തേടുന്ന കവിയാണ്. ഇംഗ്ളീഷ് കവി വില്യം ബ്ളേക്ക് ഒരു തരി മണ്ണിൽ പോലും പ്രപഞ്ചം ദർശിച്ചു. മഹാന്മാർക്ക് ഒരു മഞ്ഞുതുള്ളി മതി ലോകത്തെ ഗ്രഹിക്കാൻ.ദിവാകരനും തന്റെ ബോധത്തിന്റെ അതിരുകൾ ഭേദിക്കാനും ആത്മാവെന്ന ആന്തരികാർത്ഥത്തെ ഓരോ നിമിഷത്തിലും അനുഭവിക്കാനും ശ്രമിക്കുന്നു .ഇത് ഒരുൾത്തേടലാണ്.

'എന്തിനായ് പിന്നെ നാം മല്ലടിപ്പൂ
അല്ലലേറുന്നുണ്ടതു നിമിത്തം 
നന്മകൾ മാത്രമായ് കാണുമെന്നാൽ
മന്നിടം സ്വർഗ്ഗമായ് മാറുമല്ലോ'

ഈ തിരിച്ചറിവ് മനുഷ്യവംശത്തിനു ഒരാദർശമോ തത്ത്വമോ മാത്രമാണ്. ഒരിക്കലും നമുക്ക് മാലാഖമാരാകാൻ കഴിയില്ല .നമ്മുടെ ഒരുമയുടെ നിയോഗം വെറും വ്യാമോഹമാണ്. യുദ്ധമാണ് നമ്മുടെ ഏറ്റവും അടുത്ത  വിനിമയയോഗ്യമായ ജീവിതോപാധി. കലഹങ്ങളിലൂടെയാണ് നാം വളരാൻ  ആഗ്രഹിക്കുന്നതെന്ന വിപരീതമാണ് നമ്മെ പിടികൂടിയിരിക്കുന്നത്. അതുകൊണ്ട് ഐക്യം,രമ്യത,രാഗം തുടങ്ങിയവയൊക്കെ ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും കാല്പനികപദങ്ങൾ മാത്രമാണ്.

'അനുശോചനം ' എന്ന കഥയെഴുതിയ അശ്വതി വി. നായർ (ഭാഷാപോഷിണി ,സെപ്റ്റംബർ) എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ഒരു സുഹൃത്തിൻ്റെ  ഭർത്താവ് രോഗം വന്നു മരിച്ചു. സ്നേഹിതയ്ക്ക് അവളെ പോയി കാണാൻ കഴിഞ്ഞില്ല .ഒരു മാസം കഴിഞ്ഞ് ആ വിധവയെ കാണാൻ പോയി. അപ്പോൾ അവൾ അവളുടെ മെഡിക്കൽ ഷോപ്പിൽ കാര്യങ്ങൾ നോക്കുകയാണ്. അത് കണ്ടപ്പോൾ അപരിചിത ഭാവം തോന്നിയത്രേ! മാത്രമല്ല ,സ്വയം പുച്ഛം തോന്നിയെന്ന്  എഴുതിയിരിക്കുന്നു. ഒരു വിധവയ്ക്ക് കടയിൽ  ജോലി ചെയ്യാൻ പാടില്ലേ ? എന്താണ് ഇവിടെ പുച്ഛിക്കാൻ ?ആ വാക്ക് വീണ്ടും ഉപയോഗിച്ചുകൊണ്ട് ചോദിക്കുന്നതാണ്. ഇതുപോലുള്ള പഴയ മോഡൽ കഥകൾ ഇനി വേണോ എന്നു ആലോചിക്കണം .ബി.എം.ഡബ്ല്യു ,ഓഡി, ബെൻസ്, ഹ്യൂണ്ടായ് തുടങ്ങിയ പുതിയ മോഡൽ കാറുകൾ നിരത്തിൽ പായുമ്പോൾ അറുപതുമോഡൽ ഫിയറ്റ് കാറുകൾക്ക് എന്താണ് പ്രസക്തി? കാലത്തിൻ്റെ മാറ്റം മനസ്സിലാക്കുക. സ്വന്തം മാധ്യമമായ കഥയെ നവീകരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആവർത്തനവിരസവും നിലവാരമില്ലാത്തതും ഭാവനാരഹിതവുമായ കഥകൾ വായിക്കാൻ ഇന്ന് നല്ല വായനക്കാരെ കിട്ടില്ല. ജീവിതത്തെക്കുറിച്ച് അറിയുന്നതിനുമപ്പുറം പോകാനാണ് എഴുത്തുകാരൻ ശ്രമിക്കേണ്ടത് .അതിനാണ് മൂല്യം.

ജീവിതം വളരെ ദുരൂഹമാണ്. ജനനം, മരണം, ഭാവി, മരണാനന്തരം തുടങ്ങി ഉത്തരമില്ലാത്തതാണ് എല്ലാം .എല്ലാം സാങ്കല്പിക ബർമുദാ ത്രികോണമായി അവസാനിക്കുകയാണ്. (വടക്കേ അറ്റ്ലാൻഡിക് മഹാസമുദ്രത്തിൽ ബർമുദാ ദ്വീപിനും പ്യുർട്ടോ റിക്കോക്കും ഫ്ളോറിഡക്കും ഇടയിലുള്ള സ്ഥലമാണ് ബർമുദാ ത്രികോണം .ഇവിടെ ദുരൂഹ സാഹചര്യത്തിൽ അമ്പതിലേറെ കപ്പലുകളും ഇരുപത് വിമാനങ്ങളും കാണാതായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശദികരിക്കാനാവാത്ത സംഭവങ്ങൾക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ് )എന്നാൽ മലയാളകഥകളിൽ ഈ കാര്യങ്ങളൊക്കെ വളരെ ലളിതമാണ്, വാട്സപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യുന്ന പോലെ !

നോബൽ സമ്മാനമോ ?

നോബൽ സാഹിത്യസമ്മാനത്തിനും  വിശ്വാസ്യത നഷ്ടപ്പെടുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നോബൽ സമ്മാനം ലഭിച്ചവരുടെ കൃതികൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഈ വർഷം ഫ്രഞ്ച് എഴുത്തുകാരി ആനി ഫെർണോയ്ക്കാണ് ലഭിച്ചത്. വലിയ കവികളായ ഡെറിക് വാൽകോട്ട് ,സീമസ് ഹിനി ,റ്റോമസ് ട്രാൻസ്ട്രോമർ തുടങ്ങിയവർക്ക് നോബൽ സമ്മാനം ലഭിച്ചപ്പോൾ നമ്മൾ ആഹ്ളാദിച്ചു .എന്നാൽ ഗാനരചയിതാവ് ബോബ് ഡിലനും ലൂയി ഗ്ളക്കിനും അത് നല്കിയത് തെറ്റായ തീരുമാനമായിരുന്നു. മറ്റൊരു ജേതാവായ ചൈനീസ് നോവലിസ്റ്റ് മോ യാൻ ശരാശരിക്കും താഴെയാണ്. നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർണ  ശരാശരിയാണ്. അതേസമയം ഒർഹാൻ പാമുക്ക്, കസുവോ ഇഷിഗുറോ ,പാട്രിക് മോഡിയാനോ, തുടങ്ങിയവർക്ക് സമ്മാനം നൽകിയത് ഏറ്റവും ഉചിതമായി.

ഇപ്പോൾ നോബൽ കമ്മിറ്റിക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഈ വർഷം സൽമാൻ റുഷ്ദിക്കല്ലാതെ മറ്റാർക്കും കൊടുക്കാൻ പാടില്ലായിരുന്നു .നവീനാ വബോധമുള്ള ,പുതിയ നോവൽ സങ്കല്പങ്ങളുള്ള ,പുതിയ ഭാഷയുള്ള സൽമാൻ റുഷ്ദി ഏതോ അക്രമിയുടെ കുത്തേറ്റ് കിടക്കുകയാണ്. പന്ത്രണ്ട്  അന്താരാഷ്ട്ര നോവലുകളാണ് റുഷ്ദി  എഴുതിയിരിക്കുന്നത് .അദ്ദേഹം കലയുടെ സ്രഷ്ടാവാണ്. ദ് എൻചാൻറ്റേഴ്‌സ് ഓഫ് ഫ്ലോറൻസ്, ഷാലിമാർ ദ് ക്ലോൺ ,ഷെയിം തുടങ്ങിയ നോവലുകൾ പോരേ ഈ സമ്മാനത്തിന്? റുഷ്ദിക്ക് ഇനിയൊരു അവസരം ലഭിക്കുമോ എന്നറിയില്ല. കുത്തേറ്റതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ഒരു കണ്ണിനു കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കയാണ്. ഇനി എഴുന്നേറ്റ് നടക്കാൻ പ്രയാസമായിരിക്കും. ഏറ്റവും മികച്ച ഒരെഴുത്തുകാരൻ ജീവനു വേണ്ടി കഷ്ടപ്പെടുമ്പോൾ ശരാശരിക്കാർക്ക്  അവാർഡ് കൊടുക്കുന്നത് അർത്ഥശൂന്യമാണ്. 

ഹാറുകി മുറകാമി, മിഷേൽ ഹുയെൽബക്ക്, ലാസ്ലോ  ക്രാസ്നാഹോർക്കെ ,ഡോൺ ഡെലിലോ ,മിലാൻ കുന്ദേര തുടങ്ങിയവർ മികച്ച എഴുത്തുകാർ എന്ന നിലയിൽ ജീവിച്ചിരിക്കുന്നുവെങ്കിലും റുഷ്ദിക്ക് കൊടുക്കേണ്ടത് നീതിയുടെ അനിവാര്യതയായിരുന്നു. 
ബ്രിട്ടനിലെ ലാഡ്ബ്രോക്കേഴ്സ് വാതുവെപ്പ് കമ്പനി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച, സാധ്യതയുള്ള എഴുപത്തഞ്ച് എഴുത്തുകാരുടെ ലിസ്റ്റിൽ ഒരിന്ത്യക്കാരൻ പോലുമില്ല എന്ന വസ്തുത ആരെയും  അത്ഭുതപ്പെടുത്തുമെന്ന് തോന്നുന്നില്ല.

No comments:

Post a Comment