Friday, December 9, 2022

സ്വപ്നങ്ങളുടെ പനിച്ചൂട് /അക്ഷരജാലകം എം.കെ.ഹരികുമാർ 




ഈജിപ്തിലെ പ്രമുഖ നഗരമായ  അലക്സാൺഡ്രിയയിൽ നിന്നു വ്യത്യസ്തമായ മറ്റൊരു സ്ഥലമാണ് ബ്രിട്ടീഷ് എഴുത്തുകാരൻ ലാറൻസ് ഡ്യൂറൽ തൻ്റെ പ്രസിദ്ധമായ 'അലക്സാൺഡ്രിയ ക്വാർട്ടെറ്റി'ൽ (നാല് നോവലുകൾ) ആവിഷ്കരിച്ചത് .

നോവൽ വായിച്ച പലരും ഡ്യൂറലിനു കത്തെഴുതി തങ്ങളുടെ പണം തിരിച്ചു നല്കണം ,ഇത് യഥാർത്ഥ അലക്സാൺഡ്രിയയല്ല എന്നു പരാതിപ്പെട്ടുകൊണ്ട് .ഇതിനു മറുപടിയായി ഡ്യൂവൽ പറയുന്നു, ഇത് എന്നെങ്കിലും നിലനിന്ന ,പരിചിതമായ ഒരു പട്ടണമല്ലെന്ന് .തൻ്റെ ഓർമ്മകളെ ഒരു കുട്ടിയുടെ കൗതുകത്തോടെ  വാരിക്കോരിയെടുത്ത് പുനഃസൃഷ്ടിച്ച സ്വന്തം അലക്സാൺഡ്രിയയാണത്.
ഒരു നാടിനെക്കുറിച്ചെഴുതുകയാണെന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്ന നോവലുകൾ ധാരാളമുണ്ട്. കോവിലൻ്റെ തട്ടകം ,തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയ കൃതികൾ ഉദാഹരണം.  എഴുത്തുകാരൻ ഒരു ചരിത്രം സൃഷ്ടിക്കുകയാണ്. ദേശത്തിൻ്റെ ചരിത്രം എന്നു പറയാം. സമീപകാലത്ത് കുറെയധികം നോവലുകൾ ഈ ഗണത്തിൽ പിറന്നിട്ടുണ്ട്. എന്നാൽ ഇത്തരം കൃതികളിൽ ഉന്നതമായ ഒരിടം പൂരിപ്പിക്കപ്പെടാതെ ബാക്കി നിൽക്കുകയാണ്. 

തസ്രാക്കല്ല ഖസാക്ക് 

കലാപരമായ ആവശ്യങ്ങൾക്ക് വേണ്ടി കലാകാരൻ സൃഷ്ടിക്കുന്ന പ്രദേശമാണിത്. ഇതിൻ്റെ ഭാഗമായാണ്  വില്യം ഫോക്നർ യോക്നാപാടാഫ, ജയിംസ് ജോയ്സ് ഡബ്ളിൻ എന്നീ  സ്ഥലങ്ങൾ സൃഷ്ടിച്ചത്. യഥാർത്ഥ സ്ഥലങ്ങളാണെന്നു തോന്നുന്നത് പട്ടണങ്ങളുടെ യഥാർത്ഥ പേരുകൾ ഉള്ളതുകൊണ്ടു മാത്രമാണ്. ഇത്തരം രചനകളിൽ എഴുത്തുകാർ അവരുടെ മനസ്സിൻ്റെ ഒരു ആന്തരിക ഭൂപടമാണ് വരയ്ക്കുന്നത്. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ  ഒ.വി.വിജയൻ യഥാർത്ഥത്തിലുള്ള തസ്രാക്കിനെയാണ് വിവരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്. വിജയനെ അനുസ്മരിക്കാൻ രൂപീകരിച്ച തസ്രാക്ക് സമിതി പോലും തെറ്റിദ്ധരിച്ചവരിൽ ഉൾപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. 
യഥാർത്ഥ ഗ്രാമമായ തസ്റാക്കിനെ അവർ ഒരു സ്മാരകമായി വികസിപ്പിച്ചിരിക്കുന്നു .ഇത്രയും നല്ല ഒരു സ്മാരകം മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല എന്ന വസ്തുത അംഗീകരിക്കണം .എന്നാൽ തസ്രാക്ക് എന്ന ഗ്രാമമല്ല 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

അത് വിജയൻ്റെ മനസ്സിൻ്റെ ഭൂപടമനുസരിച്ചുള്ള മറ്റൊരു ഗ്രാമമാണ്. പഴയ ഗ്രാമം ഒരു കരടു മാത്രമാണ്. ചില സ്ഥലനാമങ്ങളോ ജീവിച്ചിരുന്ന വ്യക്തികളോ നോവലിൽ കണ്ടേക്കാം. അത് യഥാർത്ഥ ഗ്രാമത്തിൻ്റെ തനിയാവർത്തനമാണെന്നു തെറ്റിദ്ധരിക്കുന്നതാണ് കുഴപ്പം. ഇത് ആധുനിക കലയുടെ സവിശേഷമായ ഒരു മുഖമാണ് .കുറെ മാറ്റിമറിക്കലുകൾ അനിവാര്യമാവുന്നു. വിജയൻ മറ്റൊരു സാങ്കല്പിക ഭൂഭാഗമാണ് ആവിഷ്കരിക്കുന്നത്. മഹാചിത്രകാരനായ വാൻഗോഗ് മാനസിക കേന്ദ്രത്തിൽ വച്ച് ജനാലയിലൂടെ കണ്ട ഭൂഭാഗവും രാത്രിയും അതേപടി 'സ്റ്റാറി നൈറ്' എന്ന ചിത്രത്തിൽ വരച്ചിട്ടില്ല. അവിടുത്തെ യഥാർത്ഥ പ്രകൃതിയിലേക്ക് വാൻഗോഗ് ചിലത് കൂട്ടിച്ചേർത്തു.അപ്പോൾ അത് മറ്റൊരു ഭൂപകൃതിയായി .അതിൽ കാണുന്നത് ഭാവനയുടെ സൗന്ദര്യത്തിനു വേണ്ടി വരച്ചതാണ്. വിജയനും അത് ചെയ്തു .ബോധധാരയുടെ വിഷണ്ണമായ പദചലനങ്ങൾക്ക് അത് കൂടുതൽ തെളിമ നല്കുന്നു. 

എന്നാൽ നോവൽ യഥാർത്ഥമായ തസ്രാക്കിലെ ദൃശ്യങ്ങളാണ് ആവിഷ്ക്കരിച്ചതെന്നു തെറ്റിദ്ധരിച്ച് അവിടെ ചെന്നു ഫോട്ടോയെടുത്ത് അത് നോവലിൻ്റെ ഗ്രാമം എന്നു  പറഞ്ഞ് പ്രദർശിപ്പിക്കുന്നത് അവിവേകമാണ് .ആധുനിക കലാസൃഷ്ടികളുമായി ,അതിൻ്റെ സൗന്ദര്യശാസ്ത്രപരമായ പ്രക്രിയകളുമായി ബന്ധമില്ലാത്തതു കൊണ്ട് സംഭവിക്കുന്നതാണിത്. ആധുനിക സാഹിത്യസൃഷ്ടികളിൽ ആത്മാവിന്റെ ഭാവബദ്ധതകളും പ്രകൃതിയുമാണ് പുനരാവിഷ്ക്കരിക്കുന്നത്.

കഥാപാത്രങ്ങൾ മന:ശാസ്ത്ര ടൈപ്പുകളോ ?

കഥാപാത്രങ്ങളെ പ്രത്യേക മാനസികാവസ്ഥയുടെ, അപസ്മാരത്തിന്റെ അടയാളങ്ങളുള്ള ടൈപ്പുകളാക്കി ,അല്ലെങ്കിൽ മനഃശാസ്ത്ര ടൈപ്പുകളാക്കി മാറ്റുന്ന പ്രവണത ഇപ്പോഴും സാഹിത്യത്തിൽ  നിലനിൽക്കുകയാണ്. ഇത് ഒരു ദുര്യോഗമാണ്. ഇത് കഥാകൃത്തിന്റെ പരിമിതിയായേ കാണാനൊക്കൂ. 
ഒരു ടൈപ്പിനെ വിചിത്ര സ്വഭാവത്തോടെ അവതരിപ്പിക്കുന്നു. എന്നാൽ അതിൻ്റെ ഉള്ളടക്കത്തിൽ പുതിയ പ്രമേയം ഉണ്ടാകുന്നില്ല. എം.ആർ.മനോഹരവർമ്മയുടെ 'സ്വയംവരം'(പ്രഭാതരശ്മി ,ഒക്ടോബർ),സാറാജോസഫിന്റെ 'അൽഗോരിതം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 19) എന്നീ കഥകൾ ഉദാഹരണങ്ങളാണ്. 

മനോഹരവർമ്മയുടെയും സാറാജോസഫിൻ്റെയും കഥകളിൽ മന:ശാസ്ത്ര ടൈപ്പുകളായി അവതരിപ്പിച്ചിട്ടുള്ളത് വിവാഹിതകളായ സ്ത്രീകളെയാണ്. ഇങ്ങനെ വിചിത്രമായ മാനസിക പ്രശ്നങ്ങളുള്ളവരാണ് സ്ത്രീകൾ എന്ന ധാരണ സാമൂഹ്യപരിപ്രേക്ഷ്യത്തെ തകർക്കുന്ന സമീപനത്തിൻ്റെ ഭാഗമായി കാണണം. ഇത് കലഹരണപ്പെട്ട കഥാകഥനരീതിയാണെന്ന് പറയട്ടെ. മനോഹരവർമ്മയുടെ കഥയിൽ ഒരു യുവതി പത്താംക്ലാസ് പാസാകാൻ ശ്രമിക്കുന്നു. മൂന്നാംവട്ടമാണ് ജയിച്ചത്. പിന്നീട് അവൾ ബി.എ പാസാകുന്നു. തുടർന്ന് അവൾ വിവാഹത്തിനു സമയമായതായി സമ്മതിക്കുന്നു. വിവാഹം കഴിഞ്ഞെങ്കിലും അവൾക്ക് കുട്ടിത്തം മാറുന്നില്ല .അവൾ  മനസ്സിൽ കണ്ട ഭർത്താവിൻ്റെ ചിത്രം കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു:
"ഭർത്താവ് താൻ പഠിക്കുന്നതിനു സമ്മതിക്കണം .പുസ്തകവും ബുക്കും പെൻസിലും പേനയും ഒക്കെ വാങ്ങിത്തരണം .അത് ശരിയാക്കാം. അച്ഛൻ പറഞ്ഞു .ലീലാമണിക്കു സന്തോഷമായി. അവൾ ഭർത്താവിനെ സ്വപ്നം കാണാൻ ശീലിച്ചു .കൈയിൽ ഏത്തപ്പഴവും പരിപ്പുവടയും പുസ്തകങ്ങളുമായി വരുന്ന ഭർത്താവ് ".

വിവാഹം കഴിഞ്ഞതോടെ ലീലാമണിക്ക് പുസ്തകങ്ങളോട് താല്പര്യം കുറഞ്ഞു. പക്ഷേ, അവൾക്ക് പഠിക്കണമെന്നുണ്ട്. എന്തായാലും, ഭർത്താവ് അവളെ അവളുടെ സമ്മതത്തോടെ വീട്ടിൽ കൊണ്ടുചെന്നാക്കുന്നു .തുടർന്ന് അവൾ ജോലി നേടാൻ പഠിച്ചു, പരീക്ഷയെഴുതി. ഭർത്താവ് ആഴ്ചതോറും വന്നുപോയി. അവൾ ഭർത്താവിനോട് പറഞ്ഞത് ഓരോ ആഴ്ചയിലും വരുന്നത് ഓരോ ഗെറ്റപ്പിലായിരിക്കണമെന്നാണ്. ഭർത്താവ് സമ്മതിച്ചു. പിന്നീട് ഭർത്താവ് വരാതെയായി. അവൾ അയാളെയും  ഓർക്കാറില്ല. അവൾ വെറുതെ ചിരിക്കുകയാണ്. കഥയുടെ വണ്ടി ഇപ്പോഴും തിരുനക്കരയിൽ തന്നെ .ഇത്തരം കഥകൾ വായനക്കാരെ
മനോരോഗികളാക്കുകയാണ്. 

സാറേജോസഫിന്റെ കഥയിൽ ഭാര്യയും ഭർത്താവുമാണുള്ളതെങ്കിലും തിരക്കഥ പോലെയാണ് കഥ വിവരിക്കുന്നത്. സീനുകൾ എണ്ണമിട്ടു തിരിക്കേണ്ട ജോലിയേ സംവിധായകനുള്ളു.ഉറങ്ങിക്കിടക്കുന്ന രോഗിയായ ഭർത്താവിനെ ഉപേക്ഷിച്ചു അവൾ അപസ്മാരബാധയിലെന്ന പോലെ, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുകയാണ്,  സഹോദരൻ്റെ വീട്ടിലേക്ക്. അർദ്ധരാത്രിയിൽ സഹോദരനോട് അവൾ തൻ്റെ പഴയ റൂബിക്സ് ക്യൂബ് തിരിച്ചു തരണമെന്ന് ആവശ്യപ്പെടുന്നു! .അതു വാങ്ങി തിരിച്ച വന്ന അവൾ സ്റ്റോർ റൂമിൽ കയറിയിരുന്നു ക്യൂബിലെ പ്രതലങ്ങൾ ശരിയാക്കാൻ വീണ്ടും വീണ്ടും പരിശ്രമിക്കുകയാണ്.

ഇതാണ് മനഃശാസ്ത്ര ടൈപ്പ്. കഥാപാത്രങ്ങളെ പ്രത്യേക മനോനിലയുള്ളവരായി മാറ്റുന്നതല്ലാതെ ഇത്തരം കഥകളിൽ ഇന്നത്തെ വായനയ്ക്ക് ആവശ്യമായ സ്ഫോടനശക്തി കാണാനില്ല . കഥയുടെ കൂമ്പ് അടഞ്ഞു എന്നു ഉറപ്പിക്കാവുന്ന രചനകളാണ് ഇത് രണ്ടും.

ക്രൂരതയും നാടകവേദിയും 

ജീവിതത്തിൻ്റെ നല്ലൊരു പങ്കും മാനസികരോഗാശുപത്രിയിൽ ചെലവഴിച്ച നാടകചിന്തകനും സംവിധായകനുമാണ് അഥൊന അർത്തോ (Antonin Arthaud, 1896-1948)).അദ്ദേഹത്തിൻ്റെ ആശയമാണ് ക്രൂരതയുടെ നാടകവേദി. ഈ നാടകവേദിയെ പരിചയപ്പെടുത്തുന്ന മാനിഫെസ്റ്റോയും അദ്ദേഹം എഴുതി.

ദ് തീയേറ്റർ ആൻഡ് ഇറ്റ്സ് ഡബിൾ എന്ന പുസ്തകത്തിൽ തൻ്റെ വിപ്ളവകരമായ നാടകസങ്കല്പം അദ്ദേഹം വിശദീകരിച്ചു. പ്രേക്ഷകനും നടനും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതെയാകണം എന്നു ചിന്തിച്ച അർത്തോ, നാടകവേദി പ്രകോപനങ്ങളുടെയും വികാരങ്ങളുടെയും നഗ്നമായ ഇടമാണെന്നു വാദിച്ചു. 

അർത്തോയുടെ വിഭ്രാമകവും സ്ഫോടനാത്മകവുമായ ചില ചിന്തകൾ ഇവിടെ ചേർക്കുകയാണ്:

1)പുതിയ ക്രമങ്ങൾ അന്വേഷിച്ച് ഞാൻ സ്വപ്നങ്ങളുടെ പനിച്ചൂടിലേക്ക് എന്നെത്തന്നെ ഉപേക്ഷിക്കുകയാണ്.
2)എൻ്റെ കലാസൃഷ്ടിക്ക് ജീവിതത്തിൽ നിന്ന് വേർപെട്ട ഒരു അസ്തിത്വമുള്ളതായി ചിന്തിക്കാനാവില്ല.
3)കവിത വിഘടിപ്പിക്കുന്നതും അരാജകത്വസ്വഭാവമുള്ളതുമായ ഒരു ശക്തിയാണ്.അത് അറിയപ്പെട്ട ബന്ധങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് .
4)എല്ലാ എഴുത്തും ചവറാണ് .
5)എല്ലാ കാര്യങ്ങളും വഷളായിരിക്കുകയാണ്; എന്തുകൊണ്ടെന്നാൽ ,ഈ നിമിഷത്തിൽ രോഗം ബാധിച്ച മന:സാക്ഷിയുടെ യഥാർത്ഥ താൽപര്യം അതിൻ്റെ തന്നെ രോഗങ്ങളിൽ നിന്നു രക്ഷനേടാതിരിക്കുന്നതിലാണ്. 
6)ഒമ്പതു വർഷം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ എനിക്ക് ആത്മഹത്യ ചെയ്യാൻ ഒരിക്കലും തോന്നിയിട്ടില്ല .എന്നാൽ മനോരോഗ വിദഗ്‌ദ്ധന്യമായുള്ള ഓരോ സംഭാഷണത്തിലും ,എന്നും രാവിലെ അദ്ദേഹം സന്ദർശിക്കാൻ വരുമ്പോൾ, എനിക്ക് തൂങ്ങിമരിച്ചാലെന്തെന്നു തോന്നിയിട്ടുണ്ട്. അയാളുടെ കഴുത്തു മുറിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയാണ് കാരണം.
7)മനസ്സിൻ്റെ വിചാരം അത് കാണുന്നതും ചെയ്യുന്നതും എല്ലാം വിശ്വസിക്കുന്നു എന്നാണ്. എന്തിനോടെങ്കിലുമുള്ള നമ്മുടെ  അഭിനിവേശത്തിന്റെ കാരണമിതാണ്.
8)പ്രേതങ്ങളും മന്ത്രവാദികളുമുള്ള  ഈ ലോകത്തിൽ ജീവിക്കേണ്ടിവന്നതിൽ ഞാൻ ദുഃഖിക്കുന്നു. എന്നാൽ യഥാർത്ഥ മന്ത്രവാദികൾ വളരെ കുറവാണ് .
9)ഒരു നടൻ ,ഹൃദയത്തിൻ്റെ കായിക താരമാണ്.
10)ഓരോ ഭ്രാന്തനിലും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീനിയസുണ്ട്.
11)നാടകവേദി നവീകരിച്ച ജീവിതാവബോധത്തിൽ നാം വിശ്വസിക്കണം. ഭയമില്ലാതെ, നിലനിൽക്കാത്ത ഒന്നിന്റെ കർത്തൃത്വം ഏറ്റെടുക്കാൻ സഹായിക്കുന്നത് ,അത് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ആ ജീവിതാവബോധമാണ്.

വിചിത്ര യുക്തി 

ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ യുഗോയുടെ 'പാവങ്ങൾ' 1862 ലാണല്ലാ പ്രസിദ്ധീകരിച്ചത്. അതിൻ്റെ മലയാള വിവർത്തനം നിർവ്വഹിച്ച നാലപ്പാട്ട് നാരായണമേനോൻ തന്നിലെ കവിയെയാണ് ആ പരിഭാഷയുടെ വേളയിൽ സാക്ഷാത്ക്കരിക്കാൻ ശ്രമിച്ചത്. ആ ഗദ്യത്തിനു ആ ഗുണമുണ്ട്. എന്നാൽ പാവങ്ങളുടെ പരിഭാഷയുടെ പോയകാലത്തെക്കുറിച്ച് ഇ.വി. രാമകൃഷ്ണൻ എഴുതിയ ലേഖനം (പാവങ്ങളുടെ നൂറ്റാണ്ട്: മലയാള ഭാവനയെ പ്രചോദിപ്പിച്ച പരിഭാഷ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 26)അക്കാദമിക് പ്രബന്ധങ്ങൾക്ക് പൊതുവേയുള്ള വിരസതയാണ് പങ്കുവെക്കുന്നത്.

രാമകൃഷ്ണൻ തൻ്റെ കൃത്രിമ പാണ്ഡിത്യം കാണിക്കാനായി അനാവശ്യ ഉദ്ധരണികൾ നിരത്തുകയാണ്. ഈ ലേഖനം ഉദ്ധരണികളുടെ ഒരു സമാഹാരമാണെന്ന് തോന്നുന്നു.
എന്തിനാണ് ഈ 'പാവങ്ങൾ' മനസ്സിലാക്കാൻ ഉമ്പർട്ടോ എക്കോ   മറ്റൊരു പുസ്തകത്തെപ്പറ്റി പറഞ്ഞത് ഉദ്ധരിക്കുന്നത്? ആ ഭാഗം ഇതാണ്: 'ഉമ്പർട്ടോ ഇക്കോ ,ഹ്യു ഗോവിൻ്റെ അവസാനത്തെ നോവലായ 'തൊണ്ണൂറ്റിമൂന്നു 'എന്ന കൃതിയെപ്പറ്റി പറഞ്ഞത് പാവങ്ങളെ മനസ്സിലാക്കാൻ ഉപകരിക്കും: 'ഹ്യു ഗോവിനു ആധിക്യങ്ങളുടെ കഥ പറയണമായിരുന്നു. അവ്യാഖ്യേയങ്ങളായ ഈ ആധിക്യങ്ങൾ പരസ്പര വൈരുദ്ധ്യങ്ങളുടെ ഭാഷയിൽ മാത്രമേ വിവരിക്കാനാവൂ .ഹ്യുഗോ ശ്രമിച്ചത്  ചരിത്രത്തിന്റെ ചാലകശക്തികളെ മനസ്സിലാക്കാനാണ് ". 

എന്തൊരു വിചിത്രമായ യുക്തിയാണ് രാമകൃഷ്ണനുള്ളത് !.'പാവങ്ങൾ' നമ്മുടെ മലയാളത്തിൽ കൺമുന്നിൽ ഇരിക്കുകയാണ്. അത് മനസ്സിലാക്കണമെങ്കിൽ ഉമ്പർട്ടോ ഇക്കോ ,തൊണ്ണൂറ്റിമൂന്നിനെക്കുറിച്ചും  ആധിക്യങ്ങളെക്കുറിച്ചും പറഞ്ഞത് മനസ്സിലാക്കണമെന്ന് !.എന്നാൽ എന്താണ് ഈ ആധിക്യങ്ങളെന്നു വിവരിക്കാൻ ലേഖകനു കഴിയുന്നില്ല .ഇതാണ് ഇന്നത്തെ അക്കാദമിക് വിമർശനം എത്തിച്ചേർന്നിരിക്കുന്ന അനാവശ്യ ഉദ്ധരണികളുടെയും കൃത്രിമ പാണ്ഡിത്യപ്രകടനങ്ങളുടെയും മരുഭൂമി.
രാമകൃഷ്ണൻ 'പാവങ്ങൾ ' വായിച്ച് ആസ്വദിച്ചിട്ടില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് മറയ്ക്കാനാണ് അനാവശ്യ ഉദ്ധരണികൾ നിരത്തുന്നത്. 
കലാശാലാ അധ്യാപകരായ വിമർശകർക്ക് ഒരു സാഹിത്യകൃതി വായിച്ചു അതിൻ്റെ സൗന്ദര്യാനുഭൂതിയിൽ എത്താൻ കഴിയുമെന്നു തെളിയിക്കുന്ന ഒരു ലേഖനമെങ്കിലും ഉണ്ടാകുന്നതു നോക്കിയിരിക്കുകയാണ് ഞാൻ. 

ഉദ്ധരണികളുടെ മൃഗശാല 

ഇതുപോലെയുള്ള ഒരു ലേഖനമായിരുന്നു ടി.ടി. ശ്രീകുമാർ സംസ്കൃതഭാഷയെക്കുറിച്ച് ഏതാനും ലക്കങ്ങൾക്കു മുമ്പ് ആഴ്ചപ്പതിപ്പിൽ  എഴുതിയത്. അദ്ദേഹം സംസ്കൃതത്തെ പാർട്ടി, മതം എന്നിവയുമായി കൂട്ടിക്കുഴച്ച് വക്രീകരിക്കുന്നു. അനാവശ്യ ഉദ്ധരണികളുടെ ഒരു മൃഗശാലയാണ് ഈ ലേഖനം. ശ്രീകുമാർ വായിക്കേണ്ടത് കൃഷ്ണചൈതന്യ എഴുതിയ 'സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത '(രണ്ടു വാല്യങ്ങൾ )എന്ന പുസ്തകമാണ്. എത്ര ഉന്നതമായാണ് കൃഷ്ണചൈതന്യ ഭാഷയെയും സാഹിത്യത്തെയും സമീപിക്കുന്നത് !

No comments:

Post a Comment