Friday, December 9, 2022

സാഹിത്യരചനയിലെ യാജ്ഞവൽക്യം/അക്ഷരജാലകം/  എം.കെ.ഹരികുമാർ 

 






ഈ ജീവിതത്തിൽ തന്നെ പല ജന്മങ്ങൾ താൻ ജീവിച്ചു എന്നു മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.' കാതറിൻ മാൻസ്ഫീൽഡ്' എന്ന ചെറു ലേഖനത്തിൽ, തന്നെ പ്രേമിച്ചിരുന്ന ചെറുപ്പക്കാരെ വീണ്ടും കണ്ടാൽ ഒട്ടും താൽപര്യം കാണിക്കുകയില്ലെന്ന് അവർ അറിയിക്കുന്നുണ്ട്. കാരണം, അവർക്ക് മനസ്സിൽ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു .അവർ ഇങ്ങനെ തുടരുന്നു: 'ഇല്ലെങ്കിൽ കാമകലകളെപ്പറ്റി അറിയുവാൻ അത്യുൽസുകയായിരുന്ന എനിക്ക്, തൻ്റെ ഭർത്താവ് ആശ്ളേഷിക്കാൻ മുതിരുമ്പോഴേക്കും മടുപ്പ് തോന്നുന്നത് എന്തുകൊണ്ട്? ഞാനൊരു പാത്രത്തിൽ വിളമ്പിവച്ച ആഹാരമാണെന്നും അദ്ദേഹം അലഞ്ഞു നടക്കുന്ന ഒരു ശ്വാവാണെന്നും ചിലപ്പോൾ എനിക്ക് തോന്നും. അദ്ദേഹത്തിൻ്റെ ഒരൊറ്റ ചുംബനം മതി ,ഈ ആഹാരത്തെ വെറുമെച്ചിലാക്കാൻ. പക്ഷേ ,ഇത് ആരുടെ അമൃതേത്തിന്നായാണ് വിളമ്പി വച്ചിരിക്കുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല. മനുഷ്യജാതിയിൽപ്പെട്ടവർക്കായല്ല എന്നു മാത്രം അറിയാം. പക്ഷേ ,ഈശ്വരനു മനുഷ്യസ്ത്രീയുടെ ശരീരം എന്നെങ്കിലും ഉതകുമോ ?ശരീരത്തിൽ ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന ആത്മസത്തയെയാവാം ഞാൻ ഞാനായി കണക്കാക്കുന്നത്. ആരും തൊടാത്തതായ എൻ്റെ ഒരേയൊരവയവം'.

ഇതാണ് മാധവിക്കുട്ടി നേടിയെടുത്ത സാഹിത്യത്തിൻ്റെ മതം. അവർ യാതൊന്നിന്റെയും അനന്തരാവകാശിയോ ഉടമസ്ഥയോ അല്ല; അവർ മനസ്സിൽ എഴുതിയിരുന്നതെല്ലാം മായ്ച്ചു കളഞ്ഞ ശേഷമാണ് ചിന്തിച്ചത്. ചിന്തിക്കുന്നത് ഒരു സ്വർഗീയാനുഭവമാണെന്നു എത്രപേർ അറിയുന്നു! . ചിന്തയുടെ ഒരു സൗന്ദര്യമുണ്ട് .നവീനവും ഉൽകൃഷ്ടവുമായ ഒന്നിനെക്കുറിച്ചുള്ള ആലോചനയാണത് .ചിന്തയിലാണ് ഈശ്വരൻ. ചിന്തയുടെ സന്താനമാണ് ഈശ്വരൻ .അത് ചിന്തയുടെ സൗന്ദര്യമാണ്; സ്വാതന്ത്ര്യമാണ്. ഒറ്റയ്ക്ക് നിൽക്കുന്നതിനും സൗന്ദര്യമുണ്ട്. മനസ്സിൻ്റെ സന്തോഷകരമായ ഒരു കൈകാലിളക്കമാണത്.

ചുറ്റും പരക്കുന്ന നിശ്ശൂന്യതയുടെ നീലാകാശങ്ങളിലേക്ക് കൈകാൽ കുടഞ്ഞ് നാം സ്വയം ജീവൻ വയ്പിക്കുകയാണ് .മലയാളകഥയ്ക്ക് ആഴവും ദിശാബോധവും നല്കിയ യു. പി. ജയരാജ് എത്ര വർഷം കഴിഞ്ഞാലും തിളക്കത്തോടെ നില്ക്കും .കാരണം ,അദ്ദേഹം  ചിന്തിച്ചു, ചിന്തയിൽ പന്തം പോലെ ജ്വലിച്ചു ,ചിന്തയിൽ ജീവിച്ചു. അദ്ദേഹത്തിൻ്റെ മഞ്ഞ് ,നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത് ,ഓക്കിനാവയിലെ പതിവ്രതകൾ തുടങ്ങിയ കഥകൾ ഇപ്പോഴും കോരിത്തരിപ്പിക്കും. ജയരാജിന്റെ 'ധീരയൗവനം' എന്ന കഥയിലെ ഒരു ഖണ്ഡിക ഉദ്ധരിക്കുകയാണ്: 'തടവറകൾക്കകത്ത് ഒരിക്കലും ഋതുക്കൾ മാറുന്നില്ല. അതുകൊണ്ടുതന്നെ ബന്ധിതരായിക്കിടക്കുന്നവർക്ക് വാർദ്ധക്യത്തെയും മരണത്തെയും ഒരിക്കലും ഭയപ്പെടേണ്ടതില്ല. തടവറകൾക്കകത്ത് എന്നും യൗവനം അതിൻ്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ വിജ്രംഭിച്ചു നിൽക്കുന്നു. എന്തെന്നാൽ ഇരുണ്ട ഭിത്തികൾക്കകത്തേക്ക് പ്രവേശിക്കാനാവാതെ കാലം പോലും അധൈര്യപ്പെട്ട് അറച്ചു നിൽക്കുകയാണ്'.ഇതുപോലൊരു തടവറയിലാണ് മലയാളകഥ. കാലത്തിൻ്റെ ഗദ്ഗദങ്ങൾ മനസിലാക്കാനാവാതെ അത് സ്വയം തീർത്ത തടവറയിൽ കഴിയുകയാണ്. സർഗാത്മകമായ ഒരു ടച്ച് കഥയിൽ നിന്നു അപ്രത്യക്ഷമായിട്ട് കാലം കുറെ  കഴിഞ്ഞിരിക്കുന്നു .കഴിഞ്ഞ പത്തു വർഷത്തെ കഥകൾ പരതിയാൽ പോലും മികച്ച അഞ്ചു കഥകൾ കണ്ടെത്താനില്ല .

റെനി മൈഗ്രിറ്റ് വരയ്ക്കുന്നു

ബെൽജിയൻ പെയിൻ്റർ റെനി മൈഗ്രിറ്റ് (1898-1967)വരച്ചത് തൻ്റെ മനസ്സിൽ പതിയുന്ന ബിംബങ്ങളെ ആസ്പദമാക്കിയാണ് .അദ്ദേഹം അങ്ങനെ വരയ്ക്കുന്നതിന്റെ പേരിൽ നമുക്ക് കുറ്റവാളി എന്നു വിളിക്കാനാവില്ല. നമ്മൾ അത് തീർച്ചയായും കണ്ടിരിക്കണമെന്ന് ഒരു നിർബന്ധവുമില്ലല്ലോ, അദ്ദേഹത്തിന്. അദ്ദേഹം തന്റെ ഒരു ജീവിത സാധ്യതയാണ് ആലേഖനം ചെയ്യുന്നത്. തൻ്റെ ചിത്രത്തിലെ മരത്തെ ആളുകൾ എങ്ങനെ കാണുന്നുവെന്ന് മൈഗ്രിറ്റ്  നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: 
'ഭൂപ്രകൃതിയിലെ യഥാർത്ഥ മരത്തെ നിങ്ങൾ ശരിക്കും കാണുന്നില്ല. എന്നാൽ അത് ചിത്രത്തിൽ വരയ്ക്കുമ്പോൾ നിങ്ങൾ കാണുന്നു. അത് നിങ്ങളെ യഥാർത്ഥ മരത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നു. നിങ്ങൾ ഈ ലോകത്തെ നിങ്ങൾക്ക് വെളിയിലായാണ് കാണുന്നത് .നിങ്ങൾ യഥാർത്ഥത്തിൽ അനുഭവിക്കുന്നത് മാനസികമായ ഒരു പ്രതിനിധാനമാണ്. മനസിൽ നടക്കുന്ന ഒരു സംഭവമാണത്'.
ഇതാണ് ഈ ചിത്രകാരൻ കാൻവാസിൽ ആവിഷ്കരിക്കുന്നത്.

ആത്മാവിൽ മനനം 

കഥയുടെ മഹത്തായ ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ സഹായിച്ച രചനയാണ് ഉദയശങ്കർ  എഴുതിയ 'മണികർണികയിലെ ബലിതർപ്പണങ്ങൾ'(എഴുത്ത് ,ഓഗസ്റ്റ് ).ഗംഗയുടെ തീരത്ത് നടക്കുന്ന ഒരു ബലിതർപ്പണത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന ഈ കഥ ജീവിതാർത്ഥത്തിൻ്റെയും ജീവിത ശൂന്യതയുടെയും അഭിനിവേശങ്ങളുടെയും വൈരുദ്ധ്യങ്ങൾ കാണിച്ചു തന്നു.  സി.വി.ശ്രീരാമന്റെ 'വാസ്തുഹാര' ,ക്ഷുരസ്യധാര' തുടങ്ങിയ കഥകളുടെ കാലഘട്ടത്തിലേക്ക് എൻ്റെ ഓർമകൾ പെട്ടെന്നു സഞ്ചരിച്ചു. സംഭവങ്ങൾക്ക് പിന്നിലേക്ക് ചെന്ന് മനുഷ്യാവസ്ഥയെ അനുഭവിക്കുകയാണ് ഉദയശങ്കർ. അതിഭാവുകത്വമല്ല ,അതീന്ദ്രിയമായ കാഴ്ചകളാണ് കഥയിൽ നിറയുന്നത്.

കഥ അല്പമൊന്നു ചെറുതാക്കിയിരുന്നെങ്കിൽ കൂടുതൽ  മുറുക്കം കിട്ടുമായിരുന്നു എന്നു തോന്നി. എന്നാൽ കഥയുടെ ഭാഷ അസാധാരണവും ശക്തവുമാണ്. ആത്മാവിൽ മനനം ചെയ്യുകയാണ് കഥാകൃത്ത്. ഈ ഭാഗം നോക്കൂ : 'ഇരുട്ട് ഒരു പൂവു പോലെ വിടരുന്ന ഒന്നല്ല .അവിടെ തന്നെയുള്ള ഒന്നാണ്. ചുരുളഴിഞ്ഞു പരന്നതുമല്ല. അതിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണ്. അകന്നുപോകലുകളുടെ മാരിയിൽ ഇരുട്ട് അടുത്തേക്ക് വന്നണയുകയാണ്.
ഇരുട്ടിനു ഭൂതമോ വർത്തമാനമോ ഭാവിയോ ഇല്ല .അത് എന്നെന്നും ഒരുപോലെയാണ്'.ഇത്രയും അന്തരംഗ ഗാഢത നല്കിയ കഥ സമീപകാലത്ത് വായിച്ചിട്ടില്ല . സതീഷ്ബാബു പയ്യന്നൂരിന്റെ കഥകളിൽ കുടുംബപരവും വ്യക്തിഗതവുമായ പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് .'കിഴക്കൻ കാറ്റിൽ പെയ്ത മഴ'(ഗ്രന്ഥാലോകം, ജൂലൈ) എന്ന കഥയും വ്യത്യസ്തമല്ല. 
വായിക്കുന്നവരെ മുഷിപ്പിക്കാതെ കഥ പറയാൻ സതീഷ് ബാബുവിനറിയാം.  കഥ പറയുന്നതിനിടയിൽ അദ്ദേഹം കാടുകയറില്ല. അതാണ് ആശ്വാസം.
സാധാരണ വായനക്കാരന്റെ മനസ്സിന്റെ ഗതി നല്ലതുപോലെ അറിയുന്ന കഥാകൃത്താണ് സതീഷ്. കഥയുടെ പ്രമേയത്തിന്റെ ഗാംഭീര്യമോ ആഴമോ അല്ല എന്നെ ആകർഷിച്ചത് ;കഥ പറയുന്ന രീതിയാണ്.

നായയുടെ ഹൃദയം

സോവിയറ്റ് സാഹിത്യകാരനായിരുന്ന മിഖായേൽ ബുൾഗാകോവ് എഴുതിയ 'ഹേർട്ട് ഓഫ് എ ഡോഗ്'(1925) അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ പരിഹസിച്ച എഴുതിയതാണ്.ഇത് പുറം ലോകം കാണാൻ 1968 വരെ കാത്തിരിക്കേണ്ടി വന്നു. അതു വരെ സ്വകാര്യമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അതിൽ ഒരു നായയെ ഒരു ഡോക്ടർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. നായയുടെ  വൃഷണം നീക്കംചെയ്ത് തത്സ്ഥാനത്ത് ഒരു പുരുഷന്റെ വൃഷണവും മറ്റും തുന്നിപ്പിടിപ്പിക്കുന്നു .നായയുടെ  തലച്ചോറിലെ ഓർമ്മയുടെയും ബുദ്ധിയുടെയും ഭാഗം നീക്കം ചെയ്ത് അവിടെ പുരുഷന്റെ തത്തുല്യമായ ഭാഗം തുന്നിച്ചേർക്കുന്നു. നായ ക്രമേണ അനുസരണയുള്ള മനുഷ്യസ്വഭാവ മാർജിക്കുന്നു. ഭാവിയിലെ മനുഷ്യരെ സോവിയറ്റ് ഭരണകൂടത്തിനു വിധേയരാക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള ശസ്ത്രക്രിയകൾ വിജയകരമായി നടപ്പാക്കാൻ കഴിയുമോ എന്ന പരീക്ഷണമായിരുന്നു പരിഹാസത്തോടെ ബുൾഗാകോവ് ആവിഷ്കരിച്ചത്. അനുസരണയും വിധേയത്വവുമുള്ള മനുഷ്യരെ ഭരണകൂടം ബോധപൂർവ്വം സൃഷ്ടിക്കുന്നതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. 

സാഹിത്യം മനുഷ്യരെ ചിന്തിപ്പിക്കുന്നത് ഇങ്ങനെയാണ്. എഴുത്തുകാരൻ കർമ്മത്തിൽ നിന്ന് ജ്ഞാനത്തിലേക്കാണ് സഞ്ചരിക്കേണ്ടത് ;കർമ്മത്തിൻ്റെ വിവരണം നടത്തിയാൽ പോരാ. കലയിൽ പ്രബുദ്ധതയുടെ ഒരു തലമുണ്ട്. നമുക്ക് നഷ്ടപ്പെടുന്നതെന്താണെന്നു അത് ഓർമ്മിപ്പിക്കുന്നു .അതാണ് ബുദ്ധൻ്റെ  അദൃശ്യമായ വാൾ. നേടാനുള്ളതിന്റെ വരുംവരായ്കകൾ അത് പരിശോധിക്കുന്നു. ബുൾഗാകോവിൻ്റെ കൃതിയിൽ മനുഷ്യസ്വഭാവം ഒരു ചെമ്പക തൈ പോലെ പരിലസിക്കുകയാണ് .മനുഷ്യനാണ് എഴുതുന്നത് ,അത് മറക്കരുത്. ബുദ്ധി കൂടുതലുള്ള ഒരു യന്ത്രമാകരുത് എഴുത്തുകാരൻ. ഒരു ചെറുസസ്യത്തിന്റെ നൈർമല്യവും നിസ്വാർത്ഥതയും സഹവാസമനസ്ഥിതിയും നിലനിർത്തുമ്പോഴാണ് മനുഷ്യർക്ക് വസിക്കാനുള്ള ഇടമായി ഒരു സാഹിത്യസൃഷ്ടി മാറുന്നത്. ഇതാണ് സാഹിത്യരചനയിലെ യാജ്ഞവൽക്യം. ഇവിടെ യജ്ഞം തനതായ, കളങ്കമേശാത്ത ജൈവാനുഭവമാണ്, കർമ്മമാണ് .ജൈവാനുഭവത്തിൽ നിന്നു പ്രബുദ്ധതയിലേക്ക്, വിശാലതയിലേക്ക്, സഹവർത്തിത്വത്തിലേക്ക്, ഉണർവ്വിലേക്ക് സഞ്ചരിക്കുകയാണ് വാക്കുകൾ.

ആധുനികതയുടെ സംസ്കാരം

സാഹിത്യത്തിലും ചിത്രകലയിലും  ആധുനികതയുടെ സംസ്കാരം ഇപ്പോഴും പ്രബലമാണ്. ആധുനികതയുടെ ആധിപത്യകാലം അസ്തമിച്ചിട്ടുണ്ടാകാം.പക്ഷേ, അതുണർത്തിയ കാലാപരമായ അവബോധം അവസാനിക്കുകയില്ല.
അത് കലാചിന്തയിൽ ,കലാവതരണത്തിൽ, കലാപ്രവർത്തനത്തിൽ ഒരു പുതിയ കാലത്തെ ഉദ്ഘാടനം ചെയ്തു എന്ന കാര്യം ഇനി നിഷേധിച്ചിട്ട് കാര്യമില്ല. ബുദ്ധൻ നല്കിയത് ഒരു പുതിയ ഉണർവ്വാണെങ്കിൽ, അത് ബുദ്ധൻ സമാധിയാകുന്നതോടെ അവസാനിക്കുന്നില്ല. അത് നമ്മുടെ ഓരോ ചലനത്തിലും പിന്തുടരുകയാണ്. സ്വസ്ഥമായി ഒരിടത്തിരുന്നു കണ്ണടച്ചാൽ മതി ബുദ്ധൻ ഉണരുകയായി. വിയറ്റ്നാം സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ പറഞ്ഞത് വെറുതെ നടക്കുമ്പോഴും നമ്മളിൽ ഒരു ബുദ്ധനാകാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടെന്നാണ്.
ഇതുതന്നെയാണ് സാഹിത്യകലയിലെ  ആധുനികതയും അവശേഷിപ്പിക്കുന്നത്.
അത് വിചാരജീവിതത്തെ നവീന മാക്കുകയാണ് ചെയ്തത്. ജീവിതത്തിൻ്റെ അർത്ഥമെന്താണെന്ന് ചിന്തിക്കുന്നത് സന്മാർഗവിരുദ്ധമാണോ ? പഴയ ഭാഷാരീതികൾ ഉപേക്ഷിച്ചു ദർശനപരവും ചിന്താപരവും കലാപരവുമായ അടിയൊഴുക്കുള്ള ഭാഷ സൃഷ്ടിക്കുന്നത് എങ്ങനെയാണ് പാപമാകുന്നത്? വഞ്ചിപ്പാട്ടിൻ്റെ ഭാഷാശൈലിയിൽ നിന്നു ആർ. രാമചന്ദ്രൻ്റെ കാവ്യഭാഷയിലേക്ക് ഒരു വളർച്ചയുണ്ട്. അത് ആധുനിക കാലം സംഭാവന ചെയ്യുന്നതാണ്. ചില ആധുനികകാല കഥകൾ കുറച്ചുപേർക്ക് മനസ്സിലാകാതിരുന്നു എന്നത് ഒരു തെറ്റല്ല. ടി.ആർ ,കെ.പി. നിർമ്മൽകുമാർ തുടങ്ങിയവർ എഴുതിയ കഥകൾ ചിലരെയെങ്കിലും മുഷിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ ,ഒരു കാര്യം ഓർക്കണം. ഭാഷകൊണ്ട് സൃഷ്ടിക്കുന്നതെല്ലാം ഒരേ തരം ഡോക്കുമെൻ്റുകളല്ല. പോലീസുകാരുടെ മഹസർ ,ആധാര രേഖകൾ തുടങ്ങിയവ ഭാഷകൊണ്ടാണല്ലോ നിർമ്മിക്കുന്നത്. എന്നാൽ അതിൽ കലയോ സൗന്ദര്യമോ സാഹിത്യമോ ഇല്ല. പെട്ടെന്ന് മനസ്സിലാക്കുക എന്ന് ഒരേയൊരു കാര്യം അന്വേഷിക്കുന്നവർ എല്ലാറ്റിനെയും വെറും ഡോക്യുമെൻ്റായി കാണാൻ സാഹസപ്പെടുകയാണ് .

ടാഗോറിനും താടി 

സൗന്ദര്യാത്മകമായ ഗദ്യം മനസ്സിലാക്കാൻ ക്ഷമയും പഠനവും മനനവും ആവശ്യമാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഭൂമിയുടെ രേഖ വായിക്കുന്നതു പോലെയല്ല ഷാങ് പോൾ സാർത്ര് പ്രമുഖ ഇറ്റാലിയൻ ചിത്രകാരൻ കരാവാഗിയോയെക്കുറിച്ച് എഴുതിയത് വായിക്കുന്നത്. രണ്ടും ഒരേ തരം ഡോക്യുമെൻ്റുകളല്ല. അതുകൊണ്ടാണ് ഒ.വി.വിജയൻ്റെ 'പാറകൾ' എന്ന കഥയെപ്പറ്റി എഴുപതുകളുടെ ഒടുവിൽ സച്ചിദാനന്ദൻ ദീർഘമായ ഒരു ലേഖനം എഴുതിയത്.പാറകളെപ്പറ്റി പലർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച പുസ്തകം ഞാൻ വായിച്ചത് എൺപതുകളിൽ കോളജ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ്. പതിനൊന്നു വ്യത്യസ്ത കഥകൾ  സമാഹരിച്ച് നരേന്ദ്രപ്രസാദ് എഴുതിയ അവതാരിക വായിച്ചവർ ആധുനികതയെ ഒരു തിന്മയായി വിലയിരുത്തില്ല .ആധുനികതയെന്നാൽ  വെറും കള്ളും കഞ്ചാവും താടിയും മുടിയുമാണെന്ന് രണ്ടുവർഷം മുമ്പ് ഒരു കഥാകൃത്ത് ഒരു കഥയിൽ തട്ടിവിട്ടത് വിവരമില്ലാത്തതുകൊണ്ടാണ്. 
താടി വളർത്താൻ ടാഗോറിനും ചട്ടമ്പിസ്വാമികൾക്കും അവകാശമുണ്ട് .വല്ലവരും പറഞ്ഞതു കേട്ടുകൊണ്ട് എല്ലാമായി എന്നു കരുതുന്ന വിഡ്ഢികളുടെ നിര അവസാനിച്ചിട്ടില്ല .

ആധുനികത ഒരു തത്ത്വശാസ്ത്രമാണ്, അനുഭവമാണ് .കലയുടെ മാന്ത്രികമായ ഒരു തലമാണത്. അത് ലോകത്തെ പുതിയ രീതിയിൽ നോക്കാൻ പ്രേരിപ്പിക്കുന്നു .എല്ലാത്തിലും അഗാധമായതെന്തോ സംഭവിക്കുകയാണ്. ഈ അവബോധമില്ലാത്തതുകൊണ്ടാണ് യു.കെ. കുമാരൻ ,എൻ .പ്രഭാകരൻ തുടങ്ങിയവരുടെ തലമുറയ്ക്ക് ഒരു മികച്ച കഥ എഴുതാൻ കഴിയാതെ പോയത്. അതേസമയം സാറാ ജോസഫിൻ്റെ 'പാപത്തറ 'ശ്രദ്ധേയമായിരുന്നു. എന്നാൽ ഉത്തരാധുനികത ഒരു തെറ്റ് ചെയ്തു.മഹാവ്യവഹാരങ്ങളെയും ചരിത്രത്തെയും തള്ളിക്കളഞ്ഞ ഉത്തരാധുനികത ഏത് ഡോക്കുമെൻറും സാഹിത്യമാണെന്ന് വ്യാഖ്യാനിച്ചു. കുളിമുറിയിൽ എഴുതി വയ്ക്കുന്ന തെറി പോലും ടെക്സ്റ്റ് ആണെന്ന ചിന്തയാണത്. 
ഇത് പ്രതിലോമപരമാണ്. അത് ടെക്‌സ്റ്റാകുമ്പോൾ അതിൽ സൗന്ദര്യമോ ,കലയോ ഉണ്ടാകണമെന്നില്ല. ഏതു ടെക്സ്റ്റും  സാഹിത്യമല്ല.

ഒരു നോവൽ പല വായന 

'സത്യം പലതാണ്; അതൊരിക്കലും ഏകവചനമല്ല. മികച്ച നോവലുകൾക്കെല്ലാം നാനാതരത്തിലുള്ള ശബ്ദങ്ങളുണ്ട്; അതൊന്നും പരസ്പരം പൊരുത്തമുള്ളതല്ല' - പ്രമുഖ അമേരിക്കൻ നോവലിസ്റ്റും കവിയുമായ സീരി ഹുസ്‌ത്വേദ് പറയുന്നു. വാട്ട് ഐ  ലൗഡ്, ദ് സോറോസ് ഓഫ് ആൻ  അമെരിക്കൻ തുടങ്ങി ഏഴ് നോവലുകൾ എഴുതിയ സിരി നല്ലൊരു കവിയും ഗദ്യകാരിയുമാണ്. ഒരു നോവലിൽ തന്നെ അസംഖ്യം പരിപ്രേക്ഷ്യങ്ങളും മാനങ്ങളും വായനകളും സാധ്യമാകുന്നതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ദസ്തയെവ്സ്കിയുടെ 'ദ് ബ്രദേഴ്സ്  കരമസോവ്, എമിലി ബ്രോൺതേയുടെ 'വുതറിംഗ് ഹൈറ്റ്സ്',വിർജീനിയാ വുൾഫിൻ്റെ 'ടു ദ് ലൈറ്റ് ഹൗസ്' തുടങ്ങിയ കൃതികളാണ്. ഒരു എഴുത്തുകാരൻ, ഒരു കൃതി, ഒരു അർത്ഥം ,ഒരു വായന എന്നിങ്ങനെയുള്ള സങ്കല്പങ്ങൾ  അവസാനിച്ചിരിക്കുന്നു

No comments:

Post a Comment